സച്ചി

എന്റെ സംവിധായകാ;
ഈ ജീവിതം ഇടവേളയില്ലാത്ത രാത്രിയാണ്

ചെയ്തുകൊണ്ടിരുന്ന സിനിമകളിലൊന്നും അവന്റെ മനസ്സിലെ നല്ല സിനിമയില്ലായിരുന്നു. ഓരോ സിനിമയും സാമ്പത്തികമായി വിജയിക്കുമ്പോഴും നല്ല വാക്കുകൾ പറയാൻ ഞാൻ മടിച്ചു. നിന്റെ സിനിമ വന്നിട്ടില്ല, ഇതുകൊണ്ടൊന്നും മലയാള സിനിമ നിന്നെ അടയാളപ്പെടുത്തില്ല എന്നൊക്കെ ഞാൻ പറഞ്ഞു; അയ്യപ്പനും കോശിയും വരുന്നതുവരെ. സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച്​ സഹോദരിയുടെ ജീവിതക്കുറിപ്പ്​

ഭൂമിയിലുള്ളിടത്തോളം ഉള്ളിൽ നീറുന്ന ഒരു കനലായിരിക്കും ആകസ്മികമായ ഈ ‘cut' പറച്ചിൽ. ചുറ്റും നിരന്തരം മരണം മണത്തുകൊണ്ടിരുന്ന മഹാമാരിക്കാലത്തു തന്നെയാണ് ഷിബുവിനെയും (അങ്ങനെയാണ് സച്ചിയെ ഞങ്ങൾ വിളിക്കുന്നത്) കാലം വിളിച്ചുകൊണ്ടുപോയത്.

മരണം എന്ന യാഥാർത്ഥ്യത്തോട്​ പൊരുത്തപ്പെടുക എന്നത് എപ്പോഴെങ്കിലും എല്ലാ ജീവിതത്തിലും നേരിടേണ്ടതുതന്നെ. എന്നാൽ കളം നിറഞ്ഞു കളിച്ചുകൊണ്ടിരുന്ന ഒരു കളിക്കാരനെ, ഫിനിഷിംഗ് പോയിൻറിലേക്കടുക്കുന്ന ഒരു ഓട്ടക്കാരനെ ട്രാക്കിൽ നിന്ന്​ പുറത്താക്കിയ പോലെ, നിറയെ പൂത്തുനിന്ന ഒരു പഴത്തോട്ടത്തെ കായ്ക്കാൻ കാത്തുനിൽക്കാതെ കടലെടുത്തതുപോലെ...
അല്പസമയം കൂടി അനുവദിച്ചിരുന്നെങ്കിൽ സഫലമാകും എന്നുറപ്പുള്ള ഒരു സഞ്ചാരത്തിന്റെ ഒടുവിലത്തെ മാത്രയിൽനിന്നൊരു വീഴ്​ച.

ഞങ്ങൾ ഒരുമിച്ച് ചിന്തിച്ചു. സ്വപ്നങ്ങൾ കണ്ടു. അന്നൊന്നും എനിക്കായിട്ട് ഒരു സ്വപ്നവും ഉണ്ടായിരുന്നില്ല. അവന്റെ സ്വപ്നങ്ങൾ തന്നെയായിരുന്നു എന്റെയും. ഹൈസ്‌കൂളിലായിരിക്കുമ്പോൾ തന്നെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിക്കാൻ പോകുന്നതിനെക്കുറിച്ചൊക്കെ പറയുമായിരുന്നു.

ഇത്രയധികം സഹിച്ചു, അശ്രാന്തമായി പരിശ്രമിച്ചു, കാത്തിരുന്നു,
ഇനിയുമെത്രയോ ചെയ്യാനുള്ള പ്രതിഭയും പ്രാപ്തിയുമുണ്ടായിരുന്നു.
എന്നിട്ടും അവന്റെ ആഗ്രഹങ്ങളൊന്നും പ്രാവർത്തികമാക്കാൻ കാലം അനുവദിച്ചില്ലല്ലോ...

അച്ഛൻ, ഞങ്ങളുടെ ഹൈസ്‌കൂൾ കാലത്തേ മരിച്ചു. ഞങ്ങളെക്കാൾ മൂത്ത രണ്ട് സഹോദരന്മാരുടെ അധ്വാനം കൂടി ചേർന്നിട്ടാണ് വീട്ടുകാര്യങ്ങൾ നടന്നു പോയിരുന്നത്. എല്ലാവരും കഴിയുന്നത്ര പഠിക്കണം എന്നായിരുന്നു അമ്മക്ക്.
അമ്മയുടെ ഭാഗത്തു നിന്ന്​ കഴിയുന്നത്ര ശ്രമം അതിനായി ഉണ്ടായിരുന്നു. തികച്ചും അശരണവും അരക്ഷിതവുമായ ബാല്യ കൗമാര യൗവ്വനാരംഭങ്ങളായിരുന്നു ഞങ്ങളുടേത്. വളരെ നേരത്തെ, ഞങ്ങൾ കൂടപ്പിറപ്പുകൾ അക്ഷരങ്ങളുടെ ലോകത്തേക്ക് ഏറ്റെടുക്കപ്പെട്ടു. പാരമ്പര്യമായി തന്നെ നേത്രരോഗികളായിരുന്നു ഞങ്ങളുടെ കുടുംബം. കൂടെ ഒരു ആക്‌സിഡന്റു കൂടിയായപ്പോൾ അച്ഛന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടു. അച്ഛന് പത്രവായന നിർബന്ധമായിരുന്നു. കഷ്ടിച്ച് അക്ഷരം ഉറച്ചു തുടങ്ങുമ്പോഴേക്കും അച്ഛൻ ഞങ്ങളെക്കൊണ്ട് പത്രം വായിപ്പിക്കും. ഏറ്റവും ഭാരമേറിയ ഒരു നിത്യജോലിയായിരുന്നു അന്നത്.

സജിത കെ.ആർ, സച്ചി

അച്ഛന് ആശാൻ, വള്ളത്തോൾ, ഉളളൂർ, മേരി ജോൺ തോട്ടം എന്നിവരുടെ കവിതകളൊക്കെ കാണാപാഠമായിരുന്നു. അച്ഛന്റെ പ്രിയപ്പെട്ട കവി ആശാൻ ആയിരുന്നു. മിക്കവാറും എല്ലാ കവിതകളും കാണാപാഠം ചൊല്ലുമായിരുന്നു, പ്രത്യേകിച്ചും ചിന്താവിഷ്ടയായ സീതയുടെ അവസാന വരികൾ വല്ലാത്തൊരു ഭാവത്തോടെ പലയാവർത്തി ചൊല്ലുന്നത് കേട്ടിട്ടുണ്ട്. ആ വരികളുടെ അർഥവും ഗാംഭീര്യവും മനസ്സിലാക്കാൻ പിന്നെയും കുറെക്കാലമെടുത്തു.

കമ്പരാമായണം കാണാപാഠം ചൊല്ലിയിരുന്നു. കമ്പരാമായണം ആയിരുന്നു അതെന്ന് മനസ്സിലാക്കാനും കാലമെടുത്തു. ഇ.എം.എസിനെയും നെഹ്‌റുവിനെയും അച്ഛന് ഇഷ്ടമായിരുന്നു. മദൻമോഹൻ മാളവ്യ, രാംമനോഹർ ലോഹ്യ എന്നിവരുടെ അഭിപ്രായങ്ങൾ ഒരു ചെറുസദസ്സിനോടെന്നതുപോലെ അച്ഛൻ ഒറ്റയ്ക്കിരുന്ന് ദീർഘമായി സംസാരിക്കുമായിരുന്നു. പിന്നീട് കാലമേറെ കഴിഞ്ഞാണ് അവരുടെയെല്ലാം വലിപ്പം മനസ്സിലാക്കിയത്. അപ്പോഴാണ് മരിച്ചു പോയ ആളുടെ വലിപ്പവും മനസ്സിലായത്.

ആ കാലത്ത് ഏറ്റവും അരോചകമായിരുന്നു ആ വർത്തമാനങ്ങൾ.
ഒരു അവധൂതനെ പോലെ, നാടോടിയെ പോലെ ജീവിച്ച ഒരാളെ അന്ധത ബാധിച്ചപ്പോൾ ആ വർത്തമാനങ്ങളായിരുന്നു അത്രയെങ്കിലും ജീവിപ്പിച്ചത് എന്ന് തിരിച്ചറിയാൻ പിന്നെയും ഒരുപാടുകാലമെടുത്തു.

21 വയസ്സുള്ളപ്പോഴാണ് അവൻ ആദ്യമായി തിരക്കഥയെഴുതുന്നത്. ഒ.വി വിജയന്റെ കടൽത്തീരത്ത് എന്ന കഥയായിരുന്നു അത്.

വല്യേട്ടൻ സോവിയറ്റ് യൂണിയൻ മാസിക വരുത്തിയിരുന്നു. റഷ്യയിൽ നിന്ന്​വിവർത്തനം ചെയ്ത് വന്നിരുന്ന കഥകളും നോവലുകളും ഞങ്ങൾക്ക് വായിക്കാൻ കിട്ടി. വല്യേട്ടൻ സ്‌കൂളിൽ നിന്ന്​ കൊണ്ടുവന്ന കഥാപുസ്തകങ്ങൾ രാത്രി അത്താഴം കഴിഞ്ഞ്​ ഉറക്കെ വായിച്ചുകേൾപ്പിച്ചിരുന്നു. പിന്നീട് കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി ലൈബ്രറിയിൽ നിന്ന്​ പുസ്തകങ്ങൾ കൊണ്ടുവരും. അമ്മയാണെങ്കിൽ മംഗളം, മനോരമ, പൗരധ്വനി എന്നിവയുടെ വായനക്കാരിയായിരുന്നു. ചേട്ടൻ വഴി ചിത്രഭൂമിയും നാനയും സ്ഥിരമായി വീട്ടിലെത്തിയിരുന്നു.
ഞങ്ങളാകട്ടെ കിട്ടുന്നതെല്ലാം വായിച്ചു.

വായനയുടെ ആദ്യ കാലത്ത് തളിരും ബാലരമയും പൂമ്പാറ്റയും ഞങ്ങളിൽ ഒരാൾ വായിക്കുകയും മറ്റൊരാൾ കേൾക്കുകയും ചെയ്തു. ഹൈസ്‌കൂളിലായതോടെ കുറച്ചു കൂടി ഗൗരവത്തോടെ വായിക്കാൻ തുടങ്ങി. സമീപ ലൈബ്രറികളിൽ അംഗത്വം എടുക്കുകയും പുസ്തകങ്ങൾക്കായി വായിക്കുന്ന സുഹൃത്തുക്കളെ ആശ്രയിക്കാനും തുടങ്ങി. വായിക്കുന്ന പുസ്തകങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു.

13 വയസ്സ് ആകുന്നതോടെ അവൻ കവിതയെഴുതാൻ തുടങ്ങി.
സ്‌കൂൾ കാലത്ത് ധാരാളം സമ്മാനം കിട്ടിയിട്ടുണ്ട്. ഡിഗ്രി രണ്ടാം വർഷം വരെ മാത്രം കോളേജ് മാഗസിനിൽ കവിതകൾ പ്രസിദ്ധീകരിച്ചു. പിന്നീട് ഒന്നും പ്രസിദ്ധീകരിക്കാൻ ശ്രമിച്ചിട്ടില്ല. പക്ഷെ എഴുത്ത് അനസ്യൂതം തുടർന്നു. 20 വയസ്സ് വരെ കവിത പോലെ എന്തോ ആണ് എഴുതുന്നത് എന്ന തോന്നലുണ്ടായിരുന്നു. എഴുതിയതിനുശേഷം വായിക്കുകയും തിരുത്തുകയും ചെയ്തു. 14 വയസ്സു മുതൽ എഴുതുന്നത് മുഴുവൻ ഞാൻ പുറകെ നടന്ന്​ പെറുക്കി സൂക്ഷിച്ചു.

സച്ചി, അനാർക്കലിയുടെ ചിത്രീകരണത്തിനിടെ.

ഞങ്ങൾ ഒരുമിച്ച് ചിന്തിച്ചു. സ്വപ്നങ്ങൾ കണ്ടു. അന്നൊന്നും എനിക്കായിട്ട് ഒരു സ്വപ്നവും ഉണ്ടായിരുന്നില്ല. അവന്റെ സ്വപ്നങ്ങൾ തന്നെയായിരുന്നു എന്റെയും. ഹൈസ്‌കൂളിലായിരിക്കുമ്പോൾ തന്നെ പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിക്കാൻ പോകുന്നതിനെക്കുറിച്ചൊക്കെ പറയുമായിരുന്നു. നടക്കാത്ത സുന്ദര സ്വപ്നങ്ങളായി ഞാൻ ആശയോടെ കേട്ടുകൊണ്ടിരിക്കും.

21 വയസ്സുള്ളപ്പോഴാണ് അവൻ ആദ്യമായി തിരക്കഥയെഴുതുന്നത്. ഒ.വി വിജയന്റെ കടൽത്തീരത്ത് എന്ന കഥയായിരുന്നു അത്. ഒരു വരി, എന്തെഴുതിയാലും ഞാനാണ് ആദ്യം വായിക്കുക. എൽ.എൽ.ബിക്ക്​ ചേർന്നപ്പോഴും പിന്നീട് ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയപ്പോഴും കവിതയെഴുത്ത് തുടർന്നു. വരുന്നത് കയ്യിൽ കിട്ടുന്ന കടലാസിൽ എഴുതിക്കളയുക എന്നതായിരുന്നു രീതി. കേസ് പഠിക്കുമ്പോഴും തിരക്കഥ എഴുതുമ്പോഴും ഇത് ചെയ്തുകൊണ്ടിരുന്നു. ശ്വസിക്കുന്നതുപോലെ ആയാസരഹിതമായ ഒരു സ്വാഭാവിക പ്രക്രിയ.

ഞാനെന്റെ ജീവിതവും ജോലിയുമൊക്കെയായി പറിച്ചുനടപ്പെട്ടപ്പോഴും വീട്ടിൽ ചെന്നാൽ അവനിരിക്കുന്ന സ്ഥലത്ത് പരതി കിട്ടുന്നതെല്ലാം എടുത്തുവച്ചു. 15 വയസ്സു മുതൽ സ്വപനം കണ്ടിരുന്നു അവന്റെ പേരിൽ ഒരു കവിതാസമാഹാരം. പ്രസിദ്ധീകരിക്കുന്നത് അന്നൊന്നും അത്ര എളുപ്പമായിരുന്നില്ല. പിന്നീട് പ്രസിദ്ധീകരിക്കേണ്ടതില്ല എന്ന നിലപാടിലായിരുന്നു.

‘അയ്യപ്പനും കോശിയും’ റിലീസായശേഷം, സെലക്ട് ചെയ്ത് കവിതകൾ നമുക്ക് പ്രസിദ്ധീകരിക്കാം എന്ന് എന്നോട് പറഞ്ഞിരുന്നു. എടുത്തുവച്ചവയിൽ 95 ശതമാനവും നഷ്ടപ്പെട്ടുപോയി. കിട്ടിയതിൽ നിന്ന്​ കുറേയെടുത്ത്​ കഴിഞ്ഞ ഡിസംബർ 25ന് ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു- ആത്മസംവാദത്തിന്റെ ശിഷ്ടം.

ആ പേരിൽ തന്നെ പതിനേഴാമത്തെ വയസ്സിൽ ഒരു കവിത എഴുതിയിരുന്നു. ഒരുപക്ഷേ എഴുതിയതിൽ വച്ച് ഏറ്റവും ദീർഘമായ കവിത അതായിരിക്കും. അതൊരു പ്രഖ്യാപനം തന്നെയായിരുന്നു. ഒരു കവി എന്നതിനേക്കാൾ ഒരു കവിതയായി കാണാനാണ് ഇഷ്ടം എന്നും കവിതയാകാൻ തന്നെയാണ് തീരുമാനം എന്നും അവൻ എഴുതി.

‘സച്ചി: ആത്മസംവാദത്തിന്റെ ശിഷ്​ടം’ എന്ന പുസ്​തകം കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ വൈശാഖൻ, ബി.കെ. ഹരിനാരായണന്​ നൽകി പ്രകാശനം ചെയ്യുന്നു. സച്ചിയുടെ ഭാര്യ സിജി സച്ചി, സജിത കെ.ആർ. എന്നിവർ സമീപം

‘ജീവിച്ചിരിക്കുമ്പോൾ മനുഷ്യൻ തനിച്ചാണ്’ എന്ന് എഴുതി. ‘ദേശാടനം കഴിഞ്ഞെത്തിയ കാറ്റ് എന്നെ വിളിക്കുമ്പോൾ ഉലഞ്ഞ് പോകുന്നത് കാടുകളാണ്’ എന്നും, ‘കുന്നുകളിലേക്കും പഴ മരങ്ങളുടെ മധുരം നിറഞ്ഞ തണലുകളിലേക്കും ഞാൻ ചിറകു നീർത്തുക തന്നെ ചെയ്യും’ എന്നും എഴുതി.

ആ പേനയിൽ നിന്നൊഴുകിവീണതെല്ലാം മഹത്തായ കവിതയാണ് എന്ന അഭിപ്രായമൊന്നും എനിക്കില്ല. പക്ഷേ, അത് സർഗ്ഗശേഷിയുടെ അപ്രതിരോധ്യമായ ഒരു പ്രവാഹമായിരുന്നു. എന്തിന്റെയോ ഒക്കെ മുകളിൽ അടയിരുന്നതിന്റെ ചൂട് ആ വാക്കുകൾക്കുണ്ട്.

സച്ചി ആഗ്രഹിച്ച, സച്ചിയുടെ സിനിമയിലേക്കുള്ള യാത്രയായിരുന്നു നാം കണ്ട സച്ചി സിനിമകൾ. ചോക്ലേറ്റ് കഴിഞ്ഞ സമയത്തുതന്നെ എന്നോട്​ ​ഡ്രൈവിങ്​ ലൈസൻസ്​ പോലെ ഒരു കഥ പറഞ്ഞിരുന്നു. ചെയ്തുകൊണ്ടിരുന്ന സിനിമകളിലൊന്നും അവന്റെ മനസ്സിലെ നല്ല സിനിമയില്ലായിരുന്നു. ‘മറ്റുള്ളവരുടെ പണം കൊണ്ട് ഞാൻ എന്റെ മനസ്സുഖത്തിന് സിനിമ ചെയ്യില്ല, ശരിക്കും എന്റെ സിനിമ ഞാൻ എന്റെ കാശുകൊണ്ട് മാത്രേ ചെയ്യൂ’ എന്ന് പറഞ്ഞിരുന്നു. ഓരോ സിനിമയും സാമ്പത്തികമായി വിജയിക്കുമ്പോഴും സിനിമയെക്കുറിച്ച് നല്ല വാക്കുകൾ പറയാൻ ഞാൻ മടിച്ചു. നിന്റെ സിനിമ വന്നിട്ടില്ല, ഇതുകൊണ്ടൊന്നും മലയാള സിനിമ നിന്നെ അടയാളപ്പെടുത്തില്ല എന്നൊക്കെ ഞാൻ പറഞ്ഞു; അയ്യപ്പനും കോശിയും വരുന്നതുവരെ.

പൃഥ്വിരാജ്, സച്ചി, ബിജു മേനോൻ - അയ്യപ്പനും കോശിയും സിനിമയുടെ ലൊക്കേഷനിൽ

‘നീ നോക്കിക്കോ, ഇനി വരാൻ പോകുന്നത്’ എന്ന്​ ആ സമയത്തൊരിക്കൽ പറഞ്ഞു.
ശരിയായിരുന്നു, ഇനി സച്ചി പറയുന്ന ഏതു കഥയും സിനിമയാക്കാൻ ആളുണ്ടായിരുന്നു. ആഗ്രഹിച്ച സിനിമകൾ ചെയ്യാനുള്ള ഇരിപ്പിടം സ്വന്തമാക്കിയിരുന്നു. അവൻ തന്നെ എവിടെയോ എഴുതിയിട്ടതുപോലെ, ‘വരാൻ പോകുന്നത് എത്രമാത്രം അവിശ്വസനീയ വസന്ത' മായിരുന്നു!
സച്ചിയുടെ മനസ്സിലെ മികച്ച സിനിമകളെക്കുറിച്ച് വിശദമായി തന്നെ എനിക്ക് അറിയാമായിരുന്നു എന്നതുകൊണ്ട്, ആ വാക്കുകൾ സത്യമാകാൻ സാധ്യതയുണ്ടായിരുന്നു.

എഴുതിയ തിരക്കഥകൾ വീട്ടിൽ ചെല്ലുമ്പോൾ എന്നെ വായിച്ചുകേൾപ്പിക്കും. ഒരു പുതിയ സബ്ജക്റ്റ് കിട്ടിയാൽ ആവേശത്തോടെ പാതിരാക്കായാലും വിളിച്ച്​ അതിന്റെ കഥ പറയും. എന്തെങ്കിലും സീനുകൾ മാറ്റിയെഴുതുമ്പോൾ പാതിരാക്കും പുലർച്ചയ്ക്കുമൊക്കെ വിളിച്ച്​ വായിച്ചുകേൾപ്പിക്കും.

സ്‌നേഹിക്കുന്ന കാര്യത്തിൽ ധൂർത്തനായിരുന്നു. ചുറ്റുമുള്ള എല്ലാവരെയും സ്‌നേഹിച്ചു. സ്‌നേഹിക്കപ്പെടുന്നവർക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു എന്ന് പറയുന്നതാവും ശരി.

ഏത് പാതിരാത്രിക്കും വീടിനുമുന്നിലൂടെ കടന്നുപോകുമ്പോൾ കോളിംഗ് ബെൽ അടിക്കാതെ വാതിൽ തല്ലിത്തുറപ്പിച്ച് ദർശനം തന്നു.
മൂകാംബിയിൽ നിന്നാണ്, ദുബായിൽ നിന്നാണ് എന്നൊക്കെ പറഞ്ഞ്​ വിളിക്കും. അത്​ ഫോണിൽ നിന്നാണോ അടുത്തുനിന്നാണോ എന്ന് ശങ്കിച്ച് നോക്കുമ്പോൾ മുന്നിലോ പിന്നിലോ പ്രത്യക്ഷപ്പെട്ട് എന്നെ അത്ഭുതപ്പെടുത്തും. ഓണം, വിഷു, ക്രിസ്​മസ്​ ആവുമ്പോൾ തുടങ്ങും വിളി, നീ വരുന്നില്ലേ, എപ്പോ എത്തും, പുറപ്പെട്ടോ എന്നൊക്കെ ചോദിച്ച്.
എത്തുന്നതുവരെ സ്വൈര്യം കെടുത്തുന്ന വിളികളാൽ കാതുനിറയും.

സ്‌നേഹിക്കുന്ന കാര്യത്തിൽ ധൂർത്തനായിരുന്നു. ചുറ്റുമുള്ള എല്ലാവരെയും സ്‌നേഹിച്ചു. സ്‌നേഹിക്കപ്പെടുന്നവർക്ക് അത് അനുഭവിക്കാൻ കഴിഞ്ഞു എന്ന് പറയുന്നതാവും ശരി. ചിലപ്പോഴൊക്കെ താങ്ങാനാവാത്ത വിധം സ്‌നേഹിച്ചു.

എനിക്ക് വിശ്വസിക്കാനേ കഴിയുന്നില്ല; ഈ ലോകത്ത് ഇല്ല എന്ന്​.
ഫോണിന്റെ അങ്ങേ തലക്കൽ നിന്ന് ‘അജീ’ എന്ന ഒരു വിളി, പാതിരാത്രിക്ക് വാതിൽ പടപടാ എന്നടിച്ചു കൊണ്ടുള്ള വരവ് ഞാനിപ്പോഴും പ്രതീക്ഷിക്കും.

മഴ പെയ്യുമ്പോൾ ജനൽ തുറന്ന്​, ഉച്ചത്തിൽ സകല ഭാവങ്ങളും ആവാഹിച്ച് കവിത ചൊല്ലുന്നത്​ എന്നും ഹരമായിരുന്നു.
​2018ലാണെന്നാണ്​ ഓർമ. ഒരു ദിവസം വീട്ടിലെത്തി. ആൾ ‘ആശാന്റെ സീതാകാവ്യ’ത്തിലാണ്. കൈയുയർത്തി ഓരോ വാക്കും വരിയും പറയുന്നു...​ ‘പ്രിയരാഘവ ഉയരുന്നു ഭുജശാഖ വിട്ടു ഞാൻ.. '.
ആ സമയത്ത് ശരിക്കും ഞാൻ അച്ഛനെ ഓർത്തു.
കവിത ചൊല്ലുന്നത് എന്നും ഹരമായിരുന്നു.
കടമ്മനിട്ട, ചുള്ളിക്കാട്, ഒ.എൻ.വി, മധുസൂദനൻ നായർ എന്നിവരുടെ കവിതകൾ കാണാപാഠമായിരുന്നു. സിനിമാപാട്ടും പാടും. ഇന്ത്യയിലെ പ്രധാന സംഗീതജ്ഞരുടെ പാട്ടുകൾ കേൾക്കും. സംഗീതത്തെക്കുറിച്ച് ജ്ഞാനമുണ്ടായിരുന്നു. അവരുടെ ജീവിതവും അവന്​ താല്പര്യമുള്ള വിഷയമായിരുന്നു.

ഏത് ആൾക്കൂട്ടത്തിലും അവൻ തനിച്ചായിരുന്നു. അതിഭയങ്കരമായ ഏകാന്തത എപ്പോഴും അനുഭവിച്ചുകൊണ്ടിരുന്നു. എഴുതിയിട്ട എല്ലാ വരികളിലും അത് തിളച്ചുനിന്നു. വൈകാരികമായ ഒരു അരക്ഷിതാവസ്ഥ (emotional insecurity) എപ്പോഴും അവനെ ചൂഴ്​ന്നുനിന്നു. അതുകൊണ്ടുതന്നെ എല്ലായിപ്പോഴും സുഹൃത്തുക്കൾക്കിടയിൽ കഴിയാനിഷ്ടപ്പെട്ടു.

ഭാര്യ സിജിക്കൊപ്പം സച്ചി

സിജി ജീവിതത്തിലേക്ക് കടന്നുവന്നതോടെയാണ് ഈ അവസ്ഥയ്ക്ക് മാറ്റംവന്നത്. ഏറ്റവും സമാധാനത്തോടെയും സ്വസ്ഥതയോടെയും കാണപ്പെട്ടത് അവൾ കൂടെയുള്ള അവസാന നാളുകളിലാണ്. ഇനി ഞാൻ രണ്ടുകൈകൊണ്ടും എഴുതാൻ പോകുന്നു എന്നാണ് ആ സമയത്ത് പറഞ്ഞത്.
ഒന്നും നടന്നില്ല.

ഒരു ജിം ട്രെയിനർ, ട്രെയിൻ ചെയ്യുന്നതിനിടയിൽ ഭാരമെടുത്ത്​ ഇരുന്നപ്പോഴോ നിവർന്നപ്പോഴോ മറ്റോ പറ്റിയതാണ് ഇടുപ്പിലെ ഇടർച്ച.
ഭയങ്കര വേദനയായി, പിന്നെ ചികിത്സിച്ച്​ മാറ്റി.
ഒരു മാസത്തിനുള്ളിൽ തന്നെ മല കയറിയപ്പോൾ വീണ്ടും എണീക്കാൻ വയ്യാതായി. കുറച്ചു ദിവസം ആശുപത്രിയിൽ കിടന്നു.
മാറിയെങ്കിലും പിന്നെ ഇടയ്ക്കിടയ്ക്ക് അലട്ടാൻ തുടങ്ങി.
തുടർച്ചയായ വേദനയായി മാറി.
കേരളത്തിലെ മിക്കവാറും ആയുർവേദ ഉഴിച്ചിൽ കേന്ദ്രങ്ങളിലും ചികിത്സിച്ചു, നാലുവർഷത്തോളം.
പലപ്പോഴും വേദനകൊണ്ട് പുളയുമായിരുന്നു. നടക്കാൻ വയ്യായിരുന്നു.
രാത്രി ഉറങ്ങാനാവാതെ എഴുന്നേറ്റിരുന്നു.

ഒടുക്കം സർജറി ചെയ്യാൻ തീരുമാനിച്ചു.
ഒന്നാമത്തെ ഓപ്പറേഷൻ വിജയകരമായി നടന്നു.
ഒരു മാസത്തിനുശേഷം അടുത്തത്.
വേണ്ടായിരുന്നു... മൂന്നുമാസം കഴിഞ്ഞിട്ട് മതിയായിരുന്നു.

അറിയില്ല, എന്ത് ചെയ്താലാണ്​, ചെയ്യാതിരുന്നാലാണ് ഇപ്പോഴും നമ്മോടൊപ്പമുണ്ടാവുക?
അറിയില്ല...

ജൂൺ അഞ്ചിനായിരുന്നു അവസാന ആഘോഷം.
സച്ചിയുടെ ദർബാറിൽ സദിര് രാജാവും ഗായകനും ഒഴിച്ചുകൊടുക്കുന്നവനും ഒരാൾ തന്നെ.

കാളിദാസന്റെ കഥ സിനിമയാക്കുന്നതിനെക്കുറിച്ച് ഞാൻ അവനോട് ചോദിച്ചിരുന്നു. ആ സമയത്ത് റഫറൻസ്​ എടുക്കാൻ എന്നെ ഏൽപ്പിച്ചു.
‘എന്റെ കാളിദാസൻ ഇങ്ങനെയാണ്, അങ്ങനെയാണ്’ എന്നുപറഞ്ഞ്​ ഞങ്ങൾ തർക്കിച്ചു.
മലയാളത്തിൽ ചെയ്യാം, തമിഴിൽ ചെയ്യാം... അവസാനം ഹിന്ദിയിൽ ചെയ്യാൻ തീരുമാനിച്ചു.
അമീർ ഖാൻ കാളിദാസൻ!
കാര്യങ്ങൾ തീരുമാനമായി.
അവസാന സിനിമാചർച്ച.

അപ്രതിരോധ്യമായ കാറ്റ് പ്രതീക്ഷിക്കാതെ കടന്നെത്തുന്നു, പായ്​മരം മുറിയുന്നു, ഒട്ടേറെപ്പേരെ സമുദ്രം കയ്യേൽക്കുന്നു, അനുക്രമമായ ശിഥില താളം നിരന്തരമായ സ്വരഛേദം മേൽസ്ഥായിയിൽ ഒരു മുറിവ് വീണ്ടും കീഴ്സ്ഥായിയിൽ നിന്നാവർത്തിക്കുന്ന തേങ്ങലുകളുടെ സാഗരവാദ്യം

സംവിധായകാ... ഈ സംഗീതം ഇടവേളയില്ലാത്ത രാത്രിയാണ്. ഭേദിക്കപ്പെട്ട ഹൃദയം പ്രാക്തനമായ ഒടുങ്ങാത്ത മുറവിളി...

സച്ചി 17ാം വയസ്സിലെഴുതിയ‘ഒരു ആത്മ സംവാദത്തിന്റെ ശിഷ്ടം’
എന്ന കവിത

കവി എന്നതിനേക്കാൾ ഒരു കവിതയാകാനാണ് എനിക്കിഷ്ടം അകാലത്തിൽ നിലച്ചു പോകുന്ന അപൂർണ്ണതയുടെ പരുഷ സൗന്ദര്യമുള്ള ഉള്ള ഒരു കവിത

വിയോഗങ്ങളുടെയും നഷ്ടപ്പെടലുകളുടെയും അമൂർത്ത ബിംബങ്ങൾ ആണ് അവയിലെ മൂലകങ്ങൾ എല്ലാം ഉപേക്ഷിച്ച് കടലിലെ സൂര്യനോട് മത്സരിക്കുന്ന കിളിയുടെ അലിഞ്ഞു പോകുന്ന ചിറകടിയുടെ തകർന്ന താളമാണ് അതിന് നിരാസങ്ങളുടെ നൈരന്തര്യം പിന്തുടരുന്ന വർണ്ണ രഹിതമായ ആയ ഭാവമായിരിക്കും അതിന് ഉണ്ടാവുക അതിന്റെ എക്കാലത്തേക്കുമുള്ള സമർപ്പണം മരിച്ചവർക്കായിരിക്കും പകർപ്പവകാശം ജീവിച്ചിരിക്കുന്നവർക്കും വായനക്കാർ എല്ലാം അതിജീവിക്കുന്ന ചരാചരങ്ങളും

ഞാൻ ആരെയാണ് വിശ്വസിക്കേണ്ടത് ആരെയാണ് ആശ്രയിക്കേണ്ടത് അറിയില്ല ജീവിച്ചിരിക്കുവോളം മനുഷ്യർ തനിച്ചാണെന്നാണ് എന്റെ സായാഹ്ന വെളിപാട്

അങ്ങിനെയെങ്കിൽ നിങ്ങൾ എന്തിനാണ് എന്നെ ബുദ്ധിമുട്ടിക്കുന്നത്

ദൈവത്തെക്കുറിച്ച് ചോദിക്കരുത് അതിനേക്കാൾ നല്ലത് മഴപെയ്യുമ്പോൾ ദുഃഖിക്കുന്ന മരങ്ങളെ അന്വേഷിക്കുന്നതാണ് അതിനേക്കാൾ നല്ലത് കണ്ണാടിയോട് കയർക്കുകയാണ്

നിങ്ങൾ എന്തിനാണ് ഇടയ്ക്കിടെ നെടുവീർപ്പിടുന്നത് പരാതി പറയുന്നത് ഒരു മുഴം കയറോ, ഒരു തുള്ളി വിഷമോ അവശ്യ മൂർച്ചയുള്ള ഒരു കത്തിയോ എന്തിന് കടലോ കയമോ ഭൂമിയിലെ നിഗൂഢതയോളം ആഴമുള്ള നദിയോ എന്തുവേണമെങ്കിലും നമുക്ക് കിട്ടുമല്ലോ

പിന്നെന്തിനാണ് നിരുത്തരവാദിയായ ഒരു നിരാകാരനാമത്തെ നിങ്ങൾ പഴിക്കുന്നത് വീണ്ടും നൈരന്തര്യത്തിന്റെ പൽചക്രങ്ങൾക്കിടയിലൂടെ നുഴുന്നത്

കവി എന്നതിനേക്കാൾ ഒരു കവിതയാകാൻ തന്നെയാണ് എനിക്കിഷ്ടം

പച്ചിലകളേറ്റുവാങ്ങുന്ന മഴത്തുള്ളിയുടെ കവിത ജാലക വിരിയിലെ പക്ഷിയെപ്പോലെ കണ്ണില്ലാത്ത ജീവിതത്തിന്റെ കവിത

സമുദ്രത്തിന്റെ നീലിമ വാറ്റിയെടുത്ത ആകാശത്തിന്റെ ലഹരിയാണതിന്റെ സംവാദ വിഷയം

അമ്മ ഉറങ്ങാത്ത കുട്ടിയെ വലിച്ചെറിയുന്നതും കാത്ത് തൊടിയിൽ കാത്തിരിക്കുന്ന വിഡ്ഢിയായ പുലിയെ പോലാണതിന്റെ ഭാവം ബാല്യത്തെക്കുറിച്ച് ഓർക്കുമ്പോൾ കുട്ടികളെക്കാൾ ഉച്ചത്തിൽ കരഞ്ഞു പോകുന്നവന്റെ തേങ്ങൽ നിറഞ്ഞ രാഗമാണതിന്

കഥ പറയുന്ന പെൺകുട്ടിക്കും കേൾക്കുന്ന സുൽത്താനും ഇടയ്ക്ക് ഖേദത്തോടെ തൂങ്ങിയാടുന്ന ശരറാന്തൽ പോലെ അത് അതിന്റെ ചില്ലു കൂടിനുള്ളിൽ എക്കാലവും ഭദ്രമായിരിക്കും

ഞാനെന്തിനാണ് ഒന്നിനെക്കുറിച്ചും അല്ലാതെ എപ്പോഴും ഇങ്ങനെ വിചാരപ്പെടുന്നത് പുറത്തെ മരങ്ങൾക്കപ്പുറം പ്രത്യേകിച്ച് ഒന്നിലേക്കും അല്ലാതെ നോക്കിക്കൊണ്ടിരിക്കുന്നത് പ്രത്യേകിച്ച് യാതൊന്നിനെയും അല്ലാതെ കാത്തിരിക്കുന്നത്

അറിയില്ല എന്നിലെ യാതൊന്നും അല്ലാത്തതുതന്നെ അതിന്റെ ജാഡകൾ നിറഞ്ഞ ഉത്തരം പറയട്ടെ

മഴ പെയ്യുന്നു അപൂർവമായ തണുത്ത ദിനങ്ങൾ പോലെ ശബ്ദമുണ്ടാക്കാതെ കാറ്റ് ഭൂമിയിലെ പുൽമേടുകളെയുലക്കുന്നു

വിഷപ്പാമ്പുകളുടെ അഗോചരമായ മാളങ്ങളിലേക്ക് ഇടിമിന്നൽ വാൽ തിരുകുന്നു പണ്ടേ പോലെ എനിക്കു മുന്നിൽ ഭൂമി പരന്നത് പരന്നു തന്നെ കിടക്കുന്നു

സ്ഥലങ്ങളേയും രാജ്യങ്ങളെയും വേർതിരിക്കുന്ന മരങ്ങളുടെ വർഗ്ഗങ്ങളാണെന്നെ വിളിക്കുന്നത് ജനനത്തിനു മുൻപ് എനിക്ക് പരിചിതമായിരുന്ന നാട്ടുവഴികളും പുഴകളും പുൽമേടുകളും പുറമ്പോക്കുകളും എല്ലാം ഉരുണ്ടു കളിക്കുന്ന ഭൂമിയുടെ എവിടെയെല്ലാമോ ഇരുന്ന് എന്നെ വിളിക്കുന്നു ദേശാടനം കഴിഞ്ഞെത്തിയ കാറ്റ് എന്നെ വിളിക്കുമ്പോൾ ഉലഞ്ഞു പോകുന്നത് കാടുകളാണ്

കടലിന്റെ ഉപ്പു നിറഞ്ഞ പത എന്നെ മുജ്ജന്മത്തെക്കുറിച്ചോർമിപ്പിക്കാൻ ശ്രമിക്കുകയാണ് ഇത്രയേറെ നൂറ്റാണ്ടുകൾ മുങ്ങിമരിച്ച ഈ കടലിന്, ഉപ്പുരസം അല്ലാതെ മറ്റെന്താണ് ഉണ്ടാകേണ്ടത്

ഒരുവന് തന്റെ ചിന്തകളിൽ ഇത്രയേറെ നായകത്വം ലഭിക്കുമ്പോൾ അവൻ എന്തിനാണ് വാതിൽ അടച്ചിരുന്നു വേവുന്നത് അതെ ഞാൻ എന്തിനാണ് ഇങ്ങനെ ഒറ്റക്കിരിക്കുന്നത് ‘എന്റെ ജീവിതം എന്റെതുമാത്രം' ആണെന്നിരിക്കെ ഞാനെന്തിന് സ്വാതന്ത്ര്യത്തെക്കുറിച്ച് ഓരിയടണം

കാറ്റും കടലും മഴയും മേഘങ്ങളും എല്ലാം എന്നെ എന്നെ പറയാൻ പഠിപ്പിച്ചതിതാണ് ഞാൻ പോവുക തന്നെ ചെയ്യും

കടപ്പാടുകളെക്കുറിച്ചും ജീവിച്ചിരിക്കുന്നവർക്ക് വേണ്ടി മരിച്ചവർ ഉണ്ടാക്കിയ വീടുകളെ കുറിച്ചും വിചാരപ്പെടരുത് എന്നാണ് പ്രവാചകൻ* പറഞ്ഞത് അതിനാൽ മുജ്ജന്മങ്ങളെനിക്ക് പതിച്ചുതന്ന കുന്നുകളിലേക്കും പഴമരങ്ങളുടെ മധുരം നിറഞ്ഞ തണലുകളിലേക്കും ഞാൻ ചിറകു നീർത്തുക തന്നെ ചെയ്യും

ഒരു സ്വസന്ദേഹിയെ പോലെ ഞാൻ എന്തിനാണ് എപ്പോഴും ഇതുരുവിടുന്നത് ആകുലപ്പെടുന്നത്

എന്തുതന്നെയായാലും കവി എന്നതിനേക്കാൾ ഒരു കവിതയാകുവാൻ തന്നെയാണ് എന്റെ തീരുമാനം​​​​​​.

*ഖലീൽ ജിബ്രാൻ: ലബനോനിലെ പ്രവാചകൻ.


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


സജിത രാധ

ഇരിങ്ങാലക്കുട ക്രൈസ്​റ്റ്​ കോളേജിൽ ലൈബ്രറി ആൻറ്​ ഇൻഫർമേഷൻ സയൻസ്​ ഡിപ്പാർട്ടുമെൻറിൽ അസിസ്​റ്റൻറ്​ പ്രൊഫസർ.

Comments