എം. കുഞ്ഞാമൻ മരിച്ചിട്ട് രണ്ടു വർഷം തികയുമ്പോൾ, ഞാനോർക്കുന്നത്, ഈ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഞാൻ കുഞ്ഞാമൻ സാറിനോട് എന്തൊക്കെ സംസാരിച്ചിട്ടുണ്ടാവും, ഏതൊക്കെ പുസ്തകങ്ങൾ വായിക്കണം എന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ടാവും എന്നാണ്. ഇന്നും എന്റെ ഫോണിൽ kunhaman sir എന്ന നമ്പർ സൂക്ഷിച്ചുവെച്ചിട്ടുണ്ട്.
കുഞ്ഞാമൻ സാർ എനിക്ക് അധ്യാപകൻ മാത്രമായിരുന്നില്ല. എന്റെ കാഴ്ചപ്പാടുകളെ സ്വാധീനിച്ച, വായനകൾക്ക് ദിശാബോധം നൽകിയ, ഒരിക്കലും എന്നിൽ നിന്ന് നഷ്ടപ്പെടാത്ത സ്വാധീനമാണ്. കഴിഞ്ഞ രണ്ടു വർഷവും സാറിനെ ഓർക്കാത്ത ദിവസങ്ങൾ അപൂർവ്വവായിരുന്നു. കാരണം അദ്ദേഹത്ത ഓർക്കാൻ എനിക്ക് ഒരുപാട് കാരണങ്ങളുണ്ട്, അതിൽ വ്യക്തിപരമായതും ഒരുപാടുണ്ട്.
എന്റെ ജീവിതപങ്കാളി സാജിയോട്, ‘മോളെ, നിന്റെ വാപ്പയാണ് ഈ പറയുന്നത്’ എന്ന് പറഞ്ഞുകൊണ്ടുള്ള സാറിന്റെ വാക്കുകൾ ഇന്നും വേദനയോടെയല്ലതെ ഓർക്കാൻ കഴിയില്ല. TISS-ന്റെ മുംബൈ കാമ്പസിൽ സാർ വരുന്ന ദിവസം, എന്റെ വീട്ടിൽ വരാത്ത, ഒരുമിച്ച് ഭക്ഷണം കഴിക്കാത്ത ദിവസങ്ങൾ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. ജീവിതത്തിലെ വിലപ്പെട്ട ഓർമകളാണിതെല്ലാം.

എന്റെ Economics of Mineral Mining in India പുസ്തകത്തിന് സാറിനെ കൊണ്ട് അവതാരിക എഴുതിക്കണം എന്ന ആഗ്രഹം നടന്നില്ല. മറ്റാരെയും കൊണ്ട് എഴുതിക്കാൻ കഴിയാത്തതിനാൽ അവതാരിക ഇല്ലാതെയാണ് ആ പുസ്തകം പ്രസിദ്ധീകരിച്ചത്. ഈ അനുഭവങ്ങൾ എന്നെ സംബന്ധിച്ച് വ്യക്തിപരം മാത്രമല്ല.
മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് പതിവുപോലെ രാത്രി പത്തു മണി കഴിഞ്ഞാണ് അദ്ദേഹം എന്നെ വിളിച്ചത്. ഇപ്പോൾ എന്തു ചെയ്യുന്നു എന്ന് ചോദിച്ചു. ചെയ്തുകൊണ്ടിരുന്ന റിസർച്ച് പ്രൊജക്റ്റിനെക്കുറിച്ച് പറഞ്ഞപ്പോൾ, അതൊക്കെ ഒരു സംവിധാനത്തിനകത്തും ചില രീതികളിലും നടക്കുന്ന പഠനങ്ങളല്ലേ, അതൊരിക്കലും മൗലികമായ ചോദ്യങ്ങൾ (critical question) ചോദിക്കാൻ കഴിയുന്ന ഒന്നല്ല എന്നാണ് സാർ പറഞ്ഞത്.
ആ അഭിപ്രായത്തെ തിരുത്താൻ എനിക്ക് കഴിയുമായിരുന്നില്ല. അതേസമയം, ഒരിക്കൽ പോലും അക്കാദമികമായി തന്നെ ആരെങ്കിലും ചോദ്യം ചെയ്യുന്നത് ഒരുതരത്തിലും ഭയപ്പെടുകയോ അതിൽ അസഹിഷ്ണുത പ്രകടിപ്പിക്കുകയോ ചെയ്യുന്ന ആളല്ലായിരുന്നു അദ്ദേഹം. തന്നെ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളെയായിരുന്നു അദ്ദേഹത്തിനിഷ്ടം. അത്തരം അധ്യാപകരെ വർത്തമാന അക്കാദമിക് രംഗത്ത് കാണാൻ പ്രയാസമാണ്.
എം. കുഞ്ഞാമന്റെ അക്കാദമിക കാഴ്ചപ്പാടുകൾ കാലത്തിന് മുന്നേ സഞ്ചരിക്കുന്നവയായിരുന്നു. പലപ്പോഴും നമ്മുടെ അക്കാദമിക് മേഖലയ്ക്ക് അദ്ദേഹം മുന്നോട്ടുവച്ച അക്കാദമിക് കാഴ്ചപ്പാടുകൾ ഉൾക്കൊള്ളാനുള്ള പ്രാപ്തിയുണ്ടോ എന്ന സംശയവും തോന്നയിട്ടുണ്ട്.
ഗവേഷണ മേഖലയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിരീക്ഷണം പ്രധാനമായും സാങ്കേതികമായ പരിഹാരം നിർദേശിക്കുന്നവയായിരുന്നില്ല. സമൂഹത്തെ കുറിച്ച് കാതലായ ചോദ്യങ്ങൾ ചോദിക്കാൻ പ്രാപ്തരാക്കാത്ത ഒന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ഗവേഷണ മൂല്യമുള്ളവയായിരുന്നില്ല. അതുകൊണ്ടുതന്നെ സിദ്ധാന്തമായിരുന്നില്ല അദ്ദേഹത്തിന്റെ പ്രശ്നം, പകരം സാമൂഹിക യാഥാർഥ്യം തന്നെയായിരുന്നു. ഒരുപക്ഷെ അദ്ദേഹത്തിൽ നിന്ന് ഞാൻ പകർത്തിയ ഒരു പാഠവും ഇതുതന്നെയാണ്.

എം. കുഞ്ഞാമന്റെ മൗലികമായ സംഭാവനകളിൽ ഒന്ന്, വികസന രാഷ്ട്രീയവുമായി (political economy) ബന്ധപ്പെട്ടാണ്. വികസന രാഷ്ട്രീയം പഠനമേഖലയായി എടുക്കാനുള്ള കാരണം ഒരിക്കൽ അദ്ദേഹം പറഞ്ഞിട്ടുണ്ട്. അധ്യാപക ജീവിതത്തിന്റെ തുടക്കകാലത്ത്, മുൻ മുഖ്യമന്ത്രി സി അച്യുതമേനോൻ പങ്കെടുക്കുന്ന ഒരു സെമിനാർ വയനാട്ടിൽ നടന്നു. ആദിവാസി, വികസനം, തൊഴിൽ എന്നതായിരുന്നു വിഷയം. അതിൽ കേൾവിക്കാരനായി തനിക്ക് പങ്കെടുക്കാൻ കഴിയുമോ എന്ന് എം. കുഞ്ഞാമൻ അച്യുത മേനോനോട് ഒരു കത്തിലൂടെ ചോദിച്ചു. കേൾവിക്കാരനായിട്ടല്ല, പ്രബന്ധാവതാരകനായി പങ്കെടുക്കാനാണ് അച്യുതമേനോൻ മറുപടിക്കത്തിൽ ആവശ്യപ്പെട്ടത്. ആദിവാസി- ദലിത് തൊഴിലാളികൾക്കിടയിലുണ്ടായിരുന്ന ലിംഗപരമായ വേതനവ്യത്യാസമാണ് അദ്ദേഹം പ്രബന്ധമായി അവതരിപ്പിച്ചത്. അതിനുവേണ്ട വിവരശേഖരണം അദ്ദേഹം നടത്തിയിരുന്നു.
ആ പ്രബന്ധാവതരണം കേട്ട അച്യുതമേനോൻ, രാഷ്ട്രീയ- സാമ്പത്തിക ചട്ടക്കൂടിലാണ് താൻ കാര്യങ്ങൾ വിശകലനം ചെയ്തത് എന്ന് തന്നോടുതന്നെ പറഞ്ഞിരുന്നുവെന്ന് കുഞ്ഞാമൻ സാർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സാറിന്റെ ഏറ്റവും നല്ല പുസ്തകം, 'കേരളത്തിന്റെ വികസന പ്രതിസന്ധി' എന്ന മലയാളം പുസ്തകമാണ് എന്ന് ഞാനൊരിക്കൽ സാറിനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ Globalisaion a Subalten Perspective എന്ന ഇംഗ്ലീഷ് പുസ്തകം ഇറങ്ങിയ സമയം കൂടിയായിരുന്നു അന്ന്. 'കേരളത്തിന്റെ വികസന പ്രതിസന്ധി' എന്ന പുസ്തകം ഇഷ്ടപ്പെടാൻ എനിക്ക് പല കാരണങ്ങൾ ഉണ്ടായിരുന്നു. അതിന്റെ ഒന്നാം അദ്ധ്യായം പല ആവർത്തി വായിച്ചിട്ടുണ്ട്. ഒരുപക്ഷെ ഇംഗ്ലീഷിൽ, ഏതെങ്കിലും അക്കാദമിക് ജേണലിൽ എഴുതിയിരുന്നു എങ്കിൽ അമർത്യ സെന്നിന്റെ Human Development, Development as Freedom എന്നീ ആശയങ്ങൾ ചർച്ച ചെയ്യുന്ന പുസ്തകങ്ങളോടൊപ്പം ചർച്ചചെയ്യപ്പെട്ടേനേ. കാരണം, കേരളത്തിന്റെ വികസന പ്രതിസന്ധിയെക്കുറിച്ച് ഏറെ മൗലികവും വ്യത്യസ്തവുമായ കാഴ്ചപ്പാടാണ് അദ്ദേഹം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഒരു വിഭാഗം ദലിത്- ആദിവാസി- പിന്നാക്ക സമൂഹങ്ങൾക്ക് ഉൽപ്പാദന ഉപാധികളിലും ഉൽപ്പാദന ബന്ധങ്ങളിലും ഉടമസ്ഥാവകാശമോ അധികാരമോ ഇല്ലാത്തതുകൊണ്ടുതന്നെ, കേരളം വികസനമാതൃക എന്നതിനെ മൗലികമായ ഒന്നായി കരുതാനാകില്ല. സർക്കാർ പദ്ധതികൾകൊണ്ട് മറികടക്കാൻ കഴിയുന്നതല്ല ഈ പ്രതിസന്ധി എന്നുമാത്രമല്ല, കേരളത്തിലെ സവർണ വികസന ബോധത്തിന് മനസിലാക്കാൻ കഴിയുന്നതല്ല ഈ പ്രതിസന്ധി എന്നും ഉറച്ചു വിശ്വസിച്ചിരുന്നു എം. കുഞ്ഞാമൻ.
കേരളത്തിലെ പ്രഖ്യാപിത മാർക്സിസ്റ്റ് സാമ്പത്തിക ചിന്തകരാരും ഇങ്ങനെ ചിന്തിച്ചിട്ടില്ല. കാരണം തൊഴിൽ എന്ന പ്രാഥമിക അവകാശത്തെ പോലും ജാതിവ്യവസ്ഥയാണ് നിയന്ത്രിക്കുന്നത് എന്ന വസ്തുത തുറന്നു പറയാൻ കേരളത്തിൽ എം. കുഞ്ഞാമനേ കഴിഞ്ഞിരുന്നുള്ളൂ. ഡോ. ബി.ആർ. അബേദ്കർ തൊഴിലാളികളെ ജീവിക്കുന്ന മൂലധനമായി കണ്ടിട്ടുണ്ട്. ഈ തൊഴിൽ മൂലധനം പോലും തൊഴിലാളികൾക്ക് അനുഭവിക്കാൻ ജാതിവ്യവസ്ഥയിൽ കഴിയുന്നില്ല എന്നാണ് എം. കുഞ്ഞാമൻ പറഞ്ഞത്.
-ce59.jpg)
കേരളത്തിലെ മുഖ്യധാരാ മാർക്സിസ്റ്റ് ബുദ്ധിജീവികൾക്ക് കുഞ്ഞാമനെ മനസിലാക്കാൻ കഴിയാത്തതിന് ഒരു കാരണമുണ്ട്. വർഗം എന്നതിനെ തൊഴിൽ ചൂഷണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല അദ്ദേഹം കണ്ടത്, അതോടൊപ്പം, അത് തൊഴിൽഅധികാരത്തെ നിഷേധിക്കുന്നതു കൂടിയാണ് എന്ന് അദ്ദേഹം കൃത്യമായി നിരീക്ഷിച്ചു. ദലിതരെ ആരും പുറന്തള്ളിയിട്ടില്ല, പകരം അവരെ വ്യവസ്ഥിതിയിൽ ഉൾക്കൊള്ളിച്ചുകൊണ്ട് ചൂഷണം നടത്തുന്നു എന്ന് (included and exploited) എം. കുഞ്ഞാമൻ പറഞ്ഞിട്ടുണ്ട്. ജാതി അടിസ്ഥാനപ്പെടുത്തിയ തൊഴിൽരീതി ഒരു ചൂഷണമാതൃകയാണ് എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു അദ്ദേഹം.
ജാതിവ്യവസ്ഥയെ ഇത്ര കൃത്യമായി മനസിലാക്കിയ സാമൂഹിക ചിന്തകൻ കേരളത്തിൽ ഉണ്ടായിട്ടില്ല എന്നു തന്നെ ഞാൻ പറയും. കാരണം, ഭൂപരിഷ്കരണം മൂലം ദലിതർക്ക് ഭൂമി കിട്ടി എന്ന് അഭിപ്രായപ്പെട്ട ഒരു ഇടതുപക്ഷ അധ്യാപകനോട്, എത്ര ശതമാനം ഭൂമിയാണ് ദലിതർക്ക് കിട്ടിയത് എന്നു ചോദിച്ച കുഞ്ഞാമൻ, സിദ്ധാന്തത്തിലെ പരാജയവും വസ്തുതകളിലെ യാഥാർഥ്യവും ആ അധ്യാപകനെ ബോധ്യപ്പെടുത്തി. ആദിവാസി ക്ഷേമസമിതി പോലെയുള്ള സംഘടനകൾ കേരളത്തിലെ സൽവാ ജുദമാണ് എന്നു പറയാനും എം. കുഞ്ഞാമനു മാത്രമേ കഴിഞ്ഞിരുന്നുള്ളൂ. എന്തുകൊണ്ടാണ് ഇത്തരമൊരു താരതമ്യം എന്ന് സാറിനോട് ചോദിച്ചപ്പോൾ, ആദിവാസികളുടെ സമരചരിത്രത്തെ കുറിച്ചുള്ള ഒരു പ്രഭാഷണം തന്നെയായിരുന്നു മറുപടി. ഇത്തരം സംഘടനകൾ ആദിവാസികളുടെ ഭൂമിപ്രശ്നത്തെയോ അവർ അനുഭവിക്കുന്ന മറ്റ് ചൂഷണങ്ങളെയോ ഇല്ലാതാക്കാൻ പര്യാപ്തമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ആദിവാസി വികസനം എന്ന പേരിൽ നടപ്പാക്കപ്പെടുന്നത്, ആദിവാസികളെ അവരുടെ ഭൂമിയിൽ നിന്ന് പുറന്തള്ളുന്ന പ്രക്രിയയാണ് എന്നും അദ്ദേഹം പറഞ്ഞു (impoverish the Adivasis and develop the tribal land). കേരളത്തിലെ ആദിവാസി മേഖലയെ കുറിച്ച് നിരന്തരം എഴുതുന്ന പത്രപ്രവർത്തകൻ ആർ. സുനിലിന്റെ വാർത്തകൾ കുഞ്ഞാമൻ സാർ പറഞ്ഞതാണ് ശരി എന്ന് നമ്മളെ ഓർമിപ്പിക്കുന്നു.
അധികാരത്തോടുള്ള സമരത്തിലൂടെ മാത്രമേ ഇത്തരം സാമൂഹിക- രാഷ്ട്രീയ നിരീക്ഷണങ്ങൾ ഉണ്ടാകുകയുള്ളൂ. ജാതിവിരുദ്ധ മുന്നേറ്റങ്ങളെ സംശയത്തോടെയായിരുന്നു എം. കുഞ്ഞാമൻ കണ്ടിരുന്നത്. TISS-ൽ ആദ്യത്തെ അയ്യങ്കാളി മെമ്മോറിയൽ ലക്ചർ നടത്തിയ അദ്ദേഹം പറഞ്ഞത്, ഇന്ത്യയിൽ ജാതിവിരുദ്ധ മുന്നേറ്റങ്ങളില്ല, പകരം ഉന്നത ജാതിവിരുദ്ധ മുന്നേറ്റങ്ങളേയുള്ളൂ എന്നാണ്. എല്ലാവർക്കും ഉൾക്കൊള്ളാൻ കഴിയുന്നതല്ല അത്തരം കാഴ്ചപ്പാടുകൾ.

അദ്ദേഹത്തിന്റെ വിശകലനങ്ങളുടെ അടിസ്ഥാനം ഹെഗലും മാർക്സും തന്നെയായിരുന്നു. അതേസമയം, Black Marxism പോലെയുള്ള പുസ്തകങ്ങൾ അദ്ദേഹത്തെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. ചരിത്രമായിരുന്നു എം. കുഞ്ഞാമന്റെ ചിന്തകളെ നയിച്ചിരുന്നത്. പ്രത്യയശാസ്ത്രമായിരുന്നില്ല അദ്ദേഹത്തിന്റെ പ്രശ്നം, പകരം പ്രത്യശാസ്ത്രങ്ങൾ രൂപപ്പെടുന്ന ചരിത്രവും കാലത്തെ അതിജീവിക്കുന്ന കീഴാള ചരിത്രബോധമായിരുന്നു.
വികസനത്തെക്കുറിച്ചും ജാതിയെക്കുറിച്ചും തൊഴിലിനെയും അധികാരബന്ധങ്ങളെയും കുറിച്ചും അദ്ദേഹം മുന്നോട്ടുവച്ച കാഴ്ചപ്പാടുകൾ സാമാന്യത്തിന്റേതായിരുന്നില്ല. അതൊരിക്കലും യോജിപ്പിന്റെ വഴിയായിരുന്നില്ല. പകരം ചരിത്രത്തിലേക്ക് നേർക്കുനേർ നോക്കുന്ന വൈചാരിക സത്യസന്ധതയുടെ വഴി കൂടിയായിരുന്നു. അതേസമയം, അദ്ദേഹം വൈകാരികതയിൽ അഭയം തേടിയില്ല. പകരം യാഥാർഥ്യത്തിന്റെ കടുത്ത വെളിച്ചത്തിൽ ജീവിച്ചു. തന്റെ ജീവിതം പോലും അദ്ദേഹം കാലത്തിന്റെ നിർണയത്തിന് വിട്ടുകൊടുത്തില്ല എന്നതും ഒരു പാഠമാണ്.
