സുഗതകുമാരി / ഫോട്ടോ : പ്രസൂൺ കിരൺ

ഞാനൊരു കൂനനുറുമ്പായ് ചുമടുചുമന്നു കുനിഞ്ഞിഴയുന്നൂ

സംഘപരിവാറിന്റെയും സവർണ്ണഹൈന്ദവികതയുടെയും പ്രതിലോമചിഹ്നങ്ങളോട് കലഹിക്കാത്ത സുഗതകുമാരിയോട് ഞാൻ വിയോജിക്കുന്നു. അതേ സമയം കല്ലേറുകളെ അതിജീവിച്ച്​ അവർ നടത്തിയ ആശയസമരങ്ങൾ ചരിത്രപരമായ ഒരു യാഥാർഥ്യമാണ്. അവയുടെ മുന്നിൽ ശിരസ്സു നമിക്കുന്നു.

വിതാമയമായിരുന്ന ഒരു കൗമാരകാലം ഞനോർക്കുകയാണ്. സാഹിത്യാധ്യാപകർ മാത്രമല്ല, ഹെഡ്മാസ്റ്ററും ഡ്രിൽ മാഷും വരെ കവിത ചൊല്ലിപ്പഠിപ്പിക്കാൻ കിട്ടുന്ന അവസരങ്ങളിൽ ക്ലാസ്സിൽ വന്നു. സ്വയം ആസ്വദിച്ചും മതിമറന്നും അവർ കവിത ചൊല്ലുമായിരുന്നു. ചങ്ങമ്പുഴയുടെ മഞ്ഞത്തെച്ചിപ്പൂങ്കുലപോലെ മഞ്ജിമ വിടരും പുലർ കാലേ എന്ന കവിതയുടെ ഈണത്തിൽ പാടാൻ കഴിയുമെന്ന മുഖവുരയോടെ ഒരുച്ചക്ക് ഹെഡ്മാസ്റ്റർ കാളിയമർദ്ദനമെന്ന കവിത ക്ലാസ്സിൽ ചൊല്ലി. 1959 ൽ സുഗതകുമാരി എഴുതിയ ആ കവിത അങ്ങനെ ഞാൻ ആദ്യമായി 1973ൽ കേൾക്കുകയാണ്.

എന്നിടത്തെത്തിയപ്പോഴേക്കും ക്ലാസ്സ് ആവേശഭരിതമായി.

ഈ പദപ്രവാഹത്തിൽ, ഈ താളമേളത്തിൽ മുഴുകിയതു മുതലാണ് സുഗതകുമാരി എന്ന കവി ഒരു ഭ്രമമായി എന്നിൽ ആവേശിച്ചു തുടങ്ങിയത്. സുലളിതപദവിന്യാസാ രുചിരാലങ്കാരശാലിനീ എന്നൊന്നും അന്നു പറയാൻ അറിയില്ലെങ്കിലും ഇന്നറിയുന്നു ആ കവിത കേട്ട് ഞാനുഭവിച്ച ആ അമ്പരപ്പിനെ അങ്ങനെ വിശേഷിപ്പിക്കാമെന്ന്. അക്കാലമാകുമ്പോഴേക്ക് സുഗതകുമാരി എഴുതിക്കഴിഞ്ഞിരുന്ന കവിതകളുടെ ശീർഷകങ്ങൾക്കു പോലും ഇത്തരത്തിൽ ഒരു പദതാളമേളനം ഉണ്ടായിരുന്നു. ഒരു കൗമാരക്കാരിപ്പെൺകുട്ടിയുടെ തരളഭാവങ്ങൾക്ക് അവളുടെ ചാഞ്ചല്ല്യങ്ങൾക്ക് ഒക്കെ ഇണങ്ങുന്നവയായിരുന്നു അവയിലെ ആത്മാലാപന സ്വഭാവം. അത് പൊതുവേ സൗമ്യവും തരളവും വിഹ്വലവുമാണ്. പ്രകൃതിയുടെ പച്ചപ്പുകളിൽ മുഗ്ധയാവുകയും അവിടെ സ്വയം സമർപ്പിക്കുകയും ചെയ്യുന്ന ശൈലി. വഴിയിൽകാണുന്ന പുല്ലിനോടും പറവയോടും കല്ലിനോടും പാടാൻ തോന്നിപ്പിക്കുന്ന വരികൾ. ഊർജ്ജിതവും ആഹ്ലാദഭരിതവും അതിലംഘന സ്വഭാവമുള്ളതുമായ ഭാഷ. വിവിധങ്ങളായ വൃത്തപരീക്ഷണങ്ങൾ. പ്രകൃതിയുടെ രസനീയത, ഇന്ദ്രിയാധീനത, നിറം തെളിച്ചം ഇതെല്ലാം മതിയായിരുന്നു അന്നെനിക്ക് കവിതയിൽ. അതെല്ലാം ധാരാളമായി ആ കവിതകൾ അനുഭവിപ്പിച്ചുതന്നു. മുത്തുച്ചിപ്പി, സ്വപ്നഭൂമി, പാതിരാപ്പൂക്കൾ, ഇരുൾച്ചിറകുകൾ, നിലാവിന്റെ ലഹരി, നിലാവിനു മണമുണ്ട് തുടങ്ങിയ ശീർഷകങ്ങളിൽ നിന്നുതന്നെയറിഞ്ഞു തുടങ്ങുമായിരുന്ന ഒരു കാവ്യലഹരി.

1981 നവംബർ ഒന്നിലെ കേരളപ്പിറവി ദിനത്തിൽ സുഗതകുമാരിയെ നേരിൽ കണ്ടു. വെളുത്ത കോട്ടൺസാരി അലസമായി തോൾ വഴി വലിച്ചിട്ട് കോട്ടയം സി.എം.എസ് കോളേജ് ഓഡിറ്റോറിയത്തിലെ സ്റ്റേജിൽ നിറഞ്ഞ സദസ്സിനു മുന്നിൽ മഷി പടർന്ന കണ്ണുകളടച്ചു നിന്ന് കവി പാടുകയാണ്.

സ്റ്റേജിൽ അക്കാലത്തെ പ്രശസ്തകവികളുടെ ഒരു നിര തന്നെയുണ്ട്. അയ്യപ്പപ്പണിക്കരും കടമ്മനിട്ടയും ചെറുപ്പക്കാരനായ ബാലചന്ദ്രൻ ചുള്ളിക്കാടുമുണ്ട്. സുഗതകുമാരിയുടെ കവിത ചൊല്ലലിൽ കാംപസ് മുഴുകിയൊഴുകി എന്നു തന്നെ പറയാം.

എന്ന ചോദ്യത്തിലെ ആദ്യസംശയവും അതുകഴിഞ്ഞുള്ള തിരിച്ചറിവിലെ അമ്പരപ്പും ആ ചിഹ്നങ്ങൾ ദ്യോതിപ്പിക്കുന്ന അതേ ഭാവമുൾക്കൊണ്ടു കവി പാടി എത്തിക്കുമ്പോഴേക്കും ഹാളിനു പുറത്തെ വരാന്തയിലെ തൂണിൽ ചാരി നിന്നിരുന്ന ഞാൻ പൂർണ്ണമായും തളർന്നിരുന്നു. ഒരു പ്രണയം പറയാനാകാതെ ഉള്ളിൽ വീർപ്പുമുട്ടിനിന്നിരുന്ന അക്കാലത്ത് ഈ കവിത എന്നിലുണ്ടാക്കിയ വൈവശ്യം ഈ വെളുപ്പാൻ കാലത്ത് അതേക്കുറിച്ചെഴുതുമ്പോഴും എന്റെ വിരലുകളെ ബാധിക്കുന്നുണ്ട്. അന്നുമുതൽ സ്‌നേഹസൗന്ദര്യങ്ങളുടെ കേവലീകൃതരൂപമായ ഈ ഗോപിക എന്റെയുള്ളിലും പ്രതിഷ്ഠിതയായി. എന്റെ ജന്മവും തീരാത്ത തേടലായി. അന്നത്തെ അതേ പാരവശ്യത്തോടെ അലയുന്ന നിത്യാന്വേഷിയായ ഒരു പ്രണയിനി ഉളളിലിങ്ങനെ പാടിയാശ്വസിക്കുന്നുണ്ട്.

ആഴത്തിലുള്ള മിസ്റ്റിക് പ്രണയങ്ങളാണ് സുഗതകുമാരിയുടെ കവിതകളിലുള്ളത്. ജി. ശങ്കരക്കുറുപ്പിനെപ്പോലും അതിവർത്തിക്കുന്ന മിസ്റ്റിക് അനുഭൂതി അവരുടെ പല കവിതകളിലും സാന്ദ്രമായി. ഒരേ സമയം അത് കാൽപനികവും യോഗാത്മകവുമായി.

പ്രകൃതിയിലെ ലയനവും അവിടെക്കണ്ടെത്തുന്ന ഈശ്വരസാക്ഷാത്കാരവും സൃഷ്ടിയുടെ സാക്ഷാത്കാരത്തിലുള്ള വിനമ്രതാഭാവവും പാതിരാപ്പൂക്കൾ എന്ന സമാഹാരത്തിലെ കവിതകളിലാണ് ഏറ്റവുമധികം കാണാനാവുക.

ആത്മീയതയെല്ലാം മതാത്മകം മാത്രമാകുന്ന ഈ കാലത്തു തന്നെയാണ് ഈ കവിതകളിലെ ആത്മീയത വായിക്കപ്പെടേണ്ടത്. സുഗതകുമാരിയുടെ കവിതകളിലെ ആത്മീയത പ്രണയമാണ്. ആത്മരതിയാണ്. ഉന്മാദമാണ്. മനോഹരമായി ഉള്ളിലേക്കു പ്രവഹിക്കന്ന എന്തും ആത്മീയതയാണെങ്കിൽ അവരുടെ ആദ്യകാല കവിതകളെല്ലാം ആത്മീയകവിതകളാണന്നു പറയാൻ കഴിയും.

കവിത ഒരു പ്രചാരണോപാധി കൂടിയാകുന്ന രണ്ടാം ഘട്ടത്തിൽ അവ കൂടുതൽ രാഷ്ട്രീയബദ്ധമാകുന്നതായിക്കാണാം. സ്‌ത്രൈണതയിൽ നിന്ന് സ്ത്രീവാദത്തിലേക്കു കടക്കുന്ന ഈ ഘട്ടത്തിൽ കവിതയുടെ ശീർഷകവും ഉള്ളടക്കവും കുറച്ചു കൂടി ഭൗതികശക്തിയാർജ്ജിക്കുന്നു. ഞാനും എന്നോടു തന്നെ അകത്താര്, പുറത്താര് എന്നു ചോദിക്കുവാൻ മാത്രം മുതിർന്നു കഴിഞ്ഞിരുന്നു അപ്പോഴേക്കും. അതുകൊണ്ട് ഒരു സ്ത്രീയെന്ന നിലയിലുള്ള എന്റെ വളർച്ചയും ആ കവിതകൾക്കൊപ്പമായിരുന്നു എന്ന് പറയുവാൻ കഴിയും. അകത്താര്?. പെൺകുഞ്ഞ്-90, ആഗ്നേയം, സാരെ ജഹാം സേ അച്ഛാ, കൊല്ലേണ്ടതെങ്ങനെ? കൃത്യമായ സ്ത്രീരാഷ്ട്രീയം സംസാരിച്ചു തുടങ്ങുകയാണ് കവിതക്കൊപ്പം സഞ്ചരിക്കുന്നവരും.

അകത്താരെന്ന് നിശ്ചയിക്കാനാകാതെ കുഴങ്ങുകയും തന്നെത്തന്നെ വീണ്ടെടുക്കുകയും ചെയ്യുന്ന സ്ത്രീയുടെ കുതറലുകളെയാണ് ഈ ഘട്ടത്തിൽ കവിത ആവിഷ്‌കരിക്കുന്നത്. എലൈൻ ഷോവാൾട്ടർ എന്ന ഫെമിനിസ്റ്റ് സൈദ്ധാന്തിക കണ്ടെത്തുന്ന പെണ്ണെഴുത്തിന്റെ രണ്ടാം ഘട്ടമായ സ്ത്രീവാദഘട്ടമെന്ന് പറയാം. കൃത്യമായ ഒരു വേർതിരിവ് സാദ്ധ്യമല്ലെങ്കിലും തന്നെ പുറത്തുനിന്ന് വിളിക്കുന്ന ഒരു ശക്തിയെ കവിതയിൽ തിരിച്ചറിയുവാൻ കഴിയുന്നുണ്ട്. പാരിസ്ഥിതികമായ പ്രശ്‌നങ്ങളോടുള്ള കവിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ഈ ഘട്ടത്തിലെ കവിതകളെ കൂടുതൽ രാഷ്ട്രീയബദ്ധമാക്കുന്നുണ്ട്. സുഗതകുമാരിയെ അവഗണിച്ചു കൊണ്ട് ഭരണകൂടങ്ങൾക്ക് മുന്നോട്ടു പോകാനാവില്ലെന്ന തരത്തിൽ കവിയും കവിതയും പ്രവർത്തനങ്ങളാവുകയാണ്. സുഗതകുമാരി പലർക്കും പ്രശ്‌നമായിത്തുടങ്ങി.

ആക്ടിവിസം കവിയെ വിഴുങ്ങിയെന്നും ആദ്യകാലകവിതകളിൽ മാത്രമാണ് സൗന്ദര്യമുള്ളതെന്നും ശുദ്ധസൗന്ദര്യവാദികൾ പരിഭവിച്ചു. ഒട്ടകത്തിനിടം കൊടുത്ത അറബിയുടേതെന്ന പോലെ സുഗതകുമാരിയുടെ കവിതയെ ആക്ടിവിസം വിഴുങ്ങിയെന്ന ആക്ഷേപമുണ്ടായി. കാരണം ഇവിടെ മുതൽ ഭാഷക്ക് കൂടുതൽ തീവ്രതയും കൃത്യതയും കൈവരുകയാണ്. അത് സുഗമമായും അലസമായും നടന്നുപോകുന്ന പലരുടെയും മുന്നിൽ വിഘാതങ്ങൾ ഉണ്ടാക്കിക്കൊണ്ടിരുന്നു. സുദതകുമാരിയുടെ പാരിസ്ഥിതികപ്രജ്ഞയും കരുണയും താക്കീതുകളും കരുതലും വികസനങ്ങൾക്കു വിലങ്ങുതടിയാകുന്നു എന്ന് ഭരണാധികാരസഭകൾ അസ്വസ്ഥമായി. മരക്കവികൾ എന്ന് അവർക്കൊപ്പമുണ്ടായിരുന്ന കവികൾ ആക്ഷേപിക്കപ്പെട്ടു. അറബിക്കടലിൽ മഴപെയ്യുന്നത് മരമുണ്ടായിട്ടാണോ എന്ന് പരിഹാസചോദ്യങ്ങളുണ്ടായി. സിംഹവാലൻകുരങ്ങോ മനുഷ്യനോ നിങ്ങൾക്ക് വലുത് എന്ന് ശുദ്ധപരിസ്ഥിതിവാദികളും വികസനവാദികളും രണ്ടുതട്ടിലായി. സുഗതകുമാരിയുടെ കവിതകൾ ഇവിടെ മുതൽ മാറുകയാണ്.

കാവു തീണ്ടല്ലേ എന്ന കവിതക്ക് ആമുഖമായി കവി ഇങ്ങനെയെഴുതി: ‘അന്നു വരെയുണ്ടായിരുന്ന ഞങ്ങളല്ല, ഈ കാലഘട്ടത്തിന്റെ ചൂടിലൂടെ കടന്ന് ഇപ്പുറത്തെത്തിയ ഞങ്ങൾ. ഞങ്ങൾ മനസ്സു കൊണ്ട് ഭൂമിയെ പുണരുന്നവരായി'. ഭൂമിയും സ്ത്രീയും നേരിടുന്ന സമാനാനുഭവങ്ങൾക്കു നേരെയുള്ള അതിശക്തമായ പ്രതികരണങ്ങളാവുകയാണ് കവിത. എൺപതുകൾക്കുള്ളിലാണ് സുഗതകുമാരിയുടെ കൃഷ്ണകവിതകൾ ഏറെയും എഴുതപ്പെട്ടത്. അവയിൽത്തന്നെ പ്രധാനപ്പെട്ട കവിതകൾ 60-70 കാലഘട്ടത്തിലുണ്ടായവയാണ്. എൺപതുകൾക്കു ശേഷമുള്ള മിക്കവാറും കവിതകളിൽ സ്വഭാവം മറ്റൊന്നാണ്. ഉള്ളിലുള്ള പരിഭ്രാന്തയായ ആ പഴയ പെൺകിടാവിനെ ആഭിചാരകർമ്മങ്ങളിലൂടെ ഒഴിപ്പിക്കുന്നുണ്ട്.

(ബാധയൊഴിക്കൽ) എന്ന് സ്വയം നിർദ്ദയമാകുന്നുണ്ട്.

തനിക്കു തന്നെ നിത്യശല്യമായി മാറിയ മുഗ്ദ്ധഭാവങ്ങളെ എന്നേക്കുമായി ഒഴിപ്പിച്ചു കളയുകയാണ്. ആഴമായ വിഷാദഭാവത്തിന്റെ ശാന്തത സ്ഥായിയായിരുന്ന കവിയുടെ മുഖവും ഇടപെടലുകളും കൂടുതൽ കർക്കശമായിത്തുടങ്ങി. യൗവ്വനത്തിന്റെ നിറം കാട്ടിലെ തളിരിന്റെയും പൂവിന്റെയും മുളംതണ്ടിന്റെയും പീലിയുടെയും ആയിരുന്നുവെങ്കിൽ അവിടെ പൂജാവിധി അശ്രുവും സ്വപ്നവും പ്രേമവും പൂക്കളും. മദ്ധ്യവയസ്സിന് പുകയുടെയും തീയുടെയും നിറം. കരിനാഗത്തിന്റെ വിഷം. ഉച്ചപോലെ ചുട്ടുപൊള്ളുന്ന കാലത്തിന്നധിദേവത മഹാരുദ്രൻ. അമ്പിളിക്കലയിലും പാമ്പിനെച്ചൂടുന്ന മഹാരുദ്രൻ. മൂന്നാം കാലത്തിൽ ധ്യാനബുദ്ധനാണത്രേ ദേവത. പക്ഷേ കവി ശാരീരികാസ്വസ്ഥതകൾക്കിടയിലും കലഹിച്ചു. ആരോപണങ്ങളും ആക്ഷേപങ്ങളും നേരിട്ടപ്പോൾ ക്ഷുഭിതയും മറ്റു ചിലപ്പോൾ ദുഃഖിതയുമായി. പാവം മാനവഹൃദയമെഴുതിയ കാലത്തു നിന്നും സുഗതകുമാരിയുടെ കവിതയുടെ പരിസ്ഥിതി ഒരുപാട് മാറിക്കഴിഞ്ഞു. ഒരു താരകയെക്കാണുമ്പോൾ രാവു മറക്കരുതെന്നും പുതുമഴ കാൺകെ വരൾച്ച മറക്കരുതെന്നും പാഴ്ചിരി കാൺകെ മൃതിയെ മറന്നു സുഖിച്ചേ പേകരുതെന്നും അത് ജാഗ്രതപ്പെടുത്തിക്കൊണ്ടിരുന്നു.

അവസാനകാലത്ത് സുഗതകുമാരി കൈക്കൊണ്ട ചില രാഷ്ട്രീയനിലപാടുകളുടെ പേരിൽ അവരോടു വിയോജിക്കാം. അവരെ വിമർശിക്കാം. പക്ഷേ അവരെ തള്ളിക്കളയണമെങ്കിൽ, അവരെ കണക്കില്ലാതെ നോവിക്കണമെങ്കിൽ അതിന് ഒരു ചരിത്രത്തെ അപ്പാടെ തള്ളിക്കളയാനുള്ള അജ്ഞതയും അഹങ്കാരവും ഉണ്ടായിരിക്കണം. കാരണം സുഗതകുമാരി ഒരു കവി മാത്രമായിരുന്നില്ല. സുഗതകുമാരി വെറുമൊരു നായർസ്ത്രീ മാത്രവുമായിരുന്നില്ല. അവരെ, ആ കാവ്യഭാവനയെ സ്‌നേഹിച്ചവരൊക്കെ സവർണ്ണതയെ, അല്ലെങ്കിൽ സംഘപരിവാറിനെ പിൻപറ്റുന്നവരാണ് എന്ന് കാടടച്ച് ആക്ഷേപിക്കുമ്പോൾ ഫാസിസം ഏതെല്ലാം തരത്തിൽ നമ്മുടെ കണ്ണുകളെ കാലഹരണപ്പെട്ടതാക്കി കളയുന്നുവെന്ന് ഭയപ്പെടുന്നുണ്ട്. ജനാധിപത്യത്തിനോ മാനവികതാബോധത്തിനോ ഇതൊന്നും അഭിമാനകരമല്ല. സമൂഹത്തിന് ആത്മബോധവും ആന്തരികശക്തിയും ക്ഷയിച്ചുവരുന്നത് ഒരൊറ്റ രോഗം കൊണ്ടു മാത്രമല്ല. സുഗതകുമാരിയോട് വിയോജിക്കുമ്പോൾ തന്നെ കഠിനമായ അവരുടെ കാവ്യസപര്യയെ, സ്വയം പൊള്ളലേറ്റു വാങ്ങിക്കൊണ്ട് അവർ നടത്തിയ സന്ധിയില്ലാത്ത സമരങ്ങളെ ഒന്നും മറന്നു പോകാൻ പാടില്ലാത്തതാണ്. ഏതു സംവാദവും ജനാധിപത്യപരമാകാം.

സുഗതകുമാരി തന്റെ ചിന്തകളെ മാറിയ സാമൂഹികാവസ്ഥകൾക്കനുസൃതമായി നവീകരിക്കുകയോ ക്രമീകരിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന ചിന്തയും ചർച്ചയും നടക്കേണ്ടത് ആവശ്യമാണ്. അത് പക്ഷേ അവരുടെ പൂർവ്വകാലപ്രവർത്തനങ്ങളെയും വരണ്ട കാലങ്ങളിൽ അവരുണ്ടാക്കിയ മാനവികതയുടെ തുരുത്തുകളെയും മുഴുവൻ റദ്ദു ചെയ്തുകൊണ്ടാകരുത് എന്നു മാത്രം. ഏതൊക്കെയോ അർഥത്തിൽ സാമൂഹ്യവ്യവസ്ഥയുടെ മുരടിപ്പുകൾക്ക് ബദലുകൾ ഉണ്ടാക്കുവാനുള്ള ഊർജ്ജം പകരുവാനും സാന്ത്വനവും കരുത്തും നൽകാനും തന്റെ ചിന്തകൊണ്ടും ഭാഷ കൊണ്ടും ശരീരം കൊണ്ടും ശ്രമിച്ച ഒരാൾ അർഹിക്കുന്ന ഒരു ആദരവുണ്ട്. അതവർക്ക് ലഭിക്കേണ്ടതുണ്ട്. സംഘപരിവാറിന്റെയും സവർണ്ണഹൈന്ദവികതയുടെയും പ്രതിലോമചിഹ്നങ്ങളോട് കലഹിക്കാത്ത സുഗതകുമാരിയോട് ഞാൻ വിയോജിക്കുന്നു. അതേ സമയം കല്ലേറുകളെ അതിജീവിച്ചു കൊണ്ട് അവർ നടത്തിയ ആശയസമരങ്ങൾ ചരിത്രപരമായ ഒരു യാഥാർഥ്യമാണ്. അവയുടെ മുന്നിൽ ശിരസ്സു നമിക്കുന്നു.
പ്രകൃതിയോടുള്ള അഭിരതിയിൽ തുടങ്ങുകയും അനുപാതരഹിതമായ ഇടപെടലുകളോടുള്ള കലഹത്തിൽ വികസിക്കുകയും മാനവകതക്കു നേരേയുള്ള എല്ലാ കയ്യേറ്റങ്ങളോടുമുള്ള പ്രതിഷേധമായി പരിണമിക്കുകയും ചെയ്യുന്ന ഒരു വളർച്ച സുഗതകുമാരിയുടെ കവിതകളിൽ കാണുന്നുണ്ട്. ഇരയാക്കപ്പെടുന്നവരുടെ വേദനകളെ നേരിടുന്നതിനു കെൽപ്പുള്ള കവിതകളാണവ.

​▮


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments