ചിത്രീകരണം : ദേവപ്രകാശ്

ഒരു ദിശയിലേക്കുമാത്രം ഒഴുകുന്ന കടൽ

Red: ‘You believe whatever you want, Floyd. These walls are funny. First you hate 'em, then you get used to 'em. Enough time passes, you get so you depend on them. That's institutionalized.' Heywood: ‘Shit. I could never get like that.' Prisoner: ‘Oh yeah? Say that when you've been here as long as Brooks has.' Red: ‘Goddamn right. They send you here for life, and that's exactly what they take. The part that counts, anyway.'​From the movie ​The Shawshank Redemption (1994) ​-Frank Darabont

ൾഫും ഏതാണ്ട് ഇങ്ങനെയൊക്കെയാണ്. അത് നിങ്ങളെ ഇൻസ്റ്റിറ്റിയൂഷണലൈസ് ചെയ്യും. ഷോഷാങ്ക് റിഡംപ്ഷനിൽ മോർഗൻ ഫ്രീമാന്റെ കഥാപാത്രമായ റെഡ് പറയുന്ന അതേ ഘട്ടങ്ങളിലൂടെത്തന്നെ.
ഗൾഫിലെത്തി ആദ്യനാളുകളിൽ പ്രവാസത്തെ നിങ്ങൾ വെറുക്കും. നാടിനെക്കുറിച്ചുള്ള ഓർമകളും ഭാര്യയിൽ നിന്നുള്ള വിരഹവും മക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള വേർപാടുമെല്ലാം നിങ്ങളെ അലട്ടും. ശേഷം നിങ്ങൾ അതിനോട് പഴകും. പരുവപ്പെടും. നാളുകൾ പോകെപ്പോകെ നിങ്ങൾ പ്രവാസത്തെ ആശ്രയിക്കാൻ തുടങ്ങും. ദീർഘകാല പ്രവാസത്തിനുശേഷം തിരികെയെത്തുമ്പോൾ ഷോഷാങ്ക് പ്രിസണിൽ നിന്ന് കാലങ്ങൾക്കു ശേഷം മോചിതനാകുന്ന ബ്രൂക്‌സിന് എന്തൊക്കെ പ്രതിസന്ധികൾ നേരിടേണ്ടി വന്നോ ഏതാണ്ട് അതേ പ്രതിസന്ധികൾ നിങ്ങൾക്കും നേരിടേണ്ടിവന്നേക്കാം.
1905 മുതൽ 1954 വരെ നീണ്ട അൻപതോളം വർഷങ്ങൾ ഷോഷാങ്ക് പ്രിസണിൽ തടവുകാരനായിരുന്നു ബ്രൂക്‌സ്. തടവുകാരൻ എന്നതിനേക്കാൾ അന്തേവാസി എന്നവാക്കാവും കുറച്ചുകൂടി ചേരുക! തന്റെ ചെറുപ്പകാലത്തുതന്നെ അവിടെയെത്തിയ ബ്രൂക്ക്‌സിനെ നമ്മൾ കാണുന്നത് ജയിലിലെ ലൈബ്രേറിയനായാണ്. തന്റെ നല്ലകാലമെല്ലാം കഴിച്ചുകൂട്ടിയ ജയിലായിരുന്നു അയാളുടെ വിശാലമായ ലോകം.

ഒടുവിൽ ബ്രൂക്‌സിന്റെ ‘മോചന' ത്തിനുള്ള സമയമായി. അയാൾക്ക് അത് സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. സഹതടവുകാരൻ ഹേവുഡിന്റെ കഴുത്തിൽ കത്തിവെച്ച് തന്നെ ജയിലിൽ നിന്ന് പറഞ്ഞു വിടരുതെന്ന് വയസ്സനായ ബ്രൂക്‌സ് ഭീഷണി മുഴക്കുന്നു. ഒടുവിൽ ഭീഷണിയുടെ സ്വരം ഒരു കരച്ചിലായി മാറുന്നു. എന്നാൽ ജയിലധികൃതർ അദ്ദേഹത്തെ ‘മോചിപ്പിക്കുക'തന്നെ ചെയ്യുന്നു.
അൻപത് വർഷങ്ങൾ.. ആ അൻപതു വർഷങ്ങളും ജയിൽ മതിലിനു പുറത്ത് ഉണ്ടായ മാറ്റങ്ങളൊന്നും ബ്രൂക്‌സ് അറിഞ്ഞിരുന്നില്ല. അതൊന്നും അയാളെ ബാധിക്കുന്ന കാര്യവുമായിരുന്നില്ല.

ജയിൽ മോചിതനായ അയാൾ ഒരു പിഞ്ചുകുഞ്ഞിനെപ്പോലെ മതിൽക്കെട്ടിനു പുറത്തേക്ക് കാലെടുത്തുവെച്ചു. വഴിത്താരകളെല്ലാം മാറിയിരിക്കുന്നു. വാഹനങ്ങൾ കാരണം റോഡ് മുറിച്ചുകടക്കാൻ പോലും ബ്രൂക്‌സ് ബുദ്ധിമുട്ടി. ശേഷം നമ്മൾ കാണുന്നത് ജയിലിൽ അത്യന്തം സ്വതന്ത്രനായിരുന്ന അയാൾ പുറം ലോകത്ത് ജീവിക്കാൻ നന്നേ ബദ്ധപ്പെടുന്നതാണ്. ഒരു ഗ്രോസറിയിൽ ജോലിക്കു കയറുന്ന അയാൾ അവിടുത്തെ രീതികളുമായി പൊരുത്തപ്പെടാൻ പാടുപെടുന്നു. സമുദ്രത്തിൽ നിന്ന് ‘മോചിപ്പിക്കപ്പെട്ട്' കരയിലെത്തിയ മത്സ്യത്തെപ്പോലെ അയാൾ പിടയുന്നു.

ഗ്രോസറിയിലെ മാനേജരെ കൊന്നിട്ട് വീണ്ടും ജയിലിലേക്ക് പോയാലോ എന്നു പോലും ബ്രൂക്‌സ് ചിന്തിച്ചു. വയസ്സനായ അയാൾക്ക് അതിനെങ്ങിനെ കഴിയും. ഒടുവിൽ, ജയിലിലെ തന്റെ സുഹൃത്തുക്കൾക്ക് ഒരു കത്തെഴുതിവെച്ചിട്ട് താൻ താമസിക്കുന്ന മുറിയുടെ ഉത്തരത്തിൽ ബ്രൂക്‌സ് തൂങ്ങിമരിക്കുന്നു..
ദീർഘകാല പ്രവാസികളെ സംബന്ധിച്ച് ബ്രൂക്‌സ് അനുഭവിച്ച അളവിലുള്ള ജയിലോ പുറം ലോകത്ത് അയാൾ അനുഭവിച്ച അളവിലുള്ള അപരിചിതത്വമോ ബാധകമായിരിക്കില്ല. എങ്കിലും ഒട്ടും അവഗണിക്കാനാവാത്ത വിധമുള്ള ഇൻസ്റ്റിറ്റിയൂഷണലൈസേഷന് പ്രവാസിയും വിധേയനാകുന്നു. ഇരുപതും മുപ്പതും നാല്പതും വർഷങ്ങൾ കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുമ്പോൾ ബ്രൂക്‌സിനെപ്പോലെ അവൻ ചുറ്റുപാടും മിഴിച്ചു നോക്കുന്നു. തനിക്ക് പരിചയമില്ലാത്ത ഒരു ലോകത്തെ നോക്കുമ്പോലെ.

തിരികെ നീന്തിയാൽ എത്തിപ്പിടിക്കാൻ ഏറെ പ്രയാസപ്പെടേണ്ടിവരുന്നൊരു കടലാണീ അറബിക്കടൽ. മറുകരയിലേക്ക് മാത്രമാണ് അതിന്റെ ഒഴുക്ക്. പത്തേമാരികളിൽ നിന്നും ഘോർഫഖാനിലേക്ക് നീന്തിക്കയറിയ ആദ്യകാല ഗൾഫുകാർ മുതൽ പുതിയകാല ഗൾഫുകാർ വരെ ഒരു ദിശയിലേക്കു മാത്രമേ അനായാസം നീന്തിയിട്ടുള്ളൂ.

പതിനെട്ടു വർഷങ്ങൾക്കു ശേഷമാണ് ഞാൻ ഗൾഫിൽ നിന്ന് തിരിച്ച് നാട്ടിലെത്തുന്നത്. പല പ്രവാസികളേയും അപേക്ഷിച്ച് ഇതൊരു വലിയ കാലയളവല്ല. എങ്കിലും ചെറിയൊരു ബ്രൂക്‌സ് ബാധ എനിക്കും ഏറ്റിട്ടുണ്ട്. ഞാനും ചെറിയ അളവിലെങ്കിലും ഇൻസ്റ്റിറ്റിയൂഷണലൈസ്ഡ് ആയിരിക്കുന്നു. നാടുമായി ആത്മാവിനെ ബന്ധിപ്പിക്കാൻ ആവുന്നില്ല. നാട്ടിൽ നടക്കുന്ന ഉത്സവങ്ങളോ തെരഞ്ഞെടുപ്പാവേശങ്ങളോ എന്നെ ത്രസിപ്പിക്കുന്നില്ല. ഇവിടുത്തെ പച്ചപ്പും മഴയും പുഴയും കടലും കായലും എന്നെ ആകർഷിക്കുന്നില്ല. മരണവാർത്തകൾ ദു:ഖിപ്പിക്കുന്നില്ല. ജനന വാർത്തകൾ സന്തോഷിപ്പിക്കുന്നില്ല. ബന്ധുക്കളോടും സുഹൃത്തുക്കളോടും മാനസികാടുപ്പം തോന്നുന്നില്ല. വീടിനടുത്തെ ജംഗ്ഷനിലും ചായക്കടകളിലും കടത്തിണ്ണകളിലും ഇരുന്ന് എന്റെ നാട്ടുകാർ പറയുന്ന തമാശകൾ പോലും എനിക്ക് മനസ്സിലാവുന്നില്ല. തമാശ കേട്ട് എല്ലാവരും ചിരിക്കുമ്പോൾ ഇളിച്ചുകാട്ടാൻ മാത്രമാണ് എനിക്കാവുന്നത്. കാലം എന്റെയുള്ളിൽ നിന്ന് എന്തോ കൊത്തിയെടുത്ത് പറന്നിരിക്കുന്നു.

ഇപ്പോഴും ഓർക്കുന്നു, പുറപ്പാടിന്റെ ആ ദിവസം

ഇപ്പോഴും ഓർക്കുന്നു ആ ദിവസം. പുറപ്പാടിന്റെ ദിവസം. ഒരു ഗൾഫുകാരന് അതിനേക്കാൾ തെളിമയോടെ ഓർക്കാനാവുന്ന മറ്റേതെങ്കിലും ദിവസമുണ്ടോ? പോയിട്ട് രണ്ടുദിവസം കഴിഞ്ഞ് തിരികെയെത്തുന്ന യാത്രയല്ലല്ലോ ഇത്. പതിറ്റാണ്ടുകൾ പിന്നിടുന്ന യാത്രയ്ക്കാണ് തുടക്കം കുറിക്കുന്നത്. മീശമുളയ്ക്കുന്ന പ്രായത്തിൽ പുറപ്പെട്ട് മീശ നരച്ചാലും തിരിച്ചു വരവ് വൈകുന്നൊരു യാത്ര. ഒരുപക്ഷേ തിരികെ നാട്ടിലൊരു ജീവിതമുണ്ടോ എന്നുപോലും ഉറപ്പില്ല. അഞ്ചുകൊല്ലം കൊണ്ട് കുറേ കാശ് സമ്പാദിച്ചിട്ട് തിരികെ നാട്ടിൽ സെറ്റിലാകണം എന്നൊരു സ്വപ്നം നടക്കാത്തതാണെന്ന യാഥാർഥ്യങ്ങളാണ് ചുറ്റിനും. പോയവരൊന്നും അഞ്ചുകൊല്ലത്തിൽ തിരികെവന്ന് വേരുറപ്പിച്ചിട്ടില്ല. തിരികെ നീന്തിയാൽ എത്തിപ്പിടിക്കാൻ ഏറെ പ്രയാസപ്പെടേണ്ടിവരുന്നൊരു കടലാണീ അറബിക്കടൽ. മറുകരയിലേക്ക് മാത്രമാണ് അതിന്റെ ഒഴുക്ക്. പത്തേമാരികളിൽ നിന്നും ഘോർഫഖാനിലേക്ക് നീന്തിക്കയറിയ ആദ്യകാല ഗൾഫുകാർ മുതൽ പുതിയകാല ഗൾഫുകാർ വരെ ഒരു ദിശയിലേക്കു മാത്രമേ അനായാസം നീന്തിയിട്ടുള്ളൂ.

അന്ന് പകൽ മുഴുവൻ നാട്ടിടവഴികളിലൂടെയെല്ലാം സഞ്ചരിച്ച് കണ്ടവരോടെല്ലാം ഞാൻ പറഞ്ഞു: ‘ഇന്ന് വൈകിട്ട് പോവുകയാണ്'.
ഇടയ്ക്ക് കായലിൽ ഒന്നു മുങ്ങി നിവർന്നു. സന്ധ്യയ്ക്ക് കടൽക്കരയിൽ അസ്തമയം നോക്കിനിന്നു. ഇടവഴിയിലൂടെ ഒന്നുകൂടി കറങ്ങി അവളുടെ മതിൽക്കെട്ടിനുള്ളിലേക്ക് ഒരു റോസാത്തുണ്ട് എറിഞ്ഞു.
ഇഷാ കഴിഞ്ഞപ്പോൾ പള്ളിയിലെ ഉസ്താദ് വന്ന് ദുആ ഇരന്നു തിരികെപ്പോയി.
നാട്ടുകാരും അയൽക്കാരും കൂട്ടുകാരും ബന്ധുക്കളുമെല്ലാം ആശ്ലേഷിക്കുകയും നല്ലൊരു യാത്ര ആശംസിക്കുകയും ചെയ്തു.

ഏറ്റവും അടുത്ത കൂട്ടുകാരും ജ്യേഷ്ഠനും കൂടി ലഗേജുകൾ കെട്ടി ശരിപ്പെടുത്തി.
പഴയകാല പ്രവാസികൾ കുറേ ഉത്തരവാദിത്തങ്ങൾ പെട്ടിയിൽ നിറച്ചാണ് കെട്ട് മുറുക്കിയിരുന്നതെങ്കിൽ എന്റെ തലമുറ നിറച്ചുവെച്ചതിലധികവും സ്വപ്നങ്ങളായിരുന്നു. ജോലി സുഖകരമാവണം, ഉയർച്ചയുണ്ടാവണം.
‘ഹലാലായ എല്ലാ ആഗ്രഹങ്ങളും പരമകാരുണികൻ സാധിച്ചുതരുമാറാകട്ടെ' ആശ്ലേഷങ്ങൾക്കിടെ മുതിർന്നവർ ദുആ ചെയ്തു പറഞ്ഞു.
വീട്ടുമുറ്റത്തു നിന്ന് ഒരു അംബാസഡർ വേലി കടക്കുന്നത് ഞാൻ കാണുന്നു. അതിൽ ഞാനുണ്ട്, ബാപ്പയുണ്ട്, ജ്യേഷ്ഠനുണ്ട്, ഇളയ മാമയുണ്ട്. പിന്നിൽ കരഞ്ഞുകൊണ്ട് ഉമ്മയും പെങ്ങളും അപ്പച്ചിമാരും ബന്ധുജനങ്ങളും. ഉമ്മ കൈകൾ മുകളിലേക്കുയർത്തുന്നു.. പ്രാർഥനകൾ.. ഉമ്മയുടെ പ്രാർഥനകൾ ഒരിക്കലും അവസാനിച്ചിട്ടില്ല. ഇപ്പോഴും കാണുമ്പോഴെല്ലാം പ്രാർഥിക്കും. ഫോൺ ചെയ്യുമ്പോഴൊക്കെ പ്രാർഥനയിലാണ് ഉമ്മ തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും.

മുകളിൽ നിന്നുള്ള ഒരു വിമാനക്കാഴ്ചയിലെന്നപോലെ അംബാസഡർ കാർ തന്റെ മുന്നിലെ പ്രകാശത്തെ തള്ളിനീക്കിക്കൊണ്ട് മരങ്ങളാൽ കാടുമൂടിയ ഗ്രാമപാതയിലൂടെ വളഞ്ഞും തിരിഞ്ഞും പൊയ്‌ക്കൊണ്ടിരിക്കുന്നു.
ലോകത്തുള്ള പാതകളെല്ലാം പരസ്പരം ബന്ധുക്കളാണ്. വീട്ടിൽ നിന്ന് പടിയിറങ്ങുകയേ വേണ്ടൂ, വഴികൾ നിങ്ങളെ ലോകത്ത് എവിടെവേണമെങ്കിലും കൊണ്ടുപോകും. ഓരോ ചെറുപാതയും ലോകത്തിന്റെ വിശാലതയിലേക്ക് തുറന്നുകിടക്കുന്നു.

ഇന്നിപ്പോൾ ആരും ഗൾഫുകഥകൾ പറയാറില്ല

പണ്ടുകാലത്ത്, ഗൾഫിൽ നിന്നു വരുന്നവരിൽ പലരും തങ്ങളുടെ ജീവിതത്തെപ്പറ്റി ഒരുപാട് കഥകൾ പറയുമായിരുന്നു. അതു കേൾക്കാൻ വലിയ രസമാണ്. ഇവിടെ നിന്ന് വിമാനം കയറി ഗൾഫിൽ ചെന്ന് അവിടെ ജോലി അന്വേഷിച്ചു നടന്നതുമുതൽ ജോലികിട്ടി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയുള്ള സകല സംഭവവികാസങ്ങളും കൂടാതെ തിരികെ വിമാനം കയറി നാട്ടിലെത്തുന്നതുവരെയുള്ള ബൃഹത്തായ കഥകൾ. ഇത്രയും കാര്യങ്ങൾ ഇവർ എങ്ങനെ മനസ്സിൽ വെച്ചിരിക്കുന്നു എന്ന് കേഴ്വിക്കാർ അത്ഭുതപ്പെടും.

ഒരു ജനതയുടെ ഭാഷ അറിയില്ലെങ്കിൽ ആ ജനതയെപ്പറ്റി നമ്മൾ എങ്ങനെയറിയും?. അവരുടെ സാഹിത്യം അറിയാതെ, അവരുടെ സിനിമകൾ കാണാതെ, അവരുടെ വാർത്തകൾ വായിക്കാതെ അവരെ നമുക്ക് എങ്ങനെ അറിയാനാവും? അവരുടെ ഭാഷ അറിയില്ലെങ്കിൽ അവരെ മനസ്സിലാക്കാൻ നമുക്ക് താല്പര്യം പോലും ഉണ്ടാവില്ല.

കഥപറച്ചിലിന്റെ സകല തന്ത്രങ്ങളും അവർക്കറിയാം. ഉദ്വേഗം മുറ്റി നിൽക്കുന്ന നിമിഷത്തിൽ അല്പം നിർത്തും. കേഴ്വിക്കാരന് ചിന്തിക്കാൻ അൽപം അവസരം തരും. ചിന്തയ്ക്കും അപ്പുറത്താണ് കാര്യങ്ങളെന്ന മട്ടിൽ കഥാകാരൻ അവിടെ ഒരു ട്വിസ്റ്റ് ഉണ്ടാക്കും. ഇടയ്ക്ക് മാമുക്കോയാ സ്‌റ്റൈലിൽ അറബി വാചകങ്ങൾ കയറ്റും: കൈഫൽ ഹാൽ, ഇന്ത ഹറാമീ.. അസ്സലാമു അലൈക്കും, വ അലൈക്കുമുസ്സലാം. ഗൾഫു ജീവിതത്തെപ്പറ്റി അധികമൊന്നും ആർക്കും അറിയാൻ പാടില്ലാതിരുന്ന കാലാവസ്ഥയെ കഥാകാരന്മാർ പരമാവധി ഉപയോഗപ്പെടുത്തിയിരുന്നതിനാൽ പട്ടാളകഥകളുടെ മറ്റൊരു വേർഷനായി അവയെ കണക്കാക്കാനാവും.

ഇന്നിപ്പോൾ ആരും ഗൾഫുകഥകൾ പറയാറില്ല. കഥകൾ പറയാനുള്ള വീർപ്പുമുട്ടൽ ആർക്കുമില്ല എന്നതുകൊണ്ടാവും അത്. താൻ കണ്ടതും കേട്ടതുമായ കാര്യങ്ങൾ അത് കാണാത്തതും കേൾക്കാത്തതുമായ ആളുകളോട് നിരന്തരം പറയാനുള്ള സങ്കേതങ്ങൾ പണ്ട് ഉണ്ടായിരുന്നില്ല. നാട്ടിൽ വരുമ്പോൾ മാത്രമാണ് ആ കഥകളുടെയൊക്കെ കെട്ടുപൊട്ടിക്കാൻ ഒരവസരം അവർക്ക് കൈവരുന്നത്. ഇന്നിപ്പോൾ അതല്ലല്ലോ സ്ഥിതി. നാട്ടിലാവട്ടെ മറുനാട്ടിലാവട്ടെ, ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ലൈവായി പങ്കുവെക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. അനുഭവങ്ങൾ എങ്ങും കെട്ടിക്കിടക്കുന്നില്ല. അത് ഒഴുകിക്കൊണ്ടേയിരിക്കുന്നു. പറയാനുള്ള കഥകളിൽ മുക്കാലും മറ്റുള്ളവർ കണ്ടുകഴിഞ്ഞതാണ്. കേട്ടുകഴിഞ്ഞതാണ്.

നമുക്ക് പരിചയമില്ലാത്തതിനെ സംബന്ധിച്ചുള്ള കഥകൾ അതേപ്പറ്റി ഒരു രൂപം മെനയാൻ നമ്മോട് ആവശ്യപ്പെടുന്നു. വ്യക്തികൾക്കും സമൂഹങ്ങൾക്കും അത് ബാധകമാണ്. ചെറുപ്പത്തിൽ കള്ളന്മാരുടെ കഥകൾ കേൾക്കുമ്പോൾ അവർ ഒരു പ്രത്യേക ജീവിവർഗമാണ് എന്നുപോലും തോന്നിയിരുന്നു. അവരെ കണ്ടാൽത്തന്നെ പേടിവരുമെന്നും കാണാതിരിക്കലാണ് ഭംഗിയെന്നും കരുതും. എന്നാൽ അപ്രത്തെ ചേട്ടനാണ് ആളുകൾ തെരഞ്ഞുകൊണ്ടിരുന്ന കള്ളൻ എന്ന് ഒരു ദിവസം അറിയുമ്പോൾ മനസ്സിൽ മെനഞ്ഞെടുത്ത കള്ളൻ ഇമേജ് ഇടിഞ്ഞുവീഴുന്നു.

ഒരേ പാറ്റേണിലുള്ള കഥകൾ

അറബികളെപ്പറ്റി പ്രവാസികൾക്കിടയിൽ പ്രചാരത്തിലുള്ള പല കഥകളും അവരെപ്പറ്റി മറ്റൊരു ചിത്രമാണ് മെനയുന്നതെന്ന് തോന്നിയിട്ടുണ്ട്. മലയാളി പ്രവാസികൾക്ക് അറബികളുടെ സാംസ്‌കാരിക വ്യവഹാരങ്ങളിലേക്ക് കടന്നുകയറാനോ അവരുടെ ജീവിത രീതികൾ മനസ്സിലാക്കാനോ ഉള്ള സാഹചര്യങ്ങൾ നന്നേ കുറവാണ്. അറബിഭാഷയിലെ വഴക്കമില്ലായ്മയാണ് ഇതിനൊരു വിലങ്ങുതടിയായി നിൽക്കുന്നത്. ഒരു ജനതയുടെ ഭാഷ അറിയില്ലെങ്കിൽ ആ ജനതയെപ്പറ്റി നമ്മൾ എങ്ങനെയറിയും?. അവരുടെ സാഹിത്യം അറിയാതെ, അവരുടെ സിനിമകൾ കാണാതെ, അവരുടെ വാർത്തകൾ വായിക്കാതെ അവരെ നമുക്ക് എങ്ങനെ അറിയാനാവും? അവരുടെ ഭാഷ അറിയില്ലെങ്കിൽ അവരെ മനസ്സിലാക്കാൻ നമുക്ക് താല്പര്യം പോലും ഉണ്ടാവില്ല. കാലങ്ങളോളം ഗൾഫിൽ കഴിഞ്ഞിരുന്ന പത്തുപേരോട് അറബികൾ തലയിലണിയുന്ന വളയത്തിന്റെ പേര് എന്താണെന്ന് ചോദിച്ചു നോക്കൂ, ഒൻപതു പേരും കൈമലർത്തും. ഈ അറിവില്ലായ്മയുടെ വിടവിലേക്കാണ് കഥകൾ അരിച്ചിറങ്ങുന്നത്.

കുവൈത്തിലുള്ളവരും സൗദിയിലുള്ളവരും യു.എ. ഇയിൽ ഉള്ളവരും ബഹറൈനിലുള്ളവരും എന്നു വേണ്ടാ എവിടൊക്കെ ഗൾഫുലോകമുണ്ടോ അവിടൊക്കെ ഉള്ളവർ ഒരേ പാറ്റേണിലുള്ള ഈ കഥകൾ കേട്ടു. അങ്ങനെ അതൊരു പൊതുബോധമായി. അറബികളെപ്പറ്റിയുള്ള പ്രവാസി പൊതുബോധം എന്തൊക്കെയായിരുന്നു? അവർ ക്രൂരന്മാരാണ്, പീഡകരാണ്, മണ്ടന്മാരാണ്..
ജോലികളിലും മറ്റും അറബികളെ പറ്റിക്കുന്നവർ ഉണ്ടാക്കിയെടുത്തൊരു ‘പഴഞ്ചൊല്ലാണ്' ഇത്. ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും അവർ പിന്നിൽ നിൽക്കുന്നു എന്ന കാര്യത്തെ മുൻനിർത്തിയും ചില ആളുകൾ ഈ ആരോപണം ഉന്നയിക്കാറുണ്ട്.

കാശ് ഉള്ളതുകൊണ്ട് ബുദ്ധി അവർ കാശ് കൊടുത്തു വാങ്ങും. എന്റെ ബാപ്പ സമ്പന്നനായിരുന്നെങ്കിൽ രണ്ടു പതിറ്റാണ്ടോളം അന്യരാജ്യത്തുകിടന്ന് തലവിയർക്കേണ്ട ആവശ്യം എനിക്കുണ്ടായിരുന്നില്ല. തിന്നും കുടിച്ചും മറ്റുള്ളവരെക്കൊണ്ട് ജോലി ചെയ്യിച്ചും നടന്നാൽ മതിയല്ലോ. ആവശ്യമാണ് നിർമാണത്തിന്റെ മാതാവ്. യൂറോപ്പിലെ സമ്പദ് വ്യവസ്ഥ നിലനിൽക്കുന്നത് ടെക്‌നോളജിയെ അടിസ്ഥാനമാക്കിയാണ്. അതുകൊണ്ട് അവർ അതിൽ വ്യാപൃതരായി കൂടുതൽ കൂടുതൽ കണ്ടുപിടുത്തങ്ങളും മറ്റും നടത്തുന്നു. നമ്മുടെ സമ്പദ് വ്യവസ്ഥ നിലനിൽക്കുന്നത് കൃഷിയിലും മനുഷ്യവിഭവശേഷിയിലുമാണ്. അതുകൊണ്ട് നമ്മൾ കൃഷിചെയ്തും മറ്റുള്ളവർക്കുവേണ്ടി ജോലി ചെയ്തും കാലം കഴിക്കുന്നു. സാമ്പത്തിക പാരിസ്ഥിതിക രാഷ്ട്രീയ ചുറ്റുപാടുകൾ ഗൾഫിലും മറ്റു അറബി രാജ്യങ്ങളിലും മറ്റൊന്നാകയാൽ ശാസ്ത്രത്തിൽ മുന്നേറാൽ അവർ അധികം താല്പര്യമെടുക്കുന്നുണ്ടാവില്ല. വളരെ കുറഞ്ഞ തദ്ദേശ ജനസംഖ്യയും നിർമ്മാണ വസ്തുക്കളുടെ അലഭ്യതയും മറ്റൊരു പ്രതിബന്ധമാണ്. അറബികൾ യാത്ര ചെയ്തിരുന്ന സമയങ്ങളിൽ അവർ വിവിധങ്ങളായ ജ്യോതിശാസ്ത്ര യന്ത്രങ്ങളും മാപിനികളും മറ്റും കണ്ടുപിടിച്ചു. കച്ചവടത്തിനായി മഹാ സമുദ്രങ്ങൾ താണ്ടി. ഇപ്പോൾ അവർക്ക് അതിന്റെയൊന്നും ആവശ്യമില്ല.

വിദേശികളുടെ മാനവ വിഭവശേഷിയെ സ്വന്തമാക്കുവാൻ പൗരത്വം നൽകുന്ന പാശ്ചാത്യ മോഡൽ നിയമങ്ങളായിരുന്നു ഗൾഫിലെങ്കിൽ ശാസ്ത്ര സാങ്കേതിക മേഖലയിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കാനും സ്വയം പര്യാപ്തമാകുവാനൂം ഒരുപക്ഷേ അവർക്ക് കഴിയുമായിരുന്നു. നിലവിലെ വിദേശ തൊഴിലാളികൾക്ക് ‘എന്റെ മണ്ണ്' എന്നൊരു വികാരമില്ല . തിരിച്ചുപോകാനുള്ളവനാണ് താൻ എന്ന ബോധമാണ് ഓരോ പ്രവാസിയുടേയും ഉള്ളം ഭരിക്കുന്നത്. അതിനാൽ താമസ സ്ഥലത്തിനു ചാരെ ഒരു കുഞ്ഞു ചെടി നടുവാൻ പോലും അവന് തോന്നുന്നില്ല. ജോലി ചെയ്യുക. കൂലി വാങ്ങുക. നാട്ടിലേക്ക് അയയ്ക്കുക. അതിൽ കവിഞ്ഞ കാര്യങ്ങളൊന്നും ഗൾഫിൽ അവനെ അലട്ടുന്നില്ല.

നിങ്ങളുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും രൂപം പോലും മനസ്സിൽ കണ്ടതല്ലാതായിരിക്കുന്നു. ഗൾഫിൽ കാണുന്ന മേനിയളവുകളിലേക്ക് നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചിരുന്ന മനുഷ്യരുടെ അളവുകൾ ക്രമപ്പെട്ടുപോയിരിക്കുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം നിങ്ങളുടെ കണ്ണുകളും ചെവികളും നാടിനെ തിരിച്ചു പിടിക്കും. പക്ഷേ അപ്പോഴേക്കും നിങ്ങളുടെ അവധികഴിഞ്ഞ് തിരിച്ചുപോകാറായിരിക്കും.

ഒരുപക്ഷേ, ദൈവത്തിന് അവന്റേതായ പ്ലാനും പദ്ധതികളുമുണ്ടാവും. എല്ലാവരും ബുദ്ധിമാന്മാരും ശാസ്ത്രപടുക്കളും ആയാലെങ്ങനെ? ദൈവം എണ്ണ ഒരിടത്തും അത് കുഴിക്കാനുള്ള ടെക്‌നോളജി മറ്റൊരിടത്തും അത് നടപ്പാക്കാനുള്ള മനുഷ്യ വിഭവം വേറൊരിടത്തും അവർക്കു ഉണ്ണാനും ഉടുക്കാനുമുള്ളത് ഇനിയും മറ്റു പലയിടങ്ങളിലും വിന്യസിച്ചിരിക്കുന്നു. ജനതകൾ തമ്മിലെ പരസ്പര സഹവർത്തിത്വമാവാം അവൻ അതിലൂടെ ലക്ഷ്യം വെക്കുന്നത്.

ഫഹാഹീലിന്റെ നിശബ്ദത

കുവൈത്തിലെ ഫഹാഹീൽ ആണ് ഞാൻ ആദ്യമായി കാണുന്ന ഗൾഫ് നഗരം. 2003 ജനുവരിയിൽ. ശീതകാലം അതിന്റെ സൂചിമുനകൾ കുടഞ്ഞെറിഞ്ഞുകൊണ്ടിരുന്നൊരു രാത്രിയിൽ. കുവൈത്തിന്റെ വലുപ്പം വെച്ചു നോക്കുമ്പോൾ അവിടുത്തെ നഗരങ്ങളിൽ മുക്കാലും ഒന്നിനൊന്ന് തൊട്ടു കിടക്കുകയാണ്. ഒരൊറ്റ നഗരം പോലെ.

അക്കാലത്ത് തെക്കൻ കുവൈത്തിലെ ലേബർ ക്യാമ്പുകളിൽ നിന്ന് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഫഹാഹീലിലേക്ക് കമ്പനികൾ വക ബസ്സ് സർവീസ് ഉണ്ട്. ഈ രണ്ട് ദിവസങ്ങളിലും ഫഹാഹീൽ ജനനിബിഡമാകും. വഴിയോരക്കച്ചവടക്കാർ നിരത്തുകൾ കയ്യേറുന്ന ദിവസങ്ങൾ. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കൂടിക്കാഴ്ചകൾ നടത്തുന്നത് അന്നാണ്. ചെറിയ ഷോപ്പിംഗുകൾ ചെയ്യുന്നതും അറേബ്യൻ റസ്റ്റോറന്റുകളിൽ നിന്ന് എന്തെങ്കിലും വാങ്ങിക്കഴിക്കുന്നതും അന്നാണ്. ആ ജനക്കൂട്ടത്തിനിടയിലും ഞാൻ ശ്രദ്ധിച്ചൊരു കാര്യം ഫഹാഹീലിന്റെ നിശബ്ദതയാണ്. ഒരു പട്ടണത്തിന് ഉണ്ടായിരിക്കും എന്ന് ഞാൻ കരുതിയിരുന്ന ശബ്ദങ്ങളൊന്നും അതിനില്ല. വാഹനങ്ങളുടെ നിർത്താതെയുള്ള ഹോണടികളില്ല, സാധനങ്ങൾ വിൽക്കുന്നവരുടെ വായ്ത്താരികളില്ല, രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളില്ല, ലോട്ടറി കച്ചവടക്കാരുടെ ആരവങ്ങളില്ല. ഒന്നുമില്ല. ശബ്ദങ്ങളില്ലാതെ ഒരു നഗരം. ഫഹഹീൽ മാത്രമല്ല, ഗൾഫ് രാജ്യങ്ങളിലെ ഒരു നഗരത്തിനും ശബ്ദമില്ല. എത്ര മൂകസുന്ദരമായാണ് അവ നിലകൊള്ളുന്നത്. ഇങ്ങ് നാട്ടിൽ ഗ്രാമങ്ങൾ പോലും ശബ്ദായമാനമാണല്ലോ.

ഗൾഫ് ജീവിതം നിങ്ങളുടെ കേൾവിയും കാഴ്ചയും മാറ്റിമറിക്കും. നിങ്ങൾ അറിയാതെതന്നെ. രണ്ടു കൊല്ലത്തോളമെങ്കിലും ഗൾഫിൽ ചെലവഴിച്ച് ആദ്യത്തെ വെക്കേഷന് തിരികെ നാട്ടിലെത്തുമ്പോൾ നിങ്ങൾക്കത് തിരിച്ചറിയാനാവും. എയർ പോർട്ടിൽ നിന്ന് പുറത്തേക്കു കാലു കുത്തുമ്പോൾത്തന്നെ കാറുകളുടെ ഹോണടി ശബ്ദം നിങ്ങളെ അലോസരപ്പെടുത്തും. ഇവരെന്തിനിങ്ങനെ ബഹളമുണ്ടാക്കുന്നുവെന്ന് പിറുപിറുക്കും. പുറത്തു കാത്തു നിൽക്കുന്ന ബന്ധു ജനങ്ങളെ കാണുമ്പോൾ ഏതോ പട്ടിണിരാജ്യത്തു വന്നിറങ്ങിയതുപോലെ തോന്നും. എല്ലാവരും മെലിഞ്ഞുണങ്ങിയിരിക്കുന്നു. കാറിലേറി യാത്ര ചെയ്യുമ്പോൾ, പണ്ട് വിശാലമെന്നു കരുതിയിരുന്ന റോഡുകളെല്ലാം ഇടുങ്ങിയതായി തോന്നും. കെ എസ് ആർ ടി സി ബസുകളെ കാണുമ്പോൾ ചിരിവരും.

നിങ്ങൾ ഇൻസ്റ്റിറ്റിയൂഷണലൈസ് ചെയ്യപ്പെടാൻ തുടങ്ങി എന്നതിന്റെ സൂചനകൂടിയാവാം അത്. നിങ്ങൾ മറ്റൊരു പ്രകൃതിയിൽ മുഴുവനായും മുങ്ങിയിരിക്കുന്നു. നാടുമായുള്ള നിങ്ങളുടെ പരിചയം വിട്ടുകൊണ്ടിരിക്കുന്നു. ഒട്ടേറേ കാര്യങ്ങൾ അപരിചിതമായി തുടങ്ങിയിരിക്കുന്നു. നിങ്ങളുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും രൂപം പോലും മനസ്സിൽ കണ്ടതല്ലാതായിരിക്കുന്നു. ഗൾഫിൽ കാണുന്ന മേനിയളവുകളിലേക്ക് നിങ്ങളുടെ ഉള്ളിൽ സൂക്ഷിച്ചിരുന്ന മനുഷ്യരുടെ അളവുകൾ ക്രമപ്പെട്ടുപോയിരിക്കുന്നു.
കുറച്ചു ദിവസങ്ങൾക്കു ശേഷം നിങ്ങളുടെ കണ്ണുകളും ചെവികളും നാടിനെ തിരിച്ചു പിടിക്കും. പക്ഷേ അപ്പോഴേക്കും നിങ്ങളുടെ അവധികഴിഞ്ഞ് തിരിച്ചുപോകാറായിരിക്കും.

രാത്രികളെ കൊന്നുകളയുന്ന പട്ടണങ്ങൾ

ആദ്യകാലങ്ങളിൽ അവധിക്കു വരുമ്പോഴൊക്കെ എന്നെ അലട്ടിയിരുന്ന പ്രശ്‌നമായിരുന്നു ഇരുട്ട്. രാത്രികളിൽ വീടിന്റെ ഉമ്മറത്തിരുന്ന് പുറത്തേക്കു നോക്കുമ്പോൾ കട്ടപിടിച്ചു കിടക്കുന്ന ഇരുട്ട്. അവിടവിടെയായി അയൽപ്പക്കങ്ങളിൽ നിന്ന് ഇരുട്ടിലേക്ക് പടരുന്ന തുള്ളി വെളിച്ചം മാത്രം. വീടിനുള്ളിലോ? അത്രയൊന്നും ധവളിമയില്ലാത്ത പാവം ബൾബുകളും ട്യൂബുകളും. ആദ്യത്തെ രണ്ടാഴ്ചയോളം ഈ വെട്ടമില്ലായ്മ എന്നെ ഒരുതരം ഡിപ്രഷനിലേക്ക് തള്ളിവിട്ടിരുന്നു. പിന്നീട് കണ്ണുകൾ ഇതിനോടെല്ലാം പൊരുത്തപ്പെട്ടു തുടങ്ങും.

ഗൾഫിൽ എങ്ങും വെളിച്ചമാണ്. വിമാനത്തിലിരുന്ന് നോക്കിയാൽ തുരുതുരെ രത്‌നക്കല്ലുകൾ പതിച്ച ഹാരങ്ങൾ പോലെ നഗരങ്ങൾ തിളങ്ങുന്നതു കാണാം. കുവൈത്ത് സിറ്റിയിലോ ദുബൈയിലോ ഷാർജയിലോ താമസിക്കുന്ന ഒരാൾക്ക് രാത്രിയിൽ രാത്രിയെ കാണണമെങ്കിൽ കുറച്ച് ദൂരം യാത്ര ചെയ്യേണ്ടി വരും.
കുറോസാവയുടെ ഡ്രീംസ് എന്ന ചിത്രത്തിൽ ഒരു ഗ്രാമത്തിന്റെ കഥയുണ്ട്. ആ ഗ്രാമത്തിലെ വീടുകളിൽ ഇലക്ട്രിക് ലൈറ്റുകളില്ല. അല്ലം വെട്ടം വേണമെന്നു തോന്നിയാൽ ഒരു വിളക്കോ മറ്റോ കത്തിച്ചു വെക്കും. സന്ദർശകനായ ഒരാളോട് ഗ്രാമവാസി അതേപ്പറ്റി വിശദീകരിക്കുന്നുണ്ട്. രാത്രിയിൽ ഇരുട്ടായിരിക്കില്ലേ എന്ന ചോദ്യത്തിന്, "രാത്രി അങ്ങനെതന്നെയല്ലേ ആയിരിക്കേണ്ടതെ'ന്ന് ഗ്രാമവാസി തിരിച്ചു ചോദിക്കുന്നു.
ഗൾഫിലെ മാത്രമല്ല, ലോകത്തിലെ പട്ടണങ്ങളെല്ലാം രാത്രികളെ കൊന്നുകളയുന്നു.

‘There is no electricity here?' Akira curiously asked ‘Do not need it.. People get too used to convenience. They think convenience is better. They throw out what is truly good.' ‘But what about lights' Akira said ‘We have got candles and linseed oil.' ‘But night is so dark!' Akira said ‘Yes! That is what night is supposed to be. Why should night be as bright as day?' I would not like nights so bright; you could not see the stars.'

​From the movie Dreams - Village of the Water Mills - Akira Kurosawa

(തുടരും )


ഷഫീക്ക് മുസ്തഫ

കഥാകൃത്ത്​. കുവൈത്തിലും യു.എ.ഇയിലും രണ്ടു പതിറ്റാണ്ട്​ പ്രവാസ ജീവിതം. വിവിധ കമ്പനികളിൽ ഫയർ ഫൈറ്റിംഗ്​ സിസ്​റ്റം ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്​തു. കോവിഡ്​കാല പ്രതിസന്ധികൾക്കിടെ നാട്ടിൽ തിരിച്ചെത്തി

Comments