Representative image / Photo : flickr

ബിന്ദുവിൽനിന്ന്​ ബിന്ദുവിലേക്കൊരു...

ഇപ്പോൾ എനിക്ക് മനഃസ്​താപമുണ്ട്. എന്തുകൊണ്ടാണ് ഞങ്ങളുടെ ഗെറ്റ് റ്റുഗദറുകളിൽ ട്യൂട്ടോറിയൽ അധ്യാപകർ ക്ഷണിക്കപ്പെടാതിരുന്നത്?

ള്ളം പറയാൻ അറിയാത്ത അധ്യാപകരാണ് ഗണിതാധ്യാപകർ. അവർക്ക് ഹിസ്റ്ററി പഠിപ്പിക്കുന്നവരെപ്പോലെയോ ജിയോഗ്രഫി പഠിപ്പിക്കുന്നവരെപ്പോലെയോ, മറ്റു ശാസ്ത്രശാഖകൾ പഠിപ്പിക്കുന്നവരെപ്പോലെ സത്യങ്ങളോടൊപ്പം അനുമാനങ്ങളും അർദ്ധസത്യങ്ങളും പഠിപ്പിക്കാൻ പറ്റില്ലല്ലോ. സാമൂഹ്യശാസ്ത്രം പോലെയുള്ള ശാസ്ത്രങ്ങൾ സാമൂഹ്യസമ്മർദ്ദങ്ങൾക്ക് വശംവദമാകുന്നതായും കണ്ടുവരുന്നു. അത് ഓരോ ദേശത്തും ഓരോ കാലത്തും ഓരോന്നായി മാറുന്നു. എന്നാൽ കണക്ക് മറ്റു വിഷയങ്ങളെപ്പോലെയേ അല്ല. ചാക്കോ മാഷ് പറഞ്ഞതുപോലെ ഭൂഗോളത്തിന്റെ സ്പന്ദനം പോലും കണക്കുകളാൽ ബന്ധിതമാണ്. ഏത് ഗവണ്മെന്റ് ഏതൊക്കെ ടെക്സ്റ്റ് ബുക്കുകൾ തിരുത്തിയാലും ഗണിതശാസ്ത്ര പുസ്തകം തിരുത്താൻ സാധ്യമല്ല. സർവാംഗീകൃതമായ അതിന്റെ സിദ്ധാന്തങ്ങൾ ഏത് പ്രൊപഗണ്ടാ ഗവണ്മെന്റിനേയും വെല്ലുവിളിച്ചുകൊണ്ട് നിലകൊള്ളും. അത് ലോകത്തെല്ലാവരോടും ഒരേ ഭാഷ സംസാരിക്കുകയും ഒരേ രീതിയിൽ വർത്തിക്കുകയും ചെയ്യുന്നു.

ഗണിതാധ്യാപകരെ ഇഷ്ടപ്പെടാൻ മേൽ പറഞ്ഞ കാര്യങ്ങൾ മാത്രം കണക്കിലെടുത്താൽ മതി. പക്ഷേ കുറേ അധികം കുട്ടികൾക്കെങ്കിലും അവരെ ഇഷ്ടമല്ല. അത്തരം കുട്ടികൾ യാഥാർഥ്യങ്ങളോടൊപ്പം അല്പം ഫിക്ഷനും ഇഷ്ടപ്പെടുന്നവരായതുകൊണ്ടാവാം. നഗ്നമായ സത്യങ്ങൾക്ക് അധികമാരെയും ആകർഷിക്കാൻ പറ്റില്ലല്ലോ. അവ വിരസവും വരണ്ടതുമാണ്. അതുകൊണ്ടാണ് സത്യം പറയേണ്ടിവരുമ്പോൾ എഴുത്തുകാർ ഫിക്ഷനെ കൂട്ടുപിടിക്കുന്നത്. അവർ എഴുതുന്ന വലിയ കള്ളങ്ങൾ പിന്നീട് പരമസത്യമായി മാറുന്നു. അല്പം ക്ഷമയോടെ കണക്കിനെ നിരീക്ഷിക്കുന്ന കുട്ടികൾക്ക് അതിലും ഫിക്ഷൻ കണ്ടെത്താനാവും. ഒരു ശരാശരി ഫിക്ഷനാസ്വാദകനെ ആകർഷിക്കാൻ പോന്ന രീതിയിൽ കണക്കിലും ഫിക്ഷൻ അടങ്ങിയിട്ടുണ്ടെന്നു വേണം പറയാൻ. ഉദാഹരണം, രാജുവിന്റെ കയ്യിൽ 0 മാങ്ങയുണ്ട്. അതിൽ നിന്ന് 5 മാങ്ങകൾ ഫാത്തിമയ്ക്ക് കൊടുത്താൽ രാജുവിന്റെ കയ്യിൽ എത്ര മാങ്ങകൾ ബാക്കിയുണ്ട്? ഉത്തരം ഇങ്ങനെ: 0-5 = -5. രാജുവിന്റെ കയ്യിലുള്ള മാങ്ങകളുടെ എണ്ണം -5. Wow! എന്തൊരുത്തരം!

ഭൂപ്രമാണിമാരുടെ മക്കളും അവിടെ തേങ്ങയിടുന്നവരുടെ മക്കളും ഒരേ ക്ലാസിലിരിക്കുകയും ഒരേ മൈതാനത്ത് കളിക്കുകയും ചെയ്തു. "പഠിക്കേണ്ടവർക്ക് പഠിക്കാം, കളിക്കേണ്ടവർക്ക് കളിക്കാം' - അതായിരുന്നോ ഗവണ്മെൻറ്​ സ്കൂളിന്റെ സമീപനം

അനിൽ മാഷ് ഞങ്ങളുടെ കണക്ക് മാഷായിരുന്നു. ക്ലാസിലേക്ക് കടന്നുവരുമ്പോഴെല്ലാം അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു കവിതയുമുണ്ടാകും. വൃത്തത്തിലും അതിന്റെ അളവുകളിലും രാകിമിനുക്കിയ, ഈണം മുറിയാത്ത കവിതകൾ. ക്ലാസ്സിൽ കടന്ന ശേഷം കുട്ടികളെ അഭിമുഖീകരിച്ചുകൊണ്ട് അദ്ദേഹം നാലു വരികൾ ഉറക്കെച്ചൊല്ലും. ശേഷം, തിരിഞ്ഞു നിന്ന് ബോർഡിൽ Mathematics-II എന്നെഴുതി, അടിയിൽ ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദുവിലേക്ക് ഒരു നേർ-രേഖ വരയ്ക്കും. എന്നിട്ട് കുട്ടികളെ നോക്കി ചോദിക്കും:

""ഞാൻ ഇപ്പോൾ ചൊല്ലിയ കവിത ആരുടേതാണെന്ന് ആർക്കെങ്കിലും പറയാമോ?''

ഞങ്ങളുടേത് ഒരു തീരദേശപ്രദേശമാണ്. അന്ന് (25 കൊല്ലം മുമ്പ്) വിദ്യാർഥികളിൽ ഒരു വലിയ പങ്ക് മത്സ്യത്തൊഴിലാളികളുടെ മക്കളായിരുന്നു. പിന്നെയുള്ള ഭൂരിപക്ഷം കയർത്തൊഴിലാളികളുടേതും കൂലിപ്പണിക്കാരുടേതുമാണ്. "കഷ്ടപ്പാടുകളിൽ നിന്ന് മോചനം കിട്ടാൻ വിദ്യാഭ്യാസം കൊണ്ടേ പറ്റൂ' എന്ന് അടിസ്ഥാനവർഗങ്ങളിൽ ഉണർവ് ഉണ്ടായിവരുന്നതേയുള്ളൂ. "എല്ലാവരും വിദ്യാഭ്യാസം നേടി മജിസ്ട്രേറ്റ് ആയാൽ ഇവിടെ ആര് തെങ്ങിൽക്കയറും, വലവലിക്കും, കയറുപിരിക്കും' എന്ന് ഉപരിവർഗത്തിലുള്ളവർ സീരിയസ്സായി സംശയങ്ങൾ ഉയർത്തുന്ന കാലം. "ശരിയാണല്ലോ, അതിനും ആളുവേണ്ടേ' എന്ന് എപ്പഴോ ജീവിതം മെച്ചപ്പെടുത്തിയ മധ്യവർഗം പിന്താങ്ങുന്ന കാലം. ഈ കാലത്തിനും ഈ ദേശത്തിനുമിടയിലാണ് ഞങ്ങളുടെ സ്കൂൾ ഉള്ളത്. രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്നുണ്ട്. കാശ് മുടക്കി കുട്ടികളെ പഠിപ്പിക്കുന്നത് ശീലമായിത്തുടങ്ങിയിട്ടില്ലാത്തതിനാൽ ഉച്ചക്കഞ്ഞിക്ക് യോഗര്യായവരും അയോഗ്യരായവരുമെല്ലാം ആ സ്കൂളിൽ ഒന്നിച്ചിരുന്ന് പഠിച്ചു. ഭൂപ്രമാണിമാരുടെ മക്കളും അവിടെ തേങ്ങയിടുന്നവരുടെ മക്കളും ഒരേ ക്ലാസിലിരിക്കുകയും ഒരേ മൈതാനത്ത് കളിക്കുകയും ചെയ്തു. "പഠിക്കേണ്ടവർക്ക് പഠിക്കാം, കളിക്കേണ്ടവർക്ക് കളിക്കാം' - അതായിരുന്നോ ഗവണ്മെൻറ്​ സ്കൂളിന്റെ സമീപനം? എന്തായാലും, SSLC വിജയശതമാനം നാല്പതിനും അൻപതിനുമിടയിൽ ആടിക്കളിച്ചുകൊണ്ടിരുന്നു. മുൻബഞ്ചുകളിൽ ഇരുന്നവർ ഉന്നത വിജയം നേടുകയും മധ്യത്തിലുള്ളവർ കടമ്പ കടക്കുകയും പിൻബഞ്ചുകളിൽ ഉള്ളവർ ഒന്നാകെ തോറ്റുപോവുകയും ചെയ്തു.

മുഖ്യധാരാ സംവിധാനങ്ങൾ തകരാറിലാവുകയോ അപര്യാപ്തമാവുകയോ ചെയ്താൽ അവിടെ സമാന്തര സംവിധാനങ്ങൾ മുളയ്ക്കുമല്ലോ. നമ്മുടെ നാട്ടിൽ ഇങ്ങനെയുള്ള സമാന്തര സംവിധാനങ്ങളുടെ ഒരു നിര തന്നെയുണ്ട്. ജ്യുഡീഷ്യറിയിൽ കാലതാമസമുള്ളതുകൊണ്ട് ഖാപ്പ് പഞ്ചായത്ത് മുതൽ ഗുണ്ടാസംഘങ്ങൾ വരെ. ബാങ്കുകൾ അപര്യാപ്തമായതുകൊണ്ട് സമാന്തര വായ്പാ സഹായ നിധികൾ മുതൽ ബ്ലേഡുകൾ വരെ. പൊതു ഗതാഗത സംവിധാനങ്ങൾ ദുർബ്ബലമായതുകൊണ്ട് അംഗീകാരമുള്ളതും ഇല്ലാത്തതുമായ ബസ്സുകളും കാറുകളും ജീപ്പുകളും. പൊതുജനാരോഗ്യ കേന്ദ്രങ്ങൾ പോരാതെ വന്നതുകൊണ്ട് പ്രെെവറ്റ് ആശുപത്രികളും, ക്ലിനിക്കുകളും. അങ്ങനെ നല്ലതും ചീത്തയുമായി എല്ലാ മേഖലകളിലും സമാന്തര സംവിധാനങ്ങളുണ്ട്. സ്കൂൾ വിദ്യാഭാസത്തിന്റെ അപര്യാപ്തതയിലാണ് ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ നിലനിൽപ്പ്.

കുട്ടികളുടെ വിജയം തങ്ങളുടെ ബാധ്യതയാണെന്നും അതാണ് തങ്ങളുടെ അന്നമെന്നും ഉറച്ചു വിശ്വസിച്ചിരുന്ന ഒരുപറ്റം അധ്യാപകരാണ് ടൂട്ടോറിയൽ കോളേജുകളിൽ ഉള്ളത്

ഞങ്ങളുടെ പ്രദേശത്ത് രണ്ട് ട്യൂട്ടോറിയലുകൾ ഉണ്ടായിരുന്നു. ഒന്നിന്റെ പേര് സ്റ്റുഡന്റ്സ് സെന്റർ, മറ്റതിന്റെ പേര് സ്റ്റുഡൻസ് കോളേജ്. സ്കൂൾ തുറക്കുന്ന സമയമാകുമ്പോൾ കുട്ടികളെ ക്യാൻവാസ് ചെയ്യുന്നതിൽ ഈ രണ്ട് സ്ഥാപനങ്ങളും വലിയ മത്സരത്തിൽ ഏർപ്പെടും. തെരഞ്ഞെടുപ്പ് കാമ്പയിനുകളെ വെല്ലുന്ന രീതിയിലുള്ള കാമ്പയിനുകളാണ് അരങ്ങേറുക. തെരഞ്ഞെടുപ്പ് കാമ്പയിനുകൾ മത്സര വിജയത്തിനു മുമ്പാണ് നടക്കുന്നതെങ്കിൽ ട്യൂട്ടോറിയൽ കാമ്പയിനുകൾ മത്സര ശേഷമാണ് നടക്കുക. ഓരോ സ്ഥാപനവും തൊട്ടു മുമ്പത്തെ അധ്യയനവർഷത്തെ പരീക്ഷാവിജയികളുടെ പടങ്ങൾ നിറച്ച പോസ്റ്ററുകളിറക്കും. കണക്കുകളിലെ കളികൾ കൊണ്ട് തങ്ങളാണ് ഏറ്റവും നന്നായി പെർഫോം ചെയ്യുന്നതെന്ന് സമർഥിക്കാൻ ശ്രമിക്കും. പുറമേ, മാമാ- മച്ചുനൻ ബന്ധങ്ങളും രാഷ്ട്രീയവും ഉൾപ്പടെ ഏതൊക്കെ ടൂളുകൾ ഉപയോഗിക്കാമോ അതൊക്കെയും ഉപയോഗിക്കും. അങ്ങനെ സർവ്വായുധങ്ങളും പ്രയോഗിക്കപ്പെട്ടൊരു കാമ്പയിനിന്റെ ഭാഗമായാണ് ഞാൻ സ്റ്റുഡൻറ്​സ്​ കോളേജിൽ ചേരുന്നത്. കുട്ടികളുടെ വിജയം തങ്ങളുടെ ബാധ്യതയാണെന്നും അതാണ് തങ്ങളുടെ അന്നമെന്നും ഉറച്ചു വിശ്വസിച്ചിരുന്ന ഒരുപറ്റം അധ്യാപകരാണ് ടൂട്ടോറിയൽ കോളേജുകളിൽ ഉള്ളത്. സത്യത്തിൽ അവർ കൂടി പരിശ്രമിച്ചിരുന്നില്ലെങ്കിൽ ഞങ്ങളുടെ സ്കൂളിന്റെ വിജയശതമാനം ഇരുപതിലോ ഇരുപത്തിയഞ്ചിലോ ഒതുങ്ങിയേനെ.

അനിൽ സാർ സ്റ്റുഡൻസ് കോളേജിൽ 8-10 വരെ ക്ലാസുകൾക്ക് ഗണിതാധ്യാപകനായിരുന്നു. ചെറുപ്പക്കാരൻ. സുന്ദരൻ. മുകൾബട്ടൺ അഴിച്ചിട്ട ഷർട്ടിന്റെ വിടവിലൂടെ സാറിന്റെ നേരിയ സ്വർണ്ണമാല ഇടയ്ക്കിടെ മിന്നും. മോഹൻലാലിനെപ്പോലെ തോളുചരിച്ചാണ് അദ്ദേഹം നടന്നിരുന്നത്. ലാലിനെ അനുകരിച്ച് സാവകാശത്തിലുള്ള സംസാരം. വല്ലപ്പോഴുമൊക്കെ സിനിമാക്കഥകളും ഡയലോഗ്സും. ഞങ്ങൾ കുട്ടികൾക്ക് അദ്ദേഹത്തെ ഇഷ്ടപ്പെടാൻ അധികമൊന്നും വേണ്ടായിരുന്നു. സാർ പറഞ്ഞതെല്ലാം ഞങ്ങൾ താൽപര്യപൂർവ്വം കേട്ടു. അതിൽ ഗോളത്തിന്റെ വ്യാപ്തവും വൃത്തത്തിന്റെ വിസ്തീർണവും രാജശില്പിയുടെ കഥയും സഖാവ് ചെയുടെ വീരേതിഹാസങ്ങളും ഉണ്ടായിരുന്നു. ഒരുപാട് കറികളുള്ള സദ്യ കഴിക്കുമ്പോലെ ആയിരുന്നു സാറിന്റെ ക്ലാസ്സുകൾ.

ഷഫീഖ് മുസ്തഫ
ഷഫീഖ് മുസ്തഫ

ക്ലാസ്സിലെ ഓരോരുത്തരും സാറിന് പ്രധാനപ്പെട്ടവരായിരുന്നു. സാറിന്റെ ക്ലാസ്സുകളിൽ സ്ഥിരമായ മുൻ-ബഞ്ചേഴ്സ് ഉണ്ടായിരുന്നില്ല. ഒരു പാചകക്കാരൻ ഉരുളിയിലെ ഭക്ഷണം ഇളക്കുമ്പോലെ തന്റെ ക്ലാസ്സ് മുറിയെ അദ്ദേഹം എപ്പോഴും ഇളക്കിക്കൊണ്ടിരുന്നു. സ്ഥിരമായി പരിഗണിക്കപ്പെടാതെയും സ്ഥിരമായി പരിഗണിക്കപ്പെട്ടും ഒരേ സ്ഥലത്ത് മൂടുറച്ചു പോകാൻ അനിൽ സാർ ആരെയും അനുവദിച്ചില്ല. പ്രദേശത്തുകാരനായതുകൊണ്ട് ഞങ്ങളെ ഓരോരുത്തരേയും സാറിന് അറിയാമായിരുന്നു. ഗ്രാമപ്രദേശങ്ങളിലെ ട്യൂട്ടോറിയലുകളിലെ ഏതൊരധ്യാപകന്റേയും പ്രത്യേകതയാണത്. ഏതെങ്കിലും കുട്ടി പഠിക്കുന്നതിൽ പിന്നിലേക്ക് പോകുന്നുവെന്ന് തോന്നിയാൽ അവനെ/അവളെ ഓഫീസ് മുറിയിൽ വിളിപ്പിച്ച് വീട്ടുവിശേഷങ്ങൾ ചോദിക്കും. അച്ഛന്റേയും അമ്മയുടേയും കഷ്ടപ്പാടുകളും പ്രതീക്ഷകളും മനസ്സിലാക്കിക്കൊടുത്ത് പ്രോത്സാഹിപ്പിക്കും. കുട്ടികൾ കൃത്യമായി ഫീസ് കൊടുക്കുന്നുണ്ടോ എന്നകാര്യം പോലും അവിടെ പരിഗണനീയമല്ല. മുപ്പതോ നാല്പതോ പേരുള്ള ടൂട്ടോറിയൽ ക്ലാസ്സുകളിൽ കൃത്യമായി ഫീസ് കൊടുക്കുന്നവരായി അന്നൊക്കെ പത്തോ പതിനഞ്ചോ പേർ മാത്രമേ ഉണ്ടായിരുന്നുള്ളുതാനും. ഫീസ് കൊടുക്കാത്തത്തിലുള്ള മാനക്കേടു കാരണം ഏതെങ്കിലും കുട്ടി ക്ലാസ്സിൽ വരാതിരുന്നാൽ അധ്യാപകർ അവനെ വീട്ടിൽപ്പോയി വിളിച്ചുകൊണ്ടുവരും. ""അതൊന്നും കുഴപ്പമില്ല, നീ പഠിച്ചാൽ മാത്രം മതി'' എന്ന് സമാധാനിപ്പിക്കും.

അനിൽ സാർ ഞങ്ങൾക്ക് കണക്കിലെ പലവിദ്യകളും കുറുക്കുവഴികളും പറഞ്ഞുതരുമായിരുന്നു. രണ്ടു സംഖ്യകൾ ഗുണിക്കുന്നതിന് സാധാരണയിൽ നിന്ന് വ്യത്യസ്തമായതും എന്നാൽ വളരെ ഈസിയായതുമായ മാർഗങ്ങൾ ഉണ്ടായിരുന്നു. ഹരിക്കുന്നതിനും അതേ. ജ്യാമിതീയ രൂപങ്ങളുടെയും ഘനരൂപങ്ങളുടേയും നിർദ്ധാരണങ്ങൾ കുട്ടികളുടെ മനസ്സിൽ പതിയും വരെ അദ്ദേഹം വീണ്ടും വീണ്ടും പഠിപ്പിച്ചു. അധ്യയനത്തിന്റെ ഓരോ ഘട്ടങ്ങളിലും അദ്ദേഹം അന്വേഷിക്കും:

""മനസ്സിലാകാത്തവരുണ്ടെങ്കിൽ കൈ ഉയർത്തുക..''

കൈകളുടെ എണ്ണം പൂജ്യമാകും വരെയും അദ്ദേഹം പഠിപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ അതിലൊരു പ്രശ്നമുണ്ടായിരുന്നു, മനസ്സിലായി എന്ന് അംഗീകരിച്ച കാര്യം പിന്നെ ഉടനേയെങ്ങും മറന്നുപോകാൻ പാടില്ല. മനസ്സിൽ അത് ഉറപ്പിച്ചു നിർത്തുവാൻ ഓരോ കുട്ടിയും വീണ്ടും വീണ്ടും അത് ഉരുവിടേണ്ടതുണ്ട്. വീട്ടിൽ പോയിരുന്ന് പഠിക്കേണ്ടതുണ്ട്. കൊടുക്കുന്ന ഹോം വർക്കുകൾ കൃത്യമായി ചെയ്തു കൊണ്ടുവരേണ്ടതുണ്ട്. അങ്ങനെയല്ലെങ്കിൽ അനിൽ സാർ അക്രമകാരിയാകും. വിരലിനു തുമ്പിൽ ചൂരൽ മുത്തം വെക്കും. പഠിപ്പിക്കുന്ന അതേ വാശിയോടെ അദ്ദേഹം കണക്കിനു പ്രഹരിക്കും. കണക്കു പഠിക്കണമെങ്കിൽ "കണക്കിനു കൊടുക്കണം' എന്നതായിരുന്നു ഗണിതശാസ്ത്രത്തിൽ അദ്ദേഹം മുന്നോട്ടുവെച്ച സിദ്ധാന്തങ്ങളിലൊന്ന്.

ഒരു കുട്ടിയെ അദ്ദേഹം പഠിപ്പിച്ച കണക്ക് മനസ്സിലാകും മുമ്പ് പ്രഹരിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. പത്താം ക്ലാസ്സിലെ ഒരു ഗണിത നിർദ്ധാരണം എല്ലാ കുട്ടികൾക്കും മനസ്സിലായിട്ടും ഒരു പെൺകുട്ടിക്ക് മാത്രം മനസ്സിലാകുന്നില്ല. അവൾ കൈ ഉയർത്തിക്കൊണ്ടേയിരുന്നു. സാറിന് നിയന്ത്രണം വിട്ടു. പിൻ ബഞ്ചിലിരുന്ന അവളെ സാർ മുന്നിൽ കൊണ്ടു നിർത്തി. കൈ നീട്ടാൻ ആജ്ഞാപിച്ചു. സ്വർണ്ണത്തിന്റെ ബ്രേയ്സ്‌ലെറ്റ് അണിഞ്ഞ വെളുത്ത് മൃദുവായ വലതുകൈ നീണ്ടു.

""അഹങ്കാരം!''
അവളുടെ മൃദുവായ വിരൽത്തുമ്പുകൾ ചൂരലിന്റെ മുത്തങ്ങളാൽ ചുവന്നു.

""ഉം.. പോയിരിക്ക്..''

അവൾ തിരികെവന്ന് ഡെസ്കിൽ നെറ്റിചേർത്തുവെച്ചിരുന്ന് കരഞ്ഞു. അന്ന് ട്യൂഷൻ വിടുമ്പോഴേക്ക് അവളുടെ വിരലുകൾ പൊള്ളലേറ്റതുപോലെ കുടുർന്നിരുന്നു. ഞങ്ങൾ ഓരോരുത്തരും അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു: ""പോട്ടെ, സാരമില്ല.. നമ്മുടെ സാറല്ലേ..''

അവളുടെ പിതാവ് അന്ന് ഗൾഫിൽ നിന്ന് നാട്ടിൽ വെക്കേഷനെത്തിയ സമയമാണ്. അത്താഴത്തിനിടയിലാണ് അയാൾ അവളുടെ വിരൽത്തുമ്പ് ശ്രദ്ധിക്കുന്നത്. അവൾക്ക് ആ വിരലുകൾ കൊണ്ട് ഭക്ഷണം കഴിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അയാൾ സാറിനെക്കാണാൻ ചാടിയിറങ്ങി. അവളുടെ ഉമ്മ പറഞ്ഞു: ""പോട്ടെ, സാരമില്ല.. സ്കൂളിൽ ഇതൊക്കെ പതിവാണ്..''

അയാൾ കയർത്തു: ""അതിന് ഇത് സ്കൂളോ മറ്റോ ആണോ? നമ്മൾ ഫീസ് കൊടുക്കുന്നത് നമ്മുടെ മക്കളെ ഇങ്ങനെ അടിക്കാനാണോ?''

""നിങ്ങൾ ഈ രാത്രിയിൽ എങ്ങോട്ടും പോണ്ട. ഒന്ന് നേരം വെളുത്തോട്ടെ.''

പിറ്റേ ദിവസം രാവിലെ ഞങ്ങൾ ടൂട്ടോറിയലിൽ ചെല്ലുമ്പോൾ വലിയ ബഹളം നടക്കുന്നു. മറ്റ് അധ്യാപകരെല്ലാം കൂടി അനിൽ സാറിനെ ടൂട്ടോറിയൽ ഷെഡിന്റെ പിന്നിൽ ഒരു മൂലയിൽ ഒളിപ്പിച്ചു നിർത്തിയിരിക്കുന്നു. കുറച്ചു പേർ, കുതറിക്കൊണ്ടിരുന്ന അവളുടെ വാപ്പയെ പിടിച്ചുവെച്ച് സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു.

ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദുവിലേക്ക് പ്രയാസപ്പെട്ടൊരു രേഖ വരച്ച്, ഞങ്ങളെ അഭിമുഖീകരിക്കാൻ കെൽപ്പില്ലാതെ, കവിതാ ശകലം ആരെഴുതിയതാണെന്ന് ചോദിക്കാതെ സാറ് പുറത്തേക്കിറങ്ങിപ്പോയി.

പിന്നീടുള്ള രണ്ടു ദിവസങ്ങളിൽ അനിൽ സാർ ക്ലാസ്സെടുക്കാൻ വന്നില്ല. മൂന്നാം ദിവസം സാറിനെ കാണുമ്പോൾ വേഷമൊക്കെ ആകെ മുഷിഞ്ഞിരുന്നു. ക്ലാസ്സിലേക്ക് പ്രവേശിക്കുമ്പോൾ മദ്യത്തിന്റെ ഗന്ധം. ചുണ്ടിൽ അയ്യപ്പന്റെ വൃത്തമില്ലാത്തൊരു കവിതാശകലം. ബോർഡിലേക്ക് തിരിഞ്ഞു നിന്ന് Mathematics-II എന്നെഴുതി, അടിയിൽ ഒരു ബിന്ദുവിൽ നിന്ന് മറ്റൊരു ബിന്ദുവിലേക്ക് പ്രയാസപ്പെട്ടൊരു രേഖ വരച്ചു. ഞങ്ങളെ അഭിമുഖീകരിക്കാൻ കെൽപ്പില്ലാതെ, കവിതാ ശകലം ആരെഴുതിയതാണെന്ന് ചോദിക്കാതെ സാറ് പുറത്തേക്കിറങ്ങിപ്പോയി.

ഞാനൊരു പ്രവാസി ആയിരുന്നതിനാൽ കൊല്ലങ്ങൾക്കു ശേഷമാണ് വഴിയിൽ വെച്ച് ഞാൻ സാറിനെ കണ്ടുമുട്ടുന്നത്. പ്രസരിപ്പുള്ള മുഖത്തോടെ സാർ എന്നോട് കുശലങ്ങൾ ചോദിച്ചു. ഞാൻ അപ്പോൾ സ്കൂൾ വാട്ട്സ്ആപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച ഗെറ്റ് റ്റുഗദറുമായി ബന്ധപ്പെട്ട് സ്കൂളിലേക്ക് പോകുന്ന വഴിയായിരുന്നു. എന്റെ കയ്യിലെ പൊതി കണ്ട് സാർ ചോദിച്ചു:

""ഇതെന്താ?''

""ഇത് ഗെറ്റ് റ്റുഗദറിലെ ചടങ്ങിൽ മുരളി സാറിന് കൊടുക്കാനുള്ള ഉപഹാരമാണ്..''

""ഏത് മുരളി സാർ?''

""സാറിനറിയില്ലേ, സ്കൂളിൽ മലയാളം പഠിപ്പിച്ചിരുന്ന മുരളി സാറിനെ?''

""ഓ.. അറിയാം''

സാറും ഞാനും അവിടെ നിന്ന് പിരിഞ്ഞു.

ഇപ്പോൾ എനിക്ക് മനഃസ്​താപമുണ്ട്. എന്തുകൊണ്ടാണ് ഞങ്ങളുടെ ഗെറ്റ് റ്റുഗദറുകളിൽ ട്യൂട്ടോറിയൽ അധ്യാപകർ ക്ഷണിക്കപ്പെടാതിരുന്നത്? എന്തുകൊണ്ടാണ് അധ്യാപക ദിനങ്ങളിൽ അവരെ ആരും സ്മരിക്കാഞ്ഞത്? അവരാരും അധ്യാപകരായിരുന്നില്ലേ? ▮


ഷഫീക്ക് മുസ്തഫ

കഥാകൃത്ത്​. കുവൈത്തിലും യു.എ.ഇയിലും രണ്ടു പതിറ്റാണ്ട്​ പ്രവാസ ജീവിതം. വിവിധ കമ്പനികളിൽ ഫയർ ഫൈറ്റിംഗ്​ സിസ്​റ്റം ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്​തു. കോവിഡ്​കാല പ്രതിസന്ധികൾക്കിടെ നാട്ടിൽ തിരിച്ചെത്തി

Comments