വിരലുകളിലെ ചോരപ്പാടുകളിൽ പതിഞ്ഞ ശ്വാസം

വിരൽ തുമ്പുകൾ ചുളിഞ്ഞ് പൊട്ടിയിരുന്നു. ആ വിരലുകളിലേക്കാണ് ചൂരൽ പതിച്ചത്. ചൂരലിന്റെ തുമ്പ് കൊണ്ട് എന്റെ വിരലുകളിൽ ചോര പൊടിഞ്ഞു. പതിയെ, ചോര പടർന്നു. അടുത്തിരുന്ന കൂട്ടുകാരി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു; "ടീച്ചറേ, ടീച്ചറ് തല്ലി സംഗീതയുടെ കൈ വിരൽ പൊട്ടി ചോര വരുന്നു.''

തൊരു വ്യക്തിക്കും മറക്കാൻ സാധിക്കാത്ത ഓർമകൾ സമ്മാനിക്കുന്ന കാലമാണ് സ്‌കൂൾ ജീവിതം. ഒരു പക്ഷേ, തീക്ഷ്ണമായ ചില ഓർമകൾ സ്‌കൂൾ കാലത്തിനപ്പുറമാണെന്ന് തോന്നിയേക്കാമെങ്കിലും, അത് ശരിയല്ല എന്നത് ചില പിൻനടത്തങ്ങളിൽ തെളിഞ്ഞുവരാറുണ്ട്. ഓർമകൾ ഏറ്റവുമെളുപ്പം മാഞ്ഞുപോകുന്ന സ്‌കൂൾ കാലം. അതിന്റെ കാരണം ദ്രുതഗതിയിലുള്ള ചിന്തകളുടെ പരിവർത്തനങ്ങളോ, വളരെ പെട്ടെന്ന് സ്വാധീനിക്കപ്പെടുന്ന ചിന്തകളുടെ പ്രതിഫലനമോ ആകാം. എന്നിരിക്കിലും, ചില ഓർമകൾ മിഴിവോടെ നമ്മുടെ മുന്നിൽ നിൽക്കും. അവ ഒരിക്കലും മാഞ്ഞുപോകാത്തവയും ആയിരിക്കും.

വിദ്യാഭ്യാസ കാലഘട്ടം ഏറെ സന്തോഷകരമായിരുന്നു എന്നത് ഇപ്പോൾ മാത്രമല്ല സ്‌കൂൾ കാലഘട്ടത്തിലും തോന്നിയിട്ടുണ്ട്. സ്നേഹസമ്പന്നരായ അധ്യാപകരും പ്രിയസുഹൃത്തുക്കളും നിറഞ്ഞ എന്റെ വിദ്യാലയ ഓർമകൾ, ഈ ചിന്ത ഊട്ടിയുറപ്പിക്കുന്നതിന് എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. പഠനത്തിൽ ഒരു മുൻനിര വിദ്യാർഥി അല്ലായിരുന്നിട്ടും ഒട്ടുമിക്ക അധ്യാപകരുടെയും സ്നേഹം പിടിച്ചുപറ്റാൻ കഴിഞ്ഞിരുന്നു എന്നത് എന്നും സന്തോഷകരമായി തോന്നിയിട്ടുള്ള പരമാർത്ഥമാണ്. അന്നും ഇന്നും എന്നും; ഏറ്റവും വലിയ ചില പ്രതിസന്ധി ഘട്ടങ്ങളിൽ പോലും, ആശ്വാസകരമായി മനസ്സിനെ പിടിച്ചു നിർത്താൻ കഴിഞ്ഞിരുന്നത് പഠനകാലത്ത് എനിക്ക് കിട്ടിയിട്ടുള്ള ഈ ചെറിയ പരിഗണനകളാണ്.

ഏറ്റവും പ്രിയ അധ്യാപകനെ ഓർക്കുക എന്നത്, ഒരുപക്ഷേ അസംഭവ്യമായ ഒരു ചിന്ത മാത്രമാണ് എന്ന് തോന്നുന്നു. പ്രിയപ്പെട്ട അധ്യാപകർ പലരുള്ളപ്പോൾ ആരെ കുറിച്ചാണ് എടുത്തുപറയേണ്ടത് എന്നത് എന്നെ വല്ലാതെ അലട്ടുന്ന വിഷയമാണ്.

ഏറ്റവും പ്രിയ അധ്യാപകനെ ഓർക്കുക എന്നത്, ഒരുപക്ഷേ അസംഭവ്യമായ ഒരു ചിന്ത മാത്രമാണ് എന്ന് തോന്നുന്നു. പ്രിയപ്പെട്ട അധ്യാപകർ പലരുള്ളപ്പോൾ ആരെ കുറിച്ചാണ് എടുത്തുപറയേണ്ടത് എന്നത് എന്നെ വല്ലാതെ അലട്ടുന്ന വിഷയമാണ്. മലയാള ഭാഷയോട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതു കൊണ്ട് എന്റെ മലയാള അധ്യാപിക ആയിരുന്ന ഗൗരി ടീച്ചറെയാണ് ഏറ്റവുമാദ്യം ഓർത്തുപോകുന്നത്. വാക്കുകളുടെ ഉച്ചാരണവും ഭാഷയുടെ സൗന്ദര്യവും നമ്മെ മനസിലാക്കി തരാറുള്ളത് ഭാഷാധ്യാപകരാണല്ലോ. അതുകൊണ്ട് തന്നെ "ഒന്നൂകൂടെ പറഞ്ഞേ... ഒന്നുകൂടെ പറഞ്ഞേ...' എന്നും പറഞ്ഞ് വടിയോങ്ങി ഒരോ കുട്ടിയെയും വീണ്ടും പറയിപ്പിച്ച് ഭാഷാപ്രയോഗത്തിലേക്ക് അവരെ അടുപ്പിക്കാൻ ടീച്ചറ് എടുക്കുന്ന പ്രയത്നം വളരെ വലുതായിരുന്നു എന്ന് ഇപ്പോൾ (അതോ മുതിർന്ന ശേഷം എപ്പോഴോ) തിരിച്ചറിയുന്നു. ഒരുപക്ഷേ, ""ഒന്നു കൂടി പറഞ്ഞേ'' എന്ന ടീച്ചറുടെ ആ പ്രയോഗത്തിന്റെ സ്വാധീനം ഇപ്പോഴും എന്നിലുണ്ട്. എന്റെ നല്ല പാതി പോലും പലപ്പോഴും എന്റെ ഈ പ്രയോഗത്തെക്കുറിച്ച് എന്നെ കളിയാക്കാറുണ്ട്.

അന്ന് സംഭവിച്ച ഒരു ചെറിയ കാര്യം എന്റെ മനസിനെ വല്ലാതെ മാറ്റി. പതിവുപോലെ ഒരു ക്ലാസ് മുറിദിനം. ടീച്ചർ എല്ലാവരോടും തങ്ങളുടെ പകർത്ത് ബുക്ക് എടുക്കാൻ പറഞ്ഞു. എല്ലാവരും ബാഗുതുറന്ന് പകർത്ത് ബുക്ക് എടുത്തുവെക്കാൻ തുടങ്ങി. ഞാനും എന്റെ ബാഗ് തുറന്നുനോക്കി, നോക്കി, പിന്നെയും നോക്കി... ടീച്ചർ അന്ന് രണ്ടും കൽപ്പിച്ചായിരുന്നു. പകർത്തെഴുതാതെ പറ്റിക്കുന്നവരെ എല്ലാം കൈയോടെ പിടിക്കാനുള്ള പുറപ്പാടിലായിരുന്നു. ആ കെണിയിൽ ഞാനും പെട്ടു. എങ്കിലും എന്നെ ഇഷ്ടമുള്ള എന്റെ ടീച്ചർ എന്നോട് കരുണ കാണിക്കും എന്ന് ഉള്ളിൽ നിന്നാരോ പറഞ്ഞു. ഒരോരുത്തരുടേതായി ബുക്കുകൾ നോക്കി, ചിലർക്ക് താക്കീതും ചില കയ്പൻ പ്രയോഗങ്ങളും പകർന്നുനൽകി, ടീച്ചർ എന്റെ അടുത്തെത്തി. പലർക്കും കിട്ടിയ കഷായങ്ങൾ അൽപ്പാൽപ്പമായി എന്നിലും കയ്പ് നിറച്ചു എന്നത് സത്യം. ഒട്ടിച്ച് വച്ച ഒരു വിളറിയ ചിരിയോടെ ഞാൻ ടീച്ചറോട് ആ ""കയ്പൻ'' സത്യം പറഞ്ഞു.""പകർത്ത് കൊണ്ടുവരാൻ മറന്നു''
ടീച്ചർ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.
മുമ്പേതന്നെ പേടിച്ച് കരുവാളിച്ചിരുന്ന എന്റെ മുഖത്തേക്ക് ടീച്ചർ ഒന്നു തറപ്പിച്ചുനോക്കി. ആ നോട്ടത്തിനിടയിലേക്ക് ഞാൻ ഒരു നിഷ്‌കളങ്ക പുഞ്ചിരിയുമായി കടന്നുകയറാൻ ശ്രമിച്ചെങ്കിലും, ടീച്ചർ നോട്ടം മാറ്റിക്കളഞ്ഞു. എനിക്ക് മുന്നേയും പിന്നേയുമുള്ള കാന്താരികൾക്കും കാന്താരന്മാർക്കും ഒപ്പം എനിക്കും ഒരു സീറ്റ് വലിച്ചിട്ട് തന്നിട്ട്, ടീച്ചർ വടി ഉയർത്തി. യാന്ത്രികമായി എന്റെ കൈകൾ മുന്നോട്ട് നീണ്ടു.""ഇനി മറക്കരുത്'' എന്ന താക്കീതോടെ എന്റെ കൈയിൽ ചൂരൽ ആഞ്ഞുപതിച്ചു. കൈ വെള്ളയിൽ അടി വീഴുന്നതിനു പകരം അടി കൊണ്ടത് എന്റെ കൈ വിരലുകളിലായിരുന്നു.

ടീച്ചർ എന്നോട് കാണിക്കുന്ന സ്നേഹവും പരിഗണനയും എന്റെ കൂട്ടുകാരെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. സ്നേഹം പുരണ്ട അസൂയ. അത്രയേ ഉണ്ടായിരുന്നുള്ളൂ. കുശുമ്പ് മൂക്കുമ്പോൾ കൂട്ടുകാരികൾ പറയും;""ഈ കണക്കിന് ടീച്ചർ ഇവളെ ടീച്ചറിന്റെ മോനെക്കൊണ്ട് കെട്ടിക്കുമെന്ന് തോന്നുന്നല്ലോ''

പണ്ടേ എന്റെ വിരലുകളിൽ ഒരു നിര തൊലി ഇല്ലായിരുന്നു. വിരൽ തുമ്പുകൾ ചുളിഞ്ഞ് പൊട്ടിയിരുന്നു. ആ വിരലുകളിലേക്കാണ് ചൂരൽ പതിച്ചത്. ചൂരലിന്റെ തുമ്പ് കൊണ്ട് എന്റെ വിരലുകളിൽ ചോര പൊടിഞ്ഞു. പതിയെ, ചോര പടർന്നു.
അടുത്തിരുന്ന കൂട്ടുകാരി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു; "ടീച്ചറേ, ടീച്ചറ് തല്ലി സംഗീതയുടെ കൈ വിരൽ പൊട്ടി ചോര വരുന്നു.''

സംഗീത സൈകതം

കേട്ടപാടെ ടീച്ചർ ഓടി വന്ന് എന്റെ കൈ അവരുടെ കൈക്കുമ്പിളിൽ കോരിയെടുത്തു. ടീച്ചറുടെ മുഖഭാവം കണ്ടപ്പോൾത്തന്നെ എന്റെ വേദന മാറി. സത്യത്തിൽ കുഞ്ഞുനാൾ മുതൽ അങ്ങനെയായിരുന്നു ഞാൻ. വല്യ കുസൃതിക്കുട്ടിയൊന്നുമായിരുന്നില്ല. ഇടയ്ക്ക് ചില വികൃതികൾ കാണിക്കുമ്പോൾ പപ്പയുടെ കുഞ്ഞടി കിട്ടുന്നതിനേക്കാൾ എനിക്ക് സങ്കടം എന്നെ തല്ലിയിട്ട്, ഒരഞ്ചു മിനിട്ടിനുള്ളിൽ എന്നെ വന്നെടുത്ത് ഒരു ഉമ്മ തന്നില്ലെങ്കിൽ എന്റെ ചങ്ക് പൊട്ടി ആ ചോര കണ്ണിലൂടെ ഒഴുകുമായിരുന്നു. ടീച്ചർ എന്റെ കൈ പിടിച്ചുനോക്കി. എന്നെക്കാൾ വലിയ സങ്കടത്തിലായിരുന്നു അപ്പോൾ ടീച്ചർ.

"ഓ ഒത്തിരി വേദനിച്ചോ' ടീച്ചർ വേവലാതിയോടെ ചോദിച്ച ആ രംഗം, ഇപ്പോഴും എന്റെ ഉള്ളിൽ അതുപോലെ തന്നെ മിഴിവോടെ ഉണ്ട്.
ടീച്ചർ എന്റെ കൈ സ്വന്തം മുഖത്തോട് ചേർത്തു. എന്നിട്ട് വിരലുകളിലെ ചോരപ്പാടുകളിൽ ഊതിത്തന്നു. എന്നിട്ട് എന്റെ കൈ പിടിച്ച് നെഞ്ചോടുചേർത്തുവെച്ചു, മറുകൈ കൊണ്ടെന്നെയും ചേർത്തു പിടിച്ചു.
അടി കൊണ്ടതിന്റെ വേദന ഞാൻ മറന്നു. ടീച്ചറുടെ വാത്സല്യത്തിനു മുന്നിൽ ആ വേദന ഒരു വേദനയേ അല്ലാതായി. എന്നെ അടിച്ചു പോയല്ലോ എന്ന വേദന കൊണ്ട് സങ്കടപ്പെടുന്ന ടീച്ചറെ ആശ്വസിപ്പിക്കാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടി."സാരമില്ല ടീച്ചറെ, എനിക്കിപ്പോൾ വേദന ഒന്നും ഇല്ല' എന്നെല്ലാം പറഞ്ഞ് സമാധാനിപ്പിച്ചാണ് ഞാൻ ക്ലാസിൽനിന്ന് ടീച്ചറെ പറഞ്ഞുവിട്ടതെങ്കിലും, രണ്ട് പീരിയഡ് കഴിഞ്ഞ് ടീച്ചർ പിന്നെയും വന്ന് എന്റെ വിവരങ്ങളന്വേഷിച്ചു. അത് പുതിയ സ്നേഹോഷ്മളമായ ഗുരു ശിഷ്യബന്ധത്തിന്റെ തുടക്കമായിരുന്നു. അന്നു മുതൽ ആ ബന്ധത്തിന് ആഴം കൂടി കൂടി വന്നു. എന്നെ സ്വന്തം മോളെപ്പോലെ ടീച്ചർ കരുതി. സ്നേഹവും വാത്സല്യവും പകർന്നുനൽകി. എന്നെ പൊന്നുപോലെ നോക്കുന്ന പപ്പയുടെയും മമ്മിയുടെയും ഒപ്പം ഒന്നുമല്ലെങ്കിലും അധികം കുറയാതെ ടീച്ചറുടെ വാത്സല്യം എനിക്കനുഭവപ്പെട്ടു.

ഒരു പക്ഷേ, അവർ എന്താണ് അന്ന് പകർന്നുനൽകാൻ പരിശ്രമിച്ചത് എന്ന് കുറച്ചൊക്കെ മനസിലാക്കിയത് അക്ഷരങ്ങൾക്കുനടുവിലെത്തിയപ്പോഴാണ്. ഇന്നും പൂർണമായും ഭാഷ എനിക്ക് പിടി തന്നിട്ടില്ല എന്ന് പറയുന്നതിൽ ഒട്ടും കുറച്ചിൽ തോന്നുന്നില്ല

ടീച്ചർ എന്നോട് കാണിക്കുന്ന സ്നേഹവും പരിഗണനയും എന്റെ കൂട്ടുകാരെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്. സ്നേഹം പുരണ്ട അസൂയ. അത്രയേ ഉണ്ടായിരുന്നുള്ളൂ. കുശുമ്പ് മൂക്കുമ്പോൾ കൂട്ടുകാരികൾ പറയും;""ഈ കണക്കിന് ടീച്ചർ ഇവളെ ടീച്ചറിന്റെ മോനെക്കൊണ്ട് കെട്ടിക്കുമെന്ന് തോന്നുന്നല്ലോ''
അതുകേട്ട് ഞാനും കൂട്ടുകാരും ഒരു പോലെ ചിരിക്കും. അത് ഒരു സ്നേഹക്കൂട്ടുകാലം.
മലയാളം പഠിപ്പിക്കുന്ന അധ്യാപകരോട് പൊതുവേ ഒരൽപം സ്നേഹം കൂടുതലുണ്ടായിരുന്നു. അന്നത് മനസിലായില്ലെങ്കിലും, മലയാളം എന്ന കടലാഴമുള്ള ഭാഷയെ കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞിരുന്നില്ല എന്നതായിരിക്കാം ആ ബഹുമാനത്തിന് കാരണം എന്ന് ഇപ്പോൾ തോന്നാറുണ്ട്. പിൽക്കാലത്ത് മലയാള സാഹിത്യത്തിന്റെ കൂടെ, അക്ഷരങ്ങളുടെ തോഴിയായി സഞ്ചരിക്കേണ്ടി വന്നപ്പോൾ എന്റെ ഭാഷാധ്യാപകരെ ഞാൻ തൊഴുകൈയ്യോടെ ഓർത്തു പോയിട്ടുണ്ട്. ഒരു പക്ഷേ രണ്ട് വരികൾ ചിലപ്പോഴൊക്കെ മൂളിപ്പോകാറുണ്ട്:""ഇനിയും മെരുങ്ങാത്ത ഭാഷേ നിന്നെ മെരുക്കിയവരെ കൈതൊഴുന്നേൻ''
ഒരു പക്ഷേ, അവർ എന്താണ് അന്ന് പകർന്നുനൽകാൻ പരിശ്രമിച്ചത് എന്ന് കുറച്ചൊക്കെ മനസിലാക്കിയത് അക്ഷരങ്ങൾക്കുനടുവിലെത്തിയപ്പോഴാണ്. ഇന്നും പൂർണമായും ഭാഷ എനിക്ക് പിടി തന്നിട്ടില്ല എന്ന് പറയുന്നതിൽ ഒട്ടും കുറച്ചിൽ തോന്നുന്നില്ല. പഠിക്കും തോറും പഠിക്കാനുള്ള ഒരു മഹാസാഗരമാണ് നമ്മുടെ ഭാഷ. ആ ഭാഷയിലേക്ക് നമ്മെ കൈ പിടിച്ച് നടത്തുന്ന അധ്യാപകർ ദൈവതുല്യരാണ്. വെറുതെയല്ലല്ലോ ""മാതാപിതാഗുരുദൈവം'' എന്ന് പറയുന്നത്.
എന്റെ അധ്യാപകരുടെ മുന്നിൽ മാത്രമല്ല, എല്ലാ അധ്യാപകരുടേയും മുന്നിൽ ഞാൻ കൈ കൂപ്പുന്നു. ഒപ്പം ഒരോ ദിവസവും പുതിയ പാഠങ്ങൾ തുറന്നിടുന്ന ഈ അക്ഷരജാലത്തിന്റെ മുന്നിലും.▮​

Comments