റസാഖ് കോട്ടക്കല്‍

അവധൂതന്റെ
ഫോട്ടോഗ്രാഫുകൾ

ഫോട്ടോഗ്രാഫറായ റസാഖ് കോട്ടക്കല്‍ മരിച്ചിട്ട് ഏപ്രിൽ 9-ന് ഒരു വ്യാഴവട്ടം പിന്നിട്ടു. കേരളത്തിലെ പ്രമുഖ ഫോട്ടോഗ്രാഫർ എന്ന നിലയ്ക്ക് റസാഖിനെയും അദ്ദേഹത്തിന്റെ കലയെയും കാലത്തെയും ഓർമ്മിച്ചെടുക്കുന്നു, ഡോ. ഉമർ തറമേൽ.

തൊരു ആർട്ടിസ്റ്റും എഴുത്തുകാരും അവരുടെ കലയിലൂടെയും എഴുത്തിലൂടെയുമാണ് ഓർമിക്ക പ്പെടുക. അതേസമയം, ഓർമ്മയ്ക്ക് ഓരോ കാലവും അനുവദിച്ച ഈടുകളുണ്ട്. അതത് കാലത്തെ മാധ്യമീകരണരീതികളെ അവലംബിച്ചായിരിക്കും അവ നിലകൊള്ളുക. അച്ചടിമാഹാത്മ്യ മാധ്യമക്കാലത്തെപ്പോലെയായിരിക്കില്ല പുതിയ ഡിജിറ്റൽ കാലത്ത് അവ നിലനിൽക്കുക.

സ്ഥല - കാലങ്ങളെ സൃഷ്ടിക്കുന്നതിൽ ഓരോ കാലത്തെയും മാധ്യമങ്ങൾക്ക് പങ്കുണ്ട്. അവയുടെ രൂപവും ഉള്ളടക്കവും തമ്മിലുള്ള ബന്ധത്തിന്റെ തോതനുസരിച്ചാണ്, കാലവും മനുഷ്യരും തമ്മിലുള്ള ഹൃദയബന്ധത്തെ അവ നിർമ്മിച്ചെടുക്കുക. മനുഷ്യരും തൊഴിൽബന്ധങ്ങളും അവ വിനിമയം ചെയ്യുന്ന രീതിയും ഓരോ കാലത്തെയും ഓർമ്മയെയും ചരിത്രത്തെയും പരസ്പരം സ്വാധീനിക്കുന്നു. വേഗതയാണ് ചരിത്രം എന്നു പറയാറുണ്ട്. ശാസ്ത്ര - വാർത്താവിനിമയ സാങ്കേതികതയാണ്, വേഗതയുടെ ഗതിവേഗത്തെ നിർണ്ണയിക്കുന്നതിലൊരു മുഖ്യ ഉപാധി.

അച്ചടിക്കാലത്തുനിന്ന് പ്രതീതി മാധ്യമക്കാലത്തേക്ക് വരുന്നതോടെ മൗലികമായ മാറ്റമാണ് മനുഷ്യ ബന്ധങ്ങളിലും വ്യവഹാരങ്ങളിലും വന്നുപെട്ടിരിക്കുന്നത്. ടെലിവിഷന്റെ വരവോടെ ഉണ്ടായ ഈ മാറ്റത്തെ മാർഷൽ മക് ലൂഹൻ, മാധ്യമങ്ങളുടെ രൂപവും ഉള്ളടക്കവും തമ്മിലുണ്ടാവുന്ന ബന്ധത്തിന്റെ അടിസ്ഥാനത്തിൽ വിസ്തരിച്ചു വിലയിരുത്തിയിട്ടുണ്ട്. അച്ചടിക്കാലത്തുനിന്ന് നമ്മുടെ കാലത്തേക്ക് വരുമ്പോൾ ഓർമ്മയ്ക്ക് സംഭവിക്കുന്നത് കഠിനമായ ചിതറൽ ആണ്. അച്ചടിക്കാലത്തും ഡിജിറ്റൽ പ്രധാന കാലത്തും ജീവിച്ചവർ കാലത്തിന്റെ ഇരുവശവും തൊട്ടവരാണ്.

റസാഖ് കോട്ടക്കൽ എന്ന ഫോട്ടോഗ്രാഫർ സുഹൃത്തിന്റെ മരണശേഷം, ജീവിക്കുന്നവരുമായി ഇപ്പോൾ അദ്ദേഹത്തിനുള്ള ബന്ധത്തെക്കുറിച്ച് ചിലപ്പോഴെങ്കിലും ഞാൻ ആലോചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണശേഷം ഓരോവർഷവും അദ്ദേഹത്തെ സ്മരിക്കാൻ, കാലത്തിന്റെ പുതിയ വിഷയങ്ങളുമായി സുഹൃത്തുക്കൾ ഒരുമിച്ചു കൂടുകയുണ്ടായിട്ടുണ്ട്. എന്നുവെച്ചാൽ, മരിച്ചവർ നമ്മെവിട്ട് പിരിഞ്ഞുപോകുന്നില്ല. റസാഖിനെപ്പോലെ ഒരു കലാകാരനാവുമ്പോൾ പ്രത്യേകിച്ചും. അവർ അവസാനിപ്പിച്ചുപോയ ജീവിതത്തുടർച്ചയെ പുതിയ ശൈലിയിൽ റീ - ഡിസൈൻ ചെയ്തുകൊണ്ടുള്ള അനുസ്മരണങ്ങൾ എന്ന നിലയ്ക്ക്, മരിച്ചവരുടെ കാലത്തെ വർത്തമാനത്തോടൊപ്പം ചേർത്തുപിടിക്കയാണ്.

കറുപ്പിലും വെളുപ്പിലും അയാൾ തീർത്ത ഛായാ മായാജാലങ്ങളാണ്, റസാഖിനെ ഏറ്റവും മിഴിവുള്ള കലാകാരനാക്കിത്തീർത്തത്. അതേസമയം, കളർ മീഡിയത്തിലും റസാഖ് ഇതിഹാസം രചിച്ചു.

റസാഖ്, അച്ചടിക്കാലത്തിന്റെ സൗഹൃദ സൗഭാഗ്യങ്ങളെ ഏറെ ജീവിതത്തിലും കലയിലും നിലനിർത്തിയ ഒരാളായിരുന്നു. ഫോട്ടോഗ്രാഫിയും സിനിമയും എഴുത്തും അയാളുടെ മുഖ്യ കലാ പന്ഥാവുകളായിരുന്നു. എന്നാൽ ഫോട്ടോഗ്രാഫിയിലും ഒരുപക്ഷേ സിനിമയിലും റസാഖ് മുഖ്യമായും എസ് ഏൽ ആർ/സെല്ലുലോയ്ഡ് കാലത്തിന്റെ പ്രതിനിധിയായിരുന്നു. കറുപ്പിലും വെളുപ്പിലും അയാൾ തീർത്ത ഛായാ മായാജാലങ്ങളാണ്, റസാഖിനെ ഏറ്റവും മിഴിവുള്ള കലാകാരനാക്കിത്തീർത്തത്. അതേസമയം, കളർ മീഡിയത്തിലും റസാഖ് ഇതിഹാസം രചിച്ചു. പ്രകൃതിയും, സസ്യലതാദികളും പൂക്കളും ചെറുജീവികളും കലാ പെർഫോമൻസുകളുമൊക്കെയാണ് റസാഖിന്റെ ഛായക്കൂട്ട് ഫോട്ടോഗ്രാഫിയിൽ കൂടുതൽ ജ്വലിച്ചത്. മകുടങ്ങളും മനുഷ്യരും ബ്ലാക് & വൈറ്റിൽ കൂടുതൽ ആഴങ്ങളെ സൃഷ്ടിച്ചു. ഡിജിറ്റൽ ടെക്നോളജിയിലേക്ക് കാലം മെല്ലെ ചെരിയുന്ന തൊണ്ണൂറുകളോടെ റസാഖ് കലയിൽ ഏറെ അലോസരങ്ങൾ സഹിക്കാൻ തുടങ്ങിയെന്നു പറയുന്നതാവും ശരി. അത് കാലത്തിന്റെ മാറ്റത്തെ ആർജ്ജിച്ചെടുക്കാനുള്ള കഴിവുകേട് കൊണ്ടായിരുന്നില്ല. മറിച്ച്, കാലത്തെക്കുറിച്ചും മനുഷ്യബന്ധങ്ങളെക്കുറിച്ചും അവർ ഇടപെടുന്ന ചരിത്രത്തെക്കുറിച്ചും താൻ അടിയുറച്ചു വിശ്വസിച്ചിരുന്ന ചില പ്രത്യയശാസ്ത്ര കാരണങ്ങളാൽ ആയിരുന്നു, എന്നുവേണം കരുതാൻ. അത്രമാത്രം ബ്ലാക് & വൈറ്റ് ഫോട്ടോഗ്രാഫി അയാളുടെ കലാസ്വത്വ വിചാരവുമായി ഹൃദയബന്ധത്തിലായിരുന്നു.

സിനിമാട്ടോഗ്രാഫി റസാഖിന്റെ കലാചോദനയെ അടിസ്ഥാനപരമായി സ്പർശിച്ച ഒന്നായിരുന്നില്ല. സ്ഥായിയായി അദ്ദേഹം സ്റ്റിൽ ഫോട്ടോഗ്രാഫിയുടെ കലാകാരനായിരുന്നു. സിനിമ, അദ്ദേഹത്തെ അതിലേക്ക് വലിച്ചിഴച്ചതാണ്. കാലത്തോട് പൊരുതാൻ, ബാഹ്യമായ ഒരു ഉപകരണമായേ റസാഖ് സിനിമയെ കണ്ടിട്ടുള്ളൂ, എന്നാണ് എന്റെ കണക്കുകൂട്ടൽ.

‘പല പോസിലുള്ള ഫോട്ടോകൾ’ എന്ന കവിതയ്ക്ക് ബീജാവാപം ചെയ്തത് റസാഖ് എന്ന ഫോട്ടോഗ്രഫറുടെ സാന്നിധ്യമായിരുന്നു, എന്ന് കെ.ജി.എസ് അടുത്തകാലത്തു മാത്രമാണ് വെളിപ്പെടുത്തിയത്. കളർ പ്രിന്റിനേക്കാൾ റസാഖിൽനിന്ന് എഴുത്തുകാരും /മനുഷ്യരും ആഗ്രഹിച്ചത് കറുപ്പിലും വെളുപ്പിലുമുള്ള ചിത്രകവിതയായിരുന്നു. റസാഖിന്റെ ബ്ലാക് & വൈറ്റ് ചിത്രത്തിലും വിജയന്റെ കാർട്ടൂണിലും ഒരുപക്ഷേ വ്യാഖ്യാനിച്ചുതീരാത്ത കഥകളുണ്ട്, എന്നെനിക്ക് തോന്നിയിട്ടുണ്ട്. ബാഹ്യചിത്രത്തെയല്ല, ഉൾക്കണ്ണിൽപ്പതിയുന്ന ഇമേജിന്റെ കാതൽ ആയിരിക്കണം സിദ്ധിയുള്ള ഛായാഗ്രാഹകർ കാണേണ്ടത് എന്നായിരുന്നു റസാഖിന്റെ പ്രമാണം. ബാഹ്യചിത്രം പൊള്ളയാണ്. ഗർഭഗൃഹമില്ലാത്ത ക്ഷേത്രം പോലെയാണത്. അതുകൊണ്ട് റസാഖിന്റെ ക്യാമറയ്ക്ക് ഒരു സൂഫിയുടെയോ മിസ്റ്റിക്കിന്റെയോ ടച്ചുണ്ട്. അതായിരുന്നു, ഒരുപക്ഷേ റസാഖ് ഫോട്ടോകളിൽ ആസ്വാദകർ വല്ലാതെ ആഗ്രഹിച്ചുപോയത്.

സിനിമയിൽ, അടൂരിന്റെ നിഴൽക്കുത്തിൽ മാത്രമാണ് റസാഖ് സ്റ്റിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിച്ചത് എന്നാണോർമ്മ. റസാഖിന്റെ ഫോട്ടോഗ്രാഫ് സ്വകീയവഴിയിൽ നിന്ന് മടക്കം തുടങ്ങിയ കാലമാണത്. ‘നാലു പെണ്ണുങ്ങളു’ടെ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ റസാഖിനെ വിളിച്ച അടൂരിന്റെ ഫോൺകാളുകൾ വെറുതെയായി. അക്കഥ അടൂർ വിസ്തരിച്ചുപറഞ്ഞിട്ടുണ്ട്.

റസാഖ്, അച്ചടിക്കാലത്തിന്റെ സൗഹൃദ സൗഭാഗ്യങ്ങളെ ഏറെ ജീവിതത്തിലും കലയിലും നിലനിർത്തിയ ഒരാളായിരുന്നു. ഫോട്ടോഗ്രാഫിയും സിനിമയും എഴുത്തും അയാളുടെ മുഖ്യ കലാ പന്ഥാവുകളായിരുന്നു.
റസാഖ്, അച്ചടിക്കാലത്തിന്റെ സൗഹൃദ സൗഭാഗ്യങ്ങളെ ഏറെ ജീവിതത്തിലും കലയിലും നിലനിർത്തിയ ഒരാളായിരുന്നു. ഫോട്ടോഗ്രാഫിയും സിനിമയും എഴുത്തും അയാളുടെ മുഖ്യ കലാ പന്ഥാവുകളായിരുന്നു.

ജോഷി ജോസഫിന്റെ ഡോക്യു - ഫിക്ഷൻ ചലച്ചിത്രങ്ങൾക്കാണ് മറ്റൊരു സന്ദർഭത്തിൽ റസാഖ് സജീവമായി ക്യാമറ ചലിപ്പിച്ചത്. അതൊരു അസാധാരണ കൂട്ടുകെട്ടായിരുന്നു - മെയ്ഡ് ഫോർ ഈച്ച് അദർ. ‘Status-quo’, ‘Walking Dead’ തുടങ്ങിയ സിനിമകൾ റസാഖ് ഇല്ലാതെ ഞാൻ ചെയ്യുമായിരുന്നില്ല എന്നുതന്നെ ജോഷി പറഞ്ഞിട്ടുണ്ട്. ‘One day from Hang men’s Life’ -ൽ അവനെ നറേറ്റീവിന്റെ ചരടിൽ കോർത്തുകെട്ടി, എന്നാണ് ജോഷി വിശേഷിപ്പിച്ചത്. അടൂരിന് മങ്കട രവിവർമ പോലെയായിയിരുന്നു ജോഷിക്ക് റസാഖ് എന്നും പറയാം.

ഡിജിറ്റൽ ക്യാമറക്കാലം റസാഖിനെ സംബന്ധിച്ച് കലയിൽ നീക്കുപോക്കുകളുടെ കാലം കൂടിയായിരുന്നു. ഡാർക്ക്റൂമിൽ കയറി ചെയ്യുന്ന പണിയും ഫോട്ടോഷോപ്പിൽ ചെയ്യുന്ന പണിയും അദ്ദേഹത്തിന് രണ്ടുതരം പണിയായിരുന്നു. ഫോട്ടോഷോപ്പിലെ മായാദർപ്പണത്തേക്കാൾ ഇരുണ്ട മുറിയിലെ റിയാലിറ്റിയെയാണ് റസാഖ് കൂടുതൽ സ്നേഹിച്ചത്. മൗലികമായ, സാങ്കേതികമായ മാറ്റം (ഷിഫ്റ്റ് ) ഉണ്ടാകുമ്പോഴൊക്കെ മിക്ക ആർട്ടിസ്റ്റുകളും അനുഭവിച്ച പ്രതിസന്ധിയാണത്. അത് കലയുടെ വീക്ഷണത്തിൽ പൊടുന്നനെ കുഴമറിച്ചിൽ ഉണ്ടാക്കും.

ലഹരി റസാക്കിന്റെ പ്രതിഭക്കെതിരായുള്ള ആരോപണമായി പലരും പ്രയോഗിച്ചു കണ്ടിട്ടുണ്ട്. അടൂർ വരെ ഇക്കാര്യത്തിൽ സംശയാലുവായിട്ടുണ്ട്. ഒരുപക്ഷേ കലാസന്ദർഭ മാറ്റത്തിലുണ്ടായ ഈ കുഴമറിച്ചിലാവാം റസാഖിനെ ലഹരി കൂടുതൽ പക്ഷപാതിയാക്കിയത്. ഫീൽഡിൽ ജ്വലിച്ചു നിന്നിരുന്ന കാലത്ത് പണിതന്നെയായിരുന്നു, റസാഖിന് ലഹരി, എന്നത് എന്നെപ്പോലുള്ളവർ നന്നായി അനുഭവിച്ചറിഞ്ഞതാണ്. ഏതൊരു തൊഴിൽമേഖലയിലായാലും പണിയായുധങ്ങളുടെ മാറ്റം ഒരന്തരാള പ്രതിസന്ധി സൃഷ്ടിക്കുക സ്വാഭാവികമാണ്. വൈദ്യുതി വന്നപ്പോഴും ട്രാക്ടർ വന്നപ്പോഴുമൊക്കെ നമ്മുടെ നാട്ടിൽ അത് അനുഭവപ്പെട്ടതാണ്. തൊഴിലാളിപക്ഷക്കാരായ ഉപരിതലരാഷ്ട്രീയവും അവയ്ക്കെതിരെ വാളോങ്ങും. അതേസമയം, അനിവാര്യമായ മാറ്റം മുന്നിൽക്കണ്ട് മാറുന്നവരുണ്ട്. പെട്ടെന്ന് പണിയായുധങ്ങൾ മാറിപ്പിടിച്ച് കാര്യങ്ങൾ കയ്യാളും. അങ്ങനെയുള്ളവർ അത്രമേൽ സാമൂഹ്യസംഘർഷം അനുഭവിക്കുന്നവരല്ല. അത്തരക്കാർ പിടിച്ചു നിൽക്കുകയോ ജയിക്കുകയോ ചെയ്യും. റസാഖിനെ സംബന്ധിച്ച് വൈകാരികത തന്റെ കലാ സപര്യയുടെ ജീവനാഡിയായിരുന്നു. അയാളുടെ തേട്ടങ്ങളും ബന്ധങ്ങളും ഏറെക്കുറെ അങ്ങനെയുള്ളവയായിരുന്നു.

ജോഷി ജോസഫിന്റെ ഡോക്യു - ഫിക്ഷൻ ചലച്ചിത്രങ്ങൾക്കാണ് മറ്റൊരു സന്ദർഭത്തിൽ റസാഖ് സജീവമായി ക്യാമറ ചലിപ്പിച്ചത്. അതൊരു അസാധാരണ കൂട്ടുകെട്ടായിരുന്നു - മെയ്ഡ് ഫോർ ഈച്ച് അദർ.

മാത്രമല്ല, കലയിൽ താനുണ്ടാക്കിയ അധിഷ്ഠാനത്തിൽ കാല്പനികമായ ഉള്ളുറപ്പു കല്പിച്ച ആൾ - കവിരേവ പ്രജാപതി - കൂടിയായിരുന്നു, റസാഖ്. അങ്ങനെ നോക്കുമ്പോൾ റസാഖിന്റെ ലഹരിപ്രവേശം പ്രതിഭക്കുള്ളിലെ വൈരുധ്യങ്ങളിൽനിന്നുണ്ടാവുന്നതാണ്. എസ്എൽആറിൽ നിന്നും ഡിഎസ്എൽആറിലേക്കുള്ള കാലത്തിന്റെ സാങ്കേതികമാറ്റം അദ്ദേഹത്തിന്റെ കലാട്രാൻസ്‌ഫോർമറിലെ പല സ്വിച്ചുകളും ഓഫാക്കി. തന്നോട് ചെയ്യുന്ന ഒരു വെല്ലുവിളിയേക്കാൾ കാലത്തോട് ചെയ്യുന്ന വെല്ലുവിളിയായിട്ടാണ്, ഇങ്ങനെയുള്ള പിന്മാറ്റങ്ങളെ ഇത്തരക്കാർ കാണുക.

ക്യാമറകളിൽ പൊന്റാക്സും (Pontax) കാനൊണും (Canon ) ഒക്കെ നിരന്തരം ഉപയോഗിച്ച് നടന്ന റസാഖ് തന്റെ അവസാനകാലത്ത് ലഹരിയുടെയും മിസ്റ്റിക് ശൂന്യതയുടെയും നടുമധ്യത്തിൽ ഈ പണിയായുധങ്ങൾ ഒക്കെ ഉപേക്ഷിക്കുന്നുണ്ട്. ഫോട്ടോ എടുക്കില്ലെന്നും തന്റെ മണ്ഡലം എഴുത്താണെന്നും പ്രഖ്യാപിച്ച് റസാഖ് കഥയെഴുത്തിലേക്ക് തിരിയുന്നത് അങ്ങനെയൊരു സന്ദർഭത്തിലാണ്. മാധ്യമം ആഴ്ചപ്പതിപ്പിൽ രണ്ടോ മൂന്നോ കഥകൾ അടിച്ചുവന്നതോർക്കുന്നു. എന്നാൽ റസാഖ് ക്യാമറ ഉപേക്ഷിക്കരുതെന്നും തന്റെ സ്വതസ്സിദ്ധമായ ആയുധം അതാണെന്നും റസാഖിനോട് ഞാനും ഉപദേശിച്ചത് ഓർക്കുന്നു.

കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട് രണ്ടുതരം കലാകാരരുണ്ട്. അടങ്ങിയൊതുങ്ങിയിരുന്ന് തന്റെതായൊരു ഴോണർ വികസിപ്പിച്ചെടുക്കുന്നവർ. ഇവർ പൊതുവെ അന്തർമുഖരായിരിക്കും. മറ്റൊരു വിഭാഗം നിരന്തരം ബന്ധങ്ങൾ സൃഷ്ടിച്ച് മനുഷ്യരിലേക്കും പ്രകൃതിപ്രതിഭാസങ്ങളിലേക്കും സഞ്ചരിക്കുന്നവർ. കണക്ടിവിറ്റിയാണ്, അവരുടെ ജീവിതതത്വശാസ്ത്രം. ഫോട്ടോഗ്രാഫി പൊതുവെ രണ്ടാമത്തെ കൂട്ടരുടെയാണ്. റസാഖ് കോട്ടക്കലും വിക്ടർ ജോജ്ജും ഒക്കെ രണ്ടാംനിരയിലെ ആയിരുന്നു. ഇവർ തമ്മിൽ ഏറെ സമാനതകൾ ഉണ്ടായിരുന്നു. ഇരുവരും ആർട്ട് ആക്റ്റിവിസ്റ്റുകൾ കൂടിയായിരുന്നു. റസാഖ് കേളിപ്പെട്ടതോടെ നിത്യ സഞ്ചാരിയായി. പ്രൊജക്റ്റുകൾക്ക് പിറകിലായും ഫ്രീലാൻസർ ആയും. അയാളുടെ നിരവധി യാത്രകൾ ഓർമ്മ വരുന്നു. വി.ടി. പത്മനാഭൻ കൊല്ലം ജില്ലയിലെ ചവറ, നീണ്ടകര പ്രദേശത്തെ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് ഇന്ത്യൻ റെയർ ഏർത്ത് എന്ന സ്ഥാപനം ഉണ്ടാക്കിവച്ച അണുവികിരണവും അത് തീരദേശവാസികളിലുണ്ടാക്കിയ മാരകമായ ജനിതകപ്രശ്നങ്ങളും പുറത്തുകൊണ്ടുവന്നു. റസാഖിന്റെ ചിത്രങ്ങൾ ടെക്സ്റ്റിലെ സ്റ്റോറിയെ കടത്തിവെട്ടുംവണ്ണം അത്ഭുതകരമായിരുന്നു. അതുവരെ സാമൂഹ്യ പൊതുമണ്ഡലത്തിൽ പൊതുചർച്ചയാവാതെ കിടന്ന ഈ പ്രശ്നം റസാഖിന്റെ ചിത്രങ്ങൾ വലിച്ചു പുറത്തിട്ടു എന്നുപറയാം.

‘റസാഖ് കോട്ടക്കൽ കലയും ജീവിതവും’ എന്ന പുസ്തകത്തിന്റെ കവർ.
‘റസാഖ് കോട്ടക്കൽ കലയും ജീവിതവും’ എന്ന പുസ്തകത്തിന്റെ കവർ.

കേന്ദ്ര സർക്കാരിന്റെ മുൻകൈയിൽ ചവറ- നീണ്ടകര തീരപ്രദേശം വീണ്ടും വാർത്തകളിൽ സ്ഥാനം പിടിക്കുമ്പോൾ മൂന്ന് പതിറ്റാണ്ട് മുമ്പ് ഈ ചിത്രങ്ങളുണർത്തിയ പ്രകമ്പനം ഓർത്തുപോയി. അന്ന്, കേരളത്തിലെ സാമൂഹ്യ പൗരമണ്ഡലം കുറേക്കൂടി ശക്തമായ കാലമായതിനാൽ, അവരത് ഏറ്റെടുക്കുകയുണ്ടായി. ഇന്നാവട്ടെ, ഒന്നിനും ഒരു പ്രതികരണവുമുണ്ടാവാതെ കോർപ്പറേറ്റുകളുടെ കഴുകക്കണ്ണിലേക്ക് എന്തും ഒതുങ്ങും എന്നായിപ്പോയി.

കലാനിരൂപകനും പശ്ചിമ ബംഗാളിലെ വിഖ്യാത പത്രപ്രവർത്തകനുമായ വിദ്യാർത്ഥി ചാറ്റർജി, മുഹമ്മദ് അമീനിന്റെയും ശംഭു മിത്രയുടെയും ഫോട്ടോഗ്രാഫുകളോട് റസാഖിന്റെ ചിത്രങ്ങളെ സ്റ്റിൽ /ആക്ടിവിസ്റ്റ് ചിത്രങ്ങളെ താരതമ്യപ്പെടുത്തുകയുണ്ടായി.

‘നിശ്ചല ഛായാഗ്രഹണത്തിൽ ഒതുങ്ങിനിന്ന മുഹമ്മദ് അമീനിന്റെയോ ഒരു ദശലക്ഷം ആളുകൾ കൊല്ലപ്പെട്ടുവെന്ന് കരുതുന്ന 1943-ലെ ബംഗാൾ ക്ഷാമകാലത്തെ ദുരന്തചിത്രങ്ങൾ എടുത്ത ശംഭു സാഹയെപ്പോലെയോ ഉള്ളവർ കൈവരിച്ച നേട്ടങ്ങളിൽ ചിലത് റസാഖിന്റെ അക്കൗണ്ടിലുണ്ട്’-എന്നാണ് വിദ്യാർത്ഥി ചാറ്റർജിയുടെ അഭിപ്രായം.

റസാഖിന്റെ യാത്രകൾ സൃഷ്ടിച്ച അതിമനോഹരവും അനുവാചകരുടെ ഹൃദയങ്ങളിലേക്ക് തുളഞ്ഞിറങ്ങുന്നവയുമായ ഫോട്ടോകൾക്ക് കണക്കില്ല. അവയുടെ വേറിട്ടുനിൽപ്പ് അപാരമാണ്. മൂന്ന് ദശകങ്ങളിലെ ഫോട്ടോകൾ കൂട്ടിവെച്ചാൽ, ഒരു പരിധി വരെ രാഷ്ട്രീയ -സാമൂഹിക -സാംസ്കാരിക കേരളത്തിന്റെ വേറിട്ടൊരു ഗ്രാഫിക് ചരിത്ര ഭൂപടം കിട്ടും. ബ്ലാക് & വൈറ്റിലുള്ള പോർട്രൈറ്റുകളും പ്രകൃതി ചിത്രങ്ങളും നഗര ചത്വര ദൃശ്യങ്ങളും കേരളത്തിന്റെ (ഇന്ത്യയുടെയും) സാംസ്കാരിക പൈതൃകത്തിന്റെ ചരിത്രഭൂപടം നിർമ്മിക്കുന്നതിൽ അതീവ പങ്കുവഹിച്ചു.

കലാനിരൂപകനും പശ്ചിമ ബംഗാളിലെ വിഖ്യാത പത്രപ്രവർത്തകനുമായ വിദ്യാർത്ഥി ചാറ്റർജി, മുഹമ്മദ് അമീനിന്റെയും ശംഭു മിത്രയുടെയും ഫോട്ടോഗ്രാഫുകളോട് റസാഖിന്റെ ചിത്രങ്ങളെ സ്റ്റിൽ /ആക്ടിവിസ്റ്റ് ചിത്രങ്ങളെ താരതമ്യപ്പെടുത്തുകയുണ്ടായി.

എത്‌നിക് ഫോട്ടോഗ്രാഫി എന്ന് വിളിക്കാവുന്ന വലിയൊരു നിധികുംഭം തന്നെ റസാഖിന്റെ ശേഖരത്തിൽ കാണാം. പ്രകൃതിയെയും അതിന്റെ ജൈവ രാശിയെയും ഒന്നിച്ചുകാണുന്ന പ്രകൃതി - പാരിസ്ഥിതീക രാഷ്ട്രീയവുമാണ്, ഈ ചിത്രങ്ങളെ മുൻനിർത്തി ഞാൻ അടിവരയിടുന്നത്. തന്റെ പോർട്രൈറ്റുകളിൽ നിന്നും ഭിന്നമായി വേണ്ടത്ര കാഴ്ചക്കാരുടെ ദൃഷ്ടിയിൽ പതിഞ്ഞിട്ടില്ല ഇങ്ങനെയുള്ള ചിത്രങ്ങൾ എന്നുവേണം പറയാൻ.

പ്രസ് ഫോട്ടോഗ്രാഫർ എന്നനിലയ്ക്ക് വിക്ടർ ജോർജിന്റെ യാത്രകൾക്ക് കുറേക്കൂടി പ്രൊഫഷണൽ ഫോക്കസ് ഉണ്ടായിരുന്നു. റസാഖ് ആവട്ടെ തന്റെ യാത്രകളെ കാല ബിന്ദുവിൽ മാറിമാറി വരുന്ന പ്രകൃതിയുടെ ലാവണ്യത അറിയാനാണ്, പ്രയോജനപ്പെടുത്തിയത്. എൻ.എൽ ബാലകൃഷ്ണൻ പറയുന്നു: “റസാഖിന്റെ ഫോട്ടോഗ്രാഫിയിൽ ഫ്രെയിം ഒരുക്കൽ എന്നൊരു സംഭവമില്ല. ഒബ്ജെക്ടിനെ മാറ്റിനിർത്തലില്ല. പോസ് ചെയ്യിക്കൽ ഒട്ടുമില്ല. പക്ഷേ അതിന് നീണ്ട കത്തിരിപ്പുണ്ട്. മഹാമത്സ്യം കൊത്തുംവരെ ലെൻസ് അനക്കാതെ. അതൊരു ധ്യാനമാണ്. റസാഖ് ചിത്രങ്ങൾക്ക് ഒരു മിസ്റ്റിക് ഫീൽ ഉണ്ടാവുന്നതിന്റെ ഒരുകാരണം ഈ കാത്തിരിപ്പാണ്.”

ശംഭു സാഹയുടെ ചിത്രങ്ങൾ
ശംഭു സാഹയുടെ ചിത്രങ്ങൾ

ഈ മിസ്റ്റിക് ഫീൽ തന്നെയാണ് ഒരു പക്ഷേ തന്റെ ചിത്രങ്ങളെ സൂഫിയുടെ കണ്ണിൽ വിരിഞ്ഞപോലെയൊരു അനുഭൂതിയുണ്ടാക്കുന്നത്. നീതിബോധത്തിന്റെ കാന്തികിരണങ്ങൾ അയാളുടെ ചിത്രങ്ങളോടൊപ്പം സദാ പറ്റിപ്പിടിച്ചിരിക്കും. 1990-ലെ ഇറാഖ് - സൗദി അതിർത്തിഗ്രാമമായ ജൂദായിയാത്തിൽ തമ്പടിച്ചുകൊണ്ട് ഗൾഫ് യുദ്ധം കണ്ടറിയാൻ സാധിച്ച റസാഖ് കോട്ടക്കലിനെ എത്ര പേർക്കറിയാം?

ഒരു ഗൾഫ് പീസ് സംഘത്തിന്റെ കൂടെ യുദ്ധമുഖത്തേക്ക് സഞ്ചരിക്കാൻ ഇന്ത്യയിൽ നിന്നും ഫോട്ടോഗ്രാഫർ എന്ന നിലയ്ക്ക് റസാഖിനും ഭാഗ്യം ലഭിച്ചു. 1991-ജനുവരി 13 -ന് റസാഖ്‌ തന്റെ ഡയറിയിൽ കുറിച്ചിട്ടു: “അമ്മാൻ എയർ പോർട്ടിൽനിന്ന് ബാഗ്ദാദിലേക്ക് വിമാനം കയറുമ്പോൾ ഇറാഖി എയർലൈൻസ് ഉദ്യോഗസ്ഥർ ഞങ്ങളുടെ മുഖത്തുനോക്കി പറഞ്ഞു; ‘നിങ്ങൾ സമാധാനത്തിന്റെ വക്താക്കളായിരിക്കാം. സ്വാഗതം. പക്ഷേ ഞങ്ങൾക്ക് വേണ്ടത് യുദ്ധമാണ്. പ്രശ്നങ്ങൾക്ക് പരിഹാരം അത് മാത്രമാണ്.”

അയാൾ തുടരുന്നു: “ഇറാഖിൽ എന്താണ് സംഭവിക്കുന്നത്? ബി ബി സിയും വോയ്സ് ഓഫ് അമേരിക്കയും സി എൻ എന്നും കോർത്തുപിടിച്ചു. അമ്മാനിലെ ഹോട്ടൽ മുറിയിലിരുന്ന് ബാഗ്ദാദ് ഡേറ്റ് ലൈനിൽ വെച്ച് വാർത്തകൾ ചമയ്ക്കുമ്പോൾ ലോകത്തിന് ലഭിക്കുന്ന യുദ്ധചിത്രത്തിന് ഇറാഖിലെ യാഥാർഥ്യവുമായി സമീപബന്ധം പോലുമില്ല.”

ഗൾഫ് പീസ്​ ടീമിന്റെ ലേഖന പരമ്പര ‘പാഠഭേദ’ത്തിൽ നിന്ന്. കൂടെയുള്ള ചിത്രം റസാഖിന്റേത്.
ഗൾഫ് പീസ്​ ടീമിന്റെ ലേഖന പരമ്പര ‘പാഠഭേദ’ത്തിൽ നിന്ന്. കൂടെയുള്ള ചിത്രം റസാഖിന്റേത്.

അന്ന് ഇന്ത്യൻ എക്സ്പ്രസിലും മറ്റും പ്രകാശിപ്പിച്ച റസാഖിന്റെ പടങ്ങൾ ഈ അന്യായത്തിന്റെ ചില മറുദൃശ്യങ്ങൾ ലോകത്തിന് കാണിച്ചു കൊടുക്കുകയുണ്ടായി. വൻ സാങ്കേതിക വിദ്യകളിലൂടെ സംഭവിക്കുന്ന യുദ്ധങ്ങൾ മനുഷ്യ ജീവിതത്തെയെന്നല്ല മനുഷ്യരാശിയെത്തന്നെ നിസ്സാരവൽക്കരിക്കുകയും നിശ്ശബ്ദമാക്കുകയും ചെയ്യുന്ന ലോകക്രമത്തെക്കുറിച്ചുള്ള മനുഷ്യ സ്നേഹിയുടെ ഉള്ളുണർത്തുകളായിരുന്നു ഇവയൊക്കെ. പ്രശസ്ത ഫ്രഞ്ച് സാമൂഹിക - മാധ്യമ ചിന്തകൻ ഴാങ് ബോദ്രിയാദ് ഇതേ യുദ്ധത്തെക്കുറിച്ച് പ്രവചിച്ചത് ഇങ്ങനെ: “ഗൾഫ് യുദ്ധം എന്ന ഒന്ന് സംഭവിച്ചിട്ടേയില്ല. ( Gulf war did not take place ) നാം കണ്ടത് അത്യാധുനിക മാധ്യമ സാങ്കേതിക ലോകമൊരുക്കിയ നക്ഷത്രയുദ്ധമാണ്.”

ലോകഭൂപടത്തിന്റെ വിരുദ്ധ കോടിയിലിരിക്കുന്ന റസാക്കിനും ബോദ്രിയാദിനും യുദ്ധപ്രതിഭാസത്തെക്കുറിച്ച് ഏറെക്കുറെ സമാനമായ പ്രതികരങ്ങൾ ഉണ്ടായി എന്നത്, നീതി ബോധത്തിൽ ഒന്നിക്കുന്ന രണ്ടു മനുഷ്യരുടെ യാദൃച്ഛികതയായി വേണം കാണാൻ.

ഇതെഴുതുമ്പോഴും ലോകം ഏറ്റവും അസംബന്ധവും അതിക്രൂരവുമായ ഒരു യുദ്ധമുഖത്താണ്. ഇന്ന്, ഇറാനെതിരെ അഴിച്ചുവിട്ട യുദ്ധത്തിലും അമേരിക്കക്കാരനായ ഡോണൾഡ് ട്രംപും ഇസ്രായേലി സയണിസ്റ്റായ നെതന്യാഹുവും വില്ലന്മാരാണ്, എന്നത് ചരിത്രത്തിലെ സമാനതകളാണ്. ഇവയൊക്കെ നടക്കുന്നതാവട്ടെ മധ്യപൗരസ്ത്യദേശത്താണ് എന്നത് ഒരു തനിയാവർത്തനം. അന്നത്തെയപേക്ഷിച്ച് ലവലേശം ലോക രാഷ്ടീയ നയതന്ത്രവും നീതിബോധവും അവശേഷിക്കാത്ത ഒരു ഭ്രാന്തൻ ലോകക്രമത്തിലാണ് ഇന്ന് നാം നിലകൊള്ളുന്നത്. സത്യാനന്തരലോകം അരിച്ചു വരുന്നേയുണ്ടായിരുന്നുള്ളൂ, ജോർജ് ബുഷിന്റെ കാലത്ത്. ഇന്ന്, മുച്ചൂടും ആ പ്രതിഭാസത്തിനകത്താണ് ലോകം മുഴുവൻ എന്ന വ്യത്യാസമുണ്ട്.

ഫ്രഞ്ച് സാമൂഹിക - മാധ്യമ ചിന്തകൻ ഴാങ് ബോദ്രിയാദ്
ഫ്രഞ്ച് സാമൂഹിക - മാധ്യമ ചിന്തകൻ ഴാങ് ബോദ്രിയാദ്

ഏതായാലും ലോകഭൂപടത്തിന്റെ വിരുദ്ധ കോടിയിലിരിക്കുന്ന റസാക്കിനും ബോദ്രിയാദിനും യുദ്ധപ്രതിഭാസത്തെക്കുറിച്ച് ഏറെക്കുറെ സമാന പ്രതികരങ്ങളുണ്ടായി എന്നത്, നീതിബോധത്തിൽ ഒന്നിക്കുന്ന രണ്ടു മനുഷ്യരുടെ യാദൃച്ഛികതയായി വേണം കാണാൻ.

ഡയനീഷ്യൻ, അപ്പോളോണിയൻ എന്നീ രണ്ടു തരത്തിൽ പൊതുവെ ആർട്ടിസ്റ്റുകളെ/എഴുത്തുകാരെ തരംതിരിക്കാറുണ്ട്. ഫോട്ടോഗ്രാഫർമാരിൽ നല്ലൊരു ശതമാനവും രണ്ടാം വിഭാഗക്കാരായിരിക്കും. ചിത്രങ്ങൾ പൊതുവെ കാഴ്ചയുടെ തുറസുകൾ ആവശ്യപ്പെടുന്ന ഒന്നാകയാൽ അപ്പോളോണിയൻ പ്രകൃതക്കാർക്കാണ് അവ കൂടുതൽ ചേരുക. എന്നാൽ, വ്യാഖ്യാനക്ഷമമല്ലാത്ത മട്ടിൽ ഇരുളും വെളിച്ചവും മനസ്സിന്റെ അഗാധദർശനവും ഒത്തുചേർന്ന ഡയനീഷ്യൻ ടച്ച് റസാഖിന്റെ ചിത്രങ്ങളിൽ തുലോം കൂടുതലാണ്. അദ്ദേഹത്തിന്റെ ബ്ലാക് & വൈറ്റിലുള്ള ചിത്രങ്ങളിൽ പ്രത്യേകിച്ച്.

സർവേയറോ
ഫോട്ടോഗ്രാഫറോ?

പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ്, റസാഖിനെ ആദ്യമായി കാണുന്നത്. നാട്ടിൽനിന്ന് പുറപ്പെടുന്ന ബസ് കോട്ടക്കൽ ആര്യവൈദ്യശാല ചാരിറ്റി ആശുപത്രിക്ക് മുമ്പിലെത്തുമ്പോൾ ഒരാൾ, റോഡരികിൽ ക്യാമറ സ്റ്റാൻഡിൽ നാട്ടി വ്യൂ ഫൈൻഡറിലൂടെ നോക്കിക്കൊണ്ടിരിക്കുന്നു. അയാളുടെ കഠിനമായ ശ്രദ്ധയിലാണ്, വാഹനങ്ങളിലുള്ളവരുടെ പോലും നോട്ടങ്ങൾ.

ആരാണയാൾ?

ഒരു സർവേയർ ആയിരിക്കുമോ? കഥാപുരുഷന്റെ വേഷവിധാനവും താടിയും പ്രകൃതവും കണ്ടാൽ അങ്ങനെ തോന്നുകയേയില്ല. അന്വേഷിച്ചു പോയപ്പോഴാണറിയുന്നത്, വയനാട്ടിൽ നിന്നും കോട്ടക്കൽ വന്നു പാർക്കുന്ന റസാഖ് എന്ന ഫോട്ടോഗ്രാഫർ ആണത്, എന്ന്. എന്റെ വായനയും കലാതാൽപര്യവും ഉള്ളിലുദിച്ചുയർന്ന കൗമാരദശയിലാണത് സംഭവിക്കുന്നത്. ഒരു ദിവസം കോളേജ് വിട്ടുവരുമ്പോൾ അദ്ദേഹത്തിന്റെ ഇടുങ്ങിയ സ്റ്റുഡിയോ മുറിയിൽ ഞാൻ എത്തി. ഒരു കള്ളിമുണ്ടും ബനിയനും ഇട്ടുകൊണ്ട് തന്റെ ക്യാമറ വർക്കിൽ തന്നെയായിരുന്നു റസാഖ്. ഞങ്ങളുടെ സുഹൃദ് ബന്ധത്തിന്റെ തുടക്കം അതായിരുന്നു.

ക്ലിൻറ് എന്ന ബാലൻ ചിത്രകലയിൽ പേർപ്പെറ്റ കാലമായിരുന്നു, അത്. വളരെ ചെറുപ്പത്തിൽത്തന്നെ ആ അപൂർവ പ്രതിഭ ആയിരക്കണക്കിന് ചിത്രങ്ങൾ വരച്ച് ചരിത്രം സൃഷ്ടിച്ചു. കേരളമെമ്പാടും ചർച്ച ചെയ്യപ്പെട്ട ജീവിതകഥയായിരുന്നു, എഡ്മണ്ട് തോമസ് ക്ലിന്റിന്റെത്. റസാഖ് കോട്ടക്കൽ പുതിയൊരു സ്റ്റുഡിയോ തുടങ്ങുന്ന കാലമായിരുന്നു അത്. 1983-ലാണ് ക്ലിന്റ് മരിച്ചുപോയത്. അന്ന് കുഞ്ഞു കലാകാരന് ഏഴ് വയസ്സ് തികയുന്നേയുള്ളൂ. തന്റെ സ്റ്റുഡിയോക്ക് ക്ലിന്റ് എന്നു പേരിടുമെന്ന് റസാഖ് നിശ്ചയിച്ചു. അങ്ങനെയാണ് കോട്ടക്കൽ ക്ലിൻറ് സ്റ്റുഡിയോയും റസാഖ് കോട്ടക്കലുമുണ്ടായത്. ക്ലിൻറ് സ്റ്റുഡിയോ ആരംഭിച്ചത് കോട്ടക്കൽ നടുമധ്യത്തിലുള്ള ഒരു പഴയ ബിൽഡിങ്ങിന്റെ മുകൾത്തട്ടിലായിരുന്നു. വൈക്കം മുഹമ്മദ് ബഷീറാണ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്.

കോട്ടക്കലിലെ ക്ലിൻറ് സ്റ്റുഡിയോ. വൈക്കം മുഹമ്മദ് ബഷീറാണ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്.
കോട്ടക്കലിലെ ക്ലിൻറ് സ്റ്റുഡിയോ. വൈക്കം മുഹമ്മദ് ബഷീറാണ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത്.

ബഷീറിനെ സന്ദർശിച്ചും ഫോട്ടോയെടുത്തും റസാഖ്‌അന്നുതന്നെ ഏറെ ശ്രദ്ധേയനായിരുന്നു. ബഷീർ സ്റ്റുഡിയോ ഉദ്ഘാടനത്തിന് വന്നു. അദ്ദേഹത്തിന് അന്നും നല്ല ശ്വാസംമുട്ടലുണ്ടായിരുന്നു. എന്നാലും സംസാരത്തിലും നർമ്മത്തിലും ഒരു കുറവുമുണ്ടായില്ല. ബീഡിവലിയിലും കുറവില്ല. മുകളിലേക്ക് കയറാൻ നിൽക്കുമ്പോൾ ആരോ, സഹായമെന്നോണം ബഷീറിന്റെ കൈപിടിക്കാനൊരുങ്ങി. ബഷീർ ഒരു പ്രത്യേക ശബ്ദത്തിൽ അത് നിരസിച്ചു. ഞാൻ സ്വയം കയറും - ബഷീർ പറഞ്ഞു. അന്നാണ്, ബഷീർ എന്ന എഴുത്തുകാരന്റെ വീര്യം ഞാൻ അടുത്തറിഞ്ഞത്. ഉദ്ഘാടനത്തിൽ ബഷീർ നല്ല ഫലിതങ്ങൾ പറഞ്ഞു. സംസാരം കഴിഞ്ഞു കട്ടൻ കുടിച്ചു വിശ്രമിക്കവേ ബീഡി കത്തിച്ചു. ആർക്കെങ്കിലും ബീഡി വേണോ എന്ന് എടുത്തടിച്ചപോലെ ചോദിച്ചു. പൊടുന്നനെയുള്ള ചോദ്യം സദസ്സിൽ വല്ലാത്ത മൗനമുണ്ടാക്കി. കൂട്ടത്തിലെ മുഴുവലിയന്മാർ പോലും ബഹുമാനം നടിച്ചു മിണ്ടാതിരുന്നു.

കൂട്ടത്തിൽ നിന്നൊരാൾ പറഞ്ഞു, ‘വേണം’. സദസ്സിലുള്ളവർ ആ ശബ്ദത്തിന്റെ ഉടമയെ നോക്കി. അത് എ. ഐ. അബ്ദുൽ റഊഫിന്റെ ആയിരുന്നു. റഊഫ് അന്ന് ഫാറൂഖ് കോളേജ് മാഗസിൻ എഡിറ്ററായിരുന്നു എന്നാണെന്റെ ഓർമ്മ. അങ്ങനെ മലയാളി കണ്ട മഹാപ്രതിഭാധനനായ ഒരു കുട്ടിക്കലാകാരന്റെ പേരിൽ റസാഖ് കോട്ടക്കലിന്റെ ക്ലിൻറ് സ്റ്റുഡിയോ പ്രവർത്തനമരംഭിച്ചു.

വൈക്കം മുഹമ്മദ് ബഷീർ. റസാഖ് കോട്ടക്കൽ എടുത്ത ചിത്രം.
വൈക്കം മുഹമ്മദ് ബഷീർ. റസാഖ് കോട്ടക്കൽ എടുത്ത ചിത്രം.

റസാഖിനോട് എനിക്കെന്നുമുണ്ടായിരുന്ന സൗഹൃദം മറ്റു പലരെക്കാളും അക്കാദമിക പ്രധാനമായിരുന്നു, എന്നാണ് തോന്നുന്നത്. അത്തരത്തിലുള്ള കഥകളും ഞങ്ങളുടെ യാത്രാവിശേഷങ്ങളും പിന്നൊരവസരത്തിൽ പറയാം.


Summary: Remembering Photographer Razak Kottakkal on his death anniversary, Dr Umer Tharamel writes a memoir.


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ, ഒരു മാപ്പിള ചെക്കന്റെ സിൽമാകൊട്ടകകൾ, ഒളിനോട്ടക്കാരന്റെ ചിത്രജാലകം, റുബാഇയ്യാത്ത്, ബദറുൽ മുനീറിന്റെ നോട്ടങ്ങൾ തുടങ്ങിയ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments