ടി.​ വി. കൊച്ചുബാവ.

അപരലോകത്തുനിന്ന്​ നാളെയിലേക്ക്​
​ചൂണ്ടുവിരൽ നീട്ടുന്ന ടി.​വി.കൊച്ചുബാവ

ഭാവിയുമായി എങ്ങനെ ഒരു മികച്ച സംവേദനം സാധ്യമാകാം എന്നതിന് മലയാളത്തിൽ നിന്ന് എനിക്കു കണ്ടെത്താനാകുന്ന നല്ല മാതൃകകളിൽ ഒന്ന് ടി.വി. കൊച്ചുബാവയാണ്. കൂടെ നടക്കുന്നവരോടല്ല, പിന്നാലെ വരുന്നവരോടാണ് ആ കഥകൾ സംസാരിക്കുന്നത്.

മികച്ച ഒരു കഥ പറയുന്നത് എളുപ്പമല്ലാത്തതു പോലെ തന്നെ, മികച്ച ഒരു ചെറുകഥയെ കുറിച്ചു പറയുന്നതും എളുപ്പമല്ല. കഥകളിൽ ചില മാന്ത്രികതകളും ചില സൂത്രവാക്യങ്ങളുമുണ്ട്. അതിന്റെ താക്കോൽ ഭാഷയുടെ കൈയടക്കം വശമാക്കിയ കഥാകൃത്തിന്റെ കയ്യിലാണിരിക്കുന്നത്. അതിനാൽ കഥയിലെ നിഗൂഢതകളെ കുറിച്ചു പറയാൻ തുടങ്ങുന്ന ഒരാൾക്ക് ചെയ്യാൻ കഴിയുന്നതിന് പരിമിതികളുണ്ട്. പ്രേരിപ്പിച്ചു പ്രേരിപ്പിച്ച് പരമാവധി ആ കഥയിലേക്ക് നയിക്കാൻ കഴിഞ്ഞേക്കും. കഥയുടെ വാതിൽക്കൽ വരെ എത്തിക്കാനും കഴിഞ്ഞേക്കും. എന്നാൽ, കഥാകൃത്തിനെന്നതു പോലെ മറ്റൊരാൾക്കും അതിന്റെ സൂക്ഷ്മധ്വനികൾ അതേപോലെ പറഞ്ഞു മനസ്സിലാക്കാനാവില്ല. അതിലടങ്ങിയിരിക്കുന്ന വേദനയോ പ്രഹർഷങ്ങളോ വിലാപങ്ങളോ കേൾപ്പിച്ചു കൊടുക്കുവാൻ മറ്റൊരാൾക്കുമാവില്ല. മികച്ച കഥനശൈലിയിൽ പണിക്കുറവില്ലാതെ ആ വിചിത്രത്താക്കോൽ പണികഴിപ്പിച്ചിട്ടുള്ള ചെറുകഥാകൃത്താണ് ടി.വി. കൊച്ചുബാവ.
കൊച്ചുബാവയുടെ പഴയ കഥകൾ വർത്തമാന - ഭാവി കാലങ്ങളിലാണ് കൂടുതൽ പ്രവർത്തനക്ഷമമാകുന്നത്.

കൊച്ചുബാവയുടെ കഥകളിൽ എഴുത്തുകാരൻ അരൂപിയായ ഒരു സാന്നിധ്യം മാത്രമാണെനിക്ക്. അത് നൽകുന്ന ഒരു വിശ്വാസവും സത്യസന്ധതയുമാണ് ആ കഥകൾ പകരുന്ന ആശ്വാസം.

കൊച്ചുബാവ മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. കഥയിലൂടെയല്ലാതെ ഞാൻ കൊച്ചുബാവയുമായി സംസാരിച്ചിട്ടില്ല. ഞാനെന്തെങ്കിലുമൊക്കെ എഴുതിത്തുടങ്ങുന്നതിനു മുന്നേ അദ്ദേഹം ചെറുപ്രായത്തിൽ തന്നെ ഈ ലോകം വിട്ടുപോയിരുന്നു. അതിനാൽ ഏതാണ്ട് സമകാലീനരായ മറ്റെഴുത്തുകാരുമായുള്ള പരിചയമോ ബന്ധമോ എനിക്ക് അദ്ദേഹവുമായില്ല. ആ കഥകൾ മാത്രമാണ് എന്നോട് സംവദിച്ചത്. അതിനാൽ അത് ആ എഴുത്തിന്റെ ഒരു അനുമാന പ്രമാണ (syllogism) മാകുന്നു. കൊച്ചുബാവയുടെ കഥകളിൽ എഴുത്തുകാരൻ അരൂപിയായ ഒരു സാന്നിധ്യം മാത്രമാണെനിക്ക്. അത് നൽകുന്ന ഒരു വിശ്വാസവും സത്യസന്ധതയുമാണ് ആ കഥകൾ പകരുന്ന ആശ്വാസം.

ഭാവിയുമായി എങ്ങനെ ഒരു മികച്ച സംവേദനം സാധ്യമാകാം എന്നതിന് മലയാളത്തിൽ നിന്ന് എനിക്കു കണ്ടെത്താനാകുന്ന നല്ല മാതൃകകളിൽ ഒന്ന് ടി.വി. കൊച്ചുബാവയാണ്.

ജനാലക്കു പുറത്തെ കാഴ്ചകളിലേക്കു നോക്കിയിരിക്കുമ്പോൾ, വർത്തമാനകാല ബഹളങ്ങളിലും സംഘർഷങ്ങളിലും ആകുലപ്പെട്ട് ജനലഴിയിൽ തല ചേർത്തു തളർന്നുനിൽക്കുമ്പോൾ ആ ആരവങ്ങൾക്കിടയിലൂടെ ശാന്തനായി കൊച്ചുബാവ തന്റെ ചില കഥകൾ ഓർമിപ്പിക്കുകയാണ്. നിങ്ങളെ ഇപ്പോൾ അലട്ടുന്ന ഈ പ്രശ്‌നത്തിന് എന്റെ ആ കഥയിലുത്തരമുണ്ടല്ലോ എന്ന് പിന്നിലിരിക്കുന്ന പുസ്തകാലമാരയിലേക്കു അപരലോകത്തു നിന്ന് കഥാകൃത്ത് ചൂണ്ടുവിരൽ നീട്ടുന്നു. ഭാവിയുമായി എങ്ങനെ ഒരു മികച്ച സംവേദനം സാധ്യമാകാം എന്നതിന് മലയാളത്തിൽ നിന്ന് എനിക്കു കണ്ടെത്താനാകുന്ന നല്ല മാതൃകകളിൽ ഒന്ന് ടി.വി. കൊച്ചുബാവയാണ്. കൂടെ നടക്കുന്നവരോടല്ല, പിന്നാലെ വരുന്നവരോടാണ് ആ കഥകൾ സംസാരിക്കുന്നത്. ഒരു പക്ഷേ കൊച്ചുബാവ അന്വേഷിക്കുന്ന ഒരു true reader, intended reader അന്നെന്നതിനേക്കാൾ ഇന്നോ നാളെയോ ആയിരിക്കും അദ്ദേഹത്തിന്റെ കഥകൾക്കു ലഭിക്കുക. ഭാവിയിലെ നല്ല വായനക്കാരെ സങ്കൽപിക്കാനാകാത്ത എഴുത്തുകാർ മികച്ച എഴുത്തുകാരല്ല.

ടി.വി. കൊച്ചുബാവയുടെ ‘കന്യക' മലയാളത്തിലെ ഏറ്റവും മികച്ച ചെറുകഥകളിൽ ഒന്നാണ്. ശരീരത്തെയും അനിഷേധ്യമായ അതിന്റെ തൃഷ്ണാപ്രവാഹങ്ങളെയും സംബന്ധിച്ച വലിയ ചോദ്യങ്ങളെ നിരന്തരം നേരിട്ട് ഭ്രാന്തിയായി ജീവിക്കേണ്ടി വരുന്ന വൃദ്ധകന്യകയുടെ കഥയാണിത്. ഭയത്തിലൂടെ, ഉത്കണ്ഠയിലൂടെ, വേദനയിലൂടെ ഭ്രാന്തിലൂടെ നീങ്ങുന്ന കഥ . മികച്ച സൂചനകളാൽ കാലത്തിനാവശ്യമായ ഉത്തരങ്ങളിലേക്ക് വായനക്കാരെ നയിക്കുന്ന കഥയാണത്.

ഞാൻ കവിതയെക്കുറിച്ചു പഠിച്ചതെല്ലാം കൊച്ചുബാവയുടെ മികച്ച കഥകൾ കാണിച്ചു തരുന്നുണ്ട്. ബാലാമണിയമ്മയുടെ വൃദ്ധകന്യ എന്ന അത്യുദാത്തമായ കവിതക്ക് ഈ കഥയോട് ചേർത്തൊരു വലിയ വായന കൂടി സാധ്യമാണ്.

ശരീരസൗന്ദര്യത്തെയും പ്രണയത്തെയും സംബന്ധിച്ച് സമൂഹത്തിൽ നില നിൽക്കുന്ന ചില ബോധ്യങ്ങൾ മാരകമായ വിധത്തിൽ മുറിവുകളേൽപിച്ച ഒരു ഭൂതകാലം ഈ കഥയിലെ വൃദ്ധകന്യകക്കുണ്ട്. അവർ കഥാവസാനം വരെ ആ ഭൂതകാല പീഡകളിൽ നിന്നു മോചിതയുമല്ല. തനിക്ക് സമൃദ്ധമായ മാറിടമോ പുരുഷനെ ആകർഷിക്കത്തക്ക സൗന്ദര്യമോ ഇല്ല എന്ന ആകുലത ഇവരെ ഭ്രാന്തിയാക്കുന്നുണ്ട്. ഇത്തരം അനാരോഗ്യകരമായ സൗന്ദര്യ സങ്കൽപങ്ങളുണ്ടാക്കുന്ന സമ്മർദ്ദങ്ങളിൽ പെട്ട് നമ്മുടെ പെൺകുട്ടികൾ നേരിടുന്ന അരക്ഷിതത്വ ബോധങ്ങൾ, അവരുടെ കൗമാരകാല വ്യാകുലതകൾ (Teenage insecurities ) മരണം വരെ അവരെ പിന്തുടർന്നേക്കാമെന്ന സൂചനപോലും എത്ര ഭീതിദമാണ്. ഇത്തരം ആകുലതകളെ അവരുടെ ഭാവി ഏതു രൂപത്തിലായിരിക്കും വിവർത്തനം ചെയ്യുക എന്ന ഭയത്തെ അതിന്റെ പാരമ്യത്തിലെത്തിക്കുകയാണ് ഈ കഥ . കണ്ണിലേക്കെത്തുന്നതൊന്നും ഗ്രാഹ്യത്തിലേക്കെത്താതെ നമ്മുടെ സാമൂഹ്യശാസ്ത്രജ്ഞരും അധ്യാപകരും രക്ഷിതാക്കളും ഒക്കെ പരിഹസിച്ചു തള്ളിക്കളയുന്ന ചില യാഥാർഥ്യങ്ങളെ കഥാകാരൻ എത്ര ജാഗ്രതയോടെ മുന്നറിയിക്കുന്നു ഒരു പാഠപുസ്തകവും ഒരു ചരിത്രപുസ്തകവും ഒരു വൈദ്യശാസ്ത്ര പുസ്തകവും ഒരു മത ഗ്രന്ഥവും ഒരിക്കലും നമുക്ക് പറഞ്ഞു തരാത്ത കഥയാണിത്. വിലകെട്ട തന്റെ ജീവിതത്തിന് ഒരർഥവുമില്ലെന്ന ചിന്തയിൽ ഭ്രാന്തെടുക്കുന്ന, സ്വകാര്യ യുദ്ധങ്ങളിലേർപ്പെടുന്ന ഒരു സ്ത്രീയെ ഈ കഥ ഓർത്തെടുക്കുന്നു. വർഗമെന്ന നിലയിലല്ല, വ്യക്തിയെന്ന നിലയിൽ.

ഇവിടെ ഈ സ്ത്രീ തന്റെ സഹജവാസനകളെ ഉപേക്ഷിക്കുന്നത് ഭംഗിയില്ലാത്ത തന്റെ ശരീരത്തെക്കുറിച്ചുള്ള സങ്കോചങ്ങളാലാണ്. അങ്ങനെ അവർ സ്വയമറിയാതെ അന്ധകാരനിബിഡതയിലേക്കു വീഴുകയാണ്. എന്റെ അധ്യാപന ജീവിതത്തിനിടയിൽ കണ്ട എത്രയോ പെൺകുട്ടികളുടെ കണ്ണുനീർ ഈ കഥയുടെ താളുകളിൽ ഉണങ്ങിപ്പിടിച്ചു കിടക്കുന്നുണ്ട്.

യേശുവിന്റെ വഴി സ്വയം തിരഞ്ഞെടുക്കുന്നുവെങ്കിലും ആ വഴി ഒരിക്കലും തന്റേതല്ല എന്നവൾക്കറിയാം. യേശുവിന്റെ വഴികൾ എന്ന ഗ്രന്ഥം വായിക്കാനെടുക്കുമ്പോഴെല്ലാം കന്യകക്ക് കോട്ടുവാ കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതാകുന്നുണ്ട് . അതിലെ അക്ഷരങ്ങൾ റോസാക്കമ്പിന്റെ ആകൃതിയിൽ അവളെ തിരിഞ്ഞുകുത്തുന്നുണ്ട്. വേദനയോടെ ഓരോ തവണയും അവൾ പുസ്തകം മടക്കി. ആർക്കും വേണ്ടാതെ പോയ ശരീരമെന്ന് അവൾ സ്വയം നെടുവീർപ്പിട്ടു. സ്ഥൂല നിതംബവും പീന സ്തനങ്ങളും ചുവന്നചുണ്ടുകളുമാണ് പ്രണയത്തിനാധാരമെന്ന്, വിട്ടു പോയ കാമുകരും അവളെ പഠിപ്പിച്ചിരുന്നു. അടക്കാനാവാത്ത അഭിലാഷങ്ങളുടെ പ്രവാഹങ്ങളുള്ളതും ‘രൂപസംപുഷ്ടി ' തീരെയില്ലാത്തതുമായ തന്റെ ശരീരത്തോട് യുദ്ധം ചെയ്ത് ഭ്രാന്തിയാകുന്നവൾക്ക് ദൈവവഴി ചെകുത്താന്റെ വഴി പോലെ അരോചകമാണ്. ആനന്ദമില്ലാത്ത ശരീരത്തിലേതു ദൈവത്തിനാണ് കുടിയിരിക്കാനാവുക? തന്റെ വികാരങ്ങളെ അടക്കിപ്പിടിച്ച് ദൈവത്തോടും സമൃദ്ധ ശരീരങ്ങളുള്ള തന്റെ പരിചാരികമാരോടും തന്റെ കാമനകളോടും പരിഭവിച്ചു ജീവിക്കുന്നവളാണ് കോടിക്കണക്കിന് സ്വത്തിന്റെ ആസ്തിയുള്ള ഈ വൃദ്ധകന്യക .

അവൾ യഥാർഥത്തിൽ വൃദ്ധയാണോ? അതോ പതിനാറുകാരിയാണോ? വൃദ്ധകന്യക്ക് ചിലപ്പോൾ 16 കാരിയുടെ ശരീരം ലഭിക്കുന്നുണ്ട്. പണ്ടു സഞ്ചരിച്ചിരുന്ന പഴയ കുതിരവണ്ടിയിൽ നിന്ന് ഓടിയിറങ്ങി ആ പതിനാറുകാരി മുറിയിൽ നൃത്തമായി ഒഴുകാറുണ്ട്. തന്റെ പരിചാരികയായ മറിയത്തിന്റെ മിനുമിനുത്ത തൊലിയും സമൃദ്ധമായ മാറിടവും തുളുമ്പുന്ന നിതംബവും കന്യകയെ അസൂയപ്പെടുത്തുന്നുണ്ട്. ‘നിന്നെ ഒരുപാടു പേർ പ്രണയിക്കുന്നുണ്ടോ മറിയം ' എന്ന കന്യകയുടെ ചോദ്യത്തിൽ ആകാംക്ഷയേക്കാൾ കൂടുതൽ വേദനയാണ് വീണു കിടക്കുന്നത്. മറിയത്തിന് 14 കാമുകന്മാരുണ്ടായിരുന്നു. 14 പേരെയും അവൾക്ക് ജീവനാണ്. രണ്ടാമത്തെ പരിചാരികയായ ശോശന്നയോട് കന്യക ചോദിക്കുന്നു, ‘നിനക്കും കാമുകന്മാർ പ്രശ്‌നമുണ്ടാക്കുന്നുണ്ടോ' എന്ന് . അവൾ പക്ഷേ ഒറ്റ ഭർത്താവിൽ മാത്രം വിശ്വസിക്കുന്നവളാണ്. പ്രണയവും സദാചാരബോധവും ശരീരാസക്തികളും ഇടകലർന്ന് സംഭ്രമിപ്പിച്ച് രണ്ടു പരിചാരികമാരും കന്യകയെ കുരുക്കിലാക്കുകയാണ്. സ്‌പോഞ്ചിലുയർത്തി നിർത്തിയ തന്റെ മുലകളെയും നിതംബത്തെയും കണ്ട് അവ സത്യമെന്ന് ധരിച്ച് തന്നെ ഇഷ്ടപ്പെട്ടിരുന്ന ഫ്രെഡി , ഡിസൽവ, മാർട്ടിൻ, ഹൈദർ എന്നിവരും കന്യകയെ കുഴക്കുന്നുണ്ട്.

കൊച്ചുബാവയുടെ വൃദ്ധകന്യയാകട്ടെ, യൗവ്വനത്തിന്റെ അപൂർണ മോഹങ്ങൾ ആത്മാവിലേൽപ്പിച്ച മുറിവുകളുടെ പാടുകൾ വാർധക്യത്തിൽ സ്വന്തം ശരീരത്തിൽ നിന്ന് കണ്ടെടുക്കുകയാണ്.

കണ്ണാടിയിൽ പ്രതിഫലിക്കുന്ന തന്നെ അവൾ മറഞ്ഞുനിന്ന് നിരീക്ഷിക്കുന്നുണ്ട്. 60 വയസ്സിലും പുഷ്ടിപ്പെടാൻ കൂട്ടാക്കാത്ത ശരീരം. പക്ഷേ കണ്ണുകളിൽ പതിനാറിന്റെ തിളക്കം. ചിലപ്പോൾ അവളുടെ മുറിയിലേക്ക് കാമുകരെത്തി. അപ്പോഴൊക്കെ യഥാർഥ സ്‌നേഹമെന്നാൽ ഹൃദയമല്ല ചുണ്ടും മുലകളും നിതംബവുമാണെന്നറിഞ്ഞ് അവൾ ഭ്രാന്തിയെപ്പോലെ തറയിലിരുന്ന് തലമുടി വലിച്ചുപറിക്കുകയും ഉറക്കെ നിലവിളിക്കുകയും ചെയ്തു. മറ്റു ചിലപ്പോൾ അവളുടെ മുറിയിലേക്ക് അഴകുള്ള തുടുത്ത കുഞ്ഞുങ്ങൾ വന്നു. അവർ കന്യകയുടെ മുഖത്തും കണ്ണുകളിലും ഉമ്മ വെച്ചു. അപ്പോൾ അവരുടെ മുഖത്തെ ചുളിവുകൾ നിവരുകയും നാഭിച്ചുഴിയിൽ എന്തോ ചുളിഞ്ഞു മടങ്ങുകയും ചെയ്തു.

സത്യത്തിൽ അവളുടെ ജീവിതത്തിൽ ഇത്രയും കഥാപാത്രങ്ങളുണ്ടോ? താൻ ജീവിക്കാനാഗ്രഹിച്ച ജീവിതം തന്റെ മുന്നിൽത്തന്നെ ജീവിക്കുന്ന മറിയവും ശോശന്നയും അവളുടെ ഭ്രാന്തമായ ഭാവനാ സൃഷ്ടികളാകാം. അവരുടെ കണ്ണുകളിൽ കന്യക കാണുന്ന മഹാകാമവും അവരുടെ ശരീരപുഷ്ടിയും അവരുടെ കാമുക ബാഹുല്യവും അവളുടെ വിഫലമോഹങ്ങളുടെ ഭാവനാ സാക്ഷാത്കാരമാകാം. കന്യകയുടെ 16 വയസ്സു മുതൽ അവർക്ക് ഭ്രാന്തിനുള്ള പച്ചമരുന്നരച്ചു കൊടുക്കുന്ന പരിചാരിക ശോശന്നത്തിനോട് മരുന്നു വാങ്ങി ഒറ്റവലിക്ക് കുടിച്ചിട്ട് അവർ പറഞ്ഞു ‘അതിഥികളെല്ലാം പോയി , ഇനിയെനിക്കുറങ്ങാ'മെന്ന് .

ജീവിതത്തെ സംബന്ധിച്ച് അവൾക്ക് നേരിടേണ്ടി വരുന്ന ഒരേയൊരു ചോദ്യം യഥാർഥ സ്‌നേഹമെന്നാൽ ശരീരമോ ഹൃദയമോ എന്നതു മാത്രമാണ്. ‘ഉപേക്ഷിക്കുകയാണോ നീയും എന്നെ? അറുപതു കൊല്ലം നിനക്കു വേണ്ടി കളഞ്ഞ എന്നെ വേണ്ടെന്നു വെക്കുകയാണോ' എന്ന് ക്രിസ്തുവിനോടുള്ള അവളുടെ ഭീഷണി നിറഞ്ഞ ചോദ്യത്തിലുണ്ടതെല്ലാം.

‘ഒരാവശ്യവുമില്ലാതെ ഞാനൊറ്റക്കായി'; വൃദ്ധകന്യക ക്രിസ്തുവിനോട് പരിഭവിച്ചു. ‘എന്തിനായിരുന്നു ഇങ്ങനെ? ഞാൻ പാവമായിരുന്നില്ലേ' എന്നവർ പൊട്ടിക്കരഞ്ഞു. പരിചാരികമാരെല്ലാം ഇരുട്ടിലേക്കിറങ്ങിപ്പോയ ഒരു രാത്രിയിൽ ക്രിസ്തു നിശ്ശബ്ദമായി ഇറങ്ങി വന്നു. മയങ്ങുന്ന വൃദ്ധയുടെ വിയർത്ത നെറ്റിയിലും പഞ്ഞി പോലെ നരച്ച തലമുടിയിലും വാത്സല്യത്തോടെ തടവി. ശേഷം അവൻ പറഞ്ഞു, ‘അമ്മേ, ഒരിക്കൽ പോലും ഞാനാരോടും പറഞ്ഞിട്ടില്ലല്ലോ, എനിക്കു വേണ്ടി ഈ ഭൂമിയിലെ ഫലസമൃദ്ധമായ ജീവിതം ഉപേക്ഷിക്കണമെന്ന്. എന്നിട്ടും എല്ലാക്കുറ്റങ്ങളും എപ്പോഴും നിങ്ങളെന്റെ മേൽ ചാരുന്നു. പഴി പേടിച്ച് എല്ലാവരും ഉറക്കമാകുമ്പോൾ മാത്രം പുറത്തേക്കിറങ്ങേണ്ടിവരുന്ന എന്റെ ഗതി! അതാരും മനസ്സിലാക്കുന്നില്ലല്ലോ അമ്മേ . നിന്റെ മനസ്സിന്റെയും പ്രവൃത്തികളുടെയും യജമാനൻ ഞാനല്ല. നീ മാത്രമാണ്'.

കാൽമുട്ടുകൾ നിലത്തൂന്നി കൈകൾ നിവർത്തിപ്പിടിച്ച് ക്രിസ്തു മന്ത്രിച്ചു, ‘അമ്മേ, നിന്റെ വിധി നീ തന്നെയാണല്ലോ, നീ തന്നെയാണല്ലോ, നീ തന്നെയാണല്ലോ ! '

ബാലാമണിയമ്മ. / Photo : Amal Chandra.

കൊച്ചുബാവ ഈ കഥയിൽ പ്രതീകാത്മക ഭംഗിയിൽ ആർദ്രമായി പറഞ്ഞതു തന്നെ, സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടിയ എലിസബെത് കാഡി സ്റ്റാൻററൺ എന്ന അമേരിക്കൻ സോഷ്യൽ ആക്ടിവിസ്റ്റ് മറ്റൊരു തരത്തിൽ എഴുതിയിട്ടുണ്ട് . ഏതു വ്യവസ്ഥാപിത മതത്തിന്റെയും അസംബന്ധതകൾക്ക് പ്രപഞ്ച ചൈതന്യം യാതൊരു തരത്തിലും ഉത്തരവാദിയല്ല എന്ന് സ്ത്രീകളെ പറഞ്ഞു ബോധ്യപ്പെടുത്തണമെന്നാണവരെഴുതിയത്. പിന്നെ ഈ ജീവിതത്തിൽ സംഭവിക്കുന്ന ഒരനിഷ്ടവും അവളെ ബാധിക്കാൻ അവൾ അനുവദിക്കില്ല. അചലയും അക്ഷോഭ്യയും അഭേദ്യയുമായി അവൾ ജീവിച്ചുകാണിക്കും. ശാന്തിയും സമാധാനവും അവളിൽ നിറഞ്ഞുകവിയും. അങ്ങനെ ഒരവസ്ഥയിൽ തന്റെ ശരീരത്തിനോ മനസ്സിനോ സിരകൾക്കോ സ്ഥൈര്യത്തിനോ നേരിടേണ്ടി വരുന്ന യാതൊന്നും അവളിൽ നിന്ന് സമാധനമല്ലാതെ മറ്റൊന്നും പുറത്തുകൊണ്ടുവരില്ല.

എന്തിനെ മുറുകെപ്പിടിക്കുന്നുവോ, അതിനെ ഒരിക്കലും കൈവിടാതിരിക്കുക. അത് വേഗത്തിലുള്ള ചുവടുകളിലൂടെ, അനായാസമായ കാലടികളിലൂടെ, അചഞ്ചലമായ പാദങ്ങളോടെ ചെയ്യുക, അങ്ങനെ ചെയ്താൽ നിങ്ങളുടെ ചുവടുകൾ പൊടിപറത്തില്ല. സുരക്ഷിതയായി, ആഹ്ലാദവതിയായി, ദ്രുതഗതിയിൽ നീങ്ങുക, അങ്ങനെ നിങ്ങൾ വിവേകപൂർണമായ ആനന്ദത്തിന്റെ പാതയിൽ എത്തിച്ചേരുമെന്ന് കഥയുടെ വായനയുണ്ടാക്കിയ ആഘാതത്തിൽ ഞാനെഴുതിച്ചേർക്കുന്നു.

ഞാൻ കവിതയെക്കുറിച്ചു പഠിച്ചതെല്ലാം കൊച്ചുബാവയുടെ മികച്ച കഥകൾ കാണിച്ചു തരുന്നുണ്ട്. ബാലാമണിയമ്മയുടെ വൃദ്ധകന്യ എന്ന അത്യുദാത്തമായ കവിതക്ക് ഈ കഥയോട് ചേർത്തൊരു വലിയ വായന കൂടി സാധ്യമാണ്. ഗുരുത്വത്തിന്റെയും ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും പാരമ്യത്തിൽ ലൈംഗികതയെ കൂടി അംഗീകരിക്കുന്ന ഒരു സ്ത്രീയെ പ്രതിഷ്ഠിക്കുന്ന കവിതയാണ് ബാലാമണിയമ്മയുടെ വൃദ്ധകന്യ. കൊച്ചുബാവയുടെ വൃദ്ധകന്യയാകട്ടെ, യൗവ്വനത്തിന്റെ അപൂർണ മോഹങ്ങൾ ആത്മാവിലേൽപ്പിച്ച മുറിവുകളുടെ പാടുകൾ വാർധക്യത്തിൽ സ്വന്തം ശരീരത്തിൽ നിന്ന് കണ്ടെടുക്കുകയാണ്.

ഇത്തരം വായനകൾ അസ്വസ്ഥതകളുടെ, മുറിവുകളുടെ, ചോരപ്പാടിന്റെ, കണ്ണുനീരിന്റെ തികച്ചും നവ്യമായ ഒരു ശരീരാനുഭവം സാധ്യമാക്കുന്നുണ്ട്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments