വർത്തമാന ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തെ സാംസ്കാരിക ദേശീയതയുടെയും ബ്രാഹ്മണ്യവാദത്തിന്റെയും ഭൂതം ആഴത്തിൽ പിടിമുറുക്കിയിരിക്കുമ്പോൾ പെരിയാർ ഇ.വി. രാമസാമിയുടെയും അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെയും പ്രസക്തി എന്നത്തേക്കാളും അഗാധമായിരിക്കുകയാണ്. ജാതി, മതം, പുരുഷാധിപത്യം എന്നിവയ്‌ക്കെതിരായ അദ്ദേഹത്തിന്റെ നിരന്തരമായ വിമർശനം ഇന്ത്യൻ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന വർഗീയ, ജാതി അധിഷ്‌ഠിത ശ്രേണികളുടെ ആധിപത്യത്തിന് ശക്തമായ മറുമരുന്ന് കുറിക്കുന്നു. പെരിയാറിന്റെ ജീവിതവും, സാമൂഹിക പ്രവർത്തനവും, തമിഴ്‌നാട്ടിൽ മാത്രമല്ല, കേരളത്തിനും മറ്റ് ദ്രാവിഡ സംസ്ഥാനങ്ങൾക്കും രാജ്യത്തുടനീളമുള്ള ജാതി വിരുദ്ധ പ്രസ്ഥാനങ്ങൾക്കുമുള്ള പാഠങ്ങൾ ഉൾക്കൊള്ളുന്നതാണ്.
ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക വ്യവഹാരത്തിൽ പ്രാചീനകാലം മുതൽക്കേ പ്രധാനമായും രണ്ടു പ്രത്യയശാസ്ത്രധാരകളാണ് സമാന്തരമായും ഒപ്പം വൈരുധ്യാത്മകമായും നിലനിന്നുപോന്നിട്ടുള്ളത്. അതിൽ ആദ്യത്തേത് സമകാലിക 'ഭാരതത്തിൽ' സംഘപരിവാറിന്റെ പ്രത്യയശാസ്ത്രരൂപത്തിലേക്കും അയോധ്യയിലെ കോർപ്പറേറ്റ് ക്ഷേത്രത്തിലേക്കും സവർണ്ണ മുതലാളിത്ത സമ്പദ്-വ്യവസ്ഥയിലേക്കും പരിണമിച്ചുനിൽക്കുന്ന ബ്രാഹ്മണ്യ പ്രത്യയശാസ്ത്രമാണെങ്കിൽ, രണ്ടാമത്തേതാകട്ടെ, അത് ബുദ്ധനിൽ നിന്ന് തുടങ്ങുകയും, കഴിഞ്ഞ ഒന്നര നൂറ്റാണ്ടിനിടെ രാജ്യത്തെ വിവിധങ്ങളായ അധസ്ഥിത സമൂഹം തങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കായി നടത്തിയ ബഹുജനസമരങ്ങളുടെ തോളിലിരുന്ന് വളരുകയും ഒടുവിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭരണഘടനയിലേക്കും അതിന്റെ മൂല്യങ്ങളിലേക്കും പരിണമിച്ചെത്തിനിൽക്കുന്ന ബൗദ്ധപ്രത്യയശാസ്ത്രമാണ്. മുഖ്യധാരാ രാഷ്ട്രീയത്തിലെ മേൽപ്പറഞ്ഞ ബൗദ്ധധാരയുടെ ഏറ്റവും മഹത്തരമായ രണ്ട് പ്രതീകങ്ങളാണ് ഡോ. ബി.ആർ അംബേദ്കറും, തന്തൈ പെരിയാറും എന്ന് നിസ്സംശയം പറയാം.
യുക്തിവാദം, ആത്മാഭിമാനം, സാമൂഹിക നീതി എന്നിവയിൽ വേരൂന്നിയ പെരിയാറിന്റെ ദ്രാവിഡ-പ്രത്യയശാസ്ത്രം അംബേദ്കറൈറ്റ് രാഷ്ട്രീയത്തിന് തുല്യവും ബ്രാഹ്മണ്യ രാഷ്ട്രീയത്തിന്റെ അടിത്തറ ഇളക്കുവാനും കെൽപ്പുള്ളതാണ്. സംസ്‌കൃതം, ഹിന്ദി, സവർണ്ണ-ജാതി മൂല്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ പലപ്പോഴും പ്രകടമാകുന്ന സാംസ്‌കാരിക ദേശീയതയിലൂടെ സവർണ്ണഹിന്ദു മേധാവിത്വം പുനഃസ്ഥാപിക്കാനുള്ള സജീവമായ മുന്നേറ്റമാണ് ഇന്ത്യയിൽ ബിജെപിയുടെ ഉയർച്ചയെ അടയാളപ്പെടുത്തിയത്. ഉത്തരേന്ത്യയിൽ നിന്നും ദക്ഷിണത്തിലേക്ക് വേര് തള്ളികയറ്റാൻ ഒരുങ്ങിയിരുന്ന ഈ കാവിരാഷ്ട്രീയത്തിന് പ്രതിരോധമായി തന്തൈ പെരിയാർ തമിഴക-ദ്രാവിഡ സ്വത്വത്തിന്റെ മഹത്വം, ഭാഷാഭിമാനം, മത യാഥാസ്ഥിതികതയുടെ യുക്തിസഹമായ തിരസ്കരണം എന്നിവയ്ക്ക് വേണ്ടി പോരാടി. ആര്യൻ മേധാവിത്വത്തിനെതിരായ ഈ കറുത്ത വസ്ത്രകാരന്റെ വിമർശനവും ദ്രാവിഡ ആത്മാഭിമാനത്തിനായുള്ള വാദവും ബിജെപിയുടെ കാവിരാഷ്ട്രീയം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന സാംസ്കാരിക ഏകീകരണത്തിന്റെ പൊള്ളത്തരങ്ങളെ നേരിട്ട് അഭിമുഖീകരിക്കുന്നു.
പുരോഗമന രാഷ്ട്രീയത്തിനും സാമൂഹിക പരിഷ്കരണത്തിന്റെ ശക്തമായ പാരമ്പര്യത്തിനും പേരുകേട്ട കേരളം പോലുള്ള (ദ്രാവിഡ) സംസ്ഥാനങ്ങൾക്ക്, പെരിയാർ ജാതിയുടെയും പുരുഷാധിപത്യത്തിന്റെയും അടിച്ചമർത്തലിന്റെ അവശിഷ്ടങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള ഒരു പ്രത്യയശാസ്ത്ര ചട്ടക്കൂട് വാഗ്ദാനം ചെയ്യുന്നു. വക്കം മൗലവി, നാരായണ ഗുരു, അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ തുടങ്ങിയ വ്യക്തികളുടെ നേതൃത്വത്തിൽ ഉദയം കൊണ്ട കേരളത്തിലെ ജാതി വിരുദ്ധ, മതനവീകരണ പ്രസ്ഥാനങ്ങൾ പെരിയാറിന്റെ ദർശനവുമായി പ്രത്യയശാസ്ത്രപരമായ സമാനതകൾ പങ്കിടുന്നുണ്ട്. എന്നിരുന്നാലും, പെരിയാറിന്റെ അചഞ്ചലമായ യുക്തിവാദവും മതപഠനത്തോടുള്ള അദ്ദേഹത്തിന്റെ തിരസ്‌കരണവും ഉൾപ്പെടുത്തിയാൽ, ജാതി അടിസ്ഥാനമാക്കിയുള്ള സവർണ്ണാവകാശങ്ങളുടെ പുനരുജ്ജീവനത്തെയും, കേരളത്തിൽ തഴച്ചുവളരുന്ന സവർണ്ണ-നവനാസ്തികതയുടെ ദളിത്-മുസ്ലിം വിരുദ്ധ പ്രത്യയശാസ്ത്രത്തെയും ഒരുപോലെ സൂക്ഷ്മമായി ചെറുക്കാൻ ഈ പ്രസ്ഥാനങ്ങളെ അത് പ്രാപ്തമാക്കും.
സാർവത്രിക വിദ്യാഭ്യാസത്തിലും ഭൂപരിഷ്‌കരണത്തിലും ആരോഗ്യമേഖലയിലും ഊന്നിയ കേരളത്തിന്റെ വികസന-മോഡൽ സാമൂഹിക-സാമ്പത്തിക സമത്വത്തിനായുള്ള പെരിയാറിന്റെ വാദവുമായി യോജിക്കുന്നതാണ്. എന്നിരുന്നാലും, സാക്ഷരതയും സാമൂഹിക അവബോധവും ആഘോഷിക്കപ്പെടുന്ന ഒരു സംസ്ഥാനത്ത് പോലും, സാമ്പത്തിക അവസരങ്ങളിലും പ്രാതിനിധ്യത്തിലും ജാതി അടിസ്ഥാനത്തിലുള്ള അസമത്വം നിലനിൽക്കുന്നു എന്നത് വസ്തുതയാണ്. അന്തർ-ജാതി വിവാഹങ്ങൾ, സ്ത്രീകളുടെ സ്വത്തവകാശം, സംവരണം തുടങ്ങിയ വ്യവസ്ഥാപരമായ പരിഷ്‌കാരങ്ങളിലൂടെ ജാതി ശ്രേണികളെ ഇല്ലാതാക്കാനുള്ള പെരിയാറിന്റെ ഊന്നൽ ഈ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള കേരളത്തിന്റെ വഴികാട്ടിയായി തീരും. മതേതരത്വത്തിലും സാമൂഹിക നീതിയിലും വേരൂന്നിയ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം, കേരളത്തിലെ വൈവിധ്യമാർന്ന സമൂഹങ്ങളെ ഏകീകൃതമായ ഒരു ഹിന്ദു സ്വത്വത്തിലേക്ക് കൂട്ടുപിടിക്കാൻ ശ്രമിക്കുന്ന വർഗീയ രാഷ്ട്രീയത്തിന് ബദൽ നൽകുന്നു.
ഇതുകൂടാതെ, പെരിയാറിന്റെ ഫെമിനിസ്റ്റ് വിചാരധാര അദ്ദേഹത്തിന്റെ ഏറ്റവും തീവ്രവും പുരോഗമനപരവുമായ പ്രത്യയശാസ്ത്ര വശങ്ങളിലൊന്നായിരുന്നു. യൂറോപ്പിൽ ഫെമിനിസത്തിന്റെ ആദ്യതരംഗം ഉടലെടുക്കുന്നതിനു മുൻപേ തന്നെ അദ്ദേഹം സ്ത്രീ വിമോചനത്തിനും വിദ്യാഭ്യാസത്തിനും തുല്യാവകാശത്തിനും വേണ്ടി നിരന്തരം വാദിച്ചുപോന്നു. പരമ്പരാഗതമായ വിവാഹ-സ്ഥാപനം സ്വാഭാവികമായും പുരുഷാധിപത്യപരവും സ്ത്രീവിരുദ്ധവുമാണെന്ന് പെരിയാർ വിശ്വസിച്ചിരുന്നു. ഇന്ത്യൻ വ്യവഹാരത്തിൽ ജാതി-മത ഘടനകളോട് ബന്ധിതമായിരിക്കുന്ന ഇത്തരം പുരുഷാധിപത്യ സമ്പ്രദായങ്ങളെ പ്രതിരോധിക്കാൻ, മതപരമായ ആചാരങ്ങൾ ഇല്ലാതാക്കി പരസ്പര സമ്മതത്തിനും സമത്വത്തിനും ഊന്നൽ നൽകുന്ന ആത്മാഭിമാന സ്ത്രീ-പുരുഷ ബന്ധങ്ങൾ, അഥവാ വിവാഹങ്ങൾ, ഉണ്ടാകേണ്ടതുണ്ട് എന്ന ആശയം അദ്ദേഹം അവതരിപ്പിച്ചു. കുടുംബ പരിചാരകരും, പ്രസവശരീരങ്ങളുമായി സ്ത്രീകളെ ദർശിച്ചു പോന്ന ഒരു സാമൂഹികവ്യവസ്ഥക്കു ബദലായി ഇത്തരം ആത്മാഭിമാന-ബന്ധങ്ങൾ സ്ത്രീകൾക്ക് കൂടുതൽ സ്വയംഭരണാവകാശം നൽകുകയും സാമൂഹിക മാനദണ്ഡങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്നതാകുന്നു. സ്ത്രീകൾ വീട്ടുജോലികളിൽ ഒതുങ്ങിക്കൂടുന്ന ഭർതൃപരിചാരകരായി തീരണം എന്ന യാഥാസ്ഥിതിക ബോധത്തെ അദ്ദേഹത്തിന്റെ രചനകൾ പലപ്പോഴും വിമർശിച്ചു. സ്ത്രീ വിമോചനത്തിന് സാമ്പത്തിക സ്വാതന്ത്ര്യവും വിദ്യാഭ്യാസ പ്രവേശനവും ആവശ്യമാണെന്ന് പെരിയാർ വാദിക്കുകയും ചെയ്തു. സ്ത്രീകൾക്ക് അവരുടെ പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള പരിപൂർണ്ണ അവകാശവും പരാജയപ്പെട്ട ദാമ്പത്യത്തിൽ നിന്ന് പുറത്തുകടക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടാകണമെന്ന് അദ്ദേഹം ശഠിച്ചു. കൂടാതെ, മാതൃത്വം എന്നത് ഏതൊരു സ്ത്രീയുടെയും തിരഞ്ഞെടുപ്പ് മാത്രമാണെന്നും, ഗർഭനിരോധനവും ഗർഭഛിദ്രവും അവളുടെ അവകാശമാണെന്നും അദ്ദേഹം വാദിച്ചു. ഇത്തരം പുരോഗമനപരമായ പരിഷ്കാരങ്ങൾക്കായി ഊന്നൽ നൽകിക്കൊണ്ട് അദ്ദേഹം ഇന്ത്യയിലെ ആധുനിക ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് അടിത്തറയിടുകയായിരുന്നു എന്ന് നിസ്സംശയം പറയാം.
പുരുഷാധിപത്യത്തിനെതിരായ പെരിയാറിന്റെ വിമർശനം ഭാഷ, മതം, സംസ്കാരം എന്നിവയിലേക്കും കടന്നു ചെന്നിരുന്നു. തമിഴിലെയും മറ്റ് ഇന്ത്യൻ ഭാഷകളിലെയും അന്തർലീനമായ ലിംഗവിവേചനത്തെ അദ്ദേഹം ചൂണ്ടിക്കാണിച്ചു. അവിടെ വിധവകൾക്കും ലൈംഗികത്തൊഴിലാളികൾക്കും വേണ്ടിയുള്ള അപകീർത്തികരമായ അർത്ഥങ്ങൾ ഉൾക്കൊള്ളുന്ന പദങ്ങളെ വിമർശിക്കുകയും, അതിനു തത്തുല്യമായ പുരുഷപദങ്ങൾ ഇല്ലാതിരുന്ന വൈരുധ്യാവസ്ഥയെക്കുറിച്ച് പറയുകയും ചെയ്തു. ഇത് പരിഹരിക്കാൻ, ലിംഗ അസമത്വത്തെ ശക്തിപ്പെടുത്തുന്ന ഭാഷാപരമായ പക്ഷപാതങ്ങളെ തുറന്നുകാട്ടിക്കൊണ്ട് "വിദവൻ" (പുരുഷ വിധവ), "വിബചരൺ" (പുരുഷ വേശ്യ) തുടങ്ങിയ പദങ്ങൾ അദ്ദേഹം ഉപയോഗിച്ചു. സ്ത്രീകളെ കീഴ്പ്പെടുത്തുന്ന മതഗ്രന്ഥങ്ങളെയും ആചാരങ്ങളെയും അദ്ദേഹം അപലപിച്ചത് പുരുഷാധിപത്യ മാനദണ്ഡങ്ങളോടുള്ള നേരിട്ടുള്ള വെല്ലുവിളിയായിരുന്നു.
തമിഴ്‌നാടിനും കേരളത്തിനും അപ്പുറം, ഇന്ത്യയിലുടനീളമുള്ള ജാതിവിരുദ്ധ പ്രസ്ഥാനങ്ങൾക്ക് പെരിയാറിന്റെ ആശയങ്ങളുടെ വലിയ സ്വാധീനമുണ്ട്. ബ്രാഹ്മണിസത്തിനെതിരായ അദ്ദേഹത്തിന്റെ വിമർശനം ഒരു പ്രാദേശിക സന്ദർഭത്തിൽ മാത്രമായി പരിമിതപ്പെടുത്താതെ ഇന്ത്യൻ സമൂഹത്തിൽ വേരൂന്നിയ ജാതി അടിച്ചമർത്തലിന്റെ വിശാലമായ ഘടനകളിലേക്ക് വ്യാപിക്കേണ്ടതുണ്ട്. അംബേദ്കർ, ഫൂലെ, പെരിയാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനങ്ങൾ യുക്തിവാദത്തിന്റെയും ജാതി അടിസ്ഥാനമാക്കിയുള്ള ചൂഷണത്തിനെതിരായ ചെറുത്തുനിൽപ്പിന്റെയും പൊതുവായ അടിത്തറ പങ്കിടുന്നു. എന്നിരുന്നാലും, ഭാഷ, പ്രാദേശിക സ്വത്വം, ലിംഗസമത്വം എന്നിവയിൽ ഊന്നിയ പെരിയാറിന്റെ അതുല്യമായ ഇടപെടലുകൾ ഈ പോരാട്ടങ്ങൾക്ക് സുപ്രധാന മാനം നൽകുന്നു.
സമൂഹത്തെക്കുറിച്ചുള്ള മനുസ്മൃതിയുടെ ശ്രേണീപരമായ കാഴ്ചപ്പാടിൽ വേരൂന്നിയ ബി.ജെ.പിയുടെ രാഷ്ട്രീയ ബ്രാൻഡ്, പെരിയാർ, അംബേദ്കർ തുടങ്ങിയ വ്യക്തികളിൽ അതിന്റെ ഏറ്റവും ശക്തമായ എതിർപ്പ് കണ്ടെത്തുന്നു. ബ്രാഹ്മണ മേധാവിത്വത്തിന്റെ പ്രത്യയശാസ്ത്ര അടിത്തറയോടുള്ള നേരിട്ടുള്ള വെല്ലുവിളിയാണ് ഈ രണ്ട് വ്യക്തിത്വങ്ങളും പ്രതിനിധീകരിക്കുന്നത്. ജാതി വ്യവസ്ഥയെക്കുറിച്ചുള്ള അംബേദ്കറുടെ വിമർശനവും ബുദ്ധമതത്തെ വിമോചനത്തിനുള്ള ഉപാധിയായി സ്വീകരിച്ച അദ്ദേഹത്തിന്റെ ജീവിതദർശനവും തന്തൈ പെരിയാർ യുക്തിവാദത്തിനും ആത്മാഭിമാനത്തിനും നൽകിയ ഊന്നലിനെ പ്രതിധ്വനിപ്പിക്കുന്നതാണ്. ജാതി-മത സ്വത്വത്തിലൂടെ അധികാരം ഉറപ്പിക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളെ തുരങ്കം വയ്ക്കുന്നതിനാൽ തന്നെ പെരിയാർ-അംബേദ്‌കർ പ്രത്യയശാസ്ത്രധാരയുടെ പ്രതിരോധ-പാരമ്പര്യം ബി.ജെ.പിയുടെ ബ്രാഹ്മണ്യ-മുതലാളിത്ത പ്രത്യയശാസ്ത്രത്തിന് ഏറ്റവും വലിയ വെല്ലുവിളിയായി തീരുന്നു.
പെരിയാറിന്റെ സ്വാധീനം തമിഴ്‌നാടിനപ്പുറത്തേക്ക് വ്യാപിപ്പിക്കുന്നതിന് മറ്റ് സംസ്ഥാനങ്ങളിലെ ജാതിവിരുദ്ധ പ്രസ്ഥാനങ്ങൾക്കിടയിൽ കൂട്ടായ്മകൾ ഉണ്ടാക്കേണ്ടത് അത്യാവശ്യമാണ്. പ്രദേശിക നേതാക്കൾക്കും പ്രവർത്തകർക്കും പെരിയാറിന്റെ ആശയങ്ങളുടെ അടിസ്ഥാനതലത്തിലുള്ള അണിനിരത്തൽ, പൊതുവിദ്യാഭ്യാസം, തന്ത്രപരമായ കൂട്ടുകെട്ടുകൾ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാൻ കഴിയും. ഉദാഹരണത്തിന്, മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ബഹുജനപ്രസ്ഥാനങ്ങൾക്ക് പെരിയാറിന്റെ ജാതിയെയും പുരുഷാധിപത്യത്തെയും കുറിച്ചുള്ള വിമർശനങ്ങളെ അവരുടെ സ്വന്തം ചട്ടക്കൂടുകളിലേക്ക് സമന്വയിപ്പിക്കാൻ കഴിയുകയും അതിലൂടെ ബ്രാഹ്മണ മേധാവിത്വത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ ഒരു പാൻ-ഇന്ത്യൻ ആഖ്യാനം സൃഷ്ടിക്കാൻ സാധിക്കുകയും ചെയ്യും. മാത്രമല്ല, ജാതിവിരുദ്ധ നേതാക്കൾക്കിടയിൽ ക്രോസ്-റീജിയണൽ സംഭാഷണങ്ങൾ വളർത്തിയെടുക്കാൻ ഇത്തരം പ്രസ്ഥാനങ്ങളുടെ കൂട്ടായ പ്രയത്‌നത്തിലൂടെയും സ്വാധീനത്തിലൂടെയും സാധിക്കും. പെരിയാറിന്റെ ആശയങ്ങളും തന്ത്രങ്ങളും വ്യാപിപ്പിക്കുവാനും കൈമാറുവാനുമുള്ള വേദികളായി ഇത്തരം കൂട്ടായ പ്രസ്ഥാനങ്ങളുടെ ഫോറങ്ങളും സമ്മേളനങ്ങളും വർത്തിക്കും. ഇത്തരം ശ്രമങ്ങൾ പെരിയാറിന്റെ ദ്രാവിഡ സ്വത്വവും അംബേദ്കറുടെ ദലിത് കേന്ദ്രീകൃത സമീപനവും തമ്മിലുള്ള വിടവ് നികത്താനും ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിനെതിരെ ഒരു ഏകീകൃത മുന്നണിയെ വളർത്താനും സഹായകമാകും.
പെരിയാറിന്റെ ആശയങ്ങൾ യുവാക്കൾക്കിടയിൽ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകത പ്രാദേശിക അതിരുകൾക്കപ്പുറത്തേക്ക് വ്യാപിക്കുന്നു. തൊഴിലില്ലായ്മ, ലിംഗ അസമത്വം, സാമൂഹിക ധ്രുവീകരണം തുടങ്ങിയ പ്രശ്‌നങ്ങളുമായി പൊരുതുന്ന ഇന്ത്യയിലെ യുവജനങ്ങൾക്ക് പെരിയാറിന്റെ അധ്യാപനങ്ങളിൽ കൂടുതൽ നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള മാർഗരേഖ കണ്ടെത്താൻ കഴിയും. യുവാക്കൾ നയിക്കുന്ന പഠന ഗ്രൂപ്പുകൾ, ഓൺലൈൻ കാമ്പെയ്‌നുകൾ, പെരിയാറിന്റെ ദർശനത്തെ കേന്ദ്രീകരിച്ചുള്ള ക്രിയാത്മക പ്രോജക്ടുകൾ തുടങ്ങിയ സംരംഭങ്ങൾക്ക് വിമർശനാത്മക സംഭാഷണങ്ങൾക്ക് തുടക്കമിടാനും കൂട്ടായ പ്രവർത്തനത്തിന് പ്രചോദനം നൽകാനും കഴിയും. സമകാലിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്ന ഒരു ആധുനിക ചിന്തകനായി പെരിയാറിനെ അവതരിപ്പിക്കുന്നതിലൂടെ, ഈ ശ്രമങ്ങൾക്ക് അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെ പുതിയ തലമുറയ്ക്ക് പ്രാപ്യവും പ്രസക്തവുമാക്കാൻ കഴിയും. കൂടാതെ കേരളത്തിനും മറ്റ് ദ്രാവിഡ സംസ്ഥാനങ്ങൾക്കും പെരിയാറിന്റെ ദർശനം സ്വീകരിക്കുന്നത്തിലൂടെ പുരോഗമന രാഷ്ട്രീയത്തോടും സാമൂഹിക സമത്വത്തോടുമുള്ള അവരുടെ പ്രതിബദ്ധതയെ കൂടുതൽ ശക്തിപ്പെടുത്താൻ സാധിക്കുന്നതാണ്. അങ്ങനെ സമത്വത്തിലും യുക്തിബോധത്തിലും വേരൂന്നിയ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന് അദ്ദേഹത്തിന്റെ ആശയങ്ങൾ തമിഴ്‌നാടിനകത്തും പുറത്തും യുവാക്കൾക്കിടയിൽ പ്രചരിപ്പിക്കുന്നത് നിർണായകമാണ്. അംബേദ്കറെപ്പോലെ തന്നെ, അടിച്ചമർത്തലിന്റെ അടിത്തറയെ വെല്ലുവിളിക്കുകയും, മെച്ചപ്പെട്ടതും കൂടുതൽ നീതിയുക്തവുമായ ഒരു ലോകത്തിന്റെ കാഴ്ചപ്പാടിനെ പ്രചോദിപ്പിക്കുന്ന ചെറുത്തുനിൽപ്പിന്റെയും പരിഷ്കരണത്തിന്റെയും പാരമ്പര്യത്തെ തത്തുല്യം പെരിയാറും പ്രതിനിധീകരിക്കുക്കുന്നതിനാൽ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര സംഹിതയെ ഉപയോഗപ്പെടുത്തുന്നത് ബ്രാഹ്മണ്യ രാഷ്ട്രീയത്തിനെതിരായുള്ള ബഹുജനപോരാട്ടങ്ങൾക്ക് മുതൽക്കൂട്ടായി തീരും എന്നത് നിസ്സംശയം പറയാനാകും.