ഷീന ജോസ്: പെണ്ണിന്റെ ലോകങ്ങൾ, കാലങ്ങൾ

സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കാൻ കൂട്ടാക്കാത്ത ഒരു സാമൂഹ്യ സാഹചര്യത്തിൽ പോരാട്ടത്തിനിറങ്ങിയ ഷീന ജോസ് എന്ന വ്യക്തിയെ അടയാളപ്പെടുത്തേണ്ടതുണ്ട് എന്ന ബോധ്യത്തിലാണ് ഈ കുറിപ്പ്. കേരളത്തിലെ ആദ്യകാല ഫെമിനിസ്റ്റ് മുന്നേറ്റങ്ങളിൽ സജീവപങ്കാളിയും പല സന്ദർഭങ്ങളിലും നേതൃത്വപരമായ ഇടപെടൽ നടത്തുകയും ചെയ്ത ഷീനയുടെ പ്രവർത്തനങ്ങൾ ഭാവിയെക്കുറിച്ച ആലോചനകളുടെ ഉള്ളടക്കമാകേണ്ടതുണ്ട്

സ്ത്രീകളുടെ അവകാശങ്ങളെ മാനിക്കാൻ കൂട്ടാക്കാത്ത ഒരു സാമൂഹ്യ സാഹചര്യത്തിൽ പോരാട്ടത്തിനിറങ്ങിയ ഷീന ജോസ് എന്ന വ്യക്തിയെ അടയാളപ്പെടുത്തേണ്ടതുണ്ട് എന്ന ബോധ്യത്തിലാണ് ഈ കുറിപ്പ്. നിറഞ്ഞ ചിരിയും നല്ല ധൈര്യവും സുവ്യക്തമാർന്ന രാഷ്ട്രീയബോധ്യവും മറയില്ലാത്ത പെരുമാറ്റവുംകൊണ്ട് ഏവരുടെയും മനസ്സുകവർന്ന, ഏവർക്കും സ്‌നേഹം പകർന്ന ഷീന ജോസ് വിട്ടുപിരിഞ്ഞശേഷം, അവരുടെ ഇടപെടലുകളുടെ ശക്തിയും പ്രഭാവവും സമൂഹമാധ്യമങ്ങളിലൂടെ നാം തിരിച്ചറിഞ്ഞു.

ഷീനയുടെ എക്കാലത്തെയും അടുത്ത കൂട്ടുകാരനും ജീവിതപങ്കാളിയുമായ സന്തോഷ്‌കുമാറും ഷീനക്കൊപ്പം വർഷങ്ങളോളം പ്രവർത്തിച്ച സുഹൃത്തുക്കളും പങ്കുവച്ച വിവരങ്ങളാണ് ഈ കുറിപ്പിനാധാരം. കേരളത്തിലെ ആദ്യകാല ഫെമിനിസ്റ്റ് മുന്നേറ്റങ്ങളിൽ സജീവപങ്കാളിയും പല സന്ദർഭങ്ങളിലും നേതൃത്വപരമായ ഇടപെടൽ നടത്തുകയും ചെയ്ത ഷീന ജോസിന്റെ പ്രവർത്തനങ്ങൾ വരും തലമുറയിലെ പോരാളികൾക്ക് വഴികാട്ടുമെന്ന് ഉറപ്പാണ്.

മതത്തിൽനിന്ന് പുറത്തേക്ക്

വിദ്യാർത്ഥിയായിരുന്ന കാലത്തുതന്നെ നേതൃപാടവവും പഠനമികവും തെളിയിച്ചിരുന്ന ഷീന തൃശൂർ മിഷൻ ക്വാർട്ടേഴ്‌സിനടുത്തുള്ള ലാറ്റിൻ കോൺവെന്റ് എന്നറിയപ്പെട്ടിരുന്ന സെന്റ് ജോസഫ്സ് സ്‌കൂളിലായിരുന്നു പഠിച്ചത്. 1980ൽ സംസ്ഥാനത്ത് മലയാളത്തിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയതിന് ഉള്ളൂർ സ്മാരക സ്വർണമെഡൽ, കേരള വർക്കിങ് ജേർണലിസ്റ്റ് യൂണിയന്റെ ഗോമതി രാഘവൻ നായർ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ സ്‌കൂൾ പഠന കാലത്ത് നേടി.

തൃശൂർ സെന്റ് മേരീസ് കോളേജിലായിരുന്നു പ്രീഡിഗ്രി. കലാ- സാംസ്‌കാരിക പരിപാടികളുടെ സംഘാടകയായും കോളേജ് മാഗസിൻ എഡിറ്റോറിയൽ ബോർഡിലും അവർ പ്രവർത്തിച്ചു. വിമല കോളേജിൽ ഡിഗ്രി വിദ്യാർത്ഥിയായിരിക്കുമ്പോൾ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ഇടപെടുകയും വ്യവസ്ഥാപിത രാഷ്ട്രീയപാർട്ടികളുടെ യുവജന സംഘടനകളോട് മത്സരിച്ച് തോൽക്കുകയും ചെയ്തു. ഇതിനിടയിൽ ‘ഐക്കഫ്' പോലുള്ള വിദ്യാർത്ഥി സംഘടനകളിൽ സജീവമായി.

വിമല കോളേജിലെ ബൈബിൾ പഠനവുമായി ബന്ധപ്പെട്ട മികവിന് അവസാന വർഷം സ്വർണമെഡൽ നേടുകയും ചെയ്തിട്ടുണ്ട്. കെ.സി.വെ.എമ്മിന്റെ തൃശൂർ രൂപത ജോയിന്റ് സെക്രട്ടറിയായിരുന്നു. വിശ്വാസിയായിരുന്നുവെങ്കിലും പിന്നീട് പുതിയ ആലോചനകളുടെ, ബോധ്യങ്ങളുടെ ഭാഗമായി 23ാമത്തെ വയസ്സിൽ ഷീന മതവുമായുള്ള ബന്ധം വിച്ഛേദിച്ചു. ഡിഗ്രി തലം വരെ സയൻസ് വിഷയങ്ങളിൽ പഠനം മുന്നോട്ടുകൊണ്ടുപോയ ഷീന ബിരുദാനന്തര ബിരുദത്തിന് മലയാളം തിരഞ്ഞെടുക്കുകയും 1985ൽ പട്ടാമ്പി സംസ്‌കൃത കോളേജിൽ ചേരുകയും ചെയ്തു.

മാനുഷിയും ചേതനയും

പട്ടാമ്പിയിൽ പഠിക്കുന്ന കാലത്താണ് മാനുഷിയുമായി ബന്ധപ്പെട്ട പ്രവർത്തനം ആരംഭിക്കുന്നത്. അവരുടെ നാടക പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും സാറ ജോസഫ് എഴുതിയ ‘ബലിദാനം' എന്ന നാടകത്തിൽ അഭിനയിക്കുകയും ചെയ്തു. പിന്നീട് തൃശ്ശൂർ ശ്രീകേരളവർമ കോളേജിലേക്ക് മാറി. കേരളവർമയിൽ എത്തിയശേഷം മാനുഷിയിലെ പ്രവർത്തനങ്ങളുടെ തുടർച്ചക്കൊപ്പം കേരളത്തിലെ ആദ്യ ഫെമിനിസ്റ്റ് ഗ്രൂപ്പുകളിൽ ഒന്നായ ചേതനയുടെ രൂപീകരണവും പ്രവർത്തനങ്ങളും എടുത്തുപറയേണ്ടതാണ്.

1986ലാണ് കേരളത്തിലെ തന്നെ ആദ്യത്തെ ഫെമിനിസ്റ്റ് ഗ്രൂപ്പുകളിൽ ഒന്നായ ചേതന രൂപം കൊള്ളുന്നത്. ചേതനയുടെ പ്രസിഡണ്ട് ആയിരുന്നു ഷീന ജോസ്. അക്കാലത്ത് തങ്കമണി സംഭവമടക്കം സ്ത്രീകൾക്കെതിരെ നടന്ന അതിക്രമങ്ങൾക്കെതിരെ അവർ തെരുവിൽ പ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ടുവന്നു.

കേരളവർമ കേന്ദ്രീകരിച്ചുള്ള ഒരു ഗ്രൂപ്പ് എന്ന ആലോചന ഉണ്ടായിരുന്നെങ്കിലും ഫൈൻ ആർട്‌സ് കോളേജിൽ നിന്നും മറ്റും വിദ്യാർത്ഥികൾ സജീവമായി രംഗത്തെത്തിയതോടെ ചേതന ഒരു സ്വതന്ത്ര ഫെമിനിസ്റ്റ് ഗ്രൂപ്പ് എന്ന നിലയിലാണ് നിലവിൽ വന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കാമ്പയിന, വസ്തുതാന്വേഷണ പഠനങ്ങൾ, സമര പരിപാടികൾ, ചിത്ര പ്രദർശനങ്ങൾ ഇവയൊക്കെയായിരുന്നു ചേതനയുടെ ആദ്യകാല പ്രവർത്തനങ്ങൾ.

1990ൽ നടന്ന സ്വതന്ത്ര സ്ത്രീ സംഘടനകളുടെ ദേശീയ സമ്മേളന സംഘാടന പ്രവർത്തനങ്ങളാണ് ചേതനയുടെ മറ്റൊരു പ്രധാനപ്പെട്ട സംഭാവന. ഇന്ത്യയുടെ പാരിസ്ഥിതികാവബോധത്തിന് പുതിയ ദിശാബോധം നൽകിയ 1987ൽ നടന്ന പശ്ചിമഘട്ട രക്ഷായാത്രയിലും കണ്ണൂർ ജില്ലയിലെ പെരിങ്ങോമിൽ ആണവ നിലയത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തിലും, പൂയംകുട്ടിയടക്കമുള്ള പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഇടപെടലുകളിലെല്ലാം ഷീന പങ്കാളിയായിരുന്നു. ഏഴിമലയിൽ നിന്ന് ബലിയാപാലിലേക്ക് നടത്തിയ ഐക്യദാർഢ്യ യാത്ര ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടതുതന്നെയാണ്.

ബദൽ മാധ്യമ ഇടപെടലുകളായ പാഠഭേദം, വാക്ക്, രംഗഭാഷ തുടങ്ങിയ മാഗസിനുകളുടെ പ്രവർത്തനങ്ങളിലും ഷീന വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. 1990ലെ സ്ത്രീ സംഘടനകളുടെ സമ്മേളനത്തിന്റെ തുടർച്ചയായി ഷീന ജോസിന്റെ ഉത്തരവാദിത്വത്തിൽ പെണ്ണെഴുത്ത് എന്ന പേരിൽ സ്ത്രീകളുടെ നേതൃത്വത്തിൽ ഒരു മാസിക ആസൂത്രണം ചെയ്തിരുന്നുവെങ്കിലും പല കാരണങ്ങളാൽ ആ ആലോചന മുന്നോട്ടുപോയില്ല.

‘ജീസസ് ക്രൈസ്റ്റ് സൂപ്പർ സ്റ്റാർ'

കേരളവർമയിലെ പഠനശേഷം തൃശൂർ ട്രെയിനിങ് കോളേജിൽ നിന്ന് ബി.എഡ് പൂർത്തിയാക്കിയ ഷീന 1990ൽ മേരി റോയിയുടെ പള്ളിക്കൂടത്തിൽ അദ്ധ്യാപികയായി. ഇതേ കാലഘട്ടത്തിലാണ് കോട്ടയത്ത് എലിസബത്ത്, ആശാലത, പ്രസന്ന, പി.ഇ. ഉഷ, അനില ജോർജ് എന്നിവരോടൊത്ത് സഹജയുടെ പ്രവർത്തനം ആരംഭിച്ചത്. സഹജ അക്കാലത്ത് സജീവമായി സ്ത്രീ അവകാശങ്ങൾക്കുവേണ്ടി ശബ്ദിച്ച ഫെമിനിസ്റ്റ് സംഘടനയായിരുന്നു.

സ്ത്രീ അവകാശങ്ങൾക്കായുള്ള കാമ്പയിനുകൾ, വസ്തുതാന്വേഷണ പഠനങ്ങൾ, സമര പരിപാടികൾ തുടങ്ങി ചേതന മുന്നോട്ടു വച്ച പ്രധാന ആശയങ്ങളെല്ലാം സഹജ മുന്നോട്ടുകൊണ്ടു പോയി. സൂര്യനെല്ലി കേസ് അടക്കം ഒരുപാട് ലൈംഗികാക്രമണക്കേസുകളിൽ ഈ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾ സ്ത്രീ അവകാശങ്ങൾക്കായി നിലകൊണ്ടു. ഐസ്‌ക്രീം പാർലർ കേസ് വിവാദമായി നിൽക്കുമ്പോൾ ഫെമിനിസ്റ്റ് സംഘടനകളുടെ നേതൃത്വത്തിൽ ചൂലുമായി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് ചർച്ച ചെയ്യപ്പെടുകയും ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു.

1990കൾക്കുശേഷം സജീവ പ്രവർത്തകരുടെ അഭാവത്തിൽ ചേതനയുടെ പ്രവർത്തനങ്ങൾ മന്ദീഭവിക്കുകയും പതിയെ നിന്നുപോവുകയും ചെയ്തിരുന്നു. മേരി റോയിയുടെ സ്‌കൂളിലെ കലാ സാംസ്‌കാരിക പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച പിന്നീട് വിവാദമായി മാറിയ ‘ജീസസ് ക്രൈസ്റ്റ് സൂപ്പർ സ്റ്റാർ' എന്ന നാടകത്തിന്റെ പിന്നണി പ്രവർത്തകരിൽ പ്രധാനിയായിരുന്നു ഷീന ജോസ്.

1992ൽ പി.എസ്.സി നിയമനം വഴി ഷീന ജോസ് ദേശമംഗലം ഹൈസ്‌കൂളിൽ നിയമിതയായി. ഇക്കാലത്ത് കുട്ടികൾക്കിടയിൽ പ്രത്യേകിച്ച് ചെറുപ്പക്കാർക്കിടയിൽ എങ്ങനെയാണ് ലിംഗതുല്യതയുമായി ബന്ധപ്പെട്ട ചിന്തകൾ വളർത്തിക്കൊണ്ടുവരിക എന്നതായിരുന്നു ഷീനയുടെ പ്രധാന ആലോചന. നിരന്തര ഇപെടൽ കൊണ്ട് സ്‌കൂളിലെ കുട്ടികളുടെ ഇടയിൽ ലിംഗതുല്യതയുമായി ബന്ധപ്പെട്ട ചർച്ചകൾ സ്‌കൂൾ തലത്തിൽ ഉയർത്തിക്കൊണ്ടുവരാൻ ഷീന ജോസിനായി.

സ്‌കൂളുകളിൽ നിലനിന്നിരുന്ന ജെൻഡർ സ്റ്റീരിയോടൈപ്പുകളെ ചോദ്യം ചെയ്യുകയും നിശിതമായി വിമർശിക്കുകയും ചെയ്യുന്നതിലൂടെ കുട്ടികൾക്കിടയിൽ ഇത്തരം ചിന്തകൾ വളർത്താൻ കഴിയും എന്ന് ഷീനക്കുറപ്പുണ്ടായിരുന്നു. 1998 മുതൽ ഷീന ജോസിന്റെ സുഹൃത്തും ജീവിത പങ്കാളിയുമായ കെ.സി. സന്തോഷ്‌കുമാർ മുൻകൈ എടുത്ത് ക്യാമ്പസുകൾ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ജെൻഡർ, മാസ്‌ക്കുലിനിറ്റി, തിയറ്റർ, പരിസ്ഥിതി ശിൽപശാലകളുടെയും യാത്രകളുടെയും പ്രധാന സംഘാടകയായും റിസോഴ്‌സ് പേഴ്‌സൺ എന്ന നിലയിലും ഷീന ജോസ് പ്രവർത്തിച്ചിട്ടുണ്ട്.

‘കുട്ടികളെ വളർത്താനിഷ്ടമില്ലാത്ത സ്ത്രീ'

സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുക മാത്രമല്ല, സ്വജീവിതത്തിൽ അത് പ്രാവർത്തികമാക്കുകയും അതുമായി ബന്ധപ്പെട്ട് വീട്ടിലും സുഹൃത്തുക്കൾക്കിടയിലും തൊഴിലിടങ്ങളിലും ഷീന ശക്തമായ നിലപാടുകൾ എടുക്കുകയും ചെയ്തിരുന്നു. സ്‌കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുന്നവർ ചുരിദാർ പോലുള്ള പുതിയ വസ്ത്രങ്ങൾ ധരിക്കാൻ പാടില്ല എന്ന അലിഖിത നിയമത്തിനെതിരെ ഷീന ചുരിദാർ ധരിച്ചുവന്ന് ശക്തമായ വിമർശനം ഉന്നയിക്കുകയും സ്ത്രീകളുടെ ശബ്ദമാവുകയും അത് മേലധികാരികൾക്കിടയിൽ ചർച്ചയാവുകയും ചെയ്തു.

ഷീന ജോസിന്റെ വിമർശനങ്ങൾ പലപ്പോഴും ആണധികാര സ്വരങ്ങളെ നിശ്ശബ്ദമാക്കുകയും അവിടെ ദൃശ്യമായ മാറ്റങ്ങൾ കൊണ്ടുവരികയും ചെയ്തിരുന്നു എന്നതുകൊണ്ട് തന്നെ അവർ മരിക്കുന്നതുവരെ ഇത്തരം ആണധികാര കേന്ദ്രങ്ങൾക്കൊരു തലവേദന തന്നെയായിരുന്നു.

കെ.സി. സന്തോഷ്‌കുമാറുമായി ഒരുമിച്ചു ജീവിക്കാൻ ആലോചിച്ചപ്പോൾ, അഞ്ചുവർഷം ഒരുമിച്ച് ജീവിച്ചുനോക്കാം എന്ന ഉടമ്പടിയിലാണ് ആ തീരുമാനം എടുക്കുന്നത്. കുരിയച്ചിറ മാർ തിമോത്തിയോസ് സ്‌കൂളിൽ വച്ച് 1993 മെയ് 9ന് വളരെ അടുത്ത സുഹൃത്തുക്കളും ഇരുവീട്ടുകാരും ബന്ധുക്കളും ഒത്തുചേർന്നു നടത്തിയ പാർട്ടിയിൽ അവർ ഔദ്യോഗികമായി ഒന്നിച്ചു ജീവിക്കാൻ ആരംഭിച്ചു.

പിതൃമേധാവിത്ത സംവിധാനത്തിൽ ജീവിക്കാൻ തയ്യാറല്ല എന്നതുകൊണ്ട് തന്നെ ഷീന ജോസ് പ്രസവിക്കാനോ കുട്ടികളെ വളർത്താനോ ആഗ്രഹിക്കുന്നില്ല, തയ്യാറല്ല എന്ന രാഷ്ട്രീയ തീരുമാനം സന്തോഷിനെ അറിയിച്ചിരുന്നു. കുട്ടികളില്ലാത്ത സ്ത്രീകൾക്കെതിരെ നടക്കുന്ന വയലൻസിനെതിരെ പ്രതികരിക്കാൻ കൂടിയാണ് കുട്ടികളെ ഏറെ ഇഷ്ടമായിരുന്ന ഷീന ജോസ് അങ്ങിനെയൊരു തീരുമാനമെടുത്തത്. കുട്ടികളെ വളർത്താനിഷ്ടമില്ലാത്ത സ്ത്രീ എന്ന രീതിയിൽ ജീവിതകാലം മുഴുവൻ ഷീന ഒരുപാട് വിമർശനങ്ങൾ കേട്ടിരുന്നു. ആദ്യകാലത്ത് വളരെ പൊളിറ്റിക്കൽ ആയി ഇത്തരം വിഷയങ്ങളിൽ മറുപടി പറഞ്ഞിരുന്ന ഷീന ജോസ് പിന്നീട് എനിക്ക് സൗകര്യമില്ലായിരുന്നു എന്ന രീതിയിലായിരുന്നു ഇത്തരം വിമർശനങ്ങളെ നേരിട്ടിരുന്നത്.

ക്ലാസ്​മുറിയിലെ ജെൻഡർ സെൻസിറ്റിവിറ്റി

1996ൽ കേരള സ്ത്രീ വേദി രൂപീകൃതമായപ്പോൾ ഷീന സജീവമായി സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായെങ്കിലും സജീവ പ്രവർത്തകരായ ചില സുഹൃത്തുക്കളുമായുള്ള രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾകൊണ്ട് പിൻവാങ്ങുകയായിരുന്നു. വിമർശനങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നിലനിൽക്കെ തന്നെ പിൽക്കാലത്ത് സ്ത്രീവേദി സംഘടിപ്പിച്ച പരിപാടികളിൽ ഷീന സജീവമായി പങ്കുചേരുകയും സ്ത്രീവേദി പ്രവർത്തകർക്കൊപ്പം നിലകൊള്ളുകയും ചെയ്തിട്ടുണ്ട്.

1998 മുതൽ യുവജനങ്ങൾക്കിടയിൽ പരിസ്ഥിതി രാഷ്ട്രീയ വിഷയങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിച്ച കാമ്പസ് സർക്കിളുമായി ബന്ധപ്പെട്ടു നടന്ന മുഴുവൻ പരിപാടികളിലും ഷീന ജോസ് സംഘാടകയായും റിസോഴ്‌സ് പേഴ്‌സൺ എന്ന നിലയിലും ഇടപെട്ടിട്ടുണ്ട്. 10 വർഷത്തോളം കാമ്പസ് സർക്കിളിന്റെ പ്രവർത്തനങ്ങളിൽ ഷീന പ്രവർത്തിച്ചു. സ്‌കൂളിൽ പഠിപ്പിക്കുന്നതിനോടൊപ്പം ത്രിതല പഞ്ചായത്തുകളിൽ നിന്ന് വരുന്ന ജനപ്രതിനിധികൾക്കായി പരിശീലനപരിപാടികൾ സംഘടിപ്പിച്ചു വരുന്ന കിലയിൽ 2000 മുതൽ നാലു വർഷം ജെൻഡർ വിഷയങ്ങളിൽ റിസോഴ്‌സ് പേഴ്‌സൺ എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു.

2005ലാണ് ഗവ. ട്രെയിനിങ് കോളേജിൽ ജോയിൻ ചെയ്യുന്നത്. തലശ്ശേരിയിലും, പിന്നീട് തിരുവനന്തപുരത്തും തൃശ്ശൂരിലുമായി ജോലി ചെയ്ത ഇടങ്ങളിലെല്ലാം ചെറുപ്പക്കാരുമായി താൻ മുന്നോട്ടുവെക്കുന്ന തുല്യതയുടെ രാഷ്ട്രീയം പങ്കുവക്കാനായി എന്നുമാത്രമല്ല അത് സ്വജീവിതത്തിലും പ്രവർത്തനമേഖലകളിലെല്ലാം പ്രകാശിപ്പിക്കുന്ന ഒരുകൂട്ടം അദ്ധ്യാപകരെ സൃഷ്ടിക്കാനുമായി എന്നത് അഭിമാനത്തോടെ ഷീന ജോസ് പറഞ്ഞിട്ടുണ്ട്.
അധ്യാപകരാവാൻ പോകുന്ന കുട്ടികൾക്കുണ്ടാവേണ്ട ജെൻഡർ സെൻസിറ്റിവിറ്റിയും ക്ലാസ് പ്രാക്റ്റീസുകളിൽ പാലിക്കേണ്ട തുല്യതയുമെല്ലാം ഷീന നിരന്തരം അവരെ ഓർമിപ്പിച്ചുകൊണ്ടിരുന്നു.

ഒപ്പം അവിടെ പഠിക്കാനെത്തുന്ന പെൺകുട്ടികളോട് ഈ സമൂഹത്തെക്കുറിച്ചും അധികാര വ്യവസ്ഥകളെക്കുറിച്ചും ഇതിനെതിരെ സ്ത്രീ എന്ന നിലയിൽ അവരുടെ ഐഡന്റിറ്റിയിൽ സ്വതന്ത്രമായി നിലനിൽക്കേണ്ടതിനെക്കുറിച്ചുമെല്ലാം സംസാരിച്ചുകൊണ്ടിരുന്നു. പുതിയ തലമുറയെ പരിശീലിപ്പിക്കുന്നവർ എന്ന നിലയിൽ അവർക്ക് ഷീന ജോസിൽ നിന്ന് ലഭിച്ച അറിവും അനുഭവങ്ങളും എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നു എന്ന് കഴിഞ്ഞ ദിവസങ്ങളിൽ അവരിൽ പലരും സാമൂഹ്യ മാധ്യമങ്ങളിലും വ്യക്തിപരമായും പങ്കുവച്ചിരുന്നു.

തെരുവിൽ

ലൈംഗിക തൊഴിലാളികളുടെയും ട്രാൻസ്ജെൻഡറുകളുടെയും അവകാശ പോരാട്ടങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ വിമത ലൈംഗിക പ്രസ്ഥാനങ്ങളും സാമൂഹ്യ സംഘടനകളും തൃശൂരിൽ നടത്തിയ ക്വിയർ പ്രൈഡ് മാർച്ചിന് ഷീന ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കേരളത്തിലെ പല പുരോഗമന പ്രസ്ഥാനങ്ങളും ‘സദാചാര പ്രശ്‌നങ്ങൾ' മൂലം പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പരിപാടിയിൽ നിന്ന് വിട്ടുനിന്നപ്പോൾ ഷീന അവർക്കായി ജ്വാലാമുഖി പോലുള്ള സംഘടനകളും കമ്യൂണിറ്റി ബേസ്ഡ് ഓർഗനൈസഷനുകളും സംഘടിപ്പിച്ച ട്രെയിനിങ്ങുകളിൽ സംസാരിച്ചു. അവർക്കെതിരെ അതിക്രമങ്ങൾ ഉണ്ടായപ്പോഴും അവർ സംഘടിച്ച് തെരുവിൽ ഇറങ്ങിയപ്പോഴെല്ലാം ഷീനയും അവർക്കൊപ്പം ചെന്നു.

2006ൽ തൃശ്ശൂരിൽ ആരംഭിച്ച വിബ്ജിയോർ അന്തർദേശീയ ചലച്ചിത്രമേളയുടെ കോർ ടീം അംഗങ്ങളിൽ ഒരാളായിരുന്നു ഷീന. കഴിഞ്ഞ 12 വർഷവും അവർ പഠിപ്പിച്ചിരുന്ന കോളേജിൽ സാമൂഹ്യ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള സിനിമകൾ കാണിക്കുന്ന ചലച്ചിത്ര മേളകൾ അവർ സംഘടിപ്പിച്ചിരുന്നു. സി. ശരത്ചന്ദ്രൻ അടക്കമുള്ള ഒരുപാട് ജനകീയ സിനിമാ പ്രവർത്തകർക്ക് പിന്തുണയാവാനും ഷീന ശ്രമിച്ചിട്ടുണ്ട്.

സാമൂഹ്യ വിഷയങ്ങളുമായി ബന്ധപ്പെട്ട് പരിപാടികൾ സംഘടിപ്പിക്കുമ്പോൾ സാമ്പത്തികമായി സഹായം ചെയ്യണമെന്നാവശ്യപ്പെട്ട് ചെന്ന ഒരാളെയും ഷീന ഒരിക്കലും വെറുംകൈയോടെ മടക്കി അയച്ചില്ല. കൈയ്യിലുള്ളതും സുഹൃത്തുക്കൾ വഴിയും സഹപ്രവർത്തകർ വഴിയും ഷീന ധനസമാഹരണം നടത്തി, ഒപ്പം സ്റ്റാഫ് റൂമുകളിൽ ആ നോട്ടീസുകളുമായി ചെന്ന് സഹപ്രവർത്തകർക്കിടയിൽ ചർച്ചകൾ തുടങ്ങിവച്ചു.

താൻ പഠിപ്പിക്കുന്ന കുട്ടികളും ഇത്തരം സാമൂഹിക- രാഷ്ട്രീയ- പാരിസ്ഥിതിക വിഷയങ്ങൾ മനസ്സിലാക്കാക്കിയിരിക്കണം എന്നതുകൊണ്ടുതന്നെ പലപ്പോഴും അവരെയും യാത്രകളിൽ കൂടെ കൂട്ടി. അങ്ങിനെ താൻ വിശ്വസിക്കുന്ന രാഷ്ട്രീയം സ്വജീവിതത്തിൽ പ്രാവർത്തികമാക്കാനും സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിലേക്ക് വരും തലമുറയെ വാർത്തെടുക്കാനും പരിശ്രമിച്ചു എന്നത് തന്നെയാണ് ഷീന ജോസ് നമുക്കായി ചെയ്തത്.

ഷീന ജോസ് മുന്നോട്ടു വച്ച രാഷ്ട്രീയ ഇടപെടലുകൾ ഒറ്റക്കും കൂട്ടായും സംഘടനാപരമായുമെല്ലാം മുന്നോട്ടുകൊണ്ടുപോകുക എന്നതു തന്നെയാണ് അവർക്കുവേണ്ടി നമുക്കിനി ചെയ്യാൻ കഴിയുക.

Comments