Robert Fisk: 'പടിഞ്ഞാറിനെ' ചോദ്യം ചെയ്ത പടിഞ്ഞാറൻ

മിഡിലീസ്റ്റിനെക്കുറിച്ച് ദശകങ്ങളായി പടിഞ്ഞാറൻ മാധ്യമ പ്രവർത്തകർ എംബഡഡ് ജേണലിസത്തിലൂടെ പ്രചരിപ്പിച്ച എല്ലാ വാദങ്ങളെയും തന്റെ തൊഴിൽ ജീവിതത്തിലൂടെ തിരുത്തിയെഴുതിയ മാധ്യമപ്രവർത്തകനാണ് റോബർട്ട് ഫിസ്‌ക്. ലബനീസ് ആഭ്യന്തര യുദ്ധം, അഫ്ഗാനിലെ സോവിയറ്റ് അധിനിവേശം, ഇറാൻ വിപ്ലവം, സദ്ദാമിന്റെ കുവൈത്ത് അധിനിവേശം, ബാൾക്കൻ സംഘർഷങ്ങൾ, അറബ് വസന്തം, സെപ്തംബർ 11 ഭീകരാക്രമണം തുടങ്ങി നിരവധി അന്താരാഷ്ട്ര സംഭവങ്ങൾ റിപോർട്ട് ചെയ്ത ഫിസ്‌ക്, മലയാളി വായനക്കാർക്കും തൻറെ കോളങ്ങളൂടെ ഏറെ പരിചിതനായിരുന്നു. നവംബർ ഒന്നിന് അന്തരിച്ച ഫിസ്കിൻറെ ജീവിതത്തെ കുറിച്ചും ഇടപെടലിനെ കുറിച്ചും വിശദീകരിക്കുകയാണ് ലേഖകൻ

Two Missiles from An American jet Killed them all - By my estimate, more than 20 Iraqi civilians, torn to Pieces before they could be 'liberated' by the nation that destroyed their lives. Who dares I ask myself, to call this ' Collateral Damage'? It was an outrage , an obscenity ( Robert Fisk, March 27, 2003).

റോബർട്ട് ഫിസ്‌കിന്റെ ഗദ്യശൈലിയുടെ നിരവധി ഉദാഹരണങ്ങളിൽ ഒന്നാണ് ഈ വരികൾ. തത്വചിന്തയിൽ എഡ്വേഡ് സൈദ് അവതരിപ്പിച്ച ആശയ ലോകം (ഓറിയന്റലിസം) മാധ്യമ പ്രവർത്തനത്തിൽ സാക്ഷാത്കരിക്കുകയാണ് റോബർട്ട് ഫിസ്‌ക് ചെയ്തത്. അദ്ദേഹത്തിന്റെ മധ്യപൗരസ്ത്യ ദേശത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളും വിശകലന ലേഖനങ്ങളും ഇപ്പോൾ ഒരിക്കൽ കൂടി വായിക്കുമ്പോൾ ഇക്കാര്യം കൂടുതൽ ബോധ്യമാകും.

പടിഞ്ഞാറിന് അപരമാക്കാനുള്ളതല്ല മധ്യപൗരസ്ത്യ ദേശമോ മറ്റു ഭൂ പ്രദേശങ്ങളോ എന്ന നിലപാട് എടുത്ത് നിർഭയം മാധ്യമ പ്രവർത്തനം നടത്തുകയായിരുന്നു ഫിസ്‌ക്. ഗാർഡിയന്റെ മിഡിലീസ്റ്റ് ലേഖകൻ എന്ന നിലയിലാണ് ഫിസ്‌ക്ക് ആഗോള ശ്രദ്ധ നേടിയത്. മിഡിലീസ്റ്റിനെക്കുറിച്ച് ദശകങ്ങളായി പടിഞ്ഞാറൻ മാധ്യമ പ്രവർത്തകർ എംബഡഡ് ജേണലിസത്തിലൂടെ പ്രചരിപ്പിച്ച എല്ലാ കാര്യങ്ങളേയും തന്റെ തൊഴിൽ ജീവിതത്തിലൂടെ ഫിസ്‌ക്ക് തിരുത്തി എഴുതി. അതിനാലാണ് ഒരിക്കൽ അദ്ദേഹം പറഞ്ഞത്, ഞാൻ ഒറ്റയാനല്ല, ഒറ്റതിരിയാൻ വിധിക്കപ്പെട്ട പടിഞ്ഞാറനാണെന്ന്.

റോബർട്ട് ഫിസ്‌ക്

ഒന്നാം ഗൾഫ് യുദ്ധത്തിന്റെ മാധ്യമ ആഖ്യാനങ്ങളിലൂടെ ഫിസ്‌ക് മിഡിലീസ്റ്റിനെ അതിന്റെ ശരിയായ അർഥത്തിൽ തിരിച്ചറിഞ്ഞു തുടങ്ങി എന്നു പറയാം. അറബ് ഏകാധിപതികളേയും അവരെ നിയന്ത്രിക്കുന്ന പടിഞ്ഞാറൻ ശക്തികളേയും അവരുടെ ബലാബലങ്ങളേയും മനസ്സിലാക്കിക്കൊണ്ടു മാത്രമേ മിഡിലീസ്റ്റ് മാധ്യമ പ്രവർത്തനം സത്യസന്ധമാകൂ എന്ന തിരിച്ചറിവാണ് ഫിസ്‌കിനുണ്ടായിരുന്നത്. അതിനാൽ പടിഞ്ഞാറുനിന്നുള്ള രാഷ്ട്രീയ നേതാക്കളും മിഡിലീസ്റ്റ് ഏകാധിപതികളും ഫിസ്‌ക്കിനെ ഒരേ പോലെ ശത്രുവായി കണ്ടു. വിഖ്യാത പുസ്തകം മക്കയിലേക്കുള്ള പാത എഴുതിയ മാധ്യമ പ്രവർത്തകൻ കൂടിയായ മുഹമ്മദ് അസദിന് ആധുനിക സൗദി അറേബ്യയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവുമായി ഉണ്ടായിരുന്ന അടുത്ത സൗഹൃദം പോലെ ഒന്ന് ഫിസ്‌കിന് അറബ് ലോകത്തെ ഒരു ഭരണാധികാരിയുമായും അടുത്ത കാലം വരെ ഉണ്ടായിരുന്നില്ല (എന്നാൽ കഴിഞ്ഞ 10 വർഷമായി അദ്ദേഹം സിറിയയിലെ ബഷാറുൽ അസദിന്റെ അടിമയെന്ന് വിമർശിക്കപ്പെട്ടു).

മാധ്യമ പ്രവർത്തനം യഥാർഥത്തിൽ ആവശ്യപ്പെടുന്ന വിമർശനാത്മകമായ അകലം പാലിക്കാനാണ് അദ്ദേഹം എന്നും ശ്രമിച്ചത്. അതോടൊപ്പം പടിഞ്ഞാറും മറ്റു പ്രദേശങ്ങളിലും ഒറിയന്റലിസത്തിന്റെ കലർപ്പില്ലാതെ മിഡിലീസ്റ്റിനെ അവതരിപ്പിക്കാൻ അസദിനെ പോലെ ( ആസ്‌ട്രോ-ഹംഗേറിയനായിരുന്നു അദ്ദേഹം) ഫിസ്‌കിന് കഴിഞ്ഞു, പക്ഷെ അസദിനെ പോലെ അത് ഇസ്‌ലാമിന്റെ വഴി കൂടി തേടിക്കൊണ്ടായിരുന്നില്ല എന്ന വ്യത്യാസമുണ്ട്.

ബെയ്‌റൂത്തിലെ ഗാർഡിയൻ ഓഫീസ് ആസ്ഥാനമാക്കിയാണ് ഫിസ്‌ക് ഏറെയും പ്രവർത്തിച്ചത്. അദ്ദേഹത്തിന്റെ മരണ വാർത്ത പുറത്തു വന്നപ്പോൾ ആദരാജ്ഞലിയായി ഗാർഡിയൻ കുറിച്ച വാക്കുകൾ ഇങ്ങിനെയായിരുന്നു: "renowned for his courage in questioning official narratives' and publishing "frequently brilliant prose'. ഔദ്യോഗിക ആഖ്യാനത്തെ പിന്തുടരുന്ന എളുപ്പപ്പണി, ഒരു പക്ഷെ കൂടുതൽ അഗീകാരങ്ങളും സ്ഥാനമാനങ്ങളും ലഭിക്കുന്ന മാധ്യമ പ്രവർത്തന രീതി അസ്വീകാര്യമാണെന്നും നേരിൽ പോയി അന്വേഷിച്ചു കണ്ടെത്തുന്നതാണ് മാധ്യമ പ്രവർത്തനത്തിൽ പ്രധാനമെന്നും ഫിസ്‌ക് ഉറച്ചു വിശ്വസിച്ചു. അദ്ദേഹത്തിന്റെ മാധ്യമ പ്രവർത്തനത്തിന്റെ മാനിഫെസ്റ്റോ അതായിരുന്നു. അതിനാൽ മിഡിലീസ്റ്റിലെ ചോര ചിന്തിയ തെരുവുകളിലൂടെ സത്യം ലോകത്തെ അറിയിക്കാൻ അദ്ദേഹം നിർഭയം അലഞ്ഞു നടന്നു. യഥാർഥ മാധ്യമ പ്രവർത്തനത്തെ ലോകത്തിന് അംഗീകരിക്കേണ്ടി വരുമെന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണം തനിക്ക് ഓർവെൽ പ്രൈസ് കിട്ടിയതാണെന്ന് അദ്ദേഹം തന്റെ എതിരാളികളുടെ മുഖത്തു നോക്കി സധൈര്യം പറഞ്ഞു. എംബഡഡാകാൻ താനില്ലെന്ന് അമേരിക്കയുടെ ഇറാഖ് അധിനിവേശ വേളയിൽ ഫിസ്‌ക് ആവർത്തിച്ചു.

റോബർട്ട് ഫിസ്‌ക് റിപോർട്ടിങ്ങിനിടെ

ഇറാഖാണ് ഫിസ്‌കിനെ മിഡീലീസ്റ്റിന്റെ മാധ്യമ പ്രവർത്തകനാക്കിയതെന്ന് പറയാം. 1991ൽ ആദ്യ ഗൾഫ് യുദ്ധ വേളയിൽ, ഇറാഖ് കുവൈത്തിനെ ആക്രമിച്ച സമയത്ത് അദ്ദേഹം എഴുതിയ റിപ്പോർട്ടുകൾ മലയാളത്തിൽ "മാധ്യമം' പത്രത്തിൽ എഡിറ്റ് പേജിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങുമ്പോഴാണ് മലയാളി ആദ്യമായി ഈ പേര് കേൾക്കുന്നത്. പതിയെ പതിയെ മാർകേസ് മലയാളി എഴുത്തുകാരനായതു പോലെ ഫിസ്‌ക് ഒരു മലയാളി മാധ്യമ പ്രവർത്തകനായി കൂടി രൂപപ്പെട്ടുവെന്നു പറയാം. പ്രത്യേകിച്ചും ഗൾഫിൽ കഴിയുന്ന, ഗൾഫുമായി ബന്ധപ്പെട്ടു നിൽക്കുന്ന മലയാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഫിസ്‌കിന്റെ റിപ്പോർട്ടുകളിലൂടെയാണ് മിഡിലീസ്റ്റിനെക്കുറിച്ചുള്ള സത്യസന്ധമായ ചിത്രങ്ങൾ പലപ്പോഴും ലഭിച്ചത്. സൗദിയിൽ ജീവിച്ച 13 വർഷത്തിനിടെ, പല മിഡിലീസ്റ്റ് പ്രശ്നങ്ങളെക്കുറിച്ചും ഫിസ്‌ക് എന്തെഴുതി എന്ന് പല മലയാളികളും ചോദിക്കാറുള്ളത് ഇപ്പോൾ എന്റെ ഓർമ്മയിലേക്കു വരുന്നു.

ഇറാഖിൽ അമേരിക്കയും ബ്രിട്ടനും അധിനിവേശം നടത്തിയ വേളയിലും സപ്തംബർ 11 ആക്രമണ വേളയിലുമാണ് ഫിസ്‌കിന്റെ അതിശക്തമായ റിപ്പോർട്ടുകൾ പുറത്തു വന്നത്. 2012ൽ ലബനോൻ സബ്ര-ശാത്തില കൂട്ടക്കൊല ( 1700 പേർ വധിക്കപ്പെട്ട) നടന്ന സ്ഥലങ്ങളിൽ പുന:സന്ദർശനം നടത്തി (കൂട്ടക്കൊല നടന്ന് 30 വർഷത്തിനു ശേഷം)ഫിസ്‌ക് എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് "ദ ഫോർഗോട്ടൺ മാസക്കർ' എന്നായിരുന്നു. മിഡിലീസ്റ്റ് പോലും മറന്നു പോയിരുന്നു ആ കൂട്ടക്കൊല. ആ റിപ്പോർട്ട് തുടങ്ങുന്നത് ഇങ്ങിനെയാണ്: The memories remain, of course. The man who lost his family in an earlier massacre, only to watch the young men of Chatila lined up after the new killings and marched off to death. But - like the muck piled on the garbage tip amid the concrete hovels - the stench of injustice still pervades the camps where 1,700 Palestinians were butchered 30 years ago next week. No-one was tried and sentenced for a slaughter, which even an Israeli writer at the time compared to the killing of Yugoslavs by Nazi sympathisers in the Second World War. Sabra and Chatila are a memorial to criminals who evaded responsibility, who got away with it.:

ലോകം ശ്രദ്ധിച്ച ഫിസ്‌കിന്റെ ഗദ്യത്തിന് ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് ഈ റിപ്പോർട്ടിന്റെ ഇൻട്രോ. 1982ൽ സബ്ര-ശാത്തില കൂട്ടക്കൊല നടക്കുമ്പോൾ അവിടെയെത്തുന്ന ആദ്യ മാധ്യമ പ്രവർത്തകരിൽ ഒരാളായിരുന്നു ഫിസ്‌ക്. അദ്ദേഹം തന്നെ തന്റെ മിഡിലീസ്റ്റ് മാധ്യമ പ്രവർത്തനത്തിലെ ഏറ്റവും പ്രധാന റിപ്പോർട്ടുകളിലൊന്നായി കണ്ടതും ഇതായിരുന്നു. ഫിസ്‌ക് അന്നെഴുതിയില്ലായിരുന്നെങ്കിൽ ഈ കൂട്ടക്കൊലയും മറ്റു നിരവധി കെട്ടുകഥകളിൽ ഒന്നാക്കി മാറ്റാൻ ബന്ധപ്പെട്ടവർക്കുകഴിയുമായിരുന്നുവെന്ന് പിൽക്കാലത്ത് പല അറബ് ബുദ്ധിജീവികളും നിരീക്ഷിച്ചിട്ടുണ്ട്. മിഡിലീസ്റ്റ് തന്നെ ഒരു കെട്ടുകഥ എന്ന പടിഞ്ഞാറൻ മിത്തിനെ പൊളിക്കുകയും ഒപ്പം അറബ് ഏകാധിപതികളെ വിചാരണക്കൂട്ടിൽ നിർത്തുകയും ചെയ്തു ഈ മാധ്യമ പ്രവർത്തകൻ.

സബ്ര-ശാത്തില കൂട്ടക്കൊലയെ കുറിച്ച് ദ ഇൻഡിപെൻഡൻറിൽ എഴുതിയ ലേഖനം

സപ്തംബർ 11 ഭീകരാക്രമണം കൈകാര്യം ചെയ്യുമ്പോൾ മറ്റെല്ലാ മാധ്യമ പ്രവർത്തകരിൽ നിന്നും വിഭിന്നമായി ഫിസ്‌ക് ആക്രമണകാരികൾ എങ്ങിനെയുണ്ടായി, അവരുണ്ടായി വന്നതിൽ അറബ് നാടുകൾക്കെന്നപോലെ പടിഞ്ഞാറിനും പങ്കുണ്ടോ എന്നദ്ദേഹം വിശദമായി പരിശോധിച്ചു. പടിഞ്ഞാറിന്റെ പങ്ക്, എണ്ണ ആർത്തിയുടെ പശ്ചാത്തലത്തിൽ ആഴത്തിൽ ഫിസ്‌ക് അവതരിപ്പിച്ചു. ഉസാമ ബിൻലാദനെ ഫിസ്‌ക് മൂന്നു തവണ ഇൻർർവ്യൂ ചെയ്തു. 1993,96,97 വർഷങ്ങളിലായിരുന്നു ആ അഭിമുഖങ്ങൾ. 1993ൽ നൽകിയ അഭിമുഖമാണ് ഉസാമ ബിൻലാദന്റെ ആദ്യ മാധ്യമ അഭിമുഖം. ഈ വരികളോടെയാണ് ആ അഭിമുഖം ഫിസ്‌ക് തുടങ്ങുന്നത്: 'With his high cheekbones, narrow eyes and long brown robe, Mr Bin Laden looks every inch the mountain warrior of mujahedin legend. Chadored children danced in front of him, preachers acknowledged his wisdom' while noting that he was accused of 'training for further jihad wars'- ബിൻലാദന്റെ ആദ്യ അഭിമുഖം ഇപ്പോൾ വായിക്കുമ്പോൾ പിൽക്കാലത്ത് ലോകം ഭീകരവാദം എന്നു വിളിക്കാൻ പോകുന്ന ഒരു പ്രതിഭാസത്തെ എങ്ങിനെയാണ് ഫിസ്‌കിനെപ്പോലെ ഒരു മാധ്യമ പ്രവർത്തകൻ ആദ്യമായി അവതരിപ്പിച്ചത് എന്നു മനസ്സിലാക്കാൻ കഴിയും. പക്ഷെ ബിൻലാദിന് മതപരമായ സംസ്‌ക്കാരം അനുവദിക്കാതിരുന്ന അമേരിക്കൻ നടപടിയെ ഏറ്റവും ശക്തമായി വിമർശിച്ചത് ഫിസ്‌കായിരുന്നുവെന്നോർമ്മിക്കുക. സദ്ദാമിന്റെ "വിചാരണ'യും ഫിസ്‌കിന്റെ കടുത്ത വിമർശനത്തിനിരയായി. ആ റിപ്പോർട്ടുകൾ ഇപ്പോഴും ഇൻഡിപെൻഡൻഡിന്റെ ആർക്കൈവിലുണ്ട്.

1993 ൽ ഒസാമ ബിൻലാദനുമായി റോബർട്ട് ഫിസ്‌ക് ദ ഇൻഡിപെൻഡൻറിന് വേണ്ടി നടത്തിയ അഭിമുഖം

നീതിക്കു വേണ്ടിയാണ് ഒരു മാധ്യമ പ്രവർത്തകനും പോരാടുന്നത്, അയാൾ/അവൾ വെറും കാണി മാത്രമല്ലെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനാൽ തന്നെ മാധ്യമ സ്ഥാപനങ്ങൾ ഉപദേശിക്കുന്ന "ബാലൻസിംഗ് മാധ്യമ' പ്രവർത്തനത്തെ ഫിസ്‌ക് ഒരിക്കലും അംഗീകരിച്ചില്ല. മിഡിലീസ്റ്റിലും പടിഞ്ഞാറുമുള്ള ഇംഗ്ലീഷ് വായനക്കാർ ഫിസ്‌കിനെതിരെ ഉന്നയിച്ച ഏറ്റവും വലിയ ആരോപണം റിപ്പോർട്ടുകളിലെ ബാലൻസില്ലായ്മയായിരുന്നു.

"പിറ്റി ദ നേഷൻ' കവർ

എന്നാൽ ആ റിപ്പോർട്ടുകളെല്ലാം ആഴ്ചകൾക്കുള്ളിൽ ഫിസ്‌ക് പറഞ്ഞതു തന്നെയായിരുന്നു ശരിയെന്ന് സംശയലേശമന്യേ തെളിയിച്ചു. തന്റെ റിപ്പോർട്ടുകളെ, ലേഖനങ്ങളെ, വിശകലനങ്ങളെ ഏറ്റവും സത്യസന്ധമാക്കാൻ അധ്വാനിച്ചതിന്റെ ഫലമായിരുന്നു വിമർശിക്കപ്പെട്ട വിശകലനങ്ങൾ പോലും പിന്നീട് അംഗീകരിക്കപ്പെട്ടത്.

ലെബനോൻ ആഭ്യന്തര യുദ്ധത്തെക്കുറിച്ച് അദ്ദേഹമെഴുതിയ "പിറ്റി ദ നേഷൻ' എന്ന പുസ്തകം മനുഷ്യ ദുരന്തങ്ങളുടെ ഏറ്റവും വലിയ രേഖകളിലൊന്നാണ്. ലെബനീസ് ജനത നേരിട്ട മഹാദുരന്തത്തിന് സാക്ഷിയായി നിന്നു കൊണ്ട്, ബെയ്‌റൂത്തിലെ ജീവിത കാലത്താണ് ഫിസ്‌ക് ഈ പുസ്തകമെഴുതിയത്. ഈ പുസ്തകത്തിന്റെ താളുകളിൽ നാം കാണുന്ന മനുഷ്യ ദുരന്തങ്ങൾ അത്രയേറെ ഞെട്ടിക്കുന്നതാണ്. ഒരു പക്ഷെ പിൽക്കാല മിഡിലീസ്റ്റ് ദുരന്തങ്ങളിൽ ലെബനീസ് ആഭ്യന്തര യുദ്ധം എന്തു തരത്തിൽ പ്രവർത്തിച്ചുവെന്നും അദ്ദേഹം പഠിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഭീകരവാദികൾ എന്ന് പടിഞ്ഞാറ് പേരിട്ട് വിളിക്കുന്ന മിഡിലീസ്റ്റിൽ നിന്നുള്ളവർ അങ്ങിനെ ആയിത്തീർന്നതിന്റെ കാരണങ്ങൾ അക്കമിട്ട് പറഞ്ഞിട്ടുമുണ്ടദ്ദേഹം.
ഫിസ്‌ക് തന്റെ മാധ്യമ പ്രവർത്തനത്തിൽ ഒരിക്കലും സന്തോഷകരമായ ഒരു കാര്യവും റിപ്പോർട്ട് ചെയ്തിട്ടുണ്ടാവില്ല. എക്കാലത്തും യുദ്ധങ്ങളുടേയും ചോരയുടേയും കണ്ണീരിന്റേയും കഥകളെക്കുറിച്ചു മാത്രമാണ് അദ്ദേഹമെഴുതിയത്? അത് എന്തു കൊണ്ടായിരുന്നു?. മിഡിലീസ്റ്റ് എന്ന പ്രദേശം ദശകങ്ങളായി അങ്ങിനെയാണ് എന്നത് കൊണ്ടു തന്നെയായിരുന്നു അത്. മിഡിലീസ്റ്റിനെ ഇങ്ങിനെ ആക്കിത്തീർത്തതിൽ അമേരിക്കക്കും യൂറോപ്പ്യൻ ശക്തികൾക്കുമുള്ള പങ്ക് തുറന്നു കാട്ടിയ പടിഞ്ഞാറൻ മാധ്യമ പ്രവർത്തകൻ എന്ന നിലയിലും വേട്ടക്കാരും ഇരകളുമായിത്തീർന്ന അറബ് ഏകാധിപതികളെക്കുറിച്ചെഴുതിയ മാധ്യമ പ്രവർത്തകൻ എന്ന നിലയിലും ലോകം അദ്ദേഹത്തെ രേഖപ്പെടുത്തുക തന്നെ ചെയ്യും.

പക്ഷാഘാതത്തെ തുടർന്ന് ഡബ്ലിനിൽ ആശുപത്രിയിലായിരിക്കെ ഇന്നലെയാണ് 74കാരനായ ഫിസ്‌ക് അന്തരിച്ചത്.

അവസാന കാലത്ത് സിറിയൻ ആഭ്യന്തര യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിൽ ഫിസ്‌ക് ബഷാറുൽ അസദിന്റെ പക്ഷം പിടിച്ചുവെന്നത് സത്യമാണ്. അദ്ദേഹത്തിന്റെ മാധ്യമ പ്രവർത്തനത്തിന്റെ പാരമ്പര്യത്തിന് എതിരായിരുന്നു ഇത്. മിഡിലീസ്റ്റിലെ അവാന്തര വിഭാഗങ്ങളെക്കുറിച്ച് ആഴത്തിൽ പഠിച്ച ഫിസ്‌ക് പക്ഷെ, കുർദുകളെ മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഈ പ്രശ്‌നത്തിൽ അസദിന്റെ ഹിംസാത്മകതക്കൊപ്പം നിന്നുവെന്നുമുള്ള വിമർശനമാണ് ഉയർന്നത്. അദ്ദേഹത്തിന്റെ വിമർശകരിൽ ഒരാളായ ഇദ്‌രീസ് അഹമ്മദ് ഫിസ്കിന്റെ മരണ വാർത്തയറിഞ്ഞ് ട്വിറ്ററിൽ ഇങ്ങിനെ കുറിച്ചു: I used to admire him. He could write with force and clarity. But then he abandoned journalism for fiction, started taking liberties with facts and ended up a mouthpiece for mass murderers, trafficking in victim blaming conspiracy theories. A sad decline. The last 10 years of life were spent as an apologist for Assad, whitewashing massacres in Daraya, Eastern Ghouta, Khan Sheikhoun and Douma. He also slandered doctors and rescue workers and built stories out of prisoner testimonies extracted under duress. ഫിസ്‌കിന്റെ മാധ്യമ ജീവിതം മിഡിലീസ്റ്റിനെക്കുറിച്ച് നിരവധി ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. മരണാനന്തരം കഴിഞ്ഞ പത്തു വർഷത്തെ സിറിയൻ റിപ്പോർട്ടിംഗ് അദ്ദേഹത്തിന്റെ ക്രെഡിബിലിറ്റി റദ്ദായിപ്പോയതിന്റെ ഉദാഹരണമായി എടുത്തു കാട്ടപ്പെടുകയും ചെയ്യാം. തന്റെ ഭാഗം വിശദീകരിക്കാൻ ഇനി ഏതായാലും റോബർട്ട് ഫിസ്‌കിന് സാധിക്കില്ല.

Comments