ചിത്രീകരണം: ദേവപ്രകാശ്‌

​ലോറി ഓടിക്കുന്ന സൽവ

ൽവ എന്നായിരുന്നു അവരുടെ പേര്. 45 വയസ്സ് പ്രായം കാണും. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ ഒരു മിനിലോറിയിൽ കുറേ വസ്ത്രക്കെട്ടുകളുമായി അവർ കുവൈത്തിലെ ഫ്രൈഡേ മാർക്കറ്റിലെത്തും. ലോറിയിൽ നിന്ന് ചാടിയിറങ്ങി അവർ ഡ്രൈവർക്ക് സൈഡ് പറഞ്ഞുകൊടുക്കും. അറബിയിലാണ് പറയുന്നത്. അതിന്റെ മലയാളീകരണം ഇങ്ങനെയാവാം: ""പോരട്ടെ പോരട്ടെ... നേരേ പോരട്ടെ.. ങാ നിൽക്ക്.. ഇനി റൈറ്റ് ഫുൾ ഒടിയട്ടെ... ഫുൾ ഒടിക്ക് ഫുൾ.. ങാ.. മതിമതി.. ഇനി നേരേയാക്ക്.. കുറച്ച് ബാക്കിലേക്ക്.. ങാ.. നിക്കട്ടെ!. ''

ഒടുക്കം സൽവ ലോറിയുടെ മൂട്ടിലൊന്നു തട്ടും. ഫിനിഷിംഗ് ടച്ച്.
ഫ്രൈഡേയിൽ തുറക്കുകയും സാറ്റർഡേ വൈകുന്നേരം അടയ്ക്കുകയും ചെയ്യുന്ന മാർക്കറ്റാണ് കുവൈത്തിലെ ഫ്രൈഡേ മാർക്കറ്റ്. അന്ന് ഷുവൈഖിനടുത്ത് വിശാലവും തുറസ്സുമായ സ്ഥലത്തായിരുന്നു ആ മാർക്കറ്റ്. ഇന്ന് ആ സ്ഥലം മേൽക്കൂരയോടുകൂടിയ മാർക്കറ്റായിരിക്കുന്നു.

വർക്കിംഗ് ഡേകളിൽ ഉറങ്ങിക്കിടക്കുന്ന ആ മൈതാനം വ്യാഴാഴ്ച രാത്രിയോടെ പതിയെ എഴുന്നേറ്റുവരും. പതിയെപ്പതിയെ അവിടം ബഹളമയമാകും. കച്ചവട സാമഗ്രികളുമായി വരുന്ന വാഹനങ്ങളുടെ മൂളലും മുരളലും തൊഴിലാളികളുടേയും ഉടമകളുടേയും കൂക്കുവിളികളും രാത്രി വൈകുന്ന മുറയ്ക്ക് ഏറിയേറിവരും. വെള്ളിയാഴ്ച രാവിലെ തുടങ്ങേണ്ട കച്ചവടത്തിന്റെ ഒരുക്കങ്ങൾ. സ്‌കഫോൾഡിംഗ് ഐറ്റങ്ങൾ കൊണ്ട് താൽക്കാലികമായി ഉണ്ടാക്കുന്ന സ്റ്റാളുകളിൽ സാധനങ്ങൾ അടുക്കിപ്പെറുക്കിവെച്ച് പടുതവലിച്ച് മൂടിയിട്ടിട്ട് പോയാൽ പിന്നെ രാവിലെ വന്ന് നേരേ കച്ചവടമങ്ങ് തുടങ്ങാം. ഒരു മജീഷ്യനെപ്പോലെ വിരിപ്പ് വലിച്ചു മാറ്റുകയേ വേണ്ടു. ഒരു കട അതാ പ്രത്യക്ഷപ്പെടുകയായി.

മാർക്കറ്റിൽ സൽവയുടെ സ്റ്റാളിനടുത്തുള്ള സ്റ്റാളിൽ ഞാൻ പാർട്ട് ടൈമായി ജോലി ചെയ്തിരുന്നു. കമ്പനിയിൽ വെള്ളിയും ശനിയും അവധിയാണല്ലോ. കുറച്ച് കാശ് ഉണ്ടാക്കിക്കളയാമെന്നു വെച്ചു. ഫ്രൈഡേ മാർക്കറ്റിൽ നാല് ആഴ്ചകളിലായി എട്ടുദിവസം ജോലി ചെയ്താൽ കമ്പനിയിൽ ഒരുമാസം ജോലിചെയ്യുന്ന അത്രയും പൈസ കിട്ടും. കച്ചവടം കൂടുതലുള്ള ദിവസങ്ങളിൽ മുദീറിന് എന്നോട് സ്നേഹം കൂടും. അപ്പോൾ കൂടുതൽ കാശ് തരും. കച്ചവടം കൂടാൻ ഞാനും കൂട്ടാളി വെട്രിസെൽവവും തൊണ്ട പൊട്ടുമാറുച്ചത്തിൽ വിളിച്ചുകൂവിക്കൊണ്ടിരിക്കും: ""ഫദ്ദൽ മാമാ ഫദ്ദൽ.. ഫദ്ദൽ ബാബാ ഫദ്ദൽ.. ഫദ്ദൽ യാ ഹാജ്ജീ ഫദ്ദൽ.. തൻസീലാത്ത് ഇൽ യൗം..'' (അമ്മേ വരൂ.. അച്ഛാ വരൂ.. ചേട്ടായീ വരൂ.. ഇന്ന് വിലക്കുറവാണ് വരൂ വരൂ..).

വേറൊരു വലിയ പാരഗ്രാഫുകൂടി ഇടതടവില്ലാതെ ഞാൻ ഉരുവിടുമായിരുന്നു. അതെന്താണെന്ന് ഇപ്പോൾ മറന്നുപോയി. അവിടെ വിൽക്കുന്ന വിവിധതരം സോക്‌സുകളുടേയും തൊപ്പികളുടേയും അറബിയിലുള്ള ലിസ്റ്റായിരുന്നു അതെന്നു മാത്രം ഇപ്പോൾ ഓർമ്മയുണ്ട്. എന്തായാലും ആ കച്ചവടം എന്നെ കളറുകളുടെയെല്ലാം പേരു പഠിപ്പിച്ചുതന്നു. അഹ്മർ, അഖ്ദർ, ബുന്നി, അസ്രഖ്, ബോർത്തുഗാലി, അസ്വദ്. അസ്വദ് എന്നാൽ കറുപ്പ്. ഹജറുൽ അസ്വദ് = കറുത്ത കല്ല്.

കുവൈത്തിൽ കൈഫൽ ഹാലിനു പകരം "ഷ്‌ലോനക്ക്?' എന്നും ചോദിക്കാറുണ്ട്. ഹൗ ആർ യൂ എന്നാണ് അർഥമെങ്കിലും ഇതിന്റെ യഥാർഥ അർഥം "താങ്കളുടെ നിറമെന്ത്' എന്നാണ്. സുഖം തന്നെ എന്നാണ് തിരിച്ചുള്ള ഉത്തരമെങ്കിൽ "സൈൻ' എന്നോ "അബിയദ്' എന്നോ ഉത്തരം പറയാം. അബിയദ് എന്നാൽ വെളുപ്പ്.

എന്റെ സ്ഥിരജോലി മിനിസ്ട്രി ഓഫ് ഇലക്ട്രിസിറ്റി ആന്റ് വാട്ടറിൽ ആയിരുന്നെങ്കിലും ഒരു ലേബർ സപ്ലേ കമ്പനിയുടെ ഇടനിലയിലൂടെ ആയിരുന്നതിനാൽ അത്ര വലിയ വരുമാനമൊന്നും പറയാനില്ലായിരുന്നു. കമ്പനിക്ക് മിനിസ്ട്രി കൊടുക്കുന്ന ശമ്പളത്തിന്റെ മൂന്നിലൊന്നേ ജോലി ചെയ്യുന്ന എനിക്ക് ലഭിച്ചിരുന്നുള്ളൂ. തൊഴിലാളികളെ മറിച്ചുവിൽക്കുന്ന ഒരുതരം അടിമവ്യാപാരം പോലെയാണ് അന്ന് ഞാനതിനെ മനസ്സിലാക്കിയിരുന്നത്. തൊഴിലാളിക്കും തൊഴിലുടമയ്ക്കുമിടയിൽ ഒരു കച്ചവടക്കാരൻ ഉണ്ടാവുന്നത് ശരിയാണോ എന്നെല്ലാം തോന്നിയിരുന്നു.

ഇപ്പോൾ ആ കാഴ്ച്ചപ്പാടിൽ അല്പം മയം വന്നിട്ടുണ്ട്. തൊഴിലാളിയെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കച്ചവടം ചെയ്യുകയല്ല ഇടനിലക്കാരൻ ചെയ്യുന്നത്. മറിച്ച് തൊഴിലാളികളെ തങ്ങളുടെ സ്വത്താക്കി നിർത്തിക്കൊണ്ടുതന്നെ മറ്റുള്ളവർക്ക് അവരുടെ സേവനം കൈമാറ്റം ചെയ്യുകയാണ്. ഇതിൽ തൊഴിലാളിയോട് ഇടനിലക്കമ്പനിക്ക് ഉത്തരവാദിത്തമുണ്ടാകും. തൊഴിൽ നിയമപ്രകാരമുള്ള തൊഴിലാളിയുടെ എല്ലാ അവകാശങ്ങളും നിറവേറ്റേണ്ടത് ഈ കമ്പനിയാണ്. തൊഴിലാളിക്ക് നേരിട്ട് തൊഴിൽ കണ്ടെത്താനുള്ള സാഹചര്യങ്ങളോ മെഷിനറികളോ ഇല്ലാത്ത സാഹചര്യത്തിൽ തൊഴിൽക്കമ്പോളത്തിലിറങ്ങി ജോലി അന്വേഷിച്ച് കണ്ടെത്തിക്കൊണ്ടു വരുന്നത് ഇത്തരം ലേബർ സപ്ലൈ കമ്പനികളാണ്. ലക്ഷോപലക്ഷം തൊഴിലാളികൾ ഇങ്ങനെയുള്ള കമ്പനികൾ വഴി ജോലി ചെയ്യുന്നുണ്ട്. തൊഴിലിലായാലും വിവാഹത്തിലായാലും കൃഷിയിലായാലും കച്ചവടത്തിലായാലുമൊക്കെ ഇടനിലക്കാരെന്നത് ഒഴിവാക്കാൻ പറ്റാത്ത കാര്യം തന്നെയാണ്. ഇടനിലയെയല്ല ഇല്ലാതാക്കേണ്ടത്; അവരുടെ ആർത്തിയും ചൂഷണവും കൊള്ളലാഭവുമൊക്കെയാണ്.

സൽവയിലേക്ക് വന്നാൽ, സൽവ ഒരു കൂളിംഗ് ഗ്ലാസ്സൊക്കെ ഫിറ്റ് ചെയ്ത് രാവിലെതന്നെ ലോറിയിൽ നിന്ന് ചാടിയിറങ്ങുന്ന കാഴ്ച ഒന്നു കാണേണ്ടതാണ്. നമ്മുടെ തോമാച്ചായന്റെ അതേ ചാട്ടം. ഇനി ഇവരെങ്ങാൻ തോമാച്ചായന്റെ വകേലെ അമ്മായിയുടെ മകളാണോ? അല്ലേയല്ല. സൽവ മലയാളിയല്ല; കുവൈത്തിയാണ്.

സൽവയ്ക്ക് മാർക്കറ്റിൽത്തന്നെ പലയിടത്തായി നാലഞ്ചു ഷോപ്പുകൾ വേറേയുമുണ്ട്. കിളികളേയും കോഴിക്കുഞ്ഞുങ്ങളേയും വിൽക്കുന്ന ഒരു ഷോപ്പ്, റിമോട്ട് കണ്ട്രോളുകളും അല്ലറ ചില്ലറ ഇലക്ട്രിക്കൽ സാമഗ്രികളും വിൽക്കുന്ന മറ്റൊരു ഷോപ്പ്, കരണ്ടി, ഉളി കൊട്ടുവടി തുടങ്ങിയ പണിയായുധങ്ങൾ വിൽക്കുന്ന വേറൊരു ഷോപ്പ്. അങ്ങനെയങ്ങനെ അവർക്കില്ലാത്ത ബിസിനസ്സുകളില്ല. മറ്റു ഷോപ്പുകളിലെല്ലാം വ്യാഴാഴ്ച രാത്രിയിലേ വന്ന് അവർ സാധനങ്ങൾ അറേഞ്ച് ചെയ്യും. വസ്ത്രങ്ങളുടെ ഈ ഷോപ്പിൽ പക്ഷേ വെള്ളിയാഴ്ച രാവിലെയാണ് അടുക്കിയൊരുക്കൽ. അബായകളും ചിത്രപ്പണികളുമുള്ള നീളൻ കുപ്പായങ്ങളും പെർഫ്യൂമുകളുമാണ് അവിടുത്തെ കച്ചവടം. അവർക്ക് പെർഫ്യൂമുകളുടെ ഗന്ധം ആസ്വദിച്ചുകൊണ്ട് ഞാത്തിയിട്ട കുപ്പായങ്ങളിൽ തഴുകിത്തഴുകിയിരിക്കണം. അതിനാൽ അവർ എപ്പോഴും ഈ ഷോപ്പിൽത്തന്നെ കാണും. ജോലിക്കാരെ ഏൽപ്പിച്ചിരിക്കുന്ന മറ്റു ഷോപ്പുകളിൽ ഇടയ്‌ക്കൊന്നു പോയിവന്നാലായി.

ഞാനും വെട്രി സെൽവവും കൂടി സ്റ്റാളിൽ സോക്‌സുകളും തൊപ്പികളും അടുക്കിവെക്കുന്ന സമയത്താണ് സൽവ ലോറിയിൽ നിന്ന് ചാടിയിറങ്ങുന്നത്. അപ്പോഴൊക്കെ എവിടെ നിന്നാണെന്നറിയില്ല, ആ പാട്ട് മൂളിപ്പാട്ടായി എന്റെ ചുണ്ടിൽ വന്നു മുട്ടും:

""ചാടിക്കളിക്കും പരൽമീൻ കണ്ണുള്ള പെണ്ണേ.. കാക്കക്കറുമ്പീ..''

അവരെ കണ്ടതുകൊണ്ടുള്ള ഇളക്കമൊന്നുല്ല. എന്തോ, രാവിലത്തെ മൂഡിൽ കച്ചവടം പതിയെ തുടങ്ങിവരുമ്പോൾ ചുണ്ടുകൾ ഒരു പാട്ടിനായി കാത്തിരുന്നിട്ടുണ്ടാവാം. അപ്പോഴാണ് കണ്ണുകൾ സ്ഫടികത്തിലെ റയ്ബാനിൽ ഉടക്കുന്നത്. അപ്പോൾ മനസ്സ് കുറേ പിറകിലേക്ക് പറന്ന് സുൽത്താൻ ബത്തേരി സീന തിയേറ്ററിൽ നിന്ന് ഒരു പാട്ട് കൊത്തിയെടുത്ത് ചുണ്ടിലേക്ക് ഇട്ടുകൊടുക്കുന്നു.

ആദ്യത്തെ ദിവസം സൽവ എന്റെ മൂളൽ ശ്രദ്ധിച്ചിട്ടുണ്ടാവണം. രണ്ടാമത്തെ ദിവസം അല്പം നീരസത്തോടെ അവർ പറഞ്ഞു: ""സ്ത്രീകൾ അടുത്തു നിൽക്കുമ്പോൾ മൂളിപ്പാട്ടു പാടരുത്''

അതിനു ശേഷവും മൂളിപ്പാട്ട് ചുണ്ടിൽ വന്നു മുട്ടുമെങ്കിലും ഞാൻ അതിനെ ഉള്ളിലിട്ടു മൂളി. പുറത്തേക്ക് വിട്ടില്ല. പിന്നീടുള്ള എന്റെ ഗൾഫ് ജീവിതത്തിൽ മുഴുക്കെ ഞാൻ ആ നിയമം പാലിച്ചു. സ്ത്രീകൾ അടുത്തുണ്ടെങ്കിൽ മൂളിപ്പാട്ട് പാടുന്നത് ഒഴിവാക്കി.

സൽവയുടെ വസ്ത്രങ്ങൾക്കും പെർഫ്യൂമുകൾക്കും നല്ല വിലയായിരുന്നതിനാൽ വലിയ തിരക്കുള്ള സ്റ്റാളായിരുന്നില്ല അത്. നല്ല ക്വാളിറ്റി സാധനങ്ങളാണവ എന്നാണ് അവർ പറഞ്ഞിരുന്നത്. ക്വാളിറ്റി സാധനങ്ങൾ ഒരാൾ എന്തിനു ഫ്രൈഡേ മാർക്കറ്റിൽ നിന്നു വാങ്ങണം? ഫ്രൈഡേ മാർക്കറ്റെന്നാൽ വഴിയോരക്കച്ചവടങ്ങളെ ഒരു വെളിമ്പറമ്പിലേക്ക് വിരിച്ചിട്ട ഏർപ്പാടല്ലേ?

""വാങ്ങുന്നവർ വാങ്ങിയാൽ മതി''. അങ്ങനെയൊരു കാഴ്ചപ്പാടായിരുന്നു സൽവയ്ക്ക്.

അതേസമയം ഞങ്ങൾക്ക് നല്ല കച്ചവടം നടക്കുമായിരുന്നു. തണുപ്പു സീസണിൽ കച്ചവടം പൊടിപൊടിക്കും. ആ സമയത്ത് വൂളൻ തൊപ്പികളും വൂളൻ സോക്‌സുകളും കയ്യുറകളും കൂടി കടയിലെത്തും. തണുപ്പു കൂടുതലുള്ള ദിവസങ്ങളിൽ പതിവിലേറേ കച്ചവടമുണ്ടാകും. അന്നെല്ലാം ഒരു സിഗററ്റും കത്തിച്ചുപിടിച്ച് വിറച്ചുവിറച്ച് വയസനായ മുദീർ വരും. വിറച്ചു വിറച്ച് കളക്ഷൻ എണ്ണും. സന്തോഷാതിരേകത്താൽ വിറച്ചുവിറച്ച് കുറച്ചധികം കാശ് എന്റെയും വെട്രിയുടേയും പോക്കറ്റിൽ വെച്ചുതരും. അപ്പുറത്തെ കടയിൽച്ചെന്ന് ഈരണ്ട് ഷവർമ്മയും ഓരോ പെപ്‌സിയും ഒരു പൊതി ഫലാഫിലും വാങ്ങിവരും.

"മക്കള് വയറു നിറച്ച് കഴിച്ചോ..'

"മഷ്‌കൂർ ബാബാ.. മഷ്‌കൂർ..'

ബാബ പറയും: ""അടുത്ത മാസം വെട്രിക്കും മുസ്തഫയ്ക്കും ഓരോരോ ഷോപ്പുകൾ. ഇതിനേക്കാൾ കൂടുതൽ പൈസ കിട്ടും.. എപ്പടി?''

"അതുകൊള്ളാം ബാബാ.. പക്ഷേ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ വന്നാൽ ഞങ്ങളെ പിടിക്കും. നാട്ടിലേക്ക് കയറ്റിവിടും. ഞങ്ങൾ വേറേ വിസാക്കാരാണ്. ഇപ്പോൾ സ്റ്റാളിൽ ഞങ്ങൾ രണ്ടുപേരുള്ളതുകൊണ്ട് അതിലൊരാൾ എപ്പോഴും ഉദ്യോഗസ്ഥന്മാർ വരുന്നുണ്ടോ എന്നു നോക്കും. കഴിഞ്ഞയാഴ്ച തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഞങ്ങൾ രണ്ടും ഓടിക്കളഞ്ഞു..'

"ലാലാ.. മാഫീ മുഷ്‌കിൽ. അന മുൻസിപ്പാലിറ്റി'

ബാബാ പറയുന്നത്, പേടിക്കണ്ട "ഞാൻ തന്നെയാകുന്നു മുൻസിപ്പാലിറ്റി' എന്നാണ്. അനൽ ഹഖ്, തത്വമസി എന്നൊക്കെ പറയുമ്പോലെ. കാര്യമെന്തെന്നാൽ, ബാബ പണ്ട് മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥനായിരുന്നു. ഉദ്യോഗമല്ല കച്ചവടമാണ് തന്റെ വഴിയെന്നുകണ്ട് ഇപ്പോൾ ഇങ്ങനെ ചിലതുമായി നടക്കുന്നു. അപ്പോഴും "അന മുൻസിപ്പാലിറ്റി' എന്ന ഫീലാണ് പുള്ളിക്ക്.

തിരക്ക് കുറയുന്ന അവസരങ്ങളിൽ ഞങ്ങൾ സൽവയുമായി എന്തെങ്കിലുമൊക്കെ കുശലങ്ങൾ പറയും. അവർ കുവൈത്തിയും ഞാൻ ഇന്ത്യനുമാണെങ്കിലും രണ്ടുപേരും കച്ചവടക്കാരാണല്ലോ. പറഞ്ഞുതുടങ്ങാൻ കച്ചവട സംബന്ധിയായ ടോപ്പിക്കുകളുണ്ട്. സംഭാഷണം പിന്നെ മറ്റു പലതിലേക്കും സംക്രമിച്ചങ്ങനെ തുടർന്നുകൊള്ളും.

കുറച്ച് വിദ്യാഭ്യാസവും തരക്കേടില്ലാത്ത ഇംഗ്ലീഷുമൊക്കെ കൈവശമുള്ള രണ്ട് പാവം പയ്യന്മാരായി ആദ്യദിവസങ്ങളിൽത്തന്നെ സൽവ ഞങ്ങളെ മനസ്സിലാക്കി. അവർ കൊണ്ടുവരുന്ന കാഹ്വയിൽ നിന്ന് കുടിക്കാനും ഈന്തപ്പഴത്തളികയിൽ നിന്ന് രുചിക്കാനും സൽവ ഞങ്ങളെ നിർബ്ബന്ധിച്ചു. മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥരുടേയും സി.ഐ .ഡിയുടേയും കാര്യത്തിൽ സൽവ ഞങ്ങൾക്ക് ധൈര്യം തന്നു: ""അവരെക്കണ്ടാൽ എനിക്കറിയാം..''

തലയിൽ വളയവും ഉടയാത്ത കന്തൂറയുമിട്ട ആരെയെങ്കിലും അകലെക്കണ്ടാൽ സൽവ ഞങ്ങളോട് പറയും: ""ഓടിക്കോ.. സ്റ്റാൾ ഞാൻ നോക്കിക്കോളാം.''
ഞങ്ങൾ രണ്ടുവഴിക്ക് ഓടും.

​ഞങ്ങളെ അങ്ങനെ കുറേ ഓടിച്ചതല്ലാതെ ഒരൊറ്റ ഒറിജിനൽ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥനേയോ സി.ഐ.ഡിയേയോ കണ്ടുപിടിക്കാൻ സൽവക്ക് കഴിഞ്ഞിട്ടേയില്ല. സൽവ ഞങ്ങളെ പറ്റിച്ചിരുന്നതാണോ എന്നുപോലും എനിക്ക് സംശയമുണ്ട്. അല്ലെങ്കിൽത്തന്നെ ഞങ്ങൾ എന്തു മണ്ടന്മാരാണ്. ഒരു കുവൈത്തിക്ക് മറ്റൊരു കുവൈത്തി സി.ഐ.ഡിയെ തിരിച്ചറിയാമെങ്കിൽ കുവൈത്തികൾക്കിടയിൽ സി.ഐ.ഡികൾ എങ്ങനെ വർക്ക് ചെയ്യും? അതെങ്കിലും ചിന്തിക്കേണ്ടേ? അതൊന്നും ചിന്തിച്ചില്ല.

ഫ്രൈഡേ മാർക്കറ്റിൽ എല്ലായ്‌പ്പോഴും സൽവയെപ്പോലുള്ള അയൽക്കാരെ കിട്ടണമെന്നില്ല. രണ്ടാഴ്ചകളിലേക്കാണ് ഗവണ്മെന്റ് സ്റ്റാളുകൾ അലോക്കേറ്റ് ചെയ്യുക. ലൊക്കേഷൻ അനുസരിച്ച് തുകകളിൽ വ്യത്യാസമുണ്ട്. കച്ചവടം കൂടുതൽ നടക്കുന്നിടങ്ങൾക്ക് കൂടുതൽ കാശ് കൊടുക്കണം. ബാബയും സൽവയും ചില പ്രത്യേക ലൊക്കേഷനുകളോട് താല്പര്യമുള്ളവരായതുകൊണ്ടാവും ഒരുപാടു തവണ ഞങ്ങൾ അയൽക്കാരായി വന്നത്. ചിലപ്പോഴൊക്കെ നീണ്ട ഇടവേളകളുമുണ്ടായി.

അങ്ങനെ ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ഒരിക്കൽ സൽവയെ കാണുമ്പോൾ അവരോടൊപ്പം ഡ്രൈവർ ഉണ്ടായിരുന്നില്ല. അക്കുറി അവർ ലോറിയുടെ ഇടതുഭാഗത്തു നിന്ന് ചാടിയിറങ്ങി. കാലുകൾ നിലം തൊടുമ്പോൾ മുകളിലേക്ക് തെറിക്കാനാഞ്ഞ സൺഗ്ലാസ്സ് താഴേക്ക് അമർത്തിക്കൊണ്ട് അവർ പരിസരം വീക്ഷിച്ചു നിന്നു

""ഷ്‌ലോനിക്ക് സൽവ'' - ഞാൻ ചോദിച്ചു.

""അബിയദ്..., നിനക്കോ?''

""സുഖം..''

ലോറിയിൽ നിന്ന് വസ്ത്രക്കെട്ടുകളിറക്കാൻ സഹായിക്കുന്നതിനിടെ ഞാൻ ചോദിച്ചു:

""സൽവ ലോറി ഓടിക്കുമോ?''

""പിന്നില്ലാതെ''

സൽവ കാർ ഓടിക്കും എന്ന കാര്യം എനിക്ക് ചിന്തിക്കാവുന്നതേയുള്ളൂ. കുവൈത്തിലും ദുബായിലുമൊക്കെ ഏതു പെണ്ണാണ് കാർ ഓടിക്കാത്തത്?

പിന്നീട് ഉച്ചനേരത്ത് ഫ്രീ ആയപ്പോൾ എന്റെ കൗതുകം മറച്ചുവെച്ചുകൊണ്ട് ഞാൻ സൽവയോടു പറഞ്ഞു: ""ലോറി ഓടിക്കുന്നതൊന്നും എനിക്ക് വലിയ അത്ഭുതമല്ല. ഞങ്ങടെ നാട്ടിലും അങ്ങനെ ഒരുപാട് പെണ്ണുങ്ങളുണ്ട്. വലിയ ബസ്സുകൾ ഓടിക്കുന്നവരൊക്കെയുണ്ട്. പക്ഷേ നിങ്ങൾ ലോറിയിൽ നിന്ന് ചാടിയിറങ്ങി ഡ്രൈവർക്ക് സൈഡ് പറഞ്ഞുകൊടുക്കുന്ന സീനുണ്ടല്ലോ, അത് എനിക്ക് ചിന്തിക്കാനേ പറ്റുന്നില്ല..''

""Oh.. seriously?!''

""Yeah, seriously!''

ശേഷം ഞങ്ങൾ ഓരോ കപ്പ് കാഹ്വ കുടിച്ചു. ▮

(തുടരും)


ഷഫീക്ക് മുസ്തഫ

കഥാകൃത്ത്​. കുവൈത്തിലും യു.എ.ഇയിലും രണ്ടു പതിറ്റാണ്ട്​ പ്രവാസ ജീവിതം. വിവിധ കമ്പനികളിൽ ഫയർ ഫൈറ്റിംഗ്​ സിസ്​റ്റം ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്​തു. കോവിഡ്​കാല പ്രതിസന്ധികൾക്കിടെ നാട്ടിൽ തിരിച്ചെത്തി

Comments