ജോയ്​ രാഗം

വലതു കൈ വിരലുകൾ മാത്രം നന്നായി പ്രവർത്തിക്കുന്നു. ഓരോ പാട്ടിന്റെ കാര്യം പറയുമ്പോഴും വായുവിലുള്ള അദൃശ്യമായ അക്കോർഡിയൻ കട്ടകളിൽ ആ വിരലുകളോടുന്നുണ്ട്. കണ്ണിൽനിന്ന് നിലയ്ക്കാതെ കണ്ണീരൊഴുകുന്നു. അത് കണ്ടുനിൽക്കാനാവാതെ ഞാനിറങ്ങിപ്പോന്നു...കാൽനൂറ്റാണ്ട്​ ദക്ഷിണേന്ത്യൻ സിനിമ സംഗീതത്തെ ഹൃദയത്തിലേറ്റിയ ഒരു സംഗീതസംവിധായകന്റെ അപൂർവ ജീവിതം പകർത്തുകയാണ്​, ആരാധകനും അടുത്ത സുഹൃത്തുമായ ലേഖകൻ

ഞ്ചിക്കണ്ടങ്ങളിൽ മാരനിഞ്ചി വിളഞ്ഞുമുറ്റി. മൂന്നാലാണുങ്ങൾ ചേർന്ന് കിളച്ചു പിഴുത് ചായ്പ്പിൽ കൂട്ടിയിട്ട ഇഞ്ചിക്കൂനകൾക്കു ചുറ്റുമിരുന്ന്‌ ആ ചെറുപ്പക്കാരികൾ ഇഞ്ചി ചെരണ്ടി. വെയിലിൽ വെന്ത ചെരിവുപാറകളിൽ നിരത്തിയുണക്കി ചുക്ക് ആക്കാൻവേണ്ടി കൈപ്പിച്ചാത്തികൊണ്ട് ഇഞ്ചിത്തോൽ ചുരണ്ടിക്കളയുന്ന പണിയാണ് ഇഞ്ചി ചെരണ്ടൽ. ഒട്ടും എളുപ്പമല്ല. കത്തിയെത്താത്ത ഇടുക്കുകളും മുഴമുട്ടുകളുമുള്ള ഇഞ്ചിപ്പാവ് ഒടിയാതെ ചുരണ്ടി എടുക്കണം. പണിയുടെ പാടും മുഷിച്ചിലും മറക്കാൻ പെണ്ണുങ്ങൾ പാട്ടുപാടി. കൊച്ചുവർത്തമാനം പറഞ്ഞു. ഇഞ്ചിമണത്തിൽ അമർന്നിരുന്ന് അവർ പറഞ്ഞത് നാട്ടിലെ ചില സുന്ദരന്മാരുടെ രഹസ്യക്കഥകളാണ്. "ഞാനൊന്നും കേട്ടില്ലേ' എന്ന ഭാവത്തിൽ പത്തുപതിനൊന്നു വയസ്സായ ഞാൻ അവിടെ ചുറ്റിപ്പറ്റിനിന്ന് എല്ലാം പിടിച്ചെടുക്കുന്നത് അവരറിയുന്നേയില്ല! നാലുമണി കഴിഞ്ഞുകാണണം. ആകാശം മൂടി നവംബർ മഴ കനത്തു. കൂട്ടത്തിൽ കാണാൻ ചന്തമുള്ള തോപ്പിൽ തങ്കമ്മ ഉറക്കെപ്പാടി. "മഴ പെയ്തു പെയ്തു മണ്ണു കുളിർത്തു, മല്ലീശരൻ അമ്പെയ്‌തെൻ മനം കുളിർത്തു... ഓർമ്മവെച്ച നാൾ മുതൽ ഇന്നോളമെന്നുടെ ഓർമ്മയിലെന്നെന്നും ചേട്ടനല്ലേ...’ പൊടുപൊടുത്ത മഴയിൽ നനഞ്ഞ് ഇഞ്ചി കിള നിർത്തി ചായ്പ്പിലേക്ക്‌ ഓടിക്കയറിയ പാളക്കുളം തോമ്മാ ഉടുപ്പിടാത്ത കറുത്ത ദേഹം അമർത്തിത്തോർത്തി ആ പാട്ടിന്റെ ബാക്കി പാടി. "ഓർത്തിരിക്കും നിന്നെ മാത്രം ഈ സന്ധ്യയിൽ... ഓമനേ നീയെന്റെ സ്വന്തമല്ലേ...’ കെ.ജെ. ജോയ് ഈണം കൊടുത്ത് ജയചന്ദ്രനും സുശീലയും പാടിയ ആ പാട്ട് കേൾക്കാത്തവരായി അന്നാട്ടിൽ ആരും ഉണ്ടായിരുന്നില്ല. എനിക്കാണെങ്കിൽ കെ.ജെ. ജോയ് എന്ന പേരും അദ്ദേഹത്തിന്റെ പാട്ടുകളും ഹരമായി മാറിയിട്ട് ചില വർഷങ്ങളായിരുന്നു. ഏഴോ എട്ടോ വയസ്സുള്ള സമയത്താണ് "മധുരം തിരുമധുരം' എന്നൊരു പാട്ട് ആദ്യമായി റേഡിയോയിൽ കേൾക്കുന്നത്. പറഞ്ഞറിയിക്കാനാവാത്ത ഒരടുപ്പം തോന്നി ആ പാട്ടിനോട്. പല്ലവിയുടെ അവസാനത്തിൽ സ്ത്രീ ശബ്ദത്തിലുള്ള ആ ഒരു മൂളൽ. അതുകേൾക്കുമ്പോഴൊക്കെ ചങ്കിലെവിടെയോ നേർത്ത വിങ്ങൽ വരും. യേശുദാസും വസന്തയും ചേർന്നുപാടിയ ആ പാട്ട് ലവ് ലെറ്റർ എന്ന സിനിമയിലേതായിരുന്നു.

അതേ സിനിമയിൽ "തലതിരിഞ്ഞൊരു വല്യമ്മേ തലതെറിച്ചൊരു മോളുണ്ടോ?' എന്ന വരിയൊക്കെ വരുന്ന "കാമുകിമാരേ കന്യകമാരേ' എന്നൊരു തമാശപ്പാട്ടും ഉണ്ടായിരുന്നു. അതും ഇഷ്ടമായി. പ്രത്യേകിച്ചും ആപ്പാട്ടിൽ ഉടനീളമുള്ള "അക്വേറിയം' സംഗീതം.

ഇതുവരെ കേൾക്കാത്ത സ്വരം

അടയാളത്തണ്ടിന്റെ ചരിവിലുള്ള പെന്തക്കോസ്ത് പള്ളിയിൽ പാടിയും പ്രസംഗിച്ചും ആളുകൂട്ടാൻ വന്ന ഒരു സായിപ്പിന്റെ കയ്യിലാണ് മധുര സംഗീതം പൊഴിക്കുന്ന "അക്വേറിയം' ആദ്യമായിക്കാണുന്നത്. മിനുത്ത ചുവപ്പും വെളുപ്പും നിറത്തിൽ "അറുമൂണി' തലകുത്തനെ പിടിച്ചപോലെയുള്ള രൂപമായിരുന്നു അതിന്റേത്. പക്ഷെ അതിന്റെ കട്ടകൾക്ക് കാരപ്പാട്ട് വീട്ടിലുള്ള അറുമൂണിയുടെ കട്ടകളേക്കാൾ നല്ല വലുപ്പം. ശബ്ദവും അറുമൂണിയുടേതല്ല. അതിന്റെ കാറ്റൂതും തുരുത്തി മാലാഖകൾ ചിറക് വിരിക്കുന്നതുപോലെ വലിച്ചു ചുരുക്കുമ്പോൾ വേറേതോ ലോകത്തുനിന്നുള്ള അത്ഭുത സംഗീതമാണ് കേൾക്കുന്നത്. "അക്വേറിയം' എന്നാണ് ആ ഉപകരണത്തിന്റെ പേര് എന്ന് പറഞ്ഞു തന്നത് കുന്നിൽ ചെല്ലപ്പനാണ്. അത് അക്വേറിയമല്ല അക്കോർഡിയനാണെന്നും കാരപ്പാട്ടെ സംഗീതോപകരണത്തിന് അറുമൂണിയെന്നല്ല ഹാർമോണിയം എന്നാണ് പറയേണ്ടതെന്നും വൈകാതെ തിരിച്ചറിഞ്ഞു. പക്ഷെ അക്കോർഡിയൻ സംഗീതം നിറഞ്ഞു കിടന്ന കെ.ജെ. ജോയിയുടെ "കാമുകിമാരേ കന്യകമാരേ' വെറുമൊരു തമാശപ്പാട്ടായിരുന്നില്ല എന്നു മനസിലാക്കാൻ വർഷങ്ങളെടുത്തു.

മുറപ്രകാരം താൻ പഠിച്ചിട്ടില്ലാത്ത ഹിന്ദുസ്ഥാനി, ഗസൽ, കവ്വാലി, വെസ്റ്റേൺ ക്ലാസ്സിക്കൽ, ജാസ്, കോറൽ മ്യൂസിക്, കർണാട്ടിക് എന്നിവയുടെ ചേർക്കലിലൂടെ അന്തംവിട്ട ചില പുതിയ ആശയങ്ങളാണ് ജോയ് മുന്നോട്ട് വെച്ചത്. അവയിലൂടെയാണ് മലയാള സിനിമാ സംഗീതത്തിന്റെ മുഖഛായ മാറ്റിമറിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതും

"വീണയിൽ പാടുന്ന മുത്തച്ഛാ, കേൾക്കാത്ത സ്വരങ്ങളിലെ പാടാത്ത പാട്ടുകൾ കേട്ടാട്ടെ...' താൻ ആദ്യമായി ഈണം കൊടുത്ത ആ പാട്ടിലൂടെ "നിങ്ങൾ ഇതുവരെക്കേൾക്കാത്ത സ്വരങ്ങളും ഇതുവരെപ്പാടാത്ത പാട്ടുകളുമായി ഇതാ ഞാൻ വരുന്നു' എന്ന് പ്രഖ്യാപിക്കുക തന്നെയായിരുന്നു കെ.ജെ. ജോയ്.

ചന്ദനച്ചോല സിനിമയിലെ കെ.ജെ. ജോയിയുടെ പാട്ടുകൾ നാടുമുഴുവൻ തകർത്തു പൊടിവാരുന്ന കാലം. വേനലവധിക്കാലത്ത് അക്കരെക്കാരുടെ വീട്ടിൽ വിരുന്നുകാരനായി വന്നതാണ് തട്ടേക്കണ്ണി ജോസ്. പത്തുപതിനാറ് വയസേ ഉള്ളെങ്കിലും കൊടിമൂത്ത പാട്ട് പ്രാന്തൻ. തരക്കേടില്ലാതെ പാടുകയും ചെയ്യും.

കെ.ജെ ജോയ്

അക്കരെപ്പറമ്പിലെ മാനം മുട്ടുന്ന കാനമാവിന്റെ തെല്ലത്ത് വലിഞ്ഞുകേറി അവിടെക്കെട്ടിയ മൈക്ക് കോളാമ്പിയായി സ്വയം സങ്കൽപ്പിച്ച് ജോസ് പാടിത്തകർത്തു. "ബിന്ദൂ നീ ആനന്ദ ബിന്ദുവോ..’, ‘ഒരുനോക്ക് കണ്ടോട്ടേ... കിളീ...ക്കൊഞ്ചൽ കേട്ടോട്ടേ... ഞാനെന്നെ മറന്നോട്ടെ... ആതിരാ കുളീ...രൊളീ... തെന്നലേ... '. പെട്ടെന്ന് എന്നിലെ ഭാഷാ സ്‌നേഹി തലപൊക്കി. "എന്തിനാ "കിളീ...ക്കൊഞ്ചൽ' "കുളീ...രൊളീ എന്നൊക്കെ പറേന്നെ? അതു തെറ്റല്ലേ?'. ജോസിന് ദേഷ്യം. "എന്തോന്നു തെറ്റ്? കുളിരോ പുളിരോ എന്തവേലും ആട്ട്. നീയാപ്പാട്ടിന്റെ രീതി കേട്ടോ? പാട്ടിനാത്ത് രീതി നല്ലതാന്നോന്ന് നോക്കിയാപ്പോരായോ?' ജോസ് അടുത്ത പാട്ട് പാടാൻ തുടങ്ങി. ഹൃദയം മറന്നൂ നാണയത്തുട്ടിന്റെ കിലുകിലാ ശബ്ദത്തിൽ...'. ആ പാട്ടിനു മുമ്പിൽ ഞാൻ മൗനിയായിപ്പോകും. ഏതോ മായാജാലക്കാരന്റെ പാട്ടാണത്. വരികളും വാക്കുകളും ഒന്നും പ്രശ്നമല്ല. ആ... ആ... എന്ന ആദ്യത്തെ ആലാപനം കഴിഞ്ഞയുടൻ വരുന്ന ഉപകരണ സംഗീതം ഒന്നുമാത്രം മതിയല്ലോ! പാട്ടിൽ ഒരിടത്തു മാത്രമേ അത് വരികയുള്ളു. വീണ്ടും അതൊന്ന് കേൾക്കാൻ ആശിച്ച് എത്രയോ ദിവസങ്ങൾ റേഡിയോയ്ക്ക് മുമ്പിൽ കുത്തിയിരുന്നിട്ടുണ്ട്. ആ പാട്ടിലെ ചിലയിടങ്ങളിൽ കണ്ണുനിറയാതെ പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടിയിട്ടുണ്ടെങ്കിലും കരയിച്ചതിനേക്കാൾ ഒത്തിരിയേറെ എന്നെ സന്തോഷിപ്പിച്ച സംഗീതമാണ് കെ. ജെ. ജോയിയുടേത്. പറഞ്ഞറിയിക്കാനാവാത്ത ഊർജ്ജവും ഉത്സാഹവും അദ്ദേഹത്തിന്റെ പാട്ടുകൾ എനിക്ക് തന്നു. ചന്ദനച്ചോലയിലെ ‘മണിയൻ ചെട്ടിക്ക് മണി മിഠായി' എന്ന പാട്ടിലെ "ആരോഗ്യ സാമിക്ക് റബ്ബറ് മുട്ടായി' കേട്ട് ചിരിച്ച് മറിയാത്ത കുട്ടികൾ അക്കാലത്ത് ഉണ്ടായിരുന്നിരിക്കുമോ?

കുഞ്ഞുങ്ങളേ... പെണ്ണുങ്ങളേ...

അക്കൊല്ലം അടയാളത്തണ്ട് അമ്പലത്തിലെ കുംഭഭരണിക്ക് ഒരു തട്ടിക്കൂട്ട് ഗാനമേളയുണ്ടായിരുന്നു. ഭജന പാടാൻ ഇരിക്കുന്നതുപോലെ തറയിലിരുന്ന് പാടുന്ന ഒരു ചെറുകിട പരിപാടി. പ്രധാന പരിപാടിയായ നാടകം തുടങ്ങുന്നതുവരെയാണ്. "ജബ് ദീപ് ജലേ ആനാ' തുടങ്ങിയ യേശുദാസിന്റെ പേരുകേട്ട ചില ഹിന്ദിപ്പാട്ടുകളും വേഗം കുറഞ്ഞ ചില മലയാളം പാട്ടുകളുമൊക്കെ പാടി നാട്ടിലെ നല്ല പാട്ടുകാരൻ കാഞ്ഞാൻകുളം ജോർജ്ജുകുട്ടി കത്തി നിൽക്കുകയാണ്. ഞങ്ങളുടെ ഗ്രാമത്തിലെ ഒരു വീട്ടിൽ വിരുന്നുകാരനായി വന്ന മൂഴൂർ തങ്കച്ചൻ എന്നയാൾ വേദിയിലേക്ക് കയറി. വാദ്യക്കാരുമായി അല്പനേരം കുശുകുശുത്ത ശേഷം അദ്ദേഹമൊരു പാട്ടു പാടാൻ തുടങ്ങി.

ജോയേട്ടനെ കണ്ടിട്ട് പുറത്തിറങ്ങിയ എസ്. പി. ബി എന്നെ വിളിച്ച് പറഞ്ഞു, "ഞാനും ജോയും തമ്മിൽ 1968 മുതലുള്ള ബന്ധമാണ്. അദ്ദേഹത്തിന്റെ അവസ്ഥ ഇത്ര മോശമാണെന്ന് കരുതിയില്ല

"കുഞ്ഞുങ്ങളേ... പെണ്ണുങ്ങളേ... വന്നാട്ടെ വന്നാട്ടെ, തലകുലുക്കും ബൊമ്മ കണ്ണടിക്കും ബൊമ്മ...' ആരാധന എന്ന സിനിമയ്ക്കുവേണ്ടി കെ.ജെ. ജോയ് ഈണം നൽകി ജയചന്ദ്രൻ പാടിയ താളവേഗമുള്ള ആ പാട്ട് തങ്കച്ചൻ തകർത്തു. ഒറ്റപ്പാട്ടുകൊണ്ട് വേദിയിൽ അതുവരെപ്പാടിയ എല്ലാപ്പാട്ടുകളെയും അയാൾ ഇല്ലാതാക്കി. താനും അന്ന് കെ.ജെ. ജോയിയുടെ പാട്ടുകൾ പാടിയിരുന്നെങ്കിൽ കൂടുതൽ "എറിച്ചേനേ' എന്ന് പിന്നീട് ജോർജ്ജുകുട്ടി പരിതപിച്ചതായി അയാളുടെ അനിയൻ വിൻസെന്റ് പറഞ്ഞു. വിൻസെന്റും ജോയിപ്പാട്ടുകളുടെ ആരാധകനായിരുന്നു. ആരാധനയിലെ "പൊൻതാമരകൾ', "താളം താളത്തിൽ താളമിടും' എന്നിവയും പിന്നെ ഒരാൾക്കും എളുപ്പത്തിൽ പാടാൻ പറ്റാത്ത "മധുമലർ താലമേന്തും ഹേമന്ത'വും (പടം: പപ്പു) ആയിരുന്നു അവന്റെ പ്രിയപ്പെട്ട പാട്ടുകൾ. എനിക്കാണെങ്കിൽ ആരാധനയിലെ ആർദ്രമായ "ആരാരോ ആരിരാരോ അച്ഛന്റെ മോൾ' കേൾക്കുമ്പോൾ ഇത്രയ്ക്കൊക്കെ സ്നേഹമുള്ള അച്ഛനും അമ്മയും ഈ ഭൂമിയിൽ ഉണ്ടാകുമോ എന്ന് സംശയം തോന്നും. ആവക സ്നേഹമൊന്നും നമുക്ക് കിട്ടിയിട്ടില്ലല്ലോ.

എട്ടാംതരത്തിൽ പഠിക്കാൻവേണ്ടി എട്ടൊമ്പതു നാഴിക ദൂരെയുള്ള പള്ളിവക പള്ളിക്കൂടത്തിൽ ആദ്യ ദിവസം ചെന്നുകയറുമ്പോൾ അവിടെ ഇവൻ എന്റെ പ്രിയ പുത്രൻ എന്ന സിനിമയിലെ "ഈ ജീവിതമൊരു പാരാവാരം' എന്ന കെ.ജെ. ജോയ് പാട്ട് മുഴങ്ങുന്നു! ഇടവേളകളിൽ റെക്കോഡ് വെയ്ക്കുന്ന പതിവ് ആ പള്ളിക്കൂടത്തിൽ ഉണ്ടായിരുന്നു. അക്കാലത്ത് വീട്ടിലുണ്ടായിരുന്ന പലവിധ പ്രശ്നങ്ങളാൽ സദാ ദുഃഖിതനായിരുന്ന എന്നെ നെറുകയിൽ തഴുകി ആ പാട്ട് ആശ്വസിപ്പിച്ചു. "മറുതീരം തേടി തുഴയുന്നു ഞാൻ ഏകനായ്... അതിധീര യോദ്ധാക്കൾ നമ്മളെല്ലാം... പ്രതിബന്ധമെല്ലാം എനിക്കാത്മ ശക്തി... പൊരുതുന്നു ഞാൻ ഏകനായ്...' എന്നെല്ലാമുള്ള ആ വരികൾക്ക് ജോയിയുടെ സംഗീതം പുതിയ അർത്ഥങ്ങൾ നൽകി. "ഭൂമിയിൽ സ്വർഗ്ഗം പണിതുയർത്തീടും', "രാജമല്ലി പൂ വിരിക്കും', "ദേവാമൃത ഗംഗയുണർത്തും' എന്നീ ഗംഭീര പാട്ടുകളും ആ റെക്കോഡിൽ ഉണ്ടായിരുന്നു. സംഗീതത്തിലൂടെ മാത്രം മനുഷ്യർക്ക് ചെന്നെത്താനാവുന്ന സ്വപ്നസമാനമായ ലോകങ്ങളിലേക്കാണ് കെ.ജെ ജോയിയുടെ പാട്ടുകൾ എന്നെ കൈപിടിച്ചുകൊണ്ടുപോയത്.

റേഡിയോയിൽ പാട്ടിനുമുമ്പ് "സംഗീതം കെ.ജെ ജോയ്' എന്ന് പറയുന്നത് കേൾക്കാൻ ഞാൻ കാത്തിരുന്നു. പള്ളിക്കൂടത്തിലും റേഡിയോയിലും മാത്രമല്ല നാട്ടിലുള്ള സിനിമാക്കൊട്ടകകൾ, അമ്പലങ്ങളിലെ ഉത്സവങ്ങൾ, പള്ളിപ്പെരുന്നാളുകൾ, ഉച്ചഭാഷിണി കെട്ടി നടത്തുന്ന പലവിധ പരിപാടികൾ എന്നിവയിലെല്ലാം അക്കാലത്ത് കേട്ട പാട്ടുകളിൽ പലതും കെ.ജെ. ജോയിയുടേതായിരുന്നു. അതെല്ലാം കാത് കൂർപ്പിച്ച് കേട്ടുകേട്ട് ഒരു പുതിയ പാട്ട് കേട്ടാലുടൻ അത് കെ. ജെ. ജോയിയുടെ സംഗീതമാണോ അല്ലയോ എന്ന് തിരിച്ചറിയാൻ മാത്രം ഒരു "ജോയ് നിപുണ'നായി ഞാൻ മാറിക്കഴിഞ്ഞിരുന്നു.

അറിയാത്ത സിനിമകൾ, അറിയപ്പെട്ട പാട്ടുകൾ

പാട്ടിൽ വരുന്ന ഉപകരണ സംഗീതങ്ങളും കൂടി വായ്കൊണ്ട് പാടാതെ ജോയിയുടെ പല പാട്ടുകളും മൂളാൻ കഴിയുമായിരുന്നില്ല. പാട്ടിനുള്ളിലെ ഉപകരണ സംഗീതം മനസ്സിരുത്തി കേൾക്കാൻ എന്നെ ശീലിപ്പിച്ചത് സലിൽ ചൗധരി കഴിഞ്ഞാൽ പിന്നെ കെ.ജെ. ജോയിയാണ്. അക്കോർഡിയൻ, വയലിൻ ഗണം, ഓടക്കുഴൽ, ഇലക്ട്രോണിക് സംഗീതം, ഡ്രംസ് ഇവയൊക്കെ മറ്റാരും പ്രയോഗിക്കാത്ത ശൈലിയിലാണ് ജോയ് പ്രയോഗിച്ചത്. അതിലൂടെയാണ് യൗവ്വനത്തിന്റെ തുടിപ്പും തുള്ളലും ഒപ്പം സംഗീതഗുണവുമുള്ള ഒട്ടേറെപ്പാട്ടുകൾ ഉണ്ടായത്.

ആഹാരം കഴിക്കാനും മരുന്നുകഴിക്കാനും സമ്മതിക്കാതെ പാട്ടുകളെപ്പറ്റി മാത്രം സംസാരിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് എന്നെപ്പോലെയുള്ള ജോയ് ആരാധകർ വരുന്നതിൽ ആ വീട്ടിലുള്ളവർക്ക് താൽപ്പര്യമില്ല

ജോയിയുടെ മിക്ക പാട്ടുകളും അക്കാലത്തെ ചെറുപ്പക്കാർ നെഞ്ചേറ്റിയെങ്കിലും ആ പാട്ടുകൾ വന്ന സിനിമകളിൽ പലതും ഓടിയില്ല. പല സിനിമകളും പുറത്തുവന്നതേയില്ല. പക്ഷെ സിനിമയുടെ വലുപ്പമോ വിജയമോ ഒന്നും നോക്കാതെ തനിക്കു കിട്ടിയ എല്ലാപ്പടങ്ങളിലും നല്ലപാട്ടുകൾ ഉണ്ടാക്കാൻ ജോയിക്ക് കഴിഞ്ഞു എന്നതാണ് സത്യം.

ഒരു പള്ളിപ്പെരുന്നാൾ മൈക്കിലൂടെയാണ് സ്നേഹയമുന എന്ന പടത്തിലെ പാട്ടുകൾ ആദ്യമായി കേട്ടത്. വർഗീസ് എന്ന ഗായകന്റെ ശബ്ദത്തിൽ വന്ന "നീല യമുനയുടെ' യേശുദാസ് ഇന്നോളം പാടിയ ഏറ്റവും മികച്ച തമാശഗാനം "പരിപ്പുവട പക്കുവട', പി സുശീലയുടെ "ആയിരം ചന്ദ്രോദയങ്ങളായി' എന്ന പ്രേമഗാനം എന്നിവയോടൊപ്പം ആ സിനിമയിലെ അധികമാരും കേൾക്കാത്ത "നാളത്തെ നേതാക്കൾ നിങ്ങൾ' എന്ന പാട്ടും എനിക്ക് പ്രിയപ്പെട്ടതായി. പട്ടാളം ജാനകി എന്ന സിനിമയിൽ ജയചന്ദ്രനും എസ്. പി. ബാലസുബ്രമണ്യവും ചേർന്ന് പാടിയ "മേലേ വാനത്തിലേ മേയും മേഘങ്ങളേ' സന്തോഷം വാരിത്തൂവിയ ഒരു പാട്ട്. അതിലെ "തൂമഞ്ഞു തൂകുന്ന ചന്ദ്രോദയം' യേശുദാസിന്റെ മഹത്തായ പാട്ടുകളിലൊന്നാണ്. അതേ സിനിമയിൽ ജയചന്ദ്രനും ജോളി എബ്രഹാമും രുക്മിണിയും ചേർന്ന് പാടിയ "താഴംപൂവിന്റെ താലികെട്ട്' എന്ന പാട്ടിലൂടെയാണ് കവ്വാലി എന്ന ഉത്തരേന്ത്യൻ സംഗീതം ആദ്യമായി മലയാളത്തിൽ എത്തുന്നത്.

സൊസൈറ്റി ലേഡി എന്ന സിനിമയിലെ "വാകമലർക്കാവിലെ' എന്ന പ്രേമഗാനം, "ആറാട്ടു മഹോത്സവം' എന്ന ശോകഗാനം, അഹല്യ എന്ന പടത്തിൽ വന്ന "വെള്ളത്താമരയിതളഴകോ' എന്ന പ്രണയഗാനം, "ലളിതാ സഹസ്രനാമ ജപങ്ങൾ' എന്ന ഭക്തിഗാനം, ഇതാണെന്റെ വഴി എന്ന സിനിമയിലെ "മണിദീപ നാളം തെളിയും', "മേലേ നീലാകാശം' എന്നീ പ്രേമഗാനങ്ങൾ, മദാലസ എന്ന പടത്തിൽ വന്ന "അമൃതൊഴുകും ഗാനം', "ഓ നീയെന്റെ ജീവനിൽ', "അനുരാഗ നാട്ടിലെ തമ്പുരാട്ടി' എന്നിങ്ങനെ ഒന്നിനൊന്ന് മെച്ചമായ പാട്ടുകളിലൂടെ മലയാളത്തിൽ ഒരു പുതിയ സംഗീത വസന്തത്തിനാണ് ജോയിയുടെ പാട്ടുകൾ തുടക്കമിട്ടത്.

മുക്കുവനെ സ്നേഹിച്ച ഭൂതം എന്ന സിനിമയിൽ വന്ന "ആഴിത്തിരമാലകൾ' ഇടവാ ബഷീർ എന്ന പുതിയ പാട്ടുകാരന്റെ ശബ്ദത്തിൽ വലിയ പ്രചാരം നേടി. "അറബിക്കടലും അഷ്ടമുടിക്കായലും', ‘മുല്ലപ്പൂമണമോ' എന്നീ പാട്ടുകളുമുണ്ടായിരുന്ന ആ സിനിമ ഒരുവിധം വിജയിച്ചെങ്കിലും അതിനു പിന്നാലെ വന്ന ലിസ എന്ന ഭീകര ചിത്രമാണ് വലിയ സാമ്പത്തിക നേട്ടമുണ്ടാക്കിയ ജോയിയുടെ ആദ്യത്തെ സിനിമ. അതോടെയാണ് മലയാളികൾ ജോയിയെ കാര്യമായി ശ്രദ്ധിച്ചുതുടങ്ങിയത്. "രാധാ ഗീതാഗോവിന്ദ രാധ', "പ്രഭാതമേ', "ഇണക്കമോ പിണക്കമോ', "നീൾ മിഴിത്തുമ്പിൽ' എന്നീ പാട്ടുകളും ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ആ സിനിമയുടെ വിജയം ഉറപ്പാക്കി. ഇതേത്തുടർന്നാണ് ലജ്ജാവതി എന്ന സിനിമയിലൂടെ ആദ്യം പറഞ്ഞ "മഴ പെയ്തു പെയ്തു മണ്ണു കുളിർ'ത്തത്. "സ്വർഗ്ഗം സുവർണ്ണ സ്വർഗ്ഗം' എന്ന മറ്റൊരു ഗംഭീര ഗാനവും ആ സിനിമയിൽ ഉണ്ടായിരുന്നു. അപ്പോഴും ജോയിയുടെ സംഗീത ജീവിതത്തിലെ ഏറ്റവും പ്രസിദ്ധമായ പാട്ടുകൾ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു.

എൻ സ്വരം പൂവിടും ഗാനമേ...

അനുപല്ലവി സിനിമയിൽ വന്ന "എൻ സ്വരം പൂവിടും ഗാനമേ' അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ വിജയ ഗാനമായി. അതിനേക്കാൾ നല്ല പാട്ടുകളായ "ആയിരം മാതളപ്പൂക്കൾ', "ഒരേ രാഗ പല്ലവി', "നവമീ ചന്ദ്രികയിൽ', 'നീരാട്ട് എൻ മാനസറാണി' എന്നിവയും ആ സിനിമയിലുണ്ടായിരുന്നു. ഇതാ ഒരു തീരം എന്ന സിനിമയിൽ വന്ന "അക്കരെയിക്കരെ നിന്നാലെങ്ങനെ' കേരളമാകെ തരംഗമായി. ആ സിനിമയിലും "രാജകുമാരൻ പണ്ടൊരു രാജകുമാരൻ', ‘താലോലം കിളി രാരിരം' പോലെയുള്ള വേറെയും മികച്ച പാട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് "സായൂജ്യം' എത്തുന്നത്. "മറഞ്ഞിരുന്നാലും മനസ്സിന്റെ കണ്ണിൽ' ആദ്യം പ്രേമഗാനമായും പിന്നെ ശോകഗാനമായും ആ സിനിമയിൽ തകർത്തു. അതിലെ "കാലിത്തൊഴുത്തിൽ പിറന്നവനേ' മലയാള സിനിമയിൽ വന്ന എക്കാലത്തെയും മികച്ച ക്രിസ്തുമസ് ഗാനങ്ങളിലൊന്നായി. ജയചന്ദ്രൻ പാടിയ "സ്വർഗ്ഗത്തിലേക്കോ' ഞങ്ങളുടെ സംഘത്തിന് പ്രിയപ്പെട്ട പാട്ടായി. അതിൽ സ്വപ്നാടനം എന്ന വാക്കിനു പിന്നാലെ വരുന്ന തബലപ്പെരുക്കം വീണ്ടും വീണ്ടും കേൾക്കാൻ ഞങ്ങൾ കാതോർത്തു.

"നോട്ടുകൾ എഴുതാനും വായിക്കാനും ഇന്നും എനിക്കറിയില്ല. നോട്ടുകളായിട്ടല്ല ഞാൻ സംഗീതം മനസ്സിലാക്കുന്നത്. നാദങ്ങൾ സഞ്ചരിക്കുന്ന വഴി ഒരു അനുഭവം പോലെ എനിക്ക് ഫീൽ ചെയ്യും

സായൂജ്യത്തിനു ശേഷം സർപ്പം. "ആയിരം തലയുള്ള' എന്ന നാഗക്കളംപാട്ട്, "കുങ്കുമ സന്ധ്യകളോ', "ഏഴാം മാളികമേലേ' എന്നീ മധുരമായ പ്രേമഗാനങ്ങൾ, "വാടകവീടൊഴിഞ്ഞു' എന്ന വ്യത്യസ്തമായ ശോക ഗാനം എന്നിവയുണ്ടായിട്ടും അതിലെ "സ്വർണ്ണമീനിന്റെ ചേലൊത്ത കണ്ണാളേ' എന്ന കവ്വാലിയാണ് ഏറ്റവും പ്രചാരം നേടിയത്.

ഗംഭീരമായ പാട്ടുകളുണ്ടായിട്ടും ഓടാത്ത സിനിമകളുടെ ഒരുനിര വീണ്ടും. ഇവിടെ കാറ്റിനു സുഗന്ധം എന്ന സിനിമയിൽ "മുത്തും മുത്തും കൊരുത്തും', "നീലാരണ്യം പൂന്തുകിൽ ചാർത്തി', "നിറദീപ നാളങ്ങൾ' എന്നീ തകർപ്പൻ പാട്ടുകൾ. തരംഗം എന്ന സിനിമയിൽ "മഴമുകിൽ മയങ്ങി' എന്ന ഒന്നാന്തരം പാട്ട്. സുഖത്തിന്റെ പിന്നാലെ എന്നൊരു സിനിമയിലെ "ഇണക്കുയിലെ നിനക്കിനിയും' ജയചന്ദ്രൻ പാടിയ ഏറ്റവും നല്ല പാട്ടുകളിലൊന്ന്. നടി ഷീല സംവിധാനം ചെയ്ത ശിഖരങ്ങൾ സിനിമയിലെ "നിനക്കു ഞാൻ സ്വന്തം' എസ് ജാനകിയുടെ വളരെ മികച്ച പാട്ടുകളിലൊന്ന്. മകരവിളക്ക് എന്ന സിനിമയിൽ കാർത്തികേയൻ എന്ന പുതുമുഖ ഗായകൻ പാടിയ "വസന്തത്തിൻ വിരിമാറിൽ' മറക്കാനാവാത്ത മറ്റൊരു പാട്ട്. മുത്തുച്ചിപ്പികൾ എന്ന ചിത്രത്തിൽ "മുത്തുകിലുങ്ങും ചെപ്പാണെടാ', "അളകയിലോ', "താളിക്കുരുവി'.... നല്ലനല്ല പാട്ടുകൾ ജോയ് തന്നുകൊണ്ടേയിരുന്നു.

നസീർ - ജയൻ സിനിമയായ ചന്ദ്രഹാസത്തിലെ യേശുദാസും സുശീലയും പാടിയ "രതീ രജനീഗന്ധി' എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഒരു ജോയ് ഗാനമാണ്. വയലിൻ ഗണം, ഇലക്ട്രോണിക് ഓർഗൻ, ബേസ് ഗിറ്റാർ എന്നിവയുടെ അപൂർവ്വമായ ചേർച്ചയാണ് ആ പാട്ടിലുള്ളത്. ആ സിനിമയിലെ "കടലിലെ പൊന്മീനോ' നാടോടി ശൈലിയിലുള്ള മുക്കുവന്മാരുടെ പാട്ട്.

ജയന്റെ വമ്പൻ ചിത്രമായിരുന്ന ശക്തിയിലെ എല്ലാ പാട്ടും വൻ പ്രചാരമാണ് നേടിയത്. ഗോപൻ എന്ന ഗായകൻ പാടിയ "മിഴിയിലെന്നും നീ ചൂടും നാണ'വും, യേശുദാസിന്റെ 'എവിടെയോ കളഞ്ഞുപോയ കൗമാര'വും ആർക്കാണ് മറക്കാനാവുക? ഹൃദയം പാടുന്നു എന്ന സിനിമയിലെ "പ്രണയം വിരിയും,’ ‘ഹൃദയം പാടുന്നു', ‘തെച്ചിപ്പൂവേ മിഴിതുറക്കൂ', "സിന്ദൂരപ്പൂഞ്ചുണ്ടിണയിൽ' എന്നിങ്ങനെ എല്ലാ പാട്ടുകളും ഒന്നാന്തരമായിരുന്നു. അതുപോലെ ഓർമകളേ വിട തരൂ എന്ന സിനിമയിലെ പാട്ടുകൾ. ഡോ. പവിത്രൻ എഴുതിയ "സ്വപ്നങ്ങൾക്കർത്ഥങ്ങൾ ഉണ്ടായിരുന്നെങ്കിൽ', "കാർമുകിൽ ഓടിവരും' എന്നിവ എന്റെ ഏറ്റവും പ്രിയപ്പെട്ട ജോയ് ഗാനങ്ങളുടെ മുൻനിരയിൽ. അതിലെ "ജീവിത നൃത്തം', ‘ദൂരേ നീലവാനം' എന്നിവയും ഗംഭീര ഗാനങ്ങൾ.

ജോയ് രാജാ

കാലത്തിനും വളരെ മുമ്പേ നടന്നവയായിരുന്നു ജോയിയുടെ പല പാട്ടുകളും.1980ൽ വന്ന പപ്പു എന്ന സിനിമയിലെ ‘മധു മലർ താലമേന്തും' എന്ന ഗാനമാണ് പതിനേഴു വർഷങ്ങൾക്കുശേഷം രവീന്ദ്രന്റെ സംഗീതത്തിൽ ‘ഹരിമുരളീരവം' ആയി രൂപം മാറി വന്ന് കേരളക്കരയെ ഇളക്കി മറിച്ചത് എന്ന് എത്രപേർക്കറിയാം? പപ്പുവിലെ ‘പൂ പൂ ഊതാപ്പൂ', ‘തത്തപ്പെണ്ണേ' എന്നിവയും അതിമനോഹരമായ പാട്ടുകൾ. ആ സിനിമയ്ക്കുവേണ്ടി ബിച്ചു തിരുമല എഴുതി ജോയ് ഈണം നൽകി സിനിമയിൽ വരാതെപോയ ‘കുറുമൊഴീ കൂന്തലിൽ' അന്നും ഇന്നും പ്രസിദ്ധമായ പാട്ട്. ജയൻ അഭിനയിച്ച് വൻവിജയമായ മനുഷ്യമൃഗം സിനിമയിലെ ‘കസ്തുരി മാൻമിഴി' ജോയിയുടെ ഏറ്റവും ജനപ്രീതി നേടിയ പാട്ടുകളിലൊന്നാണല്ലോ. എന്നാൽ ആ സിനിമയിലെതന്നെ ‘സ്നേഹം താമരനൂലിഴയോ' പഴയ ‘ഹൃദയം മറന്നു'വിന്റെ ചുവടുപിടിച്ച മറ്റൊരു അസാധ്യ ഗാനമാണെന്നതും അതിലെ ‘അജന്താ ശിൽപ്പങ്ങളിൽ' സ്വർണ്ണ മീനിനേക്കാൾ മനോഹരമായ കവ്വാലിയാണ് എന്നതും ശ്രദ്ധിക്കപ്പെട്ടില്ല.

ചൈനീസ്, ജാപ്പനീസ്, അറേബ്യൻ സംഗീതങ്ങളോടൊപ്പം നമ്മുടെ തിരുവാതിരപ്പാട്ടും തുന്നലറിയിക്കാതെ കൂട്ടിയിണക്കിയ പാട്ടാണ് അഗ്നിക്ഷേത്രം സിനിമയിലെ ‘മഞ്ഞപ്പളുങ്ക്'. അതേ സിനിമയിലെ ‘തുമ്പപ്പൂത്താലങ്ങളിൽ' ഒന്നാന്തരം താരാട്ടുപാട്ട്. അതുപോലെ സ്നേഹം ഒരു പ്രവാഹം എന്ന സിനിമയിൽ വന്ന എല്ലാപ്പാട്ടുകളും അതിമനോഹരങ്ങൾ. ‘നിലാവിൽ നീ വരൂ', ‘മലർമിഴി നീ', ‘മണിക്കിനാക്കൾ യാത്രയായി'. എന്റെ ഏറ്റവും പ്രിയപ്പെട്ട മറ്റൊരു ജോയ് ഗാനമായ ‘ആഴിയോടെന്നും അല ചോദിച്ചു' ആ സിനിമയിലേതാണ്. അട്ടിമറി എന്ന ചിത്രത്തിലെ ‘അനുരാഗ കലികേ', ഇതിഹാസം എന്ന ചിത്രത്തിലെ ‘വസന്തം നീൾമിഴിത്തുമ്പിൽ', ‘ആകാശം നിറയെ' എന്നിവയും മധുരിക്കുന്ന ജോയ്പ്പാട്ടുകൾ.

കരിമ്പൂച്ച എന്ന സിനിമ. അതിൽ ‘നീ എൻ ജീവനിൽ', ‘ലാവണ്യ ദേവതയല്ലേ', ‘താളങ്ങളിൽ നീ' എന്നീ മയക്കുന്ന പാട്ടുകളുണ്ടായിരുന്നു. നിഴൽ യുദ്ധം എന്ന സിനിമയിലാകട്ടെ ‘നീയെന്റെ അഴകായ്', ‘സപ്ത സ്വരരാഗ ധാരയിൽ', ‘മധു മൊഴിയോ' എന്നീ മൂന്ന് കിടിലൻ ഗാനങ്ങൾ. അതിൽ ‘മധുമൊഴിയോ' കോളേജ് കാലത്തെ ഞങ്ങളുടെ പ്രിയപ്പെട്ട ഡെസ്കിലടിച്ച് പാട്ട്. ശരം എന്ന സിനിമയിൽ വന്ന "പനിനീർ പൂചൂടി' പ്രേമോദാരമായ ഒരു പാട്ട്. ആ സിനിമയിലെ എല്ലാവർക്കും ഇഷ്ടമായ "വെണ്മേഘം കുടചൂടും' എന്ന മനോഹര ഗാനത്തെ പി. സുശീലയുടെ ശബ്ദത്തിൽത്തന്നെ ‘നാ സ്വാമി കോവെലലോ' എന്ന പാട്ടാക്കി പത്തു വർഷങ്ങൾക്കുശേഷം ഇദ്ദരു കില്ലാഡീലു എന്ന തെലുങ്ക് സിനിമയിൽ ജോയ് ഉപയോഗിച്ചു. സംഗീത സംവിധായകന്റെ പേര് ജോയ് രാജാ ആയി മാറി എന്നുമാത്രം. തെലുങ്കിൽ മാത്രമല്ല കന്നഡയിൽ "ദേവര മനെ' പോലെയുള്ള ചിത്രങ്ങൾക്കും തമിഴിൽ കൊമ്പുത്തേൻ, യാരുക്കു യാർ കാവൽ, വെളിച്ചം വിളക്കൈ തേടുകിറത്, അന്തരംഗം ഊമൈയാനത് തുടങ്ങിയ ചിത്രങ്ങൾക്കും ജോയ് സംഗീതമൊരുക്കി. എങ്കിലും മലയാളത്തിന് വെളിയിൽ ഒരു സംഗീത സംവിധായകനായി ശോഭിക്കാൻ അദ്ദേഹത്തിനായില്ല.

വേദ്പാൽ വർമ്മ സംഗീതം നൽകിയ "ഏഴിലം പാല പൂത്തു' (കാട്) എന്ന പഴയ പാട്ടിന്റെ ചുവടുപിടിച്ചാണ് കാളിയമർദ്ദനം എന്ന സിനിമയിൽ വന്ന "പ്രേമവതി നിൻ വഴിയിൽ' ഉണ്ടാക്കിയത്. ഏഴിലം പാലയുടെ ശബ്ദലേഖനത്തിൽ കോംബോ ഓർഗൻ വായിച്ചത് ജോയ് ആയിരുന്നു.

വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് എപ്പോഴും ഒഴിഞ്ഞു മാറുന്ന രീതിയായിരുന്നു ജോയേട്ടന്റേത്. ജോയേട്ടന്റെ ജീവിതത്തിൽ എന്താവാം സംഭവിച്ചത് എന്നറിയാനുള്ള ആഗ്രഹം എന്നെ ഉന്തിക്കൊണ്ടിരുന്നു

അന്നേ മനസ്സിൽക്കയറിയ, മലയാളം പാട്ടുകളിൽ തനിക്കേറെയിഷ്ടപ്പെട്ട ആ ഈണത്തിന് തന്റേതായ ഒരു പരിഭാഷ ഉണ്ടാക്കുകയായിരുന്നു ജോയ്. ഇതേ സിനിമയിലുള്ള "മദം കൊള്ളും സംഗീതങ്ങൾ' മോഹൻലാലും വിജയലളിതയും ചേർന്നഭിനയിച്ച ഒരു ഒന്നാന്തരം കവ്വാലി. അതിലെ "ഞാനൊരു തപസ്വിനി' എസ്. പി. ശൈലജ എന്ന ഗായികയുടെ ജീവിതത്തിലെ ഏറ്റവും നല്ല പാട്ട്. അരഞ്ഞാണം എന്ന ചിത്രത്തിലെ "ആരാധികയുടെ താമരപ്പൂ' ഏതൊരു ഹിന്ദി വിരഹഗാനത്തോടും കിടപിടിക്കുന്ന പാട്ട്. അതിലെ ‘നീലമേഘ മാലകൾ', ‘മാസം മാധവമാസം' എന്നിവയും സത്തുള്ള പാട്ടുകൾ.

കാബറേക്കാരൻ

ജോഷി സംവിധാനം ചെയ്ത ആരംഭം എന്ന സിനിമയ്ക്ക് ജോയ്, ശ്യാം, ശങ്കർ ഗണേഷ്, എ.ടി. ഉമ്മർ എന്നിങ്ങനെ നാല് സംഗീത സംവിധായകരായിരുന്നു. ആൾക്ക് ഓരോ പാട്ട്. ‘ആരംഭം മധുപാത്രങ്ങളിൽ' എന്ന കാബറേ പാട്ടാണ് ജോയിക്ക്​ കിട്ടിയത്. കാബറെ പാട്ടുകളുടെ ഉസ്താദ് ആയിരുന്നു ജോയ്. ഒരു കാബറേ നൃത്തമെങ്കിലുമില്ലാത്ത വ്യാപാര സിനിമകൾ അക്കാലത്ത് കുറവായിരുന്നതിനാൽ ധാരാളം കാബറേപ്പാട്ടുകൾ ജോയിക്ക് ഒരുക്കേണ്ടി വന്നു. നടിമാർ മാറാം എന്നതൊഴിച്ചാൽ ഇത്തരം പാട്ടുരംഗങ്ങൾ എല്ലാം ഒരേ അച്ചിൽ വാർത്തവയായിരുന്നു. പക്ഷെ പാശ്ചാത്യ സംഗീതത്തിന്റെ സാധ്യതകളിലുള്ള അപാരമായ ധാരണകൊണ്ട് ആ പാട്ടുകളോരോന്നും വ്യത്യസ്തമാക്കാൻ ജോയിക്ക് കഴിഞ്ഞു. ലത്തീൻ അമേരിക്കൻ സംഗീത ശൈലിയിൽ ഏറെ സംഗീതോപകരണങ്ങളുടെ നിറവിൽ എസ് ജാനകി തകർത്തുപാടിയ ‘സോമരസ ശാലകൾ' (ഇതാണെന്റെ വഴി) മികച്ച ഉദാഹരണം. ഷെറിൻ പീറ്റേഴ്സ് പാടിയ ‘മതി സുഖം' (തരംഗം) ഉപകരണ സംഗീതത്തിന്റെ വിന്യാസംകൊണ്ട് വേറിട്ട മലയാളത്തിലെ കാബറെ പാട്ടുകളിലൊന്ന്. "ചന്ദന ശിലകളിൽ' (ശക്തി) ഇതേ നിലവാരമുള്ള ക്ലബ് നൃത്ത ഗാനം. ജയചന്ദ്രനും വാണി ജയറാമും ചേർന്ന് പാടിയ ‘പുഷ്യരാഗം നൃത്തമാടും' (പപ്പു) എന്ന പാട്ട് ജാസ് ശൈലിയിലുള്ള മനോഹരമായ ഈണത്താലും ഉപകരണ സംഗീതത്തിലെ പ്രത്യേകതകളാലും മികച്ചത്.

വാണി ജയറാമായിരുന്നു ജോയിയുടെ കാബറെ ഗാനങ്ങളിൽ അധികവും പാടിയത്. നിഴൽ മൂടിയ നിറങ്ങൾ എന്ന സിനിമയിൽ സിൽക്ക് സ്മിതയ്ക്കുവേണ്ടി വാണി ജയറാം പാടിയ ‘കളിയരങ്ങിൽ' അവർ ഏറ്റവും നന്നായി പാടിയ പാട്ടുകളിലൊന്ന്. ചന്ദ്രഹാസത്തിലെ ‘പുതു യുഗങ്ങളിൽ' ആരും ഏറ്റുപാടിപ്പോകുന്ന ഒരു കാബറേപ്പാട്ട്. അർദ്ധരാത്രി എന്ന സിനിമയിലെ ‘പഞ്ചമിരാവിൽ ദാഹം', ‘സിരയിൽ ലഹരി', ഇതിഹാസം സിനിമയിലെ ‘ഇന്ദ്രനീലങ്ങൾ', കരിമ്പൂച്ചയിലെ ‘അപരിചിതാ' എന്നീ കാബറെപ്പാട്ടുകളൊക്കെ ഇത്തരം പാട്ടുകൾ ആലപിക്കുന്നതിലുള്ള വാണി ജയറാമിന്റെ മികവ് വെളിപ്പെടുത്തി. കാബറെയും കവ്വാലിയും മുജ്‌റയും കൂട്ടിയിണക്കി സൃഷ്ടിച്ച ‘നിലാവുള്ള രാവിൽ' (ഗുരുദക്ഷിണ) തുടങ്ങിയ മനോഹരമായ മെലഡികളും ഇവയിലുണ്ട്. മറ്റു ഗായികമാരെക്കൊണ്ടും ജോയ് കാബറെപ്പാട്ടുകൾ പാടിച്ചു. ‘തെന്നലേ തൂമണം' (ശക്തി - എസ് ജാനകി), ‘പകരാം ഞാൻ' (അട്ടിമറി - എസ് ജാനകി), ‘ഡിസ്ക്കോ ഡിസ്ക്കോ' (രാജവെമ്പാല - അനിതാ റെഡ്‌ഡി).. എല്ലാം മികച്ച പാട്ടുകൾ. കാളിയമർദ്ദനം സിനിമയിൽ പി. സുശീല പാടിയ ‘പുഷ്യരാഗത്തേരിൽ' എന്ന പാട്ട് അറേബ്യൻ രതി സംഗീതത്തിന്റെ ഏറ്റവും നല്ല മലയാള പരിഭാഷ. പാട്ടിൽ വികാരപരത വെളിപ്പെടുത്തുന്നതിൽ പിന്നിലായിരുന്ന ചിത്രയെക്കൊണ്ടു പോലും ജോയ് കാബറെ പാടിച്ചു. ഒന്നാംപ്രതി ഒളിവിൽ സിനിമയിലെ ‘തേനുതിരും മധുര യൗവ്വനം'. പി. ഭാസ്കരനാണ് ആ പാട്ട് എഴുതിയത്.

തന്റെ ആദ്യത്തെ സിനിമയിൽ ഭരണിക്കാവ് ശിവകുമാർ, സത്യൻ അന്തിക്കാട് എന്നീ പുതിയ ഗാനരചയിതാക്കളോടോപ്പം പ്രവർത്തിച്ച ജോയിയുടെ രണ്ടാമത്തെ സിനിമയിൽ വയലാർ എഴുതിയ മുഖശ്രീ കുങ്കുമം എന്ന പാട്ടുണ്ടായിരുന്നു. പി. ഭാസ്കരൻ, ഒ. എൻ. വി, ശ്രീകുമാരൻ തമ്പി, യൂസഫലി കേച്ചേരി, ബിച്ചു തിരുമല, മങ്കൊമ്പ് ഗോപാലകൃഷ്ണൻ, ഗിരീഷ് പുത്തഞ്ചേരി, ചുനക്കര രാമങ്കുട്ടി, പാപ്പനംകോട് ലക്ഷ്മണൻ, പൂവച്ചൽ ഖാദർ, ഡോ. ബാലകൃഷ്ണൻ, ഡോ. പവിത്രൻ, ഷിബു ചക്രവർത്തി, ഡോ. ഷാജഹാൻ, മുപ്പത്തു രാമചന്ദ്രൻ, അൻവർ സുബൈർ, കെ. വിജയൻ, ചിറയിൻകീഴ് രാമകൃഷ്ണൻ നായർ, എ. പി. ഗോപാലൻ, മധു ആലപ്പുഴ, ദേവദാസ്, പന്തളം സുധാകരൻ, കോന്നിയൂർ ഭാസ്‌, ചെറാമംഗലം, ചവറ ഗോപി എന്നിങ്ങനെ ഇത്രയധികം ഗാനരചയിതാക്കളോടോപ്പം പ്രവർത്തിച്ച മറ്റൊരു സംഗീത സംവിധായകൻ മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയം. സ്മഗ്ലർ എന്ന സിനിമയ്ക്കുവേണ്ടി ‘വെൻ ഐ' എന്ന ഇംഗ്ലീഷ് കവിതയ്ക്ക് ഈണം നൽകി മാധവിക്കുട്ടിയേയും മലയാള സിനിമാ ഗാനരചയിതാക്കളുടെ പട്ടികയിൽ ചേർത്തു ജോയ്.

പ്രശസ്ത സംവിധായകൻ ബേബി, താൻ സംവിധാനം ചെയ്ത 30 സിനിമകളിൽ 14 എണ്ണത്തിന്റെയും സംഗീത സംവിധാനച്ചുമതല ജോയിയെ ആണ് ഏൽപ്പിച്ചത്. ലിസയും സർപ്പവും അനുപല്ലവിയും മനുഷ്യമൃഗവും എല്ലാം ഇവയിൽ ഉൾപ്പെടും. പിൽക്കാലത്ത് ബേബി സംവിധാനം ചെയ്ത കുരിശുയുദ്ധം സിനിമയിലെ ‘ഭൂമിയിൽ പൂമഴയായ്', ‘കൂടാരം വെടിയുമീ', ഗുരുദക്ഷിണ സിനിമയിലെ
‘സ്വർഗ്ഗ ലാവണ്യ ശിൽപ്പമോ', മോർച്ചറി സിനിമയിലെ "അമൃതസരസ്സിലെ' തുടങ്ങിയ പാട്ടുകളും പ്രത്യേകതകൾ ഉള്ളവയായിരുന്നു. ഇതേ കാലത്തിറങ്ങിയ ഒന്നാംപ്രതി ഒളിവിൽ എന്ന സിനിമയിൽ വന്ന ‘ചീകിത്തിരുകിയ പീലിത്തലമുടി' ഏക് താരയും ബേസ് ഗിറ്റാറും അത്ഭുതകരമായി ഒന്നുചേർന്ന ഒരൊന്നാന്തരം നാടൻപാട്ട്. അതിലെ ‘രാസലീലാ ലഹരി' ലഹരി നിറഞ്ഞ മധുരഗാനം. ജോയിയിൽ നിന്ന് ഒടുവിൽ നമുക്ക് കിട്ടിയ നല്ല പാട്ടുകൾ ‘രാജ പുഷ്പമേ', "മക്കത്തെ പനിമതി' (പോസ്റ്റ്മോർട്ടം), ‘ഒരു മാലയിൽ', "പൂമരം ഒരു പൂമരം', "ഓർമ്മകൾ പാടിയ' (നിഴൽ മൂടിയ നിറങ്ങൾ), "എന്നും നിറസന്ധ്യതൻ' (കൊടുങ്കാറ്റ്), "അനുരാഗ ദാഹം' (വരന്മാരെ ആവശ്യമുണ്ട്), ‘പൂമരത്തിൻ ചില്ലകളിൽ', ‘മിഴി രണ്ടും' (ഒരു മൊട്ടു വിരിഞ്ഞപ്പോൾ), ‘ഒരു ദിവ്യസംഗമം' (മധുവിധു തീരും മുമ്പേ), ‘ആദ്യത്തേ നാണം' (തേടിയ വള്ളി കാലേച്ചുറ്റി), ‘തുമ്പീ മഞ്ചലേറിവാ' (മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു) എന്നിവയാണ്. പത്തിലേറെ വർഷങ്ങൾ നീണ്ടു നിന്ന മലയാള സിനിമാ ഗാനങ്ങളിലെ ജോയ് വസന്തം 1985-86 കാലത്ത് അവസാനിച്ചു. ‘ജോയിയുടെ പാട്ടില്ലാത്ത കേരളത്തിൽ എന്തിന് ജീവിക്കുന്നു?’ എന്നതുപോലെ ഏതാണ്ട് ഇതേ കാലത്ത് ഞാനും കേരളം വിട്ടു.

തമ്മിൽ കണ്ടപ്പോൾ, തമ്മിലറിഞ്ഞപ്പോൾ

ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ ഭാഷകളിലെ പാട്ടുകളും ലോകം മുഴുവനും നിന്നുള്ള ഉപകരണ സംഗീതങ്ങളും കേട്ടു മനസ്സിലാക്കുകയും സംഗീത സംഘങ്ങളുടെ ചുമതലക്കാരനായി സംഗീതജ്ഞരോടൊപ്പം ജീവിക്കുകയും ചെയ്ത ശേഷവും ജോയ് ഉണ്ടാക്കിയ പാട്ടുകൾ എന്നെ

ബാബുക്ക സ്റ്റുഡിയോയിലെത്തിയാൽ ആദ്യം തിരക്കുക ജോയ്​ വന്നോ എന്നായിരുന്നു. ജോയ്​ ഇല്ലാത്തതുകൊണ്ട് ചില റിക്കാർഡിങ്ങുകൾ ബാബുക്ക മാറ്റിവെച്ച കഥ പോലുമുണ്ട്

അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ഒരു ഒന്നാന്തരം ഉപകരണ സംഗീതജ്ഞനായിരുന്ന ജോയ് ഏതെങ്കിലും ഒരു പ്രത്യേക സംഗീത ശൈലിയുടെ പിന്നാലെ പോകാതെ എല്ലാ ശൈലികളിലുമുള്ള നല്ല വശങ്ങൾ എടുത്ത് തന്റേതായ ഒരു സംഗീതം ഉണ്ടാക്കുകയായിരുന്നു. എം. എസ്. വിശ്വനാഥൻ, സലിൽ ചൗധരി, മദൻമോഹൻ, ആർ. ഡി. ബർമൻ, ലക്ഷ്മികാന്ത് പ്യാരേലാൽ, കല്യാൺജി ആനന്ദ്ജി, ബാബുരാജ്, ദേവരാജൻ, കെ. വി. മഹാദേവൻ, പുകഴേന്തി, നൗഷാദ്, ബപ്പി ലഹിരി എന്നിവരോടൊപ്പമെല്ലാം എത്രയോ പാട്ടുകളിലും സിനിമകളുടെ പശ്ചാത്തല സംഗീതത്തിലും അക്കോർഡിയൻ, സിന്തസൈസർ, ഇലക്ട്രോണിക് കീ ബോർഡ് എന്നിവ വായിച്ചിട്ടുള്ള ജോയ് ഇവരുടെയെല്ലാം സംഗീതത്തിലുള്ള മികച്ച അംശങ്ങൾ തന്റെ പാട്ടുകളിൽ സമർത്ഥമായി ഉപയോഗപ്പെടുത്തുകയായിരുന്നു.

മലയാള സിനിമാ സംഗീതത്തിൽ കാലങ്ങളായി നിലനിന്ന രീതികളെ തള്ളിക്കളഞ്ഞ ജോയിയുടെ പാട്ടുകൾക്ക് ഹിന്ദി, തമിഴ്, ഇംഗ്ലീഷ് പാട്ടുകളോടായിരുന്നു സാമ്യം. സംഗീതോപകരണങ്ങളുടെ സാധ്യതകളെക്കുറിച്ച് അപാര ധാരണയുണ്ടായിരുന്ന ജോയ് അങ്ങേയറ്റം വ്യത്യസ്തമായി അവ ഉപയോഗിച്ചു. മുറപ്രകാരം താൻ പഠിച്ചിട്ടില്ലാത്ത ഹിന്ദുസ്ഥാനി, ഗസൽ, കവ്വാലി, വെസ്റ്റേൺ ക്ലാസ്സിക്കൽ, ജാസ്, കോറൽ മ്യൂസിക്, കർണാട്ടിക് എന്നിവയുടെ ചേർക്കലിലൂടെ അന്തംവിട്ട ചില പുതിയ ആശയങ്ങളാണ് ജോയ് മുന്നോട്ട് വെച്ചത്. അവയിലൂടെയാണ് അക്കാലത്തെ മലയാള സിനിമാ സംഗീതത്തിന്റെ മുഖഛായ മാറ്റിമറിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞതും. അങ്ങനെയുള്ള ജോയിയെ, എന്നെപ്പോലെയുള്ള എണ്ണമറ്റവരുടെ ജീവിതത്തെ തൊട്ടു കടന്നുപോയ ഒട്ടേറെപ്പാട്ടുകൾ ഉണ്ടാക്കിയ മഹാ സംഗീതജ്ഞനെ എന്നെങ്കിലും നേരിൽ കാണുമെന്നോ ഇടപഴകുമെന്നോ ഞാൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചതല്ല.

1993ൽ ഒരു സംഗീതക്കമ്പനിയിലെ ജോലിക്കാരനായി ഞാൻ ചെന്നൈയിൽ ജീവിക്കാനെത്തി. നുങ്കമ്പാക്കം നെടുംപാതയിലുള്ള ഒരു ബാങ്ക് വഴിയായിരുന്നു ഞങ്ങൾക്ക് ശമ്പളം വന്നുകൊണ്ടിരുന്നത്. ഒരു ദിവസം ബാങ്കിലേക്ക് കയറാൻ നിൽക്കുമ്പോൾ നിയോൺ പച്ച നിറമുള്ള ഒരു ബെൻസ് കാർ അവിടെ വന്നുനിന്നു. അത്തരമൊരു കാർ ഞാൻ ആദ്യമായി കാണുകയായിരുന്നു. അതിൽനിന്ന് ആറടിയിലധികം ഉയരത്തിൽ ആജാനുബാഹുവായ, സുന്ദരനായ ഒരു മനുഷ്യൻ ഇറങ്ങി വരുന്നു. അമ്പത് വയസ്സിലധികം വരില്ല. ചാര നിറമുള്ള പാന്റും കറുപ്പ് വരകൾ നെടുകെയുള്ള വെള്ള ഉടുപ്പും. ആ ബാങ്കിന്റെ ഏതോ ഉന്നത ഉദ്യോഗസ്ഥനായിരിക്കും എന്നാണ് ആദ്യം കരുതിയത്. പക്ഷെ ഇത് സിനിമാ വാരികകളിലെ അച്ചടിച്ച ചിത്രങ്ങളിൽ കണ്ട് എനിക്ക് പരിചയമുള്ള രൂപം. അമ്മേ! ഇദ്ദേഹം കെ. ജെ. ജോയ് അല്ലേ! ഞാനാകെ പതറി.

"ഹൃദയം മറന്നൂ... താളുകൾ മറിഞ്ഞു ജീവിത ഗ്രന്ഥത്തിൽ...', "സ്വപ്നങ്ങൾക്കർത്ഥങ്ങൾ ഉണ്ടായിരുന്നെങ്കിൽ...' ‘തമ്മിൽ കണ്ടപ്പോൾ തമ്മിലറിഞ്ഞപ്പോൾ...' ചെറുപ്പകാലത്ത് എന്റെ ദുരിതജീവിതത്തെ തൊട്ടു തലോടിയ ഒട്ടേറെപ്പാട്ടുകളുടെ വരികൾ മനസ്സിൽ കുഴഞ്ഞു മറിഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ പരുങ്ങിപ്പോയ ഞാൻ അദ്ദേഹത്തിന്റെ കണ്ണിൽപ്പെടാതെ ഒരു മൂലയിൽ ഒതുങ്ങി. അദ്ദേഹം ബാങ്കിലേക്ക് കയറിയതും അവിടെനിന്ന് ഞാൻ സ്ഥലംവിട്ടു. അന്നങ്ങനെ ചെയ്തത് എന്തിനാണ് എന്ന് ഇന്നും എനിക്ക് അറിഞ്ഞുകൂടാ. "ഒരു ശാസ്ത്ര ഗ്രന്ഥവും ഇന്നോളം കണ്ടില്ല മനസ്സെന്ന പ്രതിഭാസം സൂക്ഷ്മമായി...' എന്ന് ജോയിയുടെ പാട്ടിലുണ്ടല്ലോ!

ആ ബാങ്കിന്റെ ഒരു പ്രധാന ഇടപാടുകാരനായിരുന്ന ജോയിയെ പിന്നെയും പലതവണ അവിടെക്കണ്ടു. ഓരോ തവണയും വേറെ വേറെ നിറമുള്ള കാറുകളിലാണ് വരവ്. എല്ലാം ബെൻസ് തന്നെ. അദ്ദേഹത്തിന്റെ മുൻപിൽ പെടാതെ മാറിനിന്ന് അദ്ദേഹത്തെത്തന്നെ ഞാൻ നോക്കിക്കൊണ്ടിരിക്കും. ഒരു സിനിമാ നായകനെപ്പോലെ സുന്ദരനായിരുന്നെങ്കിലും മുഖത്ത് എപ്പോഴും ഗൗരവഭാവമായിരുന്നു. ഒരിക്കൽപോലും അടുത്ത് ചെന്ന് ‘കെ. ജെ. ജോയ് സാറല്ലേ? ഞാൻ സാറിന്റെ ഒരു ആരാധകനാണ്' എന്നുപറയാൻ എന്റെ നാവ് പൊന്തിയില്ല. പറഞ്ഞറിയിക്കാനാവാത്ത ഒരു അപകർഷ ബോധമോ ഭയമോ എന്നെ തടഞ്ഞു. അല്ലെങ്കിൽ ബഹുമാനവും ഭയവും കലർന്ന ഏതോ ഒരു വികാരം. പിന്നെപ്പിന്നെ അദ്ദേഹത്തെ ബാങ്കിൽ കാണാതെയായി.

ബാങ്കിൽനിന്ന് ഏറെ ദൂരെയല്ലാതിരുന്ന സ്റ്റെർലിങ്ങ് അവെന്യുവിലെ അദ്ദേഹത്തിന്റെ വീട്ടിന്റെ മുമ്പിൽക്കൂടി പോകുമ്പോൾ അങ്ങോട്ട് ഞാൻ എത്തിവലിഞ്ഞു നോക്കും. ചിലപ്പോഴൊക്കെ ആ വമ്പൻ വീടിന്റെ മുമ്പിൽ അദ്ദേഹം നിൽക്കുന്നതും കണ്ടിട്ടുണ്ട്. ജോലി വിട്ട ശേഷവും അതേ ബാങ്കിൽ ഇടപാടുകൾ തുടർന്ന ഞാൻ ബാങ്കിൽപ്പോകുമ്പോഴൊക്കെ അവിടെയെങ്ങാനും അദ്ദേഹം നിൽക്കുന്നുണ്ടോ എന്ന് നോക്കുമായിരുന്നു. അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുള്ള ആരെക്കണ്ടാലും അവരോടൊക്കെ ചോദിച്ച് ജോയിയെക്കുറിച്ച് കൂടുതൽ അറിയാൻ ഞാൻ ശ്രമിച്ചു. ആ സംഗീതം പോലെതന്നെ അത്ഭുതമാണ് ജോയിയുടെ ജീവിതവും സംഗീതവും കടന്നുവന്ന വഴികളും.

സംഗീതക്കാരൻ കുഞ്ഞാപ്പു

തൃശ്ശൂരിലെ നെല്ലിക്കുന്നിൽ 1946 ജൂൺ 14ന് കുഞ്ഞാപ്പു ജോസഫ് ജോയ് ജനിച്ചു. അച്ഛൻ ജോസഫിന് പല യാത്രാ ബസ്സുകൾ സ്വന്തമായുണ്ടായിരുന്നു. ഒപ്പം മറ്റ് വ്യാപാരങ്ങളും. പക്ഷെ ആ തൊഴിലുകളെല്ലാം ഒന്നൊന്നായി പരാജയപ്പെട്ടതോടെ മെച്ചപ്പെട്ട ജീവിതം തേടി അന്നത്തെ മദിരാശിയിലേക്ക് കുടുംബം ഇടംമാറി. അപ്പോൾ ജോയിക്ക് ആറോ ഏഴോ വയസ്സേ ഉണ്ടായിരുന്നുള്ളു. പഠിപ്പിൽ പിന്നോട്ടായിരുന്നെങ്കിലും ഇംഗ്ലീഷും തമിഴും ജോയ് നന്നായി വശമാക്കി. സംഗീത ഉപകരണങ്ങളോട് വളരെച്ചെറുപ്പത്തിൽത്തന്നെ ഭ്രമമുണ്ടായിരുന്ന ജോയിയെ വയലിൻ പഠിക്കാൻ ചേർത്തെങ്കിലും

ജോയിക്ക് ഒഴിവുണ്ടോ എന്ന് ഉറപ്പാക്കിയ ശേഷമേ മദ്രാസിലെ ശബ്ദലേഖനങ്ങൾക്കായി സലിൽ ചൗധരി ബോംബെയിൽ നിന്ന് പുറപ്പെടുമായിരുന്നുള്ളു

അക്കോർഡിയനോടായിരുന്നു കമ്പം. പഠനം തുടരാനോ സ്വന്തമായി സംഗീതോപകരണം വാങ്ങാനോ നിർവ്വാഹമുണ്ടായിരുന്നില്ല. പരിചയക്കാരോട് കടം വാങ്ങിയ അക്കോർഡിയൻ വായിച്ച് സ്വയം പരിശീലിക്കുകയായിരുന്നു. പതിനഞ്ച് വയസ്സായപ്പോഴേയ്ക്കും നന്നായി അക്കോർഡിയൻ വായിക്കാൻ പഠിച്ചു കഴിഞ്ഞിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളിൽ ഉഴറുന്ന കുടുംബത്തെ നിലനിർത്താൻ എത്രയും വേഗം ഒരു തൊഴിൽ കണ്ടെത്തേണ്ടതുണ്ടായിരുന്നു. പതിനാറാമത്തെ വയസ്സിൽ പ്രതിഫലം വാങ്ങി ഗാനമേളകളിൽ അക്കോർഡിയൻ വായിച്ചുതുടങ്ങി.

എടുത്താൽ പൊങ്ങാത്ത വലുപ്പമുള്ള അക്കോർഡിയൻ നെഞ്ചിൽ തൂക്കി ഗാനമേളകളിൽ തകർത്തു വായിക്കുന്ന കൊച്ചുപയ്യനെ തമിഴിലെ ഏറ്റവും വലിയ സംഗീത സംവിധായകനായ എം. എസ്. വിശ്വനാഥൻ ശ്രദ്ധിക്കുന്നതോടുകൂടിയാണ് ജോയ് സിനിമയിൽ വായിക്കാനെത്തുന്നത്. ദക്ഷിണേന്ത്യൻ സിനിമയിൽ നാല് ഭാഷകൾക്കുമായി മംഗളമൂർത്തി എന്ന ഒരേയൊരു അക്കോർഡിയൻ കലാകാരൻ മാത്രമാണ് അക്കാലത്ത് ഉണ്ടായിരുന്നത്. അദ്ദേഹത്തെ കിട്ടാതെ വരുന്ന സമയത്ത് പകരക്കാരനായി വന്നുതുടങ്ങിയ ജോയ് പിന്നീട് ഒന്നാംനിര അക്കോർഡിയൻ വാദകനായി. "ഞാൻ ആരിൽനിന്നും സംഗീതം പഠിച്ചിട്ടില്ല. പക്ഷെ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മഹാനായ സംഗീതജ്ഞനും മനുഷ്യനുമായിരുന്ന എം. എസ്. വിശ്വനാഥൻ എല്ലാം എനിക്ക് പറഞ്ഞുതന്നു. ഒരു മകനെപ്പോലെ കൈപിടിച്ചുനടത്തി. സംഗീതത്തിൽ ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് എം.എസ്.വി.യുടെ അനുഗ്രഹംകൊണ്ടു മാത്രമാണ്’ എന്ന് ജോയ് പിന്നീട് പറഞ്ഞു. ഇതേ വിശ്വനാഥൻ ഒരിക്കൽ സാക്ഷാൽ വയലാറിനോട് പറഞ്ഞത് "സംഗീതത്തെക്കുറിച്ച് അപാരമായ അറിവുള്ളവനാണ് ജോയി. അവനെക്കുറിച്ച് എനിക്ക് വലിയ പ്രതീക്ഷയുണ്ട്’ എന്നാണ്.

തമിഴിലും തെലുങ്കിലും കന്നടയിലും മലയാളത്തിലും മാത്രമല്ല ഹിന്ദിയിലും ജോയ് വായിച്ചു. അക്കോർഡിയൻ ധാരാളമായി ഉപയോഗിച്ച ശങ്കർ ജയ്കിഷൻ ജോയിയെ സ്ഥിരമായി വായിപ്പിച്ചു. അക്കോർഡിയൻപോലെ തന്നെ ഹാർമ്മോണിയവും ഇലക്ട്രോണിക് കീബോർഡ് ഉപകരണങ്ങളും അനായാസമായി വായിക്കാൻ ജോയിക്ക് കഴിയുമായിരുന്നു. ഇലക്ട്രോണിക് ഓർഗൻ, കോംബോ ഓർഗൻ, സിന്തസൈസർ എന്നിവ എല്ലായിടവും പ്രചാരത്തിൽ വരുന്നതിന് മുമ്പുതന്നെ ജോയ് അവ വായിച്ചുതുടങ്ങി. ജോയ് കീബോർഡോ അക്കോർഡിയനോ വായിക്കാത്ത സംഗീത സംവിധായകർ ഇന്ത്യയിൽ കുറവായിരുന്നു. നൂറിലധികം സംഗീത സംവിധായകർക്ക് താൻ വായിച്ചു എന്ന് ജോയ് പറഞ്ഞിട്ടുണ്ട്.

ദേവരാജന്റെ എക്കാലത്തെയും പ്രസിദ്ധമായ "മാണിക്യവീണയുമായെൻ' (കാട്ടുപൂക്കൾ), ‘ജാതിമല്ലി പൂമഴയിൽ' (ലക്ഷ്‌മി) എന്നീ പാട്ടുകളിലെ അക്കോർഡിയൻ സംഗീതം ആർക്ക് മറക്കാനാവും! സലിൽ ചൗധരിക്കുവേണ്ടി ഏഴു രാത്രികൾ സിനിമയിലെ "കാടാറുമാസം' പാട്ടിൽ ഉജ്ജ്വലമായി ഹാർമോണിയം വായിച്ച ജോയ് അദ്ദേഹത്തിനുവേണ്ടി സ്വപ്നം സിനിമയിലെ "മാനേ മാനേ' പാട്ടിൽ വരുന്ന മനോഹരമായ അക്കോർഡിയൻ സംഗീതവും വായിച്ചു. ജോയിക്ക് ഒഴിവുണ്ടോ എന്ന് ഉറപ്പാക്കിയ ശേഷമേ മദ്രാസിലെ ശബ്ദലേഖനങ്ങൾക്കായി സലിൽ ചൗധരി ബോംബെയിൽ നിന്ന് പുറപ്പെടുമായിരുന്നുള്ളു. എം. എസ്. ബാബുരാജിന്റെ പല പാട്ടുകളിൽ ജോയിയുടെ അക്കോർഡിയനോ കീബോർഡോ കേൾക്കാം. അക്കാലത്തൊക്കെ ബാബുക്ക സ്റ്റുഡിയോയിലെത്തിയാൽ ആദ്യം തിരക്കുക ജോയ്​ വന്നോ എന്നായിരുന്നു. ജോയ്​ ഇല്ലാത്തതുകൊണ്ട് ചില റിക്കാർഡിങ്ങുകൾ ബാബുക്ക മാറ്റിവെച്ച കഥ പോലുമുണ്ട്.

സിനിമയിൽ താൻ കണ്ട ഏറ്റവും കളങ്കമില്ലാത്ത മനുഷ്യരിലൊരാൾ ബാബുരാജായിരുന്നു എന്നും "സായൂജ്യം' എന്ന പടത്തിലെ പാട്ടുകളുടെ റെക്കോഡിങ് കഴിഞ്ഞ് ഇറങ്ങിവരുമ്പോൾ അവിടെ ഉണ്ടായിരുന്ന ബാബുക്ക ഓടിവന്ന് തന്നെ കെട്ടിപ്പിടിച്ച് "പഹയാ, നിന്റെ പാട്ടുകൾക്ക് ഒരു പ്രത്യേക മൊഞ്ചാണെടാ, എന്റെ പിള്ളേർക്കുപോലും ഇപ്പോ നിന്റെ പാട്ടുകള് മതി' എന്നു പറഞ്ഞുവെന്നും ജോയ് പറഞ്ഞിട്ടുണ്ട്.

എം.എസ്​. വിശ്വനാഥൻ ഒരിക്കൽ സാക്ഷാൽ വയലാറിനോട് പറഞ്ഞത് "സംഗീതത്തെക്കുറിച്ച് അപാരമായ അറിവുള്ളവനാണ് ജോയി. അവനെക്കുറിച്ച് എനിക്ക് വലിയ പ്രതീക്ഷയുണ്ട്’ എന്നാണ്

"മലയാളത്തിന്റെ "ഠ' വട്ടത്തിൽ മാത്രം അറിയപ്പെട്ട് തീരേണ്ട സംഗീത സംവിധായകനല്ലായിരുന്നു ജോയ്. കുറച്ചുകൂടി അച്ചടക്കവും പരിശ്രമവും ഉണ്ടായിരുന്നെങ്കിൽ ഹിന്ദിയിലെത്തി അവിടെ ശങ്കർ ജയ്കിഷനേക്കാൾ പേരും പെരുമയും ഉണ്ടാക്കാൻ അവന് കഴിയുമായിരുന്നു' എന്ന് പറഞ്ഞത് ജോയിയുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ദേവരാജൻ മാസ്റ്ററാണ്.

ഇരുപത്തൊമ്പതാമത്തെ വയസ്സിൽ ഒരു സ്വതന്ത്ര സംഗീത സംവിധായകനായി അതിന്റെ തിരക്കുകളിൽ മുങ്ങിയപ്പോഴും കിട്ടുന്ന അവസരത്തിലൊക്കെ മറ്റുള്ള സംഗീത സംവിധായകർക്കുവേണ്ടി സംഗീതജ്‌ഞനായും സഹായിയായും ജോയ് പ്രവർത്തിച്ചു. കെ. വി. മഹാദേവന്റെ സംഗീതത്തിൽ, കർണാടക ശാസ്ത്രീയ സംഗീതം പ്രമേയമായ ശങ്കരാഭരണം സിനിമയുടെ പശ്ചാത്തല സംഗീതം പൂർണ്ണമായി നിർവ്വഹിച്ചത് ശാസ്ത്രീയ സംഗീതം തെല്ലും പഠിക്കാത്ത ജോയ് ആയിരുന്നു. സലിൽ ചൗധരിക്കാകട്ടെ അദ്ദേഹത്തിന്റെ അവസാന സിനിമകളായ തമ്പുരാൻ (മലയാളം), സ്വാമി വിവേകാനന്ദാ (ഹിന്ദി) എന്നിവയ്ക്ക് വരെ ജോയ് കീബോർഡ് വായിച്ചു. സ്വന്തം ഗാനമായ "സ്വർണമീനിന്റെ'യിലെ സമൃദ്ധമായ ഹാർമോണിയം ഭാഗങ്ങളും ജോയ് തന്നെയാണ് വായിച്ചിട്ടുള്ളത്.

സ രി ഗ മ അറിയാത്ത സംഗീതജ്ഞൻ

കാൽനൂറ്റാണ്ടു കാലം തെന്നിന്ത്യൻ സിനിമാരംഗത്ത് ഒന്നാംകിട സംഗീതജ്ഞനായും പത്തുവർഷത്തോളം മലയാള സിനിമയിലെ മുൻനിര സംഗീത സംവിധായകനായും തിളങ്ങിയ ജോയ് അക്കാലത്ത് ചെന്നൈയിലെ ഏറ്റവും പണക്കാരനായ സംഗീതജ്ഞനായിരുന്നു. ബെൻസ് കാറുകളിൽ ഒരു മഹാരാജാവിനെപ്പോലെയായിരുന്നു അദ്ദേഹം ശബ്ദലേഖനങ്ങൾക്ക് വന്നിറങ്ങുന്നത്. തിരക്കുകൾ മൂലം ശബ്ദലേഖനങ്ങൾക്ക് താമസിച്ച് എത്തുന്ന ജോയിയെക്കാത്ത് സംഗീത സംവിധായകരും വാദ്യക്കാരും കാത്തിരിക്കുമായിരുന്നു. കാരണം ജോയിക്ക് പകരം വെയ്ക്കാൻ മറ്റൊരു സംഗീതജ്ഞൻ ഉണ്ടായിരുന്നില്ല. വന്നിറങ്ങിയാലുടൻ എത്ര നീളമുള്ള, എത്രയേറെ ബുദ്ധിമുട്ടുള്ള സംഗീത ഭാഗമായാലും അത് അനായാസം വായിച്ചു ഫലിപ്പിക്കാൻ അദ്ദേഹത്തിനു കഴിയുമായിരുന്നു. അടുത്തടുത്തുള്ള മൂന്ന് സ്റ്റുഡിയോകളിൽ ഒരേ സമയം മൂന്ന് സിനിമകൾക്ക് വായിക്കാൻ സമ്മതിച്ച് മൂന്നിടത്തും സംഗീതോപകരണങ്ങൾ ഇണക്കിവെച്ച ശേഷം, മറ്റുള്ള സംഗീതജ്ഞർ പാട്ട് പരിശീലിക്കുന്ന നേരംകൊണ്ട് മൂന്ന് സ്ഥലത്തും മാറി മാറി എത്തി മൂന്നും വായിച്ചുകൊടുക്കും. എല്ലാം ഓർമ്മയിൽനിന്നാണ് എന്നോർക്കുക. കെ.ജെ ജോയിക്ക് സംഗീതക്കുറിപ്പുകൾ (നൊട്ടേഷൻ) എഴുതാൻ അറിയാമായിരുന്നില്ല. പാട്ട് പാടാനും കഴിവുണ്ടായിരുന്നില്ല.

മറ്റുള്ള സംഗീത സംവിധായകർക്കുവേണ്ടി വായിക്കുമ്പോൾ, ഒരേയൊരു തവണ പാടിയോ ഏതെങ്കിലും ഉപകരണത്തിൽ വായിച്ചോ കേൾക്കുന്ന സംഗീതഭാഗം ആ നിമിഷം തന്നെ അദ്ദേഹത്തിന്റെ മനസ്സിൽ ഉറയ്ക്കുമായിരുന്നു. പിന്നെ അത് മറക്കാൻ നാളുകളെടുക്കും. സ്വന്തമായി സംഗീത സംവിധാനം ചെയ്യുമ്പോൾ മനസ്സിൽ വിരിയുന്ന സംഗീതം ഹാർമോണിയത്തിലോ കീബോർഡിലോ അക്കോർഡിയനിലോ വായിച്ചുകേൾപ്പിക്കും. സഹായികളോ മറ്റ് സംഗീതജ്ഞരോ അവയെ നോട്ടുകളായി എഴുതിയെടുക്കും. പാട്ടുകാർക്കുള്ള ഭാഗങ്ങളും ഓരോരോ ഉപകരണ സംഗീതഭാഗങ്ങളും വേറെവേറെ അദ്ദേഹം വായിച്ചു കേൾപ്പിക്കും. വളരെ വിഷമംപിടിച്ച പാട്ടായ ‘മധുമലർ താലമേന്തും ഹേമന്ത'ത്തിലെ ഓരോ പൊടി സംഗതികളും താൻ കീബോർഡിൽ വായിച്ചു കാണിച്ച് യേശുദാസിനെ പഠിപ്പിച്ച കഥ അദ്ദേഹം പറഞ്ഞിട്ടുണ്ട്. തബല, ഡ്രം പോലെയുള്ള താളവാദ്യ ഭാഗങ്ങൾ എവിടെയെങ്കിലും കൊട്ടിക്കാണിക്കുകയോ, വായ്കൊണ്ട് പറഞ്ഞുകൊടുക്കുകയോ ചെയ്യും. ഉപകരണക്കാർ അവ എഴുതിയെടുത്താലുടൻ റിക്കാർഡിങ്ങ് ആരംഭിക്കുകയായി. ഇതേ രീതിയിലാണ് തന്റെ എല്ലാപ്പാട്ടുകളും ജോയ് ഒരുക്കിയത്. ശാസ്ത്രീയമായും സാങ്കേതികമായും സംഗീതം പഠിക്കാത്ത, പാടാൻ കഴിവില്ലാത്ത ഒരാൾക്ക് സംഗീതജ്ഞനോ സംഗീത സംവിധായകനോ ആകാൻ കഴിയില്ല എന്ന ധാരണയെ അപ്പാടെ തകർക്കുകയായിരുന്നു ജോയ്.

തിരക്കുകൾ മൂലം ശബ്ദലേഖനങ്ങൾക്ക് താമസിച്ച് എത്തുന്ന ജോയിയെക്കാത്ത് സംഗീത സംവിധായകരും വാദ്യക്കാരും കാത്തിരിക്കുമായിരുന്നു. കാരണം ജോയിക്ക് പകരം വെയ്ക്കാൻ മറ്റൊരു സംഗീതജ്ഞൻ ഉണ്ടായിരുന്നില്ല

സംഗീത സംവിധായകൻ എന്ന നിലയിൽ ഉപകരണ സംഗീതക്കാരോടും സംഘ ഗായകരോടും അങ്ങേയറ്റം താല്പര്യത്തോടെയും കാരുണ്യത്തോടെയുമാണ് ജോയ് പെരുമാറിയിട്ടുള്ളത് എന്ന് പല വാദ്യ സംഗീതജ്ഞരും എന്നോട് പറഞ്ഞിട്ടുണ്ട്. പാട്ടിൽ പത്ത് വയലിൻ മതിയെങ്കിലും അവസരം കുറവുള്ള പത്തുപേരെക്കൂടി ശബ്ദലേഖനത്തിൽ ഉൾപ്പെടുത്തുക, ജോലിയില്ലാതെ കഷ്ടപ്പെടുന്ന സംഘ ഗായകർക്ക് പരമാവധി അവസരങ്ങൾ നൽകുക, അവസരം ചോദിച്ചുവരുന്ന കഴിവുള്ളവരെ എങ്ങനെയെങ്കിലും സഹായിക്കുക, പുതിയ ഗാന രചയിതാക്കളെ കലവറയില്ലാതെ പ്രോത്സാഹിപ്പിക്കുക എന്നതിലൊക്കെ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഭരണിക്കാവ് ശിവകുമാറിനെപ്പോലെയുള്ള ഗാനരചയിതാക്കൾ നിലനിന്നതിൽ ജോയിക്ക് വലിയ പങ്കുണ്ടായിരുന്നു. തിരക്കുമൂലം തനിക്ക് വായിക്കാനാവാതെ വന്ന ശബ്ദലേഖനങ്ങൾക്ക് കൗമാരം കടക്കാത്ത എ.ആർ. റഹ്‌മാനെ ശുപാർശ ചെയ്ത സംഭവങ്ങളുമുണ്ട്.

സൂപ്പർതാരം ജയനും ജോയിയും അടുത്ത സുഹൃത്തുക്കളായിരുന്നു. അഭിനയിക്കാൻ അവസരങ്ങൾ തേടി ജയൻ മദ്രാസിൽ അലഞ്ഞ കാലം മുതലുള്ള അടുപ്പമായിരുന്നു അവർ തമ്മിൽ. സംവിധായകൻ ജേസിക്ക് ജയനെ പരിചയപ്പെടുത്തിയത് ജോയിയായിരുന്നു. അതുവഴിയാണ് "ശാപമോക്ഷം' എന്ന സിനിമയിലൂടെ ജയൻ ശ്രദ്ധിക്കപ്പെടുന്നത്. ജയനെപ്പോലെ സ്‌റ്റൈലായി വസ്ത്രം ധരിച്ച് നടക്കാൻ ഇഷ്ടപ്പെട്ടിരുന്ന സുന്ദരനായ ജോയിക്കും സിനിമയിൽ അഭിനയിക്കാൻ അവസരങ്ങൾ വന്നെങ്കിലും "അഭിനയിക്കാനുള്ള കഴിവോ ധൈര്യമോ എനിക്ക് ഇല്ല' എന്നുപറഞ്ഞ് ജോയ് ഒഴിവാകുകയായിരുന്നു. ലിസ എന്ന സിനിമയിലെ "പാടും രാഗത്തിൻ' എന്ന പാട്ടിൽ ഒരു അക്കോർഡിയൻ വാദകനായും, പപ്പു എന്ന സിനിമയിലെ "പുഷ്യരാഗം' ഗാനരംഗത്ത് ഒരു സംഗീത സംവിധായകനായും തലകാട്ടിയത് മാത്രമാണ് ജോയ് ആകെ നടത്തിയ സിനിമാ അഭിനയം.

പാട്ടുപ്രേമികളുടെ ഒരു തലമുറയെ വല്ലാതെ സ്വാധീനിച്ചു എങ്കിലും അടുത്തടുത്ത തലമുറകളിലേക്ക് ജോയിയുടെ സംഗീതം വലിയതോതിൽ കടന്നു ചെന്നില്ല എന്നത് സത്യമാണ്. ഒന്നിനൊന്നു വ്യത്യസ്‍തമായ പാട്ടുകളുണ്ടാക്കി, ഓരോ പാട്ടിലും തന്റെ മുദ്ര പതിപ്പിച്ച ജോയിയുടെ പേര്, മലയാളത്തിൽ ഇന്നോളം ഉണ്ടായിട്ടുള്ള മഹാന്മാരായ സംഗീത സംവിധായകരുടെ പട്ടികയിൽ അധികമാരും പറഞ്ഞു കേൾക്കാറുമില്ല. ഇതിന് പല കാരണങ്ങളുണ്ട്. 71 പടങ്ങൾക്ക് അദ്ദേഹം സംഗീതം കൊടുത്തെങ്കിലും അവയിൽ എട്ടോ പത്തോ എണ്ണം മാത്രമാണ് വ്യാപാര വിജയം നേടിയത്. മറ്റു പലതും അമ്പേ പരാജയപ്പെട്ട് ആരാരും അറിയാതെ പോയ പടങ്ങൾ. ജോയിയുടെ സംഗീതത്തിന്റെ പ്രത്യേകതകൾ തിരിച്ചറിഞ്ഞവർക്കാണ് ആ പാട്ടുകൾ പ്രിയപ്പെട്ടവയായത്. മറ്റൊന്ന് അക്കാലത്ത് പലപ്പോഴും ചെറുകിട സിനിമകളുടെ കസെറ്റുകൾ പുറത്ത് വരാറുണ്ടായിരുന്നില്ല. ടേപ്പ് റിക്കാർഡറും കസെറ്റുകളും എല്ലായിടത്തും എത്തിച്ചേർന്ന 1980കൾ പാതിയാകും മുമ്പേ ജോയിക്ക് പടങ്ങൾ ഇല്ലാതെയാകുകയും ചെയ്തു. സിനിമയിൽ തിരക്ക് കുറഞ്ഞപ്പോൾ നവീന സാങ്കേതിക വിദ്യയും വിദേശത്തുനിന്ന് വരുത്തിയ ഉപകരണങ്ങളും വെച്ചുകൊണ്ട് ജോയ് സ്റ്റുഡിയോ എന്ന പേരിൽ ഒരു ശബ്ദലേഖനനിലയം അദ്ദേഹം ആരംഭിച്ചു.

പാട്ടൊഴിഞ്ഞപ്പോൾ...

രണ്ടായിരങ്ങളുടെ ആരംഭത്തിൽ ഒരു ദിവസം എനിക്കൊരു വിളിവന്നു. തമിഴ് ചുവയ്ക്കുന്ന മലയാളം. "ഷാജിയല്ലേ? എന്റെ പേര് കെ.ജെ. ജോയ്. പത്തെഴുപത് മലയാളം പടത്തിന് ഞാൻ മ്യൂസിക് ചെയ്തിട്ടുണ്ട്. കസ്തൂരി മാൻമിഴി, മറഞ്ഞിരുന്നാലും, അക്കരെയിക്കരെ നിന്നാലെങ്ങനെ... ഒക്കെ എന്റെ പാട്ടുകളാ". ഞാൻ ഒന്നു ഞെട്ടി. കെ.ജെ. ജോയ് എന്നെ ഇങ്ങോട്ട് വിളിക്കുന്നു. തന്റെ പാട്ടുകൾ പരിചയപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഏത് പാട്ടാണ് എനിക്കറിയാത്തത്! എന്ത് പറയണമെന്നറിയാതെ അല്പനേരം കുഴങ്ങിയെങ്കിലും ഒടുവിൽ ഞാൻ പറഞ്ഞു "ഇങ്ങനെയൊക്കെപ്പറഞ്ഞ് നിങ്ങൾ എന്നെ വിഷമിപ്പിക്കല്ലേ ജോയേട്ടാ.... നിങ്ങടെ സർവ്വ പാട്ടും എനിക്കറിയാം’.

"അതെയോ? വളരെ സന്തോഷം. ഞാനീയിടെ അമേരിക്കയിൽ പോയപ്പോൾ ഷാജിയുടെ സുഹൃത്ത് കുര്യനെ കണ്ടിരുന്നു. അങ്ങേരാണ് നമ്പർ തന്നത്. ക്ലബ് ജോയ് എന്ന പേരിൽ ഞാൻ ഒരു പ്രസ്ഥാനം തുടങ്ങാൻ പോകുന്നു. അതിനെക്കുറിച്ച് സംസാരിക്കാനാണ് വിളിച്ചത്. നാളെ എന്റെ ഓഫീസിലേക്ക് വരാമോ?’.

"വരാം ജോയേട്ടാ. ജോയ് സ്റ്റുഡിയോ തന്നെയല്ലേ ഓഫീസ്?’.

"സ്റ്റുഡിയോ ഞാൻ നിർത്തി. അവിടെയിപ്പോൾ ഒരു ബാങ്കാണ്. അതിന്റെ പിന്നിലാണ് ക്ലബ് തുടങ്ങാൻ പോകുന്നത്. നാളെ ഉച്ചകഴിഞ്ഞ് അങ്ങോട്ട് വരൂ’.

രംഗരാജപുരത്തുള്ള ആ ഒറ്റമുറി ഓഫീസിന് യാതൊരു ആഡംബരവും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ സംഗീത കാലങ്ങളെപ്പറ്റി അറിയാനും പറയാനും ഞാൻ ശ്രമിച്ചെങ്കിലും അതിലൊന്നും അദ്ദേഹം താൽപര്യം കാണിച്ചില്ല. താൻ തുടങ്ങാൻ പോകുന്ന പ്രമുഖന്മാർക്കായുള്ള ക്ലബ്ബിൽ ഞാനും ഒരംഗമായി ചേരണം. അമ്പതിനായിരം രൂപയാണ് അംഗത്വ സംഖ്യ. അമേരിക്കൻ കുര്യന്റെ സുഹൃത്ത് എന്ന സൗജന്യത്തിൽ ഞാൻ വെറും പതിനായിരം രൂപ കൊടുത്താൽ മതി.

പാട്ടുപ്രേമികളുടെ ഒരു തലമുറയെ വല്ലാതെ സ്വാധീനിച്ചു എങ്കിലും അടുത്തടുത്ത തലമുറകളിലേക്ക് ജോയിയുടെ സംഗീതം വലിയതോതിൽ കടന്നു ചെന്നില്ല എന്നത് സത്യമാണ്

വേറെ രണ്ട് അംഗങ്ങളെ ഞാൻ ചേർത്തുകഴിയുമ്പോൾ ആ പതിനായിരവും തിരിച്ചു തരും. ക്ലബ് അംഗങ്ങൾ മദ്യം, വിനോദം, സൽക്കാരം എല്ലാറ്റിനും നാലിലൊന്ന് പണം കൊടുത്താൽ മതി. അന്തസ്സിന്റെ അടയാളമായ ആ അംഗത്വം പിന്നീട് മറിച്ചു വിറ്റാൽ പല ലക്ഷം കൈയിൽ വരും. കൺട്രി ക്ലബ്, കോസ്മോപോളിറ്റൻ ക്ളബ് എന്നൊക്കെ പറയുന്നതുപോലെ. അദ്ദേഹം രസീത് പുസ്തകം തുറന്ന് എന്റെ പേര് എഴുതാൻ തുടങ്ങി. എനിക്കാകെ സങ്കടം വന്നു. ജോയ് തന്റെ സംഗീതത്തെപ്പറ്റി പറയുന്നത് കേൾക്കാൻ ഓടിവന്ന എന്നോട് അദ്ദേഹം പണമിടപാടുകളെപ്പറ്റി മാത്രം പറയുന്നു! ഒരു പ്രമുഖനോ പണക്കാരനോ അല്ലാത്ത എന്നോട് ഇതുപറയുന്നത് ഏതോ തെറ്റിദ്ധാരണകൊണ്ടാണ്. ‘ഇപ്പോൾ കയ്യിൽ കാശില്ല. വൈകാതെ പണവുമായി വരാം' എന്ന് ഞാൻ വിഷയം മാറ്റി.

1965 മുതൽ 1995 വരെയുള്ള മുപ്പതു വർഷത്തെ ഇന്ത്യൻ സിനിമാ സംഗീതത്തെക്കുറിച്ച് എത്രയോ കാര്യങ്ങൾ എനിക്ക് അദ്ദേഹത്തിൽനിന്ന് അറിയാനുണ്ട്. അധികമാരും ശ്രദ്ധിക്കാത്ത അദ്ദേഹത്തിന്റെ ചില പാട്ടുകളുടെ പ്രത്യേകതകൾ സൂചിപ്പിച്ച് "ഞാൻ ചിലത് ചോദിക്കട്ടെ ജോയേട്ടാ? എന്നെങ്കിലും ഒരിക്കൽ ജോയേട്ടന്റെ സംഗീതത്തെക്കുറിച്ച് എനിക്ക് എഴുതണമെന്നുണ്ട്.’

"അതൊന്നും വേണ്ട. സിനിമയൊക്കെ ഞാൻ വെറുത്തിരിക്കുകയാ. പിന്നെ നിനക്ക് ഏറ്റവും ഇഷ്ടമുള്ള കമ്പോസർ ഞാനാണോ? അല്ലല്ലോ!"

"ജോയേട്ടന്റെ പാട്ടുകളോട് പ്രത്യേക ഇഷ്ടമുണ്ട്. സലിൽ ചൗധരി, ബാബുരാജ്, മദൻ മോഹൻ, ആർ ഡി ബർമൻ, ശ്യാം, കണ്ണൂർ രാജൻ... എല്ലാവരെയും ഇഷ്ടമാണ്’.

"സലിൽ ചൗധരിയെയാണ് ഏറ്റവും ഇഷ്ടം അല്ലേ? നിനക്ക് ടേസ്റ്റ് ഉണ്ട്. ആട്ടെ ഞാൻ ചെയ്ത ഏത് സിനിമയാ നിനക്ക് ഏറ്റവും ഇഷ്ടം? ’

"ജോയേട്ടൻ ചെയ്ത പടങ്ങളിൽ നാലോ അഞ്ചോ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ലിസ, അനുപല്ലവി, സായൂജ്യം, സർപ്പം, ചന്ദ്രഹാസം, ഇതിഹാസം, ശക്തി.. പക്ഷെ ജോയേട്ടന്റെ പാട്ടുകളെല്ലാം എനിക്കറിയാം. ഓരോ പാട്ടും ഓരോ സംഭവമല്ലേ! ആരാണ് ജോയേട്ടനെ സംഗീതം പഠിപ്പിച്ചത്?’

"വയലിൻ എങ്ങനെ പിടിക്കണം, എവിടെ വിരൽ വെക്കണം എന്നൊക്കെയല്ലാതെ മ്യൂസിക് ഞാൻ ഒന്നും പഠിച്ചിട്ടില്ല. എല്ലാം തന്നെത്താൻ പ്രാക്ടീസ് ചെയ്തുണ്ടാക്കിയതാ. മ്യൂസിക് പഠിക്കാൻ പറ്റുന്ന സാധനമല്ല. കഷ്ടപ്പെട്ട് ആരെങ്കിലും മ്യൂസിക് പഠിച്ചാൽ അവർക്ക് മ്യൂസിക് ടീച്ചറാകാം. മ്യുസിഷ്യനോ മ്യൂസിക് ഡയറക്ടറോ ആകാൻ പറ്റില്ല...’

നേരിൽക്കണ്ടപ്പോൾ ഉണ്ടായ ഞെട്ടലിൽ നിന്ന് കരകയറാത്തതുകൊണ്ട് കുറെ നാളത്തേയ്ക്ക് അദ്ദേഹത്തെ വിളിക്കാൻ ഞാൻ ശ്രമിച്ചില്ല. വർഷങ്ങൾ കഴിഞ്ഞ് വീണ്ടും ഒരു ദിവസം ജോയേട്ടൻ വിളിക്കുന്നു. "ജോയേട്ടൻ ഇപ്പോഴും എന്നെ ഓർക്കുന്നുണ്ടോ? എന്റെ നമ്പർ ഇപ്പോഴും കയ്യിലുണ്ടല്ലോ!’.

"നിന്നെ ഞാൻ മറക്കുമോ? നീ എന്റെ ഏറ്റവും വെല്യ ഫാൻ അല്ലേ? നിന്റെ കയ്യിൽ ഏത് കാറാ ഇപ്പോൾ ഉള്ളത്?’.

വിലകൂടിയ എത്രയോ കാറുകളുടെ ഉടമ, സകല കാറുകളുടെയും ചരിത്രവും ഭൂമി ശാസ്ത്രവും കാണാപ്പാഠമായ മനുഷ്യനാണ് ഈ ചോദിക്കുന്നത്.

"എന്റെ കയ്യിൽ ഉള്ളത് ഒരു ചെറിയ കാറാ ജോയേട്ടാ. വാഗൺ ആർ’.

"വാഗൺ ആർ നല്ല കാറല്ലേ? നീയൊരു കാര്യം ചെയ്യ്. ഈ ഫ്രൈഡേ ആ കാറും എടുത്തോണ്ട് ഇങ്ങ് വാ. നമുക്ക് ഗോവാ ഫിലിം ഫെസ്റ്റിവെലിന് പോകാം. ഞാൻ ഗിറ്റാർ എടുക്കാം. നമുക്ക് പാട്ടൊക്കെ പാടി അടിച്ചുപൊളിച്ച് പോയിട്ട് വരാം. നീ ഒരു ഇന്റർവ്യൂന്റെ കാര്യം പറഞ്ഞില്ലേ? അതും വഴിക്ക് നമുക്ക് നടത്താം. ഗോവയിൽ ഡെലിഗേറ്റുകളും ടൂറിസ്റ്റുകളും ഒക്കെയായി ധാരാളം സുന്ദരികളും ഉണ്ടാകും. ആകപ്പാടെ രസമായിരിക്കും’.

ജോയേട്ടൻ ആളൊരു രസികനാണെന്ന് മനസ്സിലായി. പക്ഷെ അദ്ദേഹത്തിന്റെ കൂടെ അങ്ങനെ ഒരു യാത്ര ചെയ്യാനുള്ള മാനസികാവസ്ഥ എനിക്ക് ഉണ്ടായിരുന്നില്ല. "വരാവുന്ന സ്ഥിതിയില്ല ജോയേട്ടാ... മാത്രമല്ല വാഗൺ ആറിൽ ഗോവാ വരെ ഡ്രൈവ് ചെയ്യലും ശരിയാവില്ല. ജോയേട്ടന്റെ ബെൻസൊക്കെ എവിടെ? ജോയേട്ടന് അതിൽ പോകാമല്ലോ’. "ബെൻസിൽ ഡീസൽ അടിച്ച് മുടിയും. അതാ നിന്നോട് ചോദിച്ചത്. സാരമില്ല'. ജോയേട്ടൻ ഫോൺ വെച്ചു.

നിഴൽ മൂടിയ നിറങ്ങൾ

കാലം പിന്നെയും കടന്നോടി. 2008 സമയത്ത് ദ ഹിന്ദുവിൽ ജോയേട്ടന്റെ ഒരു അഭിമുഖം വരുന്നു. അതിന്റെ തലക്കെട്ട് "തെന്നിന്ത്യൻ സിനിമാ സംഗീതത്തിന് കീ ബോർഡ് പരിചയപ്പെടുത്തിയ സംഗീതജ്ഞൻ' എന്നായിരുന്നു. തലക്കെട്ട് തന്നെ തെറ്റാണല്ലോ! നോവാകോർഡ്, ക്ളാവിയോലിൻ, യൂണിവോക്സ് പോലെയുള്ള ഇലക്ട്രോണിക് കീ ബോർഡ് ഉപകരണങ്ങൾ1960കളുടെ തുടക്കം മുതലേ ഇവിടെ ഉപയോഗിച്ചു വരുന്നതാണ്. 60കളുടെ അവസാനമാണ് ജോയേട്ടൻ കീബോർഡ് വായിക്കാൻ തുടങ്ങിയത്.

രാഗങ്ങൾ തിരിച്ചറിയാൻ എനിക്ക് കഴിവില്ല. പക്ഷെ കൃത്യമായ രാഗങ്ങളിൽ ഞാൻ പാട്ടുകൾ ചെയ്തിട്ടുണ്ട്. കാരണം ഈണം പോകുന്ന വഴികൾ ഒരിക്കലും എനിക്ക് തെറ്റില്ല. ഞാൻ ചെയ്ത പാട്ടുകൾക്കെല്ലാം ഒരേ രാഗമാണ്. ജോയ് രാഗം! ’

പിന്നെ അതൊന്നുമല്ലല്ലോ ജോയിയുടെ മഹത്വം. ആ അഭിമുഖത്തിൽ പല തെറ്റായ വിവരങ്ങളും ഉണ്ടായിരുന്നു. 60 മലയാളം പടങ്ങളാണ് അദ്ദേഹം ചെയ്തതത്രേ! ധരം ഔർ കാനൂൻ എന്ന ഹിന്ദി സിനിമയിൽ അദ്ദേഹം പാട്ടുകൾ ചെയ്തു എന്നും എഴുതിയിരുന്നു.

മലയാള സംവിധായകൻ ജോഷി സംവിധാനം ചെയ്ത് രാജേഷ് ഖന്നയും ധർമ്മേന്ദ്രയും ആശാ പരേഖും ജയപ്രദയും അഭിനയിച്ച ധരം ഔർ കാനൂൻ ജോഷിയുടെ "ആരംഭം' മലയാളം പടത്തിന്റെ റീമേക്ക് ആയിരുന്നു. ജോയേട്ടൻ മലയാളത്തിൽ ചെയ്ത "ആരംഭം മധുപാത്രങ്ങളിൽ' എന്ന പാട്ട് "ആ ബലമ് മുജേ' എന്ന് ഹിന്ദിയിൽ വരികയും ചെയ്തു. പശ്ചാത്തല സംഗീതവും ജോയേട്ടന്റേതുതന്നെ. പക്ഷെ എല്ലാം കല്യാൺജി ആനന്ദ്ജിയുടെ പേരിലാണ് വന്നത്. ആ പടത്തിലെവിടെയും ജോയേട്ടന്റെ പേരില്ലായിരുന്നു. ഇതൊക്കെ പറയാതെ എന്തോന്ന് അഭിമുഖം? ‘ഒരു സംഗീത സംവിധായകനാകാൻ പ്രത്യേകിച്ച് കഴിവൊന്നും വേണ്ട' എന്നുതുടങ്ങിയ പ്രസ്താവനകളും ആ അഭിമുഖത്തിൽ ഉണ്ടായിരുന്നു!

സംഗീതത്തിൽ ജോയ്‌ക്കുള്ള മഹത്വവും അദ്ദേഹത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളും വരുന്ന ഒരു ലേഖനം എഴുതണമെന്ന ആഗ്രഹത്തിൽ എത്രയോ വർഷമായി ഈ മനുഷ്യനോട് നമ്മൾ ഒരു അഭിമുഖം ചോദിക്കുന്നു. ഇതിങ്ങനെ വിട്ടാൽ പറ്റില്ല. ഞാൻ ജോയേട്ടനെ വിളിച്ചു. വർഷങ്ങൾ കടന്നുപോയതിന്റെ അകലം ഒട്ടുമില്ലാതെ, ഇന്നലെയും കൂടി തമ്മിൽ സംസാരിച്ചതുപോലെയുള്ള അടുപ്പത്തോടെ ജോയേട്ടൻ കുശലമന്വേഷിച്ചു. ഞാൻ ഹിന്ദു അഭിമുഖത്തിലെ പ്രശ്നങ്ങൾ സൂചിപ്പിച്ച് ഇപ്പോഴെങ്കിലും എനിക്ക് ഒരു അഭിമുഖം തരാമോ എന്ന് ചോദിച്ചു. "അടുത്ത ശനിയാഴ്ച വരൂ. നിനക്ക് ഇന്റർവ്യൂ തന്നിട്ട് തന്നെ കാര്യം' എന്നായി ജോയേട്ടൻ. എന്നാൽ അന്ന് ഉച്ചതിരിഞ്ഞ് ജോയേട്ടൻ എന്നെ വിളിച്ചു. "അടുത്ത ശനിയാഴ്ച ചിലപ്പോൾ ഞാൻ ജപ്പാനിലേക്ക് പോകും, നീ ഇന്നുതന്നെ വന്നോളൂ. വൈകിട്ട് അത്താഴം എന്നോടൊപ്പം. ഞാൻ ഇപ്പോൾ താമസിക്കുന്ന സ്ഥലം അറിയാമോ? എം. എസ്. വിശ്വനാഥന്റെ വീടിരിക്കുന്ന സാന്തോമിൽ നിന്ന് കുറച്ച് മുന്നോട്ടു വരുമ്പോൾ ഇടതുവശത്ത് കാണുന്ന വലിയ ഗേറ്റ്‌. കടലിന് അഭിമുഖമായുള്ള രണ്ടേക്കറാണ്. നൂറുകോടിയിലേറെ വിലമതിപ്പുള്ള വസ്തു. വരൂ. എല്ലാം കാണാം’.

"അത് കല്പനാ ഹൗസ് അല്ലേ ജോയേട്ടാ? സിനിമാ ഷൂട്ടിങ്ങിന് കൊടുക്കുന്ന വീട്?'. "അതാണ് എന്റെ വീട്. നീ വരൂ. അഞ്ചു മണിക്കുള്ളിൽ വരണം. ഞാൻ കാത്തിരിക്കും’.

ഒരു സുഹൃത്തിന്റെ കൈയിൽ നിന്ന് അഭിമുഖം ശബ്ദലേഖനം ചെയ്യാനുള്ള വോയ്‌സ് റിക്കാർഡറും കടം വാങ്ങി, എന്റെ ശേഖരത്തിലുള്ള ഇരുനൂറോളം ജോയ് പാട്ടുകൾ അദ്ദേഹത്തിന് സമ്മാനിക്കാൻ സി ഡികളിൽ പകർപ്പെടുത്ത് പുറപ്പെട്ടു. ഇതിനിടയിൽ ജോയേട്ടൻ പലതവണ വിളിച്ച് ഞാൻ വരുമെന്നുറപ്പാക്കിയിരുന്നു. കൃത്യം നാലര മണിക്ക് കൽപനാ ഹൗസിന്റെ മുമ്പിൽ എത്തുമ്പോൾ പടിവാതിലിൽത്തന്നെ ജോയേട്ടൻ നിൽക്കുന്നു. ഗേറ്റ് തുറന്നതും കാർ എവിടെ ഇടണമെന്ന് കാണിച്ചു തന്നതും അദ്ദേഹം തന്നെ. വാർദ്ധക്യം ആരംഭിക്കുന്നതിന്റെ ലക്ഷണങ്ങൾ നടപ്പിലും മുഖത്തും കാണാനുണ്ടായിരുന്നെങ്കിലും ആൾ ഇപ്പോഴും സുന്ദരൻ തന്നെ. ചില സിനിമാക്കാരെ കാണാൻവേണ്ടി കല്പനാ ഹൗസിൽ മുൻപ് ഞാൻ വന്നിട്ടുണ്ട്. ആ ഭീമൻ കെട്ടിടത്തിന്റെ കടൽത്തീരത്തേക്ക് തുറക്കുന്ന ഭാഗത്താണ് ജോയേട്ടൻ താമസിക്കുന്നത്. വർഷങ്ങളായി അറ്റകുറ്റപ്പണികൾ ചെയ്യാതെ പായലും പൂപ്പലും പിടിച്ച് അവിടെമാകെ ഇരുണ്ട് കിടന്നു. മൊത്തത്തിൽ ഒരു ഭാർഗ്ഗവീ നിലയം മട്ട്. മുറ്റത്ത് അവിടെയും ഇവിടെയുമായി നാലഞ്ച് കാറുകൾ കട്ടപ്പുറത്ത് ഇരിക്കുന്നു. അതിൽ ജോയേട്ടന്റെ ബെൻസുകളുമുണ്ട്. ഓടുന്ന ഒരു ചെറിയ കാർ അല്പം മാറ്റി നിർത്തിയിരിക്കുന്നു. "അകത്ത് ഭയങ്കര ചൂടാ. നമുക്ക് ഇവിടെ ഇരിക്കാം. നല്ല കടൽക്കാറ്റ് കിട്ടും' ജോയേട്ടൻ പറയുന്നു. ദ്രവിച്ചുതുടങ്ങിയ രണ്ട് പഴഞ്ചൻ പ്ലാസ്റ്റിക്ക് കസേരകളിൽ ഞങ്ങൾ ഇരുന്നു.

സി ഡികൾ കൊടുത്തപ്പോൾ അവ മറിച്ചുനോക്കി. "ഇതിൽ എത്രപാട്ടുണ്ട്?’. ഇരുന്നൂറ് എന്ന് പറഞ്ഞപ്പോൾ "ഇനിയും പത്ത് നൂറ് പാട്ടുണ്ട്. അതും സംഘടിപ്പിച്ചു തരണം' എന്നായി.

"മലയാളത്തിൽ എനിക്കറിഞ്ഞ് ഇനി നാൽപ്പതിൽ താഴെ പാട്ടുകൾ കൂടിയേ ഉള്ളു. അത് കിട്ടാനില്ല' എന്ന് ഞാൻ പറഞ്ഞു.

എന്നോട് "നീ അകത്ത് ഹാളിൽ പോയി നോക്ക്. അവിടെ എന്റെ ഫോട്ടോകൾ ഉണ്ട്' എന്ന് പറഞ്ഞു. എന്താണ് നടക്കുന്നത് എന്ന് മനസ്സിലാകാത്തതിന്റെ പരുങ്ങലോടെ ഞാൻ ഹാളിലേക്ക് ചെല്ലുമ്പോൾ പൊളിഞ്ഞ ഒരു ഊണ് മേശക്കു ചുറ്റുമിരുന്ന് നാല് സ്ത്രീകൾ എന്തോ കഴിക്കുന്നു. ഞാൻ വേഗം പിൻവാങ്ങി ജോയേട്ടന്റെ അരികിൽ തിരിച്ചെത്തി.

"അവരെ കണ്ടിട്ടാണോ? എന്റെ ഭാര്യയും ബന്ധുക്കളുമാ. അവർ ഇപ്പോൾ പോകും. അതു കഴിഞ്ഞ് നീ പോയി നോക്ക്. പിന്നെ നമുക്ക് പുറത്തെവിടെയെങ്കിലും പോകാം. അത്താഴം പുറത്തുനിന്ന് കഴിക്കാം. ഡിന്നർ എന്റെ വക. വെറുതെ എന്തെങ്കിലുമൊക്കെ സംസാരിച്ചിരിക്കാം. ഇന്റർവ്യൂ ഇനിയൊരു ദിവസമാകാം. ഇന്ന് മൂഡില്ല'.

ഉള്ളിലുണ്ടായിരുന്ന സ്ത്രീകൾ പുറത്ത് വന്നു. അവർ ജോയേട്ടനെ ശ്രദ്ധിക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്യാതെ എന്റെമേൽ കടുപ്പിച്ച ഒരു നോട്ടമെറിഞ്ഞ് അവിടെക്കിടന്ന ചെറിയ കാറിൽക്കയറി പുറത്തേക്ക് പോയി. ജോയേട്ടൻ എന്നോട് "നമുക്ക് ആന്ധ്രാ ക്ലബ്ബിൽ പോകാം. ഞാൻ അവിടത്തെ മെംബറാ. ഇന്ന് നിനക്ക് എന്റെ ചെലവ്. നീ അകത്തുപോയി ഫോട്ടോകൾ നോക്കിയിട്ട് വാ'. ജോയേട്ടൻ എന്നെ നിർബ്ബന്ധിച്ച് അകത്തേക്ക് അയച്ചു. ഊണുമേശക്കിരുപുറവുമുള്ള ഭിത്തികളിൽ ജോയേട്ടന്റെ ചെറുപ്പത്തിലെ സുന്ദരമായ പടങ്ങൾ. സലിൽ ചൗധരി, നൗഷാദ്, ലക്ഷ്മികാന്ത് പ്യാരേലാൽ, ശങ്കർ ജയ്കിഷൻ, എം. എസ്. വിശ്വനാഥൻ എന്നിവരോടൊപ്പം ജോയേട്ടൻ ചിരിച്ചുനിൽക്കുന്ന വലിയ ചിത്രങ്ങൾ. തൂത്തു തുടയ്ക്കാതെ എല്ലാം പൊടിപിടിച്ച് മങ്ങിയിരിക്കുന്നു. വലതു വശത്തുള്ള മുറിയിലേക്ക് ഞാൻ പാളി നോക്കുമ്പോൾ അവിടെ നെടുകെയും കുറുകെയും കെട്ടിയ അഴകളിൽ ആണുടുപ്പുകളും പെണ്ണുടുപ്പുകളും അടിവസ്ത്രങ്ങളുമെല്ലാം തോരാനിട്ടിരിക്കുന്നു. മറ്റൊരു മുറിയുടെ തറയിൽ അങ്ങുമിങ്ങും ഒരു ഭക്ഷണശാലയുടെ അടുക്കളയിലെന്നപോലെ സവാളയും ഉരുളക്കിഴങ്ങും പച്ചക്കറികളും കൂട്ടിയിട്ടിരിക്കുന്നു. "ഇവിടം എവിടമാണ്?' എന്ന് പുലമ്പുന്ന ഏതോ വിചിത്രനാടകത്തിലെ കഥാപാത്രത്തിന്റെ അവസ്ഥയിലായി ഞാൻ. ഒന്നും സംഭവിക്കാത്തതുപോലെ ജോയേട്ടൻ എന്നെ നോക്കി ചിരിക്കുന്നു.

"നീ വലിയ സലിൽ ചൗധരി ഫാൻ അല്ലേ? കണ്ടോ ഞാനും സലിൽദായും നിൽക്കുന്ന ഫോട്ടോ? ഞങ്ങൾ തമ്മിലുള്ള ബന്ധം എന്താണെന്ന് നിനക്ക് അറിയാമോ?’.

"കേട്ടിട്ടുണ്ട് ജോയേട്ടാ. റെക്കോഡിങ്ങുകൾ കഴിഞ്ഞ് നിങ്ങൾ രണ്ടുപേരും സലിൽദായുടെ മുറിയിലെത്തി അവശനിലയാകുന്നതുന്നവരെ കുടിച്ചിട്ടുള്ള കഥയൊക്കെ’. "അത് സത്യമാണെടാ... അതായിരുന്നു ഞങ്ങളുടെ സ്നേഹം. ഒരുദിവസം രാവിലെ സലിൽദാ എന്നെ വിളിക്കുന്നു "ജോയ്, നീ അടുത്ത ഫ്‌ളൈറ്റ് പിടിച്ച് കൽക്കട്ടയ്ക്ക് വരൂ' എന്ന്. എനിക്ക് പല റെക്കോർഡിങ് ഉണ്ടായിരുന്നു. എല്ലാം മാറ്റിവെച്ച് തൊട്ടടുത്ത ഫ്‌ളൈറ്റിന് ഞാൻ കൽക്കട്ടാ വിമാനത്താവളത്തിൽ ചെന്നിറങ്ങി. വിമാനത്തിന്റെ കോണിയിറങ്ങിവരുമ്പോൾ അതാ നിൽക്കുന്നു സലിൽദാ. വിമാനം നിർത്തുന്ന സ്ഥലത്ത്! ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചു. തൊട്ടടുത്ത് കിടക്കുന്നു, സലിൽദായുടെ 1966 മോഡൽ ബ്യൂക്ക് സ്‌കൈലാർക് കൺവെർട്ടിബിൾ കാർ. ആ കാറിൽ പ്രത്യേക സെക്യൂരിറ്റി ഗേറ്റിലൂടെ ഞങ്ങൾ പുറത്തുകടന്നു. പ്രസിഡന്റ്, പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവർണ്ണർ എന്നിവർക്കു മാത്രം സാധിക്കുന്ന കാര്യം! ബംഗാളിൽ സലിൽദായ്ക്കുണ്ടായിരുന്ന സ്ഥാനം അതായിരുന്നു. മൂന്നാലു ദിവസം ഞങ്ങൾ അവിടെ അടിച്ചുപൊളിച്ചു. എന്നെ ജീവനായിരുന്നു അദ്ദേഹത്തിന്’.

ഈ ജീവിതമൊരു പാരാവാരം

ആന്ധ്രാ ക്ലബ്ബിലേക്ക് കാറോടിക്കുമ്പോൾ അഭിമുഖത്തിന്റെ കാര്യം ഞാൻ വീണ്ടും സൂചിപ്പിച്ചു. തെന്നിന്ത്യൻ സിനിമാ സംഗീതത്തിന് കീ ബോർഡ് പരിചയപ്പെടുത്തിയ കഥ?

"1969ൽ ഇറങ്ങിയ കോംബോ ഓർഗനാണ് യമഹ - വൈ സി 40. അതുവരെയില്ലാത്ത പല പ്രത്യേകതകളുണ്ടായിരുന്ന ഇലക്ട്രോണിക് സംഗീത ഉപകരണം. ചെന്നൈയിൽ ഗാനമേളയ്ക്ക് വന്ന ശങ്കർ ജയ്കിഷന്റെ കൈയിൽ അതിരിക്കുന്നത് കണ്ടു. വായിച്ച് നോക്കിയപ്പോൾ ഗംഭീരം. ഉടനടി അവർ ചോദിച്ച വിലയ്ക്ക് ഞാനത് വാങ്ങി. അങ്ങനെ ഞാനാണ് കോംബോ ഓർഗൻ ഇവിടെ പരിചയപ്പെടുത്തിയത്. പിന്നെക്കുറേക്കാലം അതിന്റെ ശബ്ദം വരാത്ത സിനിമാപ്പാട്ടുകൾ സൗത്ത് ഇന്ത്യയിൽ കുറവായിരുന്നു. സംഗീത സംവിധായകൻ ആയപ്പോൾ എനിക്ക് കുറേ പേരും പെരുമയും കിട്ടി. മുമ്പ് കേട്ടിട്ടുള്ള ഈണങ്ങൾ നന്നായി റീ എഡിറ്റ് ചെയ്യാൻ പറ്റുന്നവർക്ക് സംഗീത സംവിധായകരാകാം. പക്ഷെ നല്ല സംഗീതജ്ഞനാകാൻ ഉള്ളിൽ കഴിവ് വേണം. ആറായിരത്തോളം പാട്ടുകൾക്ക് ഞാൻ വായിച്ചു. എം. എസ്. വിക്ക് വേണ്ടി മാത്രം 400ലേറെ സിനിമകളിൽ. കെ. വി. മഹാദേവനുവേണ്ടിയും നൂറുകണക്കിന് സിനിമകൾ. പല ഭാഷകളിലായി ഒരു ദിവസം 12 പാട്ടിനൊക്കെ വായിച്ചിട്ടുണ്ട്. രണ്ട്​ ഹിന്ദി പടങ്ങൾക്ക് പശ്ചാത്തല സംഗീതവും കൊടുത്തു".

ഒരിക്കൽ ഹൃദയത്തിലുറച്ചാൽ പിന്നെ മറക്കുകയില്ല. ആദ്യമായി സിനിമയിൽ വായിക്കാൻ ചെന്ന സമയത്ത് പാട്ടിന്റെ നോട്ടുകൾ എഴുതി എം എസ്സ് വി സാർ എന്റെ കയ്യിൽ തന്നു. അത് എന്താണെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. പക്ഷെ അദ്ദേഹം ഒരേ ഒരു തവണ അത് പാടുന്നത് കേട്ട ഞാൻ ടേക്കിൽ കൃത്യമായി വായിച്ചു. എനിക്ക് നോട്ടുകൾ ആവശ്യമില്ല. എല്ലാം എന്റെ ഹൃദയത്തിൽ ഉണ്ടാകും

"സംഗീതം പഠിക്കാതെ, രാഗങ്ങൾ അറിയാതെ, നൊട്ടേഷൻ എഴുതാനോ വായിക്കാനോ അറിയാതെ ഇത്രയൊക്കെ ചെയ്യാൻ കഴിയുമോ?’

"നോട്ടുകൾ എഴുതാനും വായിക്കാനും ഇന്നും എനിക്കറിയില്ല. നോട്ടുകളായിട്ടല്ല ഞാൻ സംഗീതം മനസ്സിലാക്കുന്നത്. നാദങ്ങൾ സഞ്ചരിക്കുന്ന വഴി ഒരു അനുഭവം പോലെ എനിക്ക് ഫീൽ ചെയ്യും. ഒരിക്കൽ ഹൃദയത്തിലുറച്ചാൽ പിന്നെ മറക്കുകയില്ല. ആദ്യമായി സിനിമയിൽ വായിക്കാൻ ചെന്ന സമയത്ത് പാട്ടിന്റെ നോട്ടുകൾ എഴുതി എം എസ്സ് വി സാർ എന്റെ കയ്യിൽ തന്നു. അത് എന്താണെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. പക്ഷെ അദ്ദേഹം ഒരേ ഒരു തവണ അത് പാടുന്നത് കേട്ട ഞാൻ ടേക്കിൽ കൃത്യമായി വായിച്ചു. എനിക്ക് നോട്ടുകൾ ആവശ്യമില്ല. എല്ലാം എന്റെ ഹൃദയത്തിൽ ഉണ്ടാകും. രാഗങ്ങൾ തിരിച്ചറിയാൻ എനിക്ക് കഴിവില്ല. പക്ഷെ കൃത്യമായ രാഗങ്ങളിൽ ഞാൻ പാട്ടുകൾ ചെയ്തിട്ടുണ്ട്. കാരണം ഈണം പോകുന്ന വഴികൾ ഒരിക്കലും എനിക്ക് തെറ്റില്ല. ഞാൻ ചെയ്ത പാട്ടുകൾക്കെല്ലാം ഒരേ രാഗമാണ്. ജോയ് രാഗം! ’

"അക്കോർഡിയനോടുള്ള പ്രണയം എങ്ങനെ വന്നു?'

"1950ൽ വന്ന ദാസ്താൻ ഹിന്ദി സിനിമയിൽ നൗഷാദിന്റെ സംഗീതത്തിൽ വന്ന ‘തരരീ അരരീ' എന്ന പാട്ടിലാണ് ഇന്ത്യൻ സിനിമയിൽ ആദ്യമായി അക്കോർഡിയൻ കേൾക്കുന്നത്. ആ പാട്ട് കേട്ടനാളിൽ തുടങ്ങിയ അക്കോർഡിയൻ നാദത്തോടുള്ള പ്രണയം പിന്നീട് ഇംഗ്ലീഷ്, ഹിന്ദി സിനിമകളിൽ ആ ഉപകരണം കണ്ടതോടെ കലശലായി. പ്രത്യേകിച്ചും 12 വയസ്സുള്ളപ്പോൾ കണ്ട ഹൗറാ ബ്രിഡ്ജ് സിനിമയിലെ ‘ദേഖ് കെ തേരി നസർ’ ഗാനരംഗം. അതിൽ മുഴുവനും അക്കോർഡിയനാണ്. രാജ് കപൂറിന്റെ സംഗം പോലെയുള്ള സിനിമകൾ പറയേണ്ടല്ലോ. ചെറുപ്പത്തിൽ കുറച്ചുദിവസം പഠിച്ച വയലിനിൽ നിന്ന് അക്കോർഡിയനിലേക്ക് ഞാൻ മാറിയപ്പോൾ "നീ ഒന്നിലും രക്ഷപ്പെടില്ല' എന്ന് പലരും കളിയാക്കി. അത് ഒരു വെല്ലുവിളിയായി എടുത്ത് രാപ്പകൽ സ്വയം അക്കോർഡിയൻ പരിശീലിക്കുകയായിരുന്നു'.

ആ സന്ധ്യക്ക് ആന്ധ്രാ ക്ലബ്ബിന്റെ മേൽക്കൂരയിലുള്ള മധുശാലയിലിരുന്ന് വളരെക്കുറഞ്ഞ നേരത്തിൽ ജോയേട്ടൻ പന്ത്രണ്ട് ലാർജ് അകത്താക്കുന്നത് ഞാൻ കണ്ടു. ഓരോ ലാർജിനും ശേഷം അദ്ദേഹം കൂടുതൽ മൗനിയും ദുഃഖിതനുമായി. സംസാരം തീരെ ഇല്ലാതായി. പെട്ടെന്നൊരു നിമിഷത്തിൽ ഒന്നും മിണ്ടാതെ അദ്ദേഹം പുറത്തേക്കിറങ്ങി നടന്നു. കണക്കെല്ലാം തീർത്ത് പിന്നാലെ ഓടി ഞാൻ താഴെയെത്തുമ്പോൾ അദ്ദേഹം കാറിൽ ചാരി തലകുനിച്ചു നിൽപ്പാണ്. വീട്ടിലേക്ക് പോകുന്ന വഴിയിൽ തനിക്കുണ്ടായിരുന്ന ആഡംബരക്കാറുകളെക്കുറിച്ച് എന്തോ ചിലത് പുലമ്പി. പിന്നെ കഴിഞ്ഞുപോയ കാലങ്ങളിൽ സ്വയം നഷ്ടപ്പെട്ടവനെപ്പോലെ ഒന്നും മിണ്ടാതെ ഇരുന്നു. ഇടയ്ക്ക് രണ്ടുമൂന്നു പ്രാവശ്യം "ഐ വാസ് എ വെരി ഗുഡ് ഹോസ്റ്റ്, യൂ ഡോണ്ട് നോ ദാറ്റ്. യൂ നോ നത്തിങ് എബൗട്ട് മി’ എന്ന് പറഞ്ഞു. വീട്ടിൽ കൊണ്ടുചെന്ന് വിടുമ്പോൾ "നിന്റെ ഡ്രൈവിംഗ് ശരിയല്ല. ശ്രദ്ധയില്ലാതെ വണ്ടിയോടിക്കരുത്. ‘ഡ്രൈവ് ഹോം സേഫ്' എന്ന് പറഞ്ഞുകൊണ്ട് പൊടുന്നനെ കതകടച്ചു.

വ്യക്തി ജീവിതത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് എപ്പോഴും ഒഴിഞ്ഞു മാറുന്ന രീതിയായിരുന്നു ജോയേട്ടന്റേത്. ജോയേട്ടന്റെ ജീവിതത്തിൽ എന്താവാം സംഭവിച്ചത് എന്നറിയാനുള്ള ആഗ്രഹം എന്നെ ഉന്തിക്കൊണ്ടിരുന്നു. ദേവരാജൻ മാസ്റ്ററുമായി വലിയ അടുപ്പത്തിലായിരുന്ന ജോയേട്ടൻ, മാസ്റ്റർ നിർദ്ദേശിച്ച് ഏർപ്പാടുചെയ്ത ഒരു മലയാളി പെൺകുട്ടിയെ ആയിരുന്നു ആദ്യം വിവാഹം കഴിച്ചത്. ആ വിവാഹം അധികനാൾ നീണ്ടുനിന്നില്ലെങ്കിലും അതിൽ ഒരു ആൺകുട്ടി പിറന്നിരുന്നു. വീണ്ടും ജോയേട്ടൻ വിവാഹം കഴിച്ചു. ഇത്തവണ പ്രണയ വിവാഹമായിരുന്നു. അറുപത് എഴുപതുകളിൽ ചെന്നൈയിലെ സിനിമാക്കാരുടെ പ്രിയപ്പെട്ട ലൊക്കേഷനായിരുന്ന കല്പനാ ഹൗസ് മാളികയുടെ ഉടമ കല്പനയുടെ മകൾ രഞ്ജിനിയെ. ഒന്നിക്കാൻ ഇരുവരും തീരുമാനിച്ചപ്പോൾ രണ്ടുവീട്ടുകാരും എതിർത്തു. ജാതി വേറെ, മതം വേറെ, ഭാഷ വേറെ. ഒടുവിൽ രജിസ്റ്റർ കല്യാണം. വീട്ടുകാരുടെ പിണക്കം മാറാൻ കാലങ്ങളെടുത്തു. ആ വിവാഹത്തിൽ മൂന്നു പെണ്ണും ഒരാണുമായി നാലു മക്കൾ.

അല്പം പോലും സാമ്പത്തിക അച്ചടക്കം ഇല്ലാത്ത ആളായിരുന്നു ജോയേട്ടൻ എന്ന് പറയപ്പെടുന്നു. സംഗീതത്തിലും ജീവിതത്തിലും ഒന്നുംതന്നെ ചെറുതാക്കിയോ കുറച്ചോ ചെയ്യാൻ അദ്ദേഹത്തിന് വശമുണ്ടായിരുന്നില്ല. സിനിമാ രംഗത്ത് അവസരങ്ങൾ ഇല്ലാതെയായപ്പോൾ തന്നാൽ ആവാത്ത മറ്റ് തൊഴിലുകളിലേക്ക് തിരിഞ്ഞ് അവയിലെല്ലാം അദ്ദേഹം പരാജയപ്പെട്ടു. മുൻപു പറഞ്ഞ ക്ലബ്ബ് അതിലൊന്നായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളിൽ കുടുങ്ങി സ്റ്റുഡിയോയും സ്ഥലവും അദ്ദേഹത്തിന് വിൽക്കേണ്ടി വന്നു. സമ്പാദിച്ച സ്വത്തുക്കളെല്ലാം നഷ്ടപ്പെട്ടു. ഭാര്യയുടെ സ്വത്തായിരുന്ന കല്പനാ ഹൗസിന്റെ അവകാശം സംബന്ധിച്ച് കേസുകൾ നിലവിലുണ്ടായിരുന്ന കാലത്താണ് ജോയേട്ടനെ ഞാൻ കല്പനാ ഹൗസിൽ കണ്ടത്.

ഓർമ്മകളേ... വിട തരൂ

2009ൽ ഒരുദിവസം തലച്ചോറിൽ രക്തം കട്ടപിടിച്ച് ജോയേട്ടൻ തളർന്നുവീണു. നേരിൽ പോയി കാണാൻ ശ്രമിച്ചെങ്കിലും ‘അദ്ദേഹത്തിന് തീരെ വയ്യ, കാണാൻ സാധ്യമല്ല' എന്ന് ആ വീട്ടിലുണ്ടായിരുന്ന ചിലർ ഗേറ്റിൽ നിന്നേ എന്നെ മടക്കി അയച്ചു. ജോയേട്ടന്റെ ഫോണും നിന്നുപോയിരുന്നു. കോടതി വ്യവഹാരങ്ങളിൽ അനുകൂലമായ വിധിവരികയും കാര്യങ്ങൾ മെച്ചപ്പെടുകയും ചെയ്തതുകൊണ്ട് ചികിത്സയും പരിചരണവും കിട്ടുന്നുണ്ടെന്ന് അറിഞ്ഞു. ജോയേട്ടൻ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും വീണ്ടുമൊരിക്കൽ ആന്ധ്രാ ക്ലബ്ബിൽ കൊണ്ടുപോയി സൽക്കരിക്കണമെന്നുമൊക്കെ ഞാൻ വിചാരിച്ചു. എന്നാൽ ആയിടയ്ക്കുതന്നെ ജോയേട്ടന്റെ ഇടതുകാലിലേക്കുള്ള ചോരയോട്ടം നിലച്ചുപോയതിനാൽ ആ കാൽ മുറിച്ചുകളയേണ്ടി വന്നു. വലതുകാലും ശോഷിച്ചുപോയി. നിൽക്കാനോ നടക്കാനോ ശരിയായി സംസാരിക്കാനോ ആകാതെ ജോയേട്ടൻ കിടപ്പാണത്രേ! ആ വീട്ടിലുള്ളവരുടെ താല്പര്യക്കുറവിനെ അവഗണിച്ച് ഞാൻ ജോയേട്ടനെ ചെന്നു കണ്ടു.

ജോയേട്ടൻ മറ്റാരോ ആയി മാറിപ്പോയിരുന്നു. ശരീരം ക്ഷീണിച്ച്, താടി നരച്ചു നീണ്ട് മുഖത്ത് പല്ലുകൾ മാത്രമേയുള്ളു എന്നായിരിക്കുന്നു. കണ്ണിന്റെ കാഴ്‌ച തീരെ മങ്ങി. ശബ്ദം കൊണ്ടാണ് ആളുകളെ തിരിച്ചറിയുന്നത്

ജോയേട്ടൻ മറ്റാരോ ആയി മാറിപ്പോയിരുന്നു. ശരീരം ക്ഷീണിച്ച്, താടി നരച്ചു നീണ്ട് മുഖത്ത് പല്ലുകൾ മാത്രമേയുള്ളു എന്നായിരിക്കുന്നു. കണ്ണിന്റെ കാഴ്‌ച തീരെ മങ്ങി. ശബ്ദം കൊണ്ടാണ് ആളുകളെ തിരിച്ചറിയുന്നത്. ഇത്ര വർഷം കഴിഞ്ഞും എന്റെ ശബ്ദം കേട്ടയുടൻ "ഷാജിയല്ലേ’ എന്ന് ചോദിച്ചു. ഓർമ്മകൾക്ക് മാത്രം ഒരു മങ്ങലുമില്ല. "ഐ ആം സോ ഹാപ്പി ടു സീ യൂ. യൂ ലിവ് ഇൻ മൈ ഹാർട്ട്. ഗിവ് മി എ കിസ്സ്' എന്നുപറഞ്ഞ് എന്നെ കെട്ടിപ്പിടിച്ചു. ഞാൻ കരഞ്ഞുപോയി. സംസാരിക്കാൻ പറ്റുന്നുണ്ടെങ്കിലും പറയുന്നത് ഇടയ്ക്കിടയ്ക്ക് അവ്യക്തമായിപ്പോകും. ഊണും ഉറക്കവും എല്ലാം കട്ടിലിൽത്തന്നെ. മുഴുവൻ സമയവും മേലേയ്ക്ക് നോക്കി കിടപ്പാണ്. വലതു കൈ വിരലുകൾ മാത്രം നന്നായി പ്രവർത്തിക്കുന്നു. ഓരോ പാട്ടിന്റെ കാര്യം പറയുമ്പോഴും വായുവിലുള്ള അദൃശ്യമായ അക്കോർഡിയൻ കട്ടകളിൽ ആ വിരലുകളോടുന്നുണ്ട്. കണ്ണിൽനിന്ന് നിലയ്ക്കാതെ കണ്ണീരൊഴുകുന്നു. അത് കണ്ടുനിൽക്കാനാവാതെ ഞാനിറങ്ങിപ്പോന്നു. പിന്നീട് ജോയേട്ടനെ കാണാൻ ചെന്ന ചിലരോട് "എനിക്ക് ഫോണില്ല. എന്തെങ്കിലുമുണ്ടെങ്കിൽ ഷാജിയെ വിളിച്ചാൽ മതി' എന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു!

വീണ്ടും രണ്ടുമൂന്നു തവണ ജോയേട്ടനെ ഞാൻ കണ്ടു. ആ കൂടിക്കാഴ്ചകൾ ഒട്ടും എളുപ്പമായിരുന്നില്ല. ഞാൻ ചെല്ലുന്ന സമയത്ത് വീട്ടിലുള്ളവർ പറയുന്നതൊന്നും കേൾക്കാൻ ജോയേട്ടൻ കൂട്ടാക്കില്ലത്രേ! ആഹാരം കഴിക്കാനും മരുന്നുകഴിക്കാനും സമ്മതിക്കാതെ പാട്ടുകളെപ്പറ്റി മാത്രം സംസാരിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് എന്നെപ്പോലെയുള്ള ജോയ് ആരാധകർ വരുന്നതിൽ ആ വീട്ടിലുള്ളവർക്ക് താൽപ്പര്യമില്ല. മാത്രമല്ല തെരുവിൽ നിന്ന് രക്ഷിച്ചെടുത്ത പത്തിരുപത് പട്ടികളെ അവിടെ വളർത്തുന്നുണ്ട്. അവയുടെ കുരയും കുതിച്ചു ചാട്ടവും ആരെയും പേടിപ്പിക്കും. അതിലൊരു നായ ഒരുതവണ എന്നെ കടിക്കുകയും ചെയ്തു.

അക്കോർഡിയനിൽ താൻ വായിച്ച ഫിലിം ട്യൂണുകൾ ഒരുതവണ കൂടി കേൾക്കണം, ഒരിക്കൽക്കൂടി എന്നോടൊപ്പം ആന്ധ്ര ക്ലബ്ബിൽ പോയി ബിയർ കുടിക്കണം, എസ്. പി. ബാലസുബ്രമണ്യത്തെ ഒന്നു കാണണം, നല്ല നാടൻ നേന്ത്രപ്പഴം പുഴുങ്ങിയതും പഴംപൊരിയും കഴിക്കണം... ഇത്രയും ആഗ്രഹങ്ങളാണ് ജോയേട്ടൻ എന്നോട് പറഞ്ഞത്. അതിൽ നേന്ത്രപ്പഴവും എസ്. പി. ബിയും സാധിച്ചുകൊടുക്കാൻ എനിക്കായി. ജോയേട്ടനെ കണ്ടിട്ട് പുറത്തിറങ്ങിയ എസ്. പി. ബി എന്നെ വിളിച്ച് പറഞ്ഞു, "ഞാനും ജോയും തമ്മിൽ 1968 മുതലുള്ള ബന്ധമാണ്. അദ്ദേഹത്തിന്റെ അവസ്ഥ ഇത്ര മോശമാണെന്ന് കരുതിയില്ല. അത് അറിയിക്കാനും എന്നെ അവിടെ എത്തിക്കാനും നിങ്ങൾക്ക് കഴിഞ്ഞല്ലോ. നിങ്ങളെപ്പോലെയുള്ള ആരാധകർ മാത്രമാണ് ഒരു കലാകാരന്റെ അവസാനത്തെ സമ്പാദ്യം..."

"ഓർമ്മവെച്ച നാൾ മുതൽ ഇന്നോളം' ഓർമ്മയിൽ നിലനിൽക്കുന്ന എത്രയോ പാട്ടുകൾ നമുക്കു സമ്മാനിച്ച, 'സ്വപ്നങ്ങൾക്കർത്ഥങ്ങൾ ഉണ്ടായിരുന്നെങ്കിൽ സ്വർഗ്ഗങ്ങളെല്ലാം നമുക്കു സ്വന്തം' എന്ന് പാട്ടുണ്ടാക്കിയ ജോയ്, "മേലെ വാനത്തിൽ മേയും മേഘങ്ങളെ’ തേടി മച്ചിലേക്ക് കണ്ണുംനട്ട് മാസങ്ങളും വർഷങ്ങളും കടന്നുപോകുന്നതറിയാതെ ഏകാന്തമായ തന്റെ കിടപ്പ് തുടരുന്നു. മഴ പെയ്തുപെയ്ത് മണ്ണുകുളിർക്കും എന്നൊന്നും ഇനി ആശിക്കാനില്ല. എങ്കിലും തന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽനിന്ന് അദ്ദേഹമൊരുക്കിയ കാല പരിധികളില്ലാത്ത സംഗീതം വരുംതലമുറകൾ ഏറ്റെടുക്കും എന്നുതന്നെ ഞാൻ വിശ്വസിക്കുന്നു. ജീവിതം നമ്മോട് എന്തൊക്കെ ചെയ്താലും ഹൃദയപൂർവ്വം നാം ചെയ്യുന്ന ഓരോന്നും അനന്തമായ കാലത്തിൽ സഞ്ചരിച്ചുകൊണ്ടേയിരിക്കും. അവസാനിക്കാത്ത സംഗീതംപോലെ.

നാളുകൾ കൊഴിയും

ആളുകൾ മറയും

തെറ്റുകൾ മണ്ണിൽ മറഞ്ഞുപോകും

മണ്ണിൽ മറഞ്ഞുപോകും...

Comments