""ശരറാന്തൽ വെളിച്ചത്തിൽ ശയന മുറിയിൽ ഞാൻ
ശാകുന്തളം വായിച്ചിരുന്നു..
ശാലീനയായ തപോവന കന്യയായ്
ശാരദേ നീ വന്നു നിന്നു മനസ്സിൽ
ശാരദേ നീ വന്നു നിന്നു''
കമുകറയുടെ ശബ്ദത്തിൽ ആകാശവാണിയിലെ ലളിതസംഗീതകാലത്താണ് ഈ പാട്ട് ഞാൻ കേൾക്കുന്നത്. എം.ജി. രാധാകൃഷ്ണൻ ഈണമിടുന്ന ഏതു പാട്ടിനു നേരെയും ഗൃഹാതുരമായ ഒരതിശയം സൂക്ഷിക്കുന്ന ആളാണ് ഞാൻ. അന്ന് ആകാശവാണിയുടെ ലളിതസംഗീതപാഠം ഞങ്ങളുടെ തലമുറയെ അങ്ങനെ ചിലതിലൊക്കെ പെടുത്തിക്കളഞ്ഞിരുന്നു. ഈ പാട്ടിലെ ആദ്യ രണ്ടുവരികൾ പ്രാസമൊപ്പിച്ചെഴുതിയ ഒരു തമാശ പോലെയേ തോന്നിയിട്ടുള്ളു. ശയനമുറിയിലാരാണ് ശാകുന്തളം വായിച്ചിരിക്കുക എന്നൊരു തമാശ. പക്ഷേ കമുകറ പാടിയ പ്രണയ ഗാനങ്ങളിൽ എന്തുകൊണ്ടോ എനിക്കേറ്റവും ഇഷ്ടപ്പെട്ട പാട്ടും ഇതു തന്നെ. കാരണമുണ്ട്. അനുപല്ലവിയിലെ, എന്റെ പേര് ആവർത്തിക്കുന്ന വരികൾ എന്നെ കണ്ടാലുടൻ പാടുന്ന ഒരയൽക്കാരനുണ്ടായിരുന്നു. എനിക്ക് അയാളതു പാടുമ്പോൾ ദേഷ്യമൊന്നും തോന്നിയിരുന്നില്ല. എന്നെ ചുറ്റിപ്പറ്റിയുള്ള കൗതുകങ്ങളെല്ലാം ആസ്വദിക്കുവാനേ അറിയുമായിരുന്നുള്ളു. ശാലീനയും തപോവന കന്യയും ശാരദയും ശകുന്തളയും ഒക്കെ സുന്ദരി എന്നതിന്റെ പര്യായമായി ഞാനാസ്വദിച്ചു. അങ്ങനെയാണ് ഈ പാട്ട് കൂടുതൽ ശ്രദ്ധിച്ചു തുടങ്ങിയത്. പദബോധവും കാവ്യബോധവും സംഗീതബോധവും ഉള്ള ഗാനരചയിതാവായിരുന്ന ബിച്ചു തിരുമലയെ ശ്രദ്ധിച്ചു തുടങ്ങിയത് പിന്നീടാണ്.
""മാമാങ്കം പല കുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ...'' ,മലയാളി ഇത്രയധികം പാടി നടന്ന മറ്റേതൊരു ലളിതഗാനമുണ്ട്!! തമ്പേറിൻ താളത്തിൽ പോരാടുന്നതിന്റെ താളം ആലോചിച്ച് ആ ദൃശ്യചാരുത സങ്കൽപിച്ചാണ് നിണനീരിലന്നു മണലാഴിയിൽ എഴുതാൻ തുനിഞ്ഞ പടനായകന്റെ കഥ കേട്ടതത്രയും. ഇന്നെന്റെ ചിന്തക്കു ചിന്തേരിടാൻ അരിയ കണ്ണാടിച്ചില്ലൊത്ത തീരങ്ങളേ പറയു... മാമാങ്കം നിണനീരിലെഴുതിയ കഥയിലെ രാഷ്ട്രീയ ശരികേടുകളെ കുറിച്ചു ചിന്തിക്കാൻ കാലം പിന്നീടാണല്ലോ നമ്മെ പ്രാപ്തരാക്കിയത്. തമ്പേറിൻ താളത്തിനൊപ്പിച്ചു മുന്നോട്ടു നീങ്ങുന്ന മനോഹരമായ പദസഞ്ചയം മാത്രമായിരുന്നു അന്ന് മാമാങ്കം.
ഒ.എൻ.വി, ശ്രീകുമാരൻ തമ്പി തുടങ്ങിയ കവികൾ ധാരാളമായി ഗാനങ്ങളെഴുതിയിരുന്ന കാലം. അന്നുവരെ ഗാനരചയിതാക്കൾക്ക് കിട്ടിയിരുന്ന വലുതായ പ്രാമുഖ്യം സംഗീത സംവിധായകരിലേക്ക് അധികമായി കിട്ടിത്തുടങ്ങിയത് 80 കളുടെ പകുതിക്കു ശേഷമാണ്. അതാണ് ബിച്ചു തിരുമല പാട്ടുകളെഴുതി പ്രശസ്തിയിലേക്കു വരുന്ന കാലവും.
ഈണത്തിനൊപ്പിച്ചു പാട്ടെഴുതുവാൻ പ്രഖ്യാത കവികൾക്ക് തുടക്കത്തിലുണ്ടായിരുന്ന ഒരു മടുപ്പുണ്ട്. അവിടെയാണ് കവിതാ പാരമ്പര്യത്തിന്റെ വലിയ ഭാരമൊന്നുമില്ലാതെ ബിച്ചു തിരുമല കടന്നുവരുന്നത്. ഏതു തരം ഈണത്തിനും ഏതു തരം സന്ദർഭത്തിനും ഏതു സംവിധായകന്റെ അഭിരുചിക്കും വഴങ്ങുന്ന താളബോധവും പദബോധവും കാവ്യബോധവും ബിച്ചു തിരുമലയെ സഹായിച്ചു. കവി എന്ന നിലയിലെ വലിയ കിരീടം ബിച്ചുവിന്റെ ശിരസ്സിലില്ലായിരുന്നു. പ്രതിഛായ ഒരു പ്രതിബന്ധവുമായില്ല. ദേഹമെന്ന കൂട്ടിൽ വാഴും മോഹമെന്ന കുഞ്ഞിപ്പക്ഷിയും ആനപ്പാറേലച്ചമ്മക്കും കൊച്ചമ്മക്കും കാവൽപ്പട്ടാളവും ഒരേ പോലെ ബിച്ചുവിന് വഴങ്ങി. ഗാനരചനയെന്ന ഒട്ടും സ്വതന്ത്രമല്ലാത്ത ഒരു രചനാ പ്രക്രിയയിലാണ് താനേർപ്പെടുന്നതെന്ന സത്യസന്ധമായ വിശ്വാസമുള്ളതു കൊണ്ടാണ് അത് അനായാസം സാധ്യമായത്.
എൺപതുകൾ ഐ.വി. ശശിയുടെയും ശ്യാമിന്റെയും എ.ടി. ഉമ്മറിന്റെയും പുഷ്‌കല കാലം കൂടിയാണ്. സിനിമയിൽ ഐ.വി. ശശി കൊണ്ടുവരുന്ന പുതുമയാർന്ന പരീക്ഷണങ്ങൾക്ക് പരമ്പരാഗത ഈണങ്ങൾ പോരാതെ വന്നു. യുവത്വത്തിന്റെ തിളപ്പും ശരീരങ്ങളുടെ പുളപ്പും സത്യസന്ധമായി മലയാള സിനിമയിൽ ഐ.വി. ശശി ആവിഷ്‌കരിച്ചു തുടങ്ങിയ കാലം. കാണാമറയത്തും, അവളുടെ രാവുകളും, തൃഷ്ണയും, ഇണയും ഒക്കെ അന്നുവരെ മലയാളി കണ്ട സിനിമാകാഴ്ചകളെ ചെറുതല്ലാതെ ഇളക്കിക്കളഞ്ഞതാണ്. യൗവ്വനം അതിന്റെ ആവേശങ്ങൾ ആടിത്തിമിർത്ത സിനിമാക്കാലം. ബിച്ചു തിരുമല പാട്ടെഴുതിയാൽ സിനിമ നൂറു ദിവസം പാട്ടും പാടി ഓടുമെന്ന് ഐ.വി. ശശി വിശ്വസിച്ചിരുന്നതു പോലെ തോന്നി. തനി മലയാളിത്തത്തിൽ നിന്ന് മലയാളസിനിമയുടെ ഇതിവൃത്തവും പാട്ടുകളും ഈണങ്ങളും യുവ ശരീരങ്ങളെ പ്രചോദിപ്പിച്ചു കൊണ്ട് പാശ്ചാത്യ ശൈലിയുടെ ചടുലത സ്വീകരിക്കുകയായിരുന്നു.
"എന്തൊരാവേശം എന്തൊരുന്മാദം ഒന്നു പുൽകാൻ തേൻ വണ്ടു ഞാൻ അലരേ തേൻവണ്ടു ഞാൻ' എന്ന് റഹ്‌മാനും ശോഭനക്കും ഒപ്പം യുവത പാശ്ചാത്യച്ചുവടുകൾ വെച്ചു തുടങ്ങി. ഈണത്തിൽ നിന്ന് പദങ്ങൾ തുള്ളിത്തെറിച്ച് പുറത്തേക്കു ചാടുന്ന ഒരനുഭവമാണ് ഈ ഗാനം കേൾക്കുമ്പോൾ ഇന്നും. 80 കളുടെ പകുതിയിൽ മലയാളിയെ ഇത്രക്ക് ഇളക്കിമറിച്ച മറ്റേതു പാട്ടുണ്ടാകും? ആയിരമാശകളാലൊരു പൊൻവല നെയ്യും തേൻവണ്ട് ...എന്തൊരു ഊർജ്ജം നിറഞ്ഞ കൽപനയാണ്, ഐ.വി. ശശിയാണ്, റഹ്‌മാനാണ്, ശോഭനയാണ്, ശ്യാമാണ്, ബിച്ചു തിരുമലയാണ്. അതൊരു ഗംഭീര ചേരുവയാണ്.
ഇന്നും കണ്ടിരുന്നാൽ പ്രായം പതിനെട്ടിലെത്തിക്കുന്ന ലഹരിയാണ് ആ ചേരുവ. ഇത്രയും പേർ ഒരുമിച്ചു ചേർന്നാലല്ലാതെ ആ ഗാനം ഇളകില്ല. അതേ പോലെ ഒരു ഗാനമാണ് മഞ്ചാടിക്കുന്നിൽ മണിമുകിലുകൾ.. ചരണത്തിലെ "തത്തക്കളിച്ചുണ്ടൻ വള്ളം തത്തിത്തത്തി നീന്തും അക്കരക്കു പോകാനായ് പോരാമോ ഓരോരോ തീരം തേടാമോ' ,ഈണത്തിനുള്ളിൽ പദങ്ങൾ തത്തിത്തത്തി നീന്തുന്നതിന്റെ അഴക് അനുഭവിപ്പിക്കുന്ന ഗാനം.
എ.ടി. ഉമ്മറിനെക്കൊണ്ട് ഹിന്ദിയിലെ ഈണങ്ങൾ നിർബ്ബന്ധപൂർവ്വം ഐ.വി. ശശി സ്വീകരിപ്പിച്ചിരുന്നതായി അക്കാലത്ത് കേട്ടിട്ടുണ്ട്. ഈണത്തിനൊപ്പിച്ചു വരികളെഴുതാൻ ബിച്ചു തിരുമലക്ക് അനായാസം കഴിഞ്ഞിരുന്നു. ബിച്ചു തിരുമലയുടെ ഗാനങ്ങൾ ചലച്ചിത്ര സന്ദർഭങ്ങളിൽ നിന്ന് ഇളക്കി മാറ്റി എനിക്കു സങ്കൽപ്പിക്കാനേ കഴിയുന്നില്ല. ഗാനങ്ങൾ ഒറ്റക്കല്ല, അതിന്റെ മുഴുവൻ പരിസരങ്ങളോടും ചേർന്നു മാത്രമേ മനസ്സിലേക്കെത്തൂ.
"രാകേന്ദുകിരണങ്ങൾ ഒളി വീശിയില്ല' ഒരൊറ്റ ഗാനം മതി മികച്ച തെളിവായി. കഥാസന്ദർഭത്തോട് ഇണങ്ങി നിന്ന് നായികയുടെ വേദനകൾ ആവിഷ്‌കരിച്ച ആ ഗാനവും അതിന്റെ ചിത്രീകരണവും മലയാള സിനിമയിലുണ്ടാക്കിയ ചലനം ചരിത്രമാണ്. അന്നത്തെ പ്രശസ്തമായ സിനിമാ പ്രസിദ്ധീകരണങ്ങളിലെല്ലാം ഈ ഗാനത്തിന്റെ വരികൾക്കൊപ്പം സീമയുടെ നൃത്തചിത്രങ്ങളും കൊടുത്തിരുന്നു. ലിറിക്‌സിന് ഗാനരംഗത്തോളം പ്രാധാന്യം കൊടുത്ത് സിനിമാ വാരികകൾ പ്രചരിപ്പിച്ചത് ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും. നാനയുടെ പ്രധാന രണ്ടു പേജുകൾ ഈ ഗാനവും നൃത്തവുമായിരുന്നത് ഞാനോർമ്മിക്കുന്നു. നാനയുടെ ആ പുറങ്ങൾ കുറേക്കാലം ഞാൻ സൂക്ഷിച്ചു വെച്ചിരുന്നു. സീമയുടെ നൃത്തച്ചുവടുകളും ഭാവങ്ങളും നിശ്ചല ദൃശ്യങ്ങളായി പാട്ടിന്റെ വരികൾക്കൊപ്പം പുറങ്ങൾ നിറയെ. എന്തഴകായിരുന്നു ഗാനം സിനിമയേക്കാൾ പ്രശസ്തമായി. സുതാര്യമായതും മുത്തുപിടിപ്പിക്കുന്നതുമായ ശിരോവസ്ത്രവും നക്ഷത്രങ്ങൾ തിളങ്ങുന്ന മുലക്കച്ചയുമായി വേദന നിറഞ്ഞ മുഖത്തോടെ തന്റെ നിദ്രാവിഹീനങ്ങളായ രാവുകളെ കുറിച്ച് പാടി സീമ നൃത്തം ചെയ്തു. "രാവിൻ നെഞ്ചിൽ കോലം തുള്ളും രോമാഞ്ചമായവൾ മാറി' എന്ന വരി കഥാസന്ദർഭവും ഈണവുമായി ഇണക്കിച്ചേർത്തെഴുതിയ ഭാവന ലൈംഗികത്തൊഴിലാളിയായ രാജി എന്ന പെൺകുട്ടിയുടെ ദുരനുഭവങ്ങളെ സഞ്ചയിച്ചെടുത്തു. അവൾ ഒഴുക്കാത്ത കണ്ണുനീർ നമ്മെ തൊട്ടത് ഈ ഗാനത്തിലൂടെ ആയിരുന്നു.
മനസാ വാചാ കർമ്മണ എന്ന ചിത്രത്തിലെ "സാന്ദ്രമായ ചന്ദ്രികയിൽ സാരസാക്ഷി നിൻ മടിയിൽ സകലതും മറന്നു മയങ്ങാൻ സദയം നീ അനുവദിക്കൂ' എന്ന ഗാനത്തിന്റെ ആർദ്രഭാവം രതി പ്രചോദിതമായ സന്ദർഭത്തിലാണെങ്കിലും എത്ര ആശ്വാസദായകമാണ്. "നാണിച്ചു നാണിച്ചു നീ പകരും നഖലാളനകൾക്കെന്തു സുഖം എന്തു സുഖം’- ഈണമില്ലാതെ തന്നെ ഈ വരികൾ ഒരു കാലത്ത് എന്തൊരു നിർവൃതിയാണ് പകർന്നിരുന്നത്. രതി ഇത്ര മന്ദ്രസ്ഥായിയിൽ അനുഭവിപ്പിച്ച മറ്റൊരു ഗാനം തേനും വയമ്പും എന്ന ചിത്രത്തിലെ "ഒറ്റക്കമ്പി നാദം മാത്രം മൂളും' ആണ്. "നിൻ വിരൽത്തുമ്പിലെ വിനോദമായ് അലിഞ്ഞീടാൻ നിന്റെയിഷ്ട ഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ എന്റെയുള്ളിലെ ദാഹമെങ്കിലും..' മതിമറന്നു പ്രണയച്ചു നടന്ന കാലത്തിന് ബിച്ചു തിരുമല നൽകിയ ഉപഹാരങ്ങളായിരുന്നു ഇവയെല്ലാം.
മഞ്ഞ് എന്ന അനുഭവത്തെ ഇത്രയധികം മനോഹരമായി ഇത്രയധികം പാട്ടുകളിലുപയോഗിച്ച മറ്റൊരു ഗാനരചയിതാവുണ്ടെന്നു തോന്നുന്നില്ല.
മഞ്ഞിൻ തേരേറി...
ഓ.. കുളിരണ് കുളിരണ്
തെയ്യം തിറയാടി...
ഓ.. ചിലുചിലെ ചിലുചിലെ
മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ
ഉള്ളിന്റെ ഉള്ളിൽ തിരയുന്നതെന്തേ
മൗനം മയങ്ങുന്ന
മോഹങ്ങളാണോ
തൂവൽത്തുമ്പിലെ സിന്ദൂരമാണോ....
മഞ്ഞിൽ വിരിഞ്ഞ പൂവേ
പറയൂ നീ ഇളം പൂവേ
മഞ്ഞണിക്കൊമ്പിൽ ഒരു
കിങ്ങിണിത്തുമ്പിൽ
ഗാനസന്ദർഭത്തിനും ഈണത്തിനുമിടയിൽ തുളുമ്പിയ പദങ്ങൾ അവയ്ക്കിടയിൽ നിന്നടർത്തി മാറ്റിയാൽ ബിച്ചു തിരുമല ഇല്ല എന്നു തോന്നാറുണ്ട്. വ്യക്തി എന്ന നിലയിൽ അദ്ദേഹം ഒട്ടും തന്നെ സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടില്ല. ദീപത്തിൽ നാളമെന്നതു പോലെയും ശബ്ദത്തിൽ നാദമെന്നതു പോലെയും പാട്ടും കവിയും ഒന്നായി അവയ്ക്കുള്ളിൽ മാത്രം കലർന്നിരുന്നു. ബിച്ചു തിരുമലയുടെ ഗാനങ്ങളെ രൂപപ്പെടുത്തുന്ന അനേകം പ്രേരകങ്ങളിൽ ഒന്ന് ഗാനത്തിന്റെ ഭാവാത്മകതയിലും രൂപാത്മകതയിലും അദ്ദേഹത്തിനുള്ള അതീവശ്രദ്ധ തന്നെയാണ്.
നീർപ്പോളകളുടെ ലാളനയേറ്റു വളരുന്ന നീലത്താമരയും, ചെമ്പനീരലരിൽ വിഷാദ ഭാവങ്ങളരുളുന്ന തുഷാരബിന്ദുക്കളും, അങ്ങേയറ്റം പ്രശാന്തമായ ഒരു മനസ്സിന് മാത്രമേ ഭാവന ചെയ്യാനാകൂ എന്ന് തോന്നിയിട്ടുണ്ട്.
തെന്നലുമ്മകളേകിയോ കുഞ്ഞു തുമ്പി തംബുരു മീട്ടിയോ, തത്തമ്മപ്പൈങ്കിളി പാലൂട്ടും താഴമ്പൂത്തുമ്പി താരാട്ടും, മണിമാരനു നീ നൽകിയതെന്തേ മണമോ മനമോ പൂന്തേനോ, പ്രഭാതം പൂമരക്കൊമ്പിൽ തൂവൽ വിരിച്ചു... ഓർമകളിൽ നിന്ന് ഇനിയുമെത്ര വേണമെങ്കിലും ഇതളടർത്തിയെടുക്കാം. മഞ്ഞും മലരും വസന്തവും പ്രണയവും ഉത്സാഹവും ഉന്മാദവുമായി ഇനിയും എത്രയെത്ര ഗാനങ്ങൾ. ഇങ്ങനെ ഗൃഹാതുരമായ ചില അതിശയങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്നു മാത്രം ഓർക്കാനാണ് ഈയവസരത്തിൽ ഞാനിഷ്ടപ്പെടുന്നത്. നനഞ്ഞ നേരിയ പട്ടുറുമാലെന്നും അതിൽ സുവർണ്ണ നൂലിലെ അക്ഷരങ്ങളെന്നും വായിച്ച് മോഹങ്ങൾ പൂവണിഞ്ഞ ഒരു തലമുറയുടെ പ്രതിനിധിയാണ് ഞാൻ. ബിച്ചു തിരുമലയെ മറക്കാനാകാത്ത കാലത്തിന്റെ ഒരു ചെറിയ ഇതൾ മാത്രം..