‘വല്ലി’യുടെ വർഷം

‘‘എന്റെ അക്ഷരജീവിതത്തിന് അർഥം പകർന്ന വർഷമാണ് കടന്നുപോയത്. ഇനി മടിച്ചുനിൽക്കാതെ ധൈര്യപൂർവ്വം എഴുത്തിലേക്ക് ഇറങ്ങൂ എന്ന് എന്നോട് പറഞ്ഞ വർഷം. എഴുത്ത് ഒരു ഹോബിയായി മാത്രം കണ്ടിരുന്ന എന്നെ ഭാരിച്ച ഉത്തരവാദിത്വങ്ങളിലേക്ക് തള്ളിവിട്ട വർഷം’’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകൾ. ഷീല ടോമി​ എഴുതുന്നു.

പ്രതീക്ഷയോടെയാണ് ഓരോ പുതിയ വർഷവും നാം എതിരേൽക്കുന്നത്. എന്തുനേടി എന്നതിനേക്കാൾ എന്തു നാം നൽകി എന്ന് ചിന്തിക്കാൻ തുടങ്ങുമ്പോൾ ഇത്തിരികൂടി നല്ല മനുഷ്യനായ് പുതുവർഷത്തിലേക്ക് നടക്കാൻ കഴിയുമായിരിക്കും. എങ്കിലും ഓരോ വർഷാന്ത്യത്തിലും നമ്മൾ തിരിഞ്ഞുനോക്കുന്നത് പ്രതീക്ഷകൾ പൂവണിഞ്ഞോ എന്നുതന്നെയാണ്. ബേപ്പൂർ സുൽത്താൻ പറഞ്ഞതുമാതിരി അള്ളാഹുവിന്റെ ഖജനാവിൽ മാത്രമാണല്ലോ അനന്തമായ സമയം. നാം ഏതോ നിമിഷാർദ്ധത്തിൽ ഓട്ടം നിർത്തി വെറും കയ്യോടെ മടങ്ങേണ്ടവർ. എങ്കിലും നാം കണക്കുകൂട്ടും. സ്വപ്നങ്ങൾ കാണും. സ്വപ്നങ്ങൾ നമ്മളെ മുന്നോട്ടു നയിക്കും.

2022 ന്റെ കണക്കുപെട്ടിയിൽ കാലം കാത്തുവെച്ച ഒരുപിടി സന്തോഷങ്ങളുണ്ടായിരുന്നു. എന്റെ അക്ഷരജീവിതത്തിന് അർഥം പകർന്ന വർഷമാണ് കടന്നുപോയത്. ഇനി മടിച്ചുനിൽക്കാതെ ധൈര്യപൂർവ്വം എഴുത്തിലേക്ക് ഇറങ്ങൂ എന്ന് എന്നോട് പറഞ്ഞ വർഷം. എഴുത്ത് ഒരു ഹോബിയായി മാത്രം കണ്ടിരുന്ന എന്നെ ഭാരിച്ച ഉത്തരവാദിത്വങ്ങളിലേക്ക് തള്ളിവിട്ട വർഷം. മറ്റെല്ലാം കഴിഞ്ഞ് ഒടുവിൽ, അതും അത്രമേൽ തോന്നിയാൽ മാത്രം, ചെയ്യുന്ന ഒന്നായി ഇനി എഴുത്തിനെ കാണാൻ സാധിക്കില്ല.

ദേശീയതലത്തിൽ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പ്രാദേശികഭാഷാ പുസ്തകങ്ങളുടെ വിശേഷങ്ങളിൽ ഡൽഹി ഒബ്റോ​യ് മുങ്ങിയ ഒരു സന്ധ്യയിൽ മലയാളത്തിനെ പ്രതിനിധാനം ചെയ്ത് എന്റെ ആദ്യനോവൽ "വല്ലി'യും അവിടെയുണ്ടായിരുന്നു. വിശിഷ്ടമായ മറ്റു നാല് പുസ്തകങ്ങൾക്കൊപ്പം. ജെ.സി.ബി സാഹിത്യപുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ ഈ വർഷം ഇടം നേടിയത് ഉർദു, ഹിന്ദി, ബംഗാളി, നേപ്പാളി, മലയാളം എന്നീ ഭാഷകളിൽ നിന്നുള്ള അഞ്ചു വിവർത്തന കൃതികളായിരുന്നു. ജയശ്രീ കളത്തിലിന്റെ വിവർത്തനത്തിൽ ഇംഗ്ലീഷിലേക്ക് കടന്നപ്പോൾ മലയാളത്തിനു പുറത്തും വല്ലിക്ക് ഒരുപാട് വായനക്കാരെ കിട്ടി. കേരളത്തിന്റെ വടക്ക് പശ്ചിമഘട്ടമലനിരകളിലെ ഒരു കാട്ടുഗ്രാമവും അവിടുത്തെ മനുഷ്യരും മൃഗങ്ങളും പ്രകൃതിയും ഇന്ത്യയിൽ എമ്പാടുമുള്ള സമാനഹൃദയരിലേക്ക് എത്തിച്ച വിവർത്തകക്ക് നന്ദി. ജെ.സി.ബി പുരസ്‌കാരപ്പട്ടികയിൽ ഇടം നേടിയപ്പോൾ എന്റെ ഗ്രാമവും എന്നെ ഞാനാക്കിയ മനുഷ്യരും ശ്രദ്ധിക്കപ്പെട്ടതാണ് വലിയ സന്തോഷം. അത്രമാത്രം വല്ലിയെ സ്വന്തം കഥയെന്നു പറഞ്ഞു ഹൃദയത്തിൽ ചേർത്ത കുറേ മനുഷ്യർക്ക്, കാരണവൻമാർക്ക്, കൂട്ടുകാർക്ക്, ഇത്രയെങ്കിലും തിരിച്ചുനൽകാൻ കഴിഞ്ഞല്ലോ എന്ന ആഹ്ലാദം. ചിലർ സന്തോഷിക്കുമ്പോൾ നമ്മുടെ ആമോദം ഇരട്ടിക്കുമല്ലോ. "കല്ലുവയൽ' ക്യാമറയിൽ പകർത്തി ഡോക്യുമെന്ററിയാക്കാൻ ജെ.സി.ബി ലിറ്ററേച്ചർ ടീം വയനാട്ടിലെത്തിയതും ആവേശമായി.

ജെ.സി.ബി പുരസ്‌കാരവേളയിൽ ഷീലാ ടോമി മറ്റ് ജേതാക്കൾക്കൊപ്പം

മറ്റൊന്ന്, "വല്ലി' എന്താണോ ഉണർത്തിക്കാൻ ശ്രമിച്ചത് അതിലേക്ക് കൂടുതൽ ജനശ്രദ്ധയും അധികാരികളുടെ ശ്രദ്ധയും പതിയാൻ ഇടവരുമെന്ന് നേരിയതെങ്കിലും ഒരു പ്രതീക്ഷയും ബാക്കിയാവുന്നു. ബ്രെഹ്ത് എഴുതിയപോലെ ഈ കറുത്ത കാലത്തും പാട്ടുകൾ ഉണ്ടാകണം. ഇരുണ്ടകാലത്തെക്കുറിച്ചുള്ള പാട്ടുകൾ. ബാംഗ്ലൂർ ലിറ്റ്‌ഫെസ്റ്റ് ബുക്ക് അവാർഡിന്റെ ചുരുക്കപ്പട്ടികയിലും "വല്ലി' ഇടം കണ്ടെത്തിയത് ഈ വർഷം തന്നെയാണ്. ഒപ്പം പറയട്ടെ, ഇതിനിടയിൽ കൂടുതൽ നല്ല എഴുത്തിലേക്ക് ജാഗരൂകയാകാൻ വിമർശനങ്ങളിലൂടെ വഴികാട്ടിയവരെയും നന്ദിയോടെ ഓർക്കുന്നു.

രണ്ടാമത്തെ നോവലിലൂടെ വീടുചുമന്ന് ലോകത്തിന്റെ അറ്റം വരെ പോകുന്ന മലയാളിപ്രവാസിനിയുടെ കഥ പറയാനായിരുന്നു പദ്ധതി. പ്രിയപ്പെട്ട പലരും അതിനുവേണ്ടി അവരുടെ തൊഴിൽ അനുഭവങ്ങൾ, സമാനതകളില്ലാത്ത പെണ്ണനുഭവങ്ങൾ, ഒക്കെ പങ്കുവെച്ചിരുന്നു. എന്നാൽ എഴുത്ത് അവിചാരിതമായി മറ്റൊരു ദിശയിലേക്ക് നീണ്ടു. പലസ്തീൻകാരിയായ എന്റെ സഹപ്രവർത്തക പറഞ്ഞ ജീവിതകഥ കേട്ട നടുക്കത്തിൽ നോവൽ അതിർത്തികൾ ഞെരുക്കുന്ന മനുഷ്യരിലേക്ക്, ജന്മനാട്ടിൽനിന്ന് പലായനം ചെയ്യേണ്ടിവരുന്നവരുടെ അതിതീവ്രമായ അനുഭവങ്ങളിലേക്ക്, നീണ്ടു. അങ്ങനെ "ആ നദിയോട് പേരു ചോദിക്കരുത്' പിറന്നു. അത്ര എളുപ്പമായിരുന്നില്ല എഴുത്തുകാലം. തീർത്തും അപരിചിതമായ ഭൂമിക. അതിന്റെ ചരിത്രത്തിലേക്കും രാഷ്ട്രീയത്തിലേക്കും ഭൂമിശാസ്ത്രത്തിലേക്കും കടക്കാൻ നല്ല ഗവേഷണം തന്നെ നടത്തേണ്ടിയിരുന്നു. ജെറുസലേം തെരുവുകളിലേക്ക്, സ്‌ഫോടനങ്ങൾക്ക് നടുവിലേക്ക്, ചെന്നുവീണപ്പോൾ എന്നെത്തന്നെ മാറ്റി എഴുതുകയായിരുന്നു ഞാൻ.

മനുഷ്യന്റെ വേദനകളെ അടുത്തറിയുമ്പോൾ നാം സ്വയം നവീകരിക്കപ്പെടുമെന്നത് നിശ്ചയം. തിരികെയെത്തുമ്പോൾ ഇറങ്ങിപ്പോന്ന വീട് അവിടെ ഉണ്ടാകുമോ എന്നുപോലും നിശ്ചയമില്ലാത്ത മനുഷ്യരെ കാണുമ്പോൾ നമ്മുടെ സ്വന്തം കഷ്ടനഷ്ടങ്ങളുടെ കണക്കെടുപ്പുകൾ നിർത്താതെ വയ്യ. ഡിസംബർ അവസാനിക്കുമ്പോഴും എന്റെ മനസ്സിൽ സഹലിന്റെ ശബ്ദമാണ്. "നമ്മുടെ മണ്ണ് അവർ കൊണ്ടുപോയി. നമ്മുടെ വഴികളും. എന്നാലും ജ്ഞാനവും വിദ്യയും ആത്മാവും ആർക്കും മോഷ്ടിക്കാനാവില്ല ഗസാൻ.' സത്യമാണ്!

ലോകമെങ്ങുമുള്ള മനുഷ്യാവകാശലംഘനങ്ങൾക്ക് ഒരേ മുഖമാണ്. അധികാരത്തിന്റെ, രാജ്യത്തിന്റെ, പേരുകൾ മാത്രം മാറുന്നു എന്നുമാത്രം. ഓർക്കുക, നമ്മുടെ വെളിച്ചം നമ്മെ ഒറ്റിക്കൊടുക്കുന്ന കാലമാണ്. എങ്കിലും തെളിഞ്ഞുനിൽക്കാതെ വയ്യ. ഓരോ വാക്കിനും ഒരു നിയോഗമുണ്ടല്ലോ.

ഖത്തറിൽ ജീവിക്കുന്നവർക്ക് ഈ വർഷം അവസാനിക്കുന്നത് ജീവിതത്തിൽ ഒരിക്കൽ മാത്രം സാക്ഷിയാവാൻ കഴിഞ്ഞ കായിക മാമാങ്കത്തിന്റെ ഉല്ലാസത്തിമിർപ്പിലാണ്. മനുഷ്യൻ ഒന്നാണെന്നും ഏവരും ഒരേ ആവേശത്തിൽ ഒന്നാകുന്ന നിമിഷങ്ങൾ ഏറ്റവും പ്രത്യാശാപൂർണമാണെന്നും ലോകം ഒരിക്കൽക്കൂടി കണ്ടു. പാശ്ചാത്യമാധ്യമങ്ങളുടെ നിരന്തര വിമർശനങ്ങൾക്കും ആരോപണങ്ങൾക്കും ഇടയിലും ഒരേയൊരു ലക്ഷ്യം മുന്നിൽകണ്ട് കുതിച്ച ഖത്തർ ഈ കായികമാമാങ്കം അസൂയാർഹമാംവിധം പൂർത്തിയാക്കിയപ്പോൾ പ്രവാസി സമൂഹവും പങ്കാളിത്തംകൊണ്ട് കവിത രചിക്കുകയായിരുന്നു. ഒടുവിൽ ആഘോഷങ്ങൾ ഒഴിയുമ്പോഴുള്ള ഒരു നിശബ്ദതയുണ്ടല്ലോ. അത് പലതും പഠിപ്പിക്കുന്നു. ചിന്തിപ്പിക്കുന്നു. പാഠം ഒന്ന്, ആഹ്ലാദങ്ങളിൽ മതിമറക്കാതിരിക്കുക. പാഠം രണ്ട്, വിജയം അവസാനവാക്കല്ല. തോൽവിയും. ആദ്യമത്സരത്തിൽ സൗദിയോടു തോറ്റ അർജന്റീന ലോകകപ്പിൽ മുത്തമിട്ട അനർഘനിമിഷം! തോൽവികളിൽ പതറാതെ മനസ്സ് വിജയഗോൾ എന്ന ഒരേയൊരു ബിന്ദുവിലേക്ക് കേന്ദ്രീകരിച്ച് സമചിത്തതയോടെ മുന്നോട്ട് പോയാൽ പ്രപഞ്ചം മുഴുവൻ നമുക്ക് അനുകൂലമാകുന്ന നിമിഷം വരും എന്നല്ലേ ലുസൈൽ സ്റ്റേഡിയം ആർപ്പിട്ടത്!

2022 കടന്നുപോകുമ്പോൾ കണക്കുകൂട്ടലുകൾ പിഴച്ചവരുണ്ടാകും. പ്രതീക്ഷ കൈവിടാതിരിക്കുക. മെസ്സിയുടെ ഇടതുകാൽ മാന്ത്രികതപോലെ ചിലത് നമ്മുടെയൊക്കെ ഉള്ളിലും ഒളിഞ്ഞിരിപ്പില്ലേ? നോക്കൂ, ചിലപ്പോൾ കൃത്യമായി പാസ് ചെയ്താലായിരിക്കും ഒരു ടീമായി നാം വിജയിക്കാൻ പോകുന്നത്. 2022 കടന്നുപോകുമ്പോൾ പാസ് ചെയ്യാൻ കഴിയാതെപോയ ചില ഗോളുകൾ ഓർത്തെടുക്കാൻകൂടി ശ്രമിക്കുകയാണ്. എന്റെ ചിരി, നിങ്ങളുടെ ചിരിയിലേക്കും, അങ്ങനെ നമ്മുടെ ചിരിയിലേക്കും പകരുന്ന കൂടുതൽ നല്ല മുഹൂർത്തങ്ങൾ നിറഞ്ഞ 2023 നെ പ്രതീക്ഷയോടെ തന്നെ വരവേൽക്കാം. ഒപ്പമുള്ള, ഒപ്പമുണ്ടായിരുന്ന, എല്ലാവർക്കും സ്‌നേഹം.


ഷീലാ ടോമി

നോവലിസ്​റ്റ്​, കഥാകൃത്ത്​. ഖത്തറിലെ പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ ഉദ്യോഗസ്ഥയായിരുന്നു. ഗൾഫിലെ റേഡിയോകളിൽ പുസ്തക അവതാരക, സ്​ക്രിപ്​റ്റ്​ റൈറ്റർ, ഗാനരചയിതാവ്. മെൽക്വിയാഡിസിന്റെ പ്രളയ പുസ്​തകം (കഥ), വല്ലി (നോവൽ) എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments