Photo: Madhyamam

എം.ടി. എന്ന അമ്പത്തിരണ്ടക്ഷരങ്ങളുടെ ചുരുക്കെഴുത്ത്

കലാകൗമുദിയിൽ 'അകം പുറം' എന്ന പംക്തി തുടങ്ങിയപ്പോൾ എംടിയെ വിമർശിച്ച് ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ 'നട്ടെല്ലിന്റെ നഷ്ടം' എന്ന ലേഖനം എഴുതിയതിന്റെ കുറ്റബോധം എന്നെ എത്രയോ കാലം വേട്ടയാടിയിരുന്നു. ഡൽഹിയിൽ വെച്ച് ഞാനതിന് മാപ്പു ചോദിച്ചപ്പോൾ നിസ്സംഗമായി അദ്ദേഹം പറഞ്ഞു: "അതൊന്നും സാരമില്ല. ജീവിതത്തിൽ ഇളം പ്രായത്തിൽ ചിലപ്പോൾ അങ്ങനെയൊക്കെ ആണ്," - ഷാജഹാൻ മാടമ്പാട്ട് എഴുതുന്നു…

എം.ടിയെക്കുറിച്ച് എന്തെഴുതിയാലും ക്ളീഷേ ആയിപ്പോകും. അതങ്ങനെയാണ്. അദ്ദേഹത്തെക്കുറിച്ച് എല്ലാവരും പറയുകയും എഴുതുകയും ചെയ്തു. പുതുതായി എന്ത് പറയാനാണ്? ഹിമാലയപർവ്വതത്തെക്കുറിച്ച് നവ്യമൗലികമായി ഇനിയെന്താണ് പറയാനാവുക? ജാതിമതരാഷ്ട്രീയഭേദമന്യെ, വിഭാജകമായ എല്ലാ അതിരുകൾക്കുമപ്പുറം, മലയാളി കണ്ണീരോടെ യാത്ര അയക്കുന്ന അവസാനത്തെ മനുഷ്യനാണ് എംടി. അവസാനത്തെ മലയാളി എന്നും പറയാം. മുമ്പൊരിക്കൽ, കലാകൗമുദിയിൽ 'അകം പുറം' എന്ന പംക്തി തുടങ്ങിയപ്പോൾ എംടിയെ വിമർശിച്ച് ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ 'നട്ടെല്ലിന്റെ നഷ്ടം' എന്ന ലേഖനം എഴുതിയതിന്റെ കുറ്റബോധം എന്നെ എത്രയോ കാലം വേട്ടയാടിയിരുന്നു. ഡൽഹിയിൽ വെച്ച് ഞാനതിന് മാപ്പു ചോദിച്ചപ്പോൾ നിസ്സംഗമായി അദ്ദേഹം പറഞ്ഞു: "അതൊന്നും സാരമില്ല. ജീവിതത്തിൽ ഇളം പ്രായത്തിൽ ചിലപ്പോൾ അങ്ങനെയൊക്കെ ആണ്."

മലയാളസംസ്കാരത്തിലെ ഏറ്റവും ഉന്നതശീർഷനായ നവോത്ഥാനവ്യക്തിത്വമായിരുന്നു എംടി. Renaissance Man എന്ന വാക്കിന് വിവിധമേഖലകളിൽ അറിവും കഴിവുമുള്ള ആൾ എന്നാണർത്ഥം. ആ വിശേഷണത്തിന് സർവഥാ യോഗ്യരായ ആളുകൾ നമ്മുടെ നാട്ടിൽ വിരളമാണ്. സാഹിത്യം, സിനിമ, പത്രാധിപത്യം തുടങ്ങി കൈവച്ച എല്ലാ മണ്ഡലങ്ങളിലും മുഖമുദ്ര പതിപ്പിച്ച എന്നാൽ ആത്മരതിയുടെ ലാഞ്ചനയുള്ള ഒരു വാക്ക് പോലും എഴുതുകയോ പറയുകയോ ചെയ്യാതെ ജീവിച്ച, അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും (ആ വാക്കിന്റെ ജാതിധ്വനി അവഗണിച്ച് വായിക്കുക) ആൾരൂപമായിരുന്ന ഒരു വലിയ മനുഷ്യൻ.

എംടി എന്നത് രണ്ടക്ഷങ്ങളായിരുന്നില്ല. അമ്പത്തിരണ്ടക്ഷരങ്ങൾ  തികച്ചുമായിരുന്നു. അമ്പത്തിരണ്ടക്ഷരങ്ങളുടെ ചുരുക്കെഴുത്തായിരുന്നു ആ  രണ്ടക്ഷരനാമം.
എംടി എന്നത് രണ്ടക്ഷങ്ങളായിരുന്നില്ല. അമ്പത്തിരണ്ടക്ഷരങ്ങൾ തികച്ചുമായിരുന്നു. അമ്പത്തിരണ്ടക്ഷരങ്ങളുടെ ചുരുക്കെഴുത്തായിരുന്നു ആ രണ്ടക്ഷരനാമം.

തല ഉയർത്തി മാത്രം നിന്ന, നട്ടെല്ല് വളയാതെ മാത്രം നടന്ന, വിരൽത്തുമ്പിൽ നിന്ന് സർഗ്ഗമാന്ത്രികതയുടെ പുഴയൊഴുക്കിയ, ജീവിതസായാഹ്നത്തിലും തന്റെ നാട്ടിൽ ശക്തിപ്പെടുന്ന വർഗീയതയിലും സ്വേച്ഛാധിപത്യപ്രവണതകളിലും ആധികൊള്ളുകയും അത് ധീരമായി പ്രകടിപ്പിക്കുകയും ചെയ്ത മഹാമനീഷി. ഇങ്ങനെയൊരു മനുഷ്യൻ കടന്നുപോകുമ്പോൾ ആ മരണത്തോട് പോലും നാം നന്ദി പറയണം. വിഭാജകഭാവങ്ങളേതുമില്ലാതെ ദുഖിക്കാനും ഒരു ജനതയെന്ന നിലയ്ക്ക് ഒന്നടങ്കം വിലപിക്കാനും നമുക്കദ്ദേഹം സ്വന്തം മരണം പോലും തന്നില്ലേ? അതിലും കൂടുതൽ ഒരാൾക്ക് സ്വന്തം സംസ്കാരത്തിന് എന്ത് സമ്മാനമാണ് നല്കാനാവുക?

എംടി എന്നത് രണ്ടക്ഷങ്ങളായിരുന്നില്ല. അമ്പത്തിരണ്ടക്ഷരങ്ങൾ തികച്ചുമായിരുന്നു. അമ്പത്തിരണ്ടക്ഷരങ്ങളുടെ ചുരുക്കെഴുത്തായിരുന്നു ആ രണ്ടക്ഷരനാമം. നാലുകെട്ടുകളുടെ കുഴമ്പുമണത്തെ മനുഷ്യാവസ്ഥയുടെ പൊതുഅനുഭവങ്ങളോട് കണ്ണിചേർത്ത എഴുത്തുകാരൻ. നാലുകെട്ട് ആദ്യം വായിച്ചപ്പോൾ ഞാനൊരു പ്രീഡിഗ്രി വിദ്യാർത്ഥിയാണ്. അസുരവിത്തും കാലവുമൊക്കെ ആ പ്രായത്തിൽ തന്നെയാണ് ഹരംപിടിച്ച് വായിച്ചത്. ആ മനുഷ്യന്റെ ആത്മസുഹൃത്തും സർഗ്ഗപങ്കാളിയുമായ (ഇപ്പോൾ സ്വർഗ്ഗപങ്കാളി കൂടിയാകുന്ന) എൻപി മുഹമ്മദെന്ന അപൂർവധിഷണാശാലിയെ പരിചയപ്പെടുന്നതും വല്ലാതെ ആഴത്തിൽ അടുക്കുന്നതും അത് കഴിഞ്ഞ് ഒരു പതിറ്റാണ്ടോളം കഴിഞ്ഞാണ്. എൻപി എംടിയെക്കുറിച്ച് പറയുമ്പോഴാണ് മനുഷ്യന് മനുഷ്യനോട് ഇത്രയേറെ ഇഴയടുപ്പം കഴിയുമോ എന്ന് ഒട്ടൊരു അസൂയയോടെ വിസ്മയിച്ചത്.

'വാസു' എൻപിയ്ക്ക് കടലാഴമുള്ള 'ചങ്കാ'യിരുന്നു. പ്രത്യക്ഷത്തിൽ പരുക്കനായ എൻപി, എംടിയെപ്പറ്റി പറയുമ്പോൾ അലിവാർന്ന ഒരു ഭാവത്തിലേക്ക് പൊടുന്നനെ പരിണമിക്കും. നേരിട്ട് എനിക്ക് എംടിയുമായി വല്ലപ്പോഴും കാണുന്ന പരിചയം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ എൻപിയുമായി ചെലവഴിച്ച അവസരങ്ങളൊക്കെ ഔചിത്യബോധം തീരെയില്ലാതെ ഞാൻ മലയാളസംസ്കാരത്തിലെ ഏറ്റവും മിഴിവാർന്ന ആ കൂട്ടിനെക്കുറിച്ച് കൂടുതൽ കൂടുതൽ ചോദിക്കും. എംടിയും എൻപിയും തിക്കോടിയനും പട്ടത്തുവിളയുമൊക്കെ കോഴിക്കോട് നഗരത്തിൽ നടന്നുതീർത്ത, ഇരുന്നുതീർത്ത എത്രയെത്ര സായാഹ്നങ്ങളാണ് ആ സംഭാഷണങ്ങളിൽ കടന്നുവന്നിരുന്നത്. എംടിയിൽ നിന്ന് ശ്ലാഘയുടെ നേർത്ത ഒരു വാക്ക് ഒരിക്കൽ കേട്ടതും എൻപി മൂലം തന്നെ. എൻപിയുടെ 'ഹിരണ്യകശിപു' ഡിസി ബുക്സ് നോവൽ കാർണിവൽ സീരീസിൽ പ്രസിദ്ധീകരിച്ചപ്പോൾ ഞാനതിന് അവതാരിക എഴുതിയിരുന്നു. ഒരിക്കൽ അജ്മാനിൽ വച്ച് എംടിയെ കണ്ടപ്പോൾ അത് സംഭാഷണത്തിൽ കടന്നുവന്നു. ‘നന്നായിരുന്നു അത്’ എന്ന് അല്പം പിശുക്കോടെ എംടി പറഞ്ഞപ്പോൾ പുളകം കൊണ്ടത് ഇന്നും നിറവോടെ ഓർക്കുന്നു.

ഏകദേശം പതിമൂന്ന് കൊല്ലം മുമ്പൊരിക്കൽ പ്രിയപ്പെട്ട എം മുകുന്ദനും ഭാര്യ ശ്രീജ ചേച്ചിയും അബുദാബിയിൽ വന്നു. നാലഞ്ചുദിവസം അവരെ യുഎഇയിലെ പല സ്ഥലങ്ങളിൽ കൊണ്ടുപോയി. എവിടെ പോയാലും മലയാളികൾ കൂട്ടമായി വന്നു അദ്ദേഹത്തെ പൊതിയും. അൽ അയിനിൽ നിന്ന് തിരിച്ചുവരുമ്പോൾ അന്നേഴ്‌ വയസ്സ് പ്രായമുണ്ടായിരുന്ന എന്റെ മകൾ ഫറാഷ ചോദിച്ചു: "ഉപ്പച്ചിയുടെ പുസ്തകങ്ങളിലും പടമുണ്ട്. മുകുന്ദനങ്കിളിന്റെ പുസ്തകങ്ങളിലും അദ്ദേഹത്തിന്റെ പടമുണ്ട്. പക്ഷെ ഉപ്പച്ചിയെ ആരും ഇതുപോലെ തിരിച്ചറിയുന്നില്ലല്ലോ. അതെന്താ?" കാറിൽ പടർന്ന കൂട്ടച്ചിരിക്കിടയിൽ ഏഴുവയസ്സുകാരിക്ക് കൊടുക്കാവുന്ന വിശദീകരണം ഞാൻ കൊടുത്തു. അതുകഴിഞ്ഞു രണ്ടുമാസം കഴിഞ്ഞു ഞങ്ങൾ നാട്ടിൽ പോയി. തിരൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് പോകാൻ തീവണ്ടിയിൽ കയറിയപ്പോൾ ഞങ്ങളുടെ അതേ കംപാർട്ട്‌മെന്റിൽ എംടിയുമുണ്ട്. ഞങ്ങൾ സംസാരിക്കുന്നതിനിടയിൽ ഫറാഷ ഓടിവന്നു. ഞാൻ എംടിയെ മലയാളത്തിലെ Great writer എന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. ഉടനെ വന്നു അവളുടെ ചോദ്യം. "Is he a greater writer than Mukundan uncle?" അത് കേട്ട് പൊതുവെ ചിരിക്കാത്ത എംടി മന്ദസ്മിതം തൂകി!

'വാസു' എൻപിയ്ക്ക് കടലാഴമുള്ള 'ചങ്കാ'യിരുന്നു. പ്രത്യക്ഷത്തിൽ പരുക്കനായ  എൻപി, എംടിയെപ്പറ്റി പറയുമ്പോൾ അലിവാർന്ന ഒരു ഭാവത്തിലേക്ക് പൊടുന്നനെ  പരിണമിക്കും.
'വാസു' എൻപിയ്ക്ക് കടലാഴമുള്ള 'ചങ്കാ'യിരുന്നു. പ്രത്യക്ഷത്തിൽ പരുക്കനായ എൻപി, എംടിയെപ്പറ്റി പറയുമ്പോൾ അലിവാർന്ന ഒരു ഭാവത്തിലേക്ക് പൊടുന്നനെ പരിണമിക്കും.

കേന്ദ്ര സാഹിത്യ അക്കാദമിയിൽ എംടി സ്ഫുടവും മനോഹരവുമായ ആംഗലഭാഷയിൽ നടത്തിയ പ്രഭാഷണങ്ങൾ കേട്ടപ്പോഴാണ് അദ്ദേഹത്തിന്റെ വായനയുടെ ആഴം ഭാഷയിൽ പ്രതിഫലിക്കുന്നതിന്റെ അത്ഭുതം നേരിട്ടനുഭവിച്ചത്. ലോകസാഹിത്യത്തിന്റെ ഹൃദയത്തിലേക്ക് ശ്രോതാക്കളെ കൊണ്ടുപോകുന്ന അത്തരം അനുഭവങ്ങൾ അപൂർവമാണ്. ഘനഗംഭീരമായ വാചാലമൗനവും ആറ്റിക്കുറുക്കിയെടുത്ത വാക്കുകളുടെ അർത്ഥപൂർണതയും ഇത്രയേറെ സമഞ്ജസമായി സമ്മേളിച്ചത് മറ്റധികം എഴുത്തുകാരിൽ കാണാനാവില്ല. ഇന്നദ്ദേഹം മണ്ണോട് ചേരുമ്പോൾ ഇപ്പോൾ ശിഥിലമായിക്കൊണ്ടേയിരിക്കുന്ന നമ്മുടെ സംസ്കാരത്തിന്റെ ഉൽഗ്രഥിതഭാവത്തെ പൂർണമായും പ്രതീകവൽക്കരിക്കുകയും പ്രതിനിധീകരിക്കുകയും ചെയ്ത ഒരു ചരിത്രാധ്യായമാണ് അവസാനിക്കുന്നത്.

വിട പ്രിയപ്പെട്ട എഴുത്തുകാരാ!


Summary: Shajahan Madampat on MT Vasudevan Nair's books writings and movies.


ഷാജഹാൻ മാടമ്പാട്ട്​

സാംസ്​കാരിക വിമർശകൻ, കോളമിസ്​റ്റ്​. ഇംഗ്ലീഷിലും മലയാളത്തിലും എഴുതുന്നു. ധിഷണയും വെളിപാടും, ജെ.എൻ.യുവിലെ ചുവർ ചിത്രങ്ങൾ, God is Neither a Khomeini nor a Mohan Bhagwat: Writings against Zealotryഎന്നിവ പ്രധാന കൃതികൾ

Comments