വൈരുധ്യങ്ങളുടെ ജനിതകപാലത്തിൽ ഒരമ്മയും മകളും

അസാധാരണമായ ഒരു എഴുത്താണിത്. മകൾ തന്റെ അമ്മയെക്കുറിച്ച് എഴുതിയത്. ഒരു പെൺകുട്ടിയുടെ സ്ത്രീയായുള്ള പരിണാമത്തിൽ അമ്മ എന്ന ജൈവിക സാന്നിധ്യം നടത്തിയ ഇടപെടലിനെക്കുറിച്ചാണ് രേഖാ രാജ് എഴുതുന്നത്. അത് പലപ്പോഴും വായനക്കാരെ നടുക്കുന്നുണ്ട്. സംഘർഷത്തിലാക്കുന്നുണ്ട്. കേരളത്തിന്റെ ബൗദ്ധിക പൊതുമണ്ഡലത്തിൽ സക്രിയമായ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന, സ്ഥൈര്യവും ബലവുമുള്ള വ്യക്തിത്വം എന്ന് സ്ഥാപിച്ചു കഴിഞ്ഞിട്ടുള്ള ഒരു സ്ത്രീയുടെ ഭൂതകാലമാണിത്. പരസ്പരമുള്ള മനസ്സിലാക്കലിനൊടുവിൽ അമ്മയുടെ ഓർമകൾക്ക് മകൾ വാക്കുകൾ നൽകുകയാണ്.

കോളൻ ക്യാൻസർ സാധ്യത ഉണ്ടെന്ന സംശയത്തിൽ ഡോക്ടർ നിർദ്ദേശിച്ച പ്രകാരം നടത്തിയ സി.ടി. സ്‌കാനിന്റെയും എൻഡോസ്‌കോപ്പിയുടെയും റിസൾട്ടുമായി സർജനെ കാണാനിരിക്കുമ്പോൾ, കടയുന്ന വേദനയുടെ ഇടയിൽ വീണു കിട്ടിയ സമയത്ത് മമ്മി എന്നോട് ചോദിച്ചു "കുഞ്ഞുണ്ണിയ്ക്ക് നാളെ ഏതു പരീക്ഷയാണ് ? മമ്മിയുടെ റിസൾട്ട് പോസിറ്റീവ് ആയിരിക്കും എന്ന് ഒരു ഉൾവിളി തോന്നി സങ്കടപ്പെട്ടിരിക്കുന്ന ഞാൻ പെട്ടെന്ന് മമ്മിയെ നോക്കി, ഒന്നാലോചിച്ചിട്ടു പറഞ്ഞു "എനിക്ക് അറിയില്ല. ഇന്ന് ഇംഗ്ലീഷ് ആണെന്ന് തോന്നുന്നു'. എന്റെ മറുപടി ദേഷ്യം പിടിപ്പിച്ചെന്നു തോന്നുന്നു "അതെന്താ നിനക്ക് അറിയാത്തത്' എന്ന് ഒച്ച വെച്ചു . ഞാൻ വെറുതെ പറഞ്ഞു "എക്കണോമിക്‌സ് ആണ്'. ഉടനെ മമ്മിയുടെ മറുപടി നീ വീട്ടിൽ ചെന്നാൽ ഉടനെ അവനു പറഞ്ഞു കൊടുക്കണം എക്കണോമിക്‌സിൽ മൂന്നു പ്രധാന തിയറികൾ ഉണ്ട്. എക്കണോമിക്‌സ് ഈസ് ദി സയൻസ് ഓഫ് വെല്ത് ആൻഡ് .. അവർ തെറ്റാതെ ആദം സ്മിത്തിന്റെ ഡെഫനിഷൻ എന്നെ പറഞ്ഞു കേൾപ്പിച്ചു.

രേഖാ രാജ്
രേഖാ രാജ്

അമ്പരന്നു പോയ ഞാൻ, മമ്മി "എപ്പോഴാ എക്കണോമിക്‌സ് പഠിച്ചത്' ? പ്രീഡിഗ്രിയ്ക്ക്, ഉടനെ മറുപടി വന്നു. അക്കാലത്ത് പഠിച്ച ആ നിർവ്വചനം അവർ മറന്നിട്ടില്ല. അത് മാത്രമല്ല ഡിഗ്രി വരെ അവർ പഠിച്ച പലകാര്യങ്ങളും അവർക്കു മനഃപാഠമാണ്. റിസൾട്ട് ഡോക്ടറെ കാണിച്ചു. ഉൾവിളി പോലെ ഫലം പോസിറ്റീവ്, സെക്കൻഡ് സ്റ്റേജ് ആണ് സർജൻ വിശദീകരിച്ചു. സർജറി നടത്തി സ്റ്റോമ ബാഗ് വയ്ക്കേണ്ടി വരും, തുടർന്ന് കീമോതെറാപ്പിയും. ഒരു മൂന്നു മാസം മുൻപ് ആണ് അവരുടെ കാൽമുട്ട് മാറ്റി വെച്ചത്. ആ സർജറിയുടെ അസ്വാസ്ഥ്യങ്ങളിൽ നിന്ന് അവർ മോചിതയാകുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനിടയിൽ ആണ് പൈൽസിനു സമാനമായ വേദന മൂലം അവർ വീണ്ടും ഹോസ്പിറ്റലിൽ എത്തുന്നതും തുടർന്ന് ക്യാൻസർ കണ്ടെത്തുന്നതും. അച്ഛനും അനിയത്തിയും കരച്ചിൽ തുടങ്ങി. മമ്മിയെ ഇനിയും ഒരു സർജറിയ്ക്കു സമ്മതിപ്പിക്കുക എന്നത് ഏതാണ്ട് പൂർണമായും അസാധ്യമായ കാര്യം ആണ് എന്ന് എനിക്ക് അറിയാം (കാൽമുട്ട് ശസ്ത്രക്രിയയ്ക്കു തന്നെ സമ്മതിപ്പിക്കാൻ വർഷങ്ങൾ എടുത്തു). എങ്കിലും പ്രതീക്ഷ കൈവിടാതെ ഞാൻ ആ ഉത്തരവാദിത്തം ഏറ്റെടുത്തു. വീട്ടിൽ എല്ലാവരെയും വിളിച്ചു വരുത്തി, ഞാൻ മാത്രം മമ്മിയുടെ മുറിയിൽ കയറി, മമ്മിയോട് രോഗവിവരം അറിയിച്ചു. ഞാൻ പ്രതീക്ഷിച്ചിരുന്ന ഒരു ചെറിയ ഞെട്ടൽ പോലുമില്ലാതെ മമ്മി ചോദിച്ചു, എത്രത്തോളം സീരിയസ് ആണ് ? എത്രാമത്തെ സ്റ്റേജ് ആണ് ? ക്യാൻസർ വന്നാൽ ആള് ചാകും, വെറുതെ കാശ് കളഞ്ഞ് എന്നെ ചികിത്സിക്കേണ്ട! അവരുടെ അത്രയും കാലത്തെ പരന്ന വായന ക്യാൻസറിനെ കുറിച്ച് സാമാന്യത്തിൽ അധികം അറിവുണ്ടാക്കിയിരുന്നു. ഞാൻ മമ്മിയോടു സംസാരിക്കാൻ വേണ്ടി തലേദിവസം ഓൺലൈനിൽ വായിച്ചു നേടിയ പരിമിതമായ അറിവിൽ നിന്നുകൊണ്ടാണ് സംസാരിക്കുന്നത് എന്നോർക്കണം. ഞാൻ കാര്യങ്ങൾ കുറച്ചു കൂടി വിശദീകരിച്ചു.

സർജറി വേണ്ട എന്ന് പ്രതികരണം. കുറച്ചു സമയം കൂടി സംസാരിച്ചപ്പോൾ ശാസ്ത്രത്തിന്റെ നേട്ടങ്ങളിൽ നമുക്ക് വിശ്വാസം വേണമല്ലോ എന്നു പറഞ്ഞു കൊണ്ട് സമ്മതം! കീമോ തെറാപ്പി വേണ്ട എന്ന് കണ്ടീഷൻ വെയ്ക്കുകയും ചെയ്തു. ഓപ്പറേഷൻ തിയറ്ററിൽ പോകാനായി സ്ട്രെച്ചറിൽ നഴ്സുമാരുടെ അകമ്പടിയോടെ നീങ്ങുമ്പോൾ അങ്ങോട്ടേയ്ക്ക് ഓടിയെത്തിയ അനിയത്തി രശ്മിയോട് "നീ എന്താടീ താമസിച്ചേ' എന്നൊരു ദേഷ്യം ."അമ്പലത്തിൽ പോയതാ മമ്മി' യെന്നു മറുപടി ( വീട്ടിൽ അവൾ മാത്രമാണ് വിശ്വാസി). മമ്മിയ്ക്ക് ദേഷ്യം വന്നു. എന്തു കാര്യത്തിന്? ഡോക്ടർമാരില്ലേ ഓപ്പറേഷൻ നടത്താൻ? അമ്പലത്തിൽ ഇരിക്കുന്നവരുടെ സഹായം അവർക്കു വേണ്ട എന്നൊരു മാസ് ഡയലോഗ്! നഴ്സുമാർ ഞെട്ടി മമ്മിയെ നോക്കുന്നു. മമ്മി ഒരു കൂസലും ഇല്ലാതെ ഓപ്പറേഷൻ തീയറ്ററിനെ അഭിമുഖീകരിക്കുന്നു.

മമ്മിയുടെ ഈ സ്ഥൈര്യം ഡാഡിയുടെ ബൈപാസ് സമയത്തും, മമ്മിയുടെ കാലിന്റെ സർജറിയ്ക്കും ഞങ്ങൾ കണ്ടതാണ്. ഒരു കൂസലുപോലും ഇല്ലാത്ത മമ്മിയെ! എനിക്ക് ഫിറ്റ്‌സ് വന്ന് ഞാൻ മരിച്ച പോലെ കിടന്നപ്പോൾ എന്നെ എടുത്തോണ്ട് ഒന്നര കിലോമീറ്റർ ഓടി ഹോസ്പിറ്റലിൽ എത്തിച്ച മമ്മിയെ അറിയാവുന്നത് കൊണ്ട് ഡാഡിയ്ക്കും ഇതൊക്കെ എന്ത് എന്ന ഭാവം. ചെറുപ്പത്തിൽ, നാട്ടിലെ അര ഗുണ്ടയും അലമ്പനും ആയ ഒരു ബന്ധു ദിവസവും വൈകുന്നേരം എന്റെ അച്ഛന്റെ അച്ഛനെ കള്ളുകുടിച്ചു തെറി പറഞ്ഞു പോകുന്നത് കേട്ടിട്ടും സമാധാനപ്രിയരായ ഡാഡിയും, സഹോദരങ്ങളും വീട്ടിൽ തന്നെ ഇരിക്കുന്നത് മമ്മി രണ്ടുദിവസം സഹിച്ചു എങ്കിലും, മൂന്നാംപക്കം തെറി തുടങ്ങിയപ്പോൾ ഭർതൃ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പുറത്തേക്ക് ചെന്ന്, തന്റെ ഇരട്ടി ഉയരമുള്ള ആ മനുഷ്യനെ ചാടി ഒരടി കൊടുത്ത് പമ്പ കടത്തിയിട്ട് ഒന്നും സംഭവിക്കാത്ത മട്ടിൽ അടുക്കളയിൽ ജോലി തുടർന്ന ആളാണ്. ആ മനുഷ്യനെ പിന്നെ ഡീസന്റ് ആയിട്ടല്ലാതെ ഞങ്ങൾ കണ്ടിട്ടില്ല. ഒരു മനുഷ്യനെയും ആവശ്യമില്ലാതെ കൂസാത്ത ആളായിരുന്നു മമ്മി, ഒരു തരം തെറിക്കുത്തരം മുറിപ്പത്തൽ ലൈൻ! ആരെയും എന്തും പറഞ്ഞു വായടപ്പിക്കാൻ ഉള്ള കഴിവ് ആണ് മമ്മിയുടെ പ്രത്യേകത. ഈ കഴിവ് നാട്ടിലെ അവിഹിതം പരിഹരിക്കൽ തർക്കം മുതൽ സർക്കാർ ഓഫീസിൽ വരെ പയറ്റി വിജയം കണ്ടിട്ടുണ്ട് മമ്മി. അല്ലെങ്കിലും വീടിനു പുറത്തെ കാര്യങ്ങൾ നടത്താൻ ആയിരുന്നു മമ്മിയ്ക്കു മിടുക്ക്. സംഘടനാമികവും കലാലയ രാഷ്ട്രീയത്തിൽ തെളിയിച്ചിട്ടുണ്ട്. ചെറുപ്പം മുതലേ വീട്ടിലെ പണി ചെയ്യാൻ ഒട്ടും ഇഷ്ടമില്ലായിരുന്നു എന്ന് മമ്മി തന്നെ പറഞ്ഞിട്ടുണ്ട്, എന്നാൽ പാടത്തും പറമ്പത്തും എന്ന് വേണ്ട എത്ര കഠിനമായ പുറംപണിയ്ക്കുപോകാനും മമ്മിയ്ക്കു മടിയില്ലായിരുന്നു. കഴുത്തു വരെ മുങ്ങി നിന്നാലും വരാലും ചെമ്പല്ലിയും കാരിയുമൊക്കെ ഒന്ന് മുങ്ങി പൊങ്ങുമ്പോഴേയ്ക്കും മമ്മീടെ കൈയിൽ ഇരുന്നു പെടയ്ക്കും. കായലിൽ ഇറങ്ങി കുട്ടനിറയെ കക്കകൾ വാരി പുഴുങ്ങി തിന്നുക, കൊഞ്ച് പിടിച്ച് മുളകും മസാലകളും ചേർത്ത് ഉരലിൽ വെച്ചിടിച്ച്, ഓട്ടുകലത്തിൽ വെച്ച് ഒന്നാന്തരം കൊഞ്ചട ഉണ്ടാക്കി തിന്നുക, ഇതൊക്കെ മമ്മീടെ കൗമാര സാഹസികതയിൽ പെടും.

വീട്ടിലെ വിദ്യാസമ്പന്ന ആയതിനാൽ മമ്മി സ്വന്തം വീട്ടിൽ കാര്യമായ നിയന്ത്രണം ഇല്ലാതെയാണ് വളർന്നത്. അധികം ഇളയതല്ലാത്ത അനിയൻ ആയിരുന്നു കക്ഷിയുടെ സുഹൃത്ത് (വല്ലാത്ത ആത്മബന്ധം ആയിരുന്നു ബത്തേരി മാമനും മമ്മിയും തമ്മിൽ, അത് മാമന്റെ, കുറച്ചു വർഷം മുൻപ്, മരണം വരെ തുടർന്നു). രണ്ടാളും ചിരിച്ചുകളിച്ച്, നാട്ടാരെ കമന്റടിച്ച് സ്‌കൂളിലും കോളേജിലും പോയി വന്നു. ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോയി. നാട്ടിലും ആങ്ങളയുടെ കൂടെ കറങ്ങിത്തിരിഞ്ഞു നടന്നു. അവരുടെ കൂടെ നടന്ന് കട്ടിപ്പണി ചെയ്തു. അച്ഛൻ പെങ്ങളുടെ മക്കളായ എന്തിനും പോന്ന എട്ട് മച്ചുനന്മാർ കൂടി ഉള്ളതിനാൽ ഒരാളും മമ്മിയുടെ നേരെ ഒന്ന് ഉറച്ചു പോലും നോക്കിയില്ല. ഒരു കുഞ്ഞു ഉണ്ണിയാർച്ച പോലെ മമ്മി യൗവനത്തിലും വിരിഞ്ഞു നടന്നു. ദളിത് സമുദായത്തിന്റെ അയഞ്ഞ സ്വഭാവം ഇതൊന്നും അത്ര അസ്വാഭാവികമായി കണ്ടില്ല എന്ന് തോന്നുന്നു. നാലില്ലപാട്ടുകാരി പെണ്ണുങ്ങൾക്ക് ചേരും വിധം തന്റേടത്തോടെ അവർ ആ കര ചവിട്ടിക്കുലുക്കി നടന്നു.

എന്റെ അമ്മ അവരുടെ നാട്ടിൽ ആദ്യം പത്താം ക്ലാസ് പാസായ സ്ത്രീകളിൽ ഒരാളാണ്. അന്ന് ജാതി-മതത്തിന്റെയും വ്യത്യാസം ഇല്ലാതെ ഒരു സ്ത്രീകളും പഠിക്കാൻ അവസരം കിട്ടാതിരിക്കുകയോ കിട്ടിയ അവസരത്തിൽ വേണ്ടത്ര പ്രയോജനപ്പെടുത്താൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന കാലമാണ് എന്നോർമ്മ വേണം. അവിടെയാണ് ദളിത് സമുദായത്തിൽ പെട്ട ഒരു സ്ത്രീ ഈ വിജയം കൈവരിക്കുന്നത്. സംവരണത്തിന്റെ ഗുണഫലങ്ങൾ ലഭിച്ച ആദ്യ തലമുറയിൽ ആണ് മമ്മിയുടെ സ്ഥാനവും. ഒരു ക്ലാസിലും തോൽക്കാതെ പഠിച്ച മമ്മി ബി.എ ഇംഗ്ലീഷ് സാഹിത്യം പാസായില്ല. ഒന്നോ രണ്ടോ പേപ്പറുകൾ എഴുതിയെടുക്കാൻ ഉണ്ടായിരുന്നു. ഒന്നിച്ചു സംഘടന പ്രവർത്തനത്തിൽ സജീവം ആയിരുന്നു ഡാഡിയും മമ്മിയും. രണ്ടു കോളജിലാണ് പഠിക്കുന്നത് എങ്കിലും അവർ സംഘടന പ്രവർത്തനാർഥം മിക്കവാറും കണ്ടു മുട്ടുമായിരുന്നു. ഇത് പതുക്കെ പ്രേമമായി മാറി. സംഘടനാ നേതാവായിരുന്നതിനാൽ ക്ലാസുകൾ മുടങ്ങുന്നത് പതിവായിരുന്ന ഡാഡിയോടു പരീക്ഷയ്ക്ക് തൊട്ടു മുൻപ് ഷേക്‌സ്പിയർ നാടകങ്ങളുടെ കഥ മമ്മി വിശദമായി പറഞ്ഞു കൊടുക്കും. പ്രേമകാലത്ത് ഒരു കാമുകിയ്ക്ക് ചെയ്യാവുന്ന മനോഹരമായ ഒരു കാര്യം. ഡാഡി അത് വെച്ച് പരീക്ഷ നല്ല മാർക്കിൽ പാസായി. കഥ ഇംഗ്ലീഷിൽ എഴുതാൻ വേണ്ടത്ര മിടുക്ക് ഇല്ലായിരുന്ന മമ്മി തോറ്റും പോയി. ഇതൊരു തമാശയായി എപ്പോഴും മമ്മി പറയും. ഡാഡിയെക്കുറിച്ചുള്ള അഭിമാനം പ്രകടിപ്പിക്കുന്നതിനായുള്ള ഒരു മാർഗമായാണ് ഈ കഥ പറച്ചിൽ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

മമ്മിയുടെ കുട്ടിക്കാലം ദാരിദ്ര്യം നിറഞ്ഞതായിരുന്നു. ഇളയവരായി നാലുപേർ പിന്നെ ഒരു ചേച്ചിയും, 13 വയസിനു ശേഷം വെള്ളിയാഴ്ച, ചിലപ്പോൾ വ്യാഴാഴ്ചയും പഠിക്കാൻ പോകില്ല. ആ വെള്ളിയും ശനിയും ഞായറും പാടത്ത് പണിയ്‌ക്കോ മീൻ പിടിക്കാനോ പോകും. കിട്ടുന്ന കാശ് ഒരോഹരി വീട്ടിൽ കൊടുത്ത് ബാക്കി പഠിക്കാനുള്ള ചിലവും ഡ്രസ്സ് വാങ്ങാനും ഉപയോഗിക്കും. വൈക്കത്തഷ്ടമിയ്ക്ക് വാങ്ങുന്ന പൗഡറും കണ്മഷിയും ആണ് ഒരു കൊല്ലം മുഴുവൻ ഉപയോഗിക്കുന്നത്. എങ്കിലും നല്ല ഫാഷനബിൾ ആയാണ് കോളജിൽ പോയിരുന്നതെന്ന് മമ്മി തന്നെ പറഞ്ഞിട്ടുണ്ട്. തലയോലപ്പറമ്പ് ഡി.ബി കോളജിൽ പ്രീഡിഗ്രിയും കുറവിലങ്ങാട് ദേവമാത കോളേജിൽ ബി.എ ഇംഗ്ലീഷ് സാഹിത്യവും പഠിച്ചു. ഇപ്പോഴും ഇംഗ്ലീഷ് തരക്കേടില്ലാതെ സംസാരിക്കാൻ മമ്മിയ്ക്ക് സാധിക്കും. ഈ സമയത്ത് തന്നെ ഒരു മിടുക്കിയെ ഒരു അതിമിടുക്കൻ പ്രേമിച്ച് ഒതുക്കും എന്ന നാട്ടുനടപ്പനുസരിച്ച് അക്കാലത്തെ കത്തി നിൽക്കുന്ന നേതാവായ ഡാഡിയുമായി പ്രേമത്തിൽ ആവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഈ മാസം പതിനൊന്നിനു 44-ാമത്തെ വിവാഹ വാർഷികവും അവർ ഒന്നിച്ച് ആഘോഷിച്ചു .

അമ്മ കെ.പി. നളിനാക്ഷി, അച്ഛൻ എസ്. രാജപ്പൻ / 1999-ലെ ചിത്രം.
അമ്മ കെ.പി. നളിനാക്ഷി, അച്ഛൻ എസ്. രാജപ്പൻ / 1999-ലെ ചിത്രം.

വളരെ പുരോഗമന സ്വഭാവം ഉള്ളതും അതേ സമയം തന്നെ വൈരുധ്യം നിറഞ്ഞതുമായിരുന്നു മമ്മിയുടെ നിലപാടുകൾ. ശാസ്ത്രത്തിൽ അമിതമായി വിശ്വസിക്കുന്ന, മനുഷ്യരാശിയുടെ മുന്നോട്ടുള്ള പോക്കിൽ അഭിമാനം കൊള്ളുന്ന ഒരു ആധുനിക ആണ് മമ്മി. സ്ത്രീകൾ പൊതുവേ തങ്ങളുടെ മേഖലയായി കരുതുന്ന വാത്സല്യം, ത്യാഗം, മാതൃത്വം തുടങ്ങിയ ഗുണങ്ങൾ തനിക്കു വേണമെന്നോ അത് എന്ത് വില കൊടുത്തും സ്വായത്തം ആക്കണം എന്നോ അവർ ഒരു കാലത്തും വിശ്വസിച്ചിരുന്നില്ല. അക്കാലത്തെ വിദ്യാസമ്പന്നകൾ പുലർത്തിയിരുന്ന കുലീനസ്വഭാവങ്ങൾക്കു വിപരീതമായി മമ്മി നല്ല വായടിത്തവും തന്റേടവുമുള്ള സ്ത്രീയും അവിശ്വാസിയും ആയി ജീവിച്ചു. പ്രേമിക്കുന്ന പുരുഷനുമായി എഴുപതുകളിൽ തന്നെ സ്വന്തം നാട്ടിൽ കൂടി പരസ്യമായി പ്രേമിച്ചു നടന്നു. തന്നെക്കാൾ പ്രായം കൊണ്ട് ഇളയ ആ കാമുകനെ വിവാഹവും കഴിച്ചു. പ്രേമിക്കാൻ വേണ്ടി രണ്ടാളും കൂടി പാരലൽ കോളേജ് തുടങ്ങി. മമ്മിയുടെ കാമുകന് മമ്മിയുടെ വീട്ടിൽ വന്ന് മുറ്റത്തു കസേരയിട്ടിരുന്ന് മമ്മിയോടു മണിക്കൂറുകളോളം സംസാരിക്കാൻ ഉള്ള സ്‌പെയ്‌സ് സ്വന്തം വീട്ടിൽ നെഗോഷിയേറ്റ് ചെയ്ത് നേടിയെടുത്തു, ഒപ്പം കാമുകന്റെ വീട്ടിൽ എപ്പോൾ വേണേലും കയറി ചെല്ലാൻ ഉള്ള അവകാശവും. ഇതൊക്കെ ഇക്കാലത്ത് പോലും കാമുകിമാർ ചെയ്യാൻ മടിക്കുന്ന കാര്യങ്ങളാണല്ലോ. തന്റെ വിദ്യാഭ്യാസം താരതമ്യേന സാമ്പത്തികമായി മെച്ചപ്പെട്ട ഡാഡിയുടെ വീട്ടിൽ വധുവായി എത്താനുള്ള യോഗ്യത ആണ് എന്ന് മമ്മി ഉറച്ചു വിശ്വസിച്ചു, എന്റെ അച്ഛന്റെ വീട്ടിൽ ഒരാളും ഒരുകാലത്തും അതംഗീകരിച്ചില്ലെങ്കിലും. താൻ വിദ്യാസമ്പന്ന ആണ് എന്ന് തെളിയിക്കാൻ മമ്മി ആവശ്യത്തിനും അനാവശ്യത്തിനും ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചു. എല്ലാ വിഷയത്തിലും തന്റെ അഭിപ്രായം ആധികാരികമായി പറഞ്ഞു, ഡാഡിയുടെ സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തുമ്പോൾ കസേര വലിച്ചിട്ടിരുന്ന് തുല്യനിലയിൽ സംസാരിച്ചു. മറ്റുള്ളവരുടെ പുരികം ചുളിയുന്നത് അവർ കാര്യമാക്കിയില്ല. മക്കളെക്കൊണ്ട് ഡാഡി, മമ്മി എന്ന് വിളിപ്പിച്ചതും ഒരുതരം ആധുനികതയ പുൽകൽ ആയിരുന്നു എന്ന് കാണാം. ഞങ്ങൾ പെണ്മക്കളെയും ആവശ്യമില്ലാതെ നിയന്ത്രിച്ചില്ല. ആർത്തവം പോലുള്ള കാര്യങ്ങളെ പ്രതി അന്ധവിശ്വാസമൊന്നും പുലർത്തിയില്ല .

അതിനെയൊക്കെ കേവലം ശാരീരിക പ്രവർത്തനങ്ങൾ മാത്രമായി കണ്ടതിനാൽ അനുഷ്ഠാനപരമായ ചടങ്ങുകൾ നടത്തുകയോ, പലഹാരങ്ങൾ വാങ്ങി നൽകുകയോ വൈകാരിക പിന്തുണ നൽകുകയോ ചെയ്യാതെ ഞങ്ങളെ വിഷമത്തിലാക്കിയെന്നതും മറ്റൊരു കാര്യമാണ്. യുക്തിചിന്ത മാത്രമാണ് മമ്മിയെ നയിച്ചത്, മറ്റൊരു വികാരങ്ങളും മമ്മിയ്ക്ക് വിഷയമായിരുന്നില്ല. ആദ്യം കാണുന്ന ആളോട് പോലും ദൈവം ഇല്ല എന്ന് ശാസ്ത്രീയ തെളിവുകൾ നിരത്തി വിശദീകരിച്ചു. നേർച്ചയും വഴിപാടുകളും ആയി വരുന്ന ഭക്തരെ വീട്ടിൽ നിന്നും ചീത്തവിളിച്ച് ഇറക്കി വിട്ടു. ഞങ്ങൾക്ക് അസുഖം വന്നാൽ ആദ്യം ചൂട് വെള്ളം തന്നു വിശ്രമിക്കാൻ നിർദ്ദേശിച്ചും എന്നിട്ടും കുറഞ്ഞില്ലെങ്കിൽ പാരസെറ്റമോൾ തന്നും മമ്മി ഞങ്ങളെ നോക്കി. പനിയെന്നാൽ ഒരസുഖം അല്ല എന്നും ശരീരം തന്നെ നടത്തുന്ന പ്രതിരോധ പ്രവർത്തനം ആണ് എന്നും കൂട്ടത്തിൽ ഉൽബോധിപ്പിച്ചു. പനിയുള്ള കുട്ടിക്ക് മരുന്ന് മാത്രമല്ല ആവശ്യം എന്ന് മമ്മിയ്ക്ക് മനസ്സിലായുമില്ല. പനിപിടിച്ചു കട്ടിലിൽ കിടന്നു ഞങ്ങൾ ഒറ്റയ്ക്ക് ഒറ്റയായി ചുട്ടു പൊള്ളി. വീട്ടിലെയും നാട്ടിലെയും ഉത്സവങ്ങളിലോ മതചടങ്ങുകളിലോ പങ്കെടുത്തില്ല എന്ന് മാത്രമല്ല അതൊക്കെ ചെയ്യുന്നവർ മണ്ടന്മാർ ആണ് എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. ആർത്തവകാലത്തും ഇത്തരം ചടങ്ങുകളിൽ ഞങ്ങൾ പോകുന്നതിനെ തടഞ്ഞുമില്ല. എഴുപതുകളിൽ ഒരു സ്ത്രീ അതും ഒരു ദളിത് സ്ത്രീ എങ്ങിനെ ഇത്തരത്തിൽ ഒരു ധീരമായ ജീവിതം നയിച്ചു എന്നത് എന്റെ വലിയ അത്ഭുതങ്ങളിൽ ഒന്നാണ്.

അങ്ങേയറ്റം ആൺകോയ്മാശീലങ്ങൾ പുലർത്തുന്ന ഒരു വീട്ടിൽ വിവാഹിതയായി എത്തിയിട്ടും, അതും അവർ ഒട്ടും തന്നെ അഭിമതയായ വധു അല്ലാതിരുന്നിട്ടും അതിന്റെ സമ്മർദ്ദങ്ങൾ അവരുടെ മേൽ ഉണ്ടായിട്ടും, വീട്ടിലെ ആദ്യ മരുമകൾ എന്ന നിലയിൽ തന്റെ മേലുള്ള ആൺകോയ്മ പ്രതീക്ഷകളെ തൃപ്തിപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല. അത് കുറേയൊക്കെ അവരുടെ വ്യക്തിപരമായ കഴിവുകേടും കുറേയൊക്കെ അവരുടെ ജന്മസിദ്ധമായ നിഷേധഭാവവും കാരണമാണ് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ആ വീട്ടിൽ അസാധാരണമായ വിധം ത്യാഗസന്നദ്ധയും മാതൃ വത്സലയും ആയ ഒരു ഉത്തമ സ്ത്രീയോടായിരുന്നു അവർക്ക് മത്സരിക്കേണ്ടിയിരുന്നത്. എന്റെ അച്ഛന്റെ ജീവിതത്തിലെ ഏറ്റവും ഒന്നാമത്തെ സ്ത്രീ ആയി ഇപ്പോഴും തുടരുന്ന എന്റെ അച്ഛന്റെ അമ്മയോട്. ആ മത്സരത്തിൽ എപ്പോഴും മമ്മി തന്നെ തോറ്റ് പോന്നു വന്നു. അഞ്ചു മക്കൾ ഉണ്ടായിട്ടും ഡാഡി എന്ന കടിഞ്ഞൂൽ സന്തതിയെ ഒരു കുഞ്ഞു കുട്ടിയെ പോലെയാണ് അമ്മച്ചി പരിചരിച്ചിരുന്നത്. വീടും നാടും ഒരു പോലെ ഡാഡിയെന്ന ഓമനപുത്രനെ സ്‌നേഹിച്ചു, അവരുടെ അഭിമാനമായി കണ്ടു. സൗമ്യഭാഷകനും ഗുണശീലനും മാന്യനും സർവ്വോപരി നാട്ടിലെ പ്രധാന സംഘടനാ പ്രവർത്തകനും ആയിരുന്ന ഡാഡി വളരെ പെട്ടെന്ന് തന്നെ രാഷ്ട്രീയ അഭിപ്രായമുള്ളവർക്ക് പോലും ഒരു മാതൃകാ പുരുഷൻ ആയി മാറിയിരുന്നു. മമ്മിയെ ആകർഷിച്ചതും ഈ ഗുണങ്ങൾ ആയിരുന്നു എന്ന് എനിക്ക് തോന്നുന്നു. എന്നാൽ മമ്മി, ഒരു കാന്തത്തിലെ വിപരീത ധ്രുവങ്ങൾ ആകർഷിക്കുമെന്നതുപോലെ, മമ്മി ഡാഡിയുടെ നേരെ വിപരീതമായ സ്വഭാവം ഉള്ള ആളായിരുന്നുവെന്നു പ്രത്യേകം പറയേണ്ടല്ലോ. കാണാൻ സുന്ദരിയായിരുന്നു എന്നതൊഴിച്ചാൽ ബാക്കി എല്ലാ കാര്യത്തിലും മമ്മി ആ വീടിനു ചേരുന്ന മരുമകൾ അല്ല എന്ന് എന്റെ അച്ഛൻ വീട്ടുകാർ ഉറച്ചു വിശ്വസിച്ചു. നല്ല സ്ത്രീകളുടേതായി കരുതപ്പെടുന്ന അടക്കമോ ഒതുക്കമോ, മിതത്വമോ പഠിച്ചെടുക്കാൻ മമ്മി ഒരുകാലത്തും ശ്രദ്ധിച്ചുമില്ല. എപ്പോഴും മുറുക്കി ചുവപ്പിച്ച്, തോന്നിയ പോലെ വസ്ത്രം ധരിച്ച് അവർ അങ്ങ് ജീവിച്ചു. അവർ പ്രാഥമികമായും അവസാനമായും ഒരു കാമുകി മാത്രമായിരുന്നു. എന്നാൽ വീട്ടിലെ ഇളയ അനിയനായ സണ്ണി കൊച്ചച്ചനോടും എന്റെ കസിനായ റജി ചേട്ടായിയോടും മമ്മി അതീവ വാത്സല്യം കാണിച്ചിരുന്നു. ഏറെക്കുറെ ഒരു പൊതുമുതൽ ആയിരുന്ന തന്റെ ഭർത്താവിന്റെ മേൽ തനിക്ക് വളരെക്കുറച്ച് അവകാശമേയുള്ളൂ എന്ന ബോധം മമ്മിയെ അരക്ഷിതയാക്കിയിരുന്നു. ലോകത്താരും കയറി അഭിപ്രായം പറയുന്ന തന്റെ ജീവിതത്തെ പ്രതിയും അവർ ദു:ഖിച്ചിരിക്കാം.

ഡാഡിയുടെ വീട്ടിൽ അവരുടെ ജീവിതം അത്രയ്ക്ക് ഓഡിറ്റ് ചെയ്യപ്പെട്ടിരുന്നു. പക്ഷെ ഡാഡിയെ അത്തരം ഒരു ജീവിതത്തിൽ നിന്ന് മോചിപ്പിച്ച് തന്റേതു മാത്രം ആക്കാൻ തന്നെക്കൊണ്ട് സാധിക്കുകയും ഇല്ല എന്ന് അവർക്കറിയാമായിരുന്നു. അതിനാൽ കാര്യങ്ങളോട് പൊരുത്തപ്പെടാൻ ആണ് അവർ തീരുമാനിച്ചത് എന്ന് തോന്നുന്നു. മമ്മിയുടെ വീട്ടുകാരുമായും ഡാഡിയുടെ കുടുംബം നല്ല ബന്ധത്തിൽ അല്ലായിരുന്നു. അവരോടു പുച്ഛം നിറഞ്ഞ ഒരകലം എല്ലാകാലത്തും ഉണ്ടായിരുന്നു. മമ്മിയുടെ വീട്ടുകാരാകട്ടെ ഈ സമീപനം കൊണ്ടുകൂടിയാകാം വലിയ സ്‌നേഹത്തിനു വന്നുമില്ല. ഞങ്ങൾ മക്കൾക്കും അച്ഛൻ വീടിനോടുണ്ടായിരുന്നതിന്റെ പകുതിപോലും കയറ്റിറക്കം അമ്മ വീടുമായി ഉണ്ടായിരുന്നില്ല. ഇക്കാര്യത്തിൽ മമ്മി താൽപര്യവും എടുത്തില്ല. അതേ സമയം തന്നെ ഭർത്താവിന്റെ വീടുമായി നല്ല ബന്ധം പുലർത്താനും മമ്മി ശ്രമിച്ചിരുന്നു. ഞങ്ങൾ മക്കളെ അച്ഛൻ വീട്ടുകാരുമായി സഹകരിച്ചു വളർത്തുന്നതിലും ശ്രദ്ധിച്ചു. ആ നിലപാട് എടുക്കാൻ മമ്മിയെ പ്രേരിപ്പിച്ചത് ഒരുപക്ഷെ മമ്മിയുടെ കുറച്ചൂടെ മെച്ചപ്പെട്ട ജീവിതത്തോടുള്ള താൽപര്യവും ഡാഡിയുടെ ഭാര്യാപദവി നൽകുന്ന സോഷ്യൽ കാപ്പിറ്റലും ആയിരുന്നു. പക്ഷെ എത്ര നല്ല ബന്ധം പുലർത്തിയിട്ടും വീട്ടിലെ പണി കാര്യപ്രാപ്തിയോടെ ചെയ്യാൻ അറിയാത്തത് കൊണ്ടും എടുത്തടിച്ചുള്ള വർത്തമാനരീതി കൊണ്ടും മറ്റും മമ്മി വലിയ കയ്യടി നേടിയുമില്ല. ഒളിഞ്ഞും തെളിഞ്ഞും ഭർത്താവിന്റെ വീട്ടിൽ അവർ കളിയാക്കപ്പെട്ടു. അവർക്ക് ഉണ്ടെന്ന് അവർ കരുതിയ യോഗ്യത ഒന്നും ഒരു യോഗ്യതയായി പരിഗണിക്കപ്പെട്ടില്ല. കല്യാണം വരെ സ്വാതന്ത്ര്യത്തോടെ നടന്നിരുന്ന മമ്മിയ്ക്ക് ഈ ഗൃഹഭരണം എത്രത്തോളം ഭീകരമായി അനുഭവപ്പെട്ടു കാണുമെന്ന് എനിക്കിപ്പോൾ ഊഹിക്കാൻ കഴിയും.

ഗൃഹജോലിയിൽ നിന്നും വീടിന്റെതായ നിബന്ധനകളിൽ നിന്നും മോചിതയാകാൻ സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞതുമില്ല. ഡാഡി ജോലിയ്ക്ക് പോകണ്ടാന്നു പറഞ്ഞതായി മമ്മിയും ഒരുപാട് പി.എസ്.സി പരീക്ഷകൾ എഴുതീട്ടും മമ്മിയ്ക്ക് ജോലി കിട്ടാത്തതാണ് എന്ന് ഡാഡിയും പറയുന്നു. അന്നൊക്കെ പത്താം ക്ലാസെങ്കിലും പാസായിട്ടുള്ള ഹിന്ദു ദളിതർക്ക് ഒക്കെ ജോലി കിട്ടുമായിരുന്നു എന്ന അവസ്ഥ ഉണ്ടായിട്ടും മമ്മിയ്ക്ക് ജോലി കിട്ടാതിരുന്നതിനെ തലവര എന്ന് വിളിക്കാൻ ആണെനിക്കിഷ്ടം. തമ്മിൽ അടിയുണ്ടാക്കുന്ന കാലത്ത് ഒരിക്കൽ മമ്മിയെ അടിപതറിക്കാൻ ഞാൻ ചോദിച്ചിരുന്ന ഒരു ചോദ്യം ഉണ്ടായിരുന്നു നിങ്ങൾക്ക് ഒരു ജോലി മേടിക്കാൻ പറ്റാതിരുന്നത് എന്താ ? മമ്മി തോൽക്കാൻ ഇഷ്ടമില്ലാതെ എന്തെങ്കിലും മുട്ടാപ്പോക്ക് പറയും. വർഷങ്ങൾക്കിപ്പുറം നാൽപ്പതു വയസ്സ് കഴിഞ്ഞിട്ടും എല്ലാ സാങ്കേതിക യോഗ്യതകളും ഉണ്ടായിട്ടും ഒരു സ്ഥിരജോലിയും കിട്ടാതെ അലഞ്ഞു നടന്നപ്പോൾ എന്റെയാ പഴയചോദ്യം എന്നെ പലതവണ തിരിഞ്ഞു കൊത്തി.

അച്ഛനും അമ്മയും കുഞ്ഞുണ്ണിയുടെ പേരിടൽ ചടങ്ങിനിടെ.
അച്ഛനും അമ്മയും കുഞ്ഞുണ്ണിയുടെ പേരിടൽ ചടങ്ങിനിടെ.

വിവാഹം കഴിഞ്ഞ ഉടനെ എന്നെ ഗർഭം ധരിക്കേണ്ടി വന്നത് അവർക്ക് ഇഷ്ടമായിരുന്നില്ല എന്ന് മമ്മി ആവർത്തിക്കുന്നത് കേട്ടാണ് ഞാൻ വളർന്നത്. രണ്ടാമത്തെ കുട്ടിയ്ക്ക് ശേഷം പ്രസവം നിർത്താൻ തീരുമാനിച്ചെങ്കിലും ആൺകുട്ടികൾ ഇല്ലാത്തതിനാൽ നിർത്താൻ അനുവാദം ഭർത്താവിൽ നിന്നോ അദ്ദേഹത്തിന്റെ വീട്ടുകാരിൽ നിന്നോ ലഭിക്കാത്തതിനാൽ തിരിച്ചു തിയറ്ററിൽ നിന്ന് ഇറങ്ങി പോന്നതിനെ പറ്റി ദേഷ്യത്തോടെ മമ്മി ഇടയ്ക്കിടെ പറയുകയും തുടർന്ന് ഡാഡിയെ ചീത്ത വിളിക്കുകയും ചെയ്യുന്നത് ഒരു ആറുമാസം മുൻപ് വരെ ആവർത്തിക്കുന്ന കാര്യം ആയിരുന്നു. നോക്കണേ, കുടുംബാസൂത്രണം ഒരു എഫക്ടീവ് സർക്കാർ പദ്ധതി ആകുന്നതിന്റെ തുടക്കത്തിൽ തന്നെ അത് പ്രയോജനപ്പെടുത്താൻ തീരുമാനിച്ച ഒരു സ്ത്രീയുടെ അവസ്ഥ. ഗർഭത്തിന്റെ തുടക്കം മുതൽ പ്രസവം കഴിഞ്ഞ് ഒരാഴ്ച വരെ നീളുന്ന നിർത്താത്ത ശർദ്ദിലും ക്ഷീണവും, വിശ്രമിക്കാൻ പറ്റാത്ത വിധമുള്ള വീട്ടുജോലികളും ഒക്കെ ചേർന്ന് മൂന്നാമതൊരു പ്രസവത്തെക്കുറിച്ച് ആലോചിക്കാൻ പോലും സ്വാതന്ത്ര്യബോധം ഉള്ള ആ സ്ത്രീയ്ക്ക് സാധിച്ചിട്ടുണ്ടാവില്ല. അവരാകട്ടെ ഈ കാര്യങ്ങൾ ഒക്കെ അങ്ങേയറ്റം പരുഷമായ വാക്കുകളിൽ ആവർത്തിച്ച് ഞങ്ങൾ അനാവശ്യജന്മങ്ങൾ ആണ് എന്ന തോന്നൽ ഞങ്ങളിൽ സൃഷ്ടിച്ചു കൊണ്ടുമിരുന്നു. ഞങ്ങൾ ദിനംപ്രതി കൂടുതൽ അനാഥരായി. കൂട്ടുകുടുംബ ജീവിതത്തിൽ തന്റെ സ്വതേയുള്ള കഴിവുകേടുകളും വീട്ടമ്മയെന്ന നിലയിലുള്ള കുറഞ്ഞ പ്രകടനങ്ങളും മറികടക്കാൻ സാധിക്കാതെ കുഴയുകയായിരുന്നിരിക്കണം അക്കാലങ്ങളിൽ മമ്മി. എന്നാൽ തനിക്ക്, കുറഞ്ഞ മാർക്ക് കിട്ടുന്ന സ്ഥലത്തുനിന്ന് പോകാൻ ഡാഡിയുടെ അപ്രീതി പേടിച്ചവർ ശ്രമിച്ചുമില്ല. കുട്ടികളെ നോക്കാൻ ബുദ്ധിമുട്ടില്ല എന്നതും അവിടെ തുടരാൻ മമ്മിയെ പ്രേരിപ്പിച്ചിരുന്നിരിക്കണം. കുട്ടികൾ മമ്മിയ്ക്ക് എല്ലാകാലത്തും ഒരു ഭാരമായിരുന്നു. പോസ്റ്റ്പാർട്ടം ഡിപ്രഷൻ മമ്മിയ്ക്ക് ഉണ്ടായിരുന്നതായി ഇന്നത്തെ എന്റെ പുതിയ വായനകളുടെ വെളിച്ചത്തിൽ ഞാൻ സംശയിക്കുന്നു.
രാത്രി വളരെ വൈകി കുളിച്ചു കണ്ണെഴുതി പൊട്ടുകുത്തി മുഗ്ദയായി ഡാഡിയുടെ കട്ടിലിൽ ചെന്നിരുന്നു സംസാരിക്കുന്ന മുപ്പതുകളിലെ മമ്മിയെ എനിക്ക് ഓർമയുണ്ട്. അവർ അതിസുന്ദരിയായിരുന്നു. മൂക്കിനോട് ചേർന്ന് ഒരു രേവതി മറുക് വിളക്കിൻ വെട്ടത്തിൽ തിളങ്ങുമായിരുന്നു. ഡാഡിയോട് മാത്രം വെച്ച് നീട്ടുന്ന ആ സൗമ്യതയ്ക്ക് ഒരു ഭംഗി ഉണ്ടായിരുന്നു. ഞങ്ങൾ മക്കൾക്ക് ഒരുകാലത്തും പ്രാപ്യമായിരുന്നില്ല അത്.

കഥപറച്ചിൽ ആയിരുന്നു മമ്മിയുടെ മറ്റൊരു മേഖല. ഏതാണ്ടെല്ലാ ഇംഗ്ലീഷ് ക്ലാസിക്കുകളും, മഹാഭാരതം, രാമായണ പുരാണ കഥകളും മമ്മിയ്ക്ക് അറിയാമായിരുന്നു. കൂടാതെ മമ്മി വായിച്ചറിഞ്ഞ ചില ശാസ്ത്ര നിഗൂഢ കഥകളും. എത്ര ഭംഗിയായി മമ്മി കഥ പറയുമെന്നോ! എല്ലാ കഥകളും അപനിർമ്മിച്ച രൂപത്തിൽ ആണ് പറയുക. രാമൻ സ്വന്തം ഭാര്യയെ സംശയിച്ച വൃത്തികെട്ടവൻ ആണ്, ശ്രീകൃഷ്ണൻ ഒരു പെണ്ണ് പിടിയൻ ആണ്, കുന്തി ആള് ശരിയല്ല തുടങ്ങി ശകുന്തള ഒരു ആദിവാസി സ്ത്രീ ആണ് എന്ന് വരെ അപനിർമ്മിച്ചുകളയും. ഇന്ന് ഇതൊക്കെ ആരേലും പറഞ്ഞാൽ ഞങ്ങളെ കുടുംബത്തോടെ കത്തിക്കാൻ ഇടയുണ്ട്. യുക്തിയുടെ സഹായം ഇല്ലാതെ ഒരു നാടോടിക്കഥ പോലും അവർക്ക് വായിക്കാൻ പറ്റുമായിരുന്നില്ല. ഫാന്റസിയുടെ സാധ്യത അവർക്ക് ഒരിക്കലും മനസ്സിലായതുമില്ല.
ഇങ്ങനെ കൂട്ടുകുടുംബത്തിൽ കഴിഞ്ഞുവരവേ ഡാഡിയ്ക്ക് ബീഹാറിലേയ്ക്ക് സ്ഥലം മാറ്റം ലഭിക്കുകയും മൂത്ത രണ്ടു മക്കളെ തറവാട്ടിൽ ആക്കി രണ്ട് വയസ്സ് തികയാത്ത ഇളയ അനിയത്തിയുമായി ഡാഡിയോടൊപ്പം മമ്മി പോയി. ഞങ്ങളെ കൊണ്ട് പോകുക എന്നത് ഞങ്ങളുടെ അച്ഛന്റെയും അമ്മയുടെയും വിദൂര ചിന്തയിൽ പോലുമുണ്ടായിരുന്നില്ല. ഞങ്ങൾ നാട്ടിലെ സ്‌കൂളിൽ പഠിച്ചു. പിന്നീട് മൂന്നു വർഷം കഴിഞ്ഞ് രണ്ടു കൊച്ചച്ചന്മാരുടെയും കല്യാണത്തിന്റെ സമയത്ത് ആണ് അവർ തിരിച്ചു വന്നത്. കല്യാണം തകൃതിയായി നടന്നു, രണ്ടു പുതുപ്പെണ്ണുങ്ങൾ തലേന്നും പിറ്റേന്നുമായി വീട്ടിലേയ്ക്ക് എത്തി. രണ്ടും പ്രേമവിവാഹവും ആയിരുന്നു. രണ്ട് ആന്റിമാരും സാധാരണ സാമ്പത്തിക പശ്ചാത്തലമുള്ള വീടുകളിൽ നിന്നുള്ളവരായിരുന്നു. മമ്മിയുടെ കുറവുകൾ ആയി പൊതുവേ വ്യവഹരിച്ചിരുന്ന പ്രേമവിവാഹവും, പണമില്ലാത്ത വീട്ടിലെ സ്ത്രീ, സ്ത്രീധനം കൊണ്ടുവന്നില്ല തുടങ്ങിയ കാര്യങ്ങൾ ഒക്കെ അതേ പോലെ തന്നെ ബാധകമായ അനിയന്റെ ഭാര്യമാർക്ക് വീട്ടിൽ കിട്ടിയ സ്വീകാര്യതയും, അവരുടെ ഭർത്താക്കന്മാർ അവരോടു കാണിക്കുന്ന പരിഗണനയും പ്രേമവും, അവരുടെ വീട്ടുകാരോട് എന്റെ അച്ഛന്റെ വീട്ടുകാർ കാണിക്കുന്ന ബഹുമാനവും ഒക്കെ മമ്മിയെ വല്ലാതെ സങ്കടത്തിലും ദേഷ്യത്തിലും ആക്കിക്കാണണം. മമ്മിയുടെ നിയന്ത്രണം കുറച്ചു വിടാൻ തുടങ്ങി. അതൊക്കെ മമ്മിയുടെ പെരുമാറ്റത്തിലും പ്രതിഫലിച്ചു. സ്വാഭാവികമായും മമ്മിയുടെ നീരസത്തെ കുശുമ്പായി ആണ് എല്ലാവരും മനസ്സിലാക്കിയത്. മമ്മിയെ കിട്ടിയ അവസരത്തിൽ ഒക്കെ ചോദ്യം ചെയ്യാനും കളിയാക്കാനും എല്ലാവരും ശ്രദ്ധിച്ചു. ഏഴിലും അഞ്ചിലും പഠിക്കുന്ന എനിക്കും അനിയത്തിയ്ക്കും മമ്മി വെറുതെ വഴക്കുണ്ടാക്കുന്നതായാണ് മനസിലായത്. ഒരുദിവസം മമ്മി എന്നെയും അനിയത്തിയെയും മാറ്റി നിർത്തി പറഞ്ഞു ഞാൻ ഇനി ഇവിടെ താമസിക്കുന്നില്ല എന്റെ വീട്ടിൽ പോകുന്നു, നിങ്ങൾ കൂടെ വരണം. അനിയത്തി സമ്മതിച്ചു. ഞാൻ പറഞ്ഞു, എനിക്ക് എന്റെ അമ്മച്ചിയെ (അച്ഛന്റെ അമ്മയെ) പിരിയാൻ വയ്യ. ഇളയവളെയും എളിയിൽ വെച്ച് എപ്പിയെയും പിടിച്ച് പറമ്പിന്റെ മൂലയിൽ നിന്നു കരയുന്ന മമ്മിയെ പിന്നിട്ട് ഞാൻ അമ്മച്ചിയുടെ അടുത്തേയ്ക്ക് ഓടി കാര്യം പറഞ്ഞു. "ഒരാളും ഇവിടെ നിക്കണ്ട തള്ളയുടെ കൂടെ പൊയ്‌ക്കോ' അമ്മച്ചി എന്നോട് ചൂടായി. എനിക്ക് തിരുത്തണം എന്ന് പിന്നീടെപ്പോഴും തോന്നീട്ടുള്ള ഒരു ജീവിത നിമിഷം.

അച്ഛനും അമ്മയും. 2000-ലെ ചിത്രം.
അച്ഛനും അമ്മയും. 2000-ലെ ചിത്രം.

സ്ത്രീകൾ പൊതുവെ പേഴ്‌സണൽ സ്‌പെയിസിനെ കുറിച്ച് ചിന്തിക്കാൻ പോലും ഭയപ്പെടുന്നകാലത്താണ് മമ്മി അത് നടപ്പിലാക്കാൻ ശ്രമിച്ചത്. ഞാനും എന്റെ സഹോദരിമാരും അതിന്റെ ഇരകൾ ആയിരുന്നു എങ്കിലും ഇന്നതിനെ മറ്റൊരു തരത്തിൽ നോക്കി കാണാൻ എനിക്ക് സാധിക്കുന്നുണ്ട്. മമ്മിയുടെ മുറിയുടെ വാതിൽ എപ്പോഴും അടഞ്ഞു കിടക്കും. എത്ര തവണ മുട്ടിയാലും മമ്മിയ്ക്കും കൂടി ബോധ്യപ്പെടുന്ന കാര്യങ്ങൾ പറയാതെ അവർ വാതിൽ തുറക്കില്ല. ഞങ്ങൾക്ക് അസുഖമാണെങ്കിലും, അപരിചതരായ പുരുഷ അതിഥികൾ വീട്ടിൽ ഉള്ള സമയത്തും മമ്മി ഇതേ നിലപാട് തുടർന്നു. മമ്മിയുടെ ബാഗ് എടുക്കുക, അലമാര തുറക്കുക എന്നതൊക്കെ വളരെ അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യങ്ങൾ ആയിരുന്നു. ഡാഡി വീട്ടിൽ വന്നാൽ മമ്മി അനുവദിക്കുന്ന സമയം വരെ മാത്രമേ അവരുടെ മുറിയിൽ ചിലവഴിക്കാൻ ഞങ്ങൾക്ക് അനുവാദം ഉണ്ടായിരുന്നുള്ളൂ. അത് കഴിഞ്ഞാൽ മമ്മി വാതിൽ അടയ്ക്കും. അവിടെ ഇരുന്നു വായിക്കും. കയ്യിൽ കിട്ടിയത് എന്തും ആർത്തിയോടെ വായിക്കും. എത്ര ആൾക്കൂട്ടത്തിലും വീട്ടിലെ ബന്ധു സന്ദർശനങ്ങൾക്കിടയിലും മമ്മി എവിടെയേലും മാറി ഇരുന്നു വായിക്കാൻ തുടങ്ങി. പലർക്കും ദേഷ്യം ഉണ്ടാക്കുന്നതായിരുന്നു മമ്മിയുടെ ഈ പ്രവൃത്തി. നിഷേധവും ഇഷ്ടക്കേടും അഭിപ്രായവ്യത്യാസവും ഒക്കെ മമ്മി തന്റെ വായനയായി പരാവർത്തനം ചെയ്തു തുടങ്ങി. ആളുകൾക്ക് സന്ദർഭത്തിനനുസരിച്ച് മമ്മിയുടെ വായനയെ മനസിലാക്കാൻ ഉള്ള ഇടം മമ്മി ധീരതയോടെ തുറന്നിട്ടു.
ഞങ്ങൾ തിരുവനന്തപുരത്തും കൊച്ചിയിലും താമസിക്കുന്ന കാലത്തൊക്കെ പെട്ടെന്ന് ഒരു ദിവസം മമ്മി നാട്ടിൽ എന്തെങ്കിലും ആവശ്യവുമായി പോരും. പിറ്റേന്ന് വരും എന്ന് പറഞ്ഞായിരിക്കും പോകുന്നത്. മമ്മി പിന്നെ പൊങ്ങുന്നത് ഒരാഴ്ച കഴിഞ്ഞിട്ട് ആയിരിക്കും. അത്രയും ദിവസം നാട്ടിലെ ഞങ്ങളുടെ വീട്ടിൽ അയൽപക്കത്ത് നിന്ന് ഭക്ഷണമൊക്കെ കഴിച്ച് ഹോളിഡേ ആഘോഷിക്കും. ആ ദിവസങ്ങളിൽ ഭക്ഷണം കഴിക്കാൻ മാത്രം പുറത്തിറങ്ങും. അല്ലാത്ത സമയം മുഴുവൻ ഉറങ്ങിയും വല്ലതും വായിച്ചും ചായക്കടകളിൽ നിന്ന് ഭക്ഷണം മേടിച്ചു കഴിച്ചും മമ്മി ഒറ്റയ്ക്ക് ചിലവഴിക്കും. രാവിലെയും വൈകുന്നേരവും ഡാഡിയെ വിളിച്ചു വിവരങ്ങൾ അന്വേഷിക്കും. കുറച്ചു ദിവസം കഴിയുമ്പോൾ മടങ്ങിയെത്തി പഴയതു പോലെ ഡാഡിയ്ക്ക് വേണ്ടി കർമ്മനിരത ആകും. ഇപ്പോൾ വീട്ടിൽ നിന്ന് എങ്ങോട്ടെങ്കിലും ഓടി പോകണം എന്ന് ശക്തമായ തോന്നൽ ഉണ്ടാകുമ്പോഴെല്ലാം മമ്മി എടുത്ത ഈ അവധികളെക്കുറിച്ച് ഞാൻ ഓർക്കും.

ചിലപ്പോഴോക്കെ ചില കള്ളങ്ങൾ വീട്ടിൽ നിന്ന് കുറച്ചു ദിവസം മാറിനിൽക്കാൻ വേണ്ടി ഞാൻ രേണുവേട്ടനോട് പറഞ്ഞിട്ടുണ്ട് എന്നതൊഴിച്ചാൽ ബാക്കി സമയങ്ങളിൽ ഒക്കെ അക്കാര്യം പറഞ്ഞിട്ട് പോകാൻ ഉള്ള സ്‌പേസ് എനിക്ക് ഉണ്ടാക്കാൻ ( സമരം ചെയ്ത് ) കഴിഞ്ഞിട്ടുണ്ട്. മമ്മിയുടെ തലമുറയിൽ ഉള്ളവർക്ക് പലപ്പോഴും ചില തന്ത്രങ്ങൾ ഉപയോഗിച്ചല്ലാതെ ആത്മ സന്തോഷങ്ങൾ കണ്ടെത്താൻ കഴിയില്ലായിരുന്നു എന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു.
ഡാഡിയ്ക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുക, ഡാഡിയുടെമേലുള്ള തന്റെ അവകാശം സ്ഥാപിക്കുക, ഡാഡിയുടെ സംഘടനാ പ്രവർത്തനങ്ങൾക്കു പിന്തുണ നൽകുക - കത്തുകളിൽ മേൽവിലാസം എഴുതുന്നത് മുതൽ ഡാഡി സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതു വരെ അതിൽ പെടും - എന്നതൊഴിച്ചു മറ്റൊന്നിലും മമ്മിയ്ക്കു താല്പര്യം ഉണ്ടായിരുന്നില്ല, മൂന്നു മക്കളുടെ കാര്യങ്ങളിൽ പോലും. അവർ തന്റെ ഈ മുൻഗണന ഒരുകാലത്തും മറച്ചു പിടിച്ചതും ഇല്ല. ഇപ്പോഴും കരുണാരഹിതമായി ഞങ്ങൾ മക്കളോടും അവർ അത് തുറന്നു പറഞ്ഞു. ഞാനും എന്റെ ഭർത്താവും ഉള്ള ജീവിതത്തിൽ നിങ്ങൾക്കു വലിയ പ്രാധാന്യം ഒന്നുമില്ല എന്ന് കർക്കശമായി പറഞ്ഞ് ഞങ്ങളെ മൂന്നു പേരെയും അരക്ഷിതത്വത്തിലേയ്ക്ക് തള്ളിയിട്ടു. ഈ നിലപാടിന് ഡാഡിയുടെ പിന്തുണയും ഉണ്ടായിരുന്നു. ഞങ്ങൾ രണ്ടു സഹോദരിമാരുടെ പത്താക്ലാസ് പഠനം ഡാഡി ജോലി ചെയ്യുന്ന സ്ഥലത്തേയ്ക്ക് മാറ്റാൻ അവർക്ക് ഒരാലോചനയുടെയും കാര്യം ഉണ്ടായില്ല. ഒരാളെ ഇംഗ്ലീഷ് മീഡിയത്തിൽ നിന്ന് മലയാളം മീഡിയത്തിലേയ്ക്ക് പത്തിൽ പഠിക്കുമ്പോൾ മാറ്റുകയും ചെയ്തു. ഇതൊക്കെ ഡാഡിയുടെ ആരോഗ്യ പ്രശ്‌നങ്ങൾ പറഞ്ഞാണ് അവർ ചെയ്തത്.

സ്വന്തമായി പാചകം ചെയ്യാൻ അറിയാത്ത ഡാഡിയെ ദൂരെ നഗരത്തിൽ പറഞ്ഞു വിടാനുള്ള മടി. ഇതിനിടയിൽ ഞങ്ങളുടെ ജീവിതത്തിലെ നിർണ്ണായകമായ പത്താക്ലാസ് പഠനം രണ്ടാളും പരിഗണിച്ചുമില്ല. ഒരുതരം പരസ്പരാശ്രിതമായ ഉഭയസമ്മതത്താൽ ഉള്ള തീരുമാനങ്ങൾ ആയിരുന്നു ഇതെല്ലാമെന്ന് പിന്നീടാണ് ഞാൻ മനസ്സിലാക്കിയത്. മമ്മിയുടെ ക്രൂരമായ ഈ തുറന്ന സ്വഭാവം മമ്മിയ്ക്കു പണ്ടേ ഒരു വില്ലൻ പരിവേഷം ഉണ്ടാക്കിയിരുന്നതിനാൽ ഇക്കാര്യത്തിനും മമ്മിയെത്തന്നെ ഞങ്ങൾ പ്രതിസ്ഥാനത്തു വെച്ചു. മലയാള സിനിമയിലെ പഴയ വില്ലന്മാർ സ്വഭാവ നടന്മാരും തമാശനടന്മാരും ഒക്കെ ആയി മാറിയപോലെ, പുതിയ ആലോചനകളിൽ മമ്മിയെയും വില്ലൻ വേഷത്തിൽ നിന്ന് മാറി സങ്കൽപ്പിക്കാൻ എനിക്ക് ആവുന്നുണ്ട്. ഡാഡിയെന്ന നായകനുള്ള കയ്യടിയും കുറഞ്ഞു വന്നു .
സമാനതകൾ ഇല്ലാത്ത അമ്മ അനുഭവമാണ് ഞങ്ങൾ മൂന്നു പെണ്മക്കൾക്കും ഉള്ളത്. സ്‌നേഹം തന്നെ ഉണ്ടോ മമ്മിയ്ക്ക് എന്ന് എല്ലാദിവസവും സംശയിക്കേണ്ടി വരുന്ന അവസ്ഥ. ഞാൻ വളർന്ന നാട്ടിൻപുറത്തോ, പിന്നീട് താമസിച്ചിരുന്ന നഗരങ്ങളിലോ വെച്ച് മമ്മിയെ പോലെ ഒരാളെ ഇതുവരെയും കണ്ടിട്ടില്ല എന്നതായിരുന്നു എന്റെ എക്കാലത്തെയും അത്ഭുതം. അത്രയും വിചിത്രവും ദുരൂഹവുമായിരുന്നു മമ്മിയുടെ പെരുമാറ്റവും വ്യക്തിത്വവും. ഞാൻ ഡാഡിയുടെ ആദ്യ ഭാര്യയിലെ മകൾ ആയിരിക്കും എന്നാണു ഞാൻ പണ്ട് വിചാരിച്ചിരുന്നത്. സ്വന്തം മക്കളോട് മമ്മി കാണിക്കുന്ന അസ്വസ്ഥതയും അസഹനീയതയും വളരെ ചെറുപ്പം മുതലേ എന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്നു പറഞ്ഞല്ലോ. എന്റെ ഏറ്റവും പിന്നിലോട്ടുള്ള ഓർമ്മ തൊട്ടുതാഴെയുള്ള എന്റെ അനിയത്തി രണ്ടോ മൂന്നോ വയസ്സിൽ മാമ മാമ എന്ന് പറഞ്ഞു മമ്മിയുടെ പുറകെ ഒരു സന്ധ്യ നേരത്ത് കരഞ്ഞോണ്ട് നടക്കുന്നതാണ്. എന്തൊക്കെയോ ചെയ്തുകൊണ്ട് ഓടി നടക്കുന്ന മമ്മി അവളെ ഒരു കൈയ്യിൽ പിടിച്ചു വലിച്ചു ദൂരേയ്ക്ക് കറക്കി വിടുന്നതാണ്. പെട്ടെന്ന് അച്ഛന്റെ അമ്മയോ മറ്റോ അവളെ എടുത്തു സമധാനിപ്പിക്കുന്നതും തൊട്ടു പുറകെ മമ്മി വന്നു അവളെ എടുത്ത് ഒരു തെങ്ങിൻ കുറ്റിയിൽ ഇരുന്ന് മുല കൊടുക്കുന്നതും ആണ്. ദേഷ്യം പിടിച്ചോ അസ്വസ്ഥതയോടെയോ അല്ലാതെ ഞാൻ അവരെ കണ്ടിട്ടേ ഇല്ല. ഒന്ന് തൊടുന്നതോ സ്‌നേഹത്തോടെ പിടിച്ച് അടുത്തിരുത്തുന്നതോ, കെട്ടിപ്പിടിച്ചുകിടക്കുന്നതോ ഒന്നും എനിക്ക് ഓർമ്മയില്ല. മറ്റ് അമ്മമാർ മക്കളോട് സ്‌നേഹപൂർവ്വം പെരുമാറുന്നത് കാണുമ്പോൾ എനിക്ക് വലിയ കൗതുകം ആയിരുന്നു.

മറ്റു കുട്ടികളോട് വലിയ സ്‌നേഹത്തോടെ മമ്മി പെരുമാറുന്നതും കുട്ടിക്കാലത്ത് കണ്ടിരുന്നു. സ്വന്തം മക്കളോട് സാധാരണ അമ്മമാർ കാണിക്കുന്ന സവിശേഷ പരിഗണന അശേഷം കാണിക്കാതെ എന്റെ കസിൻസിന് ഉൾപ്പെടെ ഭക്ഷണ സാധനങ്ങൾ ഒരേ അളവിൽ വീതിച്ചു കൊടുക്കുകയും ഞങ്ങളെ എല്ലാവരെയും ഒരുപോലെ പരിഗണിക്കുകയും ചെയ്യുമായിരുന്നു അവർ. അച്ഛന്റെയോ അമ്മയുടെയോ സഹോദരങ്ങളുടെ വീട്ടിൽ ഞങ്ങൾക്ക് ഇതുപോലെ തുല്യ പരിഗണന കിട്ടിയുമില്ല. കസിൻസ് വീട്ടിൽ വന്നാൽ ഞങ്ങൾ വഴക്കുണ്ടാക്കിയാൽ രണ്ടടി കൂടുതൽ എനിക്കും അനിയത്തിമാർക്കും തന്ന് മമ്മി തന്റെ നിക്ഷ്പക്ഷത ഉയർത്തിപ്പിടിച്ചു. ഇങ്ങനെ പലതരം വൈരുധ്യങ്ങളാൽ മമ്മി ഞങ്ങളെ ഞെട്ടിച്ചു കൊണ്ടിരുന്നു. നീതി ബോധവും സാമാന്യ മര്യാദയും മമ്മി എല്ലാ കാലത്തും കാണിച്ചു.

ഒരു പക്ഷെ പരസ്പരവിരുദ്ധമായ രീതികൾ മമ്മി എക്കാലവും സൂക്ഷിച്ചിരുന്നുവെന്നു തോന്നുന്നു. ഒരേസമയം പുരോഗമനകാരിയും അത്രയും തന്നെ പാരമ്പര്യവാദിയും ആകുക. സ്ത്രീധനത്തിന് എതിരെ കൃത്യമായ അഭിപ്രായം പറയുകയും എന്നാൽ നെറ്റിയിൽ സദാ സിന്ദൂരം അണിയുകയും ചെയ്യുക. അങ്ങേയറ്റത്തെ സദാചാരവാദിയാവുകയും നാട്ടിലെ പ്രേമത്തെ സപ്പോർട്ട് ചെയ്യുകയും ചെയ്യുക, അച്ഛന്റെ അമ്മയുമായി തികഞ്ഞ വൈരുധ്യത്തിൽ ആയിരിക്കുകയും കടുത്തുരുത്തിയിൽ ഡാഡി മമ്മിയ്ക്കായി വാങ്ങിയ വീട് വാടകയ്ക്കു കൊടുത്ത് ഡാഡിയുടെ വീട്ടിൽ വന്നു താമസിക്കുക. എന്നിട്ട് അതിന്റെ സംഘർഷങ്ങൾ അനുഭവിക്കുക. എത്ര ദേഷ്യം ഉണ്ടെങ്കിലും ആ വീട്ടിൽത്തന്നെ തുടരുക. ഡാഡിയോട് അതിഭയങ്കരമായ സ്‌നേഹം ഉണ്ടായിരിക്കുകയും ഡാഡിയെ ഒന്നിനും കൊള്ളാത്ത ഒരാളായി ഒരു പ്രത്യേക രീതിയിൽ അവതരിപ്പിക്കുകയും ചെയ്യുക. ഡാഡിയ്ക്ക് ഭക്ഷണവും ഇടാൻ ജെട്ടി വരെയും എടുത്തു കൊടുത്തിട്ട്, ഇങ്ങേരൊരു ശിശു ആണ് എന്ന് പ്രഖ്യാപിക്കുക ( അപ്പോഴേയ്ക്കും ഞങ്ങൾ തറവാട്ടിൽ നിന്നും കടുത്തുരുത്തിയിലെ വീട്ടിലേയ്ക്ക് താമസം മാറിയിരുന്നു). ദേഷ്യം വരുമ്പോൾ നന്നായി ചീത്ത വിളിക്കുക. ഇത് കേട്ട് ഡാഡി സ്വന്തം നിലയ്ക്ക് എന്തേലും ചെയ്യാൻ തുടങ്ങുമ്പോൾ അനുവദിക്കാതിരിക്കുക, പരിഭവം പറയുക. ഇങ്ങനെ പലതരം രീതികളാൽ എനിക്ക് ഒരിക്കലും മനസിലാകാത്ത ഒരാളായിരുന്നു മമ്മി. ഞങ്ങൾ പെൺമക്കളുടെ ആൺസുഹൃത്തുക്കൾ വീട്ടിൽ വന്നാൽ മുറിയിൽ വരെ വന്നിരുന്നു സംസാരിക്കാൻ അനുമതി കിട്ടിയിരുന്നു. ആൺ സുഹൃത്തുക്കളുടെ കൂടെ പുറത്തു പോകുന്നതിലും ഒരു തടസവും നിന്നിട്ടുമില്ല. എന്നാൽ എന്നോട് വഴക്കുണ്ടാക്കുമ്പോൾ എന്റെ പുരുഷ സൗഹൃദങ്ങളെ മേളാങ്കം ( flirting ) എന്ന് വിളിക്കാനും എന്നെ അപമാനിക്കാനും മടി കാണിച്ചില്ല. വീട്ടിൽ വരുന്ന പലതരം അതിഥികളെ കണ്ണടച്ച് വിശ്വസിച്ചു. ഞങ്ങളെക്കാളും മിടുക്കി മമ്മിയാണ് എന്ന് അവരുടെ മുൻപിൽ മത്സരിച്ചു. ഞങ്ങളുടെ സുരക്ഷയെക്കുറിച്ച് മമ്മി ആലോചിച്ചു പോലുമില്ല. എന്റെ അനിയത്തിയ്ക്ക് ഈ സ്വഭാവം മൂലം മോശം അനുഭവം ഉണ്ടായി. ശ്രദ്ധിക്കണ്ടേ എന്ന ചോദ്യത്തിന് അയാള് മോശമാണ്, അതെന്റെ കുറ്റം ആണോ എന്ന് തർക്കുത്തരം പറഞ്ഞു. അമ്മമാർ പെൺകുട്ടികൾക്ക് കൊടുക്കുന്ന സുരക്ഷിതത്വം വീട്ടിനുള്ളിൽ പോലും തരാൻ അവർക്ക് കഴിഞ്ഞില്ല.

വലുതായപ്പോൾ ഞങ്ങൾ സ്വന്തം നിലയ്ക്ക് സേഫ് ആകാൻ പഠിച്ചു. അവനവനെ സംരക്ഷിക്കാനും സ്വന്തം കാലിൽ നിൽക്കാനും സ്വന്തമായി വഴികൾ കണ്ടു പിടിച്ചു. വീടെന്നാൽ സിമന്റ് കൊണ്ടുള്ള ഒരു കെട്ടിടം മാത്രമായി. ഇപ്പോഴും സ്വന്തം വീട്ടിൽ ചെന്നാൽ ഒരു മണിക്കൂർ കഴിയുമ്പോഴേയ്ക്കും കനത്ത ഒരു തലവേദന എന്നെ കീഴടക്കും. പോകാം പോകാം എന്ന് ഒരു പെൺകുട്ടി ഉള്ളിലിരുന്നു കരയും!

നാൽപ്പതുകൾ മമ്മിയെ ഒരുപാട് മാറ്റിയിരുന്നു. ജീവിതത്തോടുള്ള കടുത്ത നിരാശയും അസ്വസ്ഥതയും ചൂഴ്ന്നു നിൽക്കുന്ന മുഖഭാവം. മമ്മിയുടെ ഈ മാറ്റം വളരെ പെട്ടെന്നായിരുന്നു, സ്വതേയുള്ള കാർക്കശ്യവും സ്‌നേഹരാഹിത്യവും കൂടുതൽ തീവ്രമായി. നുണപറയൽ, കാര്യങ്ങളെ മാനിപുലേറ്റ് ചെയ്യുക, പലതരം അസുഖങ്ങൾ, രാവിലെ എണീക്കാൻ മടി തുടങ്ങിയ കാര്യങ്ങൾ പ്രകടിപ്പിച്ചു തുടങ്ങി. പാചകത്തിനുള്ള മടി കാരണം കുറേ ഭക്ഷണം ഉണ്ടാക്കി തീർത്തും ചീത്തയാവുന്നത് വരെ കഴിക്കുക, പഴയ ഭക്ഷണം പുതുതായി ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞു വിളമ്പുക തുടങ്ങിയ കാര്യങ്ങൾ പതിവായി. പൊട്ടിത്തെറിച്ചു കൊണ്ടല്ലാതെ അവർക്ക് ഒന്നും പറയാൻ പറ്റില്ല എന്ന അവസ്ഥയായി. എന്നാൽ ഇതിനിടയിൽ വീട്ടിൽ പായസവും, ലഡുവും ജിലേബിയും ഒക്കെ ഉണ്ടാകുകയും ചെയ്തു. ചിലപ്പൊക്കെ നല്ല സന്തോഷവതിയായി കാണപ്പെട്ടു, ആ സന്തോഷം ഞങ്ങളിലേയ്ക്കും പ്രതിഫലിപ്പിച്ചു. വൃത്തിക്ക് നടക്കുന്നത് നിർത്തി. അടിവസ്ത്രങ്ങൾ ഇല്ലാതെ ഒരു നൈറ്റിയുടെ ബലത്തിൽ മുറ്റത്തൂടെയും മറ്റും നടന്നു. ആരെങ്കിലും വീട്ടിൽ വരുമ്പോൾ ഞങ്ങൾ പെൺമക്കൾ നാണം കെട്ടു. അടിവസ്ത്രം ഇടാൻ നിർബന്ധിച്ചാൽ ഇവിടെ വരുന്നവന്മാർ എന്റെ മൊലയ്ക്കിട്ടു നോക്കണ്ട എന്ന് കയർത്തു. എന്നിട്ട് ആ നാൽപതുകാരി തന്നെ അങ്ങേയറ്റം അലൈംഗികമായി കൊണ്ട് നടന്നു. അവർ തന്നോട് തന്നെ പക പോക്കുവായിരുന്നോ? ആർക്കറിയാം?

കൗമാരപ്രായത്തിൽ എത്തിയപ്പോഴേയ്ക്കും മമ്മി ഞങ്ങളോട്, പ്രത്യേകിച്ച് എന്നോട് പകയോടെ പെരുമാറാൻ തുടങ്ങി. ഒരു ദാക്ഷിണ്യവും കൂടാതെ ശിക്ഷ വിധിച്ചു. അച്ഛന്റെ അമ്മയോടുള്ള എന്റെ പ്രത്യേക മമത എന്നെ മമ്മിയുടെ മറുപക്ഷത്തുള്ള ആളായി കരുതാൻ മമ്മിയെ പ്രേരിപ്പിച്ചു. തൊട്ടു താഴെയുള്ള എന്റെ അനിയത്തിയെ മമ്മിയുടെ ടീമിൽ എടുത്തു. ആവശ്യത്തിനും അനാവശ്യത്തിനും ഞങ്ങൾ തമ്മിൽ ഒരു യുദ്ധസമാനനില ഉള്ളതായി ഞങ്ങൾക്കും തോന്നിത്തുടങ്ങി. ഏതു വഴക്കിലും മമ്മി എന്റെ അനിയത്തിയുടെ ഭാഗം ആയിരിക്കും എന്ന് ഉറപ്പായി. കിട്ടുന്ന ചാൻസിൽ എല്ലാം ഞാൻ അച്ഛൻ വീട്ടിലേയ്ക്ക് രക്ഷപ്പെട്ടു. ഞാനും അനിയത്തിയും തമ്മിലുള്ള ബന്ധത്തെ ഈ മത്സരം മോശമായി ബാധിച്ചിട്ടുണ്ട്. നല്ല ദേഷ്യം വന്നാൽ ശാപ വാക്കുകൾ പറയാനോ മോശം പദങ്ങൾ ഉച്ചരിക്കാണോ ഒരു മടിയും ഉണ്ടായിരുന്നില്ല എന്റെ അമ്മയ്ക്ക്. അത് പലപ്പോഴും ഡാഡിയുടെ അഭാവത്തിൽ ആയിരുന്നു സംഭവിച്ചിരുന്നത് എന്നുമോർക്കുന്നു. ഡാഡിയുടെ മുൻപിൽ മമ്മി തന്റെ ഭീകര രൂപം അങ്ങിനെയൊന്നും പുറത്തു കാണിക്കാറില്ലായിരുന്നു. അതിരാവിലെ പോയി രാത്രി വൈകി എത്തുന്ന ഡാഡിയ്ക്ക് മുൻപിൽ മമ്മിയും ഞങ്ങളും ഒരേപോലെ പരാതിയുമായി നിൽക്കും. എല്ലാം കേട്ട് ഞങ്ങളെ രണ്ടു കൂട്ടരെയും പ്രത്യേകമായി ഉപദേശിച്ച് ഡാഡി കിടന്നുറങ്ങും. രാവിലെ കൂട്ടുകാരോട് എന്ന പോലെ മമ്മി എന്നോട് ചോദിക്കും, നീ വലിയ പരാതി പറഞ്ഞിട്ടെന്തായി? എന്നിട്ട് ഒരു പുച്ഛച്ചിരി ചിരിച്ചു കടന്നു പോകും. ശത്രുവിനെ മലർത്തിയടിച്ച സന്തോഷം ഉണ്ടാവും ആ മുഖത്ത്, ഇത് കണ്ട് പല തവണ മരിച്ചുജീവിച്ച ഒരു കൗമാരക്കാരി ഉണ്ട്. മമ്മിയെ ജീവിപ്പിക്കുന്നത് തന്നെ എന്നോടുള്ള വാശിയാണോ എന്ന് അന്തിച്ചു പോയിട്ടുള്ള നിമിഷങ്ങൾ. ഡാഡിയുടെ മുൻപിൽ ഞങ്ങളെക്കാൾ നല്ലയാളാണ് താൻ എന്ന് മമ്മി തെളിയിച്ചു കൊണ്ടിരുന്നു. പലപ്പോഴും എന്റെ ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയുടെ പോലെ ഉള്ള വാശിയാണ് അത്തരം സന്ദർഭങ്ങളിൽ മമ്മി കാണിച്ചിരുന്നത്. അതാവട്ടെ എന്നെ ഒരുപാട് നീറ്റിച്ചു കളഞ്ഞു. അക്കാലങ്ങൾ ഇപ്പോൾ ഓർക്കാൻ പോലും ഭയമാണ്.

മനസമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ല, നേരം വെളുത്തു വരുമ്പോൾ മുതൽ മമ്മിയും ഞാനും വഴക്ക് തുടങ്ങിയാൽ ഏതാണ്ട് ഡാഡിവരുന്നത് വരെ കേറി ഇറങ്ങിയത് തുടരും. അവധിക്കാലത്ത് ഇത് മൂർധന്യാവസ്ഥയിൽ എത്തും. ഞാൻ വീണ്ടും അച്ഛൻ വീട്ടിലേയ്ക്ക് മുങ്ങും. ഒരു നല്ല ഉടുപ്പ് പോലും വാങ്ങിത്തരില്ല. ബ്രാ ഇടാൻ പ്രായം കഴിഞ്ഞിട്ടും ഒരുപാട് കാലം ഞാൻ അതൊന്നും ഇടാതെ നടന്നു. അവസാനം കൂട്ടുകാരികൾ വീട്ടിൽ വന്നു പറഞ്ഞതിന് ശേഷമാണ് മമ്മി വഴിസൈഡിൽ നിന്ന് ഒരേ ഒരു ബ്രാ വാങ്ങിത്തന്നത്. രാത്രി തോറും കഴുകിയിട്ട് ഉണക്കിയെടുത്ത് ഞാൻ പകൽ അതുമിട്ടു നടന്നു. ഒരെണ്ണം കൂടി വാങ്ങിത്തരാൻ പറയാനുള്ള ധൈര്യം എനിക്ക് ഉണ്ടായില്ല (ഡാഡി ബാങ്കിൽ ഓഫിസർ ആയി ജോലി ചെയ്യുകയാണ് എന്നോർക്കണം). ആ ബ്രാ കൊളുത്ത് പൊട്ടി ചീത്തയായപ്പോൾ മൂന്നു ദിവസം റിഹേർസൽ എടുത്തിട്ടാണ് പുതിയ ഒരെണ്ണം വാങ്ങണം എന്ന് പറഞ്ഞത്. പ്രതീക്ഷിച്ച പോലെത്തന്നെ കുറെ ചീത്ത കിട്ടി. രണ്ടീസം കഴിഞ്ഞപ്പോൾ അതെ വഴിക്കടയിൽ നിന്ന് വിലകുറഞ്ഞത് ഒരെണ്ണം കൂടി വാങ്ങി തന്നു. മൂന്നാമത്തെ ബ്രാ, ഡാഡിയോടു കാശ് വാങ്ങി ഞാൻ ഒരു നല്ല തുണിക്കടയിൽ പോയി വാങ്ങി. അന്ന് ഒരു പത്താം ക്ലാസുകാരിയെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ പ്രവർത്തനം. പിന്നെ മമ്മിയ്ക്ക് എനിക്ക് ഒരു ബ്രാ വാങ്ങി തരേണ്ടി വന്നിട്ടില്ല. ഇന്നിപ്പോൾ നല്ല ഷോപ്പുകളിൽ നിന്ന് അലങ്കാരത്തുന്നലുകൾ ഉള്ള അടിവസ്ത്രങ്ങൾ വാശിയോടെ വാങ്ങിക്കൂട്ടുമ്പോൾ ആദ്യം കിട്ടിയ റോസ് നിറമുള്ള വില കുറഞ്ഞ ബ്രാ ഞാൻ വെറുതെ ഓർക്കും.

രണ്ടാമത്തെ അനിയത്തി മമ്മിയുമായി താരതമ്യേനെ മെച്ചപ്പെട്ട ബന്ധത്തിൽ ആയിരുന്നുവെന്നു പറഞ്ഞല്ലോ! അടുക്കളയിലും മറ്റും അവൾ മമ്മിയെ സഹായിക്കുകയും മമ്മിയ്ക്ക് കീഴടങ്ങി ജീവിക്കുകയും ചെയ്തു. എന്റെ വായനാ ശീലം മമ്മിയെ പലപ്പോഴും ദേഷ്യം പിടിപ്പിച്ചു. നീ കലക്ടർ ആകാൻ പോകുവാണോ, നീ തെണ്ടിത്തിരിഞ്ഞു നടക്കും എന്നൊക്കെ എല്ലാ ദിവസവും മമ്മി എന്നെ ശപിക്കുമായിരുന്നു. മറ്റൊരു രീതി നാട്ടുകാരോടും വീട്ടുകാരോടും ഞങ്ങൾ പെണ്മക്കൾ വീട്ടിൽ സഹായിക്കുന്നില്ല, മമ്മി പറയുന്നത് അനുസരിക്കില്ല എന്നൊക്കെ പരാതി പറയുക എന്നതാണ്. ഇതിന്റെ ഭാഗമായി ഏതെങ്കിലും ചടങ്ങ് ഒക്കെ നടക്കുമ്പോൾ ബന്ധുക്കൾ വട്ടം കൂടി എന്നെയും നേരേ താഴെയുള്ള അനിയത്തിയെയും ഗുണദോഷിക്കും. ഏറ്റവും ഇളയവൾ തീരെ ചെറുതായിരുന്നതിനാൽ അവൾ ഈ ആരോപണത്തിൽ നിന്ന് രക്ഷപെട്ടു. മൂന്നു പെണ്മക്കളിൽവെച്ച് ഏറ്റവും കൂടുതൽ ശ്രദ്ധയും കരുതലും കിട്ടിയത് ഇളയവൾക്ക് ആണ്. പലഹാരങ്ങൾ വാങ്ങി നൽകിയും വളരെ വലുതാകുന്ന വരെ എടുത്തോണ്ട് നടന്നും മമ്മി അവളോട് സ്‌നേഹം പ്രകടിപ്പിച്ചു. പെറ്റതള്ളയോട് ഒരു സ്‌നേഹവും ഇല്ലാത്ത അഹങ്കാരികൾ ആയിരുന്നു ഞങ്ങൾ അക്കാലത്തെ മമ്മിയുടെ കഥകളിൽ. അനിയത്തി കുറച്ചു കൂടി നാട്ടു മര്യാദകൾ കാണിക്കാൻ മിടുക്കി ആയിരുന്നാൽ കർശന വിമർശനങ്ങൾ അങ്ങിനെ നേരിട്ടിട്ടില്ല. എപ്പോഴും പുസ്തകം വായിക്കുന്ന, വീട്ടിൽ ജോലി ചെയ്യാത്ത എനിക്ക് നേരെ ആയിരുന്നു മിക്കവാറും ഈ ആക്രമണങ്ങൾ നടന്നിരുന്നത്. ഇതൊക്കെ കേട്ട് സഹികെട്ടു കഴിയുമ്പോൾ ഒരുദിവസം ഞാൻ കയ്യും മെയ്യും മറന്ന് വീട്ടുപണികളിൽ ഏർപ്പെടും. വീടൊക്കെ അടിച്ചു വൃത്തിയാക്കി, തുണിയൊക്കെ അടുക്കി വെച്ച്, ഡാഡിയുടെ ഷർട്ടുകൾ തേച്ചു മടക്കി മമ്മിയുടെ പരാതി തീർക്കാൻ തുടങ്ങും. അടുക്കളയിൽ കയറി എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കും. വൈകിട്ട് ഡാഡി ഓഫീസിൽ നിന്ന് വരുമ്പോൾ വീടൊക്കെ നന്നായി ഇരിക്കുന്നല്ലോ എന്ന് അഭിനന്ദിക്കും. മമ്മി പതുക്കെ അരക്ഷിതയാകാൻ തുടങ്ങും. പിറ്റേന്ന് രാവിലെ അടുക്കളയിൽ കയറി പ്രാതലും ഉച്ചയ്ക്കുള്ള ചോറും കറിയും തയ്യാറാക്കും, ഈ സമയത്തൊക്കെ എന്തേലും തെറിയും പറഞ്ഞ് മമ്മി അടുക്കളയിൽ തന്നെ ഉണ്ടാവും. സാധനങ്ങൾ എവിടെയാ ഇരിക്കുന്നത് എന്നൊന്നും പറഞ്ഞു തരില്ല. എവിടെയാണ് എന്ന് ചോദിച്ചാൽ തമ്പുരാട്ടി കണ്ടു പിടിക്കൂ എന്നു പുച്ഛിക്കും. ചിലപ്പോൾ സാധനങ്ങൾ മാറ്റിയും വെയ്ക്കും. അതിസാഹസികമായി ഞാൻ അടുക്കളപ്പണി പൂർത്തിയാക്കും. പത്തിലോ, പ്രീഡിഗ്രിയ്ക്കോ ഒക്കെ പഠിക്കുന്ന കാലമാണ്. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് പാത്രം കഴുകി വെച്ച്, കുറച്ചു നേരം ഉറങ്ങി വൈകിട്ടത്തെ പലഹാരം ഉണ്ടാക്കാൻ അടുക്കളയിൽ ചെല്ലുമ്പോൾ മമ്മി ഉറഞ്ഞു തുള്ളി നിൽക്കുന്നുണ്ടാവും! എന്റെ അടുക്കളയിൽ കയറി പോകരുത്. എന്റെ കെട്ടിയവനാണ് ഈ വീട്ടിൽ കാശുണ്ടാക്കുന്നത്, നിനക്ക് എന്താ കാര്യം? നമ്മൾ നടുങ്ങി പോകും! ഇത്രയും കാലം അടുക്കളയിൽ സഹായിക്കുന്നില്ല എന്ന് പരാതി പറഞ്ഞ ആൾ എന്തുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെ പറയുന്നത് എന്ന് ആലോചിച്ചു കണ്ണ് മിഴിക്കും. ഇത് കുറേത്തവണ ആവർത്തിച്ചപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി, അവർക്ക് പെണ്മക്കളെ കുറ്റം പറയണം എന്നേ ഉള്ളൂ, അവരുടെ ടെറിട്ടറിയിൽ കയറിയാൽ അവർ വല്ലാതെ പ്രശ്‌നത്തിൽ ആവും. അതോടെ അവർ ആവശ്യപ്പെട്ടാൽ അല്ലാതെ പിന്നീട് ഞാൻ അടുക്കളയുടെ പരിസരത്തേയ്ക്ക് പോകില്ല എന്നായി. വീട്ടിൽ വരുന്ന ബന്ധുക്കളോടും അച്ഛന്റെ സുഹൃത്തുക്കളോടും അവർ തുടർന്നും സ്‌നേഹമില്ലാത്ത, പെറ്റമ്മയോടു അനുതാപം ഇല്ലാത്ത പെണ്മക്കളെ പറ്റി പറഞ്ഞുനടന്നു. സങ്കടത്താൽ വിതുമ്പി, വല്ലതും വായിച്ചു കൊണ്ടിരിക്കുന്ന എന്നെ നോക്കി അവരൊക്കെ പല്ലിറുമ്മി.

മമ്മി വളരെ വിചിത്രമായ സാമ്പത്തികശാസ്ത്രം ആയിരുന്നു പിന്തുടർന്നിരുന്നത്. നല്ല ശമ്പളം ഉള്ള ആളായിരുന്നു എന്റെ അച്ഛൻ, പക്ഷെ ഞങ്ങൾ റേഷൻ അരിയെ വാങ്ങിയിരുന്നുള്ളൂ.

പുഴു മണം നിറഞ്ഞ ചോറ് കഴിക്കുന്ന ഞങ്ങളെ ഓർത്താൽ എനിക്കിപ്പോഴും സങ്കടം വരും. ഡാഡിയ്ക്ക് ചപ്പാത്തിയും ഗ്രീൻ പീസും നിത്യഭക്ഷണം. അതാവും മിക്കവാറും പ്രാതൽ. ഡാഡിയുടെ ഇഷ്ടം അല്ലാതെ മറ്റൊന്നും ആ വീട്ടിൽ പരിഗണിക്കപ്പെട്ടിരുന്നില്ല. നല്ല മീനുകൾ, ചിക്കൻ, ബീഫ് എന്നിവയൊന്നും വീട്ടിൽ പൊതുവെ വാങ്ങുമായിരുന്നില്ല, അനാവശ്യ പണച്ചിലവ് എന്നാണു മമ്മി അതിനെ കണ്ടിരുന്നത്. മമ്മിയ്ക്ക് മീൻ വൃത്തിയാക്കുന്നത് അത്ര ഇഷ്ടമല്ലാത്ത കാര്യം (അത് ഓരോതവണയും മീൻ വൃത്തിയാക്കുമ്പോൾ പറയുകയും ചെയ്യും) ആയിരുന്നു, എന്നിരുന്നാലും ചെറിയ ഇനം മീനുകൾ വീട്ടിൽ വാങ്ങിപ്പോന്നു. പൊതുവെ പച്ചക്കറി ആയിരുന്നു മമ്മിയ്ക്കു താല്പര്യം. എന്നാൽ ഈ പറഞ്ഞവയ്ക്ക് ഒക്കെ വിപരീതം എന്നപോലെ നാലുമണി പലഹാരം എപ്പോഴും വീട്ടിൽ ഉണ്ടാക്കുമായിരുന്നു. സ്‌കൂൾ വിട്ടു വരുമ്പോൾ നിത്യവും ചൂട് പലഹാരം ഉണ്ടാകും. ഡാഡി ജോലിയുടെ ആവശ്യത്തിന് എപ്പോഴെങ്കിലും കുറച്ചു ദിവസത്തേയ്ക്ക് പുറത്തു പോയാൽ പിന്നെ ഞങ്ങൾ ചമ്മന്തിയും ചോറും കഴിച്ച് അത്രയും ദിവസങ്ങൾ കഴിയണം. ഡാഡിയ്ക്ക് ചുറ്റും ആയിരുന്നു ഞങ്ങളുടെ അടുക്കളയും മമ്മിയും ചുറ്റിയിരുന്നത്. കൂട്ടുകാർ വീട്ടിൽ വരുന്നതായിരുന്നു മറ്റൊരു പേടി സ്വപ്നം. നേരത്തെ പറഞ്ഞുവെച്ചാലും മമ്മി എന്നും വെയ്ക്കുന്ന ഒരു കറി അല്ലാതെ മറ്റൊന്നും കരുതിയിട്ടുണ്ടാവില്ല. കുറച്ചു ഡയലോഗ് ഒക്കെ പറഞ്ഞു അവർക്ക് അത് കൊടുത്തു മമ്മി രക്ഷപ്പെടും. കൂട്ടുകാരുടെ വീട്ടിൽ പോയി മൂക്ക് മുട്ടെ തിന്നിട്ടുള്ള എനിക്ക് വലിയ സങ്കടം ഉള്ള ഒന്നായിരുന്നു ഇത്.

പണമില്ല എന്ന് സദാസമയവും പറഞ്ഞു കൊണ്ടിരിക്കുന്ന മമ്മിയാണ് എന്റെ മറ്റൊരോർമ്മ. നല്ല വലുതാകുന്നു വരെ ഞങ്ങൾ ഏതോ ദാരിദ്ര്യത്തിൽ ആണ് ജീവിക്കുന്നത് എന്ന് ഞാനും വിശ്വസിച്ചിരുന്നു. വർഷം രണ്ട് ഉടുപ്പ് ആണ് പരമാവധി വാങ്ങിയിരുന്നത്. ഓണത്തിനും സ്‌കൂൾ തുറപ്പിനും. പിന്നെ ബന്ധുക്കളുടെ കല്യാണം വന്നാൽ പോലും ഉടുപ്പില്ല. വീട്ടിൽ എല്ലാ കാര്യത്തിനും മമ്മി കണക്കു പറയുമായിരുന്നു. ഒരു ചായ അധികം ഇട്ടു കുടിച്ചാൽ എന്റെ കെട്ടിയവന്റെ പൈസ ആണ് പോകുന്നത് എന്ന് മമ്മി ഓർമ്മിപ്പിക്കും. വീട്ടിലെ ഭക്ഷണം കഴിച്ചാൽ ഒരു തുക മേശപ്പുറത്തു വെയ്ക്കാൻ തോന്നുന്നത്ര അന്യഥാ ബോധം അവർ ഞങ്ങളിൽ ഉണ്ടാക്കിയിരുന്നു. ഒരു സാധനം ആ വീട്ടിൽ എടുത്ത് പെരുമാറാൻ എനിക്ക് പേടിയായിരുന്നു. എല്ലാം മമ്മിയുടെ ഭർത്താവ് ഉണ്ടാക്കുന്നതായിരുന്നു. ആ ഭർത്താവ് ഞങ്ങളുടെ അച്ഛൻ ആണ് എന്നത് ഒരു അവകാശമൊന്നും അല്ല എന്ന് അവർ അബോധമായി സ്ഥാപിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഇത് എനിക്ക് ഉണ്ടാക്കിയ സ്വത്വപ്രതിസന്ധി കുറച്ചൊന്നും ആയിരുന്നില്ല. എന്റെ വായനയ്ക്ക് തടസ്സം നിൽക്കരുത് എന്ന ഡാഡിയുടെ സ്റ്റാന്റിംഗ് ഓർഡർ മമ്മിയ്ക്കു വലിയ പ്രശ്‌നം ആയിരുന്നു. നേരം വെളുത്തു വരുമ്പോഴേ എന്നെ ശപിക്കാൻ തുടങ്ങും, ഞാൻ ഗുണം പിടിക്കില്ല എന്നാണു പൊതുവെ പറയുക. വായിച്ചു കളക്ടർ ആവാൻ പോകുന്നില്ല, ഇതിലെ തെണ്ടി നടക്കും എന്നൊക്കെ പറയും (സ്വയം മറന്നു വായിക്കുന്ന മമ്മിയെന്തിന് എന്റെ വായനയെ കുറ്റം പറയണം എന്നായിരുന്നു എന്റെ ഏറ്റവും വലിയ സങ്കടം). ഇടയ്ക്കിടയ്ക്ക് എന്നെ വിളിച്ചു എന്തേലും ജോലി ചെയ്യിക്കും, ആ ജോലി ഞാൻ നന്നായി ചെയ്യുന്നു എന്ന് കണ്ടാൽ അവിടുന്ന് അപ്പോൾത്തന്നെ തുരത്തും.

പത്താ ക്ലാസിലെ സ്റ്റഡിലീവിന് മമ്മിയുടെ മാനസിക പീഡനം സഹിക്കാൻ വയ്യാതെ, തൂങ്ങിച്ചാവാൻ ശ്രമിച്ചിട്ടുണ്ട് ഞാൻ. പരീക്ഷ തുടങ്ങുന്ന അന്ന് രാവിലെ ഞാൻ എന്തോ ചെയ്തത് ശരിയായില്ല എന്ന് പറഞ്ഞ് ഇവൾ എന്നും പുറത്തു പോകുന്നുണ്ടല്ലോ വണ്ടിയൊന്നും ഇടിക്കുന്നില്ലല്ലോ എന്ന് ശപിക്കുന്നത് കേട്ട് കരഞ്ഞു കൊണ്ടാണ് ഞാൻ പരീക്ഷ എഴുതാൻ പോയത്. ഇതേ മമ്മി തന്നെ എല്ലാ മാസത്തിലും രണ്ടുതവണ എങ്കിലും വന്ന് ഞങ്ങളുടെ സ്‌കൂളിലെ പഠനവിവരം അന്വേഷിക്കുമായിരുന്നു. നന്നായി പെരുമാറുന്ന, ഉത്തരവാദിത്തം ഉള്ള രക്ഷിതാവായാണ് എന്റെ അധ്യാപകർക്ക് മമ്മിയെ അറിയാവുന്നത്. എന്റെ സുഹൃത്തുക്കളുടെ മുൻപിലും മറ്റു ബന്ധുക്കളുടെ മുൻപിലും മറ്റൊരു മമ്മിയാണ് വെളിപ്പെടുക. മമ്മിയുടെ ഈ ബൈപോളാർ സ്വഭാവം എന്നെ എത്ര കുഴപ്പിച്ചിട്ടുണ്ട് എന്നോ! ഞാൻ അനുഭവിക്കുന്ന അമ്മ എത്ര കണ്ടു റിയൽ ആണ് എന്ന ആശങ്കയായിരുന്നു എനിക്ക്.

പത്താം ക്ലാസ് പാസായപ്പോൾ സയൻസ് പഠിക്കണം എന്ന് മമ്മി വാശി പിടിച്ചു. നല്ല മാർക്ക് വാങ്ങി പാസായെങ്കിലും പുതുതായി കോളേജിൽ പോകുന്ന എനിക്ക് രക്ഷാകർത്താക്കൾ ഒരു ജോഡി ഡ്രസ്സ് പോലും വാങ്ങി തന്നില്ല. മൂത്ത കൊച്ചച്ചൻ വാങ്ങി തന്ന ഒരു ഉടുപ്പും കൂടെ ചേർത്ത് മൂന്നു ജോഡി ഉടുപ്പായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. എലീറ്റ് കുട്ടികൾ മാത്രം പഠിക്കുന്ന തേവര കോളേജിൽ സെക്കണ്ട് ഗ്രൂപ്പ് ക്ലാസ്സിൽ ഞാൻ ഒരു പുഴുവിനെ പോലെ ചുരുങ്ങി ഇരുന്നു. അങ്ങോട്ടു ഇങ്ങോട്ടും യാത്രയ്ക്കുള്ള കൃത്യം എസ്.ടി കാശ് തന്ന് മമ്മി എന്നെ കോളേജിലേയ്ക്ക് അയച്ചു. പരാതി പറഞ്ഞാൽ ഞാനും കോളേജിൽ പഠിച്ചിട്ടുണ്ട് എന്ന് മറുപടി കിട്ടി. മമ്മി അനുഭവിച്ച സൗകര്യം പോലും ഞങ്ങൾ അനുഭവിക്കരുത് എന്ന് അവർക്ക് നിർബന്ധം ഉണ്ടായിരുന്ന പോലെ തോന്നിച്ചു. മലയാളം മീഡിയത്തിലെ മിടുക്കിക്കുട്ടിയായിരുന്ന ഞാൻ ഇംഗ്ലീഷ് ക്ലാസുകൾ കേട്ട് ഒരക്ഷരം മനസ്സിലാക്കാതെ തല കറങ്ങിയിരുന്നു. ഒരു നല്ല ഉടുപ്പ് പോലും ഇല്ലാത്ത അപകർഷതയിൽ ലൈബ്രറിയിൽ അഭയം തേടി ഞാൻ. വായന എനിക്ക് ഒരു രക്ഷയായി. ആക്ടിവിസത്തിലേയ്ക്ക് രക്ഷപ്പെടുക ആയിരുന്നു ഞാൻ കണ്ട എളുപ്പവഴി, അവിടെയാകുമ്പോൾ അപകർഷതയില്ലാതെ സമാന അനുഭവം ഉള്ള ദളിത് വിദ്യാർത്ഥികളുമായി സഹവസിക്കാൻ അവസരം കിട്ടി. അത്ഭുതകരമായി പ്രീഡിഗ്രി പാസ്സായി. അതോടെ ഞാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. എൻട്രൻസ് എഴുതാനുള്ള മമ്മിയുടെ നിർദ്ദേശം ഞാൻ തള്ളി. രണ്ടുമാസത്തെ അവധി കൂടി ആയപ്പോൾ എന്റെ വീട് പാർക്കാൻ പറ്റാത്ത നരകം ആണ് എന്ന് ബോധ്യപ്പെട്ടു. ചങ്ങനാശ്ശേരി എൻ.എസ്.എസ് കോളേജിൽ ബി.എ ഫിലോസഫിയ്ക്ക് ചേർന്ന് പഠനം ആരംഭിച്ചു. ഹോസ്റ്റലിൽ നിൽക്കാൻ വേണ്ടി ആയിരുന്നു ആ തീരുമാനം. മനസമാധാനം മാത്രം മതി എന്ന് ആഗ്രഹിച്ച കാലം. ഒരു വ്യാഴാഴ്ച എന്നെ ഹോസ്റ്റലിൽ കൊണ്ട് ആക്കി ഡാഡി തിരിച്ചു പോന്നു. ഒരു കത്തെഴുതുകയോ അച്ചാറോ പലഹാരമോ തന്നു വിടുകയോ ചെയ്തില്ല. മൂന്നാം വർഷം ഞാൻ തനിയെ ഹോസ്റ്റലിൽ നിന്ന് തിരികെ വന്നു. ഇടയ്ക്കുള്ള അവധികളിൽ അച്ഛന്റെ വീട്ടിൽ പോയി നിന്നു. ഒരിക്കൽ പോലും നൂറു രൂപയിൽ അധികം എനിക്ക് തന്നില്ല. അതാകട്ടെ എനിക്ക് തിരുവനന്തപുരം മുതൽ ചങ്ങനാശ്ശേരി വരെയും തിരിച്ചും പോകാനുള്ള കൃത്യം വണ്ടിക്കൂലി ആയിരുന്നു. ആവശ്യത്തിനുള്ള വസ്ത്രങ്ങളോ, കൺമഷിയോ പൊട്ടോ ഒന്നും എനിക്ക് വാങ്ങി തന്നില്ല. അപ്പോഴേക്കും തികഞ്ഞ അഭിമാനിയായി മാറിക്കഴിഞ്ഞ ഞാൻ വണ്ടിക്കൂലി പോലെ അടിസ്ഥാന ആവശ്യങ്ങൾക്ക് മാത്രമേ വീട്ടിൽ നിന്ന് പണം വാങ്ങൂ എന്ന് തീരുമാനിച്ചിരുന്നു. അക്കാലത്തായിരുന്നു എന്നോട് സ്‌നേഹവും പരിഗണനയും കാണിച്ച, എനിക്ക് ചെറിയ പാരിതോഷികങ്ങൾ തന്നിരുന്ന രേണുവേട്ടനെ ഞാൻ പ്രേമിച്ചു തുടങ്ങുന്നത്. ഒരു രക്ഷാകർത്താവിനെ ആയിരുന്നു എനിക്ക് വേണ്ടിയിരുന്നത്. പ്രേമം എന്നതിനുമപ്പുറം അത് ഒരു വൈകാരിക സനാഥത്വം തേടൽ ആയിരുന്നു. ശരീരത്തിന് വളരെയൊന്നും പ്രാധാന്യം ഇല്ലാത്ത ഒരു പ്രേമം ആയിരുന്നു അത്.

എന്റെ വിവാഹ സമയത്ത് എനിക്ക് വാങ്ങിയ വളരെ കുറച്ചു സ്വർണവും വസ്ത്രങ്ങളും ഒക്കെ മമ്മിയെ വല്ലാതെ അസ്വസ്ഥയാക്കി, ജ്വല്ലറിയിൽ വെച്ചും തുണിക്കടയിൽ വെച്ചും എന്റെ കെട്ടിയവന്റെ കാശ് മുടിക്കാൻ ഇറങ്ങിയിരിക്കുന്നോ എന്ന് പല്ലിറുമ്മി. എന്നോട് വാശി കയറി മമ്മി തനിക്കു മാലയും കുറച്ചു സാരിയും വാങ്ങി. എനിക്ക് ഡ്രസ്സ് എടുക്കുമ്പോൾ വേണ്ടെന്നു ബഹളം വെച്ചു. ഞാൻ എല്ലാം അവരുടെ ഇഷ്ടത്തിന് വിട്ടു, കല്യാണ ശേഷം കാര്യവട്ടത്ത് എം.എ. ചെയ്യാൻ വേണ്ടി വീട്ടിൽ തന്നെ നിന്നു. കെട്ടിച്ചു വിട്ടവർ കെട്ടിയവന്റെ വീട്ടിൽ നിൽക്കാതെ ഇവിടെ വന്ന് എന്റെ കെട്ടിയവന്റെ കാശ് ചിലവാക്കുന്നു എന്ന് അവർ നിരന്തരം ആക്രോശിച്ചു. രേണുവേട്ടൻ വീട്ടിൽ രണ്ടുദിവസം അടുപ്പിച്ചു നിൽക്കുമ്പോൾ കുത്തുവാക്ക് പറഞ്ഞു. ഗതികെട്ട് നാലാം മാസം ഞാൻ വാടക വീട്ടിലേക്കു മാറി. എന്റെ ഭർത്താവിന്റെ വീട്ടിൽ പണവും സൗകര്യവും ഇല്ലാ എന്ന് പറഞ്ഞ് എന്നെ നിരന്തരം അവർ അപമാനിച്ചുകൊണ്ടിരുന്നു. ജീവിതത്തിൽ ഒരു സമയത്തും എനിക്ക് ഒരു സഹായമായോ സ്‌നേഹമായോ മമ്മി വന്നില്ല. എന്റെ അമ്മായിയമ്മ മാസങ്ങളോളം ശയ്യാവലംബിയായി കിടന്നപ്പോഴും, ഞാൻ ഗർഭിണി ആയപ്പോഴും, പ്രസവിച്ചു കിടന്നപ്പോഴും ഒക്കെ മമ്മി അന്യരെ പോലെ വന്നു കണ്ടു മടങ്ങി. ഒരു രാത്രിയിലധികം എന്റെ കൂടെ നിന്നില്ല. ഡാഡി ഒറ്റയ്ക്കാണെന്നും പറഞ്ഞ് അവർ കഴിവതും നേരത്തെ ഡാഡി ജോലി ചെയ്യുന്ന ഏതെങ്കിലും നഗരത്തിലെ വാടക വീട്ടിലേയ്ക്ക് കടന്നു കളഞ്ഞു. സഹായം അഭ്യർത്ഥിച്ചപ്പോഴൊക്കെ ഓരോരോ ഒഴികഴിവുകൾ പറഞ്ഞ് കൈമലർത്തി. ചിലപ്പോൾ ഓർക്കാപ്പുറത്ത് സഹായവുമായി എത്തി ഞെട്ടിച്ചു. കുട്ടിയെ നോക്കാൻ ഏൽപ്പിക്കാൻ മുൻകൂർ അപേക്ഷ കൊടുത്ത് മമ്മിയുടെ സേവനം ഉറപ്പു വരുത്തണമായിരുന്നു. വൈകുന്നേരം എത്താം എന്ന് പറഞ്ഞു കുട്ടിയെ ഏല്പിച്ചു മടങ്ങിയാൽ വൈകുന്നേരം ആയിട്ടും വന്നില്ലെങ്കിൽ ഫോൺ വിളിച്ച് കുട്ടിയെ എടുത്തോണ്ട് പോകാൻ പറയും. എന്റെ കൂട്ടുകാരുടെ അമ്മമാരുടെ കൊച്ചുമക്കളോടുള്ള സ്‌നേഹം കാണുമ്പോൾ മമ്മിയെക്കുറിച്ചോർത്ത് ഞാൻ കുറെ സങ്കടപ്പെടും. എം.ഫിൽ പരീക്ഷ തുടങ്ങുന്ന ദിവസം ഐ.സി.യുവിൽ ആയിരുന്ന എന്റെ അമ്മായിയമ്മയെ ഒരു മൂന്നു മണിക്കൂർ നോക്കാൻ മുൻകൂർ വിളിച്ച് ആവശ്യപ്പെട്ട പ്രകാരം മമ്മി സമ്മതിച്ചെങ്കിലും 11 മണിയ്ക്ക് തുടങ്ങേണ്ട പരീക്ഷയ്ക്കായി 10.45നു പോലും എത്തിയില്ല. ഞാൻ വേറെ ആളെ അറേഞ്ച് ചെയ്തു ഓടി പരീക്ഷ ഹാളിൽ എത്തിയപ്പോഴേയ്ക്കും പതിനഞ്ചു മിനിട്ടു വൈകിയിരുന്നു. പരീക്ഷ കഴിഞ്ഞ് തിരികെ എത്തിയപ്പോൾ ആശുപത്രിയിൽ ഉണ്ടായിരുന്ന മമ്മിയോട് എന്താ സമയത്തു വരാതിരുന്നേ എന്ന് ചോദിച്ചപ്പോൾ മറുപടി, നിനക്ക് നിന്റെ അമ്മായിയമ്മയെ നോക്കാൻ വേണ്ടി എന്റെ അമ്മായിയമ്മയെ കളയാൻ പറ്റില്ല, അമ്മയ്ക്ക് ഭക്ഷണം ഉണ്ടാക്കീട്ടാണ് ഞാൻ വന്നത് എന്നു പറഞ്ഞു. ഒരേപ്രായത്തിൽ ഉള്ള അന്യസ്ത്രീയോട് എന്ന പോലെ ആ ഡയലോഗ് പാസാക്കി അവർ അവിടുന്നും ഇറങ്ങി നടന്നു.

ഞാൻ പല കഷണമായി നുറുങ്ങി ആ ആശുപത്രി വരാന്തയിൽ ചിതറിക്കിടന്നു. ഞാൻ എന്റെ സുഹൃത്തുക്കളോടും ഭർത്താവിനോടും ഒപ്പമിരുന്ന് നൂറുകണക്കിന് രാത്രികളിൽ മമ്മിയെ വിശകലനം ചെയ്ത് ഒരു എത്തും പിടിയും കിട്ടാതെ അലഞ്ഞു പോയിട്ടുണ്ട്. അത്ഭുതമെന്നു പറയട്ടെ മമ്മിയുടെ ഈ പെരുമാറ്റങ്ങൾ ഡാഡിയ്ക്ക് ചില ചില്ലറ അസ്വസ്ഥതകൾ ഉണ്ടാക്കുമെങ്കിലും കാര്യമായ പ്രശ്‌നം ഒന്നും ഉണ്ടാക്കിയിട്ടില്ല എന്ന് മാത്രമല്ല അവർ വലിയ പ്രശ്‌നം ഇല്ലാതെ ജീവിച്ചു പോരുകയും ചെയ്യുന്നു. അതിനു കാരണമായി എനിക്ക് തോന്നിയത് ഡാഡിയ്ക്ക് മമ്മി നൽകിയിരുന്ന നിരുപാധികസ്‌നേഹവും കരുതലുമായിരുന്നു. ഡാഡിയാവട്ടെ മമ്മിയോട് സ്‌നേഹം ഉണ്ടായിരുന്നെങ്കിലും വേണ്ടത്ര കരുതൽ കാണിച്ചിരുന്നില്ല. വിവാഹത്തിന്റെ ആദ്യനാളുകളിൽ പോലും മമ്മിയ്ക്ക് ഒപ്പം നിക്കാനുള്ള ധീരത ഡാഡിയ്ക്കില്ലാതെ പോയി. സാമ്പത്തികമായി വീടിനെ ആശ്രയിക്കേണ്ടി വന്നതും വീട്ടിലെ മുതിർന്ന ആളായതും, പൊതുപ്രവർത്തനവും ഒക്കെ ആയി മമ്മിയുടെ ഒപ്പം അവർ ആഗ്രഹിച്ചപോലെ നിൽക്കാൻ ഡാഡിയ്ക്ക് കഴിഞ്ഞില്ല. അത് മമ്മിയിൽ ഉണ്ടാക്കിയ മുറിവ് വളരെ വലുതായിരുന്നു. വിവാഹത്തിന്റെ ആദ്യനാളുകളിൽ നിഷേധിക്കപ്പെട്ടതെല്ലാം പിന്നീടും വേണ്ട എന്നൊരു വാശിയാണ് മമ്മി പുലർത്തിയത്. സാരി വേണോ എന്ന് ചോദിച്ചാൽ വേണ്ടാന്നുപറഞ്ഞും പുറത്തുള്ള ഭക്ഷണം ബഹിഷ്‌കരിച്ചും സിനിമാകാഴ്ച വേണ്ടെന്നു വെച്ചും മമ്മി പ്രതിഷേധിച്ചുകൊണ്ടിരുന്നു. തനിക്ക് വേണ്ട എന്ന് പറയുമ്പോഴും വേണം വേണം എന്ന് പറയുന്ന ഒരാൾ മമ്മിയിലുണ്ടായിരുന്നു എന്ന് എനിക്ക് പിൽക്കാലത്ത് ബോധ്യപ്പെട്ടു. ശേഷം ഞാൻ ഒരിക്കലും എന്റെ ഹൃദയത്തോട് അനീതി കാണിക്കില്ല എന്ന് ശപഥമെടുത്തു. എനിക്ക് അതിനു സാധിക്കാതെ വന്നപ്പോഴൊക്കെ വലിയ ശാരീരിക അസ്വസ്ഥതകളുമായി ഞാൻ കിടപ്പിലായി. എന്റെ ജീവിതം എന്നാൽ മമ്മിയുടെ ജീവിതം തിരുത്തി എഴുതാൻ ഉള്ള ശ്രമം മാത്രമായി ചുരുങ്ങിപ്പോയി പലപ്പോഴും.

ഞാൻ വിവാഹം കഴിഞ്ഞു പോന്നതോടെ തൊട്ടു താഴെയുള്ള അനിയത്തിയുമായുള്ള ബന്ധം കുറേശെ വഷളായി തുടങ്ങിയെങ്കിലും, കുറച്ചധികകാലം കൂടി പ്രധാനശത്രു സ്ഥാനത്ത് ഞാൻ തന്നെ ആയിരുന്നു. ഇളയവർ രണ്ടു പേരും താരതമ്യേന മമ്മിയോടു മെച്ചപ്പെട്ട ബന്ധം പുലർത്തുകയും കുറച്ചൊക്കെ മമ്മിയോടു വിലപേശൽ ശേഷി പ്രകടിപ്പിക്കുകയും ചെയ്തുപോന്നു. എനിക്ക് കുട്ടിയുണ്ടായതോടെ ഞാൻ പതുക്കെ ആ ഗെയിമിന്റെ ഭാഗമല്ലാതെ ആയി. ഞാൻ എന്തെങ്കിലും അഭിപ്രായം പറയുന്നത് പോലും വീട്ടിൽ എടുക്കില്ല എന്ന സ്ഥിതി വന്നു. ഇളയവൾ പ്രീഡിഗ്രി കഴിഞ്ഞ് ഹോസ്റ്റലിൽ നിന്ന് വീട്ടിൽ തിരിച്ചെത്തി പുതിയ കോഴ്‌സ് പഠിക്കാൻ ചേർന്നു. അവളുടെ തുടർപഠനം വീട്ടിൽ ആരും ഗൗരവമായി എടുത്തില്ല. തുടർന്ന് പഠിച്ചിരുന്നെങ്കിൽ അവൾ ഒരു മികച്ച ഗവേഷക ആയി മാറിയേനെ എന്ന് ഞാൻ കരുതുന്നു. രണ്ടു പ്രൊഫഷണൽ കോഴ്‌സുകൾ പഠിച്ച്, അവൾ പ്രൈവറ്റ് സ്ഥാപനത്തിൽ ജോലിയ്ക്ക് പോയി തുടങ്ങി (വർഷങ്ങൾക്ക് ശേഷം തന്നത്താൻ കഷ്ടപ്പെട്ട് സർക്കാർ ജോലി സ്വായത്തമാക്കി). തൊട്ടു താഴെയുള്ളവൾ വിവാഹം കഴിച്ചു പോയി. ഏറ്റവും ഇളയവളും മമ്മിയും തമ്മിലായി പിന്നീടുള്ള യുദ്ധങ്ങൾ. അതാകട്ടെ ഒരിക്കലും അവസാനിച്ചുമില്ല. കടുത്ത മുറകളുടെ കാര്യത്തിൽ ഞാൻ അവളെ വഴക്ക് പറയുകയും ചിലപ്പോഴൊക്കെ തള്ളിപ്പറയുകയും ചെയ്തിട്ടുണ്ട്. ഞങ്ങളുടെ കുടുംബ ബന്ധങ്ങൾ കൂടുതൽ ദുർബലമായി, ഒട്ടിച്ചു ചേർക്കാൻ ശ്രമിക്കുമ്പോഴൊക്കെ പതുക്കെ പശയടർന്നു വീണു പലവഴിക്കായി. മമ്മിയോടുള്ള ഞങ്ങളുടെ ബന്ധം സ്‌നേഹവും നിരാശയും നിരാസവും കൂടിക്കുഴഞ്ഞ് ഒരു വിശദീകരണത്തിനും വഴങ്ങാതെയായി. എന്നിട്ടും ഞങ്ങൾ മമ്മിയെയോ മമ്മി ഞങ്ങളെയോ പൂർണ്ണമായും കയ്യൊഴിഞ്ഞില്ല, ജന്മബന്ധങ്ങൾ ഞങ്ങളെ എക്കാലവും ചേർത്തുതന്നെ നിർത്തി. അതൊരു ശ്രമകരമായ കാര്യമായിരുന്നു, കിതച്ചു പോകുന്ന ഒന്ന്. എത്ര ഓടിയൊളിച്ചാലും ഞങ്ങൾ വീണ്ടും വീണ്ടും ആ കാലുഷ്യത്തിലേയ്ക്ക് തിരിച്ചെത്തി.

ജീവിതകാലം മുഴുവൻ നീണ്ടു നിന്ന ഒട്ടനവധി തള്ളിപ്പറച്ചിലുകൾക്കും സ്‌നേഹനിരാസങ്ങൾക്കും അപമാനങ്ങൾക്കും ശേഷം മമ്മിയിൽ നിന്ന് മോചിതയാകാൻ ഞാൻ തീരുമാനം എടുത്തു. എന്റെ മുപ്പതുകളിൽ ആയിരുന്നു അത്. മമ്മിയെന്നെങ്കിലും എന്നോടും അനിയത്തിമാരോടും സഹജഭാവത്തോടെയും കരുതലോടെയും പെരുമാറും എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയും ഓരോ സന്ദർഭത്തിലും മമ്മി പഴയതിനേക്കാൾ മാരകമായി പ്രതികരിക്കുകയും ചെയ്യുന്നതിന്റെ തകർച്ച താങ്ങാവുന്നതിനും അപ്പുറമായപ്പോഴാണ് ഞാൻ ഈ തീരുമാനം എടുത്തത്.

കുഞ്ഞുണ്ണിയും രേണുവേട്ടനും എന്ന വൈകാരികമായ സാന്നിധ്യമുള്ളത് എനിക്ക് ആ തീരുമാനം എടുക്കാൻ ശക്തി നൽകി. ആ ബന്ധത്തിലെ വൈകാരികമായ ത്രെഡ് എടുത്തുകളയുക എന്ന കാര്യമാണ് ഞാൻ ചെയ്തത്. മമ്മിയുടെ ഒരു പെരുമാറ്റവും എന്നെ ബാധിക്കില്ല എന്ന് തീരുമാനിച്ചു. ഒട്ടും എളുപ്പം അല്ലാത്ത തീരുമാനം. ചില സമയത്തൊക്കെ ഞാൻ ഇടറി വീണു. വീണ്ടും എണീച്ചു നടന്നു കയറി. നിരന്തരം എന്നോട് തന്നെ സംസാരിച്ചുകൊണ്ട് ഒരുവിധത്തിൽ അക്കാര്യത്തിൽ എനിക്ക് വിജയിക്കാനായി. ഒരു മൂന്നു വർഷത്തോളം ഞാൻ ഈ രീതി തുടർന്ന് പോന്നു. ഇതിനിടയിൽ ഇളയ അനിയത്തി വീട്ടിൽ നിന്ന് ഇറങ്ങി പോയിരുന്നു. ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ ആ കുഞ്ഞ് അലഞ്ഞു നടക്കുന്നത് കണ്ട് ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് ഞാൻ. ആ സംഭവം മമ്മിയെ എത്രത്തോളം ബാധിച്ചു എന്ന് എനിക്ക് അറിയില്ല. പുറമെ ഒന്നും കാണിച്ചില്ല എങ്കിലും ഡാഡിയോടും ഞങ്ങളോടും അവളെ വിളിച്ച് വിശേഷങ്ങൾ അന്വേഷിക്കാൻ എപ്പോഴും ആവശ്യപ്പെടും. അവൾ മമ്മിയോടു സംസാരിക്കുന്നത് വർഷങ്ങൾക്കു മുൻപേ നിർത്തിയിരുന്നു. ഇപ്പോഴും മിണ്ടില്ല. എങ്കിലും അവളെ കാണുമ്പോഴൊക്കെ മമ്മി അങ്ങോട്ട് പോയി മിണ്ടി, മറുപടി കിട്ടില്ല എന്ന് ഉറപ്പായിട്ടും. അത് കാണുമ്പോൾ ഉള്ളു വിങ്ങാറുണ്ട്. അവൾക്കും ഉണ്ടാവും മുറിവുകൾ എന്ന് കരുതി ആശ്വസിച്ചു.
കുറച്ചു കാലത്തിനു ശേഷം ഒരു ഫെമിനിസ്റ്റ് ആയിട്ടും എന്തുകൊണ്ട് എനിക്ക് മമ്മിയുമായി ഒരു നല്ല ബന്ധം ഉണ്ടാക്കാൻ കഴിയുന്നില്ല എന്നൊരു ചോദ്യം എന്നെ മദിക്കാൻ തുടങ്ങി. മമ്മിയോടുള്ള ബന്ധം നന്നാക്കാൻ ഞാൻ തീരുമാനം എടുത്തു. മമ്മി പക്ഷെ പിടി തന്നില്ല. കരുണാരഹിതമായി പലപ്പോഴും എന്നെ (അനിയത്തിയെയും) തള്ളിപ്പറഞ്ഞു. മമ്മിയോടു വഴക്കുണ്ടാക്കില്ല എന്ന് ഞാൻ ശപഥം ചെയ്തു. അവരുടെ പ്രശ്‌നങ്ങളെ മനസിലാക്കാൻ ശ്രമിച്ചു. പലപ്പോഴും പരാജയപ്പെട്ടു. ഇനിയും മുറിവുണങ്ങാത്ത ഒരു പെൺകുട്ടി എന്നിലെ ഫെമിനിസ്റ്റിന്റെ മേൽ പലപ്പോഴും ആധിപത്യം സ്ഥാപിച്ചു. പക്ഷെ എങ്ങിനെയോ ഞങ്ങളുടെ ബന്ധം പതുക്കെ മെച്ചപ്പെട്ടു. അതിനു വേണ്ടി ഞാൻ ചിലവഴിച്ച ഊർജ്ജം ചെറുതല്ല. എന്തേലും പ്രശ്‌നങ്ങൾ ഒക്കെ എന്നോട് പറയാൻ തുടങ്ങി, അതൊന്നും എനിക്കൊരു പ്രശ്‌നം ആയി തോന്നിയില്ലെങ്കിലും ഞാൻ അങ്ങിനെയെന്നു അഭിനയിച്ചു. മമ്മിയിൽ നിന്ന് ഞങ്ങൾ ആഗ്രഹിക്കുന്ന പോലെയുള്ള ഒരു പെരുമാറ്റവും ഉണ്ടായില്ല എങ്കിലും മമ്മി ഞങ്ങളോട് ഒരു മയമൊക്കെ കാണിക്കാൻ തുടങ്ങി. മമ്മിയെ വിശകലനം ചെയ്യുന്നതിന് ഞാൻ വായിച്ച തിയറികൾ ഒന്നും എനിക്ക് മതിയാവാതെ വന്നു. ഇത്രയും ആത്മവഞ്ചന നടത്തുന്ന ഒരാളെ എനിക്ക് വേറെ അറിയില്ലായിരുന്നു.

താൻ ആഗ്രഹിക്കുന്നതിനു നേരെ വിപരീതമായ കാര്യങ്ങൾ അവർ ചെയ്തു, പറഞ്ഞു. അത് ഭക്ഷണം കഴിക്കുന്നത് മുതൽ ഡാഡിയോടുള്ള പെരുമാറ്റം വരെ പ്രതിഫലിച്ചു. ഉള്ളിലെ അരക്ഷിതാവസ്ഥ മറച്ചുപിടിച്ച് തന്റേടമുള്ള സ്ത്രീയായി പ്രകടനം നടത്തി. ഒരു താൽപര്യവും ഇല്ലാത്ത മനുഷരോട് അമിത സ്‌നേഹം കാണിച്ചു. സ്ഥാനത്തും അസ്ഥാനത്തും കള്ളത്തരം പറഞ്ഞു. എന്നാൽ തികഞ്ഞ സദാചാരവാദിയായി ജീവിച്ചു. ഹൃദയം പിന്തുടർന്ന് ജീവിക്കുന്ന നാട്ടിലെ സ്ത്രീകളെ പുച്ഛത്തോടെ നോക്കി, പലകാര്യങ്ങളും വേണ്ടെന്നു വെയ്ക്കുന്നത് വ്യക്തിയുടെ ഔന്നത്യമായി കരുതി ജീവിച്ചു പോന്നു. എന്നാലും ചെറിയ ചെറിയ ആഗ്രഹങ്ങൾ മുടങ്ങിയത് അവരെ ബാധിച്ചുവെന്ന് തോന്നുന്നു. അവർക്ക് സന്തോഷിക്കാൻ ഉള്ള കഴിവ് നഷ്ടപ്പെട്ടുപോയിരുന്നു. ദുർബലയാവുന്നതിൽ തെറ്റില്ല എന്ന് അവർക്ക് മനസ്സിലായിട്ടില്ല. എനിക്ക് ഇത് മനസ്സിലാക്കാൻ 35 വയസ്സാവേണ്ടി വന്നപ്പോഴാണ്, മമ്മിയെ പോലെ ഒരാൾക്ക് എന്തുകൊണ്ട് ഇത് പിടികിട്ടിയില്ല എന്ന് എനിക്ക് ബോധ്യമായത് .

വർഷങ്ങൾ വീണ്ടും കഴിഞ്ഞു. മമ്മി കൂടുതൽ തീവ്രമായ തരത്തിൽ പെരുമാറാൻ തുടങ്ങി. പതിവിനു വിരുദ്ധമായി ഡാഡിയുടെ സഹോദരങ്ങളോടും ബന്ധത്തിലുള്ള ചെറിയ കുഞ്ഞുങ്ങളോട് പോലും മോശമായി പെരുമാറാൻ തുടങ്ങി. അച്ഛന്റെ അമ്മയോട് പതിവിനു വിരുദ്ധമായി ശാപവാക്കുകൾ പറഞ്ഞു. അമ്മച്ചിയുടെ സാന്നിധ്യം പോലും മമ്മിയെ അസ്വസ്ഥയാക്കി. ചിലപ്പോളൊക്കെ അമ്മച്ചിയോടു നന്നായി പെരുമാറി. വയ്യാത്ത രക്ഷിതാക്കളെ നോക്കാൻ ബിസിനസ് ഉപേക്ഷിച്ചു വന്ന അനിയത്തിയെ എല്ലാ ദിവസവും ഇറങ്ങിപ്പോകൂ എന്ന് പറഞ്ഞ് അപമാനിച്ചു. അവളുടെ കുട്ടിയോട് നിരന്തരം വഴക്കുണ്ടാക്കി. സ്റ്റോമ ബാഗ് മാറ്റി കൊടുത്തോണ്ടിരിക്കുമ്പോഴും എന്നെയും അവളെയും ചീത്തവിളിച്ചു. ഒരിക്കൽ പോലും ഡാഡിയുടെ വ്യക്തിജീവിതത്തിൽ ഇടപെടാതിരുന്ന മമ്മി വീട്ടിൽ സഹായിക്കാൻ വരുന്ന സ്ത്രീ ഡാഡിയെ വളയ്ക്കാൻ നോക്കുന്നു എന്ന് പരാതി പറഞ്ഞു. തന്റെ രണ്ടു സർജറിയിലും തന്നെ നോക്കാൻ ആശുപത്രിയിൽ വന്നത് ഇളയമകൾ ആണ് എന്ന് വിശ്വസിക്കാൻ തുടങ്ങി. അവൾ വന്നിട്ടില്ല എന്ന കാര്യം മമ്മിയെ ബോധ്യപ്പെടുത്തണ്ട എന്ന് എല്ലാരെയും ശട്ടം കെട്ടി. നാട്ടുകാരെയും അയൽവക്കക്കാരെയും അതുമിതും പറഞ്ഞു വെറുപ്പിച്ചു. ക്യാൻസർ രോഗി ആയ ആൾക്ക് കിട്ടുന്ന സഹതാപം പോലും അവർക്ക് കിട്ടിയില്ല. മണിക്കൂറുകൾ നീണ്ടുനിന്ന സംസാരത്തിനുശേഷവും മമ്മി തിരുത്താൻ തയ്യാറില്ല. ഡാഡിയെ വീട്ടിൽ നിന്ന് മാറ്റും എന്ന് ഭീഷണിപ്പെടുത്തിയാൽ മാത്രം ഒരു ഒത്തു തീർപ്പിന് തയ്യാറായി. അവരുടെ ജീവിതത്തിൽ ബോധത്തിലും അബോധത്തിലും വിലപിടിച്ചതായി ഒന്നേയുള്ളൂ, അത് അവരുടെ ഭർത്താവാണ്. ആ ബന്ധത്തിന് വേണ്ടി മാത്രമാണ് അവർ എന്തിനോടെങ്കിലും ഒത്തുതീർപ്പിന് തയ്യാറായിട്ടുള്ളൂ.

മമ്മി എനിക്ക് എക്കാലവും ഒരു ജീവിതപാഠമായിരുന്നു. ഞാൻ ഓടിയൊളിക്കാൻ ശ്രമിക്കുന്ന, കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്ന എന്റെ ജനിതകം. മമ്മിയെപ്പോലെ ആവാതിരിക്കാൻ ഉള്ള അവസാനിക്കാത്ത ശ്രമത്തിൽ ആയിരുന്നു ഞാൻ ജീവിതകാലം മുഴുവൻ. വളരെ ചെറുപ്പത്തിലേ ഭർത്താവിനോട് ഒരിക്കലും തട്ടിക്കയറില്ല എന്ന് തീരുമാനിച്ച, ശരിക്കും ആഗ്രഹിക്കാതെ പ്രസവിക്കില്ല എന്നുറപ്പിച്ച, ഉണ്ടാകുന്ന കുട്ടികൾക്ക് ഒരു വൈകാരിക അരക്ഷിതത്വവും ഇല്ലാതെ വളർത്തും എന്ന് തീർച്ചപ്പെടുത്തിയ, അവർ ആഗ്രഹിക്കുന്ന ഭക്ഷണങ്ങൾ സ്‌നേഹപൂർവ്വം ഉണ്ടാക്കി കൊടുക്കും, അലമാര നിറയെ കളിപ്പാട്ടങ്ങളും ഉടുപ്പുകളും കൊണ്ട് നിറക്കും, അവർക്കു കെട്ടിപ്പിടിച്ചുമ്മകൾ നൽകും എന്ന് സ്വപ്നം കണ്ട ഒരു ഞാൻ ഉണ്ട്. എന്റെ മുറിവുകൾ ഒന്നും അടുത്ത ഒരാളിലേയ്ക്കും പകരില്ല എന്ന് ദൃഢനിശ്ചയം ചെയ്ത ഞാൻ. അന്ന് ഞാൻ മമ്മിയുടെ വിപരീത ദിശയിൽ കഴിയുന്നതും ആഴത്തിലും വേഗത്തിലും ഓടിത്തുടങ്ങിയതാണ്. പക്ഷെ നമ്മുടെ ഈ ജനിതകം ഉണ്ടല്ലോ അതിൽ നിന്നും നമുക്ക് ഒരു കാലത്തും മോചനം ഇല്ല എന്ന് എനിക്ക് വളരെ പെട്ടെന്ന് തന്നെ ബോധ്യമായി. നടക്കുമ്പോൾ, ഇരിക്കുമ്പോൾ മുഖഭാവങ്ങളിൽ അസുഖങ്ങളിൽ എന്തിന്, കവിളിലെ മറുകിൽ പോലും ഞാൻ മമ്മിയെ ഓർമ്മിപ്പിച്ചു.

ഉള്ളിൽ തിങ്ങി വളരുന്ന വിഷാദവും അസ്വസ്ഥതയും മമ്മിയിലേയ്ക്ക് എന്നെ കൂടുതൽ അടുപ്പിച്ചു, ഒരുകാലത്ത് കട്ടിലിൽ ചുരുണ്ടു കൂടിക്കിടന്ന് ഞാൻ മമ്മിയുടെ തനിയാവർത്തനമായി. ചിലപ്പോൾ മമ്മിയെ പോലെ ഒരു അവധി എടുത്ത് ഞാൻ വീട്ടിൽ നിന്ന് മുങ്ങി ബാറ്ററി ചാർജ് ചെയ്തു തിരികെ വന്നു. മമ്മിയെപ്പോലെ ചിലപ്പോൾ എങ്കിലും ഞാൻ ഒരു ശക്തയായ സ്ത്രീയെ പോലെ ഫെയ്ക്ക് ചെയ്തു, എന്നിട്ട് ഉള്ളിൽ പൊട്ടിക്കരഞ്ഞു, ഇഷ്ടമില്ലാതെ പാചകം ചെയ്തു, വീട് നോക്കി, ഇനിയുമൊരു കുട്ടി വേണ്ടേവേണ്ട എന്ന് പറഞ്ഞു. മമ്മിയെപ്പോലെ വിദ്യാഭ്യാസം ഉണ്ടായിട്ടും സ്ഥിരവരുമാനം ഇല്ലാത്തതിന്റെ പേരിൽ ബന്ധുക്കൾ എന്നെക്കുറിച്ചു പറഞ്ഞു ചിരിച്ചു. ദീർഘകാലം ഞാൻ നടത്തിയ പൊതുപ്രവർത്തനവും ഇടപെടലും എല്ലാവരും മറന്നു കളഞ്ഞു, ചരിത്രത്തിൽ ഞാൻ ഇല്ലാതാവുകയോ മുറിച്ചു മാറ്റപ്പെടുകയോ ചെയ്യപ്പെട്ടു. കടുത്ത നിരാശ എന്നെയും ഗ്രസിക്കാൻ തുടങ്ങി. അപ്പോഴും എന്റെ കുടുംബത്തെ ഞാൻ പൊന്നു പോലെ സംരക്ഷിച്ചു. കുഞ്ഞുണ്ണിയ്ക്ക് സങ്കടമൊന്നും ഇല്ല എന്നുറപ്പ് വരുത്തി. എന്റെ ജീവിതത്തിലെ ആൺകോയ്മയെ അഡ്രസ്സ് ചെയ്യാൻ മടിച്ചു, അതിൽ ഉള്ളിൽ കുറ്റബോധം സൂക്ഷിച്ചു. മമ്മിയുടെ സ്വഭാവം ആണ് നിനക്ക് എന്ന ഒറ്റവാക്കിൽ എന്നെ നിഷ്പ്രഭമാക്കാൻ പ്രിയപ്പെട്ടവർക്ക് സാധിച്ചു.

കാലവും ദേശവും സന്ദർഭവും ഒക്കെ മാറിയെങ്കിലും ഞങ്ങളുടെ ജീവിതത്തിലെ സമാനതകൾ എന്നെ ഭയപ്പെടുത്തി. ആദ്യമായി ഞാൻ എന്നിലൂടെ മമ്മിയെ നോക്കാൻ തുടങ്ങി. ഒരു ഫെമിനിസ്റ്റ് മകൾക്ക് സാധ്യമാകുന്ന വീക്ഷണകോണിലൂടെ, എന്റെ ചിന്തയിലൂടെയൊക്കെ അവരിലേയ്ക്ക് ഞാൻ തിരിഞ്ഞുനടന്നു തുടങ്ങി. അതുവരെ മനസ്സിലാക്കിയതിൽ നിന്ന് വ്യത്യസ്തമായി അവരുടെ ഓരോ പെരുമാറ്റത്തെയും നിലപാടുകളെയും ഞാൻ ആദ്യം മുതൽ എന്ന വണ്ണം പുനസന്ദർശനം നടത്തി. പൊടുന്നനെ ഒരു വെളിപാട് എനിക്ക് ഉണ്ടായി, അവരുടെ മനസികനിലയ്ക്ക് എന്തോ പ്രശ്‌നം ഉണ്ട്. അഹങ്കാരവും പകയും നിഷേധവുമൊക്കെയായി മനസിലാക്കിയ മമ്മിയുടെ സ്വഭാവരീതികളെ സാമൂഹ്യവും സാംസ്‌കാരികവുമായ അധികാരവ്യവസ്ഥയെയും ശക്തിബന്ധങ്ങളെയും മുൻനിർത്തി പുതുതായി മനസിലാക്കാൻ ശ്രമിച്ചു. മമ്മിയോടു കൂടുതൽ എനിക്ക് അടുക്കാൻ കഴിഞ്ഞു. അവരെ സൃഷ്ടിച്ച ബാഹ്യവും ആന്തരികവുമായ സ്വാധീനങ്ങളെ കണ്ടെത്താൻ ശ്രമിച്ചു. ഒന്നെനിക്ക് ഉറപ്പായിരുന്നു, അവർക്ക് ഒരു ഹെൽപ്പ് ആവശ്യമാണ്, എനിക്കും. ഞാൻ മരുന്നെടുത്ത് തുടങ്ങി. പതുക്കെ എനിക്കും സ്വാസ്ഥ്യം കൈവന്നു തുടങ്ങി. നീണ്ട അഞ്ചു വർഷത്തെ ശ്രമകരമായ നിർബന്ധങ്ങളുടെ ഭാഗമായി മമ്മിയെ ഒരു മാനസികരോഗ വിദഗ്ദനെ കാണിച്ചു. പിന്നെയും വർഷങ്ങൾക്ക് ശേഷം അവർ ചെറിയ രീതിയിൽ മരുന്നെടുക്കാൻ തുടങ്ങി. ദീർഘകാലമായി അവർക്ക് വിഷാദവും ബൈപോളാറും ഉണ്ടെന്നു കണ്ടെത്തി.
സ്വാതന്ത്ര്യബോധമുള്ള വ്യക്തികളിൽ കാണുന്ന സ്വഭാവങ്ങളെ അഹങ്കാരമായി കാണുന്നത് സമൂഹത്തിന്റെ പ്രശ്‌നം കൂടിയാണല്ലോ. ഇന്നാണെങ്കിൽ മമ്മിയ്ക്ക് വിവാഹം എന്ന സ്ഥാപനത്തിന്റെ ഭാഗമാകാതെ ജീവിക്കാമായിരുന്നു, കുറച്ചുകൂടി മെച്ചപ്പെട്ട മെന്റൽ ഹെല്പ് കിട്ടിയേനെ. തന്റെ തലമുറയുടെ വിശ്വാസമൂല്യങ്ങൾക്ക് ഒരുപാട് മുന്നിൽ ആയിരുന്നു അവരുടെ കാഴ്ചപ്പാട്. സാമ്പത്തികവും സാമുദായികവും ആയ വിഭവങ്ങളുടെ അഭാവം കൂടിയാണ് അവരെ ഇങ്ങനെ പരാജയപ്പെട്ടവൾ ആക്കിയത്. ഈ യാത്രയിൽ എനിക്ക് ഒന്ന് കൂടി മനസ്സിലായി എന്റെ രാഷ്ട്രീയവ്യക്തിത്വവും ഫെമിനിസ്റ്റ് രാഷ്ട്രീയവും തൻപോരിമയും ഞാൻ പിൻപറ്റുന്നത് രാഷ്ട്രീയ ചരിത്രമുള്ള അച്ഛൻ പാരമ്പര്യത്തിൽ നിന്ന് മാത്രമല്ല മമ്മിയുടെ തുടർച്ച കൂടിയാണ് അത്. അവർ പരാജയപ്പെട്ടിടത്ത് നിന്നാണ് ഞാൻ ജയിച്ചു തുടങ്ങിയത്. അവർ പറയാൻ ശ്രമിച്ച ഭാഷയെ ഞാൻ ഒന്ന് പരിഷ്‌കരിച്ചതേ ഉള്ളൂ. കുറ്റബോധമില്ലാതെ ആനന്ദിക്കാൻ അതെനിക്ക് ധൈര്യം തരുന്നു.

മമ്മിയ്ക്ക് ഡിമൻഷ്യ സ്ഥിരീകരിക്കുന്നു. വൈകുന്നേരത്തിന്റെ മേൽ രാത്രി പൊട്ടി വീഴുന്ന പോലെ മമ്മിയുടെ ബോധത്തിന് മേൽ മറവി വന്നു വീണു. ആളുകളെയും വസ്തുക്കളെയും മറന്നുതുടങ്ങി, ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാൻ മടിച്ചിരുന്ന മമ്മി ഇപ്പോൾ ബിരിയാണി വേണം എന്ന് ബഹളം വെച്ച് വാങ്ങിക്കഴിക്കുന്നു. മനസിൽ പന്ത്രണ്ടു വയസുള്ള ഇളയമകൾ സ്‌കൂൾ വിട്ടു വന്നില്ലല്ലോ എന്ന് ആധികയറുന്നു. ഭക്ഷണം കഴിച്ചത് മറന്നുപോയിട്ട് വീണ്ടും വീണ്ടും കഴിക്കുന്നു. രാത്രിയും പകലും മാറിപ്പോകുന്നു, വീട് ആശുപത്രി എന്ന് കരുതുന്നു. വീട് വെച്ച കാര്യം പറയാത്തതിന് ഡാഡിയോട് പരിഭവിക്കുന്നു. നടക്കുമ്പോൾ ബലമില്ലാതെ വീഴുന്നു. രാവിലെ മൂത്രത്തിൽ കുളിച്ച് എഴുന്നേൽക്കുന്നു. കുളിക്കാൻ സഹായിക്കുന്ന ഞങ്ങളെ കവിളിൽ തൊടുന്നു.

ഞങ്ങളെ കെട്ടിപ്പിടിക്കുന്നു. അവരുടെ മുഖത്ത് പഴയ വാശിയോ നിരാശയോ ഇല്ല. വ്യവഛേദിച്ചറിയാൻ കഴിയാത്ത ഒരു ഭാവത്തോടെ ഞങ്ങളെ നോക്കുന്നു. പഴയകാലത്ത് എന്ന പോലെ സ്വന്തം അമ്മയെ കാണാൻ പോകണം എന്ന് പറയുന്നു. സ്റ്റോമബാഗ് മാനേജ് ചെയ്യാൻ കഴിയാതെ ദേഹമാകെ മലം പുരളുന്നു. ഒരു വാശിയും വിഷാദവും പകയുമൊന്നുമില്ലാതെ ഒരു കുട്ടിയെപ്പോലെ ശാന്തയാണ് അവരിപ്പോൾ. കുറച്ചു വർഷം മുൻപേ അവരെ അറിയാൻ കഴിയാത്തതിൽ അകം പൊള്ളി ഞാൻ ഇരിക്കുന്നു, എങ്കിലും അവരെ ഇപ്പോഴെങ്കിലും മനസിലാക്കാൻ കഴിയുന്ന എന്റെ ഫെമിനിസ്റ്റ് ബോധ്യങ്ങളെ ഓർത്തു സമാധാനിക്കുന്നു. തിരുത്തൽ സാധ്യമല്ലാതെ ഞങ്ങളെ തോൽപ്പിച്ചു കൊണ്ടിരിക്കുന്ന വിധിയോട് കരുണ തേടുന്നു.
പതറാതെ തലയുയർത്തി നടന്ന അവരുടെ പകലുകൾ തീർന്നു. അവർ അസ്തമിക്കുകയാണ്


Summary: അസാധാരണമായ ഒരു എഴുത്താണിത്. മകൾ തന്റെ അമ്മയെക്കുറിച്ച് എഴുതിയത്. ഒരു പെൺകുട്ടിയുടെ സ്ത്രീയായുള്ള പരിണാമത്തിൽ അമ്മ എന്ന ജൈവിക സാന്നിധ്യം നടത്തിയ ഇടപെടലിനെക്കുറിച്ചാണ് രേഖാ രാജ് എഴുതുന്നത്. അത് പലപ്പോഴും വായനക്കാരെ നടുക്കുന്നുണ്ട്. സംഘർഷത്തിലാക്കുന്നുണ്ട്. കേരളത്തിന്റെ ബൗദ്ധിക പൊതുമണ്ഡലത്തിൽ സക്രിയമായ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന, സ്ഥൈര്യവും ബലവുമുള്ള വ്യക്തിത്വം എന്ന് സ്ഥാപിച്ചു കഴിഞ്ഞിട്ടുള്ള ഒരു സ്ത്രീയുടെ ഭൂതകാലമാണിത്. പരസ്പരമുള്ള മനസ്സിലാക്കലിനൊടുവിൽ അമ്മയുടെ ഓർമകൾക്ക് മകൾ വാക്കുകൾ നൽകുകയാണ്.


Comments