വനിതാ മുഖ്യമന്ത്രി ചർച്ചകൾക്കിടയിൽ ഗൗരിയമ്മയെ ഓർക്കുമ്പോൾ…

“ഗൗരിയമ്മയ്ക്ക് ശേഷം സുശീല ഗോപാലനേയും പി.കെ. ശ്രീമതിയേയും കെ.കെ ഷൈലജയെയും പോലെ സമർത്ഥരായ വനിതകൾ ഇടതുപക്ഷ പ്രസ്ഥാനത്തിൽ ഉണ്ടായിട്ടും എന്തുകൊണ്ട് കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായില്ല എന്ന ചോദ്യം പ്രസക്തമാണ്. യു.ഡി.എഫ് നേതൃത്വത്തിൽ അധികാരത്തിലെത്തുന്ന നിലവിലെ സർക്കാരിന്റെ നീണ്ട മുഖ്യമന്ത്രി ചർച്ചകളിൽ ഒരിടത്ത് പോലും ഒരു സ്ത്രീയുടെ പേര് കേട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.” ഗൗരിയമ്മയുടെ ഓർമ്മദിനത്തിൽ അനർഘ ഇന്ദിര എഴുതുന്നു.

"കേരം തിങ്ങും കേരള നാട്ടിൽ കെ.ആർ. ഗൗരി ഭരിച്ചീടും…"

1987-ലെ നിയമസഭാ ഇലക്ഷനിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉയർത്തിക്കാട്ടിയ മുദ്രാവാക്യമായിരുന്നു ഇത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നാൽ കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകും എന്ന വാഗ്ദാനം കൂടിയായിരുന്നു ഇതിന് പിന്നിൽ. തിരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്നു. എന്നാൽ കേരം തിങ്ങും കേരള നാട്ടിൽ കെ. ആർ. ഗൗരി മുഖ്യമന്ത്രി ആയില്ല. പാർട്ടി നേതൃത്വത്തിന്റെ തീരുമാനപ്രകാരം 1987-ൽ ഇ. കെ. നായനാർ മുഖ്യമന്ത്രി ആയി. ശേഷം മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രിയെ ലഭിച്ചിട്ടില്ല. യോഗ്യരായ വനിതകൾ ഇല്ലാത്തതല്ല ഇതിന് കാരണം. ഗൗരിയമ്മയ്ക്ക് ശേഷം സുശീല ഗോപാലനേയും പി.കെ. ശ്രീമതിയേയും കെ.കെ ഷൈലജയെയും പോലെ സമർത്ഥരായ വനിതകൾ ഇടതുപക്ഷ പ്രസ്ഥാനത്തിൽ ഉണ്ടായിട്ടും എന്തുകൊണ്ട് കേരളത്തിന് ഒരു വനിത മുഖ്യമന്ത്രി ഉണ്ടായില്ല എന്ന ചോദ്യം പ്രസക്തമാണ്. യു.ഡി.എഫ് നേതൃത്വത്തിൽ അധികാരത്തിലെത്തുന്ന നിലവിലെ സർക്കാരിന്റെ നീണ്ട മുഖ്യമന്ത്രി ചർച്ചകളിൽ ഒരിടത്ത് പോലും ഒരു സ്ത്രീയുടെ പേര് കേട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

കെ. ആർ. ഗൗരിയമ്മ: ഒരു നൂറ്റാണ്ടിന്റെ പോരാട്ടം

തിരുവിതാംകൂറിലെ സാമൂഹിക പ്രവർത്തകനും പ്രതാപശാലിയുമായിരുന്ന കളത്തിപ്പറമ്പിൽ രാമൻ, ഒരിക്കൽ ഈഴവ സമുദായത്തിൽ നിന്ന് ആദ്യം ബി.എ പാസ്സായ ഗൗരിയമ്മയെ കാണാൻ ചേർത്തലയിൽ നിന്ന് ചിറ്റൂരിലേക്ക് പോയി. വിദ്യാസമ്പന്നയായ ഒരു സ്ത്രീയുടെ ജീവിതവും ചുറ്റുപാടുകളും കണ്ട് മടങ്ങിയ രാമൻ, തനിക്ക് ആദ്യം ജനിച്ച പെൺകുട്ടിക്ക് ഗൗരി എന്ന് പേരിട്ടു. പഠനത്തിൽ മിടുക്കിയായ ഗൗരിക്ക് ആ പിതാവ് മികച്ച വിദ്യാഭ്യാസം നൽകി. പിതാവിന്റെ ആഗ്രഹം പോലെ തന്നെ അവർ ഈഴവ സമുദായത്തിൽ നിന്ന് തിരുവിതാംകൂറിലെ ആദ്യ അഭിഭാഷകയായി. പിന്നീട് 1957 ലെ കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ വനിതാ മന്ത്രിയായി. കേരളത്തിലെ കർഷകരുടെ ജീവിതം മാറ്റി മറിച്ച കർഷക ബില്ലും ഭൂപരിഷ്കരണ നിയമവും പ്രാബല്യത്തിൽ വരുത്തി. അരനൂറ്റാണ്ടിലേറെ പ്രസ്ഥാനത്തിന് വേണ്ടി പോരാടി വിജയം നേടിയ, കേരളരാഷ്ട്രീയത്തിലെ ഉരുക്കുവനിതയായ കെ.ആർ. ഗൗരിയമ്മയുടെ ഒരു നൂറ്റാണ്ടിലേറെയുള്ള യാത്ര അവസാനിച്ചിട്ട് ഇന്നേക്ക് അഞ്ച് വർഷം.

അരനൂറ്റാണ്ടിലേറെ പ്രസ്ഥാനത്തിന് വേണ്ടി പോരാടി വിജയം നേടിയ, കേരളരാഷ്ട്രീയത്തിലെ ഉരുക്കുവനിതയായ കെ.ആർ. ഗൗരിയമ്മയുടെ ഒരു നൂറ്റാണ്ടിലേറെയുള്ള യാത്ര അവസാനിച്ചിട്ട് ഇന്നേക്ക് അഞ്ച് വർഷം.
അരനൂറ്റാണ്ടിലേറെ പ്രസ്ഥാനത്തിന് വേണ്ടി പോരാടി വിജയം നേടിയ, കേരളരാഷ്ട്രീയത്തിലെ ഉരുക്കുവനിതയായ കെ.ആർ. ഗൗരിയമ്മയുടെ ഒരു നൂറ്റാണ്ടിലേറെയുള്ള യാത്ര അവസാനിച്ചിട്ട് ഇന്നേക്ക് അഞ്ച് വർഷം.

1919 ജൂലൈ 14-ന് ആലപ്പുഴ കളത്തിപ്പറമ്പിൽ തറവാട്ടിൽ, കളത്തിപ്പറമ്പിൽ രാമന്റെയും പാർവതിയമ്മയുടെയും പത്തുമക്കളിൽ ഏഴാമത്തെ കുട്ടിയായാണ് ഗൗരിയമ്മയുടെ ജനനം. അച്ഛൻ രാമൻ ചേർത്തലയിലെ കർഷകനും തിരുവിതാംകൂറിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകനുമായിരുന്നു. ഈഴവ സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തിയ മനുഷ്യൻ. സ്ത്രീകൾ പഠിക്കണം, തൊഴിൽ നേടണം എന്ന് ഉറച്ച തീരുമാനം എടുത്ത അപൂർവം അച്ഛന്മാരിൽ ഒരാൾ. പഠിക്കാൻ മിടുക്കരായ പിന്നാക്ക സമുദായത്തിലെ അനേകം കുട്ടികളെയും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. തൊഴിലാളികളോടും കർഷകരോടും അദ്ദേഹം കാരുണ്യത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളു. അത് കണ്ട് വളർന്നതിനാൽ കർഷകരോടും തൊഴിലാളി വർഗ്ഗത്തോടും ഗൗരിയമ്മയ്ക്ക് പ്രത്യേക അനുഭാവമുണ്ടായിരുന്നു.

ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലൂടെയാണ് കെ.ആർ. ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. സഹോദരൻ കെ.ആർ. സുരേന്ദ്രനാണ് ആദ്യം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിച്ചത്. സഹോദരന്റെ പ്രചോദനത്തിലാണ് ഗൗരിയമ്മ 1948-ൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്നു വരുന്നത്. ഈ കാലയളവിൽ, ആലപ്പുഴയിലെ കയർ തൊഴിലാളികൾക്കിടയിൽ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ അവർ തുടങ്ങിയിരുന്നു. 1948-ലെ തിരുവിതാംകൂർ നിയമസഭാ തിരഞ്ഞെടുപ്പിൽ ചേർത്തല നിയോജകമണ്ഡലത്തിൽ നിന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

1952-ലും 1954-ലും തിരുവിതാംകൂർ-കൊച്ചി നിയമസഭയിലേക്ക് ഗൗരിയമ്മ തിരഞ്ഞെടുക്കപ്പെട്ടു. 1957-ൽ കേരള നിയമസഭയിലേക്ക് ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ ചേർത്തലയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഇ.എം.എസ് മുഖ്യമന്ത്രിയായ കേരളത്തിലെ ആദ്യ മന്ത്രിസഭയിൽ റവന്യൂ, എക്സൈസ്, ദേവസ്വം വകുപ്പുകളുടെ മന്ത്രിയായി. അതേ വർഷം തന്നെയായിരുന്നു തൊഴിൽ മന്ത്രി ടി.വി.തോമസുമായുള്ള വിവാഹം.

1964-ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഗൗരിയമ്മ സിപിഎമ്മിലും ടി.വി തോമസ് സി.പി.ഐയിലുമായി. പ്രസ്ഥാനം പിരിഞ്ഞപ്പോൾ ഇരു ചേരിയിലുമായി പിരിഞ്ഞ ഇരുവരും ജീവിതത്തിലും വേർപിരിഞ്ഞു. 1967ലെ രണ്ടാം ഇ.എം.എസ് മന്ത്രിസഭയിലും 1980 ലെ ഒന്നാം നായനാർ മന്ത്രിസഭയിലും 1987ലെ മന്ത്രിസഭയിലും ഗൗരിയമ്മ മന്ത്രിസ്ഥാനം വഹിച്ചു. 1994 ജനുവരിയിൽ അച്ചടക്കലംഘനത്തിന്റെ പേരിൽ ഗൗരിയമ്മയെ സി.പി.എമ്മിൽ നിന്നും പുറത്താക്കി. തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) എന്ന പാർട്ടിയുണ്ടാക്കി അതിൻെറ പ്രഥമ ജനറൽ സെക്രട്ടറിയായി. 1996-ലും 2001-ലും യു.ഡി.എഫിനൊപ്പം നിന്ന് അരൂരിൽ നിന്ന് നിയമസഭയിലെത്തിയ ഗൗരിയമ്മ ആന്റണി മന്ത്രിസഭയിലും ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും അംഗമായി. 2006-ലെ തെരഞ്ഞെടുപ്പിൽ അരൂരിൽ മത്സരിച്ച് പരാജയപ്പെട്ടു. 2011-ലും തോൽവി ആവർത്തിച്ചു. ഇതോടെ ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതം ഏതാണ്ട് അവസാനിച്ചു.

1967ലെ രണ്ടാം ഇ.എം.എസ് മന്ത്രിസഭയിലും 1980 ലെ ഒന്നാം നായനാർ മന്ത്രിസഭയിലും 1987ലെ  മന്ത്രിസഭയിലും ഗൗരിയമ്മ മന്ത്രിസ്ഥാനം വഹിച്ചു.
1967ലെ രണ്ടാം ഇ.എം.എസ് മന്ത്രിസഭയിലും 1980 ലെ ഒന്നാം നായനാർ മന്ത്രിസഭയിലും 1987ലെ മന്ത്രിസഭയിലും ഗൗരിയമ്മ മന്ത്രിസ്ഥാനം വഹിച്ചു.

അരനൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിന്റെ മുഖമായിരുന്ന ഗൗരിയമ്മ പല മന്ത്രിസഭകളിലായി ആറ് തവണയാണ് മന്ത്രി സ്ഥാനം വഹിച്ചിട്ടുള്ളത്. കേരളത്തിൽ ഏറ്റവും കൂടുതൽ തവണ എം.എൽ.എ ആയിരുന്ന വനിതയും ഗൗരിയമ്മ ആയിരുന്നു. ആദ്യ മന്ത്രിസഭയിൽ, മന്ത്രിയായി ആറാം ദിവസം അവർ കൊണ്ടുവന്ന കുടിയൊഴിക്കൽ നിരോധന ഓർഡിനൻസിലൂടെ 28 ലക്ഷം കർഷക കുടുംബങ്ങൾക്കാണ് സ്വന്തം ഭൂമി എന്ന അവകാശം നേടിക്കൊടുത്തത്. അഴിമതി നിരോധന നിയമം ആദ്യമായി നിയമസഭയിൽ കൊണ്ട് വരുന്നതും ഗൗരിയമ്മയാണ്. വെളുപ്പിന് നാല് മണിവരെ നിയമസഭ കൂടിയാണ് ബിൽ പാസാക്കുന്നത്. വനിതാ കമ്മീഷൻ എന്ന ആശയം യാഥാർഥ്യമാക്കിയതിലും ഗൗരിയമ്മയുടെ പങ്ക് വളരെ വലുതാണ്.

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വിഭാഗീയതയുടെ ഇരയാണ് കെ.ആർ. ഗൗരിയമ്മ. പ്രസ്ഥാനത്തിന് വേണ്ടി സ്വന്തം ജീവിതം തന്നെ അവർക്ക് സമർപ്പിക്കേണ്ടി വന്നു. പാർട്ടി പിളർപ്പിനെ തുടർന്നാണ് ഗൗരിയമ്മയ്ക്ക് ടി.വി തോമസുമായുള്ള വിവാഹബന്ധം വേർപെടുത്തേണ്ടി വന്നത്. പിൻകാലത്ത് 1987-ൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി കൊണ്ട് വന്നിട്ടും പിൻതള്ളപ്പെടുകയായിരുന്നു. ഇക്കാലമത്രയും പ്രവർത്തിച്ച പ്രസ്ഥാനത്തിൽ നിന്ന് പുറത്താക്കിയത് പോലും ഒരുതരം പ്രതികാര നടപടി തന്നെയായിരുന്നു. എന്നാൽ അവിടെയും ഗൗരിയമ്മ തളർന്നില്ല. തനിക്കൊപ്പം നിന്നവരെ കൂട്ടി അവർ ജനാധിപത്യ സംരക്ഷണ സമിതി രൂപകരിച്ച് കോൺഗ്രസ്സുമായി ചേർന്ന് ഇടതു പക്ഷത്തിനെതിരെ മത്സരിച്ച് മന്ത്രിയായി, തന്നെ തോൽപ്പിക്കാൻ ശ്രമിച്ചവർക്ക് മറുപടി നൽകി.

കേരളരാഷ്ട്രീയത്തിൽ ഗൗരിയമ്മ വെറുമൊരു പേരല്ല, മറിച്ച്, പ്രതിസന്ധികളിൽ നിന്നും കരുത്താർജ്ജിച്ച് പൊരുതി വിജയിച്ച വിപ്ലവ നക്ഷത്രമാണ്.

“ലാത്തിക്ക് ബീജമുണ്ടായിരുന്നു എങ്കിൽ, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാൻ പ്രസവിക്കുമായിരുന്നു” എന്ന ഗൗരിയമ്മയുടെ വാക്കുകൾ കേരള സമൂഹം അത്രയും വിങ്ങലോടെയാണ് കേട്ടത്. അടിയന്തരാവസ്ഥാ കാലത്ത് പ്രസ്ഥാനത്തിന് വേണ്ടി ഗൗരിയമ്മ ഏറ്റുവാങ്ങിയ പീഡനങ്ങൾ ചെറുതല്ല. രാഷ്ട്രീയം ജീവിതമാക്കിയ, ജീവിതം രാഷ്ട്രീയമാക്കിയ ഗൗരിയമ്മ എന്ന പോരാളിക്കായി മരണശേഷം എന്താണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ചെയ്തത്? ചാത്തനാട്ടുള്ള ഗൗരിയമ്മയുടെ വീട്ടിൽ, സാംസ്കാരിക വകുപ്പിന്റെ കീഴിൽ ഗൗരിയമ്മ സ്മാരക പഠനഗവേഷണ കേന്ദ്രം ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതുവരെ അതിന് വേണ്ട നടപടികളൊന്നും സർക്കാർ പൂർത്തിയാക്കിയിട്ടില്ല. വരും തലമുറ അഭിമാനത്തോടെ വായിച്ചറിയേണ്ട വലിയൊരു ചരിത്ര പുസ്തകമായ ഗൗരിയമ്മയെ, രാഷ്ട്രീയത്തിലെന്ന പോലെ മരണത്തിലും തോൽപ്പിക്കുവാൻ ശ്രമിക്കുകയാണോ?

“ലാത്തിക്ക് ബീജമുണ്ടായിരുന്നു എങ്കിൽ, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാൻ പ്രസവിക്കുമായിരുന്നു”  എന്ന ഗൗരിയമ്മയുടെ വാക്കുകൾ കേരള സമൂഹം അത്രയും വിങ്ങലോടെയാണ് കേട്ടത്.
“ലാത്തിക്ക് ബീജമുണ്ടായിരുന്നു എങ്കിൽ, ഒരായിരം ലാത്തി കുഞ്ഞുങ്ങളെ ഞാൻ പ്രസവിക്കുമായിരുന്നു” എന്ന ഗൗരിയമ്മയുടെ വാക്കുകൾ കേരള സമൂഹം അത്രയും വിങ്ങലോടെയാണ് കേട്ടത്.

പാർട്ടികൾ പിളരും, മുന്നണികൾ മാറും നേതാക്കൾ വരും പോകും പക്ഷേ ഗൗരിയമ്മ എന്ന പേരിന്, ഗൗരിസം എന്ന നിലപാടിന് മരണമില്ല. അധികാരത്തിന് നേരെ, അനീതിക്ക് നേരെ, അടിച്ചമർത്തലിന് നേരെ ഗൗരിയമ്മ ഉയർത്തിയ ശബ്ദം ഇനി എത്ര കാലം കഴിഞ്ഞാലും കേരള മണ്ണിൽ നിലനിൽക്കുക തന്നെ ചെയ്യും. തളരാത്ത ഗൗരിക്ക് മരണമില്ല. കരയാത്ത ഗൗരിക്ക് തോൽവിയുമില്ല…

Comments