ദുഷ്‌കരം, വയ്യ, മടുത്തു...
എന്നൊക്കെ അവനവനോട് ആത്മത്തിലും അപരനോട് പ്രകാശത്തിലും ഇടക്കൊക്കെ പറയുമെങ്കിലും ജീവിതമെന്ന സംഗതി ഓരോ മനുഷ്യനും അത്രയേറെ പ്രിയപ്പെട്ട ഒന്നാകുന്നു.
‘ഹാവൂ.. കഴിയാറായി' എന്ന് ആഹ്ലാദത്തോടെ നാം സ്വീകരിക്കാറില്ല മരണത്തേയോ ആസന്ന മരണത്തെയോ എന്നുസാരം. വ്യക്തിക്ക് അയാളുടെ പിറന്നാൾ എന്ന പോലെ ഒരു സമൂഹത്തിനും പൊതുവായി ഒരു വയസ് മൂപ്പ് കൂട്ടുന്നുണ്ട് ഓരോ പുതുവർഷവും. മരണമെന്ന അവസാനത്തിലെത്താത്ത തുടർച്ചയുണ്ട് സമൂഹത്തിന് എന്നതുകൊണ്ട് അതിനെ നാം വളർച്ചയെന്ന് തന്നെ ധരിക്കേണ്ടിയിരിക്കുന്നു. തീർച്ചയായും ധാരാളമായി ആഹ്ലാദപ്പെടേണ്ട ഒരവസരം.
അതുമാത്രമല്ല, മനുഷ്യർക്ക് സന്തോഷിക്കുവാനും തമ്മിൽത്തമ്മിൽ സ്‌നേഹം ആശംസിക്കാനും ഇട നൽകുന്ന ആഘോഷങ്ങളൊക്കെയും എനിക്ക് എല്ലായ്‌പ്പോഴും സ്വീകാര്യമാണ് താനും അതുകൊണ്ടുകൂടിയാണ് സന്തോഷപൂർവ്വമുള്ള ഈ പുതുവത്സരക്കുറിപ്പ്.
2022 എനിക്ക് എങ്ങനെയായിരുന്നു അല്ലെങ്കിൽ എന്റെ ജീവിതത്തിൽ കഴിഞ്ഞ വർഷം പ്രവർത്തിച്ചതെങ്ങനെ എന്നാണ് ചോദ്യം? അത്യാഹിതങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല എങ്കിൽ 50 കഴിഞ്ഞ ഒരാളുടെ ജീവിതത്തിൽ കേവലം മുന്നൂറ്റി ചില്വാനം ദിവസങ്ങൾ എന്തത്ഭുതം കാണിക്കാനാണ് എന്ന് സംശയിക്കുന്നവരുണ്ടാകും. എന്നാൽ എത്ര അസംബന്ധമാണെന്നൊ അങ്ങനെയൊരു വിചാരം.
അതിനിശ്ശബ്ദമായ അനവധി വിപ്ലവങ്ങൾ അനുനിമിഷം നടക്കുന്ന ഒരു ഇടമാകുന്നു 50 കഴിഞ്ഞവരുടെ മനസ്. അൽപം പോലും പ്രകടനപരമല്ല എന്നതിനാൽ ലോകം അതിനെ ശ്രദ്ധിക്കുന്നില്ല എന്നേയുള്ളൂ. അവരാവട്ടെ, ലോകത്തിന്റെ ശ്രദ്ധ തന്നിൽ തങ്ങിനിൽക്കണമെന്ന കേവലവാശികളിൽ നിന്നൊക്കെ അകന്നിട്ടുമുണ്ടാകും. ഒരുപക്ഷേ അപരൻ കാണുന്നത് അവനിൽ നിന്നുള്ള ഒരു ദീർഘനിശ്വാസം മാത്രമായിരിക്കും. അതും അത്രയും അടുത്ത് നിരീക്ഷിക്കുന്നവർ മാത്രം. മരണങ്ങളിൽ വല്ലാതെ വ്യാകുലനും തളർന്നവനുമായിപ്പോകരുത് എന്നതായിരുന്നു കഴിഞ്ഞ വർഷത്തിൽ ഞാൻ എനിക്ക് നൽകിയ ഒരു ഉപദേശം.
അടുത്ത മനുഷ്യരുടെ മരണങ്ങൾ ആ വിധം ഉലച്ചുകളയുമായിരുന്നു എന്നെ. തിരിച്ചുവരാൻ അതികഠിനമായി പ്രയാസപ്പെടേണ്ടി വരുന്ന തരത്തിലുള്ള ഒരു തകർച്ച അത് എന്റെ മാനസികനിലയിൽ സൃഷ്ടിച്ചുവെക്കുമായിരുന്നു. മരണമെന്നത് അനിവാര്യമാണെന്നും ജനിച്ചവർക്കൊക്കെയും സംഭവിക്കുമെന്ന് ഉറപ്പുള്ളതാണെന്നും 50 കൊല്ലം മരണം തൊടാതെ നിർത്തിയ ഒരു മനുഷ്യൻ പഠിക്കേണ്ടതുണ്ട് എന്ന അറിവിൽ നിന്നായിരുന്നു ആ തീരുമാനം.
2022-ആകട്ടെ, എന്റെ ആ തീരുമാനത്തെ പരീക്ഷിക്കുവാൻ വേണ്ടിയാകണം, വേണ്ടതിലധികം ആ വിധമുള്ള അവസരങ്ങൾ നൽകുകയും ചെയ്തു. സൂപ്പർ മാർക്കറ്റുകളിലെ സ്റ്റേഷനറി സെക്ഷനുകൾ എനിക്ക് എന്നും പ്രിയപ്പെട്ട ഇടങ്ങളാണ്. പ്ലാനറുകൾ, ടേബിൾ കലണ്ടറുകൾ, പലനിറത്തിലുള്ള ഒട്ടിപ്പ് കടലാസുകൾ... പഴയകാല ഡിസംബർ മാസങ്ങളിൽ ഞാൻ വാങ്ങിക്കൂട്ടുന്ന അത്തരം വസ്തുക്കൾക്ക് കണക്കില്ലായിരുന്നു.
പാലിക്കപ്പെടുകയില്ലെന്ന് എടുക്കുമ്പോൾ തന്നെ നിശ്ചയമുള്ള റെസലൂഷനുകൾ, മോട്ടിവേഷൻ, പുസ്തകങ്ങൾ, സക്‌സസ് സ്റ്റോറികൾ, മോണിംഗ് പേജുകൾ... അങ്ങനെയങ്ങനെ ഉടൻ നന്നാവാനുള്ള ആർത്തികൊണ്ട് നിറഞ്ഞ് തുളുമ്പുന്ന മനസ്.
അത്തരം പുതുവർഷങ്ങൾ അവസാനിച്ചിട്ട് ഏതാണ്ട് പത്തുപതിനഞ്ച് കൊല്ലമായി. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ ഒരു മന്ദഹാസം മാത്രം മനസിൽ ബാക്കിയാക്കുന്ന ഒരു പഴയ കാലമായി മാറിയിരിക്കുന്നു അതൊക്കെ. പോയവർഷം എന്ന് പറയുമ്പോൾ അത് നമ്മുടെ ജീവിതത്തിന്റെ ഒരു കഷണമാണല്ലോ. ബാല്യകൗമാരങ്ങളും, ഇളയതും മൂത്തതുമായ യൗവ്വനദശകളും കടന്ന് വാർദ്ധക്യകാലത്തേക്ക് കടന്നുനിൽക്കുന്ന സമയത്തെ ഈ കഷണങ്ങളോരോന്നും ജീവിതത്തിന്റെ നടുക്കഷണങ്ങളാണ്
ഏറ്റവും മൂല്യമുള്ളതും രുചിയുള്ളതുമായ ജീവിതത്തിന്റെ നടുക്കണ്ടങ്ങൾ. സമൂഹത്തെ അങ്ങോട്ട് പരിഗണിക്കുകയോ സമൂഹം ഇങ്ങോട്ട് ശ്രദ്ധിക്കുകയോ ചെയ്യാത്ത ഒരു സ്വാതന്ത്ര്യത്തിന്റെ സുഖമുണ്ട് ഈ ഗൗരവം കുറഞ്ഞ കാലത്തിന്.
നിരന്തരമായ നിരുപയോഗം മൂലം പൂർണമായും അണഞ്ഞിട്ടില്ലെങ്കിൽ പല കാരണങ്ങളാൽ നിങ്ങൾക്ക് ഉപേക്ഷിക്കേണ്ടി വന്ന നിങ്ങളുടെ ഇഷ്ടങ്ങളുടെ കനൽതരികളെ നിങ്ങൾക്ക് ഊതിയുണർത്താൻ കഴിയും. അവനവനെ പ്രകാശിപ്പിക്കാൻ മറ്റാരുടേയും ഔദാര്യം വേണ്ടാത്ത ഈ നവമാധ്യമകാലത്ത് അത് കുറച്ചു കൂടി എളുപ്പവുമാണ്.
എന്റെ കാര്യത്തിൽ അത് അഭിനയമായിരുന്നു, സ്വാഭാവികമായും സിനിമയിലെ അഭിനയം. ഞങ്ങളുടെ നാട്ടുകാരനായ കാട്ടൂർ ബാലേട്ടൻ തൊട്ട് ഇന്നസെൻറ്, ഇടവേള ബാബു, തുടങ്ങി നടൻ റഹ്മാന്റെ ഛായയുണ്ടായിരുന്ന ഒരു ചാത്തൻ സേവാ മഠക്കാരന്റെ മകനെ വരെ അസൂയകലർന്ന ആരാധനയോടെ നോക്കിയിരുന്ന ഒരു ചപല ബാല്യം മനസിൽ കൊരുത്തിട്ട ഒരു മോഹം,
നാനയിൽ കാണുന്ന തട്ടിപ്പ് പരസ്യങ്ങളിലേക്ക് ചിത്രമയച്ച് മറുപടി കാത്തുനിന്ന ഒരു നിഷ്‌ക്കളങ്ക കാലം. പിന്നീട് കാലം കടന്നുപോയപ്പോൾ പ്രമുഖരായ സിനിമാക്കാരടക്കം അടുത്ത സുഹൃത്തുക്കളായി.
അപ്പോഴേക്കും അത്തരം ഭ്രമങ്ങളൊക്കെ ഒഴിഞ്ഞ് ശാന്തമായിരുന്നു മനസ്. സുഹൃത്ത് പ്രിയനന്ദന്റേതടക്കം ഒന്നു രണ്ട് സിനിമകളിൽ അഭിനയിച്ചിരുന്നു എങ്കിലും എന്റെ ശരിയായ ഒരു സിനിമാപ്രവേശം സംഭവിച്ച വർഷമായിരുന്നു കടന്നുപോയത്. ജനപ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബൻ, ചെമ്പൻ വിനോദ്, ജിനു ജോസഫ്, വിനയ് ഫോർട്ട്, മുകേഷ്, മമ്മൂട്ടി, ദിലീഷ് പോത്തൻ തുടങ്ങിയവരുടെ കൂടെയൊക്കെ ഒരേ ഫ്രെയിമിൽ നിന്ന് അഭിനയിച്ചു, കഴിഞ്ഞ 12 മാസത്തിനുള്ളിൽ. അതും പോരാഞ്ഞിട്ട് ബോംബെയിൽ ചെന്ന് വിൻസി അലോഷ്യസിനോടൊപ്പം ഒരു ഹിന്ദി സിനിമയിലും. സിനിമയുടെ രാജസദസുകളിലേക്കോ അകത്തളങ്ങളിലേക്കോ പോയിട്ട് അതിന്റെ പൂമുഖപ്പടി വരെ പോലും പ്രവേശനം കിട്ടിയിട്ടില്ല. അതിന്റെ വരാന്തയുടെ അരികിൽ കയറി നിൽക്കാൻ ഒരിടം മാത്രമാണ് എനിക്ക് കിട്ടിയത്.
പക്ഷേ, അത് എന്റെ വലിയ ഒരനുഭവമായിരുന്നു. ആ ലോകത്തിന്റെ പടികടക്കാനാകാതെ മതിലിനുവെളിയിൽ കാത്തുനിൽക്കുന്ന നമ്മേക്കാൾ കഴിവുള്ള അനേകങ്ങളെ കാണുമ്പോഴാണ് നാം എത്ര അനുഗ്രഹീതരാണ് എന്ന് വിനയം തോന്നുക. അന്യഥാ, വളർന്നുകഴിഞ്ഞിരിക്കുന്ന നമ്മുടെ ഈഗോകളെ കുടഞ്ഞുകളഞ്ഞ് 53-ാം വയസിൽ സിനിമാലോകമെന്ന അധികാരശ്രേണിയുടെ ഇങ്ങേ അറ്റത്ത് നിന്നുകൊണ്ട് വിനീതനായി മറ്റൊരു ജീവിതം തുടങ്ങുക എന്നതും വ്യത്യസ്തമായ ഒരനുഭവമാണ്. അനുഭവങ്ങളെയും അവയുടെ ഓർമകളേയുമാണ് നാം ജീവിതമെന്ന് തർജ്ജമ ചെയ്യുന്നത് എന്നതിനാൽ എന്റേത് ഒരു ധനികജീവിതമാകുന്നത് ഇങ്ങനെയൊക്കെയാണ്.
‘ഞാൻ എന്തു ചെയ്യണം?' എന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ
‘നിങ്ങൾക്ക് എന്ത് ചെയ്യാൻ തോന്നുന്നുവോ അത് ചെയ്യാൻ തുടങ്ങുക' എന്നാണ് ഞാൻ മറുപടി പറയാറ്.
‘എന്താണ് നിങ്ങൾക്ക് നന്നായി ചെയ്യാൻ കഴിയുന്നത് അത് ചെയ്യുക' എന്ന പതിവ് ഉത്തരത്തിൽ നിന്ന് വ്യത്യസ്തമാണ് അത്. ഒന്നിൽ പ്രഗൽഭനാകുന്നു എന്നതിനേക്കാൾ പ്രധാനമാണ് നമുക്കിഷ്ടമുള്ളതൊക്കെയും ചെയ്തുനോക്കുക എന്നത്. എന്തിനേയും ഉള്ളിലൊതുക്കുമ്പോഴാണ് സമ്മർദ്ദമുണ്ടാകുന്നത്.
പതിയെപ്പതിയെ വളരുന്ന സമ്മർദ്ദമാണ് സ്‌ഫോടനങ്ങളുണ്ടാക്കുന്നത്. അത്തരം സ്‌ഫോടനങ്ങളാണ് നമ്മെ പാടെ തകർത്തുകളയുന്നതും.
മനുഷ്യരുണ്ടാക്കിയതാണ് മനുഷ്യർ അടിപ്പെട്ട് ജീവിക്കുന്ന സകലതും എന്നത് ഒരു തമാശയാണ്. മതങ്ങൾ, ദൈവങ്ങൾ, നാട്ടുനടപ്പുകൾ, കലണ്ടറുകൾ, ടൈം ടേബിളുകൾ... ഇവയൊക്കെ നാമുണ്ടാക്കിയവയാണ്. എന്നാലോ നമ്മുടെ ജീവിതം ഇവയാൽ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നു. പൊടിക്കാനോ, പുഷ്പിക്കാനോ, കായ്ക്കാനോ ഇണ ചേരാനോ, പ്രസവിക്കാനോ പ്രത്യേക കാലമില്ലാത്ത മനുഷ്യന് സത്യത്തിൽ ഡിസംബറിൽ നിന്ന് ജനുവരിയ്ക്ക് എന്ത് മാറ്റമാണ്?
പക്ഷേ അതൊരു രസമാണ്. മധുരമുള്ള ഒരു കേക്കിനെ പലതായി മുറിച്ച് പതുക്കെ തിന്നുന്നതുപോലെയോ, കഠിനമായ ഒരു ജോലിയെ പലതായി മുറിച്ച് ആയാസം കുറക്കുന്നതുപോലെയോ ആവാം. അവരവരുടെ ജീവിതത്തെ പലതായി മുറിച്ച്, മധുരം വർദ്ധിപ്പിക്കുകയോ ക്ലേശം കുറയ്ക്കുകയോ ചെയ്യാം. ഇന്നലെ എന്ന ഒരു സങ്കൽപമുണ്ടാകുന്നത് അങ്ങനെയാണ്. ഇന്നലകളെ കുറിച്ച് നാം സങ്കടപ്പെടുകയോ സന്തോഷിക്കുകയോ ചെയ്യുന്നതും ഈകലണ്ടർ എന്ന സംഗതി കൊണ്ടാണ്. മനുഷ്യരുടെ ജീവിതത്തെ ജനനം തൊട്ട് മരണം വരെ ഒരൊറ്റ യൂണിറ്റായി എണ്ണാമെങ്കിൽ ഇതൊക്കെ അസംബന്ധമാവില്ലേ?
ലോകത്തിന് ഒരുപകാരവുമില്ലാത്ത ഒരു കൊനുഷ്ട് ചോദ്യമാണിത്. ഒരു മെഴുകുതിരി കത്തിക്കൊണ്ടിരിക്കുകയാണോ കെട്ടുകൊണ്ടിരിക്കുകയാണോ എന്ന ചോദ്യം പോലെയാണത്. ഉത്തരം അൽപം പ്രയാസമാണ്. മനുഷ്യൻ ജീവിക്കുന്നു എന്ന് നാം പറയുന്നതിനെ അവൻ മരിച്ചുകൊണ്ടിരിക്കുന്നു എന്നും തർജ്ജമ ചെയ്യാവുന്നതാണ് എന്ന് മനസിലാക്കുക.
നിരന്തരമായ ആവർത്തനങ്ങൾ കൊണ്ട് വിരസമാകുന്ന ജീവിതത്തെ ഒന്ന് കുടഞ്ഞു വിരിക്കുക എന്ന അർത്ഥത്തിൽ പുതുവത്സരം പോലുള്ള ആഘോഷങ്ങൾ നല്ലതാണ്. ‘കഴിഞ്ഞു' എന്ന് പറയുന്നതിനെ തിരിഞ്ഞുനോക്കാനും വരാനുള്ളതിനെ ഒന്ന് വിഭാവനം ചെയ്യാനും നമുക്ക് അത് അവസരം തരും. കൃത്യമായ നിർവ്വചനങ്ങളില്ലാത്ത ‘നന്നാകുക' എന്ന സംഗതിക്കുള്ള ഒരു ‘റിഫ്രഷ് ബട്ടൺ' അത് നമുക്ക് പ്രദാനം ചെയ്യുന്നുണ്ട്. നന്നാവാനുണ്ടോ എന്ന ഒരു ചെറിയ നോട്ടത്തിനെങ്കിലും അത് തീർച്ചയായും ഇട നൽകുന്നുണ്ട്.
പകുതി ജീവിതം പിന്നിട്ട സാമാന്യനായ ഏതൊരാളെയും പോലെ എന്റെ ആശകളുടെ പെട്ടിയിൽ ചെയ്യാനാവാതെ പോയ കാര്യങ്ങളാണ് ചെയ്തുകഴിഞ്ഞവയേക്കാൾ കൂടുതൽ... ചെറിയ കാര്യങ്ങളെ വിട്ട് വലിയവയെ മാത്രം ആഗ്രഹിക്കുന്നു എന്നതിനാൽ സംഭവിക്കുന്ന ഒരു സംഗതിയാണത്.
വീടിന്റെ അങ്ങേ തിരിവിലെ വയലിൽ ദിനവും സംഭവിക്കുന്ന അതി മനോഹരമായ അസ്തമയം കാണാൻ മെനക്കെടാത്ത നമ്മളാണ് ഹിമാലയത്തിലെ തങ്ക സൂര്യോദയം കാണണം എന്ന് വിഷ് ലിസ്റ്റിൽ എഴുതിവെക്കുന്നത്. നമ്മുടെ ആഗ്രഹങ്ങൾ പോലും അന്യരാൽ നിയന്ത്രിക്കപ്പെടുന്നു എന്ന് നമുക്ക് മനസിലാവുക പിന്നീടാണ്. ചെറിയ കാര്യങ്ങൾ ആഗ്രഹിക്കുകയും അവയിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുക എന്നതാണ് എന്റെ പുതിയ രീതി. സ്വപ്നത്തിലാണെങ്കിൽ പോലും പലനില കൊട്ടാരങ്ങൾ കെട്ടേണ്ടതില്ല എന്നാണ് ആ തീരുമാനം.
‘ഗോൾ' എന്ന് പേരിട്ട് വിളിക്കുന്ന ഒരു ഏകാഗ്ര ലക്ഷ്യത്തെക്കുറിച്ചാണ് നവകാല മോട്ടിവേഷണൽ പ്രഭാഷകർ നമ്മളോട് പറഞ്ഞു കൊണ്ടിരിക്കുക. ആ ലക്ഷ്യത്തിലേക്കുള്ള കൃത്യമായ യാത്രയാവണം ജീവിതം എന്നാണ് നവകാല രീതി. എന്നാൽ എന്നിലെ പഴയ മനസ് ഇതിനോട് സദാ വിയോജിച്ചുകൊണ്ടിരിക്കുന്നു. ഏകാഗ്രമായ ആ ഒരു ലക്ഷ്യത്തിലേക്കുള്ള കണിശ യാത്രയിൽ നാം കാണാതെ/ ശ്രദ്ധിക്കാതെ പോകുന്ന വഴിയോരക്കാഴ്ചകളാണ് യഥാർത്ഥത്തിൽ മനുഷ്യരുടെ ജീവിതം എന്നാണ് എന്റെ അനുഭവങ്ങൾ എന്നോട് പറയുന്നത്. വഴി തെറ്റി/ചുറ്റി പോയവരോളം കാഴ്ചകൾ നേർവഴിയേ മാത്രം പോയവർക്ക് എങ്ങനെ കിട്ടാനാണ്?
മനുഷ്യരോട് ധാരാളമായി മിണ്ടുക എന്നതാവട്ടെ നിങ്ങളുടെ ഇത്തവണത്തെ നവവത്സര റസലൂഷൻ. അപരിചിതരോ പരിചയക്കാരോ ആവട്ടെ സമൂഹത്തിന്റെ ഏതൊക്കെ തട്ടിലുള്ളവരോ ആവട്ടെ അവരോട് ചിരിക്കുകയും വർത്തമാനം പറയുകയും ചെയ്യുക. ജീവിച്ചിരിക്കുന്ന മനുഷ്യരോളം വലിയ പുസ്തകങ്ങൾ ഭൂമിയിൽ വേറെയില്ല. നമ്മുടെ സ്വന്തം ലോകത്തെ, നമ്മുടെ സുഹൃദ് വലയത്തെ, നമ്മൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു സംഭാഷണത്തെ ഒക്കെ എവിടെയും കൂടെ കൊണ്ടുപോകാം എന്നതാണ് ഗാഡ്ജറ്റുകളുടെ ലോകം നമുക്ക് സംഭാവന ചെയ്തിട്ടുള്ള ഒരു അനുഗ്രഹം. അനുഗ്രഹം എന്ന് ഒരൊക്കിന് ഞാൻ എഴുതിയെന്നേയുള്ളൂ. അത് ആ അർത്ഥത്തിൽ എടുക്കാമോ എന്നെനിക്ക് സംശയമുണ്ട്. ഏത് അപരിചിത ദേശത്തും നിങ്ങൾ ഒറ്റയാവുന്നില്ല എന്നത് സന്തോഷമാണെങ്കിലും നിങ്ങളിൽ ആ ദേശത്തിന്റെ ഒരംശവും കലരുന്നില്ല എന്നത് സങ്കടമാണ്.
കൊട്ടാരം വിട്ടിറങ്ങിയപ്പോഴാണ് ലുംബിനിയിലെ ആ രാജകുമാരൻ ബുദ്ധനായി മാറിയത്. വിശക്കുന്നവരെ, വൃദ്ധരെ, രോഗികളെ, മരണത്തെ ഒക്കെ അയാൾ കണ്ടത് ആ കൊട്ടാരത്തിനുപുറത്താണ്. നമ്മളോ, ഒരു ചെറിയ മൊബൈൽ ഫോണിൽ നമ്മുടെ കൊട്ടാരത്തെ പോകുന്നിടത്തൊക്കെ കൊണ്ടുപോകുന്നു. എവിടെയിരുന്നാലും നമ്മുടെ കാഴ്ചകൾ കൊട്ടാരക്കാഴ്ചകൾ മാത്രമാകുന്നു. പുറത്ത് ഇരമ്പിയാർക്കുന്ന യഥാർത്ഥ ലോകം നമ്മെ സ്പർശിക്കാതെ പോകുന്നു. മനുഷ്യർ പൂർണമായും അവനവൻ തുരുത്തുകളായി പരിണമിച്ചിരിക്കുന്നു.
‘അയ്യോ നവലോകം ഇങ്ങനെയായിപ്പോയല്ലോ..' എന്ന അമ്മാവൻ നിലവിളിയല്ല കേട്ടോ. മനുഷ്യർ തമ്മിൽ മിണ്ടുമ്പോൾ ലോകം അൽപം മാറുന്നുണ്ട് എന്ന സത്യം മനസിലാക്കൂ എന്ന ഒരു കാട്ടിത്തരൽ മാത്രമാണ്. ഉപദേശങ്ങളെ ഞാൻ പണ്ടേ പോലെ വെറുക്കുന്നില്ല, ഉപദേശങ്ങൾ എന്നാൽ കുറച്ചു കൂടി പഴയതായ/ചെറുപ്പമായ എന്നോട് ഇപ്പോഴത്തെ ഞാൻ നടത്തുന്ന ചില വർത്തമാനങ്ങളാണ് എന്ന നിലയിൽ ഞാനതിനെ കാണുന്നു എന്നതിനാലാണത്.
ഇത്രയും ദീർഘമായി എഴുതിക്കഴിഞ്ഞിട്ട് ഞാൻ ചുരുക്കുന്നു എന്ന് പറയുന്നില്ല, ഞാനധികം ദീർഘിപ്പിക്കുന്നില്ല എന്ന് ഒരു മണിക്കൂർ പ്രസംഗത്തിന് ശേഷം സ്വാഗത പ്രാസംഗികൻ പറയും പോലെ അപഹാസ്യമാണത്. ഒരു പുതുവർഷം കൂടി കടന്നുവരുന്നു, ലോകം ഒരു വയസിന് മുതിർന്നിരിക്കുന്നു, എന്റെ ജീവിതത്തിന്റെ ഉച്ചതിരിഞ്ഞ് വെയിലാറാൻ തുടങ്ങിയിരിക്കുന്നു.
പുതിയ ഞാൻ കുറച്ചു കൂടി സന്തോഷവാനാണ്, അതി ഗൗരവത്തോടെയും കണിശമായും കൈകാര്യം ചെയ്യേണ്ട ഒരു യമണ്ടൻ സാധനമൊന്നുമല്ല ഈ ജീവിതം എന്ന തിരിച്ചറിവിൽ നിന്നുണ്ടായ ആ ഒരു ഭാരരാഹിത്യം ഞാൻ ആഹ്ലാദ പൂർവ്വം ആസ്വദിക്കുന്നുണ്ട്. എനിക്ക് അപരിചിതരോട് ചിരിക്കാൻ കഴിയുന്നുണ്ട്, സദയം എന്ന സിനിമ കാണുമ്പോൾ ഇപ്പോഴും എന്റെ കണ്ണുകൾ ഇടക്ക് നനയുന്നുണ്ട്, അപരിചിതമായ ഒരു തെരുവിലെ വാഹനത്തിരക്കിലേക്ക് അമ്മയുടെ കൈ വിടീച്ച് ഒരുകുസൃതിക്കുട്ടി പെട്ടെന്നോടുമ്പോൾ ഇപ്പോഴൂം ‘അയ്യോ' എന്ന് എന്റെ ഉള്ളാന്തുന്നുണ്ട്. ഏകാന്ത സന്ധ്യകളുടെ കുങ്കുമച്ചോപ്പിലൂടെ വണ്ടിയോടിച്ച് പോകുമ്പോൾ മനസ് കാരണമില്ലാതെ വ്യാകുലപ്പെടുകയും അമ്മയെക്കാണണം എന്ന് തോന്നുകയും ചെയ്യുന്നുണ്ട്.
കാലാപാനിയിലെ ‘ചെമ്പൂവേ... പൂവേ...' എന്ന ഗാനം കേൾക്കുമ്പോൾ/കാണുമ്പോൾ ഇപ്പോഴും എന്റെ മനസ് തരളിതമാകുന്നുണ്ട്... അത്രയൊക്കെയേ വേണ്ടൂ ഒരുമനുഷ്യനാണ് എന്ന് സ്വയം ബോദ്ധ്യപ്പെടാൻ.