മരണമില്ലാത്ത ലെനിൻ പൂജ,
മമ്മിയാക്കപ്പെട്ട ലെനിൻ ചിന്ത

ഒരു നൂറ്റാണ്ടായി ലെനിനെ ആദരിച്ചവരെല്ലാം യഥാർഥത്തിൽ അദ്ദേഹത്തെ അവഗണിക്കുകയായിരുന്നുവെന്ന് താരിഖ് അലി എഴുതിയിട്ടുണ്ട്. പാർട്ടിയും ഭരണകൂടവും നേരിടുന്ന അപചയത്തെ ദീർഘദർശനം ചെയ്ത ലെനിന്റെ ഐഡിയോളജിയെയും ഓർമകളെയും പിന്നീടുള്ള കാലവും ലോകവും എങ്ങനെയാണ് കൈകാര്യം ​ചെയ്തത് എന്ന് വിശദമാക്കുകയാണ്, എ.എം. ഷിനാസ്

മുൻ സോവിയറ്റ് റിപ്പബ്ലിക്കായിരുന്ന ആർമേനിയയുടെ തലസ്ഥാനമായ യെരവാനിലായിരുന്നു റഷ്യൻ ഭാഷാപഠനവും തുടർന്നുള്ള മെഡിസിൻ വിദ്യാഭ്യാസവും. ഞങ്ങൾ, ഇന്ത്യൻ വിദ്യാർഥികൾ പല ദിവസങ്ങളിലും യെരവാൻ നഗരമധ്യത്തിലുള്ള 'ലെനിൻസ്‌ക്കി പ്ലോഷജ് (ലെനിൻ ചത്വരം) എന്ന സാമാന്യം വിശാലവും സംഗീതത്തിന്റെ ആരോഹണാവഹരോഹണങ്ങൾക്കനുസൃതമായി സംവിധാനം ചെയ്തതുമായ, വർണ്ണാഭമായ ജലധാരകമുള്ള ചതുരത്തിൽ വൈകുന്നേരം പോകാറുണ്ടായിരുന്നു. ചതുരത്തിന്റെ ഒരു വശത്ത്, ജലധാരക്കഭിമുഖം ഒരു കൂറ്റൻ ലെനിൻ പ്രതിമയുണ്ട്. അതിനു മുകളിൽ റഷ്യൻ ഭാഷയിലും അർമീനിയൻ ഭാഷയിലും വലിയ അക്ഷരത്തിൽ എഴുതിവെച്ച ഒരു ബോർഡുണ്ടായിരുന്നു. റഷ്യൻ ഭാഷ വഴങ്ങിത്തുടങ്ങിയപ്പോൾ അതിലെഴുതിയ 'ശാശ്വത സത്യം' വെളിപ്പെട്ടു: ' lenin lived, lenin lives, lenin will live' എന്നായിരുന്നു അത്. ഇത്തരം ലെനിൻ ചതുരങ്ങളും ലെനിൻ പ്രതിമകളും എല്ലാ സോവിയറ്റ് റിപ്പബ്ലിക്കുകളിലും ഉണ്ടായിരുന്നു.

ആർമേനിയയിലെ വളരെ പ്രശസ്തനായ ആന്റി എസ്റ്റാബ്ലിഷ്‌മെന്റ് കവിയായ ഹൊവാന്നിസ് ഷിറാസിന്റെ മകൻ സിപാൻ ഷിറാസിനെ ഞാൻ പരിചയപ്പെടുന്നത് 'കീനോ മോസ്‌കവ' എന്ന സിനിമ തിയേറ്ററിനടുത്തുള്ള ' കോഫി കം ബാറി' ൽവെച്ചാണ്. പരിചയം പൊടുന്നനെ നല്ല സുഹൃദ്ബന്ധമായി മാറി. സിപാൻ കവിയും ചിത്രകാരനും ശില്പിയുമായിരുന്നു. 1997-ൽ, 29-ാം വയസ്സിൽ മരിച്ച സിപാൻ ആർമേനിയയിലെ റേഡിയോ നിലയത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. സോവിയറ്റ് എസ്റ്റാബ്ലിഷ്‌മെന്റിനും സോവിയറ്റ് യൂനിയനിലെ- പ്രത്യേകിച്ച് ബ്രഷ്‌നേവ് കാലഘട്ടത്തിലെ- അഴിമതിക്കുമെതിരെ നിർഭയമായ നിലപാടെടുത്ത തന്റെ അച്ഛൻ ഷിറാസിനെപ്പറ്റിയുള്ള അതീവ കൗതുകകരമായ കാര്യങ്ങൾ, വോഡ്ക നൽകുന്ന ലാഘവച്ചിരിയോടെ സിപാൻ പറയാറുണ്ടായിരുന്നു.

മോസ്കോയിലെ ലെനിൻ ചത്വരം

1970-കളുടെ മധ്യത്തിലാണ് ഷിറാസിന് 'ഓർഡർ ഓഫ് ലെനിൻ' പുരസ്‌കാരം ലഭിക്കുന്നത്. പുരസ്‌കാരവാർത്ത ഷിറാസിനെ ആദ്യമറിയിച്ച ഒരു നിരൂപകനോട് കവി ചോദിച്ചത്; 'സോവിയറ്റ് സർക്കാർ എന്നിൽ നിന്ന് തിരിച്ചെന്താണ് പ്രതീക്ഷിക്കുന്നത്? എന്റെ നിശ്ശബ്ദതയോ?' എന്നാണ്
ഏതാണ്ട് ആ പതിറ്റാണ്ടിന്റെ ഒടുവിൽ ലെനിൻ ചതുരത്തിലുള്ള വിപ്ലവനായകന്റെ പ്രതിമയുടെ താഴത്ത് പരസ്യമായി മൂത്രമൊഴിച്ചതിന് ഷിറാസിനെ പോലീസ് പിടിച്ചിരുന്നു. ആർമേനിയയിൽ ഷിറാസിന് അത്രമേൽ ജനസമ്മതിയുണ്ടായിരുന്നതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനാവാതെ പോലീസ് കുഴങ്ങി. ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശത്തെ തുടർന്ന് പോലീസ് അദ്ദേഹത്തെ യെരവാൻ നഗരത്തിന്റെ കിഴക്കുഭാഗത്തുള്ള കോമിത്താസ് പ്രദേശത്തെ ഫ്ലാറ്റിൽ കൊണ്ടാക്കുകയാണ് ചെയ്തത്.

‘‘എല്ലാ ഭൂഖണ്ഡങ്ങളിലും ലെനിന്റെ ആളുകൾ എന്നവകാശപ്പെട്ടവർ ഉപകരണാത്മകമായ ലക്ഷ്യങ്ങൾക്കായി അദ്ദേഹത്തെ ദുർവ്യാഖ്യാനിക്കുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്തു. ലെനിൻപൂജ ലെനിൻചിന്തക്ക് നാശമാണുണ്ടാക്കിയത്.’’

ശൈത്യ അവധിക്കാലം, ഡിസംബർ അന്ത്യത്തിൽ തുടങ്ങി ജനുവരി മധ്യം വരെയാണ്. അതിശൈത്യം നട്ടെല്ലിനെപ്പോലും നക്കിത്തുടയ്ക്കുന്ന കാലമാണത്. 1990- ലെ ആ അവധിക്കാലം തുടങ്ങിയപ്പോഴാണ് എന്റെ സഹമുറിയനായ ചണ്ഡീഗഡ് സ്വദേശി അമൻ കാൽറദറു ഒരു നിർദ്ദേശം മുന്നോട്ടുവെച്ചത്. (അമൻ ഇപ്പോൾ ബോസ്റ്റൺ യൂനിവേഴ്‌സിറ്റി സ്കൂൾ ഓഫ് മെഡിസിനിൽ അധ്യാപകനാണ്). മോസ്‌കോയിൽ ഒരു പത്തുദിവസം കറങ്ങിവന്നാലോ? അങ്ങനെ ജനുവരി ആദ്യം ഞങ്ങൾ നാലുപേർ ഫ്ലൈറ്റിൽ മോസ്കോയിലേക്ക് പുറപ്പെട്ടു. അന്ന് 45 റൂബിളാണ് ടിക്കറ്റിന്. ഞങ്ങൾക്ക് പ്രതിമാസം 110 റൂബിൾ സ്റ്റൈപ്പൻസ് കിട്ടുന്നുണ്ടായിരുന്നു. മോസ്‌ക്കോയിലെ വ്‌നൂക്കവ വിമാനാത്താവളത്തിൽ സന്ധ്യയ്ക്കാണെത്തിയത്. ഹോട്ടലിൽ മുറിയെടുക്കാൻ പണമില്ല. എയർപോർട്ടിൽ തന്നെ ഫ്ലാറ്റ് ദിവസവാടകയ്ക്ക് നൽകുന്നവർ ഞങ്ങളെ സമീപിച്ചു. നഗരമധ്യത്തിൽ തന്നെയുള്ള, കൊളമെൻസ്‌കയ മെട്രോ സ്‌റ്റേഷനടത്തുള്ള ഒരു ചെറിയ ഫ്ലാറ്റിൽ അങ്ങനെ ആദ്യത്തെ ഹ്രസ്വ മോസ്‌കോ വാസം.

പിറ്റേദിവസം മോസ്‌ക്കോ കാണാനാറിങ്ങി. ഡൽഹിയിൽ നിന്ന് ആദ്യമായി മോസ്കോയിലെത്തിയപ്പോൾ നഗരപ്രാന്തത്തിലുള്ള ഒളിമ്പിക് വില്ലേജിലാണ് ഞങ്ങളെ മൂന്നുദിവസം താമസിപ്പിച്ചിരുന്നത്. പിന്നെ വിദ്യാർഥികളെ ചെറുസംഘങ്ങളാക്കി തിരിച്ച് വിവിധ സോവിയറ്റ് റിപ്പബ്ലിക്കുകകളിലേക്ക് പറഞ്ഞയക്കും. ചിലർക്ക്, നാട്ടിലെ സി.പി.ഐയുമായി പിടിപാടുള്ളവർക്ക്, മോസ്‌കോയിലോ ലെനിൻഗ്രാഡിലോ (ഇപ്പോൾ സെന്റ് പിറ്റേഴ്‌സ് ബർഗ്) തന്നെ പഠിക്കാൻ പറ്റും.

സോവിയറ്റ് കാലത്തെ ലെനിൻഗ്രാഡ്

ഞങ്ങൾ ആദ്യം പോയത് മോസ്‌ക്കോയിലെ ഏറ്റവും മോഡേൺ എന്നു പറയാവുന്ന അർബാത്ത് റോഡിലേക്കാണ്. ഗ്ലാസ്‌നോസ്തിന്റെയും പെരിസ്‌ത്രോയിക്കയുടെയും കമ്പോള സ്വാധീനം അർബാത്ത് റോഡിലെ ഷോപ്പുകളിലെല്ലാം മുഴച്ചുനിന്നിരുന്നു, ജപ്പാനിൽനിന്നുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ, മാൾബറോ സിഗരറ്റ് കാർട്ടനുകൾ, ഡച്ച് ചീസ് എന്നിങ്ങനെ സാധാരണ റഷ്യക്കാർ അന്നേവരെ കണ്ടിട്ടില്ലാത്ത പല വിദേശ ഉൽപ്പന്നങ്ങളും അവിടെയുണ്ടായിരുന്നു. റഷ്യക്കാർ കുതൂഹലത്തോടെ അവയൊക്കെ നോക്കിക്കാണുകയാണ്. വാങ്ങാൻ അവരുടെ കൈയ്യിൽ പണമില്ല. ജാപ്പനീസ് വി.സി.ആർ റഷ്യക്കാരെ പ്രത്യേകിച്ച് ആകർഷിച്ചെന്നു തോന്നി. കാരണം, റഷ്യൻ വി.സി.ആറിന് അതിന്റെ രണ്ടിരട്ടി വലിപ്പമാണുണ്ടായിരുന്നത്. ഞങ്ങൾ ഇടയ്ക്ക് വി.സി.ആർ വാടകക്കെടുക്കുമ്പോൾ അത് കാറിൽ കയറ്റിവെക്കാൻ രണ്ടുപേർ പോകേണ്ടതുണ്ടായിരുന്നു. സോവിയറ്റ് ഉപഭോഗവസ്തുക്കളുടെ നിലവാരക്കുറവ് പെരിസ്ത്രോയിക്ക റഷ്യക്കാർക്കുമുന്നിൽ അനാവരണം ചെയ്തു.

ലെനിൻ പറഞ്ഞു, ''നമ്മുടെ ഭരണകൂട ഉപകരണങ്ങൾ വളരെയേറെ പരിതാപകരമാണ്. അവയുടെ പോരായ്മകൾക്കെതിരെ എങ്ങനെ പോരാടാൻ കഴിയുമെന്ന് നാം ശ്രദ്ധാപൂർവം ചിന്തിക്കണം. ഭൂതകാലവ്യവസ്ഥയെ നാം മറിച്ചിട്ടെങ്കിലും അതിനെ തരണം ചെയ്യാൻ നമുക്ക് കഴിഞ്ഞിട്ടില്ല.’’

അർബാത്ത് തെരുവിന് കുറച്ചപ്പുറത്തായി യുനെസ്‌കോ വേൾഡ് ഹെറിറ്റേജ് പട്ടികയിലുള്ള റെഡ് സ്‌ക്വയർ. അതു തന്നെയാണ് പ്രധാന ആകർഷണകേന്ദ്രം. ഉച്ചയ്ക്ക് അവിടെയെത്തിയപ്പോൾ ഫോട്ടോകളിൽ കണ്ട അതേ സ്ഥലം. ഉച്ചയായിട്ടും കാര്യമായ വെളിച്ചമില്ല. തണുപ്പിനും കുറവില്ല. ശൈത്യം അസ്ഥികളിലേക്ക് തുളച്ചുകയറ്റുന്ന കാറ്റുമുണ്ട്. വലിയൊരു ക്യൂ അവിടെയുണ്ട്. ലെനിന്റെ ശവകുടീരം കാണാനുള്ള ജനാവലിയാണ്. ഞങ്ങളും ക്യൂവിൽ നിന്നു. ക്രെംലിൻ മതിലിനുപുറത്താണ് ലെനിന്റെ ശവകുടീരം. കറുപ്പും തവിട്ടുനിറത്തോട് സല്ലപിക്കുന്ന ചുവപ്പും കലർന്ന വളരെ മിനുക്കമുള്ള മാർബിൾ കൊണ്ടാണ് അത് നിർമിച്ചിരിക്കുന്നത്.

അതിനുള്ളിലേക്ക് കയറുന്നതിനുമുമ്പ് ഒരു കാഴ്ച കണ്ടു. എല്ലാവരുടെ കണ്ണുകളും അങ്ങോട്ട്. ലെനിൻ ശവകുടീരത്തിന്റെ സുരക്ഷാ സംവിധാനമായ 'പോസ്റ്റ് നമ്പർ ഒന്നി’ൽ കാവൽക്കാരായി രണ്ട് അംഗരക്ഷകരുണ്ട്. ഓരോ മണിക്കൂറിലും അവരുടെ ഊഴം മാറും. സ്പാസ്‌ക്കി ഗേറ്റിനടുത്തുനിന്ന് രണ്ട് വേറെ അംഗരക്ഷകർ ഒരു പ്രത്യേക രീതിയിൽ ആകർഷകമായി പോസ്റ്റ് നമ്പർ ഒന്നിലേക്ക് നടന്നുവരുന്നു. അവിടെയുണ്ടായിരുന്നവർ അതേ മട്ടിൽ തിരിച്ചുനടക്കുന്നു. ഈ അനുഷ്ഠാനം 1930-ൽ മരം കൊണ്ടുണ്ടാക്കിയ ലെനിൻ ശവകുടീരത്തിന്റെ കാലത്ത് തുടങ്ങിയതാണ്. ഇന്ന് കാണുന്ന രൂപത്തിൽ അത് നിർമിച്ചത് 1939-ലാണ്ങ്ൾ ഉള്ളിലേക്ക് കയറി. സംസാരിക്കാനോ ഫോട്ടോ എടുക്കാനോ അവിടെ പറ്റില്ല. സംസാരിച്ചാൽ അകത്തുള്ള കാവൽക്കാർ അരുതെന്ന് ആംഗ്യം കാണിക്കും. ചലനം സാവധാനമായാൽ അവർ പതുക്കെ ഉന്തുകയും ചെയ്യും. കുറച്ച് പടികളിറങ്ങിയശേഷം അരണ്ട വെളിച്ചമുള്ള നിലവറ പോലുള്ള ഇടത്തെത്തി.

മിഖായേൽ ഗോർബച്ചേവ്

ഒരു കണ്ണാടിക്കൂട്ടിൽ ലെനിൻ.
കണ്ണാടിക്കൂടിനുമുകളിൽ ചുവന്ന പ്രകാശമുണ്ട്.
ഒരു നീല സ്യൂട്ടിലാണ് ലെനിൻ. ഇപ്പോൾ ഓർത്തെടുക്കുമ്പോൾ, യഥാർത്ഥ ലെനിന്റെ മൃതദേഹത്തെക്കാൾ മെഴുകുപ്രതിമയോടായിരുന്നു അത് കൂടുതൽ അടുത്തുനിൽക്കുന്നത് എന്നുതോന്നുന്നു. 1941- ൽ ജർമൻ സൈന്യം മോസ്‌കോയ്ക്ക് അടുത്തെത്തിയപ്പോൾ ലെനിന്റെ ശരീരം സൈബീരിയയിലേക്ക് കൊണ്ടുപോയി. 1945-ലാണ് പിന്നീട് അത് മോസ്കോയിലെത്തിച്ചത്.

1923 ഡിസംബർ 20 ന് ലെനിന്റെ ആരോഗ്യസ്ഥിതി വഷളായി. അതിനു മുമ്പ് അദ്ദേഹത്തിന് മസ്തിഷ്‌കാഘാതം വന്നിരുന്നു. അന്നുതന്നെ സ്റ്റാലിൻ പൊളിറ്റ് ബ്യൂറോ അംഗങ്ങളായിരുന്ന ബുക്കാറിൻ, കാമിനേവ്, സിനോവിയേവ് എന്നിവരെ കണ്ട് മരണാനന്തരം ലെനിന്റെ മൃതദേഹം എന്തുചെയ്യണമെന്ന് ചർച്ച ചെയ്തിരുന്നു. റഷ്യൻ പാരമ്പര്യമനുസരിച്ച് മഹദ് വ്യക്തികളെ എംബാം ചെയ്തു സൂക്ഷിക്കുന്നതാണ് നല്ലതെന്നായിരുന്നു സ്റ്റാലിന്റെ നിലപാട്. മറ്റ് മൂന്നുപേരും സ്റ്റാലിനോട് യോജിച്ചില്ല. അവർ പറഞ്ഞത്, റഷ്യൻ ഓർത്തഡോക്‌സ് സഭയിലെ വിശുദ്ധരുടെ അസ്ഥിശേഷിപ്പുകൾ പൂജനീയമായി കരുതുന്ന പാരമ്പര്യമുണ്ടെന്നും എന്നാൽ മൃതശരീരം എംബാം ചെയ്ത് സൂക്ഷിക്കുന്നത് റഷ്യൻ പാരമ്പര്യമല്ലെന്നുമാണ്. ട്രോട്‌സ്ക്കിയും ലെനിനെ എംബാം ചെയ്ത് ശവകുടീരം നിർമിക്കുന്നതിനോട് അശേഷം യോജിച്ചില്ല. 'റഷ്യൻ ഓർത്തോഡ്ക്‌സ് സഭയിലെ പുണ്യവാളമാരുടെ തിരുശേഷിപ്പുകളുടെ സ്ഥാനത്ത് ലെനിനെ പകരം വെക്കുന്നത് റഷ്യൻ കൃഷീവലന്മാരുടെ മതവൈകാരികതക്ക് കൂട്ടുനിൽക്കുകയും സഹായിക്കുകയും ചെയ്യുന്ന ദുഷ്പ്രവൃത്തിയാണെന്നായിരുന്നു ട്രോട്‌സ്‌ക്കിയുടെ മതം.

ലെനിന്റെ ഭാര്യ നദയി ക്രൂപ്‌സ്‌കയ പറഞ്ഞു, നിങ്ങൾ ലെനിന്റെ പ്രതിമകൾ ഉയർത്തരുത്. മന്ദിരങ്ങൾക്ക് അദ്ദേഹത്തിന്റെ പേരിടരുത്. ക്തിഘോഷപൂർവ്വമായ ഉത്സവങ്ങൾ നടത്തരുത്. ഇവയെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒട്ടും പ്രാധാന്യമില്ലാത്ത കാര്യങ്ങളായിരുന്നു, പീഡാവഹം പോലുമായിരുന്നു

ലെനിന്റെ കുടുംബം, പ്രത്യേകിച്ച് ലെനിന്റെ ഭാര്യ നദയി ക്രൂപ്‌സ്‌കയ, ലെനിന്റെ മൃതദേഹം എംബാം ചെയ്ത് പ്രത്യേകം ഒരുക്കിയ ശവകുടീരത്തിൽ സൂക്ഷിച്ച് പ്രദർശിപ്പിക്കുന്നതിന് എതിരായിരുന്നു. ലെനിന്റെ സംസ്‌കാരച്ചടങ്ങിനെക്കുറിച്ച് താരിഖ് അലി 'The Dilemmas of Lenin' എന്ന പുസ്തകത്തിൽ എഴുതുന്നു: ‘‘ലെനിന്റെ ഔദ്യോഗിക സംസ്‌കാരച്ചടങ്ങിൽ പഴയ വൈദികവിദ്യാർഥിയായിരുന്ന സ്റ്റാലിന്റെ പ്രസംഗം ഓർത്തഡോക്‌സ് സഭയുടെ ശൈലി പരുഷമായി ഓർമിപ്പിക്കുന്നതായിരുന്നു. വിപ്ലവകാരിയായ ലെനിൻ ഒരു ബിസാൈന്റൻ സന്ന്യാസിയായി പരിവർത്തനം ചെയ്യപ്പെട്ടു. അതേദിവസം, ലെനിന്റെ ശവമഞ്ചത്തിനരികെനിന്ന് ഓജസ്സുള്ള ഒരു പ്രഭാഷണം ക്രൂപ്സ്‌കയ നടത്തുകയുണ്ടായി. ആ പ്രസംഗത്തിൽ അവർ പറഞ്ഞു: ‘സഖാക്കളെ, എനിക്ക് നിങ്ങളോട് ഒരു വലിയ അഭ്യർത്ഥനയുണ്ട്. നിങ്ങൾ ലെനിന്റെ പ്രതിമകൾ ഉയർത്തരുത്. മന്ദിരങ്ങൾക്ക് അദ്ദേഹത്തിന്റെ പേരിടരുത്. ഓർമ്മക്കായി ഭക്തിഘോഷപൂർവ്വമായ ഉത്സവങ്ങൾ നടത്തരുത്. ഇവയെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തിൽ ഒട്ടും പ്രാധാന്യമില്ലാത്ത കാര്യങ്ങളായിരുന്നു, പീഡാവഹം പോലുമായിരുന്നു. നിങ്ങൾ അദ്ദേഹത്തെ ആദരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ശിശുമന്ദിരങ്ങളും നഴ്‌സറികളും വീടുകളും വിദ്യാലയങ്ങളും ഗ്രന്ഥശാലകളും ആശുപത്രികളും ഭിന്നശേഷിക്കാർക്കുള്ള സൗകര്യങ്ങളും ഉണ്ടാക്കുകയാണ് വേണ്ടത്, സർവ്വോപരി അദ്ദേഹത്തിന്റെ ആദർശങ്ങൾക്ക് ജീവനുള്ള ഒരു മരണപത്രം സൃഷ്ടിക്കുകയാണ് വേണ്ടത്.''

മോസ്കോയിലെ റെഡ് സ്ക്വയർ

താരിഖ് അലി തുടരുന്നു: ''ഇതെല്ലാം അവഗണിക്കപ്പെട്ടു. ലെനിനെ മമ്മിയാക്കി സൂക്ഷിക്കാൻ ഏർപ്പാടാക്കി ഏതാനും വർഷങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ ആശയങ്ങളെയും ആദർശങ്ങളെയും കേന്ദ്ര കമ്മിറ്റിയിലെ വ്യക്തികളും അവരുടെ നേതാവും മമ്മിയാക്കി മാറ്റി. ലെനിനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും മമ്മിയാക്കി മാറ്റി എന്നതാണ് സ്റ്റാലിൻ കാലഘട്ടത്തിന്റെ ഈടുറപ്പുള്ള 'നേട്ടം'. ഈ സാധ്യതയും ലെനിൻ മുൻകൂട്ടി കണ്ടിരുന്നു. ഇപ്പോൾ ലെനിന്റെ മൃതദേഹം സംസ്‌കരിക്കാനുള്ള സമയമായിരിക്കുന്നു, അദ്ദേഹത്തിന്റെ ചില ആശയങ്ങൾ പുനരുജ്ജീവിപ്പിക്കാനും. ലെനിന്റെ മൃതദേഹം ഒടുവിൽ സംസ്‌കരിക്കുമ്പോൾ നമുക്ക് ആശിക്കാവുന്ന കാര്യം, അദ്ദേഹം മുന്നോട്ടുവച്ച ചില ആശയങ്ങൾ- രാഷ്ട്രീയത്തിന്റെ പ്രാമുഖ്യം, സാമ്രാജ്യത്വം, സ്വയംനിർണയാവകാശം, കമ്യൂൺ രാഷ്ട്രം- എന്നിവയെക്കുറിച്ചുള്ള അപഗ്രഥനങ്ങൾ വീണ്ടും സചേതനമായി വരണം എന്നാണ്.''

ഇത് സംഭവിച്ചാലും ഇല്ലെങ്കിലും താഴെപ്പറയുന്ന താക്കീതാണ് ലെനിന്റെ യഥാർഥ സ്മാരകശാസനമായി രേഖപ്പെടുത്തേണ്ടതെന്ന് താരിഖ് അലി എഴുതുന്നു: ''മരണാനന്തരം വിപ്ലവകാരികളെ നിരുപദ്രവമായ ബിംബങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടക്കും. അവരെ പുണ്യവാളന്മാരാക്കി പരിവർത്തനം ചെയ്യും. അവരുടെ പേരുകൾ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളെ 'സാന്ത്വനിപ്പിക്കാൻ' ആത്മാർഥതയില്ലാതെ ഉപയോഗിക്കും. ഇത് ചതിക്കാനുദ്ദേശിച്ച് ചെയ്യുന്നതാണ്. അതോടൊപ്പം വിപ്ലവസിദ്ധാന്തത്തിന്റെ സത്തയും സാരവും ചോർത്തി വിപ്ലവമുനയുടെ മൂർച്ച കളയുകയും അതിനെ അശ്ലീലമാക്കി തീർക്കുകയും ചെയ്യും.''

ലെനിൻ 54-ാം വയസ്സിൽ മരിച്ചില്ലായിരുന്നുവെങ്കിൽ സോവിയറ്റ് യൂണിയന്റെ ഘടന, സ്റ്റാലിൻ രൂപപ്പെടുത്തിയതിനേക്കാൾ എത്രയോ വ്യത്യസ്തമായിരുന്നിരിക്കും എന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്.

ലെനിൻ 54-ാം വയസ്സിൽ മരിച്ചില്ലായിരുന്നുവെങ്കിൽ സോവിയറ്റ് യൂണിയന്റെ ഘടന, സ്റ്റാലിൻ രൂപപ്പെടുത്തിയതിനേക്കാൾ എത്രയോ വ്യത്യസ്തമായിരുന്നിരിക്കും എന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. ലെനിന്റെ അവസാനകാല രചനകൾ റഷ്യൻ ജനതയിൽനിന്ന് 33 വർഷമാണ് മറച്ചുവച്ചത്. നികിത ക്രൂഷ്‌ചേവ് ക്രെംലിനിലെത്തിയശേഷമാണ് അവ വെളിച്ചം കണ്ടത്. എന്നാൽ, ഈ എഴുത്തുകളിലുള്ള നിർദേശങ്ങൾ നടപ്പിൽ വരുത്താൻ ക്രൂഷ്ചേവിനോ ഗോർബച്ചേവിനുപോലുമോ സാധ്യമായില്ല. ലെനിൻ കുറച്ചുകാലം കൂടി ജീവിച്ചിരുന്നുവെങ്കിൽ ചെറുകിട മുതലാളിത്ത സംരംഭങ്ങൾക്ക് ഇടം കൊടുത്ത നവ സാമ്പത്തികനയം വളരെ ശ്രദ്ധയോടെ മാത്രമേ ഇല്ലാതാക്കുമായിരുന്നുള്ളൂ. വ്യവസായവൽക്കരണത്തിലേക്കുള്ള കുതിപ്പ്, സംഭവിച്ചപോലെ നിഷ്ഠൂരമാകുമായിരുന്നില്ല. കേന്ദ്ര കമ്മിറ്റിയിലെ പഴയ ബോൾഷെവിക്കുകളിൽ ഭൂരിഭാഗത്തെയും ലക്ഷക്കണക്കിന് കർഷകരെയും കൊന്നുകളയുമായിരുന്നില്ല.

മോസ്കോയിലെ മ്യുസോളിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ലെനിന്റെ മൃതദേഹം

ലെനിനു മുമ്പേ മരിച്ച ഇടതു ബോൾഷെവിക്കായ ജൂലിയസ് മാർതോവിന്റെ അപേക്ഷ അംഗീകരിക്കാൻ അവസാനകാലത്ത് ലെനിൻ നിശ്ചയിച്ചിരുന്നുവോ? വിപ്ലവാനുകൂലികളായ ഇടതു മെൻഷെവിക്കുകളെ സോവിയറ്റുകളിൽ 'കൂറുള്ള പ്രതിപക്ഷ'മായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും അത് വിപ്ലവത്തിനും ബോൾഷെവിക്കുകുകൾക്കും ഗുണം ചെയ്യുമെന്നും മാർതോവ് ലെനിനോട് പറഞ്ഞിരുന്നു. റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയുടെ മുഖപത്രമായ ഇസ്‌ക്രയിൽ ഒന്നിച്ച് പ്രവർത്തിക്കവേ ഉറ്റ സുഹൃത്തുക്കളായി മാറിയ ലെനിനും മാർതോവും സംഘടനാപരവും രാഷ്ട്രീയവുമായ ഭിന്നതകളെ തുടർന്നാണ് അകന്നത്.

പഴയ സാറിസ്റ്റ് ബ്യൂറോക്രസിയുടെ തനിസ്വഭാവം തന്റെ സഹപ്രവർത്തകരെ കീഴടക്കിയിരിക്കുന്നുവെന്ന് ലെനിൻ തിരിച്ചറിഞ്ഞു.

ലെനിന്റെ അവസാന രചനകളിലെ രാഷ്ട്രീയ സന്ദിഗ്ധത 'നമുക്കൊന്നുമറിയില്ല' (We don't know anything) എന്ന വിധത്തിലായിരുന്നു. 1922 മെയ് 26 നാണ് ലെനിന് ആദ്യ മസ്തിഷ്കാഘാതമുണ്ടാകുന്നത്. അതിന് ഒരു മാസം മുമ്പാണ് തന്റെ അവസാന പാർട്ടി കോൺഗ്രസിൽ അദ്ദേഹം പങ്കെടുക്കുന്നത്. അപ്പോൾ രാഷ്ട്രം മുന്നോട്ടുപോകുന്ന ദിശയിൽ അദ്ദേഹത്തിന് കടുത്ത ഉൽക്കണ്ഠയുണ്ടായിരുന്നു. 'പ്രബലമായ ശക്തികൾ സോവിയറ്റ് രാഷ്ട്രത്തെ അതിന്റെ യുക്തമായ പാതയിൽനിന്ന് വ്യതിചലിപ്പിച്ചിരിക്കുന്നു' എന്ന് ലെനിൻ എഴുതി. അദ്ദേഹത്തിന്റെ അവസാന രചനകളിൽ മിക്കതും പാർട്ടിയുടെ ഗതി മാറ്റാനുള്ള ധീരമായ ശ്രമങ്ങളായിരുന്നു. സോവിയറ്റ് ജനതക്കുമുന്നിൽ താൻ അപരാധിയാണെന്നും ഒരു ഘട്ടത്തിൽ അദ്ദേഹം പറഞ്ഞു. പഴയ സാറിസ്റ്റ് ബ്യൂറോക്രസിയുടെ തനിസ്വഭാവം തന്റെ സഹപ്രവർത്തകരെ കീഴടക്കിയിരിക്കുന്നുവെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തന്റെ സഹകാരികൾ പഴയ ബ്യൂറോക്രസിയുടെ ഭരണനിർവഹണരീതികൾ പരിഗ്രഹിക്കുക മാത്രമല്ല, പഴയ മർദ്ദകവർഗത്തിന്റെ സംസ്‌കാരപ്രയോഗങ്ങളും ആശ്ലേഷിച്ചിരിക്കുന്നു എന്ന യാഥാർഥ്യം ലെനിനെ വിഹ്വലനാക്കി. സോവിയറ്റ് വ്യവസ്ഥയെ ഗ്രസിച്ച ഉദ്യോഗസ്ഥവൽക്കരണത്തിന്റെ വൈപുല്യം ലെനിനുണ്ടാക്കിയ മനോവ്യഥ ചെറുതല്ല. ബോൾഷെവിക് പാർട്ടിയെ ശക്തമായി കേന്ദ്രീകരിച്ച ഒരു രഹസ്യ സംഘടനയായി ലെനിൻ വിഭാവനം ചെയ്തതിനെ റോസ ലക്‌സംബർഗ് റഷ്യൻ വിപ്ലവത്തിനുമുമ്പേ രൂക്ഷമായി വിമർശിച്ചിരുന്നു. ട്രോട്‌സ്‌കിയും ഇക്കാര്യത്തിൽ അസൗമ്യമായ വിമർശനം ഉയർത്തിയിരുന്നു. തന്റെ അവസാന പ്രബന്ധങ്ങളിലൊന്നിൽ ലെനിൻ ഇങ്ങനെ എഴുതി: ''സാഹചര്യങ്ങളും അവനവൻ വരുത്തുന്ന തെറ്റുകളും കൂടിച്ചേർന്ന് ഒരാൾ രാഷ്ട്രീയമായി പരാജയപ്പെടുകയാണെങ്കിൽ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് മനസ്സിലാക്കാൻ പരാജയത്തിൽ നിന്ന് പഠിക്കണം. എന്നിട്ട് തന്റെ ഉദ്യമം വീണ്ടും തുടങ്ങണം. സോഷ്യലിസം എന്നത് ഒരു ഏകദേശ ആസന്നത മാത്രമാണ്. അത് പൂർണമായി രൂപപ്പെട്ടല്ല ഉദയം ചെയ്യുന്നത്. അതുകൊണ്ട് സോഷ്യലിസ്റ്റുകൾ നിർബന്ധമായും തെറ്റുകൾ തുറന്ന് അംഗീകരിക്കണം. ഇതുകൂടാതെ അവർ ഒരിക്കലും പുരോഗതി പ്രാപിക്കില്ല.''

1920-ൽ ലെനിന് 50 വയസ്സായപ്പോൾ മോസ്‌കോയിലെ സഖാക്കൾ ഒരു ആഘോഷത്തിന് ഒരുങ്ങി. വ്യക്തിപൂജയെ വെറുത്തിരുന്ന ലെനിൻ ഇതിനെ എതിർത്തു. എന്നിട്ടും ലളിതമായ വിധത്തിൽ ആഘോഷം നടന്നു. സ്റ്റാലിനും ഗോർക്കിയും ല്യൂണച്ചാർസ്‌കിയും പ്രസംഗിച്ചുകഴിഞ്ഞശേഷമാണ് ലെനിൻ മുറിയിൽ പ്രവേശിച്ചത്. ആഘോഷത്തിൽ പങ്കെടുത്ത പാർട്ടിനേതാക്കളുടെ സ്വയം പുകഴ്ത്തൽ മനോഭാവം കണ്ട് ശുണ്ഠി പിടിച്ച ലെനിൻ ഒരു കൂരമ്പ് തൊടുത്തു: ‘‘നമ്മുടെ പാർട്ടി ഇപ്പോൾ അപകടകരമായ അവസ്ഥയിലാണ്. ചീർത്ത തലയുള്ള ഒരു വ്യക്തിയുടെ അവസ്ഥയാണത്. ഇത് മൂഢവും പരിഹാസ്യവും ലജ്ജാവഹവുമായ സ്ഥിതിയാണ്. രാഷ്ട്രീയ പാർട്ടികളുടെ അപചയത്തിനും പരാജയത്തിനും മുമ്പ് ചീർത്ത തലയുള്ള അവസ്ഥ പലപ്പോഴും സംജാതമാകാറുണ്ട്. നമ്മുടെ പാർട്ടിയെ ഒരു ചളിഞ്ഞ തലയായി ചുരുക്കാൻ ഒരു സാഹചര്യത്തിലും നാം അനുവദിച്ചുകൂടാ.''

സോവിയറ്റ് ജനതയെ അഭിസംബോധന ചെയ്യുന്ന ലെനിൻ

1923 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പാർട്ടി കോൺഗ്രസിനുവേണ്ടി 'പ്രാവ്ദ'യിൽ പ്രസിദ്ധീകരിക്കാൻ ലെനിൻ ഒരു സന്ദേശമെഴുതി അയച്ചു. എന്നാൽ, പോളിറ്റ്ബ്യൂറോ പ്രസിദ്ധീകരണം നീട്ടിക്കൊണ്ടുപോയി. പാർട്ടിയിൽ മേലോട്ടുയർന്നുകൊണ്ടിരുന്ന നേതാക്കളിലൊരാളായ ക്യൂബിഷേവ്, ലെനിനെ കബളിപ്പിക്കാനായി പ്രാവ്ദയുടെ ഒരു വ്യാജലക്കം അടിക്കണമെന്നും സന്ദേശം അതിൽ പ്രസിദ്ധീകരിക്കണമെന്നും അത് ലെനിനെ കാണിക്കണമെന്നും നിർദേശിച്ചു. 'Better fewer, but better' എന്ന ആ സന്ദേശം ഒടുവിൽ പോളിറ്റ്ബ്യൂറോയുടെ സമ്മതത്തോടെ തന്നെ പ്രസിദ്ധീകരിച്ചു. 5000 വാക്കുള്ള ആ സന്ദേശം, അടിമുടി വിമർശനാത്മകമായ അവലോകനമായിരുന്നു. കമ്യൂണിസ്റ്റുകാർ വിപ്ലവത്തിലൂടെ രാഷ്ട്രീയാധികാരം നേടുന്നതിൽ വിജയിച്ചെങ്കിലും വിപ്ലവകാരികൾ കാലത്തിനൊപ്പം മുന്നേറിയില്ലെന്ന് ആ സന്ദർഭത്തിൽ ലെനിൻ എഴുതി: ''നമ്മുടെ ഭരണകൂട ഉപകരണങ്ങൾ വളരെയേറെ പരിതാപകരമാണ്. നികൃഷ്ടമാണെന്നുതന്നെ പറയാം. അവയുടെ പോരായ്മകൾക്കെതിരെ എങ്ങനെ പോരാടാൻ കഴിയുമെന്ന് നാം ശ്രദ്ധാപൂർവം ചിന്തിക്കണം. ഭൂതകാലവ്യവസ്ഥയെ നാം മറിച്ചിട്ടെങ്കിലും അതിനെ തരണം ചെയ്യാൻ നമുക്ക് കഴിഞ്ഞിട്ടില്ല. ഭരണകൂട ഉപകരണങ്ങളെ പുതുക്കിപ്പണിയണമെങ്കിൽ എന്തു വില കൊടുത്തും 'ആദ്യം പഠിക്കുക, രണ്ടാമതും പഠിക്കുക, മൂന്നാമതും പഠിക്കുക' എന്ന കാര്യം ചെയ്തുതുടങ്ങുകയും പഠനം എന്നത് നമ്മുടെ ഉന്മയുടെ അവിച്ഛിന്ന ഭാഗമായി മാറുകയും വേണം. ഇങ്ങനെയുള്ള തീവ്രയത്‌ന പരിപാടിയിലൂടെ മാത്രമേ നമുക്ക് ലക്ഷ്യത്തിലെത്താൻ പറ്റൂ. 'സോവിയറ്റ്', 'സോഷ്യലിസ്റ്റ്' എന്നൊക്കെയുള്ള വിശേഷനാമങ്ങൾ അപ്പോഴേ അന്വർമാകൂ.''

എന്നാൽ അങ്ങനെയൊരു ശ്രമവും ഉണ്ടായില്ല. അത്തരം പരിശ്രമത്തിന് മുതിർന്നവരെയെല്ലാം ക്രമേണ ഒതുക്കുകയോ പാർട്ടിയിൽനിന്ന് പിഴുതുകളയുകയോ ഫയറിങ് സ്‌ക്വാഡിന്റെ വെടിയുണ്ടകൾക്കിരയാക്കുകയോ ചെയ്തു. സഹനം, അധ്വാനം, ജാഗരൂകത, പഠനം എന്നിവയായിരുന്നു ആ സന്ദേശത്തിൽ ലെനിൻ ബോൾവെഷിവ് പാർട്ടിക്ക് നിർദേശിച്ച ഗുണങ്ങൾ. ട്രോട്‌സ്‌കിയും ബുക്കാറിനും മറ്റു ചിലരും തന്നോട് വിയോജിക്കില്ലെന്ന് ലെനിന് അറിയാമായിരുന്നു. എന്നാൽ, സ്റ്റാലിനും അദ്ദേഹം നിയന്ത്രിച്ചിരുന്ന പാർട്ടി ബ്യൂറോക്രസിയും ഇത് ഉൾക്കൊള്ളില്ലെന്നും താൻനിർദേശിച്ച കാര്യങ്ങളിൽനിന്ന് കൗശലപൂർവം ഒഴിഞ്ഞുമാറുമെന്നും ലെനിൻ കണ്ടിരുന്നു.

ജൂലിയസ് മാർതോവ്

താരിഖ് അലി ഒടുവിൽ എത്തിച്ചേരുന്ന നിഗമനം ഇപ്പോഴും പ്രസക്തമാണ്: ''ഒരു നൂറ്റാണ്ടായി ലെനിനെ ആദരിച്ചവരെല്ലാം യഥാർഥത്തിൽ അദ്ദേഹത്തെ അവഗണിക്കുകയായിരുന്നു. അവർ അദ്ദേഹത്തെ പവിത്രീകരിച്ചെങ്കിലും അപൂർവമായ അദ്ദേഹത്തിന്റെ രചനകൾ വായിച്ചുള്ളൂ. എല്ലാ ഭൂഖണ്ഡങ്ങളിലും ലെനിന്റെ ആളുകൾ എന്നവകാശപ്പെട്ടവർ ഉപകരണാത്മകമായ ലക്ഷ്യങ്ങൾക്കായി അദ്ദേഹത്തെ ദുർവ്യാഖ്യാനിക്കുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്തു. ലെനിൻപൂജ ലെനിൻചിന്തക്ക് നാശമാണുണ്ടാക്കിയത്. ലെനിന്റെ കൃതികളും മമ്മി സമാനമാക്കിയോടെ റഷ്യൻ ചരിത്രത്തിന്റെയും യൂറോപ്യൻ തൊഴിലാളി പ്രസ്ഥാനത്തിന്റെയും ഉൽപ്പന്നമായിരുന്ന ലെനിന്റെ രാഷ്ട്രീയ- പ്രത്യയശാസ്ത്ര രൂപവൽക്കരണത്തെക്കുറിച്ച് മനസ്സിലാക്കുക ബുദ്ധിമുട്ടായി.''


എ.എം. ഷിനാസ്

എഴുത്തുകാരൻ, എറണാകുളം മഹാരാജാസ്​ കോളേജിൽ ചരിത്രവിഭാഗം മേധാവി. എല്ലാവരും ഇന്ത്യക്കാർ പക്ഷെ കുടിയേറ്റക്കാർ, റഷ്യ: മണ്ണിൽ വീണ നക്ഷത്രം, എം.ജി.എസിന്റെ​​​​​​​ ചരിത്രനിലപാടുകൾ (സഹ ഗ്രന്​ഥകർത്താവ്​), Local History : Quest for Method and Theories (Co-Editor ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചു.

Comments