ജനിച്ച് ഇരുപത് വയസ്സ് വരെ ജീവിച്ചത് മലപ്പുറം ജില്ലയിലാണ്. തിരൂരിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള താനാളൂർ എന്ന ഗ്രാമത്തിൽ. ഇരുപത് വയസ്സിൽ ഡിഗ്രിയ്ക്ക് ചേരാൻ ട്രിച്ചിയിലേക്കു പോയതിനു ശേഷം ഒരിക്കൽ പോലും ഒന്നോ രണ്ടോ മാസത്തിൽ കൂടുതൽ നാട്ടിൽ തുടർച്ചയായി താമസിച്ചിട്ടില്ല. പഠനവും ജോലിയുമൊക്കെയായി പുറത്തു കഴിയുന്നതിനിടയിൽ നാട് അവധിക്കു മാത്രമായി വരുന്ന ഒരു സ്ഥലമായി മാറി.
മൂന്നു കൊല്ലം മുമ്പ് കോഴിക്കോട് പന്തീരങ്കാവിൽ വീട് വാങ്ങി താമസം തുടങ്ങിയതോടെ താനാളൂരിൽ ചിലവഴിക്കുന്ന സമയം വല്ലാതെ കുറഞ്ഞു. ഞാൻ നാട് വിട്ടതിന് ശേഷം താനാളൂരിൽ വളർന്നു വന്ന തലമുറകളെ പരിചയമേയില്ല. പണ്ടൊക്കെ നാട്ടിലൂടെ നടക്കുമ്പോൾ പരിചയമില്ലാത്ത ഒരാളെപ്പോലും വഴിയിലോ അങ്ങാടിയിലോ കാണുക ദുർലഭമായിരുന്നു. ഇന്ന് പരിചയമുള്ളവർ വളരെ വിരളം. അവർ തന്നെ സമപ്രായക്കാരോ മുതിർന്നവരോ മാത്രം. ചിലരെയൊക്കെ കാണുമ്പോൾ മുഖഛായ നോക്കി ഇന്ന കുടുംബമാണെന്നോ ആരുടെ മക്കളാണെന്നോ ഏറെക്കുറെ ഊഹിക്കാനാകും. ഗൗരവമായി നോവൽ വായനയൊക്കെ തുടങ്ങിയ കാലത്ത് താനാളൂരിനെപ്പറ്റി ഒരു ബൃഹദാഖ്യാനത്തിനു വകുപ്പുണ്ടെന്നു തോന്നാറുണ്ടായിരുന്നു. അത്രയേറെ കഥകൾ. സ്‌നേഹവും കുശുമ്പും കുന്നായ്മയും കുടിപ്പകകളും പാരവയ്പുകളുമൊക്കെ ആവശ്യത്തിനുള്ള കഥകൾ. ഓർക്കുമ്പോൾ കൂടുതൽ കൂടുതൽ മിഴിവാർന്നു വരുന്ന പരശ്ശതം കഥാപാത്രങ്ങൾ. ഒരു ഗ്രാമമാവുമ്പോൾ ഓരോ കുടുംബത്തിന്റെയും ഒരു നൂറു കൊല്ലത്തെയെങ്കിലും ചരിത്രം എല്ലാവർക്കുമറിയാം.
പിന്നീട് മഹാനഗരങ്ങളിലേക്ക് ചേക്കേറിയപ്പോൾ ഇത് ഇടക്കൊക്കെ മനസ്സിൽ വരും. നാട്ടിൽ പരസ്പരം നൂറു കൊല്ലത്തെയെങ്കിലും ചരിത്രമറിയുന്ന എത്രയോ അയൽക്കാർ. നഗരത്തിൽ തൊട്ടയൽവാസിയുടെ പേര് പോലും അജ്ഞാതം. കാണുമ്പോൾ ഒന്ന് ചിരിച്ചെങ്കിലായി. വർഷങ്ങളോളം അടുത്തടുത്ത ഫ്‌ളാറ്റുകളിൽ താമസിച്ചിട്ടും ഒരിക്കൽപോലും ഹായ് പോലും പറയാത്ത എത്രയെത്ര കുടുംബങ്ങൾ.
ഹിന്ദുവും ക്രിസ്ത്യാനിയും ഞങ്ങളിൽ നിന്ന് വ്യത്യസ്തരാണെന്ന ബോധം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. പക്ഷെ വ്യത്യാസം വെറുക്കപ്പെടേണ്ട ഒന്നല്ലെന്ന അറിവും കുടുംബത്തിൽ നിന്ന് തന്നെ ലഭിച്ചിരുന്നു.
നാട്ടിലാണെങ്കിൽ അക്കാലത്തൊക്കെ അപരിചിതനായ ഒരാളെ വഴിയിൽ കണ്ടാൽ പോലും അതാരാണെന്ന് ചോദിച്ചറിഞ്ഞു ആവശ്യമെങ്കിൽ വീട്ടിൽ വിളിച്ച് ചായയോ ഊണോ കൊടുത്തിട്ടേ വിടുമായിരുന്നുള്ളൂ. എന്റെ വീട്ടിൽ എപ്പോഴും അന്നൊക്കെ ഉച്ചയൂണിന് ആരെങ്കിലും വിരുന്നിനുണ്ടാവുമായിരുന്നു. പലപ്പോഴുമത് തൊട്ടടുത്ത പള്ളിയിൽ പിരിവിനോ മറ്റെന്തെങ്കിലും കാര്യത്തിനോ വന്ന അപരിചിതനായിരിക്കും. ളുഹർ നമസ്‌കാരത്തിന്റെ സമയത്തു കണ്ടുമുട്ടുന്ന ഒരന്യനാട്ടുകാരനെ ഭക്ഷണം കഴിപ്പിക്കാതെ പറഞ്ഞു വിടാൻ പറ്റുമോ? ഉച്ചയൂണു കിട്ടുന്ന ഹോട്ടലുകളൊക്കെ അന്ന് പട്ടണങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ വീട്ടിൽ വല്ലിമ്മയും ഉമ്മയും രണ്ടു മൂന്നു പേർക്കുള്ള ഭക്ഷണം എപ്പോഴും കൂടുതലുണ്ടാക്കുമായിരുന്നു. വിരുന്നുകാരനെ കൂട്ടിക്കൊണ്ടുവരുന്നത് മുൻകൂട്ടി അറിയിക്കുന്ന പതിവൊന്നുമുണ്ടായിരുന്നില്ല. റമദാൻ മാസമായാൽ പറയുകയും വേണ്ട. എന്നും നോമ്പ് തുറക്കാൻ പിരിവുകാരോ മറ്റു സന്ദർശകരോ സ്ഥിരമായുണ്ടാവും. രാത്രി അവർ പള്ളിയിൽ അന്തിയുറങ്ങുന്നതിനാൽ അവരെ പുലർച്ചെ മൂന്നര മണിയോടെ അത്താഴത്തിന് വിളിച്ചുകൊണ്ട് വരികയും വേണം. ഇങ്ങനെയുള്ള ഓർമ്മകളിൽ നിന്നും അനുഭവങ്ങളിൽ നിന്നുമാണ് എന്റെ സാമൂഹികത രൂപം പ്രാപിക്കുന്നത്.
ഒരാളുടെ വ്യക്തിത്വത്തിന്റെ അടിസ്ഥാനഘടകങ്ങൾ രൂപപ്പെടുന്ന പ്രായത്തിൽ ചിലവഴിച്ചത് താനാളൂരായതിനാൽ ഞാനാത്യന്തികമായി ഒരു മലപ്പുറം മലയാളി മാപ്പിളയാണ്. മലപ്പുറം ജില്ലയെ സംഘികൾ അവരുടെ കുടില വർഗീയ പ്രചാരണങ്ങൾക്ക് ശരവ്യമാക്കുമ്പോൾ അതുകൊണ്ട് തന്നെ അത് വ്യക്തിപരമായി എന്റെ നേരെയുള്ള ആക്രമണമായി എനിക്കനുഭവപ്പെടാറുണ്ട്. വർഗീയമായ ഒരു പരാമർശവും വീട്ടിൽ നിന്നോ ബന്ധുക്കളിൽ നിന്നോ നാട്ടുകാരിൽ നിന്നോ ഒരിക്കൽ പോലും ചെറുപ്പകാലത്തു കേട്ടതായി ഞാനോർക്കുന്നില്ല. ഹിന്ദുവും ക്രിസ്ത്യാനിയും ഞങ്ങളിൽ നിന്ന് വ്യത്യസ്തരാണെന്ന ബോധം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. പക്ഷെ വ്യത്യാസം വെറുക്കപ്പെടേണ്ട ഒന്നല്ലെന്ന അറിവും കുടുംബത്തിൽ നിന്ന് തന്നെ ലഭിച്ചിരുന്നു. വീട്ടിൽ ഒരു ഹിന്ദുവോ ക്രിസ്ത്യാനിയോ വിരുന്നു വന്നാൽ അവരെ സൽക്കരിക്കുന്നത് ഒരു മുസ്‌ലിം വിരുന്നുകാരനെ എതിരേൽക്കുന്നതിൽനിന്ന് ഗുണപരമായി വ്യത്യസ്തമായിട്ടായിരുന്നു. അവർ പൂർണസന്തോഷത്തോടെയും മതിപ്പോടെയുമായിരിക്കണം വീട്ടിൽ നിന്നിറങ്ങുന്നതെന്ന് ഉറപ്പ് വരുത്താനുള്ള സവിശേഷമായ വ്യഗ്രത ഇന്നാലോചിക്കുമ്പോൾ വിസ്മയകരമായിത്തോന്നുന്നു.
മുസ്‌ലീംകൾ മാത്രമേ സ്വർഗത്തിൽ കടക്കൂ എന്ന വിശ്വാസമുണ്ടായിരുന്നതിനാൽ ഇവരുടെയൊക്കെ പരലോകജീവിതം എന്താകുമെന്ന ആധി ഉണ്ടായിരുന്നിരിക്കാം. പക്ഷെ അവരെ മതം മാറ്റാനുള്ള ശ്രമങ്ങളൊന്നും ആരും നടത്തിയതായി ഞാനോർക്കുന്നില്ല.
വൈക്കം ചന്ദ്രശേഖരൻ നായർ വന്നപ്പോൾ "നായന്മാരെ തല്ലുന്ന വടിയെടുക്കാൻ' വൈക്കം മുഹമ്മദ് ബഷീർ ഭാര്യയോട് പറഞ്ഞത് ഇതേ സവിശേഷ ആതിഥ്യത്തിന്റെ തമാശരൂപമാണ്. ഉപ്പയും ഉമ്മയും സ്‌കൂൾ അദ്ധ്യാപകരായിരുന്നതിനാൽ ഞങ്ങളുടെ കുടുംബവൃത്തത്തിൽ തന്നെ സ്‌നേഹാർദ്രങ്ങളായ അമുസ്‌ലിം സാന്നിധ്യങ്ങൾ നിരവധിയുണ്ടായിരുന്നു. ഉമ്മയുടെ സ്‌കൂളിലെ സഹപ്രവർത്തകരായിരുന്ന ലീല ടീച്ചർ, അവരുടെ ഭർത്താവ് ഏബ്രഹാം മാഷ്, ശകുന്തള ടീച്ചർ, ആദ്യമായി എന്നെ ഹിന്ദി അക്ഷരമാല പഠിപ്പിച്ച അച്യുതക്കുറുപ്പ് മാഷ്, അഞ്ചാംക്ലാസിൽ ഇംഗ്ലീഷ് അക്ഷരമാലയിലേക്ക് പ്രഥമപരിചയം ഉണ്ടാക്കിത്തന്ന ബാബു മാഷ്, കുഞ്ഞമ്മ ടീച്ചറും വേലായുധൻ മാഷും, ഉപ്പയുടെ ഹെഡ്മാഷായിരുന്ന രാജഗോപാലൻ മാഷ് - ഇവരെല്ലാവരും ഞങ്ങളുടെ കുടുംബത്തോട് അങ്ങേയറ്റത്തെ അടുപ്പമുണ്ടായിരുന്ന ആളുകളായിരുന്നു. അവരുടെ മതം ഒരു പ്രശ്‌നമായി ഒരിക്കലും അനുഭവപ്പെട്ടിരുന്നില്ല. എന്റെ മാതാപിതാക്കളും ഇവരെല്ലാവരുമായുള്ള സംഭാഷണങ്ങളിൽ മതം കടന്നുവരുന്നത് ഒരിക്കൽ പോലും ഓർക്കുന്നുമില്ല. മുസ്‌ലിങ്ങൾ മാത്രമേ സ്വർഗത്തിൽ കടക്കൂ എന്ന വിശ്വാസമുണ്ടായിരുന്നതിനാൽ ഇവരുടെയൊക്കെ പരലോകജീവിതം എന്താകുമെന്ന ആധി ഉണ്ടായിരുന്നിരിക്കാം. പക്ഷെ അവരെ മതം മാറ്റാനുള്ള ശ്രമങ്ങളൊന്നും ആരും നടത്തിയതായി ഞാനോർക്കുന്നില്ല. മതാതീതമായ മാനുഷികത എനിക്ക് ലഭിച്ചത് മതനിരപേക്ഷതയെക്കുറിച്ചുള്ള വലിയ പുസ്തകങ്ങൾ വായിച്ചിട്ടല്ല; ചെറുപ്പം മുതലുള്ള ഇത്തരം അനുഭവങ്ങളിൽ നിന്നാണ്.
കഥയോടുള്ള മതിഭ്രമം എന്നിലുണ്ടാക്കുന്നത് താനാളൂർ തറയിൽ എ.എം.എൽ.പി സ്‌കൂളിൽ രണ്ടാം ക്ലാസിൽ പഠിപ്പിച്ച വിജയമ്മ ടീച്ചറാണ്. ഏഴു വയസ്സ് കഴിഞ്ഞു ഒരു സമ്പർക്കവുമില്ലായിരുന്ന വിജയമ്മ ടീച്ചറെ നമ്പർ സംഘടിപ്പിച്ച് ഞാൻ ഫോൺ ചെയ്തു. ടീച്ചർ ഒന്നാംതരം കാഥികയായിരുന്നു. ടീച്ചർ പറഞ്ഞിരുന്ന കഥകൾ ഞങ്ങളെ ഉറക്കമില്ലാത്ത അവസ്ഥയിലെത്തിച്ചിരുന്നു. എന്താണ് കഥയിൽ ഇനി സംഭവിക്കാൻ പോകുന്നതെന്ന ഉൽക്കണ്ഠയോടെ അടുത്ത ദിവസം ടീച്ചറുടെ ക്ലാസിനുവേണ്ടി മഴക്ക് വേഴാമ്പലെന്ന പോലെ ഞങ്ങൾ കാത്തിരുന്നു. 43 കൊല്ലത്തിനു ശേഷം ടീച്ചറുടെ ശബ്ദം കേട്ടപ്പോൾ എനിക്ക് വല്ലാതെ കരച്ചിൽ വരുന്നുണ്ടായിരുന്നു. ഇപ്പോൾ ആലപ്പുഴ ജില്ലയിൽ കായംകുളത്തിനടുത്തൊരു ഗ്രാമത്തിൽ ജീവിക്കുന്ന ടീച്ചറോട് ഞാൻ മലപ്പുറത്തേക്കുറിച്ചു ചോദിച്ചു. ആറ് കൊല്ലം മലപ്പുറത്തെ അറിഞ്ഞ ആളാണ് ടീച്ചർ. ടീച്ചറുപയോഗിച്ച ആദ്യപദം സ്‌നേഹമായിരുന്നു. മലപ്പുറത്തു സ്‌നേഹമുള്ള ആളുകളാണ്. ഞാൻ വീണ്ടും കുത്തിച്ചോദിച്ചു: "വർഗീയമായി എന്തെങ്കിലും?' ടീച്ചർക്ക് അതിഷ്ടപ്പെട്ടതായി തോന്നിയില്ല. മനുഷ്യരുടെ സ്‌നേഹം ധാരാളമനുഭവിച്ച ഒരു കാലമാണ് മലപ്പുറത്തു ചിലവഴിച്ച ആറ് വർഷം അവരുടെ ഓർമ്മയിൽ. നിർവചിക്കുക എളുപ്പമല്ലാത്ത സ്‌നേഹമാണ് മലപ്പുറത്തെ - മലബാറിനെത്തന്നെ - അന്യാദൃശമാക്കുന്നത്.
ഇതിനർത്ഥം കേരളത്തിൽ മറ്റു പ്രദേശങ്ങളിലുള്ളവർ സ്‌നേഹശൂന്യരാണെന്നല്ല. ചരിത്രപരവും സാംസ്‌കാരികവുമായ പല കാരണങ്ങളാൽ സാമൂഹ്യജീവിതത്തിൽ ചില പ്രത്യേകതരം മസൃണതകൾ ഈ പ്രദേശങ്ങളിൽ നിലനിൽക്കുന്നുവെന്നു മാത്രമാണുദ്ദേശിക്കുന്നത്. വൈകിവന്ന മുതലാളിത്തസ്വാധീനം, പരസ്പരാശ്രിതത്വം അനിവാര്യമാക്കുന്ന ജീവിതപരിസരങ്ങൾ, പാരമ്പര്യമതം വഴി ലഭിച്ച മൂല്യബോധം തുടങ്ങി ഇതിനു പല കാരണങ്ങളുണ്ട്.
മലപ്പുറത്തെ ആതിഥ്യത്തെപ്പറ്റിയുള്ള പഴയ ചിത്രങ്ങൾ അണുകുടുംബത്തിന്റെ വരവോടെ വലിയൊരളവു വരെ മാറിയെന്നാണ് എനിക്ക് തോന്നുന്നത്. പണ്ടൊക്കെ ഓരോ വീട്ടിലും ധാരാളം ആളുകളുള്ളതിനാലും (സ്ത്രീകൾ എന്ന് വായിക്കുക) പുരുഷാധിപത്യത്തിന്റെ തോത് ഇന്നത്തേക്കാൾ പതിന്മടങ്ങ് ശക്തമായിരുന്നതിനാലും ഇഷ്ടം പോലെ ആഹാരം കരുതുക അത്യാവശ്യം സാമ്പത്തികശേഷിയുള്ള കുടുംബങ്ങളിൽ വലിയ പ്രശ്‌നമായിരുന്നില്ല.
ഇത്രയും പറഞ്ഞതിനർത്ഥം മലപ്പുറം മാലാഖമാരുടെ നാടാണെന്നല്ല. ഇതരമതസ്ഥരോടും അതിഥികളോടും അങ്ങേയറ്റത്തെ കരുതൽ മുഖമുദ്രയായ മലപ്പുറത്തിന് മതത്തിനകത്തുള്ള വിഭാഗീയതയുടെ കാര്യത്തിൽ പക്ഷെ സുജനമര്യാദകളൊട്ടുമില്ലാത്ത പ്രകൃതമാണ്.
ഞാൻ വളർന്നു വന്നത് അനാരോഗ്യകരവും ശത്രുതാഭരിതവുമായ മുജാഹിദ് സുന്നി വഴക്കുകളുടെ പശ്ചാത്തലത്തിലാണ്. പാരമ്പര്യ ഇസ്‌ലാം പിന്തുടരുന്ന കേരളത്തിലെ ഭൂരിപക്ഷം മുസ്‌ലിങ്ങളെയാണ് ഇവിടെ സുന്നികളെന്നു വിവക്ഷിക്കുന്നത്. മുജാഹിദുകൾ പ്രമാണമാത്ര കേന്ദ്രിതമായ ശുദ്ധ ഇസ്‌ലാമിനു വേണ്ടി വാദിക്കുന്ന സലഫികളാണ്. സുന്നികൾ യഥാർഥ മുസ്‌ലിങ്ങളല്ലെന്ന് മുജാഹിദുകളും മുജാഹിദുകൾ വഴി തെറ്റിയ പുത്തൻകൂറ്റുകാരാണെന്ന് സുന്നികളും അടിയുറച്ചു വിശ്വസിച്ചിരുന്നു. ആഗോളതലത്തിൽ സുന്നി-ഷിയാ എന്ന് പറയുന്ന വിഭജനത്തെയല്ല, കേരളത്തിലെ സുന്നികൾക്കുള്ളിൽ തന്നെയുള്ള വിശ്വാസപരവും കർമ്മശാസ്ത്രപരവുമായ വ്യത്യാസങ്ങളെയാണിത് കുറിക്കുന്നത്.
പൊതുവെ സമാധാനപ്രിയരും സൽക്കാരപ്രിയരും നല്ലവരുമായ നാട്ടുകാരിൽ മതസംഘടനകൾ തമ്മിലുള്ള വിഭാഗീയമായ പരസ്പരനിന്ദ എന്തുമാത്രം കാലുഷ്യവും അകൽച്ചയുമാണ് സൃഷ്ടിക്കുന്നത്!
താനാളൂരിൽ മുജാഹിദുകളും സുന്നികളും എണ്ണത്തിൽ ഏകദേശം പപ്പാതിയായിരുന്നു. എന്റെ പിതാമഹനായ മാടമ്പാട്ട് കുഞ്ഞിബാവ മുസ്ലിയാരാണ് നാട്ടിൽ മുജാഹിദ് വിഭാഗത്തിന് തുടക്കം കുറിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ പാതിയിൽ. അന്ന് മുതൽ സമീപകാലം വരെ മഹല്ല് നേതൃത്വം കുടുംബത്തിൽ തന്നെയായിരുന്നു. സുന്നി മുജാഹിദ് വിഭാഗങ്ങൾ തമ്മിലുള്ള ഖണ്ഡനമണ്ഡനങ്ങളുടെ ആസൂത്രണങ്ങളും അവ്വിഷയകമായ ചർച്ചകളും കണ്ടാണ് വളർന്നത്. അക്കാലത്തു ഞാനും അതൊക്കെത്തന്നെയാണ് ലോകത്തെ ഏറ്റവും വലിയ പ്രശ്‌നങ്ങളെന്നാണ് കരുതിയിരുന്നത്. ജീവിതകാലത്തു പരസ്പരം അടികൂടി കാലം കഴിക്കുമെങ്കിലും താനാളൂരിലെ സുന്നികളും മുജാഹിദുകളും മരണശേഷം ഒറ്റക്കെട്ടാണ്! ഇരുകൂട്ടർക്കും ഒരേ ശ്മശാനമാണ് അന്നും ഇന്നും. സുന്നികളും മുജാഹിദുകളും മരണാനന്തരം അടുത്തടുത്ത് അനശ്വരരാവുമെങ്കിലും വഅള് (മതപ്രസംഗം) പരമ്പരകൾ വഴിയുള്ള നിരന്തരമായ പരസ്പരനിന്ദയും അഭിപ്രായവ്യത്യാസങ്ങളെ പരസ്പരബഹുമാനത്തോടെ കൈകാര്യം ചെയ്യാനുള്ള ശീലമില്ലായ്മയും മൂലം ബന്ധങ്ങൾ ദുർബലമായിരുന്നു. എന്തൊക്കെ വ്യക്തിഗുണങ്ങളുണ്ടെങ്കിലും ഒരാൾ സുന്നിയാണെന്നത് മുജാഹിദിനും മറിച്ചും പരസ്പരം സാമൂഹ്യഅകലം പാലിക്കാൻ മതിയായ കാരണമായിരുന്നു. ഇവർ തമ്മിൽ വിവാഹബന്ധങ്ങൾ നടക്കുന്നത് അത്യപൂർവ്വമായിരുന്നു. മരണവീട്ടിൽ പോലും സന്ദർശിക്കുന്ന പതിവ് പൊതുവെ വിരളമായിരുന്നു - പ്രത്യേകിച്ച് നേതൃതലങ്ങളിലുള്ളവർ. പൊതുവെ സമാധാനപ്രിയരും സൽക്കാരപ്രിയരും നല്ലവരുമായ നാട്ടുകാരിൽ മതസംഘടനകൾ തമ്മിലുള്ള വിഭാഗീയമായ പരസ്പരനിന്ദ എന്തുമാത്രം കാലുഷ്യവും അകൽച്ചയുമാണ് സൃഷ്ടിക്കുന്നത്! മുസ്‌ലിങ്ങളല്ലാത്ത അതിഥികൾ എത്രയോ പേർ വീട്ടിൽ വരാറുണ്ടായിരുന്നുവെങ്കിലും മുജാഹിദല്ലാത്ത മുസ്‌ലിങ്ങൾ അതിഥികളായി വന്നിട്ടുള്ളത് അത്യപൂർവമായിരുന്നു. സ്വാഭാവികമായ ഹൃദയബന്ധങ്ങൾ മുജാഹിദുകളല്ലാത്ത മുസ്‌ലിങ്ങളോട് പുലർത്തുന്നത് സാമാന്യേന നിരുത്സാഹപ്പെടുത്തിയിരുന്നു.
അമുസ്‌ലിങ്ങളോട് മലപ്പുറത്തെ മുസ്‌ലിങ്ങൾ കാണിക്കുന്ന മര്യാദകൾ മുസ്‌ലിം സംഘടനകൾ തമ്മിൽ തമ്മിൽ കൂടി കാണിക്കുകയാണെങ്കിൽ മലപ്പുറം എല്ലാ അർത്ഥത്തിലും ഒരു മാതൃകാജില്ലയായി മാറും! അതിനു പക്ഷെ ഒരു സാധ്യതയുമില്ല. എന്റെ ചെറുപ്പത്തിൽ ഒരു സുന്നി വിഭാഗവും ഒരു മുജാഹിദ് വിഭാഗവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സുന്നികൾ പിന്നീട് രണ്ടായി പിളർന്നു. മുജാഹിദുകൾ പിളർന്ന് പിളർന്ന് ഇപ്പോൾ എത്ര ഗ്രൂപ്പുകളുണ്ടെന്ന് ആർക്കും കൃത്യമായറിയാത്ത പരുവത്തിലാണ്. സുന്നികളോടുള്ള പഴയ മനോഭാവത്തിന് ഇപ്പോഴും മാറ്റമൊന്നും വന്നിട്ടില്ല. പണ്ട് സുന്നികളെ വിമർശിക്കാനുള്ള വഅള് പരമ്പര മാത്രം മതിയായിരുന്നു. ഇപ്പോൾ ഗ്രൂപ്പുകൾക്ക് പരസ്പരം ചീത്ത പറയാനുള്ള പരമ്പരകൾ കൂടി വേണ്ടിവരും. മാത്രവുമല്ല ഈ പിളർപ്പുകൾ പല കുടുംബങ്ങളിലും ആഴത്തിലുള്ള ശത്രുതയും സംഘർഷവും സൃഷ്ടിക്കാറുണ്ട്. പലപ്പോഴും ഒരേ വീട്ടിൽ തന്നെ സംഘടനാപരമായ അഭിപ്രായഭേദങ്ങൾ കുടിപ്പകയ്ക്കും വൈരാഗ്യത്തിനും നിമിത്തമാകാറുണ്ട്. ഒരു സമുദായത്തിന്റെ സമ്പത്തും ഊർജ്ജവും ഇങ്ങനെ ദുർവ്യയം ചെയ്യുന്നതിന്റെ അർത്ഥശൂന്യത ഇത്ര കാലമായിട്ടും മുസ്‌ലിം നേതൃത്വത്തിന് മനസ്സിലായിട്ടില്ല. സമ്പത്തും ഊർജ്ജവും ദുർവ്യയം ചെയ്യുന്നത് മാത്രമല്ല പ്രശ്‌നം. ഇത്തരം കലാപരിപാടികൾ ആളുകൾക്കിടയിൽ സൃഷ്ടിക്കുന്ന പരസ്പരവൈരവും വിദ്വേഷവും സ്‌നേഹത്തോടെ ജീവിക്കേണ്ട ഗ്രാമീണരെ പകയും പരപുച്ഛവും അഹന്തയും നിറഞ്ഞവരാക്കി മാറ്റുന്നു.
അമുസ്‌ലിംകളോട് മലപ്പുറത്തെ മുസ്‌ലിംകൾ കാണിക്കുന്ന മര്യാദകൾ മുസ്‌ലിം സംഘടനകൾ തമ്മിൽ തമ്മിൽ കൂടി കാണിക്കുകയാണെങ്കിൽ മലപ്പുറം എല്ലാ അർത്ഥത്തിലും ഒരു മാതൃകാജില്ലയായി മാറും! അതിനു പക്ഷെ ഒരു സാധ്യതയുമില്ല.
ശരിയായ ആത്മീയതയ്ക്ക് വ്യക്തികളിൽ സാംസ്‌കാരികോൽക്കർഷം പകരാൻ കഴിയും. സംഘടനാവൽക്കരിക്കപ്പെട്ട മതത്തിനാകട്ടെ വളരെ നല്ല മനുഷ്യരെപ്പോലും പിശാചിനോളം മോശമാക്കാനും. ഞാനിതിനെക്കുറിച്ചു പലരോടും ചോദിച്ചിട്ടുണ്ട്. ശരിയും തെറ്റും തമ്മിലുള്ള സംഘർഷത്തിൽ ശരിയുടെ ഭാഗത്തു നിൽക്കുമ്പോഴുള്ള സ്വാഭാവിക പരിണതിയായാണ് അവരൊക്കെ ഈ കലുഷാവസ്ഥയെ വിവരിക്കുക. ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾ മതത്തിലായാലും രാഷ്ട്രീയത്തിലായാലും മറ്റേതു മണ്ഡലത്തിലായാലും സംഗതമാണ്. പക്ഷെ അവ സുജനമര്യാദയോടെയും ജനാധിപത്യപരമായും കൈകാര്യം ചെയ്യുന്ന ഒരു രീതി തുടക്കം മുതലേ ശീലിച്ചിരുന്നുവെങ്കിൽ മലബാറിൽ സാമൂഹ്യകാലുഷ്യങ്ങൾ എത്രയോ കുറഞ്ഞേനേ. വഅള് പരമ്പരകളിൽ ഇരുഭാഗത്തും ഏറ്റവും ജനപ്രിയത ലഭിച്ചിരുന്നത് മറുപക്ഷത്തിനെതിരെ ഏറ്റവും രൂക്ഷവും തീക്ഷ്ണവുമായി ശകാരവർഷം നടത്താനും പരിഹാസപ്രയോഗങ്ങൾ വാരിയെറിയുവാനും മടിയില്ലാത്ത പ്രസംഗകർക്കായിരുന്നു.
ഇരുവിഭാഗങ്ങളും തമ്മിലുള്ള ഖണ്ഡനമണ്ഡനങ്ങളുടെ താനാളൂരിലെ ഏറ്റവും നിസ്സഹായരായ ഇരകളായി എനിക്ക് തോന്നിയിരുന്നത് അങ്ങാടിയുടെ തൊട്ടടുത്ത് താമസിക്കുന്ന പണിക്കർ കുടുംബമായിരുന്നു. മക്കളെ നന്നായി പഠിപ്പിക്കാൻ ഉത്സാഹം കാണിക്കുന്ന അവരുടെ ആത്യന്തിക സഹിഷ്ണുതയെക്കുറിച്ചു ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. വലിയ ശബ്ദത്തിൽ കോളാമ്പി കെട്ടി നടത്തുന്ന, വൈകീട്ട് ഏഴര മുതൽ രാത്രി പതിനൊന്നു മണി വരെ നീളുന്ന നെടുങ്കൻ പ്രസംഗ പരമ്പരകൾ മറുപടിയും മറുപടിയ്ക്കു "ചുട്ട' മറുപടിയുമായി ആഴ്ചകളോളം നീളും. രണ്ടു കിലോമീറ്റർ ദൂരത്തിലെങ്കിലും കേൾക്കാവുന്നത്ര ഉച്ചത്തിലാണ് ശബ്ദമുഖരിതമായ ഈ കലാപരിപാടി. ഇത് പരിസരപ്രദേശത്തുള്ള ഇതിലൊന്നും താല്പര്യമില്ലാത്ത മനുഷ്യരുടെ - വിശേഷിച്ചു മുസ്‌ലിങ്ങളല്ലാത്തവരുടെ - സ്വൈരം കെടുത്തുമെന്ന യാതൊരു കരുതലും ആർക്കുമില്ലായിരുന്നു. ഇത് നിരന്തരമായി സഹിച്ചിട്ടും മുസ്‌ലിം വിരോധത്തിന്റെ ലാഞ്ചന പോലുമില്ലെന്ന് മാത്രമല്ല, അടിയുറച്ച മതനിരപേക്ഷവാദികളായി ഇന്നും തുടരുന്ന പണിക്കർ കുടുംബത്തിലെ അംഗങ്ങളെയും മലപ്പുറത്തിന്റെ സാമൂഹികമായ ഇഴയടുപ്പത്തിന്റെ ഉദാഹരണങ്ങളായി വേണം കാണാൻ.
ആ കുടുംബത്തിലെ സഹോദരതുല്യനും സുഹൃത്തുമായ രാജശേഖരനോട് ഞാനിക്കാര്യം പലവുരു രസകരമായി ചർച്ച ചെയ്തിട്ടുണ്ട്. പൊതുവെ ശല്യമായിരുന്നെങ്കിലും വഅള് മസാലവിഷയങ്ങളിലാവുമ്പോൾ താൻ ആസ്വദിക്കാറുണ്ടായിരുന്നുവെന്ന് രാജശേഖരൻ തമാശയായി പറഞ്ഞു. അതോടൊപ്പം ഒരു കാര്യം ഉറപ്പിച്ചു പറയുകയും ചെയ്തു: "പക്ഷെ വർഗീയമായ എന്തെങ്കിലും പെരുമാറ്റം ഒരിക്കൽ പോലും അനുഭവിച്ചതായി ഞാനോർക്കുന്നില്ല.' ഒരു മലപ്പുറത്തുകാരനായതിന്റെ എല്ലാ അഭിമാനത്തോടെയുമാണ് അത് പറഞ്ഞത്.
രാജശേഖരൻ മസാലവഅളിനെക്കുറിച്ചു പരാമർശിച്ചപ്പോൾ ഞാനോർത്തത് അക്കാലത്തു ആരോ പറഞ്ഞ രസകരമായ ഒരു കഥയാണ്. തെക്കൻ കേരളത്തിൽ നിന്ന് വന്ന് മലപ്പുറത്തു ജോലി ചെയ്യുന്ന ഒരു സ്‌കൂൾ ടീച്ചർ സാമാന്യം ലൈംഗിക ഉള്ളടക്കം ധാരാളമുള്ള ഒരു വഅള് ഒരു രാത്രിയിൽ കേൾക്കാനിടയായി. അവർ മലബാറിൽ വന്ന് അവിടത്തെ രീതികൾ പരിചയിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. വഅള് കേട്ടതിന്റെ പിറ്റേ ദിവസം അവർ തന്റെ അയൽക്കാരിയോട് പറഞ്ഞു: "ഇന്നലത്തെ രാത്രിപ്രസംഗം കേട്ടപ്പോഴാണ് ഇതിനെ നിങ്ങളെല്ലാം വഷള് പരമ്പര എന്ന് വിളിക്കുന്നതിന്റെ കാരണം എനിക്ക് മനസ്സിലായത്!'.
വഅള് പരമ്പരകളെപ്പറ്റിയുള്ള മറ്റൊരു രസകരമായ കഥയുണ്ട്. "പിശാചിനെ എങ്ങനെ പിടിച്ചു കെട്ടാം' എന്ന വിഷയത്തിൽ പ്രസംഗം നടത്തി പേര് കേട്ട ഒരു മൗലവിയുണ്ടായിരുന്നു. റമദാൻ മാസത്തിലാണ് മൂപ്പർക്ക് ഏറ്റവും ഡിമാൻഡ്. പക്ഷെ ഒരു പ്രശ്‌നമുണ്ട്. വലിയൊരു തുകയും കാറും മറ്റു സൗകര്യങ്ങളുമൊക്കെ കിട്ടിയാലേ പിശാചിനെ പിടിച്ചു കെട്ടാൻ അദ്ദേഹം വരൂ. ഒരു ഗ്രാമത്തിലെ പള്ളിക്കമ്മിറ്റിക്ക് അദ്ദേഹത്തിന്റെ ഒരു പ്രസംഗം സംഘടിപ്പിക്കണമെന്ന് കടുത്ത മോഹം. സാമ്പത്തികശേഷി കുറഞ്ഞ കമ്മറ്റിയാണ്. കമ്മറ്റി സെക്രട്ടറി മൗലവിയുടെ ശിങ്കിടിയെ ഫോണിൽ ബന്ധപ്പെട്ടു. തിയ്യതിയും സമയവുമെല്ലാം മൗലവിയ്ക്ക് കുഴപ്പമില്ല, പക്ഷെ പൈസയുടെ കാര്യത്തിൽ ഒരു രൂപ കുറയില്ലെന്ന് ശിങ്കിടി കട്ടായം പറഞ്ഞു. കമ്മിറ്റി സെക്രട്ടറി പരമാവധി വിലപേശി നോക്കി. തങ്ങളുടേത് ഒരു ദരിദ്രഗ്രാമമാണെന്നും മൗലവിയുടെ പ്രസംഗം കേൾക്കാൻ നാട്ടുകാരെല്ലാം ആവേശത്തോടെ കാത്തിരിക്കുകയാണെന്നും ദീനിന്റെ കാര്യത്തിൽ ഇങ്ങനെ പണത്തിന്റെ കണക്ക് പറയുന്നത് ശരിയല്ലെന്നുമൊക്കെ വാദിച്ചു നോക്കി. ഒടുവിൽ എവിടെയുമെത്തുന്നില്ലെന്ന് കണ്ടപ്പോൾ അദ്ദേഹം നിസ്സഹായനായി പറഞ്ഞു: "പിശാചിനെ പിടിച്ചു കെട്ടണമെന്ന് നിർബന്ധമില്ല. അത് കൊണ്ടല്ലേ ഇത്രയും പൈസച്ചെലവ്. ഒന്ന് വിരട്ടി വിട്ടാലും മതി!'
മതങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെ കാര്യത്തിൽ മലപ്പുറത്തെ മാപ്പിളമാർ രാജ്യത്തിന് തന്നെ മാതൃകയാണ്. മതത്തിനുള്ളിലെ അവാന്തരവിഭാഗങ്ങൾ തമ്മിലുള്ള ബന്ധങ്ങളിലാകട്ടെ ലോകത്ത് മുസ്‌ലിങ്ങൾക്കിടയിൽ ഏറ്റവും കാലുഷ്യവും ശത്രുതയും പുലർത്തുന്നത് മലപ്പുറത്തെയും പൊതുവെ മലബാറിലെയും മാപ്പിളമാരാണെന്നത് വിശദീകരിക്കാൻ പ്രയാസമുള്ള ഒരു പ്രതിഭാസമാണ്. തെക്കൻ കേരളത്തിൽ ഇത്ര കാലുഷ്യം ഇല്ല. ഇത് മുജാഹിദ് സുന്നി വിഷയത്തിൽ മാത്രമല്ല. കാന്തപുരം - ഇ.കെ വിഭാഗങ്ങൾ തമ്മിൽ സുന്നികൾക്കിടയിലും പരസ്പരം തെറ്റിപ്പിരിഞ്ഞ വിവിധ മുജാഹിദ് വിഭാഗങ്ങൾക്കിടയിലുമെല്ലാം കടുത്ത ശത്രുതയുടെയും കാലുഷ്യത്തിന്റെയും വിസ്‌ഫോടനം കാണാറുണ്ട്. ഇവരെല്ലാം ജമാഅത്തെ ഇസ്‌ലാമിക്കാരോട് കാണിക്കുന്ന സമീപനവും സമാനമാണ്. ആശയപരമായി എനിക്ക് ജമാഅത്തെ ഇസ്‌ലാമിയോട് കടുത്ത അഭിപ്രായഭിന്നതയുണ്ട്. പക്ഷെ അവരുടെ പ്രസിദ്ധീകരണങ്ങളും പ്രസംഗകരും വിമർശനത്തിൽ കുറേക്കൂടി സംസ്‌കാരസമ്പന്നമായ ഭാഷ ഉപയോഗിക്കുന്നതായി തോന്നിയിട്ടുണ്ട്. സുന്നികളും മുജാഹിദുകളും പക്ഷെ അത് ജമാഅത്തെ ഇസ്‌ലാമിയുടെ കാപട്യമോ പുറംപൂച്ചോ ആണെന്ന് വാദിച്ചു കളയും.
ആന്തരികമായ ഈ കാലുഷ്യത്തിനും ഇതരമതസ്ഥരോടുള്ള മൈത്രീഭാവത്തിനും ചരിത്രപരമായ പല കാരണങ്ങളുണ്ട്. ഇതരമതങ്ങളോടുള്ള ആശയപരമായ വ്യത്യാസങ്ങൾ പൊതുവെ മാന്യവും സംസ്‌കാരസമ്പന്നവുമായാണ് എഴുത്തിലും പ്രസംഗത്തിലുമൊക്കെ കേരള മുസ്‌ലിങ്ങൾ പ്രകടിപ്പിക്കാറുള്ളത്. മീൻ പിടിക്കുന്നത് പോലെ അമുസ്‌ലിങ്ങളെ പിടിക്കാൻ നടക്കുന്ന സാക്കിർ നായ്ക്കിനെയും എം.എം അക്ബറിനെയും പോലുള്ള "സുവിശേഷകർ' പോലും പൊതുസംവാദങ്ങൾക്ക് ഉചിതമായ ഭാഷയും ശൈലിയുമാണ് സാമാന്യമായി ഉപയോഗിക്കാറുള്ളത്. അതേസമയം സമകാലികഭാരതത്തിൽ മറ്റു മതസ്ഥർക്കിടയിൽ മുസ്‌ലിം വിരോധം ആളിക്കത്തിക്കുന്നതിൽ ഇവരുടെ "സംസ്‌കാരസമ്പന്നമായ' ഭാഷയിലുള്ള "പ്രബോധന'പ്രഹസനങ്ങൾ വഹിച്ച പങ്ക് ചെറുതല്ല. മുസ്‌ലിം സംഘടനകൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാവട്ടെ ഏറ്റവും നിന്ദാകരവും പ്രതിപക്ഷബഹുമാനം തൊട്ടു തീണ്ടാത്തതുമായ ഭാഷയിലാണ് പൊതുവെ പ്രകടിപ്പിക്കാറുള്ളത്. ഇത് എഴുത്തിനെക്കുറിച്ചും പ്രസംഗത്തെക്കുറിച്ചും ഒരുപോലെ ശരിയാണ്. ഇത്തരം ഭാഷയും ശൈലിയും നിരന്തരമായി കേൾക്കുന്ന അണികൾ സ്വാഭാവികമായും വെറുപ്പിനും വിദ്വേഷത്തിനും വശംവദരാവും. അത് കൂടാതെ പള്ളികളും മദ്രസ്സകളുമായി ബന്ധപ്പെട്ടുടലെടുക്കുന്ന പതിറ്റാണ്ടുകളോളം നീളുന്ന കേസുകളും വഴക്കുകളും പകയും കലിയും തലമുറകളിൽ നിന്ന് തലമുറകളിലേക്ക് പടർത്തും.
മതസംഘടനകൾ തമ്മിലുള്ള സംവാദങ്ങളുടെ ഒരുദാഹരണം പറയാം. സുന്നി മുജാഹിദ് ഖണ്ഡനമണ്ഡനത്തിനിടയ്ക്ക് സുന്നി പ്രസംഗകൻ തന്റെ മുജാഹിദ് പ്രതിയോഗി "മാർക്കം കഴിച്ചിട്ടില്ലെ'ന്ന് ആരോപിക്കുന്നു. അയാൾ മുസ്‌ലിമേ അല്ലെന്നാണ് ഇപ്പറഞ്ഞതിന്റെ അർത്ഥം. ഒരാഴ്ച കഴിഞ്ഞു "ചുട്ട മറുപടി' കൊടുക്കവേ മുജാഹിദ് പ്രസംഗകന്റെ പ്രതികരണം ഇങ്ങനെ: "അതെങ്ങനെ നിങ്ങൾക്കറിയും മുസ്ലിയാരെ? ഞാൻ നിങ്ങളുടെ ദർസിൽ ഒരിക്കലും ഓതിയിട്ടില്ലല്ലോ?' (ഞാൻ നിങ്ങളുടെ വിദ്യാർത്ഥിയായി പള്ളിയിൽ താമസിച്ചു പഠിച്ചിട്ടില്ലെന്നർത്ഥം!) ഈ നിലവാരത്തിലായിരുന്നു "ആശയസംവാദങ്ങൾ'. ഇത്തരം വൈയക്തികാക്രമണങ്ങൾക്ക് പോകാതെ തികച്ചും മാന്യമായി സംവദിക്കുന്ന പ്രസംഗകരും എല്ലാ വിഭാഗങ്ങളിലുമുണ്ട്. പക്ഷെ അവർക്ക് ജനപ്രിയത കുറയും.
"ഞങ്ങളെ വെളക്ക് ഞങ്ങള് കട്ടാൽ ങ്ങക്കെന്താ കോൺഗ്രസ്സേ' എന്ന് സി.പി.ഐ.എമ്മുകാരും സി.പി.ഐക്കാരും ഒന്നിച്ചു മുദ്രാവാക്യം വിളിച്ച ഒരു കഥ കേട്ടിട്ടുണ്ട്. കമ്യുണിസ്റ്റ് പാർട്ടി പിളർന്ന കാലത്തു നടന്ന സംഭവമാണ്. ഇരുകക്ഷികളിലൊരു കൂട്ടർ രാത്രി പിളർപ്പിന്റെ കാരണങ്ങൾ വിശദീകരിക്കാൻ ഒരിടത്തൊരു യോഗം നടത്താൻ തീരുമാനിച്ചു. മുടക്കാൻ മറ്റേ കൂട്ടരും. യോഗം തുടങ്ങുന്നതിന്റെ തൊട്ടു മുമ്പ് അവർ വേദിയിൽ വച്ച പെട്രോമാക്‌സ് മോഷ്ടിച്ചു സ്ഥലം വിട്ടു. വെളിച്ചമില്ലാതെ യോഗം നടത്താൻ പറ്റില്ലല്ലോ. ഇതറിഞ്ഞ കോൺഗ്രസ്സുകാർ ഇരുകമ്യൂണിസ്റ്റ് പാർട്ടികളെയും കണക്കിന് പരിഹസിച്ചു. ശത്രുത തല്ക്കാലം മാറ്റിവച്ചു രണ്ടു കൂട്ടരുമൊരുമിച്ചു ബൂർഷ്വാ പാർട്ടിക്കെതിരിൽ പ്രകടനം നടത്തി. അപ്പോൾ വിളിച്ച മുദ്രാവാക്യമാണ് മുകളിൽ പരാമർശിച്ചത്. സമാനപ്രതികരണം ഈ കുറിപ്പിനും ലഭിക്കുമോ എന്തോ? പടച്ചോൻ കാക്കട്ടെ!