എസ്. ജാനകി

ഈ ഗായികയ്ക്കും
എനിയ്ക്കുമിടയിൽ
ഒരു രഹസ്യധാരണ
ഉണ്ടായിരുന്നു…

‘‘എട്ടു വയസ്സിൽ ആദ്യമായി കേട്ടപ്പോൾ തന്നെ ഈ പാട്ട് എന്നെ ദുഃഖത്തിന്റെ തീവ്രനുഭവത്തിലേക്ക് ഒരു ചുഴിയിലേക്കെന്നവണ്ണം വലിച്ചിട്ടു. അന്നുമുതൽ, ഉൽക്കടദുഃഖത്തിന്റെ ഗാനാവിഷ്കാരമായി ഈ പാട്ട് എന്നിലേക്കിറങ്ങിവന്നു’’- സംഗീത ജയ തന്റെ ‘ജാനകിഅനുഭവം’ എഴുതുന്നു.

‘‘ഹൃദയത്തിൽ നിറയുന്ന മിഴിനീരാൽ ഞാൻ
തൃക്കാൽ കഴുകുന്നു നാഥാ
ദുഃഖത്തിൽ നിന്നെന്നെ വീണ്ടെടുക്കേണമേ
എല്ലാമറിയുന്ന താതാ…"

രോ നെഞ്ചുരുകി പാടുന്നു, കാരണമെന്തെന്ന് അറിയില്ല, അറിയണമെന്നുമില്ല. അനാദിയായൊരു ദുഃഖം, അടങ്ങാത്ത തിര പോലെ ഉയർന്ന് തലതല്ലിച്ചിതറുന്നു.

1973-ൽ, 'ചുഴി' എന്ന സിനിമയ്ക്കുവേണ്ടി എസ്. ജാനകി പാടിയ പാട്ടായിരുന്നു അത്. എട്ടു വയസ്സിൽ ആദ്യമായി കേട്ടപ്പോൾ തന്നെ ഈ പാട്ട് എന്നെ ദുഃഖത്തിന്റെ തീവ്രനുഭവത്തിലേക്ക് ഒരു ചുഴിയിലേക്കെന്നവണ്ണം വലിച്ചിട്ടു. അന്നുമുതൽ, ഉൽക്കടദുഃഖത്തിന്റെ ഗാനാവിഷ്കാരമായി ഈ പാട്ട് എന്നിലേക്കിറങ്ങിവന്നു. അർത്ഥമോ സന്ദർഭമോ ഒന്നുമറിയില്ലെങ്കിലും ഗായിക എസ്. ജാനകിയാണെന്ന് അറിയാമായിരുന്നു. അന്നൊക്കെ സിനിമാപ്പാട്ട് കേൾക്കാൻ റേഡിയോ മാത്രമായിരുന്നു ഒരേയൊരു വഴി. ഓരോ പാട്ടിനും മുൻപ് അനൗൺസ്മെന്റുണ്ടാകും: ‘അടുത്ത ഗാനം പാടുന്നത്: എസ്. ജാനകി. രചന: പൂവച്ചൽ ഖാദർ. സംഗീതം: ബാബുരാജ്. ചിത്രം: ചുഴി’. ഇങ്ങനെ പലതവണ കേൾക്കുന്നതിനാൽ ആ കാലത്ത് മിക്ക പാട്ടുകളുടെയും പിന്നണിയിലെ പേരുകൾ മനസ്സിൽ പതിയുമായിരുന്നു.

അനുപല്ലവി കൂടി കേട്ടുനോക്കൂ:

"ബന്ധങ്ങൾ നൽകിയ മുൾമുടി ചൂടി ഞാൻ
നിൻതിരുമുന്നിലായ് നിൽപ്പൂ ...
പെണ്ണിന്റെ കണ്ണുനീർ കണ്ടുകരഞ്ഞ നീ
എന്നെയും കൈവെടിയല്ലേ..."

'മുൾമുടി' എന്താണെന്നോ 'പെണ്ണിന്റെ കണ്ണുനീർ കണ്ടു കരഞ്ഞത്' ആരാണെന്നോ അന്നറിയില്ലായിരുന്നു. പക്ഷേ, ‘എന്നെയും കൈവെടിയല്ലേ...’ എന്നത് കാലാതീതമായ ഒരു മനുഷ്യയാചനയായിരുന്നു. പ്രായഭേദമില്ലാതെ ഏതൊരാളുടെയും ഉള്ളിലേക്കിറങ്ങുന്ന യാചന. ഉച്ചസ്ഥായിയിൽ അണപൊട്ടി ഒഴുകുന്ന നിലവിളി. വർഷങ്ങൾ കടന്നുപോയെങ്കിലും, ഇപ്പോഴും മനസ്സിന് മുറിവേൽക്കുമ്പോഴെല്ലാം ഈ പാട്ട് അനുവാദം ചോദിക്കാതെ അകത്തേക്ക് കടന്നുവരും.

50 വർഷത്തെ സംഗീതയാത്രയിൽ നാൽപ്പതിനായിരത്തോളം പാട്ടുകൾ, നാൽപ്പതിലധികം ഭാഷകൾ, എത്രയോ സംഗീതസംവിധായകരും കവികളും. എത്രയോ ലോകങ്ങൾ, ഭാവങ്ങൾ, ഭാവനകൾ. അതിലൊക്കെയും, ബാബുരാജ് ജാനകിക്കായി സൃഷ്ടിച്ചവയാണ് ആ സ്വരമാധുരിയുടെ ഏറ്റവും വൈവിധ്യമാർന്ന ആലാപനസാദ്ധ്യതകൾ തുറന്നിട്ടത്. ബാബുരാജിന്റെ ഈണത്തിൽ പാടുമ്പോളെല്ലാം ജാനകിയുടെ സ്വരം സൂക്ഷ്മതയുടെ കൊടുമുടി തൊടും. മലയാളത്തിൽ ജാനകി ഏറ്റവുമധികം പാടിയത് പി. ഭാസ്കരന്റെ വരികളായിരുന്നു. പി. ഭാസ്കരൻ - എസ്. ജാനകി കൂട്ടുകെട്ട് നമുക്ക് സമ്മാനിച്ച മുത്തുകളാണ്, "മഞ്ഞണിപ്പൂനിലാവ് പേരാറ്റിൻ കടവിങ്കൽ.." ('നഗരമേ നന്ദി’), "താമരക്കുമ്പിളല്ലോ മമ ഹൃദയം.." (‘അന്വേഷിച്ചു കണ്ടെത്തിയില്ല’), "അവിടുന്നെൻ ഗാനം കേൾക്കാൻ..." (‘പരീക്ഷ’), "അഞ്ജനക്കണ്ണെഴുതി..” (‘തച്ചോളി ഒതേനൻ’), “ഉണരുണരു… ഉണ്ണിപ്പൂവേ..” (‘അമ്മയെ കാണാൻ’), "എൻ പ്രാണനായകനെ എന്തു വിളിക്കും?’ (‘പരീക്ഷ’), "തളിരിട്ട കിനാക്കൾ തൻ ..." (‘മൂടുപടം’), "മാനസമണിവേണുവിൽ..." (‘മൂടൽമഞ്ഞ്’).... ലിസ്റ്റ് തീരുന്നില്ലല്ലോ…..

എസ്. ജാനകിയുടെ പാട്ടുകളിൽ ഏതാണ് ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചാൽ എണ്ണിയെടുത്ത് പറയാൻ പ്രയാസമാണ്. എങ്കിലും സങ്കടപ്പാട്ടുകളാണ് ആദ്യം ഓർമ്മയിൽ വരിക.
എസ്. ജാനകിയുടെ പാട്ടുകളിൽ ഏതാണ് ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചാൽ എണ്ണിയെടുത്ത് പറയാൻ പ്രയാസമാണ്. എങ്കിലും സങ്കടപ്പാട്ടുകളാണ് ആദ്യം ഓർമ്മയിൽ വരിക.

എസ്. ജാനകിയുടെ പാട്ടുകളിൽ ഏതാണ് ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചാൽ എണ്ണിയെടുത്ത് പറയാൻ പ്രയാസമാണ്. എങ്കിലും സങ്കടപ്പാട്ടുകളാണ് ആദ്യം ഓർമ്മയിൽ വരിക. ബിച്ചു തിരുമല വിഷാദം ചാലിച്ചെഴുതിയതും എ.ടി. ഉമ്മർ ഈണമിട്ട് ജാനകി ജീവൻ പകർന്നതുമായ "തുഷാരബിന്ദുക്കളേ..." അതിലൊന്നാണ്. ‘ആലിംഗനം’ എന്ന സിനിമയിലെ (1976) ഈ പാട്ട് ഒരു തേങ്ങലുപോലെ പടരുന്നു.

"തുഷാരബിന്ദുക്കളേ...
നിങ്ങൾ എന്തിനു വെറുതേ
ചെമ്പനീരലരിൽ
വിഷാദഭാവങ്ങൾ അരുളീ..."

ഈ പാട്ടിന്റെ അനുപല്ലവിയിലെ "മണമോ...? മനമോ...? പൂന്തേനോ...?" രണ്ടാമതാവർത്തിക്കുമ്പോഴുള്ള ശബ്ദത്തിലെ ആ വിറയൽ ശ്രദ്ധിച്ചിട്ടുണ്ടോ? വരികളുടെ അർത്ഥം സൂക്ഷ്മതലത്തിൽ ഉൾക്കൊള്ളാതെ അങ്ങനെ പാടാൻ പറ്റില്ല. മലയാളി അല്ലാതിരുന്നിട്ടും ഓരോ വാക്കിന്റെയും ഭാവം അത്യന്തം കൃത്യതയോടെ അറിഞ്ഞു പാടിയതാണ് ഈ അതുല്യഗായിക.

ജാനകി പാടിയ എന്റെ പ്രിയപ്പെട്ട ശോകഗാനങ്ങൾ ഇനിയുമുണ്ട്:

"മുകിലേ...
വിണ്ണിലായാലും കണ്ണീരുതൂകൂ നീ
ഓ മുകിലേ..."
(പി. ഭാസ്കരൻ- ഉഷാഖന്ന, ചിത്രം: മൂടൽമഞ്ഞ്).

"മൗനമേ നിറയും മൗനമേ..."
(പൂവച്ചൽ ഖാദർ- എം.ജി. രാധാകൃഷ്ണൻ, ചിത്രം: തകര).

"പ്രകാശനാളം ചുണ്ടിൽ മാത്രം
മനസ്സിലാകെ മഹാന്ധകാരം
എല്ലാമഭിനയം പാതിരാവിൽ
പൊലിഞ്ഞുപോയി വസന്തതാരം..."
(പി. ഭാസ്കരൻ- ജെറി അമൽദേവ്, ചിത്രം: ഒരു വിളിപ്പാടകലെ).

"സന്ധ്യേ
കണ്ണീരിതെന്തേ സന്ധ്യേ..."
(ഒ.എൻ.വി- സലിൽ ചൗധരി, ചിത്രം: മദനോത്സവം).

"നിറങ്ങൾ തൻ നൃത്തം
ഒഴിഞ്ഞൊരീ മണ്ണിൽ
മറഞ്ഞ സന്ധ്യകൾ
പുനർജനിക്കുമോ..?"
(ഒ.എൻ.വി- എം.ബി. ശ്രീനിവാസൻ, ചിത്രം: പരസ്പരം).

"തണൽ വിരിക്കാൻ
കുട നിവർത്തും
സൗവർണ്ണ വസന്തം..."
(കാവാലം നാരായണ പണിക്കർ- ഇളയരാജ, ചിത്രം: ആലോലം).

"എന്നിട്ടും നീ എന്നെ അറിഞ്ഞില്ലല്ലോ...
എൻ ആർദ്ര നയനങ്ങൾ തുടച്ചില്ലല്ലോ..."
(പി. ഭാസ്കരൻ- ജോൺസൺ, ചിത്രം: നസീമ).

"ഏകാന്തതയിലൊരാത്മാവ് മാത്രം
ഏകാദശി നോറ്റിരുന്നു
ഏതോ ദിവാസ്വപ്നവേദിയിലന്നവൾ
ഏതോ വിചാരിച്ചു നിന്നു.."
(ബിച്ചു തിരുമല- എ.ടി ഉമ്മർ, ചിത്രം: സൂത്രക്കാരി).

ആരോടും പറയാൻ പറ്റാത്ത സ്വകാര്യദുഃഖങ്ങൾ ഒഴുക്കിവിടാൻ ഈ പാട്ടുകൾ മൂളിയാൽ മതി എന്നൊരു രഹസ്യധാരണ എനിക്കും ഈ ഗായികയ്ക്കുമിടയിലുണ്ടായിരുന്നു. വിഷാദം മുറ്റുന്ന ഏകാന്തനിമിഷങ്ങളിൽ
"മുത്തു കോർക്കും പോലെ വിഷാദ-
സുസ്മിതം നീ തൂകി
വീണ്ടും എത്തുകില്ലേ നാളെ...",
"കല്ലിനുപോലും ചിറകുകൾ നൽകി
കന്നിവസന്തം പോയി...",
"എന്റെ മടിയെന്നും നിന്റെ പൂമഞ്ചം...",
“അഴലിന്റെ മകളേ നീ അറിയില്ലെന്നോ?’’
തുടങ്ങിയ വരികൾ പാടിപ്പാടി നെഞ്ചോട് ചേർത്തണക്കാൻ ഈ ഗായിക എനിക്കെന്നേ സമ്മതം തന്നിരിക്കുന്നു.

എസ്. ജാനകി പല ഭാഷകളിലായി പാടിവെച്ച പാട്ടുകൾ മറ്റു ഗായികമാർ പുനരാവിഷ്കരിക്കുമ്പോൾ അതിന്റെ പൂർണതയിലെത്താറില്ലെന്ന് അവർ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്.

എസ്. ജാനകി പല ഭാഷകളിലായി പാടിവെച്ച പാട്ടുകൾ മറ്റു ഗായികമാർ പുനരാവിഷ്കരിക്കുമ്പോൾ അതിന്റെ പൂർണതയിലെത്താറില്ലെന്ന് അവർ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കഥാപാത്രത്തിന്റെ പ്രായവും മനോഭാവവും അനുസരിച്ച് ശബ്ദത്തിന് സ്പെഷ്യൽ ഇഫക്ട്സ് കൊടുക്കാനുള്ള മാജിക് കൈവശമുള്ളതിനാൽ സംവിധായകനും സംഗീതസംവിധായകനും മനസ്സിൽ സങ്കൽപ്പിച്ച വൈകാരികതയെ ആലാപനത്തിലൂടെ അവർക്ക് കൃത്യമായി പകർത്താനായി. ജോൺ കീറ്റ്സിന്റെ "Ode to a Nightingale" എന്ന കവിതയിൽ വർണിക്കുന്ന വാനമ്പാടിയുടെ "full-throated ease" എന്താണെന്ന് എസ്. ജാനകിയുടെ ആലാപനം ഒന്ന് ശ്രദ്ധിച്ചാൽ മതി, നമുക്ക് നേരിട്ടനുഭവപ്പെടും.

ഓരോ സിനിമാസന്ദർഭത്തിനും അനുയോജ്യമാംവിധം ശബ്ദം ക്രമീകരിച്ച്, വരികളിലെ ഭാവതീവ്രത ഒട്ടും ചോരാതെ അവതരിപ്പിക്കാനുള്ള അപൂർവ്വമായ കഴിവാണ് ഈ അനുഗ്രഹീത ഗായികയെ മറ്റു ഗായകരിൽനിന്ന് വ്യത്യസ്തയാക്കുന്നത്. പാടുന്നതിനിടയിലെ ഒരു ചെറു ചിരി, ഒരു തേങ്ങൽ, ഒരു നിശ്വാസം, ഒരു കുഞ്ഞിന്റെ കൊഞ്ചൽ, ഇതെല്ലാം അതിമനോഹരമായി വിന്യസിക്കാനുള്ള വൈഭവം അവർക്കുണ്ട്. 'മൂൻറാം പിറൈ' എന്ന തമിഴ് സിനിമയിൽ "പൊന്മേനി ഉരുകുതേ.. എൻ ആസൈ പെരുകുതേ..." എന്ന പാട്ട് മാദകസ്വരത്തിൽ പാടുന്നതും, ‘തീരം തേടുന്ന തിര’യിലെ “നീ വരില്ലേ… നിന്റെ അനുരാഗ തംബുരു മീട്ടുകില്ലേ…” എന്ന ഗാനം ഒരു തേങ്ങലോടെ പാടുന്നതും, “ഈ കൈകളിൽ വീണാടുവാൻ….” (‘ഈ ഗാനം മറക്കുമോ’) എന്ന പാട്ട് വശ്യസുന്ദരമായി അവതരിപ്പിക്കുന്നതും കേട്ടു നോക്കൂ, voice modulation എങ്ങനെയൊക്കെ സാധ്യമാകും എന്ന് പഠിക്കാനുള്ള യൂണിവേഴ്സിറ്റി തന്നെയാണ് ഈ ഗായിക എന്ന് തോന്നിപ്പോകും.

'മിഴിയോരം നിലാവലയോ...' ('മഞ്ഞിൽ വിരിഞ്ഞ പൂക്കൾ') എന്ന ഗാനം ഒരു മാസ്റ്റർപീസ് തന്നെയാണ്. നായിക കുളി കഴിഞ്ഞ് മുടി തോർത്തിവരുന്ന ആ രംഗത്തിൽ, ഒരു അലസമായ മൂളിപ്പാട്ട് പോലെയാണ് ഈ പാട്ട് തുടങ്ങുന്നത്. പട്ടുപോലെ മൃദുലമായ സ്വരത്തിൽ ജാനകി മൂളിത്തുടങ്ങുമ്പോൾ, ഇത്രയും സ്വാഭാവികമായും നൈസർഗികമായും എങ്ങനെ പാടാൻ കഴിയുന്നു എന്ന് അത്ഭുതം തോന്നാതെ വയ്യ. ആ പാട്ടിലുടനീളം സന്ദർഭത്തിനനുസൃതമായ വൈകാരികത സൂക്ഷ്മമായി തുടരാൻ ഈ ഗായികയ്ക്കു കഴിഞ്ഞിട്ടുണ്ട്.

'ചാമരം' എന്ന സിനിമയിലെ "നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ" എന്ന ഗാനത്തിന്റെ അനുപല്ലവിയിൽ,
"കാണുന്ന നേരത്ത്
മിണ്ടാത്ത മോഹങ്ങൾ"
എന്ന് പാടി നിർത്തി
"ചാമരം വീശി നിൽപ്പൂ..." എന്നതിലേക്ക് കടക്കുമ്പോൾ ഒരു ചിരിയുണ്ട്, അതിനെ അസാധ്യം എന്നല്ലാതെ മറ്റെന്തു പറയാൻ.

നേരിൽ കാണുമ്പോൾ മിണ്ടാട്ടം മുട്ടുന്ന മോഹങ്ങളെയോർത്ത് അറിയാതെ ചിരിച്ചുപോകുന്ന നായിക, അടുത്ത ശ്വാസത്തിൽ തന്നെ ലജ്ജയോടെ,
'ചാമരം' എന്ന വാക്കിന് കൊടുക്കുന്ന കാതരഭാവം അനന്യമാണ്.

അതുപോലെ,
"കൊഞ്ചിനിന്ന പഞ്ചമിയോ, കോമളമാം പുഞ്ചിരിയോ..." (‘കാര്യം നിസ്സാരം'),
"തുമ്പീ വാ തുമ്പക്കുടത്തിൻ തുഞ്ചത്തായ് ഊഞ്ഞാലിടാം.." ('ഓളങ്ങൾ'),
"താലം താലോലം.. ഓലം ഓലോലം.. കണ്ണനു നീല പീലികൾ.." (അക്കച്ചീടെ കുഞ്ഞുവാവ') എന്നീ പാട്ടുകളിലും കുഞ്ഞുങ്ങളുടെ കൊഞ്ചലും ചിരിയും അവർ അത്ര സ്വാഭാവികമായി ചേർത്തുവെച്ചിട്ടുണ്ട്.

ഏതു പ്രായത്തിലുള്ളവർക്കുവേണ്ടിയും, ഒരു മിമിക്രി ആർട്ടിസ്റ്റിനെ പോലെ, തന്റെ ശബ്ദം ക്രമീകരിച്ചെടുക്കാനുള്ള ഒരു പ്രത്യേക വൈഭവം തന്നെയുണ്ടായിരുന്നു അവർക്ക്. 'ചിരിയോ ചിരി' യിലെ "കൊക്കാമന്തി കോനനെറച്ചി ആരിക്ക് വേണം?" എന്ന ചോദ്യത്തിന് "ഞമ്മന്റെ ബാപ്പാ അബ്ദുറസാക്ക്" എന്ന് കൊഞ്ചിപ്പറയുന്നത് കേൾക്കുമ്പോൾ അത് ഒരു കൊച്ചുകുട്ടിയല്ലെന്ന് ആരും കരുതുകയില്ല. പാട്ടിൽ മാത്രമല്ല, വ്യക്തിജീവിതത്തിലും ബാല്യത്തിന്റെ നിഷ്കളങ്കതയും കൗതുകവും കുസൃതിയും അതേപടി കാത്തുസൂക്ഷിക്കാൻ കഴിഞ്ഞതും, ലളിതജീവിതം ഇഷ്ടപ്പെട്ടിരുന്ന, എല്ലാവരോടും കരുണയോടും സ്നേഹത്തോടും മാത്രം പെരുമാറിയിരുന്ന ഈ ഗായികയുടെ സവിശേഷതയാണ്.

ഏതു ഭാഷയിലായാലും അതിന്റെ വരികൾ അർഥം മനസ്സിലാക്കി പഠിച്ചെടുത്ത്, പലതവണ റിഹേഴ്സൽ ചെയ്ത് കൃത്യതയോടെ പാടാൻ എസ്. ജാനകി കാണിക്കുന്ന പ്രൊഫഷണലിസം എല്ലാ ഗായകർക്കും മാതൃകയാക്കാവുന്നതാണ്.

കർണാടക സംഗീതം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലെങ്കിലും, സിനിമയ്ക്കുവേണ്ടി അവർ പാടിയ ഓരോ ക്ലാസിക്കൽ ഗാനവും ശ്രുതിശുദ്ധവും രാഗഭാവസമന്വിതവുമായിരുന്നു. 'ശങ്കരാഭരണം', 'സപ്തപദി', 'സാഗരസംഗമം', 'ഗാനം' തുടങ്ങിയ ചിത്രങ്ങളിലെ ശാസ്ത്രീയവും അർദ്ധശാസ്ത്രീയവുമായ ഗാനങ്ങളിലെ സങ്കീർണമായ സ്വരസഞ്ചാരങ്ങൾ പോലും അവരുടെ കണ്ഠനാളത്തിലൂടെ അനായാസം ഒഴുകിയെത്തി.

കടുത്ത ആസ്തമ പലപ്പോഴും അലട്ടിയിരുന്നെങ്കിലും, റെക്കോർഡിംഗ് റൂമിലെ മൈക്കിനുമുന്നിൽ എത്തുമ്പോൾ അതിനെയെല്ലാം അതിജീവിച്ച് അത്ഭുതകരമായി ശ്വാസനിയന്ത്രണവും, ഉച്ചാരണശുദ്ധിയും, പിച്ച് കൺട്രോളും പാലിച്ച്, പാട്ടിനെ അതിന്റെ പൂർണതയിലെത്തിക്കാനുള്ള ആത്മസമർപ്പണമാണ് ഈ ഗായികയ്ക്ക് സർവ്വസമ്മതി നേടിക്കൊടുത്തത്. പാടുന്നത് ഏതു ഭാഷയിലായാലും അതിന്റെ വരികൾ അർഥം മനസ്സിലാക്കി പഠിച്ചെടുത്ത്, പലതവണ റിഹേഴ്സൽ ചെയ്ത് കൃത്യതയോടെ പാടാൻ എസ്. ജാനകി കാണിക്കുന്ന പ്രൊഫഷണലിസം എല്ലാ ഗായകർക്കും മാതൃകയാക്കാവുന്നതാണ്.


”പാതിരാവിൽ തൈമുല്ല മുദ്രകൾ കാട്ടി.." (‘ശ്രീകൃഷ്ണപ്പരുന്ത്’),
“യാമിനി… ദേവീ യാമിനി…
പാടൂ നീ എൻ കഥ...” ('ചുവന്ന ചിറകുകൾ’) എന്നീ യക്ഷിപ്പാട്ടുകൾക്ക് പകരംവെക്കാൻ വേറൊന്നില്ല. രാത്രിയാകുമ്പോൾ തമ്മിൽ തമ്മിൽ പേടിപ്പിക്കാൻ കുട്ടിക്കാലത്ത് ഞങ്ങൾ 'കള്ളിയാങ്കാട്ടു നീലി'യിലെ പാട്ടുപാടും:
"നിഴലായ് ഒഴുകി വരും ഞാൻ....
യാമങ്ങൾ തോറും
കൊതിതീരുവോളം...
ഈ നീലരാവിൽ...
ഈ നീലരാവിൽ..."

പ്രണയഗാനങ്ങൾ, ശോകഗാനങ്ങൾ, താരാട്ടു പാട്ടുകൾ, ഭക്തിഗാനങ്ങൾ, യുഗ്മഗാനങ്ങൾ എന്നിങ്ങനെ ഏതു ഭാവത്തിലായാലും ആ ശബ്ദം നമ്മുടെ ആത്മാവിൽ പതിഞ്ഞു.
"ഈ കൈകളിൽ വീണാടുവാൻ സ്വപ്നം പോലെ ഞാൻ വന്നു.." (മൂടൽമഞ്ഞ്),
"ഈ മലർകന്യകൾ മാരനു നേദിക്കും പ്രേമമെന്ന തേനില്ലേ...” (‘മദനോത്സവം’),
“കാറ്റു താരാട്ടും …കിളിമരത്തോണിയിൽ...” (‘അഹിംസ’),
“അംഗം പ്രതി അനംഗൻ വന്നമ്പുകൾ കൊണ്ട് പൊതിയുമ്പോൾ....” (‘മർമ്മരം’),
“രാവിൽ... രാഗനിലാവിൽ എന്നാത്മനാഥൻ വന്നെങ്കിൽ..” (‘മഴനിലാവ്’),
“കായൽക്കരയിൽ തനിച്ചുവന്നത് കാണാൻ..” (‘കയം’ ),
“മലവാകപ്പൂവേ... മണമുള്ള പൂവേ..” (‘ഇളനീർ’), "കൽക്കണ്ടം ചുണ്ടിൽ..കർപ്പൂരം കണ്ണിൽ" ('ഒന്നാണ് നമ്മൾ')
എന്നിങ്ങനെ പ്രേമപ്പാട്ടുകൾ പാടി നമ്മെ കൊതിപ്പിച്ചു.
“ഉണ്ണിയാരാരിരോ.. തങ്കമാരാരിരോ...” (‘അവളുടെ രാവുകൾ’) പോലെ താരാട്ടുപാട്ടുകൾ പാടി നമ്മെയുറക്കി. “മുല്ലവള്ളിക്കുടിലിൽ … പുള്ളിക്കുയിൽ പറന്നു..” (‘കുയിലിനെ തേടി’), “കാത്തിരിപ്പൂ... കുഞ്ഞരിപ്പൂവ്....” (‘ആരൂഢം’), “മോഹം കൊണ്ടു ഞാൻ...” (‘ശേഷം കാഴ്ചയിൽ’), “കസ്തൂരിമാൻ കുരുന്നേ...” (‘കാണാമറയത്ത്’), “ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ..” (‘എന്നിഷ്ടം നിന്നിഷ്ടം’) - ഇങ്ങനെ ഇഷ്ടപ്പാട്ടുകൾ പാടി നമ്മുടെ ജീവിതം സംഗീതസാന്ദ്രമാക്കി. അനശ്വരഗാനങ്ങളുടെ അമൂല്യനിധിശേഖരം നമുക്ക് കൈമാറിയിട്ടല്ലേ ആ ജീവൻ ഈ ഭൂമി വിട്ടുപോയത്.

സുഗതകുമാരിയുടെ കവിതയിലെ,

"പോവുക, നിൻ വഴി വാതാനുകൂലമായ്
മേവട്ടെ, യെങ്ങും തണലു തണുക്കട്ടെ.
ചോലകൾ ദാഹമാറ്റട്ടെ, വഴിക്കൂട്ടു
പൂവും കുയിലുമാകട്ടെ..."
എന്നാഗ്രഹിക്കാനല്ലേ നമുക്ക് കഴിയൂ. എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട ഗായികയുടെ ഓർമ്മയ്ക്ക് മുന്നിൽ കൃതജ്ഞതയോടെ കൈകൂപ്പുന്നു.


Summary: Sangeetha Jaya writes about the extraordinary musical journey and timeless legacy of legendary playback singer S. Janaki.


സംഗീത ജയ

കോഴിക്കോട് ചേളന്നൂർ ശ്രീനാരായണഗുരു കോളേജിൽ ഇംഗ്ലീഷ് പി.ജി. ഡിപ്പാർട്ടുമെന്റിൽ അസിസ്റ്റന്റ് പ്രൊഫസർ.

Comments