തൊഴിൽ ചോദിക്കുമ്പോൾ സ്ഥലപ്പേരു പറയുന്നവരെന്ന് ഗൾഫുകാരെ ആളുകൾ കളിയാക്കാറുണ്ട്.""എന്താ ജോലി?''
""ഗൾഫിലാ..''
ഗൾഫിൽ എന്താ ജോലി എന്ന ചോദ്യം അപൂർവ്വമായേ ചോദിക്കപ്പെടാറുള്ളൂ. തൊഴിലിനെ അടിസ്ഥാനപ്പെടുത്തി ഗൾഫുകാരൻ വർഗീകരിക്കപ്പെട്ടിട്ടില്ല എന്നതിന്റെ സൂചനകൂടിയാണിത്.
ശമ്പളക്കുടുതലുള്ളതും ശമ്പളക്കുറവുള്ളതുമായ ജോലികൾ ഉണ്ടെങ്കിലും മലയാളി പ്രവാസികൾക്കിടയിൽ അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഉച്ചനീചത്വങ്ങളില്ല. ജീവിക്കാൻ വേണ്ടി അന്യരാജ്യത്തുവന്നുകിടന്ന് കഷ്ടപ്പെടുന്നവരാണ് എല്ലാവരും എന്നൊരു ബോധമാണ് പൊതുവേയുള്ളത്.
നാട്ടുകാരുടെ കണ്ണിൽ ഗൾഫുകാർ രണ്ടുവിധമുണ്ട്; രക്ഷപ്പെട്ടവനും രക്ഷപ്പെടാത്തവനും. ഇവർ രണ്ടുകൂട്ടരും എന്തു ജോലിയാണ് ഗൾഫിൽ ചെയ്യുന്നത് എന്ന കാര്യം ഇങ്ങ് നാട്ടിൽ പ്രാധാന്യം അർഹിക്കുന്നില്ല. പൈസ ഉണ്ടാക്കുന്നുണ്ടോ ഇല്ലയോ? അതിലാണ് കാര്യം.
ആർക്കും ആരെയും ചെറുതാക്കിക്കാണാനുള്ള അവസരം ഗൾഫ് നൽകുന്നില്ല. ഇന്ന് ചെറിയ ശമ്പളത്തിൽ ജോലി ചെയ്യുന്നയാൾ നാളെ ഏതെങ്കിലും ബിസിനസ്സിന്റെ മുദീറായി പ്രത്യക്ഷപ്പെടാം. ഇന്ന് മുദീറായിരിക്കുന്നവൻ നാളെ വിസാ ക്യാൻസലാക്കപ്പെട്ട് ഒരു ജോലിക്കായി അലയുന്നതു കാണാം. മാളികമുകളേറലും മാറാപ്പേറ്റലുമെല്ലാം ഓർക്കാപ്പുറത്ത് സംഭവിക്കുന്ന പ്രതിഭാസങ്ങൾ. ജോലി നഷ്ടപ്പെടുമോ എന്ന ഭയം എല്ലാവരുടേയും മനസ്സിൽ പുതഞ്ഞുകിടക്കുന്നു. ഗവൺമെന്റ് പോളിസികൾ, എണ്ണവില, ദേശീയവും അന്തർദ്ദേശീയവുമായ സംഭവവികാസങ്ങൾ, മഹാമാരികൾ എല്ലാം തന്നെ ജോലിയെയും ജീവിതത്തേയും ബാധിക്കുന്ന കാര്യങ്ങളാണ്. ജോലി നഷ്ടപ്പെട്ടാൽ പിന്നെ അയാളുടെ മാർക്കറ്റ് വില ഇടിയുന്നു. വിലപേശൽ ശക്തി കുറയുന്നു. അയ്യായിരം ദിർഹത്തിന് ജോലി ചെയ്തുകൊണ്ടിരുന്ന ഒരാൾക്ക് അതേ വരുമാനമുള്ള ജോലി കിട്ടിയാൽ ഭാഗ്യമെന്നു പറയാം. അതേ ജോലി കിട്ടിയാലും ഭാഗ്യം. പലയാളുകൾക്കും പിന്നെ മുന്നിലുള്ള മാർഗം കിട്ടുന്ന ജോലിയിൽ കയറുക എന്നതാണ്.
ഒരു തമാശക്കഥ പറഞ്ഞുകേൾക്കാറുണ്ട്: കുവൈത്തിലെ ഒരു വീട്ടിൽ പാചകക്കാരനായിരുന്ന ഒരാളെ ഭക്ഷണത്തിന് രുചിയില്ലെന്ന കാരണത്താൽ കുവൈത്തി വിസ ക്യാൻസൽ ചെയ്ത് പറഞ്ഞു വിട്ടു. ആറേഴു മാസങ്ങൾ കഴിഞ്ഞപ്പോൾ പാചകക്കാരനെ കുവൈത്തി ഒരു ഹോസ്പിറ്റലിൽ വെച്ചു കണ്ടുമുട്ടി. അതും ഡോക്ടറുടെ രൂപത്തിൽ. കുവൈത്തി കണ്ണുതള്ളി. ഡോക്ടറുടെ ഭക്ഷണത്തിന്റെ രുചിയില്ലായ്മ അയാളുടെ നാവിൽ വന്നു തികട്ടി. അതുംകൂടിയായപ്പോൾ കുവൈത്തി ഡോക്ടറുടെ കോളറിൽ പിടിച്ച് പൊട്ടിത്തെറിച്ചു: ""ഹംസ സന തബാഖ് മൽ അന, അൽഹിൻ ദൊക്തൂർ?'' (അഞ്ചുകൊല്ലം എന്റെ പാചകക്കാരനായിരുന്ന നീയെങ്ങനെ ഇപ്പോ ഡോക്ടറായി?'').
സത്യത്തിൽ പാചകക്കാരനായിരുന്ന അയാളൊരു ഡോക്ടറായിരുന്നു, കുവൈത്തിലെത്തി തൊഴിൽ ലഭിക്കാതെ വന്നപ്പോൾ അയാൾ പാചകക്കാരന്റെ വേഷം കെട്ടുകയായിരുന്നുവെന്ന് ഐതീഹ്യം.
പണ്ട് എന്റെയൊരു ബോസ്സ് പറയാറുണ്ടായിരുന്നു: "ഗൾഫിൽ ഒരാളെയും വെറുപ്പിക്കരുത്. കാരണം, ഇന്ന് നിങ്ങളുടെ കീഴുദ്യോഗസ്ഥനായിരിക്കുന്നയാൾ നാളെ മേലുദ്യോഗസ്ഥനായി മാറാം. ഇന്ന് സപ്ലയറായിരിക്കുന്നയാൾ നാളെ നിങ്ങളുടെ കസ്റ്റമറായി മാറാം. അതുകൊണ്ട് എല്ലാവരോടും നല്ലനിലയിൽ വർത്തിക്കുക'. വെറുമൊരു ഉപദേശമെന്നതിനേക്കാൾ മുന്നിൽ കാണുന്ന യാഥാർഥ്യങ്ങൾ കൂടിയായിരുന്നു ഇത്. ഇത്തരം യാഥാർഥ്യങ്ങൾ നിലനിൽക്കുമ്പോൾ ഗൾഫുകാർ പരസ്പരം വിനയാന്വിതനാകുന്നു.
നാട്ടുകാരുടെ കണ്ണിൽ ഗൾഫുകാർ രണ്ടുവിധമുണ്ട്; രക്ഷപ്പെട്ടവനും രക്ഷപ്പെടാത്തവനും. ഇവർ രണ്ടുകൂട്ടരും എന്തു ജോലിയാണ് ഗൾഫിൽ ചെയ്യുന്നത് എന്ന കാര്യം ഇങ്ങ് നാട്ടിൽ പ്രാധാന്യം അർഹിക്കുന്നില്ല. പൈസ ഉണ്ടാക്കുന്നുണ്ടോ ഇല്ലയോ? അതിലാണ് കാര്യം.
രക്ഷപ്പെട്ടോ എന്ന് എങ്ങിനെ അറിയും? അതിനൊരു വഴിയുണ്ട്. ഒരാൾ ഗൾഫിൽ പോയ കാലവും അവന്റെ വീടിന്റെ ഇപ്പോഴത്തെ കോലവും പരിഗണിച്ചുകൊണ്ടുള്ളൊരു കൂട്ടിക്കിഴിക്കലാണത്. കാലാനുസാരിയായി വീടിനുണ്ടാവുന്ന പകിട്ടും മാറ്റങ്ങളും അതിൽ അളക്കപ്പെടും. ഒടുവിൽ കിട്ടുന്ന ഉത്തരത്തിൽ നിന്ന് ആളുകൾ വിധിയെഴുതുന്നു: ഇതാ, ഇവൻ രക്ഷപ്പെട്ടവൻ. അല്ലെങ്കിൽ, ഇതാ പരാജിതൻ..
നാട്ടുകാർക്കു മുമ്പിൽ ആർക്കാണ് പരാജിതൻ ആകേണ്ടത്? ആർക്കും ആകേണ്ട. ഈ പരാജയ ഭീതിയാവും കൊക്കിലൊതുങ്ങാത്ത വീടുകൾ നിർമ്മിക്കുവാൻ ഓരോ ഗൾഫുകാരനേയും നിർബ്ബന്ധിക്കുന്നത്. പിരിവുകൾക്ക് കൊടുക്കുന്ന സംഖ്യയും ഭാര്യയുടെ കഴുത്തിലെ മാലയും കല്യാണത്തിനു കൊടുത്ത സംഭാവനയുമെല്ലാം രക്ഷപ്പെട്ടതിന്റെ ചിഹ്നങ്ങളായി മാറുന്നു.
കുവൈത്തിലെത്തി ആറു വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് എന്റെ വിവാഹാലോചനകൾ തകൃതിയാകുന്നത്. അപ്പോഴേക്കും ഞാൻ രക്ഷപ്പെട്ടിരുന്നോ? ഇല്ല. ഇല്ലെന്നാണ് ആലോചനയുടെ ഒരു ഘട്ടത്തിൽ എനിക്ക് മനസ്സിലായത്. ""നമ്മുടെ സ്ഥലം എവിടം വരെയുണ്ട്?''""ദാ അവിടം വരെ. ആ വേലി വരെ''
കാർന്നോര് ഒരു റിട്ടയേഡ് സ്‌കൂൾ അധ്യാപകനായിരുന്നു. കുറച്ച് ദൂരേന്ന് വന്നതാണ്. രണ്ടു ദിവസം മുമ്പ് ഞാൻ പോയി പെണ്ണിനെക്കണ്ട് ഇഷ്ടപ്പെട്ടിരുന്നു. ഇപ്രാവശ്യം കെട്ടിയിട്ടേയുള്ളൂ എന്ന് ശപഥം ചെയ്തിട്ടാണ് അക്കുറി കുവൈറ്റിൽ നിന്ന് പോന്നത്. അതുകൊണ്ട് മേൽപ്പറഞ്ഞ പെണ്ണിനെ അത്ര "അഗാധമായൊന്നും' നോക്കാൻ പോയില്ല. പെണ്ണു കെട്ടാനല്ലേ പോകുന്നത്. പ്രേമിക്കാനല്ലല്ലോ. അപ്പോൾ അത്രയൊക്കെ മതി എന്നൊരു വിചാരം. ഉമ്മ പറയുമ്പോലെ, ഒരുപാട് കിഴക്കോട്ടു പോയാൽ കുണ്ടും കുഴിയുമാണ്. അധികമൊന്നും ചുഴിഞ്ഞു നോക്കേണ്ടെന്ന് അർഥം.
കുട്ടിയെക്കണ്ടിറങ്ങി കുറച്ചങ്ങോട്ട് പിന്നിട്ടപ്പോൾ ""ഇഷ്ടമായി'' എന്ന് ബ്രോക്കർക്ക് മെസ്സേജ് അയച്ചു. ബ്രോക്കർക്ക് അത് അതിലേറെ ഇഷ്ടമായി.""ചെക്കന്റെ വീടും ചുറ്റുപടുമൊക്കെ നിങ്ങൾ നേരിട്ട് ചെന്ന് കണ്ട് ബോധ്യപ്പെടൂ'' എന്ന് ബ്രോക്കർ നിർദ്ദേശിച്ചതിൻ പ്രകാരമാണ് കാർന്നോര് തന്റെ സഹോദരന്മാരെയും കൂട്ടി വീട്ടിൽ വരുന്നത്.
ഉമ്മറത്തേക്ക് കയറിയിരുന്നപാടേ കാർന്നോരുടെ കണ്ണുകൾ എന്റെ വീടിന്റേയും പറമ്പിന്റേയും വിസ്തീർണ്ണം അളക്കുന്നുണ്ടായിരുന്നു. അയാളുടെ കണ്ണുകൾ സർവ്വേയറന്മാരുടെ കയ്യിലെ തിയോഡോലൈറ്റുപോലെ ദുരൂഹമാകുന്നു. സദാസമയവും വെറ്റമുറുക്കിക്കൊണ്ടിരുന്ന അയാൾ ആരുടേയും മുഖത്ത് നോക്കിയതേയില്ല. എപ്പോഴും പരിസര നിരീക്ഷണം തന്നെ നിരീക്ഷണം. വായിൽ നിറഞ്ഞ മുറുക്കാൻ നീട്ടിത്തുപ്പി അയാൾ പറഞ്ഞു:""ഒന്നു നീട്ടിത്തുപ്പിയാൽ അന്യന്റെ വസ്തുവിൽ വീഴുമല്ലോ മുസ്തഫാ.., മോൻ എത്രകാലമായി ഗൾഫിൽ?''
ഞാനും വാപ്പായും പരസ്പരം നോക്കി. അയാൾ എന്താണ് ഉദ്ദേശിക്കുന്നത്?.
അപ്പോഴേക്കും ചായറെഡിയായി. ബാപ്പ അദ്ദേഹത്തെ ഹാളിലേക്ക് ക്ഷണിച്ചു. വായകഴുകി വൃത്തിയാക്കിയ ശേഷം കാർന്നോര് ചായകുടി തുടങ്ങി. പുള്ളി വിടുന്ന മട്ടില്ല.""മോൻ എത്ര കൊല്ലമായി മുസ്തഫാ ഗൾഫിൽ?''""ആറേഴ് കൊല്ലമായി''
പിന്നെ കുറച്ചു നേരം നിശബ്ദത. പുള്ളി തറയിൽ കാലുകൊണ്ട് ചുരണ്ടി. ഒരു ദീർഘ നിശ്വാസത്തോടെ ചോദിച്ചു: ""ഇപ്പോഴും റെഡ് ഓക്‌സൈഡ് ഒക്കെ ഇട്ട തറകളുണ്ടോ?''
ബാപ്പ ഒരുമാതിരിയായി. മുഖത്ത് ""അയ് ശ്ശെന്ത്'' എന്ന നസീറിന്റെ ഭാവം. ഇയാൾ തറകൾ എന്ന് വ്യംഗ്യപ്പെടുത്തിയതാണോ? സംയമനം വെടിയാതെ, ചോദ്യം ജനുവിൻ ആണെന്നു കരുതിത്തന്നെ വാപ്പായും കുശാഗ്രബുദ്ധിയുള്ളൊരു കാർന്നോരായി:""അതേ, ഇവിടുത്തെ വീട്ടുകാരിക്ക് വാതത്തിന്റെ ചെറിയ പ്രശ്‌നം. ടൈൽസിട്ട തറ ബുദ്ധിമുട്ടായതുകൊണ്ട് ടൈൽസ് ഒക്കെകുത്തിപ്പൊളിച്ച് കുറച്ചു നാൾ മുമ്പ് റെഡോക്‌സൈഡിട്ടതാ.''
ഇപ്പോൾ കാർന്നോരുടെ മുഖത്തായി ""അയ് ശ്ശെന്ത്''. അത് മുഖത്തുവെച്ചുകൊണ്ട് കൂടെ വന്നവരെയെല്ലാം അയാൾ മാറിമാറി നോക്കി.
ഇതിനിടെ, കാർന്നോരുടെ നിരീക്ഷണ വലയത്തിൽ പെട്ടേക്കാവുന്ന, ചിരട്ടക്കനലിട്ട് ഉപയോഗിക്കുന്ന പുരാതീനമായ ഒരു "ഇസ്തിരിപ്പെട്ടി' ദൂരെ ഒരു ഡെസ്‌കിന്റെ പുറത്ത് ഇരിക്കുന്നുണ്ടായിരുന്നു. രണ്ടു ദിവസമായി കറണ്ട് ഇല്ലാതിരുന്നതു കാരണം അന്ന് രാവിലെ പുറത്തെടുത്തതാണ്. അത് അവിടെ നിന്നു മാറ്റുവാൻ ബാപ്പാ എന്നെ കണ്ണും കലാശവും കാണിച്ചു. ഈ വീട്ടിൽ ഒരു ഇലക്ട്രിക് അയൺ പോലും ഇല്ലെന്ന് കാർന്നോർ കരുതണ്ടല്ലോ. ഞാൻ വിദഗ്ദ്ധമായി അത് അവിടെ നിന്നും മാറ്റി. എന്നാൽ അതിനൊന്നും കാർന്നോരുടെ വിലയിരുത്തലിനെ തടുക്കാനായില്ല.""പയ്യൻ ഗൾഫിലാണെന്നു പറഞ്ഞിട്ട് അതിന്റെ ഗുമ്മൊന്നും കാണുന്നില്ലല്ലോ മുസ്തഫാ.. പയ്യൻ ഇതുവരെ രക്ഷപ്പെട്ടില്ലേ?''
കാർന്നോര് പോയി. മാർബിൾ തറയും വിശാലമായ പറമ്പുമൊക്കെയുള്ള ആരെങ്കിലും ആ കുട്ടിയെ കല്യാണം കഴിച്ചിട്ടുണ്ടാവണം. എന്നാലും ഈ കാർന്നോരെ ഇന്നും എനിക്ക് പേടിയാണ്. ഈ കാർന്നോർ നമ്മുടെ സാമൂഹിക ജീവിതത്തിൽ അവഗണിച്ചു തള്ളാൻ പറ്റാത്തത്ര ശക്തമായ സാന്നിധ്യമാണ്.
വർഷം ഏഴ് കടന്നുപോയി.
വീടുവെക്കണം വീടുവെക്കണമെന്ന് വീട്ടിൽ നിന്ന് നിർബ്ബന്ധിക്കാൻ തുടങ്ങി. ഇത്രനാളും ഗൾഫിൽ നിന്നിട്ട് ഒരു വീടുവെച്ചില്ലെങ്കിൽപ്പിന്നെ എങ്ങിനെയാ- എന്നതാണ് കാതലായ ചോദ്യം? ഞാൻ രക്ഷപ്പെട്ടുകാണാൻ അവർക്കുമില്ലേ ആഗ്രഹം?
ഞാനൊരു വീടിന്റെ പ്ലാൻ പറഞ്ഞു. തൽക്കാലം ഒരു മുറി, അടുക്കള, ബാത്ത് റൂം പിന്നെ ഒരു ലിവിംഗ് റൂം ഇത്രയും വെച്ച് ഒരു വെക്കേഷൻ കോട്ടേജ് പോലൊരു സെറ്റപ്പ്. പരമാവധി രണ്ടു മുറിയാകാം. എക്‌സ്പാന്റ് ചെയ്യാനുള്ള സ്ഥലം ആവശ്യമെങ്കിൽ ഒഴിച്ചിടാം. ഈ സെറ്റപ്പ് പ്രൊപ്പോസ് ചെയ്യുമ്പോൾ ഞാൻ പറഞ്ഞ പ്രധാന കാരണങ്ങൾ ഇതൊക്കെയാണ്: എ) ഇപ്പോഴത്തെ അവസ്ഥയിൽ വർഷത്തിൽ പതിനൊന്നു മാസവും അടഞ്ഞു കിടക്കാൻ പോകുന്നൊരു വീട് ഇത്രയൊക്കെ മതി. ബി) ജോലി നഷ്ടമോ മറ്റോ സംഭവിക്കുന്ന അടിയന്തിര ഘട്ടത്തെ നേരിടുവാൻ ചെറിയ വീടായിരിക്കും അഭികാമ്യം. ചെറിയ വീടിന് ചെറിയ ചെലവ്. സി) ഗൾഫിൽ ഭാര്യയും കുഞ്ഞുമായി താമസിക്കുന്ന വീട്/ ഫ്‌ലാറ്റ് ഇതിനേക്കാൾ ചെറിയ സെറ്റപ്പാണ്. പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നും അനുഭവപ്പെടുന്നില്ല. ഡി) ഗൾഫിൽ നിന്ന് നാട്ടിലേക്ക് പറിച്ചുനടാൻ ഇനിയും കാലങ്ങളെടുത്തേക്കും. വീട് എന്ന സങ്കൽപ്പം അതിവേഗം മാറുകയാണ്. നമ്മൾ ഇന്നുവെക്കുന്ന വീട് ഒരുപക്ഷേ നാട്ടിൽ സെറ്റിലാകുന്ന സമയത്ത് പഴഞ്ചനായി മാറും. അക്കാലത്ത് വീണ്ടും ഒരു പുതിയ വീട് വെക്കേണ്ട അവസ്ഥയിൽ എത്തില്ലെന്ന് ആരുകണ്ടു? ഇ) എക്‌സ്പാന്റ് ചെയ്യാൻ വേണ്ടി ഒഴിച്ചിടും എന്നുപറഞ്ഞ സ്ഥലം സാധാരണഗതിയിൽ ആവശ്യമായി വരില്ല. മിക്കവാറും അടുത്ത തലമുറയും വിദേശങ്ങളിൽ ജോലിചെയ്യാൻ വിധിക്കപ്പെട്ടവർ തന്നെയാവും. അങ്ങനെവരുമ്പോൾ വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിൽ വർധനവ് വരുന്നില്ല. ഇങ്ങനെ സംഭവിക്കുന്നില്ലെങ്കിൽ എക്‌സ്പാൻഷൻ നോക്കാം.
ഇങ്ങനെ എത്ര എ.ബി.സി.ഡി വേണമെങ്കിലും ചിന്തിക്കാം; "എനിക്കുവേണ്ടിയാണ്' ഞാൻ വീടുവെക്കുന്നതെങ്കിൽ. പക്ഷേ ഞാൻ വീടുവെക്കേണ്ടത് എനിക്കുവേണ്ടിയല്ല. നേരത്തേ പറഞ്ഞ ആ കാർന്നോർക്കു വേണ്ടിയാണ്. അയാളാണ് വലിയ വീടുവെക്കണമെന്ന് എന്നെ നിർബ്ബന്ധിക്കുന്നത്.
ഗൾഫുകാർ മാത്രമല്ല മറ്റുള്ളവരും ഇന്ന് വലിയ വീടുകൾ വെക്കുന്നത് ആ കാർന്നോർക്കു വേണ്ടിയാണ്. ഇപ്പോൾ കാർന്നോർക്കു വേണ്ടിയുള്ള എന്റെ വീടിന്റെ പണി പുരോഗമിക്കുന്നു. കഴിഞ്ഞയാഴ്ച ഫൗണ്ടേഷൻ വാർപ്പായിരുന്നു.
എന്റെ ഗൾഫുജീവിതത്തിന് മൂന്ന് ഘട്ടങ്ങളുണ്ട്. ലേബർ ക്യാമ്പിലെ ജീവിതം, ബാച്ച്‌ലർ റൂമിലെ ജീവിതം, കുടുംബത്തോടൊത്തുള്ള ഫ്‌ളാറ്റ് ജീവിതം. ഫ്‌ലാറ്റ് ജീവിതം പേരു സൂചിപ്പിക്കുന്നതുപോലെ ഫ്‌ലാറ്റായുള്ള ജീവിതമാണ്. ഒരു ഇസിജി മെഷീനിലൂടെ ആ ജീവിതം കയറ്റിവിട്ടാൽ വളരെ കുഞ്ഞുകുഞ്ഞ് സ്‌പൈക്കുകളുള്ള ഫ്‌ലാറ്റ് ഗ്രാഫായിരിക്കും അത് പുറത്തുവിടുക. ഭാര്യയും രണ്ട് കുഞ്ഞുങ്ങളുമായി താമസിക്കുന്നൊരാൾക്ക് അങ്ങനെയൊരു ഗ്രാഫേ കിട്ടൂ. ജോലിക്കു പോവുക, വരുക, കുട്ടികളെ കളിപ്പിക്കുക, ഇടയ്‌ക്കൊക്കെ റസ്റ്റോറന്റുകളിലും പാർക്കുകളിലും മാളുകളിലും പോവുക, വല്ലപ്പോഴും ചില സൗഹൃദ സന്ദർശനങ്ങൾ നടത്തുക എന്നതിൽ കവിഞ്ഞ് നാട്ടിലേതുപോലെ സോഷ്യൽ ലൈഫ് ഫ്‌ളാറ്റ് ലൈഫിൽ പ്രയാസകരമാണ്. വിവിധ അസോസിയേഷനുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് സോഷ്യൽ ലൈഫ് ഉണ്ടെന്നു പറയാമെങ്കിലും അവരുടെ എണ്ണം നന്നേ കുറവാണ്. ഇന്ന് സോഷ്യൽ ലൈഫിന്റെ വിടവ് ഒരു പരിധി വരെ നികത്തുന്നത് സോഷ്യൽ മീഡിയയാണ്.
നമ്മുടെ ആനുകാലികങ്ങളിൽ പ്രവാസത്തിന്റെ പ്രയാസം ചിത്രീകരിക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന ചിത്രങ്ങൾ ലേബർ ക്യാമ്പുകളുടേതാണ്. താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രയാസം അനുഭവിക്കുമ്പോഴും ലേബർ ക്യാമ്പുകളുടെ പ്രത്യേകത അവിടെ സോഷ്യൽ ലൈഫ് ഉണ്ടെന്നതാണ്. ലേബർ ക്യാമ്പുകൾ വലിയൊരു കമ്യൂണിറ്റി പോലെയാണ് പ്രവർത്തിക്കുന്നത്. ഒരുപാട് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു നാടുപോലെയാണ് ലേബർ ക്യാമ്പുകൾ. ഒരു നാട്ടിലുള്ള നിരവധി കാര്യങ്ങൾ അവിടെയില്ലെന്നതു ശരി. പക്ഷേ, അവിടെ നമ്മൾ ജനങ്ങളൊടൊത്തു ജീവിക്കുന്നു. മെസ്സ് ഹാളിൽ വെച്ചും ജിമ്മിൽ വെച്ചും അവരെ കാണുന്നു. തമാശ പറയുന്നു. വഴക്കുണ്ടാക്കുന്നു. പലദേശക്കാരോടും രാജ്യക്കാരോടുമൊപ്പം ക്രിക്കറ്റും ഫുട്‌ബോളും കാരംസും കളിക്കുന്നു. ജീവിതത്തിന്റെ മറ്റെല്ലാ പ്രയാസങ്ങളേയും തന്റെ കട്ടിലിനടിയിലേക്ക് തള്ളിവെക്കുന്നു.
ലേബർ ക്യാമ്പിനു പുറത്തെ ബാച്ച്‌ലർ ജീവിതത്തിൽ സോഷ്യൽ ലൈഫ് ഉണ്ടെങ്കിലും അത് ലേബർ ക്യാമ്പിലെ ലൈഫ് പോലെ വികസിച്ചതോ ഫാമിലി ലൈഫിലേതുപോലെ ചുരുങ്ങിയതോ അല്ല. ഈ ലൈഫിന്റെ പ്രത്യേകത സ്വാതന്ത്ര്യമാണ്. ലേബർ ക്യാമ്പിൽ അതിന്റേതായ നിയമങ്ങളും വേലിക്കെട്ടുകളുമുണ്ട്. എന്നാൽ പുറത്ത് അതില്ല. ആരെയും ഒന്നും ബോധിപ്പിക്കേണ്ടതില്ലാത്ത ജീവിതമാണത്. സ്വന്തമായി വെച്ചുണ്ടാക്കിക്കഴിച്ച് ജീവിക്കുന്ന, റൂം മേറ്റ്‌സുമായി പരസ്പര ധാരണകളുടെ പുറത്ത് നീങ്ങുന്ന ബാച്ച്‌ലർ ലൈഫ്. ഇവിടെ നിങ്ങൾക്ക് റൂം മേറ്റ്‌സിനെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ലേബർ ക്യാമ്പിൽ അത് കമ്പനിയാണ് ചെയ്യുന്നത്. അവിടെ പാകിസ്ഥാനിയും ഈജിപ്ഷ്യനും മലയാളിയും തെലുങ്കനുമെല്ലാം റൂം മേറ്റുകളായി വരും. നമ്മുടെ മുൻവിധികളെയെല്ലാം തച്ചുതകർത്ത് പാകിസ്ഥാനി തൊട്ടപ്പുറത്ത് കൂർക്കം വലിച്ചുറങ്ങുന്നതു സ്ഥിരം കാഴ്ചയാവും.
തെരഞ്ഞെടുപ്പിന് സ്വാതന്ത്ര്യം കിട്ടുമ്പോൾ പക്ഷേ സാംസ്‌കാരികമായി അടുപ്പമുള്ളവരെയാവും മിക്കവരും പരിഗണിക്കുക. മലയാളിയുടെ സാംസ്‌കാരിക ചിന്ത വിശാലമായതുകൊണ്ട് അവന്റെ പരിഗണനയിൽ മലയാളിയും ഗുജറാത്തിയും പാകിസ്ഥാനിയും മുസ്‌ലിമും ക്രിസ്റ്റ്യനും ഹിന്ദുവും എല്ലാമുണ്ട്. അതുകൊണ്ട് അവൻ ആരോടൊപ്പം വേണമെങ്കിലും താമസിക്കും. ചില മുൻഗണനാ ക്രമങ്ങളൊക്കെ ഉണ്ടാകുമെന്നു മാത്രം.
എത്ര വലിയ മുസ്‌ലിം സാഹോദര്യം പറഞ്ഞാലും ഒരു ഇന്ത്യാക്കാരനായ ഹിന്ദു സഹോദരനാവുന്നിടത്തോളം ഒരു മുസ്‌ലിമായ അറബി എനിക്ക് സഹോദരനാവുക പ്രാക്ടിക്കലി പ്രയാസകരമാണ്
മുസഫ ഷാബിയയിലെ എന്റെ ഫ്‌ളാറ്റിന്റെ പ്രധാന വാതിൽ തുറന്നു പുറത്തേക്ക് വരുമ്പോൾ കാണുന്നത് മറ്റുരണ്ട് വാതിലുകളായിരുന്നു. അതിൽ ഇടതുവശത്തുള്ളത് ഒരു സിറിയക്കാരൻ മുസ്‌ലിമിന്റേതും വലതുവശത്തുള്ളത് ഒരു ഗുജറാത്തി ഹിന്ദുവിന്റേതുമാണ്. ഈ രണ്ട് വാതിലുകളിൽ ഏത് വാതിലിനെയാണ് ഞാൻ ഏറ്റവുമധികം ഇഷ്ടപ്പെടേണ്ടത്? ഒരു മുസ്‌ലിം എന്ന നിലയിൽ സിറിയക്കാരന്റെ വാതിലിനെയോ അതോ ഒരു ഇന്ത്യാക്കാരൻ എന്ന നിലയിൽ ആ ഗുജറാത്തി ഹിന്ദുവിന്റേതോ?
വെളിയിൽ എവിടെയായിരുന്നാലും നമ്മൾ ഓരോരുത്തരും പ്രാഥമികമായി അടയാളപ്പെടുത്തപ്പെടുന്നത് നാം ജനിച്ച ദേശത്തിന്റെ പേരിലാണ്. നമ്മുടെ കണ്ണും മൂക്കും നിറവും മുഖഭാവവും ഒക്കെ ഇന്ത്യനാണ്. മറ്റുള്ള ഓരോരുത്തർക്കും നാം ആദ്യമായി ഇന്ത്യക്കാരനും പിന്നീട് (ആവശ്യമുണ്ടെങ്കിൽ) മലയാളിയും മുസ്‌ലിമും/ ഹിന്ദുവും/കൃസ്ത്യനും / സുന്നിയും/ നായരും/ കത്തോലിക്കനും ഒക്കെയാണ്.
വാതിൽക്കൽ വെച്ചുകണ്ടാൽ സിറിയക്കാരൻ ഒന്നു ചിരിക്കുകമാത്രം ചെയ്ത് അകത്തേക്ക് മറയുമ്പോൾ ഗുജറാത്തി അല്പം കുശലാന്വേഷണങ്ങളൊക്കെ നടത്തി "വരൂ ഒരു ചായകുടിക്കാം' എന്ന് വെറുതേയെങ്കിലും ക്ഷണിച്ച ശേഷമേ അകത്തേക്ക് കയറാറുണ്ടായിരുന്നുള്ളൂ. എന്റെ കുഞ്ഞ് ചിലപ്പോഴൊക്കെ വാവിട്ട് കരയുമ്പോൾ എന്നും തുറക്കാറുണ്ടായിരുന്നത് വലതുവശത്തെ ഗുജറാത്തി ഹിന്ദുവിന്റെ വാതിലാണ്. മിക്കപ്പോഴും അയാളുടെ ഭാര്യ പുറത്തുവന്ന് ""എന്തിനാ കുഞ്ഞ് കരയുന്നത്?' എന്ന് അന്വേഷിക്കും. ചിലപ്പോഴൊക്കെ അവർ അവനെയെടുത്ത് തോളത്തിട്ട് പുറത്തുപോയി അമ്പിളിമാമനെ കാട്ടിക്കൊടുത്ത് പാട്ടുപാടി സാന്ത്വനിപ്പിക്കും. ജുഗുനൂരേ ജുഗ്‌നൂരേ..
സിറിയക്കാരൻ എന്തെങ്കിലും തെറ്റുചെയ്യുന്നുവെന്നല്ല പറയുന്നത്. സിറിയക്കാരന്റെ ഭാര്യ ഇന്ത്യൻ കുഞ്ഞിന്റെ കരച്ചിലുമായി സാംസ്‌കാരികമായോ ഗുജറാത്തിയുടെയത്ര വൈകാരികമായോ ബന്ധപ്പെട്ടിരിക്കുന്നില്ല. അതുകൊണ്ട് ഇടതുവശത്തെ വാതിൽ അങ്ങനെ പെട്ടെന്ന് തുറക്കുകയില്ല. മതത്തേക്കാൾ ഉപരിയായി ഓരോ മനുഷ്യനും മറ്റുള്ളവരോട് പെട്ടെന്ന് കണക്ട് ചെയ്യാൻ സാധിക്കുന്നത് ദേശത്തിന്റേയോ ഭാഷയുടേയോ ഒക്കെ പേരിലായിരിക്കും (ഭാഷയാണ് ഏറ്റവും ശക്തമായ വികാരം.) എത്ര വലിയ മുസ്‌ലിം സാഹോദര്യം പറഞ്ഞാലും ഒരു ഇന്ത്യാക്കാരനായ ഹിന്ദു സഹോദരനാവുന്നിടത്തോളം ഒരു മുസ്‌ലിമായ അറബി എനിക്ക് സഹോദരനാവുക പ്രാക്ടിക്കലി പ്രയാസകരമാണ്. അതിന് അവന്റേയും നിങ്ങളുടേയും പ്രാദേശിക സംസ്‌കാരങ്ങൾ പരസ്പരം അനുവദിക്കുകയില്ല. അയാൾക്ക് നിങ്ങൾ എന്നും "ഹിന്ദി'യാണ്. ഒരു കോമ്പൗണ്ടിലെ ഇന്ത്യാക്കാർ തമ്മിലുള്ള അടുപ്പത്തോളം വരില്ല മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധങ്ങൾ.
അതുകൊണ്ടുതന്നെ അടിവരയിട്ട് പറയാനാവും, ഓരോ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്. അതിനു ശേഷം മറ്റുള്ളവരും സഹോദരരാണ്. ▮
(തുടരും)