ചിത്രീകരണം : ദേവപ്രകാശ്

കിമോത്തി അൽബാനി

​ഗൾഫിലെ ഒരു ശരാശരി ബാച്ച്‌ലറിന്റെ വീട് അവന്റെ കട്ടിലിനടിയിലാണ്. മറ്റൊരു വിധത്തിൽ, തന്റെ വീടിനു മുകളിൽ കട്ടിലിട്ടാണ് ഒരു സാധാരണ ഗൾഫ് ബാച്ച്‌ലർ ഉറങ്ങുന്നത്

ഒരു എക്സ് ഗൾഫുകാരന്റെ വർത്തമാനങ്ങൾ

ദുബൈ എയർ പോർട്ടിലെ ഗേറ്റ് നമ്പർ B10 ൽ വെച്ച് എമിറേറ്റ്‌സ് സ്റ്റാഫ് നൽകിയ പി.പി.ഇ കിറ്റ് ധരിപ്പിക്കുമ്പോൾ അഞ്ചര വയസ്സുള്ള മൂത്ത മകൻ ചോദിച്ചു:

"വാപ്പീ.. are we going to moon?'

അവൻ നോക്കുമ്പോൾ വിമാനത്തിലേക്കു കയറാൻ തയ്യാറെടുത്തിരിക്കുന്നവരെല്ലാം ബഹിരാകാശ സഞ്ചാരികളെപ്പോലെ മുഴുനീള കുപ്പായവും ഗ്ലൗസും ഫെയിസ് ഷീൽഡും അണിഞ്ഞിട്ടുണ്ട്.

ഞാൻ പറഞ്ഞു: Yes. Finally we are going to the Moon. അവിടെ എത്തും വരെ ഈ സ്യൂട്ടുകളൊന്നും ഊരാൻ പാടില്ല. അവിടെച്ചെന്ന് നമ്മൾ ഒരു വീടുവെച്ചു താമസിക്കും. We will build a house there. '

And a giant wheel. അവൻ പറഞ്ഞു.

ചന്ദ്രനിൽ ഒരു വീടും അതിനു തൊട്ടടുത്തായി ഒരു ജയന്റ് വീലുമുള്ളൊരു ചിത്രം അവന്റെ മനസ്സിൽ അപ്പോൾ തെളിഞ്ഞുകാണണം.

പി.പി.ഇ കിറ്റ് ധരിച്ചിരുന്നില്ലെങ്കിലും പതിനെട്ടു കൊല്ലങ്ങൾക്കു മുമ്പ് ഒരു വിമാനത്തിന്റെ പതിനെട്ടാം പടി ചവിട്ടി അകത്തു കയറി സീറ്റ്- ബെൽറ്റ് മുറുക്കുമ്പോൾ എനിക്കും തോന്നിയിരുന്നു: ഞാനിതാ ചന്ദ്രനിലേക്ക് പറക്കുകയാണ്. ദൂരെ നിന്നു മാത്രം കണ്ടതും കേട്ടതുമായൊരു ഭൂമിയിലേക്ക്. സ്വർണ നിറമുള്ള മണൽക്കൂനകളും പ്രകാശം മാത്രമുള്ള നഗരങ്ങളും നിറഞ്ഞൊരു ചന്ദ്രനിലേക്ക്. ദൂരെദൂരെ തിളങ്ങിക്കാണുന്ന ഭൂമിയെല്ലാം ചന്ദ്രനാണ് ചന്ദ്രൻ!. ഏതു ചന്ദ്രനും നമ്മെ കയ്യാട്ടി വിളിക്കും. ഏതെങ്കിലുമൊക്കെ പേടകത്തിലേറി നമ്മൾ അങ്ങോട്ടു പോകാൻ കൊതിക്കും. തിളങ്ങുന്നതുകൊണ്ടു മാത്രമാണ് നമുക്ക് അവിടെ പോകാൻ തോന്നുന്നത്. എന്നാൽ ചന്ദ്രനിൽ കാലു കുത്തുന്നതോടെ ചന്ദ്രന്റെ തിളക്കം കെട്ടുപോകുന്നു. അവിടെ നിന്ന് മേലേക്ക് നോക്കുമ്പോൾ നാം പുറപ്പെട്ടുപോന്ന ഭൂമി ചന്ദ്രനെപ്പോലെ തിളങ്ങാൻ തുടങ്ങുന്നു. പിന്നീടു കാണുന്ന സ്വപ്നങ്ങളെല്ലാം തിരിച്ചുപോക്കിന്റേതായി മാറുന്നു.

ഒരു പ്രായം കഴിഞ്ഞാൽ സ്വന്തം വീടും നാടും നമ്മെ കൊത്തിയോടിക്കാൻ ശ്രമിക്കും. ആ ഘട്ടത്തിലെത്തുമ്പോൾ നാടിനെ കെട്ടിപ്പിടിച്ചു നിൽക്കുന്നവനും ഒരിക്കലെങ്കിലും തോന്നും: "ഈ നശിച്ച നാട്ടിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം.'

ഗൾഫിൽ പോകണമെന്ന സ്വപ്നമൊന്നും പണ്ട് ഉണ്ടായിരുന്നില്ല. മാത്രമല്ല, ഏതുവിധേനയും നാട്ടിൽത്തന്നെ ജീവിക്കണം എന്നായിരുന്നു ആഗ്രഹം. ആളുകൾ എങ്ങനെയാണ് രണ്ടും മൂന്നും വർഷം സ്വന്തം നാട് വിട്ടുനിൽക്കുന്നതെന്ന് അത്ഭുതപ്പെട്ടിട്ടുമുണ്ട്. പ്രായവും പക്വതയുമില്ലാത്ത സമയത്ത് ഇങ്ങനെ പല സംശയങ്ങളും സ്വാഭാവികമാണല്ലോ. ഓരോ പ്രായത്തിലൂടെയും കടന്നുപോയെങ്കിലേ ഓരോ കാര്യങ്ങളും മനസ്സിലാവുകപോലുമുള്ളൂ. പ്രേമനൈരാശ്യത്താൽ ആളുകൾ എന്തിന് ആത്മഹത്യ ചെയ്യുന്നുവെന്ന് പ്രേമിക്കും വരേയും മനസ്സിലായിരുന്നില്ല. ഭാര്യാഭർത്താക്കന്മാർ തമ്മിൽ എങ്ങനെയാണ് കലഹമുണ്ടാകുന്നതെന്ന് കല്യാണം കഴിക്കും വരേയും മനസ്സിലായിരുന്നില്ല. അതുപോലെയാണ് ഒരു പ്രായം കഴിഞ്ഞാൽ സ്വന്തം വീടും നാടും നമ്മെ കൊത്തിയോടിക്കാൻ ശ്രമിക്കും എന്ന കാര്യവും. ആ ഘട്ടത്തിലെത്തുമ്പോൾ നാടിനെ കെട്ടിപ്പിടിച്ചു നിൽക്കുന്നവനും ഒരിക്കലെങ്കിലും തോന്നും: "ഈ നശിച്ച നാട്ടിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം.'

അങ്ങനെ ഞാനും രക്ഷപ്പെടാൻ ശ്രമിച്ചു. ആദ്യ ശ്രമം ഗൾഫിലേക്ക് ആയിരുന്നില്ല. തമിഴ് നാട്ടിലെ മണ്ണാർഗുഡി പക്കത്തിൽ തിരുമക്കോട്ടൈ എന്നൊരു ഗ്രാമത്തിലേക്ക്. അവിടെ ഒരു പവർപ്ലാന്റിന്റെ കൺസ്ട്രക്ഷൻ പ്രൊജക്ടിൽ ചെറിയൊരു ജോലി തരപ്പെട്ടിരുന്നു.

കായംകുളം എൻ.ടി.പി.സി പവർ പ്രൊജക്ടിലായിരുന്നു അതിനു മുമ്പ് ജോലി ചെയ്തുകൊണ്ടിരുന്നത്. അവിടുത്തെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായപ്പോൾ ജോലി ഇല്ലാതെയായി. മുടിവെട്ടിക്കാൻ പോലും കയ്യിൽ കാശില്ല. സർക്കാർ ഉദ്യോഗസ്ഥനായ ബാപ്പയുടെ പോക്കറ്റിൽ തപ്പിയാൽ, മാസാദ്യമാണെങ്കിൽ ഇരുപതോ ഇരുപത്തഞ്ചോ രൂപാ കാണും. മാസാവസാനത്തോട് അടുക്കുമ്പോൾ അത് രണ്ടോ മൂന്നോ രൂപാ ആയി മാറും. ഒടുവിൽ ആ പോക്കറ്റിൽ ഒന്നുമില്ലാതെ സിഗററ്റിൽ നിന്നും പൊഴിഞ്ഞുവീണ പുകയിലത്തുണ്ടുകൾ മാത്രം അവശേഷിക്കും. ഇങ്ങനെയായാൽ എങ്ങനെയാണ്? അന്ന് ഞാൻ കല്യാണമൊന്നും കഴിച്ചിട്ടില്ല. എങ്കിലും 22 വയസ്സുള്ള ഒരു ചെറുപ്പക്കാരന് അവന്റേതായ ചെലവുകളില്ലേ?

പന്ത്രണ്ടാം ദിവസം പല്ലു തേച്ചുകൊണ്ടു നിൽക്കുമ്പോൾ ഒരു തോന്നൽ. എന്തിനിങ്ങനെ അന്യ നാട്ടിൽ വന്നു കിടക്കുന്നു? നാട്ടിൽ പോയി എന്തെങ്കിലുമൊക്കെ ജോലി ചെയ്യാം. എത്രയോ ലക്ഷം ആളുകൾ നാട്ടിൽത്തന്നെ ജീവിക്കുന്നു. അവരേക്കാൾ മോശമാണോ ഞാൻ

ഒരു ദിവസം ബാപ്പയുടെ പോക്കറ്റിൽ പതിവിൽ കവിഞ്ഞ നിഴലുകൾ കണ്ട് ഞാൻ പ്രതീക്ഷയോടെ തപ്പിനോക്കി. അതൊരു വലിയ ലിസ്റ്റായിരുന്നു. തിരിച്ചു കൊടുക്കേണ്ട കടക്കാരുടേയും ബാക്കിനിൽക്കുന്ന ഉത്തരവാദിത്തങ്ങളുടേയും ചെയ്തുതീർക്കേണ്ട കാര്യങ്ങളുടേയുമെല്ലാം ഒരു ലിസ്റ്റ്.

""ഇങ്ങനെ തെക്കുവടക്ക് നടന്നിട്ട് ഒരു കാര്യോമില്ല'' - ബാപ്പ മുനവെച്ചും മുന ഇല്ലാതെയും ഉപദേശരൂപേണയും വഴക്കായും ഭീഷണിയായും തരം കിട്ടുമ്പോഴൊക്കെ പറയും. അപ്പോഴൊക്കെയും ഞാൻ ആലോചിക്കും: "ഈ നശിച്ച നാട്ടിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം.'

എൻ.ടി.പി.സിയിലെ പഴയ കോണ്ട്രാക്ട്രറെ പോയി കണ്ടു. അയാൾക്ക് തിരുമക്കോട്ടയിൽ പ്രോജക്ട് ഉണ്ടെന്നും കൂടെ കൂടിക്കോളാനും പറഞ്ഞു.

പക്ഷേ, തിരുമക്കോട്ടയിലേക്കുള്ള രക്ഷാശ്രമം വിജയിച്ചില്ല. അവിടെച്ചെന്ന് ജോലി തുടങ്ങിയെങ്കിലും ഭീകരമായ ഗൃഹാതുരത്വം എന്നെ പിടികൂടി. ഞങ്ങൾ ജോലിക്കാർ താമസിച്ചിരുന്ന വീടിനടുത്ത് ഒരു കോവിലുണ്ട്. രാവിലെ പല്ലു തേച്ചുകൊണ്ടു നിൽക്കുമ്പോഴും സന്ധ്യാനേരത്ത് പക്ഷികൾ കൂടണയുമ്പോഴും അവിടെ നിന്ന് ചില ഭക്തിഗാനങ്ങൾ ഒഴുകിയെത്തും. അത് നാടിനെ ഓർമിപ്പിക്കും. നാട്ടിൽ അടുത്തുള്ള ശിവക്ഷേത്രത്തേയും അവിടുത്തെ ആലിലകളിൽ വീശുന്ന കാറ്റിനെയും ഓർമിപ്പിക്കും. സന്ധ്യയ്ക്ക് തൊഴുതുമടങ്ങുന്ന പെൺകുട്ടികളെയും ഓർമിപ്പിക്കും.

പതിനൊന്നു ദിവസങ്ങൾ മാത്രമേ എനിക്ക് ആ ഭക്തിഗാനങ്ങളുടെ ഭാരം താങ്ങാനാവുമായിരുന്നുള്ളൂ. പന്ത്രണ്ടാം ദിവസം പല്ലു തേച്ചുകൊണ്ടു നിൽക്കുമ്പോൾ ഒരു തോന്നൽ. എന്തിനിങ്ങനെ അന്യ നാട്ടിൽ വന്നു കിടക്കുന്നു? നാട്ടിൽ പോയി എന്തെങ്കിലുമൊക്കെ ജോലി ചെയ്യാം. എത്രയോ ലക്ഷം ആളുകൾ നാട്ടിൽത്തന്നെ ജീവിക്കുന്നു. അവരേക്കാൾ മോശമാണോ ഞാൻ. പഠിച്ച തൊഴിൽ കൂടാതെ സ്വായത്തമാക്കിയ തൊഴിലുകളും കയ്യിലുണ്ട്. പെയിന്റിംഗ്, ചുവരെഴുത്ത് അങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്തു ജീവിക്കാം. എന്തായാലും വട്ടച്ചെലവിനുള്ളത് കിട്ടാതിരിക്കുമോ? ഇങ്ങനെ കുറേ ചിന്തകൾ തലയിലൂടെ തലങ്ങും വിലങ്ങും ഓടിനടന്നു. ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം പല്ലു തേച്ചത് അന്നാണ്. ഏതാണ്ട് അത്രനേരത്തോളം പല്ലു തേച്ച മറ്റൊരു സന്ദർഭം എന്റെ വിവാഹത്തലേന്നു മാത്രമാണ്.

ഞാൻ പല്ലുതേച്ചു തീർന്നപ്പോഴേക്കും കൂടെയുള്ള തൊഴിലാളികളെല്ലാം സൈറ്റിലേക്ക് പുറപ്പെട്ടിരുന്നു. റൂമിൽ മറ്റാരുമില്ല എന്നായപ്പോൾ കട്ടിലിനടിയിൽ നിന്ന് ബാഗ് വലിച്ചെടുത്ത് ധൃതിയിൽ സാധനങ്ങൾ കുത്തിനിറച്ച് ഞാൻ നാട്ടിലേക്ക് ബസ്സുകയറി. പോരും വഴി മധുരയിലിറങ്ങി മീനാക്ഷീക്ഷേത്രത്തിന്റെ കുളപ്പടവിൽ അല്പനേരം വിശ്രമിച്ചു. അവിടെ ഏഴു സ്വരങ്ങളിൽ സംഗീതം പൊഴിക്കുന്ന കല്ലുകളുണ്ട്.

2002-ൽ കുവൈത്തിൽ എത്തുന്ന സമയത്ത് കട്ടിലിനു തൊട്ടു താഴെ എനിക്ക് സ്വന്തമായി വീടില്ലായിരുന്നു. കാരണം, ഞാൻ ഒരു ഡബിൾ ഡക്കർ കട്ടിലിന്റെ രണ്ടാം നിലയിലെ അന്തേവാസിയായിരുന്നു

ൾഫിലെ ഒരു ശരാശരി ബാച്ച്‌ലറിന്റെ വീട് അവന്റെ കട്ടിലിനടിയിലാണ്. മറ്റൊരു വിധത്തിൽ, തന്റെ വീടിനു മുകളിൽ കട്ടിലിട്ടാണ് ഒരു സാധാരണ ഗൾഫ് ബാച്ച്‌ലർ ഉറങ്ങുന്നത്. കട്ടിലിനടിയിലെ ഒന്നോ രണ്ടോ ബാഗുകളിൽ ഉണ്ടാവും അവനു വേണ്ട പകുതിയിലധികം സാധനങ്ങളും. വസ്ത്രങ്ങൾ, ബെഡ്ഷീറ്റുകൾ, പുസ്തകങ്ങൾ, ചീപ്പ്, പൗഡർ, കത്തുകൾ, നാട്ടിൽ നിന്ന് പോരും മുമ്പ് ഭാര്യ തന്നയച്ച സമ്മാനം, അച്ചാറുകൾ, ചമ്മന്തിപ്പൊടി തുടങ്ങി എല്ലാം കട്ടിലിനടിയിലെ വീട്ടിൽ ഉണ്ടാവും. എത്രയോ പ്രാവശ്യം ആ ബാഗുകൾ വലിച്ചെടുത്ത് സിബ്ബുകൾ തുറന്നടച്ചാലാണ് ഒരു ദിവസം കടന്നുപോവുക!?

2002-ൽ കുവൈത്തിൽ എത്തുന്ന സമയത്ത് കട്ടിലിനു തൊട്ടു താഴെ എനിക്ക് സ്വന്തമായി വീടില്ലായിരുന്നു. കാരണം, ഞാൻ ഒരു ഡബിൾ ഡക്കർ കട്ടിലിന്റെ രണ്ടാം നിലയിലെ അന്തേവാസിയായിരുന്നു. എങ്കിലും 6 X 4 അടി കട്ടിലിനു ഏറ്റവും കീഴെയുള്ള 6 X 4 അടി സ്ഥലത്തിന് ഞാനും അവകാശിയായിരുന്നു. പറഞ്ഞിട്ടു കാര്യമില്ല; പുതിയൊരു താമസക്കാരന് അവിടെക്കേറി അവകാശം സ്ഥാപിക്കുന്നതിൽ ചില പരിമിതികളൊക്കെ ഉണ്ടല്ലോ. പിന്നെ ചെയ്യാനാവുന്നത് താഴേത്തട്ടിലുള്ള താമസക്കാരനോട് "ചേട്ടാ, ആ പെട്ടി ഒരല്പം അങ്ങോട്ടൊന്നു നീക്കാമോ' എന്ന് അനുവാദം ചോദിച്ച് വീടുകെട്ടാൻ ഒരല്പം ഇടം ഉണ്ടാക്കിയെടുക്കുകയാണ്. അതിനു ശേഷം പയ്യെപ്പയ്യെ അല്പാല്പമായി അയാൾ കൈവശം വെച്ചനുഭവിക്കുന്ന ഭൂമി കയ്യേറണം.

താമസം തുടങ്ങുന്ന സമയത്ത് സ്ഥലപരിമിതി കാരണം എന്റെ പെട്ടിയും പ്രമാണങ്ങളും കട്ടിലിനു പുറത്തേക്ക് അല്പം തള്ളി നിന്നിരുന്നു. അതിൽ കാലുതട്ടി വീഴാൻ പോകുമ്പോഴെല്ലാം താഴെയുള്ള ചേട്ടൻ പിറുപിറുക്കും. ശപിക്കും. മേൽപ്പറഞ്ഞതുപോലെ മാസങ്ങൾ നീണ്ടുനിന്ന കയ്യേറ്റങ്ങളിലൂടെയാണ് അയാളുടെ ശാപങ്ങളിൽ നിന്ന് ഞാൻ മുക്തിനേടുന്നത്. എന്റെ സാധനങ്ങളെല്ലാം അകത്തായി. ഞാനും 3 X 4 അടി വസ്തുവിന്റെ ഉടമയായി.

വെള്ളിയാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും പുറത്തുനിന്ന് വരുന്ന സന്ദർശകരിൽ ചിലർ കട്ടിലിലേക്കങ്ങ് ചാഞ്ഞാൽ പിന്നെ നീണ്ട ഉറക്കം കഴിഞ്ഞൊക്കെയേ എണീക്കുകയുള്ളൂ. സ്ഥലത്തിന്റെ യഥാർഥ അവകാശി അതുവരെ കാത്തിരിക്കണം

താഴേത്തട്ടിനും മേലേത്തട്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.

താഴേത്തട്ടിന്റെ ഒന്നാമത്തെ ഗുണം, വലിഞ്ഞു മുകളിൽ കയറേണ്ട എന്നതുതന്നെ. താഴെയാണ് കിടക്കുന്നത് എന്നതുകൊണ്ട് വീടുമായുള്ള അടുപ്പം മറ്റൊരു ഗുണമാണ്. ബാഗിൽ നിന്ന് എന്തെങ്കിലും സാധനങ്ങൾ എടുക്കുകയോ മറ്റോ ചെയ്യണമെങ്കിൽ എളുപ്പമാണ്. ഇക്കാരണങ്ങൾ കൊണ്ട് കുറേയേറെ ആളുകൾ താഴേ തട്ടാണ് തിരഞ്ഞെടുക്കുക. വയസ്സായവരും ഭാരക്കൂടുതലുള്ളവരും രോഗങ്ങൾക്ക് ഇടയ്ക്കിടെ മരുന്നു കഴിക്കേണ്ടവരും ഇടയ്ക്കിടെ വെള്ളം കുടിക്കലും മൂത്രമൊഴിക്കലും ശീലമാക്കിയവരും നൈറ്റ് ഡ്യൂട്ടി ഉള്ളവരും താഴേത്തട്ട് ഇഷ്ടപ്പെടുന്നവരാണ്.

അതേസമയം താഴേത്തട്ടിന് ഒട്ടേറേ കുറവുകളുമുണ്ട്. റൂമിൽ സന്ദർശനത്തിനു വരുന്ന സകലരും കയറിയിറങ്ങി നിരങ്ങി വൃത്തികേടാക്കുന്ന കട്ടിലുകൾ താഴത്തേതാണ്. ആരുടേതാണെന്നോ എന്താണെന്നോ ചോദ്യമൊന്നുമില്ല. വെള്ളിയാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും പുറത്തുനിന്ന് വരുന്ന സന്ദർശകരിൽ ചിലർ കട്ടിലിലേക്കങ്ങ് ചാഞ്ഞാൽ പിന്നെ നീണ്ട ഉറക്കം കഴിഞ്ഞൊക്കെയേ എണീക്കുകയുള്ളൂ. സ്ഥലത്തിന്റെ യഥാർഥ അവകാശി അതുവരെ കാത്തിരിക്കണം. ഇതിനേക്കാളൊക്കെ ബുദ്ധിമുട്ടാണ്, കതകിൽ മുട്ടുന്നവർക്കെല്ലാം തുറന്നുകൊടുക്കേണ്ടത് താഴെ കിടക്കുന്നവന്റെ ചുമതലയാണെന്നത്. ഇങ്ങനെ ചില ദോഷങ്ങൾ ഉള്ളതുകൊണ്ട് കയറ്റിറക്കങ്ങളുടെ ബുദ്ധിമുട്ട് അവഗണിച്ച് ചിലയാളുകൾ മുകളിലെ കട്ടിലുകൾ ഇഷ്ടപ്പെടുന്നു.

ചെറുപ്പക്കാരായവർ കൂടുതലും മേലേത്തട്ട് ഇഷ്ടപ്പെടാൻ കാരണം മേൽപ്പറഞ്ഞ കുറവുകൾ മാത്രമല്ല, മേലേത്തട്ടിന് സ്വകാര്യത കൂടുതലാണ് എന്നതുകൊണ്ടുകൂടിയാണ്. താഴേത്തട്ടിൽ കിടക്കുന്ന ഒരാൾക്ക് തന്റെ ലാപ്പ് ടോപ്പിലോ മൊബൈലിലോ ഒരു സ്വകാര്യ വീഡിയോ കാണാൻ പ്രയാസമാണ്. ചിലപ്പോ മുകളിലുള്ളവൻ എത്തിനോക്കിയേക്കാം. എന്നാൽ മുകളിലുള്ളവന് ആ പ്രശ്‌നമില്ല. മേലേത്തട്ടിലെ ആളിന്റെ പ്രൈവസിയിൽ താഴേത്തട്ടിലുള്ള ആൾ കടന്നു കയറുന്ന സന്ദർഭങ്ങളും അപൂർവ്വമായുണ്ട്. കുവൈറ്റിലെ ലേബർ ക്യാമ്പിൽ എന്റെ താഴെക്കിടന്നിരുന്ന ചേട്ടൻ ഒരിക്കൽ ക്യാമ്പ് ബോസ്സിനോടു പോയി പരാതി പറഞ്ഞു:

""ആ ചെക്കൻ എപ്പഴും കട്ടിലിട്ടു കുലുക്കും. ഉറങ്ങാൻ പറ്റുന്നില്ല. ദയവു ചെയ്ത് പെണ്ണുകെട്ടാത്ത പയ്യന്മാരെ മുകളിൽ കൊണ്ടുവന്ന് കിടത്തരുത്''

ക്യാമ്പ് ബോസ്സ് എന്നോടു വന്നു പറഞ്ഞു: ""ഇൻ കെയ്‌സ് ഓഫ് എമർജൻസി, പ്ലീസ് യൂസ് യുവർ ബാത്ത് റൂം''

മനസ്സിലുള്ളത് നാടിനെപ്പറ്റിയുള്ള ഇമേജുകളാണ്. ഇമേജുകൾക്ക് സൗന്ദര്യവും തീവ്രതയും കൂടും. പ്രവാസിക്ക് നാട് സുന്ദരമായി തോന്നുന്നു. ഗൾഫിലുള്ള റസ്റ്റോറന്റുകൾ ആളെക്കൂട്ടാൻ ഉപയോഗിക്കുന്നത് ഇങ്ങനെയുള്ള ഇമേജറികളാണ്

തിരുമക്കോട്ടയിൽ നിന്ന് തിരിച്ചു വരുന്ന ദിവസം പല്ലുതേപ്പിനിടയിൽ ചിന്തിച്ച കാര്യങ്ങളൊന്നും നാട്ടിൽ വർക്ക് ഔട്ട് ആയില്ല.
നാട് നിങ്ങളെ എപ്പോഴും വിളിച്ചുകൊണ്ടിരിക്കും. എന്തെങ്കിലുമൊക്കെ മായകൾ കാണിച്ച് അതു പറയും: ""ഇങ്ങ് കേറിപ്പോരെടോ, ഇവിടെങ്ങും ഒരു പ്രശ്‌നവുമില്ല.'' വേണമെങ്കിൽ അത് പങ്കജ് ഉധാസിന്റെ ആ പഴയ പാട്ടും പാടും: "ആജാ.. ഉമൃ് ബഹുത് ഹേ ഛോട്ടീ.. അപ്‌നേ ഖർമേം.. ഭീ ഹേ റോട്ടീ..'

"ഹൂംഹൂം.., അതു ശരിയാവില്ലെ'ന്ന് നിങ്ങൾ തലയാട്ടുമ്പോൾ നാട് നൂറായിരം ന്യായങ്ങൾ വേറേ നിരത്തും. തെങ്ങും കവുങ്ങും കായലും കാവും കായ്കനികളും കണ്മുന്നിൽ കാണിക്കും. തെയ്യവും തിറയും തോറ്റമ്പാട്ടും വള്ളം കളിയും മനസ്സിലൂടെ പായിക്കും. ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടോ ആസ്വദിച്ചിട്ടോ ഇല്ലാത്ത കഥകളിയിലെ കീചകവധം കെട്ടിയാടും. കാളനും ഓലനും അവിയലും തൊടുകറികളും ഇലയിൽ നിരത്തി കുത്തരിച്ചോറു വിളമ്പും. ഹാ.. നാടിന്റെ മണമെന്ന് നിങ്ങൾ വായപൊളിച്ചു നിൽക്കുമ്പോൾ രാത്രിമഴയിലൂടെ തന്റെ ടാർപ്പോളിൻ ചിറകുകൾ വീശി പറന്നുപറന്നു പോകുന്നൊരു കെ.എസ്.ആർ.ടി സി ബസ്സിന്റെ ഇരമ്പൽ നിങ്ങളുടെ മനസ്സിലേക്ക് കുളിരു ചോരാതെ കോരിയിടും. ബസ്സിനുള്ളിൽ അതാ ഒരു മുഷിഞ്ഞ തോർത്തെടുത്ത് ഇടയ്ക്കിടെ ഗ്ലാസ്സ് തുടച്ചുകൊണ്ടിരിക്കുന്ന ഡ്രൈവർ.. നനഞ്ഞ കോഴികളെപ്പോലെ കൂനിക്കൂടിയിരിക്കുന്ന യാത്രക്കാർ.
ഗൃഹാതുരനായി നിങ്ങൾ മലർന്നു വീഴും.

സൗന്ദര്യം കൂടുതൽ പൂവിനല്ല. പൂവിന്റെ ഫോട്ടോയ്ക്കാണ്. അയൽക്കാരന്റെ ദുഃഖം നേരിൽ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാവില്ല. അത് സ്‌ക്രീനിൽ കാണണം. അല്ലെങ്കിൽ വായിച്ചറിയണം. അപ്പോൾ നിങ്ങൾ കരയുകയും നിലവിളിക്കുകയും ചെയ്യും. കലയും സാഹിത്യവും നിലനിൽക്കുന്നത് അങ്ങനെയാണ്. നാടിനെ നേരിൽ കാണുന്നതും നാടിനെ മനസ്സിൽ കാണുന്നതും തമ്മിൽ വ്യത്യാസമുണ്ട്. മനസ്സിലുള്ളത് നാടിനെപ്പറ്റിയുള്ള ഇമേജുകളാണ്. ഇമേജുകൾക്ക് സൗന്ദര്യവും തീവ്രതയും കൂടും. പ്രവാസിക്ക് നാട് സുന്ദരമായി തോന്നുന്നു. ഗൾഫിലുള്ള റസ്റ്റോറന്റുകൾ ആളെക്കൂട്ടാൻ ഉപയോഗിക്കുന്നത് ഇങ്ങനെയുള്ള ഇമേജറികളാണ്.

നാട് അവനെ വിളിച്ചുകൊണ്ടേയിരിക്കുന്നു.

നാടിന്റെ സൗന്ദര്യമാണ് ഒരാൾക്ക് പ്രധാനമെങ്കിൽ ആ വിളിയെ അവഗണിക്കുകയാണ് അയാൾ ചെയ്യേണ്ടത്.

ഒരു മെക്കാനിക്കൽ ഡിപ്ലോമാക്കാരന് നാട്ടിൽ എന്തെങ്കിലും ജോലി കിട്ടുക എളുപ്പമാണോ?. ഒന്നുകിൽ മറുനാടൻ മലയാളിയാകണം, അതല്ലെങ്കിൽ ഗൾഫ് മലയാളിയാകണം. അതല്ലാതെ കേരളത്തിൽ എവിടെ ജോലി? കേരളം ഉദ്യോഗാർഥികളെ ഉണ്ടാക്കുന്നൊരു ഫാക്ടറി മാത്രമാണ്

നാടിന്റെ വിളികേട്ട് തിരുമക്കോട്ടയിൽ നിന്നു വന്ന എനിക്ക് തേരാപ്പാരാ നടക്കാനേ ആയുള്ളൂ. നേരത്തേ ചിന്തിച്ചിരുന്നതുപോലെ പെയിന്റിംഗ് വർക്കുകൾ അധികമൊന്നും കിട്ടിയില്ല. ഇടയ്ക്ക് ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്നതുകൊണ്ട് കുറച്ച് ചുവരെഴുത്തുകൾ കിട്ടി. അതല്ലാതെ ഒന്നും നടന്നില്ല. വീട്ടിൽ നിന്നും വീണ്ടും ചില മുറുമുറുപ്പുകൾ. എന്റെയുള്ളിലെ ഗൃഹാതുരതയെ ഊതിക്കത്തിക്കുന്ന ഹൈന്ദവ ഭക്തിഗാനങ്ങളെയെല്ലാം ഞാൻ ശപിച്ചു. എങ്ങനെയാണ് ഈ പാട്ടുകൾ ഒരു മുസ്​ലിമായ എന്റെ ആത്മാവിനുള്ളിൽ കടന്നു കയറിയതെന്ന് ഞാൻ അത്ഭുതപ്പെട്ടു.

തെക്കുവടക്ക് നടത്തത്തിനിടെ പടിഞ്ഞാറ് കടപ്പുറത്തും കിഴക്ക് കായൽക്കരയിലും പോയിരുന്ന് ഞാൻ ചിന്തിച്ചു: ഒരു മെക്കാനിക്കൽ ഡിപ്ലോമാക്കാരന് നാട്ടിൽ എന്തെങ്കിലും ജോലി കിട്ടുക എളുപ്പമാണോ?. ഒന്നുകിൽ മറുനാടൻ മലയാളിയാകണം, അതല്ലെങ്കിൽ ഗൾഫ് മലയാളിയാകണം. അതല്ലാതെ കേരളത്തിൽ എവിടെ ജോലി? കേരളം ഉദ്യോഗാർഥികളെ ഉണ്ടാക്കുന്നൊരു ഫാക്ടറി മാത്രമാണ്.

മറുനാടൻ മലയാളി: ശമ്പളക്കുറവ്. അധ്വാനക്കൂടുതൽ. മറുനാട്ടിൽ നിന്ന് നാട്ടിലെത്താൻ മണിക്കുറുകളുടെ യാത്ര. മോശം ജീവിത പരിസരം. ഗൾഫ് മലയാളി: തരക്കേടില്ലാത്ത ശമ്പളം. നാട്ടിലെത്താൻ നാലു മണിക്കൂറോ മറ്റോ. മെച്ചപ്പെട്ട ജീവിത പരിസരം. പെർഫ്യൂമിന്റെ മണം. ഗൾഫുകാരൻ എന്ന സ്റ്റാറ്റസ്.

ഇതിൽ മെച്ചപ്പെട്ട ജീവിത പരിസരം എന്ന ചിന്ത ഗൾഫിൽ സുൽത്താനെപ്പോലെ വാഴാം എന്ന ചിന്തയല്ല. ഒരു വികസിത രാജ്യത്തെ ഏറ്റവും ദരിദ്രനായവനും കുറേക്കാര്യങ്ങളിൽ സമ്പന്നനായിരിക്കും എന്നതുകൊണ്ടാണ്. അവിടുത്തെ മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളും മെച്ചപ്പെട്ട ഗവണ്മെന്റ് സംവിധാനങ്ങളും ദരിദ്രനുകൂടി അനുഭവിക്കാനാവും. (അതേപോലെ ഒരു ദരിദ്രരാജ്യത്തെ സമ്പന്നൻ പലരീതിയിൽ ദരിദ്രനായിരിക്കും. ഇടിഞ്ഞുപൊളിഞ്ഞ റോഡുകളും ചീഞ്ഞുനാറിയ പരിസരങ്ങളും ജീർണ്ണിച്ച രാഷ്ട്രീയ കാലാവസ്ഥയും അയാൾക്ക് മറ്റുള്ള ജനങ്ങളോടൊപ്പം പങ്കിടേണ്ടിവരും. ലംബോർഗിനിയിൽ യാത്ര ചെയ്യുന്നവനാണെങ്കിലും നാഷണൽ ഹൈവേയിലെ ഒരു ചരക്കുലോറിയെ ഓവർ ടേക്ക് ചെയ്യാൻ അയാളും ബദ്ധപ്പെടേണ്ടിവരും. നമ്മുടെ നാട്ടിലെ ഏതെങ്കിലും സമ്പന്നൻ സുഖപ്രദമായ ജീവിതം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരേയൊരു പോംവഴിയേയുള്ളൂ. ചുറ്റുപാടുകൂടി സമ്പന്നമാക്കുക.)

ദീർഘകാലം നീണ്ടുനിന്ന ഒരു താരതമ്യത്തിൽ ഗൾഫിൽ ജോലി നോക്കുന്നതു തന്നെയാണ് നല്ലതെന്ന് ഞാൻ തീർച്ചപ്പെടുത്തി. അതിൻ പ്രകാരം റിക്രൂട്ടിംഗ് ഏജൻസികളിൽ നടക്കുന്ന ഇന്റർവ്യൂകൾക്കായി ബോംബെയിലേക്കു പോകുവാൻ തീരുമാനിച്ചു. അവിടെ ഒരു മാസം നീണ്ടുനിൽക്കുന്ന ഹ്രസ്വകാല പ്രവാസം.

ഒരിക്കൽ സാക്കിനാക്കയിൽ ഛോട്ടാ രാജൻ വന്നപ്പോൾ സോഡാ പൊട്ടിച്ചുകൊടുത്ത് കുശലം പറഞ്ഞ കഥകയൊക്കെ കേട്ടാൽ റിക്രൂട്ടറുടെ തലയണയ്ക്കടിൽ തോക്കുണ്ടോ എന്നുപോലും നമുക്ക് തോന്നിപ്പോകും. അന്തേവാസികൾക്ക് അങ്ങനെ തോന്നാൻ വേണ്ടിത്തന്നെയാവും അയാൾ അക്കഥകളൊക്കെ അന്ന് പറഞ്ഞതും

ന്റെ അയൽക്കാരന്റെ ഒരു പരിചയക്കാരനാണ് ബോംബെയിലേക്ക് കൊണ്ടുപോകുന്നത്. നാട്ടിൽ നിന്ന് ഗൾഫ് മോഹക്കാരെ കൊണ്ടുപോയി ഇന്റർവ്യൂകൾ അറ്റന്റ് ചെയ്യിക്കലാണ് അദ്ദേഹത്തിന്റെ പണി. എപ്പോഴും പത്തിരുപതു പേർ അയാളോടൊപ്പം കാണും. അയാൾക്ക് അവിടെ ഒരു റൂമുണ്ട്. കിടപ്പും തീനും മൂത്രമൊഴിക്കലുമെല്ലാം മൂന്നുമീറ്റർ പോലും വിസ്താരമില്ലാത്ത ആ ചതുരത്തിൽത്തന്നെ. മൂത്രമൊഴിക്കുന്ന മൂലതന്നെയാണ് അടുക്കളയും. ഈ പാർപ്പിട സൗകര്യത്തിന് അന്തേവാസികൾ പ്രത്യേക പൈസ കൊടുക്കണം. അല്ലാതെ ദിവസപ്പടികൾ വേറേയും. ഒരു വലിയ പായ വിരിച്ച് എല്ലാവരും കൂടിയാണ് ഉറങ്ങുന്നത്. ഉറങ്ങാൻ കിടക്കും മുമ്പ് റിക്രൂട്ട്മാൻ പറയും: ""പെടുക്കാൻ മുട്ടിയാൽ നേരേ അടുക്കളയിൽ ചെന്ന് പെടുത്തോണം. ഉറക്കച്ചടവിന് ഞങ്ങളുടെ മേത്തെങ്ങും പെടുത്തേക്കല്ല്. പിന്നെ, പെടുത്തുകഴിഞ്ഞാൽ നല്ലപോലെ വെള്ളം ഒഴിച്ചേക്കണം. ഇന്നാളൊരു പയ്യൻ വന്ന് പെടുത്തിട്ട് വെള്ളമൊഴിക്കാതെ കിടന്നു. രാവിലെ എഴുന്നേറ്റപ്പോൾ ഭയങ്കര വാടയായിരുന്നു.''

എല്ലാവരും നിരന്നങ്ങനെ കിടക്കുമ്പോൾ റിക്രൂട്ട്മാൻ ദാവൂദ് ഇബ്രാഹിമിന്റേയും ഛോട്ടാ രാജന്റേയുമൊക്കെ കഥകൾ പറയും. കേൾവിക്കാരന് അവരോടുള്ള ആരാധന മൂത്തുമൂത്തു വരുന്ന ഘട്ടത്തിൽ റിക്രൂട്ടർ അയാളും അധോലോകവുമായുള്ള ബന്ധത്തിന്റെ കെട്ടഴിക്കും. ഒരിക്കൽ സാക്കിനാക്കയിൽ ഛോട്ടാ രാജൻ വന്നപ്പോൾ സോഡാ പൊട്ടിച്ചുകൊടുത്ത് കുശലം പറഞ്ഞ കഥകയൊക്കെ കേട്ടാൽ റിക്രൂട്ടറുടെ തലയണയ്ക്കടിൽ തോക്കുണ്ടോ എന്നുപോലും നമുക്ക് തോന്നിപ്പോകും. അന്തേവാസികൾക്ക് അങ്ങനെ തോന്നാൻ വേണ്ടിത്തന്നെയാവും അയാൾ അക്കഥകളൊക്കെ അന്ന് പറഞ്ഞതും.

അയാൾ വലിയ വാചകമടിയും ജാഡയും പടയണിയുമൊക്കെ കാട്ടുമെങ്കിലും, അത്ര സ്വാധീനമൊന്നും ഉള്ള ആളായിരുന്നില്ല. ബോംബെയിൽ അന്ന് റിക്രൂട്ട്‌മെന്റ് വിവരങ്ങൾ അടങ്ങുന്ന പത്രങ്ങൾ ഇറങ്ങുമായിരുന്നു. ഇങ്ങേര് രാവിലെ എഴുന്നേറ്റുപോയി അവയിൽ ഒന്നുരണ്ടെണ്ണം വാങ്ങിക്കൊണ്ടുവന്ന് നോക്കും. എന്നിട്ട് അതിൽ നിന്ന് ചില അഡ്രസ്സുകൾ കുറിച്ചെടുത്ത് ഗൾഫ് മോഹക്കാരോട് പറയും: "നിങ്ങൾ മൂന്നുപേര് ഇവിടെ പോ, നിങ്ങൾ അഞ്ചുപേര് അവിടെപ്പോ, ബാക്കിയുള്ളവർ അങ്ങോട്ടു പോ, ഇങ്ങോട്ടു പോ.. എല്ലാം പറഞ്ഞ് ശരിയാക്കിയിട്ടുണ്ട്.'

ഈ പോകുന്ന ആളുകൾ അവിടെയും ഇവിടെയും പോയി ഭാഗ്യം കൊണ്ടോ സ്വന്തം യോഗ്യതകൊണ്ടോ റിക്രൂട്ടഡ് ആയാൽ നമ്മുടെ റിക്രൂട്ടർ എട്ടുകാലി മമ്മൂഞ്ഞാകും. "അത് ഞാനാ..'

ഞാനും അയാൾ ചൂണ്ടിക്കാണിച്ചിടത്തൊക്കെ ഇന്റർവ്യൂവിനു പോയിരുന്നു. ചിലതൊക്കെ സ്വന്തമായി അന്വേഷിച്ച് കണ്ടുപിടിച്ചും പോയി. ട്രെയിനുകളിൽ ഞെങ്ങിഞെരുങ്ങി തലങ്ങും വിലങ്ങും യാത്രചെയ്തു. ഇന്ത്യയിലെ ജനസംഖ്യ എത്രയോ കൂടുതലാണെന്ന് അനുഭവിച്ചറിഞ്ഞ നാളുകൾ. അലച്ചിലുകൾക്കിടയിൽ വടാപാവ് തിന്നും സർബത്തു കുടിച്ചും ക്ഷീണമകറ്റി. അവധി ദിവസങ്ങളിൽ ചേരികളിലൂടെ നടന്നു. വൈകും നേരം തളർച്ചയോടെ കിടന്നുറങ്ങുമ്പോൾ ഇടയ്ക്ക് മൂത്രമൊഴിക്കാൻ മുട്ടിയാൽ കൃത്യമായി അടുക്കളയിൽ വന്ന് മൂത്രമൊഴിച്ച് ആവശ്യത്തിലധികം വെള്ളം തളിച്ചു.

ഒടുവിൽ കുവൈത്ത് മിനിസ്ട്രിക്കു വേണ്ടി എറണാകുളത്തു വെച്ചു നടന്ന ഒരു ഇന്റർവ്യൂവിൽ ഫയർ ഫൈറ്റിംഗ് സിസ്റ്റം ഇൻസ്‌പെക്ടറായി ജോലി കിട്ടി. മരുഭൂമിയിൽ പടുത്തുയർത്തിയ മഹാനഗരങ്ങളിലേക്കുള്ള യാത്രയ്ക്കായി ഞാൻ തയ്യാറെടുത്തു

ഇന്റർവ്യൂകളിൽ എന്നെ അലട്ടിയിരുന്ന വലിയൊരു പ്രശ്‌നമുണ്ടായിരുന്നു. ഒരു എൻജിനീയറിംഗ് ഡിപ്ലോമാധാരി എന്ന നിലയിൽ ഞാൻ അന്വേഷിക്കുന്ന ജോലിക്ക് അനുസരിച്ചുള്ള ശാരീരിക ഘടന അന്ന് ഉണ്ടായിരുന്നില്ല. എനിക്കൊരു സൂപ്പർ വൈസർ പോസ്റ്റെങ്കിലും കിട്ടേണ്ടതില്ലേ? ഇത് എന്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു. ഇന്റർവ്യൂവിൽ മാത്രമല്ല, മുൻപ് ചെയ്തിരുന്ന സൂപ്പർ വൈസിംഗ് ജോലികളിലും ആളുകളെക്കൊണ്ട് ജോലി ചെയ്യിക്കേണ്ട പൊസിഷനുകളിലുമെല്ലാം ഈ പ്രശ്‌നം എന്നെ അലട്ടാറുണ്ടായിരുന്നു. ആളുകൾ എന്നെ വകവെക്കുന്നില്ല!.

ഇന്റർവ്യൂ ബോർഡുകളും എന്റെ ഈ മനോഗതിക്ക് അനുരൂപമായിത്തന്നെയാണ് പ്രതികരിച്ചത്. ബോർഡിനു മുന്നിലിരുന്ന് ഫയൽ നീട്ടുമ്പോൾത്തന്നെ അവരിൽ പലരും എന്നെ ചുഴിഞ്ഞുനോക്കും: "ഈ പീക്കിരിപ്പയ്യനാണോ സൂപ്പർവൈസറാകാൻ നടക്കുന്നത്?'. ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ അവർ കോട്ടുവായിടും. എന്തെങ്കിലുമൊക്കെ ചോദിച്ച് പറഞ്ഞുവിടും.

ഒരു ജോലി കിട്ടാൻ വളരെ പ്രയാസമായിരുന്നു.
ഏതാണ്ട് ഒരു മാസം കഴിഞ്ഞപ്പോഴേക്ക് റിക്രൂട്ടറോട് സലാം ചൊല്ലി ഞാൻ കുർളയിൽ നിന്ന് വണ്ടികയറി. എറണാകുളത്തും റിക്രൂട്ട്‌മെന്റുകൾ നടക്കുന്നുണ്ടല്ലോ. ഇനി അവിടെവെച്ചു കാണാം.

ഒടുവിൽ കുവൈത്ത് മിനിസ്ട്രിക്കു വേണ്ടി എറണാകുളത്തു വെച്ചു നടന്ന ഒരു ഇന്റർവ്യൂവിൽ ഫയർ ഫൈറ്റിംഗ് സിസ്റ്റം ഇൻസ്‌പെക്ടറായി ജോലി കിട്ടി. മരുഭൂമിയിൽ പടുത്തുയർത്തിയ മഹാനഗരങ്ങളിലേക്കുള്ള യാത്രയ്ക്കായി ഞാൻ തയ്യാറെടുത്തു.

ണ്ട് കൊല്ലം മുമ്പാണ് ഉമ്മയും ബാപ്പയും വിസിറ്റ് വിസയിൽ അബുദാബിയിലേക്ക് വരുന്നത്. ബാപ്പ രാജ്യം വിട്ടു യാത്ര ചെയ്തിട്ടില്ലെങ്കിലും രാജ്യത്തിനുള്ളിൽ വല്ലപ്പോഴുമൊക്കെ യാത്ര ചെയ്യുന്ന ആളാണ്. ഉമ്മയുടെ കാര്യം അതല്ല. ഉമ്മയുടെ വീടായ കരുനാഗപ്പള്ളിക്കും ഭർത്തൃവീടായ ആറാട്ടുപുഴയ്ക്കും ഇടയിലെ 27 കിലോമീറ്റർ മാത്രമേ ഉമ്മ യാത്ര ചെയ്തിട്ടുണ്ടായിരുന്നുള്ളൂ. അതായത്, ഉമ്മയുടെ ഭൂമിയുടെ നീളം വെറും 27 കിലോമീറ്റർ. ഭൂമി ഉരുണ്ടിരുന്നാലും പരന്നിരുന്നാലും പഴമ്പൊരി പോലെയിരുന്നാലും ഉമ്മായ്ക്ക് പ്രത്യേകിച്ച് ഒന്നുമില്ല. ആ ഉമ്മ ദുബൈ മാളിന്റെ പിന്നിലെ വാട്ടർ ഫൗണ്ടനിനടുത്തു നിന്ന് ബുർജ് ഖലീഫയുടെ തുമ്പിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു: ""ഡാ ഷഫീ, ഇത് മനുഷേര് ഉണ്ടാക്കിയതാണോ?''

ഷെയ്ഖ് സായിദ് റോഡിന് തലങ്ങും വിലങ്ങുമുള്ള പാലങ്ങൾ കണ്ട് ഉമ്മ ചോദിച്ചു: ""ഡാ ഷഫീ, ഇത് മനുഷേര് ഉണ്ടാക്കിയതാണോ?''

സംസം മന്തി കഴിക്കുമ്പോൾ ഉമ്മ ചോദിച്ചു: ""ഡാ ഷഫീ, ഇത് മനുഷേര് ഉണ്ടാക്കിയതാണോ?''

ജിന്നുകൾ നിർമ്മിച്ച പട്ടണത്തിലൂടെയാണ് താൻ യാത്ര ചെയ്യുന്നതെന്നാണ് ദുബായിലൂടെ യാത്രചെയ്യുമ്പോൾ ഉമ്മ കരുതിയത്.

"ഒരു പട്ടണം മുഴുവനുണ്ടാക്കാൻ ജിന്നുകൾക്ക് ഒരൊറ്റ രാത്രി മതിയാവും'- യാത്രയ്ക്കിടെ ഉമ്മ പറഞ്ഞു.

""ഓ.. ജിന്നുകൾ.. അവർ ആകെ ഒന്നോ രണ്ടോ പള്ളികൾ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ ബുർജ് ഖലീഫ ഉണ്ടാക്കാൻ മനുഷ്യർ തന്നെ വേണം.''- ഞാൻ കളിയാക്കി.

കളിമണ്ണുകൊണ്ട് ആദമിന്റെ രൂപം മെനഞ്ഞ ശേഷം ദൈവം അവന്റെ ആത്മാവിൽ നിന്ന് ഊതി എന്നാണ് വേദഗ്രന്ഥം പറയുന്നത്. ദൈവം സൃഷ്ടികർത്താവാണ്. "ഉണ്ടാകട്ടെ' എന്നു പറയുമ്പോൾ അത് ഉണ്ടാകുന്നു. അതേ ദൈവത്തിന്റെ ആത്മാവു പേറുന്ന മനുഷ്യനും സൃഷ്ടിയിൽ നൈപുണ്യം കാണിക്കാതിരിക്കുമോ? അവൻ പറയുന്നു : "ഉണ്ടാകട്ടെ!'. ശേഷം അവൻ അത് ഉണ്ടാക്കുന്നു.

ഒന്നുമില്ലാതിരുന്നൊരു മരുഭൂമിക്കു മുകളിൽ ദുബായ് പോലൊരു മഹാനഗരം പടുത്തുയർത്താൻ ജിന്നെന്തിന്? ▮

(തുടരും)


ഷഫീക്ക് മുസ്തഫ

കഥാകൃത്ത്​. കുവൈത്തിലും യു.എ.ഇയിലും രണ്ടു പതിറ്റാണ്ട്​ പ്രവാസ ജീവിതം. വിവിധ കമ്പനികളിൽ ഫയർ ഫൈറ്റിംഗ്​ സിസ്​റ്റം ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്​തു. കോവിഡ്​കാല പ്രതിസന്ധികൾക്കിടെ നാട്ടിൽ തിരിച്ചെത്തി

Comments