ചിത്രീകരണം: ദേവപ്രകാശ്

20 കിലോ പത്രക്കെട്ടുമായി കൊച്ചാപ്പ റിയാദിലേക്ക്

ജീദ് കൊച്ചാപ്പാ നാട്ടിലെ അറിയപ്പെടുന്ന പത്രം വായനക്കാരനായിരുന്നു.
ഓരോ വാർത്തയും വള്ളിപുള്ളി വിടാതെ അരിച്ചുപെറുക്കും.
പണ്ട് അദ്ദേഹം രണ്ട് പത്രങ്ങൾ വരുത്താറുണ്ടായിരുന്നു- മലയാള മനോരമയും ജനയുഗവും.

നേരത്തേ ജനയുഗത്തിന്റെ സ്ഥാനത്ത് ദേശാഭിമാനിയായിരുന്നു. കടൽഭിത്തി നിർമാണത്തൊഴിലാളിയായിരുന്ന കൊച്ചാപ്പ സി.ഐ.ടി.യുവിൽ നിന്ന് എ.ഐ.ടി.യു.സിയിലേക്ക് മാറിയപ്പോൾ പത്രവും മാറി.
ഈ രണ്ട് പത്രങ്ങൾ വായിച്ചിട്ടും വിശപ്പ് തീരാഞ്ഞ് ദേശാഭിവർദ്ധിനി വായനശാലയിൽ പോയിരുന്ന് മറ്റു പത്രങ്ങളും പുറമേ ആനുകാലികങ്ങളും തിന്നുതീർക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. സലാഡ് ആയിട്ട് സംഘടനകളുടെ ലഘുലേഖകളും സിനിമാനോട്ടീസുകളും ഒപ്പം ഉണ്ടാവും.
അതുകൊണ്ടെന്താ, കല, രാഷ്ട്രീയം, സാഹിത്യം ഇത്യാദി കാര്യങ്ങളെക്കുറിച്ചൊക്കെ നല്ല പിടിപാടായിരുന്നു പുള്ളിക്ക്. ചായക്കടകളിലെ രാഷ്ട്രീയ തർക്കങ്ങളിൽ കൊച്ചാപ്പായെ അടിച്ചിടാൻ തക്ക മൂത്താപ്പാമാരൊന്നും അന്ന് ഉണ്ടായിരുന്നില്ല. അളമുട്ടി എന്നു തോന്നുമ്പോൾ ശ്രീനിവാസന്റെ കഥാപാത്രത്തെപ്പോലെ "പോളണ്ടി'ലെ രാഷ്ട്രീയ കാലാവസ്ഥയെപ്പറ്റി പറഞ്ഞും സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് നേതാക്കളുടെ കടിച്ചാൽ പൊട്ടാത്ത പേരുകൾ ഉദ്ധരിച്ചും എതിരാളിയെ നിർവീര്യമാക്കാനുള്ള മിടുക്ക് അദ്ദേഹത്തിനുമുണ്ടായിരുന്നു.

അന്ന് കേരളത്തിലെ കമ്യൂണിസ്റ്റുകളുടെ കക്ഷത്തെ സ്ഥിരം ഐറ്റമായിരുന്ന സോവിയറ്റ് നാട് എന്ന ഗ്ലോസി മാസികയുടെ ആരാധകൻ കൂടിയായിരുന്നു കൊച്ചാപ്പ. കക്ഷത്ത് തിരുകുന്ന മാസികയായതുകൊണ്ടാണ് റഷ്യാക്കാർ അത് ഗ്ലോസി ആക്കിയത് എന്നായിരുന്നു ഞങ്ങളിൽ പലരും കരുതിയിരുന്നത്. വിയർപ്പു പറ്റുകേലല്ലോ. ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പടെയുള്ള നേതാക്കൾ സോവിയറ്റുനാട് മറിച്ചു നോക്കുകപോലും ചെയ്യാതെ കുട്ടികളുടെ പാഠപുസ്തകം പൊതിയാനായി ഉപയോഗിക്കുമ്പോൾ തൊഴിലാളിയായ കൊച്ചാപ്പ അവ ഒരു നിധിപോലെ ശേഖരിച്ചുവെച്ചിരുന്നു. എങ്കിലും കുറേക്കാലത്തിനുശേഷം അവയൊക്കെ പുസ്തകം പൊതിയാൻ തന്നെ ഉപയോഗിച്ചു എന്നതാണ് സത്യം. വിധിയെ തടുക്കാൻ സോവിയറ്റ് നാടിന് ആയില്ല.

സോവിയറ്റ് ഡിപ്രഷൻ

യഥാർഥ സോവിയറ്റ് നാടിന്റെ തകർച്ച കൊച്ചാപ്പായെ വല്ലാതെ ഉലച്ചിരുന്നു. ഗ്ലാസ്‌നസ്ത്, പെരിസ്‌ട്രോയിക്ക എന്ന് പിറുപിറുത്ത് കുറേക്കാലം അങ്ങനെ നടന്നു. ഈ മാനസികാഘാതത്തിന്റെ ആദ്യ ഘട്ടത്തിൽ സൗദാക്കൊച്ചുമ്മ അദ്ദേഹത്തിന് ഓരോ ഗ്ലാസ് വെള്ളം കൊണ്ടുക്കൊടുക്കുമായിരുന്നു. ഗ്ലാസ്‌നസ്ത് എന്നതിനു പകരം "ഒരുഗ്ലാസ് വെള്ളം' എന്നോ മറ്റോ തെറ്റി കേട്ടതുകൊണ്ടുണ്ടായ അബദ്ധമായിരുന്നു അത്. പെരിസ്ട്രിയിക്ക ഭർത്താവിന്റെ പരിചയത്തിലുള്ള ഏതോ ഒരിക്ക ആണെന്നും കൊച്ചുമ്മ കരുതിപ്പോന്നിരുന്നു.

കമ്യൂണിസ്റ്റ് നാടിന്റെ തകർച്ച സംഭവിച്ചുകൊണ്ടിരുന്ന അതേ കാലയളവിൽ നാട്ടിലെ പല സഖാക്കന്മാരും നാടും പാർട്ടിയും വിട്ട് മധ്യപൂർവ ദേശങ്ങളിലേക്ക് പലായനം ചെയ്തുതുടങ്ങിയിരുന്നു. പാർട്ടിക്ക് വേണ്ടപ്പെട്ട സുരേഷും ജഗദീശനും സൈതലവിയും ഉൾപ്പടെ കുറച്ചുപേർ അടുത്തടുത്തായി ഗൾഫിലേക്ക് പോയപ്പോൾ സോവിയറ്റ് യൂണിയനോടൊപ്പം ലോക്കൽ കമ്മിറ്റിയും ബ്രാഞ്ച് കമ്മിറ്റികളും തളർന്നുതുടങ്ങി. തകരുമ്പോൾ എല്ലാം തകരുന്നു എന്നുപറഞ്ഞപോലെ യൂണിയന്റെ കീഴിലുള്ള സീവാൾ നിർമാണവും ഇക്കാലയളവിൽ നിലച്ചു. പിന്നീട് വിശപ്പുകൊണ്ടുള്ള തളർച്ചയാണ് സോവിയറ്റ് ഡിപ്രഷനിൽ നിന്ന് വിമുക്തനാക്കി കൊച്ചാപ്പായെ വീണ്ടും ഊർജ്ജസ്വലനാക്കുന്നത്.

സാംബിയ - ലുസാക്ക

മിഡിൽ ഈസ്റ്റിലെ ചലനങ്ങൾ അദ്ദേഹം സാകൂതം നിരീക്ഷിച്ചു. മുതലാളിത്ത മൂലധനത്തിന്റെ ഒഴുക്ക് ഭയപ്പെടുത്തുന്നതാണെന്ന് ഒരിക്കൽ അദ്ദേഹം പറയുകയും ചെയ്തു. "അവിടെ നിലയ്ക്കാത്ത യുദ്ധങ്ങൾ ഉണ്ടാകുമെ'ന്ന് താൻ പത്തുവർഷം മുമ്പ് പറഞ്ഞിരുന്നതായി 1990 ലെ ഇറാഖ് യുദ്ധസമയത്തെ ഒരു കടത്തിണ്ണ അവലോകനത്തിനിടെ കൊച്ചാപ്പ വീമ്പിളക്കുന്ന രംഗം ഞാൻ ഇപ്പോഴും ഓർക്കുന്നു. ആ വാക്കുകൾ പുലർന്നുകൊണ്ടേയിരിക്കുന്നു. "അഫ്ഗാൻ ഭാവിയിൽ ഒരു സമ്പന്ന രാഷ്ട്രമാകും' എന്നൊരു പ്രവചനം ഇനി പുലരാനിരിക്കുന്നു.

1990 ആയപ്പോഴേക്കും ജനയുഗം പൂട്ടി. മനോരമക്കുമുകളിൽ വീണ്ടും ദേശാഭിമാനി വീഴാൻ തുടങ്ങി. 1992-ലെ ബാബറി മസ്ജിദ് ധ്വംസനത്തോടെ മാധ്യമം നാട്ടിലാകെ പടർന്നുപിടിച്ചു. മനോരമയ്ക്കും ദേശാഭിമാനിക്കും പുറത്ത് മാധ്യമം കൂടി വന്നുവീഴാൻ തുടങ്ങി. മാധ്യമം വരുത്താൻ തുടങ്ങിയതിന്റെ രണ്ടാം വർഷമാണ് കൊച്ചാപ്പ ഗൾഫിലേക്കുള്ള കെട്ടുകെട്ടുന്നത്. 1994-ൽ. കൊച്ചാപ്പയുടെ പുറപ്പാടിന്റെ ദിവസം എനിക്ക് ജിയോഗ്രഫി പരീക്ഷയായിരുന്നു. സ്‌കൂളിലേക്ക് പോകുന്നവഴി യാത്രപറയാൻ ഞാൻ കൊച്ചാപ്പയുടെ വീട്ടിൽ കയറി. ജീവിതത്തിൽ ആദ്യമായി പാന്റും ഷൂസുമിട്ട് ഷർട്ട് ഇൻ ചെയ്ത് അസ്വസ്ഥതയോടെ അദ്ദേഹം ഇറങ്ങാനായി തയ്യാറെടുത്തു നിന്നിരുന്നു. പള്ളിയിലെ ഉസ്താദ് വന്ന് ദുആ ഇരന്നുകഴിഞ്ഞാൽ ഇറങ്ങാം. എന്നെക്കണ്ട് ചോദിച്ചു : ""ഇന്നേതാ പരീക്ഷ?''""ജിയോഗ്രഫി''""സാംബിയയുടെ തലസ്ഥാനം ഏതാ?''
ഉത്തരം എന്റെ നാവിൻ തുമ്പത്തുണ്ട്. തലയിലേക്ക് കയറുന്നില്ല. ഞാൻ നിന്നു കണ്ണുമിഴിച്ചു. കൊച്ചാപ്പ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു:""ലുസാക്ക''
ഗൾഫിലേക്ക് പുറപ്പെടുന്നതിനുമുമ്പ് അദ്ദേഹം എന്നോട് അവസാനമായിപ്പറഞ്ഞ ആ വാക്ക് ചേരും പടി ചേർക്കാൻ പരീക്ഷയ്ക്കു വന്നിരുന്നു. "സാംബിയ - ലുസാക്ക.'

"നായീന്റെ മോനേ.."

സൗദിയിൽ മദീന ജയിലിലായിരുന്നു അദ്ദേഹത്തിന് ജോലി. തടവുകാർക്ക് ഭക്ഷണമൊരുക്കുന്ന ഒരു കാറ്ററിംഗ് കമ്പനിയിൽ. സെല്ലുകളിൽ ഭക്ഷണം എത്തിക്കണം. അവിടെനിന്ന് കഴിച്ചുകഴിഞ്ഞ പാത്രങ്ങൾ തിരികെ വാങ്ങി കിച്ചണിലെത്തിച്ച് വൃത്തിയാക്കണം. പിന്നെ പാചകക്കാർക്ക് അല്ലറ ചില്ലറ സഹായം ചെയ്യണം. പരിചയമില്ലാത്തതായിരുന്നുവെങ്കിലും ശാരീരികമായി വലിയ ആയാസമുള്ള ജോലി ആയിരുന്നില്ല. വിശ്രമവും ഇടവേളകളും ആവശ്യത്തിനുണ്ടായിരുന്നുതാനും.

ഗൾഫിലെ ആദ്യവർഷങ്ങളിൽ കൊച്ചാപ്പായെ അലട്ടിയിരുന്ന ഏറ്റവും വലിയ പ്രശ്‌നം വിരഹമോ ഗൃഹാതുരത്വമോ ഒന്നുമായിരുന്നില്ല. ജീവനക്കാരായിട്ടോ ജയിൽപ്പുള്ളികളായിട്ടോ അവിടെങ്ങും ഒരൊറ്റ മലയാളി പോലും ഇല്ലായിരുന്നുവെന്നതാണ്. പാചകക്കാരായി ഉള്ളത് സുഡാനികളും യമനികളും പിന്നെ ഒന്നുരണ്ട് ലബനോനികളുമാണ്. പിന്നെ കയ്യാളുകളും ക്ലീനറന്മാരുമായി കുറേ സുമാലികളും ബംഗാളികളും ആന്ധ്രക്കാരും. അവർ എന്തൊക്കെയാണ് സംസാരിക്കുന്നതെന്ന് കൊച്ചാപ്പയ്ക്ക് ഒരു പിടുത്തവും കിട്ടിയില്ല. ഹിന്ദിക്കാരു കുറച്ചുപേരുള്ളത് വേറൊരു ഗ്യാങ്ങാണ്. ബംഗാളികൾ മറ്റൊരു ഗ്യാംഗ്. ഭാഷ പിടുത്തമില്ലാത്തതുകൊണ്ട് കൊച്ചാപ്പായെ അവരും കൂട്ടിയില്ല. എന്തായാലും കുറച്ചുനാളിനുള്ളിൽ അല്ലറ ചില്ലറ അറബിയൊക്കെ കൊച്ചാപ്പ പഠിച്ചെടുത്തു. സഹജോലിക്കാരോടും പൊലീസുകാരോടുമൊക്കെ അത്യാവശ്യം കുശലം ചോദിക്കാനുള്ളതായി. ജയിൽപ്പുള്ളികളുമായി ഇടപഴകുന്നതിൽ നിയന്ത്രണങ്ങളുണ്ടെങ്കിലും അവരോടും അല്ലറ ചിലറ വർത്തമാനം പറയുമെന്നായി.

പക്ഷേ മലയാളം പറയാൻ എന്തു ചെയ്യും? ഒരു രക്ഷേം ഇല്ല. നാട്ടിലേക്ക് ഫോൺ വിളിച്ചാൽത്തന്നെ എത്രനേരം സംസാരിക്കാൻ പറ്റും? ഫോൺ ചെയ്യണമെങ്കിൽ അടുത്തുള്ള ചെറുപട്ടണത്തിൽ പോകണം. സമയവും കാശും കുറേ പോട്ടേന്നു വെച്ചാൽത്തന്നെ ബൂത്തിൽ ക്യൂ നിൽക്കുന്നവർ സമാധാനം തരുമോ? പിന്നിൽ നിൽക്കുന്നവർക്ക് ധൃതിയൊന്നും ഉണ്ടാവില്ല, എങ്കിലും പിന്നിൽ ഒരാൾ നിൽക്കുമ്പോൾ ഫോൺ ചെയ്യുന്നവരെ അത് അലോസരപ്പെടുത്തും. എ.ടി.എമ്മിൽ കാശെടുത്തുകൊണ്ടിരിക്കുമ്പോൾ പിന്നിലെ ക്യൂവിനെപ്പറ്റി ബോധവാനായി അസ്വസ്ഥപ്പെടുന്നതുപോലൊരു കാര്യം.

മലയാളം പറയാനും കേൾക്കാനും കാണാനുമാവാതെ കൊച്ചാപ്പ ശരിക്കും ശ്വാസം മുട്ടിപ്പോയി! ഏതെങ്കിലും മലയാളി കുറ്റകൃത്യത്തിൽ പിടിക്കപ്പെട്ട് ജയിലിലേക്ക് വന്നിരുന്നെങ്കിൽ എന്നുവരെ അദ്ദേഹം ആശിച്ചു. മലയാളിയെന്താണിങ്ങനെ? നാട്ടിൽ കൊള്ളയും കൊള്ളിവെയ്പ്പും കരിഞ്ചന്തയുമായി നടക്കുന്നവനും വിദേശത്ത് പോയിക്കഴിഞ്ഞാൽ വായിൽ വിരലിട്ടാൽ കടിയ്ക്കാത്ത പാവത്താനായി മാറുന്നതെന്താണ്?
എന്നാലും ചിലരെങ്കിലും ഇല്ലാതിരിക്കുമോ? മലയാളികളിലും ചില തല്ലുകൊള്ളികളുണ്ട്.
ഒരു ദിവസം കൊച്ചാപ്പ ഫോൺ ചെയ്യാനായി ബൂത്തിൽ ചെല്ലുമ്പോൾ ബൂത്തിനടുത്ത് വലിയ സംഘർഷം. ഒരു മലയാളി ചെറുപ്പക്കാരൻ നരുന്തുപോലിരിക്കുന്ന ഒരു ബംഗാളിയെ കഴുത്തിലൂടെ കൈ കയറ്റി ഞെരുക്കിവെച്ചിരിക്കുകയാണ്. മറ്റേക്കയ്യിൽ ഒരു കൂർത്ത വിറകുകഷണം. എന്താ പ്രശ്‌നമെന്ന് കൂടിനിൽക്കുന്നവർക്കാർക്കും അറിഞ്ഞുകൂടാ. ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി കൊച്ചാപ്പ മുന്നിലേക്ക് ചെന്നു. ചെറുപ്പക്കാരൻ ഒന്നു കുതറി. അവൻ ബംഗാളിയെ കൂടുതൽ ഞെരുക്കിക്കൊണ്ട് വിറകുകഷണം കഴുത്തിനോട് ചേർത്തുവെച്ച് ഭീഷണി മുഴക്കി:""നായീന്റെ മോനേ.. അടുത്തേക്ക് വരരുത്!''
മുന്നിലേക്ക് ഒരടികൂടി വെക്കാൻ കൊച്ചാപ്പ ഒന്നറച്ചു. നിന്ന നിൽപ്പിൽ ചെറുപ്പക്കാരൻ പറഞ്ഞ തെറി കൊച്ചാപ്പയുടെ കാതിലൂടെ കയറി അദ്ദേഹത്തെ പുളകം കൊള്ളിച്ചു. "നായീന്റെ മോനേ..'
പച്ച മലയാളത്തിലെ തനി നാടൻ പ്രയോഗം! ഹാ.. ആത്മാവിന്റെ ഉള്ളിലേക്ക് ഐസു കോരിയിട്ട പ്രതീതി! ആ പ്രയോഗത്തിൽ നിന്നും അവനൊരു വടക്കനായിരിക്കാനാണ് സാധ്യതയെന്നു കൊച്ചാപ്പ ഊഹിച്ചു. "അടുത്തേയ്ക്ക് വരരുത് എന്നത് ഒരു സാധാരണ സിനിമാ ഡയലോഗ് ആണ്. അതുപോലൊരു ഘട്ടത്തിൽ പകരം വെക്കാൻ വേറേ വാക്കുകൾ ഏതെങ്കിലും ഉണ്ടെന്നും തോന്നുന്നില്ല. പരിഭ്രമത്തെ പറത്തിവിട്ട് കൊച്ചാപ്പ അവൻ പറഞ്ഞ വാക്കുകൾ അറിയാതെ ഉരുവിട്ടുകൊണ്ടിരുന്നു. "നായീന്റെ മോൻ.. നായീന്റെ മോൻ.. നായീന്റെ മോൻ..' ഒരു മനുഷ്യന് ദേഷ്യപ്പെടാൻ വേണ്ടി മലയാളി ഉണ്ടാക്കിയ വാക്കുകളുടെ സംയുക്തങ്ങളിലൊന്ന്. നോമ്പുതുറ സമയത്ത് ആദ്യമിറക്കുന്ന വെള്ളത്തെപ്പോലെ ആ സംയുക്തനാമം ആത്മാവിനെ മുഴുവൻ കുളിരണിയിച്ചുകൊണ്ട് കൊച്ചാപ്പയ്ക്കുള്ളിൽ പടർന്നൊഴുകി. ആ നിർവൃതിയിൽ അങ്ങനെ ലയിച്ചു നിൽക്കെ ആൾക്കൂട്ടത്തിലൊരാൾ കൊച്ചാപ്പയെ തോണ്ടി:

""ആപ് ഭീ മലബാറി ഹേ നാ? കുച്ച് ബോലോ യാർ..''
ഭാഷയുടെ മത്തിൽ നിന്ന് വിട്ട് കൊച്ചാപ്പ അവനെ വിളിച്ചു: "ഡാ..!'
കൊച്ചാപ്പയും ചെറുപ്പക്കാരനും പരസ്പരം തുറിച്ചു നോക്കി. കൊച്ചാപ്പ പറഞ്ഞു:""നീ ആ പയ്യനെ വിട്.. ആ വിറകുകൊള്ളി താഴെയിട്!'' ""ഒക്കത്തില്ല'' - അവൻ ഗർജ്ജിച്ചു.
ഒക്കത്തില്ല എന്ന വാക്കിൽ നിന്ന് ചെറുപ്പക്കാരൻ തെക്കനാണെന്ന് കൊച്ചാപ്പ ഊഹിച്ചു. അൽപനേരം ഒന്നും മിണ്ടാതെ നിന്ന ശേഷം കൊച്ചാപ്പ ഒരു ചൂണ്ടലിട്ടു:""നിങ്ങളെ ആലപ്പുഴയിൽ എവിടെയോവെച്ച് കണ്ടിട്ടുണ്ടല്ലോ.. എവിടാ വീട്?''.
ചെറുപ്പക്കാരന്റെ കണ്ണുകൾ അയഞ്ഞു. (അവന് അപ്പോൾ ഒരു ബന്ധുവിനെ കിട്ടിയതുപോലെ തോന്നി എന്നാണ് ഈ സന്ദർഭത്തെപ്പറ്റി പിന്നീട് കൊച്ചാപ്പയോട് പറഞ്ഞത്.)""മുട്ടത്ത്'' ""ഹരിപ്പാട് മുട്ടം ആണോ?'' ""ഹ്‌മ്..'' ""പേരെന്താ?'' ""ഹാരീസ്''""മുട്ടത്താണ് എന്റെയൊരു പെങ്ങളെ കെട്ടിച്ചിരിക്കുന്നത്, ആ പള്ളിയുടെ കിഴക്കുവശത്തെ റോഡിൽ നിന്ന് വടക്കോട്ട് പോകുന്നിടത്ത് ഒരു വയലില്ലേ? അതിന്റെ ഓപ്പോസിറ്റ്. അവർക്ക് അവിടെ ഒരു വിറകുകടയൊക്കെ ഉണ്ടായിരുന്നു.'' ""അറിയാം''- അവന്റെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു. കൊച്ചാപ്പ അത് പറയുമ്പോൾ അവന്റെ മനസ്സ് ആ പ്രദേശങ്ങളിലൊക്കെ സഞ്ചരിച്ചിട്ടുണ്ടാവും. ഒരു പള്ളിയും വയലും വിറകുകടയുമെല്ലാം ഉള്ളിൽ തെളിഞ്ഞിട്ടുണ്ടാവണം.""നീ ആ വിറകുകഷണം താഴെയിട്ടിട്ട് അയാളെ വിട്'' - കൊച്ചാപ്പ പറഞ്ഞു.
അവൻ വിട്ടില്ല. കൊച്ചാപ്പ മുട്ടത്തെ ഒന്നുരണ്ട് ബന്ധങ്ങൾ കൂടി പറഞ്ഞു. അവൻ പയ്യെ വിറകുകഷണം താഴെയിട്ടു കയ്യയച്ചു. തളർന്നുപോയ ബംഗാളിയെ ആളുകളൊക്കെക്കൂടി എടുത്തുകൊണ്ടുപോയി. കൊച്ചാപ്പയും ചെറുപ്പക്കാരനും കൂടി അടുത്തുള്ളൊരു കഫ്തീരിയയിൽ ചായകുടിച്ച് നാട്ടുകാര്യങ്ങൾ സംസാരിച്ചിരുന്നു.

കൊച്ചാപ്പയുടെ വായനയുടെ കാര്യം അതിനേക്കാൾ കഷ്ടമായിരുന്നു.
ജയിലിൽ വലിയൊരു ലൈബ്രറിയുണ്ട്. മുഴുവനും അറബി പുസ്തകങ്ങളാണ്. ഒരു സൈഡ് മുഴുവൻ ഖുർആൻ കോപ്പികൾ. ബാക്കി മൂന്നു സൈഡിലും തടിയൻ വ്യാഖ്യാനഗ്രന്ഥങ്ങൾ. നടുവിലെ റാക്കുകളിൽ കഥകളും നോവലുകളും തത്വശാസ്ത്രങ്ങളും ജീവചരിത്രങ്ങളും ഇതിഹാസങ്ങളും. പല പല ആശയങ്ങൾ കൂടിക്കുഴഞ്ഞുണ്ടാവുന്ന ലൈബ്രറികളിലെ ആ സുഗന്ധമുണ്ടല്ലോ, അതാസ്വദിക്കാൻ പൊലീസുകാരെ ചാക്കിട്ട് കൊച്ചാപ്പ അവസരങ്ങളൊപ്പിക്കും. ദേശാഭിവർദ്ധിനി വായനശാലയിലെ എഴുന്നൂറിൽപ്പരം പുസ്തകങ്ങൾ വായിച്ചുതീർത്ത അദ്ദേഹം മലയാളമെഴുതിയ ഒരു ചെറുപുസ്തകമെങ്കിലുമുണ്ടോ എന്നറിയാൻ ജയിൽ ലൈബ്രറിയുടെ റാക്കുകളിൽ തിരഞ്ഞു ബുദ്ധിമുട്ടി. ഒടുവിൽ നിരാശനായി ഖുർആൻ പാരായണം ചെയ്ത് കുറച്ചുസമയം അവിടെ ചെലവഴിക്കും. നൂറുകണക്കിനു ഗ്രന്ഥങ്ങളുള്ള ആ ലൈബ്രറിയിൽ അദ്ദേഹത്തിനു വായിക്കാനറിയാവുന്ന ഒരു ഗ്രന്ഥവും ഉണ്ടായിരുന്നില്ല. പാരായണം ചെയ്യാനറിയാവുന്ന ഒരു പുസ്തകം ഉണ്ടായിരുന്നു- ഖുർആൻ!.
ആദ്യ നാളുകളിൽ മലയാളം വായിക്കാനാവാതെയും മലയാളം പറയാനാവാതെയും കൊച്ചാപ്പ ഒരുപാട് വലഞ്ഞിട്ടുണ്ട്. നാട്ടിൽ നിന്ന് വന്നപ്പോൾ അലുവ പൊതിഞ്ഞുകൊണ്ടുവന്ന എണ്ണമെഴുക്കു പറ്റിയ മനോരമയുടെ പ്രാദേശികം പേജ് ചുരുട്ടിക്കൂട്ടി കളയാതെ വെച്ചിരുന്നതുകൊണ്ട് അത്രയുമായി. ദിവസവും കിടക്കും മുമ്പ് ഒരു പുണ്യഗ്രന്ഥം നിവർത്തിയിട്ടെന്നപോലെ അദ്ദേഹം അത് വായിച്ചു.""അരൂക്കുറ്റിയിൽ മോഷണം വ്യാപകം'' ""ആറാട്ടുപുഴയിൽ കുടിവെള്ള ക്ഷാമം രൂക്ഷം'' ""ഇന്ന് വൈദ്യുതി മുടങ്ങും''

ഒന്നൊന്നര മാസം കഴിഞ്ഞപ്പോഴേക്ക് അമിതമായ ഉപയോഗം കാരണം ഈ പ്രാദേശികം പേജ് പിഞ്ഞിപ്പോയിരുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ളൊരു സ്മാരകം സംരക്ഷിക്കുന്ന ഗൗരവത്തിൽ അതിനെ പരിപാലിക്കാൻ ശ്രമിച്ചുവെങ്കിലും തന്റെ കൈകളിലിരുന്ന് ആ പേപ്പർ കഷണം പയ്യെപ്പയ്യെ അഴുകി ദ്രവിച്ചുപോയി.
പിന്നെ കുറേക്കാലം സ്വന്തമായി വാർത്തകൾ എഴുതി വായിക്കുമായിരുന്നു. നാടിനെ ഓർത്തുകൊണ്ടും ഇടയ്‌ക്കൊക്കെ നാട്ടിലേക്ക് ഫോൺ ചെയ്യുന്ന രണ്ടോ മൂന്നോ മിനിട്ടിൽ കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് വാർത്തകൾ ചമയ്ക്കുന്നത്.

മിന്നലേറ്റു.
ആറാട്ടുപുഴ : ഇന്നലെ ഉണ്ടായ ഇടിയിലും മിന്നലിലും കക്കാ സുകുമാരന്റെ വീട്ടിലെ ഫോൺ അടിച്ചുപോയി.
""ശ്രീനാരായണ ഗുരു സാമൂഹിക പരിഷ്‌കർത്താവ് - ചെന്നിത്തല''
""തൃക്കുന്നപ്പുഴയിൽ പേപ്പട്ടി ശല്യം രൂക്ഷം''
ഇങ്ങനെ ചെറിയ ചെറിയ വാർത്തകൾ.

ജയിലിലെത്തി നാലു മാസങ്ങൾക്ക് ശേഷമാണ് ആദ്യമായി കൊച്ചാപ്പയുടെ അനിയന്മാർ സന്ദർശനത്തിനെത്തുന്നത്. അവർ മൂന്നാലു ദിവസത്തെ മാതൃഭൂമി കൊണ്ടുക്കൊടുത്തു. അവയിൽ വൈക്കം മുഹമ്മദ് ബഷീർ അന്തരിച്ച വാർത്തയും അനുബന്ധ കുറിപ്പുകളും നിറഞ്ഞുനിന്നു. കൊച്ചാപ്പ അന്നു രാത്രി തന്റെ മുറിയിലിരുന്ന് ഒരുപാട് കരഞ്ഞു. രണ്ടാമത്തെ പ്രാവശ്യം അവർ സന്ദർശനത്തിനെത്തുന്നത് പിന്നെയും നാലു മാസങ്ങൾ കഴിഞ്ഞ് കൂത്തുപറമ്പ് വെടിവെയ്പ്പിൽ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിനേപ്പറ്റിയുള്ള വാർത്തകളുമായാണ്.

1996 ജൂലൈയിൽ അദ്ദേഹം ആദ്യത്തെ വെക്കേഷനു വന്നു. 1997 ജനുവരിയിൽ വീണ്ടും സൗദിയിലേക്ക് തിരിച്ചുപോകുമ്പോൾ കൊച്ചാപ്പായുടെ ലഗേജിൽ ഉണ്ടായിരുന്നത് ഇരുപതു കിലോയ്ക്കുമുകളിൽ വരുന്ന പത്രക്കെട്ടുകളും ദേശാഭിവർദ്ധിനി വായനശാല പാരിതോഷികമായി നൽകിയ കുറേ പുസ്തകങ്ങളും സൗദാക്കൊച്ചുമ്മായുടെ വക സ്‌പെഷ്യൽ കടുമാങ്ങ അച്ചാറും രണ്ടുകിലോ ഇറച്ചി വറുത്തതും മാത്രമായിരുന്നു
ഞാനാണ് ലഗേജിനു മുകളിൽ മാസ്‌കിംഗ് ടേപ്പ് ഒട്ടിച്ച് ലേബൽ ചെയ്തത്ABDUL MAJEED. TVM to RIYADH.▮

(തുടരും)


ഷഫീക്ക് മുസ്തഫ

കഥാകൃത്ത്​. കുവൈത്തിലും യു.എ.ഇയിലും രണ്ടു പതിറ്റാണ്ട്​ പ്രവാസ ജീവിതം. വിവിധ കമ്പനികളിൽ ഫയർ ഫൈറ്റിംഗ്​ സിസ്​റ്റം ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്​തു. കോവിഡ്​കാല പ്രതിസന്ധികൾക്കിടെ നാട്ടിൽ തിരിച്ചെത്തി

Comments