ജനങ്ങൾ ഒരു രാഷ്ട്രീയനേതാവിനെ ഹൃദയത്തിലേക്ക് സ്വീകരിക്കുന്നതും തള്ളിക്കളയുന്നതും അവർ എത്രത്തോളം ജനങ്ങളുടെ കൂടെയുണ്ട് എന്ന അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്. അങ്ങനെ നോക്കുമ്പോൾ സഖാവ് പി. കൃഷ്ണപിള്ളയ്ക്കും എ.കെ.ജിക്കുമൊപ്പം ജനങ്ങൾക്കുവേണ്ടി നിലകൊണ്ട പോരാളിയാണ് വി.എസ്. അച്യുതാനന്ദൻ. ഒരു ഘട്ടത്തിൽ എം.എൻ. വിജയൻ പറയുന്നുണ്ട്; ആനപ്പുറത്തു നിന്നിറങ്ങിയാൽ ജനഹൃദയങ്ങളിലൂടെ നടക്കാം എന്ന്. വിജയൻ മാഷ് സൂചിപ്പിച്ചത് വി.എസിനും കൂടി ബാധകമായിരുന്നു. അദ്ദേഹം എല്ലായ്പ്പോഴും ജനഹൃദയങ്ങളിലൂടെ നടന്നു, ആനപ്പുറത്ത് ഇരുന്നതുമില്ല.
സ്ത്രീ, ഭൂമി, പരിസ്ഥിതി വിഷയങ്ങളിൽ പാർട്ടിയെ വളരെ വിമർശനാത്മകമായി നോക്കിക്കണ്ട നിലപാടുകളാണ് വി.എസ് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ സ്ത്രീപക്ഷനിലപാടുകളെക്കുറിച്ച് പറയാൻ ഞാനാഗ്രഹിക്കുന്നു. തന്റെ പ്രവർത്തനങ്ങളുടെ തുടക്കം മുതൽ, അദ്ദേഹം സ്ത്രീകൾക്കുവേണ്ടി നിലകൊണ്ടിട്ടുണ്ട്. തന്റെ ദൗത്യം, കുട്ടനാട്ടിലെ പാവപ്പെട്ട കർഷകത്തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നിടത്താണ് എന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയഗുരു പി. കൃഷ്ണപിള്ള വി.എസിനെ ഉപദേശിക്കുന്നുണ്ട്. സ്ത്രീകൾ അവിടെ ബലാത്സംഗത്തിനിരയാകുന്നുണ്ട്. അവിടെച്ചെന്ന്, അവരെ സംഘടിപ്പിച്ച് പോരാട്ടത്തിന് തയാറാക്കാനാണ് കൃഷ്ണപിള്ള വി.എസിനോട് ആവശ്യപ്പെട്ടത്. അവിടെയെത്തുന്ന സമയത്ത് വി.എസ്. അച്യുതാനന്ദൻ, ചെറുപ്പക്കാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ആരംഭം കൂടിയാണത്. സ്ത്രീകളെ സംഘടിപ്പിച്ച്, അവകാശസംരക്ഷണത്തിന് അവരെ സജ്ജമാക്കുന്ന സംഘടിതമുന്നേറ്റം രൂപപ്പെടുത്തിയെടുക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു. അതുപോലെ, കൊയ്ത്തുകഴിഞ്ഞ സമയത്ത് ജന്മിമാരോട് കൂലിയ്ക്കുവേണ്ടി സമരം നടത്തി വിജയിച്ച ചരിത്രവും നമുക്കറിയാം. ഇത്തരം സമരങ്ങൾക്കാവശ്യമായ ആത്മവിശ്വാസവും പോരാട്ടവീര്യവും സംഘടിത ആവേശവുമെല്ലാം നിരന്തരപ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാക്കിയെടുക്കാൻ കഴിയുന്നവയാണ്.

അവിടെനിന്നാരംഭിച്ച സമരചരിത്രത്തിൽ ഒരു കാലത്തും വി.എസ് ഒഴിവാക്കാത്ത വിഭാഗമാണ് സ്ത്രീകൾ. പുരുഷാധിപത്യ നിലപാടുകളിൽ ജീവിക്കുന്ന സ്ത്രീകളും പുരുഷന്മാരും അടങ്ങിയ ഒരു സമൂഹത്തോടാണ് സ്ത്രീകളുടെ അവകാശപോരാട്ടത്തിനായുള്ള സമരം അദ്ദേഹം ആഹ്വാനം ചെയ്യുന്നത് എന്നുകൂടി ഓർക്കണം.
സ്ത്രീകൾക്കെതിരായ അതിക്രമം പരിഹരിക്കാൻ എപ്പോഴും പ്രതിപക്ഷത്താണ് വി.എസ്. നിലകൊണ്ടത്. അതിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്, 1970-ൽ സി. അച്യുതമേനോൻ മന്ത്രിസഭയുടെ കാലഘട്ടത്തിൽ, ആലപ്പുഴയിൽ കർഷകതൊഴിലാളിസ്ത്രീകളെ പൊലീസ് ബലാൽസംഗം ചെയ്ത കേസ്. അത് ആരുമറിയാതെ മൂടിവെക്കപ്പെടുമായിരുന്നു. പക്ഷെ, അർധരാത്രിക്കുശേഷം വിവരം കിട്ടിയപ്പോൾ, രായ്ക്കുരാമാനം വി.എസ്. സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി പിറ്റേന്നുതന്നെ നിയമസഭയിൽ അടിയന്തരപ്രമേയം അവതരിപ്പിച്ചു. ആ പൊലീസുകാരുടെ പേരിൽ കേസെടുന്നതുവരെ സമരം തുടരുകയും ചെയ്തു. ബലാൽസംഗം ചെയ്യപ്പെടുന്ന, കൊല ചെയ്യപ്പെടുന്ന സ്ത്രീകൾക്കുവേണ്ടി എല്ലാ കാലത്തും, ഭരിക്കുന്ന കക്ഷി ഏത് എന്ന് നോക്കാതെ അദ്ദേഹം നിലപാടെടുത്തിട്ടുണ്ട്.
ഏറെ കുപ്രസിദ്ധമായ ഐസ്ക്രീം പാർലർ കേസിൽ പെൺകുട്ടിയുടെ പക്ഷത്തുനിന്ന് അടിയുറച്ചു പോരാടിയ വി.എസ്. അച്യുതാനന്ദനെ എത്രമാത്രം കൃതജ്ഞതയോടെയാണ് കേരളത്തിലെ സ്ത്രീസമൂഹം ഓർക്കുന്നത് എന്ന് പറയുകവയ്യ.
അജിതയോടൊപ്പം ഞാനെല്ലാം നേതൃത്വം നൽകിയ, ഏറെ കുപ്രസിദ്ധമായ ഐസ്ക്രീം പാർലർ കേസിൽ പെൺകുട്ടിയുടെ പക്ഷത്തുനിന്ന് അടിയുറച്ചു പോരാടിയ വി.എസ്. അച്യുതാനന്ദനെ എത്രമാത്രം കൃതജ്ഞതയോടെയാണ് കേരളത്തിലെ സ്ത്രീസമൂഹം ഓർക്കുന്നത് എന്ന് പറയുകവയ്യ. അത്രയും സ്‌നേഹം അദ്ദേഹത്തോടുണ്ടായി. കവിയൂർ- കിളിരൂർ കേസിലും അനഘ കേസിലുമെല്ലാം പാർട്ടി മൂടിവെക്കാൻ ശ്രമിച്ച സത്യങ്ങൾ പുറത്തുകൊണ്ടുവരാൻ, പാർട്ടിയിൽ ഒരു പ്രതിപക്ഷമായി നിന്നുകൊണ്ട് വി.എസ് നടത്തിയ പോരാട്ടങ്ങൾ ഓർക്കുക. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട പല കാര്യങ്ങളും വെളിച്ചത്തുകൊണ്ടുവരാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെല്ലാം വിജയത്തിലേക്ക് എത്തിയില്ല എങ്കിൽ പോലും, വലിയൊരു സ്ത്രീഅനുകൂല അവബോധം സൃഷ്ടിക്കാനും കേരളീയ സമൂഹത്തിൽ അത്തരമൊരു നിലപാടെടുക്കാൻ കുറെപേരെയെങ്കിലും പ്രേരിപ്പിക്കാനും വി.എസിന്റെ ഇടപെടലിലൂടെ സാധിച്ചു.
ഐസ്‌ക്രീം പാർലർ, കവിയൂർ- കിളിരൂർ കേസുകളിൽ, രാഷ്ട്രീയപാർട്ടികളുടെ പക്ഷം നോക്കാതെ, പ്രതിപക്ഷത്തുനിന്നുകൊണ്ടാണ് വി.എസ് പോരാട്ടം നടത്തിയത്. പലപ്പോഴും പാർട്ടിയ്ക്ക് ഇണങ്ങാത്ത, പാർട്ടിയ്ക്ക് സമ്മതമല്ലാത്ത തരത്തിലുള്ള സമരങ്ങളും അദ്ദേഹം നടത്തിയതായി നമുക്കറിയാം. പൊമ്പിളൈ ഒരുമൈ സമരത്തിന് ഒരിക്കലും പാർട്ടി അനുകൂലമായിരുന്നില്ല. മാത്രമല്ല, ഇടതുപക്ഷത്തോടാണ് ആ സമരം നിലപാടെടുത്തത്. കാരണം, ആ സമയത്ത് ഭരിച്ചിരുന്നത് ഇടതുമുന്നണിയിലെ ആളുകളാണ്. ആ സമരത്തിൽ നിലപാടെടുക്കുക എന്നുപറഞ്ഞാൽ പാർട്ടിവിരുദ്ധപ്രവർത്തനമായി പോലും കാണാവുന്ന സംഭവമായിരുന്നു. എന്നാൽ, വി.എസ് ആ സമരത്തോടൊപ്പം തന്നെ നിന്നു. സത്യം എന്താണോ, അതിനൊപ്പം പോകുക എന്നത് വളരെ പ്രധാനപ്പെട്ട, അടിയുറച്ച നിലപാടായിരുന്നു അദ്ദേഹത്തെ സംബന്ധിച്ച്.

ടി.പി. ചന്ദ്രശേഖരൻ വധിക്കപ്പെട്ട സന്ദർഭം ഓർക്കുന്നു. ആ സംഭവത്തിനുശേഷം കോഴിക്കോട്ട്, മഹാശ്വേതാദേവിയോടൊപ്പം സമരത്തിൽ ഞാനടക്കമുള്ളവർ പങ്കെടുക്കുകയും അദ്ദേഹത്തിന്റെ വീട്ടിൽ പോകുകയും ചെയ്തു. ഞങ്ങളവിടെ പോകുന്നത്, വി.എസ്. അച്യുതാനന്ദന്റെ സന്ദർശനത്തിനുപിന്നാലെയാണ് എന്നാണ് എന്റെ ഓർമ.
ടി.പിയുടെ ഭാര്യ രമയ്ക്ക് വി.എസ് നൽകിയ ആശ്വാസം, ഒരുപക്ഷെ, രമയ്ക്കു മാത്രമായിരുന്നില്ല, കേരളത്തിലെ മുഴുവൻ സ്ത്രീകൾക്കും നൽകിയ താങ്ങും കരുത്തുമായിരുന്നു. 'ഞങ്ങളോടൊപ്പം ഇടതുപക്ഷത്തിലെ ഈയൊരു നേതാവുണ്ട്' എന്ന പ്രതീക്ഷ അന്നുണ്ടായി. എ.കെ.ജി അമരാവതി സമരത്തിൽ ചെയ്തതുപോലെ, പാർട്ടിനിലപാട് എന്ത് എന്നുനോക്കാതെ, ജനങ്ങൾ പീഡിപ്പിക്കപ്പെടുന്നിടത്തും അവമതിക്കപ്പെടുന്നിടത്തും ആക്രമിക്കപ്പെടുന്നിടത്തും ഓടിയെത്തുക എന്നതാണ് പ്രത്യേകിച്ച് ഒരു കമ്യൂണിസ്റ്റിന്റെ ഉത്തരവാദിത്വം എന്ന പ്രബലമായ സത്യം, വലിയ പാഠം ഉൾക്കൊണ്ട നേതാവായിരുന്നു വി.എസ്. അച്യുതാനന്ദൻ.
പരിസ്ഥിതി സമരങ്ങളെ ആക്ഷേപിക്കുന്ന ഭരണകൂട നിലപാടിനോട് എല്ലായ്‌പ്പോഴും പോരാടിനിന്ന ഒരാളാണ് വി.എസ്. കൊക്കേക്കോള സമരം തൊട്ട് ആ നിലപാട് കാണാം.
അദ്ദേഹം തന്നെ പറയുന്നുണ്ട്, ഇരകളായ പെൺകുട്ടികൾ അധികാരികളുടെ അറിവോടെയും ഒത്താശയോടെയും ക്രൂരമായി വേട്ടയാടപ്പെടുന്ന സ്ഥിതിവിശേഷം തുടരുന്നത് ഒരിക്കലും അനുവദിക്കാവുന്നതല്ല എന്ന്. സമൂഹത്തിനാകെ അപമാനകരമായ അത്തരം സംഭവങ്ങളിൽ കക്ഷിരാഷ്ട്രീയഭേദമേന്യ ഒറ്റക്കെട്ടായിനിന്ന് പോരാടി, ആ പ്രവണത ഇല്ലാതാക്കാൻ കഴിയണം എന്നും അദ്ദേഹം പറയുന്നുണ്ട്.
സ്ത്രീകളെപ്പോലെതന്നെയാണ് അദ്ദേഹം ഭൂമിയെയും പരിസ്ഥിതിയെയും കണ്ടത്. പരിസ്ഥിതി സമരങ്ങളെ ആക്ഷേപിക്കുന്ന ഭരണകൂട നിലപാടിനോട് എല്ലായ്‌പ്പോഴും പോരാടിനിന്ന ഒരാളാണ് വി.എസ്. കൊക്കേക്കോള സമരം തൊട്ട് ആ നിലപാട് കാണാം. എനിക്കുതന്നെ പരിചയമുള്ള തൃശ്ശൂരിലെ നിരവധി സമരങ്ങളിൽ, ലാലൂർസമരമായാലും എരയാംകുടി സമരമായാലും മുരിയാട് ഭൂസമരമായാലും, അദ്ദേഹം പരിസ്ഥിതിയ്ക്കുവേണ്ടിയാണ് നിലപാടെടുത്തത്. തൃശ്ശൂരിൽ തന്നെ ഒരു സ്ഥലത്ത് ഏക്കറുകളോളം വയലിൽ ഇട്ട മണ്ണ് എടുപ്പിക്കാൻ ഈ സഖാവിനെക്കൊണ്ട് സാധിച്ചു. അതത്ര എളുപ്പമായിരുന്നില്ല എങ്കിലും മണ്ണ് എടുപ്പിച്ച്, വയലിനെ പൂർവസ്ഥിതിയിലാക്കുന്നതുവരെ തന്റെ അധികാരം അദ്ദേഹം ഉപയോഗിച്ചു. ഭൂമിയോടും കർഷകരോടും ചെയ്ത വലിയൊരു നീതി കൂടിയായിരുന്നു അത്.

വി.എസ് വിട പറയുമ്പോൾ, ജനങ്ങൾക്കുവേണ്ടി നിലകൊണ്ട പ്രതിപക്ഷമാണ് ഇല്ലാതാകുന്നത്. പാർട്ടിക്കകത്തും പുറത്തും, എല്ലാ കാലത്തും പ്രതിപക്ഷമായി നിലനിന്നുകൊണ്ട്, അദ്ദേഹം ജനങ്ങളുടെ വാക്കായി മാറി. ജനങ്ങളുടെ ആവശ്യങ്ങളുന്നയിക്കുന്ന മഹാശക്തിയായി, ധീരശബ്ദമായി മാറി.
ഏറ്റവും സങ്കടകരമായ ചില സന്ദർഭങ്ങൾ കൂടി ഓർമ വരുന്നുണ്ട്. മാർജിനലൈസ് ചെയ്യപ്പെട്ട് പോളിറ്റ്ബ്യൂറോയിലും സംസ്ഥാന കമ്മിറ്റികളിലുമൊക്കെ ഇരിക്കുന്ന വി.എസിന്റെ ചിത്രം നമ്മുടെ ഹൃദയത്തിലെ എല്ലാ കാലത്തെയും വേദനയായി നിലനിൽക്കും എന്നതാണ് ഈ അവസരത്തിൽ എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്ന ഒരു കാര്യം.
