ജോസഫ് ബ്രോഡ്‌സ്‌കിയുടെ Lettera 22 എന്ന ടൈപ്പ്‌റ്റൈർ വീണ്ടും നിശ്ചലമാവുകയാണ്. നോബൽ സമ്മാനം വരെ നേടിയ അദ്ദേഹത്തിന്റെ രചനകൾ ആ പഴയ ടൈപ്പ്‌റൈറ്ററിന്റെ കീബോർഡിലൂടെയാണ് അക്ഷരങ്ങളായി വായനക്കാരുടെ മുന്നിലെത്തിയത്. 1996-ൽ വിട പറഞ്ഞ ആ റഷ്യൻ കവി ഉപയോഗിച്ചിരുന്ന ഒലിവെറ്റി ലെറ്റേറ 22 എന്ന ടൈപ്പ് റൈറ്റർ അതിനുശേഷം ഉപയോഗിച്ചത് അദ്ദേഹത്തിന്റെ ആത്മസുഹൃത്തും ഇറ്റാലിയൻ എഴുത്തുകാരനുമായ റോബർട്ടോ കലാസോ ആയിരുന്നു. ജൂലൈ 28ന് കലാസോ മിലാനിൽ അന്തരിച്ചു.
അവസാന നാളുകൾ വരെ എഴുത്തിന്റെ ലോകത്ത് സജീവമായിരുന്നു എൺപതുകാരനായ കലാസോ. അദ്ദേഹത്തിന്റെ പക്കൽ മൂന്നു ടൈപ്പുറൈറ്ററുകൾ ഉണ്ടായിരുന്നു. ഒന്ന് ഇറ്റാലിയൻ പ്രസാധകനും എഴുത്തുകാരനുമായിരുന്ന റോബർട്ട് ബാസ്ലെൻ ഉപയോഗിച്ചത്. മറ്റൊന്ന് ജോസഫ് ബ്രോഡ്‌സ്‌കി ഉപയോഗിച്ചിരുന്നത്. മൂന്നാമത്തേത് കലാസോ പണം കൊടുത്ത് വാങ്ങിച്ചത്. എന്നാൽ സ്വന്തം രചനകളൊന്നും നേരിട്ട് ടൈപ്പ്‌റൈറ്ററിൽ അടിച്ചിരുന്ന ആളായിരുന്നില്ല കലാസോ. പഴയ ഫൗണ്ടൻ പേന കൊണ്ട് എഴുതി, തിരുത്തെല്ലാം വരുത്തിയശേഷം അവസാന മാനുസ്‌ക്രിപ്റ്റ് ടൈപ്പ്‌റൈറ്ററിൽ തയ്യാറാക്കും. അതായിരുന്നു അദ്ദേഹത്തിന്റെ എഴുത്തുരീതി. അങ്ങനെ രചിച്ചവയാണ് ലോകപ്രസിദ്ധങ്ങളായ അദ്ദേഹത്തിന്റെ കൃതികൾ.
എന്തുതരം കൃതികളാണ് കലാസോ രചിച്ചത്?
പരമ്പരാഗത നിർവ്വചനങ്ങൾക്കകത്ത് ഒതുക്കി നിർത്താവുന്നവയല്ല അദ്ദേഹത്തിന്റെ രചനകളൊന്നും. അവയിലൊക്കെ ഫിക്ഷനുണ്ട്. അതായത് സാഹിത്യഭാവന. എന്നാൽ അവയെ ഫിക്ഷനെന്നു മാത്രം വിശേഷിപ്പിച്ച് ആ ഗണത്തിൽ ഒതുക്കിക്കെട്ടാവുന്നവയായിരുന്നില്ലതാനും. ചരിത്രവും മിത്തും ജ്ഞാനവും കൂടിക്കലർന്ന പുതിയ കാലത്തെ ക്ലാസിക്കുകളാണ് അദ്ദേഹം സൃഷ്ടിച്ചത്. തീർച്ചയായും അവിടെ കാലമുണ്ട്. ഏതു കാലം എന്ന ചോദ്യം വരുമ്പോൾ നൈരന്തര്യമുള്ള മഹാകാലം എന്ന ഉത്തരം പറയുകയേ നിർവ്വാഹമുള്ളൂ. വേദകാലം മുതൽ അൽഗോരിതങ്ങളുടെ കാലംവരെ സഞ്ചരിച്ച മഹാമനസ്സായിരുന്നു കലാസോയുടേത് എന്ന് പറയുന്നതാവും ശരി. ഭൂമിശാസ്ത്രപരമായ പരിമിതപ്പെടുത്തലിനും അദ്ദേഹം തുനിഞ്ഞില്ല. എഴുത്തിൽ നിറഞ്ഞതൊന്നും യഥാർത്ഥത്തിൽ ഇറ്റലിയുടെ അതിർത്തിയിൽ നിന്നായിരുന്നില്ല. അവ തേടിയതും താണ്ടിയതും ലോകാതിർത്തികളെയായിരുന്നു. അങ്ങനെ നോക്കുമ്പോൾ റോബർട്ടോ കലാസോ ശരിക്കും ഒരു ലോകസാഹിത്യകാരനായിരുന്നു.
ഇറ്റലിയിൽ അദ്ദേഹം എഴുത്തുകാരൻ മാത്രമായിരുന്നില്ല. വലിയൊരു പ്രസാധകൻ കൂടിയായിരുന്നു. അദേൽഫി എന്ന പബ്ലിഷിങ്ങ് ഹൗസിന്റെ ഭാഗമായി കലാസോ എത്തുന്നത് തന്റെ 21ാം വയസ്സിലാണ്. 1962-ൽ ആരംഭിച്ച അദേൽഫി പിന്നീട് ഇറ്റലിയിലെ പ്രമുഖ പ്രസാധകസ്ഥാപനമായി വളർന്നു. ഇറ്റലിയിലെയും മറ്റ് യൂറോപ്പ്യൻ നാടുകളിലെയും പ്രധാന കൃതികളെല്ലാം ഇറ്റാലിയൻ ഭാഷയിൽ പുറത്തിറക്കിയത് അദേൽഫിയായിരുന്നു. എല്ലാ ദിവസവും അതിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം ഇടപെട്ടിരുന്നു. നബക്കോവും കുന്ദേരയും ബോർഹസും ബ്രോഡ്‌സ്‌കിയുമൊക്കെ ഇറ്റലിയിലേക്ക് വന്നത് കലാസോയുടെ കൈകളിലൂടെയായിരുന്നു. ഈ രംഗത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ The Art of the Publisher എന്നൊരു പുസ്തകവും അദ്ദേഹം രചിച്ചു. ഹംഗേറിയൻ നോവലിസ്റ്റായ സാൻതോർ മറായിയുടെ നോവലുകളെ ലോകത്തിന്റെ മുന്നിലെത്തിച്ചതും കലാസോയായിരുന്നു. തൊണ്ണൂറുകളിൽ ഒരു ഫ്രഞ്ച് കാറ്റലോഗിൽ നിന്നാണ് കലാസോ മറായ് എന്ന നോവലിസ്റ്റിനെ അറിയുന്നത്. സോവിയറ്റ് യൂണിയൻ ഹംഗറിയിൽ അധികാരമുറപ്പിച്ചതിനെത്തുടർന്ന് അവിടെ രഹസ്യമാക്കപ്പെട്ടവയായിരുന്നു മറായിയുടെ നോവലുകൾ. കലാസോ അവ കണ്ടെത്തി വായിക്കുകയും എല്ലാം ഇറ്റാലിയൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്തു.
1998-ൽ അദ്ദേഹം മറായിയുടെ എംബേഴ്‌സ് എന്ന കൃതിയെപ്പറ്റി ആൽഫ്രഡ് നോഫ് എന്ന അമേരിക്കൻ പബ്ലിഷറുടെ എഡിറ്ററായിരുന്ന കരോൾ ജാനുവയ് യുമായി സംസാരിച്ചു. അവർ തന്നെ എംബേഴ്സ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി, നോഫ് പ്രസിദ്ധീകരിച്ചു. അങ്ങനെയാണ് സാൻതോർ മറായി എന്ന ഹംഗേറിയൻ ലോകത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായി മാറുന്നത്. ഇങ്ങനെ പല ഇടപെടലുകളും റോബർട്ടോ കലാസയുടേതായി പ്രസാധകലോത്തിന് ലഭിച്ചിട്ടുണ്ട്.
ഇറ്റാലിയൻ ഭാഷയിലെന്ന പോലെ ഇംഗ്ലീഷിലും കലാസോയ്ക്ക് നല്ല പ്രാവീണ്യമുണ്ടായിരുന്നു. ഉംബർട്ടോ എക്കോയെപ്പോലെ പുസ്തകങ്ങളുടെ ശേഖരണത്തിലും കലാസോ തല്പരനായിരുന്നു. ലോകത്തിലെ അപൂർവ്വമായ പല മാനുസ്‌ക്രിപ്റ്റുകളും ആദ്യപതിപ്പുകളും കലാസോയുടെ പുസ്തക ശേഖരത്തിൽ ഇടംനേടിയിട്ടുണ്ട്. അവയിൽ പ്രശസ്തമായവ സ്പിനോസയുടെ പുസ്തകങ്ങളുടെ ആദ്യപതിപ്പുകളും പ്രശസ്ത ആസ്ട്രിയൻ നാടകകൃത്തായിരുന്ന കാൾ ക്രോസ് നടത്തിയിരുന്ന ടോർച്ച് എന്ന പ്രശസ്തമായ വിമത പത്രത്തിന്റെ 922 ലക്കങ്ങളും ഉൾപ്പെടുന്നു. അസാധാരണ വായനക്കാരൻ കൂടിയായ കലാസോ വായനയുടെ വേഗതയിലും പേരെടുത്തിട്ടുണ്ട്. അത്ഭുതകരമായ വേഗതയിലാണ് അദ്ദേഹം വായിച്ചുകൊണ്ടിരുന്നത്.
ലോകത്തിലെ പുരാണങ്ങളുടെയും മിത്തുകളടെയും ആധികാരിക പണ്ഡിതൻ കൂടിയായിരുന്നു ഈ ഇറ്റലിക്കാരൻ. ഗ്രീക്ക് മിത്തുകളുടെ പശ്ചത്തലത്തിൽ അദ്ദേഹം രചിച്ച The Marriage of Cadmus and Harmony മനുഷ്യാസ്തിത്വത്തിന്റെ വലിയ ചോദ്യങ്ങളെ നേരിടുന്നു. "Ka' എന്ന പുസ്തകം ഇന്ത്യയിലെ സംസ്‌കൃത സാഹിത്യത്തിന്റെ സത്തയുൾക്കൊണ്ട് രചിച്ച ഒരപൂർവ്വ രചനയാണ്. ഹിന്ദു മിത്തോളജിയെക്കുറിച്ച് എഴുതപ്പെട്ട ഏറ്റവും മികച്ച പുസ്തകം എന്നാണ് പ്രശസ്ത ഹിന്ദു മിത്തോളജി സ്‌കോളറായ വെൻഡി ഡോണിഗർ ഇതിനെ വിശേഷിപ്പിച്ചത്. ഭാവനയും പാണ്ഡിത്യവും സമ്മേളിക്കുന്ന ഈ കൃതികളെല്ലാം പുതിയൊരു സാഹിത്യാനുഭവം ലോകത്തിന്റെ മുന്നിലേക്കു തുറന്നിട്ടു.
ആധുനിക നോവലിന്റെ സ്വഭാവവും ക്ലാസിക്കൽ മിത്തുകളുടെ സ്വഭാവവും കലർത്തിയാണ് കലാസോ രചനകൾ നിർവ്വഹിച്ചത്. നമ്മുടെ വേദങ്ങളിലും പുരാണങ്ങളിലുമുള്ള അദ്ദേഹത്തിന്റെ താല്പര്യം Ka യിൽ അവസാനിച്ചില്ല. Ardor എന്ന കൃതിയിലൂടെ വേദങ്ങളുടെയും ബ്രാഹ്‌മണങ്ങളുടെയും ആഴങ്ങളിലേക്ക് വീണ്ടും കലാസോ യാത്ര നടത്തി. അതിലദ്ദേഹം എഴുതി: "If the Vedic people had been asked why they did not build cities, they could have replied: we did not seek power, but rapture.'
ആധുനികചിന്തയെ പൗരാണിക ജ്ഞാനവുമായി ചേർത്തുനിർത്തുന്ന പുതിയൊരു ആശയ ലോകത്തിനാണ് കലാസോ തുടക്കം കുറിച്ചത്. ബൈബിളിന്റെ പുനരാവിഷ്‌ക്കാരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് The Book of All Books. ഈജിപ്ഷ്യൻ മിത്തോളജിയിൽ നിന്ന് പ്രചോദിതമായി രചിച്ച കൃതിയാണ് The Celestial Hunter. ചരിത്രത്തേയും മിത്തുകളേയും പുനർവായനക്ക് വിധേയമാക്കുകയാണ് റോബർട്ടോ കലാസോ.
K എന്ന പേരിലൊരു പുസ്തകം കലാസോ രചിച്ചിട്ടുണ്ട്. അത് കാഫ്കയെക്കുറിച്ചാണ്. കാഫ്കയുടെ കഥകൾ എന്താണ് പറയുന്നത്? അവ സ്വപ്നമാണോ ? അതോ അലിഗറിയോ? അവിടെയും ഭാവനയും അറിവും ചേർത്തുവെച്ച് ഒരു നോവൽ സൃഷ്ടിക്കുകയാണ് കലാസോ. ആരാണ് K എന്ന വലിയ ചോദ്യത്തെ നേരിടുവാൻ കണ്ടെത്തിയ പുതിയൊരു വഴി. പത്തൊമ്പതാം നൂറ്റാണ്ടിലെ പാരിസിനെ പ്രചോദിപ്പിച്ച എഴുത്തുകാരുടെയും കലാകാരന്മാരുടെയും മനസ്സിലേക്കും അവർ സൃഷ്ടിച്ച സാംസ്‌കാരിക ആധുനികതയിലേക്കും വെളിച്ചം പകരുന്ന രചനയാണ് La Folie BaudeIaire. വായനക്കാരെ അന്നത്തെ പാരീസിലേക്ക് നയിക്കുകയാണ് ഗ്രന്ഥകാരൻ. ഇതുപോലെ മറ്റൊരു വേറിട്ട പുസ്തമാണ് The Unnameble Present. ആധുനികലോകത്തെ പുതിയ ട്രൈബുകളുടെ സ്വഭാവത്തെ അറിയാനാണ് കലാസോ ഇതിലൂടെ ശ്രമിക്കുന്നത്. ടൂറിസ്റ്റുകളും ടെററിസ്റ്റുകളും മൗലികവാദികളും അൽഗോരിതമിഷ്യൻസും മതേതരവാദികളും... അങ്ങനെ പോകുന്നു ആ പുതിയകാല ട്രൈബുകൾ!
ഞാൻ കലാസേയുടെ എല്ലാ കൃതികളെപ്പറ്റിയും ഇവിടെ സൂചിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന്റെ രചനാ ലോകത്തിന്റെ പൊതു സ്വഭാവം കാണിക്കാനായി ചിലതിനെപ്പറ്റി പറഞ്ഞുവെന്നു മാത്രം. ഇങ്ങനെ വിചിത്രമായ ഒരു ഭാവനാലോകത്ത് വ്യാപരിക്കുമ്പോഴും പുതിയ കാലത്തിന്റെ പ്രശ്‌നങ്ങളോട് ഇടപഴകാൻ അദ്ദേഹം മടിച്ചില്ല. ഇന്ത്യയിൽ വളർന്നുവന്നുകൊണ്ടിരിക്കുന്ന ഹിന്ദു വർഗ്ഗീയവാദത്തെപ്പറ്റിപ്പോലും അദ്ദേഹം ആശങ്കാകുലനായിരുന്നു. സാമ്പത്തിക ലിബറലൈസേഷനോടുകൂടി ഇന്ത്യയിലേക്കൊഴുകിയ വലിയ പണത്തിന്റെ ദോഷഫലങ്ങളിലൊന്നാണ് ഈ പുതിയ വർഗീയ മുന്നേറ്റം എന്നദ്ദേഹം വിലയിരുത്തുകയുണ്ടായി. അങ്ങനെ കാലോചിതമായി ചിന്തിക്കാനും ഈ ഇറ്റാലിയൻ സാഹിത്യകാരൻ സമയം കണ്ടെത്തിയിട്ടുണ്ട്.
കാലത്തെ വാക്കുകളിലൂടെ പൂർത്തിയാക്കുക എന്നൊരു മഹാദൗത്യം ഏറ്റെടുത്ത ചിന്തകനായിരുന്നു കലാസോ. പഴയതെന്നോ, പുതിയതെന്നോ ഉള്ള വേർതിരിവുകളില്ലാതെ മാനവസംസ്‌കാരത്തെ സമഗ്രമായി ഉൾക്കൊണ്ട് അതിൽനിന്ന് പുതിയ ഊർജ്ജം നേടി പുതിയ ഭാവുകത്വ നിർമ്മാണത്തിനാണ് അദ്ദേഹം നേതൃത്വം കൊടുത്തത്. മുൻമാതൃകകളില്ലാത്ത ആ രചനാലോകം കലാസോയുടെ മരണത്തോടെ ഒറ്റപ്പെടുകയായി. ആധുനിക കാലത്തെ വായനക്കാരൻ അതിൽ നിന്നും പ്രചോദനം നേടി അവയ്ക്ക് തുടർച്ചയുണ്ടാക്കണം. കലാസോയുടെ കൃതികൾ കാലാതീതമായ വായനയ്ക്കായ് ഒറ്റപ്പെട്ടവയാണ്. അത് ഭാവിയിലെ വായനക്കാരനെ കാത്തിരിക്കുന്നു.