റൂട്ട് മാപ്പ് ഭയപ്പെടുന്ന ഗുഹാ ജീവിതങ്ങൾ

വീടിനുള്ളിലിരുന്നു ലോകത്തെ ഇങ്ങനെ നോക്കിക്കണ്ട ഒരു കാലം ഇതുപോലെ മുൻപൊരിക്കലും ഉണ്ടായിട്ടില്ല. എന്തൊരു തിരക്കായിരുന്നു, എന്തൊരു പരക്കംപാച്ചിലായിരുന്നു. ജീവിതത്തിൽ എത്ര അപ്രതീക്ഷിതമായാണ് കാര്യങ്ങൾ മാറിമറിയുന്നത്! എത്ര സമർഥരായ മനുഷ്യർ പോലും നിസ്സഹായരായി നിൽക്കേണ്ടി വരുന്ന വിചിത്രസാഹചര്യങ്ങൾ !

കോവിഡ് കാല അനുഭവങ്ങളെ എങ്ങനെ എഴുതണമെന്ന ആലോചനക്കിടയിൽ വെറും ഒൻപതു വാക്കിൽ എഴുതപ്പെട്ട ഒരു കഥ മനസ്സിൽ വന്നു : When he woke up, the dinosaur was still there. ഒരു പക്ഷെ സാഹിത്യത്തിലെ ഏറ്റവും ചെറിയ കഥ ഇതാകാം. പ്രമുഖ എഴുത്തുകാരൻ ഒഗസ്‌തൊ മോൺടിറോസോ എഴുതിയ ഈ ഒറ്റവരിക്കഥ ഒരിക്കൽ ഒരു സുഹൃത്ത് എനിക്കയച്ചു തന്നതാണ്. പ്രശസ്തരെല്ലാം ഈ കഥയെ ഏറെ പുകഴ്ത്തിയതിനു കാരണം ചുരുങ്ങിയ വാക്കുകളിൽ അതിബൃഹത്തും ഉൾക്കിടിലം ജനിപ്പിക്കുന്നതുമായ ഒരു ലോകം ഈ കഥ തുറന്നുതരുന്നു എന്നതാകാം. കഥയിലെ "അയാൾ' - ഉറക്കമുണർന്നപ്പോൾ എന്ത് സംഭവിച്ചു എന്ന് നമുക്കറിയില്ല, പക്ഷെ ഒരു ജീവിതം അവിടെ പരിവർത്തനപ്പെട്ടു എന്നു നമുക്കറിയാം. അങ്ങനെ വരാനിരിക്കുന്നതിനെ ഭാവനയിൽ കാണാൻ നിർബന്ധിപ്പിക്കുന്നു എഴുത്തുകാരൻ. ഇന്നിപ്പോൾ അതിസങ്കീർണ്ണമായ ഒരു ജീവിത സാഹചര്യത്തെ കുറഞ്ഞ വാക്കുകളിൽ പകർത്താൻ ശ്രമിച്ചപ്പോഴാണ് ഈ കഥ ഓർമ്മയിൽ വന്നത്. പ്രാചീനതയെയും വർത്തമാനത്തെയും ഒരു വാചകത്തിന്റെ നേർരേഖയിൽ പ്രതിഷ്ഠിക്കുന്ന ഈ കഥ ഇത്രക്ക് അനുയോജ്യമായ മറ്റൊരു സന്ദർഭമുണ്ടാവില്ല.

കോവിഡ് 19 ലോകമാകെ പടർന്നു തുടങ്ങിയ മാർച്ച് മാസത്തിലൊരു ദിവസം ഞാൻ കട്ടിലിൽ തളർന്നു കിടന്നു പ്രാർഥിച്ചു, സ്ലീപിംഗ് ബ്യൂട്ടിയുടെ കഥയിലേതു പോലെ ലോകമാസകലം ഒന്നുറങ്ങിപ്പോയിരുന്നെങ്കിൽ. ... നീണ്ടകാലത്തിനു ശേഷം ഒന്നും സംഭവിക്കാത്തതുപോലെ ലോകമൊന്നാകെ ഉണർന്നു വരുമ്പോഴേക്കും കൊറോണ വൈറസ് നിർജ്ജീവമായിക്കഴിഞ്ഞിരിക്കും. രോഗത്തിന്റെ വ്യാപനശേഷി ഉണ്ടാക്കിയ ആ വലിയ ഭയങ്ങളിൽ നിന്ന് വെറും അറുപതു ദിവസങ്ങൾ കൊണ്ട് വസ്തുനിഷ്ഠമായി രോഗത്തെ സമീപിക്കുന്ന അവസ്ഥയിലേക്ക് മനുഷ്യർ എത്തിക്കഴിഞ്ഞു.

എഴുതാനിരിക്കുന്നത് ഒരു സാഹിത്യ പ്രശ്‌നമേയല്ല. അധ്യാപികയുടെയോ എഴുത്തുകാരിയുടെയോ വായനക്കാരിയുടെയോ പ്രശ്‌നമല്ല. നഗ്‌നനേത്രങ്ങൾക്കു കാണാൻ പോലും കഴിയാത്ത, തികച്ചും അദൃശ്യമായതെങ്കിലും, അതിശക്തമായ ഒരു സൂക്ഷ്മാണുവിനെ പേടിച്ച് കഴിഞ്ഞ അറുപതോളം ദിവസമായി വീടിന്റെ ഗേറ്റ് പോലും തുറക്കാതിരിക്കുന്ന ഒരു മനുഷ്യജീവിയുടെ പ്രശ്‌നമാണ്.
വീടിനുള്ളിലിരുന്നു ലോകത്തെ ഇങ്ങനെ നോക്കിക്കണ്ട ഒരു കാലം ഇതുപോലെ മുൻപൊരിക്കലും ഉണ്ടായിട്ടില്ല. എന്തൊരു തിരക്കായിരുന്നു, എന്തൊരു പരക്കംപാച്ചിലായിരുന്നു. ജീവിതത്തിൽ എത്ര അപ്രതീക്ഷിതമായാണ് കാര്യങ്ങൾ മാറിമറിയുന്നത്! എത്ര സമർഥരായ മനുഷ്യർ പോലും നിസ്സഹായരായി നിൽക്കേണ്ടി വരുന്ന വിചിത്രസാഹചര്യങ്ങൾ !

പാദങ്ങൾ ചലിക്കാൻ തുടങ്ങുമ്പോൾ മാത്രമാണ് ഉള്ളിൽ ചിന്തകൾ ഒഴുകാൻ തുടങ്ങുന്നതെന്ന് ഗ്രീക്ക് ദാർശനികർ തെളിയിച്ചിട്ടുണ്ട്.

ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും സഞ്ചിയും കുടയുമായി ദിവസവും രാവിലെ കടയിലേക്കിറങ്ങിയിരുന്ന വൃദ്ധനായ മനുഷ്യനെ കണ്ടായിരുന്നു എന്റെ ദിവസങ്ങൾ ആരംഭിച്ചിരുന്നത്. പ്രഭാതസവാരിക്കിടയിലാണ് അദ്ദേഹത്തെ സ്ഥിരമായി കാണുന്നത്. 60 ദിവസമാകുന്നു ഞങ്ങൾ തമ്മിൽ കണ്ടിട്ട്. ചെറിയ കാര്യമാണതെന്നെനിക്കു തോന്നുന്നില്ല. കലുങ്കു കടന്ന് പാടങ്ങൾക്കിടയിലൂടെ ഉദയസൂര്യനെ വണങ്ങി നടന്നു നീങ്ങുന്ന സുന്ദരിയായ ഒരു വൃദ്ധയുണ്ടായിരുന്നു. അവർ പതിവു നടപ്പു നിലച്ചതോടെ ക്ഷീണിതയായിട്ടുണ്ടാകും. കാലിൽ ഷൂവും കയ്യിലൊരു ടോർച്ചുമായി വരുന്ന അവരുടെ തലമുടി ഒതുക്കി ഒരു വൃത്തിയുള്ള ടവൽ കൊണ്ടു പൊതിഞ്ഞിരിക്കും. ആ സ്ത്രീയും ഞാനും കലുങ്കിനു തൊട്ടു താഴെ വെച്ചാണ് സ്ഥിരമായി കണ്ടു മുട്ടുക. മകൻ പത്രപ്രവർത്തകനാണെന്ന് പറഞ്ഞിട്ടുണ്ട്. കണ്ടുമുട്ടുന്ന സ്ഥലമോ സമയമോ മാറിയാൽ അവരുടെ മുഖത്ത് ഒരു ചിരിയുണ്ടാകും. ആ അമ്മക്കു സമയം തെറ്റില്ല, തെറ്റിയതെനിക്കാണ് എന്നാണ് ആ ചിരിയുടെ അർഥം. വേണ്ട എന്നു മക്കൾ പറഞ്ഞാലും ആയമ്മ ഒന്നര കിലോമീറ്റർ നടക്കും. ദിനചര്യകൾ തെറ്റാതെ മനുഷ്യർ പതിവായി കണ്ടുമുട്ടിയിരുന്ന പാതയോരങ്ങൾ വിജനമായിട്ട് ദിവസങ്ങളായി. നടപ്പുകാരുടെ അസോസിയേഷനുണ്ട്. അവർക്കു യൂണിഫോമുണ്ട്. പൊഴിഞ്ഞു പൊഴിഞ്ഞ് പല സംഘങ്ങളായി അവരെ കാണാം. നാട്ടിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ, സാമ്പത്തിക വിഷയങ്ങൾ ഒക്കെ പൊട്ടിയും പൊടിഞ്ഞും അവരിൽ നിന്നാണ് കേൾക്കുക. രണ്ടു പള്ളികളും നാലു ക്ഷേത്രങ്ങളുമാണ് മൂന്നു കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്നത്. വിളക്കുകൾ കൊളുത്താതെ, മെഴുകുതിരികൾ തെളിയാതെ എന്റെയോർമ്മയിൽ അവിടം ഞാൻ കണ്ടിട്ടില്ല .

നടന്നുപോകലിനിടയിൽ സംസാരം നിർത്തി മനുഷ്യർ ജാതിമത ഭേദമില്ലാതെ തലകുമ്പിട്ട് അൽപനേരം അവിടെ വിനയാന്വിതരാകുന്ന കാഴ്ചയ്ക്ക് ഒരു പ്രത്യേക ശാന്തതയും സൗന്ദര്യവുമുണ്ട്. എത്ര നാളുകളായി
ആ ചേതോഹരമായ കാഴ്ചകൾ കണ്ടിട്ട്! തൊട്ടു മുൻപിലുള്ള ആളുകൾക്കു മാത്രം കേൾക്കാവുന്നത്ര ശബ്ദത്തിൽ മൃദുവായി സംസാരിക്കാനറിയുന്ന ചില മനുഷ്യരെയാണ് പ്രഭാതസവാരി നിലച്ചതോടെ എനിക്ക് നഷ്ടമായത്.. പ്രഭാതനടത്തത്തിന്റെ ശാന്തവും പ്രാചീനവുമായ ആ ഭദ്രത ഒരു നഷ്ടകലയെന്നതു പോലെ എന്നെ അസ്വസ്ഥയാക്കുന്നുണ്ട്.

മുൻകൂട്ടി ഉറപ്പിച്ച ചിട്ടകൾക്കൊത്ത് ഒരേ വടിവിൽ ജീവിക്കേണ്ടി വരുമ്പോൾ അസ്വസ്ഥനാകുന്ന ഒരു നല്ല മനുഷ്യനെയും എനിക്കറിയാം. വ്യായാമം ചെയ്യാനും പച്ചക്കറി പച്ചക്ക് തിന്നാനും വേണ്ടി മാത്രമുള്ള ജീവിതത്തെക്കുറിച്ച് പറയുമ്പോൾ അയാളുടെ മുഖത്ത് ആരോടെന്നില്ലാത്ത പകയാണ്. അതികാലത്തെഴുന്നേറ്റു സൂര്യനമസ്‌കാരം ചെയ്യണം. കൃത്യസമയത്ത് സൂര്യനെ നോക്കിയാൽ കാണില്ല. കാർമേഘങ്ങൾ നിറഞ്ഞ കിഴക്കുദിക്ക് നോക്കി അയാൾ ഒച്ചവെക്കും. "ഇന്നലെ ഒരുപ്പോക്ക് പോയ ആ (.....) ൻ ഇന്നെന്താ വരാത്തത്. ഒന്ന് കണ്ടാൽ നമസ്‌കരിച്ചിട്ടു നടക്കാൻ പോകാമായിരുന്നു'.. അടിച്ചേൽപ്പിക്കപ്പെട്ട കൃത്രിമജീവിതമുറകളോടുള്ള മുഴുവൻ പരിഹാസവും ഈ പ്രതിഭാഷയിലുണ്ട്. ജനിക്കുമ്പോൾ മുതൽ ജീവിച്ചിരിക്കുന്ന കാലമത്രയും മിക്ക സമയവും നാം നടക്കുക തന്നെയാണെങ്കിലും നടത്തം എന്ന നൈസർഗ്ഗികപ്രക്രിയ ഇന്ന് കൃത്രിമമായി നിറവേറ്റപ്പെടുന്ന ഒരു ചടങ്ങായിരിക്കുന്നുവെന്ന ഓർമ്മപ്പെടുത്തലുമായി വാശിയോടെ നടക്കുന്ന ഈ സാധു മനുഷ്യനെയും എത്ര ദിവസമായി ഞാൻ കണ്ടിട്ട്.
ആത്മശാന്തി നഷ്ടപ്പെട്ട മനുഷ്യരെല്ലാം കൂടി രാവിലെത്തന്നെ കൂട്ടത്തോടെ നടക്കാനിറങ്ങുന്നതുകൊണ്ടാണ് റോഡിൽ ഗട്ടറുകൾ കൂടുന്നതെന്നു ചിലപ്പോൾ തോന്നാറുണ്ട്..

ഭയങ്ങളും അരക്ഷിതത്വങ്ങളും കൊണ്ട് സദാ ഇളകി മറിയുന്ന മനുഷ്യമനസ്സിന് വിശ്രാന്തി ആവശ്യമാണ് എന്ന് തിരിച്ചറിവു തരുന്ന കാലവുമാണിത്.
ദേവാലയങ്ങളെല്ലാം അടഞ്ഞുകിടക്കുന്നു. മൈക്കുകളോ കൂട്ടപ്രാർഥനകളോ ഇല്ല.
"ദൈവം അദ്ദേഹത്തിന്റെ വിശുദ്ധദേവാലയത്തിലാണ്. അദ്ദേഹത്തിനു മുന്നിൽ ഭൂമി മുഴുവൻ നിശ്ശബ്ദത പാലിക്കട്ടെ' എന്ന് ഹീബ്രൂ ബൈബിളിൽ പറയുന്നുണ്ട്. അടഞ്ഞുകിടക്കുന്ന ദേവാലയങ്ങൾ അതിന്റെ മുഴുവൻ പരിശുദ്ധിയും വീണ്ടെടുക്കുകയാണ് എന്നു ഞാൻ വിശ്വസിക്കുന്നു. പണ്ട്
തിരുനക്കരക്ഷേത്രത്തിൽ ശിവപുരാണം കേട്ടിരുന്ന കുട്ടിക്കാലത്തെ ഒരു സന്ധ്യയിൽ രാമനാഥയ്യർസർ പറഞ്ഞു, "നിശ്ശബ്ദമായിരുന്നാൽ ദൈവം നമ്മോട് സംസാരിക്കും, അതുകൊണ്ട് കുറച്ചു നേരം കണ്ണടച്ച് മിണ്ടാതിതിരിക്കൂ' എന്ന്. ദൈവത്തെ മൈക്കുപിശാചു പിടികൂടുന്നതിനു മുൻപായിരുന്നു അത്. അന്നൊന്നും ഭഗവാന് ഇത്ര കഷ്ടകാലം ഉണ്ടായിരുന്നില്ല. മനുഷ്യൻ തരപ്പെടുത്തിക്കൊടുക്കുന്ന പരസ്യങ്ങൾ ആവശ്യമുണ്ടായിരുന്നുമില്ല. എല്ലാ സാഹചര്യങ്ങളെയും ശബ്ദം കൊണ്ട് അസഹ്യമാക്കുന്ന കാലത്ത് ദൈവത്തിന് മനുഷ്യനിർമ്മിതമായ ആലയങ്ങളിലേക്ക് ഇനി ഒരിക്കലും വരാനാഗ്രഹമുണ്ടാവില്ല . ദൈവത്തിന് ഇപ്പോൾ മനുഷ്യനുമേൽ ശാപം വർഷിക്കേണ്ടി വരുന്നില്ല. കോവിഡ് കാലം ഭൂമിക്കും ദൈവത്തിനും മനുഷ്യരൊഴികെയുള്ള ജീവജാലങ്ങൾക്കും അവരുടെ ശാന്തിയും സമാധാനവും തിരികെ നൽകിയിരിക്കും. അവരാശ്വസിക്കുന്നുണ്ടാകും, മനുഷ്യരെല്ലാം അകത്ത് അടയ്ക്കപ്പെട്ടതിൽ. "അത്യാഗ്രഹിയും അധികാര മോഹിയും അഹങ്കാരിയുമായ മനുഷ്യാ, നീ കുറെക്കാലം അകത്തിരിക്കൂ, എനിക്കൽപം വിശ്രമം വേണം' എന്ന് ഭൂമി തീരുമാനിച്ചിരിക്കണം. ഭൂമി അതിനെ സ്വയം സംരക്ഷിക്കുവാൻ, സമതുലിതാവസ്ഥ നിലനിർത്തുവാൻ സ്വീകരിക്കുന്ന ഒരു പ്രതിരോധ മാർഗ്ഗമെന്ന് ഈ കാലത്തെ ഞാൻ കാണാനാഗ്രഹിക്കുന്നു.

സത്യത്തിൽ ലോക്ഡൗൺ അനുഭവം സ്ത്രീയെന്ന നിലയിൽ എനിക്ക് പുതിയതല്ല. ഓർമ്മവെച്ച കാലം മുതൽ, പുറത്തേക്കിറങ്ങാൻ ശ്രമിച്ചപ്പോഴൊക്കെ അകത്തേക്ക്, അകത്തേക്ക് എന്ന് ഓടിക്കപ്പെട്ടുകൊണ്ടിരുന്നതിനാൽ പെൺകുട്ടികൾക്കോ അവർ മുതിർന്നുണ്ടാകുന്ന സ്ത്രീകൾക്കോ വീടും തടവും ഒരു വലിയ പ്രശ്‌നമായി തോന്നേണ്ടതല്ല. പെട്ടെന്നൊരു ദിവസം ലോകം തങ്ങൾക്കു മുന്നിൽ അടഞ്ഞു പോയതായ ഒരു ഞെട്ടലവർക്ക് ഉണ്ടാകേണ്ടതല്ല. പലപ്പോഴായി അവൾക്കു മുന്നിൽ എത്രയോ വട്ടം ലോകം അതിന്റെ വാതിലുകൾ കൊട്ടിയടച്ചിരിക്കുന്നു! കിട്ടിയ ഒരൽപം സ്വാതന്ത്ര്യത്തിന്റെ പഴുതുപയോഗിച്ച് പുറത്തു കടക്കാനോ ആരും കാണാതെ ഒന്നൊഴുകാനോ പറക്കാനോ ശ്രമിച്ചപ്പോഴൊക്കെ വീടിനകത്തേക്കു തന്നെ അടിച്ചു കയറ്റി വിട്ട സമൂഹം പെണ്ണിനെ എന്നേ ലോക്ഡൗണിനു തയ്യാറെടുപ്പിച്ചിരിക്കുന്നു. വീടര്, അന്തർജ്ജനങ്ങൾ, അകത്തുള്ളാൾ, വീട്ടമ്മ എന്നൊക്കെയാണല്ലോ ഞങ്ങളുടെ പര്യായങ്ങൾ തന്നെ.

പുരുഷന്മാർക്കു പക്ഷേ അങ്ങനെയല്ല. പുറത്തെ ലോകം മുഴുവൻ ചുമലിലേറ്റിയവരെന്ന മട്ടിൽ നടന്നവർക്ക് പെട്ടെന്നുള്ള ഈ വീട്ടിലിരിപ്പ് ഒരു സംഘർഷമോ പുതിയ അനുഭവത്തിന്റെ കൗതുകമോ ഉണ്ടാക്കുന്നുണ്ടാകാം. അതിന്റെ അസഹ്യതകൾ, മുറുമുറുപ്പുകൾ, വ്യാഖ്യാനങ്ങൾ ഒക്കെ തമാശയായി കാണുകയാണ് ഞാനുൾപ്പെടെ ഏറിയ പങ്ക് സ്ത്രീകളും. സ്വകാര്യ സംഭാഷണങ്ങളിലാകെ സ്ത്രീകൾ പങ്കുവെക്കുന്നത് ഈ തമാശകൾ കൂടിയാണ്. ജീവിതസഖി കൂടിയായ കവി വിജയലക്ഷ്മിയെക്കുറിച്ച് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത്, "വിജയലക്ഷ്മി പണ്ടേ ഒരു ഗുഹാ ജീവിതം ഇഷ്ടപ്പെട്ടിരുന്നതുകൊണ്ട് ഒരു പ്രശ്‌നവുമില്ല. എനിക്കു പക്ഷേ വലിയ ബുദ്ധിമുട്ടാണ്' എന്നാണ്.
പക്ഷേ, ഈ ലോക്ഡൗൺ കാലത്തിന് സ്വയം ഭക്ഷണമാകാൻ നിന്നു കൊടുക്കാതിരിക്കുക എന്ന വിവേചനബുദ്ധി സ്ത്രീകൾ കാണിച്ചുതരുന്നു എന്നത് ചെറിയ കാര്യമല്ല. എല്ലാവരും രോഗാവസ്ഥയുണ്ടാക്കിയ ഭീതിയെ എത്ര ക്രിയാത്മകമായാണ്, ഊർജ്ജസ്വലമായാണ് മറികടക്കുന്നത് ! സ്വാധികാരം സ്ഥാപിച്ചെടുക്കുന്ന സ്ത്രീകളെയാണ് ഞാൻ ചുറ്റിനും കാണുന്നത്.

ലോകം മുഴുവൻ ഒരേ ഭീതിയിലകപ്പെട്ടിരിക്കുന്ന ഇക്കാലത്ത് ഒരു സ്ത്രീയെന്ന നിലയിൽ ഈയൊരവസ്ഥയെയും എങ്ങനെ വിജയകരമായി മറികടക്കാമെന്നാണ് എന്റെ ആലോചന.
രോഗകാലം ആധികളുടെയും ഭയങ്ങളുടെയും മാത്രമല്ല തിരിച്ചറിവുകളുടെ കൂടി കാലമാണ്. രോഗകാലത്തെ സമീപിക്കാനുള്ള ഏറ്റവും സത്യസന്ധവും ആധികാരികവുമായ വഴി, അതിനെ ആലങ്കാരികതകളിൽ നിന്നു മോചിപ്പിക്കുക എന്നതാണ്. രോഗത്തെ രോഗമായി കാണാൻ ശീലിക്കുക എന്നതു പ്രധാനമാണ്. ഒന്നര ദശകം മുൻപ്, ഏറെ ഭയപ്പാടോടെ നാം കണ്ടിരുന്ന എയിഡ്‌സ് പോലും ഒരു സാധാരണ രോഗം മാത്രമാണെന്നും വിവേകപൂർവ്വം സമീപിച്ചാൽ അതിന്റെ വ്യാപനം തടയാമെന്നും ഇന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിട്ടുണ്ട്. രോഗത്തെയും രോഗകാലത്തെയും നിഗൂഢതകൾ കൊണ്ടും ഭാവന കൊണ്ടും പൊതിയാതെ, വസ്തുതകളെ വസ്തുതകളായിക്കണ്ട് അതിനെ സമീപിക്കുന്ന രീതി വളരെ പ്രധാനമാണ്. എത്ര അപ്രതീക്ഷിതമായാണ് ഒരു സമൂഹം രോഗബാധിതമായി മാറുന്നത്, അതുമായി സമരസപ്പെട്ടു ജീവിതം തുടരുന്നത് എന്നെല്ലാം ഈ രോഗകാലം പഠിപ്പിക്കുകയാണ്. സമൂഹം നേരിടുന്ന എക്കാലത്തെയും വലിയ പ്രതിസന്ധി രോഗാവസ്ഥകൾ തന്നെയാണ്. അതിനെ നേരിടാനുള്ള കഴിവാണ് പ്രധാനം. "മുള്ളിൻ കാടുകളിലൂടെ കടന്നു പോകുന്നവരാണ് സമർഥർ' എന്ന സെൻ വചനം ഓർമ്മിക്കുക.
ഒപ്പം നമ്മുടെ ചുറ്റുമുള്ളവരുടെ ജീവിതങ്ങളോട് ആകാവുന്നത്ര സഹഭാവം പുലർത്തുവാൻ കിട്ടുന്ന അവസരമായി കാണുവാനും മനുഷ്യർ പരിശീലിക്കുന്നു. സുഖത്തിന്റെ രാജ്യത്തും അസുഖത്തിന്റെ രാജ്യത്തുമായുള്ള ഈ ഇരട്ടജീവിതം നമ്മെ കൂടുതൽ വിവേകികളാക്കുമെന്നാണ് ഞാൻ പ്രത്യാശിക്കുന്നത്. വൃത്തിയുടെയും പരിസര ശുചിത്വത്തിന്റെയും വ്യക്തിശുചിത്വത്തിന്റെയും പ്രാധാന്യം മനുഷ്യസമൂഹം മനസ്സിലാക്കിത്തുടങ്ങുമെന്ന് പ്രത്യാശിക്കാം.

വലിയ ഒരാൾക്കൂട്ടം എപ്പോഴും കൂടെയുണ്ടെന്നു തോന്നിപ്പിക്കുന്നതാണ് എന്റെ ഓൺലൈൻ ജീവിതം. ഒരു നിമിഷം വിരസമായിരിക്കാൻ അനുവദിക്കാത്തത്ര സജീവമാണ് എനിക്കു ചുറ്റുമുള്ള ലോകം. കർക്കശമായ യന്ത്രങ്ങൾക്കുള്ളിൽ ശരീരം നിശ്ചലമായി പോയാലും ജീവിതപ്രണയം നിറഞ്ഞ മനസ്സ് ഒരാളെക്കൊണ്ട് എന്തൊക്കെ ചെയ്യിക്കില്ല? കൊട്ടാരങ്ങൾ പണിയാം, കുട്ടിക്കാലം മുതൽ മുതിർന്നപ്പോൾ വരെ കണ്ട സ്വപ്നങ്ങളെല്ലാം സഫലമാക്കാം.. തന്നിലൂടെയും തനിക്കു ചുറ്റുമുള്ള ജീവിതത്തിലൂടെയും പറന്നു പറന്ന് അനുഭൂതികളുടെ ഒരിക്കലും വറ്റാത്ത സമുദ്രത്തിലേക്ക് സ്വയം എടുത്തെറിയാം. ഇടക്കെപ്പോഴാണ് വേണ്ടതെന്ന് വെച്ചാൽ മരണം വന്നെടുത്തു കൊള്ളട്ടെ.

ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു കൂടാനുള്ള വരുമാനമുണ്ടെന്നുള്ളതുകൊണ്ടാണ് ഇത്രക്ക് എളുപ്പത്തിൽ സമയത്തെ കുറിച്ച് എനിക്ക് പറഞ്ഞു പോകാൻ കഴിഞ്ഞത്. ദിവസക്കൂലിക്കാരും കഷ്ടപ്പെടുന്നവരുമായ ചുറ്റുപാടുമുള്ള സഹജീവികളെ കുറിച്ചോർക്കാനും അവരുമായി മനസ്സും പേഴ്‌സും അടുക്കളയും പങ്കുവെക്കാനും കൂടി കഴിയുമ്പോഴാണ് സമാധാനത്തോടെ എന്റെ സമയം ചെലവഴിക്കാനെനിക്കു സാധിക്കുന്നത്. കെടുതിക്കാലത്ത് ഉള്ളവരും ഇല്ലാത്തവരും കൈകോർക്കുന്നു. സ്വയം ഇല്ലാതായിക്കൊണ്ട് മറ്റു പാത്രങ്ങളിലേക്ക് തന്നെത്തന്നെ പകർന്നതിന്റെ ക്ഷതങ്ങളുള്ള അച്ഛനമ്മമാരെ മക്കളെക്കാൾ സ്‌നേഹത്തോടെ സർക്കാരും അയൽക്കാരും ഓർക്കുന്നു..

അടുക്കളയുടെ സാമ്പത്തികപാഠം രാജ്യത്തിന്റെ സാമ്പത്തികശാസ്ത്രത്തോളം പ്രധാനമാണ് എന്ന് നമ്മൾ തിരിച്ചറിയുന്ന കാലവും ഇതുതന്നെ.
"സമ്പത്തുകാലത്ത് തിന്നുമുടിച്ചാൽ ആപത്തുകാലത്ത് കുത്തിയിരിക്കാം'എന്ന് പറഞ്ഞുകൊണ്ട് പതിവ് അരിയിൽ നിന്ന് ഒരുപിടി നാളേക്കുമാറ്റുന്ന ഒരമ്മയെ ഇപ്പോൾ ഓർമ വരുന്നു. തന്നെത്തന്നെ തീറ്റകൊടുക്കുന്ന ഈ സാമ്പത്തിക അച്ചടക്കം അവർ തലമുറകളായി ശീലിച്ചു പോന്നതാണ്. വെറുതെയല്ല ബഷീർ, "പാത്തുമ്മയുടെ ആട്' എന്ന നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നുകൂടി പേരിട്ടത്. സ്ത്രീകളുടെ സാമർത്ഥ്യത്തിലാണ് പാത്തുമ്മയുടെ വീട് നിലനിൽക്കുന്നത്. ബഷീർ ഭാഷ കൊണ്ട് ഒരു വീടുണ്ടാക്കുകയായിരുന്നു. എട്ടും പത്തും കുട്ടികളെ ഭക്ഷണം കൊടുത്ത് വളർത്തി വലുതാക്കുന്ന സ്ത്രീ ഒരുലക്ഷം പൗണ്ട് സമ്പാദിക്കുന്ന വക്കീലിനോളം തന്നെ മൂല്യമുള്ളവളാണ് എന്ന് വെർജീനിയ വൂൾഫ് പറഞ്ഞത് കോവിഡ് കാലം നമ്മെ ഓർമ്മിപ്പിക്കുന്നു. ചുരുങ്ങിയ വരുമാനം കൊണ്ട് രണ്ടറ്റം കൂട്ടിമുട്ടിക്കുന്ന ഈ പ്രക്രിയ ദുഷ്‌കരമാണ്.

ചക്കയും മാങ്ങയും ചീരയും ചക്കക്കുരുവും പണ്ടില്ലാത്ത വിധം നഗരങ്ങളിലെ വീടുകളുടെ പോലും മതിലുകൾക്കപ്പുറവുമിപ്പുറവും നിന്ന് കൈമാറ്റം ചെയ്യപ്പെട്ടു. ചക്ക കൊടുത്തു ചീര വാങ്ങുക എന്ന ബാർട്ടർ സമ്പ്രദായം വളരെ ആഹ്ലാദകരമായ ഒരു അനുഭവമായി. ഹോട്ടൽ ഭക്ഷണവും കേറ്ററിങും ഇല്ലാതെയും മനുഷ്യർ ജീവിച്ചു തുടങ്ങി. "അടുത്ത കൊല്ലം ശരിക്കും ചക്ക തന്നില്ലെങ്കിൽ നിന്നെ ഞാൻ ശരിപ്പെടുത്തുമെന്ന് കടപ്ലാവിനോട് പറയുന്ന അന്നംകുട്ടിയമ്മയെ ഈ സമയത്ത് ഞാനോർക്കുന്നു. അവർ കവി കുഴൂർ വിൽസന്റെ അമ്മയാണ്. അമ്മയെ കാണാതായാൽ കരയുന്ന പശുവുണ്ടായിരുന്നു ആ വീട്ടിൽ. വിരുന്നുകാർ കൂടുതലുള്ള ദിവസങ്ങളിൽ അവർ കൂടുതൽ പാൽ ചോദിച്ചുവാങ്ങും. എടീ തള്ളപ്പിടേ ഇത്തവണ കൂടുതൽ മുട്ട തരണേ എന്നവർ പറയും. വിത്സൺ "അന്നക്കുട്ടിയുടെ തിരുമുറിവുകൾ' എന്ന കുറിപ്പിൽ പണ്ടെഴുതിയത് ഇന്ന് വളരെ പ്രസക്തതമാവുകയാണ്. ഏറെ പാടുപെട്ട് നമ്മൾ സ്വന്തം പരിസരങ്ങളിൽ നിന്ന് ജീവിതം മെനഞ്ഞെടുക്കേണ്ടിയിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തലാണത്. അടുക്കള അപകടകരമായി ആഘോഷവത്കരിക്കപ്പെടേണ്ട ഒരിടമല്ലെന്നും അത്യാവശ്യം ജീവൻ നിലനിർത്താനുള്ള ഭക്ഷണം പാകം ചെയ്യാനുള്ള ഇടം മാത്രമാണെന്നും കൂടി ഈ കാലം നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ട്.

പാഴായിപ്പോയ സ്വന്തം ബുദ്ധികളെ മനുഷ്യർ വീണ്ടെടുത്തു തുടങ്ങുന്നതായി ചുറ്റുപാടുമുള്ള കാഴ്ചകൾ പറയുന്നു. പത്തു രൂപയുടെ നോട്ട് പാത്തുമ്മായുടെ ആടിന് വച്ച് നീട്ടിയിട്ട് , "അതും തിന്നട്ടെ. പ്രസവിച്ചിട്ട് ഒന്ന് രണ്ടു ദിവസമായി' എന്ന് കാരുണ്യം പഠിപ്പിച്ച ബഷീറിനെ ഞാൻ കോവിഡ് കാലത്ത് വീണ്ടും വായിക്കുന്നത്, അതിലേറെ കാരുണ്യത്തോടെ ജന്തുകുലത്തെ നോക്കാനറിയില്ല എന്നതുകൊണ്ടാണ്.|

ഈ ലോക്ഡൗൺ കാലത്ത് വീട്ടിലിരിക്കുമ്പോൾ എഴുത്തെനിക്കു കൊണ്ടുവന്നു തന്ന ഭാഗ്യങ്ങളെക്കുറിച്ചാണ് ഞാനാലോചിക്കുന്നത്. ഇന്ന് വീടെനിക്കൊരു ഭാരമേയല്ല. കാരണം ശരീരം കൊണ്ടു മാത്രമല്ല നമ്മൾ വീടിനകത്തോ പുറത്തോ ആകുന്നത് എന്ന വലുതായ തിരിച്ചറിവുണ്ട് ഇന്ന്. പുറത്തു ജോലിക്കു പോയിരുന്നപ്പോൾ പോലും വെറും അകത്തമ്മയോ വീട്ടമ്മയോ മാത്രമായിരുന്ന ആ ഉപയോഗശൂന്യയെ ഞാൻ എന്റെ 40-ാം വയസ്സിൽ കൊന്നു കളഞ്ഞിരുന്നുവല്ലോ. ജീവിച്ചിരിക്കുവാൻ വേണ്ടി തിരഞ്ഞെടുത്ത ചില അടവുകളും തന്ത്രങ്ങളുമാണ് പിന്നീടിങ്ങോട്ടുള്ളത്. എഴുത്ത് അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു തന്ത്രം മാത്രം. എനിക്കു വേണ്ടി, എന്നെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം ഞാൻ കണ്ടെത്തിയ ഒരടവ്. ഇന്ന് ആരൊക്കെ എന്റെ ചുറ്റിലും ഉണ്ടായാലും ആരുമില്ലെങ്കിലും അതെന്നെ ഒരു തരത്തിലും ബാധിക്കുന്നില്ല. ഒരു വ്യക്തിക്ക് അയാളായിരിക്കാൻ ഏതെങ്കിലും തരത്തിലുള്ള അധികാരങ്ങളുണ്ടായിരിക്കണം. ആ അധികാരം ആർജ്ജിച്ചെടുക്കൽ ഒരു പെണ്ണിനെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും വലിയ ടാസ്‌കാണ്. ആ ടാസ്‌കിൽ വിജയിച്ചവളെന്ന അഭിമാനമാണെനിക്കുള്ളത്. പഴയ എന്നെ, എന്റെ സുഹൃത്തുക്കളോ ബന്ധുക്കളോ, മക്കളോ ഭർത്താവോ ഓർക്കുന്നുണ്ടാകാം. മുജ്ജന്മവിശ്വാസം ഇല്ലാത്തതു കൊണ്ട് പഴയ ഞാൻ എന്നിൽ അവശേഷിക്കുന്നതേയില്ല. ഞാനവളെ ഓർക്കാറേയില്ല. ചാടിക്കടന്ന വേലികളിൽ ഒന്നെന്ന് കോവിഡിനെയും ഓർമ്മിക്കാൻ കഴിയുമെന്നെനിക്കുറപ്പുണ്ട്. എനിക്ക് ചുറ്റുമുള്ളവരിലേക്ക് ആ ധൈര്യം പകരാനുള്ള ഊർജ്ജമാണ് ഞാൻ സംരക്ഷിക്കുന്നത്.

ഒരു പനിയോ ചുമയോ വന്നാൽ എന്റെ സ്വകാര്യത, ഞാൻ പോയ വഴികൾ എല്ലാം പരസ്യപ്പെടുത്തേണ്ടി വരുമോ എന്നുള്ള ഭയമാണ് സത്യത്തിൽ രോഗത്തേക്കാൾ എന്നെ ഭയപ്പെടുത്തുന്നത്. മനുഷ്യന് എന്തെല്ലാം രഹസ്യങ്ങൾ ആവശ്യമാണ്. ആനന്ദമാർഗ്ഗങ്ങളെല്ലാം അടഞ്ഞിട്ടൊരു ജീവിതം ദുസ്സഹമാണ്. ആരോടും പറയാതെ ഞാനെവിടെയെല്ലാം കറങ്ങി നടന്നിരുന്നു.

ലൈബ്രറിയിലേക്ക് എന്നു പറഞ്ഞ് കടൽത്തീരത്തേക്കും കോളേജിലേക്ക് എന്ന മട്ടിൽ കൂട്ടുകാരിയുടെ വീട്ടിലേക്കും കാമുകനെ കാണാനും പോയിരുന്ന എന്നെ, റൂട്ട് മാപ് എന്ന വാക്ക് ഭയപ്പെടുത്തി. കെട്ടിപ്പിടിക്കലും ചുംബനങ്ങളുമില്ലാതെ യൗവ്വനങ്ങൾ അനുഭവിക്കുന്ന തിക്കുമുട്ടലുകളും എന്നോളം മനസ്സിലാകുന്നവരാരുണ്ട്? ഹസ്തദാനത്തേക്കാൾ കൈ കൂപ്പലിനേക്കാൾ എത്ര ഊഷ്മളവും ആവേശകരവുമാണ് ആലിംഗനം ചെയ്യൽ. ഒരു സുഹൃത്തിനെ എന്നാണിനി ആലിംഗനം ചെയ്ത് സ്വീകരിക്കാനാവുക?. അതെല്ലാം നഷ്ടമാകുകയാണോ?

യാത്രകൾ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഞാൻ കഴിഞ്ഞ മാർച്ച് 22 നു ശേഷം ഒരിടത്തേക്കും പോയിട്ടില്ല. ലോകത്തെല്ലായിടത്തും എല്ലാവരും വീട്ടിലടച്ചിരിക്കുന്നുവെന്നത് ഒരായുസ്സിലെ ഒരാളുടെ പുതിയ അനുഭവം തന്നെയാണ് സംശയമില്ല. തിരുവനന്തപുരം ആര്യ നിവാസിലെ പൂരി മസാലയും തൃശ്ശൂർ ഭാരത് ഹോട്ടലിലെ ബട്ടർ റോസ്റ്റും കോഴിക്കോട് അളകാപുരിയിലെ പുട്ടും കടലക്കറിയും എറണാകുളം ബി ടി എച്ചിലെ വെള്ളയപ്പവും കുറുമയും കൂടി ഓർമ്മിച്ചു കൊണ്ടേ ഈ കുറിപ്പ് പൂർണ്ണമാകൂ.

നമ്മളിലേക്കു നടക്കാൻ കിട്ടിയ ഒരവസരമായാണ് ഞാൻ കോവിഡ് കാല അകത്തിരിപ്പിനെ കാണുന്നത്. നക്ഷത്രലോകങ്ങൾ സഞ്ചരിച്ചു തീർത്ത ആൽബെർട്ട് ഐൻസ്റ്റൈന് തന്റെ ജീവിതം പാഴായിരുന്നുവെന്ന് അന്ത്യനാളുകളിൽ തോന്നിയിരുന്നു. "അതിവിദൂരങ്ങളിൽ ഉള്ള നക്ഷത്രങ്ങളിലേക്കു നടന്ന ഞാൻ എന്നിലേക്ക് നടക്കാൻ മറന്നു പോയി, ഞാൻ തന്നെയായിരുന്നു ഏറ്റവും അരികിലെ നക്ഷത്രം' എന്ന് അവസാനകാലത്ത് അദ്ദേഹം തിരിച്ചറിഞ്ഞു.'


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments