മനുഷ്യൻ സ്വർഗത്തിൽ നിന്നെത്തിയ ഒരു പ്രവാസി മാത്രമാണ്. തന്റെ ജീവിതം സുഖകരമാക്കുക എന്നതിൽ കവിഞ്ഞ് എന്ത് ഉത്തരവാദിത്തമാണ് ഭൂമിയോട് അവൻ കാണിക്കുക?
ചെറുപ്പത്തിൽ, എയർപോർട്ട് കാണുക എന്നത് കൗതുകമായിരുന്നു. എയർപോർട്ട് കാണാൻ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കിയിരുന്നില്ല. ഗൾഫിൽ പോകുന്നവരോടൊപ്പം പോകാൻ ചാൻസ് കിട്ടിയാൽ ചാടിവീഴുകതന്നെ. അന്നത്തെ കാലത്ത്, ഉമ്മറത്തെങ്കിലും ചെന്നുനിന്ന് കാണാനാവുന്നൊരു വലിയ കെട്ടിടം എയർപോർട്ട് മാത്രമല്ലേയുള്ളൂ. വലിയ കൊട്ടാരങ്ങളിലേക്കോ ഹോട്ടലുകളിലേക്കോ ചുമ്മാ കയറിച്ചെല്ലാൻ പറ്റില്ലല്ലോ. പാറാവുകാരൻ ചോദിക്കും "ആരാ? ഏതാ? എന്താ? എന്തിനാ?'. എന്തുപറയും? "വെറുതേ, ഒന്നു കാണാനാ..' എന്നു പറഞ്ഞാൽ അവർ സമ്മതിക്കുമോ?
കയ്യിലെ വടി ചുഴറ്റി ഓടിച്ചുവിടും.
ഇന്നാണെങ്കിൽ ഓരോ പട്ടണങ്ങളിലും ഷോപ്പിംഗ് മാളുകളുണ്ട്.
ഉള്ളിലേക്കു കയറിയാൽ സ്വർഗം പോലെ തോന്നിക്കുന്ന ഷോപ്പിംഗ് മാളുകൾ. സ്വർഗത്തെക്കുറിച്ചുള്ള സങ്കൽപ്പം എന്റെയുള്ളിൽ ഇന്നുവരെ ഒരു ഷോപ്പിംഗ് മാളിനേക്കാൾ വലുതായിട്ടില്ല എന്നത് ഖേദകരമായിരിക്കാം; പക്ഷേ അതാണ് സത്യം. സ്വർഗത്തിൽ എന്തും കിട്ടും. ഷോപ്പിംഗ് മാളിലും കിട്ടും. വലിയ വിതാനത്തിൽ അലങ്കരിച്ച മാളിനുള്ളിൽ ആരാമങ്ങളുണ്ട്, വിശ്രമസ്ഥലങ്ങളുണ്ട്, കണ്ടതും കാണാത്തതുമായ പലതരം പഴവർഗങ്ങൾ, ആഹാരസാധനങ്ങൾ, ആയിരത്തൊന്ന് ഡിസൈനുകളിലുള്ള വസ്ത്രങ്ങൾ, കളിക്കോപ്പുകൾ, ജീവിതം അനായാസകരമാക്കുന്ന എണ്ണിയാലൊടുങ്ങാത്ത യന്ത്രസാമഗ്രികൾ, ഇലക്ട്രിക്- ഇലക്ട്രോണിക്സ് ഉപകരണങ്ങൾ... അങ്ങനെ എല്ലാമുണ്ട്. (യഥാർഥ സ്വർഗത്തിൽ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കാണില്ലായിരിക്കും. അതിനു പകരമായി മാജിക്കൽ ഡിസ്‌പ്ലേകളും മായക്കാഴ്ചകളും ഉണ്ടാവും.)
ഭൂമിയിലെത്തി ഇത്രകാലമായിട്ടും സ്വർഗത്തിന്റെ ഓർമ മനുഷ്യനിൽ നിന്ന് വിട്ടുപോയിട്ടില്ല. അതുകൊണ്ടാണ് അവൻ ഭൂമിയിൽ സ്വർഗം പണിയാൻ കഷ്ടപ്പെടുന്നത്
എന്തൊക്കെയുണ്ടെങ്കിലും ദൈവത്തിന്റെ സ്വർഗത്തെ വെല്ലുവിളിക്കാൻ മനുഷ്യർക്ക് ആവില്ലല്ലോ. പക്ഷേ മനുഷ്യൻ ദൈവത്തോട് പകരം ചോദിക്കാൻ തുനിയുന്നവനാണ്. പണ്ടുപണ്ട് ദൈവം അവനെ സ്വർഗത്തിൽ നിന്ന് ഇറക്കിവിട്ടു. എന്തൊരു കഷ്ടം! ആദമിനും ഹവ്വക്കും എത്ര സങ്കടമുണ്ടായിക്കാണും? അവർ ഭൂമിയിൽ വന്ന് മൂന്നുമാസമെങ്കിലും ഉറക്കമില്ലാതെ കരഞ്ഞുകാണും.
പിന്നീട്, പറുദീസയുടെ ഓർമകൾ തങ്ങളുടെ പിൻതലമുറകളിലേക്ക് സംക്രമിപ്പിച്ചുകൊണ്ടാണ് അവർ ആ സങ്കടം മറികടന്നത്. ഭൂമിയിലെത്തി ഇത്രകാലമായിട്ടും സ്വർഗത്തിന്റെ ഓർമ മനുഷ്യനിൽ നിന്ന് വിട്ടുപോയിട്ടില്ല. അതുകൊണ്ടാണ് അവൻ ഭൂമിയിൽ സ്വർഗം പണിയാൻ കഷ്ടപ്പെടുന്നത്. വീടുകളും കച്ചവടസ്ഥാപനങ്ങളും സർക്കാർ മന്ദിരങ്ങളും കൊട്ടാരങ്ങളുമെല്ലാം പരമാവധി സ്വർഗസമാനമാക്കാൻ അവൻ ശ്രമിച്ചുകൊണ്ടിക്കുന്നു. ദൈവത്തിന്റെ സ്വർഗം മനുഷ്യപ്രകൃതിയിൽ ലയിപ്പിച്ച കലാമുകുളങ്ങൾ ഓരോ തലമുറകളിലും വിരിയുന്നു. ആ കലാവള്ളി ഓരോ വിഭാഗങ്ങളിലും ഓരോ ഭൂപ്രദേശങ്ങളിലും ഓരോ ജാതികളിലും ഓരോ കാലാവസ്ഥയിലും സൗന്ദര്യസങ്കൽപങ്ങളായി പടർന്നുകയറുന്നു. ഒരു കലാശിൽപം കാണുമ്പോൾ, ഒരു പെയിന്റിംഗ് കാണുമ്പോൾ, സൗന്ദര്യത്തിന്റെ ഒരു ചീന്ത് കാണുമ്പോഴൊക്കെ മനുഷ്യൻ എന്തിനാണ് ആനന്ദിക്കുന്നത്? പണ്ടെങ്ങോ അവന് നഷ്ടപ്പെട്ടുപോയ പറുദീസയെ ഓർമവരുന്നതുകൊണ്ടല്ലേ?
ഷോപ്പിംഗ് മാളുകളെപ്പോലെയും എയർപോർട്ട് പോലെയുമുള്ള ഒരു വലിയ നിർമിതിക്കകത്തു നിൽക്കുമ്പോൾ ഓരോ മനുഷ്യന്റേയും അന്തരംഗത്തിൽ സ്വർഗീയമായ ഏതോ അനുഭൂതി ഉണ്ടാവുന്നു. എന്തോ ഒരു വലിയ കാര്യം സാധിച്ചതുപോലെയോ ഏതോ ഒരു വലിയ നേട്ടത്തിന്റെ ഭാഗമായതുപോലെയോ ഉള്ള തോന്നൽ. ഈ തോന്നലിന് കെട്ടിടത്തിന്റെ വലിപ്പം പോലെതന്നെ പ്രധാനമാണ് അതിന്റെ മേൽക്കൂരയുടെ പൊക്കം. മേൽക്കൂര എത്രയും പൊങ്ങുന്നോ, അനുഭൂതിയും അത്ര വിശാലമാകുന്നു. കൊട്ടാരങ്ങളുടെയെല്ലാം കവാടങ്ങളും മേൽക്കൂരകളും ഉയർത്തി നിർമിച്ചിരുന്നത് അതുകൊണ്ടാവും. താനൊരു വലിയ രാജ്യത്തിന്റെ ഉടയവനാണെന്ന തോന്നൽ കൊട്ടാരം രാജാവിൽ ഉണ്ടാക്കിയെടുക്കും.
ഉയരം കൂടിയ സീലിംഗുകൾക്കുകീഴെ കൂടുതൽ സ്വതന്ത്രരാണെന്ന തോന്നൽ നമുക്കുണ്ടാവുന്നു. ഉയരം കുറഞ്ഞ സീലുംഗുകളെ അപേക്ഷിച്ച് ഉയരം കൂടിയ സീലിംഗുകൾ മനുഷ്യന്റെ സൃഷ്ടിപരതക്ക് ആക്കം കൂട്ടുന്നതായി പഠനങ്ങൾ പറയുന്നുണ്ട്. ജയിലുകളുടെ കവാടങ്ങൾക്ക് ഉയരം കുറച്ചിട്ടുള്ളത് ഉള്ളിലേക്ക് കയറുന്നവരെ ഒന്നു കുനിച്ചു കയറ്റാൻ മാത്രമല്ല, അന്തേവാസിയുടെ അസ്വാതന്ത്ര്യത്തെക്കൂടിയാണ് അത് ഉന്നം വെക്കുന്നത്. ഉള്ളിൽ, ഉയരം കുറഞ്ഞ സീലിംഗുകളിൽ തടവുകാരന്റെ ചിന്തയും സ്വാതന്ത്ര്യവും ശ്വാസം മുട്ടുന്നു. (ജയിലുകളിൽ കിടന്ന് സ്വാതന്ത്ര്യത്തിന്റെ ചിന്തകൾ ആകാശം മുട്ടെ ഉയർത്തിയ മഹാന്മാരുണ്ട്. അവരുടെ മഹത്വത്തെയോർത്ത് നമുക്ക് ആശ്ചര്യപ്പെടാനേ പറ്റൂ.)
സ്വർഗത്തിൽ നിന്ന് ഇറക്കിവിട്ടെങ്കിലും ദൈവം എത്രയോ ഉദാരനും കരുണാമയനുമാണ്. ഭൂമിയുടെ മേൽക്കൂരയായ ആകാശത്തെ അവൻ പരമാവധി ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്നു. മനുഷ്യന്റെ ചിന്തകൾ സ്വതന്ത്രവും വിശാലവുമാവട്ടെ എന്ന് അവൻ ആശിക്കുന്നുണ്ടാവാം.
സ്വർഗത്തിൽ നിന്ന് വന്നതുകൊണ്ടാവും, മനുഷ്യൻ ഭൂമിയോട് യാതൊരു ഉത്തരവാദിത്തവും കാട്ടാത്തത്. അൽപമെങ്കിലും ആത്മബന്ധമുണ്ടെങ്കിൽ അത് "മണ്ണുകൊണ്ട് നിർമിക്കപ്പെട്ടു' എന്നതിനെ മുൻനിർത്തി മാത്രമാണ്. മറ്റെല്ലാ വിധത്തിലും മനുഷ്യൻ സ്വർഗത്തിൽ നിന്നെത്തിയ ഒരു പ്രവാസി മാത്രമാണ്. തന്റെ ജീവിതം സുഖകരമാക്കുക എന്നതിൽ കവിഞ്ഞ് എന്ത് ഉത്തരവാദിത്തമാണ് ഭൂമിയോട് അവൻ കാണിക്കുക? ഭൂമി അവന് സ്വർഗം പണിയാനുള്ള അസംസ്‌കൃത വസ്തു മാത്രമാണ്.
പറുദീസാനഷ്ടത്തെ മറന്നുകൊണ്ട് ഒരു നിമിഷം പോലും പോക്കാൻ മനുഷ്യന് പറ്റില്ല
അബുദാബിയിലെ കണ്ടൽക്കാടുകൾ
നാലഞ്ച് ആഴ്ചകൾക്കു മുമ്പ് എന്റെ ചില കൂട്ടുകാരുമൊത്ത് വീടുനിർമാണത്തിന് കുറച്ച് തടി ഏർപ്പാടുചെയ്യാൻ നിലമ്പൂരിലേക്ക് യാത്രചെയ്തത് ഇവിടെ പറയുന്നത് നന്നാവുമെന്ന് തോന്നുന്നു. സഹയാത്രികരിൽ ഒരാൾ ഒരു ഏജന്റാണ്. നിർമാണാവശ്യത്തിനുള്ള കല്ലും മണ്ണുമൊക്കെ ഇടപാട് ചെയ്യലാണ് അവന്റെ ജോലി. യാത്രയ്ക്കിടയിൽ ഓരോ പാലം കയറുമ്പോഴും താഴെ, വരണ്ട പുഴയിലെ മണലിലേക്ക് ചൂണ്ടി അവൻ പറയും: ""അളിയാ, അതു നോക്ക്, കോടിക്കണക്കിനു രൂപയുടെ മണ്ണാണ്.. ഹോ.. വെറുതേ കിടക്കുന്നു..''
ഓരോ മലകളും കാണുമ്പോൾ അതു ചൂണ്ടിപ്പറയും: ""എന്റളിയാ, എത്ര കോടി രൂപയുടെ പാറയാണെന്നറിയോ?''.
ചെറുവനങ്ങൾ കാണുമ്പോൾ അവൻ പറയും: ""ഇതൊക്കെ അറുത്തുവിറ്റാൽ എത്ര കാശാന്നറിയോ?.'' തടിവാങ്ങാൻ പോകുന്ന യാത്രയായതുകൊണ്ടു മാത്രം എന്നിലെ പ്രകൃതിസ്നേഹി അന്ന് ഉണർന്നില്ല.
യു.എ.ഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിനെപ്പറ്റി ഒരു കഥ കേൾക്കാറുണ്ട്. ഒരിക്കൽ യാത്രക്കിടെ വഴിയരികിലെ ഒരു മരം മുറിച്ചുമാറ്റപ്പെട്ടതായി ഷെയ്ഖ് കണ്ടു. ഏതോ ഒരു പ്രൊജക്ടിനുവേണ്ടി വെട്ടിമാറ്റപ്പെട്ടതായിരുന്നു ആ മരം. ഷെയ്ക്ക് അന്വേഷണത്തിന് ഉത്തരവിടുകയും മരം മുറിച്ചതിന് ഉത്തരവാദി എന്നു കണ്ടെത്തിയ കമ്പനിയെ ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയും ചെയ്തു.
ഷെയ്ക്ക് സായിദിന്റെ പ്രകൃതിസ്നേഹം പേരുകേട്ടതാണ്. ദുബായ് ബോർഡറിൽ നിന്ന് അബുദാബിയിലേക്ക് കടക്കുമ്പോഴുള്ള പ്രധാന വ്യത്യാസം അബുദാബി മരങ്ങളിൽ തുടങ്ങുന്നുവെന്നതാണ്. അൽപം യാത്രചെയ്യുമ്പോഴേക്ക് ഇരുവശത്തുമായി സംരക്ഷിത വനപ്രദേശം ആരംഭിക്കും. കിലോമീറ്ററുകളോളം വേലികെട്ടിത്തിരിച്ച് വെള്ളവും വളവും കൊടുത്തു സംരക്ഷിക്കുന്ന അതിവിശാലമായ പ്രദേശം.
അബുദാബിയിലെ കണ്ടൽക്കാടുകളും ലോകശ്രദ്ധയിലുള്ള പ്രദേശമാണ്. അബുദാബി എന്ന വൻനഗരത്തിന്റെ ചുവട്ടിൽ നിന്നു തുടങ്ങി കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന കണ്ടൽക്കാടുകൾ കൺകുളിർക്കുന്ന കാഴ്ചയാണ്. "ഷെയ്ക്ക് സായിദ് സംരക്ഷിത മേഖലാ പദ്ധതി'യിൽ ഇങ്ങനെ അനവധി ഏരിയകളുണ്ട്. അവിടെ പുൽകളും പുഴുക്കളും മത്സ്യങ്ങളും പറവകളും സർക്കാരിന്റെ പരിചരണങ്ങൾ ഏറ്റുവാങ്ങി സസന്തോഷം കഴിയുന്നു.
യു.എ.ഇയുടെ നഗരവൽക്കരണത്തിന്റെ പരിണിതികളെപ്പറ്റി എനിക്ക് ആഴത്തിലറിയില്ല. പക്ഷേ, കണ്ടൽക്കാടുകളിലേക്ക് പടർന്നു കയറാതെ ഒരു വൻനഗരം ഒതുങ്ങി ജീവിക്കുന്നതിന് സാക്ഷിയാകാൻ കഴിഞ്ഞിട്ടുണ്ട്.
നഗരവൽക്കരണത്തിന്റെ ഭാഗമാണ് മരുഭൂമിയിലെ വനവൽക്കരണം. നഗരമില്ലെങ്കിൽ അവിടെ എന്തിന് ചെടികൾ വെച്ചുപിടിപ്പിക്കണം? നമ്മൾ നഗരങ്ങൾ ഉണ്ടാക്കുകയും വനത്തിന്റെ പച്ചപ്പ് പുതച്ചുറങ്ങാൻ ആഗ്രഹിക്കുകയും ചെയ്യുന്നു. വനത്തിന്റെ സാന്നിധ്യമില്ലാതെ ആർക്ക് ജീവിക്കാൻ പറ്റും? പറുദീസാനഷ്ടത്തെ മറന്നുകൊണ്ട് ഒരു നിമിഷം പോലും പോക്കാൻ മനുഷ്യന് പറ്റില്ല. ഒരു വമ്പൻ കെട്ടിടത്തിന്റെ അറുപത്തിനാലാം നിലയിലെ ഓഫീസിലിരിക്കുന്ന മണി പ്ലാന്റിന്റെ കുഞ്ഞ് നമുക്ക് ഒരു വലിയ സാന്നിധ്യമാണ്. ഒരു കുപ്പിക്കുള്ളിലോ ചെറിയൊരു ചെടിച്ചട്ടിക്കുള്ളിലോ അതവിടെ വെറുതേയിരിക്കുന്നു. എങ്കിലും അത് നമ്മുടെ ഒരു ബന്ധുവാണ്.
ഡാനിയേലിന്റെ ചെടികൾ
അബുദാബിയിലെ ഞങ്ങളുടെ ഓഫീസിന്റെ ഓരോ മുക്കിനും മൂലയിലും പ്ലാന്റുകൾ ഉണ്ടായിരുന്നു. ഞങ്ങളുടെ മിഡിൽ ഈസ്റ്റ് മാനേജറും ഇംഗ്ലീഷുകാരനുമായ ഡാനിയേൽ മക് കോർമിക്കിന് ചെടികളെ ജീവനായിരുന്നു. ഓഫീസ് മുറ്റത്തും റിസപ്ഷനിലും തന്റെ ക്യാബിനിലുമുള്ള ചെടികളെ അദ്ദേഹം നേരിട്ട് പരിചരിക്കും. ഞങ്ങളുടെ ടേബിളുകൾക്കരികിലുള്ള ചെടികളും അദ്ദേഹം തന്നെ നേരിട്ട് വെച്ചതാണ്. അവയുടെ പരിചരണം ഞങ്ങൾതന്നെ നോക്കണമെന്ന കാര്യത്തിൽ അദ്ദേഹം ഞങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നു. മാഞ്ചസ്റ്ററിൽ ബേസ് ചെയ്തിരിക്കുന്ന ഞങ്ങളുടെ കമ്പനി അബുദാബിയിൽ ഓഫീസ് തുടങ്ങുമ്പോൾ ഡാനിയേൽ മാത്രമായിരുന്നു സ്റ്റാഫായി ഉണ്ടായിരുന്നത്. കമ്പനിയെ സ്പോൺസർ ചെയ്തിരുന്ന തദ്ദേശകമ്പനിയുടെ ഓഫീസിന്റെ ഒരു മൂലക്കിട്ടിരുന്ന ടേബിളും ചെയറുമായിരുന്നു ആ ഓഫീസ്. പിന്നീട് അത് മറ്റൊരു കെട്ടിടത്തിലേക്ക് മാറി. കാലക്രമത്തിൽ ഓരോരോ ആളുകളെയായി റിക്രൂട്ട് ചെയ്തു. വളരെ കുറഞ്ഞ അംഗങ്ങളേ എപ്പോഴും ആ ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ; വെറും അഞ്ചുപേർ. അതാവട്ടെ അഡ്മിനിസ്ട്രേഷനും അക്കൗണ്ട്സും H R ഡിപ്പാർട്ടുമെന്റും ഒക്കെയുള്ള പൂർണാർഥത്തിലുള്ള ഓഫീസുമായിരുന്നില്ല. മാഞ്ചെസ്റ്ററിന്റെ വാൽ എന്നപോലെയാണ് അത് പ്രവർത്തിക്കുക. ഒരു റിമോട്ട് ഓഫീസ്. എന്റെ മാനേജറും സഹപ്രവർത്തകരുമെല്ലാം മാഞ്ചസ്റ്റർ ഓഫീസിലാണ്. ജോലിയുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സ്‌കൈപ്പിലൂടെ കൈമാറും. വളരെ ചെറിയ ഓഫീസ് ആയതിനാൽ മിഡിൽ ഈസ്റ്റ് മാനേജർ എന്നതിനേക്കാൾ ഒരു വീട് നടത്തിക്കൊണ്ടുപോകുന്ന സ്നേഹനിധിയായ കാരണവരെപ്പോലെയായിരുന്നു ഡാനിയേൽ. ഞങ്ങളൊക്കെ ആ വീട്ടിലെ കാരണവരുടെ വാത്സല്യം നുകരുന്ന അംഗങ്ങളും.
ഈ വീട്ടിലേക്ക് ഓരോ പുതിയ എംപ്ലോയിയും ജോയിൻ ചെയ്യുമ്പോൾ അയാൾക്കു വേണ്ടി ഓഫീസിൽ സ്ഥലമൊരുക്കുന്നതിലും കമ്പ്യൂട്ടർ മുതൽ ഇറേസർ വരെയുള്ള സാധനങ്ങൾ സംഘടിപ്പിക്കുന്നതിലും ഡാനിയേൽ പ്രത്യേകം ശുഷ്‌കാന്തി കാട്ടുമായിരുന്നു. പുതിയ എംപ്ലോയി ജോയിൻ ചെയ്യുന്ന ദിവസം രാവിലെ അയാൾക്കു വേണ്ടിയുള്ള ചെടിയുമായാണ് ഡാനിയേൽ എത്തുക. എന്നിട്ട് ആ ചെടിക്ക് ഏതൊക്കെ ഇടവേളകളിൽ എത്രത്തോളം വെള്ളമൊഴിക്കണം എപ്പോഴൊക്കെ വളമിടണം എന്നെല്ലാം നിർദ്ദേശിക്കും. അവൻ കണ്ണുമിഴിക്കും: "ഇതെന്ത് കമ്പനി?.' ആദ്യദിവസം അങ്ങനെ കണ്ണുമിഴിച്ചൊരാളാണ് ഞാനും.
ചെറിയ കമ്പനി ആയതുകൊണ്ട് മാസത്തിൽ ഒരിക്കലെങ്കിലും ഏതെങ്കിലും ഹോട്ടലിൽ ഞങ്ങൾ ഡിന്നർ കൂടും. അത്തരം ഡിന്നർ സംസാരങ്ങളിൽ ഡാനിയേൽ കുറച്ചുസമയം ചെടികൾക്കായി മാറ്റിവെക്കാറുണ്ട്. ചെടികളെ പരിചരിക്കുന്നതിൽ ഞങ്ങൾക്കു വരുന്ന പാകപ്പിഴകളും മറ്റും ആ അവസരത്തിൽ നൈസായി പ്രസന്റ് ചെയ്യും. വെള്ളമൊഴിക്കുന്നതിൽ ഞാൻ കാണിക്കുന്ന മടിയും അലസതയും ഡാനിക്ക് നന്നായറിയാം. ഇടയ്ക്കിടെ അദ്ദേഹം എന്റെ ചെടിയുടെ ചട്ടിയിലെ മണ്ണ് തൊട്ടുനോക്കാറുണ്ട്. നനവുണ്ടെങ്കിൽ തമ്പ്സ് അപ്പ് കാണിക്കും. അല്ലെങ്കിൽ ഒരു ചിരിചിരിച്ച് കടന്നുപോകും.
സാധാരണഗതിയിൽ ചെടികൾ പുറത്തു വളരേണ്ടവയല്ലേ? കെട്ടിടങ്ങൾക്കുള്ളിലേക്ക് അവയെ ആനയിച്ച് കഷ്ടപ്പെടുത്തുന്നതെന്തിനാണ്? എനിക്ക് വലതുവശമിരുന്ന് ജോലി ചെയ്തിരുന്ന കെവിൻ ജോൺസണിന്റെ ചെടി പെട്ടെന്നു വളർന്നുവന്നതാണ്. പക്ഷേ ഒരു ചെറിയ വെന്റിലേഷന്റെ വെളിച്ചത്തിലെത്തിയപ്പോഴേക്ക് ചെടി അതിന്റെ വളർച്ച നിർത്തി. വെന്റിലേഷനിലൂടെ പുറത്തെ കാഴ്ചകൾ കണ്ടുകൊണ്ട് അത് കാലങ്ങളോളം ഒരേ നിൽപ്പുനിന്നു. പാവം ചെടി!.
ഒരു ദിവസം ഞാൻ ഡാനിയോട് തമാശ പറഞ്ഞു: ""നമ്മുടെ ഓഫീസിലെ ചെടികളെല്ലാം കഷ്ടപ്പെടുകയാണ്. നമുക്ക് കണ്ണിനു കുളിർമ്മ കിട്ടും. അതുങ്ങൾക്ക് എവിടെയാണ് നല്ലൊരു കാഴ്ച കിട്ടുക? ഈ കമ്പ്യൂട്ടറുകളിലും പ്രിന്ററുകളിലും നോക്കിനോക്കി അവയ്ക്ക് മടുത്തിട്ടുണ്ടാവും.''
ഡാനിപറഞ്ഞു: ""നമ്മുടെ ഓഫീസിലെ ചെടികൾ മാത്രമല്ല, ഈ മരുഭൂമിയിൽ വെച്ചുപിടിപ്പിച്ചിട്ടുള്ള ചെടികളെല്ലാം കഷ്ടപ്പെടുകയാണ്.''
ഏതുനാട്ടിലാണ് പ്രവാസികളായ വൃക്ഷലതാദികൾ ഇല്ലാത്തത്? പ്രവാസം മനുഷ്യരിൽ മാത്രം ഒതുങ്ങുന്ന പ്രതിഭാസമല്ല
ഓർത്തുനോക്കുമ്പോൾ ശരിയാണ്. ഗൾഫിലെ പാർക്കുകളിലും പാതയോരങ്ങളിലും മനുഷ്യനിർമിതവനങ്ങളിലും കാണുന്ന സസ്യങ്ങളിലധികവും പ്രവാസികളാണ്. മറ്റൊരു മണ്ണിൽ നിന്നുവന്ന ചെടികളൊക്കെയും മരുഭൂമിയിലെ തീക്ഷ്ണമായ കാലാവസ്ഥയിൽ പിടിച്ചുനിൽക്കാൻ കഷ്ടപ്പെടുന്നു. വെള്ളവും വളവും കിട്ടുന്നതുകൊണ്ട് ചൂടും തണുപ്പും അവ പ്രശ്നമാക്കുന്നില്ലെന്നേയുള്ളൂ. പുറമേ ഇലകൾ കിലുക്കി ചിരിക്കുമ്പോഴും വേരുകൾ കൊണ്ട് അവ തന്റെ മണ്ണിനെ പരതുന്നുണ്ടാവും. കിഴക്കുദിക്കിൽ നിന്നു വന്ന മരങ്ങളുടെ വേരുകൾ കിഴക്കോട്ടേക്കും പടിഞ്ഞാറുദിക്കിൽ നിന്നുള്ളവയുടേത് പടിഞ്ഞാറേക്കും വേരുകൾ പായിക്കുന്നുണ്ടാവാം. ഒരുപക്ഷേ ആരുമറിയാതെ ആ വേരുകൾ നീണ്ടുനീണ്ടുചെന്ന് തന്റെ മണ്ണിന്റെ കുളിർമ്മയിൽ തൊട്ട് നിർവൃതികൊള്ളുന്നുണ്ടാവാം.
ഏതുനാട്ടിലാണ് പ്രവാസികളായ വൃക്ഷലതാദികൾ ഇല്ലാത്തത്? മനുഷ്യൻ വൻകരകൾ താണ്ടിയ കാലത്ത് അവനോടൊപ്പവും അതിനു മുമ്പ് നദികളോടൊപ്പം ഒഴുകിയും പക്ഷികളോടൊപ്പം പറന്നും എല്ലാ ദിക്കിലേക്കും അവ എത്തപ്പെട്ടിരിക്കുന്നു. പ്രവാസം മനുഷ്യരിൽ മാത്രം ഒതുങ്ങുന്ന പ്രതിഭാസമല്ല!▮