കുടുംബ സമേതം ഒരു പതിവു തിരുവനന്തപുരം യാത്ര കഴിഞ്ഞുള്ള മടക്കം.
തൃശൂർ വരെ എത്തേണ്ട നീണ്ട ഡ്രൈവാണ്.
ഉമ്മയോട് യാത്ര ചോദിച്ചിറങ്ങി.
ലേറ്റായി, ഇരുട്ടും മുമ്പെത്തില്ല, എന്നൊക്കെ ആധിപ്പെട്ട് ഹൈവേയെ സമീപിച്ചു കൊണ്ടിരിക്കെ, ഞാൻ വെറുതേ മൊബൈലിലേക്കൊന്ന് നോക്കി. ന്യൂസ് അപ്‌ഡേറ്റിൽ കണ്ണുടക്കി: Nedumudi Venu passes away.
ഡ്രൈവ് ചെയ്തു കൊണ്ടിരുന്ന അമ്പിളിയോട് കഷ്ടിച്ച് കാര്യം പറഞ്ഞു.
വീട്ടിൽ നിന്ന് അര കിലോമീറ്റർ പോലും പിന്നിട്ടിട്ടില്ല. വണ്ടി വഴിയോരത്ത് ഒതുക്കി നിർത്തി. അൽപ്പനേരം ഞങ്ങൾ ഒന്നും സംസാരിച്ചില്ല. പിന്നെ കാറ് കുടുംബവീട്ടിലേക്കു തിരിച്ചു. അനാരോഗ്യം കുറച്ചു നാളായുണ്ടെന്ന് അറിയാമെങ്കിലും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് അറിഞ്ഞിരുന്നില്ല. സമീപവാസി കൂടിയായ ഹരിയണ്ണനെ (എൻ.ഹരികുമാർ) വിളിച്ചു, കമലിനെ വിളിച്ചു. ആശുപത്രിയിൽ നിന്ന് വീട്ടിലേക്കു കൊണ്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണത്രേ.
ഹരിയണ്ണന്റെ കാറിലാണ് ഞങ്ങൾ അവസാന നോക്കിനു പോയത്. അഭിനേതാവല്ലാത്ത, അവതാരകനായ, നെടുമുടി വേണുവിന്റെ വീഡിയോ റഷുകളിൻമേൽ ഏറ്റവും കൂടുതൽ ഒന്നിച്ചു പണിയെടുത്തത്, ഒരു പക്ഷേ, ഹരിയണ്ണനുമൊത്താവും. കുണ്ടമൺകടവിലേക്കുള്ള വഴി മുഴുവൻ ഓർമകളാണ്. ആൾത്തിരക്ക് കൂടും മുമ്പ് ‘തമ്പി'ലെത്തി. നിരവധി പരിചിത മുഖങ്ങൾക്കു നടുവിൽ തന്റെ മഹാജന്മമുപേക്ഷിച്ച് പുഷ്പാലംകൃതമായ കണ്ണാടിപ്പെട്ടിയിൽ ആ നടനശരീരശിഷ്ടം കിടക്കുന്നു. സുശീലച്ചേച്ചിയെയോ വലുതായ ശേഷം കണ്ടിട്ടില്ലാത്ത മക്കളെയോ കാണാതെ പെട്ടെന്നു മടങ്ങി...
കാവ്യ സഹൃദയനായ വേണുച്ചേട്ടന് കവികളോടുള്ള നിരുപാധികമായ സ്‌നേഹാദരങ്ങളായിരുന്നു ആ ആദ്യസമാഗമത്തെ അത്രയേറെ സ്മരണീയവും ചിരകാല സൗഹൃദത്തിന്റെ ആരംഭ നിമിഷവുമാക്കിയതെന്ന് ഇന്നെനിക്ക് നന്നായറിയാം.
പോസ്റ്റൽ അക്കൗണ്ട്‌സ് ഓഡിറ്റിൽ നിന്ന് കടമ്മനിട്ട രാമകൃഷ്ണൻ അടുത്തൂൺ പറ്റുന്നതിനോടനുബന്ധിച്ച് തിരുവനന്തപുരത്തു നടന്ന ഒരു സാംസ്‌കാരിക പരിപാടിയിൽ വച്ചാണ്, പിന്നീട് ചിരകാല സുഹൃത്തായിത്തീർന്ന നെടുമുടി വേണു എന്ന വേണുച്ചേട്ടനെ ആദ്യമായി ഉടലോടെ കാണുന്നത്. നാട്ടിലാകെ ആഘോഷിക്കപ്പെടുന്ന ഒരു വ്യക്തി നമ്മളെ ഇങ്ങോട്ടു വന്നു പരിചയപ്പെടുന്നതും അന്നാദ്യം. അയ്യപ്പപ്പണിക്കരും കടമ്മനിട്ടയുമൊക്കെയുള്ള വേദിയിൽ കുഞ്ഞിപ്പയ്യനായി പമ്മിയിരുന്ന എന്റെ അടുക്കൽ വന്നിരുന്ന് വേണുച്ചേട്ടൻ മുതിർന്ന ഒരു കവിയോടുള്ള അതേ പരിഗണനയോടെ സംസാരിച്ചതും വെള്ളിത്തിരയിൽ നിന്ന് ‘മിന്നൽക്കൊടി മന്നിലിറങ്ങി വന്നുവോ' എന്ന മട്ടുള്ള ഒരമ്പരപ്പിനുശേഷം പെട്ടെന്നു തന്നെ സ്വന്തം ഒരാളോടെന്ന വണ്ണം എനിക്ക് പെരുമാറാൻ കഴിഞ്ഞതും നല്ലതുപോലെ ഓർമയുണ്ട്. കാവ്യ സഹൃദയനായ വേണുച്ചേട്ടന് കവികളോടുള്ള നിരുപാധികമായ സ്‌നേഹാദരങ്ങളായിരുന്നു ആ ആദ്യസമാഗമത്തെ അത്രയേറെ സ്മരണീയവും ചിരകാല സൗഹൃദത്തിന്റെ ആരംഭ നിമിഷവുമാക്കിയതെന്ന് ഇന്നെനിക്ക് നന്നായറിയാം.
പിന്നീട് തിരുവനന്തപുരത്തെ ചില സാംസ്‌കാരിക പരിപാടികൾക്കിടയിൽ വച്ച് കണ്ടിട്ടുണ്ടെങ്കിലും, സി. ഡിറ്റിൽ കമെന്ററി എഴുത്തുകാരനായി കൂടിയ കാലത്താണ് സിനിമാപ്പരിവേഷമൊന്നും തീരെ ഇല്ലാത്ത സ്വന്തം ചേട്ടനായി വേണുച്ചേട്ടൻ മാറിയത്. ദൂരദർശനു വേണ്ടി സി. ഡിറ്റ് നിർമിച്ച ‘ശാസ്ത്രകൗതുകം’ എന്ന സയൻസ് മാഗസിൻ അതിനു നിമിത്തമായി. ദൂരദർശൻ ഏക ടി.വി. ചാനലും സി. ഡിറ്റ് ബീറ്റാകാം ക്യാമറയുള്ള കേരളത്തിലെ ഏക സ്റ്റുഡിയോയും ആയിരുന്ന കാലത്തെ ഒരു ഗ്ലാമറസ് വൈജ്ഞാനിക പരമ്പരയായിരുന്നു ‘ശാസ്ത്രകൗതുകം’.
1993 ആരംഭത്തിലായിരിക്കണം, സി. ഡിറ്റ് ഡെപ്യൂട്ടി ഡയറക്ടറും ഡോക്യുമെന്ററി സംവിധായകനുമായ മോഹൻകുമാറാണ്, എം.ഫിൽ ഒക്കെക്കഴിഞ്ഞ് തേരാപാരാ നടന്നിരുന്ന എന്നെ ആ പരിപാടിയുടെ വിവരണപാഠവും അവതാരകപാഠവും എഴുതാനായി സി. ഡിറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അവിടെ ചെല്ലുമ്പോൾ അറിയുന്നു, പരിപാടിയുടെ അവതാരകൻ സാക്ഷാൽ നെടുമുടിവേണു. വേണുച്ചേട്ടനു വേണ്ടി അന്നെഴുതിയ ആദ്യവാക്യം ഇപ്പോഴും മറന്നിട്ടില്ല: ""പൂച്ചയ്‌ക്കെന്താണ് പൊന്നുരുക്കുന്നിടത്ത് കാര്യം എന്നൊരു ചൊല്ലുണ്ടല്ലോ. അതുപോലെ ഈ ‘ശാസ്ത്രകൗതുക’മെന്ന പരിപാടിയിൽ നെടുമുടി വേണുവിനെന്തു കാര്യം എന്നായിരിക്കും നിങ്ങളിപ്പൊ ചിന്തിക്കുന്നത്. എന്നാൽ കുറച്ചു കാര്യമുണ്ട്....''
ഇന്നത്തെപ്പോലെ അനേകം ചാനലുകളോ കൊച്ചുവർത്താനം തൊട്ട് തെരുവുവക്കാണം വരെയുള്ള അവതരണശൈലികളോ ഒന്നും ഉദയം ചെയ്തിട്ടില്ലാത്ത കാലം. ഒരു മഹാനടന്റെ അനായാസ അഭിനയസിദ്ധി മാത്രമാണ് കൈമുതൽ. അതിന്റെ ചുമലിലേറി അഞ്ചു കൊല്ലവും വിജയകരമായി ഞങ്ങളത് നടപ്പാക്കി.
ചിത്രാഞ്ജലി കാമ്പസിലേക്ക് സ്വന്തം കാറിലുള്ള വേണുച്ചേട്ടന്റെ അന്നത്തെ വരവും ആദ്യത്തെ ഷോട്ടും സിനിമയിലെ ആ അരുമശബ്ദത്തിൽ ‘പൂച്ചയ്‌ക്കെന്താണ് പൊന്നുരുക്കുന്നിടത്ത്...' എന്ന കുസൃതിയായ തുടക്കവും ഇന്നലെയെന്നെ പോലെ ഓർമയിലുണ്ട്.
തുടർന്ന് അഞ്ചു കൊല്ലം തുടർച്ചയായി ഞങ്ങൾ ആ പ്രതിമാസ പരമ്പരയിൽ ഒന്നിച്ചു പ്രവർത്തിച്ചു. കൊല്ലത്തിൽ 12 എണ്ണം വച്ച് 65 ഓളം എപ്പിസോഡുകൾ. അവ അന്നത്തെ മലയാളം ടെലിവിഷൻ ആങ്കറിങ്ങിന് സംഭാവന ചെയ്തത് ചടുലതയും സ്വാഭാവികതയുമൊത്ത പുതിയൊരു അവതരണമാതൃകയായിരുന്നെന്ന് ഇന്നെനിക്ക് ഉറപ്പിച്ചു പറയാനാകും.
ശരാശരി മൂന്നു കാപ്‌സ്യൂളുകൾക്കും ചിലപ്പോൾ ശാസ്ത്രവാർത്തകൾ എന്ന പ്രത്യേക ശകലത്തിനും ആമുഖോപസംഹാരങ്ങൾക്കുമായി ഒരു എപ്പിസോഡിൽ മിനിമം അഞ്ചോ ആറോ തവണ അവതാരകൻ പ്രത്യക്ഷപ്പെടണം. അവയിലെല്ലാം ഉദ്ദിഷ്ട ശാസ്ത്രവിഷയത്തിലേക്കുള്ള സരസമായ പ്രവേശികയ്‌ക്കൊപ്പം നെടുമുടി വേണു എന്ന ജനപ്രിയനടന്റെ ശൈലി, നർമം എന്നിവ കൂടി ചാലിച്ചു ചേർക്കണം. അവതരണമോരോന്നും ദൃശ്യ - ശ്രാവ്യ തലത്തിലും ഉള്ളടക്കത്തിലും വ്യത്യസ്തമായിരിക്കണം. ഏകതാനത അരുതേ അരുത്. ഇന്നത്തെപ്പോലെ അനേകം ചാനലുകളോ കൊച്ചുവർത്താനം തൊട്ട് തെരുവുവക്കാണം വരെയുള്ള അവതരണശൈലികളോ ഒന്നും ഉദയം ചെയ്തിട്ടില്ലാത്ത കാലം. ഒരു മഹാനടന്റെ അനായാസ അഭിനയസിദ്ധി മാത്രമാണ് കൈമുതൽ. അതിന്റെ ചുമലിലേറി അഞ്ചു കൊല്ലവും വിജയകരമായി ഞങ്ങളത് നടപ്പാക്കി.
ഒരു എപ്പിസോഡിന് ശരാശരി അഞ്ച് - ആറ് എണ്ണം എന്ന നിരക്കിൽ നോക്കിയാൽ 350 ഓളം ക്യാപ്‌സ്യൂളുകൾക്ക് ഞാൻ പാഠമെഴുതുകയും വേണുച്ചേട്ടൻ അവതരണം നടത്തുകയും ചെയ്തിട്ടുണ്ട്. ഷൂട്ടിനു വളരെ മുമ്പേ കരടുകളുമായി ഞാൻ വേണുച്ചേട്ടന്റെ സമക്ഷം എത്തും. ചർച്ചകളും തിരുത്തലും മിക്കപ്പോഴും തലേന്നോ രാവിലെ നേരത്തേയോ നടത്തും. പലപ്പോഴും കുണ്ടമൺകടവിലെ ‘തമ്പ് ' വീട്ടിൽ വച്ച്. ചിലപ്പോൾ തിരുവല്ലം കുന്നിലെ പുല്ലുപാകിയ ഉദ്യാനത്തിലോ ചിത്രജ്ഞലിയുടെ ഷൂട്ടിങ്ങ് ഫ്‌ളോറിലോ വച്ച്. മറ്റു ചിലപ്പോൾ സി. ഡിറ്റ് സ്റ്റുഡിയോയ്ക്കുള്ളിലിരുന്ന്. അപൂർവ്വം സന്ദർഭങ്ങളിൽ, ഏതെങ്കിലും സിനിമാ ലൊക്കേഷന്റെ ഒഴിഞ്ഞ കോണിൽ.
ആദ്യനാളുകളിൽ വിവരണ പാഠത്തോടൊപ്പം വേണുച്ചേട്ടനുള്ള അവതരണ പാഠവും അപ്പടി വരമൊഴിവടിവിൽ എഴുതിത്തയ്യാറാക്കിയിട്ടാണ് ഞാൻ ചെല്ലുക. ഒപ്പമിരുന്ന് വേണുച്ചേട്ടൻ അത് വാമൊഴിയിലേക്ക് പരാവർത്തനം ചെയ്യും. അനുവദനീയ മിനിട്ടുകൾക്കും സെക്കന്റുകൾക്കും പാകത്തിന് എഡിറ്റുചെയ്യും. എന്റെ എഴുത്തിലെ ‘കാവ്യനിഷ്ഠ' സങ്കീർണതകൾ ചിലത് വെട്ടിത്തിരുത്തി പരമലളിതമാക്കും. പിന്നെപ്പിന്നെ വേണുച്ചേട്ടന്റെ വാമൊഴിപ്പാകം ഞാൻ പഠിച്ചെടുത്തു. അപൂർവ്വം സന്ദർഭങ്ങളിലൊഴികെ, എന്റെ എഴുത്തും വേണുച്ചേട്ടന്റെ മൊഴിയും പെട്ടെന്നു സിങ്കായി.
തിക്കുറിശ്ശിയുടെ സുദീർഘമായ വീഡിയോ ഇന്റർവ്യൂ ഞങ്ങളെടുത്തത് ഭാവി എപ്പിസോഡുകൾക്കായി കരുതി വച്ചിരിക്കുകയാണ്. അതിലൊരിടത്ത്, ആശുപത്രിയിലിട്ട് ശരീരം വെട്ടിക്കീറിയുള്ള മരണത്തിൽ തനിക്ക് താൽപ്പര്യമില്ലെന്ന് പതിവ് ആത്മഹാസത്തോടെ അദ്ദേഹം പറയുന്നുണ്ട്.
സി. ഡിറ്റിൽ നിന്ന് ഷൂട്ടിങ്ങ് സംഘം എത്തുന്നതിനു മുമ്പേ ഞാനും വേണുച്ചേട്ടനും സന്ധിച്ച് ടെക്‌സ്റ്റൊക്കെ പക്കയാക്കി കഴിഞ്ഞിട്ടുണ്ടാവും. വീട്ടിലാണെങ്കിൽ ഞങ്ങൾ സുശീലേച്ചേച്ചിയുടെ കുട്ടനാടൻ രുചിയുള്ള പ്രാതലോ ഊണോ സംഭാരമോ ഒക്കെ ചെലുത്തി വേണുച്ചേട്ടന്റെ അമ്മാവൻകഥകളോ പഴമ്പുരാണങ്ങളോ കേട്ട് റിലാക്‌സ്ഡ് ആയി ക്രൂവിനെയും കാത്ത് വിശാലമായ ആ നടുമുറിയിലിരിക്കും. അക്കാലത്ത് ആ വീട്ടിൽ ഞങ്ങൾ ‘ശാസ്ത്രകൗതുക’ത്തിനു വേണ്ടി ക്യാമറ വയ്ക്കാത്തതായി ശുചിമുറികളും പശുത്തൊഴുത്തും മാത്രമേ ഉണ്ടാവൂ.
പണ്ട് കണ്ട് അന്തം വിട്ട മരുതിന്റെയും (ആരവം) സേവ്യറുടെയും (വിട പറയും മുമ്പേ) പവിത്രന്റെയും (കള്ളൻ പവിത്രൻ) തുന്നൽ മേസ്തിരിയുടെയും (ഒരിടത്തൊരു ഫയൽവാൻ) ചെല്ലപ്പനാശാരിയുടെയു (തകര) മെല്ലാം പരിവേഷങ്ങളഴിഞ്ഞ് എനിക്ക് എപ്പോഴും കയറിച്ചെല്ലാവുന്ന സ്‌നേഹസ്വാതന്ത്ര്യങ്ങളുടെ വീടായി വേണുച്ചേട്ടൻ.
‘ശാസ്ത്രകൗതുക’ത്തിനു ശേഷം, ഇന്നു ഞങ്ങളോടൊപ്പമില്ലാത്ത ജോസ് തോമസും ഞാനും ചേർന്നു സംവിധാനം ചെയ്ത ‘ശേഷം വെള്ളിത്തിരയിൽ' എന്ന മലയാള സിനിമാചരിത്രപരമ്പരയുടെയും അവതാരകൻ നെടുമുടി വേണുവായിരുന്നു. കെ.എസ്.എഫ്.ഡി.സി. ദൂരദർശനുവേണ്ടി നിർമിച്ച സ്‌പോൺസേർഡ് പരമ്പരയായിരുന്നു അത്. അതിന്റെ അവതരണങ്ങൾ ഷൂട്ട് ചെയ്തതും ‘ശാസ്ത്രകൗതുക’ത്തിന്റെ തുടർച്ച പോലെ. സി.ഡിറ്റിന്റെ അതേ ക്രൂ, അതേ സ്റ്റുഡിയോ, ചിത്രാജ്ഞലിയും ‘തമ്പ്’ വീടുമൊക്കെ ഉൾപ്പെട്ട അതേ ലൊക്കേഷനുകൾ... പക്ഷേ ഒരു പ്രധാന വ്യത്യാസം - ഇവിടെ വേണുച്ചേട്ടൻ പൊന്നുരുക്കുന്നിടത്തെ പൂച്ചയല്ല. സിനിമ എന്ന സങ്കേതമുണ്ടായി വന്ന കഥ മുതൽ മലയാള സിനിമാചരിത്രത്തിന്റെ നാൾവഴികൾ വരെയെത്തുന്ന ചരിത്രം കോർത്തു കോർത്തെടുത്തു കൊണ്ടുള്ള അവതരണങ്ങളിലെ വേണുച്ചേട്ടന്റെ ആധികാരികതയും ആനന്ദോത്സാഹങ്ങളും ഒന്നു വേറെ തന്നെയായിരുന്നു.
ആ പരമ്പര ചെയ്തുകൊണ്ടിരിക്കെ അതിനായി ഞങ്ങൾ ഇന്റർവ്യൂ ചെയ്ത ചില മുതിർന്ന ചരിത്ര വ്യക്തിത്വങ്ങൾക്കുമേൽ കാലയവനിക വീഴുന്നുണ്ടായിരുന്നു. മലയാള വിനോദസിനിമയിലെ ആദ്യ സൂപ്പർ താരം എന്നു വിശേഷിപ്പിക്കാവുന്ന തിക്കുറിശ്ശിയുടെ മരണമാണ് അക്കൂട്ടത്തിലൊന്ന്. തിക്കുറിശ്ശിയുടെ സുദീർഘമായ വീഡിയോ ഇന്റർവ്യൂ ഞങ്ങളെടുത്തത് ഭാവി എപ്പിസോഡുകൾക്കായി കരുതി വച്ചിരിക്കുകയാണ്. അതിലൊരിടത്ത്, ആശുപത്രിയിലിട്ട് ശരീരം വെട്ടിക്കീറിയുള്ള മരണത്തിൽ തനിക്ക് താൽപ്പര്യമില്ലെന്ന് പതിവ് ആത്മഹാസത്തോടെ അദ്ദേഹം പറയുന്നുണ്ട്. ഒരു മേജർ സർജറിയിലെ മുറിവുകളോട് പൊരുതിയാണ് തിക്കുറിശ്ശിച്ചേട്ടൻ പോയത്. അറം പറ്റിയ ആ അഭിമുഖം എഡിറ്റു ചെയ്തു ചേർത്ത് ഒരു സ്മരണാജ്ഞലി വരും ലക്കത്തിലേക്ക് ജോസും ഞാനും പ്ലാൻ ചെയ്തു. ചിത്രാജ്ഞലി ഫ്‌ളോറിൽ ഏതോ സിനിമാക്കാർ ഇട്ടു പോയ ഒരു വിന്റോ ബ്‌ളൈന്റിന്റെ സെറ്റ് കിടപ്പുണ്ടായിരുന്നു.
കെ.ജി. ജയന്റെ ക്യാമറ അതിൽ നിന്ന് മെല്ലെ പാൻ ചെയ്ത് നെടുമുടി വേണുവിലെത്തുമ്പോൾ തിക്കുറിശ്ശിയെക്കുറിച്ച് വികാരഭരിതമെങ്കിലും സംയമമുള്ള വാക്കുകൾ ഉരുവിടുന്ന അവതാരകൻ. ഒറ്റ ടേക്കിൽ അത് ഓകെയായി. വല്ലാത്തൊരു മൗനം വന്നു മൂടിയ മനോഹരമായ ടേക്ക്.... അന്ന് എന്റെ പാഠം കടന്ന് വേണുച്ചേട്ടൻ സ്വന്തം തിക്കുറിശ്ശിയെ വാക്കുകൾ കൊണ്ട് വരച്ച ആ ദൃശ്യം നല്ല ഓർമയുണ്ട്; ഞാനെഴുതിയതും വേണുച്ചേട്ടൻ പറഞ്ഞതും കൃത്യം ഓർക്കുന്നില്ലെങ്കിലും.
വേണുച്ചേട്ടനുമൊത്തുള്ള ഏറ്റവും അസുലഭമായ ദിനങ്ങൾ ചെലവിട്ടത്
ഇമേജ് കമ്യൂണിന്റെ ബാനറിൽ രാജീവ് വിജയരാഘവൻ സംവിധാനം ചെയ്ത മാർഗം സിനിമയുടെ ഷൂട്ടിങ്ങ് കാലത്താണ്.
‘ശാസ്ത്രകൗതുകം’ പോലെ നീണ്ടില്ല വെള്ളിത്തിര. എണ്ണം പറഞ്ഞ 13 എപ്പിസോഡുകൾകൾക്കും നാടു മുഴുവൻ തെണ്ടിയുള്ള വിപുലമായ ആർക്കൈവിങ്ങിനും ശേഷം പോലും കെ.എസ്.എഫ്.ഡി.സി. ഞങ്ങളുടെ തുച്ഛമായ പ്രതിഫലം വർദ്ധിപ്പിച്ചു തരാത്തതിൽ മനംമടുത്ത് 70 കൾ മുതലിങ്ങോട്ടുള്ള, വേണുച്ചേട്ടൻ കൂടി നേരിട്ട് ഭാഗഭാക്കായ, സിനിമാചരിത്രത്തിന്റെ റഷ് അപ്പാടെ സ്റ്റുഡിയോയിൽ ഉപേക്ഷിച്ച് ഞങ്ങളുടെ സംഘം കളംവിട്ടു. നെടുമുടി വേണുവിനെ വെള്ളിത്തിരയേറ്റിയ തമ്പ് സിനിമയുടെ ചരിത്രം അവതരിപ്പിക്കും മുമ്പ് പരമ്പര നിന്നുപോയതിൽ വേണുച്ചേട്ടന് മനോവിഷമമുണ്ടായിട്ടുണ്ടാവാം. ഞാൻ ചോദിച്ചിട്ടില്ല. ഞങ്ങൾ അവസാനിപ്പിക്കുന്ന വിവരം പക്ഷേ, സകാരണം അറിയിച്ചിരുന്നു.
കെ.എസ്. എഫ്. ഡി.സി.യുടെ നിർദ്ദേശപ്രകാരം മറ്റൊരാൾ ആ റഷിൽ നിന്ന് ചില എപ്പിസോഡുകൾ ഉണ്ടാക്കിയതായി അറിയാം. അത് അവതരിപ്പിച്ചത് വേണുച്ചേട്ടൻ തന്നെയാണോ എന്ന് ഇപ്പോഴും എനിക്കറിയില്ല. ജോസിനറിയാമായിരിക്കും. മരിച്ചു ചെല്ലുമ്പോൾ ജോസിനോടും വേണുച്ചേട്ടനോടും ശശിയോടും അക്കാര്യം ചോദിച്ചറിയണം.
വേണുച്ചേട്ടനുമൊത്തുള്ള ഏറ്റവും അസുലഭമായ ദിനങ്ങൾ ചെലവിട്ടത്
ഇമേജ് കമ്യൂണിന്റെ ബാനറിൽ രാജീവ് വിജയരാഘവൻ സംവിധാനം ചെയ്ത മാർഗം സിനിമയുടെ ഷൂട്ടിങ്ങ് കാലത്താണ്. അത് പട്ടം സംഘം എന്നറിയപ്പെട്ടിരുന്ന ഒരു പറ്റം സ്വപ്നജീവികളുടെ സാഫല്യം കൂടിയായിരുന്നു.
രാജീവിന്റെ സിനിമയായിരിക്കെത്തന്നെ ഞങ്ങളെല്ലാരുടെയും സിനിമയാണ് മാർഗം. എല്ലാവരുടെയും എന്നാൽ പട്ടം വൃന്ദാവൻ ഹൗസിങ്ങ് കോളനിയിലെ എം.എഫ് 4 - 224 എന്ന ഫ്‌ളാറ്റിൽ ഒത്തുചേർന്നിരുന്ന എല്ലാവരുടെയും.
ബാനറിന്റെ പേര് സൂചിപ്പിക്കും പോലെ സുഹൃത്തുക്കളുടെ വലിയൊരു കമ്യൂൺ തന്നെയായിരുന്നു അത്. മൂലകഥയിൽ എം.സുകുമാരൻ പരാമർശിക്കുന്ന ഇടത്തരം ഹൗസിംഗ് കോളനിയുടെയും പട്ടത്തെ ഞങ്ങളുടെ ഹൗസിങ് ബോർഡ് അപ്പാർട്ട്‌മെമെന്റുകളുടെയും അന്തരീക്ഷം സമാനമായതിനാൽ സിനിമയിലെ വേണുകുമാരമേനോന്റെ വീടിന്റെ ലൊക്കേഷന് വേറെ എവിടെയും പോവേണ്ടി വന്നില്ല. ഇന്ന് മാർഗം വീണ്ടും കാണുമ്പോൾ, സിനിമയ്ക്കു ശേഷം ഞങ്ങൾക്ക് ഒഴിഞ്ഞു കൊടുക്കേണ്ടി വന്ന എം.എഫ് 4 - 224 കാണുമ്പോൾ, പതിറ്റാണ്ടുകൾ സംഘംകൂടി ജീവിച്ച മുറികളിലും ബാൽക്കണിയിലും ടെറസ്സിലും പടവുകളിലും കഥാപാത്രമായി പരക്കുന്ന വേണുച്ചേട്ടനെ കാണുമ്പോൾ, പട്ടത്തെ സംഘജീവിതത്തിന്റെ പിതൃബിംബം പോലെ വെളിപ്പെടുന്നു, ആ രൂപം, ആ ശബ്ദം, ആ അഭിനയം....
ഞാൻ വേണുച്ചേട്ടനെ നോക്കി. കക്ഷി കൂൾ. പറഞ്ഞതനുസരിച്ച് സംഭവം ഭാവികാലത്തിലായിരിക്കുകയാണ്! എനിക്ക് തലചുറ്റി. രാജീവിനോടും പരമശാന്തനായ അസോസിയേറ്റ് ഡയറക്ടർ മഹേഷിനോടും ഒമ്പത് പത്തായ വിവരം തെര്യപ്പെടുത്തി. വേണുവിനോട് പറയാനുള്ള ധൈര്യമുണ്ടായില്ല.
ഡയലോഗ് പഠിപ്പിക്കലും നിവൃത്തിയില്ലാത്തപ്പോൾ പ്രോംപ്റ്റ് ചെയ്യലുമായിരുന്നു എന്റെ പ്രധാന പണി. വേണുച്ചേട്ടൻ ഒട്ടുമുക്കാലും കാണാതെ പഠിക്കും. എന്നുമാത്രമല്ല, ഞങ്ങൾ തമ്മിൽ ശാസ്ത്രകൗതുകകാലം മുതലുള്ള കെമിസ്ട്രി എന്റെ ജോലി അനായാസമാക്കി. വേണുച്ചേട്ടന്
കാര്യമായ പ്രോംപ്റ്റിങ് വേണ്ടി വന്നതും പ്രോംറ്റർ മുൾമുനയിൽ നിൽക്കേണ്ടിവന്നതുമായ ഒരേയൊരു സന്ദർഭം വേണുകുമാരമേനോൻ ട്യൂട്ടോറിയൽ കോളേജിൽ ഫിസിക്‌സ് പഠിപ്പിക്കുന്ന സീൻ റൗണ്ട് ട്രോളിയിൽ സിംഗിൾ ഷോട്ടായി ചിത്രീകരിച്ചതാണ്. പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിഞ്ഞാൽ സമയത്തെ മുറിച്ച് ഭൂതകാലത്തിലേക്കു കടക്കാമെന്നെ ഐൻസ്റ്റീൻ സിദ്ധാന്തത്തിന്റെ സരസമായ ആഖ്യാനമാണ് വിഘ്‌നമില്ലാത്ത ഒറ്റ ദൃശ്യവും ശ്രാവ്യവുമായി ചിത്രീകരിക്കേണ്ടത്. ക്യാമറ വേണുവിന്റെയും നെടുമുടി വേണുവിന്റെയും നേതൃത്വത്തിൽ ഞങ്ങൾ ലൊക്കേഷനിലിരുന്ന് ഇംപ്രൊവൈസ് ചെയ്ത നീണ്ട ഡയലോഗ് ആണ് ശ്രാവ്യം. റൗണ്ട് ട്രോളിയിൽ വട്ടംചുറ്റിക്കൊണ്ടേയിരിക്കുന്ന ക്യാമറയുടെ പിന്നാലെ നടന്നു വേണം പ്രോംപ്റ്റ് ചെയ്യാൻ. ഒന്നോ രണ്ടോ റിഹേഴ്‌സൽ. ഇതൊന്നും പുത്തരിയല്ലാത്ത രണ്ടു വേണുമാരും ടേക്കിലേക്ക് പോകാൻ റെഡി. വേണുച്ചേട്ടൻ എന്നെ അടുത്തു വിളിച്ച് പാളാൻ സാധ്യതയുള്ള ഒന്നു രണ്ടു സ്ഥലങ്ങളിൽ പ്രോംപ്റ്റിങ്
ടൈം ചെയ്യണ്ടെങ്ങനെയെന്നു പറഞ്ഞു തന്നു. ചില ഹൈ ലൈറ്റ് പോയിന്റുകളും സൂചിപ്പിച്ചു.
പനയോലത്തട്ടിയിട്ട പഴയ തരം ക്ലാസ് മുറി. ബ്ലാക് ബോർഡിൽ വേണു വരച്ച ക്ലോക്കും പ്രകാശവീചിയും ആൾമുഖവും. ക്യാമറ റോളിങ്ങ്... ബോർഡിലേക്ക് ചൂണ്ടി വേണുകുമാരമേനോൻ ക്ലാസെടുത്തു തുടങ്ങി.
മുക്കാൽ ഭാഗം വരെ എല്ലാം ഓകെ: ‘ഈ ക്ലോക്കിൽ ഇപ്പോൾ പത്തു മണിയായി. പത്തുമണിയായി എന്ന് നമ്മൾ എങ്ങനാ അറിയുന്നത്? ക്ലോക്കിൽ വീഴുന്ന ലൈറ്റ് അവിടുന്ന് സഞ്ചരിച്ച് നമ്മടെ കണ്ണിൽ വീഴുമ്പഴാണ് പത്തുമണിയായി എന്നു നമ്മളറിയുന്നത്. ആണല്ലോ. ഇനി, ഈ ലൈറ്റ് നമ്മടെ കണ്ണിൽ വീഴുന്നതോടൊപ്പം, നമ്മള് അതേ സ്പീഡിൽ, അതായത് ലൈറ്റിന്റെ സ്പീഡിൽ പൊറകോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നൂന്നു വിചാരിക്കുക. എന്തു സംഭവിക്കും? ക്ലോക്കിൽ സമയം പത്തുമണിയായിത്തന്നെ നിൽക്കും. ഇനി നമ്മൾ ലൈറ്റിന്റെ വേഗത്തിനെക്കാൾ കൊറച്ചൂടെ വേഗത്തിൽ പൊറകോട്ടു പോകുന്നൂന്ന് വിചാരിക്കുക. അപ്പൊ എന്തു സംഭവിക്കും? അപ്പൊ പത്തുമണിക്കുമുമ്പ് ക്ലോക്കിൽ നിന്ന് പുറപ്പെട്ട വെളിച്ചം നമ്മടെ യാത്രയ്ക്കിടയിൽ വഴിയിൽ വച്ച് നമ്മടെ കണ്ണിൽ പതിക്കും. അപ്പൊ എന്തു സംഭവിക്കും? നമ്മടെ ക്ലോക്കില് പത്തു മണീന്നൊള്ളത് ....'
അവിടെ വേണുച്ചേട്ടന്റെ നാവു പിഴച്ചു: ‘... പത്തു മണീന്നൊള്ളത് പത്ത് അമ്പത്തൊമ്പത് ആയി കാണും...'
എന്റെ തലയിലൂടൊരു കൊള്ളിയാൻ പാഞ്ഞു. ‘ഒമ്പത് അമ്പത്തൊമ്പത് ആയിക്കാണും' എന്നു തന്നെയല്ലേ ഞാൻ പ്രോംപ്റ്റ് ചെയ്തത് ? ആണല്ലോ ... അല്ലേ? വേണുച്ചേട്ടൻ കൂളായി തുടരുന്നു: ‘...അതിന്റെ അർത്ഥം നമ്മൾ നമ്മുടെ ഭൂതകാലത്തിലായിരിക്കുന്നു എന്നാണ്. അത് സാധ്യമാണോ?'
വേണുവിന്റെ ക്യാമറയും തുടരുന്നു.
ടേക്ക് നീണ്ടകര ഘോഷത്തോടെ ഓകെയാവുന്നു.
ഞാൻ വേണുച്ചേട്ടനെ നോക്കി. കക്ഷി കൂൾ. പറഞ്ഞതനുസരിച്ച് സംഭവം ഭാവികാലത്തിലായിരിക്കുകയാണ്! എനിക്ക് തലചുറ്റി. രാജീവിനോടും പരമശാന്തനായ അസോസിയേറ്റ് ഡയറക്ടർ മഹേഷിനോടും ഒമ്പത് പത്തായ വിവരം തെര്യപ്പെടുത്തി. വേണുവിനോട് പറയാനുള്ള ധൈര്യമുണ്ടായില്ല.
എല്ലാവർക്കും സംഗതി കത്തിയിരുന്നു. വീഡിയോ കാലമല്ല. എടുത്തത് റഷ് പ്രിൻറ് ആവും വരെ കാണാനാവില്ല. മാത്രമല്ല, നെടുങ്കൻ ടേക്കുകൾ പാളി റീ ടേക്കിലേക്ക് പോവുമ്പോഴെല്ലാം തീവിലയുള്ള അനേക അടി ഒപ്റ്റിക്കൽ ഫിലിം ആണ്, കത്തിപ്പോകുന്നത്. കാശാണ് കാലിനടിയിലെ മണ്ണുപോലെ ഒലിച്ചു പോവുന്നത്. ഞാനും മഹേഷും ഒതുക്കത്തിൽ വേണുച്ചേട്ടനെ സമീപിച്ചു. പത്ത് ഒമ്പത് എന്ന് ചുണ്ടനക്കി നോക്കിയിട്ട് വേണുച്ചേട്ടൻ പുഞ്ചിരിയോടെ പറഞ്ഞു:‘അത് പ്രശ്‌നമില്ല. നമക്ക് ഡബ്ബിങ്ങിൽ ശരിയാക്കാം. ലിപ് അടിക്കില്ല.'
അതെ, നെടുമുടി വേണുവിന്റെ ഡബ്ബിങ്ങിൽ ഇരുചെവിയറിയാതെ, ഒരു കണ്ണിലും പെടാതെ, 10.59 9.59 ആയി. E = MC എന്ന മഹത്തായ കണ്ടുപിടിത്തം ഒരു വലിയ സൈദ്ധാന്തിക പ്രതിസന്ധിയെ അനായാസം അതിജീവിക്കുകയും ചെയ്തു.
ആ ശബ്ദപഥങ്ങളുടെയെല്ലാം നാഥനായ ഹരിയണ്ണന്റെ കാറിൽ
അവസാനനോക്കിനായി പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഒടുക്കം ഫോണിൽ സംസാരിച്ചത് ജോസിന്റെ മരണമുണ്ടാക്കിയ തളർച്ചയെപ്പറ്റി. വേണുവിന്റെ അച്ഛന്റെ ശവദാഹത്തിന് എത്താനാവാതെ വിഷമിച്ചപ്പോൾ, ‘പോര്, വെളുപ്പിന് ഏറ്റുമാനൂര് കാത്തു നിൽക്കാം' എന്ന് വാക്കു കൊടുത്ത ജോസിന്റെ ഫോണിൽ അങ്ങോട്ടുള്ള യാത്രക്കിടയിൽ തുടർച്ചയായി വിളിച്ചു കൊണ്ടിരുന്നത്രേ, വേണുച്ചേട്ടൻ. ഒടുക്കം ഫോൺ എടുത്തത് ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും ഇളയവൻ ഉണ്ണി: ‘ജോസേട്ടൻ മരിച്ചു പോയി, ഏറ്റുമാനൂരുന്ന് വരുന്ന വഴി, കാറിടിച്ച് '
വെളുപ്പിന്, ഏറ്റുമാനൂർക്കുള്ള പെരുവഴിയിൽ മറ്റൊരു കാറിലായിരുന്നു വേണുച്ചേട്ടനപ്പോൾ.
ഞങ്ങളുടെ അവസാന ഫോൺ സംഭാഷണത്തിൽ, ആ തീനിമിഷമോർത്ത് വേണുച്ചേട്ടൻ വിതുമ്പി. ഞാനും ശബ്ദമില്ലാതെ വിതുമ്പി. നമ്മളെല്ലാം വളരെ ചെറുപ്പമാണ് വേണുച്ചേട്ടാ. അതുകൊണ്ടാണ് കരച്ചിൽ വരുന്നത്. വൃദ്ധർ കരയില്ല. ▮
(ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിക്കുന്ന നെടുമുടി വേണു സ്മരണകളുടെ പുസ്തകമായ ‘നാട്യപ്രകാര’ത്തിനു (എഡിറ്റർ: വി.കെ. ശ്രീരാമൻ) വേണ്ടി എഴുതിയ ഓർമ ലേഖനം)
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.