ഇംഗ്ലീഷ് തുറന്നിട്ട ലോകവഴികൾ - 3

''വായനയിലൂടെയും ആത്മവിശ്വാസത്തോടെ സ്വയം പരിശീലിക്കുന്നതിലൂടെയും എളുപ്പത്തിൽ സ്വായത്തമാക്കാവുന്ന ഒരു ഭാഷയാണ് ഇംഗ്ലീഷ്. പഞ്ചപുച്ഛമടക്കിയോ മലയാളിസഹജമായ പുച്ഛത്തോടെയോ അല്ല, സമകാലികലോകത്ത് അതിജീവനത്തിനു സഹായിക്കുന്ന, മാനസികോൽക്കർഷത്തിനുള്ള ധാരാളം പുസ്തകങ്ങൾ ലഭ്യമായ ഒരു ഭാഷയാണതെന്ന ധാരണയോടെയാണ് അതിനെ സമീപിക്കേണ്ടത്.'' കലഹങ്ങൾ കുതൂഹലങ്ങൾ ഒരു മാപ്പിളയുടെ ലോക ജീവിതം - എന്ന പരമ്പരയുടെ മൂന്നാം ഭാഗം

ജെ. എൻ യുവിൽ നേരിട്ട ഭാഷാപ്രശ്‌നം അത് വരെയുള്ളതിൽ നിന്ന് വ്യത്യസ്തമായിരുന്നു. ആംഗലവൽകൃത നഗരമധ്യവർഗ്ഗബുദ്ധിജീവികളുടെ ശൈലീകൃതവും "ഉച്ചാരണശുദ്ധി'യുള്ളതും അക്കാദമികസംജ്ഞകളുടെ ധാരാളിത്തമുള്ളതുമായ ഭാഷാപ്രയോഗം പുതിയൊരു വെല്ലുവിളിയായി. ഗ്രാമീണപശ്ചാത്തലത്തിൽ നിന്ന് വരുന്ന ഏതൊരാളും - അയാളുടെ വായനാശീലവും ആർജ്ജിതജ്ഞാനവും എത്ര വിപുലമാണെങ്കിലും - സംജ്ഞാബഹുലവും ദീർഘവാചകങ്ങളിൽ സുഘടിതവുമായ ജെ എൻ യുവിലെ സംഭാഷണരീതികൾക്കു മുമ്പിൽ ഒന്ന് പതറിപ്പോകും. വൈയക്തികമായ ഉള്ളടക്കം കുറവും ആശയപരമായ വിഷയങ്ങൾ കൂടുതലുമുള്ള സംസാരങ്ങളായിരുന്നു കാമ്പസിലെ പൊതുപ്രവണത. മാത്രവുമല്ല അത് വരെ ശീലിച്ച പല സംഗതികളും - വളിച്ച തമാശകളും വിളഞ്ഞ കുതർക്കങ്ങളുമൊക്കെ - രാഷ്ട്രീയമായി ശരിയല്ലെന്നും അവ നമ്മെക്കുറിച്ചു മോശമായ പ്രതിഛായ സൃഷ്ടിക്കുമെന്നും അധികം വൈകാതെ തിരിച്ചറിഞ്ഞു. ആൺകോയ്മയിൽ ബോധസ്‌നാനം ചെയ്യപ്പെട്ട ഏതൊരാളെയും പോലെ പെൺവിരുദ്ധവും ജാതീയവുമൊക്കെയായ പരാമർശങ്ങൾ എന്നിൽ നിന്നും സ്വാഭാവികമായി വന്നിരുന്നു. അതെല്ലാം സെൻസർ ചെയ്യുക അതിജീവനത്തിനനിവാര്യമാണെന്ന് ജെ എൻ യുവിലെ പ്രഥമവാരങ്ങളിൽ തന്നെ തിരിച്ചറിഞ്ഞു - ആശയപരമായി അതാന്തരീകരിക്കുന്നതിനു മുമ്പ് തന്നെ. ഇതിനെക്കുറിച്ച് അക്കാലത്താരോടോ പറഞ്ഞ ഒരാൺതമാശ ഇങ്ങനെയായിരുന്നു: "ജെ എൻ യുവിലെ ആദ്യമാസങ്ങൾ കഴിയുമ്പോൾ നിങ്ങൾ വരിയുടക്കപ്പെട്ടവന്റെ മാനസികാവസ്ഥയിലെത്തും.' ഈ വാചകത്തിന്റെ രാഷ്ട്രീയമായ അനൗചിത്യം മനസ്സിലാക്കിക്കൊണ്ടുതന്നെയാണ് ഇതിവിടെ രേഖപ്പെടുത്തുന്നത്.

അത് വരെ ശീലിച്ച പല സംഗതികളും - വളിച്ച തമാശകളും വിളഞ്ഞ കുതർക്കങ്ങളുമൊക്കെ - രാഷ്ട്രീയമായി ശരിയല്ലെന്നും അവ നമ്മെക്കുറിച്ചു മോശമായ പ്രതിഛായ സൃഷ്ടിക്കുമെന്നും അധികം വൈകാതെ തിരിച്ചറിഞ്ഞു.

സംജ്ഞാബാഹുല്യം കൃത്രിമമല്ല, ആശയങ്ങളും പുസ്തകങ്ങളുമായി നിരന്തരം ഇടപഴകുന്നവരുടെ സ്വാഭാവികഭാഷയാണതെന്നും ആ ജ്ഞാനവൃത്തത്തിൽ പ്രവേശിക്കുമ്പോൾ അത് നമ്മുടേതും കൂടിയാവുമെന്നും മനസ്സിലാക്കി. ഭാഷാലാളിത്യത്തെക്കുറിച്ചുള്ള സാമാന്യബോധം ഒരർത്ഥത്തിൽ ധൈഷണികതാവിരോധത്തിന്റ (Anti-intellectualism) പ്രാഥമികപ്രതിഫലനമാണെന്നും കാമ്പസിലെ ആദ്യകാലം തെര്യപ്പെടുത്തി. അസ്പഷ്ടചിന്തയെ മറച്ചുവയ്ക്കാൻ വാചകക്കസർത്ത് നടത്തുന്ന വ്യാജന്മാരെപ്പറ്റിയല്ല ഇവിടെപ്പറയുന്നത്. സങ്കീർണവും വിവിധതലസ്പർശികളുമായ ആശയങ്ങൾ ആവിഷ്‌കരിക്കാൻ പലപ്പോഴും ലളിതമായ ഭാഷ മതിയാവുകയില്ല. പ്രത്യേകിച്ച് ഈ വിഷയങ്ങളറിയുന്ന അക്കാദമികവൃത്തങ്ങളിൽ ആശയപ്രകാശനം നടത്തുമ്പോൾ ഭാഷാലാളിത്യം ഒരു പ്രശ്‌നമേയല്ല. ചുരുക്കത്തിൽ പറഞ്ഞാൽ ഇക്കാലത്തെ അനുഭവങ്ങൾ ജീവിതത്തിലെ വലിയൊരു പാഠമാണ് ഭാഷയെപ്പറ്റി പകർന്നു തന്നത്: പാത്രമറിഞ്ഞു വിളമ്പുക എന്നതാണ് ഭാഷോപയോഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. പ്രായോഗികമായി ഞാനെക്കാലത്തും അത് പാലിച്ചിട്ടുണ്ടോ എന്നെനിക്കുറപ്പില്ല.
ജെ എൻ യു വിടുന്നത് വരെ ഇംഗ്ലീഷിൽ എഴുതാനുള്ള ഒരു പദ്ധതിയും മനസ്സിലുണ്ടായിരുന്നില്ല. അക്കാദമികമായ ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുന്ന ഒരു ഭാഷയായിരുന്നു ഇംഗ്ലീഷ്. മലയാളത്തിൽ എഴുതിത്തെളിയണമെന്ന മോഹം കലശലായിട്ടുണ്ടായിരുന്നു അക്കാലത്ത്. എംഫിൽ പ്രബന്ധം ഒരു പുസ്തകമാക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും മടി മൂലം അതും മുന്നോട്ട് പോയില്ല. ഇസ്ലാമിസ്റ്റ് സൈദ്ധാന്തികർ മതപ്രമാണങ്ങളെ വ്യാഖ്യാനിച്ചത് പൂർവ്വാധുനിക വ്യാഖ്യാനരീതികളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാകുന്നുവെന്നതായിരുന്നു ഗവേഷണവിഷയം. (""The Concept of Hukm in Classical Works of Quranic Exegesis and in Contemporary Islamic Writings: A Comparative Study'). നൂറുക്കണക്കിന് ഖുർആൻ വ്യാഖ്യാനങ്ങൾ കമ്പോട് കമ്പ് വായിച്ച് അപഗ്രഥനം നടത്തി എഴുതിയ ഗവേഷണപ്രബന്ധം പക്ഷെ വെളിച്ചം കണ്ടില്ല. കുറ്റം എന്റേത് മാത്രം. അന്നത് ചെയ്തിരുന്നുവെങ്കിൽ ഒരു പക്ഷെ ആഗോളതലത്തിൽ മേൽവിലാസമുള്ള അക്കാദമികരിൽ ഒരാളാവാൻ കഴിയുമായിരുന്നു എന്നിന്ന് അല്പം മോഹഭംഗത്തോടെ ആലോചിക്കാറുണ്ട്. പറഞ്ഞിട്ടെന്തു കാര്യം?
ഇംഗ്ലീഷ് ഭാഷയെക്കുറിച്ചു കൂടുതലാലോചിക്കാൻ ഇതിനിടയിൽ കുറെ അവസരങ്ങളുണ്ടായി. ഇന്ത്യനിംഗ്ലീഷ് സാഹിത്യം ഏറെക്കുറെ സമഗ്രമായി വായിക്കാൻ മിനക്കെട്ടതാണ് അതിൽ പ്രധാനം. ആർ കെ നാരായൺ, മുൽക്ക് രാജ് ആനന്ദ്, രാജാറാവു, സൽമാൻ റുഷ്ദി, വിക്രം സേത്ത്, ഖുശ്വന്ത് സിങ്, നയൻതാര സഹ്ഗാൾ, അമിതാവ് ഘോഷ്, കമലാ ദാസ് തുടങ്ങി ഒട്ടു മിക്ക ഇന്ത്യനിംഗ്ലീഷ് എഴുത്തുകാരെയും ശ്രദ്ധിച്ചു വായിച്ചത് കാമ്പസിലെ ആദ്യവർഷങ്ങളിലായിരുന്നു. തുടക്കത്തിൽ ഇന്ത്യനിംഗ്ലീഷ് സാഹിത്യമെന്ന സങ്കല്പത്തോട് തന്നെ മുൻവിധിനിഷ്ഠമായ വികർഷണമാണ് തോന്നിയത്. കൂടുതൽ വായിച്ചപ്പോൾ ആ അഭിപ്രായം മാറിയെന്ന് മാത്രമല്ല, ഇംഗ്ലീഷിനെ ഒരു വിദേശഭാഷയായല്ല നമുക്ക് വൈകിക്കിട്ടിയ ഒരിന്ത്യൻ ഭാഷയായാണ് പരിഗണിക്കേണ്ടതെന്ന നിലപാടിലെത്തി. ഇന്ത്യൻ നഗരങ്ങളിലെ ലക്ഷക്കണക്കിനാളുകളുടെ പ്രഥമഭാഷയോ മാതൃഭാഷ പോലുമോ ആയി മാറിയ ഒരു ഭാഷയെ അത് വന്ന വഴി അധിനിവേശമാണെന്ന ഒറ്റക്കാരണത്താൽ തള്ളിക്കളയേണ്ടതില്ലെന്നും അതേ സമയം ഇംഗ്ലീഷുമായി ബന്ധപ്പെട്ട അധികാരശ്രേണീവ്യവസ്ഥയെ അംഗീകരിക്കരുതെന്നും ബോധ്യപ്പെട്ടു. കവി സച്ചിദാനന്ദന്റെ സ്വാധീനം ഈ നിലപാടിലെത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും ഓർക്കുന്നു.

ഇംഗ്ലീഷിനെക്കുറിച്ചുള്ള നിലപാട് വ്യക്തതയോടെ മനസ്സിൽ പതിഞ്ഞപ്പോൾ സ്വാഭാവികമായും ഉച്ചാരണം വിചാരവിഷയമായി. ഇംഗ്ലീഷ് ഒരിന്ത്യൻ ഭാഷയാണെങ്കിൽ നാമെന്തിന് സായിപ്പിന്റെ ഉച്ചാരണവും സംസാരരീതിയും അനുകരിക്കണം? ആസ്ട്രേലിയക്കാർക്കും ന്യുസീലൻഡുകാർക്കും സൗത്ത് ആഫ്രിക്കക്കാർക്കുമുള്ളതു പോലെ നമുക്ക് നമ്മുടെ ഉച്ചാരണരീതി പോരേ?

തുടക്കത്തിൽ ഇന്ത്യനിംഗ്ലീഷ് സാഹിത്യമെന്ന സങ്കല്പത്തോട് തന്നെ മുൻവിധിനിഷ്ഠമായ വികർഷണമാണ് തോന്നിയത്. കൂടുതൽ വായിച്ചപ്പോൾ ആ അഭിപ്രായം മാറിയെന്ന് മാത്രമല്ല, ഇംഗ്ലീഷിനെ ഒരു വിദേശഭാഷയായല്ല നമുക്ക് വൈകിക്കിട്ടിയ ഒരിന്ത്യൻ ഭാഷയായാണ് പരിഗണിക്കേണ്ടതെന്ന നിലപാടിലെത്തി.

അമേരിക്കൻ ബ്രിട്ടീഷ് ഉച്ചാരണങ്ങൾ സ്വാംശീകരിക്കാനുള്ള അനാവശ്യമായ ത്വര അർത്ഥശൂന്യമായ വൃഥാ വ്യായാമമായി തോന്നുകയും ഞാൻ പറയുന്നത് മറ്റുള്ളവർക്ക് മനസ്സിലാവണം എന്ന നിർബന്ധം മാത്രം നിലനിർത്തുകയും ചെയ്തു. പ്രിയപ്പെട്ട കൂട്ടുകാരൻ ആസിഫ് ഇസ്മായിൽ ഒരിക്കൽ പറഞ്ഞത് ഓർമ്മ വരുന്നു. ഇംഗ്ലീഷ് ഭാഷയിൽ അസാമാന്യമായ അറിവും കഴിവുമുള്ള ആസിഫ് പത്തിരുപതു കൊല്ലത്തിലേറെയായി അമേരിക്കയിൽ സ്ഥിരതാമസമാക്കിയ അസ്സൽ കാസർഗോഡുകാരനാണ്. പത്രപ്രവർത്തകനുമാണ്. അമേരിക്കയിൽ എത്തിയ സമയത്ത് അവിടത്തുകാരുമായി ആശയവിനിമയം നടത്തുന്നതിൽ നേരിട്ട പ്രയാസത്തെപ്പറ്റി വിവരിക്കുകയായിരുന്നു ആസിഫ്. "നാം ചില വാക്കുകൾ ഉപയോഗിക്കുമ്പോൾ ആളുകൾക്ക് മനസ്സിലാവില്ല. അപ്പോൾ അത് മൂന്നു നാലു വിധത്തിൽ മാറ്റിയും തിരിച്ചും പറഞ്ഞു നോക്കും. മൂന്നാമത്തെ ശ്രമത്തിൽ മിക്കവർക്കും നാമുദ്ദേശിച്ച വാക്ക് കൃത്യമായി പിടികിട്ടും!'. പത്തു കൊല്ലത്തോളം അമേരിക്കൻ എംബസ്സിയിൽ ജോലി നോക്കിയ കാലത്ത് എന്റെ ഉച്ചാരണത്തെ സ്‌നേഹത്തോടെ പരിഹസിക്കുമായിരുന്നു ചില സഹപ്രവർത്തകർ. എംബസ്സിയിലെ ഇന്ത്യൻ ഉദ്യോഗസ്ഥർ പലരും സായ്പ്പിനെപ്പോലെ ഇംഗ്ലീഷ് ഉച്ചരിക്കാൻ നേർച്ച നേർന്ന് കഠിനവ്രതം അനുഷ്ഠിക്കുന്നവരായിരുന്നു. ഞാനാണെങ്കിൽ ഇക്കാര്യത്തിൽ നേരെ മറിച്ചും. ഒരു ദിവസം ഒരമേരിക്കൻ നയതന്ത്രജ്ഞന്റെ വീട്ടിൽ ഒരു വിരുന്നിനിടയിൽ ആരോ ഒരാൾ എന്റെ ഉച്ചാരണപ്രശ്‌നം ചർച്ചയാക്കി. ബാക്കിയുള്ളവർ അതേറ്റു പിടിച്ചു. "ഈ മലബാരി ഉച്ചാരണം മാറ്റില്ല എന്നത് നിന്റെ ഒരു രാഷ്ട്രീയനിലപാടാണോ?' ഞാൻ പറഞ്ഞു: "എനിക്കങ്ങനെ വാശിയൊന്നുമില്ല. ഞാൻ പറയുന്നത് നിങ്ങൾക്കെല്ലാം മനസ്സിലാവുന്നേടത്തോളം ഉച്ചാരണം ഒരു പ്രശ്‌നമാണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷെ നിങ്ങൾക്കെല്ലാം നിർബന്ധമാണെങ്കിൽ നാളെ മുതൽ തന്നെ ഞാൻ അമേരിക്കൻ ഉച്ചാരണം സ്വായത്തമാക്കാം. പക്ഷെ ഒരുപാധിയോടെ മാത്രം. നിങ്ങളെല്ലാവരും തെറ്റ് കൂടാതെ ഒരു ലക്ഷത്തി എഴുപതിനായിരത്തി എഴുനൂറ്റിയെഴുപത്തിയേഴ് എന്ന് ഉച്ചരിച്ചു കാണിക്കണം.' അടുത്ത പത്തു മിനുട്ട് സായിപ്പന്മാരും മദാമ്മമാരും മറ്റിന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള സഹപ്രവർത്തകരും കിണഞ്ഞു പരിശ്രമിച്ചു. എല്ലാവരും തോറ്റു പിന്മാറി. എന്റെ ഉച്ചാരണം പരിഷ്‌കരിക്കാനുള്ള അവരുടെ ഉദ്യമം അതോടെ അവസാനിച്ചു!

പത്തു കൊല്ലത്തോളം അമേരിക്കൻ എംബസ്സിയിൽ ജോലി നോക്കിയ കാലത്ത് എന്റെ ഉച്ചാരണത്തെ സ്‌നേഹത്തോടെ പരിഹസിക്കുമായിരുന്നു ചില സഹപ്രവർത്തകർ.

വിക്ടോറിയൻ കാലഘട്ടത്തിലെ ഇംഗ്ലീഷ് ഉച്ചാരണം അതേ പോലെ പുലർത്തിയിരുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു ജെ എൻ യുവിൽ. കെ ജി ശ്രീനിവാസ്.

ഇപ്പോൾ Creative Brands എന്ന മാഗസിന്റെ പത്രാധിപരായ ശ്രീനി ഡൽഹിയിൽ ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിലാണ് പത്രപ്രവർത്തനം തുടങ്ങിയതെന്നാണ് എന്റെ ഓർമ്മ. എന്റെ സീനിയറായായിരുന്ന ശ്രീനിയുടെ ഉച്ചാരണം മാത്രമല്ല ശരീരഭാഷയും പത്തരമാറ്റ് ആംഗലമായിരുന്നു. Shrug Off എന്ന ഇംഗ്ലീഷ് വാക്കിന്റെ അർത്ഥം ഞാനൊക്കെ പഠിച്ചത് നിഘണ്ടുവിലല്ല ശ്രീനിയുടെ തോളത്തു നോക്കിയാണ്! കണ്ടാൽ ഒരു പള്ളീലച്ചന്റെ രൂപമുള്ളതിനാൽ ശ്രീനിയുടെ ഒന്നാമത്തെ ഇരട്ടപ്പേര് അച്ചൻ എന്നായിരുന്നു.

കെ.ജി. ശ്രീനിവാസ്

ശ്രീനി നല്ല ഭംഗിയോടെ ഇംഗ്ലീഷ് പറയുന്നതിന്റെ അസൂയയിൽ കാലിക്കറ്റ് സർവ്വശാലയിലെ സതീർഥ്യർ ചാർത്തി നൽകിയ "പാട്ടസായ്പ്പ്' എന്ന "ബഹുമതിപ്പേരും' ശ്രീനിയോടൊപ്പം കാമ്പസ്സിലെത്തിയിരുന്നു. ഒരു ദിവസം ആസിഫ് ശ്രീനിയോട് പറഞ്ഞു: "അച്ചൻ എവിടെപ്പോയാലും ഇംഗ്ലണ്ടിൽ ഒരിക്കലും പോകരുത്.' ശ്രീനി ചോദിച്ചു: "അതെന്താ?' കുസൃതികൾക്ക് കുപ്രസിദ്ധനായ ആസിഫ് സഹകാസർഗോഡുകാരനായ ചങ്ങാതിയോടു പറഞ്ഞു: "പോയാൽ തിരിച്ചു വരാൻ പറ്റില്ല. അവർ നിന്നെ ഏതെങ്കിലും മ്യുസിയത്തിൽ കാഴ്ചവസ്തുവാക്കും!' ഇത് വായിക്കുമ്പോഴുള്ള അച്ചന്റെ ചിരിയിൽ പോലും ഒരു വിക്ടോറിയൻ ഭാവം എനിക്ക് വിഭാവനം ചെയ്യാനാവുന്നുണ്ട്!
സാധാരണ മലയാളി പശ്ചാത്തലത്തിൽ നിന്ന് ജെ എൻ യുവിലെത്തി സ്ഥിരപ്രയത്‌നവും കഴിവും മൂലം ഇംഗ്ലീഷിൽ തലമുതിർന്ന പത്രപ്രവർത്തകരും എഴുത്തുകാരുമായി വളർന്ന പലരുമുണ്ടായിരുന്നു. അവരിൽ വ്യക്തിപരമായ അടുപ്പവും മൗലികമായ ബൗദ്ധികസംഭാവനകളും കാരണം പ്രഥമഗണനീയനായ ഒരാളാണ് വർഗ്ഗീസ് കെ ജോർജ്. വർഗ്ഗീസ് എഴുതി കഴിഞ്ഞ കൊല്ലം പെൻഗ്വിൻ പ്രസിദ്ധീകരിച്ച Open Embrace: India - US Ties in the Age of Modi and Trump (തുറന്ന ആശ്ലേഷം: മോദി ട്രംപ് കാലത്തെ ഇന്ത്യ അമേരിക്ക ബന്ധങ്ങൾ) എന്ന പുസ്തകം ഭാഷ കൊണ്ടും അപഗ്രഥനരീതി കൊണ്ടും വേറിട്ട് നിൽക്കുന്ന ആഴവും രാഷ്ട്രീയമായ ഉൾക്കാഴ്ചയുമുള്ള ഗ്രന്ഥമാണ്. തെഹെൽക, ഇന്ത്യൻ എക്സ്പ്രസ്സ്, ഹിന്ദുസ്ഥാൻ ടൈംസ് എന്നിവിടങ്ങളിൽ ജോലി നോക്കിയ വർഗ്ഗീസ്, രാംനാഥ് ഗോയങ്ക അവാർഡ് ജേതാവ് കൂടിയാണ്. കഴിഞ്ഞ കുറെ കൊല്ലങ്ങളായി ദ ഹിന്ദു പത്രത്തിൽ ഉപപത്രാധിപരായി പ്രവൃത്തിയെടുക്കുന്ന, ഞങ്ങൾ റെജിയെന്ന് വിളിക്കുന്ന, വർഗ്ഗീസ് അസാമാന്യമായ ഉൾക്കാഴ്ചയുള്ള, സ്വപ്രത്യയസ്ഥൈര്യം സ്ഫുരിക്കുന്ന ലേഖനങ്ങളിലൂടെ നമ്മുടെ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലത്തെ ഇന്നും സമ്പന്നമാക്കിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ കൊല്ലം ഒക്ടോബർ വരെ നാല് കൊല്ലത്തോളം റെജി ഹിന്ദു പത്രത്തിന്റെ അമേരിക്കയിലെ പ്രതിനിധിയായിരുന്നു. ആ കാലത്തെ അറിവുകളും അനുഭവങ്ങളുമാണ് മുകളിൽ പരാമർശിച്ച പുസ്തകത്തിന്റെ രചനയ്ക്ക് പ്രചോദനമായത്. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷവും അറിവും തരുന്ന നിത്യസാന്നിധ്യങ്ങളിൽ എത്രയോ കൊല്ലമായി റജിയുണ്ട്. ഞാനെഴുതുന്ന മിക്കലേഖനങ്ങളുടെയും - ഇംഗ്ലീഷിലും മലയാളത്തിലും - പ്രസിദ്ധീകരണപൂർവ്വഇരകളിൽ അദ്വിതീയനാണ് അദ്ദേഹം!

വർഗ്ഗീസ് കെ ജോർജ്

വായനയും ഗവേഷണവും നിരന്തര നിരങ്കുശസംഭാഷണങ്ങളുമായി കാമ്പസിന്റെ ഹൃദയസ്പന്ദനം പങ്കിട്ടു ജീവിച്ച ആ വർഷങ്ങളിലൊന്നും ഇംഗ്ലീഷിൽ എഴുത്തുകാരനാവുക എന്റെ സ്വപ്നങ്ങളിലുണ്ടായിരുന്നില്ല. ഇ എം എസ് നമ്പൂതിരിപ്പാട് തന്റെ മരണത്തിലൂടെ എന്നെക്കൊണ്ട് ഇംഗ്ലീഷെഴുതിക്കുകയായിരുന്നു. ലീന അക്കാലത്ത് ഒബ്‌സർവർ പത്രത്തിൽ ജോലി ചെയ്യുകയായിരുന്നു. 1998 മാർച്ച് മാസത്തിലാണ് ഇ എം എസ് അന്തരിക്കുന്നത്. അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട മറ്റൊരു ആകസ്മികത കൂടി എന്റെ ജീവിതത്തിലുണ്ടായി. ഇ എം എസ് മരിച്ചുവെന്നറിയിക്കാനായി ഒരു സ്‌നേഹിതൻ തിരുവനന്തപുരത്തു നിന്ന് ഫോൺ ചെയ്തപ്പോൾ ഞാൻ അദ്ദേഹത്തിന്റെ "നമ്മുടെ ഭാഷ' എന്ന പുസ്തകം വായിച്ചു കൊണ്ടിരിക്കുകയായിരുന്നു! അന്നോ അതിന്റെ അടുത്ത ദിവസമോ ലീന വിളിച്ചു. "ബാലചന്ദ്രൻ സാറും ഞാനും ഇ എംഎസ്സിനെക്കുറിച്ചൊരു ചരമക്കുറിപ്പു ചർച്ച ചെയ്യുകയായിരുന്നു. അത് നിന്നെക്കൊണ്ടെഴുതിക്കാനാണ് തീരുമാനം.' പിൽക്കാലത്തു അൽ ജസീറയിലൊക്കെ ഉയർന്ന പദവികൾ വഹിച്ച ബാലചന്ദ്രൻ സാർ ഒബ്‌സർവറിന്റെ ഞായറാഴ്ചപ്പതിപ്പായ സൺഡേ ഒബ്‌സർവറിന്റെ പത്രാധിപരായിരുന്നു. ഞാൻ പറ്റില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. ഇംഗ്ലീഷിൽ ലേഖനമെഴുതി ഒരു പരിചയവുമില്ല. ആകെ പരിചയമുള്ളത് നീണ്ട അക്കാദമിക ഉപന്യാസങ്ങളെഴുതി മാത്രമാണ്. എണ്ണൂറ് വാക്കുകളിൽ കാര്യം പറഞ്ഞു ഫലിപ്പിക്കുന്ന പത്രലേഖനരീതി എനിക്ക് വഴങ്ങില്ല. പക്ഷെ അന്നത്തെപ്പോലെ ഇന്നും ലീനയുടെ ആജ്ഞാനുവർത്തിയായ എനിക്ക് രക്ഷപ്പെടാനുള്ള ഒരു പഴുതും അവളനുവദിച്ചില്ല. "നീ എഴുത്. ബാക്കി ഞാൻ നോക്കിക്കൊള്ളാ'മെന്ന ഉഗ്രശാസന. രണ്ടും കല്പിച്ചു ഞാനെഴുതാനിരുന്നു. കംപ്യൂട്ടറിലൊന്നുമല്ല. വെള്ള പേപ്പറിൽ പേന കൊണ്ട് നീട്ടി വലിച്ചെഴുതി. പിറ്റേ ദിവസം ലീനയെ ഏൽപ്പിച്ചു. അടുത്ത ഞായറാഴ്ച ലേഖനം ഒരു വാക്ക് പോലും മാറാതെ പത്രത്തിൽ അച്ചടിച്ചു വന്നു. ഇന്നും സൂക്ഷിച്ചുവച്ചിട്ടുള്ള ആ ലേഖനമാണ് എന്റെ പ്രസിദ്ധീകൃതമായ ആദ്യ ഇംഗ്ലീഷ് ലേഖനം. അന്നത്തെ നിലയ്ക്ക് തെറ്റില്ലാത്ത പ്രതിഫലവും ലഭിച്ചു എന്നാണോർമ്മ. ഇന്നതെടുത്തു വീണ്ടും വായിക്കുമ്പോൾ ഉള്ളടക്കത്തിലോ ഭാഷയിലോ വലിയ കുഴപ്പമൊന്നും തോന്നുന്നില്ല. നമ്പൂതിരിപ്പാടിനോടുള്ള ആദരവും പല കാര്യങ്ങളിലുള്ള വിമർശനങ്ങളും സന്തുലിതമായി പ്രകാശിപ്പിച്ച ആ ലേഖനത്തിൽ പറഞ്ഞ നിലപാട് തന്നെയാണ് ഇന്നും എനിക്കദ്ദേഹത്തിനോടുള്ളത്.

അതിനോടുള്ള പല സുഹത്തുക്കളുടെയും പ്രതികരണം എഴുത്തിനെക്കുറിച്ചുള്ള ചില ബോധ്യങ്ങൾ രൂപപ്പെടാൻ നിമിത്തമായി. ലേഖനത്തിൽ ഞാൻ ഇ എം എസ്സിനെ പുകഴ്ത്തിയതിനാൽ സി പി എം വിരുദ്ധരായ സുഹൃത്തുക്കൾ അസംപ്തൃപ്തി പ്രകടിപ്പിച്ചു. പ്രശംസയോടൊപ്പം വിമർശനം കൂടി ഉണ്ടായിരുന്നതിനാലും പാർട്ടിയുടെ പ്രവർത്തനശൈലിയിൽ ഫാസിസ്റ്റു പ്രവണത സ്പഷ്ടമാണെന്നു വാദിച്ചതിനാലും സി പി എം സുഹൃത്തുക്കൾ അസഹിഷ്ണുക്കളായി. ഇങ്ങനെയുള്ള അനുഭവങ്ങൾ ക്രമേണ കൂടുതൽ സർവ്വതന്ത്രസ്വതന്ത്രമായ സമീപനങ്ങളിലേക്ക് സംക്രമിച്ചു കൊണ്ടിരുന്ന എനിക്ക് ചില കാര്യങ്ങൾ വ്യക്തമാക്കിത്തന്നു. മിക്ക മനുഷ്യരും അന്ധമായ മുൻവിധികളും പക്ഷപാതിത്വങ്ങളും ചില കാര്യങ്ങളിലെങ്കിലും പുലർത്തുന്നവരാണ്. മതം, കക്ഷി രാഷ്ട്രീയം, ദേശീയത, വർഗം, ഭാഷ തുടങ്ങിയ പല സ്വത്വാടയാളങ്ങളും അവയോടുള്ള താദാത്മ്യം കാരണം മനുഷ്യരെ നൈതികനിലപാടുകളിൽ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്. തന്റെ മതം അല്ലെങ്കിൽ കക്ഷി ചെയ്യുന്ന ഏത് വൃത്തികേടിനെയും ന്യായീകരിക്കാനും അതേ വൃത്തികേട് ശത്രുക്കൾ തങ്ങളോട് ചെയ്യുമ്പോൾ ധാർമികരോഷം കൊള്ളാനുമുള്ള പ്രവണത മറ്റു നിലയ്ക്ക് മഹത്വമാർന്ന വ്യക്തികളിൽ പോലും കാണാറുണ്ട്. എം എൻ വിജയനെപ്പോലെ വലിയ ഒരു ധൈഷണികൻ പാർട്ടിക്കൂറു മൂലം മുമ്പ് പറശ്ശിനിക്കടവിൽ മിണ്ടാപ്രാണികളെ കൂട്ടക്കൊല ചെയ്തതിനെ ന്യായീകരിച്ചത് ഒരുദാഹരണം. വിജയൻ മാഷ് പിന്നീട് അതേ അസഹിഷ്ണുതയുടെ ഇരയായതും ചരിത്രം. അടിയന്തിരാവസ്ഥക്കെതിരിൽ വികാരനിർഭരമായ ലേഖനങ്ങളെഴുതുകയും അതേ സമയം നിസ്സംഗമായി ജോസഫ് സ്റ്റാലിന്റെ നിഷഠുരതകളെ അന്ധമായി ന്യായീകരിക്കുകയും ചെയ്യുന്ന എത്രയോ ഇടതുപക്ഷബുദ്ധിജീവികൾ ഇന്നും കേരളത്തിലുണ്ട്. ഒരെഴുത്തുകാരൻ, വിശേഷിച്ചു പൊതുവിഷയങ്ങളിൽ അഭിപ്രായം പറയുന്ന ഒരു പൊതുബുദ്ധിജീവി, നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇത്തരം നൈതികമായ ഇരട്ടത്താപ്പുകളെ മറികടക്കുകയാണ്. ആദ്യ അധ്യായത്തിൽ വിശദീകരിച്ചതു പോലെ ദൃഢമായ ഒരു നൈതിക ചട്ടക്കൂട്ടിനകത്ത് ബോധമണ്ഡലത്തെ പ്രതിഷ്ഠിക്കുക മാത്രമാണ് അതിനുള്ള മാർഗ്ഗം.

അടിയന്തിരാവസ്ഥക്കെതിരിൽ വികാരനിർഭരമായ ലേഖനങ്ങളെഴുതുകയും അതേ സമയം നിസ്സംഗമായി ജോസഫ് സ്റ്റാലിന്റെ നിഷഠുരതകളെ അന്ധമായി ന്യായീകരിക്കുകയും ചെയ്യുന്ന എത്രയോ ഇടതുപക്ഷബുദ്ധിജീവികൾ ഇന്നും കേരളത്തിലുണ്ട്.

വൈചാരികമായ സ്വാതന്ത്ര്യം നേടിയെടുത്ത ഒരെഴുത്തുകാരന് അത് കൊണ്ട് തന്നെ എല്ലാവരെയും സന്തോഷിപ്പിക്കാനാവില്ല. എല്ലാവരെയും തൃപ്തിപ്പെടുത്തി എഴുതാൻ ആഗ്രഹിക്കുന്നവർക്ക് അങ്ങനെയുമാവാം. തന്റേടവും മനഃസാക്ഷിയും തല്കാലത്തേയ്ക്ക് അലമാരയിൽ പൂട്ടിവയ്ക്കണമെന്ന് മാത്രം. ഇക്കാര്യത്തിൽ എന്റെ ഏറ്റവും രസകരമായ അനുഭവം സോഷ്യൽ മീഡിയയിൽ നിന്നായിരുന്നു. ഹിന്ദുത്വ ഫാസിസത്തിനെതിരിൽ ലേഖനമെഴുതുമ്പോൾ ആവേശത്തോടെ ലൈക്കടിക്കുകയും പ്രശംസ കൊണ്ട് ആഹ്‌ളാദമൂർച്ഛ പകരുകയും ചെയ്യുന്ന നിരവധി പേർ രണ്ടാഴ്ച കഴിഞ്ഞു ഇസ്ലാമികതീവ്രവാദത്തിനെതിരിൽ ലേഖനമെഴുതുമ്പോൾ കൂട്ടം കൂടി ആക്രമിക്കുകയോ ലേഖനം കണ്ടതായിത്തന്നെ നടിക്കാതെ തിരോഭവിക്കുകയോ ചെയ്യും. ഇത് തിരിച്ചും സംഭവിച്ചിട്ടുണ്ട്. ഇവരിരുകൂട്ടരും ഒരേപോലെ എന്നൊരെഴുത്തുകാരനെ ഇഷ്ടപ്പെടാൻ തുടങ്ങുന്നോ അന്നയാൾക്കെഴുതാവുന്ന ഏറ്റവും നല്ല രചന സ്വന്തം ചരമക്കുറിപ്പായിരിക്കും!
പറഞ്ഞു വന്നത് ഇംഗ്ലീഷിൽ എഴുതാൻ തുടങ്ങിയ കഥയാണ്. ഇ എം എസ് ചരമക്കുറിപ്പ് പ്രസിദ്ധീകരിച്ചതിന് ശേഷം ഇടയ്ക്കൊക്കെ സൺഡേ ഒബ്‌സർവർ റിവ്യൂ ചെയ്യാനായി പുസ്തകങ്ങൾ അയച്ചു തരുമായിരുന്നു. ആയിടയ്ക്ക് സുഹൃത്തായിരുന്ന നോവലിസ്റ്റ് അനുരാധാ റോയ് ഹിന്ദു പത്രത്തിന്റെ ഞായറാഴ്ച ഇറങ്ങുന്ന സാഹിത്യസപ്ലിമെന്റിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. അവർ സ്ഥിരമായി റിവ്യൂവിനായി പുസ്തകങ്ങളയച്ചു തരാൻ തുടങ്ങി. ഇംഗ്ലീഷിൽ സ്ഥിരമായി എഴുതാനുള്ള അവസരം ലഭിക്കുന്നത് അവർ വഴിയാണ്. വിവിധവിഷയകങ്ങളായ കുറെ പുസ്തകങ്ങളെക്കുറിച്ച് അക്കാലത്തു ഹിന്ദുവിൽ എഴുതി. പിന്നീടിന്നു വരെ ഇംഗ്ലീഷ് പത്രങ്ങളിലും മാഗസിനുകളിലും ഏറെക്കുറെ സ്ഥിരമായി എഴുതിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഔട്ട്‌ലുക്ക് വാരികയിലും അവരുടെ വെബ്‌സൈറ്റിലുമാണ് കൂടുതലും എഴുതുന്നത്. ഇംഗ്ലീഷ് എന്റെ ഉപജീവനത്തിന്റെ മുഖ്യസ്രോതസ്സായും കഴിഞ്ഞ 25 കൊല്ലമായി കൂടെയുണ്ട്. ഇംഗ്ലീഷിനോടൊപ്പം അറബിഭാഷയും കഴിഞ്ഞ 15 കൊല്ലമായി ഉപജീവനോപാധിയാണ്. ആ അർത്ഥത്തിൽ ഭാഷ ഒരുപകരണമാണ്. വിശാലമായ അർത്ഥത്തിൽ നമുക്കറിയുന്ന ഓരോ ഭാഷയും നമ്മിൽ നിന്ന് ലോകത്തിലേക്ക് തുറക്കുന്ന, കാറ്റും വെളിച്ചവും കൊണ്ട് വരുന്ന, ജനവാതിലുകളാണ്. പുതിയ പുതിയ അറിവുകളിലേക്കും മനുഷ്യരിലേക്കും അനുഭവങ്ങളിലേക്കും അനുഭുതികളിലേക്കും ഓരോ ഭാഷയും നമുക്ക് പ്രവേശനം നൽകുകയും ബോധമണ്ഡലത്തെ കൂടുതൽ കൂടുതൽ വികസിപ്പിക്കുകയും ചെയ്യുന്നു. നാമുൾക്കൊള്ളുന്ന വിവിധസ്വത്വങ്ങളുടെ ജനിതകപരമായ പരിമിതികളിൽ നിന്ന് മുക്തി നേടി അനുനിമിഷവികസ്വരമായ മാനസികാവസ്ഥ കൈവരിക്കാനും ദൈനംദിനജീവിതവൈരസ്യങ്ങൾ സൃഷ്ടിക്കുന്ന പ്രവചനീയതയെ ഭേദിക്കാനുമുള്ള സാമഗ്രികൾ ഭാഷകളിലൂടെയാണ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്.

ഭാഷ ഒരുപകരണമാണ്. വിശാലമായ അർത്ഥത്തിൽ നമുക്കറിയുന്ന ഓരോ ഭാഷയും നമ്മിൽ നിന്ന് ലോകത്തിലേക്ക് തുറക്കുന്ന, കാറ്റും വെളിച്ചവും കൊണ്ട് വരുന്ന, ജനവാതിലുകളാണ്.

ആ അർത്ഥത്തിൽ ഞാനിന്നു പ്രതിഭാഷാഭിന്നമായ വ്യുല്പത്തിയോടെ കൈകാര്യം ചെയ്യുന്ന ആറു ഭാഷകളും - മലയാളം, ഇംഗ്ലീഷ്, അറബി, തമിഴ്, ഹിന്ദി, ഉർദു - എന്റെ ചക്രവാളങ്ങൾ നിരന്തരമായി വികസിപ്പിച്ചു കൊണ്ടിരുന്നെന്നും ജീവിതത്തിന്റെ കുത്തൊഴുക്കിൽ നേരിടേണ്ടിവന്ന നാനാതരം ചക്രവാതങ്ങളെ ഭയലേശമില്ലാതെ അഭിമുഖീകരിക്കാനുള്ള ആന്തരികശക്തി എനിക്ക് പകർന്നു തന്നുവെന്നും ഞാൻ കരുതുന്നു. അവയിൽ ലോകത്തെ എനിക്ക് വൈചാരികമായും ആനുഭാവികമായും കീഴ്‌പെടുത്തിത്തന്നതിന്റെ ഉപകാരസ്മരണ ഇംഗ്ലീഷിന് അവകാശപ്പെട്ടതാണ്. ഇതേ കാരണം കൊണ്ടാവാം ദളിത് ചിന്തകനും പഴയൊരു ജെ എൻ യു സമകാലികനുമായ ചന്ദ്രബാൻ പ്രസാദ് ഇംഗ്ലീഷിനെ ഒരു ദേവതയായി ആരാധിക്കാൻ ഉത്തർപ്രദേശിലെ ബങ്ക ഗ്രാമത്തിൽ ക്ഷേത്രം നിർമിക്കാൻ മുൻകൈയെടുത്തത്.
ലോകത്തെവിടെയും ആത്മവിശ്വാസത്തോടെ യാത്ര ചെയ്യാനും ആശയവിനിമയം നടത്താനും സാധിച്ചത് പ്രധാനമായും ഇംഗ്ലീഷ് കാരണമാണ്. റഷ്യ, ഖസാഖിസ്ഥാൻ പോലുള്ള ഞാൻ സന്ദർശിച്ച ചില രാജ്യങ്ങൾ മാത്രമാണ് ഇക്കാര്യത്തിൽ അപവാദം. എനിക്കറിയുന്ന ഭാഷകളിൽ ഏറ്റവും എളുപ്പമുള്ള ഭാഷയും ഇംഗ്ലീഷ് തന്നെയാണ്. യുക്തിഭദ്രമായ എത്രയോ ആശയങ്ങൾ ആ ഭാഷയിലൂടെ വെളിച്ചം കണ്ടിട്ടുണ്ടെങ്കിലും ആന്തരികമായി ഏറ്റവും യുക്തിരഹിതമായ ഭാഷയാണ് ഇംഗ്ലീഷ്. Put എന്നെഴുതി പുട്ട് എന്ന് വായിക്കും. But എന്നെഴുതി ബട്ട് എന്ന് വായിക്കും. Debut എന്നെഴുതി ഡെയ്ബ്യു എന്ന് വായിക്കും. നിരവധി വാക്കുകളിൽ പല അക്ഷരങ്ങളും "നിശ്ശബ്ദ'മാണ്. പിന്നെന്തിനാണ് അനാവശ്യമായ അക്ഷരങ്ങൾ കുത്തിത്തിരുകുന്നത് എന്ന് ചോദിച്ചാൽ ഉത്തരമില്ല. ഇത്രയേറെ യുക്തിരഹിതമായ ആ ഭാഷയിലെ വായനയാണ് യുക്തിഭദ്രമായി ചിന്തിക്കാൻ ഞാനടക്കം എത്രയോ പേരെ പരിശീലിപ്പിച്ചതെന്ന വസ്തുതയും രസകരമായ ഒരു വിപര്യായമാണ്. ഇംഗ്ലീഷിനെപ്പറ്റിയുള്ള ഈ രണ്ടധ്യായങ്ങൾ അവസാനിക്കുമ്പോൾ ഒരു കാര്യം കൂടി പറയുന്നത് ഉചിതമാണെന്നു തോന്നുന്നു. ഇംഗ്ലീഷ് ഭാഷയിലെ വിഖ്യാതരായ പല എഴുത്തുകാരും ആ ഭാഷ മാതൃഭാഷയായിട്ടുള്ളവരല്ല. ജോസഫ് കോൺറാഡ്, വ്‌ളാദിമിർ നബക്കോവ്, ഖലീൽ ജിബ്രാൻ പോലുള്ള മഹാസാഹിത്യകാരന്മാർ പലരും ഇംഗ്ലീഷ് പിൽക്കാലത്തു പഠിച്ചെടുത്ത് അതിൽ വിസ്മയകരമായ രചനകൾ നടത്തിയവരാണ്. പത്രപ്രവർത്തന - സാഹിത്യേതര മണ്ഡലത്തിലാണെങ്കിൽ അത്തരമാളുകളുടെ എണ്ണം വളരെ കൂടുതലാണ്.

നമുക്ക് മൗലികമായെന്തെങ്കിലും പറയാനുണ്ടെങ്കിൽ ഭാഷ വിനയത്തോടെ വഴങ്ങിത്തരുമെന്ന് യുവാൽ പറഞ്ഞത് ഞാൻ പൂർണമായി ശരിവച്ചു.

ഇന്ത്യയിലാണെങ്കിൽ പ്രമുഖരായ മിക്ക എഴുത്തുകാരും ഇതേ വിഭാഗത്തിൽ പെടുന്നു. ഇതെല്ലം കാണിക്കുന്നത് ഇംഗ്ലീഷ് ഒരു ബാലികേറാമലയാകേണ്ട ഒരു കാര്യവുമില്ലെന്നാണ്. വായനയിലൂടെയും ആത്മവിശ്വാസത്തോടെ സ്വയം പരിശീലിക്കുന്നതിലൂടെയും എളുപ്പത്തിൽ സ്വായത്തമാക്കാവുന്ന ഒരു ഭാഷയാണ് ഇംഗ്ലീഷ്. പഞ്ചപുച്ഛമടക്കിയോ മലയാളിസഹജമായ പുച്ഛത്തോടെയോ അല്ല, സമകാലികലോകത്ത് അതിജീവനത്തിനു സഹായിക്കുന്ന, മാനസികോൽക്കർഷത്തിനുള്ള ധാരാളം പുസ്തകങ്ങൾ ലഭ്യമായ ഒരു ഭാഷയാണതെന്ന ധാരണയോടെയാണ് അതിനെ സമീപിക്കേണ്ടത്. ഈയിടെ യുവാൽ നോഹ ഹരാരിയുമായി സംസാരിച്ചപ്പോൾ ഈ വിഷയം കടന്നു വന്നു. ഹീബ്രു മാതൃഭാഷയായ യുവാൽ തന്റെ മാസ്റ്റർപീസായ "സാപ്പിയൻസ്' ആദ്യമെഴുതുന്നത് ഹീബ്രുവിലാണ്. പിന്നീടാണ് ഇംഗ്ലീഷ് തന്റെ എഴുത്തിന്റെ പ്രാഥമികഭാഷയായി അദ്ദേഹം തിരഞ്ഞെടുക്കുന്നത്. ഞങ്ങൾ ഇരുവരും തമ്മിലുള്ള ഈ ഭാഷാപരമായ സമാനത (യുവാലുമായി എന്നെ താരതമ്യം ചെയ്യുകയാണെന്ന് തെറ്റിദ്ധരിക്കല്ലേ) തമ്മിലുള്ള അപരിചിതത്വം മറികടക്കാൻ സംഭാഷണത്തിന്റെ തുടക്കത്തിൽ സഹായിച്ചു. നമുക്ക് മൗലികമായെന്തെങ്കിലും പറയാനുണ്ടെങ്കിൽ ഭാഷ വിനയത്തോടെ വഴങ്ങിത്തരുമെന്ന് യുവാൽ പറഞ്ഞത് ഞാൻ പൂർണമായി ശരിവച്ചു.ഷാജഹാൻ മാടമ്പാട്ട്​

സാംസ്​കാരിക വിമർശകൻ, കോളമിസ്​റ്റ്​. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ധിഷണയും വെളിപാടും, ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ, God is Neither a Khomeini nor a Mohan Bhagwat: Writings against Zealotryഎന്നിവ പ്രധാന കൃതികൾ

Comments