കേരളത്തെക്കാൾ വലിയൊരു സ്വർഗമില്ലെന്നെഴുതിയ ഉർദു കവി, സർവർ സാഹിബിൻറെ ജീവിതം

ഉർദു ഭാഷയ്ക്കും സാഹിത്യത്തിനും വേണ്ടി മാറ്റി വെച്ച ഒരു ജീവിതമായിരുന്നു സർവർ സാഹിബിന്റേത്. ഡൽഹിയിൽ നിന്നും ശ്രീനഗറിൽ നിന്നും ലക്‌നോയിൽ നിന്നുമെല്ലാം ഇറങ്ങിയിരുന്ന ഉർദു വാരികകളിലും മാസികകളിലും കവിതകളെഴുതിയിരുന്ന പ്രതിഭാശാലി. മലയാളത്തിൽ തീർത്തും അപരിചിതനായ ഈ എഴുത്തുകാരന്റെ പേര്, ഉർദു ഭാഷാ സ്‌നേഹികളായ ഉത്തരേന്ത്യൻ വായനക്കാർക്കിടയിൽ സുപരിചിതമായി. 1970 ലാണ് ആദ്യകാവ്യസമാഹാരം - അർമഗാനെ കേരള - പുറത്തിറങ്ങിയത്. ലോക ഉർദു ദിനത്തിൽ സർവർ സാഹിബിനെ ഓർമ്മിക്കുന്നു...

ജ്ഞാനപീഠജേതാവായ പ്രസിദ്ധ ഉർദുകവിയും ഗാനരചയിതാവുമായ ഷെഹ്‌രിയാറുമായി (മുഹമ്മദ് അഖ്‌ലാഖ് ഖാൻ) 2008 ലെ ഒരു ഹജ്ജ് തീർഥാടനകാലത്ത് മക്കയിലെ ഇന്ത്യൻ ഹജ് മിഷൻ കേന്ദ്രത്തിൽ വെച്ച് പരിചയപ്പെട്ട് ഏറെ നേരം സംസാരിക്കുന്നതിനിടെ താങ്കൾ കേരളത്തിലെവിടെയെന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് മലപ്പുറം എന്ന മറുപടി കേട്ടപ്പോൾ ആ കണ്ണുകൾ തിളങ്ങുന്നത് ഞാൻ ശ്രദ്ധിച്ചു. മലപ്പുറത്തുകാരനായ സർവർ സാഹിബിനെ അറിയുമോ എന്നായിരുന്നു അടുത്ത ചോദ്യം.

മലപ്പുറം മുണ്ടുപറമ്പിൽ താമസിച്ചിരുന്ന, 1994 ൽ അന്തരിച്ച സർവർ സാഹിബിനെ, കൗമാരം തൊട്ടേ എനിക്കറിയാം. മലപ്പുറം ഗവ. ഹൈസ്‌കൂളിൽ ഞാൻ പഠിക്കുമ്പോൾ അദ്ദേഹം അവിടെ ഉർദു അധ്യാപകനാണ്. പിൽക്കാലത്താണ് അദ്ദേഹത്തിന്റെ സർഗസപര്യയെക്കുറിച്ചറിയുന്നത്. ഉർദു ഭാഷയ്ക്കും സാഹിത്യത്തിനും വേണ്ടി മാറ്റി വെച്ച ഒരു ജീവിതമായിരുന്നു സർവർ സാഹിബിന്റേത്. ഡൽഹിയിൽ നിന്നും ശ്രീനഗറിൽ നിന്നും ലക്‌നോയിൽ
നിന്നുമെല്ലാം ഇറങ്ങിയിരുന്ന ഉർദു വാരികകളിലും മാസികകളിലും കവിതകളെഴുതിയിരുന്ന സർവർ എന്ന പ്രതിഭാശാലിയെക്കുറിച്ച് ഷെഹ്‌രിയാർ ഏറെപ്പറഞ്ഞു. "അർമഗാനെ കേരള' എന്ന ശീർഷകത്തിലുള്ള സർവറുടെ രണ്ടുവരിക്കവിത അദ്ദേഹം മൂളി. ഹയാത്ത് എന്ന പേരിലുള്ള മാസികയിൽ ഈ കാവ്യസമാഹാരത്തിന്റെ അവലോകനം വന്നിരുന്നതായും അദ്ദേഹം പറഞ്ഞു. മുസഫർ അലിയുടെ ഗമൻ, ഉംറാഓ ജാൻ എന്നീ സിനിമകൾക്ക് പാട്ടെഴുതിയ പശ്ചാത്തലം പറയുന്നതിനിടെ, ആകസ്മികമായാണ് അന്നത്തെ ഇന്ത്യൻ കോൺസൽ ജനറൽ ഔസാഫ് സഈദിന്റെ സന്ദേശം ഇന്ത്യൻ മിഷനിൽ ഷെഹ്‌രിയാറിനെത്തേടിയെത്തിയത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ഷെഹ്‌രിയാർ ജ്ഞാനപീഠ പുരസ്‌കാരത്തിനർഹനായ വാർത്തയായിരുന്നു കോൺസൽ ജനറലിന് അറിയിക്കാനുണ്ടായിരുന്നത്. അവിശ്വസനീയമായ അൽഭുതത്തോടെ, ആനന്ദാശ്രുക്കളോടെ, വിശുദ്ധ കഅ്ബാലയത്തിനു നേരെ മുഖം തിരിച്ച് ഷെഹ്‌രിയാർ ഉച്ചരിച്ചു: അൽഹംദുലില്ലാ..

ജ്ഞാനപീഠ ജേതാവ് ഷെഹ്‌രിയാർ

ഞങ്ങളുടെ സംസാരം മുറിഞ്ഞു. യു.പിയിൽ നിന്നുള്ള ഹജ് സംഘാംഗങ്ങളും മറ്റും ജ്ഞാനപീഠവാർത്തയറിഞ്ഞ് ഷെഹ്‌രിയാറിനെത്തേടി വന്നുതുടങ്ങി.

**** **** ****

ടി.വി കൊച്ചുബാവയുടേയും അശോകൻ ചരുവിലിന്റെയുമൊക്കെ സർഗപൈതൃകം വേരോടിയ തൃശൂർ കാട്ടൂരിലാണ് സയ്യിദ് മുഹമ്മദ് ജനിച്ചത്. ഹൈസ്‌കൂൾ പഠനത്തിനിടെ ഉർദുവിനോടുള്ള പ്രണയത്തിൽ ഉത്തരേന്ത്യയിലേക്കുള്ള യാത്ര തുടങ്ങി. ഇതിനിടെ തിരിച്ചെത്തി മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അദീബ് എ ഫാസിൽ ബിരുദം കരസ്ഥമാക്കി തലശ്ശേരി ബ്രണ്ണനിൽ ലീവ് വേക്കൻസിയിലും തലശ്ശേരി സെന്റ് ജോൺസ് ഹൈസ്‌കൂളിൽ സ്ഥിരനിയമനത്തിലും ഉർദു അധ്യാപകനായി സേവനം. 1944 ൽ മലപ്പുറം ഗവ. ഹൈസ്‌കൂളിലേക്ക് മാറിയ സർവർ ഇതോടെ മലപ്പുറത്തുകാരനായി. മുണ്ടുപറമ്പിലെ വീടിനോട് ചേർന്ന് ഉർദു അക്കാദമിയുണ്ടാക്കി. ഉർദു സമ്മേളനം നടന്ന കോടൂരിനടുത്ത ഗ്രാമം പിന്നീട് ഉർദുനഗറായി. പഠനശേഷം നിരവധി കുട്ടികളെ ഉർദു പഠിപ്പിച്ചു. ഇന്നിപ്പോൾ കേരളത്തിൽ രണ്ടായിരത്തിലധികം ഉർദു അധ്യാപകരുണ്ട്. അവരുടെ മുൻതലമുറ മുഴുവൻ കടപ്പെട്ടിരിക്കുന്നത് സംസ്ഥാനത്തിന് അത്രയൊന്നും പരിചിതമല്ലാത്ത ഒരു ഭാഷയുടെ വേരോട്ടത്തിന് ഇവിടം പാകമാക്കിയ സർവർ സാഹിബിനോടാണ്. ഉർദുവിനെ ഉപാസിച്ചുള്ള ജീവിതയാത്ര ബാംഗ്ലൂരിലേക്കും ലഖ്‌നോയിലേക്കുമെല്ലാം എത്തിച്ച ഈ സഹൃദയൻ തന്റെ അലച്ചിലിനിടെ കണ്ടുമുട്ടിയ ചെറുതും വലുതുമായ ഉർദുകവികളേയും പാട്ടെഴുത്തുകാരേയും പരിചയപ്പെട്ടിരുന്നു. അവരുമായൊക്കെ നിരന്തരം കത്തിടപാടുകൾ നടത്തി.

സർവർ സ്ഥാപിച്ച ഉർദു അക്കമാദമി

ബാംഗ്ലൂരിലെ ഹബീബുല്ല നദ്‌വി, മദ്രാസിലെ മഹ്‌വി സിദ്ദീഖി എന്നിവരുമായുള്ള പരിചയം ഉർദു കവിതയെഴുത്തിന്റെ ഉൺമ തേടിയുള്ള അന്വേഷണത്തെ സഹായിച്ചു. മുശായിറകളിൽ (കവിയരങ്ങുകൾ) സർവറുടെ സാന്നിധ്യം സജീവമായി. മലപ്പുറം കോട്ടപ്പടി ഗവ. ഹൈസ്‌കൂളിൽ ഉർദു അധ്യാപക ജോലി സ്ഥിരമായതോടോയാണ് ജീവിതം പൂർണമായും മലപ്പുറത്തേക്ക് പറിച്ചുനട്ടത്. ഗഞ്ജ എന്ന ഉർദുമാസികയിൽ കുട്ടിക്കവിതകളെഴുതിയായിരുന്നു തുടക്കം. തുടർന്ന് നിരവധി കവിതകളും കഥകളും ലേഖനങ്ങളും പരിഭാഷകളും. മലയാളത്തിൽ തീർത്തും അപരിചിതനായ ഈ എഴുത്തുകാരന്റെ പേര്, ഉർദു ഭാഷാ സ്‌നേഹികളായ ഉത്തരേന്ത്യൻ വായനക്കാർക്കിടയിൽ സുപരിചിതമായി. 1970 ലാണ് ആദ്യകാവ്യസമാഹാരം - അർമഗാനെ കേരള - പുറത്തിറങ്ങിയത്. തമിഴ്‌നാട്ടിലെ മേവിഷാരത്തുള്ള കിതാബ്ഘർ പ്രസ്സിലാണ് പുസ്തകം അച്ചടിച്ചത്. കേരളത്തിന്റെ ഉപഹാരം എന്നാണ് അർമഗാനെ കേരളയുടെ അർഥം. 32 കവിതകളാണ് ഇതിൽ സമാഹരിച്ചിട്ടുള്ളത്.

തും കഹേ കശ്മീർ കൊ ഫിർദൗസ് ബർ റുയെ സമീൻ

മേം കഹൂം ഹേ കേരള ഫിർദൗസ് സെ ബഡ്കർ കഹീം..

( നിങ്ങൾ പറയുന്നു, ഭൂമിയിലൊരു സ്വർഗമുണ്ടെങ്കിൽ അത് കശ്മീരാണെന്ന്

ഞാൻ പറയുന്നു, കേരളത്തെക്കാൾ വലിയൊരു സ്വർഗമില്ലെന്ന്...)

നവംബർ ഒമ്പതിന് ജന്മവാർഷികം ആഘോഷിക്കുന്ന അല്ലാമാ മുഹമ്മദ് ഇക്ബാലിന്റെ സ്മരണയ്ക്കാണ് ഈ ദിവസം അന്താരാഷ്ട്ര ഉർദുദിനം ആചരിക്കുന്നത്. സർവർ സാഹിബിന്റെ വീട്ടിൽ ചെല്ലുമ്പോഴെല്ലാം അദ്ദേഹം ഇക്ബാലിനെക്കുറിച്ച് വാചാലനാകും. ഇക്ബാലിന്റെ കവിതകൾ പാടും. അർമഗാനെ കേരള വായിച്ച് അല്ലാമാ ഇക്ബാലിന്റെ മകൻ ജാവേദ് ഇക്ബാൽ, സർവർ സാഹിബിനെ അഭിനന്ദിച്ച് കത്തെഴുതിയിരുന്നു. നാൽപത് കവിതകളുടെ സമാഹാരമായ "നവായെ സർവർ' ( സർവറുടെ ശബ്ദം) രണ്ടാമത്തെ പുസ്തകമാണ്. 1988 ൽ പ്രകാശനം ചെയ്യപ്പെട്ട ഈ കൃതിയെക്കുറിച്ച് പല ഉത്തരേന്ത്യൻ ഉർദു നിരൂപകരും നല്ല ആസ്വാദനക്കുറിപ്പുകളെഴുതി. അല്ലാമാ ഇക്ബാലിന്റെ ചിത്രത്തോട് കൂടിയാണ് നവായെ സർവറിന്റെ പുറംചട്ട അച്ചടിച്ചത്.

സർവറുടെ പുസ്തകങ്ങളുടെ പുറംചട്ട

അമീർ ഖുസ്രോ, മിർസാ ഗാലിബ്, പ്രേംചന്ദ്, ഇസ്മത്ത് ചുഗ്ത്തായി, ഖുർറത്തുലൈൻ ഹൈദർ, ഫിറാഖ് ഗോരഖ്പുരി, സാഹിർ ലുധിയാൻവി, കൈഫി ആസ്മി, അലി സർദാർ ജാഫ്രി, ഗുൽസാർ.. ഉർദുകവിതയുടെ ആകാശത്ത് നക്ഷത്രങ്ങളായി ഇന്നും തിളങ്ങി നിൽക്കുന്ന ഈ മഹാപ്രതിഭകൾക്കൊപ്പം തീർച്ചയായും സ്മരിക്കപ്പെടേണ്ട നാമമാണ് സയ്യിദ് മുഹമ്മദ് സർവർ എന്ന മലയാളിയുടേത്. പക്ഷേ കേരളം പോലും ഈ കവിയെ തിരിച്ചറിയാതെ പോയതിനു പിന്നിൽ ഒരു വേള, അദ്ദേഹത്തിന്റെ അന്തർമുഖത്വവും ഒരു കാരണമായിരുന്നിരിക്കാം എന്ന് തോന്നിയിട്ടുണ്ട്. അന്യഭാഷയോടുള്ള ചിലരുടെ അസ്പൃശ്യതയും മറ്റൊരു കാരണമായേക്കാം.

ഗുൽസാർ എന്ന് തന്റെ മലപ്പുറത്തെ വീട്ടുമുറ്റത്തെ പൂന്തോപ്പിനു പേരിടുകയും തോട്ടത്തിന്റെ അതിരിൽ വളർത്തിയ മാതളമരത്തിന്മേൽ ഉർദുവിൽ "അനാർ' എന്നെഴുതി വയ്ക്കുകയും ചെയ്ത ഉർദുകവി. സർവർ സാഹിബിനെത്തേടി ലക്‌നോവിലും, ഹൈദരാബാദിലുമുള്ള എഴുത്തുകാർ മലപ്പുറത്തെത്തിയിരുന്നത് ഞാൻ കണ്ടിട്ടുണ്ട്.

കേരളത്തിലെ നിരവധി ഉർദു അധ്യാപകരുടെ നാക്കിൽ ആ ഭാഷയുടെ ഹരിശ്രീ കുറിച്ചുകൊടുത്തത് സർവർ സാഹിബായിരുന്നു. എന്നാൽ, കടുത്ത ഏകാന്തതയിൽ ജീവിക്കേണ്ടിവന്ന സൗമ്യനായ ഈ ഭാഷാപ്രേമി, നിരവധി ഉർദു ഗ്രന്ഥങ്ങളുടെയും, തപാൽവഴി ഉത്തരേന്ത്യയിൽ നിന്നെത്തിയിരുന്ന റാപ്പർ പൊട്ടിച്ചതും പൊട്ടിക്കാത്തതുമായ ഉർദു ആനുകാലികങ്ങളുടെയും നൂറുക്കണക്കിന് തുറക്കാത്ത കത്തുകളുടേയും നടുവിൽക്കിടന്ന് അന്ത്യശ്വാസം വലിച്ചു. തിരിച്ചറിയാൻ പോലും പ്രയാസപ്പെട്ട മൃതശരീരം മൂന്നുദിവസത്തിന് ശേഷമാണ് നാട്ടുകാർ വീടിന്റെ കോലായിൽ നിന്ന് കണ്ടെടുത്ത് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് കാട്ടൂർ ജുമാമസ്ജിദിൽ കൊണ്ടുപോയി സംസ്‌കരിച്ചത്.

കടുത്ത ഏകാന്തതയിൽ, വാർധക്യത്തിന്റെ പാരവശ്യത്തിൽ ഒറ്റപ്പെട്ട് പോയി, ഒരു പേർഷ്യൻ ദുരന്തകാവ്യംപോലെ അവസാനിക്കുകയായിരുന്നു, സൂഫി സമാനനായ സർവറുടെ ജീവിതം. അല്ലാമാ ഇക്ബാൽ പാടിയ പോലെ, തിളങ്ങുന്ന പ്രകാശത്തിലേക്കുള്ള പാത തുറക്കലാണ് മരണം, പ്രകൃതിയുടെ നിതാന്തഭംഗിയുമായുള്ള നേർക്കാഴ്ചയുമാണ് മരണം. ആ വഴിയിലേക്കുള്ള നിതാന്തയാത്രയിൽ, സർവറുടെ കവിതകളെയത്രയും ചിതലുകൾ വന്ന്‌ പൊതിഞ്ഞു.

Comments