ചിത്രീകരണം : ദേവപ്രകാശ്

പ്രവാസോഫോബിയ

പ്രവാസികളിൽ നിന്നുള്ള പിരിവിനു പുറത്തു മാത്രം നിലനിന്നു പോകുന്ന സംഘടനകളും പ്രസ്ഥാനങ്ങളും പ്രവാസോഫോബിയയെ ചെറുക്കാൻ ഒന്നും ചെയ്തില്ല എന്നുമാത്രമല്ല കണ്ടതായിപ്പോലും നടിച്ചില്ല

പ്രവാസികൾ മൊത്തത്തിലും ഗൾഫു പ്രവാസികൾ വിശേഷിച്ചും വളരെ വലിയ മാനസിക പ്രയാസത്തിലൂടെ കടന്നുപോയ കാലമാണ് കോവിഡിന്റെ ആദ്യമാസങ്ങൾ. ആശങ്കകൾ മലപോലെ വന്ന് മൂടിയ കാലം. ദിവസങ്ങൾ പോകെപ്പോകെ ആശങ്കകളുടെ ഭാരം ഏറിയേറിവന്നു. നിനച്ചിരിക്കാതെയായിരുന്നല്ലോ ലോകത്തെമ്പാടുമുള്ള കൂറ്റൻ നഗരങ്ങളെല്ലാം വിജനമായിത്തീർന്നത്! ആളുകളെല്ലാം ഫ്ലാറ്റുകൾക്കുള്ളിൽ പെട്ടുപോയത്! ആ ദിവസങ്ങളിൽ ഫ്ലാറ്റിന്റെ കർട്ടനുകൾ വകന്ന് പുറത്തേക്ക് നോക്കാൻ ആദ്യം കൗതുകവും പിന്നെ ഭയവുമായിരുന്നു. ജനാലകൾക്കപ്പുറത്ത് അതാ മനുഷ്യരിൽ മുക്കാലും ചത്തൊടുങ്ങിയ ശേഷം ബാക്കിയായതുപോലൊരു പ്രേതനഗരം. രാത്രികളിൽ അതിന്റെ ഭീകരത വർധിച്ചു. സദാ സജീവമായിരുന്ന നിരത്തുകൾ ആളും ആരവങ്ങളുമില്ലാതെ വഴിവിളക്കുകളുടെ പ്രകാശത്തിൽ മുങ്ങിക്കിടക്കുന്നു. വാഹനങ്ങളുടെ മൂളലോ ചെറു ഹോണടികളോ ഇല്ല. എല്ലാ വാഹനങ്ങളും പാർക്കിംഗ് സ്ലോട്ടുകളിൽ വിശ്രമിക്കുന്നു. ഇടയ്‌ക്കെപ്പോഴെങ്കിലും ഒരു വലിയ ദുരന്തഭൂമിയിൽ നിന്നെന്നപോലെ പൊലീസ് വാഹനങ്ങളുടെ സൈറനുകളും സ്‌ട്രോബ് ലൈറ്റ് ഫ്ലാഷുകളും മാത്രം ജനാലതുരന്ന് അകത്തേക്ക് വരും. എന്റെ ഫ്ലാറ്റും അതിനു ചുറ്റുമുള്ള ലോകവും യഥാർഥമാണോ എന്നുപോലും സംശയിച്ച നാളുകൾ.

ആ ദിവസങ്ങൾ എന്നെ സംബന്ധിച്ച് ഭ്രമകല്പനകളുടെ കൂടി ദിനങ്ങളായിരുന്നു. എന്റെ ജനാലയിലൂടെ കാണുന്ന കാഴ്ചകൾ പഴയതുപോലെ ആയെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു

കോവിഡിനു തൊട്ടുമുമ്പ് നെറ്റ്ഫ്ലിക്‌സിൽ സമാന വിഷയത്തിലുള്ള നിരവധി സീരിയലുകൾ വന്നിരുന്നു. വൈറസുകൾ ലോകത്തെ കീഴടക്കുന്നതും മാനവരാശി ഒന്നടങ്കം ചത്തൊടുങ്ങുന്നതുമാണ് അവയുടെ പ്രമേയം. അങ്ങോട്ടായിരിക്കുമോ ഇതിന്റേയും പോക്ക്? വാർത്തകളിൽ നിറയുന്ന കാര്യങ്ങളൊന്നും ആശാവഹമല്ല. രണ്ടു വർഷത്തിനു മേൽ നീണ്ടു നിന്നേക്കാവുന്ന മഹാമാരിയെന്ന് WHO പറയുന്നു. അതിനുള്ളിൽ എന്തൊക്കെ സംഭവിക്കുമെന്ന് ആർക്കറിയാം? സർവ്വനാശത്തിനു മുമ്പ് എങ്ങനെയാണ് ഒന്നു വീടുപിടിക്കുക? കുറഞ്ഞത്, ഭീതിജനകമായ ഈ നഗരക്കാഴ്ചകളിൽ നിന്ന് രക്ഷപ്പെടാമല്ലോ.

ആ ദിവസങ്ങൾ എന്നെ സംബന്ധിച്ച് ഭ്രമകല്പനകളുടെ കൂടി ദിനങ്ങളായിരുന്നു. എന്റെ ജനാലയിലൂടെ കാണുന്ന കാഴ്ചകൾ പഴയതുപോലെ ആയെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു. അങ്ങനെയൊരു പ്രതീതിയെങ്കിലും സൃഷ്ടിക്കുന്ന ജനാലകളുടെ സാധ്യതയെപ്പറ്റി ഞാൻ ആലോചിച്ചു. അതായത്, ആ ജനാലകളിലൂടെ നോക്കുമ്പോൾ പുറത്തെ ലോകം നമുക്ക് വളരെ നോർമ്മലാണെന്ന് തോന്നണം. ഒരുതരം വിർച്വൽ റിയാലിറ്റി (പ്രതീതി യാഥാർഥ്യം) പോലെ. അതുവഴി മനസ്സിനുള്ളിലെ ആശങ്കൾ ഒരളവുവരെ ലഘൂകരിക്കപ്പെട്ടേക്കാം. ഇന്ന് മനുഷ്യരിൽ പകുതിയിലധികം പേരും ടെക്‌നോളജി വെച്ചുനീട്ടുന്ന പ്രതീതികളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇക്കാര്യത്തിലും എന്തുകൊണ്ട് അതായിക്കൂടാ? ഫേസ്ബുക്കും വാട്ട്‌സാപ്പും പോലെയുള്ള സോഷ്യൽ മീഡിയകൾ ചെയ്യുന്നതും ഒരു പ്രതീതി ലോകത്തെ ഉണ്ടാക്കിയെടുക്കലാണല്ലോ. അവിടെ പ്രശ്‌നങ്ങളോട് പ്രതികരിക്കുന്ന നിരവധിപേരെ നമ്മൾ കാണുന്നു. മർദ്ദനമേൽക്കുന്ന ഒരാളുടെ ഫോട്ടോ പോസ്റ്റ് ചെയ്യപ്പെട്ടാൽ അതു കാണുന്നവരൊക്കെ സംഭവത്തെ അപലപിക്കുകയും മർദ്ദിച്ചവരെ രൂക്ഷമായ ഭാഷയിൽ ആക്ഷേപിക്കുകയും ചെയ്യുന്നു. പ്രതികരണ ശേഷിയുള്ളൊരു സമൂഹം നിലനിൽക്കുന്നു എന്ന പ്രതീതിയാണ് ഇത് ജനിപ്പിക്കുക. എന്നാൽ യഥാർഥത്തിൽ അങ്ങനെയൊരു സമൂഹം നിലനിൽക്കുന്നതായി നമുക്ക് കാണാൻ സാധിക്കില്ല. രണ്ടു ദിവസം മുമ്പ് എന്റെ വീടിനടുത്തുള്ള ജംഗ്ഷനിലിട്ട് ഒരാളെ നാലഞ്ചുപേർ ചേർന്ന് ക്രൂരമായി മർദ്ദിക്കുന്നതു കണ്ടു. ഞാൻ ഉൾപ്പടെ കുറേ ആളുകൾ അത് കണ്ടുനിന്നതല്ലാതെ അക്രമികൾക്കെതിരേ ആരും ഒരക്ഷരം മിണ്ടിയില്ല.

അബുദാബിയിലെ ഫ്‌ളാറ്റിലിരിക്കുമ്പോഴും ജനാലയിലൂടെ നോക്കുമ്പോൾ ഇങ്ങ് നാട്ടിലെ തോടും തൊടിയും പശുക്കിടാവുമെല്ലാം അതിന്റെ സ്വാഭാവികതയിൽ പ്രത്യക്ഷപ്പെടുമെങ്കിൽ അത് സന്തോഷകരമായിരിക്കില്ലേ? ഒരു പക്ഷേ ഒരു ലൈവ് വ്യൂ

യു എ ഇയിൽ നടക്കുന്ന എക്‌സിബിഷനുകളിൽ പങ്കെടുക്കുമ്പോൾ വിർച്വൽ റിയാലിറ്റി കണ്ണടകൾ പരീക്ഷിച്ചു നോക്കാൻ അവസരം കിട്ടിയിട്ടുണ്ട്. ഒരു ബൈനോക്കുലർ പോലെയിരിക്കുന്ന ആ ലെൻസുകൾ കണ്ണിലേക്ക് വെക്കുന്നപാടേ നമ്മൾ മറ്റൊരു ലോകത്തെത്തും. അതിനോടൊപ്പമുള്ള ഹെഡ് ഫോൺ കാതിൽ ചാർത്തുമ്പോൾ ആ ലോകത്തെ ശബ്ദങ്ങളുമായി. ആ ലോകത്തുകൂടി നമുക്ക് നടക്കുകയോ ഓടുകയോ ചെയ്യാം. കഴിഞ്ഞ ADIPEC എക്‌സിബിഷനിൽ ഞങ്ങളുടെ കമ്പനിയുടെ സ്റ്റാന്റിലും പ്രൊഡക്റ്റ്‌സിന്റെ വിർച്വൽ റിയാലിറ്റി പ്രസന്റേഷൻ ഉണ്ടായിരുന്നു. ഫയർ ഫൈറ്റിംഗ് സിസ്റ്റങ്ങളായിരുന്നു അതിലെ ഐറ്റം. ഒരു വലിയ ഓയിൽ ആന്റ് ഗ്യാസ് പ്ലാന്റിലൂടെ നടന്ന് നമുക്ക് ഹോസ് റീലുകളും ഹൈഡ്രന്റുകളും ഡെല്യൂജ് വാൽവുകളുമൊക്കെ ഓപ്പറേറ്റ് ചെയ്യാം. നോസിലുകളിൽ നിന്ന് വെള്ളം ചീറ്റുന്നത് നമ്മുടെ മുന്നിൽ യഥാർഥത്തിൽ എന്നതുപോലെ തെളിയും. പ്രധാനപ്പെട്ട എക്യുപ്‌മെന്റുകളുടെ ഉള്ളകങ്ങൾ വിടർത്തി പരിശോധിക്കാനുള്ള ചില അഡീഷണൽ ഓപ്ഷനുകളും ആ പ്രസന്റേഷനിൽ ഉണ്ടായിരുന്നു. മഹാമാരി കാലത്തെ എങ്ങനെ പ്രതീതികൾ കൊണ്ടു നേരിടാനാവും എന്ന ചിന്ത കയറിവന്നത് ഒരുപക്ഷേ എക്‌സിബിഷൻ ആ ഹാളിൽ നിന്നാവാം.

ഞാൻ ഉദ്ദേശിക്കുന്ന ജനാലകൾ പുറത്ത് നമുക്കിഷ്ടപ്പെട്ടൊരു ലോകത്തെ സൃഷ്ടിക്കുന്ന ജനാലകളാണ്. അങ്ങനെയെങ്കിൽ ലോകമെങ്ങുമുള്ള പ്രവാസികൾക്ക് അത് ഗുണം ചെയ്യും. അബുദാബിയിലെ ഫ്‌ളാറ്റിലിരിക്കുമ്പോഴും ജനാലയിലൂടെ നോക്കുമ്പോൾ ഇങ്ങ് നാട്ടിലെ തോടും തൊടിയും പശുക്കിടാവുമെല്ലാം അതിന്റെ സ്വാഭാവികതയിൽ പ്രത്യക്ഷപ്പെടുമെങ്കിൽ അത് സന്തോഷകരമായിരിക്കില്ലേ? ഒരു പക്ഷേ ഒരു ലൈവ് വ്യൂ. അതല്ലെങ്കിൽ നമുക്കിഷ്ടപ്പെട്ട ഒരു വ്യൂ. ഇടിവെട്ടി മിന്നെറിഞ്ഞ് മഴപെയ്യുന്നതും അത് ഓട്ടിൻ തുമ്പിലൂടെ കനത്ത വെള്ളിനൂലുകൾ പോലെ താഴേക്ക് പതിക്കുന്നതുമായൊരു കാഴ്ചയാവാമത്. അതല്ലെങ്കിൽ അങ്ങനെ മറ്റെന്തെങ്കിലും.

ദീർഘനാളത്തെ പ്രവാസം വിട്ട് നാട്ടിലെത്തുന്നവരിൽ മറ്റൊരു പ്രതിപ്രവാസം തിടം വെച്ചിട്ടുണ്ടാവുമെന്ന സത്യത്തെയും അതുണ്ടാക്കുന്ന ഗൃഹാതുരതയേയും അധികമാരും പരാമർശിച്ചു കണ്ടിട്ടില്ല

കുറച്ചുകാലം മുമ്പ് മറ്റൊരു തരത്തിൽ ഈ പ്രതീതിപരീക്ഷണം ഞാൻ നടത്തിയിട്ടുണ്ട്. അമേരിക്കയിലുള്ള എന്റെ നാട്ടുകാരി ഫാസിലാത്ത പറഞ്ഞുതന്ന ഐഡിയ ആയിരുന്നു അത്. യു ട്യൂബിൽ നിന്ന് ഇടിയും മിന്നലും പേമാരിയുമുള്ളൊരു വീഡിയോയുടെ ലിങ്ക് അവർ എനിക്ക് അയച്ചുതന്നു. ഞാൻ അതു കേട്ടു നോക്കി. കൊള്ളാം. തരക്കേടില്ല. മഴയുടെ ശബ്ദം നല്ല നാടൻ ശബ്ദം തന്നെ. ഓടുകളിലും ഇലച്ചാർത്തുകളിലും മഴ വീഴുന്ന ശബ്ദം. ഏതോ ഒരു കോണിൽ ഓവിൽ നിന്ന് നേരേ താഴേക്കു പതിക്കുന്ന മഴവെള്ളത്തിന്റെ കനത്ത ശബ്ദം. താഴെ മഴവെള്ളത്തിലേക്ക് മഴത്തുള്ളികൾ വീഴുമ്പോഴുള്ള ചെലുമ്പിച്ച ശബ്ദം. ഈ ശബ്ദങ്ങൾ എല്ലാം കൂടിച്ചേർന്ന് നാടൻ മഴശബ്ദം.

അവർ പറഞ്ഞു: നീ ഇതൊന്നു പ്ലേ ചെയ്ത് രാത്രി ഉറങ്ങാൻ കിടന്നു നോക്ക്. നല്ല സുഖമാണ്.
ഞാൻ അങ്ങനെ ചെയ്തുനോക്കി. ശരിയാണ്. നല്ല സുഖമാണ്. ശബ്ദവും എസിയുടെ തണുപ്പും കൂടിയാകുമ്പോൾ പുറത്തൊരു മഴ തകർത്തു പെയ്യുകയാണെന്നേ തോന്നൂ. (മഴ നഷ്ടപ്പെട്ടുപോയ ഒരു പ്രവാസിയുടെ പങ്കപ്പാടുകളേ..)

ദീർഘനാളത്തെ പ്രവാസം വിട്ട് നാട്ടിലെത്തുന്നവരിൽ മറ്റൊരു പ്രതിപ്രവാസം തിടം വെച്ചിട്ടുണ്ടാവുമെന്ന സത്യത്തെയും അതുണ്ടാക്കുന്ന ഗൃഹാതുരതയേയും അധികമാരും പരാമർശിച്ചു കണ്ടിട്ടില്ല. തിരിച്ചെത്തിയ ഒരാളെന്ന നിലയിൽ പറയട്ടെ, കഴിഞ്ഞുപോയ ഗൾഫ് ജീവിതത്തെപ്പറ്റി ഓർക്കാത്ത ഒരു നാളും എനിക്ക് കടന്നുപോകുന്നില്ല. ഉണ്ണുമ്പോഴും ഉടുക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം ഞാനെന്റെ പഴയ പ്രവാസ ജീവിതത്തെ കൊതിയോടെ ഓർക്കുന്നു. ദുബായിലൂടെയും ഫുജൈറയിലൂടെയും അബുദാബിയിലൂടെയുമെല്ലാം ഒരിക്കൽക്കൂടി കാറോടിച്ചു പോകാൻ മനസ്സ് വെമ്പുന്നു. പ്രതീതി യാഥാർഥ്യങ്ങളുടെ നാല് കണ്ണടകൾ ഉണ്ടായിരുന്നെങ്കിൽ കുടുംബത്തെയും കൊണ്ട് ഇടയ്ക്കിടെ ദുബായ് ചുറ്റിക്കാണാമായിരുന്നു.

ഭാര്യയ്ക്കും കുട്ടികൾക്കും പക്ഷേ ഭ്രാന്തെടുത്തു. കുട്ടികൾക്കു പോകാൻ സ്‌കൂളില്ല, പാർക്കില്ല, ഷോപ്പിംഗ് മാളില്ല! നാട്ടിലേക്ക് പോകാമെന്നുവെച്ചാൽ എയർ പോർട്ടുകളെല്ലാം അടച്ചിരിക്കുന്നു. ജനാലയ്ക്കപ്പുറത്തെ ശൂന്യലോകത്തെ നോക്കിക്കൊണ്ട് ഭാര്യ നെടുവീർപ്പിട്ടുകൊണ്ടിരുന്നു

കോവിഡ് കാല ലോക്ക്ഡൗണിൽ എല്ലാവരുടെയും കാഴ്ചകൾ ഞെരുങ്ങി ഒരു ഫ്‌ളാറ്റിനുള്ളിലായിത്തീർന്നിരുന്നു. എന്റെ കാര്യം അല്പമെങ്കിലും ഭേദമെന്നു പറയാം. മൂന്നാലു ദിവസം കൂടുമ്പോഴെങ്കിലും സാധനങ്ങൾ വാങ്ങാനായി ഞാൻ പുറത്തുപോയി വരാറുണ്ടായിരുന്നു. പുറത്തൊരു ലോകമുണ്ടെന്നും അവരൊക്കെ ജീവനോടെയുണ്ടെന്ന കാര്യം സത്യമാണെന്നും എനിക്ക് അറിയാമായിരുന്നു. ഭാര്യയ്ക്കും കുട്ടികൾക്കും പക്ഷേ ഭ്രാന്തെടുത്തു. കുട്ടികൾക്കു പോകാൻ സ്‌കൂളില്ല, പാർക്കില്ല, ഷോപ്പിംഗ് മാളില്ല! നാട്ടിലേക്ക് പോകാമെന്നുവെച്ചാൽ എയർ പോർട്ടുകളെല്ലാം അടച്ചിരിക്കുന്നു. ജനാലയ്ക്കപ്പുറത്തെ ശൂന്യലോകത്തെ നോക്കിക്കൊണ്ട് ഭാര്യ നെടുവീർപ്പിട്ടുകൊണ്ടിരുന്നു.

കുറച്ചു ദിവസത്തിനകം ഓഫീസിൽ നിന്നും ജോലി ഫ്‌ളാറ്റിലേക്കായി. പുതിയൊരു തൊഴിൽ സംസ്‌കാരത്തിന് മറ്റു കമ്പനികളെപ്പോലെ എന്റെ കമ്പനിയും തുടക്കം കുറിച്ചു. ഒരു ബ്രിട്ടീഷ് കമ്പനിയായിരുന്നു ഞങ്ങളുടേത്. അബുദാബി ഓഫീസിൽ ഞങ്ങൾ ആകെ നാലുപേർ. ബാക്കിയുള്ളവരെല്ലാം യു കെ-യിലാണ്. വിദൂരത്തിരുന്നുള്ള ജോലി ഞങ്ങൾക്ക് പുതിയതായിരുന്നില്ല. വീട്ടിലിരുന്നുള്ള ജോലി മാത്രമായിരുന്നു പുതിയത്. അങ്ങനെ, കുട്ടികളുടെ കരച്ചിലുകൾക്കിടയിലും പ്രഷർ കുക്കറിന്റെ വിസിലുകൾക്കിടയിലും ഞങ്ങൾ മൈക്രോസോഫ്റ്റ് ടീംസിൽ മീറ്റിംഗ് കൂടി.

കോവിഡ് മനുഷ്യരെ മാത്രമല്ല, സ്ഥാപനങ്ങളേയും ബാധിക്കും. ഞങ്ങളുടെ കമ്പനിയേയും അത് ബാധിച്ചു. പ്രൊജക്ടുകൾ കുറഞ്ഞു. ചുണ്ടോട് അടുത്തിരുന്ന ചില കപ്പുകൾ വീണുടഞ്ഞു. കരാർ കിട്ടിയ പല പ്രൊജക്ടുകളും മുടങ്ങി. ചെയ്തു തീർത്തതും ചെയ്തുകൊണ്ടിരിക്കുന്നതുമായ പ്രൊജക്ടുകളുടെ പേയ്‌മെന്റ് തടസ്സപ്പെട്ടു. കമ്പനി സമ്മർദ്ദത്തിലായതോടെ തൊഴിലാളികൾക്ക് ആശങ്കയായി. ദിവസവും അതുതന്നെയായിരുന്നു ചർച്ച. ആയിരക്കണക്കിന് ആളുകൾക്കാണ് കുറഞ്ഞ കാലയളവുകൊണ്ട് ജോലി നഷ്ടമായിരിക്കുന്നത്. എല്ലാ മേഖലയിലും തൊഴിൽ നഷ്ടമുണ്ടായിക്കൊണ്ടിരിക്കുന്നു. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടാൽ നാട്ടിൽ നിന്ന് പൈസ വരുത്തി ജീവിക്കേണ്ട ഗതികേടിലേക്ക് ജീവിതം എടുത്തെറിയപ്പെടുമെന്ന കാര്യം ഓർക്കുമ്പോൾ ഉൾക്കിടിലമുണ്ടാകും. കോവിഡ് കാലമായതിനാൽ പുതിയൊരു ജോലി കിട്ടാൻ യാതൊരു സാധ്യതയുമില്ല. നാട്ടിൽ പോകാമെന്നു വെച്ചാൽ അതിനുള്ള മാർഗങ്ങളില്ല. കോവിഡ് ഉണർത്തിയ ഇളക്കങ്ങളിൽ ഉലഞ്ഞുകൊണ്ടിരുന്നൊരു പത്തേമാരിയിൽ ഞാനും ഭാര്യയും രണ്ട് കുട്ടികളും തീരം കാണാതെ വലഞ്ഞു. ചുറ്റുപാടുനിന്നും അശരീരിയായി ഉപദേശങ്ങൾ.. "കോവിഡ് കാലത്ത് ജോലി നിലനിൽക്കുന്നെങ്കിൽ അത് ഭാഗ്യമായി കരുതണം..'

ഉള്ളിൽത്തന്നെ കിടക്കണമെന്നു നിർബന്ധിക്കുമ്പോഴാണ് നമുക്ക് പുറത്തുകടക്കാൻ തോന്നുക. എലിപ്പെട്ടിയുടെ വാതിൽ അടയും വരെ എലി എത്ര നേരം വേണമെങ്കിലും അതിനകത്തു നിന്ന് ഭക്ഷണം രുചിക്കും. പാട്ടുപാടും. എന്നാൽ "ഠപ്പെ'ന്നു വാതിലടഞ്ഞാലോ?

ഒടുവിൽ ഞങ്ങൾ മൂന്നുപേർക്ക് ആ ഭാഗ്യമുണ്ടായി. ഒരാൾക്ക് ജോലി നഷ്ടപ്പെട്ടു. ഞങ്ങളുടെ ജോലി നിലനിന്നതിൽ നന്ദി പ്രകാശിപ്പിക്കേണ്ടത് ദൈവത്തിനോടും ബ്രിട്ടീഷ് ഗവണ്മെന്റിനോടുമാണ്. താൽക്കാലികാവധിയുമായി (Furlough) ബന്ധപ്പെട്ട ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ആനുകൂല്യങ്ങളാണ് ഈ പ്രതിസന്ധി ഘട്ടത്തിലും കമ്പനിയെ പിടിച്ചു നിർത്തിയത്. ആകെ 26 പേരുള്ളതിൽ 14 പേർ അങ്ങ് യു കെ-യിൽ താൽക്കാലികാവധിയിൽ പ്രവേശിച്ചു. അവരുടെ 80 ശതമാനം ശമ്പളം സർക്കാരാണ് കൊടുക്കുന്നത്. 20 ശതമാനം കമ്പനി കൊടുക്കാമെന്നേറ്റു. ആത്യന്തികമായി തൊഴിലാളിക്ക് ലാഭം. കമ്പനിക്ക് ആശ്വാസം. ഗവണ്മെന്റിന് നഷ്ടം. നഷ്ടം സഹിക്കുന്ന ഗവണ്മെന്റുകൾക്കെല്ലാം നല്ലതുവരട്ടെ.

കുറച്ചു ദിവസങ്ങൾ കൂടി മുന്നോട്ടു പോകെ വീട്ടിലിരുന്ന് ജോലി എന്ന സങ്കല്പത്തെ കമ്പനി കുറച്ചുകൂടി വിപുലീകരിച്ച് നാട്ടിലെ വീട്ടിലിരുന്ന് ജോലി എന്ന നിലയിലാക്കി. അബുദാബി ഓഫീസ് അടച്ചു പൂട്ടാനും അവിടെ ജോലി ചെയ്തിരുന്ന ഞാൻ ഉൾപ്പടെയുള്ള മൂന്നുപേർ നാട്ടിലിരുന്ന് ജോലി ചെയ്തുകൊള്ളാനും തീരുമാനമായി. അതുവഴി ആവുന്നത്ര ചെലവുകൾ കുറയ്ക്കാനാണ് കമ്പനി നോക്കിയത്. എന്നെ സംബന്ധിച്ച് അത് പ്രവാസം അവസാനിപ്പിച്ച് തിരിച്ചുപോക്കിനു വഴിയൊരുക്കിയ തീരുമാനമായിരുന്നു. പക്ഷെ, എയർ പോർട്ടുകൾ അടഞ്ഞുകിടക്കുമ്പോൾ എങ്ങനെ പോകും? ഏതാനും ഫ്ലൈറ്റുകൾ പോകാൻ തുടങ്ങിയെന്നു കേൾക്കുന്നു. പക്ഷേ സീറ്റുകൾ വിരളം. വിസിറ്റ് വിസ കാലാവധി തീർന്നവരേയും രോഗികളേയുമൊക്കെയാണ് ആദ്യം കൊണ്ടുപോവുക. ബാക്കിയുള്ളവരുടെ കാര്യം തീരുമാനമായിട്ടില്ല.

ഉള്ളിൽത്തന്നെ കിടക്കണമെന്നു നിർബന്ധിക്കുമ്പോഴാണ് നമുക്ക് പുറത്തുകടക്കാൻ തോന്നുക. എലിപ്പെട്ടിയുടെ വാതിൽ അടയും വരെ എലി എത്ര നേരം വേണമെങ്കിലും അതിനകത്തു നിന്ന് ഭക്ഷണം രുചിക്കും. പാട്ടുപാടും. എന്നാൽ "ഠപ്പെ'ന്നു വാതിലടഞ്ഞാലോ? അതിനു പിന്നെ ഭക്ഷണവും വേണ്ട ഒന്നും വേണ്ട. എങ്ങനെയെങ്കിലും കൂട്ടിനു പുറത്തുകടന്നാൽ മതിയെന്നാവും. കൂട്ടിനകത്തായിരിക്കുമ്പോൾ എലി ശ്വാസം കഴിക്കുന്നത് തുറന്നിരിക്കുന്ന വാതിലിലൂടെയാണ്. അതടഞ്ഞാൽ എലിക്ക് ശ്വാസം മുട്ടും.

സംഭ്രമചിന്തകളുടെ രണ്ടാമധ്യായം അവിടെ തുറന്നു. യു എ ഇയിൽ നിന്ന് വായു മാർഗമല്ലാതെ കരമാർഗം ആലപ്പുഴയ്ക്ക് പോകാൻ പറ്റുമോ?.

കടലിടുക്കുകൾ നീന്തി തീരങ്ങൾ താണ്ടി പ്രയാസപ്പെട്ട് നാട്ടിലെത്തിയാൽ എന്നെ കാത്തിരിക്കുന്നതെന്താണെന്ന കാര്യവും ചിന്തിക്കാതിരുന്നില്ല. കേരളത്തിന്റെ തീരത്ത് കാലു കുത്തുമ്പോൾത്തന്നെ നാട്ടുകാർ ഞങ്ങളെ ആട്ടിയോടിച്ചേക്കും. അങ്ങനെയുള്ള സംഭവങ്ങളാണ് ഇങ്ങ് കേരളത്തിൽ അന്ന് അരങ്ങേറിക്കൊണ്ടിരുന്നത്

വെറുതേയെങ്കിലും ഞാൻ ഗൂഗിൾ മാപ്പിൽ യു എ ഇയിൽ നിന്നുള്ള കരമാർഗം പരിശോധിച്ചു. അതിലൂടെ യാത്ര ചെയ്യുന്നതായി സങ്കൽപ്പിച്ചു. രാജ്യങ്ങളുടെ വരമ്പുകളിലൂടെ സഞ്ചരിച്ച് ഞങ്ങളുടെ സ്‌കൂളിൽ പഠിക്കാനെത്തിയിരുന്ന ഹമാദി എന്നൊരു ഫലസ്ത്വീനി പയ്യനെപ്പറ്റി പണ്ടൊരു കഥയെഴുതിയിരുന്നത് അപ്പോൾ ഓർക്കാതിരുന്നില്ല. രാജ്യങ്ങളുടെ വരമ്പുകളിലൂടെയുള്ള ഹമാദിയുടെ യാത്ര ആ കഥയിൽ ഒരു ഭാവന മാത്രമാണെങ്കിലും അത് ചെറിയ അളവിൽ യാഥാർഥ്യമായി പരിണമിക്കുന്നതു കണ്ടത് ഡെൽഹിയിൽ നിന്നും യു.പിയിലേക്ക് നടക്കാനൊരുമ്പെട്ട ആ ജനക്കൂട്ടത്തിലാണ്. അതിന്റെ ദൃശ്യങ്ങൾ ടി വിയിൽ കണ്ടപ്പോൾ ഭാവനയെ കവച്ചുവെക്കുന്ന യാഥാർഥ്യമാണല്ലോ അതെന്ന് ഓർക്കാതിരുന്നില്ല. ഒരുവേള, എന്തിന്റെ ഭ്രാന്താണ് ഇവർക്കെന്നും ഓർത്തുപോയി. എന്നാലോ, ഈ ഭ്രാന്ത് മനുഷ്യർക്കെല്ലാവർക്കും ഉള്ളതാണെന്ന് അധികം വൈകാതെ ഞാൻ തിരിച്ചറിഞ്ഞു... ഒരുവഴി അടയുമ്പോൾ മറ്റൊരു വഴിയിലൂടെ അവർ നടക്കുന്നു. പണ്ടുപണ്ട് മനുഷ്യർ വൻകരകളിൽ നിന്ന് വൻകരകളിലേക്ക് ചേക്കേറിയത് നടന്നും നീന്തിയുമായിരിക്കില്ലേ?

നടന്നു പോകാനാണെങ്കിൽ രണ്ടു വഴികൾ കാണുന്നുണ്ട്. ഒന്ന്, അബുദാബിയിൽ നിന്ന് കടൽത്തീരത്തൂടെ നടന്ന് ഖത്തർ, ബഹ്​റൈൻ, സൗദി തീരങ്ങളിലൂടെ കുവൈത്ത് സിറ്റിയിലെത്തി അവിടെനിന്നു പിന്നെ ഇറാഖിന്റേയും ഇറാനിന്റേയും തീരത്തുകൂടി നടന്ന് പാകിസ്ഥാനിലെ കറാച്ചിയിലെത്തി പിന്നീട് ഗുജറാത്തിലേക്ക് പ്രവേശിച്ച് അറബിക്കടലിന്റെ തീരത്തൂടെ ആലപ്പുഴയിലെത്താം.
രണ്ട്, അബൂദാബിയിൽ നിന്ന് റാസൽ ഖൈമവഴി മുസണ്ടവും കടന്ന് കസബിലെത്തുക. അവിടെ നിന്ന് ഹൊർമൂസ് കടലിടുക്ക് കടക്കാൻ പറ്റിയാൽ ഇറാനിന്റെ ഖുഷിം ഐലന്റിലെത്തും. ഐലന്റിനോടു ചേർന്നുകൊണ്ടാണ് ഇറാനിന്റെ വൻകര കിടക്കുന്നത്. ആദ്യത്തെ മാർഗം അറേബ്യൻ ഗൾഫിനെ വലം വെക്കുന്നതു കാരണം ദൈർഘ്യം കൂടുതലാണ്.

ഇങ്ങനെ കടലിടുക്കുകൾ നീന്തി തീരങ്ങൾ താണ്ടി പ്രയാസപ്പെട്ട് നാട്ടിലെത്തിയാൽ എന്നെ കാത്തിരിക്കുന്നതെന്താണെന്ന കാര്യവും ചിന്തിക്കാതിരുന്നില്ല. കേരളത്തിന്റെ തീരത്ത് കാലു കുത്തുമ്പോൾത്തന്നെ നാട്ടുകാർ ഞങ്ങളെ ആട്ടിയോടിച്ചേക്കും. അങ്ങനെയുള്ള സംഭവങ്ങളാണ് ഇങ്ങ് കേരളത്തിൽ അന്ന് അരങ്ങേറിക്കൊണ്ടിരുന്നത്. എന്നും വൈകും നേരം ചേരുന്ന മുഖ്യമന്ത്രിയുടെ വിശകലനയോഗത്തിൽ കോവിഡ് വ്യാപനത്തിൽ പ്രവാസികളുടെ പങ്ക് അദ്ദേഹം എടുത്തുപറയുമായിരുന്നു. "ആകെ 60 കോവിഡുകാരിൽ 40 പേർ പ്രവാസികളാണ്, 10 പേർ അന്യ സംസ്ഥാനത്തുനിന്നും, 10 പേർ സമ്പർക്കത്തിലൂടെ' എന്നിങ്ങനെ. പുറത്തുനിന്ന് വരുന്നവരിൽ നിന്ന് അകലം പാലിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കിലും പ്രവാസികളോട് വെറുപ്പും ഭയവും വ്യാപിക്കുവാൻ ഇത് കാരണമായി. സ്വന്തം വീട്ടിൽ ക്വാറന്റീനിൽ പ്രവേശിക്കുന്നവരെ അയൽക്കാരും നാട്ടുകാരും അക്രമിക്കുന്ന കാഴ്ചകൾ സോഷ്യൽ മീഡിയകളിൽ വൈറലായി. ക്വാറന്റീൻ കാലം കഴിഞ്ഞാലും പുറത്തേക്കിറങ്ങാനാവാതെ പ്രവാസി വീടിന്റെ ഏതെങ്കിലും മൂലയിലേക്ക് പതുങ്ങേണ്ട ഗതികേടിലായി. ഒരു പ്രത്യേക വിഭാഗത്തെ കേന്ദ്രീകരിച്ച് എങ്ങനെയാണ് ഫോബിയ ഉണ്ടാവുന്നതെന്നും അതിന് എന്തൊക്കെ കാര്യങ്ങൾ ആക്കം കൂട്ടിയേക്കാമെന്നും വ്യക്തമാക്കുന്ന സംഭവമായിരുന്നു കേരളത്തിൽ കോവിഡിനൊപ്പം പടർന്നുപിടിച്ച പ്രവാസോഫോബിയ. ഉത്തരേന്ത്യയിൽ ഇതിന്റെ മറ്റൊരു വേർഷനും പ്രത്യക്ഷപ്പെട്ടു. തബ്ലീഗുകാരും മുസ്‌ലീങ്ങളുമാണ് കോവിഡ് പരത്തുന്നത് എന്നായിരുന്നു അത്. പ്ലേഗ് പരത്തുന്നത് ജൂതന്മാരാണ് എന്ന് പണ്ട് ഹിറ്റ്‌ലറും പ്രചരിപ്പിച്ചിരുന്നു.

പ്രവാസിയുടെ കയ്യിൽ നിന്ന് പിരിവുവാങ്ങിയിട്ടുള്ള ഒരാളും അവന് ഇവിടെ സുഖമാണോ എന്ന് അന്വേഷിക്കുകയേ ഇല്ല. നാട്ടിലേക്ക് മാത്രം ഫോൺ ചെയ്ത് സുഖവിവരം അന്വേഷിച്ചാണ് പ്രവാസിക്കു ശീലം

ഇനിയും നാടുപൂകാത്ത പ്രവാസികൾ ഇത്തരം സംഭവങ്ങളിൽ പ്രതികരിച്ച് സോഷ്യൽ മീഡിയയിലൂടെ കരച്ചിലു തുടങ്ങി. പ്രവാസോഫോബിയയെ തടഞ്ഞുനിർത്താൻ നാടിനു വേണ്ടി മുൻകാലങ്ങളിൽ ചെയ്ത സകല സത്പ്രവൃത്തികളേയും അവൻ ആയുധമാക്കി. എന്നാൽ, പ്രവാസിയുടെ കരച്ചിൽ സ്വന്തം ഭാര്യയും കുഞ്ഞുങ്ങളും അച്ഛനും അമ്മയുമല്ലാതെ ആരെങ്കിലും കേൾക്കുമോ? ആരും കേൾക്കില്ല.

പ്രവാസിയുടെ കയ്യിൽ നിന്ന് പിരിവുവാങ്ങിയിട്ടുള്ള ഒരാളും അവന് ഇവിടെ സുഖമാണോ എന്ന് അന്വേഷിക്കുകയേ ഇല്ല. നാട്ടിലേക്ക് മാത്രം ഫോൺ ചെയ്ത് സുഖവിവരം അന്വേഷിച്ചാണ് പ്രവാസിക്കു ശീലം. തിരിച്ചൊരു ഫോൺ വിളി അവൻ പ്രതീക്ഷിക്കുന്നുപോലുമില്ല. കേരളത്തിൽ നിന്ന് ഇത്രയെറെ ആളുകൾ വെളിരാജ്യങ്ങളിൽ ഉണ്ടെങ്കിലും ഇവിടെ ISD കാളിനായി മൊബൈൽ റീ ചാർജ്ജ് ചെയ്യുന്നവരെ തിരക്കിനടന്നാലും കണ്ടുകിട്ടുകയില്ല.

പ്രവാസികളിൽ നിന്നുള്ള പിരിവിനു പുറത്തു മാത്രം നിലനിന്നു പോകുന്ന സംഘടനകളും പ്രസ്ഥാനങ്ങളും പ്രവാസോഫോബിയയെ ചെറുക്കാൻ ഒന്നും ചെയ്തില്ല എന്നുമാത്രമല്ല കണ്ടതായിപ്പോലും നടിച്ചില്ല. പിരിവു ചോദിക്കുമ്പോഴൊന്നും പ്രവാസികളുടെ അവസ്ഥകളെപ്പറ്റി അറിയാൻ അവർ പണ്ടും താല്പര്യം കാണിച്ചിരുന്നില്ലല്ലോ. അത് അവരുടെ ശീലമായിത്തീർന്ന കാര്യമാണ്.

ഏഴുപേർ മാത്രമുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പുമുതൽ എഴുപതു ലക്ഷം അംഗങ്ങളുള്ള രാഷ്ട്രീയപ്പാർട്ടി വരെ ഫണ്ട് ആസൂത്രണം ചെയ്യുന്നത് ഗൾഫുകാരന്റെ പോക്കറ്റ് കണ്ടുകൊണ്ടാണ്. നൂറുപേരോട് തെണ്ടി നടക്കുന്നതിനു പകരം പത്തു ഗൾഫുകാരെ കണ്ടാൽ മതി എന്ന സിദ്ധാന്തം നാട്ടിലെ ഏതു കമ്മിറ്റിയിലും പ്രബലമാണ്. അവർ പിരിവിനായി വരുമ്പോൾത്തന്നെ യാതൊരു സങ്കോചവുമില്ലാതെ മുഖവുരയായി അതു പറയും: ""പാവപ്പെട്ട പെൺകുട്ടിയുടെ കല്യാണമാണ്. എല്ലാവരേയും ബുദ്ധിമുട്ടിക്കുന്നില്ല. നിങ്ങളെപ്പോലെ കുറച്ച് ആളുകളെ മാത്രമേ കാണുന്നുള്ളൂ. ഏതൊക്കെ നാട്ടിൽ പോയിക്കിടന്നാലും ഈ പള്ളിപ്പറമ്പിൽത്തന്നെ വന്ന് അടങ്ങാനുള്ളതല്ലേ, നമ്മുടെ സഹോദരിമാരെ നമ്മൾതന്നെ സഹായിക്കണം''

പൈസയുടെ ആവശ്യമില്ലെങ്കിൽ നിങ്ങൾ ഒരു അയൽക്കാരനാവട്ടെ, ബന്ധുവാകട്ടെ, സുഹൃത്താവട്ടെ, ആരുമാവട്ടെ, നിങ്ങളെ അവർ മറന്നുപോകും. നിങ്ങളില്ലാതെയും നാട്ടിൽ കല്യാണം നടക്കും

ഊരുവിലക്കിന്റെ ആശയം പേറുന്ന രണ്ടു വാക്കുകളാണ് പള്ളിപ്പറമ്പും (ഖബർ)അടങ്ങലും. വളരെ ലൈറ്റായിട്ടേ പിരിവുകാർ അവ ഉപയോഗിക്കാറുള്ളൂ. പ്രവാസി അതു ശ്രദ്ധിക്കുമെങ്കിലും ഭയക്കുകയൊന്നുമില്ല. മരിച്ചുകഴിഞ്ഞ് എവിടെ ഖബറടങ്ങിയാലെന്ത്? ആത്മാവുകൾക്ക് എയർ ടിക്കറ്റ് കൊടുക്കാതെ ലോകത്ത് എവിടെവേണമെങ്കിലും സഞ്ചരിക്കാം. മക്കയിലോ റാസൽ ഖൈമയിലോ അടക്കിയാലും പറന്നുവന്ന് സ്വന്തം നാട്ടിലെ പള്ളിപ്പറമ്പിന്റെ വള്ളിപ്പടർപ്പുകളിൽ കീഴ്ക്കാം തൂക്കായിക്കിടക്കാം. അതിന് കമ്മിറ്റിയുടെ അനുവാദം വേണോ?

പിന്നെ എന്തുകൊണ്ടാണ് പ്രവാസി പിരിവ് കൊടുക്കുന്നത്?. പിരിവുകാരുടെ അപേക്ഷയിലെ നമ്മുടെ സഹോദരങ്ങൾ എന്നൊരു വാക്ക്, നമ്മുടെ പാർട്ടി എന്നൊരു വാക്ക്, നമ്മുടെ പള്ളി എന്നൊരു വാക്ക്, നമ്മുടെ ക്ഷേത്രം എന്നൊരു വാക്ക്, നമ്മുടെ ഉത്സവം എന്നൊരു വാക്ക്... അങ്ങനെ, പ്രവാസികൾ ഓരോരുത്തരും തങ്ങളുടേത് എന്ന് എപ്പോഴും കരുതുന്ന നാടിന്റെ നാഡികളിലെ രക്തമാകാൻ കൊതിക്കുന്നതുകൊണ്ടാണ് നീക്കിയിരിപ്പുകൾ അവഗണിച്ചും കയ്യയയ്ക്കുന്നത്.

വ്യക്തിപരമായി ഞാൻ പിരിവുകളിൽ ദുർവ്യയം ചെയ്യുന്ന ആളല്ല. പിരിവുകൾ കൊടുത്തിട്ടുണ്ട്. പറ്റുന്ന രീതിയിലൊക്കെ. ഒരിക്കൽ എനിക്ക് വലിയ സങ്കടം തോന്നിയ കാര്യമുണ്ട്. ഏതാണ്ട് മേൽപ്പറഞ്ഞ അതേ ഫോർമാറ്റിൽ ഒരു പെൺകുട്ടിയുടെ വിവാഹാവശ്യാർഥം പിരിവു വന്നു. അല്പം ഉയർന്ന തുക ആയിരുന്നെങ്കിലും ഞാനത് നൽകി.

വെക്കേഷന് നാട്ടിലുണ്ടായിരുന്ന സമയത്താണ് ആ വിവാഹം നടക്കുന്നത്. ലൊക്കാലിറ്റിയിലുള്ള വിവാഹമായിട്ടുകൂടി ആരും എന്നെ ക്ഷണിച്ചില്ല. വിവാഹത്തിനു ശേഷം മറ്റൊരു ആവശ്യാർഥം ഇതേ പിരിവുകാർ വീണ്ടുമെത്തി. (പഴയ പിരിവു കഴിഞ്ഞിട്ട് മൂന്നുമാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ.)

"വേറൊരു മേജർ പിരിവു കഴിഞ്ഞിട്ട് അധികകാലം ആയില്ലല്ലോ' എന്നു ഞാൻ അവരോടു പറഞ്ഞു. "എന്തുകൊണ്ടാണ് വിവാഹത്തിനു ക്ഷണിക്കാതിരുന്നതെ'ന്നും ചോദിച്ചു. ആദ്യത്തെ ചോദ്യത്തിന് എന്തോ ഉത്തരം പറഞ്ഞ് ഒഴിഞ്ഞുമാറി. രണ്ടാമത്തെ ചോദ്യത്തിൽ എന്തെങ്കിലും അർഥമുണ്ടെന്നു പോലും അവർക്ക് തോന്നിയില്ല. പിരിവു കൊടുക്കുന്നവരെ എന്തിനു വിവാഹത്തിനു ക്ഷണിക്കണം എന്ന രീതിയിൽ അവർ എന്നെ നോക്കി. ലീഡർ പറഞ്ഞു: "ഞങ്ങളൊക്കെ പോയിരുന്നു. എല്ലാം റാഹത്തായി നടന്നു'. ഞാൻ ചോദിച്ചു: ""ആ പെൺകുട്ടി എന്റെ സഹോദരിയാണെന്ന് എന്തിനാണ് നിങ്ങൾ കള്ളം പറഞ്ഞത്?''

മൗനം.

""അതിപ്പോ ഞങ്ങളല്ലല്ലോ വിവാഹത്തിനു ക്ഷണിക്കേണ്ടത്. പെൺകുട്ടിയുടെ വീട്ടുകാരല്ലേ''- അതിലൊരാൾ പറഞ്ഞത് ന്യായം പോലെ തോന്നിക്കുന്നുണ്ടെങ്കിലും എനിക്കത് ഇന്നും ദഹിച്ചിട്ടില്ല.

ഇങ്ങനെ ചില സംഭവങ്ങൾ എല്ലാ പ്രവാസികളുടേയും അനുഭവങ്ങളിൽ ഉണ്ടെങ്കിലും വിവാഹങ്ങൾക്ക് ക്ഷണിക്കപ്പെടാതെയിരിക്കുന്നവനല്ല അവൻ. അവന് ഇങ്ങോട്ടു കാൾ വരുന്ന ഒരേയൊരു കാര്യം വിവാഹക്ഷണം മാത്രമാണ്. അതിലൂടെ തങ്ങൾ ആദരിക്കപ്പെടുകയാണെന്ന് പ്രവാസികളിൽ ആരും തെറ്റിദ്ധരിക്കുന്നുണ്ടാവില്ല. പൈസയുടെ ആവശ്യമില്ലെങ്കിൽ നിങ്ങൾ ഒരു അയൽക്കാരനാവട്ടെ, ബന്ധുവാകട്ടെ, സുഹൃത്താവട്ടെ, ആരുമാവട്ടെ, നിങ്ങളെ അവർ മറന്നുപോകും. നിങ്ങളില്ലാതെയും നാട്ടിൽ കല്യാണം നടക്കും.

നിങ്ങളുടെ സാഹചര്യങ്ങളെപ്പറ്റി അവർക്ക് തെറ്റിദ്ധാരണകൾ മാത്രമാണുള്ളത്. സർക്കാരാണെങ്കിൽ നിങ്ങളെ ഒരു പൗരനായിപ്പോലും കണക്കാക്കുന്നില്ല. അതുകൊണ്ടാണ് നിങ്ങൾക്ക് വോട്ടവകാശം നൽകുന്നതിനെപ്പറ്റി അവർ അലസന്മാരാകുന്നത്

നിങ്ങളെ മറക്കാൻ അവർക്ക് എളുപ്പമാണ്. നിങ്ങളുടെ സാന്നിധ്യമില്ലാതെയാണ് അവർ ജീവിക്കുന്നത്. നിങ്ങളുടെ സാഹചര്യങ്ങളെപ്പറ്റി അവർക്ക് തെറ്റിദ്ധാരണകൾ മാത്രമാണുള്ളത്. സർക്കാരാണെങ്കിൽ നിങ്ങളെ ഒരു പൗരനായിപ്പോലും കണക്കാക്കുന്നില്ല. അതുകൊണ്ടാണ് നിങ്ങൾക്ക് വോട്ടവകാശം നൽകുന്നതിനെപ്പറ്റി അവർ അലസന്മാരാകുന്നത്. അതുകൊണ്ടാണ് നിങ്ങൾ മരിക്കുമ്പോൾ ശരീരം തൂക്കിനോക്കി കാർഗോ ചാർജ്ജ് ഈടാക്കാൻ അവർക്ക് ഉളുപ്പ് തോന്നാഞ്ഞത്. പിന്നീട് ഇത് പിൻവലിച്ചു. എങ്കിലും, അങ്ങനെയൊക്കെ ചിന്തിക്കാൻ തോന്നുന്ന മഹാപാപികളുടെ രാജ്യം കൂടിയാണ് ഇന്ത്യ. ഇങ്ങനെ കോലാഹല ബഹുലമായ ഇന്ത്യയിലേക്ക് പോകാനാണ് കമ്പനി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. കമ്പനിയെ സംബന്ധിച്ച് ചിലവു ചുരുക്കലിന്റെ ഭാഗമായുള്ള നടപടി കൂടിയായിരുന്നു ഇത്. മൂന്നാല് ആഴ്ചകൾ കൂടി കഴിഞ്ഞപ്പോൾ നാട്ടിലേക്കുള്ള വായുമാർഗം ഒരു പ്രതീക്ഷയായി ഉയർന്നുവന്നു. കെ എം സി സിയെപ്പോലെയുള്ള സംഘടനകൾ നാട്ടിലേക്ക് ഫ്ലൈറ്റുകൾ ചാർട്ട് ചെയ്ത് ആളുകളെ കൊണ്ടുപോകാൻ തുടങ്ങി. പക്ഷേ സീറ്റു കിട്ടാൻ അപ്പോഴും പ്രയാസമായിരുന്നു. പ്രയോറിറ്റി ലിസ്റ്റിൽ പെടുന്നവരായിരുന്നില്ല ഞങ്ങൾ. വിസ ഇനിയും ക്യാൻസൽ ചെയ്തിട്ടില്ല. ഫ്ലൈറ്റ് ബുക്ക് ചെയ്ത ശേഷം വിസ ക്യാൻസൽ ചെയ്താൽ മതിയെന്നായിരുന്നു കമ്പനിയുടെ നിലപാട്.

ദിവസങ്ങൾ പോകെ ടിക്കറ്റിന്റെ ലഭ്യതയെപ്പറ്റിയുള്ള ആശങ്കകൾ അകന്നു. ഞങ്ങൾ നാട്ടിലേക്ക് പോരുവാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. ▮

(തുടരും)


ഷഫീക്ക് മുസ്തഫ

കഥാകൃത്ത്​. കുവൈത്തിലും യു.എ.ഇയിലും രണ്ടു പതിറ്റാണ്ട്​ പ്രവാസ ജീവിതം. വിവിധ കമ്പനികളിൽ ഫയർ ഫൈറ്റിംഗ്​ സിസ്​റ്റം ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്​തു. കോവിഡ്​കാല പ്രതിസന്ധികൾക്കിടെ നാട്ടിൽ തിരിച്ചെത്തി

Comments