എന്നിലെ സ്വാതന്ത്ര്യം പെരിയാർ കെട്ടഴിച്ചുവിട്ടു

പെണ്ണായി പിറന്നതിന് കുട്ടിക്കാലത്ത് പലപ്പോഴും എനിക്ക് പേടി തോന്നിയിട്ടുണ്ട്, ലജ്ജ തോന്നിയിട്ടുണ്ട്, ബന്ധുക്കളാൽ ലൈംഗികമായി ആക്രമിക്കപ്പെടുമ്പോൾ, കുട്ടിക്കാലത്തെ പ്രണയം ഭീഷണികളിൽ അവസാനിക്കുമ്പോൾ എല്ലാം എനിക്ക് പാപബോധം തോന്നി. പെരിയാറിന്റെ ആധുനിക ചിന്തകൾ പരിചയപ്പെട്ടതോടെ എന്നിൽ മാറ്റമുണ്ടായി. ഞാൻ പണിയെടുത്തു, വരുമാനമുണ്ടാക്കി, സമ്പാദിച്ചു, യാത്ര ചെയ്തു, എന്റെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും പിന്നാലെ പോയി... പെരിയാറിന്റെ 142ാം ജന്മവാർഷികദിനത്തിൽ ഫോട്ടോഗ്രാഫറും ആക്റ്റിവിസ്റ്റുമായ ചെന്നൈ എർണാവൂർ സ്വദേശി സബരിതയുടെ വേറിട്ട ഒരു അനുഭവക്കുറിപ്പ്

സബരിത

ന്റെ ജീവിതത്തെക്കുറിച്ച് ഞാൻ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി.
ഞാൻ സ്വയം ചോദിച്ചുകൊണ്ടിരുന്നു; ‘എന്തുകൊണ്ട്?’.

എന്തുകൊണ്ട് ഞാനൊരു അലങ്കാരവസ്തുവാകണം? എന്തുകൊണ്ട് ഒരു പ്രത്യേക ഹെയർസ്‌റ്റൈലിന്റെയും ഡ്രസ്‌കോഡിന്റെയും ചട്ടക്കൂടിൽ ഞാൻ ഒതുക്കപ്പെടുന്നു? എന്തുകൊണ്ട് എനിക്ക് സാമ്പത്തികമായി സ്വതന്ത്രയായിക്കൂടാ? എന്തുകൊണ്ട് എനിക്ക് ആഗ്രഹിച്ച വിദ്യാഭ്യാസം നേടിക്കൂടാ? എന്തുകൊണ്ട് കുടുംബം എന്നെ ആചാരനിഷ്ഠയുള്ള പെണ്ണാകാൻ നിർബന്ധിക്കുന്നു? എന്തുകൊണ്ട് എനിക്ക് യാത്ര ചെയ്തുകൂടാ? ആർത്തവവുമായി ബന്ധപ്പെട്ട പലതരം ആചാരങ്ങൾ പാലിക്കാൻ എന്തുകൊണ്ട് ഞാൻ നിർബന്ധിക്കപ്പെടുന്നു? ഇരയാക്കപ്പെട്ടതിന് എന്തുകൊണ്ട് എനിക്ക് കുറ്റബോധം തോന്നണം? എന്തുകൊണ്ടാണ് സ്ത്രീകളെ കുടുംബത്തിന്റെ അഭിമാനവും സ്വത്തുമായി കണക്കാക്കുന്നത്? എന്തുകൊണ്ട്​ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ അനുവദിക്കുന്നില്ല?
എന്നെപ്പോലെ ഇന്ത്യയിൽ ജീവിക്കുന്ന എല്ലാ സ്ത്രീകളും അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളാണ് ഇതൊക്കെ. പക്ഷേ ഈ അടിസ്ഥാന തടസ്സങ്ങൾ മറികടക്കുക ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്.

ഒരു പെണ്ണെന്ന നിലയിൽ എന്റെ ആഗ്രഹത്തിനൊത്ത് ജീവിക്കാൻ മുമ്പിൽ ഒരുപാട് നിയന്ത്രണങ്ങളുണ്ടായിരുന്നു. പെരിയാറിന്റെ ചിന്തകൾ ഒന്നുകൊണ്ടുമാത്രമാണ് ഞാൻ ജീവിതം സ്വതന്ത്രമായി ജീവിക്കാൻ തുടങ്ങിയത്. ഞാൻ പണിയെടുത്തു, വരുമാനമുണ്ടാക്കി, സമ്പാദിച്ചു, യാത്ര ചെയ്തു, എന്റെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും പിന്നാലെ പോയി. ഒരു പെണ്ണായി പിറന്നതിന് കുട്ടിക്കാലത്ത് പലപ്പോഴും പേടി തോന്നിയിട്ടുണ്ട്, ലജ്ജ തോന്നിയിട്ടുണ്ട്, ഭാവിയെക്കുറിച്ച് ചിന്തിക്കുമ്പോൾ ചുറ്റുമുള്ള എല്ലാ പെണ്ണുങ്ങളെയും പോലെ എനിക്കും അനിഷ്ടം തോന്നിയിരുന്നു. ബന്ധുക്കളാൽ ലൈംഗികമായി ആക്രമിക്കപ്പെടുമ്പോൾ, കുട്ടിക്കാലത്തെ പ്രണയം ഭീഷണികളിൽ അവസാനിക്കുമ്പോൾ എല്ലാം എനിക്ക് പാപബോധം തോന്നി. ഞാൻ സോഷ്യൽവർക്ക് വിദ്യാർത്ഥിയായിരിക്കുമ്പോൾ, പെരിയാറിന്റെ ‘പെൺ എൻ അടിമൈ ആനാൽ?' (‘പെണ്ണുങ്ങൾ എന്തുകൊണ്ട് അടിമകളായി?') എന്ന പുസ്തകം വായിക്കാനിടയായി. അതിലൂടെയാണ് സ്ത്രീശാക്തീകരണം സംബന്ധിച്ച പെരിയാറിന്റെ ആധുനിക ചിന്തകൾ ഞാൻ പരിചയപ്പെട്ടത്.

പെരിയാർ ഇ.വി. രാമസ്വാമി

ഇതൊരു ലളിതമായ, ചെറിയ പുസ്തകമാണ്. വെബിലും ലഭ്യമാണ്. എന്തുകൊണ്ടാണ്, എങ്ങനെയാണ് സ്ത്രീകൾ അടിമകളായതെന്നാണ് ഈ പുസ്തകത്തിൽ പത്ത് ഉപതലക്കെട്ടുകളിലൂടെ പെരിയാർ വിശദീകരിക്കുന്നത്: കന്യകാത്വം, തിരുവള്ളുവറും കന്യകാത്വവും, പ്രണയം, വിവാഹം, പുനർവിവാഹം, ലൈംഗിക തൊഴിൽ, വിധവകൾ, സ്വത്തിന്മേലുള്ള അവകാശം, ഗർഭനിരോധനം, സ്ത്രീകൾക്കെതിരായ വിവേചനം (women liberation and patriarchy should down to bring women liberation). പെരിയാറിനെ മാറ്റിനിർത്തി നമുക്ക് ഫെമിനിസത്തെക്കുറിച്ച് സംസാരിക്കാനാവില്ല. സ്ത്രീകളുടെ സ്ഥാനം എന്താണെന്ന്​ കൂടുതൽ മനസിലാക്കുന്നതിനും, മനുഷ്യവിമോചനത്തിനുവേണ്ടി പ്രവർത്തിക്കാൻ വിവേചനത്തെ ഏതുരീതിയിൽ കൈകാര്യം ചെയ്യണമെന്ന്​ പഠിക്കാനും, അദ്ദേഹത്തിന്റെ ഈ ജന്മദിനത്തിൽ, അദ്ദേഹത്തിന്റെ എഴുത്തുകൾ നമ്മൾ വായിക്കണം, വീണ്ടും വീണ്ടും വായിക്കണം.

ഞങ്ങളുടെ ‘തന്തൈ പെരിയാർ’

1944ൽ ഒരു സ്ത്രീയാണ് പെരിയാറിന് ‘പെരിയാർ' എന്ന പേര് നൽകിയത്, അണ്ണൈ മീനമ്മാൾ എന്ന റാഡിക്കൽ ഫെമിനിസ്റ്റ്. സൗത്ത്​ ഇന്ത്യൻ പട്ടികജാതി ഫെഡറേഷന്റെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ആദ്യ വനിതാ പ്രസിഡന്റായിരുന്നു അവർ. അംബേദ്കർ പറയാറുണ്ട്​; ‘സ്ത്രീകൾ എത്ര പുരോഗതി കൈവരിച്ചു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ഒരു സമൂഹത്തിന്റെ പുരോഗതി വിലയിരുത്തുക' എന്ന്. അതുപോലെ സ്ത്രീകൾക്കും അസ്പൃശ്യർക്കും സ്വാതന്ത്ര്യം ലഭിക്കാതെ ഇന്ത്യയുടെ സ്വാതന്ത്ര്യം പൂർണമാകില്ലെന്ന് പെരിയാറും വിശ്വസിച്ചിരുന്നു.

അണ്ണൈ മീനമ്മാൾ; ഇ.വി. രാമസ്വാമിക്ക്​ ‘പെരിയാർ’ എന്ന്​ പേരിട്ടത്​ മീനമ്മാളാണ്​

സ്ത്രീസമൂഹവുമായി പെരിയാറിന് ശക്തമായ അടുപ്പമുണ്ടായിരുന്നു. സ്ത്രീകളുടെ ഉന്നമനത്തിൽ അദ്ദേഹത്തിന് നിർണായക പങ്കുണ്ട്. സാംസ്‌കാരികമായ മുന്നേറ്റത്തിലും സ്ത്രീകൾക്ക് നിയമപരമായ അവകാശങ്ങൾ ലഭ്യമാക്കുന്നതിലും, സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള പെരിയാറിന്റെ ചിന്തകൾക്കും ആശയങ്ങൾക്കും ശക്തമായ സ്വാധീനമുണ്ട്. പെരിയാറിന് മക്കളില്ലെങ്കിലും ഞങ്ങൾ അദ്ദേഹത്തെ ‘തന്തൈ പെരിയാർ' എന്നാണ് വിളിക്കുന്നത്. അദ്ദേഹം തമിഴ്നാടിന്റെ പിതാവാണ്, ലിംഗസമത്വത്തെക്കുറിച്ച് പറയുമ്പോൾ നമുക്ക് പെരിയാറിനെ മറക്കാൻ കഴിയില്ല.

‘ഞാൻ എല്ലാ മതത്തിനും എതിര്'

പെരിയാർ ഹിന്ദുമതത്തിന് എതിരാണെന്നാണ് ബ്രാഹ്മണിക്കൽ ശക്തികൾ പറയുന്നത്. എന്നാൽ പെരിയാർ പറഞ്ഞത്, ഒരു മതവും പിന്തുടരേണ്ടതില്ലെന്നാണ്. കാരണം മതം മനുഷ്യനെ വിഭജിക്കും, ഹിന്ദുമതത്തിനു മാത്രമല്ല, എല്ലാമതത്തിനും എതിരാണ് താനെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 1936ൽ കൊച്ചിയിൽ നടന്ന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. ആരാണ് ഹിന്ദു എന്നതിനെ പെരിയാർ നിർദ്ദയം വ്യാഖ്യാനിച്ചു. എന്തുകൊണ്ട് ഹിന്ദുക്കൾ ജാതീയമായി വിഭജിക്കപ്പെട്ടു? വേദങ്ങൾ ഹിന്ദുക്കൾക്കുവേണ്ടിയുള്ളതാണെങ്കിൽ എന്തുകൊണ്ടാണ് ബ്രാഹ്മണരല്ലാത്ത 97% ജനതയെ വേദം പഠിക്കാൻ അനുവദിക്കാത്തത്, അല്ലെങ്കിൽ എന്തുകൊണ്ട് അവർക്ക് ഹിന്ദുക്കൾക്ക് ലഭിക്കുന്ന അതേ പരിഗണന ലഭിക്കുന്നില്ല, ക്ഷേത്രങ്ങളിൽ പ്രവേശനം ലഭിക്കുന്നില്ല. ഈ പ്രശ്നങ്ങൾ നമുക്ക് ഈ കാലഘട്ടത്തിലും കാണാം. ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കാൻ സ്ത്രീകൾക്ക് നിയമപ്രകാരം അനുമതി ലഭിച്ചിട്ടുപോലും ഹിന്ദുത്വ ഭക്തന്മാരും ബ്രാഹ്മണിക്കൽ ഗുണ്ടകളും നിയമവും ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനുള്ള സ്ത്രീകളുടെ അവകാശവും ലംഘിക്കുകയാണുണ്ടായത്.

രണ്ടാമത്തേത്, കർണാടകയിൽ ജനിച്ചതുകൊണ്ടുതന്നെ പെരിയാറിന് തമിഴിനോടിനോട് ആത്മബന്ധമുണ്ടായിരുന്നില്ലെന്നും അദ്ദേഹം തമിഴ് ഭാഷയ്ക്ക് എതിരായിരുന്നുവെന്നുമുള്ള തെറ്റായ ആരോപണമാണ്. എന്നാൽ യഥാർത്ഥത്തിൽ അദ്ദേഹം തമിഴ്ഭാഷയെ പരിഷ്‌കരിക്കുകയാണ് ചെയ്തത്, അതുവഴി വികസിത ഭാഷകളിൽ തമിഴിന് കൂടുതൽ കാര്യശേഷിയുണ്ടായി. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്നാട്ടിൽ ചരിത്രപരമായ പ്രതിഷേധം അരങ്ങേറിയിരുന്നു. ഹിന്ദിയേക്കാൾ ഇംഗ്ലീഷ് പഠിക്കുന്നതിനെയാണ് പെരിയാർ പ്രോത്സാഹിപ്പിച്ചത്. 2020ലെ ദേശീയ വിദ്യാഭ്യാസ നയവേളയിലും ഇത് പ്രസക്തമാണ്.

മൂന്നാമതായി, ബ്രാഹ്മണിക്കൽ മിത്തുകളാണ്. ബ്രാഹ്മണിക്കൽ ചിന്താഗതിക്കും ആശയങ്ങൾക്കും എതിരെയാണ് പെരിയാർ പ്രവർത്തിച്ചത്. അല്ലാതെ ബ്രാഹ്മണർക്കെതിരെയല്ല. എല്ലാ മനുഷ്യരും തുല്യരായി പരിഗണിക്കപ്പെടാനാണ് പെരിയാർ ആഗ്രഹിച്ചത്. എന്നാൽ ബ്രാഹ്മണിക്കലായ ആശയങ്ങൾ മനുഷ്യരിൽ വിവേചനം സൃഷ്ടിക്കുകയാണ്. വിദ്യാഭ്യാസ മേഖലയുടെയും തൊഴിൽ അവസരങ്ങളുടെയും കാര്യത്തിലെ പഴയകാല അവസ്ഥവെച്ച് നമുക്കൊന്ന് താരതമ്യം ചെയ്യാം. അന്ന് എല്ലായിടത്തും ബ്രാഹ്മണർക്കുമാത്രമാണ് അവസരങ്ങളുണ്ടായിരുന്നത്, അവരായിരുന്നു മേധാവിത്വം പുലർത്തിയത്. ഇതേസ്ഥിതിയാണ് ‘നീറ്റ്' എന്ന പേരിൽ ഇപ്പോൾ വീണ്ടും കൊണ്ടുവന്നിരിക്കുന്നത്, അടുത്തിടെയിറക്കിയ വാർത്താകുറിപ്പിൽ തമിഴ് നടൻ സൂര്യയും ‘നീറ്റ് പോലുള്ള മനുനീതി ടെസ്റ്റ്' എന്ന് പരാമർശിച്ചിരുന്നു.

പെരിയാർ ഒരിക്കലും ചിന്തിക്കാനുള്ള സ്വാതന്ത്ര്യത്തിന് എതിരായിരുന്നില്ല. അദ്ദേഹമൊരു ബുദ്ധിജീവിയാണ്, സാമൂഹ്യ ചിന്തകനാണ്, സ്വന്തം ആശയങ്ങൾ ഒരിക്കലും മറ്റുള്ളവർക്കുമേൽ അടിച്ചേൽപ്പിച്ചിട്ടില്ല, കൂടുതൽ വിശകലനം ചെയ്തശേഷം മാത്രം തന്റെ ചിന്തകളെ സ്വീകരിക്കാനാണ് അദ്ദേഹം എല്ലാകാലത്തും പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ പ്രസ്താവന ഉചിതമല്ലെന്ന് ആരെങ്കിലും അറിയിക്കുകയാണെങ്കിൽ ആരോഗ്യകരമായ സംവാദത്തിൽ ഏർപ്പെടാനാണ് പെരിയാറിസം പ്രേരിപ്പിക്കുന്നത്. വിമർശനത്തെ സ്വീകരിക്കുന്ന അദ്ദേഹത്തിന്റെ രീതിയെ ഗാന്ധി മുതൽ ഗൗരി ലങ്കേഷിനെവരെ ആക്രമിച്ച ഹിന്ദുത്വയുമായി താരതമ്യം ചെയ്യുന്നത് അനീതിയാണ്.

‘ഞാൻ' എന്നതിൽ നിന്ന് തുടങ്ങണം

പെരിയാർ സ്വന്തം പേരിൽ നിന്ന് ജാതി വെട്ടിമാറ്റിയത് വലിയ മാറ്റം കൊണ്ടുവന്നു, തമിഴ്നാട്ടിലെ ജനങ്ങളിൽ വലിയൊരു വിഭാഗം പേരിനൊപ്പം ജാതി പരാമർശിക്കാൻ മടിച്ചു, അവർക്കത് നാണക്കേടായി തോന്നി. തെരുവിന്റെ പേരിൽ നിന്ന് ജാതിപ്പേര് എടുത്തുമാറ്റാനും അദ്ദേഹം സ്വാധീനം ചെലുത്തി. പെരിയാർ പറയാറുണ്ട്, ‘ബ്രാഹ്മണൻ ഒരു സമ്പന്നനെ അവഹേളിക്കുകയാണെങ്കിൽ ഞാൻ സമ്പന്നനുവേണ്ടി നിലകൊള്ളും, സമ്പന്നൻ അയാളുടെ തൊഴിലാളിയെ ചൂഷണം ചെയ്യുകയാണെങ്കിൽ ഞാൻ തൊഴിലാളിയ്ക്കുവേണ്ടി നിലകൊള്ളും, തൊഴിലാളി വീട്ടിലെത്തി ഭാര്യയെ ഉപദ്രവിക്കുകയാണെങ്കിൽ ആ സ്ത്രീയുടെ അവകാശത്തിനുവേണ്ടി ഞാൻ നിലകൊള്ളും'. അടിച്ചമർത്തപ്പെടുന്നവർക്കുവേണ്ടിയായിരുന്നു അദ്ദേഹം ശബ്ദംമുയർത്തിയത്.

യുക്തിവാദിയെന്ന നിലയിൽ നമ്മളെല്ലാം പെരിയാറിന്റെ പ്രവർത്തനങ്ങളും ചിന്തകളും പഠിക്കണം, അടിച്ചമർത്തുന്നവർക്കെതിരെ പൊരുതാൻ അത്​ നമ്മെ തുണയ്ക്കും. നമ്മളൊരുമിച്ച് (സ്ത്രീകൾ, പുരുഷന്മാർ, എൽ.ജി.ബി.ടി) കൈകോർത്ത് മികച്ച ഭാവിയ്ക്കുവേണ്ടി പ്രവർത്തിക്കണം. സാമൂഹ്യമാറ്റത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നമ്മൾ ‘ഞാൻ' എന്നതിൽ നിന്ന് തുടങ്ങണം, നമ്മളുടെ കുടുംബത്തിൽ നിന്നുതുടങ്ങണം. കാരണം പെരിയാറിസത്തിന് ജീവിതരീതിയ്ക്കുമേൽ വലിയ സ്വാധീനമുണ്ട്.

പെരിയാർ മരിച്ച് 47വർഷങ്ങൾക്കിപ്പുറവും അദ്ദേഹം സ്വപ്നം കണ്ട തരത്തിലുള്ള സ്വാതന്ത്ര്യത്തിലേക്ക് സ്ത്രീകൾക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. മതപരവും അല്ലാത്തതുമായ ഒരുപാട് അടിച്ചമർത്തലുകളിലൂടെയാണ് ഇന്നും ഇന്ത്യൻ സ്ത്രീകൾ കടന്നുപോകുന്നത്. വ്യവസ്ഥിതിയോട് കലഹിച്ച്​ തങ്ങളുടെ അവകാശങ്ങൾക്കായി പൊരുതുന്ന ഏതൊരു സ്ത്രീയ്ക്കും മുമ്പിലുള്ള ഏറ്റവും വലിയ പാഠപുസ്തകമാണ് പെരിയാറിന്റെ ചിന്തകൾ.

Comments