ഓർമ്മകളുടെ കാലപ്പഴക്കമുള്ളതും നീണ്ടതും അടരുകളുള്ളതുമായ ഇടനാഴികകളിൽ ചില ജീവിതങ്ങൾ നിലനിൽക്കുന്നത് വരികൾ പോലെയാണ്. അവ പതുക്കെ തുറക്കുമ്പോൾ വാചകങ്ങൾ വാചകങ്ങളായി അധ്യായങ്ങൾ അധ്യായങ്ങളായി നമുക്ക് നമുക്ക് തുറന്നാൽ അടയ്ക്കാൻ പറ്റാതെ മുന്നോട്ട് പോവും. വക്കം മജീദിൻേറത് അത് പോലൊരു ജീവിതമാണ്. ചരിത്രവുമായുള്ള നിർഭയമായ ഇടപെടലിലൂടെ മാത്രമല്ല, പുസ്തകങ്ങളുമായുള്ള നിശബ്ദവും തീവ്രവുമായ സഹവർത്തിത്വത്തിലൂടെയും ആ ജീവിതം അനുസ്മരിക്കപ്പെടുന്നു. അദ്ദേഹത്തിൻെറ 25ാം ചരമദിനം കടന്നുപോവുന്ന അതേ സമയത്ത് തന്നെയാണ് വിക്ടർ ഹ്യൂഗോയുടെ ലേ മിസറബിൾസിൻെറ നാലപ്പാട്ട് നാരായണമേനോൻ നടത്തിയ മലയാള പരിഭാഷ ‘പാവങ്ങളു’ടെ 100-ാം വാർഷികവും നാം ആചരിക്കുന്നത്. വക്കം മജീദ് ഇടയ്ക്കൊക്കെ പൂർണമായും ജീവിച്ചിരുന്നുവെന്ന് തോന്നുന്ന ആ പേജുകളിലൂടെെ തന്നെ അദ്ദേഹത്തെ ഓർമ്മിക്കുന്നത് വലിയ യാദൃശ്ചികതയായി തോന്നുന്നു.
പലരും ബഹുമാനത്തോടെ മജീദ് സാഹിബ് എന്ന് വിളിച്ചിരുന്നു അദ്ദേഹത്തിൻെറ കയ്യിൽ എപ്പോഴും ഒരു പുസ്തകം കാണുമായിരുന്നു. സംശയങ്ങൾക്ക് വഴിവിളക്കായും അജ്ഞത ഇല്ലാതാക്കിയും അദ്ദേഹം വർത്തിച്ചു. വീണ്ടും വീണ്ടും വായിച്ചുകൊണ്ട് അദ്ദേഹം വലിയ ആദരവോടെ ചേർത്തുപിടിച്ച പുസ്തകമായിരുന്നു ‘പാവങ്ങൾ’. 1925-ൽ നാലപ്പാട്ട് നാരായണമേനോൻ പരിഭാഷപ്പെടുത്തിയ വിക്ടർ ഹ്യൂഗോയുടെ മാസ്റ്റർപീസ് അദ്ദേഹത്തിന് സാഹിത്യമെന്നതിന് എത്രയോ അപ്പുറമായിരുന്നു. അതൊരു വെളിപാടായിരുന്നു. പുസ്തകം അദ്ദേഹം ചെറുപ്പത്തിലേ തന്നെ വായിച്ച് തീർത്തിരുന്നു. അതിലെ കഥാപാത്രങ്ങൾ ഒരുകാലത്തും അദ്ദേഹത്തെ വിട്ടുപോയതേയില്ല. വാൽജീന്റെ വേദനയും ജാവെർട്ടിന്റെ ധാർമ്മികതയും പാരീസിലെ തെരുവുകളിലെ കലാപവും കഷ്ടപ്പെടുന്ന മനുഷ്യരുടെ അന്തസ്സും അദ്ദേഹം ഉൾക്കൊണ്ടു. പാവങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ അദ്ദേഹം വല്ലാത്ത ഉത്സാഹമാണ് പ്രകടിപ്പിച്ചിരുന്നത്. വക്കം മജീദ് പാവങ്ങൾ വായിക്കുകയായിരുന്നില്ല, ആ പുസ്തകത്തിൽ ജീവിക്കുകയായിരുന്നു.

കേരളത്തിലെ മുതിർന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്ന എ.പി. ഉദയഭാനു, മജീദിനെ വിശേഷിപ്പിച്ചത് എപ്പോഴും ഒരു പുസ്തകമെങ്കിലും കയ്യിൽ വെച്ച് സഞ്ചരിക്കുന്ന എൻസൈക്ലോപീഡിയയാണെന്നാണ്. പക്ഷേ, മജീദ് സാഹിബ് അറിവിൻെറ കലവറയെന്നതിനും എത്രയോ അപ്പുറത്തായിരുന്നു. അദ്ദേഹം എക്കാലത്തും അന്വേഷകനായിരുന്നു, എപ്പോഴും സ്വന്തം മനസ്സാക്ഷിയെ പ്രകോപിപ്പിക്കുമായിരുന്നു, എപ്പോഴും മുനിഞ്ഞ് കത്തുന്ന അഗ്നിയായിരുന്നു. ചെറുപ്പകാലം മുതലേ അദ്ദേഹത്തോടൊപ്പമുള്ള മധുരമുള്ള ഒരുപാടൊരുപാട് ഓർമ്മകൾ എനിക്കുണ്ട്. ബർട്രൻറ് റസ്സലിൻെറ മൂന്ന് വോളിയമുള്ള ആത്മകഥയെക്കുറിച്ചും രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള ചർച്ചിലിന്റെ വിശദമായ വിവരണങ്ങളെക്കുറിച്ചും സർദാർ പട്ടേലിന്റെ 10 വോളിയമുള്ള കത്തിടപാടുകളെക്കുറിച്ചും അദ്ദേഹം ആവേശത്തോടെ സംസാരിച്ചത് ഇപ്പോഴുമെൻെറ കാതുകളിൽ മുഴങ്ങുന്നുണ്ട്. അപാരമായ പാണ്ഡിത്യം ഉണ്ടായിരുന്നുവെങ്കിലും അതിൻെറ യാതൊരു പൊങ്ങച്ചവും ആ വാക്കുകളിൽ ഒരിക്കലും കണ്ടിരുന്നില്ല. ആരിലെങ്കിലും മതിപ്പുളവാക്കാനാല്ല, മറിച്ച് സ്വയം പ്രകാശിപ്പിക്കുവാൻ വേണ്ടിയാണ് അദ്ദേഹം വായിച്ചുകൊണ്ടേയിരുന്നത്. ആസാദിന്റെ തർജുമാൻ അൽ-ഖുറാൻ, മുഹമ്മദ് അസദിന്റെ മക്കയിലേക്കുള്ള വഴി, എം.എൻ. റോയിയുടെ ദി ഹിസ്റ്റോറിക്കൽ റോൾ ഓഫ് ഇസ്ലാം, ആർതർ കോസ്റ്റ്ലറുടെ ദി യോഗി ആൻഡ് ദി കമ്മീഷണർ, ഹ്യൂഗോയുടെ പാവങ്ങൾ തുടങ്ങിയ പുസ്തകങ്ങളെക്കുറിച്ചെല്ലാം അദ്ദേഹം സംസാരിക്കുമ്പോൾ അറിവും സത്യവും കൂടുതൽ പേരിലേക്ക് എത്താനുള്ള വ്യഗ്രതയാണ് ദൃശ്യമായിരുന്നത്.

1909 ഡിസംബർ 20-ന് പഴയ തിരുവിതാംകൂറിലെ ചിറയിൻകീഴിലുള്ള വക്കത്തെ പ്രശസ്തമായ പൂന്ത്രൻ വിളാകം കുടുംബത്തിൽ ജനിച്ച എസ്. അബ്ദുൾ മജീദിന് പരിഷ്കരണത്തിന്റെയും പ്രതിരോധത്തിൻെറയും പാരമ്പര്യമുണ്ടായിരുന്നു. കേരള മുസ്ലിങ്ങൾക്കിടയിൽ നവോത്ഥാനത്തിൻെറ വെളിച്ചം കൊളുത്തിയ വക്കം അബ്ദുൾ ഖാദർ മൗലവിയായിരുന്നു മജീദിൻെറ അമ്മാവൻ. അഞ്ചുതെങ്ങ് സെന്റ് ജോസഫ്സ് ഹൈസ്കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ അദ്ദേഹം പരിഷ്കരണ പ്രസ്ഥാനങ്ങളുടെയും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെയും വഴിയിലേക്ക് ആകർഷിക്കപ്പെട്ടിരുന്നു. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം പൊട്ടിപ്പുറപ്പെട്ട ഘട്ടത്തിൽ തിരുവനന്തപുരത്തെ പ്രമുഖ സ്വാതന്ത്ര്യസമര പോരാളിയായി മജീദ് മാറിയിരുന്നു. അക്കാലത്ത് അദ്ദേഹം അറസ്റ്റിലാവുകയും ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. പിന്നീട് സ്വതന്ത്ര തിരുവിതാംകൂർ എന്ന പദ്ധതിയെ എതിർത്തതിൻെറ പേരിൽ വീണ്ടും അറസ്റ്റിലാവുകയും ചെയ്തിരുന്നു.
വെറുമൊരു സ്വാതന്ത്ര്യ സമര സേനാനി എന്നതിലുപരി അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്, അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ സജീവമാക്കിയ ആഴത്തിലുള്ള ധാർമ്മിക ഭാവനയായിരുന്നു. പോരാട്ടങ്ങളെക്കുറിച്ചും പ്രതിഷേധങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിൻെറ കാഴ്ച്ചപ്പാട് ആദർശപരമായിരുന്നില്ല, എന്നാൽ ധാർമ്മികതയിൽ ഊന്നിയുള്ളതായിരുന്നു. മതത്തിനോ ഭരണകൂടത്തിനോ മുന്നിൽ മനുഷ്യാന്തസ്സ് തലകുനിക്കേണ്ടി വരരുതെന്ന് അദ്ദേഹത്തിന് വലിയ നിർബന്ധമുണ്ടായിരുന്നു. 'ദ്വിരാഷ്ട്ര സിദ്ധാന്ത'ത്തെ അദ്ദേഹം അപലപിച്ചത് രാഷ്ട്രീയമായുള്ള അസൗകര്യമുള്ളത് കൊണ്ടായിരുന്നില്ല, ധാർമ്മികമായി അത് ശരിയല്ലാത്തത് കൊണ്ടാണ്. ഇന്ത്യയുടെ ആത്മാവ് മതേതരവും ബഹുസ്വരവും വിഭജിക്കപ്പെടാത്തതുമാണെന്നായിരുന്നു മജീദ് വിശ്വസിച്ചിരുന്നത്.

1948-ൽ തിരുവിതാംകൂർ - കൊച്ചി സംസ്ഥാന അസംബ്ലിയിലേക്ക് ആറ്റിങ്ങലിൽ നിന്ന് എതിരില്ലാതെ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ 1952-ൽ അദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചപ്പോൾ, പ്രായോഗിക രാഷ്ട്രീയത്തിൽ നിന്ന് പൂർണമായും മാറി സ്വന്തമായ വഴി വെട്ടിത്തുറന്ന് വായനയുടെയും ആത്മാന്വേഷണത്തിൻെറയും ധാർമ്മിക വ്യക്തതയുടെയും പാത തെരഞ്ഞെടുത്തു. മറ്റുള്ളവർ അധികാരത്തിൻെറ വഴിയേ പോയപ്പോൾ മജീദ് സാഹിബ് അറിവിൻെറ വഴിയാണ് തെരഞ്ഞെടുത്തത്. അങ്ങനെ ചെയ്തതിനാൽ പ്രായം മുന്നോട്ട് പോയപ്പോഴും അദ്ദേഹത്തിൻെറ പ്രാധാന്യം വർധിച്ച് വന്നു. തുടർന്നുള്ള ദശകങ്ങളിൽ, ബെർട്രാൻഡ് റസ്സലിന്റെ ദാർശനികവും ചരിത്രപരവുമായ രചനകളിലും, എം.എൻ. റോയിയുടെ റാഡിക്കൽ മാനവികതയിലും, നാരായണ ഗുരുവിന്റെ വിമോചന ദർശനങ്ങളിലും അദ്ദേഹം മുഴുകി. ഇസ്ലാമിക പാരമ്പര്യത്തിലൂന്നിയ ഇജ്തിഹാദിലേക്കുള്ള തിരിച്ചുപോക്ക് (Return of Ijtihad) ആഹ്വാനം ചെയ്ത അദ്ദേഹം മതത്തിനും ജാതിക്കുമൊക്കെ അതീതമായ ഒരു സമൂഹത്തെ സ്വപ്നം കണ്ടു.
സിദ്ധാന്തങ്ങളിൽ അദ്ദേഹം ഒരിക്കലും കർക്കശക്കാരനായി മാറിയില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയം ഒരിക്കലും ഒരു പ്രത്യേക പ്രത്യയശാസ്ത്രവമായി ചേർന്ന് നിന്നിരുന്നില്ല. മറിച്ച് ആശയങ്ങളും യാഥാർത്ഥ്യവും തമ്മിലുള്ള സംഭാഷണമായിരുന്നു. മലബാർ കലാപത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തനീയമായ വിശകലനം ഞങ്ങളുടെ പല സംഭാഷണങ്ങളിലും വന്നിരുന്നതായി ഞാൻ ഓർക്കുന്നു. മലബാർ കലാപം അടിസ്ഥാനപരമായി കർഷകർ നേരിട്ട അനീതിയിൽ നിന്ന് ഉരുത്തിരിഞ്ഞ പോരാട്ടമാണെന്ന് അംഗീകരിച്ചിരുന്ന അദ്ദേഹം പക്ഷേ, അിൻെറ വർഗീയമായ വഴി പിരിയലിൽ ആഴത്തിലുള്ള മനോവിഷമം ഉള്ള വ്യക്തിയായിരുന്നു. നീതിപൂർവമായ പ്രക്ഷോഭം വിഭാഗീയമായി തെറ്റിദ്ധരിപ്പിച്ച് മുന്നോട്ടുപോയത് അദ്ദേഹത്തിൻെറ അഭിപ്രായത്തിൽ ചരിത്രത്തിലെ വലിയ ദുരന്തമായിരുന്നു.
അദ്ദേഹത്തിൻെറ കയ്യിൽ എപ്പോഴും ഒരു പുസ്തകമുണ്ടായിരുന്നു. പങ്കുവെക്കാൻ ഒരു ഓർമ്മയുണ്ടായിരുന്നു. ഉദ്ധരിക്കാൻ പുസ്തകത്തിലെയോ മറ്റോ ഭാഗങ്ങളുണ്ടാവുമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാന മൂന്ന് ദശകങ്ങളായിരുന്നു ഏറ്റവും ധ്യാനാത്മകമായ കാലഘട്ടം. അദ്ദേഹം ക്ലാസിക്കുകൾ വീണ്ടും വീണ്ടും വായിച്ചു, ദേശീയതയിലൂന്നിയ ചരിത്രവായനകളെ ചോദ്യം ചെയ്ത് കൊണ്ടേയിരുന്നു, ഉപദേശത്തിന് വേണ്ടി തൻെറ മുന്നിലെത്തിയ യുവാക്കളോട് ആശയസംവാദത്തിൽ ഏർപ്പെട്ടുകൊണ്ടേയിരുന്നു. യുവാക്കൾക്ക് അദ്ദേഹം മുദ്രാവാക്യങ്ങളല്ല നൽകിയത്, ചോദ്യങ്ങളായിരുന്നു. നമ്മുടെ ജയിൽ സംവിധാനത്തെ വ്യാഖ്യാനിച്ചുകൊണ്ടാണ് ജീൻ വാൽജീന്റെ മോചനത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. ദയവില്ലാത്ത നിയമവ്യവസ്ഥയുടെ അപകടമെന്ന നിലയിലാണ് ജാവെർട്ടിന്റെ ആത്മഹത്യയെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്തത്. ഫാൻടൈൻെറ പതനത്തെക്കുറിച്ച് അദ്ദേഹം ഓർത്തത് സമൂഹത്തിലെ കാപട്യങ്ങളെക്കുറിച്ചുള്ള ഒരു വിമർശനമെന്ന നിലയിലാണ്.

ഇന്ത്യൻ നാഷണൽ ആർമിയുടെ ഹീറോ ആയി മാറിയ വക്കം ഖാദറിനെ മദ്രാസ് സെൻട്രൽ ജയിലിൽ സന്ദർശിച്ചത് അദ്ദേഹം ജീവിതത്തിൽ ഒരിക്കലും മറന്നിരുന്നില്ല. തൂക്കിലേറ്റപ്പെടുന്നതിന് മുമ്പ് ഖാദറിന്റെ അവസാനത്തെ കത്ത് അദ്ദേഹത്തിൻെറ പിതാവിന് എത്തിച്ചുനൽകിയത് മജീദ് സാഹിബായിരുന്നു. ആ ദൗത്യം തൻെറ ജീവിതത്തെ കൂടുതൽ കരുത്തുള്ളതും ദൃഢവുമാക്കി മാറ്റിയെന്ന് അദ്ദേഹം കരുതിയിരുന്നു. 1972-ൽ രാജ്യം സ്വാതന്ത്ര്യത്തിൻെറ സിൽവർ ജൂബിലി ആഘോഷിക്കവേ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മജീദിനെ താമ്രപത്രം നൽകി ആദരിച്ചിരുന്നു. എന്നാൽ അടിയന്തരാവസ്ഥ കാലത്ത് നടന്ന അതിക്രമങ്ങളിൽ അദ്ദേഹം ഖിന്നനായിരുന്നു.
ജീവിതത്തിൽ ഒരുകാലത്തും അദ്ദേഹം ആഘോഷങ്ങളിൽ അഭിരമിച്ചിരുന്നില്ല. പ്രശസ്തിക്ക് പിന്നാലെ ഒരിക്കലും പോയിരുന്നില്ല. ആത്മാഭിമാനത്തോടെ ജീവിച്ച, ആത്മനിഷ്ഠയോടെ വായിച്ച മജീദ് സാഹിബ് 2000 ജൂലൈ 10-നാണ് അന്തരിക്കുന്നത്. അദ്ദേഹം വലിയ എസ്റ്റേറ്റുകളോ, രാഷ്ട്രീയ നേട്ടങ്ങളോ ഒന്നും ബാക്കിവെക്കാതെ വളരെ ശാന്തമായാണ് മരിച്ചത്. എന്നാൽ അദ്ദേഹത്തിൻെറ ജീവിതം എങ്ങനെ ധാർമികതയോടെ, ആഴത്തിലുള്ള വായനയുടെ കരുത്തിൽ, നീതിയുക്തമായി പ്രതികരിച്ച് കൊണ്ട് ജീവിക്കാം എന്നുള്ളതിൻെറ പാഠപുസ്തകമായിരുന്നു.
ഇന്ന് നാം അദ്ദേഹത്തെ ഓർക്കുമ്പോൾ പാവങ്ങളുടെ നൂറാം വാർഷികവും ആചരിക്കപ്പെടുന്നു എന്നത് യാദൃശ്ചികതയും അപൂർവതയുമാണ്. ജീൻ വാൽജീൻ മലയാളം അക്ഷരങ്ങളിൽ പിറന്നിട്ട് 100 വർഷവും വക്കം മജീദ് ഈ ലോകം വിട്ടുപോയിട്ട് 25 വർഷവും ആയിരിക്കുന്നു. രണ്ടും പരസ്പരം ഇഴചേർന്നിരുന്നു. ഒന്ന് ഭാവനയും മറ്റൊന്ന് യാഥാർത്ഥ്യവും ആയിരുന്നു. അതേസമയം രണ്ടും ഒരുപോലെ മാനുഷികമായിരുന്നു. മജീദ് സാഹിബ് കേരളത്തിൻെറ സ്വന്തം ജീൻ വാൽജീൻ ആയിരുന്നു. ഭരണകൂടത്താൽ വേട്ടയാടപ്പെട്ടിട്ടും പലതരത്തിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടും അഗ്നി പോലെ ജ്വലിച്ച് നിൽക്കുന്ന സത്യം.
നമ്മൾ ഒരിക്കലും മറക്കാതിരിക്കേണ്ട വ്യക്തിത്വമാണ് അദ്ദേഹത്തിൻേറത്. ചരിത്രപുസ്തകത്തിലെ ഏതാനും പാരഗ്രാഫുകളിലേക്ക് അദ്ദേഹത്തിൻെറ ജീവിതത്തെ ചുരുക്കരുത്. ആ ഓർമ്മകൾ ‘പാവങ്ങൾ’ പോലെ കൈമാറപ്പെടണം. വായിക്കുകയും വീണ്ടും വീണ്ടും വായിക്കപ്പെടുകയും ചെയ്യണം. അദ്ദേഹം സ്നേഹിക്കപ്പെടുകയും അനശ്വരനാവുകയും ചെയ്യണം. തലമുറ തലമുറകളിലേക്ക് ആ ഓർമ്മകൾ കൈമാറ്റം ചെയ്യപ്പെടണം. വക്കം മജീദിനെ ഓർക്കുമ്പോൾ, നാം ഓർമ്മിക്കുന്നത് ഒരുകാലത്ത് നമ്മൾ ഏറ്റവും നന്നായി ചെയ്യാൻ ആഗ്രഹിച്ചിരുന്നത് എന്താണോ അത് തന്നെയാണ്…
കടപ്പാട്: Thewire.in
