എസ്. ജയചന്ദ്രൻ നായരുടെ കൂടെ ഒരിക്കൽ ഒരു കല്യാണത്തിനു പോയി. ഞങ്ങളുടെ അടുത്ത സുഹൃത്തിന്റെ മകളുടെ വിവാഹമായിരുന്നു. എറണാകുളം ടി .ഡി.എം ഹാളിലാണെന്നാണ് ഓർമ. സുഹൃത്ത് ഉന്നത ഉദ്യോഗസ്ഥനായിരുന്നു. ഞങ്ങൾ ഇരിക്കുന്നതിന്റെ തൊട്ടപ്പുറത്തായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വന്നിരുന്നു. അതോടെ എനിക്ക് ടെൻഷനായിത്തുടങ്ങി. ഞാൻ എസ്. ജയചന്ദ്രൻ നായരെ ഒന്നു നോക്കി. അദ്ദേഹം ഒന്നും സംഭവിക്കാത്തപോലെ ഇരിക്കുന്നു.
തൊട്ടുമുമ്പത്തെ ലക്കം മലയാളം വാരികയിൽ ഉമ്മൻചാണ്ടിക്കെതിരേ ഒരു കവർസ്‌റ്റോറി ജയചന്ദ്രൻ നായർ കൊടുത്തിരുന്നു. അത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തു. ആ ഉമ്മൻചാണ്ടിയും പത്രാധിപരും ഇതാ ഇവിടെ അടുത്തടുത്തിരിക്കുന്നു! അവരെന്ത് സംസാരിക്കും? എന്റെ ചിന്തകൾ ആ വഴിക്കുപോയി. എന്നാൽ അദ്ദേഹം ഇതൊന്നും ഗൗനിച്ചമട്ടില്ല.

കല്യാണം കഴിഞ്ഞയുടനെ മുഖ്യമന്ത്രി മടങ്ങി. ഇറങ്ങുമ്പോൾ എന്നെയും സാറിനെയും നോക്കിയൊന്നു തൊഴുതു. എന്റെ കണ്ണ് അപ്പാഴും ജയചന്ദ്രൻ നായരിലായിരുന്നു. ഒന്നും സംഭവിച്ചില്ല. മുഖ്യമന്ത്രി സന്തോഷത്തോടെ മടങ്ങി. പത്രാധിപരെ മുഖ്യമന്ത്രി തിരിച്ചറിഞ്ഞില്ല.
കുറച്ചുകഴിഞ്ഞ് ഞങ്ങളും ഓട്ടോറിക്ഷയിൽ കയറി അദ്ദേഹത്തിന്റെ ഓഫീസിലേക്ക് പോയി.
“എന്നെ അവർക്കൊന്നും അറിയില്ല, മിസ്റ്റർ’’, യാത്രയ്ക്കിടയിൽ അദ്ദേഹം അല്പം അഭിമാനത്തോടെ പറഞ്ഞു.
സത്യം, സാറിനെ ആർക്കും അറിയില്ല; ഞാൻ മനസ്സിൽ പറഞ്ഞു.
വർഷങ്ങൾക്കുമുമ്പ് അദ്ദേഹം എന്റെ ഫ്ലാറ്റിൽ വന്ന സന്ദർഭം ഓർമയിലെത്തി. എന്റെ മകൻ അദ്ദേഹത്തിന്റെ ഫോട്ടോ എടുക്കാൻ ശ്രമിച്ചു. അദ്ദേഹം വിലക്കിയില്ല. അദ്ദേഹത്തിന് അവനെ അത്ര ഇഷ്ടമായിരുന്നു. അവന് പേരിട്ടതു പോലും അദ്ദേഹമായിരുന്നു. അവനെ ഒന്നു തലോടിക്കൊണ്ട് അദ്ദേഹം പറഞ്ഞു; ‘മോനീ ഫോട്ടോ ആർക്കും കൊടുക്കരുത് കെട്ടോ’. അതൊരു നിലപാടിന്റെ ഭാഗമായിരുന്നു. ആരും തന്നെ തിരിച്ചറിയരുത് എന്ന് ആ പത്രാധിപർ സ്വയം തീരുമാനിച്ചിരുന്നു. അതിനാലാണ് ഫോട്ടോ ഒഴിവാക്കണം എന്നദ്ദേഹം ആവശ്യപ്പെടുന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി കേരളത്തിലെ പ്രമുഖനായ ഒരു പത്രാധിപരെ തിരിച്ചറിയാതിരുന്നത് ആ നിലപാടു കൊണ്ടാണ്. ഒരു അദൃശ്യസാന്നിദ്ധ്യമായിത്തുടരാൻ ആ പത്രാധിപർ പരമാവധി ശ്രമിച്ചുപോന്നു. പൊതുവേദികളിലും സദസ്സിലും എസ്.ജെയുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല.
‘‘നായർ സമുദായത്തെ കേരളകൗമുദി അവഗണിക്കുകയാണെന്ന വാദം മലയാളരാജ്യം ഒരിക്കൽ മുന്നോട്ടുവെച്ചു. ആ പരാതിയുടെ മുനയൊടിക്കാൻ കേരളകൗമുദി, ഉയർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്ന നായന്മാരുടെ പേരുകൾ വാലോടെ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. ജയചന്ദ്രൻ എന്ന പേരിന് നായർവാൽ വീണ്ടും വന്നത് അങ്ങനെയാണെന്ന് അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്’’
എന്നാൽ എസ്. ജയചന്ദ്രൻ എന്ന മാധ്യമപ്രവർത്തകൻ താണ്ടിയ ദൂരം അത്ര ചെറുതല്ല. മന്നത്ത് പദ്മനാഭനുമായി സംഭാഷണം നടത്തിക്കൊണ്ടാണ് യുവാവായ ജയചന്ദ്രൻ ജേണലിസ്റ്റായി രംഗപ്രവേശം ചെയ്തത്. അതേക്കുറിച്ച് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. പന്തളത്തു വെച്ചായിരുന്നു ആ കൂടിക്കാഴ്ച. എൻ.എസ്. എസിന്റെ ഒരു പിറന്നാളാഘോഷ കാലം. അതിന്റെ തയ്യാറെടുപ്പ് സമയത്താണ് അഭിമുഖത്തിനായി ചെന്നത്. സംസാരിച്ചതിനുശേഷം ആഘോഷപ്പന്തൽ കാണിക്കാനായി മന്നത്ത് എസ്.ജെയെയും കൂട്ടി അവിടെയൊക്കെ ചുറ്റിനടന്നു. പന്തലിനു പിന്നിലായി റോഡിലേക്കുള്ള ചെറിയ വഴി ചുണ്ടിക്കാണിച്ചിട്ട് ചെറുചിരിയോടെ മന്നം പറഞ്ഞു: “നൂറുക്കണക്കിനു ചാക്കുകൾ നിറയെ അരിയും പഞ്ചസാരയും സംഭരിച്ചുവെച്ചിരിക്കുന്നതിന്റെ അടുത്താണ് ആ വഴി. എന്തിനാണെന്നോ അതുണ്ടാക്കിയിരിക്കുന്നത്? ആഘോഷക്കമ്മറ്റി ചെയർമാന് രാത്രികാലത്ത് അരിച്ചാക്കുകൾ കടത്തിക്കൊണ്ടുപോകാൻ. ഇതൊന്നും ഞാനറിയുന്നില്ലെന്നാണ് അയാൾ ധരിച്ചിരിക്കുന്നത്’’.
എന്നിട്ട് ആത്മഗതമെന്നപോൽ അദ്ദേഹം കൂട്ടിച്ചേർത്തു: "അഴിമതി നടത്താനാണെന്നു തോന്നുന്നു ചിലർ ജനിക്കുന്നതു തന്നെ.”

എസ്. ജെയുടെ പേരിനോടൊപ്പം നായർവാൽ വന്നതിന്റെ പുറകിലും മന്നത്തിന് ഒരു ചെറിയ പങ്കുണ്ട്. പേരുകളോടൊപ്പം നായർ, പിള്ള എന്നീ ജാതിവാലുകൾ സമുദായിക മുഖമുദ്രയായി ചേർക്കണമെന്ന് മന്നത്ത് പദ്മനാഭൻ ഒരിക്കൽ അഭിപ്രായപ്പെട്ടു. ഇത് കേട്ടതോടെ ജയചന്ദ്രൻ നായർ തന്റെ പേരിനോടൊപ്പമുണ്ടായിരുന്ന നായർവാൽ മുറിച്ചുകളഞ്ഞു.
എന്നാൽ വർഷങ്ങൾക്കിപ്പുറം കേരളകൗമുദി മാനേജ്മെൻ്റ് ആ വാൽ കണ്ടെത്തി അദ്ദേഹത്തിന്റെ പേരിനോടൊപ്പം ചേർക്കുകയായിരുന്നു. അതിന്റെ പുറകിലൊരു ‘ദൂരക്കാഴ്ച’യുണ്ടായിരുന്നു. കൊല്ലങ്ങൾക്കുമുമ്പ് കേരളകൗമുദിയും മലയാളരാജ്യവും ജാതിയുടെ പേരിൽ കലഹിച്ചിരുന്നു. നായർ സമുദായത്തിന്റെ രക്ഷകരായി മലയാളരാജ്യവും ഈഴവ സമുദായത്തിന്റെ രക്ഷകരായി കേരളകൗമുദിയും നടന്നകാലം. നായർ സമുദായത്തെ കേരളകൗമുദി അവഗണിക്കുകയാണെന്ന വാദം മലയാളരാജ്യം ഒരിക്കൽ മുന്നോട്ടുവെച്ചു. ആ പരാതിയുടെ മുനയൊടിക്കാൻ കേരളകൗമുദി അവരുടെ പത്രാധിപസമിതിയിലും അഡ്മിനിസ്ടേഷനിലും ഉയർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്ന നായന്മാരുടെ പേരുകൾ വാലോടെ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു. ജയചന്ദ്രൻ എന്ന പേരിന് നായർവാൽ വീണ്ടും വന്നത് അങ്ങനെയാണെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് എന്നോടു പറഞ്ഞിട്ടുണ്ട്.
ഇ.എം.എസും അച്യുതമേനോനും എൻ.ഇ. ബാലറാമും പി. ഗോവിന്ദപ്പിള്ളയും കെ.എൻ. രാജും ആനന്ദും മാധവിക്കുട്ടിയും എം.പി. നാരായണപിള്ളയുമൊക്കെ കലാകൗമുദിയിലെ സ്ഥിരം സാന്നിദ്ധ്യങ്ങളായപ്പോഴും എസ്.ജെ. അദൃശ്യനായി അതിന്റെ പുറകിൽ നിന്നു ജോലിയെടുത്തു. ഇടയ്ക്ക് വെച്ച് അദ്ദേഹത്തിന് വേദനയോടെ കലാകൗമുദിയുടെ പടിയിറങ്ങേണ്ടി വന്നു.
എസ്.ജെയുടെ മാധ്യമപ്രവർത്തനത്തിലെ കോളിളക്കം സൃഷ്ടിച്ച ഒരു സംഭവം നടന്നത് 1975- ലാണ്. അന്നദ്ദേഹം കേരളകൗമുദി പത്രാധിപസമിതിയിലുണ്ടായിരുന്നു. എൻ. ആർ. എസ്. ബാബുവും ജയചന്ദ്രൻ നായരും ചേർന്ന് അക്കാലത്ത് ഒരു ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ട് തയ്യാറാക്കി പത്രത്തിൽ പ്രസിദ്ധീകരിച്ചു, "വനസ്വത്തപഹരണം" എന്ന തലക്കെട്ടിൽ. ആഭ്യന്തരമന്ത്രി കരുണാകരന്റെ വലംകൈയായി പ്രവർത്തിച്ച വനംവകുപ്പുമന്ത്രി ഡോ. അടിയോടിയെ പ്രതിസ്ഥാനത്തു നിർത്തിയ ആ റിപ്പോർട്ട് വനംകൊള്ളയെപ്പറ്റിയായിരുന്നു. കൊള്ളയ്ക്ക് ഗവൺമെൻ്റും മന്ത്രിയും സഹായം നൽകിയതായി രഹസ്യരേഖകൾ ഉദ്ധരിച്ച് റിപ്പോർട്ടിൽ വിശദീകരിച്ചു. കേരളത്തിലെ പത്രപ്രവർത്തന ചരിത്രത്തിൽ ആദ്യമായിരുന്നു അത്തരമൊരു ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ട്.
റിപ്പോർട്ട് നിഷേധിച്ച ഗവൺമെൻ്റ് കേരളകൗമുദി എഡിറ്റർ എം.എസ്. മണിയെയും ലേഖകന്മാരായ ജയചന്ദ്രൻ നായരെയും എൻ.ആർ. എസ് ബാബുവിനെയും പ്രതിചേർത്ത് കേസെടുത്തു. എന്നാൽ അതുണ്ടാക്കിയ ഭൂകമ്പം അങ്ങനെയൊന്നും അവസാനിച്ചില്ല. ഡോ. അടിയോടിക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടതായി വന്നു. കരുണാകരന്റെയും ഗവൺമെൻ്റിന്റെയും ശത്രുതയ്ക്ക് കാരണമായതിനാൽ അതിനെ തണുപ്പിക്കാനായി പത്രമാനേജ്മെൻ്റ് പത്രാധിപസ്ഥാനത്തുനിന്ന് എം.എസ്. മണിയെ ഒഴിവാക്കി.
അതിന്റെ ഫലമായാണ് കലാകൗമുദി ആഴ്ചപ്പതിപ്പ് ആരംഭിച്ചത്. പത്രം വിടേണ്ടിവന്ന എം.എസ്. മണി പത്രാധിപരും ബാബുവും ജയചന്ദ്രൻ നായരും പത്രാധിപസമിതി അംഗങ്ങളുമായി തുടങ്ങിയ ആഴ്ചപ്പതിപ്പ്, മലയാളത്തിലെ ആഴ്ചപ്പതിപ്പുകളുടെ ചരിത്രത്തിലെ വേറിട്ടൊരദ്ധ്യായത്തിന് തുടക്കം കുറിച്ചു. 1957 മുതൽ മലയാളരാജ്യം, കേരളജനത, കേരളകൗമുദി എന്നിവിടങ്ങളിൽ പ്രവർത്തിച്ച് എസ്.ജെ കലാകൗമുദിയിലെത്തി. അതൊരു പുതിയ കാലത്തിന്റെ തുടക്കമായിരുന്നു.

കലാകൗമുദി എല്ലാ അർത്ഥത്തിലും വലിയൊരു മാറ്റമാണ് കൊണ്ടുവന്നത്. സാഹിത്യം, സംസ്കാരം, രാഷ്ട്രീയം- ഇവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പുതിയൊരനുഭവം അത് വായനക്കാർക്ക് പകർന്നുകൊടുത്തു. കേരളത്തിന്റെ ബൗദ്ധിക മണ്ഡലത്തിലെ പ്രമുഖരെല്ലാം അതിന്റെ താളുകളിൽ നിറഞ്ഞു. എസ്.ജെ. എഴുത്തുകാരുടെ അലസതയെ മാറ്റിയെടുത്തു. പുതിയ എഴുത്തുകാരെ കണ്ടെത്തി. പൊതുജനമദ്ധ്യത്തിൽ അവരുടെഅന്തസ്സും ബഹുമാനവും കാത്തുസംരക്ഷിച്ചു. വിസ്മയിപ്പിക്കുന്ന പംക്തികളും ഫീച്ചറുകളും വന്നുകൊണ്ടിരുന്നു. എം. കൃഷ്ണൻ നായരുടെ സാഹിത്യവാരഫലം അതിന്റെ തിലകക്കുറിയായി. എല്ലാ അർത്ഥത്തിലും മാതൃഭൂമി ആഴ്ചപ്പതിപ്പിന് അത് വെല്ലുവിളിയുയർത്തി. ജയചന്ദ്രൻ നായർ എഴുത്തുകാരെ തേടിപ്പോയി എഴുതിച്ചു. എം.ടി ‘രണ്ടാമൂഴം’ കലാകൗമുദിക്ക് നൽകി. ചിത്രകാരൻ നമ്പൂതിരി കലാകൗമുദിയുടെ വരക്കാരനായി. ഒ. വി. വിജയനും നിത്യചൈതന്യയതിയും പംക്തികളെഴുതി. ഇ.എം.എസും അച്യുതമേനോനും എൻ.ഇ. ബാലറാമും പി. ഗോവിന്ദപ്പിള്ളയും കെ.എൻ. രാജും ആനന്ദും മാധവിക്കുട്ടിയും എം.പി. നാരായണപിള്ളയുമൊക്കെ അതിലെ സ്ഥിരം സാന്നിദ്ധ്യങ്ങളായി. അപ്പോഴും എസ്.ജെ. അദൃശ്യനായി അതിന്റെ പുറകിൽ നിന്നു ജോലിയെടുത്തു. ഇടയ്ക്ക് വെച്ച് അദ്ദേഹത്തിന് വേദനയോടെ കലാകൗമുദിയുടെ പടിയിറങ്ങേണ്ടി വന്നു.
ടി. പത്മനാഭൻ എം.ടിക്കെതിരെ ആക്ഷേപങ്ങൾ പറഞ്ഞുനടക്കുന്നത് അതിരുവിടുന്നു എന്ന് തോന്നിയപ്പോൾ എസ്.ജെ രംഗത്തെത്തി. ഈ ശകാരവർഷം തുടരുന്നതിനെ പ്രതിരോധിക്കണം എന്ന് തീരുമാനിച്ച് അദ്ദേഹം എം.ടിയെ സമീപിച്ചു. എം.ടി ഇക്കാര്യത്തിൽ നിശ്ശബ്ദനായിരുന്നല്ലോ.
വൈകാതെ, ന്യൂ ഇന്ത്യൻ എക്സ്പ്രസ് അദ്ദേഹത്തിനുവേണ്ടി ഒരു മലയാള പ്രസിദ്ധീകരണം തുടങ്ങി- സമകാലിക മലയാളം വാരിക. ചരിത്രം ആവർത്തിക്കുകയായിരുന്നു. കലാകൗമുദിയിലെ താരങ്ങളെല്ലാം മലയാളം വാരികയിലേക്ക് ചേക്കേറി. അപ്പോഴേക്കും ഒ.വി. വിജയൻ ആരോഗ്യ പ്രശ്നങ്ങളാൽ അവശനായിരുന്നു. ജയചന്ദ്രൻ നായർ വിജയന്റെ കോട്ടയത്തെ താമസസ്ഥലത്തു ചെന്ന് പംക്തി എഴുതി വാങ്ങിച്ച കഥ അദ്ദേഹം പറഞ്ഞിട്ടുണ്ട്:
“വിജയനന്ന് ശാരീരികമായി അവശനായിരുന്നു. നടക്കാനും ഇരിക്കാനും വയ്യാത്ത അവസ്ഥ. ഒറ്റപ്പെട്ടിരിക്കുന്നു എന്ന തോന്നലായിരുന്നു അദ്ദേഹത്തെ ഭരിച്ചത്. ആഴ്ചയിൽ ഒരുദിവസം ഞാൻ പോയി കാണുമായിരുന്നു, സമകാലിക മലയാളത്തിൽ കുറിപ്പെഴുതിക്കാൻ. കസേരയിൽ ഇരുന്ന്, മരത്തിൽ നിർമ്മിച്ച ഒരു തട്ടിൽ കടലാസുറപ്പിച്ച് ഓരോ അക്ഷരമായി നുള്ളിപ്പെറുക്കി വിജയൻ എഴുതുമ്പോൾ, ഉറുമ്പിന്റെ ചലനത്തിന് അതിനേക്കാൾ വേഗതയുണ്ടായിരുന്നു എന്ന് എനിക്കു തോന്നിയിരുന്നു. അത് നോക്കിയിരിക്കുമ്പോൾ എന്റെ കണ്ണു നിറയാറുണ്ടായിരുന്നു. അതിമനോഹരങ്ങളായ കുറിപ്പുകളായിരുന്നു അവ. അതെഴുതാൻ അദ്ദേഹമനുഭവിച്ച പ്രയാസം ഞാൻ കണ്ടറിഞ്ഞതാണ്. ചലിക്കാൻ മടിക്കുന്ന വിരലുകളെ ഇച്ഛാശക്തി കൊണ്ട് നിയന്ത്രിച്ചു കൊണ്ടുള്ള എഴുത്ത്. എന്നാൽ വിജയനെ അതൊന്നും അലട്ടിയിരുന്നില്ലെന്നാണ് തോന്നിയിരുന്നത്. തന്റെ അവശതകളുമായി പൊരുത്തപ്പെടാൻ അദ്ദേഹത്തിനു സാധിച്ചു. ജിവിതത്തിൽ അവശേഷിക്കുന്ന ദിവസങൾ പാഴാക്കാതിരിക്കാൻ വിജയൻ ആഗ്രഹിച്ചു.”
വർഷങ്ങൾക്കുമുമ്പ് തകഴിയുടെ വീട്ടിൽ ചെന്ന് സ്വർണമാല എന്ന കഥ കേട്ടെഴുതിയ കാര്യവും എസ്.ജെ ഓർമിച്ചു, കേരളകൗമുദി ഓണപ്പതിപ്പിനുവേണ്ടി.
മലയാളം വാരികയും ചരിത്രം ആവർത്തിച്ചു. എം.ടി ‘വാരാണസി’ എന്ന നോവലിലൂടെ അതിനെയും അനുഗ്രഹിച്ചു.

എം.ടിയുമായി എസ്.ജെ നടത്തിയ അഭിമുഖം പ്രസിദ്ധമായിരുന്നു. ടി. പത്മനാഭൻ എം.ടിക്കെതിരെ ആക്ഷേപങ്ങൾ പറഞ്ഞുനടക്കുന്നത് അതിരുവിടുന്നു എന്ന് തോന്നിയപ്പോൾ എസ്.ജെ രംഗത്തെത്തി. ഈ ശകാരവർഷം തുടരുന്നതിനെ പ്രതിരോധിക്കണം എന്ന് തീരുമാനിച്ച് അദ്ദേഹം എം.ടിയെ സമീപിച്ചു. എം.ടി ഇക്കാര്യത്തിൽ നിശ്ശബ്ദനായിരുന്നല്ലോ. എസ്.ജെ. നിർബന്ധിച്ചപ്പോൾ എം.ടി മനസ്സു തുറന്നു:
‘‘മനസ്സിനെ വല്ലാതെ ശല്യപ്പെടുത്തുന്നതാണത്. വെറുതെ ഓരോന്നും പറഞ്ഞുകൊണ്ടേയിരിക്കുന്നു. അതെല്ലാം ശരിയാണെന്ന് വരുത്തിത്തീർക്കാൻ, അത് ആവർത്തിച്ചുകൊണ്ടിരിക്കുക. എന്തു ചെയ്യാൻ.”
എസ്.ജെ നിർബന്ധിച്ചപ്പോൾ അദ്ദേഹം ഇതുകൂടി പറഞ്ഞു: “കുട്ടിക്കാലത്ത് ഞങ്ങളോട് മുതിർന്നവർ പറയും, ഇഴജീവികളുണ്ടാവും, കാൽക്കൽ നോക്കി നടക്ക് എന്ന്. എപ്പോഴും കാൽക്കൽ നോക്കി നടക്കുന്ന ഒരാളാണ് ഞാൻ’’- ഇതൊരു ഇടപെടലായിരുന്നു, ഉത്തരവാദിത്തമുള്ള പത്രാധിപരുടെ.
കേരളത്തിലെ ഇടതുപക്ഷത്തിന്റെ അനുയായിയായി നിലകൊണ്ടപ്പോഴും കമ്യൂണിസ്റ്റു പാർട്ടികളിലെ പിഴവുകളെ നിശിതമായി വിമർശിക്കാനും നേതാക്കളുടെ തെറ്റുകളെ തുറന്നുകാട്ടാനും എസ്.ജെ. ജാഗ്രത കാണിച്ചു.
വർഷങ്ങൾക്കുശേഷം കവി പ്രഭാവർമ്മയുടെ ‘ശ്യാമമാധവം’ എന്ന കാവ്യത്തിന്റെ പ്രസിദ്ധീകരണം ഇടയ്ക്കുവെച്ച് നിർത്തി പത്രാധിപർ ആർജവം കാണിച്ചത് വായനക്കാർ മറക്കാറായിട്ടില്ല. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിലെ കവിയുടെ നിലപാടാണ് ജയചന്ദ്രൻ നായരെക്കൊണ്ട് അത്തരമൊരു തീരുമാനമെടുപ്പിച്ചത്. എഴുത്തുകാർ ആരുടെ പക്ഷത്തായിരിക്കണം എന്ന പത്രാധിപരുടെ ഓർമ്മപ്പെടുത്തലായിരുന്നു അത്.
എഡിറ്റോറിയലുകളിലൂടെയാണ് ജയചന്ദ്രൻ നായർ വായനക്കാരുമായി സംവദിച്ചത്. ആർക്കെതിരേയും മുഖം നോക്കാതെ ആ എഡിറ്റോറിയലുകൾ സംസാരിച്ചു. രാഷ്ട്രീയം നിറഞ്ഞു നിന്ന ആ ആദ്യപേജ് പലപ്പോഴും കേരളത്തെ ഞെട്ടിച്ചു. ഭരണകർത്താക്കളുടെ ഉറക്കം നഷ്ടപ്പെടുത്തി. ഒരു സമൂഹത്തിന് ധൈര്യം പകരുന്നവയായിരുന്നു ആ ചെറിയ കുറിപ്പുകൾ. ‘ഇവിടെ ചോദിക്കാനാളുണ്ട്’ എന്ന തോന്നൽ വായനക്കാരിലുണ്ടാക്കി. കക്ഷിരാഷ്ട്രീയഭേദമില്ലാതെ എല്ലാവരും ആ വാക്ശരങ്ങൾ ഏറ്റുവാങ്ങി. അദൃശ്യനായ പത്രാധിപർ കൂടുതൽ കൂടുതൽ കരുത്തനായി. എസ്. ജയചന്ദ്രൻ നായർ കേരളീയ സമൂഹത്തിലെ ഒറ്റയാൾ പ്രതിപക്ഷമായി. കേരളത്തിലെ ഇടതുപക്ഷത്തിന്റെ അനുയായിയായി നിലകൊണ്ടപ്പോഴും കമ്യൂണിസ്റ്റു പാർട്ടികളിലെ പിഴവുകളെ നിശിതമായി വിമർശിക്കാനും നേതാക്കളുടെ തെറ്റുകളെ തുറന്നുകാട്ടാനും എസ്.ജെ. ജാഗ്രത കാണിച്ചു.

മലയാളം വാരികയും ഉപേക്ഷിച്ച് ജയചന്ദ്രൻ നായർ വിശ്രമജീവിതത്തിലേക്ക് പോയി. എല്ലാ അർത്ഥത്തിലും അദൃശ്യനായി. ബാംഗ്ലൂരിൽ മകളോടൊപ്പം താമസിച്ച് വായനയുടെ ലോകത്തിലൊതുങ്ങാൻ തീരുമാനിച്ചു. വായനയായിരുന്നു ആ മനുഷ്യന്റെ ജീവശ്വാസം. എന്തൊരു വായനയായിരുന്നു അത്, ഞാൻ അതിശയിച്ചുപോയിട്ടുണ്ട്. വായനയിലെ വിഷയവൈവിദ്ധ്യം, വേഗത, ഓർത്തുവെക്കൽ - അസാധാരണ ശേഷിയായിരുന്നു ആ തലച്ചോറിന്. ഇടയ്ക്കൊക്കെ അദ്ദേഹം പുസ്തകങ്ങൾ എഴുതി. പ്രധാനമായും സ്വന്തമായ ഒരു വരുമാനത്തിനു വേണ്ടിയായിരുന്നു വിശ്രമകാലത്തെ പുസ്തകമെഴുത്ത്. എന്റെ ആവശ്യപ്രകാരം മാർകേസിനെപ്പറ്റിയും എം.ടിയെപ്പറ്റിയും ഒരോ പുസ്തകമെഴുതി തന്നു. എഴുത്തിലെ അദ്ദേഹത്തിന്റെ വേഗതയും അതിശയിപ്പിക്കുന്നതായിരുന്നു.
കൂട്ടത്തിൽ പറയട്ടെ, എന്നെയും എഴുതിപ്പിച്ചത് എസ്.ജെയാണ്. എഴുതാനുള്ള ധൈര്യം അദ്ദേഹമാണ് തന്നത്. എഴുത്തിലെ എന്റെ അലസതയെ എപ്പോഴും ഓർമിപ്പിക്കുമായിരുന്നു. 1984 തൊട്ട് ഞങ്ങൾ തമ്മിലറിയും. എന്റെ ജീവിതത്തിന്റെ വിഷമസന്ധിയിലൊക്കെ അദ്ദേഹം എന്നെ ചേർത്തുപിടിച്ചിട്ടുണ്ട്. അതൊരു വല്ലാത്ത കരുതലായിരുന്നു. ധീരനായി, ലോകത്തെ അറിഞ്ഞ് മുന്നേറുക എന്നതാണ് അദ്ദേഹം പറയാതെ പറഞ്ഞ ഉപദേശം.
“എയ് മിസ്റ്റർ, നിങ്ങളെവിടെയാണ്?’’, ഫോണിലൂടെ വരുന്ന ആ ചോദ്യം ഇനിയില്ല എന്നത് വലിയ വേദനയാണ്. ഒഴിയാബാധയായിരുന്ന ജീവിതക്ലേശങ്ങൾ മറന്നുകൊണ്ട്, ഏറ്റെടുത്ത ദൗത്യങ്ങൾ ഭംഗിയായി പൂർത്തിയാക്കി, ആ വലിയ മനുഷ്യൻ വിടവാങ്ങിയിരിക്കുന്നു. മടികൂടാതെ ഞാനുൾപ്പടെയുള്ള പലരും പറയും, ഞങ്ങളൊക്കെ അങ്ങയുടെ ശിഷ്യന്മാരാണ്.