ചിത്രീകരണം : ദേവപ്രകാശ്

​52കാരനായ ടീ ബോയ് പണ്ഡിറ്റ്ജി

ഇനി, പണ്ട് ജോലി ചെയ്തിരുന്ന ഓഫീസുമായി ബന്ധപ്പെട്ട ചില ഗോസിപ്പുകൾ പറയാം

ണ്ഡിറ്റ്ജി കമ്പനിയിലെ ടീ ബോയ് ആണ്.
പ്രായം വെച്ചു നോക്കുമ്പോൾ ടീ മാൻ എന്നോ ടീ മേക്കറെന്നോ ആണ് അദ്ദേഹത്തെ പരിചയപ്പെടുത്തേണ്ടത്. പേ റോളിലെ ഡെസിഗ്‌നേഷൻ ടീ ബോയ് എന്നായതുകൊണ്ട് ഇങ്ങനെ പരിചയപ്പെടുത്തുന്നുവെന്നേയുള്ളൂ. സാലറി സ്ലിപ്പിൽ ടീ ബോയ് എന്നു കാണുന്നതിൽ പണ്ഡിറ്റ്ജിക്കും അലോഹ്യമൊന്നുമില്ല. ഇരുപത്തിയേഴുകൊല്ലം മുമ്പ് ജോലിക്ക് കയറിയപ്പോൾ ബോയ് ആയിരുന്നു. അൻപത്തി രണ്ടാം വയസ്സിലും ബോയ് തന്നെ. ചായക്കും കാപ്പിക്കും മാറ്റമില്ലാത്തതുപോലെ പണ്ഡിറ്റ്ജിയുടെ ജോലിക്കും മാറ്റമില്ല. പണ്ടേ നീണ്ടുമെലിഞ്ഞ പ്രകൃതമായിരുന്നു. ഇപ്പോഴും അതുതന്നെ. ഇടയ്ക്കിടെ മാറാറുള്ളത് യൂണിഫോമിന്റെ ഭാഗമായ ജാക്കറ്റിന്റെയും തലപ്പാവിന്റെയും കളർ മാത്രമാണ്.

എല്ലാ എംപ്ലോയീസിനും രാവിലെ പത്തുമണിക്ക് ഒരു ചായ, വൈകിട്ട് മൂന്നുമണിക്ക് ഒരു ചായ എന്നതാണ് സാധാരണ കണക്ക്. അതിൽ കൂടുതൽ മാനേജർമാർക്കുപോലും കൊടുക്കേണ്ടതില്ല. അധികജോലി വരുന്നത്, ക്യാബിനിലുള്ള മാനേജർമാർക്ക് വിസിറ്റേഴ്‌സ് ഉള്ളപ്പോഴും, മീറ്റിംഗുകൾ ഉള്ളപ്പോഴുമാണ്. ഇത്രമാത്രം ചെയ്താൽ മതിയെങ്കിൽ പണ്ഡിറ്റ്ജി ഒരു ജോലിത്തിരക്കുള്ള ആളാകുമായിരുന്നില്ല. പക്ഷേ, അദ്ദേഹത്തെ എപ്പോഴും കാണാനാവുക തിരക്കുപിടിച്ചൊരാളായിട്ടാണ്.

നിയമപ്രകാരം ചെയ്യേണ്ടതിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നൊരാളാണദ്ദേഹം. ഒരൽപം ഇടവേള കിട്ടിയാൽ തന്റെ ചായട്രേയുമായി അയാൾ ഓരോ ഡിവിഷനുകളുടേയും ഇടനാഴിയിലൂടെ നടക്കും. ഓരോ എംപ്ലോയീസിന്റെയും അടുക്കൽ ഒരു നിമിഷം സ്റ്റോപ്പ് ചെയ്തിട്ട് ട്രേയിൽ പതുക്കെ താളം പിടിക്കും. അന്നേദിവസം തന്റെ നാവിലുടക്കിപ്പോയ ഒരു പഴയ ഹിന്ദിപ്പാട്ട് മൂളും. അങ്ങനെ പാട്ടുമൂളി താളം തട്ടിക്കൊണ്ടു നിൽക്കുന്നതിനിടെ പണ്ഡിറ്റ്ജി തന്റെ വലതു പുരികം ഉയർത്തും. അതൊരു ചോദ്യമാണ്: "ചായയോ കാപ്പിയോ?'

ഇങ്ങനെ ഹിന്ദിപ്പാട്ടിനോടൊപ്പം കിട്ടുന്ന ചായ, അല്ലെങ്കിൽ കാപ്പി ഫ്രീയൊന്നുമല്ല. അതിന് പൈസ കൊടുക്കണം. അപ്പോൾ കൊടുക്കണ്ട. പിന്നീട് കൊടുത്താൽ മതി.
എല്ലാ മാസവും ശമ്പളം കിട്ടുന്നതിന്റെ തൊട്ടടുത്ത പ്രവൃത്തി ദിവസം പണ്ഡിറ്റ്ജി ടേബിളിനരികിലെത്തും. മറ്റൊരു ഹിന്ദിപ്പാട്ട് പാടും. ട്രേയിൽ താളം പിടിക്കും. വലതു പുരികം ഉയർത്തും. അതും ചോദ്യമാണ് : ""എവിടെ? പൈസ എവിടെ?''
ഞാൻ MEP ഡിവിഷനിൽ ക്വാണ്ടിറ്റി സർവേയറായി ജോയിൻ ചെയ്ത സമയത്ത് ഈ സിസ്റ്റത്തെപ്പറ്റി അറിയില്ലായിരുന്നു. ദിവസവും അഞ്ചും ആറും ചായകൾ ഞാൻ പണ്ഡിറ്റ്ജിയുടെ കയ്യിൽ നിന്നും വാങ്ങിക്കുടിച്ചു. അങ്ങനെ ഒന്നോ രണ്ടോ ആഴ്ചകൾക്കുള്ളിൽത്തന്നെ ഞാൻ പണ്ഡിറ്റ്ജിയുമായി വലിയ അടുപ്പത്തിലുമായി.

തുടരെത്തുടരെയുള്ള ചായ മാത്രമായിരുന്നില്ല കാരണം, ഹിന്ദിപ്പാട്ടും അതിനു കാരണമാണ്. പണ്ഡിറ്റ്ജിയും ഞാനും മുഹമ്മദ് റാഫിയുടെ ആരാധകർ. പണ്ഡിറ്റ്ജി ട്രേയുമായി എത്തുമ്പോഴെല്ലാം ഞങ്ങൾ തമ്മിൽ ഒരു ചെറിയ പാട്ടുമത്സരം തന്നെ നടക്കും. "ആനേസെ ഹുസ് കേ ആയേ ബഹാ..ർ' എന്നു പണ്ഡിറ്റ്ജി പാടുമ്പോൾ "ജാനേസ ഹുസ് കേ ജായേ ബഹാ..ർ' എന്ന് ഞാൻ. ശേഷം രണ്ടുപേരും കൂടി "ബഡീമസ്താനീഹേ.. മേരീ മെഹബൂബാ' എന്ന് ശ്രുതിചേർന്നു പോകൽ. പണ്ഡിറ്റ്ജി ട്രേയിൽ കൊട്ടുമ്പോൾ ഞാൻ ടേബിളിൽ കൊട്ടും.

ആ മാസം കഴിഞ്ഞ് അടുത്തമാസത്തിന്റെ പുറകണ്ടപ്പോൾ ട്രേയിൽ താളവും വായിൽ പാട്ടുമായി പണ്ഡിറ്റ്ജി എന്നെ സമീപിച്ചു: ""യാഹാം കീ ദൗലത്ത് യഹാം രഹേഗീ, സാഥ് നഹീ യേ ജാനീ..''.
എന്റെ പോക്കറ്റിലുള്ളത് പോരാതെവന്നു. KEO യുടെ ഒരു പ്രൊജക്ട് റിവ്യൂ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഞാൻ പതിയെ പരാതിയല്ലാത്ത രൂപത്തിൽ മാനേജർ ചാന്ദ്‌ലാലിനോട് സങ്കടം പറഞ്ഞു: ""ദിസ് പണ്ഡിറ്റ്ജി ഈസ് ആസ്‌കിംഗ് എ ലോട്ട് ഓഫ് മണി ഫോർ ടീ' (ഈ പണ്ഡിറ്റ്ജി ചായയ്ക്ക് ഒരുപാട് പൈസ ചോദിക്കുന്നു.)'
അമരീഷ് പുരി എന്നാണ് ചാന്ദ് ലാലിനെ കമ്പനിയിൽ എല്ലാവരും വിളിക്കുന്നത്. ആരെപ്പറ്റിയും ഒരു മോശം വാക്കുപോലും പറയാത്ത HVAC-യിലെ ഗായത്രി പോലും ചാന്ദ്‌ലാലിനെ അങ്ങനെയാണ് വിളിക്കുന്നത്.

നോക്കിക്കൊണ്ടിരുന്ന പ്രോസസസ് ആന്റ് ഇൻസ്ട്രുമെന്റ് ഡയഗ്രത്തിൽ നിന്നും കണ്ണെടുത്ത് കസേരയിലേക്ക് ചാരിക്കൊണ്ട് ചാന്ദ്‌ലാൽ പറഞ്ഞു: ""ഇറ്റ് ഈസ് ഇമ്പോർട്ടന്റ് റ്റു കൗണ്ട് ഹൗ മെനി ടീസ് യു ഹാവ് എ ഡേ. യു ആർ എ ക്വാണ്ടിറ്റി സർവേയർ'' (ദിവസോം എത്ര ചായ കുടിക്കുന്നെന്ന് എണ്ണം വേണം മരമണ്ടാ. നീയൊരു ക്വാണ്ടിറ്റി സർവേയറല്ലേ. ഇനി എന്നാണ് ഇതൊക്കെ പഠിക്കുക.'' - ഇങ്ങനെയാണ് ഭാവം കൂടി ഉൾക്കൊണ്ടുള്ള അതിന്റെ പരിഭാഷ.)
അൽപം സാന്ത്വനം ഉണ്ടാവുമെന്നു കരുതിയ ഞാൻ ചാന്ദ്‌ലാലിനു മുമ്പിൽ ചൂളിപ്പോയി. "ഇയാളുടെ രൂപം മാത്രമല്ല അമരീഷ് പുരിയെപ്പോലുള്ളത് സ്വഭാവവും അങ്ങനെതന്നെ ആണല്ലോ' എന്നു ഞാൻ പിറുപിറുത്തു. ജോയിൻ ചെയ്ത ദിവസം പോലും എന്നോട് അയാളുടെ സംസാരം കടുത്തതായിരുന്നു. അയാൾ പറഞ്ഞു:
""നിനക്ക് മുമ്പേ ഇവിടൊരുത്തനുണ്ടായിരുന്നു. അവൻ കണക്കെടുത്തത് തെറ്റിപ്പോയതുകൊണ്ടാണ് ഇപ്പോൾ നിനക്ക് ഇവിടെ അവസരം കിട്ടിയിരിക്കുന്നത്. ഈ അവസരം നീ വേറൊരാൾക്ക് കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കുക.''
അതായത് ജോലിയിൽ തെറ്റുവരുത്തിയാൽ തൂക്കിയെടുത്ത് കളഞ്ഞിട്ട് വേറൊരാളെ വെക്കുമെന്ന്.

ഒരു ദിവസം ചാന്ദ് ലാൽ ഏതോ ടെൻഷനിലിരുന്ന സമയത്ത് പണ്ഡിറ്റ്ജി പാട്ടും പാടി ചായയുമായി ചെന്നു. "ഇങ്ങനെ പാട്ടും പാടി വന്നാൽ തന്റെ തുപ്പലെല്ലാം ഇതിൽ വീഴില്ലേ' എന്നു ചോദിച്ച് ചാന്ദ്‌ലാൽ പണ്ഡിറ്റ്ജിയെ ചാടിക്കടിക്കാൻ ചെന്നു.

നേരത്തേ ഉണ്ടായിരുന്ന വിനോദ് കുമാർ ഒരു കൊമേഴ്‌സ്യൽ ബിൽഡിംഗിന്റെ പ്ലംബിംഗ് മെറ്റീരിയൽ ക്വാണ്ടിറ്റി എടുത്തപ്പോൾ മൂന്നു ഫ്‌ളോറുകൾ മിസ്സായിപ്പോയി. ചെറിയൊരു അശ്രദ്ധ. ഒരു ബിൽഡിംഗിലെ നാലു ഫ്ളോറുകൾ ഒരേ രീതിയിലായിരുന്നതിനാൽ നാലിനും കൂടി ഒരൊറ്റ ഡ്രോയിംഗാണ് ഉണ്ടായിരുന്നത്. ഡ്രോയിംഗിൽ നിന്ന് ക്വാണ്ടിറ്റി എടുത്തപ്പോൾ പക്ഷേ നാലുകൊണ്ട് ഗുണിക്കാൻ വിനോദ് വിട്ടുപോയി. ഇതേ കാരണത്താൽ കമ്പനിയുടെ പ്രൈസ് മറ്റു പാർട്ടികളേക്കാൾ കുറയുകയും പ്രൊജക്ട് കമ്പനിക്ക് കിട്ടുകയും ചെയ്തു. അനന്തരം സെയിൽസ് ടീം പ്രൊജക്ട് ടീമിന് ഫയലുകൾ കൈമാറി.

അതെല്ലാം വായിച്ചു പഠിച്ച ശേഷം പ്രൊജക്ട് ടീം നിലവിളിച്ചു: "മൂന്നു ഫ്‌ളോറുകളിലെ ക്ലോസറ്റുകളും വാഷ് ബേസിനുകളും കാണാനില്ല'.
ചാന്ദ്‌ലാലിന്റെ കസേര തെറിക്കേണ്ട കേസായിരുന്നു. വിനോദ് തെറ്റുവരുത്തിയാലും അത് ചെക്ക് ചെയ്ത് തിരുത്തേണ്ട കടമ ചാന്ദ്‌ലാലിനാണല്ലോ. എന്നാൽ ഇവിടെ എന്തോ, വിനോദ് തെറിക്കുകയും ചാന്ദ്‌ലാൽ തുടരുകയും ചെയ്തു.
പണ്ഡിറ്റ്ജി ചാന്ദ്‌ലാലിന്റെ നാട്ടുകാരനാണ്. എന്നാൽ പണ്ഡിറ്റ്ജിക്ക് കമ്പനിയിൽ ആരോടെങ്കിലും അല്പം ഇഷ്ടക്കേടുണ്ടെങ്കിൽ അത് ചാന്ദ്‌ലാലിനോടേയുള്ളൂ.

""എന്തോരു മനുഷ്യനാണ് ഇങ്ങേര്​? ഒരു മൂളിപ്പാട്ടുപോലും പാടാത്ത മനുഷ്യൻ'' - പണ്ഡിറ്റ്ജി പറയും. അതിനു കാരണമായ സംഭവം ഇങ്ങനെയാണ്: ഒരു ദിവസം ചാന്ദ് ലാൽ ഏതോ ടെൻഷനിലിരുന്ന സമയത്ത് പണ്ഡിറ്റ്ജി പാട്ടും പാടി ചായയുമായി ചെന്നു. "ഇങ്ങനെ പാട്ടും പാടി വന്നാൽ തന്റെ തുപ്പലെല്ലാം ഇതിൽ വീഴില്ലേ' എന്നു ചോദിച്ച് ചാന്ദ്‌ലാൽ പണ്ഡിറ്റ്ജിയെ ചാടിക്കടിക്കാൻ ചെന്നു.
അന്ന് പണ്ഡിറ്റ്ജി എല്ലാവരോടും ഓടിനടന്ന് ചാന്ദ്‌ലാലിന്റെ കുറ്റവും കുറവുകളും പറഞ്ഞു. "ഇങ്ങേരുടെ പരമ്പരയേ ഇത്തരം സ്വഭാവക്കാരാണെന്നും പാവങ്ങളെക്കൊണ്ട് പണിചെയ്യിച്ചാൽ കൂലി കൊടുക്കാത്തയാളായിരുന്നു ചാന്ദ്‌ലാലിന്റെ അപ്പൂപ്പനെന്നും. അച്ഛനും അത്രനല്ലവനല്ലെന്നുമെല്ലാം പറഞ്ഞു നടന്നു. ഇങ്ങേരുടെ കയ്യിലിരിപ്പ് കാരണമാണ് സ്വന്തം ഭാര്യപോലും അയാളെ വിട്ട് ഓടിപ്പോയതെന്നും പണ്ഡിറ്റ്ജി പറഞ്ഞു.

പണ്ഡിറ്റ്ജി പറഞ്ഞ കാര്യങ്ങൾ എല്ലാവർക്കും പുതിയ അറിവായിരുന്നു. പ്രത്യേകിച്ചും ഭാര്യയെപ്പറ്റി പറഞ്ഞത്. ലഞ്ച് ബ്രേക്കിന് എല്ലാവരും കൂട്ടം കൂടി ഇതുതന്നെ ചർച്ചചെയ്തു. ഞാൻ ഒഴികെയുള്ളവർ പരിതപിച്ചു: ""അയ്യോ പാവം.. അതുകൊണ്ടായിരിക്കും അങ്ങേര് ഇങ്ങനെ ദേഷ്യക്കാരനായത്!''.
ഞാൻ പറഞ്ഞു: ""ഒരു പെണ്ണ് എങ്ങനെ ഇങ്ങേരോടൊപ്പം കഴിയും.. ഇതല്ലേ സ്വഭാവം''.

സ്വഭാവം കാരണമാണോ പെണ്ണു പോയത്, അതോ പെണ്ണുകാരണമാണോ സ്വഭാവം പോയത് എന്ന ആ ചർച്ച കുറച്ചു ദിവസങ്ങൾ കൂടി നീണ്ടു. അതിനിടെ ഒരു ദിവസം രണ്ട് യുവതികൾ ചാന്ദ്‌ലാലിനെ സന്ദർശിച്ചു.
ചാന്ദ്‌ലാൽ അവരെയും കൊണ്ട് ഓരോ ടേബിളിലും വന്ന് പരിചയപ്പെടുത്തി. ""മീറ്റ് മൈ വൈഫ് ശീതൾ.. ആന്റ് ദിസ് ഈസ് മൈ ഡോട്ടർ ചാന്ദ്‌നി''
രണ്ടുപേരും, ശീതളും ചാന്ദ്‌നിയും സൗന്ദര്യത്തിൽ ഒന്നിനൊന്ന് മികച്ചുനിന്നു. ജ്യേഷ്ഠത്തി- അനുജത്തിമാരാണെന്നേ തോന്നൂ. അവർ രണ്ടുപേരും എംപ്ലോയീസിനോട് പുഞ്ചിരിയോടെ പെരുമാറി. ഓരോരുത്തരോടും നാടും വീടും താമസസ്ഥലവുമൊക്കെ ഹ്രസ്വമായി ചോദിച്ച് അവർ മുന്നോട്ടു നീങ്ങി. ഗായത്രിയോടും ഫൗസിയോടും റോമിലയോടും അവർ കൂടുതൽ അടുപ്പമുള്ളതുപോലെ വിശേഷങ്ങൾ ചോദിച്ചു. മറ്റു ലേഡീസിനോടും ഏതാണ്ട് അതേ.

ഊഹങ്ങളുടെപുറത്ത് കഥമെനയുമ്പോൾ അത് ഏതു ഭാഗത്തോട്ടു വേണമെങ്കിലും പോകാം. ഒരാളിൽ നിന്നും മറ്റൊരാളിലേക്കും അവിടെനിന്നും വേറൊരാളിലേക്കും പോകാം. ഫോക്കസ്സുകൾ അങ്ങോട്ടുമിങ്ങോട്ടും മാറാം

അവർ സുന്ദരികളായിരുന്നു എന്നത് എനിക്ക് മറ്റുള്ളവർ പറഞ്ഞുള്ള അറിവാണ്. ദൗർഭാഗ്യകരമെന്നു പറയട്ടെ, ഈ സമയത്ത് ഞാൻ ഡ്രോയിംഗ് സെക്ഷനിൽ പ്രിന്റൗട്ട് എടുക്കാൻ പോയിരുന്നതുകൊണ്ട് എനിക്കു മാത്രം ചാന്ദ്‌ലാലിന്റെ ഭാര്യയെയും മകളേയും കാണാൻ പറ്റിയില്ല. ഞാൻ തിരിച്ചു വന്നപ്പോൾ ഇലക്ട്രിക്കൽ എൻജിനീയർ രൂപേഷ് എന്നോട് നാലു വാക്കുകളിൽ കാര്യങ്ങൾ വിവരിച്ചു: "ഊശ്ശെന്റെ മോനെ.. നിനക്ക് മിസ്സായി''.
അതു കേട്ട് എനിക്ക് വലിയ നിരാശ തോന്നി. ചാന്ദ്‌ലാലിന്റെ ക്യാബിനിലേക്ക് കയറിച്ചെന്ന് "മിസ്റ്റർ ചാന്ദ്‌ലാൽ, നിങ്ങളുടെ ഭാര്യയും മകളും വന്നിട്ട് എന്നെയൊന്ന് കാണിക്കാഞ്ഞത് മോശമായിപ്പോയി' എന്നു പറയണമെന്നു പോലും എനിക്കു തോന്നി. അവരെ കാണാൻ കഴിയാത്ത ദുഃഖം കമ്പനിവിട്ട് വർഷങ്ങൾ കഴിഞ്ഞ ശേഷവും എന്നെ വിട്ടുപോയില്ല. ഇപ്പഴും വിട്ടുപോയിട്ടില്ല.
അവർ രണ്ടുപേരുടേയും, ശീതളിന്റേയും ചാന്ദ്‌നിയുടേയും, രൂപഭംഗിയും ശീതളിന്റെ ചെറുപ്പവും ലഞ്ച് ബ്രേക്കിനു മുമ്പുതന്നെ ചർച്ചകൾക്ക് വഴിവെച്ചു. ലഞ്ച് ബ്രേക്കിന് കൂടിയപ്പോഴാവട്ടെ, ചർച്ചകൾ കൂടുതൽ തുറന്നതായി.
പണ്ഡിറ്റ്ജി ഈ ലഞ്ച് ചർച്ചകളിൽ പങ്കെടുക്കാറില്ല. അയാൾ അപ്പോൾ കിച്ചണിൽ ഫ്രിഡ്ജിലേക്ക് ചാരിയിരുന്ന് ചെറിയ മയക്കത്തിലാവും.

ഊഹങ്ങളുടെ പുറത്ത് കഥമെനയുമ്പോൾ അത് ഏതു ഭാഗത്തോട്ടു വേണമെങ്കിലും പോകാം. ഒരാളിൽ നിന്നും മറ്റൊരാളിലേക്കും അവിടെനിന്നും വേറൊരാളിലേക്കും പോകാം. ഫോക്കസ്സുകൾ അങ്ങോട്ടുമിങ്ങോട്ടും മാറാം. അന്നത്തെ ചർച്ച അങ്ങനെയൊരു ചർച്ചയായിരുന്നു. ഊഹങ്ങൾക്ക് ഒരു ഗതി കിട്ടുന്നതുവരെ അവ പല കടവുകളിലും കടത്തിറങ്ങി.

ആ ചർച്ചയിൽ കൂടുതൽ സമയവും "ജ്യേഷ്ഠത്തി അനുജത്തി' തിയറിയെ അവലംബിച്ചായിരുന്നു. ചില വാദങ്ങൾ ഇങ്ങനെയാണ്: അവരെക്കണ്ടാൽ അങ്ങനെ തോന്നുന്നെങ്കിൽ അതിന്റെയർഥം രണ്ടുപേർക്കും ചാന്ദ്​ലാലിന്റെ മക്കളാകാനുള്ള പ്രായമേയുള്ളൂ എന്നുമാത്രമാണ്. ശീതളിനെപ്പോലൊരു ചെറുപ്പക്കാരിക്ക് ചാന്ദ്നിയെപ്പോലെ ഒരു മകൾ? സാധ്യതയേ ഇല്ല. ചാന്ദ്​ലാലിന്റെ മകളാണ് ചാന്ദ്നി. എന്നുവന്നാൽ, അവൾ അയാളുടെ ആദ്യത്തെ ഭാര്യയുടെ മകളായിരിക്കും. പണ്ഡിറ്റ്ജി പറഞ്ഞതുപോലെ, അവർ ഓടിപ്പോയ ശേഷം ചാന്ദ്​ലാൽ ശീതളിനെ കല്യാണം കഴിച്ചതായിരിക്കാം.

മറുവാദങ്ങൾ ഇങ്ങനെയാണ്: "രണ്ടുപേരെയും കണ്ടാൽ ഒരുപോലെയാണിരിക്കുന്നത്. അതുകൊണ്ട് അവർ അമ്മയും മകളും ആയിരിക്കാം. ചില പെണ്ണുങ്ങൾക്ക് വയസ്സ് തോന്നിക്കില്ല. ബോളിവുഡിൽ എത്രയോ നടിമാരുണ്ട്, ഇപ്പോഴും യൗവനം വിടാത്ത വയസ്സത്തിമാർ. അതുകൊണ്ട്, അവർ അമ്മയും മകളും തന്നെയാണ്. പണ്ഡിറ്റ്ജി കള്ളം പറഞ്ഞതാവും. അതീവ സുന്ദരിയും പ്രായക്കുറവ് തോന്നിക്കുന്നതുമായ ഭാര്യ ഉള്ളതുകൊണ്ടാവും ചാന്ദ്‌ലാൽ കർക്കശക്കാരനും ദേഷ്യക്കാരനും ആയിരിക്കുന്നത്. (അവസാനത്തെ സൈക്യാട്രിക്ക് അഭിപ്രായം എന്റേത്.)

റമദാൻ മാസം കിച്ചണുകൾ ഓപ്പൺ ചെയ്തിരിക്കുന്നതിനെ മുതലാളിയുടെ മതേതരത്വവുമായാണ് എല്ലാവരും ബന്ധിപ്പിക്കുക. പക്ഷേ പണ്ഡിറ്റ്ജിയുടെ കണ്ടെത്തൽ വേറേയാണ്

ഇക്കാര്യത്തിൽ വാദങ്ങളും മറുവാദങ്ങളും തുടർന്നുകൊണ്ടേയിരുന്നാലും അതിശയമില്ല. ഒരാളുടെ ഭാര്യ ഓടിപ്പോയതിനെപ്പറ്റി അയാളോട് ചോദിച്ചറിയാൻ പറ്റില്ലല്ലോ. ഭാര്യ മരിച്ചു പോകുന്നതുപോലെ അല്ലല്ലോ ഓടിപ്പോകുന്നത്. നാട്ടിൻപുറത്തായിരുന്നുവെങ്കിൽ ഓരോ ആളുകളുടേയും ഉള്ളുകള്ളികൾ എല്ലാവർക്കും അറിയാൻ പറ്റും. അതുപോലെയാണോ ഗൾഫിലെ ഫ്‌ളാറ്റുകളിൽ താമസിക്കുന്നവരുടെ കാര്യം?. എന്താ ഏതാന്ന് ആർക്കറിയാം? നാട്ടിൽ പകുതി ജീവിച്ചിട്ട് ഗൾഫിൽ വന്ന് ജീവിതം തുടരുന്ന ആളുകളെ കുറ്റം പറയാൻ പറ്റില്ല. നാട്ടിലായിരുന്നപ്പോൾ, മറ്റുള്ളവരുടെ ജീവിതത്തിലെ സംഭവവികാസങ്ങൾ അവരുടെ ജീവിതത്തിലേതുകൂടി ആയിരുന്നു? അയൽക്കാരനെ അറിയാതെ, സഹപ്രവർത്തകനെ അറിയാതെ, ഒരാൾ എന്തിനു ജീവിക്കണം? അവസരങ്ങൾ കിട്ടിയാൽ ഗൃഹാതുരരാവുകയല്ലാതെ പ്രവാസികൾക്ക് ഗത്യന്തരമുണ്ടോ?
വൈകുംനേരത്തെ ചായയുമായി വന്നപ്പോൾ രൂപേഷും ഞാനും മറ്റു ചിലരും പണ്ഡിറ്റ്ജിയോട് അടക്കത്തിൽ ചോദിച്ചു: ""നിങ്ങളല്ലേ പറഞ്ഞത് ചാന്ദ്​ലാലിന്റെ ഭാര്യ ഓടിപ്പോയെന്ന്? എന്നിട്ട് ഇന്നു വന്നതോ?''
പണ്ഡിറ്റ്ജി അവരോടെല്ലാം അടക്കത്തിൽത്തന്നെ പറഞ്ഞു: ""അത് രണ്ടാം ഭാര്യയാ.''
""അങ്ങനെയെങ്കിൽ അവർ രണ്ടുപേരും ഒരുപോലെയിരിക്കുന്നതോ?''
""അത് നിങ്ങൾക്ക് തോന്നുന്നതാണ്. കൊറിയക്കാരെല്ലാം ഒരുപോലെയിരിക്കുന്നതായി നിങ്ങൾക്ക് തോന്നുന്നില്ലേ?. എന്നുവെച്ച് അവരെല്ലാം ഒരേ കുടുംബത്തിലുള്ളവരാണോ?''

അന്ന് ഡാലിം എന്നൊരു കൊറിയൻ കമ്പനിയിൽ നിന്നുള്ള ചില വിസിറ്റേഴ്‌സിന് വന്നിരുന്നു. അവർക്ക് ചായ വിളമ്പുമ്പോൾ ആരൊക്കെയാണ് മധുരം കുറഞ്ഞത് ഓർഡർ ചെയ്തത് എന്നകാര്യത്തിൽ പണ്ഡിറ്റ്ജിക്ക് ആകെ കൺഫ്യൂഷനായിപ്പോയി. കൊറിയക്കാരുടെ ഉപമ പണ്ഡിറ്റ്ജിക്ക് ആ അനുഭവത്തിൽ നിന്നു കിട്ടിയതാണ്.
വൈകുംനേരത്തെ ചായയുടെ കാലി ഗ്ലാസ്സുകൾ കളക്ട് ചെയ്യാൻ വന്നപ്പോൾ പണ്ഡിറ്റ്ജി പറഞ്ഞു: ""ചാന്ദ്‌ലാലിന്റെ കയ്യിൽ പൂത്ത കാശുണ്ട്. കാശുണ്ടെങ്കിൽ പിന്നെ ഒന്നു പോയാൽ വേറൊന്നിനെ കെട്ടാമല്ലോ.''

പണ്ഡിറ്റ്ജി പറയുന്ന കാര്യങ്ങൾക്കെല്ലാം വ്യക്തമായ കാരണവുമുണ്ടാകും. ലോജിക്കുവെച്ച് ചിന്തിക്കുന്നൊരാളാണയാൾ. പണ്ഡിറ്റ്ജി ക്ലെവർ ആണെന്ന് മാനേജർമാർ പോലും അഭിപ്രായപ്പെട്ടിട്ടുണ്ട്. റമദാൻ മാസം കിച്ചണുകൾ ഓപ്പൺ ചെയ്തിരിക്കുന്നതിനെ മുതലാളിയുടെ മതേതരത്വവുമായാണ് എല്ലാവരും ബന്ധിപ്പിക്കുക. പക്ഷേ പണ്ഡിറ്റ്ജിയുടെ കണ്ടെത്തൽ വേറേയാണ്. പണ്ഡിറ്റ്ജി പറയും: ""ചായ എന്നു പറഞ്ഞാൽ എനർജിയാണ്. പത്തുപന്തീരായിരം തൊഴിലാളികളുള്ള കമ്പനിയിൽ ചായ ഇല്ലെന്നുവന്നാൽ എത്രയാണ് എനർജി നഷ്ടം? എനർജി ഇല്ലെങ്കിൽ എന്തെങ്കിലും നടക്കുമോ? അതുകൊണ്ടാണ് കമ്പനിയിൽ ചായ നിർത്തലാക്കാത്തത്. തൊഴിലാളികൾ ഉന്മേഷത്തോടെ പണി ചെയ്യണം. അതുമാത്രമാണ് മുതലാളിയുടെ ഉദ്ദേശം. മതേതരത്വം പിന്നെയേ വരുന്നുള്ളൂ.''

ഒരു ദിവസം ചാന്ദ്‌ലാലിന്റെ ക്യാബിനിൽ നിന്ന് പണ്ഡിറ്റ്ജിക്ക് വിളിവന്നു: "പണ്ഡിറ്റ്, ഒരു ചായയും ഒരു ഗ്ലാസ്സ് വെള്ളവും വേണം'
വിസിറ്റേഴ്‌സ് ഉണ്ടെങ്കിലല്ലാതെ ചാന്ദ്​ലാൽ അയാളെ വിളിക്കാറില്ല. പിശുക്കു കാരണമാണെന്നാണ് പണ്ഡിറ്റ്ജി പറയാറ്. കൂടുതൽ ചായ കൂടുതൽ സൗഹൃദത്തിനു കാരണമാകുമോ എന്ന് ഭയക്കുന്നതുകൊണ്ടുമാവാം.
വെള്ളവും ചായയും ചാന്ദ്​ലാലിന്റെ ടേബിളിൽ വെച്ച പാടേ ഒരു ഗുളികയെടുത്ത് വായിലിട്ട് ചാന്ദ്‌ലാൽ വെള്ളമെടുത്തു കുടിച്ചു. ഡോർ തുറന്ന് പുറത്തേക്ക് പോകാനിറങ്ങിയ പണ്ഡിറ്റ്ജിയെ ചാന്ദ്‌ലാൽ വിളിച്ചു:
""പണ്ഡിറ്റ്, നിങ്ങൾക്ക് എന്തെങ്കിലും വിഷമമുണ്ടോ?''
""ഏയ് ഇല്ല.''
എന്താണിപ്പോൾ ഒരു സുഖാന്വേഷണം എന്ന ചിന്തയിൽ പണ്ഡിറ്റ്ജി തിരിഞ്ഞുനിൽക്കുമ്പോഴാണ് ശ്രദ്ധിക്കുന്നത്, ചാന്ദ്​ലാലിന്റെ മുഖം ആകെ മങ്ങിയിരിക്കുന്നു. വീക്കെന്റിനു ശേഷം ഷേവ് ചെയ്യാത്തതുകാരണം കുറ്റിരോമങ്ങൾ കവിളുകളിലും പഴുതാരമീശയുടെ മുകൾ ഭാഗത്തുമെല്ലാം പൂപ്പൽ പോലെ കിളിർത്തിരിക്കുന്നു. വസ്ത്രം മുഷിഞ്ഞിരിക്കുന്നു. നെക്ക് ടൈ എങ്ങനെയോ കെട്ടിയിരിക്കുകയാണ്. കോളറിനുള്ളിൽ നിന്നും ഇരുവശത്തേക്കും അഴുക്ക് എത്തിനോക്കുന്നു. ഇത്ര അശ്രദ്ധനായും ഇത്ര മുഷിഞ്ഞവനായും ചാന്ദ്​ലാലിനെ പണ്ഡിറ്റ്ജി കണ്ടിട്ടേയില്ല. അയാളുടെ സോക്‌സുകൾ രണ്ടും രണ്ടുതരമായിരിക്കും എന്നുപോലും പണ്ഡിറ്റ്ജിക്ക് തോന്നി.

""പണ്ഡിറ്റ്, പിന്നെ എന്തുകൊണ്ടാണ് നിങ്ങൾ ഇപ്പോൾ പാട്ടുകൾ പാടാത്തത്? നിങ്ങൾ മുമ്പ് പാട്ടുകൾ പാടിയിരുന്നതായാണ് എന്റെ ഓർമ്മ. ഇപ്പോൾ നിങ്ങൾ പാടുന്നതായി കാണുന്നില്ല?''
ചാന്ദ്​ലാലിനു മുന്നിൽ പാടുന്നത് നിർത്തിയിട്ട് അപ്പോഴേക്കും മാസങ്ങൾ കഴിഞ്ഞിരുന്നു. ഇപ്പോഴാണോ ഇയാളിത് ശ്രദ്ധിക്കുന്നത്? പണ്ഡിറ്റ്ജി അതിശയിച്ചു.
""ഓ.. പാടുമ്പോൾ ചായയിൽ തുപ്പൽ തെറിക്കുമല്ലോ എന്നോർത്ത് ഞാൻ അതങ്ങ് നിർത്തി.'' പണ്ഡിറ്റ്ജി അലക്ഷ്യമായി പറഞ്ഞു.

""ഹഹ.. പാടുമ്പോൾ പാട്ടാണ് പുറത്തേക്ക് തെറിക്കുക എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.'' - ചാന്ദ്‌ലാൽ മങ്ങിയ മുഖത്തെ വികൃതമാക്കിക്കൊണ്ട് ചിരിച്ചു. അത് നിലനിർത്തിക്കൊണ്ട് അയാൾ തുടർന്നു: ""പാട്ടിനൊപ്പം അല്പം തുപ്പൽ തെറിച്ചാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല.''
""ജീ..'' പണ്ഡിറ്റ്ജി ഒന്നു മൂളുകമാത്രം ചെയ്തു.
കൂടുതൽ എന്തോ പറയണമെന്നപോലെ ചാന്ദ്‌ലാലും എന്തോ കേൾക്കാനെന്ന പോലെ പണ്ഡിറ്റ്ജിയും പരസ്പരം നോക്കി. പക്ഷേ, അവർ എന്തെങ്കിലും പറയുകയോ കേൾക്കുകയോ ചെയ്തില്ല.

പണ്ഡിറ്റ്ജി ക്യാബിനിൽ നിന്നിറങ്ങി നേരേ രൂപേഷിന്റെ ടേബിളിൽ ചെന്ന് അവനോട് അടക്കത്തിൽ പറഞ്ഞു: ""രൂപേഷ്, ചാന്ദ്​ലാലിന്റെ രണ്ടാമത്തെ ഭാര്യയും അയാളെ വിട്ടുപോയെന്നാണ് തോന്നുന്നത്.''
ജോലിത്തിരക്കിനിടയിൽ പണ്ഡിറ്റ്ജി കൊണ്ടുവന്ന ഗോസിപ്പ് രൂപേഷിന് രസിച്ചില്ല: ""നിങ്ങളെന്തിനാണ് പണ്ഡിറ്റ്ജീ വെറുതേ തോന്നലുകൾ പറഞ്ഞുനടക്കുന്നത്?''
പണ്ഡിറ്റ്ജി തിരികെ കിച്ചണിലെത്തി അധിക സമയം കഴിഞ്ഞില്ല; ചാന്ദ്‌ലാൽ പിന്നെയും വിളിച്ചു: ''പണ്ഡിറ്റ്, എനിക്കൊരല്പം വെള്ളം കൊണ്ടുവരൂ..''
അയാൾ വെള്ളവുമെടുത്തു വന്ന് ക്യാബിന്റെ ഡോർ തുറക്കുമ്പോൾ ചാന്ദ്‌ലാൽ നിലത്തു വീണു കിടക്കുന്നതാണ് കണ്ടത്. അയാൾ ഓടിച്ചെന്ന് ചാന്ദ്‌ലാലിനെ വലിച്ചുയർത്താൻ ശ്രമിച്ചു. അതു പ്രയാസമാണെന്നു കണ്ടപ്പോൾ മുഖമുയർത്തി മടിയിൽ വെച്ച് വായിലേക്ക് വെള്ളം പകർന്നു. ചാന്ദ്‌ലാലിന്റെ കണ്ണുകൾ തുറിച്ചു വരുന്നതുകണ്ട് പണ്ഡിറ്റ്ജി കൂടുതൽ സംഭ്രമിച്ചു. അയാൾ നിലവിളിച്ചു. ക്യാബിൻ കടന്ന് ശബ്ദം പുറത്തേക്ക് പോകുന്നില്ലെന്നു കണ്ട് അയാൾ ടേബിളിൽ നിന്ന് കാൽക്കുലേറ്റർ കയ്യെത്തിയെടുത്ത് ഗ്ലാസ്സ് വാളിലേക്ക് വലിച്ചെറിഞ്ഞു.

ശബ്ദം കേട്ട് രൂപേഷും ഞാനും മറ്റുള്ളവരും ഓടിച്ചെന്നു. ഞാൻ ചാന്ദ്‌ലാലിന്റെ ഹൃദയഭാഗത്ത് മർദ്ദിക്കുകയും രൂപേഷ് സോക്‌സുകൾ വലിച്ചൂരി കാൽ വെള്ളകളും കൈവെള്ളകളും മാറിമാറിത്തിരുമ്മുകയും ചെയ്തു. ആ സോക്‌സുകൾ രണ്ടും രണ്ടുകളറുകളിലുള്ളതാണെന്ന് പണ്ഡിറ്റ്​ജി ശ്രദ്ധിക്കാതെയിരുന്നില്ല.
ഇതിനിടെ ചാന്ദ്‌ലാലിന്റെ ബോധം മറഞ്ഞു. പണ്ഡിറ്റ്ജി കയ്യിലിരുന്ന വെള്ളം അയാളുടെ മുഖത്തേക്ക് ആഞ്ഞു കുടഞ്ഞു. മൂന്നാലു വട്ടം. ചാന്ദ്‌ലാൽ കണ്ണുകൾ ചിമ്മിച്ചിമ്മിത്തുറന്നു. അല്പം ആശ്വാസത്തോടെ കാണപ്പെട്ടുവെങ്കിലും കണ്ണുകളിലെ വിറളിയും ഭയവും മാഞ്ഞിരുന്നില്ല.
ആംബുലൻസ് എത്തുംവരെ ചാന്ദ്‌ലാലിനെ അയാളുടെ വർക്ക് ടേബിളിനു മുകളിൽ നിവർത്തിക്കിടത്തി. ഏസിയുടെ തണുപ്പിലും വിയർത്തുകൊണ്ടിരുന്നതു കാരണം കുറച്ചുപേർ അയാൾക്കു ചുറ്റും നിന്ന് വീശിക്കൊടുത്തു.
അതിനിടെ രൂപേഷ് പറഞ്ഞു: ""സാറിന്റെ ഭാര്യയെ ഒന്നു വിവരമറിയിക്കണ്ടേ?''
അതുകേൾക്കേ ചാന്ദ്‌ലാൽ രൂപേഷിനു നേരേ ദൃഷ്ടി തുറിപ്പിച്ചു. അയാൾ പകുതി ആംഗ്യത്തിലും പകുതി വാക്കുകളിലും പ്രയാസപ്പെട്ടു പറഞ്ഞു: ""നോ.. നോ.. കാൾ മൈ ഡോട്ടർ (എന്റെ മകൾ ചാന്ദിനിയെ വിളിച്ചാൽ മതി.)'
പണ്ഡിറ്റ്ജിയുടേയ്യും രൂപേഷിന്റേയും കണ്ണുകൾ അറിയാതെ പരസ്പരം കോർത്തു. ഞാൻ അവരെ രണ്ടുപേരെയും മാറിമാറി നോക്കി.

ചാന്ദ്‌ലാൽ രണ്ടാഴ്ചയോളം ഹോസ്പിറ്റലിൽ ചെലവഴിച്ചു. അതിനു ശേഷം രണ്ടാഴ്ച ലീവിലും പോയി. ഇക്കാലയളവിലെല്ലാം ലഞ്ച്‌ബ്രേക്ക് ചർച്ചകൾ കൊഴുത്തു. ഇത്തവണ മറ്റൊരു കാര്യം കൂടി എല്ലാവരും കാര്യമായി ചർച്ച ചെയ്തു: "പണ്ഡിറ്റ്ജി എങ്ങനെയാണ് ഇതെല്ലാം കൃത്യമായി ഗണിച്ചറിയുന്നത്?
"അയാളുടെ ഭാര്യയും ഓടിപ്പോയതാണോ?'
ചർച്ചകൾക്കിടെ റോമില ഒരു ദിവസത്തെ ഓർത്തെടുത്തു: പണ്ഡിറ്റ്ജി ആകെ മുഷിഞ്ഞ് വിഷണ്ണനായി വിളറിവെളുത്ത് ഓഫീസിൽ വന്ന ഒരു ദിവസത്തെ. അന്ന് പണ്ഡിറ്റ്ജി ധരിച്ചിരുന്ന സോക്‌സുകൾ രണ്ടും രണ്ട് നിറത്തിലുള്ളവ ആയിരുന്നു.​▮


ഷഫീക്ക് മുസ്തഫ

കഥാകൃത്ത്​. കുവൈത്തിലും യു.എ.ഇയിലും രണ്ടു പതിറ്റാണ്ട്​ പ്രവാസ ജീവിതം. വിവിധ കമ്പനികളിൽ ഫയർ ഫൈറ്റിംഗ്​ സിസ്​റ്റം ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്​തു. കോവിഡ്​കാല പ്രതിസന്ധികൾക്കിടെ നാട്ടിൽ തിരിച്ചെത്തി

Comments