കെ.ടി. ദിനേശ്​

പല പോസിലുള്ള മനുഷ്യർ

‘‘റിട്ടയർമന്റിന് ശേഷമുള്ള തിരിഞ്ഞുനോട്ടത്തിലാണ് ഭൗതികമായ പല നേട്ടങ്ങളുണ്ടായങ്കിലും ഒരു ജനത എന്ന നിലയിൽ നാം എത്ര പിന്നോട്ട് പോയിരിക്കുന്നു എന്ന് തിരിച്ചറിയുന്നത്.’’

നാല്പതിൽ തുടങ്ങുന്നു നീ ദേഹ നിരീക്ഷണം
നാല്പതിൽ മുടങ്ങുന്നുവെന്നാത്മ നിരീക്ഷണം'
എന്ന് സച്ചിദാനന്ദൻ എഴുതിയത് 1987- ൽ, തന്റെ നാൽപതാം വയസ്സിലാണ്. 'നാൽപത്' എന്നുപേരിട്ട ഈ കവിതയിൽ തടി കൂടുന്നതിനെക്കുറിച്ചും വയർ ചാടുന്നതിനെക്കുറിച്ചും നരച്ച മുടി തന്റെ ദൂതരായി തനിക്കു മുൻപേ നരകത്തിൽ പോകുന്നതിനെക്കുറിച്ചും കവി എഴുതുന്നുണ്ട്. 37 വർഷത്തിനിപ്പുറം 58-ലും 60-ലും വിരമിക്കുന്ന ‘യുവാക്കൾ’ ഇന്ന് ഈ വരികൾ വായിച്ചാൽ ചിരിച്ചുപോകും.
'മാനവഹൃദയത്തിൻ മർമ്മകോവിദൻ യന്ത്രം
രേഖാലിപിയിൽ എഴുതുന്നു'
എന്നും ഇ.സി.ജിയെ വിശേഷിപ്പിക്കുന്നുണ്ട് ഈ കവിതയിൽ അദ്ദേഹം.

സച്ചിദാനന്ദൻ

ആയുസ്സിലും ആരോഗ്യ പരിപാലനത്തിലും 1980- കളിൽ നിന്ന് 2020- കളിൽ എത്തുമ്പോഴുള്ള മാറ്റം വിസ്മയാവഹമാണ്. അധ്യാപകനായി, 56-ാം വയസ്സിൽ കഴിഞ്ഞ മേയിൽ വിരമിച്ച എന്റെ മനസ്സിലെ പ്രാഥമിക വിദ്യാഭ്യാസാരംഭകാലത്തെ, 1970- കളുടെ ആദ്യവർഷങ്ങളിലെ, അധ്യാപകരുടെ ചിത്രം നരച്ച കുറ്റിത്തലമുടിയും, സ്ലാക്ക് ഷർട്ടും, തോളിലിട്ട മടക്കിയ തോർത്തും, അരയിൽ അടയ്ക്ക കഷ്ണിക്കാനുള്ള പിച്ചാത്തിയുമൊക്കെയായി കവിളടക്കി മുറുക്കി തുപ്പിക്കൊണ്ടിരുന്ന വയോധികരുടേതാണ്. അക്കാലത്തെ മുതിർന്ന അധ്യാപികമാരാവട്ടെ, വേഷ്ടിയും മുണ്ടും ധരിച്ചാണ് സ്‌കൂളിൽ വന്നിരുന്നത്. എന്നാൽ ഇന്ന് ചായം തേച്ചും തേക്കാതയും റിട്ടയർ ചെയ്ത് പത്തോ ഇരുപതോ വർഷംവരെയൊക്കെ വാർധക്യത്തെ അകറ്റിനിർത്താൻ മിക്കവാറും എല്ലാവർക്കും സാധിക്കുന്നുണ്ട്.

രണ്ടായിരം മുതൽ ഇങ്ങോട്ടുള്ള സ്കൂൾ / കാമ്പസ് തലമുറയുടെ പോക്കു​കണ്ട് അന്തം വിട്ടിരിക്കുകയാണ് ഞാനുൾപ്പടെയുള്ള തൊണ്ണൂറുകൾവരെ കാമ്പസുകളിലുണ്ടായിരുന്ന തലമുറ.

Age is just a number എന്നൊക്കെയുള്ള നമ്പറിറക്കി പിടിച്ചുനിൽക്കാൻ മോട്ടിവേഷൻ സ്പീക്കേർസ് നിരന്തരം പറയുന്നുണ്ടെങ്കിലും പ്രായം തോന്നിപ്പിക്കാതിരിക്കാനുള്ള ഡ്രസ് സെൻസും മേക്കപ്പ് സാധനങ്ങളും ഉണ്ടെങ്കിലും തലമുറവിടവ് നികത്താൻ ലോഡ് കണക്കിന് മണ്ണിറക്കേണ്ടിവരുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. 'ഫോട്ടോ എടുത്തെടുത്ത് എന്റെ മുഖം തേഞ്ഞുപോയന്ന് വൈക്കം മുഹമ്മദ് ബഷീർ ദുഃഖിക്കുന്നു' എന്ന് കെ. ജി. എസ് 'പല പോസിലുള്ള ഫോട്ടോകൾ' എന്ന കവിതയിൽ എഴുതിയിട്ട് രണ്ട് ദശകങ്ങൾ കഴിഞ്ഞപ്പോഴേക്കും ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പല പോസിലുള്ള ഫോട്ടോകൾ നിറഞ്ഞു. കടലുകൾ പോലെ വലുതായില്ലങ്കിലും ആത്മരതി കുന്നോളം വളർന്നു.

വൈക്കം മുഹമ്മദ് ബഷീർ

മൂല്യങ്ങളുടെ കുഴിമറിച്ചിലാണ് എഴുപതുകൾ മുതൽ തൊണ്ണൂറുകൾവരെയുള്ള കാമ്പസുകളുടെ മുഖമുദ്ര. എന്നാൽ, രണ്ടായിരം മുതൽ ഇങ്ങോട്ടുള്ള സ്കൂൾ / കാമ്പസ് തലമുറയുടെ പോക്കു​കണ്ട് അന്തം വിട്ടിരിക്കുകയാണ് ഞാനുൾപ്പടെയുള്ള തൊണ്ണൂറുകൾവരെ കാമ്പസുകളിലുണ്ടായിരുന്ന തലമുറ. ദസ്തയെവ്സ്കിയും ടോൾസ്റ്റോയിയും സാർത്രും കാഫ്കയും കമ്യുവും കസാൻസാക്കീസും ഹെസ്സെയും തോമസ് മന്നും ഫോക്നറും ജോയ്സും വെർജീനിയ വുൾഫും ലോറൻസും നെരൂദയും ചെഗുവേരയും കാസ്ട്രോയും ആശാനും ഇടശ്ശേരിയും വൈലോപ്പിള്ളിയും ബഷീറും വിജയനും മുകുന്ദനും ആനന്ദും അരങ്ങുവാണിടത്ത് തൊപ്പിയും ഇ- ബുൾജറ്റ് വ്ളോഗറും ഫെജോയുമൊക്കെ സ്ഥാനമുറപ്പിക്കുന്നത് കണ്ടിട്ടുള്ള കൾച്ചറൽ ഷോക്കിലാണ് ഞങ്ങളുടെ തലമുറ. മൂന്നു ദശകങ്ങൾക്ക് മുൻപ് 'മ' പ്രസിദ്ധീകരണങ്ങൾ കത്തിച്ചു പ്രതിഷേധിച്ച പുരോഗമന പ്രസ്ഥാനങ്ങൾ തന്നെ ലക്ഷങ്ങൾ ചെലവഴിച്ച് ഇവരിലൂടെ ‘വിപ്ലവ' പ്രവർത്തനം നടത്തുന്ന കാലമാണിത്. ജോലിയിൽ നിന്നല്ല, ജീവിതത്തിൽ നിന്നുതന്നെ വിരമിച്ചാലോ എന്ന് ചിന്തിച്ചുപോകും ഇതൊക്കെ കാണുമ്പോൾ.

ജീവിതത്തിന്റെ അമ്പത്തിയാറാണ്ട് നീണ്ട ഒഴുക്കിൽ തിരിഞ്ഞുനോട്ടം അപൂർവമായി മാത്രമെ സംഭവിച്ചിട്ടുള്ളൂ.

എഴുപതുകളിൽ, ആധുനികതയുടെ കാലം മുതൽ തന്നെ, പേഴ്സണാലിറ്റി കൾട്ടുകളെ നിഷേധിച്ചവരാണ് മലയാളികൾ. എന്നാൽ ഇന്ദിരാഗാന്ധിയുടെ കാലം മുതൽ കോൺഗ്രസ് പാർട്ടി വളർത്തിക്കൊണ്ടുവന്ന വ്യക്തിപൂജയുടെ വഴിയിലാണ് ഇന്ന് കേന്ദ്രം ഭരിക്കുന്ന പാർട്ടിയും കേരളത്തിലെ ഭരണക്കാരും. രാഷ്ട്രീയ ആദർശങ്ങൾക്കോ മൂല്യങ്ങളെ മുറുകെ പിടിക്കുന്നതിനോ യാതൊരു വിലയുമില്ലാതായിരിക്കുന്നു. ഗോത്രകാലത്തെ മേൻമകളായ അമ്പത്തിയാറ് ഇഞ്ചും ഇരട്ട ചങ്കുമൊക്കെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലും കൊണ്ടാടുന്നത് കാണേണ്ടി വരികയാണ്, 'ആംഗ്രി യംഗ് മാൻ' ധാരയുടെ ഇന്ത്യൻ കൗണ്ടർപാർട്ടുകളായ ഞങ്ങളുടെ തലമുറ. ജനാധിപത്യം എന്ന ആശയം പോലും എന്താണന്ന് തിരിയാത്ത അടിമസ്വഭാവമുള്ള അനുയായികളെ മാത്രം വളർത്തുന്ന രാഷ്ടീയസംസ്കാരമാണ് ഇന്നത്തെ എല്ലാ രാഷ്ട്രീയപാർട്ടി നേതൃത്വത്തിനും പഥ്യം. തനിക്കുമാത്രം രണ്ടാം ടേമിലും മുഖ്യമന്ത്രിയാവാം എന്ന് ശഠിക്കാൻ ഒരു മുഖ്യമന്ത്രി തയ്യാറാവുന്നതും നമ്മൾ കണ്ടത് ഈ കാലത്ത് തന്നെയാണ്. വളരെ നോർമൽ ആയ ഒരു തീരുമാനമായി അതും സ്വീകരിക്കപ്പെട്ടു. എതിർക്കുന്നവർ കുലംകുത്തികളായി മുദ്രയടിക്കപ്പെടുന്നു. ‘നമ്മളായിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കേണ്ട’ എന്ന് ഓരോ ആളും തീരുമാനിക്കുന്നു.

ചരിത്രബോധമില്ലാത്ത നടൻമാരും നടിമാരും ഗായികയും രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ വർഗീയ സ്വഭാവം മറന്ന് അതിന്റെ പ്രചാരണത്തിൽ അണിചേരുന്നു

ചരിത്രബോധമില്ലാത്ത നടൻമാരും നടിമാരും ഗായികയും രാമക്ഷേത്ര ഉദ്ഘാടനത്തിന്റെ വർഗീയ സ്വഭാവം മറന്ന് അതിന്റെ പ്രചാരണത്തിൽ അണിചേരുന്നു. ഒരുമയില്ലാത്തവരുടെയും അഴിമതിക്കറ പുരണ്ടവരുടെയും ഒരു സംഘം പ്രതിപക്ഷമുന്നണിയായി നിന്ന് അദാനി- അംബാനി സ്പോൺസേഡ് ടീം ആയ കേന്ദ്ര ഭരണ പാർട്ടിക്കെതിരെ മത്സരിക്കാൻ തയ്യാറാവുന്നു. രാഷ്ട്രീയം അത്രമേൽ അസ്ഥിക്കുപിടിച്ച ഒരു തലമുറയായതിനാലാവാം ജനാധിപത്യത്തിന്റെ ഈ തകർച്ച എന്റെ തലമുറയുടെ ഏറ്റവും വലിയ ആകുലതയായി മാറുന്നത്. പുതുതലമുറയിലെ ഭൂരിപക്ഷവും രാഷ്ട്രീയം ഏത് വഴിക്കും നീങ്ങട്ടെ ജീവിതം ആഘോഷിക്കാനുളളതാണ് എന്ന ഉറച്ച വിശ്വാസത്തിൽ എത്തുകയും അവരവരുടെ ആനന്ദം കണ്ടെത്താനുള്ള വഴികൾ തേടുകയും ചെയ്യുന്നു.

സ്മരണ എന്നത് സംഭവിച്ചതോ സംഭവിക്കാത്തതോ അല്ല, മറിച്ച്, അവയുടെ സാധ്യതകൾ, ഒരിക്കൽ കൂടി സാധ്യമാകുക എന്നതാണ്’ എന്ന ജോർജോ അഗമ്പന്റെ വാക്കുകൾ ഈ തിരിഞ്ഞുനോട്ടത്തിന്റെ ഭരതവാക്യമാവട്ടെ.

ജീവിതത്തിന്റെ അമ്പത്തിയാറാണ്ട് നീണ്ട ഒഴുക്കിൽ തിരിഞ്ഞുനോട്ടം അപൂർവമായി മാത്രമെ സംഭവിച്ചിട്ടുള്ളൂ. റിട്ടയർമന്റിന് ശേഷമുള്ള ഈ തിരിഞ്ഞുനോട്ടത്തിലാണ് ഭൗതികമായ പല നേട്ടങ്ങളുണ്ടായങ്കിലും ഒരു ജനത എന്ന നിലയിൽ നാം എത്ര പിന്നോട്ട് പോയിരിക്കുന്നു എന്ന് തിരിച്ചറിയുന്നത്. രാഷ്ട്രീയമായ പര്യാലോചനകളിൽ ഇന്ന് തെളിഞ്ഞുകാണുന്നത് ഭരണഘടനയുടെ അടിസ്ഥാനപ്രമാണമായ മതേതരത്വം കുഴിച്ചുമൂടാൻ ഭരണാധികാരികൾ തന്നെ ശ്രമിക്കുകയും അതിനെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി നിൽക്കാൻ ഇടതുപക്ഷം പോലും സങ്കുചിത രാഷ്ട്രീയ കാരണങ്ങളാൽ വിമുഖത കാണിക്കുന്നതുമാണ്. തീവ്ര ഇടതുപക്ഷമാവട്ടെ ബുദ്ധിപരമായ സത്യസന്ധത പുലർത്താതെ ദേശരാഷ്ട്ര സങ്കൽപ്പങ്ങൾക്കപ്പുറം നീളുന്ന ചങ്ങാത്ത മുതലാളിത്ത ബാന്ധവം തിരിച്ചറിയാതെ വിപ്ലവ സ്വപ്നങ്ങൾ ദുർബലമായ ശബ്ദത്തിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നു. സാമൂഹിക ജീവിതത്തിലാവട്ടെ മതേതരമായ ഇടങ്ങൾ ചുരുങ്ങി ചുരുങ്ങിവരുന്നതും നമ്മൾ കാണുന്നു. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ഗീർവാണങ്ങളാണ് മാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും. ‘നമുക്ക് ജാതിയില്ല’ എന്ന് ഉദ്ഘോഷിച്ച ശ്രീനാരായണഗുരു കലണ്ടറായി ചുമരിൽ തൂങ്ങിക്കിടക്കുന്നു. എം. കുഞ്ഞാമനെപ്പോലുള്ളവരെ ജാതീയമായി അവഹേളിച്ച കഥകൾ നമ്മെ പൊള്ളിക്കുന്നു. അപ്പോഴും കൃഷ്ണകുമാരൻമാർ കുഴികുത്തി ചോറ് വിളമ്പിയ 'വളിവിട്ട് യോഗ്യനാവാൻ' ശ്രമിക്കുന്നു. ഈ അസഹ്യനാറ്റത്തെ പ്രതിരോധിക്കാൻ മുദ്രാവാക്യകവിത എഴുതിയ കവിയെ തീവ്രവിപ്ലവകാരികൾ കൃഷ്ണകുമാറിനെക്കാൾ വലിയ കുറ്റവാളിയാക്കുന്നു.

ബാലചന്ദ്രൻ ചുള്ളിക്കാട്

വായനയും സംഗീതവും സിനിമയും കുടുംബ ബന്ധങ്ങളും സൗഹൃദവും റിട്ടയർമന്റ് ജീവിതത്തിലെ ദുരിതാശ്വാസങ്ങളാണ്.

‘ഓർമ്മകൾ ഭൂതകാലത്തിന്റെ സാധ്യതയെ പുനഃസ്ഥാപിക്കുന്നു, സംഭവിച്ചതിനെ അപൂർണ്ണമാക്കുകയും ഒരിക്കലും ഇല്ലാത്തതിനെ പൂർത്തീകരിക്കുകയും ചെയ്യുന്നു. സ്മരണ എന്നത് സംഭവിച്ചതോ സംഭവിക്കാത്തതോ അല്ല, മറിച്ച്, അവയുടെ സാധ്യതകൾ, ഒരിക്കൽ കൂടി സാധ്യമാകുക എന്നതാണ്’ എന്ന ജോർജോ അഗമ്പന്റെ വാക്കുകൾ ഈ തിരിഞ്ഞുനോട്ടത്തിന്റെ ഭരതവാക്യമാവട്ടെ.

Comments