ഒരു മലയാളിയുടെ ഇംഗ്ലീഷ്-ഇംഗ്ലീഷ് നിഘണ്ടു - 2

കലഹങ്ങൾ കുതൂഹലങ്ങൾ ഒരു മാപ്പിളയുടെ ലോക ജീവിതം - എന്ന പരമ്പരയുടെ രണ്ടാം ഭാഗം. ഇംഗ്ലീഷ് ഭാഷയോട് ഒരു ശരാശരി മലയാളിക്ക് സ്വതവേയുള്ള ഭയം പഠനകാലത്ത് ഷാജഹാനുമുണ്ടായിരുന്നു. അതിനെ മറികടന്ന് ഇംഗ്ലീഷ് ഭാഷയെ അനായാസമായി കൈകാര്യം ചെയ്തതിലേക്ക് എത്തിച്ച അനുഭവം വിവരിക്കുകയാണ് ലേഖകൻ ആത്മകഥാപരമായ കുറിപ്പിന്റെ ഈ ഭാഗത്തിൽ.

1988-ലാണെന്നു തോന്നുന്നു. എനിക്കന്നു 18 വയസ്സ്. പ്രീഡിഗ്രിയ്ക്ക് തോറ്റു തൊപ്പിയിട്ട് വീട്ടുകാർക്കും നാട്ടുകാർക്കും തീരാശല്യമായി അരാജകജീവിതത്തിന്റെ മൂർദ്ധന്യതയിൽ കഴിയുന്ന കാലം. ആരോ രണ്ടു പേർ വീട്ടിൽ വന്ന് ഉടനെ അങ്ങാടിയിൽ ചെല്ലാൻ പറഞ്ഞു. രണ്ട് സായ്പന്മാർ സൈക്കിൾ പഞ്ചറായി പെട്ടുപോയിട്ടുണ്ടെന്നും അവരോടു സംസാരിക്കാൻ ആർക്കും കഴിയുന്നില്ലെന്നുമാണ് അവർ അറിയിച്ചത്. എനിക്ക് ഇംഗ്ലീഷ് ഒട്ടുമറിയില്ലെന്ന് പറയാൻ ഈഗോ അനുവദിച്ചില്ല. രണ്ടും കല്പിച്ച് ഞാനവരുടെ കൂടെ ഇറങ്ങിത്തിരിച്ചു. താനാളൂരംശംദേശത്തു സായ്പുമായി ഇംഗ്ലീഷ് സംഭാഷണം നടക്കുന്ന ചരിത്രസംഭവത്തിന് സാക്ഷിയാവാൻ ഞങ്ങളുടെ പിന്നിൽ ഒരു ജനാവലി തന്നെ അപ്പോഴേക്കും അണിചേർന്നു കഴിഞ്ഞിരുന്നു. എന്താണ് കാര്യമെന്ന് ചോദിച്ചവരോടൊക്കെ "ബാബു' (അതാണെന്റെ നാട്ടിലെ വിളിപ്പേര്) സായ്പന്മാരോട് സംസാരിക്കാൻ പോവുകയാണെന്ന് കൂടെയുള്ളവർ ഒരല്പം മേനി നടിച്ച് വിവരിച്ചു കൊണ്ടുമിരുന്നു. കൃത്രിമഗൗരവത്തിന്റെ ആവരണമെടുത്തണിഞ്ഞ് വൈക്ലബ്യം മറയ്ക്കാനും പരിഭ്രമം പുറത്തുകാണിക്കാതിരിക്കാനുമുള്ള എന്റെ ശ്രമം ആർക്കും മനസ്സിലായതുമില്ല.
വീട്ടിൽ നിന്ന് അങ്ങാടിയിലേക്കുള്ള വഴിയിലുടനീളം നാണംകെടാതെ എങ്ങനെ രക്ഷപ്പെടാമെന്ന് ആലോചിക്കുകയായിരുന്നു. സ്‌കൂൾപഠനം ശുദ്ധമലയാളം മീഡിയത്തിൽ. ഇംഗ്ലീഷിൽ അത് വരെ പാഠപുസ്തകങ്ങൾ പോലും ശ്രദ്ധിച്ചു വായിച്ചിട്ടില്ല. പ്രീഡിഗ്രിക്കാണെങ്കിൽ ക്ലാസുകൾ ആംഗലത്തിലായിരുന്നുവെങ്കിലും ആ ഭാഗത്തേക്കൊന്നും പോകുന്ന പതിവേ ഉണ്ടായിരുന്നില്ല. കയ്യിലിരിപ്പ് മൂലം രണ്ട് കോളേജിലാണ് പ്രീഡിഗ്രി പൂർത്തിയാക്കിയത്. ആദ്യം ചേർന്ന തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ നിന്ന് പ്രീഡിഗ്രി രണ്ടാംവർഷക്കാലത്ത് പുറത്താക്കി. പറയാൻ കൊള്ളരുതാത്ത കാരണങ്ങളാൽ. ശിഷ്ടപ്രീഡിഗ്രി വളാഞ്ചേരി എം ഇ എസ് കോളേജിലാണ് ചെയ്തത്. പ്രീഡിഗ്രി പരീക്ഷാഫലം വന്നപ്പോൾ ഞെട്ടിപ്പോയി. ഇംഗ്ലീഷിലും അറബിയിലും ഞാൻ പാസ്സായിരിക്കുന്നു. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കണക്കിലും ഊർജ്ജതന്ത്രത്തിലും രസതന്ത്രത്തിലും നൂറിൽ പത്തിൽ താഴെ മാർക്ക് വീതം. അത് തന്നെ എങ്ങനെ കിട്ടിയെന്ന് ദൈവമാണേ എനിക്കിന്നുമറിയില്ല. പൊതുവെ ക്ലാസ് ചതുർത്ഥിയായിരുന്നെങ്കിലും വളാഞ്ചേരിയിൽ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന ശാന്തകുമാർ സാറിന്റെ ക്ലാസ് ഒരിക്കലും മുടക്കിയിരുന്നില്ല.

ഷാജഹാനും ലീനയും ടി എം കൃഷ്ണയുടെ കൂടെ

പ്രതിഭാശാലിതയുടെ സ്പർശം ഓരോ വാക്കിലും നോക്കിലുമുണ്ടായിരുന്ന ഒരധ്യാപകനായിരുന്നു വള്ളിക്കുന്നുകാരനായിരുന്ന അദ്ദേഹം. ഓർമ ശരിയാണെങ്കിൽ അദ്ദേഹം കഥകളുമെഴുതിയിരുന്നു മലയാളത്തിൽ. എന്നെയും കൂട്ടുകാരനായ ഷാജിയേയും എം. കൃഷ്ണൻനായരുടെ സാഹിത്യവാരഫലം കലാകൗമുദിയിൽ വായിക്കാൻ പ്രോത്സാഹിപ്പിച്ചിരുന്നു. കലാകൗമുദിയിലെ അതേ പേജുകൾ 16 കൊല്ലം കഴിഞ്ഞ് എന്റേതാകുമെന്ന് അന്ന് ഊഹാതീതമായിരുന്നു. ഇംഗ്ലീഷുമായി താല്പര്യമുണ്ടാക്കിയ മറ്റൊരാൾ ഏഴാംക്ലാസിൽ ഭാഷ പഠിപ്പിച്ച ശിവൻ മാഷായിരുന്നു.

പ്രീഡിഗ്രി പരീക്ഷാഫലം വന്നപ്പോൾ ഞെട്ടിപ്പോയി. ഇംഗ്ലീഷിലും അറബിയിലും ഞാൻ പാസ്സായിരിക്കുന്നു. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. കണക്കിലും ഊർജ്ജതന്ത്രത്തിലും രസതന്ത്രത്തിലും നൂറിൽ പത്തിൽ താഴെ മാർക്ക് വീതം.

അധ്യാപനപ്രതിബദ്ധതയുടെ ആൾരൂപമായിരുന്ന ശിവൻ മാഷ്, ചെമ്പ്ര എ എം യു പി സ്‌കൂളിലെ താല്പര്യമുള്ള കുട്ടികൾക്കായി സ്‌കൂൾ വിട്ട ശേഷം സൗജന്യമായി ഇംഗ്ലീഷ് പഠിപ്പിച്ചിരുന്നു. ഉമ്മ അധ്യാപികയായ സ്‌കൂളായിരുന്നതിനാൽ അധ്യാപകരുടെ സവിശേഷശ്രദ്ധയ്ക്ക് എപ്പോഴും പാത്രമായിരുന്നു. മാഷുടെ ക്ലാസിൽ പഠിച്ച വ്യാകരണം ഇന്നും എന്റെ തുണക്കെത്താറുണ്ട്. താനൂർ ദേവധാർ ഹൈസ്‌കൂളിൽ പത്താം ക്ലാസിൽ ഇംഗ്ലീഷ് പഠിപ്പിച്ച ഗോപാലകൃഷ്ണൻ മാഷെയും ഓർത്തു പോകുന്നു. സദാ പ്രസന്നവദനനും കാല്പനികത വഴിഞ്ഞൊഴുകുന്ന മുഖഭാവവുമുള്ള മാഷ് സാമ്പ്രദായികരീതിയിൽ നിന്ന് മാറി ഭാഷാധ്യാപനം നടത്താൻ ശ്രമിച്ചിരുന്ന നല്ലൊരധ്യാപകനായിരുന്നു. അക്ഷോഭ്യതയായിരുന്നു മാഷിന്റെ സ്ഥായീഭാവം. സ്‌നേഹത്തോടെ പരിഭവിക്കും പക്ഷെ ദേഷ്യപ്പെടില്ലൊരിക്കലും. മാഷിന്റെ ഇടതൂർന്ന ഭംഗിയാർന്ന താടി എന്റെ കൗമാരകാല സ്വപ്നമായിരുന്നു. ക്ലാസിൽ ഇടയ്ക്കിടെ മാഷ് ഫോളോവ്ഡ് (Followed?) എന്ന് നീട്ടിച്ചോദിക്കുന്നത് എനിക്കിപ്പോഴും കേൾക്കാം. മാഷ് നന്നായി പാടുമായിരുന്നു.
അങ്ങാടിയിലേക്ക് നടക്കുമ്പോൾ ഇക്കാര്യങ്ങളൊക്കെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടാവുമെന്ന് ഊഹിക്കാനേ ഇപ്പോൾ കഴിയൂ. ഒരു കാര്യം മനസ്സിലുണ്ടായിരുന്നതായി ഓർമ ഉറപ്പു തരുന്നു. അത് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുഹമ്മദ് യമാനി വീട്ടിൽ വന്നതാണ്. 1952 -ലെ ഹെൽസിങ്കി ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ഫുട്‌ബോൾ ടീമിൽ അംഗമായിരുന്ന പഴയ കാലത്തെ വലിയ കളിക്കാരനായിരുന്നു യമാനി. ബാപ്പുട്ടി മൂത്താപ്പയുടെ (ഉപ്പയുടെ എളിമ്മയുടെ മകൻ) അതിഥിയായി ഏതാനും ആഴ്ചകൾ ചിലവിടാനെത്തിയതാണ് യമാനി. യമാനിയുടെ സ്വദേശമായ ഹൈദരാബാദിലായിരുന്നു മൂത്താപ്പയ്ക്ക് കച്ചവടം. യമാനിയെയും കൊണ്ട് മൂത്താപ്പ ഇടയ്ക്ക് വീട്ടിൽ വരും. ഇപ്പോൾ 85 വയസ്സ് കഴിഞ്ഞ മൂത്താപ്പയുടെ വാത്സല്യനിർഭരമായ പുഞ്ചിരി ഒരിക്കൽ കണ്ടാൽ ആരുടേയും മനസ്സിൽ നിന്ന് മായില്ല. യമാനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവം കോഴിമുട്ട കൊണ്ട് ബുൾസൈ ഉണ്ടാക്കുന്നതായിരുന്നു. ഞാനത് വരെ കാണാത്ത ഒന്നായിരുന്നു ബുൾസൈ. ഓംലെറ്റും (ആമ്പ്‌ലേറ്റ് എന്നായിരുന്നു അതിനന്ന് പേര്) മുട്ടക്കറിയും മുട്ട പുഴുങ്ങിയതും മാത്രമേ അത് വരെ പരിചയമുണ്ടായിരുന്നുള്ളൂ. യമാനി നാലും അഞ്ചും ബുൾസൈ ഒറ്റയടിക്ക് തിന്നും. കളിയിൽ പരിക്ക് പറ്റിയതോ എന്തോ അദ്ദേഹത്തിന്റെ കാലിന് അല്പം മുടന്തുണ്ടായിരുന്നു. അദ്ദേഹത്തോട് ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ ഞാനന്ന് ഭഗീരഥപ്രയത്നം നടത്തിയിരുന്നു. ഏകദേശം ഒന്നര മാസക്കാലം മൂത്താപ്പയുടെ ആതിഥ്യം ആസ്വദിച്ച ശേഷമാണ് യമാനി മടങ്ങിയത്. അതിനിടയിൽ താനാളൂർക്കാരുടെ പ്രിയങ്കരനായി മാറുകയും ചെയ്തിരുന്നു. ഒരൊളിമ്പ്യൻ ഫുട്‌ബോളർ പന്തുകളി ഭ്രാന്തരുടെ നാട്ടിൽ വന്നാൽ അത് സ്വാഭാവികം.

ഞാൻ അതുല്യമായ ആത്മവിശ്വാസത്തോടെയും ജ്വലിക്കുന്ന രാജ്യസ്‌നേഹത്തോടെയും പ്രതിവചിച്ചു: "Three wars. Between us and Pakistan. In all three we passed and they failed.'

അങ്ങാടിയിലെത്തിയപ്പോൾ സായ്പന്മാർക്കു ചുറ്റും ഒരു വലിയ ജനക്കൂട്ടം തന്നെയുണ്ട്. വൃദ്ധരും ചെറുപ്പക്കാരും കുട്ടികളുമടങ്ങുന്ന വൻജനാവലി. പെണ്ണുങ്ങളാരുമുണ്ടായിരുന്നില്ലെന്നത് ഇപ്പോഴോർമ വരുന്നു! കഴിയുന്ന രൂപത്തിൽ ഞാനാംഗലാസ്ത്രങ്ങൾ ശുഷ്‌കമായ ആവനാഴിയിൽ നിന്നെടുത്തു എയ്യാനാരംഭിച്ചു. പക്ഷെ സായ്പന്മാർ ചില്ലറക്കാരായിരുന്നില്ല. മലപ്പുറം ജില്ലയെക്കുറിച്ചുള്ള മുൻവിധികളെല്ലാം - അതൊരു മുസ്ലിം ഭൂരിപക്ഷപ്രദേശമായതിനാൽ - അവരുടെ ഉള്ളിലുണ്ടായിരുന്നെന്ന് ഇന്നാലോചിക്കുമ്പോൾ തോന്നുന്നു. പ്രാരംഭകുശലാന്വേഷണത്തിന് ശേഷം - സൈക്കിൾ പഞ്ചറടയ്ക്കാൻ കൂടി ആവശ്യപ്പെട്ട ശേഷം - അവർ പാക്കിസ്താനെക്കുറിച്ചും ആ രാജ്യത്തിന് ഇന്ത്യയോടുള്ള പ്രശ്‌നങ്ങളെക്കുറിച്ചും ചോദിച്ചു. ഇന്ത്യൻ മുസ്ലിമിന് കൂറ് അയൽരാജ്യത്തോടാണെന്ന മുൻധാരണ സായ്പിന്റെ ചോദ്യത്തിൽ സ്പഷ്ടമായിരുന്നു. എന്ത് പറയണം? ഞാൻ ആലോചിച്ചു. വാചകങ്ങൾ ആദ്യം മലയാളത്തിൽ മനസ്സിൽ രൂപപ്പെടുത്തി: "ഇന്ത്യയും പാകിസ്താനും തമ്മിൽ മൂന്നു യുദ്ധം നടന്നു. മൂന്നിലും ഞങ്ങൾ ജയിച്ചു. പാകിസ്താൻ തോറ്റു.' എന്റെ രാജ്യസ്‌നേഹം വിജ്രംഭിക്കുന്ന ഈ മറുപടിയിൽ എനിക്ക് തന്നെ വലിയ മതിപ്പ് തോന്നിയിരിക്കണം! പക്ഷെ അതിനി ഇംഗ്ലീഷിൽ പറഞ്ഞൊപ്പിക്കണമല്ലോ. ഞാൻ അതുല്യമായ ആത്മവിശ്വാസത്തോടെയും ജ്വലിക്കുന്ന രാജ്യസ്‌നേഹത്തോടെയും പ്രതിവചിച്ചു: "Three wars. Between us and Pakistan. In all three we passed and they failed.'
സായിപ്പന്മാരിരുവർക്കും ഞാനുദ്ദേശിച്ചത് കൃത്യമായി മനസ്സിലായി എന്നാണ് എനിക്കന്ന് തോന്നിയത്! ഇന്ന്, മുപ്പത്തിരണ്ട് കൊല്ലങ്ങൾക്കിപ്പുറം ആ പഴയ ഇംഗ്ലീഷ് സംഭാഷണസാഹസികത വിവരിച്ചതിനൊരു കാരണമുണ്ട്. ഇംഗ്ലീഷ് ഭാഷ പലർക്കും ഒരു ബാലികേറാമലയാണ്. ഇംഗ്ലീഷ് നന്നായി വായിക്കുകയും അസാമാന്യമായ പദസമ്പത്തും വ്യാകരണജ്ഞാനവും ആ ഭാഷയിൽ ആർജ്ജിക്കുകയും ചെയ്തവർ പോലും എഴുതുകയും സംസാരിക്കുകയും ചെയ്യേണ്ടിവരുമ്പോൾ പരിഭ്രമിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ഇംഗ്ലീഷുമായി ബന്ധപ്പെട്ട് നാം ആന്തരീകരിച്ച അറിവധികാരബോധങ്ങളാണ് ഇതിന് മുഖ്യനിദാനം. ഇംഗ്ലീഷ് എഴുതുകയും സംസാരിക്കുകയും ചെയ്യുന്നവർ എന്തോ തരം കൂടിയ ഇനമാണെന്ന് അധിനിവേശാനന്തരമനസ്സ് തീർച്ചപ്പെടുത്തിയിട്ടുണ്ട്. സംസാരിക്കുമ്പോൾ സ്വല്പം വ്യാകരണപ്പിശകോ ഒഴുക്ക്കുറവോ വരുന്നത് സാമൂഹ്യമാന്യതയ്ക്ക് മോശമാണെന്ന് പലരും കരുതുന്നു. ബിരുദാനന്തരവിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുന്ന പ്രഗത്ഭരായ അധ്യാപകരിൽ പോലും ഈ ആത്മവിശ്വാസക്കുറവ് കാണാറുണ്ട്. പ്രമുഖപത്രപ്രവർത്തകൻ പരേതനായ പ്രഫുൽ ബിദ്വായ് മുമ്പ് കോഴിക്കോട് വന്നപ്പോൾ അദ്ദേഹത്തെ കാണാൻ ഒരിംഗ്ലീഷധ്യാപകൻ ഹോട്ടലിൽ വന്നു. ഭാഷയിലും സാഹിത്യത്തിലും നല്ല വ്യുല്പത്തിയുള്ള അദ്ദേഹം ആശയവിനിമയം നടത്താൻ കഷ്ടപ്പെടുന്നത് കണ്ട് ഞങ്ങളിരുവർക്കും വലിയ വിഷമം തോന്നി. നിരന്തരമായ ആശയവിനിമയത്തിനുള്ള അവസരങ്ങളുടെ ദൗർലഭ്യം തീർച്ചയായും അതിനൊരു കാരണമാണ്. അതിനേക്കാൾ അറിവധികാരവുമായി ബന്ധപ്പെട്ട അനൈഛികപ്രതിരോധങ്ങളാണ് ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ പലരിലും ഭയം സൃഷ്ടിക്കുന്നത്.

സംസാരിക്കുമ്പോൾ സ്വല്പം വ്യാകരണപ്പിശകോ ഒഴുക്ക്കുറവോ വരുന്നത് സാമൂഹ്യമാന്യതയ്ക്ക് മോശമാണെന്ന് പലരും കരുതുന്നു. ബിരുദാനന്തരവിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് സാഹിത്യം പഠിപ്പിക്കുന്ന പ്രഗത്ഭരായ അധ്യാപകരിൽ പോലും ഈ ആത്മവിശ്വാസക്കുറവ് കാണാറുണ്ട്.

പ്രീഡിഗ്രി തോറ്റു രണ്ടു കൊല്ലം കഴിഞ്ഞു പ്രൈവറ്റ് ആയി പരീക്ഷ പാസ്സായി. ഫസ്റ്റ് ഗ്രൂപ്പ് മാറ്റി ചരിത്രം ഐഛികവിഷയമായ 3 -ബി എടുത്താണ് പരീക്ഷ എഴുതിയത്. ഇനിയെന്ത് എന്നാലോചിച്ചപ്പോൾ അത് വരെയുള്ള "ഇരിപ്പുവശം' മൂലം മുടിയനായ പുത്രൻ കേരളത്തിന് പുറത്ത് പഠിക്കുന്നതാവും നല്ലതെന്ന് മാതാപിതാക്കൾ തീരുമാനിച്ചു. അതെത്ര ശരിയായ തീരുമാനമായിരുന്നെന്നു ഇന്ന് നല്ല ബോധ്യമുണ്ട്. ഉപ്പയുടെ സ്‌നേഹിതൻ പ്രഫസർ ടി.സി അബ്ദുൽമജീദ് അധ്യാപകനായ തൃശ്ശിനാപ്പള്ളി ജമാൽ മുഹമ്മദ് കോളേജിൽ ചേർന്ന് പഠിക്കാനായിരുന്നു നിശ്ചയം. ഉപ്പയുടെ കൂടെയാണ് പോയത്. ഇംഗ്ലീഷ് സാഹിത്യത്തിൽ ബി.എ ചെയ്യാനായിരുന്നു എനിക്കാഗ്രഹം. കോളേജിലെ അറബിവിഭാഗം തലവനായിരുന്ന മജീദ് സാർ പക്ഷെ നിരുത്സാഹപ്പെടുത്തി: "നിനക്ക് നല്ല വായനാശീലമുണ്ടല്ലോ. ഇംഗ്ലീഷ് എന്തായാലും നീ പഠിക്കും. അറബിയ്ക്ക് ചേരുകയാണെങ്കിൽ ഒരേ സമയം രണ്ടു ഭാഷകൾ ആർജ്ജിക്കാം. മാത്രവുമല്ല നൂറ്റാണ്ടിലേറെയായി നിന്റെ കുടുംബത്തിന്റെ പൈതൃകമായ അറബിഭാഷാപഠനം ഒരു തലമുറ കൂടി നിലനിർത്തുകയും ചെയ്യാം.' ആ ഉപദേശം ഞാൻ ഗത്യന്തരമില്ലാതെ ചെവിക്കൊണ്ടു. ജീവിതത്തിലെടുത്ത ഏറ്റവും ഉചിതവും നിർണ്ണായകവും "ആജീവനാന്തം' പ്രയോജനകരവുമായ ഒരു തീരുമാനമായിരുന്നു അതെന്ന് അന്നറിയില്ലായിരുന്നു. 1990-ലെ ആ തീരുമാനം എല്ലാ അർത്ഥത്തിലും ജീവിതത്തിന്റെ ഗതി മാറ്റിമറിച്ചു. കഴിഞ്ഞ മുപ്പത് വർഷം അതിന്റെ ബൗദ്ധിക - ഭൗതിക ഫലം ഞാൻ ആസ്വദിച്ചനുഭവിക്കുന്നു. എന്റെ പിൽക്കാലജീവിതത്തിന്റെ ഗതിവിഗതികൾ നിർണ്ണയിച്ച ആ തീരുമാനമെടുക്കുമ്പോൾ എനിക്ക് ശരിക്കറിയാവുന്ന ഒരേ ഒരു ഭാഷ മലയാളം മാത്രമായിരുന്നു. അഡ്മിഷനുള്ള അഭിമുഖത്തിൽ പ്രിൻസിപ്പൽ ഇംഗ്ലീഷിൽ പറഞ്ഞ ഒരു കാര്യവും എനിക്ക് മനസ്സിലായില്ല. പക്ഷെ പയ്യൻ ശരിപ്പെടുമെന്ന് മജീദ് സാർ അദ്ദേഹത്തെ പറഞ്ഞു ബോധ്യപ്പെടുത്തി അഡ്മിഷൻ വാങ്ങിച്ചു തന്നു. അത് 1990 -ൽ. അതിന് ശേഷമുള്ള മുപ്പത് കൊല്ലത്തിൽ ഇംഗ്ലീഷിൽ The Hindu, Indian Express, Outlook, Huffington Post, The Wire, Gulf News, Khaleej Times, Frontline, Observer of Business and Politics, Encyclopedia Britannica website, Biblio, Mainstream, Economic and Political Weekly (EPW) തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ധാരാളമെഴുതി. ഇവയിൽ നിന്ന് തിരഞ്ഞെടുത്ത ലേഖനങ്ങൾ കഴിഞ്ഞ ജനുവരിയിൽ പുസ്തകമാവുകയും ചെയ്തു. ഔട്ട്‌ലുക്കിനു വേണ്ടി ഇപ്പോൾ Word & World എന്ന ഒരു പംക്തി എഴുതുന്നുമുണ്ട്. അറബിയിലും വിരളമായെങ്കിലും സ്വന്തം രചനകൾ വെളിച്ചം കണ്ടിട്ടുണ്ട്. ഇതെല്ലാം സാധിച്ചതിനു മൂലഹേതു അന്ന് മജീദ് സാർ തന്ന, സ്വീകരിക്കാൻ ഞാൻ വിമുഖനായിരുന്ന ആ ഉപദേശമായിരുന്നു. അതിനുള്ള കൃതജ്ഞത നിസ്സീമമാണ്.

ഞാൻ പറഞ്ഞു (ഭാഷാപരിമിതി മൂലം പറഞ്ഞൊപ്പിച്ചു എന്ന് വേണം പറയാൻ): "എനിക്ക് മലയാളികളുടെ കൂടെ വേണ്ട. തമിഴരുടെ കൂടെ താമസിച്ചാൽ മതി'.

ജമാൽ മുഹമ്മദ് കോളേജിൽ അഡ്മിഷനെടുത്തു ആദ്യം ചെയ്തത് ഹോസ്റ്റൽ കിട്ടാനുള്ള ശ്രമങ്ങളായിരുന്നു. ഹോസ്റ്റൽ വാർഡൻ പറഞ്ഞു: "മലയാളികളുടെ മുറികളിൽ ഒഴിവുണ്ട്. ആരുടെ കൂടെ വേണമെന്ന് തീരുമാനിച്ചാൽ ശരിയാക്കാൻ നോക്കാം'. ഞാൻ പറഞ്ഞു (ഭാഷാപരിമിതി മൂലം പറഞ്ഞൊപ്പിച്ചു എന്ന് വേണം പറയാൻ): "എനിക്ക് മലയാളികളുടെ കൂടെ വേണ്ട. തമിഴരുടെ കൂടെ താമസിച്ചാൽ മതി'. ഇതേതു ജന്തു എന്ന മട്ടിൽ എന്നെ ഒന്ന് തറപ്പിച്ചു നോക്കി വാർഡൻ മുറി നിശ്ചയിച്ച് തന്നു. കർണാടകയിലും തമിഴ്‌നാട്ടിന്റെ ചില ഭാഗങ്ങളിലും വിനോദയാത്ര പോയതൊഴിച്ചാൽ ആദ്യമായാണ് കേരളം വിട്ടു നിൽക്കുന്നത്. ആറ് പേരാണ് ഹോസ്റ്റൽ മുറിയിൽ. എന്നെപ്പോലെ തന്നെ ഇംഗ്ലീഷ് വഴങ്ങാത്തവരാണ് സഹമുറിയന്മാർ അഞ്ചു പേരും. ഒരാൾ അല്പസ്വല്പം ഒപ്പിയ്ക്കും. തമിഴ് എത്രയും പെട്ടെന്ന് പഠിച്ചേ പറ്റൂ എന്ന് ഉറപ്പിച്ചു. ക്ലാസുകൾ മിക്കതും തമിഴിലാണ്. ഇംഗ്ലീഷ് സംസാരിക്കുന്ന ചില സഹപാഠികളെ കിട്ടി. അവർക്കും ഇംഗ്ലീഷ് പറഞ്ഞു ശീലിക്കണം. എനിക്കും. ഒരു മാസം പിന്നിട്ടപ്പോഴേക്കും ഇംഗ്ലീഷും തമിഴും കുറെയൊക്കെ ശരിയായിത്തുടങ്ങി. തമിഴ് അക്ഷരങ്ങൾ ഒരു സഹമുറിയൻ താല്പര്യപൂർവ്വം പഠിപ്പിച്ചും തുടങ്ങി. ഇതിനിടയിൽ കോളേജിലുണ്ടായിരുന്ന മലയാളിവിദ്യാർത്ഥികളുമായി നല്ല സൗഹൃദവും സ്ഥാപിച്ചു. സലാഹുദ്ദീൻ, ഉമർ ഫാറൂഖ്, കബീർ തുടങ്ങിയവർ വലിയ പിന്തുണയും തന്നു. ഇംഗ്ലീഷ് നന്നാക്കണമെന്ന് കാണുമ്പോഴൊക്കെ മജീദ് സാർ ഉപദേശിച്ചു കൊണ്ടുമിരുന്നു. അപ്പോഴേക്കും ഓറിയന്റ് ലോങ്ങ്മാൻ ഇംഗ്ലീഷ് ഇംഗ്ലീഷ് നിഘണ്ടു - ആ തടിച്ച പുസ്തകം അടുത്ത കാലം വരെ ഉപകാരസ്മരണയോടെ സൂക്ഷിച്ചിരുന്നു - വാങ്ങി ഉപയോഗിച്ച് തുടങ്ങിയിരുന്നു. ഇംഗ്ലീഷിൽ നല്ല വിവരമുണ്ടായിരുന്ന സലാഹുദ്ദീൻ എന്ത് സംശയം ചോദിച്ചാലും ക്ഷമയോടെ തീർത്തു തരുമായിരുന്നു.

ഷാജഹാൻ മാടമ്പാട്ടിന്റെ ഇംഗ്ലീഷ് ലേഖനങ്ങളുടെ സമാഹാരം.

ട്രിച്ചിയിലെത്തി രണ്ടു മാസമായിക്കാണും. എം എ ഇംഗ്ലീഷിലുള്ള മുത്തുക്കുമാർ എന്ന കക്ഷിയോട് ഞാൻ വായനയിലുള്ള ബുദ്ധിമുട്ട് പങ്കു വച്ചു. ഞാനൊരുപാട് വായിക്കുന്നു പക്ഷെ പകുതി പോലും മനസ്സിലാവുന്നില്ല. അർത്ഥമറിയാത്ത വാക്കുകളും പ്രയാസമുള്ള വാക്യഘടനയും വഴിമുട്ടിക്കുന്നു. മുത്തു നല്ലൊരുപായം ഉപദേശിച്ചു: "തമ്പി നീങ്ക വന്ത് റൊമ്പ സീരിയസ് പൊത്തകങ്ങൾ പടിക്ക്രിങ്കെ. അത് ഇപ്പം വേണാ. മൊതലിൽ നീങ്ക മൊളി ശരിയാ കത്ത്ക്കണം. അത്ക്കാക ലൈറ്റ് പൊത്തകങ്ങൾ മട്ടും താൻ പടിക്കണം. തെരിയാത്ത ഒവ്വര് വാർത്തൈയും ഡിക്ഷ്ണറിയിൽ പാക്കണം.' (അനിയാ, നിങ്ങൾ വളരെ ഗൗരവമുള്ള പുസ്തകങ്ങളാണ് വായിക്കുന്നത്. അതിപ്പോൾ വേണ്ട. ആദ്യം ഭാഷ നന്നായി പഠിക്കണം. അതിന് ലഘുവായ പുസ്തകങ്ങൾ മാത്രമാണ് വായിക്കേണ്ടത്. അറിയാത്ത ഓരോ വാക്കും നിഘണ്ടു നോക്കി മനസ്സിലാക്കണം). കൂട്ടത്തിൽ മൂന്നു കാര്യങ്ങൾ കൂടി പറഞ്ഞു. 1. മിക്ക വാക്കുകളുടെയും അർത്ഥം സന്ദർഭത്തിൽ നിന്ന് ഊഹിക്കാമെങ്കിലും നിഘണ്ടു നോക്കി കൃത്യമായി മനസ്സിലാക്കിയാൽ മാത്രമേ അവ നമുക്ക് എഴുത്തിലോ സംസാരത്തിലോ ആത്മവിശ്വാസത്തോടെ ഉപയോഗിക്കാൻ കഴിയൂ. 2. അടുത്ത ആറ് മാസം പൈങ്കിളി മസാല പുസ്തകങ്ങൾ മാത്രം വായിച്ചാൽ മതി. അത് കഴിഞ്ഞു ഈ പരിപാടി അവസാനിപ്പിച്ച് ഗുണമേന്മയുള്ള വായനയിലേക്ക് മാറിയില്ലെങ്കിൽ എന്റെ കാര്യം പോക്കാണ്! 3. വാക്യഘടന, പദസമുച്ചയങ്ങൾ, ശൈലികൾ തുടങ്ങിയവ അർത്ഥഗ്രാഹ്യത്തിന് വിഘാതമായാൽ അതറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കണം. വായിക്കാനിരിക്കുമ്പോൾ അത്തരം കാര്യങ്ങൾ കുറിച്ചുവെക്കാൻ ഒരു നോട്ട്ബുക്ക് എപ്പോഴും അടുത്തുണ്ടാവണം.
ഉപദേശിക്കുക മാത്രമല്ല അടുത്ത ഞായറാഴ്ച അയാൾ എന്റെ കൂടെ മെയിൻഗാർഡ്‌ഗേറ്റിലുള്ള പഴയ പുസ്തകങ്ങൾക്കുള്ള പ്രതിവാരച്ചന്തയിൽ വന്ന് ഹാരോൾഡ് റോബിൻസ്, നാൻസി ഫ്രയ്‌ഡേ തുടങ്ങി ഒരു ഡസനോളം "ഇക്കിളി സാഹിത്യകാരന്മാരുടെ' ചൂടൻപുസ്തകങ്ങളും എഴുത്തുകാരന്റെ പേരില്ലാത്ത ചില സ്‌ഫോടകശക്തിയുള്ള സോദ്ദേശ്യസാഹിത്യങ്ങളും വിലപേശി ചുളുവിലയ്ക്ക് സംഘടിപ്പിച്ചു തരികയും ചെയ്തു. ഡി എച്ച് ലോറൻസിന്റെ "ലേഡി ചാറ്റർലീസ് ലവർ' പോലുള്ള ചില പുസ്തകങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. പക്ഷെ അവ ഗൗരവസാഹിത്യമാണെന്നും എന്നാൽ വായനയ്ക്ക് പ്രേരിപ്പിക്കുമെന്നും ഒരു കുസൃതിച്ചിരിയോടെ കൂട്ടിച്ചേർക്കുകയും ചെയ്തു. തിരിച്ചു ബസ്സിൽ കയറുമ്പോൾ ഇംഗ്ലീഷെന്ന കൊടുമുടിയിലേക്ക് കയറിത്തുടങ്ങാനുള്ള പ്രാഥമികസാമഗ്രികൾ സ്വന്തമാക്കിയവന്റെ ആഹ്ലാദവും അഭിമാനവുമായിരുന്നു മനം നിറയെ. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എനിക്കായി സമയം ചിലവഴിച്ച്, എന്റെ അഭിലാഷം അതിന്റെ പൂർണതയിൽ മനസ്സിലാക്കി പിന്തുണച്ച ആ സഹോദരൻ ഇപ്പോഴെവിടെയുണ്ടാവും? ഇങ്ങനെയുള്ള നിഷ്‌കളങ്കസൗഹൃദങ്ങളും ആഴമേറിയ മനുഷ്യബന്ധങ്ങളും ഞാനേറ്റവും കൂടുതൽ അനുഭവിച്ചത് തമിഴ്നാട്ടിൽ കഴിഞ്ഞ അഞ്ചുവർഷക്കാലത്താണ് (ഡിഗ്രിയ്ക്ക് ട്രിച്ചിയിൽ മൂന്നുകൊല്ലം, ഒരു ദശാബ്ദത്തിന് ശേഷം ചെന്നൈയിൽ രണ്ടു കൊല്ലം ജോലി). "ഇംഗ്ലീഷ് ചാനൽ' മുറിച്ച് കടക്കാനുള്ള എന്റെ സാഹസികോദ്യമങ്ങൾ ആഴ്ചകൾക്കുള്ളിൽ കോളേജിൽ ചർച്ചാവിഷയമായി. വിവരമറിഞ്ഞ ഇംഗ്ലീഷ് പ്രഫസർ സന്താനം സാർ ഒരു ദിവസം ക്ലാസ്സിനു ശേഷം എന്നെ ഡിപ്പാർട്‌മെന്റിലേക്കു കൂട്ടിക്കൊണ്ടുപോയി. അറബിവിഭാഗത്തിലെ വിദ്യാർത്ഥിയാണെങ്കിലും ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിന്റെ ലൈബ്രറിയിൽ നിന്ന് ഒരേ സമയം നാല് പുസ്തകങ്ങൾ വരെ എടുക്കാനുള്ള അനുവാദം അപ്പോൾത്തന്നെ തരുകയും ലൈബ്രറി സൂക്ഷിപ്പുകാരനോട് എനിക്ക് പ്രത്യേകശ്രദ്ധ നൽകണമെന്ന് ചട്ടം കെട്ടുകയും ചെയ്തു. സംസാരമധ്യേ സാറിന്റെ ശിഷ്യൻ കൂടിയായ മുത്തുക്കുമാറിന്റെ സഹായം എടുത്ത് പറഞ്ഞെങ്കിലും അയാളുടെ ഉപദേശത്തിന്റെ വിശദാംശങ്ങൾ സാറിനോട് ഞാൻ പറയാൻ ധൈര്യപ്പെട്ടില്ല! ട്രിച്ചിയിൽ പഠിച്ച വർഷങ്ങളിൽ എന്നും പ്രചോദനവും പ്രോത്സാഹനവും നിർലോഭം വാരിച്ചൊരിഞ്ഞ സൗമ്യസാന്നിധ്യമായിരുന്നു പഴംകൂറുകാരനായ ആ തമിഴ്ബ്രാഹ്മണൻ. അദ്ദേഹത്തിന്റെ ക്ലാസുകൾ ഗംഭീരമായ അനുഭവമായിരുന്നു.

അന്ന് വായിച്ച പല പുസ്തകങ്ങളുടെയും രചയിതാക്കൾ വലിയ കക്ഷികളാണെന്നൊക്കെ അറിയുന്നത് പിന്നീട് കൊല്ലങ്ങൾ കഴിഞ്ഞ് ജെഎൻയുവിൽ വച്ചാണ്

മുത്തുക്കുമാർ തെരഞ്ഞെടുത്ത പുസ്തകങ്ങൾ പകുതിയോളം വായിച്ച് തീർത്തതോടെ ഇംഗ്ലീഷ് വഴങ്ങുമെന്ന ആത്മവിശ്വാസം ഒരു ഭാഗത്തും ആഴ്ചകളോളം ആവർത്തനവിരസമായ ചവറുപഭോഗം നടത്തിയത് മൂലമുള്ള വൈരസ്യം മറുഭാഗത്തും ശക്തിപ്പെട്ടിരുന്നു. നാലു മാസത്തിനുള്ളിൽ തന്നെ ഞാനെനിക്ക് "ക്ലാസ്സ് കയറ്റം' കൊടുക്കുകയും അറബി ഡിപ്പാർട്‌മെന്റ് ലൈബ്രറിയിലുള്ള ഇസ്ലാമിക - അറബി സാഹിത്യചരിത്ര വിഷയകമായ പുസ്തകങ്ങളും ഇംഗ്ലീഷ് ഡിപ്പാർട്‌മെന്റ് ലൈബ്രറിയിലുള്ള സാഹിത്യ ഗ്രന്ഥങ്ങളും കോളേജ് ലൈബ്രറിയിൽ നിന്നെടുക്കുന്ന സാമൂഹ്യശാസ്ത്ര - ദാർശനിക കൃതികളും ഒരേ സമയത്ത് ആർത്തിയോടെ വായിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. അറബി ഭാഷയിലും മലയാളത്തിലുമുള്ള പുസ്തകങ്ങളും തമിഴ് പത്രങ്ങളും കാലികങ്ങളുമൊക്കെ ഇതിനിടയിൽ വായിക്കുന്നുമുണ്ടായിരുന്നു. യാതൊരു നിലക്കുള്ള തെരഞ്ഞെടുപ്പുകളുമില്ലാതെ അലക്ഷ്യമായി കണ്ടതെല്ലാം എടുത്തു വായിക്കുന്ന, ഒരു പുസ്തകം കുറേനേരം വായിച്ചു മടുക്കുമ്പോൾ വ്യത്യസ്തവിഷയകമായ മറ്റൊരു പുസ്തകം കയ്യിലെടുക്കുന്ന രീതിയായിരുന്നു അന്ന്. അറിയാത്ത ഓരോ വാക്കിനും നിഘണ്ടു നോക്കുന്ന പതിവ് മൂലം കോളേജിൽ "ഡിക്ഷ്ണറി'യെന്ന ഇരട്ടപ്പേരും കിട്ടി. ജീവിതത്തിലേറ്റവും കൂടുതൽ വായിച്ച കാലം ട്രിച്ചിയിലെ മൂന്നു വർഷങ്ങളായിരുന്നു. അന്ന് വായിച്ച പല പുസ്തകങ്ങളുടെയും രചയിതാക്കൾ വലിയ കക്ഷികളാണെന്നൊക്കെ അറിയുന്നത് പിന്നീട് കൊല്ലങ്ങൾ കഴിഞ്ഞ് ജെഎൻയുവിൽ വച്ചാണ്. പരന്ന വായന അക്കാലത്തു തന്ന ആത്മവിശ്വാസം വളരെ വലുതായിരുന്നു. എന്റെ അറബി അദ്ധ്യാപകനും മലയാളിയും ഫലിതസമ്രാട്ടുമായിരുന്ന നജീബ് സാറിനോട് ചേർന്ന് ഖുർആനിന് ഇംഗ്ലീഷിൽ ഒരു വ്യാഖ്യാനം എഴുതാൻ ഞങ്ങൾ തീരുമാനിച്ചു. പദ്ധതി അല്പം മുന്നോട്ടു പോയെങ്കിലും പിന്നീട് അകാലചരമം പ്രാപിച്ചു. നിരന്തരവും ഭ്രാന്തവുമായ വായന മൂലം അത്രയും വലിയ പദ്ധതികൾ ഏറ്റെടുക്കാൻ പോലുമുള്ള ധൈര്യം മനസ്സിലുണ്ടായിരുന്നു - ഇളം പ്രായത്തിലേ. അതപക്വമായ എടുത്തുചാട്ടമായിരുന്നുവെന്നു ഇന്നറിയാം. ബഹുവിഷയ ബഹുഭാഷാവായനയുടെ നൈരന്തര്യം ചെറുപ്രായത്തിൽ ഒരാൾക്ക് എന്തുമാത്രം ആത്മധൈര്യം പ്രദാനം ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കാനാണിത് വിശദമായി പരാമർശിച്ചത്.

മൂന്നുകൊല്ലത്തെ സാർത്ഥകവും സജീവവുമായ ട്രിച്ചിജീവിതം കഴിഞ്ഞു 1993-ൽ ജെ.എൻ.യുവിലെത്തുമ്പോഴേക്കും ഇംഗ്ലീഷ്ഭാഷ എന്റെ വിളിപ്പുറത്തുണ്ടായിരുന്നു - അറബി പോലെത്തന്നെ. അത് സാധിച്ചത് ഒട്ടും ഭയബഹുമാനങ്ങളോടെയല്ലാതെ അതിനെ തുടക്കത്തിലേ സമീപിച്ചത് കൊണ്ടാണ്. ഇംഗ്ലീഷിന് ആവശ്യത്തിലേറെ മഹത്വം കല്പിക്കുന്നത് മൂലമാണ് പലർക്കും അതൊരു അനഭിഗമ്യദുർഗ്ഗമായി തോന്നുന്നത്. ഇ കെ നായനാരുടെ പോലുള്ള സാരസ്യവും ഭയബഹുമാനമില്ലായ്മയുമാണ് ഇംഗ്ലീഷ് പഠിക്കാനുള്ള മുന്നുപാധി. ലോകത്തെവിടെ പോയാലും ഏതു വലിയവന്റെ മുമ്പിലും തല ഉയർത്തി നിൽക്കാനും തുല്യനിലയിൽ പെരുമാറാനും വേണ്ടതും അതേ മനോഭാവം തന്നെ. "പോനാൽ പോഹട്ടും പോടാ' എന്ന ഭാവം!


Comments