അതിജീവനാനുഭൂതി; ഒരു മാപ്പിളയുടെ ലോക ജീവിതം - 5

പണിയെടുക്കുന്നത് ഒരമേരിക്കൻ സർക്കാർ സ്ഥാപനത്തിലാണെന്ന കാര്യം വലിയ മനസ്സാക്ഷിക്കുത്തുണ്ടാക്കിയിരുന്നു. ജെ. എൻ.യുവിലെ കടുത്ത അമേരിക്കൻ വിരുദ്ധചുറ്റുപാടുകളിൽ നിന്ന് പൊടുന്നനെ ഇന്ത്യക്കുള്ളിലാണെങ്കിലും പൂർണമായ അമേരിക്കൻ ചുറ്റുപാടിലേക്ക് കൂട് വിട്ടു കൂട് മാറിയത് ഒട്ടൊന്നുമല്ല മാനസികവിഷമമുണ്ടാക്കിയത്.

ന്റെ ആദ്യ ജോലി വായനയായിരുന്നു. ഓഫിസിലിരുന്നു പുസ്തകം വായിക്കുന്നതിനു ശമ്പളം വാങ്ങിക്കുക മോശമല്ലാത്ത ഒരേർപ്പാടായിരുന്നു. 1996 ഏപ്രിൽ മുതൽ 2001 മെയ് വരെയായിരുന്നു വായന വയറ്റുപ്പിഴപ്പായ കാലം. വായനപ്പണി തുടങ്ങുമ്പോൾ മണിക്കൂറിന് വേതനം പറ്റുന്ന ഒരു "സ്വതന്ത്രകുന്ത'മായിട്ടായിരുന്നു (Freelance) നിയമനം. മലയാളപുസ്തകങ്ങൾ വായിക്കുന്നതിന് മണിക്കൂറിന് എൺപതു രൂപ കിട്ടും. രണ്ടുകൊല്ലം നീണ്ട ഈ പ്രവൃത്തി എംഫിൽ ഗവേഷണം നടക്കുന്ന കാലത്തായിരുന്നു. ഇരുപതു മണിക്കൂറിൽ താഴെ ഒരാഴ്ച ജോലി ചെയ്യും. ഹോസ്റ്റലിൽ മാസഫീസ് അഞ്ഞൂറ് രൂപയോളമേ ഉണ്ടായിരുന്നുള്ളൂ. സാമ്പത്തികമായ സ്വയംപര്യാപ്തതയിലേക്കുള്ള - മധ്യവർഗ്ഗഅഭിരുചികളിലേക്കും - ആദ്യകാൽവെയ്പ്. രണ്ടുകൊല്ലത്തെ മലയാളമാത്രവായനോപജീവനാന്ത്യത്തിൽ ജോലി സ്ഥിരപ്പെട്ടു. തസ്തിക മാറുകയും ജോലിയുടെ ഉള്ളടക്കം വികസിക്കുകയും ചെയ്തു. അത് വരെ "മലയാളം കൺസൽട്ടന്റ്' എന്നതായിരുന്നു ഉദ്യോഗനാമം. 1998 ഏപ്രിലിൽ അത് മാറി സമൂഹ്യശാസ്ത്ര - സാഹിത്യ വിഷയങ്ങളിൽ ദക്ഷിണേഷ്യയിൽ ഇറങ്ങുന്ന പുസ്തകങ്ങൾ നോക്കുന്ന പണിയായി. അതുവരെ ചെയ്തിരുന്ന മലയാളം കൂട്ടത്തിൽ തുടരുകയും ചെയ്തു. ഇംഗ്ലീഷിലിറങ്ങുന്ന ദക്ഷിണേഷ്യൻ സാമൂഹ്യശാസ്ത്ര - സാഹിത്യ കൃതികളെല്ലാം - കൂടാതെ മലയാളത്തിലിറങ്ങുന്ന പൈങ്കിളിനോവലുകളടക്കം സകലപുസ്തകങ്ങളും - എന്റെ മേശപ്പുറത്തെത്തും. ഇവ പ്രഭാതം മുതൽ പ്രദോഷം വരെ വായിച്ചു ഓഫിസിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മനസ്സ് അവിയൽ പരുവത്തിലായിട്ടുണ്ടാവും. Jack of all trades, master of none (ഒരു കാര്യത്തിലും സവിശേഷാവഗാഹമില്ലാത്ത, എന്നാൽ എല്ലാത്തിലും അല്പജ്ഞാനം കരസ്ഥമാക്കിയ ആൾ) എന്ന് ഇംഗ്ലീഷിൽ പറയുന്ന അവസ്ഥയിലേക്ക് എന്നെ എത്തിച്ചത് ഈ ജോലിയായിരുന്നു.

ഇംഗ്ലീഷിലിറങ്ങുന്ന ദക്ഷിണേഷ്യൻ സാമൂഹ്യശാസ്ത്ര - സാഹിത്യ കൃതികളെല്ലാം - കൂടാതെ മലയാളത്തിലിറങ്ങുന്ന പൈങ്കിളിനോവലുകളടക്കം സകലപുസ്തകങ്ങളും - എന്റെ മേശപ്പുറത്തെത്തും. ഇവ പ്രഭാതം മുതൽ പ്രദോഷം വരെ വായിച്ചു ഓഫിസിൽ നിന്ന് പുറത്തിറങ്ങുമ്പോൾ മനസ്സ് അവിയൽ പരുവത്തിലായിട്ടുണ്ടാവും

അക്കാദമികമായ ഭാവി സ്വപ്നം കണ്ടു കഴിഞ്ഞിരുന്ന എനിക്കത് വലിയൊരു പതനമായിരുന്നു. അതേസമയം ജീവിതത്തെ ഭൗതികമായി ഏറെക്കുറെ സുരക്ഷിതമാക്കാനും വർണശബളമായ ഒരുപാട് അനുഭവങ്ങൾ നേടാനും സഹായിച്ച ഒരു കാലമായിരുന്നു അത്. നാനാവിഷയകങ്ങളായ പുസ്തകങ്ങൾ ചിലപ്പോഴൊക്കെ അലക്ഷ്യമായും മറ്റു ചിലപ്പോൾ ഏകാഗ്രതയോടെയും വായിച്ച ഒരു കാലം. വായനയ്ക്ക് പുറമെ ചെയ്യേണ്ടിയിരുന്നത് ഓരോ പുസ്തകത്തേയും കുറിച്ച് നാലഞ്ചു വരികളിൽ ചെറുകുറിപ്പുകളെഴുതുക, കൊല്ലത്തിൽ മൂന്നോ നാലോ വട്ടം പുസ്തകങ്ങൾ തേടി ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ യാത്ര ചെയ്യുക തുടങ്ങിയ ആയാസമൊട്ടുമില്ലാത്ത പണികളായിരുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള സാംസ്‌കാരികപരിസരങ്ങളെക്കുറിച്ചു ആദ്യമായി നേരനുഭവം ഉണ്ടാവുന്നതും ഈ ജോലിയിലാണ്. ആദ്യത്തെ ജോലി ഇതായിരുന്നതിനാൽ വിദ്യാർത്ഥിയിൽ നിന്ന് ജോലിക്കാരനിലേക്കുള്ള ഏതൊരാളുടെ ജീവിതത്തിലും നിർണായകമായ പരിണാമം സംഭവിക്കുന്നതും ഈ "പാരായണപ്രവൃത്തി'യുടെ മൂന്നാം വർഷം മുതലാണ്.

Main reading room at the Library of Congress / Photo: Wikimedia Commons

ന്യൂഡൽഹിയിലെ അമേരിക്കൻ എംബസ്സിയുടെ ഭാഗമായ ലൈബ്രറി ഓഫ് കോൺഗ്രസ്സ് ഓഫീസ് കസ്തുർബാ ഗാന്ധി മാർഗിലുള്ള അമേരിക്കൻ സെന്ററിലാണ്. ലോകത്തെ ഏറ്റവും വലിയ ലൈബ്രറിയാണ് വാഷിംഗ്ടണിലുള്ള ലൈബ്രറി ഓഫ് കോൺഗ്രസ്സ്. മിക്ക ഭാഷകളിലുമുള്ള എല്ലാ നല്ല പുസ്തകങ്ങളുടെയും സമഗ്രശേഖരമുള്ള ബൃഹദ് വായനശാല. 2004ൽ ആ അറിവിന്റെ മഹാത്ഭുതം നേരിട്ട് സന്ദർശിക്കാൻ അവസരമുണ്ടായി. ഇന്ന് അമേരിക്കയുടെ ദേശീയഗ്രന്ഥശാലയും അമേരിക്കൻ സാംസ്‌കാരിക സ്വാധീനത്തിന്റെ പ്രബലപ്രതീകങ്ങളിലൊന്നുമായ ലൈബ്രറിയുടെ പ്രാരംഭം 1800ൽ കോൺഗ്രസിന്റെ ആവശ്യങ്ങൾക്കായുള്ള ചെറിയൊരു വായനശാല എന്ന നിലക്കായിരുന്നു. അയ്യായിരം ഡോളറായിരുന്നു ഇതിന്റെ പ്രഥമബജറ്റ്. 1814ൽ ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ പൂർണമായും തകർന്ന ലൈബ്രറിയെ പിന്നീട് പുനരുജ്ജീവിപ്പിക്കുന്നത് തോമസ് ജെഫേഴ്‌സന്റെ പുസ്തകശേഖരത്തിലുണ്ടായിരുന്ന 6500ഓളം പുസ്തകങ്ങൾ 23950 ഡോളറിന് വാങ്ങിക്കൊണ്ടാണ്. 1850ൽ അപ്പോഴേക്കും കുറെയൊക്കെ വികാസം പ്രാപിച്ചു കഴിഞ്ഞിരുന്ന ലൈബ്രറിയിലെ 35000ഓളം പുസ്തകങ്ങൾ തീപിടുത്തത്തിൽ കത്തിനശിച്ചു. പിന്നീട് ആഭ്യന്തരയുദ്ധത്തിനൊക്കെ ശേഷമാണ് ലൈബ്രറിയെ അമേരിക്കയുടെ ദേശീയഗ്രന്ഥശാലയായി മാറ്റാനുള്ള തീരുമാനം വരുന്നത്. ഇപ്പോൾ ശരാശരി 15000 പുതിയ പുസ്തകങ്ങളും രേഖകളുമാണ് ഒരു ദിവസം ലൈബ്രറി ഓഫ് കോൺഗ്രസ്സിന്റെ വമ്പൻശേഖരത്തിലേക്ക് ചേർക്കപ്പെടുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്ന് എല്ലാ ഭാഷകളിലും വിഷയങ്ങളിലുമുള്ള പുസ്തകങ്ങൾ ശേഖരിച്ചു കാറ്റലോഗ് ചെയ്തു അമേരിക്കയിലെത്തിക്കലാണ് ദൽഹി ഓഫീസിന്റെ ദൗത്യം. ലൈബ്രറി ഓഫ് കോൺഗ്രസ്സിന് വേണ്ട പുസ്തകങ്ങൾ മാത്രമല്ല ഇവിടെ ശേഖരിക്കുന്നത്. അമേരിക്കയിലെ മറ്റു പ്രധാനവായനശാലകളും - പ്രധാനസർവ്വകലാശാലകൾ, വിവിധനഗരങ്ങളിലെ പൊതു വായനശാലകൾ - ഈ ഓഫീസിനെയാണ് ദക്ഷിണേഷ്യയിൽ നിന്നുള്ള പുസ്തകങ്ങൾക്ക് ആശ്രയിച്ചിരുന്നത്. മലയാളത്തിലിറങ്ങുന്ന സകലപുസ്തകങ്ങളുടെയും ഒരു കോപ്പി ദൽഹി ഓഫീസിലേക്കയക്കാനുള്ള കരാർ ഏറ്റെടുത്തിരുന്നത് ഡിസി ബുക്സായിരുന്നു. അത് കൂടാതെ ഓരോ കൊല്ലവും കേരളത്തിലെ പ്രധാനനഗരങ്ങളിലെല്ലാം പുസ്തകം തേടി ഞാൻ യാത്ര ചെയ്യുകയും ചെയ്യുമായിരുന്നു.

ജോലി സുലളിതമായിരുന്നു. മേശപ്പുറത്തു വരുന്ന പുസ്തകങ്ങൾ വിലയിരുത്തി സ്വീകരിക്കേണ്ടതും തിരസ്‌കരിക്കേണ്ടതും തീരുമാനിക്കുക. താൽപര്യത്തിനനുസരിച്ചു ചില പുസ്തകങ്ങൾ കമ്പോടുകമ്പു വായിക്കും. ചിലതൊന്നോടിച്ചു നോക്കും. ഇനിയും ചിലത് ചട്ട കണ്ടാലേ ചവറ്റുകൂട്ടയിലേക്ക് പോകേണ്ടതാണെന്ന് മനസ്സിലാവും. എത്ര പുസ്തകം ഒരു ദിവസം ചെയ്തിരുന്നുവെന്ന് ഇപ്പോൾ കൃത്യമായി ഓർമ്മയില്ല. മാസം പത്തുമുന്നൂറു പുസ്തകങ്ങളെങ്കിലും ചെയ്തിരുന്നുവെന്ന് തോന്നുന്നു. ഓരോ പുസ്തകത്തിന്റെയും ഒരു കോപ്പി മാത്രമാണ് ആദ്യം ലഭിക്കുക. എടുക്കണോ തള്ളണോ എന്ന് തീരുമാനിച്ച ശേഷമാണ് എത്ര ലൈബ്രറികൾക്ക് ആവശ്യമുണ്ടെന്നതിനനുസരിച്ചു ഒരു പുസ്തകത്തിന്റെ എത്ര കോപ്പി വേണമെന്ന് നിശ്ചയിക്കുക. ചില പ്രധാന വിഷയങ്ങളിലുള്ള പുസ്തകങ്ങളൊക്കെ നാൽപ്പതിലേറെ എണ്ണം വാങ്ങിച്ചിരുന്നു. രാഷ്ട്രീയമോ ചരിത്രപരമോ ആയ പ്രാധാന്യമുള്ള ഡോക്യുമെന്ററികൾ, സ്വകാര്യരേഖകളുടെ സമാഹാരങ്ങൾ എന്ന് വേണ്ട വിജ്ഞാനാർജ്ജനത്തിനുതകുന്ന, ഗവേഷണത്തിൽ സഹായിക്കുന്ന എന്തും ശേഖരിക്കാൻ ലൈബ്രറി ഓഫ് കോൺഗ്രസ്​ സന്നദ്ധമായിരുന്നു.
ഡൽഹി ഓഫിസിന്റെ ഡയറക്ടർ മിസ്സിസ് ലിഗിയ ബാലൻറയിൻ പുസ്തകങ്ങളോടും ധൈഷണിക വിഷയങ്ങളോടും കടുത്ത താല്പര്യം പുലർത്തിയിരുന്ന ഒരു സ്ത്രീയായിരുന്നു. ബ്രസീലുകാരിയായിരുന്ന മിസ്സിസ് ബാലൻറയിൻ വിവാഹം വഴിയാണ് അമേരിക്കൻ പൗരയായത്. അതിനാൽ ഒരു മൂന്നാംലോകരാജ്യത്തെ വ്യക്തിയുടെ സംവേദനത്വം കൂടി അവർക്കുണ്ടായിരുന്നു. നല്ല പുസ്തകങ്ങളെയും ആശയങ്ങളെയും കുറിച്ച് എത്ര സംസാരിച്ചാലും മതി വരാത്ത അവർ ബ്രസീലുകാർക്ക് സഹജമായ ജീവിതകാമനയും ആഹ്ലാദോന്മുഖതയും മൂലം തനിക്കു ചുറ്റും എപ്പോഴും പോസിറ്റീവ് എനർജി പ്രസരിപ്പിക്കും. പക്ഷെ അവരുടെ പോസിറ്റീവ് എനർജിയുടെ തോതിനാനുപാതികമായ നെഗറ്റീവ് എനർജി ഓഫീസിൽ നിലനിന്നിരുന്നു. ഓഫീസുകളിൽ നിലനിൽക്കുന്ന ആന്തരികപ്രശ്‌നങ്ങളെക്കുറിച്ചു എനിക്കതു വരെയുണ്ടായിരുന്ന അനുഭവം ജെ.എൻ.യുവിലെ അധ്യാപകർക്കിടയിലുള്ള പാരവയ്പുകൾ മാത്രം. ലൈബ്രറി ഓഫ് കോൺഗ്രസ്​ കാലത്താണ് ഒരു കാര്യവുമില്ലാതെ മനുഷ്യർ എന്തുമാത്രം ഊർജ്ജമാണ് പാര പണിയാൻ ചെലവഴിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്. പരസ്പരം നിരന്തരയുദ്ധത്തിലേർപ്പെട്ടുകൊണ്ടിരിക്കുന്ന ആളുകൾക്കിടയിൽ പക്ഷം ചേരാതെ അവനവന്റെ മനശ്ശുദ്ധി സംരക്ഷിക്കുക എളുപ്പമല്ല. രണ്ടു ചേരികൾ തമ്മിൽ നടക്കുന്ന വഴക്കിൽ ഏറ്റവും നഷ്ടം വരിക ചേരിചേരാനയം സ്വീകരിക്കുന്നവർക്കാണ്. പക്ഷം ചേർന്നവരെ അവരുടെ ചേരി സംരക്ഷിച്ചു കൊള്ളും. വേണ്ടത്ര സംരക്ഷണം ലഭിക്കാതെ വരുമ്പോൾ ചേരി മാറുന്ന വിരുതരും ഉണ്ടായിരുന്നു. ഒരു ചേരിയിൽ നിലയുറപ്പിച്ചു മറുചേരിയ്ക്ക് വേണ്ടി ചാരപ്രവർത്തനം നടത്തുന്ന വിദ്വാന്മാരും കുറവായിരുന്നില്ല. എന്റെ ഡിപ്പാർട്ടുമെന്റിന്റെ തലവനും മറ്റൊരു ഡിപ്പാർട്ടുമെന്റിന്റെ ‘തലൈവിയും' തമ്മിൽ എപ്പോഴും ലോകമഹായുദ്ധമായിരുന്നു. മറ്റേ ഡിപ്പാർട്ടു‌മെന്റിന്റെ ‘തലൈവിയും' ഞാനും തമ്മിൽ നല്ല അടുപ്പവും. അതുകൊണ്ട് എന്റെ ബോസിന് എന്റെ കൂറിൽ സംശയം. ആദ്യഘട്ടത്തിൽ സമാധാന സംസ്ഥാപനത്തിന് ഞാൻ ചില ശ്രമങ്ങളൊക്കെ നടത്തിനോക്കി. വൈകാതെ അതിലൊന്നും കാര്യമില്ലെന്ന് മനസ്സിലാക്കി പിന്മാറുകയും ചെയ്തു. മിസ്സിസ് ബാലൻറയിന്​ എന്നോട് സവിശേഷമായ അടുപ്പം പരസ്യമായിത്തന്നെ പുലർത്തുന്നതിനാലും അവരോട് എന്തും തുറന്നു സംസാരിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടെന്ന് എല്ലാവർക്കും അറിയുന്നതിനാലും വലിയ പരിക്കില്ലാതെ ഞാൻ പിടിച്ചുനിന്നു. ഓഫീസിലെ അന്തർനാടകങ്ങളിലൊന്നും ഭാഗമാവാതെ അന്തസ്സോടെ വർത്തിച്ച സഹപ്രവർത്തകരും ഉണ്ടായിരുന്നു. അതിലൊരാൾ രബീന്ദ്ര മാസ്റ്റേഴ്‌സ് എന്ന മലയാളമറിയാത്ത മലയാളിയായിരുന്നു. മലയാളം കൺസൽട്ടന്റ് ആയി പ്രവർത്തിച്ച രണ്ടു കൊല്ലവും അദ്ദേഹവും ഞാനും അടുത്തടുത്താണ് ഇരുന്നിരുന്നത്. സൗമ്യനും സംസ്‌കാരസമ്പന്നനുമായിരുന്ന മാസ്റ്റേഴ്‌സ് ആഴമുള്ള വ്യക്തിത്വത്തിനുടമയായിരുന്നു. കൊച്ചി സ്വദേശിയായിരുന്ന അദ്ദേഹം മുൻമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഡൊമിനിക് പ്രസന്റേഷന്റെ കസിനായിരുന്നു. കസിനെ കാണാൻ അദ്ദേഹം ഒന്ന് രണ്ടു വട്ടം ഓഫീസിൽ വന്നതും സംസാരിച്ചതും ഓർക്കുന്നു. തന്റെ ജോലി ഭംഗിയായി ചെയ്തു ആർക്കും അലോസരമുണ്ടാക്കാതെ ആരോടും പരിഭവമില്ലാതെ ജീവിച്ച മാസ്റ്റേഴ്‌സ് ഇന്നില്ല. ഏതാനും കൊല്ലം മുമ്പ് അദ്ദേഹം രോഗബാധിതനാവുകയും മരണത്തിന് കീഴടങ്ങുകയും ചെയ്തു.

ആന്തരികപ്രശ്‌നങ്ങളെക്കുറിച്ചു എനിക്കതു വരെയുണ്ടായിരുന്ന അനുഭവം ജെ എൻ യുവിലെ അധ്യാപകർക്കിടയിലുള്ള പാരവയ്പുകൾ മാത്രം. ലൈബ്രറി ഓഫ് കോൺഗ്രസ് കാലത്താണ് ഒരു കാര്യവുമില്ലാതെ മനുഷ്യർ എന്തുമാത്രം ഊർജ്ജമാണ് പാര പണിയാൻ ചിലവഴിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്

ജോലിയുടെ ഉള്ളടക്കവും ശമ്പളവുമൊക്കെ തൃപ്തികരമായിരുന്നുവെങ്കിലും പണിയെടുക്കുന്നത് ഒരമേരിക്കൻ സർക്കാർ സ്ഥാപനത്തിലാണെന്ന കാര്യം വലിയ മനസ്സാക്ഷിക്കുത്തുണ്ടാക്കിയിരുന്നു. ജെ. എൻ.യുവിലെ കടുത്ത അമേരിക്കൻ വിരുദ്ധചുറ്റുപാടുകളിൽ നിന്ന് പൊടുന്നനെ ഇന്ത്യക്കുള്ളിലാണെങ്കിലും പൂർണമായ അമേരിക്കൻ ചുറ്റുപാടിലേക്ക് കൂട് വിട്ടു കൂട് മാറിയത് ഒട്ടൊന്നുമല്ല മാനസികവിഷമമുണ്ടാക്കിയത്. പക്ഷെ ജോലി പല കാരണങ്ങളാൽ അനിവാര്യമായിരുന്നു താനും. അതിജീവനത്തിന്റെ ഭാഗമായി ഇത്തരം വിഷമസന്ധികൾ എന്നെ ഇതുവരെയും പിന്തുടർന്നിട്ടുണ്ട്. നമ്മുടെ നൈതിക രാഷ്ട്രീയബോധ്യങ്ങളോട് താദാത്മ്യം പുലർത്തുന്ന ജോലിദാതാവിനെ കിട്ടുക ‘എത്ര നല്ല നടക്കാത്ത സ്വപ്നമാണ്' എന്നിപ്പോൾ കൃത്യമായ തിരിച്ചറിവുള്ളതിനാൽ ഈ പ്രശ്‌നം എന്നെ അലട്ടാറില്ല. എല്ലാ ജോലിയും ഒരർത്ഥത്തിൽ ആത്മവില്പനയാണ്. നിങ്ങൾ നിങ്ങളുടെ ഒരംശം വിറ്റു ഉപജീവനം നടത്താൻ നിർബന്ധിതനാണ്. മുതലാളിത്ത വ്യവസ്ഥയിൽ ജോലി വാസ്തവത്തിൽ ഒരു പരസ്പരചൂഷണകരാറാണ്. അങ്ങോട്ടുമിങ്ങോട്ടുമുള്ള ചൂഷണത്തിൽ ഒരല്പം സന്തുലിതത്വം നിലനിർത്താൻ പറ്റുന്ന ജോലിയെയാണ് നാം നല്ല ജോലി എന്ന് വിശേഷിപ്പിക്കുന്നത്. ഇത്രയേറെ സങ്കീർണമായ ആത്മബോധത്തിലേക്ക് വ്യക്തിയെ എത്തിക്കുന്ന പ്രക്രിയയാണ് നവലിബറൽ സമ്പദ്ക്രമം കഴിഞ്ഞ കുറെ വർഷങ്ങളായി നടപ്പാക്കാക്കിക്കൊണ്ടിരിക്കുന്നത്. അവനവനെ അവളവളെ പൂർണമായി നൈതികമുക്തമാക്കിയാൽ ഇതിനെ മറികടക്കാം. അത് പക്ഷെ നൈതികമായി ലോകത്തെ കാണുന്നവർക്ക് അസാധ്യമാണ്. അതല്ലെങ്കിൽ ഭൗതികമായി ഒരു ഗാന്ധിയൻ പാതയിലേക്ക് മാറാനുള്ള ആന്തരികശക്തി ആർജ്ജിക്കണം. അതെളുപ്പമല്ല. ഈ രണ്ടു ദ്വന്ദങ്ങൾക്കിടയ്ക്ക് പെട്ട് പോകുന്ന ജീവിതങ്ങൾ ധാർമ്മികമായ ഒരു വിഷമസന്ധിയെ നേരിട്ടേ മതിയാവൂ. ഓരോ അനുരഞ്ജനവും അവരെ ആത്മനിന്ദയുടെ പാരമ്യത്തിലേക്ക് നയിക്കും. ഈ ആത്മനിന്ദയെ മറികടക്കാനായി ചെയ്യുന്ന സംഗതികളാകട്ടെ അവരെ കൂടുതൽ ആത്മനിന്ദയിലേക്ക് എടുത്തെറിയും. ആദ്യ ജോലി മുതൽ തൊഴിൽ ജീവിതം എന്നിൽ തീരാത്ത മനസ്സാക്ഷിക്കുത്ത് സൃഷ്ടിച്ചു കൊണ്ടിരുന്നു. അതുകൊണ്ട് തന്നെ എന്റെ തൊഴിൽ ജീവിതം ഒരു കംപ്യുട്ടർ ഫയൽ പോലെ ഡിലീറ്റ് ചെയ്യാനാണ് എനിക്കിഷ്ടം; പക്ഷെ അത് സാധ്യമല്ലല്ലോ.
അത്തരമൊരവസ്ഥയിൽ ഒരാൾക്ക് ചെയ്യാവുന്ന ഒരേ ഒരു കാര്യം താനകപ്പെട്ട അവസ്ഥക്കുള്ളിൽ കഴിയുന്നത്ര ശരികൾ - തന്റെ മാത്രം ശരികൾ - നിറയ്ക്കാൻ ശ്രമിക്കുകയാണ്. ഒരുദാഹരണം പറയാം. പ്രമുഖ കാശ്മീരി പത്രപ്രവർത്തകൻ രാഹുൽ ജലാലി ഒരിക്കൽ വിളിച്ചു കാണണമെന്നാവശ്യപ്പെടുന്നു. ഇടതുപക്ഷപത്രപ്രവർത്തകനും പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ശ്രീനഗർ ബറോയുടെ തലവനുമായിരുന്ന പ്രാൺനാഥ് ജലാലിയുടെ മകനായ രാഹുൽ കശ്മീരിലെ യാഥാർഥ്യങ്ങൾ നിർഭയം തുറന്നെഴുതിയ തന്റേടിയായ പത്രപ്രവർത്തകനാണ്. കഴിഞ്ഞ വർഷം അന്തരിച്ച ജലാലി എന്നെ വിളിച്ചത് സുഹൃത്തായ വെങ്കിടേഷ് രാമകൃഷ്ണന്റെ അഭിപ്രായപ്രകാരമാണ്. അന്നുതന്നെ അദ്ദേഹത്തെ ഞാൻ കണ്ടു. ‘നാമാദ്യമായി കാണുകയാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു സഹായം ആവശ്യപ്പെടുന്നത് ഉചിതമാണോ എന്നെനിക്കറിയില്ല. കടുത്ത സാമ്പത്തികപ്രയാസം അനുഭവിക്കുന്നത് കൊണ്ട് കൂടിയാണ് ഞാനിത് ചെയ്യുന്നത്. പക്ഷെ സാമ്പത്തിക പ്രശ്‌നത്തെക്കാൾ പ്രധാനം ഞാൻ പറയാൻ പോകുന്ന വിഷയത്തിന്റെ പൊതുതാല്പര്യവും വൈജ്ഞാനിക രാഷ്ട്രീയപ്രസക്തിയുമാണ്. ഏതാനും വർഷങ്ങളായി കാശ്മീരിൽ ധാരാളം അഭിമുഖങ്ങൾ ഞാൻ നടത്തിയിട്ടുണ്ട്. ഞാനഭിമുഖം നടത്താത്ത ആരും കശ്മീരിലെ പൊതുമണ്ഡലത്തിൽ ഇല്ല എന്ന് തന്നെ പറയാം. എന്റെ ഡോക്യുമെന്ററി സിനിമകൾക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്തത്. ദൂരദർശനടക്കം പല ചാനലുകളും ഈ സിനിമകൾ സംപ്രേക്ഷണം ചെയ്തു. ടെലിവിഷനിൽ കൂടിപ്പോയാൽ അരമണിക്കൂറാണല്ലോ ഒരു ഡോക്യുമെന്ററിക്കനുവദിക്കുക. ഞാനിത് വരെ ചെയ്ത അഭിമുഖങ്ങളുടെ രണ്ടു ശതമാനം പോലും ഇതുവരെ ഉപയോഗിക്കാനായിട്ടില്ല. നൂറു മണിക്കൂറിലേറെ നീളുന്ന ഈ അഭിമുഖങ്ങൾ കാശ്മീർ പ്രശ്‌നത്തിന്റെ ഏറ്റവും സമഗ്രമായ പ്രതിനിധാനമാണെന്ന് ഞാൻ കരുതുന്നു. കാശ്മീർ പ്രശ്‌നത്തെക്കുറിച്ചു ഗവേഷണം നടത്തുന്ന ആർക്കും എക്കാലത്തും പ്രയോജനപ്പെടുന്ന ഈ ടേപ്പുകൾ നശിച്ചു പോകരുതെന്ന് എനിക്കാഗ്രഹമുണ്ട്. ലൈബ്രറി ഓഫ് കോൺഗ്രസ്സ് ഇത് വാങ്ങുകയാണെങ്കിൽ വലിയ ഉപകാരമായിരിക്കും,' ജലാലി ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു. ഡൽഹി പ്രസ്സ് ക്ലബ്ബിൽ വച്ച് നടന്ന ആ കൂടിക്കാഴ്ച അവിസ്മരണീയമായ ഒരു സൗഹൃദത്തിന്റെ തുടക്കം കൂടിയായിരുന്നു.

ആദ്യ ജോലി മുതൽ തൊഴിൽ ജീവിതം എന്നിൽ തീരാത്ത മനസ്സാക്ഷിക്കുത്ത് സൃഷ്ടിച്ചു കൊണ്ടിരുന്നു. അത് കൊണ്ട് തന്നെ എന്റെ തൊഴിൽ ജീവിതം ഒരു കംപ്യുട്ടർ ഫയൽ പോലെ ഡിലീറ്റ് ചെയ്യാനാണ് എനിക്കിഷ്ടം; പക്ഷെ അത് സാധ്യമല്ലല്ലോ

പിറ്റേ ദിവസം മിസ്സിസ് ബാലൻറയിനുമായി ഞാൻ വിഷയം ചർച്ച ചെയ്തു. അവരുടനെ തന്നെ വാഷിങ്ടണിലേക്ക് മെയിലയച്ചു. ഒരാഴ്ചക്കുള്ളിൽ രാഹുൽ ജലാലിയുടെ കാശ്മീർ ടേപ്പുകൾ വലിയൊരു തുകയ്ക്ക് വാങ്ങാൻ തീരുമാനമായി. രണ്ടു പതിറ്റാണ്ടിനു ശേഷം ജലാലിയുമായി ഫോണിൽ സംസാരിച്ചപ്പോഴും അദ്ദേഹം അതോർത്തെടുത്തു നന്ദി പറഞ്ഞു. പൊതുതാല്പര്യമുള്ള ഇത്തരം പല കാര്യങ്ങളും ചെയ്യാൻ ഇതുവരെ ചെയ്ത എല്ലാ ജോലികളിലും അവസരങ്ങളുണ്ടായിട്ടുണ്ട്. ഉപജീവനം പലപ്പോഴും അനഭിലഷണീയമായ അനുരഞ്ജനങ്ങൾക്ക് നമ്മെ നിർബന്ധിക്കും. അതേ സമയം നൈതികവ്യക്തത ഉള്ളിലുണ്ടെങ്കിൽ ത്യാജ്യഗ്രാഹ്യവിവേചനബുദ്ധിയോടെ കാര്യങ്ങൾ തീരുമാനിക്കാനും നമ്മുടെ നിലപാടുകളിൽ ഉറച്ചുനിൽക്കാനും കഴിയുമെന്ന് തന്നെയാണ് അനുഭവങ്ങൾ എന്നെ പഠിപ്പിച്ചത്. വ്യക്തിതാല്പര്യങ്ങൾക്കും പൊതുതാല്പര്യങ്ങൾക്കും തമ്മിൽ എപ്പോഴും സംഘർഷം സംഭവിക്കും. അതിനെ അവനവന്റെ ബോധ്യങ്ങൾക്കിണങ്ങുന്ന വിധത്തിൽ പരിഹരിക്കാനുള്ള സഹജാവബോധം ഉണ്ടാവണമെന്ന് മാത്രം.

ലൈബ്രറി ഓഫ് കോൺഗ്രസ്സിലെ അഞ്ചുകൊല്ലം നാം പൂർണമായും അവഗണിക്കുന്ന, എന്നാൽ വൈജ്ഞാനികമേഖലയ്ക്ക് അനുപേക്ഷ്യമായ ക്രമവും വ്യവസ്ഥയും നിരന്തരം നൽകിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടരെ അടുത്തറിയാൻ അവസരമുണ്ടായി: ലൈബ്രേറിയന്മാർ. സാധാരണ ആരും പരിഗണിക്കാത്ത, ആരുടേയും ശ്ലാഘ പൊതുമണ്ഡലത്തിൽ ലഭിക്കാത്ത ഒരു വിഭാഗമാണ് ലൈബ്രേറിയന്മാർ. ജോലിയുടെ ഭാഗമായി നടത്തിയ യാത്രകളിൽ ഇന്ത്യയുടെ നാനാഭാഗങ്ങളിൽ നിശ്ശബ്ദരായി ജ്ഞാനപ്രവർത്തനങ്ങളെ സഹായിക്കുന്ന എത്രയോ ലൈബ്രേറിയന്മാരെ പരിചയപ്പെട്ടു. ലൈബ്രറി സയൻസ് എന്ന ഒരു വിജ്ഞാനശാഖ അക്കാദമികജീവിതത്തിന്റെ സുഗമമായ തുടർച്ചയ്ക്ക് എന്ത് മാത്രം നിർണായകമാണെന്ന് അനുഭവിച്ചറിഞ്ഞു. അമേരിക്കയിലെ പല സർവ്വകലാശാലകളിലെയും ലൈബ്രേറിയന്മാരെ പരിചയപ്പെടാനും അവരുമായി അടുത്തിടപെഴകാനും ഇക്കാലത്തു അവസരം ലഭിച്ചു. അവരിൽ പലരുടെയും തൊഴിലിനോടുള്ള പ്രതിബദ്ധത ആദരവുളവാക്കി. മിഷിഗൺ സർവകലാശാലയിലെ ലൈബ്രേറിയനായിരുന്ന മേരി റൈഡർ ഇടയ്ക്കിടെ ഡൽഹിയിൽ വരുമായിരുന്നു. വരുമ്പോഴൊക്കെ എനിക്ക് പുതിയ പുതിയ പുസ്തകങ്ങൾ സമ്മാനമായി തരും. ദക്ഷിണേഷ്യൻ പഠനങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന ചെറിയ ചെറിയ കാര്യങ്ങളിൽ പോലും അവർക്കു സൂക്ഷ്മമായ അറിവുണ്ടായിരുന്നു. മാത്രവുമല്ല തമിഴ് ഭാഷയിൽ സാമാന്യം വ്യുല്പത്തിയും കരസ്ഥമാക്കിയിരുന്നു അവർ. സംസ്‌കൃത പണ്ഡിതനായ ലൈബ്രറി ഓഫ് കോൺഗ്രസ്സിലെ ഒരു പ്രധാന ലൈബ്രേറിയനും സ്ഥിരമായി ഡൽഹിയിൽ വരും. അദ്ദേഹത്തിന്റെ പേര് ഓർമയില്ല. സംസ്‌കൃതഭാഷയിൽ പ്രാചീനകാലം മുതലിറങ്ങിയ സകലപുസ്തകങ്ങളെക്കുറിച്ചും അദ്ദേഹത്തിന് അറിവുണ്ട്. അറബിയും സംസ്‌കൃതവും തമ്മിലുള്ള വ്യാകരണപരമായ സാമ്യങ്ങളായിരുന്നു ഞങ്ങളുടെ ചർച്ചകളിലെ മുഖ്യഅജണ്ട. ഞാനദ്ദേഹത്തിന്റെ കൂടെ വരാണസി, ഉജ്ജയിൻ പോലുള്ള ഉത്തരേന്ത്യൻ നഗരങ്ങളിൽ യാത്ര ചെയ്തിട്ടുണ്ട്. അവിടെയുള്ള സംസ്‌കൃതപണ്ഡിതന്മാർക്കൊക്കെ കക്ഷിയെ വലിയ ബഹുമാനമായിരുന്നു.

ലൈബ്രറി ഓഫ് കോൺഗ്രസ്സിലെ ജോലിയാണ് മലയാളത്തിൽ ഒരു ‘മുഖ്യധാരാ' പംക്തികാരനാകാൻ എന്നെ സഹായിച്ചത്. ആ ജോലി ഉണ്ടായിരുന്നില്ലെങ്കിൽ കലാകൗമുദിയിൽ ഞാൻ 1999 മുതൽ 2004 വരെ ചെയ്ത ‘അകം പുറം' പംക്തി വമ്പൻ പരാജയമായേനെ. മുഖ്യധാരാ പുസ്തകലോകത്തിന് പുറത്തുള്ള എത്രയോ പുസ്തകങ്ങളെക്കുറിച്ചു ആ പംക്തിയിലെഴുതാൻ കഴിഞ്ഞത് ലൈബ്രറി ഓഫ് കോൺഗ്രസ്സിലെ എന്റെ സമ്പന്നമായ മേശപ്പുറം ഒന്ന് കൊണ്ട് മാത്രമാണ്.


കലഹങ്ങൾ കുതൂഹലങ്ങൾ ഒരു മാപ്പിളയുടെ ലോക ജീവിതം - മുൻ ലേഖനങ്ങൾ വായിക്കാം...

Comments