ഗവ എൽ.പി. സ്കൂൾ വരവൂർ (2017) / Photo: Schoolwiki

പരാധീനതകളുടെ കാലത്ത് വയറുനിറയെ പഠിപ്പിച്ചവർ

​പ്രസംഗ മത്സരം. ഞാൻ ആദ്യമായാണ് ഒരു വേദിയിൽ. ‘ഇന്ത്യ നമ്മുടെ രാജ്യമാണ്. എല്ലാവരും നമ്മുടെ രാജ്യത്തെ സ്നേഹിക്കണം’; അതിനുശേഷം സ്വന്തം രാജ്യത്തെക്കുറിച്ചോർത്ത് ഞാൻ അവിടെനിന്ന് പൊട്ടിക്കരഞ്ഞു.

നാലുമുറികൾ വീതമുള്ള രണ്ട് ഒറ്റവരി കെട്ടിടങ്ങളായിരുന്നു വരവൂർ സർക്കാർ എൽ.പി. സ്‌കൂൾ. ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിൽ വരവൂരിലെയും സമീപ പ്രദേശങ്ങളിലേയും കുട്ടികൾ എഴുത്തും വായനയും പഠിക്കാനെന്ന വ്യാജേന സ്‌കൂളിലേക്ക് തലമുറകളായി വന്നുകൊണ്ടിരുന്നു. എൽ.പി. സ്‌കൂളിൽ നിന്ന് പഞ്ചായത്തുവഴിയിലൂടെ മൂന്നു മിനിറ്റിന്റെ നടപ്പുദൂരത്തിന് ഉന്നതവിദ്യാഭ്യാസ കുതുകികൾക്ക് പഠിക്കാനായി ഒരു ഹൈസ്‌കൂളും വരവൂരിലുണ്ട്. അഞ്ചു കിലോമീറ്റർ അപ്പുറത്തുനിന്ന് അയൽപഞ്ചായത്തിൽ നിന്നും ഞങ്ങളിൽ പലരും വരവൂർ സ്‌കൂളിലാണ് ചേരാറുള്ളതും. അച്ഛൻ വരവൂർ ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നതുകൊണ്ട് അവിടം തന്നെയായി നമ്മുടെയും പാഠശാല.

ഒരു സമ്പൂർണ്ണ സി.പി.എം. ഗ്രാമം എന്ന പദവി അന്ന് വരവൂരിനുണ്ടായിരുന്നു, ഇപ്പോഴില്ലെങ്കിലും. അതുകൊണ്ടുതന്നെ അധ്യാപകർ ദാർശനികരും വിപ്ലവകാരികളുമാവുക എന്നതും ആദരവിന്റെ കാരണമായിരുന്നു.

എൽ.പി. സ്‌കൂളിലെ എല്ലാ അധ്യാപകരും ഹൈസ്‌കൂളിലെ മുതിർന്ന അധ്യാപകരും ഗ്രാമത്തിലെ എന്നല്ല പഞ്ചായത്തിലെത്തന്നെ എല്ലാവർക്കും അറിയാവുന്ന മനുഷ്യരായിരുന്നു. അഞ്ചു മുതൽ എട്ടു വരെയുള്ള ഹൈസ്‌കൂളിലെ എന്റെ അച്ഛനടക്കമുള്ള മൂന്നു-നാല് അധ്യാപകർ ഏതാണ്ട് പഞ്ചായത്ത് പ്രസിഡണ്ട് ഗോപാലൻ നായർ കഴിഞ്ഞാൽ വരവൂരിലെ പ്രമുഖരായി മാറിയിരുന്നു. ആ ഗ്രാമത്തിലെ ഒരു പ്രായത്തിനപ്പുറമുള്ള ഏതാണ്ടെല്ലാവരേയും പഠിപ്പിച്ചിട്ടുണ്ടെങ്കിൽ സ്വാഭാവികമായും അത്തരമൊരു മഹത്വത്തിലേക്ക് അത്ര ദൂരം നടക്കേണ്ടതുമില്ല. ഒരു സമ്പൂർണ്ണ സി.പി.എം. ഗ്രാമം എന്ന പദവി അന്ന് വരവൂരിനുണ്ടായിരുന്നു, ഇപ്പോഴില്ലെങ്കിലും. അതുകൊണ്ടുതന്നെ അധ്യാപകർ ദാർശനികരും വിപ്ലവകാരികളുമാവുക എന്നതും ആദരവിന്റെ കാരണമായിരുന്നു. അധ്യാപകരെ കണ്ടാൽ മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചിടുക എന്ന ആചാരം പാലിക്കാതെ വരവൂരുകാർക്ക് ഒരു ദിവസം കഴിഞ്ഞുപോകാനാകാത്ത ബുദ്ധിമുട്ടും ഉണ്ടായിരുന്നു.

വരവൂർ എൽ.പി. സ്‌കൂൾ. അടിസ്ഥാന സൗകര്യ വികസനം പൂർത്തിയായതിന് ശേഷം
വരവൂർ എൽ.പി. സ്‌കൂൾ. അടിസ്ഥാന സൗകര്യ വികസനം പൂർത്തിയായതിന് ശേഷം

ഒന്നാം ക്ലാസിൽ വിശാലാക്ഷി ടീച്ചറാണ് അധ്യാപിക. ‘റ' യിൽ തുടങ്ങിയ എഴുത്തുകൾ ടീച്ചർ ആത്മാർത്ഥമായി പഠിപ്പിച്ചു. ഒരു വടിയൊക്കെ ക്ലാസിലുണ്ടായിരുന്നു. അതൊക്കെ ഞങ്ങൾക്ക് കളിക്കാനുള്ളതാണ്. ടീച്ചർ ആരെയെങ്കിലും അടിച്ചതായി ഓർമയില്ല. ഒന്നും രണ്ടും ക്ളാസുകൾ ഒരു വരി കെട്ടിടത്തിലും മൂന്നും നാലും ക്ലാസുകൾ അടുത്ത വരി കെട്ടിടത്തിലുമാണ്. ഒന്നും രണ്ടും ക്ലാസുകളിൽ നിന്ന് അക്ഷരമാലയും പെരുക്കപ്പട്ടികയും പല രാഗങ്ങളിലും താളങ്ങളിലുമായി പകൽ മുഴുവൻ ഉയർന്നുകൊണ്ടിരിക്കും. ഓരണ്ട് രണ്ട്, ഈരണ്ട് നാല്, മൂരണ്ടാറ്...

നിരന്തരമായി സുരക്ഷാഭീഷണി ഉയർത്തുന്ന ആളെന്ന നിലയിൽ എനിക്ക് സമൃദ്ധമായി അടി കിട്ടി. അതൊന്നുമൊരു അസ്വാഭാവികതായി അടിക്കുന്നവർക്കും കൊള്ളൂന്നവർക്കും തോന്നാത്ത മോശം കാലം കൂടിയായിരുന്നു അത്​

ലളിത കലകളിലും ഗ്രാമീണ ബാലികാബാലകരെ മിടുക്കരാക്കാൻ അന്നും സർക്കാരിന് ഔത്സുക്യമുണ്ടായിരുന്നതുകൊണ്ട് ഒരു പാട്ടു ടീച്ചറും ഉണ്ട്. ലീല ടീച്ചറാണ് പാട്ടുപഠിപ്പിക്കുന്നത്. അക്ഷര മാലക്കും ഗുണകോഷ്ഠത്തിനുമൊപ്പം ഏതെങ്കിലുമൊരു ക്ലാസിൽ നിന്നും പാട്ടുകേൾക്കാം. എത്രയോ കാലം വരവൂരിലെ കുട്ടികൾ 'ഭാരതമെന്നാൽ പാരിൻ നടുവിൽ കേവലമൊരുപിടി മണ്ണല്ല/ജനകോടികൾ നമ്മെ നാമായി മാറ്റിയ ജന്മഗൃഹമല്ലോ'' എന്ന നാലുവരി തിരിച്ചും മറിച്ചും പാടിപഠിച്ചു. ഏറ്റുപാടുന്ന കുട്ടികൾ ആ പഞ്ചായത്തിനെ മുഴുവൻ ദേശഭക്തരാക്കി മാറ്റാൻ കഴിയും വിധം ഉച്ചത്തിലാണ് പാടിയിരുന്നത്. ഗുണനപ്പട്ടികയൊക്കെ തല്ലുകൊണ്ടതിന്റെ പേരിൽ പഠിച്ച ഓർമ്മകൾ പേറുന്നവർ ഉണ്ടാകാമെങ്കിലും തല്ലുകൊണ്ടതിന്റെ പേരിൽ പാട്ടുപഠിച്ച ആരെയും ഞാനിന്നുവരെ കണ്ടിട്ടില്ല. എന്നാലും ലീല ടീച്ചർ പാട്ടിനപ്പുറമുള്ള എല്ലാ അച്ചടക്ക ലംഘനങ്ങൾക്കും മോശമല്ലാത്ത അടി നൽകിയിരുന്നു.
രണ്ടാം ക്ലാസിൽ ഊർമിള ടീച്ചറായിരുന്നു. ഒന്നാം ക്ലാസിൽ വിശാലാക്ഷി ടീച്ചർ ലാളിച്ചു വഷളാക്കിയ എല്ലാ കുട്ടികൾക്കും തങ്ങളെത്തിപ്പെട്ട പുതിയ ലോകത്തെക്കുറിച്ചു മനസിലാക്കാൻ കഴിയുന്നത് രണ്ടാം ക്ലാസിലായിരുന്നു. പഠിക്കാത്തതിന് മാത്രമല്ല, ക്ലാസിൽ വർത്തമാനം പറയുക, ജനലിൽക്കൂടെ പുറത്തു നോക്കുക തുടങ്ങി എല്ലാ വിധ ബാലലീലകളും കർക്കശമായിത്തന്നെ ഭരണകൂടം നേരിട്ടു. നിരന്തരമായി സുരക്ഷാഭീഷണി ഉയർത്തുന്ന ആളെന്ന നിലയിൽ എനിക്ക് സമൃദ്ധമായി അടി കിട്ടി. അതൊന്നുമൊരു അസ്വാഭാവികതായി അടിക്കുന്നവർക്കും കൊള്ളൂന്നവർക്കും തോന്നാത്ത മോശം കാലമായതുകൊണ്ട് ഉച്ചക്ക് ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ ‘എന്താണ്ടാ കൂട്ടാനീ' എന്ന് ചോദിച്ച് ടീച്ചർ അടുത്തുവരും. അച്ഛനും അമ്മയും അടുത്തുള്ള സ്‌കൂളുകളിൽ അധ്യാപകരായതുകൊണ്ട് എല്ലാ അധ്യാപകരുമായും വിദ്യാർത്ഥിയിൽ കവിഞ്ഞുള്ള പരിചയം ഉണ്ടായിരുന്നത് എനിക്കും ഏട്ടനും ഗുണദോഷസമ്മിശ്രമായ സ്‌കൂൾ ജീവിതമാണ് നൽകിയത്.

അപ്പുറത്തുള്ള ഹൈസ്‌കൂളിൽ നിന്ന് ഉച്ചക്ക് ഉണ്ണാൻ വിടുമ്പോൾ ടീച്ചറുടെ മൂന്നു മക്കളും ഉണ്ണാൻ വരും. ശാലിനി, സരിത, സന്തോഷ്. പഠിക്കാൻ അതീവ മിടുക്കരായിരുന്നു മൂന്നുപേരും. മൂന്നാളുമായും വലിയ ലോഹ്യത്തിലാണ് ഞാൻ കഴിഞ്ഞിരുന്നത്. ലോകത്തേറ്റവും ശാന്തവും സൗമ്യവും സുന്ദരവുമായി ചിരിക്കുന്നത് ശാലിനിചേച്ചിയായിരുന്നു എന്ന് എനിക്കിപ്പോഴും തോന്നാറുണ്ട്. ഊർമിള ടീച്ചറുടെ ഉച്ചഭക്ഷണം ക്ലാസിൽത്തന്നെയാണ്. അതേ സ്‌കൂളിൽത്തന്നെ അധ്യാപകനായ ഭർത്താവ് ദാമോദരൻ മാഷും മൂന്നു മക്കളും ചേർന്ന് എല്ലാ ദിവസവും കുടുംബസമേതമാണ് ഉച്ചയൂണ്. പലപ്പോഴും ടീച്ചർ കൊണ്ടുവരുന്ന ചില വിഭവങ്ങളൊക്കെ നമുക്കും തരും. കുറച്ചു വർഷങ്ങൾക്ക് മുമ്പ് ടീച്ചർ അർബുദം ബാധിച്ചു മരിച്ചു. മാഷും പിന്നീട് മരിച്ചു.

മൂന്നാം ക്ലാസിൽ ഗംഗാധരൻ മാഷായിരുന്നു പഠിപ്പിച്ചത്. അടി എന്നുപറയുന്ന സംഗതി ഇല്ലായിരുന്നു. സുന്ദരമായ ശബ്ദം, സുന്ദരനായ മനുഷ്യൻ, കുട്ടികളെ അപമാനിക്കില്ല, ഭംഗിയായി സംസാരിരിക്കും, ഞാൻ കണ്ട ഏറ്റവും നല്ല അധ്യാപകരിലൊരാളായിരുന്നു മാഷ്. ദൂരത്ത് എവിടെയോ നിന്നായിരുന്നു മാഷ് സ്ഥലം മാറി വന്നത്. വരവൂരിൽ ഏറെക്കാലം ഉണ്ടായിരുന്നു. നമ്മൾ വലിയ കാര്യങ്ങളെന്ന മട്ടിൽ പറയുന്ന കുട്ടിത്തങ്ങളൊക്കെ മാഷ് നമ്മൾ പറഞ്ഞത് വലിയ കാര്യമാണ് എന്ന മട്ടിൽ മറുപടിയൊക്കെ പറയുന്നത് എല്ലാ കുട്ടികൾക്കും ഇഷ്ടമായിരുന്നു. പെൺകുട്ടികളുടെ എല്ലാ കിണുക്കങ്ങളും മാഷ് ക്ലാസിൽ അനുവദിച്ചു കൊടുക്കുന്നു എന്ന പരാതി ആൺകുട്ടികൾ മാഷോട്തന്നെ പറയും.
മൂത്രമൊഴിക്കലും വെള്ളം കുടിക്കലുമാണ് കളികൾ മാറ്റിനിർത്തിയാൽ സ്‌കൂൾ സമയത്തെ രണ്ടു പ്രധാന സംഗതികൾ. മൂത്രപ്പുര എന്ന മട്ടിൽ മേൽക്കൂരയില്ലാത്ത നാല് ചുമരാണുള്ളത്. അതിൽ മൂത്രമൊഴിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ വയ്യാത്ത വിധം മോശം. സ്‌കൂളിന്റ ഭാഗമായ മുറ്റത്തുതന്നെ വെള്ളച്ചാലിലാണ് മൂത്രമൊഴിക്കൽ. മൂത്രം കൊണ്ട് വാൾവെട്ടും ഏറ്റവും ദൂരത്തേക്ക് മൂത്രമൊഴിക്കുന്നവന്റെ ഹുങ്കാരവുമൊക്കെ ആചാരപരമായ കാര്യങ്ങളാണ്.

വെള്ളം കുടിക്കാൻ ടാങ്കും പൈപ്പുമൊന്നും ഇല്ലാത്തതിനാൽ കിണറ്റിൽ നിന്ന് കോരിക്കുടിക്കണം. കോരുന്ന പാട്ടയിൽ നിന്നുതന്നെ കുടിക്കണം. അതും വായവെക്കാതെ കൈക്കുമ്പിളിൽ കുടിക്കണം. കുടിച്ചുകഴിയുമ്പോഴേക്കും ഷർട്ടും ട്രൗസറുമൊക്കെ നനയും. ആകെ ബഹളമാണ് കിണറ്റിങ്കരയിൽ. മഴക്കാലമാണെങ്കിൽ സ്‌കൂളിൽ പോക്കും വരവും നനഞ്ഞുകുളിക്കും. ബസ് പുളിഞ്ചോട് എത്തിയാൽ കുട്ടികൾ ഇടിച്ചു കയറാൻ തുടങ്ങും. കടുത്ത നെയ്മണമുള്ള മത്തിക്കറി കൂട്ടി രാവിലെ കഞ്ഞിയോ ചോറോ കഴിച്ച കുട്ടികൾ പുളിഞ്ചോട്ടിൽ നിന്നും വളവിൽ നിന്നും കയറുന്നതോടെ ബസിലാകെ തിരക്കാണ്. അലുമിനിയപ്പെട്ടിയൊക്കെയുള്ള അഭിജാതർ വളരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഒരു കറുത്ത റബർ ബാൻഡ് കൊണ്ട് കെട്ടിയ പുസ്തകങ്ങൾ ബസിലെ തിരക്കിൽപെട്ട് ഓണക്കാലമാകുമ്പോഴേക്കും സ്‌കൂളിലെ ഇന്ത്യയുടെ ഭൂപടം പോലെയായിട്ടുണ്ടാകും.

സ്‌കൂളിനടുത്തുള്ള വീടുകളിലെല്ലാം സ്‌കൂൾ കുട്ടികൾ പരമ്പരാഗത അവകാശം പോലെ വെള്ളം ചോദിച്ചു ചെന്നു. കുട്ടികൾക്ക് കുടിക്കാൻ തിണ്ണയിൽ പാത്രത്തിൽ വെള്ള വെച്ചിരുന്നവരും കോരിക്കുടിക്കാൻ അനുവദിച്ചിരുന്നവരുമായി രണ്ടുതരം വീട്ടുകാർ എന്ന് തരംതിരിക്കപ്പെട്ടിരുന്നു. വെള്ളം നിഷേധിക്കാൻ ആരും മുതിർന്നില്ല. കനത്ത മതിലുകളും വലിയ പടികളും ഇല്ലായിരുന്നു പൊതുവെ. മരത്തിന്റെ ഒരു കഴ കൊണ്ട് തടയാവുന്ന കുഴപ്പങ്ങളെ വീടുകൾക്ക് പുറത്തുണ്ടായിരുന്നുള്ളു.

പ്രസംഗം ഒരു ചെറുകിട വ്യവസായമായിരുന്ന എന്റെ പിൽക്കാലത്തെല്ലാം കുമാരൻ മാഷ് എത്ര സുന്ദരമായാണ് അന്നത്തെ ആ നിമിഷത്തിൽ നിന്ന് എന്നെ പുറത്തുകടത്തിയത് എന്ന് ഞാനോർക്കാറുണ്ട്.

മഴ പെയ്താൽ കുടയില്ലാത്തതുകൊണ്ട് വരാത്ത കുട്ടികൾ പലരും. അമ്മ പണിക്കുപോയതുകൊണ്ട് താഴെയുള്ള കുട്ടിയെ നോക്കാനിരിക്കുന്നവർ, നാലാം ക്ലാസ് കഴിയുമ്പോഴും അക്ഷരം എഴുതാനും വായിക്കാനും വേണ്ടത്ര അറിയാത്തവർ എന്നിങ്ങനെ സാമൂഹ്യ പരാധീനതകളുടേയും വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ദൗർബല്യങ്ങളുടെയും പകർപ്പായിരുന്നു ഞങ്ങളുടെ സ്‌കൂളും. കുടുക്ക് പൊട്ടിയ കുപ്പായങ്ങൾ ഒരു മാനക്കേടായിരുന്നില്ല. ഒരു ക്ലാസിലും ഡെസ്‌ക് ഉണ്ടായിരുന്നില്ല. നാലാം ക്ലാസ് കഴിയുന്ന വരെ മാത്രമല്ല, ഏഴാം ക്ലാസ് വരെയും ഡെസ്‌കില്ല. എഴുതാൻ പറഞ്ഞാൽ അഭ്യാസികളെ പോലെ ബഞ്ചിൽ വെച്ചെഴുതാൻ ചാടിയിറങ്ങും. അപ്പുറത്തുള്ളവരെ തിക്കിയും ഉന്തിയും സ്ഥലമുണ്ടാക്കും. കയ്യാങ്കളി കൂടുതലായാൽ മാഷ് ഇടപെടും. ജയന്റെ ചിത്രമുള്ള ‘കോളിളക്കം' കോപ്പി പുസ്തകങ്ങൾ ഇതിനിടയിൽ കീറുകയും ചെയ്യും.

ഇതിനിടയിൽ സ്‌കൂളിൽ അറബി മാഷ് വന്നു. അറബി ക്ലാസിൽ കുട്ടികളെ കൂട്ടാൻ അധ്യാപക ഐക്യദാർഢ്യത്തിന്റെ ഭാഗമായി മാഷന്മാരുടെ മക്കളായ ഞാനും വിനോദും ദിലീഷുമെല്ലാം അറബി ക്ലാസിൽ എത്തിപ്പെട്ടു. അറബിക് പഠിക്കാത്ത ബാക്കി കുട്ടികൾക്ക് ആ പീരിയഡ് പുറത്തുപോയി കളിക്കാം. എന്തായാലും പഠിക്കാൻ ഇരുത്തിയതുകൊണ്ട് കുറച്ചൊക്കെ അറബി പഠിക്കാനും തുടങ്ങി. പക്ഷെ നമ്മുടെ ഐക്യദാർഢ്യത്തിനു മാഷ് പുല്ലുവില കൽപ്പിക്കുന്നില്ല. മാഷ് പണ്ട് മദ്രസ അധ്യാപകനായിരുന്നു. അടിയോടടി. അറബി പഠനമെന്നാൽ അടി കൂടി ചേർന്ന ആചാരമാണെന്ന് ശീലിച്ചിട്ടുള്ള മദ്രസയിൽ പോകുന്ന കുട്ടികൾക്ക് മറ്റു വഴിയില്ലായിരുന്നു. ഗൾഫിൽ ജോലിക്ക് പോകാതിരുന്നാൽ പോരെ എന്നൊരു ന്യായം പരസ്പരം പറഞ്ഞു അധികം വൈകാതെ ഞങ്ങൾ അറബി പീഡ ഒഴിവാക്കി സ്വാതന്ത്ര്യത്തിലേക്കിറങ്ങി.

നാലാം ക്ലാസിൽ കുമാരൻ മാഷായിരുന്നു. മാഷുടെ മകൻ ദിലീഷും ഒന്നാം ക്ലാസ് മുതൽ ഒപ്പമായിരുന്നു. കുട്ടികളോട് സ്നേഹത്തോടെ മാത്രം പെരുമാറിയ കുമാരൻ മാഷ് ഒരു മാതൃകാ അധ്യാപകനായിരുന്നു. അടി ഒരു അധ്യാപന മാതൃകയാക്കാത്ത മറ്റൊരധ്യാപകൻ. എന്നെ ആദ്യമായി പ്രസംഗ മത്സരത്തിന് കൊണ്ടുപോകുന്നത് കുമാരൻ മാഷാണ്. ദേശഭക്തിയും ഗുരുഭക്തിയും, ഏതെങ്കിലും ഒന്നിനെക്കുറിച്ച് സംസാരിക്കാം. മാന്യസദസിന് എന്റെ കൂപ്പുകൈ എന്നൊക്കെ കോൺവെൻറ്​സ്‌കൂളിലെ പെൺകുട്ടികൾ കസറുന്നു. ഞാനാണെങ്കിൽ ആദ്യമായാണ് ഒരു വേദിയിൽ. ''ഇന്ത്യ നമ്മുടെ രാജ്യമാണ്. എല്ലാവരും നമ്മുടെ രാജ്യത്തെ സ്നേഹിക്കണം.'' അതിനുശേഷം സ്വന്തം രാജ്യത്തെക്കുറിച്ചോർത്ത് ഞാൻ അവിടെനിന്ന് പൊട്ടിക്കരഞ്ഞു. ഇറങ്ങിവന്നപ്പോൾ 'അതൊന്നും സാരമില്ല, അല്ലെങ്കിൽത്തന്നെ ഇക്കാലത്ത് ആർക്കാണ് ഗുരുഭക്തിയും ദേശഭക്തിയും' എന്ന് ചിരിച്ചുപറഞ്ഞ് തോളിൽ തട്ടിയത് കുമാരൻ മാഷാണ്. അതിനുശേഷം പ്രസംഗം ഒരു ചെറുകിട വ്യവസായമായിരുന്ന എന്റെ പിൽക്കാലത്തെല്ലാം കുമാരൻ മാഷ് എത്ര സുന്ദരമായാണ് അന്നത്തെ ആ നിമിഷത്തിൽ നിന്ന് എന്നെ പുറത്തുകടത്തിയത് എന്ന് ഞാനോർക്കാറുണ്ട്.

ഇടതുപക്ഷ അധ്യാപക സംഘടനായായ കെ.ജി.ടി.എക്കാരായ അധ്യാപകരായിരുന്നു അവരെല്ലാം. ഗ്രാമത്തിലെ മനുഷ്യരോടുചേർന്ന് നിന്നവർ. കുട്ടികളോട് സാമാന്യമായ തുല്യതയും നീതിയും പുലർത്തിയവർ.

എൽ.പി. സ്‌കൂളിന് ഹൈസ്‌കൂളുമായി വളരെ ഗാഢമായ വിവാഹ ബന്ധമുണ്ടായിരുന്നു. "വിഷ്ണു രമക്ക്, നിശക്ക് ശശാങ്കൻ, ഉമക്ക് ഹരൻ, നളനോർക്കിൽ നിനക്കും' എന്ന മട്ടിലായിരുന്നു അത്. വിശാലാക്ഷി ടീച്ചറുടെ ഭർത്താവ് ഗോവിന്ദപ്പണിക്കർ ഹൈസ്‌കൂളിൽ മലയാളം പഠിപ്പിച്ചു. ചന്ദ്രമതി ടീച്ചറുടെ ഭർത്താവ് ഗോപിനാഥൻ മാഷ്, രാജാമണി ടീച്ചറും മാധവൻ മാഷും, കുമാരൻ മാഷും ശാന്ത ടീച്ചറും അങ്ങനെ ഹൈസ്‌കൂളിന് എൽ പി സ്‌കൂളിന്റെ മുന്നിൽ രഹസ്യങ്ങളൊന്നുമില്ലാതെയായി.

ഇടതുപക്ഷ അധ്യാപക സംഘടനായായ കെ.ജി.ടി.എക്കാരായ അധ്യാപകരായിരുന്നു അവരെല്ലാം. ഗ്രാമത്തിലെ മനുഷ്യരോടുചേർന്ന് നിന്നവർ. കുട്ടികളോട് സാമാന്യമായ തുല്യതയും നീതിയും പുലർത്തിയവർ. അന്നും ഇന്നും പ്രബലമായ പല പൊതുബോധങ്ങളും അവരിൽ പലരിലും ചില ഛായകളിൽ ഉണ്ടായിരുന്നിരിക്കാമെങ്കിലും അതൊന്നും എടുത്തുപറയാവുന്ന അനീതികളിലേക്ക് നയിച്ചിരുന്നില്ല. നല്ല മനുഷ്യരായിരുന്നു. സാധാരണക്കാരായ മനുഷ്യർ. കുറി വെച്ചും സ്വരുക്കൂട്ടിയും ജീവിച്ചവർ. ആഡംബരങ്ങളില്ലാത്തവർ. രാഷ്ട്രീയം പറഞ്ഞിരുന്നവർ. ജോലികൊണ്ട് മാത്രം ജീവിതം നയിച്ചവർ. അവകാശ ബോധമുണ്ടായിരുന്നവർ. പരാധീനതകളുടെ കാലത്തും പഠിപ്പിച്ചവർ. ▮

Comments