ചാത്തന്നൂ​ർ മോഹൻ, ഡി. ജയകുമാരി

ഈ പ്രണയം വേർപെടുത്താൻ എനിക്കാവില്ല,
അവസാന ശ്വാസം വരെ…

അകാലത്തിൽ പൊലിഞ്ഞുപോയ പ്രമുഖ ഇക്കണോമിക്സ് പ്രൊഫസർ ബീനാ നായർ ശ്രീകുമാറിന്റെ ഓർമക്ക് ഇന്ദു മേനോൻ എഡിറ്റ് ചെയ്യുന്ന ആന്തോളജി ‘പ്രണയപാരിജാത’ത്തിനുവേണ്ടി ഡി. ജയകുമാരി എഴുതിയ അനുഭവക്കുറിപ്പ്. കവിയും മാധ്യമപ്രവർത്തകനും ഗായകനുമായിരുന്ന ചാത്തന്നൂർ മോഹനെക്കുറിച്ചാണ് ജീവിതപങ്കാളിയായ ജയകുമാരിയുടെ ഈ എഴുത്ത്.

ർഷങ്ങൾക്കു മുമ്പ്…

എന്റെ വീടിന്റെ എതിർദിശയിലാണ് ശ്രീദേവി താമസിച്ചിരുന്നത്. അന്തരിച്ച അതുല്യനടൻ ജയന്റെ സഹോദരൻറെ ഭാര്യ ശ്രീദേവി. വെളുപ്പിന് ഉറക്കമെഴുന്നേറ്റ് ഗേറ്റു തുറന്ന് ഞാനിറങ്ങുമ്പോൾ മിക്കവാറും ദേവി എന്നെ കാത്തു നിൽക്കും. ഞങ്ങൾ ഒന്നിച്ചുള്ള പ്രഭാത സവാരികൾ...
ദൂരേക്കൊന്നും പോവില്ല. ഞങ്ങളുടെ പത്രപ്രവർത്തക കോളനിയിലെ റോഡിൽ…
തമാശകളും ആധികളും പങ്കുവച്ചുള്ള ആ നടത്തം...

ഒരു ദിവസം കണ്ടില്ലെങ്കിൽ വല്ലാത്ത അസ്വസ്ഥതയാണ് രണ്ടാൾക്കും. ഇത് ഒരു തരം പ്രണയമാണോ എന്ന് എൻ്റെ ഭർത്താവ് മോഹൻ എന്നോട് ചോദിക്കും. ദേവിയുടെ ഭർത്താവ് വർഷങ്ങൾക്കു മുമ്പ് മരിച്ചിരുന്നു. അങ്ങനെയും സംഭവിക്കാം. പ്രണയമല്ലേ എന്ന് ഞാൻ തർക്കുത്തരം പറയും. ‘കഴിഞ്ഞ ദിവസം പറഞ്ഞ കഥയുടെ ബാക്കി പറ ജയേ’ എന്ന് ദേവിയും, ‘ഇന്നലെ പറഞ്ഞ കഥയുടെ ബാക്കി പറ ദേവീ’ എന്നു ഞാനും.

അങ്ങനെ കഥകൾ പറഞ്ഞ് പറഞ്ഞ് ഞങ്ങൾ വർഷങ്ങൾ നടന്നു.

Photo: Roshini Davidson / flickr

ഒരു തണുത്ത വെളുപ്പാൻ കാലത്ത്, കുഴിമടിച്ചിയായ ഞാൻ മിക്ക ദിവസവും എഴുന്നേൽക്കാൻ മടിക്കും. അത് ദേവിക്ക് നന്നായറിയാം. അന്ന് ഞാൻ പുതപ്പ് തലവഴി മൂടി ചുരുണ്ടുകൂടി കിടന്നു. ദേവി ഫോണിൽ വിളിച്ചു ചോദിച്ചു. എഴുന്നേറ്റില്ലേ?
ഈ പണ്ടാരത്തെക്കൊണ്ടു ഞാൻ തോറ്റു. ഞാൻ പിറുപിറുത്തു; ‘എനിക്കിന്നു വയ്യ ദേവീ, തലവേദനയാ’, കള്ളം പറഞ്ഞു.

‘എനിക്കറിയാം, ജയേടെ കള്ള സൂക്കേട്. മര്യാദക്കിറങ്ങി വാ. ഞാനൊറ്റയ്ക്കേ ഉള്ളൂ. നല്ല ഇരുട്ടും ഉണ്ട്.’

‘തങ്കമ്മ ചേച്ചിയും ജയശ്രീയും റഹ്യാനത്തും ഒക്കെ ഉണ്ടല്ലോ. ഇന്ന് അവരുടെകൂടെ നടക്ക് ദേവീ. നാളെ ഞാൻ, തീർച്ച, വരാം’, ഞാൻ ഫോൺ കട്ടു ചെയ്തു.

ദേവി വീണ്ടും വിളിക്കുന്നു.

അപ്പോൾ ഒരു കാര്യം ഞാനോർത്തു. ഒരാഴ്ച മുമ്പ് മൂന്നാല് ദിവസം ദേവി നടക്കാനിറങ്ങിയില്ല. കൈക്ക്, പിടലിക്ക് വേദനയായിരുന്നു. തലവേദനയും. അന്ന് ഞാൻ ദേവിയെ ഉപദേശിച്ചു. മടിച്ച് കിടക്കരുത്. നടത്തം മുടക്കരുത്. അപ്പോൾ ദേവി പറഞ്ഞു: സത്യമായിട്ടും ജയേ, എനിക്കെന്തോ പ്രശ്നമുണ്ട്. ശരീരത്തിന് വല്ലാത്ത ക്ഷീണവും അസ്വസ്ഥതകളും. പിന്നെ.... പിന്നെ... നമ്പറുകൾ ഇങ്ങോട്ടു വേണ്ട. ഞാൻ താക്കീതു ചെയ്തു. എങ്കിലും എന്തോ ഒരപായസൂചന എന്നിൽ വളർന്നു.
എനിക്ക് പശ്ചാത്താപം തോന്നി. ഒട്ടും വയ്യാതിരുന്നിട്ടും എനിക്കുവേണ്ടി നടക്കാനിറങ്ങിയതല്ലെ ദേവി? എന്നിട്ട് ഞാൻ അസുഖം അഭിനയിച്ച് ഇവിടെ കിടക്കുന്നു.
ക്രൂര, ഹൃദയശൂന്യ, കള്ളി, നുണച്ചി എന്നൊക്കെ ഞാൻ എന്നെ വിളിച്ചു.

ചാത്തന്നൂർ മോഹനും ഡി. ജയകുമാരിയും

എഴുന്നേറ്റ് പോകാം എന്നു കരുതി കിടക്കുമ്പോൾ മോഹൻ പറഞ്ഞു: മടിച്ചു കിടക്കാതെ എഴുന്നേൽക്കൂ ജയേ. തനിക്ക് കൊളസ്ട്രോൾ കൂടുതലാണേ. പാവം, ദേവി കാത്തുനിൽക്കുന്നു.
എന്നോട് അല്പമെങ്കിലും സ്നേഹമുണ്ടെങ്കിൽ എഴുന്നേൽക്കാൻ പറയുമോ? ഇന്നലെ ഞാൻ എത്ര മണിക്കാണ് കിടന്നത്? എന്നറിയാമോ?
എത്ര മണിക്ക്?
താങ്കൾ വന്നപ്പോൾ അർദ്ധരാത്രി 2 മണിയായില്ലെ?
അതിനു മുമ്പ് എന്തെടുക്കുവായിരുന്നു?
ഞാനൊന്നും പറയുന്നില്ല… ദേഷ്യം വരുന്നുണ്ട് കേട്ടോ. ഓഫീസിൽനിന്നും വീട്ടിലെത്തിയപ്പോൾ മണി 9.
അതെന്താ? താമസിച്ചത്?
നിയമസഭ നടക്കുന്ന കാര്യം അറിയില്ലെ? ബസിൽ വന്നതാണ് എന്നതും മറന്നോ?
എനിക്ക് ഒരു ചായ ഇട്ടു തരാൻപോലും ഈ വീട്ടിൽ ആരെങ്കിലുമുണ്ടോ?

വന്നിട്ടാണ് മക്കൾക്കും അമ്മമാർക്കും ചപ്പാത്തിയും കറിയും ഉണ്ടാക്കിക്കൊടുത്തത്. ജാക്കിക്ക് (വളർത്തുനായ) ചോറുണ്ടാക്കി. വെള്ളയപ്പത്തിന് ആട്ടിവച്ചു. പച്ചക്കറികൾ അരിഞ്ഞുവച്ചു. പാത്രങ്ങൾ കഴുകി അടുക്കള തുടച്ച് ഇറങ്ങിയപ്പോൾ മണി ഒന്ന്. ക്ഷീണം കാരണം ആഹാരം കഴിച്ചില്ല. ഉച്ചയ്ക്ക് ഇന്ത്യൻ കോഫീ ഹൗസിൽ നിന്നും ചോറു കഴിച്ചതുകൊണ്ട് രക്ഷപ്പെട്ടു. ഭക്ഷണം കഴിക്കുന്ന സമയമുണ്ടെങ്കിൽ അത്രയും കൂടി ഉറങ്ങാം എന്നു കരുതി കേറിക്കിടന്നു.
എന്നിട്ട് ഉറങ്ങിയില്ലെ?
ഇല്ല.
അതെന്താ?
ഉറക്കം വന്നില്ല.
കാരണം?
താങ്കളുടെ കാര്യം ഓർത്തു കിടന്നു. അല്ലാതെ എപ്പഴോർക്കാൻ?
എന്തോർത്ത്?
ഇന്ന് നേരത്തെ വരുമോ? അതോ മൂന്നു മണിയാകുമോ? എന്നൊക്കെ...
അപ്പോൾ എന്നെ ഓർക്കും അല്ലെ?
പിന്നെ..., എനിക്കതല്ലെ പണി.

കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ട്രെയിൻ യാത്രകളിൽ.... ട്രെയിൻ കാത്ത് റയിൽവേ സ്റ്റേഷനുകളിൽ ഇരിക്കുമ്പോൾ ... ഒക്കെ ഞാൻ നിന്നെ ഓർക്കും. പണ്ട് പ്രണയിച്ചു നടന്ന കാലങ്ങൾ…

ആദ്യം കാണുമ്പോൾ ഒരു പഴുത്ത വാഴയില നിറമുള്ള ഷർട്ടാണ് നീ ഇട്ടിരുന്നത്. മലയാളനാട് വാരികയുടെ സബ്ബ് എഡിറ്റർ എന്ന പദവിയുള്ള നിന്നോട് സംസാരിക്കാൻ പോലും എനിക്ക് ഭയമായിരുന്നു. അത്രമാത്രം ഒരു തരം ആദരവ് - ആരാധന തോന്നിയിരുന്നു. ആദ്യ ദർശനത്തിൽത്തന്നെ എനിക്ക് നിന്നോട് പേരിടാനാവാത്ത ഒരുതരം അവസ്ഥ എന്നെ ബാധിച്ചു. നിൻ്റെ വലിയ കണ്ണുകൾ വല്ലാതെ എന്നെ ആകർഷിച്ചു. നിൻ്റെ കവിതകൾ എൻ്റെ ചെവിയിൽ പ്രകമ്പനം കൊള്ളിച്ചു. നീയൊരു ഗായകനാണെന്നറിഞ്ഞപ്പോൾ ഞാൻ ഭ്രാന്തമായ ഒരവസ്ഥയിലെത്തി. നീയില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന് എനിക്ക് തോന്നി. പക്ഷേ, അത് തുറന്നു പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. ഈശ്വരാധീനമായിരിക്കാം എന്നോട് ഇഷ്ടമുണ്ടെന്ന് നിൻ്റെ നാവിൽ നിന്നും കേട്ടപ്പോൾ മുതൽ എൻ്റെ ജീവിതം ധന്യമായിത്തീർന്നു. പിന്നെ എന്തെല്ലാം പരീക്ഷണങ്ങളിലൂടെ എതിർപ്പുകളുടെ പരകോടിയിൽ നമ്മൾ വിവാഹിതരായി..

മനസിൽ ഓർത്തതേയുള്ളൂ. പറഞ്ഞില്ല.

പണ്ട് തന്ന പ്രണയലേഖനം ബാഗിൽ അഞ്ചാറെണ്ണം എടുത്തിടും. ഞായറാഴ്ച രാത്രിയിലെ ഒതുക്കലുകളിലെ സ്ഥിരം പണിയാണിത്. ട്രെയിനിൽ വച്ച് വായിച്ച് രസിക്കാൻ.

മാതൃഭൂമി, കലാകൗമുദി, മാധ്യമം, ഇന്ത്യ റ്റുഡേ വാരികകളിലെ പുതുമണമുള്ള പേജുകളിലാണ് ആരുമറിയാതെ എന്റെ പ്രണയലേഖനങ്ങൾ വിശ്രമിക്കുന്നത്. വാരിക വായനയ്ക്കിടയിൽ, പേജുകളിൽ ഒളിച്ചുവച്ചാണ് പ്രണയലേഖനം വായന. കൂട്ടുകാരികൾ വന്നു ചോദിക്കും, എന്താണ് ഒളിച്ച് വായിക്കുന്നത് എന്ന്.

ഒരു കാര്യം ചോദിച്ചാൽ ജയ സത്യം പറയുമോ? മോഹൻ ചോദിച്ചു.
പറയാം. എന്താണ്?
തനിക്ക് എന്നെ എത്രമാത്രം ഇഷ്ടമുണ്ട്?
എത്രയോ തവണ ഈ ചോദ്യത്തിന് ഞാൻ ഉത്തരം പറഞ്ഞതാണ്...
പറയൂ. പ്ളീസ്…
ആകാശത്തോളം ... കടലോളം.... മതിയോ?
ആരെയാണ് കൂടുതലിഷ്ടം? കണ്ണനെ? കിച്ചുവിനെ? ചിന്നുവിനെ? അമ്മയെ? എന്നെ?
പറ ജയേ, ഞാൻ പിണങ്ങില്ല.

നക്ഷത്രത്തിളക്കമുള്ള ആ കണ്ണുകളിൽ ഏറെനേരം നോക്കിയിരുന്നിട്ട് ഞാൻ പറഞ്ഞു: എനിക്ക് ലോകത്തിൽ വച്ച് ഏറ്റവുമിഷ്ടം താങ്കളെയാണ്.
അദ്ദേഹം എന്നെ ഹൃദയത്തോട് ചേർത്തുപിടിച്ചു...
എന്നിട്ട്, എന്റെ കാതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനം - പ്രിയ സുഹൃത്ത് ശരത് സംവിധാനം ചെയ്ത സ്ഥിതി എന്ന ചിത്രത്തിൽ പ്രഭാവർമ എഴുതി ഉണ്ണി മേനോൻ പാടി അഭിനയിച്ച ആ മനോഹരഗാനം മൂളിത്തന്നു....

ഒരു ചെമ്പനീർ പൂവിറുത്തു ഞാനോമലേ
ഒരുവേള നിൻനേർക്കു നീട്ടിയില്ല....
എങ്കിലും എങ്ങനെ നീയറിഞ്ഞു
എന്റെ ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്...
സുഗന്ധം പരത്തുന്നതായ് നിനക്കായ്...

ഞാൻ ദേവിയ്ക്കരികിലേക്ക് ഓടി...

ദേവി നടന്നു തുടങ്ങിയിരുന്നു. പരിഭവം പറയുന്നുണ്ടായിരുന്നു.... വല്ല ഞരമ്പുരോഗികളും എന്നെ ആക്രമിച്ച് കൊല്ലട്ടെ എന്നു ഞാനങ്ങു തീരുമാനിച്ചു എന്നും പിറുപിറുത്തുകൊണ്ടിരുന്നു.

അപ്പോൾ ഞാൻ ദേവിക്ക് ആ പാട്ടു മൂളിക്കൊടുത്തു.

എങ്കിലും എങ്ങനെ നീയറിഞ്ഞു
എൻ്റെ ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്…

ദേവി ചോദിച്ചു: ഇന്നെന്താ ഒരിളക്കം?
ആ പാട്ട് മോഹൻ എന്റെ ചെവിയിൽ മൂളിയ സാഹചര്യം ഞാൻ ദേവിയോട് പറഞ്ഞു.

അങ്ങനെ കഥ പറഞ്ഞ് കഥ പറഞ്ഞ് ഒരു ജനുവരി ഒന്നിന് ദേവിയും, മൂന്നു വർഷം കഴിഞ്ഞ് ഒരു ജൂൺ പതിനഞ്ചിന് മോഹനും എന്നെ തനിച്ചാക്കി പൊയ്ക്കളഞ്ഞു. ജീവിതത്തിന്റെ തിരക്കഥ എത്ര രസകരമായാണ് - മനോഹരമായാണ് അയാൾ എഴുതിവച്ചിരിക്കുന്നത്?

കൂട്ടുകാരെ, ഈ തണുത്ത വെളുപ്പാൻകാലത്തും ഞാനാ പാട്ടു കേട്ടുകൊണ്ടിരിക്കുന്നു…

വർഷം ഏഴ് കഴിഞ്ഞു, മോഹൻ യാത്ര പറഞ്ഞിട്ട്. ഓരോ ദിവസം കഴിയുന്തോറും പ്രണയം എന്ന മനോഹരമായ വികാരം വളർന്നുവളർന്ന് പന്തലിക്കയാണ്. ഇത് ആകാശം മുട്ടുമോ അതും കഴിഞ്ഞ് അനന്തമായ ഏതോ സാഗരങ്ങളിലേക്ക് - അതിൻ്റെ അടിത്തട്ടുകളിലേക്ക് ആഴ്ന്നിറങ്ങുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ, നിർവ്വചിക്കാൻ കഴിയാത്ത ഈ വികാരം എനിക്ക് അനുഗ്രഹിച്ചു തന്ന പ്രപഞ്ചശക്തിയെ ഞാൻ നമിക്കുന്നു. ഈ പ്രണയം വേർപെടുത്താൻ എനിക്കാവില്ല. എൻ്റെ അവസാന ശ്വാസംവരെ.

മോഹൻ എന്നെ വേർപെട്ടു പോയത് 2016 ജൂൺ 15-നാണ്. 2016 ഏപ്രിൽ 17നായിരുന്നു ഞങ്ങളുടെ 33 -ാ മത് വിവാഹ വാർഷികം. ഏപ്രിൽ 4- ന് ഞാൻ തൃശൂർ എസ് എൻ എ ആയുർവ്വേദ ആശുപത്രിയിൽ രണ്ടാഴ്ചത്തെ ചികിൽസക്കായി പ്രവേശിച്ചു. അദ്ദേഹമാണ് എൻ്റെ കൂട്ടിരിപ്പുകാരൻ. ഏപ്രിൽ 12-ന് പ്രഭാതരശ്മി എന്ന മാസികയുടെ അസോസിയേറ്റ് എഡിറ്ററായ അദ്ദേഹം വിഷുപ്പതിപ്പിൻ്റെ അവസാന മിനുക്കുപണികൾക്കായി കൊല്ലത്തേക്ക് വന്നു. അന്ന് രാത്രി 11 മണി കഴിയും വരെ ഒന്നര മണിക്കൂർ ഞങ്ങൾ ഫോണിൽ സംസാരിച്ചു. അന്ന് ഒരുപാട് ഗസലുകളും പഴയകാല സിനിമാ പാട്ടുകളും ഫോണിലൂടെ എന്നെ പാടിക്കേൾപ്പിച്ചു. കമ്പ്യൂട്ടർ ഓണാക്കി ഗുലാം അലിയുടേയും പങ്കജ് ഉദാസിൻ്റെയും ഗസൽ കേൾപിച്ചു.
അന്ന് അദ്ദേഹം പറഞ്ഞു; ദേ, നോക്കൂ ജയേ, ഞാനിപ്പോൾ ഈ ഗാനങ്ങൾ കേൾക്കുന്നത് നമ്മുടെ വായനാമുറിയിലെ കട്ടിലിൽ കിടന്നുകൊണ്ടാണ്. എന്തോ, എനിക്കിപ്പോൾ വല്ലാത്ത ഏകാന്തത അനുഭവപ്പെടുന്നു. മറ്റൊന്നുമല്ല; താനില്ലാത്തതിൻ്റെ … നോക്കിക്കോ, എൻ്റെ ജയ ആശുപത്രിയിൽ നിന്ന് തിരികെ വരുമ്പോൾ ഈ കട്ടിലിൽ ജയയുടെ മടിയിൽ കിടന്നുകൊണ്ട് ഞാനീ ഗസലുകൾ കേൾക്കും. എൻ്റെ മടിയിൽ കിടന്നുകൊണ്ട് ജയയും മനോഹരമായ ഈ ഗസലുകൾ കേൾക്കും. ഈശ്വരാ, എത്ര മനോഹരമായിരിക്കും ആ മുഹൂർത്തം. (ആ രാത്രി അദ്ദേഹത്തിൻ്റെ സ്വന്തം വീട്ടിലെ അവസാന മണിക്കൂറുകളായിരുന്നു എന്നത് ദൈവംപോലും അറിഞ്ഞിരുന്നില്ലല്ലോ.)

ഉമ്പായിയുടെ തനിക്കിഷ്ടമുള്ള ആ ഗസൽ ഗാനം ഞാനൊന്നു പാടട്ടെ ജയേ?
പാടുക സൈഗാൾ പാടൂ…
നിൻ രാജകുമാരിയെ പാടിപ്പാടിയുറക്കൂ…
അദ്ദേഹം ആ പാട്ടു മുഴുവനും പാടി.

അന്ന് ഫോൺ കട്ട് ചെയ്ത് കിടക്കുമ്പോൾ എൻ്റെ ചിന്ത മുഴുവനും മോഹനെക്കുറിച്ചായിരുന്നു. ഇത്രമേൽ ഒരാളെ പ്രണയിക്കാമോ എന്നൊക്കെ ഞാൻ ചിന്തിച്ചു. ഒരുതരം ഭയം വന്നു പൊതിയുന്ന പോലെ .. ഞാൻ മരിക്കുമോ? അതാണോ ഇത്രക്കും പ്രണയം?

പന്ത്രണ്ടു പന്ത്രണ്ടര മണിയായിക്കാണും. ഞാനൊരു സ്വപ്നം കണ്ടു. തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരം. സ്റ്റേഷൻ്റെ മുമ്പിൽ ഒരു ക്ഷേത്രമുണ്ടല്ലോ. അവിടെ ഞാൻ കാണുന്നത് ക്ഷേത്രമല്ല. മൂത്രപ്പുരകളാണ്. അതിൻ്റെ മുന്നിൽ വച്ച് ഞാൻ മോഹനെ കാണുകയാണ്. ഇവിടെ എന്തിനു വന്നു എങ്ങനെ വന്നു എന്ന് ഞാൻ ചോദിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: ഞാൻ മെഡി. കോളേജിൽ പോയിട്ട് വരികയാണ്. അതിരിക്കട്ടെ ജയ എങ്ങനെ ഇവിടെ?
ശരിയാണല്ലോ! ഞാനെങ്ങനെ ഇവിടെത്തി? തൃശൂർ ആശുപത്രിയിൽ കിടക്കുകയല്ലായിരുന്നോ?
ചിലപ്പോൾ വണ്ടി പിടിച്ച് വന്നതാവും എന്ന് എൻ്റെ മനോഗതം.
ഉടനെ അദ്ദേഹം പറഞ്ഞു: എനിക്ക് അടിയന്തരമായി ഒന്ന് മൂത്രമൊഴിക്കണം. അതിനെന്താ, ദേ, അങ്ങോട്ട് നോക്ക് മൂത്രപ്പുരകൾ എത്രയെങ്കിലും.. ഞാൻ പറഞ്ഞു.

അദ്ദേഹം മൂത്രപ്പുരയിലേക്ക് പോയി. സമീപത്ത് ഒരു ചെറിയ കെട്ടിടം. അവിടേക്ക് ഞാൻ കയറിച്ചെന്നു. അവിടെ താമസിക്കുന്നത് എൻ്റെ കൂടെ സെക്രട്ടേറിയേറ്റിൽ ജോലി ചെയ്തിരുന്ന- ട്രെയിൻ യാത്രകളിൽ ഒരുമിച്ച് സഞ്ചരിച്ചിരുന്ന മരിച്ചുപോയ ഒരു സ്ത്രീസുഹൃത്താണ്. ബീവി എന്ന് ഞങ്ങൾ വിളിക്കും. ഞങ്ങൾ സംസാരിച്ചിരുന്നു. ഏറെ നേരമായിട്ടും മോഹനെ തിരികെ കാണുന്നില്ല. ഞാൻ ടെൻഷനിലായി. മൂത്രപ്പുരയിൽ കയറിച്ചെല്ലാം എന്നു കരുതി പുറത്തിറങ്ങിയപ്പോൾ എൻ്റെ അയൽവാസിയായ ഒരാൾ- റഷീദും (അദ്ദേഹം കെ. എസ്.ആർ.ടി. സി ഡ്രൈവറായി റിട്ടയർ ചെയ്ത ആളാണ്.) എനിക്ക് പരിചയമില്ലാത്ത മറ്റൊരാളും എൻ്റെ കണ്ണിൽ പെട്ടു . ഞാൻ ഓടിച്ചെന്ന് റഷീദിനോട് പറഞ്ഞു: മോഹൻ മൂത്രമൊഴിക്കാൻ പോയിട്ട് കാണുന്നില്ല. ഒന്നന്വേഷിച്ചു വരൂ.

പിന്നീട് ഞാൻ എൻ്റെ കൊല്ലത്തുള്ള വീട്ടിൻ്റെ ഗേറ്റിന് വെളിയിൽ സാധാരണപോലെ മോഹനെ പ്രതീക്ഷിച്ച് നിൽക്കുകയാണ്. പെട്ടെന്ന് എൻ്റെ മുന്നിൽ ഒരു ആംബുലൻസ് വന്നു നിന്നു. റഷീദ് ഇറങ്ങി വരുന്നു. ആരുടേയോ ശവം അതിലുണ്ടെന്ന് എനിക്ക് തോന്നി- അത് മോഹനാണോ എന്ന് സംശയിച്ച് ഞാൻ വാവിട്ട് നിലവിളിക്കുന്നു.

എൻ്റെ അടുത്തു കൂട്ടുകിടക്കാൻ വന്ന മകൻ കണ്ണൻ ‘അമ്മാ അമ്മാ എന്തു പറ്റി’ എന്ന് ചോദിക്കുന്നു. ഞാൻ പേടിച്ച് ഉണർന്നു. പപ്പയെ സ്വപ്നം കണ്ടു എന്ന് പറഞ്ഞു. പപ്പക്ക് എന്തോ അസുഖമാണെന്നും പറഞ്ഞു. എം.ഡിക്ക് പഠിച്ചുകൊണ്ടിരിക്കുന്ന അവൻ എന്നെ ശകാരിച്ചു. കുറച്ചു മുമ്പല്ലെ പപ്പയും അമ്മയും മണിക്കൂറുകളോളം ഫോണിൽ സംസാരിച്ചത് .. അതിനിടക്ക് എന്തസുഖം? വെറുതെ ഓരോന്ന് ഓർത്ത് കിടക്കും… പേടിസ്വപ്നങ്ങൾ കാണും. ദയവായി കിടന്നുറങ്ങാൻ നോക്ക്..

അതിരാവിലെ മോഹൻ്റെ വിളിയുള്ളതാണ്. 7 മണിയായിട്ടും വിളിച്ചില്ല.

ചാത്തന്നൂർ മോഹൻ കെ.പി അപ്പനൊപ്പം

ഞാൻ അദ്ദേഹത്തെ വിളിച്ചു.
എന്തുപറ്റി, നടക്കാൻ പോയില്ലേ എന്നു ചോദിച്ചു. അപ്പോൾ പറഞ്ഞു: ഞാനിപ്പോൾ ഉണർന്നതേയുള്ളൂ. ഒരു രഹസ്യമുണ്ട്. കണ്ണനോട് പറയണ്ട. ഇന്നലെ രാത്രി നമ്മൾ സംസാരിച്ചിട്ട് ഞാൻ ചെന്ന് കിടന്ന് കുറച്ചു കഴിഞ്ഞപ്പോൾ ഒരു കിടുങ്ങലും പനിയും. ഡോളോ എടുത്തു കഴിച്ചു. എന്നിട്ടും പനി കുറയുന്നില്ല. കുറേ കഴിഞ്ഞ് ഒരു ഗുളിക കൂടി കഴിച്ചു. ഇപ്പോൾ അല്പം കുറഞ്ഞു. പക്ഷേ, മറ്റൊരു പ്രശ്നമുണ്ട്- മൂത്രമൊഴിക്കുമ്പോൾ അല്പം ബുദ്ധിമുട്ടുള്ള പോലെ.

എൻ്റെ ഹൃദയം പടപടാ മിടിച്ചു. സ്വപ്നം കണ്ട കാര്യം മനസിൽ കിടന്ന് തിളച്ചു. പറഞ്ഞില്ല.
ഞാൻ പറഞ്ഞു, ഇന്നുതന്നെ ഇങ്ങ് പോര്, ആരുമില്ലാതെ അവിടെ നിൽക്കണ്ട.
മാസികയുടെ ജോലി തീർത്ത് രാത്രി അദ്ദേഹം എൻ്റടുത്തെത്തി. നേരിയ പനി ഉള്ളതൊഴിച്ചാൽ മറ്റൊന്നും തോന്നിയില്ല. വിവരം പറഞ്ഞ് അവിടത്തെ ആയുർവ്വേദ ഡോക്ടറെ കാണിച്ച് രണ്ടു മൂന്ന് ദിവസം കഷായം കഴിച്ചു.

ഏപ്രിൽ 17. തൃശൂർ പൂരം - അന്നാണ് ഞാൻ ആശുപത്രി വിട്ടത് - പോകുന്ന വഴി ഒരു ബേക്കറിയിൽ കയറി നേരത്തെ മകനെക്കൊണ്ട് ഓർഡർ ചെയ്തു വച്ചിരുന്ന കേക്ക് വാങ്ങി കാറിൽ കൊണ്ടുവച്ചു. മകൻ്റെ ഫ്ലാറ്റിൽ ചെന്നയുടനെ കേക്ക് മുറിച്ചു. ഞങ്ങളുടെ ആദ്യത്തേതും അവസാനത്തേതുമായ കേക്കു മുറിക്കൽ ചടങ്ങ് - 33 വർഷം.

പിന്നെ മരുമകളെ വിളിച്ചു, മോളേ, ആ കവർ ഇങ്ങെടുത്തോണ്ടുവാ. അതൊരു സാരിയായിരുന്നു. ഇതൊന്നും പതിവുള്ളതല്ല. ഞാനറിയാതെ മരുമകളെക്കൊണ്ട് വാങ്ങിപ്പിച്ചതാണ്. സാരി തന്നപ്പോൾ ഞാൻ പറഞ്ഞു: അല്പം കഴുത്തുവേദനയായി ആയുർവേദത്തിൽ കിടന്നെന്നു കരുതി ഞാൻ മരിക്കാനൊന്നും പോകുന്നില്ല.
ഒരു കേക്കുമുറിക്കൽ, സാരി, എന്തോന്ന്… വയസാംകാലത്ത് ഒരു മാതിരി … എനിക്കിതൊന്നും ഇഷ്ടമല്ല കേട്ടോ.
സമ്മാനങ്ങൾ തന്ന് എന്നോടുള്ള സ്നേഹം കുറച്ചാലുണ്ടല്ലോ… ഞാൻ താക്കീത് ചെയ്തു.
രാത്രി എന്നോട് പറഞ്ഞു: നല്ല സുഖം തോന്നുന്നില്ല ജയേ. വിശ്രമിക്കു എന്നു പറഞ്ഞ് ഞാനും അദ്ദേഹവും കെട്ടിപ്പിടിച്ചു കിടന്നു.
രാത്രി അസമയത്ത് എന്തോ എഴുതുന്നത് ഞാൻ കണ്ടു. അത് പതിവുള്ളതാണ് - കവിത എഴുത്ത്.
വന്നു കിടക്ക്, എഴുത്ത് നാളെയാവാം എന്നു ഞാൻ പറഞ്ഞിട്ടും അവിടെ എന്തോ ആലോചിച്ച് ഇരിക്കുന്നു. എഴുതുന്നു.

കുറച്ചുകഴിഞ്ഞ് എന്നെ വിളിച്ചുണർത്തിയിട്ട് എഴുതിയ പേപ്പർ തന്നിട്ട് പറഞ്ഞു: ഈ കവിത തനിക്കുവേണ്ടി എഴുതിയതാണ്. നമ്മുടെ വിവാഹവാർഷികത്തിന് എൻ്റെ സമ്മാനം.
പിന്നെയും വട്ടായോ? ഞാൻ ചോദിച്ചു.
പന്ത്രണ്ടു വരിക്കവിത.

പ്രാണൻ്റെ ചെമ്പകം പൂക്കുന്നു പിന്നെയും
പ്രാണേശ്വരീ നിൻ്റെ ഓമൽസ്മൃതികളിൽ
പറയാതെ അറിയാതെ കുടിയേറിവന്നവൾ
പാടാതെ മീട്ടാതെ സാരംഗിയായവൾ
മഴവില്ലുകൊണ്ടു കൂടാരം ചമച്ചു നീ
മിഴിയിണയിൽ പ്രണയത്തിൻ
ഇടിമിന്നൽ വീശി നീ
മൊഴിമുത്തു വാരി വിതച്ചു വിതച്ചു നീ
മിഴിവാർന്ന പൊൻകതിർ
വിളയിച്ചെടുത്തു നീ
വനപുഷ്പഗന്ധമായ് കരളിൽ നിറഞ്ഞു നീ
വനനിലാക്കുളിരായ് തഴുകിത്തലോടി നീ
വിരഹാർദ്രമെങ്കിലും മധുരമാം ജീവിതം
വിലസിതകുസുമമായ് ഞാനിതാ നൽകുന്നു…

അത് വായിച്ചപ്പോൾ ഞാൻ കരഞ്ഞുപോയി. എന്തൊരു മനുഷ്യനാണിത്, എന്തൊരു സ്നേഹമാണിത്, എന്തൊരു പ്രണയമാണിത്…
ഞാനിത് അർഹിക്കുന്നുണ്ടോ? അസ്വസ്ഥമായ എൻ്റെ മനസ്..

പിന്നെ നടന്നതൊക്കെ …
അവിശ്വസനീയമായ കഥകൾ …
ഏപ്രിൽ 20; കൊച്ചിയിലുള്ള മകളുടെ വീട്ടിൽനിന്ന് യൂറിനറി ഇൻഫെക്ഷനായി അമൃതയിൽ പ്രവേശിപ്പിക്കുന്നു. രണ്ടു മൂന്ന് തവണയായി 55 ദിവസം കിടക്കുന്നു. ഒരു ഓപ്പറേഷൻ ജൂൺ 7 ന് നടക്കുന്നു. 14-ന് മരുന്ന് മാറി കുത്തിവച്ചതു കാരണം അദ്ദേഹം 15 ന് വെളുപ്പിന് ആരുമറിയാതെ മരിച്ചുകിടക്കുന്നു. പനി നോക്കാൻ വന്ന സിസ്റ്ററിൻ്റെ അച്ഛാ എന്ന നിലവിളി, ഇന്നും ആ നടുക്കം മാറിയിട്ടില്ല, മാറുകയുമില്ല.

ആ പ്രണയം കൂടുതൽ കൂടുതൽ ശക്തിയോടെ എന്നിൽ പ്രസരിച്ചുകൊണ്ടേയിരിക്കുന്നു. നഷ്ടപ്രണയത്തിനാണ് ഭംഗി കൂടുതലെന്ന് ഇപ്പോൾ ഞാനറിയുന്നു.

ഞാനിപ്പോൾ പണ്ടത്തെക്കാളും എത്രയോ എത്രയോ മനോഹരമായ പ്രണയത്തിലാണ് കൂട്ടുകാരേ.
ഹൊ! അതൊരു വല്ലാത്ത വികാരമാണ് - തപസാണ്. വിശുദ്ധിയാണ്. ലോകത്ത് ഈ വികാരമല്ലാതെ മറ്റെന്തിനുണ്ട് ഇത്രയും വിശുദ്ധി. പരിപാവനമായ തീവ്രത.

മിക്കവാറും അർദ്ധരാത്രികളിൽ മോഹൻ എൻ്റെയരികിൽ വരും - ഞങ്ങൾ സംസാരിക്കും - അദ്ദേഹം ഗസലുകളും പഴയ സിനിമാ പാട്ടുകളും പാടും - ഞാനത് കേൾക്കും. പണ്ടില്ലാതിരുന്ന ഒരു അത്ഭുതം കൂടി ഞങ്ങളുടെ ഈ പ്രണയജീവിതത്തിൽ അറിയാതെ സംഭവിക്കുന്നുണ്ട്. അദ്ദേഹം പാടുമ്പോൾ ഞാൻ നൃത്തം ചെയ്യും. ഞങ്ങളുടെ കിടക്കമുറിയിൽ പാതിരാനേരത്താണ് ഞാൻ നിറഞ്ഞാടുക. ചിലപ്പോൾ മേക്കപ്പും ഇടും. അദ്ദേഹത്തിൻ്റെ ഗാനാലാപനത്തിനൊപ്പിച്ച് ഞാൻ ചുവടുവെക്കും. നൃത്തം പഠിച്ചിട്ടില്ലാത്ത എനിക്ക് ആ നേരത്തു മാത്രം നൃത്തം ചെയ്യാൻ കഴിയും. പിന്നീട് കഴിയാറില്ല. ഒരുതരം ഭ്രാന്തു പിടിച്ചപോലെയാണ് ഞാൻ ആടുക. ആ മടിയിൽ കിടന്ന് ഗസലുകൾ കേട്ട് ശരിക്കും അനുഭവിച്ച് … ഞാൻ ജീവിക്കുന്നു, എത്ര മനോഹരമാണീ ജീവിതം, അല്ല; ഈ പ്രണയം.

ചിലപ്പോഴൊക്കെ മോഹന് കൂട്ടായി അടുത്ത് ചെന്നിരിക്കണമെന്ന് ഞാൻ അതീവ സുന്ദരിയായ ദേവിയോടും പറയാറുണ്ട്. കാരണം എൻ്റെ പ്രണയം കുറച്ചൊക്കെ തിരിച്ചറിഞ്ഞത് ദേവി മാത്രമാണ്. സ്വർഗത്തിൽ ചെമ്പനീർ പൂവുകൾ ധാരാളം പൂത്തു കിടക്കുമെന്നാണ് എൻ്റെ വിശ്വാസം. എൻ്റെ പേരു പറഞ്ഞ് ഒരു ചെമ്പനീർ പൂവിറുത്ത് എൻ്റെ പ്രിയതമന് ഒന്ന് സമർപ്പിച്ചുകൂടെ ദേവീ നിനക്ക്…

എങ്കിലും എങ്ങനെ നീയറിഞ്ഞു എൻ്റെ ചെമ്പനീർ പൂക്കുന്നതായ് നിനക്കായ്… എന്ന് നീ എന്നോട് ചോദിക്കരുത്. കാരണം നിന്നെയും എനിക്കത്രമേൽ ഇഷ്ടമാണ്.
ഞാൻ ഭ്രാന്തമായി എന്തൊക്കെയോ കുറിച്ചു. ഇതാ, ഈ എഴുത്ത് അവസാനിപ്പിച്ചപ്പോൾ അർദ്ധരാത്രി 2.28.
അപ്പോൾ മോഹൻ എന്നോട് പറയുന്നു: എഴുത്ത് നിർത്തു കൂട്ടുകാരീ.. ഞാൻ കവിത ചൊല്ലാം. നിനക്കിഷ്ടമുള്ള…ഖലീൽ ജിബ്രാൻ്റെ വരികൾ.. അത് കേട്ട് നീ ഉറങ്ങൂ. ഞാൻ കണ്ണടച്ച് മോഹനെ ധ്യാനിച്ച് കിടന്നു. അപ്പോൾ ഞാൻ അനുഭവിച്ചുകൊണ്ടിരുന്നു ആ മധുരമനോഹര ശബ്ദം.

"രമ്യമായ ആ പൂങ്കാവനത്തിൽ
ഞാനും അവളും വീണ്ടും സന്ധിച്ചു.
അപ്പോഴെല്ലാം ഞാൻ അവളുടെ
മുഗ്ധതയിലേക്ക്
കണ്ണിമയ്ക്കാതെ നോക്കി;
അവളുടെ വിവേകത്തിലേക്ക്
വിസ്മയഭരിതനായിച്ചെന്നു;
അവളുടെ കദനത്തിൻ്റെ മൗനത്തിലേക്ക്
കാതു കൂർപ്പിച്ചു.
ഏതോ അദൃശ്യഹസ്തം
എന്നെ അവളിലേക്ക്
വലിച്ചടുപ്പിക്കുന്നതായി
ഞാൻ അറിഞ്ഞു.
അവൾ
എൻ്റെ ശിരസിൽ കൈവെച്ചു.
എൻ്റെ തലമുടിയിഴകൾക്കിടയിലൂടെ
വിരലോടിച്ചു…
അവളുടെ വദനം
പ്രകാശപൂർണമാവുകയും
ആ മിഴികളിൽനിന്ന്,
ലില്ലിയുടെ ഇലകൾക്കുമേൽ പതിക്കുന്ന
ഹിമകണങ്ങൾപോലെ,
കണ്ണുനീർത്തുള്ളികൾ
ഉരുണ്ടിറങ്ങുകയും ചെയ്തു."

Comments