സ്​ത്രീ പ്രേക്ഷകരുടെ കൺകണ്ട ആൺ ​രൂപം

‘‘സത്യനവതരിപ്പിച്ച തങ്ങളുടെ തന്നെ പ്രതിരൂപങ്ങളെ മികച്ച പുരുഷത്വ പ്രതീകങ്ങളായി ഭാവിച്ച്, സത്യനെ കരുത്തിന്റെ പ്രതീകമെന്നു വാഴ്ത്തി, തങ്ങളുടെ ആത്മഗർവ്വിനേറ്റ മുറിവുകളെ പൊതിഞ്ഞുപിടിച്ചു മലയാളത്തിലെ ആൺഗൗരവങ്ങൾ. ആ സിനിമകൾ ഒന്നുകൂടി പുതിയ കാലത്തിന്റെ സാഹചര്യത്തിൽ കണ്ടു നോക്കൂ, സത്യന്റെ താരശരീരം കഠിനമായി പരിഹസിക്കുന്നതെന്തിനെയാണെന്ന് നമുക്കു മനസ്സിലാകും.’’- മലയാളത്തി​ന്റെ അനശ്വര നടൻ സത്യൻ മരിച്ചിട്ട്​ ഇന്ന്​ 52 വർഷം.

ന്ന് ഞാൻ ഏഴാം ക്ലാസിൽ പഠിക്കുകയാണ്. സ്കൂളിൽ പെട്ടെന്ന് മൈക്കിലൂടെ ഹെഡ് മാസ്റ്ററുടെ ഒരു അനൗൺസ്മെൻറ്​: ‘മലയാളത്തിന്റെ അഭിമാന ഭാജനമായ നടൻ സത്യൻ ഓർമ്മയായി. എല്ലാവരും ഒരു നിമിഷം എഴുന്നേറ്റ് നിന്ന് മൗനമാചരിക്കുക.'

ഇന്നും മറക്കാത്ത അനൗൺസ്മെൻറ്​.
സ്കൂളാകെ മൗനം. ഉച്ചക്കുള്ള ബ്രേക്കിൽ സ്കൂളിലെ അനൗൺസ്മെന്റ് സിസ്റ്റത്തിലൂടെ സത്യന്റെ ചിത്രത്തിലെ ഗാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചലച്ചിത്രഗാന പരിപാടി, ആകാശവാണിയിൽ നിന്നുള്ളത് കേൾപ്പിക്കുന്നുണ്ടായിരുന്നു. സത്യന്റെ മരണത്തിലാണ് ഞാനാദ്യമായി ഒരു മരണഘോഷയാത്രയുടെ തത്സമയ പ്രക്ഷേപണവും കേൾക്കുന്നത്.

ഞങ്ങളുടെ സ്കൂൾ സത്യനെ ഏറ്റവും വേദനാ ഭരിതമായ വികാരവായ്പോടെ യാത്രയയച്ചത് ഞാനിന്നും ഓർക്കുന്നു. സിനിമാപ്രേമിയും കലാകാരന്മാരെ ആദരിക്കുന്നതിൽ ഞങ്ങൾക്കു പ്രേരണയുമായിരുന്ന അന്നത്തെ ആ ഹെഡ് മാസ്റ്റർ എന്റെ അച്ഛനായിരുന്നു എന്നതും കണ്ണു നനയിക്കുന്ന ഒരോർമ്മയാണ്. മൗനജാഥയായി ഞങ്ങൾ കുട്ടികളുടെ മുന്നിൽ അദ്ദേഹം കറുത്ത ബാഡ്ജ് ധരിച്ചു നഗരപ്രദക്ഷിണം നടത്തി.

സംവിധായകനേക്കാൾ, നടനേക്കാൾ, നടിയേക്കാൾ സുപ്രിയ, നീലാ, മഞ്ഞിലാസ്, ഉദയാ എന്നിങ്ങനെ ബാനറുകൾ നോക്കി സിനിമ കണ്ടിരുന്ന കാലത്തും സത്യൻ സൂപ്പർ നടനായിരുന്നു. അന്നത്തെ നായക സങ്കൽപത്തിനിണങ്ങാത്ത കറുത്തു കുറിയ രൂപവും സ്ത്രൈണത കലർന്ന ശബ്ദവുമുള്ള സത്യനെതിരെ ഷീലയെന്ന ഒത്ത ആൾരൂപത്തെ നിർത്തികൊണ്ട് കെ.എസ്. സേതുമാധവൻ സൃഷ്ടിച്ച പുരുഷ കഥാപാത്രങ്ങളിൽ സത്യൻ വ്യാജമായ ആൺ-പെൺ നിർമ്മിതികളെ തകർത്തുകളയുന്നുണ്ട്.

വ്യാജപൗരുഷത്തിന്റെ ആ സോപ്പുകുമിളകളെ പൊട്ടിച്ചു കളയാൻ, കരുത്തയായ പെണ്ണിന്റെ ഒരു നോട്ടം മതിയെന്ന് തെളിയിക്കാൻ, ഒരു പെണ്ണിന്റെ കഥയിൽ, യക്ഷിയിൽ, ചെമ്മീനിൽ, വാഴ് വേ മായത്തിൽ ഒക്കെ സത്യനു കഴിഞ്ഞു.

പുരുഷപ്രേക്ഷകരുടെയും അവരുടെ അഭിരുചികൾ പിൻപറ്റി സിനിമാ കാഴ്ചകൾ രൂപപ്പെടുത്തിയിരുന്ന അന്നത്തെ സ്ത്രീപ്രേക്ഷകരുടെയും കൺ കണ്ട ആൺ രൂപം സത്യനായിരുന്നു. arrogant and aggressive ആണ് എന്ന് ഒറ്റനോട്ടത്തിൽ തോന്നാം. പക്ഷേ, ഒന്നു തൊട്ടാൽ ഉടഞ്ഞു തകരുന്ന ഈഗോയുടെയും ആത്മവിശ്വാസമില്ലായ്മയുടെയും സംശയരോഗത്തിന്റെയും പുരുഷാകാരമായി പ്രത്യക്ഷപ്പെട്ട വേഷങ്ങളെ സിനിമാ സങ്കൽപങ്ങൾക്കെതിരു നിൽക്കുന്ന തന്റെ ശരീര ഭാഷയുടെ മുഴുവൻ ശക്തിയുമുപയോഗിച്ച് സത്യൻ അവിസ്മരണീയമാക്കി.

‘ചെമ്മീനി’ൽ സത്യൻ, ഷീല

വ്യാജപൗരുഷത്തിന്റെ ആ സോപ്പുകുമിളകളെ പൊട്ടിച്ചു കളയാൻ, കരുത്തയായ പെണ്ണിന്റെ ഒരു നോട്ടം മതിയെന്ന് തെളിയിക്കാൻ, ഒരു പെണ്ണിന്റെ കഥയിൽ, യക്ഷിയിൽ, ചെമ്മീനിൽ, വാഴ് വേ മായത്തിൽ ഒക്കെ സത്യനു കഴിഞ്ഞു.

യേശുദാസിന്റെ ശബ്ദത്തേക്കാൾ ജയചന്ദ്രന്റെയും എ.എം രാജയുടെയും ശബ്ദമായിരുന്നു സത്യന് കൂടുതലിണങ്ങുന്നതായി എനിക്കു തോന്നിയിട്ടുള്ളത്. സത്യനുവേണ്ടി ജയചന്ദ്രൻ പാടിയ ചില ഗാനങ്ങളോട് വ്യക്തിപരമായി എനിക്ക് കൂടുതൽ പ്രിയമുണ്ട്. പരുക്കൻ കഥാപാത്രങ്ങളവതരിപ്പിക്കുന്ന സത്യന് ഭാവാവിഷ്കാരത്തിന് തന്റെ ശബ്ദത്തിന്റെ മൃദുത്വം ഒരിക്കലും തടസ്സമായിരുന്നില്ല. പാട്ടു പാടുന്ന പ്രണയരംഗങ്ങളിൽ സത്യന്റെ ശബ്ദവുമായി ഇണങ്ങി നിന്നത് ജയചന്ദ്രന്റെ ശബ്ദമാണ്. ‘സീതാദേവി സ്വയംവരം ചെയ്തൊരു’, ‘ശ്രീനഗരത്തിലെ ചിത്രവനത്തിലെ ശിശിര മനോഹര ചന്ദ്രികേ’ എന്നീ ഗാനങ്ങൾ കേൾക്കുമ്പോൾ സത്യന്റെ മുഖമാണ് മനസ്സിലെത്തുക. ആകെത്തുടുക്കുന്ന മലയാളത്തിന്റെ കുളിരിൽ അലിയുന്നു എന്നു പാടുന്ന രംഗത്തിൽ നായകനും ഗായകനും ശ്രോതാവും ഒന്നിച്ചാണ് ആ കുളിരനുഭവിക്കുന്നത്. പ്രേംനസീറിലെന്നതിനേക്കാൾ അഴകുള്ള ഒരു നാണം സത്യനിൽ വന്ന് പൊതിയുന്നത് രസമുള്ള കാഴ്ചയാണ്.

അതുപോലെ എ.എം. രാജ പാടിയ മാനസേശ്വരീ, താഴമ്പൂ മണമുള്ള, പെരിയാറേ തുടങ്ങിയ ഗാനങ്ങളും സത്യന്റെ ശരീരത്തിനും ശാരീരത്തിനും ഏറെ ഇണങ്ങുന്നതായിരുന്നു. ഷീല എന്ന നടിയുടെ വ്യക്തിത്വവും തലയെടുപ്പുമൊക്കെ അന്നത്തെ സൂപ്പർ താരമായിരുന്ന സത്യന്റെ പ്രതിച്​ഛായക്ക് മുകളിലെത്തിക്കുവാനും അങ്ങനെ തലക്കടി കിട്ടുന്ന പുരുഷാധിപത്യ പ്രരൂപങ്ങളുടെ പ്രതീകമാകുവാനും സത്യന് നിഷ്പ്രയാസം കഴിഞ്ഞു. ആ കുറിപ്പിൽ ഷീല സത്യനെ ക്കുറിച്ചുള്ള ഒരോർമ്മ പങ്കുവെച്ചത് വള്ളി പുള്ളി തെറ്റാതെ ഞാനിന്നും ഓർമ്മിക്കുന്നു. അഭിനയത്തിന്റെ ആദ്യ നാളുകളിലൊന്നിൽ പരിഭ്രമം മാറാത്ത കൗമാരക്കാരിയായ നടിയോട് സത്യൻ ചോദിക്കുന്നു, ‘കുട്ടിയെന്താ എപ്പോഴും കണ്ണു മിഴിച്ചു പിടിക്കുന്നത്?’
പരിഭ്രമക്കാരി പറയുന്നു, ‘കണ്ണുകൾ ചെറുതാണെന്നെല്ലാവരും പറയുന്നു.’
സത്യന്റെ ചോദ്യം, ‘അപ്പോൾ പല്ലു കാണിക്കാതെ ചിരിക്കുന്നതോ?’
പെൺകുട്ടി മടിച്ചു മടിച്ചു പറയുന്നു; ‘പല്ലിനു ഭംഗിയില്ലെന്നെല്ലാവരും പറയുന്നു.’
സത്യൻ ഉറക്കെ ചിരിച്ചു. എന്നിട്ട് പറഞ്ഞുവത്രേ, ‘ഇത്ര വിടർന്ന കണ്ണുകൾ ഇനിയും മിഴിക്കരുത്. ഇത്ര ഭംഗിയുള്ള പല്ലുകൾ പുറത്തുകാൺകെ ചിരിക്കുകയും വേണം. മലയാളസിനിമ കണ്ടിട്ടില്ലാത്ത അഴകുകൾ  മുഴുവൻ അവയിലുണ്ട്.’

ആ വലിയ നടന്റെ ഈ വാക്കുകൾ തന്നിലുണ്ടാക്കിയ അളവറ്റ ആത്മവിശ്വാസത്തെക്കുറിച്ചായിരുന്നു ഷീല ആ കുറിപ്പിലെഴുതിയിരുന്നത്. പിന്നീടങ്ങോട്ട് സത്യന്റെ നായികയായി എത്രയധികം ചിത്രങ്ങൾ. ആദ്യം പ്രഗൽഭ നടനു മുന്നിൽ പകച്ചുനിന്ന പെൺകുട്ടിയുടെ അഭിനയശേഷിക്കുമുന്നിൽ പിന്നീട് സത്യൻ മാത്രമല്ല, മലയാള സിനിമയുടെ കാല ചരിത്രങ്ങളാകെ അമ്പരന്നുനിന്നതാണല്ലോ..

പളനിയുടെ അരക്ഷിതവും സംശയാകുലവുമായ ആണത്തഹുങ്കിനു നേർക്കുള്ള കറുത്തമ്മയുടെ സർവ്വ പുച്ഛത്തോടെയുമുള്ള ഒരു നോട്ടവും ചുണ്ടു കോട്ടിയുള്ള പരിഹാസച്ചിരിയുമുണ്ട്.. ‘ഈ കൊച്ച് അവന്റെയാണോടീ?’ എന്ന പളനിയുടെ ചോദ്യത്തിനു കറുത്തമ്മ കൊടുക്കുന്ന മറുപടിയാണത്. തകഴി എഴുതി വെക്കാത്തതും രാമു കാര്യാട്ടിന് തിരക്കഥയിൽ പകർത്താനാകാത്തതുമായ ഒരു ഭാവം സത്യനും ഷീലയും ചേർന്ന് ഒരുക്കുന്നുണ്ട്. കുടിലിന്റെ ഓലച്ചുവരിൽ കൈവെച്ച് തന്റെ മുഴുവൻ ഗർവ്വും അരക്ഷിതത്വവും സംശയവും ഒളിപ്പിക്കാനാകാതെ നിൽക്കുന്ന പളനിയുടെ പരിഹാസ്യവും നിസ്സഹായവുമായ നിസ്സാരപൗരുഷത്തെ സത്യനല്ലാതെ മറ്റാർക്കും ഇത്ര കൃത്യമായി അവതരിപ്പിക്കാനാവില്ല. സ്വന്തം വ്യക്തിത്വം അകാരണമായി ചോദ്യം ചെയ്യപ്പെടുമ്പോൾ അഭിമാനിനിയായ ഒരു സ്ത്രീക്കു മാത്രം കഴിയുന്ന ഒരു പ്രത്യേകതരം പ്രതികരണശേഷിയാണപ്പോൾ കറുത്തമ്മയുടെ മുഖത്തു തെളിയുന്നത്. അപ്പുറം നിൽക്കുന്ന അഭിനയമികവിനെ ഇതിലും ശക്തമായെങ്ങനെ ഒരഭിനേത്രി നേരിടും?

പിൽക്കാലത്ത് നടൻ ശ്രീനിവാസൻ പല സിനിമകളിലും ആത്മപരിഹാസത്തോടെ അവതരിപ്പിച്ച കഥാപാത്രങ്ങൾ പലതും അന്ന് സത്യന്റെ അഭിനയശരീരം യുക്തിപൂർവ്വം അഡ്രസ്​ ചെയ്തവ തന്നെയാണ്.

മലയാളസിനിമയിൽ പകരം വെക്കാനില്ലാത്ത രണ്ടു അഭിനയശരീരങ്ങൾ. അത്തരമൊരു ജീവിത സന്ദർഭത്തിൽ  തന്റെ സത്യം തെളിയിക്കാനാകാത്ത നിസ്സഹായയായിപ്പോകുന്ന ഓരോ സ്ത്രീയുടെയും മുഖത്ത് അത്തരമൊരു നോട്ടവും ചിരിയും ഞാനാഗ്രഹിച്ചു പോകാറുണ്ട്. ആ ഒറ്റ പ്രതികരണത്തിന് മലയാളി സ്ത്രീയെന്ന നിലയിൽ ഞാൻ ഷീലയോടു കടപ്പെട്ടിരിക്കുന്നു. അരക്ഷിതനും സംശയാലുവും ആയ ഭർത്താവിന്റെ നേർക്കുള്ള കറുത്തമ്മയുടെ ആ നോട്ടത്തിന്റെയും ചിരിയുടെയും മുന്നിൽ അടിപതറുന്ന പളനിയെ പിന്നീട് നാം കാണുന്നത് കൂറ്റൻ സ്രാവുമായി മല്ലിട്ട് പരാജിതനായി കറുത്തമ്മോ എന്നു വിളിച്ച് വൻചുഴിയിലേക്ക് കുത്തിയൊലിച്ചു പോകുന്നതാണ്. അടിമുടി പരാജിതരാകുന്ന പുരുഷന്മാരാണ് പളനിയും സുധിയും തമ്പിയും എല്ലാം.

പിൽക്കാലത്ത് നടൻ ശ്രീനിവാസൻ പല സിനിമകളിലും ആത്മപരിഹാസത്തോടെ അവതരിപ്പിച്ച കഥാപാത്രങ്ങൾ പലതും അന്ന് സത്യന്റെ അഭിനയശരീരം യുക്തിപൂർവ്വം അഡ്രസ്​ ചെയ്തവ തന്നെയാണ്. ശ്രീനിവാസൻ ചിരിപ്പിച്ചു, സത്യൻ ചിന്തിപ്പിച്ചു. പുരുഷനെ അവന്റെ വൈകൃതങ്ങൾ ചൂണ്ടിക്കാണിച്ചു. പക്ഷേ സത്യനവതരിപ്പിച്ച തങ്ങളുടെ തന്നെ പ്രതിരൂപങ്ങളെ മികച്ച പുരുഷത്വ പ്രതീകങ്ങളായി ഭാവിച്ച്, സത്യനെ കരുത്തിന്റെ പ്രതീകമെന്നു വാഴ്ത്തി, തങ്ങളുടെ ആത്മഗർവ്വിനേറ്റ മുറിവുകളെ പൊതിഞ്ഞുപിടിച്ചു മലയാളത്തിലെ ആൺഗൗരവങ്ങൾ. ആ സിനിമകൾ ഒന്നുകൂടി പുതിയ കാലത്തിന്റെ സാഹചര്യത്തിൽ കണ്ടു നോക്കൂ, സത്യന്റെ താരശരീരം കഠിനമായി പരിഹസിക്കുന്നതെന്തിനെയാണെന്ന് നമുക്കു മനസ്സിലാകും.

ആണിന്റെ അപകർഷതാബോധങ്ങൾ, ആത്മവിശ്വാസമില്ലായ്മ, മാനസിക പ്രശ്നങ്ങൾ ഇതൊക്കെ ശാസ്ത്രീയ യുക്തികളോടെ കെ. എസ്. സേതുമാധവനും രാമു കാര്യാട്ടും ജനപ്രിയമാക്കിയെടുത്തത് സത്യന്റെ ശരീര സാധ്യതകളിലൂടെയാണ്.

എല്ലാം ഞങ്ങളോർക്കുന്നു. കടൽപ്പാലവും ഒരു പെണ്ണിന്റെ കഥയും അനുഭവങ്ങൾ പാളിച്ചകളും വാഴ് വേ മായവും യക്ഷിയും അടിമകളും ത്രിവേണിയും പഞ്ചവൻ കാടും ഒതേനന്റെ മകനും അരനാഴിക നേരവും ഓടയിൽ നിന്നും വീണ്ടും വീണ്ടും ഞങ്ങളുടെ മനസ്സിന്റെ തിരശ്ശീലയിൽ നിറഞ്ഞു നിൽക്കുന്നു.

അരനാഴികനേരം എന്ന സിനിമയുടെ നൂറാം ദിവസം ആഘോഷം കോട്ടയത്ത് നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്നു. സത്യൻ, നസീർ, ഷീല, രാഗിണി, അംബിക, ഉമ്മർ, അടൂർ ഭാസി തുടങ്ങി അന്നത്തെ തിളങ്ങുന്ന താരങ്ങളാണ് വേദിയുടെ മുൻനിരയിൽ. 90 വയസ്സുള്ള കുഞ്ഞേനാച്ചനെ അവിസ്മരണീയമാക്കിയ നടൻ കൊട്ടാരക്കര ശ്രീധരൻ നായരായിരുന്നു ആ സിനിമയുടെ ജീവാത്മാവ്. അദ്ദേഹം പിൻനിരയിൽ ഒരു കസേരയിൽ. സത്യനേക്കാൾ പ്രായത്തിൽ ചെറുപ്പമാണ് കൊട്ടാരക്കര. സത്യന്റെ അച്ഛനാണ് ചിത്രത്തിൽ കുഞ്ഞേനാച്ചൻ.

സത്യൻ, നസീർ

ചടങ്ങിൽ അധ്യക്ഷനായ മുൻസിപ്പൽ ചെയർമാൻ പ്രസംഗിക്കാൻ സത്യന്റെ പേരു വിളിക്കുന്നു. നിറഞ്ഞ കരഘോഷങ്ങൾക്കിടയിലൂടെ സത്യൻ മൈക്കിനു മുന്നിൽ വരുന്നു. കനത്ത മുഖഭാവം. മുറുകിയ ഭാവത്തിൽ ‘ശ്രീധരൻ നായരെ വിളിക്കൂ’ എന്നൊരുറച്ച ആജ്ഞ സത്യന്റെ കയ്യിലെ മൈക്കിലൂടെ കോട്ടയം നഗരം കേട്ടു. വേദി സ്തബ്ധമായി. കണ്ണുകൾ നിറഞ്ഞ് ഒഴുകി ഗദ്ഗദകണ്ഠനായി കൈകൂപ്പി പ്രസംഗിക്കാൻ എഴുന്നേറ്റുവന്ന കൊട്ടാരക്കര ശ്രീധരൻ നായരെ സദസ്സു മുഴുവൻ എഴുന്നേറ്റു നിന്ന് കയ്യടിച്ച് ആദരിച്ചു. തന്നേക്കാൾ മികച്ച നടനെന്ന് മറ്റൊരു നടനെ ആദരിച്ച് അംഗീകരിക്കുവാനുള്ള സത്യന്റെ ആ മനസ്സാണ് അദ്ദേഹത്തിലെ കലാകാരന്റെ വലുപ്പം.

മരണത്തിനു മായ്ക്കാനാവാത്ത പ്രതിഭാസാക്ഷ്യങ്ങൾ. അനശ്വരമാണ് ആ ജീവിതം. പുതുമ നഷ്ടപ്പെടാതെ, വീണ്ടും വീണ്ടും നവവ്യാഖ്യാനങ്ങൾ സാധ്യമായ കാഴ്ചകൾ. ആ ചലച്ചിത്രോത്സവ കാലത്തിന്റെ മുന്നിൽ സത്യനെന്ന അതുല്യനടനു മുന്നിൽ ദീർഘനമസ്കാരം.


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments