എന്റെ ഉമ്മയുടെ മരണവാർത്തയറിഞ്ഞ് റോഡരികിൽ കൂടി നിന്നവരോട് കുറച്ചധികം വികാരാധീനനായി സംസാരിക്കേണ്ടി വന്നിട്ടുണ്ട്. എന്റെ പെരുമാറ്റം അല്പം വിഭ്രമം നിറഞ്ഞതായിരുന്നുവെന്ന് പിന്നീട് പലരും പറഞ്ഞറിഞ്ഞു. ഉമ്മയുടെ വേർപാടിന്റെ വേദനയിൽ നിന്നുണ്ടായതാവാം. സമൂഹം ഒന്നടങ്കം ചേർന്ന് ചെയ്യുന്നൊരു കുറ്റകൃത്യമാണ് ഈ കോവിഡ് വ്യാപനം എന്നാണ് എനിക്ക് അപ്പോൾ തോന്നിയത്. ഉമ്മ അതിന്റെ ഇരകളിൽ ഒരാളും. കോവിഡിനെ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവരും യാതൊരു ജാഗ്രതയുമില്ലാതെ മാസ്ക് താടിക്ക് കെട്ടിനടക്കുന്നവരും, അശ്രദ്ധമായി അവിടെയുമിവിടെയുമെല്ലാം സ്പർശിക്കുന്നവരും, മൂക്കുകൾ പരസ്പരം മുട്ടുന്ന രീതിയിൽ കൂടിനിന്ന് കാര്യം പറയുന്നവരും എല്ലാം ചേർന്ന് ഈ വൈറസിനെ കൈമാറി കൈമാറി പരത്തുമ്പോൾ അത് ചെന്നെത്തുന്നത് കോവിഡുമായുള്ള ജീവന്മരണ പോരാട്ടത്തിൽ പരാജയപ്പെടാൻ സാധ്യതയുള്ള ആളുകളിലേക്കു കൂടിയാണ്.
പനിപോലെ വന്നു പോകുന്ന ‘ചെറിയൊരു അസുഖമാണിത്’ എന്നൊരു സന്ദേശം കോവിഡ് പരീക്ഷയിൽ രക്ഷപ്പെട്ടവർ പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം ലഘൂകരണങ്ങളിൽ അള്ളിപ്പിടിച്ചാണ് ഈ രോഗം കുടുംബങ്ങൾക്കുള്ളിൽ കടന്ന് ജീവനെടുക്കുന്നതും ജീവിതത്തെ തകിടം മറിക്കുന്നതും. തീർച്ചയായും ഇതൊരു ചെറിയ രോഗമല്ല. അങ്ങ് ചൈനയിൽ എവിടെയോ ഒരാളിൽ നിന്ന് ആഴ്ചകൾക്കകം ലോകം മുഴുവൻ പടർന്ന കോവിഡിന്റെ വ്യാപനശക്തിയും അതുണ്ടാക്കിയ ആൾനാശവും മാത്രം മതി ഈ രോഗത്തിന്റെ ഗൗരവത്തെ നിർണ്ണയിക്കാൻ. നമുക്ക് പ്രിയപ്പെട്ടവർ കോവിഡ് ബാധിച്ച് ക്രിട്ടിക്കൽ കെയറിൽ ആവുന്നത് വളരെയധികം മാനസികപീഡ ഏൽപ്പിക്കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ എന്റെ ഉമ്മയുടെ ഹോസ്പിറ്റൽ ദിനങ്ങളെപ്പറ്റി ഈ കുറിപ്പിൽ പരാമർശിക്കാൻ പോലും എനിക്കാവില്ല.
അല്പം നീണ്ട ഈ കുറിപ്പ് എഴുതുന്നത് പ്രധാനമായും എന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വേണ്ടിയാണ്. വീട്ടിൽ മറ്റു ചില അംഗങ്ങൾക്കും കോവിഡ് ബാധിച്ചിരുന്നതിനാൽ ഞങ്ങൾ സഹോദരങ്ങൾക്കും ബന്ധുക്കൾക്കും കൂടിയിരുന്ന് ആശ്വാസവാക്കുകൾ പറയാൻ ഇതുവരെ അവസരം കിട്ടിയില്ല എന്ന സാഹചര്യത്തിൽ.
കോവിഡ് കാലത്തും അല്ലാത്തപ്പോഴുമെല്ലാം എന്തെങ്കിലും കാര്യത്തിനല്ലാതെ പുറത്തിറങ്ങാറില്ലാത്ത ആളായിരുന്നു ഉമ്മ. ഉമ്മയുടെ രാജ്യത്തിന് വെറും പതിനാല് സെന്റ് വിസ്തൃതിയേ ഉണ്ടായിരുന്നുള്ളൂ. ഈ കൊറോണാക്കാലത്തും അല്ലാത്തപ്പോഴുമെല്ലാം ഉമ്മയുടെ ചലനങ്ങൾ ആ പതിനാലു സെന്റിന്റെ വേലിക്കെട്ടിനുള്ളിൽത്തന്നെ ആയിരുന്നു. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാറേ ഉണ്ടായിരുന്നില്ല. ആ ചെറിയ ലോകത്ത് ഓടിനടന്ന് ഉമ്മ ഞങ്ങൾക്കെല്ലാം വേണ്ടി കഷ്ടപ്പെട്ടു. ഉമ്മ വിശ്രമിക്കാത്തതിൽ ഞങ്ങൾ എപ്പോഴും ഉമ്മയെ വഴക്കു പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ഉമ്മയുടെ സന്തോഷം എല്ലാവർക്കും വെച്ചുവിളമ്പുന്നതിലായിരുന്നു. പ്രായത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞങ്ങൾ കരുതി, വിശ്രമമില്ലാതെ ജോലി ചെയ്യുന്നതാണ് ഉമ്മയുടെ ആരോഗ്യത്തെ നിലനിർത്തുന്നതെന്ന്. ഷുഗറും പ്രഷറുമൊക്കെ വളരെ ഉയർന്ന തോതിലായിരുന്നെങ്കിലും ആഹാര കാര്യത്തിൽ ഉമ്മ യാതൊരു നിയന്ത്രണങ്ങളും പാലിച്ചിരുന്നില്ല. കൊതിയുള്ളതെല്ലാം തിന്നുകൊണ്ട് അതിന്റെ മേദസ്സിനെ ഉമ്മ ജോലി ചെയ്ത് ചെറുത്തു. മടിയില്ലാതെ ഓരോന്ന് ചെയ്തു തരുന്നതുകൊണ്ട് ഞങ്ങളും ഉമ്മയെ അളവിലധികം ആശ്രയിച്ചിരുന്നു.
കുറേക്കാലം മുമ്പ് ഉമ്മയുടെ ജോലി ഭാരം ഈ അടുത്ത കാലത്തേക്കാൾ അധികമായിരുന്നു. അക്കാലത്ത് കുറച്ച് താറാവുകളേയും കോഴികളേയും കൂടി ഉമ്മ വളർത്തിയിരുന്നു. അവറ്റകൾ കാരണം സ്വസ്ഥമായൊരു യാത്ര പോകാനാകുമായിരുന്നില്ല. നേരം സന്ധ്യയോടടുക്കുമ്പോൾ മുതൽ ഉമ്മായ്ക്ക് വേവലാതിയാണ്. ‘കോഴികളെ ആര് കൂട്ടിൽ കയറ്റും? ആര് തീറ്റകൊടുക്കും?’ ജോലിഭാരം കുറയ്ക്കാനായി അവയെയെല്ലാം വിൽക്കുകയോ കറിവെക്കുകയോ ചെയ്യാൻ ഞങ്ങൾ എപ്പോഴും ഉമ്മയെ നിർബ്ബന്ധിച്ചുകൊണ്ടിരുന്നു. പക്ഷേ, സമ്മതിച്ചില്ല. ചില ദിവസങ്ങളിൽ ഞാനും ജ്യേഷ്ഠനും കൂടി ഏതെങ്കിലും ഒരു പൂവനെ ഓടിച്ചിട്ടു പിടിച്ച് കഴുത്തിൽ കത്തിവെക്കും. ഉമ്മ ഓടിവന്ന് നിലവിളിക്കും: ‘അല്ലാഹുവേ.., എന്റെ കോഴി!’.
തന്റെ സമ്പാദ്യങ്ങളിലൊന്നും നഷ്ടപ്പെടുന്നത് ഉമ്മയ്ക്ക് സഹിക്കാനാവുമായിരുന്നില്ല. അടുക്കളയിലെ ഉപകരണങ്ങളെല്ലാം ഉമ്മ പരമാവധി ഉപയോഗിക്കും. ഉമ്മയ്ക്ക് ഓരോ കാര്യം ചെയ്യാനും അതിന്റേതായ ‘എതമുള്ള’ ഉപകരണങ്ങളുണ്ട്. കാലങ്ങളായി കൈകാര്യം ചെയ്തതുവഴി ആദ്യം ഉമ്മയുടെ കൂട്ടുകാരും പിന്നീട് അവയവങ്ങളുമായിത്തീർന്നവ. ചട്ടുകങ്ങളും തവികളും പിച്ചാത്തികളും ചീനച്ചട്ടികളും കുട്ടകങ്ങളും ബക്കറ്റുകളുമെല്ലാം അതിൽ പെടുന്നു. എന്തെങ്കിലും കാരണവശാൽ ഏതെങ്കിലും ഒരു ഉപകരണം ഉപയോഗ ശൂന്യമാവുകയും അത് ആക്രിക്കാരനു കൊടുക്കേണ്ടി വരികയും ചെയ്താൽ ഉമ്മയ്ക്കുള്ള സങ്കടം വളരെ വലുതായിരുന്നു. ആക്രിക്കാരൻ ഉമ്മയുടെ മുന്നിൽ വെച്ച് അത്തരം സാധനങ്ങൾ ചവിട്ടിച്ചളുക്കുന്നത് ഞങ്ങൾക്കു പോലും കണ്ടുനിൽക്കൽ പ്രയാസകരമായിരുന്നു. തുടർന്നുള്ള മൂന്നാല് ദിവസങ്ങൾ ഉമ്മ ആ പാത്രങ്ങളെച്ചൊല്ലി ദു:ഖിച്ചിരിക്കും. ഉമ്മയുടെ ഈ ഉപകരണപ്രേമം കാരണം, കല്യാണം ചെയ്തു കൊണ്ടുവന്നതുമുതൽക്കുള്ള കലങ്ങളും തവികളും പാത്രങ്ങളുമൊക്കെ വീട്ടിൽ ഇപ്പോഴുമുണ്ട്. ഉമ്മയുടെ വിയോഗവാർത്ത അറിഞ്ഞ് അടുക്കളയുടെ മൂലകളിലിരുന്ന് അവ വിങ്ങുന്നുണ്ടാവും. ഒരിക്കൽക്കൂടി ഉമ്മയുടെ തലോടൽ ഏൽക്കുവാനും കഴുകിക്കമിഴ്ത്തുമ്പോൾ ഒന്നു മിനുമിനുങ്ങി ഉമ്മയോട് ചിരിക്കുവാനും അവ കൊതിക്കുന്നുണ്ടാവും.
ഉമ്മ വളർത്തിയിരുന്ന കോഴികളും താറാവുകളും കാലക്രമത്തിൽ എങ്ങനെയൊക്കെയോ അപ്രത്യക്ഷമായി. പുതിയ കുഞ്ഞുങ്ങളെ വിരിയിക്കാൻ ഞങ്ങൾ ഉമ്മയെ സമ്മതിച്ചതുമില്ല. കൂടുകൾ ശൂന്യമായപ്പോൾ അത്രയും ജോലി കുറഞ്ഞെന്ന് ഞങ്ങൾ ആശ്വസിച്ചു. പക്ഷേ ഒഴിവാക്കപ്പെട്ട ആ ജോലികളുടെ ഗ്യാപ്പിൽ ഉമ്മ മറ്റു പലവിധമായ വീട്ടുജോലികൾ കൊണ്ടുവന്നു നിറച്ചു. ഇടയ്ക്കിടെ ഉമ്മ ആശ്ചര്യപ്പെടും: ‘പണ്ട് ഉണ്ടായിരുന്ന ആ സമയമൊക്കെ എവിടെപ്പോയി?’
പണ്ടെന്ന് ഉമ്മ ഉദ്ദേശിക്കുന്നത് എന്റെയൊക്കെ ചെറുപ്പ കാലത്തെപ്പറ്റിയാണ്. മിക്സിയും ഫ്രിഡ്ജും വാഷിംഗ് മെഷീനും ഒന്നും ഇല്ലാതിരുന്ന കാലത്തെപ്പറ്റി. പ്രഷർ കുക്കർ പോലും എത്രയോ വർഷങ്ങൾ കഴിഞ്ഞാണ് ഞങ്ങളുടെ അടുക്കളയിലേക്ക് ചൂളം വിളിച്ചെത്തുന്നത്! രാവിലെ പുട്ട് പുഴുങ്ങണമെങ്കിൽ തലേന്ന് വൈകും നേരം അരി കഴുകി ഉരലിലിട്ട് ഇടിച്ച് പൊടിക്കണം. അത് വലിയ കണ്ണിയുള്ള ഇടച്ചിലിൽ ഇടഞ്ഞ് തരി വന്നത് വീണ്ടും ഇടിച്ച് പൊടിയാക്കി ഇടഞ്ഞ് വീണ്ടും ഇടിച്ച് തരി ഒരു നുള്ളുമാത്രം അവശേഷിക്കും വരെ തുടരണം. അരിപ്പത്തിരിക്കും ഇടിയപ്പത്തിനും ചെറിയ കണ്ണിയുള്ള ഇടച്ചിലാണ് ഉപയോഗിക്കുക. അങ്ങനെയെങ്കിൽ നേരം കൂടുതൽ വേണം. ഇതു കൂടാതെ എന്തൊക്കെ!. അരയ്ക്കലും അലക്കലും മുറ്റമടിക്കലും ഒക്കെക്കൂടി എത്രയോ ജോലികൾ. ആ നേരമെല്ലാം എവിടെപ്പോയി എന്നാണ് ഉമ്മയുടെ അത്ഭുതം.
ഉമ്മയെക്കുറിച്ചുള്ള ഓർമ്മകൾ അടുക്കളയുമായി ബന്ധിക്കപ്പെട്ടതാകുന്നതിൽ ശരികേടുണ്ടോ? അറിയില്ല. ഗർഭത്തിലായിരിക്കുമ്പോൾ മക്കളെ അവർ ഞരമ്പുകളിലൂടെ ഊട്ടി. നെഞ്ചോടു ചേർന്നു കിടന്നപ്പോൾ മുലയൂട്ടി. നെഞ്ചിൽ നിന്നടർന്നപ്പോൾ അടുപ്പുകൂട്ടി. ഞാൻ ഗൾഫിലായിരിക്കുമ്പോഴും ഫോൺ ചെയ്യുന്ന സമയത്ത് ഉമ്മയ്ക്ക് മുഖ്യമായും അറിയേണ്ടിയിരുന്നത് ഭക്ഷണകാര്യമായിരുന്നു. രാവിലെ എന്തു തിന്നു? വൈകിട്ടെന്താണ്? എന്തു മീൻ കിട്ടി?
ആണിനും പെണ്ണിനും വിശ്രമവേളകളില്ലാതിരുന്നൊരു കാലം മുതൽ ജീവിച്ചുപോന്നതാണ് ഉമ്മ. അധികം സ്ത്രീകളും തൊണ്ടു തല്ലുകയും കയർ പിരിക്കുകയും മീൻ പെറുക്കുകയും ചെയ്ത് കുടുംബങ്ങൾ പോറ്റിയിരുന്ന ഞങ്ങളുടെ ഗ്രാമത്തിലേക്കാണ് ഉമ്മ കല്യാണം കഴിച്ചു വരുന്നത്. അവരുമായി താരതമ്യം ചെയ്യുമ്പോൾ ഉമ്മയുടെ കഷ്ടപ്പാടുകൾ അത്ര വലുതല്ലെന്ന് എപ്പോഴും കരുതിയിരുന്നു. തൊഴിൽ ചെയ്തു ജീവിക്കുന്ന സ്ത്രീകളെ ‘കഷ്ടപ്പെടുന്ന സ്ത്രീകളായി’ കരുതിയിരുന്ന സമയവും സമൂഹവുമായിരുന്നു എല്ലായിടത്തും. അവിടെ, തൊഴിൽ ചെയ്യാൻ പോകാതെ, ആഹാരം പാകം ചെയ്തും കുട്ടികളെ നോക്കിയും മാത്രം കഴിയുന്ന സ്ത്രീകൾ ഭാഗ്യവതികളായി കരുതപ്പെട്ടിരുന്നു. ആ അർഥത്തിൽ ഉമ്മ സ്വയം ഭാഗ്യവതിയായി കരുതിയിരുന്നിരിക്കണം. ആ ഭാഗ്യത്തിൽ ആനന്ദം കണ്ടെത്തിയിരുന്നിരിക്കണം. അതല്ലെങ്കിൽ ഉമ്മ മറ്റെന്തു ചെയ്യുമായിരുന്നു?
കുടുംബത്തിനും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ട് ഒരു ജീവിതം നയിക്കാനേ ഉമ്മയ്ക്ക് ആവുമായിരുന്നുള്ളൂ. പാട്ട് പാടുമായിരുന്നെങ്കിലും ഒരു പാട്ടുകാരിയാകാനുള്ള സാധ്യത ഇല്ലായിരുന്നു. (മറ്റെങ്ങും കേട്ടിട്ടില്ലാത്ത ഒട്ടേറെ പാട്ടുകൾ ഉമ്മയുടെ ഉള്ളിൽ കെട്ടിക്കിടന്നിരുന്നു. പേരമക്കളെ ഉറക്കാനായി തൊട്ടിലാട്ടുമ്പോൾ മാത്രം അവയിൽ ഓരോന്നും കെട്ടഴിഞ്ഞ് പുറത്തേക്കു വന്നു. എന്തു സുന്ദരമായ പാട്ടുകൾ. ഒരുപക്ഷേ, മക്കളായ ഞങ്ങൾ തൊട്ടിലിൽ ഉറങ്ങിയിരുന്നതും അതേ പാട്ടുകൾ കേട്ടാവാം. ഞങ്ങളെ ഉറക്കിയുറക്കി ഹൃദിസ്ഥമായ ആ പാട്ടുകൾ ഞങ്ങളുടെ മക്കൾക്കുവേണ്ടിയും ഉമ്മയുടെ ഉള്ളിൽ മറവി മൂടാതെ കിടന്നു.)
ഉമ്മ ലോകത്തിലെ ഏറ്റവും നല്ല പാചകക്കാരിൽ ഒരാളായിരുന്നു എന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ഉമ്മ ഒരു റെസ്റ്റോറന്റ് തുടങ്ങിയാൽ വിജയിക്കുമെന്ന് ഞാൻ പലപ്പോഴും പറയുമായിരുന്നു. കലാപരമായി ഏറ്റവും മേന്മയുള്ളൊരു നാടകം വളരെക്കുറഞ്ഞ പ്രേക്ഷകർക്ക് മുമ്പിലേ അവതരിപ്പിക്കുന്നുള്ളൂ എന്നതുകൊണ്ട് ആ നാടകം മോശമാണ് എന്ന് പറയാൻ കഴിയാത്തതുപോലെ, ഉമ്മയുടെ പാചകത്തിന്റെ ആസ്വാദകർ ഞങ്ങൾ കുറച്ചുപേരായതുകൊണ്ടുമാത്രം അത് ഉത്ക്കൃഷ്ടമല്ലാതാവുന്നില്ല. ഉമ്മ പരുവപ്പെടുത്തിയെടുത്ത ഞങ്ങളുടെ രുചിമുകുളങ്ങൾ പക്ഷം പിടിക്കുന്നുവെന്ന് വേണമെങ്കിൽ ഒരാൾക്ക് വാദിക്കാം. മറുവാദമായി ഉമ്മയുടെ ഞണ്ട് വരട്ടിയതിന്റെ അരപ്പിൽ നിന്ന് ഒരല്പം തോണ്ടി അയാളുടെ നാവിൽ വെച്ചുകൊടുക്കാൻ ഇനി ആവില്ല എന്നതുകൊണ്ടു മാത്രം അയാളുടെ വാദം നിലനിൽക്കും. എവിടെയും രേഖപ്പെടുത്തിവെക്കാൻ പറ്റാത്ത കലയാണല്ലോ പാചകം. തൊണ്ടയിൽ നിന്നിറങ്ങുന്നതോടെ അതിന്റെ ആസ്വാദനം അവസാനിച്ചു. പിന്നെയുള്ളത് ഓർമ്മകൾ മാത്രമാണ്. മണവും രുചിയുമുള്ള ഓർമ്മകൾ. പ്രിയപ്പെട്ടവരുടെ ജീവിതവും ഏതാണ്ട് അങ്ങനെതന്നെ.
ഉമ്മയുടെ ഖബറിനരികെ നിന്ന് പള്ളിയിലെ ഇമാം ആവർത്തിച്ചാവർത്തിച്ച് പ്രാർഥിച്ചു: ‘അല്ലാഹുവേ, ഞങ്ങളെ എല്ലാവരെയും നീ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടേണമേ..’. മുമ്പും പല സാഹചര്യങ്ങളിലായി ഞാൻ ആ പ്രാർഥന കേട്ടിട്ടുണ്ടെങ്കിലും അപ്പോഴാണ് അതെത്രയോ സുന്ദരമായ പ്രാർഥനയാണെന്ന് ശ്രദ്ധിക്കുന്നത്. ഇഹലോകത്തിനപ്പുറത്തെ ഒരു സമാഗമത്തെപ്പറ്റിയുള്ള പ്രതീക്ഷയാണ് ആ പ്രാർഥന. ആ മുഹൂർത്തം എത്ര ആവേശകരമായിരിക്കും!. ഉമ്മയെ മാത്രമല്ല, മണ്മറഞ്ഞുപോയ ബന്ധുജനങ്ങളേയും തലമുറകളേയും മറ്റൊരു ലോകത്ത് വീണ്ടും കണ്ടുമുട്ടുകയെന്നത് എത്ര സന്തോഷകരമായിരിക്കും! ആ ലോകത്തെപ്പറ്റിയുള്ള പ്രതീക്ഷ എത്ര ആശ്വാസകരമാണ്. ആർക്കും ആരെയും നഷ്ടപ്പെട്ടിട്ടില്ല; നിങ്ങൾ ഒരിക്കൽ ചെന്നെത്തുന്നിടത്തേക്ക് നിങ്ങളുടെ പ്രിയപ്പെട്ടവർ അല്പം മുമ്പേ പുറപ്പെട്ടിരിക്കുന്നു എന്ന ആശ്വാസവാക്കാണ് ആ പ്രാർഥന. എല്ലാ മാതാക്കളും എല്ലാ പിതാക്കളും സന്നിഹിതരാവുന്നൊരു വലിയ മൈതാനം. ഓരോരുത്തരും അവരുടെ മുൻതലമുറകളെ ആശ്ലേഷിക്കുന്നു. ആശ്ലേഷം അതിവേഗം സംക്രമിക്കുന്നു. ആശ്ലേഷങ്ങളുടെ അങ്ങേയറ്റത്ത് ആദമും ഹവ്വയും തങ്ങളുടെ മക്കളെ ഒന്നാകെ കണ്ട് പുഞ്ചിരിക്കുന്നു. അവരുടെ മുഖത്ത് നഷ്ടപ്പെട്ടു പോയ സ്വർഗ്ഗത്തെ തിരികെക്കിട്ടിയ സന്തോഷം!
പകർച്ച വ്യാധികളാലുള്ള മരണം രക്തസാക്ഷിത്വത്തിന് തുല്യമാണെന്നാണ് ഇസ്ലാമിക വിശ്വാസം.പള്ളിയിലെ ഇമാം ഉമ്മയ്ക്ക് രക്തസാക്ഷിത്വത്തിന്റെ പ്രതിഫലത്തിനായും പ്രാർഥിച്ചു. ഒരു സൂക്ഷ്മാണുവർഗവും മനുഷ്യനുമായി തുടരുന്ന മഹായുദ്ധത്തിൽ മരിച്ചുവീഴുന്നവരെല്ലാം രക്തസാക്ഷികളല്ലാതെ മറ്റാരാണ്?. ചില കാലങ്ങളിൽ ആ യുദ്ധം മഹാമാരികളെ നേർക്കുനേർ നേരിട്ടുകൊണ്ടായിരുന്നു. ജീവൻ പണയം വെച്ചുകൊണ്ടാണ് ഇത്തരം പോർമുഖങ്ങളിൽ പടവെട്ടി ഇതര ജീവിതങ്ങൾക്ക് മനുഷ്യർ ആശ്വാസമേകിയത്. എബോളയിലും പ്ലേഗിലും കോളറയിലും വസൂരിയിലുമെല്ലാം ലോകം അതു കണ്ടു. യുദ്ധത്തിൽ എത്രയോ മുൻനിര ഭടന്മാർ കൊല്ലപ്പെട്ടു! ഈ കൊറോണയിലും എത്രയോ ഡോക്ടേഴ്സും നഴ്സസും മറ്റ് സേവനപ്രവർത്തകരും കൊല്ലപ്പെട്ടു. തീർച്ചയായും ഇതൊരു കൊടിയ യുദ്ധം തന്നെ. ഈ യുദ്ധത്തിൽ ഇരുപതു കോടി ആളുകൾക്ക് ഇതിനോടകം വെട്ടേറ്റു. അതിൽ നാല്പതു ലക്ഷത്തിനു മേൽ ആളുകൾ ഇതുവരെ കൊല്ലപ്പെട്ടു. വെറും ഒരു വർഷക്കാലയളവുകൊണ്ട് ലോകത്തിലെ എല്ലാഭൂമിയിൽ നിന്നും ഇത്രയും നഷ്ടം വരുത്തിവെക്കാൻ മറ്റേത് യുദ്ധത്തിനാണ് ആവുക?.
കവചകുണ്ഡലങ്ങളണിഞ്ഞ്, ആയുധങ്ങളേന്തി, യുദ്ധമുറകൾ പാലിച്ച് കളത്തിലിറങ്ങുമ്പോഴേ നമ്മൾ യോദ്ധാക്കളാവുകയുള്ളൂ. മാസ്ക് ധരിക്കുകയും, കൈകൾ ശുദ്ധീകരിക്കുകയും ശാരീരികാകലം പാലിക്കുകയും ചെയ്യുകയെന്നതാണ് ഈ യുദ്ധത്തിലെ കവച കുണ്ഡലങ്ങളും ആയുധങ്ങളും യുദ്ധമുറകളും. പിന്നീടുള്ള പിഴവുകൾ പിഴവുകൾ മാത്രമാണ്. ഒരു ചെറിയ പിഴവ് മതിയാവും യുദ്ധക്കളത്തിൽ നിലംപതിക്കാനും ജീവൻ പോകാനും. ഇത്രകാലം ഈ വൈറസിനോട് പ്രതിരോധം തീർത്ത് ജീവിച്ചിരുന്നതാണ് ഉമ്മയും. പിന്നീട് എപ്പഴോ ഉമ്മ ശത്രുവിന്റെ പിടിയിൽ അകപ്പെട്ടു. യുദ്ധക്കളത്തിൽ മരണപ്പെട്ടു. ഉമ്മയ്ക്ക് പരമകാരുണികൻ രക്തസാക്ഷിയുടെ പ്രതിഫലം നൽകുമാറാകട്ടെ! (ആമീൻ).