സന്തോഷത്തിന്റെയും സംഘർഷങ്ങളുടെയും ദ്വീപിൽ നിന്നൊരു ഹാപ്പി ന്യൂഇയർ

‘‘പൊതുവേ യാഥാസ്ഥിതികമായ ദ്വീപിൽ ആൺകൂട്ട ആവേശങ്ങൾക്കിടയിൽ ഒരേയൊരു പെൺകുട്ടിയായ എന്നെക്കണ്ട് പ്രകടനം കാണാൻ വന്ന റോഡരികിലെ പെണ്ണുങ്ങളൊക്കെ വാ പൊത്തി ചിരിക്കുന്നുണ്ടായിരുന്നു. ഇനിയൊരിക്കലും മറക്കാൻ പറ്റാത്ത ആ ആഘോഷം തന്നെയായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വേൾഡ് കപ്പ് ആഘോഷം’’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. സച്ചു ഐഷ​ എഴുതുന്നു.

2022 തുടങ്ങുമ്പോൾ ലക്ഷദ്വീപിലെ അഗത്തിയിലായിരുന്നു ഞാൻ. ഒഡീഷയിലെ രണ്ടുവർഷത്തെ വിരസജീവിതത്തിനൊടുവിൽ ചോദിച്ചു വാങ്ങിയ ട്രാൻസ്​ഫർ ആയിരുന്നു അത്. കവരത്തി, അഗത്തി, ബംഗാരം, കടമത്ത്, അമിനി, കിൽത്താൻ... അങ്ങനെ ലക്ഷദ്വീപിലെ പല ദ്വീപുകളിലായി ചിതറിക്കിടക്കുകയാണ് 2022ൽ എന്റെ സന്തോഷങ്ങൾ.

ദ്വീപിലേക്ക് ആദ്യമായി കപ്പൽ കയറുമ്പോൾ തികച്ചും അപരിചിതമായ ഒരു സ്ഥലത്ത് ജീവിക്കാൻ പോകുന്നതിന്റെ എല്ലാ ആശങ്കകളുമുണ്ടായിരുന്നു. അവിടുത്തെ മനുഷ്യരുടെ സ്‌നേഹത്തെക്കുറിച്ചുള്ള കേട്ടറിവുകളായിരുന്നു ആകെയുള്ള ആശ്വാസം. ഒറ്റപ്പെട്ടു പോവില്ലെന്നൊരു ധൈര്യം ഉള്ളിലുണ്ടായിരുന്നു. അത് സത്യമായിരുന്നു. കപ്പലിറങ്ങിയതു മുതൽ ഓരോ കാര്യത്തിനും സഹായിക്കാൻ ചുറ്റും അപരിചിതരായ ഒരുപാട് മനുഷ്യരുണ്ടായിരുന്നു. മിണ്ടാനും പറയാനും ധാരാളം സമയമുള്ള മനുഷ്യർ. അനേകം പരിമിതകൾക്കിടയിലും സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നൊരു കുഞ്ഞുനാട്. വൈകുന്നേരം ബീച്ചിനടുത്ത് റീഫിൽ ഒരു കട്ടൻ ചായയും കുടിച്ച് ആ ചാരുകസേരയിലിരുന്നാൽ തീരാവുന്നതേയുള്ളൂ എല്ലാതരം സമ്മർദ്ദങ്ങളും ടെൻഷനുമെന്ന് തോന്നിപ്പോകുന്ന നാട്.

കഴിഞ്ഞ ഒരു വർഷം കൊണ്ട് പൂർണമായും ഒരു ദ്വീപുകാരിയായി. ദ്വീപുകാരുടെ സന്തോഷങ്ങളും സങ്കടങ്ങളും എന്റേതുകൂടിയായി. ഓണവും പെരുന്നാളും നബിദിനവും കല്യാണങ്ങളുമൊക്കെ ഞങ്ങൾ ഒരുമിച്ചാഘോഷിച്ചു. കേലാഞ്ചിയും ഇട്ട് ബെന്തതും, അപ്പൽ റോസ്റ്റും, ചൂര ഫ്രൈയും എല്ലാം ആ ആഘോഷത്തിന് മാറ്റ് കൂട്ടി. രണ്ടുവർഷം ഒഡീഷയിൽ യാതൊരു ആഘോഷങ്ങളുമില്ലാതെ ഒറ്റപ്പെട്ടു ജീവിച്ച എനിക്ക് ദ്വീപ് വല്ലാത്തൊരു ആശ്വാസമായി.

ഖത്തർ വേൾഡ് കപ്പ് അതിനെ ഒന്നുകൂടെ ശരിവെച്ചു. 2022 അവസാനിക്കുമ്പോഴും ദ്വീപിലെ വേൾഡ് കപ്പ് ആവേശം അവസാനിച്ചിട്ടില്ല. വേൾഡ് കപ്പ് വിളംബര ജാഥയിൽ തുടങ്ങി കടലിനടിയിൽ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചുകൊണ്ട് വരെ മുന്നോട്ടുപോയ ദ്വീപിലെ ഫുട്‌ബോൾ ആരവം, ഒടുവിൽ അർജന്റീന കപ്പിൽ മുത്തമിട്ടതോടെ അതിൻറെ മൂർധന്യത്തിലെത്തി.

ബ്യൂണസ് ഐറിസിലും റൊസാരിയോയിലും ജനം ആനന്ദത്താൽ ആടിത്തിമർക്കുന്ന അതേ ആവേശം തന്നെയായിരുന്നു ദ്വീപിലും. നൂറ് കണക്കിന് അർജന്റീന ആരാധകരുടെ പ്രകടനം ദ്വീപിൽ റോന്ത് ചുറ്റി. ഒരു ട്രാക്റ്ററിന്റെ മുകളിൽ കയറി അർജന്റീന ആരാധികയായ ഞാനും പ്രകടനത്തിന്റെ ഭാഗമായി. പൊതുവേ യാഥാസ്ഥിതികമായ ദ്വീപിൽ ആൺകൂട്ട ആവേശങ്ങൾക്കിടയിൽ ഒരേയൊരു പെൺകുട്ടിയായ എന്നെക്കണ്ട് പ്രകടനം കാണാൻ വന്ന റോഡരികിലെ പെണ്ണുങ്ങളൊക്കെ കൗതുകത്തോടെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വേൾഡ് കപ്പ് ആഘോഷം.

കഴിഞ്ഞ രണ്ട് വേൾഡ് കപ്പ് കാലത്തും, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലായിരുന്നു ഞാൻ, പി.ജി - പിഎച്ച്.ഡി കാലഘട്ടം. ഫാൻഫൈറ്റും വെല്ലുവിളികളും ഉറക്കമൊഴിച്ചുള്ള കളികാണലും എല്ലാം കൂടി ഹോസ്റ്റലിൽ ഒരാഘോഷം തന്നെയായിരുന്നു. അത്രയ്ക്ക് ആവേശത്തോടെ ഇനിയൊരു വേൾഡ് കപ്പ് കാണാൻ കഴിയുമെന്ന് ഒരിക്കലും കരുതിയതല്ല. അതുകൊണ്ടുതന്നെ ഇത്തവണത്തെ വേൾഡ് കപ്പിന്റെ ആവേശം ഒരു മാസം മുൻപേ തന്നെ അലയടിച്ചു തുടങ്ങിയപ്പോഴും പ്രത്യേകിച്ച് ഒന്നും തോന്നിയിരുന്നില്ല. തുടക്കത്തിലൊന്നും കളി കാണാൻ പോയില്ല. ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിക്കുന്നുണ്ടെന്ന് കേട്ടെങ്കിലും നട്ടപ്പാതിരാസമയത്ത് പെണ്ണൊരുത്തി ഈ ആൺകൂട്ടങ്ങൾക്കിടയിൽപ്പോയി ഫുട്ബാൾ കാണുന്നത് സദാചാര പ്രശ്‌നമാകുമോ എന്ന പേടി കാരണം അതിനു മെനക്കെട്ടതുമില്ല. എന്നിട്ടും അർജന്റീനയുടെ കളിയുള്ള ദിവസം പിടിച്ചുനിക്കാനായില്ല. എന്തിനും ഏതിനും കൂടെ നിക്കാൻ കട്ട ചെങ്ങായിമാരുണ്ടെങ്കിൽ വേറെന്ത് വേണം. അങ്ങനെ എല്ലാ ദിവസവും എനിക്കും കൂടി അവിടെ ഒരു സീറ്റ് റിസർവായി.

പോർച്ചുഗൽ ഫാനായ ഷമീറും, ജർമനി ഫാനായ നവാസും, ബ്രസീൽ ഫാനായ സബീലും; ഇരുവശങ്ങളിലുമിരുന്ന് ടെൻഷനടിച്ച് ശ്വാസം വിടാതെ കളി കാണുന്ന കട്ട അർജന്റീന ഫാൻസായ കേഗും നസീമും, അർജന്റീന ഗോളടിച്ചാൽ മാത്രം ഹാഫ് ടൈമിൽ കേറി വന്ന് ഷോ കാണിക്കുന്ന സാദിക്ക്, പിന്നെ ഞങ്ങളുടെ സ്വന്തം മുന്നയും സലാഹും. അങ്ങനെയങ്ങനെ എല്ലാം മറന്ന് ആർപ്പുവിളിച്ച സുന്ദര ദിനങ്ങൾ. ഫാൻഫൈറ്റും വെല്ലുവിളികളും പന്തയങ്ങളും കളിക്കുശേഷമുള്ള വിലയിരുത്തലുകളും അവസാനം കട്ടൻചായ കുടിച്ചു കൊണ്ടുള്ള യാത്ര പറച്ചിലും, ദ്വീപിലെ നല്ല ഓർമകളായി. അത്രയേറെ സമ്മർദ്ദങ്ങളിലൂടെ കടന്നുപോയ കുറേ ദിവസങ്ങൾക്കുശേഷം വീണ്ടും പ്രതീക്ഷ തന്ന സൗഹൃദങ്ങൾ.

ഫെെനൽ മത്സരം ഷൂട്ടൗട്ടിലെത്തിയപ്പോൾ ചങ്കു പൊട്ടി പ്രാർത്ഥിച്ചിരുന്ന നസീം, അവസാനം ഗോളടിച്ച് കപ്പുറപ്പിക്കുമ്പോൾ സന്തോഷം കൊണ്ട് കരയുകയായിരുന്നു. സ്വപ്നമാണോ സത്യമാണോ എന്നുപോലും തിരിച്ചറിയാതെ മതിമറന്ന ആഘോഷം.

ചുരുങ്ങിയ കാലത്തെ ദ്വീപ് ജീവിതം ഇതുപോലെ ഒരിക്കലും മറക്കാനവാത്ത ധാരാളം അനുഭവങ്ങളാൽ സമ്പന്നമാണെങ്കിലും അവയിലൂടെ മാത്രം അടയാളപ്പെടുത്താൻ കഴിയുന്നതല്ല എൻറെ ദ്വീപ് കാലം. ചരിത്രത്തിലിന്നേവരെ അനുഭവിച്ചിട്ടാല്ലാത്ത പ്രതിസന്ധികളിലൂടെയും ബുദ്ധിമുട്ടുകളിളൂടെയുമായിരുന്നു ദ്വീപ് ജനത ഈ കാലം തള്ളിനീക്കിയത്.

യാത്രാബുദ്ധിമുട്ടുകളും മതിയായ ചികിത്സ സൗകര്യങ്ങളുടെ അഭാവവും കാരണം ഇന്ന് ദ്വീപ് ജീവിതം ദുരിതപൂർണമായിരിക്കുകയാണ്. രാജ്യമാസകലം ആധുനിക യാത്രാ സൗകര്യങ്ങൾ വികസിച്ചുവരുമ്പോഴും അതിൻറെ ആവശ്യകതയെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുമ്പോഴും പ്രസവം, ശസ്ത്രക്രിയ പോലുള്ള അടിയന്തര ആവശ്യങ്ങൾക്ക് പോലും യാത്ര ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ദ്വീപ് ജനത. ചികിത്സ, ജോലി, വിദ്യാഭ്യാസം പോലുള്ള ആവശ്യങ്ങൾക്കായി കേരളത്തിൽ വരുന്നവർക്ക് തിരിച്ചുപോവാൻ സാധിക്കാതെ മാസങ്ങളോളം റൂമെടുത്ത് താമസിക്കേണ്ട ഗതികെട്ട സാഹചര്യമാണുള്ളത്.

മകളുടെ കല്യാണത്തിന് പങ്കെടുക്കാൻ നാട്ടിൽ പോവാൻ ടിക്കറ്റ് കിട്ടാത്തതിന്റെ പേരിൽ ആത്മഹത്യ ചെയ്ത ഇന്ത്യൻ റിസർവ് ബറ്റാലിയൻ ഉദ്യോഗസ്ഥൻ ഇന്നും ദ്വീപിന്റെ ഓർമകളിൽ ഒരു തീരാനോവായി അവശേഷിക്കുന്നു. ആശിച്ചുമോഹിച്ച്​ ഒരുപാട് തയ്യാറെടുപ്പുകൾ നടത്തിയ പരീക്ഷക്ക് പോവാൻ ദിവസങ്ങളോളം കപ്പൽ ടിക്കറ്റിനു വേണ്ടി ശ്രമിച്ചു കിട്ടാതായപ്പോൾ ഫ്ലൈറ്റ്​ബുക്ക് ചെയ്തിട്ട് തുടർച്ചയായി രണ്ട് ദിവസവും ഹെലികോപ്റ്റർ ഇല്ലാത്തതിനാൽ സമയത്തിന് അഗത്തി എയർപോർട്ടിലെത്താൻ സാധിക്കാതെ ഫ്ലൈറ്റ്​ മിസ്സായി പരീക്ഷ എഴുതാൻ കഴിഞ്ഞില്ല എന്നത് എന്റെ മാത്രം കഥയല്ല. എല്ലാത്തരം പ്രതീക്ഷകളെയും സ്വപ്നങ്ങളെയും തല്ലിക്കെടുത്തി പൂർണമായും അനിശ്ചിതത്വത്തിൽ ജീവിക്കേണ്ടവരായി മാറിയ ഒരു ജനവിഭാഗമാണിന്ന് ദ്വീപ്ജനത. ഇപ്പോൾ ഞാനും ആ അനിശ്ചിതത്വത്തിന്റെ ഭാഗമാണ്.

അധികമാരും ശ്രദ്ധിക്കപ്പെടാതെ മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ടുപോയ ദ്വീപ് സമൂഹം തങ്ങളുടേതായ ഇടം കണ്ടെത്താൻ എന്നും ശ്രമിച്ചിരുന്നു. അത് കൊണ്ട് തന്നെയാണ് പ്രഗത്ഭരായ നിരവധി കലാകാരൻമാരുടെയും കായികതാരങ്ങളുടെയും ഇടം കൂടിയായി ലക്ഷദ്വീപ് മാറിയത്. പരിമിതമായ സാഹചര്യങ്ങൾക്കൊണ്ടും അവസരങ്ങൾക്കൊണ്ടും പലപ്പോഴും ആ കഴിവുകളൊന്നും ദ്വീപിനപ്പുറത്തേക്ക് വെളിച്ചം കാണാറില്ല. അത്യപൂർവമായി മുബസ്സിനയെപ്പോലെ ചിലരെങ്കിലും ലക്ഷദ്വീപ്ന്റെ പേര് ലോകത്തിനു മുൻപിൽ അടയാളപ്പെടുത്തി. കുവൈത്തിൽ നടന്ന ഏഷ്യൻയൂത്ത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മുബസ്സിന വെള്ളിമെഡൽ നേടിയപ്പോൾ ദ്വീപുകാർക്കൊപ്പം തന്നെ ഞാനും വാനോളം അഭിമാനം കൊണ്ടു. 36 വർഷത്തിന് ശേഷം അർജന്റീന വേൾഡ് കപ്പ് നേടിയതിന്റെ ആവേശത്തിനൊപ്പം തന്നെ 24വർഷത്തിന് ശേഷം ലക്ഷദ്വീപ് സ്കൂളിൽ ഗെയിംസിൽ കവരത്തി കപ്പെടുത്തതിന്റെ ആഘോഷവും ഞങ്ങൾ ഒരുമിച്ചു കൊണ്ടാടി.

ദ്വീപിലെ ഏറ്റവും മനോഹരമായ കാഴ്ച വൈകുന്നേരങ്ങളിൽ വീട്ടുജോലികളൊക്കെ കഴിഞ്ഞു വീട്ടമ്മമാരെല്ലാം കൂടി ബീച്ചിലിരുന്ന് സൊറ പറയുന്ന കാഴ്ചയാണ്. എല്ലാ ദിവസവും എല്ലാ തിരക്കുകൾക്കിടയിലും തങ്ങളുടേതായ കുറച്ചു സമയമെങ്കിലും അവർ ഇതിനുവേണ്ടി മാറ്റി വെക്കുന്നുണ്ട്. സന്തോഷം തരുന്ന കാഴ്ചകൾ. നമ്മുടെ നാട്ടിലൊന്നും കണ്ട് ശീലമല്ലാത്തത് കൊണ്ടാവാം അത്. തൊട്ടപ്പുറത്ത് തന്നെ വട്ടം കൂടി കഥ പറഞ്ഞിരിക്കുന്ന കുറേ ഉപ്പാപ്പമാരെയും കാണാം. തങ്ങളുടെ ജീവിതസയാഹ്നങ്ങളെ മനോഹരമാക്കുന്ന കുറേ മനുഷ്യർ....

ഇന്ത്യയുടെ മാപ്പിൽ പോലും വ്യക്തമായി അടയാളപ്പെടുത്താത്ത ഈ ഇന്ത്യൻ ഭൂപ്രദേശം സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും ഒരു കൊച്ചു തുരുത്താണ്. പരിമിതികൾക്കിടയിലും ജീവിതം ആഘോഷമാക്കുന്ന പുതിയ സ്വപ്നങ്ങൾ കാണുന്ന നിഷ്‌കളങ്കരായ കുറെയേറെ മനുഷ്യരുടെ തുരുത്തിൽ നിന്നും പുതുവത്സരാശംകൾ.

Comments