‘ഭോഷ്‌കിന്റെ മഹാവിജയം' (The Triumph of Stupidity) എന്ന ഹ്രസ്വലേഖനത്തിൽ ബർട്രാൻഡ് റസ്സൽ നാസി ജർമനിയെക്കുറിച്ച് എഴുതിയതിങ്ങനെയാണ്: ‘ജർമനിയിൽ നടന്നത് വളരെ ലളിതമായ സംഗതിയാണ്. ജനതയിലെ നിഷ്ഠൂരരും വിഡ്ഢികളുമായ വിഭാഗം (നിഷ്ഠൂരതയും വിഡ്ഢിത്തവും പൊതുവെ ചേർന്നു പോകുന്ന സ്വഭാവങ്ങളാണ്) മറ്റുള്ളവർക്കെതിരെ അണിചേർന്നു. കൊല, പീഢനം, തടവ്, സായുധസേനകളുടെ ഭീകരത എന്നിവ ഉപയോഗിച്ച് ജനതയിലെ ബുദ്ധിയും മനുഷ്യപ്പറ്റുമുള്ള വിഭാഗങ്ങളെ അവർ കീഴടക്കി. പിതൃഭൂമിയുടെ മഹത്വം വർദ്ധിപ്പിക്കാനായി അവർ അധികാരം പിടിച്ചെടുത്തു.'
അതേ ലേഖനത്തിൽ അദ്ദേഹം പറയുന്നുണ്ട്: ‘ആധുനികലോകത്ത് വിഡ്ഢികൾ കാര്യങ്ങളിലൊക്കെ നല്ല ഉറപ്പുള്ളവരും ബുദ്ധിമാന്മാർ സദാ സംശയാലുക്കളുമാണ്.' (Mortals and Others: American Essays 1931 - 1935).
യുദ്ധം വാസ്തവത്തിൽ ഉക്രെയ്നിൽ പരിമിതമാണെങ്കിലും അതിന്റെ യഥാർത്ഥ തട്ടകം പാശ്ചാത്യലോകം മുഴുവനുമാണ്. ഒരു പക്ഷെ ആധുനിക ചരിത്രത്തിന്റെ അടിക്കല്ലിളക്കുന്ന പരിണതികളിലേക്ക് ഈ യുദ്ധം പോകാം.
എന്തിനാണ് കോവിഡ് മഹാമാരിയെ സംബന്ധിച്ചെഴുതുന്ന ലേഖനം നാസി ജർമനിയെക്കുറിച്ചുള്ള ഉദ്ധരണി വച്ച് തുടങ്ങുന്നത്?
കാരണം ലളിതം. വർഗീയ രോഗാണുവും കോവിഡ് രോഗാണുവും ഇന്ത്യക്കാർക്ക് മേൽ അധീശത്വം സ്ഥാപിക്കാൻ മത്സരിച്ച രണ്ടരക്കൊല്ലമാണ് കടന്നുപോയത്. ഇതിലൊരു രോഗാണുവിനെക്കുറിച്ചുമാത്രം സംസാരിക്കുക അസാധ്യമാണ്. രണ്ടും അത്രമേൽ പരസ്പര ബന്ധിതമായാണ് നമ്മുടെ അനുഭവത്തിൽ വർത്തിച്ചത്. ലോകം മുഴുവൻ കിരാത നർത്തനമാടിയ ഒരു രോഗാണുവിന് മതസ്വത്വം കല്പിച്ചുനൽകാനും ആ രോഗാണുവിന്റെ വ്യാപനം പോലും വർഗീയ ധ്രുവീകരണത്തിന് ഉപയോഗിക്കാനും ധൃഷ്ടരായ ആളുകളാണ് നമ്മുടെ സഹപൗരരിൽ വലിയൊരു വിഭാഗം എന്ന അനുഭവജ്ഞാനം ഒരു ഭാഗത്ത്.
ഇന്ത്യക്ക് പുറത്തേക്ക് നോക്കിയാലോ, മനുഷ്യൻ ഒരു ദുരന്തത്തിൽ നിന്ന് ഒരു പാഠവും പഠിക്കില്ല എന്ന് കൂടുതൽ കൂടുതൽ ബോധ്യപ്പെടുത്തുന്ന എത്രയോ അനുഭവങ്ങൾ. രണ്ടു മാസമായി യൂറോപ്പ് യുദ്ധക്കളമാണ്. യുദ്ധം വാസ്തവത്തിൽ ഉക്രെയ്നിൽ പരിമിതമാണെങ്കിലും അതിന്റെ യഥാർത്ഥ തട്ടകം പാശ്ചാത്യലോകം മുഴുവനുമാണ്. ഒരു പക്ഷെ ആധുനിക ചരിത്രത്തിന്റെ അടിക്കല്ലിളക്കുന്ന പരിണതികളിലേക്ക് ഈ യുദ്ധം പോകാം. ഒരദൃശ്യ രോഗാണുവിന്റെ പൊടുന്നനെയുള്ള ആശ്ലേഷത്തിൽ മരണത്തിന് കീഴടങ്ങാൻ എല്ലാ സാധ്യതകളും കണ്മുന്നിലുള്ളപ്പോഴാണ് ക്രൂരതയുടെയും പകയുടെയും വെറുപ്പിന്റെയും അത്യഗാധങ്ങളായ പാതാളത്തിൽ സഹമനുഷ്യരഭിരമിച്ചുകൊണ്ടിരിക്കുന്നത് എന്നാലോചിക്കുമ്പോൾ ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങളാണ് നാമഭിമുഖീകരിക്കുന്നത്. കഴിഞ്ഞ രണ്ടര വർഷമായി സാമൂഹ്യബോധമുള്ള ഓരോ വ്യക്തിയും വൈയക്തിക നൊമ്പരങ്ങളുടെയും രാഷ്ട്രീയ ഉൽക്കണ്ഠകളുടെയും നടുവിൽ പെട്ടുഴലുകയാണ്.
വ്യക്തിപരം
വ്യക്തിപരമായി എങ്ങനെയാണ് ഈ ദുരിതകാലം അനുഭവിച്ചത്?
എന്നെ സംബന്ധിച്ച് സ്വന്തം മരണത്തെക്കുറിച്ച് വിപുലവും വിചിത്രവുമായി ചിന്തിച്ച നാളുകളായിരുന്നു കടന്നുപോയത്. പ്രത്യേകിച്ച് മഹാമാരിയുടെ ആദ്യമാസങ്ങളിൽ. ചുറ്റുപാടും മരണങ്ങളുടെ തേർവാഴ്ച. ഇതെല്ലാം മറികടക്കാനുള്ള ആരോഗ്യ പരിപാലനവ്യവസ്ഥ ഉണ്ടെന്ന് നാം വിചാരിച്ചിരുന്ന പാശ്ചാത്യ രാജ്യങ്ങളിൽ പോലും പതിനായിരങ്ങൾ മരണമടയുന്നു. ആസ്പത്രിയിൽ പ്രവേശനത്തിന് സഹായം തേടി വിളിക്കുന്ന പരശ്ശതം ആളുകൾ. മനുഷ്യന്റെ ആത്യന്തിക നിസ്സഹായത അതിന്റെ പരകോടിയിൽ ഓരോ മണിക്കൂറിലും കണ്ടുകൊണ്ടിരിക്കുക വേദനാജനകവും ഭീതിയുളവാക്കുന്നതുമായിരുന്നു.
ആഴ്ചയിൽ അവശ്യസാധനങ്ങൾ വാങ്ങാൻ ഒരുവട്ടം പുറത്തുപോകുന്നതൊഴിച്ചാൽ മുഴുവൻ സമയം വീട്ടിൽ. ഇതിനിടയിൽ എനിക്കോ പ്രിയപ്പെട്ടവർക്കോ രോഗം ബാധിക്കുമോ എന്ന വേവലാതി. പ്രതിരോധ കുത്തിവെപ്പ് വരുന്നതിനുമുമ്പുള്ള മാസങ്ങളെക്കുറിച്ചാണ് പറയുന്നത്.
എനിക്ക് രോഗം വരുമോ?
വെന്റിലേറ്ററിൽ ഒടുങ്ങിപ്പോകുമോ?
2020 എന്റെ മരണവർഷമാകുമോ?
മരിച്ചാൽ തന്നെ ഒരു വിദേശരാജ്യത്ത് അന്ത്യവിശ്രമം കൊള്ളാനായിരിക്കുമോ എന്റെ വിധി?
16 വയസ്സുള്ള മകളും ഭാര്യയും ഞാനില്ലാതെ എങ്ങനെ ജീവിക്കും? ആരൊക്കെയായിരിക്കും എന്നെക്കുറിച്ച് ചരമക്കുറിപ്പുകൾ എഴുതുക?
മറ്റേതോ ലോകത്തിരുന്ന് അവയെല്ലാം വായിക്കാൻ സാധിക്കുമോ?
അധികം കഷ്ടപ്പെടാതെ മരിക്കാൻ ഭാഗ്യമുണ്ടാകുമോ?
ആരെയും കാണാതെ മരണത്തിനുമുമ്പുള്ള ദിവസങ്ങൾ ഒരാശുപത്രിമുറിയിൽ ചെലവഴിക്കുക എന്തുമാത്രം അസാധ്യവും പ്രയാസകരവുമായിരിക്കും?
ഇങ്ങനെ നൂറുകൂട്ടം ചിന്തകൾ മനസ്സിനെ മഥിച്ച കുറെ മാസങ്ങൾ.
അതിനിടയിൽ പ്രിയപ്പെട്ട പലരും അകാലത്തിൽ വിട്ടുപിരിഞ്ഞു - കുടുംബക്കാരും സുഹൃത്തുക്കളും.
ആരൊക്കെയായിരിക്കും എന്നെക്കുറിച്ച് ചരമക്കുറിപ്പുകൾ എഴുതുക? മറ്റേതോ ലോകത്തിരുന്ന് അവയെല്ലാം വായിക്കാൻ സാധിക്കുമോ? അധികം കഷ്ടപ്പെടാതെ മരിക്കാൻ ഭാഗ്യമുണ്ടാകുമോ?
ആദ്യം പോയത് എന്റെ ജീവിതത്തിലും ഞങ്ങളുടെ കുടുംബത്തിലും കെടാവിളക്കായി പ്രകാശം പൊഴിച്ച അമ്മായികാക്കയായിരുന്നു. കോവിഡായിരുന്നില്ല, ഹൃദയാഘാതമായിരുന്നു മരണകാരണം. തികച്ചും അപ്രതീക്ഷിതമായ വിയോഗം. പൂർണാരോഗ്യത്തോടെ പറമ്പിൽ കൃഷിയൊക്കെ ചെയ്ത് സജീവമായിരിക്കുന്നതിനിടയിലാണ് ഒരു ദിവസം നെഞ്ചുവേദന അനുഭവപ്പെടുന്നത്. പിറ്റേദിവസം അർധരാത്രിയോടെ അലംഘ്യമായ വിധിക്ക് അദ്ദേഹം കീഴടങ്ങി. പിറ്റേദിവസം പുലർച്ചെ വീഡിയോ വഴി അബുദാബിയിലിരുന്ന്ആ നിശ്ചലശരീരം കണ്ടപ്പോൾ നെഞ്ച് പൊട്ടിപ്പോയി. അത്രമേൽ പ്രിയപ്പെട്ട ഒരാളാണ് ഒരു മുന്നറിയിപ്പുമില്ലാതെ കടന്നുപോയത്. പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശിയായിരുന്നു. പേര് മുഹമ്മദ് കുട്ടി മുൻഷി. മലപ്പുറം ജില്ലയിലെ അറിയപ്പെട്ട മുസ്ലിം ലീഗ് നേതാവും മുജാഹിദ് നേതാവും ഒക്കെ ആയിരുന്നു. ഉപ്പയുടെ ഒരേയൊരു പെങ്ങളുടെ, എന്റെ അമ്മായിയുടെ ഭർത്താവ്.
ഓർമ വന്ന നാൾ മുതൽ അമ്മായികാക്കയെ ജനസേവനനിരതനായാണ് കണ്ടിട്ടുള്ളത്. അഴിമതിയുടെ കറപുരളാത്ത, എല്ലാവരോടും സൗഹൃദത്തോടെ മാത്രം പെരുമാറുന്ന, സ്‌നേഹവും വാത്സല്യവും കണക്കില്ലാതെ തന്നിട്ടുള്ള അമ്മായികാക്കയുടെ വിയോഗം ഇന്നും കണ്ണുങ്ങളെ സജലങ്ങളാക്കുന്നു. 68 വയസ്സ് ഉണ്ടായിരുന്നുള്ളൂ. അധ്യാപകനായിരുന്നു. ഞങ്ങളുടെ കുടുംബത്തിൽ ഏതു കാര്യത്തിലും പ്രത്യേകിച്ച് പ്രശ്ങ്ങളും പ്രതിസന്ധികളുമുണ്ടാകുമ്പോൾ പരിഹാരശ്രമങ്ങളുടെ നേതൃത്വം അദ്ദേഹത്തിനായിരുന്നു.
അക്ഷോഭ്യനായി, ഉള്ളിലുള്ള വിഷമങ്ങൾ ഒരിക്കലും പുറത്ത് കാണിക്കാതെ, എപ്പോഴും മസൃണമായ ഒരു പുഞ്ചിരിയോടെ മറ്റുള്ളവർക്കായി ജീവിച്ച അദ്ദേഹത്തിന്റെ മരണം കഴിഞ്ഞ്രണ്ടു കൊല്ലം കഴിയുമ്പോൾ അത്ര തന്നെ പ്രിയപ്പെട്ട മറ്റൊരാൾ കൂടി യാത്രയായി. ഏറ്റവും ഇളയ അമ്മാവൻ. ഉമ്മയുടെ അനിയൻ. അമ്മായികാക്കയെ പോലെ തന്നെ മറ്റുള്ളവർക്കായി ജീവിച്ച ഒരാൾ. ബിച്ചാപ്പുകാക്ക എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്. ഈ കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹം മരിച്ചത്. 64 വയസുണ്ടായിരുന്നുള്ളൂ. കലശലായി കോവിഡ് ബാധിച്ച്, ന്യുമോണിയ വന്ന് മൂന്നാഴ്ചയോളം ബോധമില്ലാതെ കിടന്നശേഷമാണ് അദ്ദേഹം പോയത്.
എല്ലാ കാര്യങ്ങൾക്കും ഉമ്മയുടെ കുടുംബത്തിൽ നേതൃത്വം ബിച്ചാപ്പുകാക്കയായിരുന്നു. സ്‌നേഹത്തിന്റെ ആൾരൂപം. എന്റെ ബാല്യകൗമാരയൗവ്വനങ്ങളിൽ സ്‌നേഹത്തിന്റെ നിറസാന്നിധ്യമായ പേരായിരുന്നു അമ്മായികാക്കയും ബിച്ചാപ്പു കാക്കയും. ബിച്ചാപ്പുകാക്കയുടെ ശരിക്കുള്ള പേര് അബുൽകലാം ആസാദ് എന്നായിരുന്നു. കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന വല്ലിപ്പ, മൗലാനാ ആസാദിന്റെ പേര് ഇളയ മകന് നൽകി. ബിച്ചാപ്പുകാക്കയുടെ മരണം ഒരർത്ഥത്തിൽ ആശ്വാസമായിരുന്നു. ഏഴുകൊല്ലത്തോളമായി കടുത്ത പാർക്കിൻസൺസ് രോഗം ബാധിച്ച് വല്ലാത്ത ഒരവസ്ഥയിലായിരുന്നു അദ്ദേഹം. ശരീരത്തിന്റെ ഐച്ഛിക ചലനങ്ങൾ ഓരോന്നോരോന്നായി നിലച്ചുവരുന്ന ഭീകരമായ അവസ്ഥ. അതിന്റെ മൂർദ്ധന്യത്തിലാണ് കോവിഡ് വരുന്നത്. മാതാപിതാക്കൾ കഴിഞ്ഞാൽ കുടുംബത്തിൽ ഏറ്റവും പ്രിയപ്പെട്ട രണ്ടുപേർ അങ്ങനെ മഹാമാരിക്കാലത്ത് മണ്മറഞ്ഞു. നാട്ടിലുണ്ടായിരുന്നതിനാൽ ബിച്ചാപ്പുകാക്കയെ പലവട്ടം ആസ്പത്രിയിൽ സന്ദർശിക്കാൻ കഴിഞ്ഞു എന്നത് മാത്രമാണ് വലിയൊരാശ്വാസം.
ബീഹാർ സ്വദേശിയായ റിസ്വാൻ കോവിഡ് വന്നു മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ മറ്റൊരാസ്പത്രിയിൽ രോഗിയായി കിടക്കുകയായിരുന്നു. ഭർത്താവിന്റെ മൃതദേഹം ഒന്ന് കാണാൻ പോലും അവർക്കായില്ല.
വ്യക്തിപരമായി അടുത്ത സൗഹൃദമുണ്ടായിരുന്ന ഒട്ടേറെ സ്‌നേഹിതന്മാർ കോവിഡിന് കീഴടങ്ങി. റിസ്വാൻ ഖൈസറിന്റെ പേരാണ് ആദ്യം മനസ്സിൽ വരുന്നത്. ജാമിഅ മില്ലിയയിൽ ചരിത്രാധ്യാപകനായിരുന്നു റിസ്വാൻ. ജെ.എൻ.യുവിൽ ചേർന്ന കാലം മുതൽ റിസ്വാനെ അടുത്തറിയാം. മൗലാനാ ആസാദിനെക്കുറിച്ച് പിഎച്ച് ഡി ചെയ്ത റിസ്വാൻ ഒന്നാന്തരം പ്രഭാഷകനും ചരിത്രാന്വേഷിയുമായിരുന്നു. ഒട്ടും പ്രകോപിതനാവാതെ ടൈംസ് നൗ പോലുള്ള ചാനലുകളിൽ പോലും ശാന്തമായി സ്വന്തം വീക്ഷണം പ്രകടിപ്പിക്കാൻ കഴിയുന്നത്ര സഹിഷ്ണുവും ക്ഷമാശീലനുമായിരുന്നു അദ്ദേഹം. വ്യക്തിബന്ധങ്ങളിൽ അങ്ങേയറ്റം ഊഷ്മളത പുലർത്തുന്ന ആൾ. ഒരിക്കൽ ഞാൻ കൊണ്ടുവന്നപ്പോഴാണ് റിസ്വാൻ ആദ്യമായി കേരളം കാണുന്നത്. പിന്നെ കാണുമ്പോഴൊക്കെ കേരളത്തിന്റെ വർണനകളായിരുന്നു. ബീഹാർ സ്വദേശിയായ റിസ്വാൻ കോവിഡ് വന്നു മരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ മറ്റൊരാസ്പത്രിയിൽ രോഗിയായി കിടക്കുകയായിരുന്നു. ഭർത്താവിന്റെ മൃതദേഹം ഒന്ന് കാണാൻ പോലും അവർക്കായില്ല.
ധനഞ്ജയ് എന്ന മറ്റൊരു സ്‌നേഹിതൻ യാത്രയാകുന്നതും ഇക്കാലത്ത് തന്നെ. അവൻ ഒരു വിപ്ലവപോക്കിരിയായിരുന്നു. ‘ഐസ’ക്കാരൻ. കോവിഡ് വന്നല്ല അവൻ മരിച്ചത്. എന്നേക്കാൾ മൂന്നുവയസ്സിന് ഇളയതായിരുന്നു. മരിച്ചതറിഞ്ഞ് ഞാൻ അവന്റെ നമ്പറിൽ വിളിച്ചു, പെങ്ങളാണ് എടുത്തത്. എനിക്കവരെ അറിയില്ലായിരുന്നു. മരിക്കുന്നതിന് ഏതാനും മാസങ്ങൾക്കുമുമ്പ് അവൻ അബൂദാബിയിൽ വന്നിരുന്നു. വർഷങ്ങൾക്കുശേഷം, അല്ല പതിറ്റാണ്ടുകൾക്ക് ശേഷം ഞങ്ങൾ കാണുകയായിരുന്നു. പഴയ ജെ.എൻ.യു കാലങ്ങൾ ഞങ്ങൾ അയവിറക്കി. സ്‌നേഹം പങ്കിട്ടു. പിരിഞ്ഞു. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ അവന്റെ മരണവാർത്തയാണ് അറിയുന്നത്.
ഞാൻ വിളിച്ചപ്പോൾ അവന്റെ പെങ്ങൾ പറഞ്ഞു, ‘ഭൈയ്യാ, താങ്കളെ കണ്ടത് എന്റെ സഹോദരനിലുണ്ടാക്കിയ സന്തോഷം വളരെ വലുതായിരുന്നു. ഷാജഹാൻ ഭൈയ്യ ഒട്ടും മാറിയിട്ടില്ലെന്ന് നിരന്തരമായി പറയുമായിരുന്നു. എന്റെ പൊന്നാങ്ങള പോയി. നിങ്ങളൊക്കെ ഉണ്ടല്ലോ ഞങ്ങൾക്ക്.'
അടുത്ത സ്‌നേഹിതനൊന്നുമല്ലെങ്കിലും ജെ.എൻ.യുവിൽ സമകാലികനായിരുന്ന കല്യാൺ, അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ, മാതാപിതാക്കൾ - ഇവരെല്ലാം ഒരാഴ്ചക്കുള്ളിലാണ് കോവിഡ് ബാധിച്ച് മരിച്ചത്. ബോബി പൗലോസ്, റിനോജ് തുടങ്ങി ഡൽഹിക്കാലത്ത് പരിചയമുണ്ടായിരുന്ന ഒട്ടേറെ പേർ മഹാമാരിയുടെ ഇരകളായി. കഴിഞ്ഞ രണ്ടു കൊല്ലമായി അകാലചരമങ്ങൾ പോലും ഞെട്ടലുണ്ടാക്കുന്നില്ല. ഒരു പക്ഷെ കോവിഡ് സൃഷ്ടിച്ച ഏറ്റവും പ്രധാനപ്പെട്ട മനോഭാവമാറ്റം അതാണ്. സങ്കടവും ദുഃഖവുമൊക്കെ പഴയ പോലെ ഉണ്ടാവും, പക്ഷെ ഒരു മരണവാർത്ത നമ്മെ ഇപ്പോൾ ഞെട്ടിക്കുന്നില്ല. ആരും എപ്പോഴും മരിച്ചുപോകാമെന്ന വസ്തുത നമ്മളിലെല്ലാം രൂഢമൂലമായിക്കഴിഞ്ഞു.
സമഷ്ടിപരം
വ്യക്തിപരമായി നാമോരോരുത്തരെയും മഹാമാരി വിവിധതലങ്ങളിൽ ബാധിച്ചു. പ്രിയപ്പെട്ടവരുടെ വിയോഗം, ജോലിനഷ്ടങ്ങൾ, സാമ്പത്തികമായ ആഘാതങ്ങൾ, ജീവിതത്തിലാദ്യമായി മാസങ്ങളോളം വീട്ടിലിരുന്നതിന്റെ പ്രസന്നവും അപ്രസന്നവുമായ അനുഭവങ്ങൾ, യാത്രകളുടെ അഭാവം, കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങൾ - നേരിട്ടോ അല്ലാതെയോ കോവിഡ് മൂലമുള്ള ഭവിഷ്യത്തുകൾ അനുഭവിക്കാത്ത ആരും ഈ ഭൂമുഖത്തുണ്ടാവില്ല.
പക്ഷെ ഈ അനുഭവം മനുഷ്യരിൽ എന്തെങ്കിലും തിരിച്ചറിവുകൾ ഉണ്ടാക്കിയോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. മഹാമാരിയിൽ നിന്ന് പതുക്കെ മനുഷ്യരാശി പുറത്തവരുന്ന സമയത്ത് തന്നെയാണ് റഷ്യ യുക്രെയ്നിൽ സൈനികാക്രമണം തുടങ്ങുന്നത്. കോവിഡ് മഹാമാരിയേക്കാൾ ചരിത്രത്തിൽ നിലനിൽക്കാൻ പോകുന്ന സംഗതി ഈ യുദ്ധമായിരിക്കും.
ലോകചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ സൈനികശക്തി രണ്ടുമാസമായി ഒരു ദുർബല രാജ്യത്തിന്റെ പ്രതിരോധവീര്യത്തിന് മുമ്പിൽ അടിപതറുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സാമ്പത്തിക അസമത്വങ്ങൾ ഏറ്റവും വർദ്ധിച്ച ഒരു കാലമായിരുന്നു കഴിഞ്ഞ രണ്ടു കൊല്ലങ്ങൾ. ഭരണവർഗം ആരുടെ താല്പര്യങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് സാമാന്യബോധമുള്ള ആർക്കും എളുപ്പം മനസ്സിലാക്കാവുന്ന സാഹചര്യം. പക്ഷെ വലിയൊരു വിഭാഗം ജനങ്ങൾ വലതുപക്ഷ ധ്രുവീകരണരാഷ്ട്രീയത്തെ ആവേശത്തോടെ പുണരുന്നതാണ് എല്ലായിടത്തും നാം കാണുന്നത്. ഫ്രാൻസ് പോലൊരു രാജ്യത്ത് മരിൻ ലീപെൻ പ്രസിഡന്റാകാനുള്ള സാധ്യത തെളിഞ്ഞുവരുന്നു. വലതുപക്ഷ തീവ്രത വികസിത വികസ്വര രാജ്യങ്ങളിലെല്ലാം ഒരേപോലെ ശക്തിപ്പെടുന്നു. പകയും വെറുപ്പും വിവേചനവും ഹിംസയും കൂടി വരുന്നു. ഈ സാഹചര്യത്തിലാണ് ഒരു രോഗാണു എന്തുമാത്രം സെക്യുലർ ആണെന്ന് നാമാലോചിക്കേണ്ടി വരുന്നത്! അത് മതത്തിന്റെയോ വർണത്തിന്റെയോ വർഗ്ഗത്തിന്റെയോ പേരിൽ ഒരു വിവേചനവും കാണിക്കുന്നില്ല. എല്ലാവരെയും ഒരേ പോലെ കാണുന്ന ഒരദൃശ്യ സാത്വികത!
ഇന്ത്യയിൽ വർഗീയവിഷം ഏറ്റവും ഭീകരമായി വ്യാപിച്ചത് കോവിഡ് കാലത്തായിരുന്നു. വർഗീയ രോഗാണു അതുകൊണ്ടുതന്നെ കോവിഡിനെക്കാൾ എത്രയോ മാരകമായ സംഹാരശക്തിയുള്ള ഒന്നാണ്. തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട വർഗീയാസ്വാരസ്യങ്ങൾ ഓർക്കുക. മഹാമാരിയുടെ പ്രാരംഭഘട്ടത്തിലാണ് അതുണ്ടായത്. മുസ്ലിംകൾ ഓടിനടന്ന് പകയോടെ ഹിന്ദുക്കൾക്ക് രോഗം പകർന്നു നല്കുന്നുവെന്നായിരുന്നു പ്രചാരണം! അത് വിശ്വസിക്കുകയും അത്തരം പ്രചാരണം നടത്തുന്നവരെ വോട്ട് ചെയ്ത് ഭരണത്തിൽ ശാശ്വതമായി പ്രതിഷ്ഠിക്കുകയും ചെയ്യുന്ന ആളുകളിൽ നാമെന്ത് പ്രതീക്ഷ വച്ചുപുലർത്താനാണ്?
രാഷ്ട്രീയപ്രാധാന്യമുള്ള കാര്യങ്ങളേ ചരിത്രത്തിലിടം പിടിക്കൂ. രണ്ടു ലോകമഹായുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരുടെ എത്രയോ ഇരട്ടി ആളുകളാണ് സ്പാനിഷ് ഫ്‌ളൂ വന്നു മരിച്ചത്. പക്ഷെ ചരിത്രപ്രാധാന്യം ആ രണ്ടു യുദ്ധങ്ങൾക്കാണ്.
ഒരു മഹാമാരി മനുഷ്യരാശിയെ മൊത്തം ഉന്മൂലനഭയത്തിൽ കുടുക്കിയിട്ട കാലത്ത് പരസ്പര വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുകയും അത് ചെയ്യുന്നവരെ മഹത്വവൽക്കരിക്കുകയും ചെയ്യുന്ന ആളുകളാണ് ലോകം മുഴുവൻ. മഹാമാരി തുടങ്ങിയപ്പോൾ ഞാനടക്കം മനുഷ്യചരിത്രം കോവിഡിന് മുമ്പും പിമ്പുമെന്ന നിലയ്ക്ക് ഭാവിയിൽ കാണേണ്ടിവരുമെന്നൊക്കെ പറഞ്ഞിരുന്നു. അതെല്ലാം അതിശയോക്തിയായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു. പ്ലേഗും സ്പാനിഷ് ഫ്‌ളൂവും പോലെ എപ്പോഴെങ്കിലും പരാമർശിക്കപ്പെട്ടേക്കാവുന്ന ഒരപ്രധാന സംഗതിയായി കോവിഡ് കാലം ചരിത്രത്തിലുണ്ടാവും. അതിനപ്പുറത്തുള്ള പ്രാധാന്യമൊന്നും ഇതിനുണ്ടാവില്ല. യുവാൽ നോവ ഹരാരി പറഞ്ഞപോലെ, രാഷ്ട്രീയപ്രാധാന്യമുള്ള കാര്യങ്ങളേ ചരിത്രത്തിലിടം പിടിക്കൂ. രണ്ടു ലോകമഹായുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരുടെ എത്രയോ ഇരട്ടി ആളുകളാണ് സ്പാനിഷ് ഫ്‌ളൂ വന്നു മരിച്ചത്. പക്ഷെ ചരിത്രപ്രാധാന്യം ആ രണ്ടു യുദ്ധങ്ങൾക്കാണ്. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശം ചർച്ച ചെയ്യുമ്പോൾ ഭാവി ചരിത്രകാരന്മാർ അതൊരു മഹാമാരിയുടെ കാലത്താണെന്ന് സാന്ദർഭികമായി പറഞ്ഞേക്കാം. ഇന്ത്യയുടെ ദേശീയോൽഗ്രഥനം പൂർണമായ തകർച്ചയിലേക്ക് പോകുന്നത് അങ്ങനെയൊരു കാലത്താണെന്ന് നമ്മുടെ ചരിത്രം പഠിക്കുന്നവരും സൂചിപ്പിച്ചേക്കും. ആ നിലയ്ക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ചരിത്രത്തിലെ ഒരു ഫുട്‌നോട്ട് മാത്രമാവാനുള്ള യോഗമേ ഇത്രയൊക്കെ ഭീതിയും മരണവും വിതച്ചിട്ടും കോവിഡ് രോഗാണുവിനുണ്ടാവൂ. ദൃശ്യഗോചരങ്ങളായ മറ്റു രോഗാണുക്കളാകട്ടെ ചരിത്രനിർണായകങ്ങളായി തുടരും. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.