റിട്ടയർമെന്റ് എന്നത് സങ്കടകരമായ എന്തോ സംഭവമാണ് എന്ന ധാരണ കുട്ടിക്കാലം തൊട്ട് എനിക്കുണ്ടായിരുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന കാലത്ത് എന്റെ സ്കൂളിലെ പ്രഥമാദ്ധ്യാപകൻ റിട്ടയർ ചെയ്തു. റിട്ടയർമെന്റിനോേടനുബന്ധിച്ച് നടന്ന സ്കൂൾ ആനിവേഴ്സറിയിൽ കുട്ടികളുടെ കലാപരിപാടികളും മറ്റും നടക്കുന്നതിനുമുമ്പായി ഒരു പൊതുസമ്മേളനമുണ്ടായിരുന്നു. പൊതു സമ്മേളനത്തിൽ ആരൊക്കെയോ മൈക്കിനു മുന്നിൽവന്ന് റിട്ടയർ ചെയ്യുന്ന അദ്ധ്യാപകനെക്കുറിച്ച് നല്ല വാക്കുകൾ സംസാരിച്ചു. 501 രൂപയാണെന്ന് തോന്നുന്നു, ഒരു പണക്കിഴി അദ്ദേഹത്തിന് സമ്മാനിച്ചു. മറുപടി പ്രസംഗത്തിന് മൈക്കിനു മുന്നിലെത്തിയ അദ്ധ്യാപകൻ കണ്ഠമിടറി ഒന്നുരണ്ട് വാചകങ്ങൾ പറഞ്ഞൊപ്പിച്ചു. പിന്നീട് കണ്ടത് അദ്ദേഹം വിതുമ്പിക്കരയുന്നതാണ്.
സദസ്സ് നിശ്ശബ്ദമായി...
1982- ൽ സർവ്വീസിൽ പ്രവേശിച്ച എനിക്കുമുണ്ടായി, ഒരു റിട്ടയർമെന്റ് ദിനം. അത് 2011 മാർച്ച് 31നായിരുന്നു. അന്ന് ഞാൻ ഡപ്യൂട്ടേഷനിൽ മുഖ്യമന്ത്രിയുടെ അസിസ്റ്റൻഡ് പ്രൈവറ്റ് സെക്രട്ടറിയായി സെക്രട്ടറിയേറ്റിൽ ജോലി ചെയ്യുകയാണ്. സാധാരണ അദ്ധ്യാപകർക്ക് കിട്ടുന്ന യാത്രയയപ്പോ ആശംസാവചനങ്ങളോ എനിക്ക് ലഭിച്ചില്ല. എന്നാലും, 40,000 രൂപ പെൻഷൻ കിട്ടിത്തുടങ്ങി. റിട്ടയർ ചെയ്തു എന്ന തോന്നലില്ലാതെ, പെൻഷനറായി ജോലിയിൽ തുടർന്ന എനിക്ക് അന്നുമിന്നും ജീവിതം സംഭവബഹുലമായിത്തന്നെ തുടരുന്നു.
1995 മുതൽ കമ്പൂട്ടറുകളും ഐ.ടിയും എന്റെ ഇഷ്ട വിഷയങ്ങളായിരുന്നു. ആ ഇഷ്ടം തുടരാൻ ‘ഐ.ടി അറ്റ് സ്കൂൾ’ എന്ന പ്രോജക്റ്റ് സഹായിച്ചു. ‘ഐ.ടി അറ്റ് സ്കൂളി’ലൂടെയാണ് വി.എസ്. അച്യുതാനന്ദനിലേക്ക് ഞാനെത്തുന്നത്. 2001-2006 കാലത്ത് സ്കൂൾ സിലബസിൽ ഐ.ടി ഒരു പഠനവിഷയമാവുകയും മൈക്രോസോഫ്റ്റ് എന്ന കുത്തക സോഫ്റ്റ് വെയർ പാഠപുസ്തകങ്ങളിൽ കടന്നുവരികയും ചെയ്തപ്പോൾ അതിനെതിരെയുള്ള സമരങ്ങൾക്ക് നേതൃത്വം നൽകിയത് അന്നത്തെ പ്രതിപക്ഷനേതാവായിരുന്ന വി.എസ്സായിരുന്നു. ആ സഹവർത്തിത്വം പിന്നീടെന്നെ വി.എസ്സിന്റെ പേഴ്സണൽ സ്റ്റാഫിലെത്തിക്കുകയായിരുന്നു.
ഏതോ മാർച്ച് 31ന്, റിട്ടയർമെന്റോടെ, വീടിന്റെ പൂമുഖത്ത് ഒരു ചാരുകസേരയിലേക്ക് ചുരുണ്ടുകൂടുന്ന കാലം കഴിഞ്ഞുപോയി. ഇന്നിപ്പോൾ റിട്ടയർമെന്റ് എന്നത് ആഘോഷങ്ങളുടെ തുടക്കമാണ്. അങ്കലാപ്പുകളില്ലാതെ, നടന്നുതീർത്ത വഴിത്താരകളിലൂടെ ഇനിയുമേറെ നടക്കാനുണ്ട് എന്ന ബോദ്ധ്യത്തോടെ പെൻഷനർമാർ നടക്കുകയാണ്.
റിട്ടയർ ചെയ്ത ഏതാനും അദ്ധ്യാപകരോടൊത്ത് കസ്തൂരിരംഗൻ റിപ്പോർട്ട് മലയാളത്തിലേക്ക് തർജമ ചെയ്ത് പ്രസിദ്ധീകരിച്ചു. ഒരാഴ്ച്ചക്കകം പ്രിന്റ് ചെയ്ത അത്രയും കോപ്പികൾ വിറ്റുപോയ അപൂർവ്വത ആ പുസ്തകത്തിനുണ്ടായി.
നേരത്തെ സൂചിപ്പിച്ചതുപോലെ, റിട്ടയർ ചെയ്ത ശേഷം രണ്ട് മാസം കൂടി മുഖ്യമന്ത്രിയുടെ അസിസ്റ്റൻഡ് പ്രൈവറ്റ് സെക്രട്ടറിയായും തുടർന്ന് പ്രതിപക്ഷനേതാവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായും കർമനിരതനാവാൻ സാധിച്ചു. ഔദ്യോഗികമായി, ആ ജോലി രാജിവെച്ചിട്ടും അനൗദ്യോഗികമായി വി.എസ്. അച്യുതാനന്ദൻ എന്ന തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവിനോടൊപ്പം തിരുവനന്തപുരത്തുതന്നെ തുടർന്നു. ഭരണപരിഷ്കാര കമീഷൻ ചെയർമാൻ എന്ന നിലയിൽ വി.എസ് പ്രവർത്തിച്ചകാലത്ത് അദ്ദേഹത്തോടൊപ്പം നിഴൽപോലെ നിൽക്കാനും എനിക്കവസരമുണ്ടായി.
അക്കാലത്താണ് റിട്ടയർ ചെയ്ത ഏതാനും അദ്ധ്യാപകരോടൊത്ത് കസ്തൂരിരംഗൻ റിപ്പോർട്ട് മലയാളത്തിലേക്ക് തർജമ ചെയ്ത് പ്രസിദ്ധീകരിച്ചത്. ഒരാഴ്ച്ചക്കകം പ്രിന്റ് ചെയ്ത അത്രയും കോപ്പികൾ വിറ്റുപോയ അപൂർവ്വത ആ പുസ്തകത്തിനുണ്ടായി. ചെലവു കഴിഞ്ഞ് ഒരു ലക്ഷത്തോളം രൂപ ലാഭവും കിട്ടി. അതൊരു വഴിത്തിരിവായിരുന്നു. പുസ്തക പ്രസാധനം ലാഭകരമായ ഒരേർപ്പാടും, കർമനിരതരാവാനുള്ള മാർഗവുമാണ് എന്ന തോന്നൽ ഞങ്ങളെ ആ വഴിയിൽ മുന്നോട്ടുനയിച്ചു. അങ്ങനെയാണ് കോഴിക്കോട് ആസ്ഥാനമായി, നോളേജ് ഇന്ത്യ പബ്ലിഷേഴ്സ് എന്ന പുസ്തക പ്രസിദ്ധീകരണ സ്ഥാപനം തുടങ്ങുന്നത്.
പ്രസിദ്ധീകരണരംഗത്ത് യാതൊരു മുൻപരിചയവുമില്ലാത്ത റിട്ടയേർഡ് അദ്ധ്യാപകരെ സംബന്ധിച്ച് വരാനിരിക്കുന്ന പ്രതിസന്ധികളുടെ തുടക്കമായിരുന്നു, അത്. പുസ്തകമിറങ്ങണമെങ്കിൽ രചനകൾ വേണം. അതെങ്ങനെ സംഘടിപ്പിക്കും എന്നറിയാതെ ഞങ്ങൾതന്നെ രചനയിലേർപ്പെട്ടു. അങ്ങനെയാണ്, ആദ്യമായി ഞാനൊരു പുസ്തകമെഴുതുന്നത്. എന്റെ ഇഷ്ടവിഷയം ഫിസിക്സാണെങ്കിലും ആദ്യം എഴുതിയ പുസ്തകം ഡിജിറ്റൽ ഫോട്ടോഗ്രഫിയെക്കുറിച്ചായിരുന്നു. ആ പുസ്തകവും ചൂടപ്പം പോലെ വിറ്റുപോയി, ഡയറ്റ് പ്രിൻസിപ്പാളായി റിട്ടയർ ചെയ്ത ജോർജ് ജോസഫ് സാറും ബയോളജിയിൽ ഒരു സീരീസ് തയ്യാറാക്കി. ആ പുസ്തകങ്ങളും സാമാന്യം നല്ല നിലയിൽ വിറ്റുപോയി. പക്ഷെ, വിറ്റുപോയ പുസ്തകങ്ങളുടെ വില മാത്രം തിരിച്ചുവന്നില്ല. ഇതിനിടയിൽ സിറ്റി ടൈംസ് എന്ന ഒരു പ്രാദേശിക മാസികയും പ്രസിദ്ധീകരിക്കാനാരംഭിച്ചു. എം.പി. വീരേന്ദ്രകുമാറാണ് മാസിക പ്രകാശനം ചെയ്തത്. ചുരുക്കിപ്പറയാം. രണ്ടുവർഷത്തിനകം പ്രസിദ്ധീകരണശാലയും മാസികയും പൂട്ടിക്കെട്ടി. ഈ പണി നമുക്കു പറ്റിയതല്ല എന്ന തിരിച്ചറിവിലേക്ക് കേവലം രണ്ട് വർഷത്തെ ദൂരമേ ഉണ്ടായുള്ളു എന്നർത്ഥം.
അദ്ധ്യാപകനായിരുന്ന കാലത്ത് ഞാൻ കെ.എസ്.ടി.എ എന്ന അദ്ധ്യാപക പ്രസ്ഥാനത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു, കെ.എസ്.ടി.എയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നരമണൻ മാസ്റ്റർ, ജനറൽ സെക്രട്ടറിയായിരുന്ന ഉസ്മാൻ മാസ്റ്റർ, ട്രഷറർമാരായിരുന്ന എം.കെ. ശ്രീധരൻ, പി. പരമേശ്വരൻ എന്നിങ്ങനെ സംഘടനയുടെ തലപ്പത്തുണ്ടായിരുന്ന കുറെ മലപ്പുറത്തുകാർ പലവട്ടം ഒത്തുകൂടി 2015 അവസാനം 'ഷെൽട്ടർ' എന്ന പേരിൽ മലപ്പുറത്തെ റിട്ടയേർഡ് അദ്ധ്യാപകരുടെ ഒരു ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചു. ഇന്നിപ്പോൾ 1500-ൽ പരം അംഗങ്ങളുള്ള ആ സൊസൈറ്റിയിൽ അതിന്റെ വൈസ് പ്രസിഡണ്ടായി പ്രവർത്തിക്കുകയാണ് ഞാൻ. നിർധന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകിയും പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചും നിരന്തരമായി യാത്രകൾ സംഘടിപ്പിച്ചും ‘ഷെൽട്ടർ’ മുന്നോട്ടുപോവുകയാണ്. വാർധക്യം കർമനിരതവും ആഹ്ലാദമാക്കുയാണ് ഞങ്ങൾ.
കുട്ടികൾക്ക് ജ്യോതിശാസ്ത്ര ക്ലാസുകളെടുത്തും, അദ്ധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ക്ലാസുകളെടുത്തും പഴയ പാഷനായ ഫോട്ടോഗ്രാഫി പൊടിതട്ടിയെടുത്തും ‘ഷെൽട്ടറി’ൽ സജീവമായും മുന്നോട്ടുപോകുമ്പോൾ പ്രായം കൂടുന്നതേയില്ല എന്ന തോന്നലിലാണ് ഞാനിന്ന്.