തൃപ്പൂണിത്തുറ നാരണയ്യർ കൃഷ്ണൻ ഏഴാമത്തെ വയസ്സിൽ പൂർണത്രയേശ ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. എൺപത്തിയഞ്ചു വർഷങ്ങൾ അദ്ദേഹത്തിന്റെ വയലിൻ മറ്റുള്ളവരും അദ്ദേഹവും കേട്ടു. അദ്ദേഹവും കേട്ടു എന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ടി .എൻ കൃഷ്ണൻ കേട്ട സംഗീതമാണ് അദ്ദേഹം വായിച്ചതിലും കൂടുതൽ. ആ കേൾവിയാണ് ആ സംഗീതത്തിന്റെ രാജശില്പി. കൗമാരത്തിനും മുന്നേ അദ്ദേഹം പ്രഗത്ഭമതികളുടെ സംഗീതം കേട്ടുതുടങ്ങിയിരുന്നു. വീട്ടിൽ വന്നുപോയിരുന്നവരും തിരു-കൊച്ചി ഭാഗങ്ങളിൽ വന്നുപോയിരുന്നവരുമായ സംഗീതജ്ഞരെ അടുത്തറിഞ്ഞതായിരുന്നു ആ ബാല-കൗമാരങ്ങൾ.
സംഗീതം നിറഞ്ഞ ഒരു തമിഴ് കുടുംബത്തിൽ പിറന്നു വളർന്നതായിരുന്നു കൃഷ്ണനിലെ സംഗീതത്തിന്റെ സാമൂഹ്യബോധവും സൗന്ദര്യബോധവും. കേരളത്തിൽ നിന്നും മദിരാശി നഗരത്തിലെ ട്രിപ്പ്‌ളിക്കേനിലെ തണ്ടവരയൻ തെരുവിലേക്ക് താമസം മാറ്റുമ്പോൾ കൃഷ്ണന് വയസ്സ് പതിന്നാല്. വീട്ടുവാടക പതിന്നാലു രൂപ. മദ്രാസ് മ്യൂസിക് അക്കാദമിക്കും പതിന്നാല് വയസ്സ്. 1940കളായപ്പോഴേക്കും തെന്നിന്ത്യൻ ക്ലാസിക്കൽ സംഗീതവും നൃത്തവും തഞ്ചാവൂരിൽ നിന്നും മദിരാശിപ്പട്ടണത്തിലേക്ക് കുടിയേറിക്കഴിഞ്ഞിരുന്നു. ഉഴുതുമറിഞ്ഞുപാകമായ മണ്ണിലേക്ക് കൃഷ്ണൻ എന്ന ഉത്സാഹി കാലെടുത്തു വെച്ചു. ആറു വയസ്സുള്ളപ്പോൾ തന്നെ രാവിലെ നാലുമുതൽ ഏഴുവരെയും, മുപ്പതുമിനിറ്റ് ഇടവേളയ്ക്കു ശേഷം ഏഴരമുതൽ ഒൻപതര വരേയും ഉച്ചയ്ക്ക് സ്‌കൂളിൽ നിന്ന് ഊണുകഴിക്കാൻ വരുമ്പോൾ അര മണിക്കൂറും വൈകീട്ട് നാലുമുതൽ ഏഴുവരേയും സാധകം ചെയ്തിരുന്ന സ്ഥിരോത്സാഹിയെ സ്വീകരിക്കുവാൻ ആ ഇശൈ തെരുവും നഗരവും തയ്യാറായിരുന്നു. അദ്ദേഹം എൺപത്തഞ്ചാം വയസ്സിൽ നൽകിയ ഒരഭിമുഖത്തിൽ പറഞ്ഞു, വയലിനിൽ വിരമിക്കലില്ല, അവധിയും. നാം അവധിയെടുക്കുന്ന നിമിഷം മനസ്സ് ഉറങ്ങിക്കൊള്ളും'. തൊണ്ണൂറ്റിരണ്ടാം വയസ്സിൽ അദ്ദേഹം അവധിയെടുത്തു. വയലിൻ താഴെ വെച്ച് ആ മനസ്സ് ഒന്നുറങ്ങി.
ടി. എൻ കൃഷ്ണനെ കേട്ടിട്ടുള്ള , കൃഷ്ണൻ തിരിച്ചും കേട്ടിട്ടുള്ള , കൃഷ്ണനെക്കാൾ പന്ത്രണ്ടു വയസ്സ് മൂപ്പുണ്ടായിരുന്ന യെഹൂദി മെനൂഹിൻ ഒരിക്കൽ പറഞ്ഞത് കൃഷ്ണനെ സംബന്ധിച്ചിടത്തോളം പൂർണമായും ശരിയായിരുന്നു : "കൂടുതൽ സംസ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സംസ്‌കാരത്തിനെ പ്രതിഫലിപ്പിക്കുകയാണ് കല ചെയ്യുന്നത്. സംഗീതം അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കുന്നു. നിങ്ങൾ നിങ്ങളുടെ സംഗീതം മറ്റുള്ളവരെ കേൾപ്പിക്കുന്നു, നിങ്ങൾ മറ്റുള്ളവരെ കേൾക്കുന്നു'. അതിനാലാണ് ടി. എൻ കൃഷ്ണൻ ഒരിക്കൽ പറഞ്ഞത് , കേട്ടതൊക്കെ മറക്കുന്ന നിമിഷം വേദിയിൽ ഒരു സംഗീതജ്ഞൻ ഇല്ലാതാകും എന്ന്. മെനൂഹിൻ പറഞ്ഞതുപോലെ കൃഷ്ണൻ പ്രതിനിധീകരിച്ചത് ആകാരത്തിലും പ്രകാരത്തിലും കർണാടക സംഗീത സംസ്‌കാരത്തിന്റെ കൂടുതൽ സംസ്‌കരിക്കപ്പെട്ട ഒരു പ്രഭാവത്തെയാണ്.
യെഹൂദി മെനൂഹിന്റെ പക്കൽ എട്ടാം വയസ്സിൽ Stradivarius എന്ന മുന്തിയ വയലിൻ ഉണ്ടായിരുന്നു. കൃഷ്ണനും ഉണ്ടായിരുന്നു പിൽക്കാലത്ത്. ഒരിക്കൽ Stradivariusനെ കുറിച്ച് കൃഷ്ണൻ പറഞ്ഞത് "അതിന് കിട്ടുന്ന ഈ പ്രശസ്തി ആ വയലിൻ ശരീരത്തിന്റെ ഓരോ ഇഞ്ചും അർഹിക്കുന്നതു തന്നെയാണ്. പക്ഷേ ഏറ്റവും പ്രധാനം ആര് അതുവായിക്കുന്നു എന്നതാണ് . നിങ്ങൾ Jaguar കാർ ഓടിച്ചാലും മാരുതി ഓടിച്ചാലും യാത്രക്കാർക്ക് യാത്ര സൗഖ്യമാകണം. Jaguar ആണോ മാരുതിയാണോ എന്നത് ഡ്രൈവറുടെ മാത്രം പ്രശ്‌നമായിരിക്കണം'
ഈ കുറിപ്പെഴുതുന്ന രാവിലേ ഞാൻ 1960 കളിൽ ടി. എൻ കൃഷ്ണൻ മുസിരി സുബ്രഹ്മണ്യ അയ്യരോടൊപ്പം വയലിൻ വായിച്ച ഒരു കച്ചേരി കേട്ടു. ബേഗഡ രാഗത്തിലെ പ്രശസ്തമായ ത്യാഗരാജകൃതി "നാദോപാസന'. ശിലയുമലിയുന്ന മുസിരിയുടെ ആലാപനത്തെ എത്ര ലയഭംഗിയോടെയാണ് കൃഷ്ണൻ പിന്തുടരുന്നത്.... കൃഷ്ണന്റെ യൗവനത്തിൽ അദ്ദേഹം അനുധാവനം ചെയ്ത മഹാസംഗീതജ്ഞർ മുസിരി, മഹാരാജപുരം വിശ്വനാഥ അയ്യർ, അരിയക്കുടി രാമനുജ അയ്യങ്കാർ, ആലത്തൂർ സഹോദരന്മാർ, ചെമ്പൈ വൈദ്യനാഥ ഭാഗവതർ തുടങ്ങിയവരുടെയെല്ലാം രീതികളിലെ മേന്മകൾ ഓരോന്നും ആവാഹിക്കപ്പെട്ടതാണ് പിൽക്കാല കൃഷ്ണന്റെ പ്രതിഭ. പാപ്പാ വെങ്കിട്ടരാമയ്യയുടെ വാദനരീതി സാകൂതം കേട്ടുനിന്നിരുന്ന ടി എൻ കൃഷ്ണനെ കുറിച്ച് കേട്ടിട്ടുണ്ട് .
പാപ്പയുടെ സ്വരാന്തോളന സങ്കേതം കൃഷ്ണനിൽ കാണാമെന്ന് അറിവുള്ളവർ പറയുന്നു. ടി. എൻ കൃഷ്ണന്റെ സംഗീതം നിലാസംഗീതമാണത്. പ്രതിഫലിക്കപ്പെട്ട വെളിച്ചത്തിന്റെ പൂർണചന്ദ്രിക. വ്യക്തിപരമായി ഒരഭിപ്രായം പറയാൻ ഈ അവസരം ഉപയോഗിക്കാമെങ്കിൽ ഞാൻ പറയട്ടെ ടി.എൻ കൃഷ്ണന്റെ വയലിൻ കച്ചേരികളേക്കാൾ എനിക്ക് അധികപ്രിയം അദ്ദേഹത്തിന്റെ പ്രതിഭ മഹാന്മാരായിരുന്ന വായ്പ്പാട്ടുകാരെ പിന്തുടർന്നിരുന്നത് കേൾക്കാനാണ്. എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് അദ്ദേഹം ഓരോ ഗായകർക്കും വേണ്ടി വെവ്വേറെ വയലിൻ സൂക്ഷിച്ചിരുന്നുവോ എന്ന് ..പക്ഷേ അറിയാൻ കഴിഞ്ഞു , ഒരേ തരത്തിലുള്ള തന്തി ആയിരുന്നു ആ വയലിനിൽ എന്നും എന്ന്. അത് വാങ്ങുന്ന സ്ഥിരം കടകൾ മദിരാശിയിൽ അദ്ദേഹത്തിനുണ്ടായിരുന്നു. സ്വന്തം ഒപ്പുള്ള കൃഷ്ണതന്തികൾ. ലയത്തിന്റെ അവസാനവാക്കാണ് ആ വയലിനിലെ നാദഭംഗി. ശലഭച്ചിറക് പൂവിതളെ തൊടുന്നത് ഓർത്തുപോകും ടി.എൻ കൃഷ്ണന്റെ വിരലുകൾ വയലിൻ കമ്പിയിൽ തൊടുന്നതു കാണുമ്പോൾ ...വ്‌ലാദിമിർ നബോക്കോവ് എഴുതിയതുപോലെ കൃഷ്ണനും വിചാരിച്ചിരുന്നിരിക്കണം , "ഞാൻ തൊടുമ്പോൾ വയലിന്റെ തന്തിയ്ക്ക് വേദനിക്കുന്നു എങ്കിൽ , എനിക്ക് ആ തന്തിയായി ജനിക്കണം' എന്ന് .
യഹൂദി മെനൂഹിൻ ജൂതനായിരുന്നു. ടി എൻ കൃഷ്ണൻ ബ്രാഹ്മണനും. രണ്ടുപേരും ഒരേ പ്രക്ഷുബ്ധ ലോകത്തിൽ വയലിൻ വായിച്ചു ജീവിച്ചവർ. പക്ഷേ ജീവിച്ചത് വ്യത്യാസങ്ങളോടെ. സാമൂഹ്യസുരക്ഷയുണ്ടായിരുന്നു മദിരാശിയിലെ ബ്രാഹ്മണജീവിതത്തിൽ പ്രതിഭാശാലിയും സ്ഥിരോത്സാഹിയുമായ ഒരു കർണാടക സംഗീതജ്ഞന്. ആ സുരക്ഷയിൽ സംസ്‌കരിച്ചെടുത്തു അദ്ദേഹം അഗാധമായ ആ സംഗീതബോധത്തെ. ലോകസംഗീതം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. എന്നാൽ 1916 ൽ ന്യൂയോർക്ക് നഗരത്തിൽ ഒരു വാടകവീട് അന്വേഷിച്ച് ഒരു ഗർഭിണിയായ സ്ത്രീയും ഭർത്താവും നടന്നതും നമുക്കോർക്കാം. വീട്ടുടമയായ ഒരു സ്ത്രീ അവരോട് പറഞ്ഞു : "ഞാൻ സന്തോഷത്തോടെ അറിയിക്കട്ടെ , ഒരു ജൂതകുടുംബത്തെ കൂടെ താമസിപ്പിക്കുവാൻ ഞങ്ങൾക്ക് താൽപര്യമില്ല.' അതുകൊണ്ടു തന്നെ ആ ഗർഭിണി തന്റെ കുഞ്ഞിനെ പ്രസവിച്ചപ്പോൾ "ജൂതൻ' എന്നർത്ഥം വരുന്ന യഹൂദി എന്ന് അവന് പേരിട്ടു.
ഭൂമിയിൽ ഒരേ കാലങ്ങളിൽ രണ്ടിടങ്ങളിൽ വയലിനുകൾ സഞ്ചരിച്ച വ്യത്യസ്ത ദൂരങ്ങൾ പറയാനാണ് ഞാൻ ഇതെഴുതുന്നത്. രണ്ടാം ലോകയുദ്ധ കാലത്ത് മദ്രാസിലെ മ്യൂസിക് സീസൺ റദ്ദായിപ്പോയിരുന്നു. എന്നാൽ രണ്ടാം ലോകയുദ്ധശേഷം തടങ്കൽപാളയങ്ങളിൽ നിന്നും സ്വാതന്ത്രരായവർക്കായി ബർലിനിൽ യഹൂദി മെനൂഹിൻ കച്ചേരി നടത്തി. 1950 ൽ മെനൂഹിൻ വയലിനുമായി ദക്ഷിണാഫ്രിക്കയിൽ പോയി വർണ്ണവിവേചനത്തിനെതിരേ സംസാരിച്ചു. ഇക്കാലത്തുപോലും സാമൂഹ്യവിഷയങ്ങളിൽ കർണാടക സംഗീതജ്ഞർ പാരമ്പര്യവിരുദ്ധമായ അഭിപ്രായത്തോടെ ഇടപെടുന്നത് അനിഷ്ടത്തോടെ കാണുന്ന മൈലാപ്പൂരിൽ 1950 കളിൽ മറിച്ചൊന്ന് പ്രതീക്ഷിക്കുവാൻ കഴിയില്ല , നമുക്കോർക്കാൻ ഒരു തമിഴ് ഇശൈ പ്രസ്ഥാനം മാത്രമേ ഉള്ളു, അതാകട്ടെ നടന്നത് ടി.എൻ കൃഷ്ണന് പതിന്നാലോ പതിനഞ്ചോ വയസ്സുള്ള കാലത്തും.
ടി.എൻ കൃഷ്ണന് ആദരം അർപ്പിച്ചുകൊണ്ട് വയലിനിസ്റ്റ് കുമരേഷ് പറയുന്നതു നോക്കൂ : "പതിനൊന്നാം വയസ്സിൽ തിരുവനന്തപുരത്ത് ഒരു ബാലൻ വയലിൻ വായിച്ചു. ആ നാദം കേട്ട രസികർ ഞെട്ടി . അതിനുമുൻപ് ഇങ്ങനെയൊരു ശബ്ദം ആരും കേട്ടിരുന്നില്ല. തെളിവെള്ളം പോലെ വ്യക്തം. വൃത്തിയുള്ള ഗമകങ്ങൾ . മധുരനാദം. അദ്ദേഹം അന്ന് പ്രിയങ്കരനായതാണ്. മരിക്കും വരെ അത് തുടർന്നു'
1932 ൽ ബെർലിനിൽ പതിനാറുകാരനായ ഒരു കുമാരന്റെ വയലിൻ കേട്ടിട്ട് ആൽബർട്ട് ഐൻസ്റ്റീൻ ഒരു കത്തെഴുതി , "എന്റെ പ്രീയപ്പെട്ട യഹൂദി , ഈ ലോകത്ത് അത്ഭുതങ്ങൾ അവസാനിക്കുന്നില്ല . നമ്മുടെ പ്രിയപ്പെട്ട വയസ്സൻ യഹോവ ആ പ്രവൃത്തി തുടർന്നു കൊണ്ടേയിരിക്കുന്നു'.
അതേ അത്ഭുതമാണ് ടി.എൻ കൃഷ്ണനിലും തുടർന്നത്. ഒരു യുഗം അവസാനിച്ചു എന്നത് പറഞ്ഞുപറഞ്ഞു തേഞ്ഞുപോയ പ്രയോഗമാണ് എന്നറിയാം . പക്ഷേ പാടിപ്പാടി പഴയ വയലിൻ കൂടുതൽ നന്നാകും പോലെ പറയട്ടെ, ടി.എൻ കൃഷ്ണന്റെ വിയോഗത്തോടെ കർണാടക സംഗീതവയലിനിലെ ഒരു യുഗം അവസാനിച്ചു. ഒഴിഞ്ഞ ഇടമായിരിക്കും അതിനി.