ക്രിക്കറ്റ്, ഗ്രീൻഫീൽഡ്, സഞ്ജു സാംസൺ; സന്തോഷങ്ങൾ @ 2022

‘‘ഗ്രീൻഫീൽഡിലെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി ട്വന്റി മാച്ചിന് മുന്നോടിയായി കേരള ക്രിക്കറ്റ് അസോസിയേഷൻ ചെയ്ത ഒരു വീഡിയോയുടെ ഭാഗമാവാൻ സാധിച്ചത് ഈ വർഷത്തെ ഏറ്റവും മനോഹരമായ കാര്യം. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളും മാച്ചിനുള്ള തയ്യാറെടുപ്പുകളും കാഴ്ചക്കാർക്ക് മുന്നിലേക്കു കൊണ്ടുവന്നൊരു ഡോക്യുമെൻററിയിൽ ആങ്കറിങ് ചെയതു’’ - ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകൾ. ശിൽപ നിരവിൽപ്പുഴ​ എഴുതുന്നു.

ഴിഞ്ഞുപോയത് എന്നെ സംബന്ധിച്ച്​ തിരിച്ചറിവുകളുടെ വർഷമാണ്. കൊറോണയും ലോക്ക് ഡൗണും കാരണം പാടെ ജീവിതം മുരടിച്ചു പോയെന്ന വേവലാതികളൊക്കെ പതിയെ കാറ്റിൽ പറന്നുപോയ വർഷം. ഞാനെന്നോട് സംസാരിച്ചുതുടങ്ങിയ വർഷം. ഞാനെന്നെ സ്നേഹിച്ചു തുടങ്ങിയ വർഷം.

ഓർമ വച്ച നാൾ മുതൽക്കേ പൊതുബോധം കല്പിച്ചുവച്ച വഴികളിലൂടെ നടന്നു പരുവപ്പെടുന്നൊരു രീതി നമുക്കുണ്ട്. പേരുകേട്ട സ്‌കൂളുകൾ, ക്ലാസിൽ ഏറ്റവും നന്നായി പഠിക്കുന്ന, കലാകായിക മത്സരങ്ങളിലൊക്കെയും കഴിവ് തെളിയിക്കുന്ന, നല്ല കുട്ടി ലേബലിനുള്ള നെട്ടോട്ടത്തിലാണ് ജീവിതത്തിന്റെ പാതിയും പോയത് എന്ന് മനസിലാക്കിയത് ഇക്കഴിഞ്ഞ വർഷമാണ്.

വന്നുപോവുന്ന മനുഷ്യരെയൊക്കെ ഹൃദയത്തിൽ കൊണ്ടുപോയി സൂക്ഷിച്ചുവച്ചവർക്കായി ജീവിതമുഴിഞ്ഞുവക്കുന്ന ശീലം പതിയെപ്പതിയെ ഉപേക്ഷിച്ചുതുടങ്ങിയതാണ് ആദ്യ പടി. ഒപ്പമുണ്ടായിരുന്ന പലരും കാരണങ്ങൾ യാതൊന്നുമില്ലാതെ പാതിവഴിയിൽ ഒറ്റക്കിട്ടുപോയി. എന്നാൽ എന്നും കൂടെയുണ്ടായിട്ടുള്ള ചുരുക്കം ചില മനുഷ്യർക്കായി സമയം കണ്ടെത്തുകയും അവരോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്തതോടെ ജീവിതം കൂടുതൽ ഭംഗിയുള്ളതായി തോന്നി. മൂന്നാറും ഫോർട്ട് കൊച്ചിയും ആലപ്പുഴയും ഊട്ടിയും പോണ്ടിച്ചേരിയും ഗോവയുമൊക്കെയായി ഉള്ളുമുടലും പറന്നുനടന്നു. പോയ ഇടങ്ങളിൽ നിന്നൊക്കെയും ഓർമകളെ വാരിയെടുത്തു. വേണ്ടെന്നുതോന്നിയവ അവിടെ തന്നെ ഇട്ടിട്ടുപോന്നു.

ഷോർട്ട് ഹെയറും ഹെയർ കളറിങ്ങും എക്കാലവും ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്നൊരു ആഗ്രഹമാണ്. നിസ്സാരമെന്ന് തോന്നിയാലും വസ്ത്രവും മുടിയും മറ്റ് തിരഞ്ഞെടുപ്പുകളുമൊക്കെ സമൂഹം കല്പിച്ചു തന്ന കണ്ടീഷനിങ്ങിന്റെ വിധേയമായി ഉരുത്തിരിഞ്ഞു വരുന്നതാണ്. അതിൽ നിന്ന് പുറത്തുകടക്കുക അത്ര എളുപ്പമല്ല. ഇത്തവണ അത് തിരുത്തണമെന്ന് ഉറപ്പിച്ചു മുടി വെട്ടി, ഹെയർ കളർ ചെയ്തു. സ്വയം പടവെട്ടി ജയിക്കുന്നൊരു ആത്മസംതൃപ്‍തിയുണ്ടായിരുന്നു.

പുതിയ ഉടുപ്പുകളും കമ്മലുകളും തിരഞ്ഞു കണ്ടെത്തി ആവശ്യാനുസരണം പെയർ ചെയ്തിടുന്നതും ഫോട്ടോ എടുക്കുന്നതും സ്വയം കണ്ടാസ്വദിക്കുന്നതും മനസ് നിറക്കുന്നുവെന്നറിഞ്ഞ ശേഷം പിന്നീടത് ചെയ്തു തുടങ്ങി. ഈ വർഷമൊന്നാകെ മിറർ സെൽഫികളിലൂടെ അടയാളപ്പെടുത്തുക എളുപ്പമാവും. ഓരോ വേഷത്തിലും കടന്നുപോയ ചിരിയുടെയും കരച്ചിലിന്റെയുമൊക്കെ പാടുകൾ വ്യക്തമായി കാണാം.

കോമൺവെൽത് ഗെയിംസിന്റെ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുകയാണ്. ഭംഗിയായി ബാറ്റ് ചെയ്‌തു കൊണ്ടിരുന്ന ഹർമൻപ്രീത് ഔട്ടായി മടങ്ങുമ്പോൾ ഇന്ത്യയുടെ വിജയ പ്രതീക്ഷകൾ പാടെ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു വീഴുന്നത് കണ്ട് കരഞ്ഞു. ഏറെ കാലമെടുത്താണതിന്റെ മുറിവുണങ്ങിയത്. ശേഷം വീണ്ടും ഇരുപതോവർ ലോകകപ്പിൽ ഏറ്റവും പ്രിയപ്പെട്ട ബാറ്റർ തുടരെ തുടരെ പരാജയപ്പെടുന്നത് കണ്ട് മനസ് മരവിച്ചു. നല്ലതൊന്നും നൽകാത്ത നശിച്ച വർഷമാണിതെന്ന് വെറുതെ ശപിച്ചു.

എന്നാൽ ഇതേ വർഷം, മനസ് മടുത്തുപോയൊരിടത്തുനിന്ന് കരിയറിനെ പറിച്ചു നടാൻ കാരണമായി. ഇഷ്ടത്തോടെയും ജോലി ചെയ്യാമെന്ന് പഠിപ്പിച്ചു തന്നത് പുതിയ ഇടമാണ്. ഇഷ്ടമുള്ള മേഖലകളിലേക്ക് ചിറകുവിരിക്കാൻ ഭാഗ്യം ചില മനുഷ്യരുടെ രൂപത്തിൽ കടന്നുവന്നു. കാലത്തിന്റെ കാവ്യനീതി. ഗ്രീൻഫീൽഡിലെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി ട്വന്റി മാച്ചിന് മുന്നോടിയായി കേരള ക്രിക്കറ്റ് അസോസിയേഷൻ ചെയ്ത ഒരു വീഡിയോയുടെ ഭാഗമാവാൻ സാധിച്ചത് ഈ വർഷത്തെ ഏറ്റവും മനോഹരമായ കാര്യം. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളും മാച്ചിനുള്ള തയ്യാറെടുപ്പുകളും കാഴ്ചക്കാർക്ക് മുന്നിലേക്കു കൊണ്ടുവന്നൊരു ഡോക്യുമെൻററിയിൽ ആങ്കറിങ് ചെയ്യുകയായിരുന്നു. ടിക്കറ്റ് സെയിൽ ഇനാഗുറേഷന്റെ ഭാഗമായി ഹോട്ടൽ താജിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ സഞ്ജു സാംസണെ നേരിട്ട് കാണാനും മിണ്ടാനും സാധിച്ചു. ദൂരെ നിന്നുമാത്രം കണ്ടുകൊതിച്ച ഗ്രീൻ ഫീൽഡിന്റെ പച്ചപ്പിൽ ഒരു സായാഹ്നം മുഴുവനും അവിടത്തെ മണ്ണിനോടും കാറ്റിനോടും നാളിന്നേ വരെ അവിടെ വച്ചുനടന്ന മാച്ചുകളെ കുറിച്ചും വരാൻ പോകുന്നവയെ കുറിച്ചുമൊക്കെ മിണ്ടിയും പറഞ്ഞുമങ്ങനെ. വിരസമെന്നു തോന്നുന്ന ജീവിതത്തിൽ പുതിയതെന്തൊക്കെയോ ഇനിയും അറിയാനുണ്ടെന്ന് മനസിലാവുന്നത് അന്നാണ്.

സഞ്ജു സാംസണോടൊപ്പം ശിൽപ
സഞ്ജു സാംസണോടൊപ്പം ശിൽപ

എപ്പോഴും പോസിറ്റിവ് ആയ ഹാപ്പി പേഴ്സൺ ആണ് ഞാൻ എന്നൊരു മിഥ്യാധാരണ വർഷങ്ങളായി എനിക്കുണ്ടായിരുന്നു. അതങ്ങനെ അല്ലെന്ന് തിരുത്തിയതും സ്വയം അഡ്രസ് ചെയ്തതും ഇതേ വർഷമാണ്. അത് അംഗീകരിക്കാൻ തയ്യാറായപ്പോൾ തന്നെ പഴയതിനേക്കാൾ സമാധാനമുണ്ടായതായി തോന്നി. ഹൃദയത്തോട് ചേർന്നുകിടക്കുന്ന ഒട്ടനവധി സിനിമകൾ, സീരീസുകൾ. ഏറ്റവുമടുത്ത സുഹൃത്തുക്കൾ എന്ന പോലെ അവ ജീവിതത്തിന്റെ ഭാഗമാക്കിയ കഥാപാത്രങ്ങൾ, അവ സൃഷ്‌ടിച്ച സമാന്തര ജീവിതങ്ങൾ. ഫിലിം ഫെസ്റ്റിവൽ മനോഹരമായ ചുരുക്കം ചില സിനിമകളും, പ്രിയപ്പെട്ട ചില മനുഷ്യരെയും തന്നിട്ട് പോയി. അവരോടൊപ്പം ഉറക്കമിളച്ചു മിണ്ടിയും പറഞ്ഞുമിരുന്നു, ടാഗോറിൽ ഓരോ പാട്ടിനുമൊത്തു ചുവടുവച്ചു. ജീവിക്കാൻ ഇനിയും കാരണങ്ങൾ ഇനിയും അനവധിയുണ്ടാവുമെന്ന് അവരെന്നെ പഠിപ്പിച്ചു.

വെട്ടിയും തിരുത്തിയും ഉള്ളതൊക്കെയും ചേർത്ത് വച്ച് നോക്കിയാൽ ലാഭമോ നഷ്ടമോ എന്ന് കൃത്യമായി തിട്ടപ്പെടുത്താൻ കഴിയാത്തൊരു വർഷമാണ് കടന്നുപോവുന്നത്. ഒരേസമയം അതെന്നെ എക്കാലത്തെയും പ്രിയപ്പെട്ടതെന്ന് ഭ്രമിപ്പിക്കുകയും, ഓർക്കാൻ തീരെ ഇഷ്ടമല്ലാത്തതെന്ന് വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്ത് തന്നെയായാലും ഇനിയുള്ള കാലം ജീവിക്കാൻ ഈ വർഷം ബാക്കിയാക്കിയ ഗുണപാഠങ്ങൾ ചവർപ്പുള്ള ഔഷധമെന്ന പോലെ രൂപാന്തരപ്പെടും. കൂടുതൽ നന്നായി ചിരിക്കാൻ, കരയാൻ, സ്നേഹിക്കാൻ 2022 കാരണമാവുമെന്ന് തീർച്ച.


Summary: ‘‘ഗ്രീൻഫീൽഡിലെ ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി ട്വന്റി മാച്ചിന് മുന്നോടിയായി കേരള ക്രിക്കറ്റ് അസോസിയേഷൻ ചെയ്ത ഒരു വീഡിയോയുടെ ഭാഗമാവാൻ സാധിച്ചത് ഈ വർഷത്തെ ഏറ്റവും മനോഹരമായ കാര്യം. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ പുനരുജ്ജീവന പ്രവർത്തനങ്ങളും മാച്ചിനുള്ള തയ്യാറെടുപ്പുകളും കാഴ്ചക്കാർക്ക് മുന്നിലേക്കു കൊണ്ടുവന്നൊരു ഡോക്യുമെൻററിയിൽ ആങ്കറിങ് ചെയതു’’ - ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകൾ. ശിൽപ നിരവിൽപ്പുഴ​ എഴുതുന്നു.


Comments