അവസാനമായി ഞാൻ ഉമ്മയെ കണ്ട കാഴ്ച, തിരികെ വീട്ടിലെത്തിയ ശേഷവും കണ്ണിൽ നിന്ന് മായാതെ നിന്നു. കുളിമുറിയിൽ നിൽക്കുമ്പോൾ ഷവറിൽ നിന്ന് പെയ്യുന്ന നീർനൂലുകളെ തിരശ്ശീലയാക്കിക്കൊണ്ട് ഉമ്മ പ്രത്യക്ഷപ്പെടുന്നു. തലയിൽ നിന്ന് ഊർന്നുവീഴുന്ന ജലകണങ്ങളിലും ഉമ്മയെ കാണാം. കണ്ണുകൾ അടയ്ക്കുമ്പോഴും ഉമ്മ അവിടെത്തന്നെയുണ്ട്. ജീവിതത്തിനും മരണത്തിനുമിടയിൽ നീന്തുന്നതുപോലെ ഉമ്മയുടെ ആംഗ്യവിക്ഷേപങ്ങൾ.
ഉമ്മയുടെ നില ഗുരുതരമാണെന്നും അടുത്ത ഏതാനും മണിക്കൂറുകൾക്ക് ഉള്ളിൽത്തന്നെ വെൻറിലേറ്ററിൽ പ്രവേശിപ്പിക്കുമെന്നും ഹോസ്പിറ്റലിൽ നിന്ന് അറിയിപ്പുവന്നു. ഉണരുമോ എന്നറിയാത്ത ഒരു വലിയ ഉറക്കത്തിലേക്ക് പോവുകയാണ്. പ്രൊസീജിയറുകൾ തുടങ്ങും മുമ്പ് ബന്ധുക്കളിൽ ഒരാളെ കാണാൻ അനുവദിക്കും.
കോവിഡ് ബാധിതയായി ഉമ്മ വീടുവിട്ടിറങ്ങിയിട്ട് അന്നേക്ക് അഞ്ചു ദിവസങ്ങളായിരുന്നു. ഇത്രയും ദിവസങ്ങൾ ഒരു കാര്യത്തിനുവേണ്ടിയും ഉമ്മ വീട്ടിൽ നിന്ന് മാറിനിന്നിട്ടില്ല. ഞങ്ങളിൽ ആരെയും കാണാനാവാതെ ഉമ്മ എങ്ങനെ ദിവസങ്ങൾ കഴിച്ചുകൂട്ടുന്നുവെന്നതായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ ദുഃഖം. എങ്കിലും, ഒരു വലിയ സന്തോഷത്തെ മുന്നിൽക്കണ്ട് ഞങ്ങളെല്ലാവരും സമാധാനിച്ചു. കോവിഡിനെ തോൽപ്പിച്ച് ഉമ്മ പൂർണ ആരോഗ്യവതിയായി തിരികെ വരുമെന്നും വാതോരാതെ ഹോസ്പിറ്റൽ വിശേഷങ്ങൾ പറയുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചു. തിരികെ വന്നിരുന്നെങ്കിൽ, വീട്ടിൽ നിന്ന് ഹരിപ്പാട് താലൂക്കാശുപത്രിയിലേക്കും അവിടെ നിന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലേക്കും അവിടെ നിന്ന് ഒരു രാത്രി കൊല്ലത്തെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിലേക്കും പാഞ്ഞുപോയ ആംബുലൻസ് യാത്രകളെപ്പറ്റി നിഷ്‌കളങ്കമായ അത്ഭുതങ്ങളോടെ ഉമ്മ വിവരിക്കുമായിരുന്നു. ഉമ്മയ്ക്ക് കൊടുത്ത കയ്പൻ മരുന്നുകളെപ്പറ്റിയും കുത്തിയ സിറിഞ്ചുകളെപ്പറ്റിയും മാസ്‌കുകളെപ്പറ്റിയും ഓക്‌സിജൻ സിലിണ്ടറുകളെപ്പറ്റിയും പേടിയോടെ ഓർക്കുമായിരുന്നു. അതേപ്പറ്റിയുള്ള കിസ്സകൾ കാലങ്ങളോളം പറയുമായിരുന്നു. പുറംലോകത്തെപ്പറ്റി അധികമൊന്നും അറിയാത്ത, അതേപ്പറ്റി വേവലാതിപ്പെടാത്ത ജീവിതമായിരുന്നു ഉമ്മയുടേത്. ഏതെങ്കിലുമൊക്കെ അവസരത്തിൽ പുറംലോകം ഉമ്മയെ സന്ദർശിക്കുമ്പോൾ ഉമ്മ അത്ഭുതപ്പെടുന്നു.
ഹോസ്പിറ്റൽ ജീവനക്കാരൻ എന്നെ പി. പി. ഇ കിറ്റുകൊണ്ട് പൊതിയുമ്പോൾ ‘എന്തൊരു വിധി'യെന്ന് ഞാൻ പിറുപിറുത്തുകൊണ്ടേയിരുന്നു. പി. പി. ഇ ധരിച്ച ശേഷം ഹോസ്പിറ്റലിന്റെ ഗ്ലാസ് ചുവരിലേക്കുനോക്കുമ്പോൾ വെള്ളത്തുണികളിൽ ചീർത്തു വീർത്തൊരു രൂപമായി ഞാൻ എന്നെ കണ്ടു. കണ്ണുകൾ ചലിക്കുന്നത് ഗോഗിൾസിനുള്ളിലൂടെ കാണാം; അതല്ലാതെ എന്റെ ഒരംശവും എവിടെയും ദൃശ്യമായിരുന്നില്ല.
‘‘എന്തൊരു വിധിയാണല്ലേ?'' - ഞാൻ ജീവനക്കാരനോട് ചോദിച്ചു.
‘‘പെട്ടെന്നാവട്ടെ’’, അയാൾ എനിക്കു മുമ്പേ ആഞ്ഞുനടന്നു.
ആശുപത്രിയുടെ ഇടനാഴികളിലൂടെ അയാൾ മറിഞ്ഞും തിരിഞ്ഞും പൊയ്‌ക്കൊണ്ടിരുന്നു. പോകും തോറും എന്റെ ഹൃദയമിടിപ്പ് കൂടി. പാവം ഉമ്മ. വെൻറിലേറ്ററിലേക്ക് ബോധം മറയാൻ ഇനി കുറച്ചുസമയം കൂടിയേയുള്ളൂ. അത് ഉമ്മക്കറിയുമോ? അറിയാതിരിക്കുന്നതാണ് നല്ലത്. ഡോക്ടറോ നഴ്‌സുമാരോ അത് അറിയിക്കുകയില്ലായിരിക്കും. വെൻറിലേറ്റർ ഒരു ജീവൻരക്ഷാ ഉപായമാണല്ലോ, അതല്ലാതെ മരണത്തിന്റെ തൊട്ടിലൊന്നുമല്ല. ശ്വാസകോശത്തിന്റെ 27 ഭാഗങ്ങളിൽ 18 ഇടത്തും കോവിഡ് ന്യുമോണിയ ബാധിച്ചിരിക്കുന്നു. ജീവവായു കിട്ടാൻ ഉമ്മ ഒരുപാട് കഷ്ടപ്പെടുന്നുണ്ടാവും. വെൻറിലേറ്ററിൽ നിന്ന് എത്രയോപേർ തിരിച്ചു വന്നിരിക്കുന്നു. മനുഷ്യർ പുനർജ്ജനിക്കുന്ന തൊട്ടിലുകൾ കൂടിയാണല്ലോ വെൻറിലേറ്ററുകൾ.
അല്ലാഹുവേ... ചിന്തകളും പ്രാർഥനകളുമായി ഞാൻ ജീവനക്കാരനെ പിന്തുടർന്നു. നടന്നിട്ടും നടന്നിട്ടും എത്താത്ത ഒരു വലിയ ആശുപത്രിയായാണ് എനിക്ക് അവിടം അനുഭവപ്പെട്ടത്. യാത്രയുടെ ഒടുവിൽ അയാൾ ഒന്നുരണ്ട് റാമ്പുകളും സ്റ്റെയറുകളും കൂടി കയറി. ഒടുവിലെ സ്റ്റെയർ കയറി അല്പം മുന്നിലേക്കുചെന്ന് ഒരു ഡോർ തുറന്ന് ഇടത്തേക്ക് തിരിയുമ്പോൾ കാണുന്ന ബെഡിൽ ഉമ്മ ചാരിയിരിപ്പുണ്ടായിരുന്നു, രാത്രി ഒരുമണി കഴിഞ്ഞിട്ടും ഉറങ്ങാതെ.
ഞാൻ കാണാൻ ചെല്ലുന്ന കാര്യം അറിഞ്ഞിട്ടുണ്ടായിരുന്നോ എന്തോ?
കട്ടിലിന്റെ കാൽക്കൽ ചെന്നുനിന്ന് ഞാൻ സലാം പറഞ്ഞു, ‘‘അസ്സലാമു അലൈക്കും..''
ഉമ്മ എന്നെ മിഴിച്ചു നോക്കി. എന്റെ കണ്ണടയുടെ ഇത്തിരിപ്പോന്ന ചതുരങ്ങൾക്കുള്ളിലേക്ക് ചൂഴ്ന്നുനോക്കാൻ ശ്രമിച്ച് ഉമ്മയുടെ കണ്ണുകൾ കൂർത്തുവന്നു. പിന്നീട് ആ നോട്ടം സംശയത്തിന്റേതായി. പരിചിതമായൊരു ശബ്ദം കേട്ടതിന്റെ ചുളിവുകൾ ആ പുരികങ്ങളിൽ പ്രകടമായി.
ഞാൻ പിന്നെയും സലാം പറഞ്ഞിട്ട് എന്നെ പരിചയപ്പെടുത്തി, ‘‘ഉമ്മാ.. ഞാൻ ഷഫീക്കാണ്..''
അതുകേട്ടതും ഉമ്മക്കുണ്ടായ ഭാവമാറ്റം എന്റെ കണ്ണിൽ ഇപ്പോഴും നിലനിൽക്കുന്നു. ആ ഒരു രംഗം എന്നെ വിട്ട് എന്നെങ്കിലും പോകുമെന്നും കരുതുന്നില്ല.
ഉമ്മ ഓക്‌സിജൻ മാസ്‌കിനുള്ളിലൂടെ എന്തൊക്കെയോ സംസാരിക്കാൻ ശ്രമിക്കുന്നു. ഇടയ്ക്ക് ചുമയ്ക്കുന്നു. കൈകൾ രണ്ടും മലർത്തിക്കൊണ്ട് എന്തൊക്കെയോ ചോദിക്കുന്നു. കൈകളുടെ ഭാഷയിൽ നിന്ന് ‘‘എന്നെ എന്തിന് ഇവിടെ കൊണ്ടുവന്നിട്ടിരിക്കുന്നു എന്റെ മോനേ, ആരെയും കാണാനും കേൾക്കാനും വയ്യാതെ ഞാനെന്തിന് ഇങ്ങനെ കിടക്കുന്നു..'' എന്നൊക്കെയാണ് ഉമ്മ പറയുന്നതെന്ന് തോന്നി.
ദിവസങ്ങൾ ചെല്ലും തോറും ഉമ്മയുടെ ആംഗ്യവിക്ഷേപങ്ങൾ എന്റെയുള്ളിൽ പല അർഥത്തിലാണ് പ്രതിഫലിക്കുന്നത്. ഹോസ്പിറ്റലിൽ നിന്ന് രക്ഷപ്പെടുത്താനുള്ള അപേക്ഷയായും, ജീവന്റെയും മരണത്തിന്റേയും ഇടയിലുള്ള നീന്തലായും, മകനെ മാടിവിളിക്കുന്ന വാത്സല്യമായുമെല്ലാം അത് വേഷം മാറിവരുന്നു. എനിക്ക് ഉമ്മയോട് അന്ന് ആശ്വാസവാക്കുകൾ മാത്രമേ പറയാൻ പറ്റിയുള്ളൂ. വളരെ പെട്ടെന്ന് രോഗം ഭേദമാകുമെന്നും പേടിക്കേണ്ട കാര്യമില്ലെന്നും പറഞ്ഞു.
ഒരു നഴ്‌സ് വന്ന് ഉമ്മയുടെ മുഖത്തുനിന്ന് ഓക്‌സിജൻ മാസ്‌ക് മാറ്റി നേസൽ കാനുല ഫിറ്റ് ചെയ്തു. ഓക്‌സിജൻ കോൺസൻട്രേഷൻ റീഡിംഗ് താഴേക്കുവരുന്നത് ഞാൻ ശ്രദ്ധിച്ചു. കാനുല വെച്ചുകൊണ്ട് ഉമ്മ കുറച്ചുനേരം എന്നോട് സംസാരിച്ചു. ശേഷം ചുമയ്ക്കാൻ തുടങ്ങിയതിനാൽ മുഖം കുനിച്ച് മിണ്ടാതിരുന്നു. പിന്നീട് തലയുയർത്തി എന്നോടു പറഞ്ഞു: ‘‘നീ ആ മുഖം മൂടിയൊക്കെ ഒന്നു മാറ്റ്, ഞാനൊന്നു കാണട്ടെ..''
പൊതിഞ്ഞുകെട്ടിയ പി. പി. ഇ കിറ്റിനുള്ളിൽ ഉമ്മയുടെ മകൻ വിയർത്തു.
ഒരുപക്ഷേ ഉമ്മയുടെ അവസാനത്തെ ആഗ്രഹമെന്ന് വിളിക്കാവുന്ന ഒരു ആവശ്യമായിരുന്നിരിക്കാം എന്റെ മുഖമൊന്ന് കാണുക എന്നത്. എന്റേതു മാത്രമല്ല, ജ്യേഷ്ഠനേയും പെങ്ങളേയും ബാപ്പയെയും മറ്റെല്ലാവരേയും ഉമ്മയ്ക്ക് കാണേണ്ടതുതന്നെ. പക്ഷേ രോഗശയ്യയുടെ അടുത്തുനിൽക്കുന്ന മകനെ അവന്റെ ശബ്ദം കൊണ്ടുമാത്രം തിരിച്ചറിയേണ്ടിവരുന്ന അസ്വസ്ഥത ഉമ്മയ്ക്ക് വളരെ കഠിനമായി തോന്നിയിരിക്കാം.
ഇതിനിടെ ഡോക്ടറുമായി സംസാരിക്കുമ്പോൾ വെൻറിലേറ്ററിലേക്ക് മാറ്റേണ്ട നില ഇപ്പോഴില്ല, എന്നാൽ പെട്ടെന്ന് സ്ഥിതിഗതികൾ വഷളാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും പറഞ്ഞു. പ്രതീക്ഷയുടേതായ വാക്കുകൾ.
ഉമ്മയ്ക്ക് ചുമ കഠിനമായപ്പോൾ കാനുല എടുത്തുമാറ്റി ഓക്‌സിജൻ മാസ്‌ക് തിരികെ വെച്ചു. ഉമ്മ മുഖം കുനിച്ചിരുന്നു. എനിക്ക് പോകാൻ സമയമായി. ഉമ്മയോട് ഞാൻ രണ്ടുതവണ സലാം പറഞ്ഞു. എന്തുകൊണ്ടോ, ഉമ്മ സലാം മടക്കിയില്ല.
തിരികെ പടികളിറങ്ങുമ്പോൾ ഉമ്മയെ ആ ഹോസ്പിറ്റൽ ബെഡിൽ നിന്ന് പറിച്ചുകൊണ്ടുവരാൻ എനിക്കു തോന്നി. താഴെ എന്നെ കാത്തുനിന്നിരുന്ന ജ്യേഷ്ഠനോടും മറ്റുള്ളവരോടും ഞാനത് പറഞ്ഞു, ‘നമുക്ക് ഉമ്മയെ ഇവിടുന്ന് വീട്ടിൽ കൊണ്ടുപോകാം.'
മേൽരംഗങ്ങളൊക്കെ ഓർക്കുമ്പോൾ എനിക്കു തോന്നും, ഉമ്മ കിടന്നിരുന്നത് ഭൂമിയിലല്ലാത്ത വേറേ ഏതോ ലോകത്താണെന്ന്. തൊലിപ്പുറം കാണാത്തവിധം പി. പി. ഇ കിറ്റ് ധരിച്ച, കാലിലെ പ്ലാസ്റ്റിക്ക് കവറുകൾ നിരക്കിനിരക്കി റോബോട്ടുകളെപ്പോലെ നടക്കുന്ന ഏതാനും അന്യഗ്രഹ ജീവികൾക്കുനടുവിൽ. അവിടെ കിടക്കുമ്പോൾ അതിനകം തന്നെ താൻ മരിച്ചു പോയതായും, മതഗ്രന്ഥങ്ങളിൽ ഒന്നും കാണാത്ത ഒരു ലോകത്തേക്ക് തന്റെ ആത്മാവ് പ്രവേശിച്ചതായും ഒരു പക്ഷേ ഉമ്മ ചിന്തിച്ചിട്ടുണ്ടാവും.
ഉമ്മയെ ആ ലോകത്ത് തനിച്ചാക്കിയിട്ട് തിരികെ വന്നതിന്റെ രണ്ടാമത്തെ ദിവസം രോഗം ഗുരുതരമായെന്നും വെൻറിലേറ്ററിലേക്ക് മാറ്റുകയാണെന്നും അറിയിപ്പു വന്നു. ഉമ്മയെ ഒന്നുകൂടി കാണാൻ അവസരം ഉണ്ടായിരുന്നു. പക്ഷേ എനിക്ക് കാണേണ്ടിയിരുന്നില്ല. ഒന്നുകൂടി ആ കിടക്കയിൽ പോയി ഉമ്മയെ കാണാൻ എനിക്ക് ധൈര്യമില്ലായിരുന്നു. ഒന്നുകൂടി എന്റെ ശബ്ദം കൊണ്ട് ഉമ്മയെ ‘അസ്വസ്ഥപ്പെടുത്തേണ്ട' എന്നും കരുതി.
മൂന്നാമത്തെ ദിവസം ഉമ്മ, നഫീസ (63) മരിച്ചു.
ഉമ്മ മരിക്കുമ്പോൾ ബാപ്പ കോവിഡ് ബാധിതനായി മറ്റൊരു ഹോസ്പിറ്റലിലായിരുന്നു. ഉമ്മയുടെ വിവരങ്ങൾ വിളിച്ചുചോദിക്കുമ്പോഴൊക്കെ ‘ഭേദമായി വരുന്നു' എന്ന വിവരമാണ് കൊടുത്തുകൊണ്ടിരുന്നത്. ഉമ്മയുടെ മയ്യിത്ത് കുടുംബത്തേക്ക് കൊണ്ടുവരുന്നതിന് അല്പസമയം മുമ്പുമാത്രമാണ് ബാപ്പ വിവരം അറിയുന്നത്. കുടുംബത്താവട്ടെ, ജ്യേഷ്ഠന്റെ ഭാര്യയ്ക്കും കുടുംബത്തിനും കോവിഡ് ആയിരുന്നു. ഞാനും പെങ്ങളും മറ്റു സ്ഥലങ്ങളിൽ താമസിക്കുന്നതുകൊണ്ട് കുടുംബത്തേക്ക് വരാനാവാത്ത അവസ്ഥയും നിലനിന്നിരുന്നു. ഈ പരിതസ്ഥിതികൾ കാരണം ഒന്നിച്ചിരുന്ന് സമാധാന വാക്കുകൾ പറയാനോ ഉമ്മയുടെ മരണത്തിൽ മാനസികമായി തളർന്നുപോയ വാപ്പയുമൊന്നിച്ച് ഇരിക്കുവാനോ ഞങ്ങൾക്കായില്ല.
സ്വന്തത്തോടു ചേർന്നു നിൽക്കുന്നവരിൽ സംഭവിക്കുമ്പോഴേ ഏതൊരാളും മരണത്തിന്റെ പൊള്ളലറിയൂ. മരണം ഒരു യാഥാർഥ്യമായി നമുക്കുചുറ്റുമുണ്ട്. നാം കാണുന്ന എല്ലാവരും ആരെയെങ്കിലുമൊക്കെ നഷ്ടപ്പെട്ടവരാണ്. ചില മനുഷ്യർ വലിയ ദുരന്തങ്ങളെ അഭിമുഖീകരിച്ചവരാണ്. ചില ദുരന്തങ്ങൾ ചീറിയടിക്കുന്ന കാറ്റുപോലെ മനുഷ്യനെ പറത്തിക്കളയാൻ ശക്തിയുള്ളതാണ്. എന്നിട്ടും അവൻ ഏതെങ്കിലുമൊക്കെ കച്ചിത്തുരുമ്പിൽ അള്ളിപ്പിച്ച് അതിജീവിക്കുന്നു.
ഉമ്മയുടെ ഖബറിനരികെ നിന്ന് പള്ളിയിലെ ഇമാം ആവർത്തിച്ചാവർത്തിച്ച് പ്രാർഥിച്ചു: ‘അല്ലാഹുവേ, ഞങ്ങളെ എല്ലാവരെയും നീ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടേണമേ..'.
മുമ്പും പല സാഹചര്യങ്ങളിലായി ഞാൻ ആ പ്രാർഥന കേട്ടിട്ടുണ്ടെങ്കിലും അപ്പോഴാണ് അതെത്രയോ സുന്ദരമായ പ്രാർഥനയാണെന്ന് ശ്രദ്ധിക്കുന്നത്. ഇഹലോകത്തിനപ്പുറത്തെ ഒരു സമാഗമത്തെപ്പറ്റിയുള്ള പ്രതീക്ഷയാണ് ആ പ്രാർഥന. ആ മുഹൂർത്തം എത്ര ആവേശകരമായിരിക്കും!. ഉമ്മയെ മാത്രമല്ല, മണ്മറഞ്ഞുപോയ ബന്ധുജനങ്ങളേയും തലമുറകളേയും മറ്റൊരു ലോകത്ത് വീണ്ടും കണ്ടുമുട്ടുകയെന്നത് എത്ര സന്തോഷകരമായിരിക്കും! ആ ലോകത്തെപ്പറ്റിയുള്ള പ്രതീക്ഷ എത്ര ആശ്വാസകരമാണ്. ആർക്കും ആരെയും നഷ്ടപ്പെട്ടിട്ടില്ല; നിങ്ങൾ ഒരിക്കൽ ചെന്നെത്തുന്നിടത്തേക്ക് നിങ്ങളുടെ പ്രിയപ്പെട്ടവർ അല്പം മുമ്പേ പുറപ്പെട്ടിരിക്കുന്നു എന്ന ആശ്വാസവാക്കാണ് ആ പ്രാർഥന.
എല്ലാ മാതാക്കളും എല്ലാ പിതാക്കളും സന്നിഹിതരാവുന്നൊരു വലിയ മൈതാനം. ഓരോരുത്തരും അവരുടെ മുൻതലമുറകളെ ആശ്ലേഷിക്കുന്നു. ആശ്ലേഷം അതിവേഗം സംക്രമിക്കുന്നു. ആശ്ലേഷങ്ങളുടെ അങ്ങേയറ്റത്ത് ആദമും ഹവ്വയും തങ്ങളുടെ മക്കളെ ഒന്നാകെ കണ്ട് പുഞ്ചിരിക്കുന്നു. അവരുടെ മുഖത്ത് നഷ്ടപ്പെട്ടു പോയ സ്വർഗത്തെ തിരികെക്കിട്ടിയ സന്തോഷം! ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.